ലോകസിനിമയിൽ കുറെ റോഡ് മൂവീസ് ഉണ്ട്. അനേഷണത്തിന്റെ ഏകാന്തമായ ചില പാറയിടുക്കുകളും ആരുമറിയാത്ത ചില മനുഷ്യരും യാത്രക്കിടയിൽ വന്നുപെടും. അവരിലൂടെ സിനിമയുടെ പ്ലോട്ട് വലുതാവുകയോ പ്രേക്ഷകരുടെ മുൻധാരണയെ തെറ്റിച്ച് ചില ഇതിവൃത്തങ്ങൾ രൂപപ്പെട്ടുവരികയോ ചെയ്യും. ദി ഗ്രേപ്സ് ഓഫ് റാത്തും, ലാസ്ട്രഡായും പോലുള്ള പഴയ സിനിമകൾ ഓർക്കാം. സ്പാനിഷിൽ, വാൾട്ടർ സാലസ് സംവിധാനം ചെയ്ത, മോട്ടോർ സൈക്കിൾ ഡയറീസ് ഏറ്റവും തിളക്കത്തോടെ ഓർമ്മയിലേക്ക് കയറിവരുന്നു. ചെഗുവേര തന്റെ യുവത്വത്തിൽ സുഹൃത്തിനോടൊപ്പം നടത്തിയ സഹസികയാത്രയുടെ തന്നെ ചരിത്ര / കഥയാണത്. മലയാളത്തിലെ നോർത്ത് 24 കാതം, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, സെക്സിദുർഗ തുടങ്ങിയവയെ ഒരുപക്ഷേ അങ്ങനെയുള്ള കലാസൃഷ്ടിയുടെ ഗണത്തിൽ ഉൾപ്പെടുത്താനാവും. എന്തിനധികം, ജോണിന്റെ 'അമ്മ അറിയാൻ' നല്ലൊരു റോഡ് മൂവിയല്ലേ?
വേണു തന്നെ സംവിധാനം ചെയ്ത കാർബൺ സിനിമ പോലും ഈ ഗണത്തിൾപ്പെടുന്നൊരു ചിത്രമാണെന്ന് ഞാൻ പറയും. ഒരു തരം ‘ഭാർഗവിനിലയം ഫാക്ടർ’ ഈ സിനിമയിലൊക്കെയുണ്ട്. ജീവിതത്തെ പൊതിഞ്ഞുനിക്കുന്ന ഒരു നിഗൂഢ രാഷ്ട്രീയമാണ് ഒരുപക്ഷേ ഈ സിനിമകളുടെയൊക്കെ പ്രത്യേകത.
ഒരിക്കൽ വേണുവിനെ ഒത്തുകിട്ടിയപ്പോൾ ഞാൻ ചോദിച്ചു; സത്യത്തിൽ കാർബൺ സിനിമകൊണ്ട് നിങ്ങൾ എന്താ ഉദ്ദേശിച്ചത്.
അതെന്താ അങ്ങനെ ചോദിച്ചത്, എന്ന് വേണു.
അല്ല, ആ സിനിമ എങ്ങനെ അവസാനിപ്പിക്കണമെന്ന് നിങ്ങൾക്കുതന്നെ ഒരു നിശ്ചയല്ലാത്ത പോലെയാണ് തോന്നിയത്.
ഞാൻ കരുതിയതിൽനിന്നും ഭിന്നമായി, ഏറെ സന്തോഷത്തോടെ അദ്ദേഹം പറഞ്ഞു; വളരെ ശരിയാണ്. എനിക്കുതന്നെ അക്കാര്യത്തിൽ ഒരു തീരുമാനമെടുക്കാൻ പറ്റിയിട്ടില്ല.
കാർബൺ സിനിമ ഏതാണ്ട് ഓടി തിയേറ്ററുകൾ വിട്ട സമയമാണത്. അദ്ദേഹത്തിന്റെ ഛായഗ്രഹണത്തിൽ ചെയ്ത സിനിമയായിരുന്നുവെങ്കിൽ, എന്റെ ചോദ്യം അസ്ഥാനത്താണ്.
സംവിധായകൻ വേണു സിനിമ യെക്കുറിച്ച് ഇങ്ങനെ പറഞ്ഞപ്പോൾ എനിക്ക് അതിന്റെ ഉത്തരം വായിച്ചെടുക്കാൻ പറ്റിയത് തന്റെ യാത്രായെഴുത്തുകളിലാണ്. സോളോ സ്റ്റോറീസ് എന്ന യാത്രാപുസ്തകത്തിൽ ഈ കരുതലുകളുടെ അമൂർത്തഭാവധ്വനിയുണ്ട്.
വേണുവിന്റെ യാത്ര സിനിമക്കാരുടെ യാത്രകളെപ്പോലെയല്ല. മുൻകൂട്ടി നിശ്ചയിച്ച ആഡംബരങ്ങളൊന്നും അതിലില്ല. ഒരു ടൂറിസ്റ്റിൽ നിന്ന് യാത്രികനിലേക്കുള്ള ദൂരം ഏറ്റവും നന്നായി അടയാളപ്പെടുത്തുന്നു, അവ. ഉള്ളിടം വായിക്കുന്നതിലേറെ ഇല്ലായിടം കൂടുതൽ വെളിച്ചപ്പെടുത്തുന്നു. അതിൽ ഒരു ക്യാമറാവിദ്യയുണ്ട് എന്ന് ഞാൻ പറയും. അദ്ദേഹം യാത്രക്ക് തെരഞ്ഞെടുക്കുന്നത് പലപ്പോഴും ഒറ്റക്കാണ്. തന്റെ കാറിൽ, ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ ഒറ്റയ്ക്ക് പോകുന്ന ഒരാൾ. ലക്ഷ്യമുണ്ടാകാമെങ്കിലും, താൻ വിചാരിക്കാത്ത ചില ലക്ഷ്യസ്ഥലങ്ങളിലും മനുഷ്യരിലും എത്തിപ്പെടുന്നു.
ഇന്നത്തെ യാത്രകളുടെ ദുര്യോഗം അമിതമായ ഫോട്ടോ പ്രസാരണവും സെൽഫി മോഹവുമാണ്. 'യാത്രികരെ'(Traveller) പ്പോലെ ഇറങ്ങിപ്പുറപ്പെടുന്നവരെപ്പോലും ആ വികാരം വലയെറിഞ്ഞു പിടിക്കയും യാത്രയുടെ ഏകാഗ്രത താറുമാറാകുകയും ചെയ്യുന്നു. കുറിക്കു കൊള്ളാതെ, അല്ലെങ്കിൽ പുതുമട്ടിൽ വഴിമാറി സഞ്ചരിക്കാതെ യാത്ര വെറും ഭൗതികമായ ചില കെട്ടുകാഴ്ച്ചകളുടെ ഫോട്ടോഗ്രാഫിക് ആകാരം മാത്രമായിത്തീരുന്നു. ടൂറിസം കാലത്തെ യാത്രകളുടെ ശാപം മറ്റൊന്നല്ല.
ഏകാന്ത യാത്രകളാണ് ഏറ്റവും നല്ല യാത്രകൾ. യാത്രയിൽ ഒറ്റക്കാവുമ്പോഴാണ്, മറ്റൊരു ലോകവും ചരിത്രവും മനുഷ്യരും സ്വാഭാവികമായി നമ്മോട് സംവദിക്കുക. വേണു ഒറ്റക്കും തെറ്റക്കും കുടുംബത്തോടൊടൊപ്പവും യാത്ര പോയതിനെപ്പറ്റിയുള്ള വിശേഷങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഒറ്റക്കുള്ള യാത്രകളിൽ നമ്മോടുതന്നെ നമുക്ക് കുറെ വിട്ടുവീഴ്ച ചെയ്യേണ്ടിവരും. അതേസമയം, നാം തന്നെയാണ് യാത്രയിലെ പ്രജാപതി.
വേണുവിന്റെ ഒറ്റക്കുള്ള യാത്രകളിൽ എന്നാൽ അയാൾ ഒറ്റക്കല്ല. കാർ തന്റെ യാത്രയിലെ രണ്ടാമനായി വേണു കരുതുന്നു. ഒറ്റക്കാവുന്ന ഒരു യാത്രക്കാരുടെ ഭീതിയെയും സംത്രാസങ്ങളയും മറികടക്കുന്നത് തന്റെ പ്രിയപ്പെട്ട സുഹൃത്തിനെപ്പോലെ കാറിനെ കൂട്ടിപ്പിടിച്ചുകൊണ്ടാണ്. ഗൂഗിൾ നാവിഗേഷൻ പോലെ ലോൺലി പ്ലാനറ്റ് ട്രാവൽ ഗൈഡും അദ്ദേഹം തന്റെ ഏകാന്ത യാത്രകൾക്ക് പ്രയോജനപ്പെടുത്തുന്നു. ഏകാന്തത ഏതു യാത്രയിലും ഒരാവശ്യമാണ്. എന്നാൽ അവ നമ്മെ അലോസരപ്പെടുത്തുന്ന സന്ദർഭങ്ങളുമുണ്ടാവും. അപ്പോൾ മറികടക്കാൻ ഒരു പിടിവള്ളി ആവശ്യമായി വരും. അതാണ് വേണുവിന് തന്റെ കാർ. അത് അചേതനമായ ഒരു യന്ത്രം മാത്രമല്ല. ചിലപ്പോൾ ഒരു സുഹൃത്തിനോടെന്നപോലെ അതിനോട് സസംസാരിക്കേണ്ടി വരും. ചിലപ്പോൾ അതിന്റെ അഭിപ്രായം തേടേണ്ടിവരുന്നു. അങ്ങനെയുള്ള സന്ദർഭങ്ങൾ സോളോ സ്റ്റോറീസിൽ കാണാം.
യാത്ര കൊണ്ട് നമുക്കെന്ത് നേട്ടം എന്ന് ചോദിക്കുന്നവരുണ്ട്. ഓരോ യാത്രക്കും അസാമാന്യമായ ഊർജ്ജം വേണം. കരുതലും. ഞാനോർക്കുന്നത് മലയാളത്തിൽ രാജൻ കാക്കനാടന്റെ യാത്രകളാണ്. യാത്രയുടെ ലഹരിക്ക് അനന്തപാളികൾ ഉണ്ട്. യാത്ര, പലർക്കും പലതായിരിക്കും. മുൻകരുതൽ ഏറെ കുറഞ്ഞവയായിരുന്നു രാജന്റെ യാത്രകൾ. അതുകൊണ്ടാവണം, കാഴ്ചയുടെയും അനുഭവത്തിന്റെയും സർഗാത്മകമായ പൊരിമ ആ യാത്രകളിൽ കൂടുതലാണ്.
യാത്ര എത്രതന്നെ അനുഭൂതിദായകമാണെങ്കിലും, നല്ല യാത്രികർക്ക് അതൊരു സാമൂഹ്യമായ പ്രവർത്തിയാണ്. യാത്രിക / കൻ അനുഭവിക്കുന്ന വികാരത്തിന് രണ്ട് ഫലമുണ്ട്.
ഒന്ന്, സ്വാനുഭൂതിയാണ്. ഒരു സർഗസൃഷ്ടിയിൽ ഏർപ്പെടുന്ന അനുഭവമാണ് ഏതു നല്ലയാത്രയും. നാം ഇച്ഛിച്ച സ്വാതന്ത്ര്യവും തടവും ഒരുപോലെ യാത്രയിൽ നമുക്കനുഭവിക്കാം.
രണ്ടാമത്, ചരിത്രവൽക്കരണമാണ്. മുഖ്യധാരയിൽ പറഞ്ഞുവെച്ചതും അല്ലാത്തവയുമായ സ്ഥലങ്ങളും മനുഷ്യരും അനുഭവങ്ങളുമുണ്ട്. ഏതായാലും സവിശേഷ കാഴ്ചകക്കോണിൽ ഈയനുഭവത്തെ അടയാളപ്പെടുത്താൻ കഴിയണം. ഇതിനെയാണ് ചരിത്രവൽക്കരണമെന്ന് പറയുന്നത്. അല്ലാതെ മുൻചൊന്നതിന്റെ ചർവിതചാർവണമല്ല. സംഭവങ്ങൾ,മനുഷ്യർ, സ്മാരകങ്ങൾ, വാർത്തമാനത്തിന്റെ ചരിത്രം, കാഴ്ചയിലെ അനുഭൂതി...എന്തുമാവട്ടെ അടയാളപ്പെടുന്ന രീതിക്ക് വൈവിധ്യമാണുള്ളത്.
വേണുവിന്റ യാത്രയിലെ വിശേഷവൽക്കരണമാണ് ഈ യാത്രയെ രസമുള്ളതക്കുന്നത്. ഒരു വ്യക്തി അനുഭവിക്കുന്ന സ്ഥലമായാലും സ്മാരകമായാലും മനുഷ്യരായാലും, അയാളോ അവളോ അവരിലേക്ക് / അതിലേക്ക് പ്രവേശിക്കുന്ന സവിശേഷകോണുകൾ ആണ് മുഖ്യം. രവീന്ദ്രന്റെ ഒരു യാത്രാവിവരണത്തിന് പേര് തന്നെ 'അകലങ്ങളിലെ മനുഷ്യർ' എന്നാണ്.
ആഷാമേനോന്റെ യാത്രകളിൽ കാണുന്ന പ്രകൃതിയും അവയുടെ ഊടും പാവും സംസ്‌കൃതീകൃത മൊഴിമട്ടിൽ ഒരു ശില്പം പണിയുന്നത് കാണാം. ആ ശില്പത്തിനകത്താണ് അദ്ദേഹം കാണുന്ന അനുഭവത്തെയും മനുഷ്യരെയും സ്ഥാപിക്കുക. ഒരുപക്ഷേ, മനുഷ്യരേക്കാൾ, അവയുടെ കഥാപത്രസ്വഭാവത്തിന് ആ ഭാഷാശില്പത്തിൽ പ്രാധാന്യം കൂടുന്നത് കാണാം. യാത്രയെഴുത്തിന് അങ്ങനെ പല കോണുകളുണ്ട്.
ബേക്കൽ വഴി കർണാടകത്തിലെ ബേലൂർ മുതൽ ബീജപ്പൂരും ബദമിയും കടന്ന് ഔറംഗാബാദും ദൗലത്താബാദും കടന്നു അജന്തയിലും എല്ലോറയിലും അവസാനിക്കുന്നതാണ് ഈ യാത്രയുടെ മാപ്പിങ്ങ്. യാത്രികന്റെ മുഖ്യ ഫോക്കസ് എന്ന നിലയ്ക്ക് വാസ്തുശില്പങ്ങളും പുരാതന ഗുഹകളും മറ്റുമാണെങ്കിലും അവയുടെ സ്ഥൂലചരിത്രത്തിൽ അദ്ദേഹം തറഞ്ഞുകിടക്കുന്നില്ല. ആവശ്യമുള്ള ചരിത്രം മാത്രം നൽകി, സ്ഥലകാലങ്ങൾക്ക് ഊടും പാവും നെയ്യുന്ന ഒരു സംവിധാനകല ഈ യാത്രപുസ്തകത്തിലാകമാനമുണ്ട്.
സിനിമാക്കാരനും ക്യാമറമാനുമായ വേണു വിവരണകലയിൽ ഒരിക്കലും ഒരു പാൻഷോട്ട് നിർമ്മിക്കുന്നില്ല. ഒരു മൊണ്ടാഷിന്റെ സമഗ്രഭംഗിക്കാണ് ഊന്നൽ. ഹോയ്‌സാലമാരുടെയും ബാഹ്മനി സുൽത്താന്മാരുടെയും ബീജപ്പുർ സുൽത്താന്മാരുടെയും കൃഷ്ണ ദേവരായരുടെയും ടിപ്പുവിന്റെയും ഔറഗസേബിന്റെയും മറ്റും കാലവും അതിന്റെ തെഴുപ്പും തളർച്ചയും എന്നതിനേക്കാൾ ആ രാജവംശങ്ങൾ അവശേഷിപ്പിച്ച കാലത്തിന്റെ കൊത്തുപണികളിലാണ് അമൂർത്തമായി തൊന്നത്.ചരിത്ര ത്തേക്കാൾ ചരിത്രാവാശിഷ്ടങ്ങളിലാണ് ഏകാന്തമായ ഇരിപ്പും നടപ്പും. ഘോരവും സംഗരതുല്യവുമായ ചരിത്രത്തിന്റെ ഒച്ചകളേക്കാൾ ശില്പങ്ങളുടെയും ഗുഹകളുടെയും പുരാതന ക്ഷേത്രങ്ങളുടെയും മൗനങ്ങളുടെ ഇടനാഴികളാണ് ഏറെ ഫോക്കസ് ചെയ്യപ്പെടുന്നത്.
ഏതുചരിത്രത്തെയും 'അസാധ്യ'മെന്ന് തോന്നിക്കുന്ന വ്യവഹാരങ്ങളാൽ വൻഅഖ്യാനങ്ങളാക്കുന്ന ശീലമാണ് ചരിത്രകാരരുടേത്. സ്ഥൂലമായ ഇത്തരം ആഖ്യാനങ്ങളുടെ പൊള്ളത്തരം കൊണ്ട് നിബിഢമാണ് നമ്മുടെ ചരിത്രം. അതേസമയം, ഇടുങ്ങിയതും നേർത്തതും മൗനം കൊണ്ട് വിസ്മയിപ്പിക്കുന്ന ഒരു സാഹിതീ ഭാവവുമുണ്ട്, ഏത് ചരിത്രത്തിനും. നല്ല യാത്രികർ പലപ്പോഴും സ്ഥൂലമായ സാമൂഹ്യശാസ്ത്രത്തെ എന്നതിനേക്കാൾ, അമൂർത്തവും മൗനമുഖരിതവുമായ ഈ സൂക്ഷമതകളെയാണ് ശ്രദ്ധിക്കുക. അവയുടെ അലങ്കാരവും രൂപകങ്ങളും വെളിപ്പെടുക,ഒരപരഭാഷയിലൂടെയാണ്.
യാത്രയിൽ കാഴ്ചകൾ മാത്രം കണ്ടുപോകുന്നവരുണ്ട്. എന്നാൽ കാഴ്ചകൾക്കുള്ളിലെ സംഭവങ്ങളും മനുഷ്യരും ഇതര ജീവികളുമാണ് പ്രധാനം. ഇക്കാര്യത്തിൽ വേറിട്ട ചില സവിശേഷതകൾ ഓരോ സ്ഥലങ്ങളിലും കാണാം. തുർക്കിയിൽ പോയപ്പോൾ, മറ്റു രാജ്യങ്ങളിൽ കാണാത്തവിധം പൂച്ചകളുടെ സാന്നിധ്യം ഞാനവിടെ ശ്രദ്ധിച്ചു. പള്ളി സെമിത്തേരികളിലും ഖബറിടങ്ങളിലും തെരുവുകളിലും മാത്രമല്ല, പല തിരക്കുള്ള കടകളിൽ പോലും പൂച്ചകൾ ഏറെക്കാണാം. ചായ കുടിക്കുന്ന റെസ്റ്റോറന്റിൽ ചായകുടി കഴിയുവോളം ആ കടയിലെ പൂച്ച എന്റെകൂടെയിരുന്നു, ഒരന്യത്വവുമില്ലാതെ.അതിർത്തികളുടെയും പാസ്‌പോർട്ട്, വിസ പോലുള്ള കടലാസുകളുടെയും വിലനിലവാരത്തെക്കുറിച്ച് ചിലപ്പോൾ ഇത്തരം ചെറിയ കാര്യങ്ങൾ നമ്മെ ഓർമിപ്പിച്ചെന്നു വരും.
പിന്നെയാണ് ഞാൻ മനസ്സിലാക്കിയത്, തുർക്കി സാഹിത്യത്തിലും സിനിമയിലുമൊക്കെ പൂച്ചകൾക്ക് കൂടുതൽ സ്ഥാനമുണ്ടെന്ന്. പൂച്ചകളെക്കുറിച്ചുള്ള മികച്ച ഡോക്യുമെന്ററികൾ വന്നിട്ടുള്ളത് തുർക്കി ഭാഷയിലാണ്. ഇതിവിടെ പറയാൻ കാരണം, മനുഷ്യരെയും ജീവികളെയും യാത്രികരായ എഴുത്തുകാർ തിരിച്ചറിയുന്ന വിധം പലമട്ടിലാണെന്ന് പറയാൻകൂടിയാണ്.
വേണുവിന്റെ യാത്രയിലെ ആളുകൾ, ഒരുപക്ഷേ അയാൾ ക്യാമറ വ്യൂ ഫൈൻഡറിലൂടെ കാണാറുള്ള,നാമാരും കാണാത്ത ഒരു ലോകവും കൂടിയാണ്. ഏറ്റവും തിരക്കേറിയ ഒരു തെരുവിലോ ചത്വരത്തിലോ ആരും ശ്രദ്ധിക്കാതെ പോകുന്ന ഒരാൾ അയാളുടെ ആശ്രിതനോ സുഹൃത്തോ ഒക്കെ ആയേക്കാം. രാത്രിയുടെ വിജനതയിൽ, വിശ്രമത്തിനുള്ള സമയമാകുമ്പോൾ രുദ്രപ്പയെ കണ്ടുമുട്ടുന്നത് ഉദാഹരണം. അയാൾ വിരിച്ചു നൽകുന്ന തട്ടുഷെഡിൽ കാർഡ് ബോർഡ്‌പെട്ടികൾക്ക് മുകളിൽ, സമാധാനത്തോടെ വേണു കിടന്നുറങ്ങുന്നു.
തന്റെ ആവശ്യത്തിനുമുമ്പിൽ, അയാളുടെ ഫോൺകാൾ വേണുവിനെ ആദ്യം ഭയപ്പെടുത്തിയെങ്കിലും മനുഷ്യരിലേ വിശ്വാസത്തേയും സത്യത്തെയുമാണ് ഒരു യാത്രികൻ എന്ന നിലക്ക് വേണു മുഖവിലക്കെടുക്കുന്നത്. അരണ്ട വെളിച്ചത്തിൽ മാത്രമാണ് അയാളുടെ മുഖം കാണുന്നുള്ളൂ. വേണു തന്നെ ചിത്രപ്പെടുത്തുകയോ സംവിധാനിക്കുകയോ ചെയ്തിട്ടുള്ള സിനിമയിലെ നിറംമങ്ങിയ മനുഷ്യ ആംഗിളുകളെ അത് ഓർമ്മിപ്പിച്ചേക്കും. ആ മനുഷ്യനെ കാണാതെയാണ് പുലർച്ചെ യാത്ര പുറപ്പെട്ടുവെങ്കിലും ഉള്ളിൽനിന്നും മാഞ്ഞുപോകാത്ത മനുഷ്യർ വിട്ടുപോകുന്നില്ല. തിരിച്ചുപൊരുമ്പോൾ അതേ സ്ഥലത്ത് രുദ്രപ്പനെ സംഗമിക്കുന്നുണ്ട്, വേണു- സത്യത്തിന്റെ അടയാളം പോലെ.
ബേലൂരിലേയും ബീഡാറിലെയും മറ്റും ഹോയ്‌സാല രാജാക്കന്മാരുടെ കാലത്തുള്ള ക്ഷേത്രശില്പങ്ങളും മറ്റും പ്രിയപ്പെട്ട കാഴ്ചകളാവുന്നുണ്ട്. കൂടാതെ ചിത്ര - കലാ ശില്പങ്ങളും പള്ളികളും ദർഗഗളും. കലാകാരന്മാർ തങ്ങളുടെ സൃഷ്ടികൾക്ക് താഴെ കൊത്തിവച്ച പേരുകൾ ശ്രദ്ധിക്കുന്നുണ്ട്. അജ്ഞാതനാമാക്കളായി മറഞ്ഞുപോയവരാണ് മിക്ക കലാകാരന്മാരും. എന്നാൽ രുവാരി മല്ലിത്തമ്മയെപ്പോലുള്ളവരുടെ പേരുകൾ അപൂർവദൃഷ്ടങ്ങളാണ്. ഹോയ്‌സാല വസ്തുവിദ്യയുടെ ഭീമൻ കൊത്തുപണികളെ അർഹിക്കുന്ന ഗൗരവത്തോടെ തിരിച്ചറിയുന്നുണ്ട്.
ചരിത്രത്തിന്റെ സമയത്തിലോ സഥലത്തിലോ മാത്രം നിന്നുകൊണ്ടുള്ള അന്വേഷണമല്ല ഉദ്ദേശിക്കുന്നത്. ചരിത്രകാരർ സാധാരണ അങ്ങനെയാണ്. വാർത്തമാനത്തിൽനിന്നാണ് ഏത് ചരിത്രവും ആരംഭിക്കുന്നത് ഇന്നൊരർത്ഥത്തിൽ ചരിത്രം ഇരട്ടവശമുള്ള നാണയം പോലെയാണ്. വർത്തമാന മനുഷ്യരുടെ ജീവിതത്തെ കൂടുതൽ അടുപ്പവും തുറസും ഉള്ളതാക്കാനാണ് ചരിത്രാന്വേഷണം കൊണ്ടവശ്യം. ഇന്നത്, അവയെ ഏറെ ഇടുക്കാനും മനുഷ്യഭാവിയെ ഇരുണ്ടതാക്കാനുമുള്ള രാഷ്ട്രീയ ആയുധമായി ഉപയോഗിക്കപ്പെടുന്നു. സമകാലീന ഇന്ത്യൻ ചരിത്രപര്യവേക്ഷണങ്ങൾ ശ്രദ്ധിച്ചാൽ ഇക്കാര്യം വ്യക്തമാവും.വേണുവിന്റെ യാത്രകളിലെ ആസ്വാദകനിൽ ഒളിഞ്ഞുകിടപ്പുള്ള ചരിത്രകാരൻ ഒരുപക്ഷേ, ഈ സത്യമറിയുന്നുണ്ട്.
പല യാത്രകളും നഗരങ്ങളിൽ ചെന്നാണ് മുട്ടാറുള്ളത്തെങ്കിലും ഗ്രാമങ്ങളെ സ്പർശിച്ചും കേട്ടും പോകുന്ന യാത്രയുടെ ആനന്ദത്തിന് പ്രസക്തിയുണ്ട്. ബദാമിയിലെ ഐഹോള ഗ്രാമത്തിലൂടെയുള്ള യാത്രയിൽ കാണുന്ന ഫോക് കാഴ്ചകൾക്ക് ഈ പുസ്തകത്തിൽ കൂടുതൽ ഫോക്കസ് കിട്ടുന്നു. ഏതുസ്ഥലത്ത് ചെന്നാലും ഗ്രാമീണമായ ഉണ്മകൾ തിരിച്ചറിയുംവിധം റൂട്ട് ക്രമീകരിക്കുന്നുണ്ട്, വേണു. ചാലൂക്യരുടെ ഐഹോള വാസ്തുശില്പത്തിന്റെ നിബിഢതയിൽ തെല്ലൊന്നമ്പരക്കുന്ന കാഴ്ച രസത്തോടെ ഇങ്ങനെ ഒരിടത്ത് രേഖപ്പെടുത്തുന്നു: ''ഇത്രമാത്രം ചരിത്രവും സൗന്ദര്യവും ഒറ്റയടിക്ക് ഉള്ളിലാക്കാനുള്ള വിശപ്പ് എനിക്കില്ലായെന്ന് തോന്നി. കൊതി മൂത്ത് കണക്കില്ലാതെ പാൽപ്പായസം കഴിച്ചത് പോലെയുള്ളൊരു മന്ദത മനസ്സിൽ വീണുതുടങ്ങിയിരിക്കുന്നു.’’ (39).
ഒരുപക്ഷേ ഒരു യാത്രികന്റെ വിസ്മയമായി ഇതിനെ കാണാം. ആഖ്യാനത്തിലെ സരസതയിലാണ് ആ വിസ്മയത്തിന്റെ ഉൾക്കാമ്പ്. എന്നാൽ, ചരിത്രദൃശ്യങ്ങൾ കാണാൻ പോകുമ്പോഴുണ്ടാവേണ്ട വ്യൂല്പത്തിയെക്കുറിച്ചുള്ള ഒരു ഉണർത്തലാണ്, അത്. പുരാതന ക്ഷേത്രങ്ങളും പള്ളികളും കോട്ടകളുമൊക്കെ കാണാൻ പോകുമ്പോൾ വാസ്തുവിദ്യയിലോ ചിത്ര - കലാ ശില്പങ്ങലിലോ ഉള്ള അറിവിന്റെ ആർക്കൈവ് പോരാ എന്ന് പലപ്പോഴും തോന്നാറുണ്ട്. അവ പ്രതിനിധീകരിക്കുന്ന കാലവും ഭൗതിക സഹചര്യങ്ങളും മനുഷ്യരും വിഷയമാവത്തക്ക രീതിയിൽ ഏകദേശ വ്യുല്പത്തി ആവശ്യമാണ്. എങ്കിലേ വർത്തമാനഗതിയുമായി അവയെ കൂട്ടിയിണക്കാനും വിമർശനവിധേയമാക്കാനും പറ്റൂ. കേവലം ലാൻഡ്‌സ്‌കേപ്പ് കാണുന്നത് പോലെയല്ല. ഗുഹാക്ഷേത്രങ്ങളും കോട്ടപ്പള്ളി കില്ലാ മസ്ജിദും ദൗലത്താബാദിലെ സ്ഥലങ്ങളും കാണുമ്പോഴൊക്കെ വേണുവിൽ പലതരത്തിലും ഈ പരിമിതിയെക്കുറിച്ചുള്ള ബോധ്യം പിണയുന്നുണ്ട്. കേവലം ആസ്വാദനപ്രദമായി ഏതൊരുയാത്രയും ഏറെ പരിമിതികൾ ഉള്ളവയാണ്.
വേണു കണ്ടെത്തുന്ന മനുഷ്യർ ഒറ്റപ്പെട്ട പ്രത്യേകതകൾ ഉള്ളവരാണ്. ആദിൽ ഷാ സുൽത്തന്മാരുടെ കീഴിലുണ്ടായിരുന്ന പള്ളികളും ദർഗകളും കണ്ടുനടക്കുമ്പോൾ ഘോടാമസ്താനെ കാണുന്നുണ്ട്. ദർഗക്ക് പുറത്ത് ചെറുകടയിൽ സൂഫി മാലകളും കല്ലുകളും വില്പനക്ക് വെച്ചിരിക്കുന്ന ഘോടാമസ്താന്റെ രൂപം ഖസാക്കിലെ 'നീല ചുരുൾ മുടിയുടെ പത്രകിരീടവും പുക ചുറ്റിയ കണ്ണുകളുമായിനിൽക്കുന്ന' നൈജമലിയെ ഓർമ്മിപ്പിച്ചു എന്ന് വേണു എഴുതുന്നുണ്ട്.
ഘോടാ മസ്താൻ എന്ന വിളി അയാൾക്കിഷ്ടമല്ല. ‘മേരാ നാം ഹെ, സയ്യദ് ഇൻസാഫ് അലി ഷാ മാലാങ്' എന്നാണ് അയാൾ രാജഭാവത്തിൽ പറയുന്നത്.
സോളാർപൂർ പിന്നിട്ട് ബീദാർ കോട്ടയിലെത്തുന്ന യാത്രികനോട് കഴുത്തിൽ കല്ലുമലകളും എല്ലിച്ച വിരലുകളിൽ നിറയെ മോതിരങ്ങളും മുഷിഞ്ഞ വസ്ത്രവും തലമുടി കട്ടിമുടിയായി നീട്ടിയതുമിയ പ്രത്യേക വേഷം ധരിച്ച ഒരു സ്ത്രീ, 'മേം നംഗാ ഹും' (ഞാൻ നഗ്‌നനാണ്) എന്ന് വേണുവിനോട് പറയുന്നു. കഴുത്തിലണിഞ്ഞ കല്ലുമാല മദീനയിൽ നിന്നാണെന്നും മദീനയിൽ പോയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഗു ൾബർഗയിൽ പോയിട്ടുണ്ടെന്നും ഗരീബ് നവാസിനെ കാണാൻ അജ്മീറിൽ പോകണമെന്നുമൊക്ക പുലമ്പുന്നു, അവർ. ആ സ്ത്രീയോട് താങ്കൾ നഗ്‌നയല്ലല്ലോ, എന്നു പറഞ്ഞപ്പോൾ സൂക്ഷിച്ചുനോക്കൂ എന്നാണ് ഉത്തരം. അവർ അണിഞ്ഞവയൊക്കെ ആണുങ്ങളുടെയാണെന്നും സ്ത്രീയെന്ന നിലയ്ക്ക് അവർ വിവസ്ത്രയാണെന്നും ആണ് അവരുടെ വാദം.
മറ്റൊരു സന്ദർഭത്തിൽ, ബിദ്രി കോളനിയിലെ റഷീദ് ഖാദിരി എന്ന കലാകാരനെ കാണുന്നുണ്ട്. കലയുടെ ബിദ് രിരീതി പുകൾപെറ്റതാണ്. ചൗഘോമ്പ ബസാറിൽ കണ്ട വിലകുറഞ്ഞ കലാവസ്തുക്കൾ അല്ല റഷീദ് ഖാദിരി യുടേത്. എന്നാൽ പുതുതലമുറക്ക് കലയുടെ ഈ പാരമ്പര്യത്തിൽ കമ്പമില്ല എന്നയാൾ ഉണർത്തിക്കുന്നുണ്ട്. ബീജയ്പ്പൂരിലേക്കുള്ള യാത്രയിലെ കുതിരക്കാരൻ മറ്റൊരു വ്യക്തിയാണ്. ഒറ്റക്കൊറ്റക്ക് നിൽക്കുന്നവരെങ്കിലും തന്റെ യാത്രയിലെ പങ്കാളികളെപ്പോലെയാണ്, ഈ മനുഷ്യർ.
സമകാലിക ഇന്ത്യയുടെ അധികാരമേൽക്കോയ്മയുടെ അനുരണനങ്ങൾ ചിലടയിത്ത് വരച്ചിട്ടുണ്ട്. നോട്ട് നിരോധനക്കാലത്തോ അതിന്റെ അവസാന ഘട്ടത്തിലോ ആയിരിക്കാം ഈ യാത്ര. കർണാടകത്തിൽ വച്ച്, കാശുണ്ടായിട്ടും കാർഡ് കൊടുത്ത് പെട്രോൾ അടിച്ച കഥ അവയിലൊന്നാണ്. അതുപോലെ, മഹാരാഷ്ട്രയിലെ പശുവിറച്ചി നിരോധം കൊണ്ട് സോളാപൂരിലെ കാന്നുകാലി വളർത്തുകേന്ദ്രങ്ങളിൽ നിലനിൽക്കുന്ന ദൈന്യവും മരവിപ്പും ചാലിട്ടു നിൽക്കുന്നത് സ്വതസ്സിദ്ധമായ നർമത്തോടെ വേണു മറ്റൊരിടത്ത് കുറിച്ചിട്ടുണ്ട്.
ഈ കഥക്ക് അനുബന്ധമായി പറയുന്ന ഒരു ഷൂട്ടിങ് സ്റ്റോറിയുണ്ട്- ഒറ്റപ്പാലത്ത് ഒരിക്കൽ ഷൂട്ടിംഗിന്റെ ഭാഗമായി ചെറിയൊരു ക്ഷേത്രദൃശ്യം പകർത്താൻ പോയ കഥ. കുന്നിൻ പുറത്തെഅമ്പലത്തിനടുത്ത് പശുക്കളോടൊപ്പം നിൽക്കുന്ന ആടുകളെ ആട്ടിപ്പായിക്കുന്ന തന്റെ സംവിധാനസഹായിയെക്കുറിച്ചുള്ള കഥ.
എന്തിനാണ് ആടുകളെ ഓടിക്കുന്നത് എന്ന ക്യാമറമാന്റെ ചോദ്യത്തിന്, 'സർ, അമ്പലത്തിന്റെ ഷോട്ടല്ലേ നാം ചെയ്യുന്നത്. അമ്പലത്തിൽ ആട് പാടില്ലല്ലോ. ആട് മുസ്‍ലിമല്ലേ?' എന്നാണയാളുടെ ഭാഷണം.
ഒരു സിനിമാക്കാരന്റെ തമാശയായി വേണമെങ്കിൽ നമുക്കിത് തള്ളിക്കളയാം. എന്നാൽ ഈ പ്രസ്താവന ഉള്ളിലെ രാഷ്ട്രീയബോധ്യത്തെ വലിച്ചുപുറത്തിടുംമട്ടിൽ ഫലിതത്തിൽ കലർന്ന ചിന്താശകലമാക്കുന്നു, ഗ്രന്ഥകാരൻ.
ഡക്കാൻ പീഠഭൂമിയിലൂടെയുള്ള യാത്രയിൽ വസ്തുശില്പങ്ങൾ മാത്രമല്ല നാനജിലെ പക്ഷി സങ്കേതം കൂടി കാണുന്നുണ്ട്. പക്ഷിനിരീക്ഷകനായ സാലിം അലിയുടെ ചില ജീവിതഖണ്ഡങ്ങൾ കൂടി ഓർമ്മിക്കപ്പെടുന്നു. അവിടുത്തെ പ്രൊട്ടക്ടർ കൂടിയായ ഭഗവത് മാസ്‌ക്കെയിലൂടെ ചോർന്നുകിട്ടുന്ന വിവരങ്ങൾ ഒരുപക്ഷേ, പ്രകൃതിയെയും പക്ഷികളെയും കുറിച്ചുള്ള അപൂർവ രത്‌നങ്ങളാണ്. 1963- ൽ ഇന്ത്യയുടെ ദേശീയചിഹ്നങ്ങൾ തീരുമാനിക്കപ്പെടുമ്പോൾ അതിൽ സാലിം അലി കൂടി അംഗമായിരുന്നു. അദ്ദേഹം ഗ്രേറ്റ് ഇന്ത്യൻ ബാസ്റ്റഡ് എന്ന പേരുള്ള അപൂർവ പക്ഷിയെ ദേശീയ പക്ഷിയാക്കണമെന്നാണ് വാദിച്ചത്. എന്നാൽ'കൃഷ്ണനും സരസ്വതിയും മുരുകനുമൊക്കെ, മയിലായിരിക്കണമെന്ന്' വാദിച്ചതോടെ മയിൽ നമ്മുടെ ദേശീയ പക്ഷിയായി, എന്നദ്ദേഹം കുറിക്കുന്നു.
'മയിൽ എന്ന് പൊതുവെ പറയുമ്പോഴും ആൺമയിൽആണ് നമ്മുടെ ദേശീയ പക്ഷി' എന്നുകൂടി കൂട്ടിച്ചേർക്കുന്നുമുണ്ട് (67).
യാത്ര നിരുപധികമായ ഒരു ആക്ടിവിറ്റിയല്ല. കുറെ കാഴ്ചകളുടെ സംഘാതാവുമല്ല. തിരിച്ചറിവുകളുടെ ഉണർത്തുപാട്ടാണ് എന്ന വിചാരം, വേണുവിന്റെ എഴുത്തിൽ എപ്പോഴുമുണ്ട്.ഏത് എഴുത്തും ഒരു രാഷ്ട്രീയ - സാമൂഹിക ഭാഷണമാണ്. സിനിമയും അതേ. മിത്തുകളും കലയുടെ കേദാരവും ഈ പുസ്തകം പലപ്പോഴും നമുക്ക് മുമ്പിൽ തുറന്നുവെക്കുന്നു.ഔറംഗാബാദിലെ കോട്ടകളും കുടീരങ്ങളും ഏറെ ആകർഷകമായ മിത്തുകളിലേയ്ക്കും ചരിത്രത്തിലേയ്ക്കും വായനക്കാരെ കൊണ്ടുപോകും.
ദില്ലി സുൽത്തന്മാരുടെ സാമാന്തന്മാരായിരുന്ന ബാഹ്മിനി സുൽത്തന്മാരുടെ കോട്ടകളെക്കുറിച്ചുള്ള വാങ്മയ കാഴ്ച അതീവ രസകരമാണ്. ജാലിമിന്റെ കല്ലറയിൽ ഇടിമിന്നൽ പതിച്ചു, താഴികക്കുടം പിളർന്നു, എന്നാണ് ഒരധ്യായത്തിന്റെ ശീർഷകം. സാമ്രാജ്യപതനത്തെക്കുറിച്ചുള്ള ഒരു കഥ തന്നെയത് ചുരുളഴിക്കുന്നു. മഹമൂദ് ഗവാൻ 1472- ൽ ആരംഭിച്ച മഹമൂദ് ഗവാൻ മദ്രസ / പാഠശാലയുടെ അവശിഷ്ടങ്ങൾക്കുമേൽ ഇന്നും ചരിത്രത്തെറ്റ് പോലെ ഒരു മദ്രസ അവിടെയുണ്ട്.
കൃഷ്ണദേവരായരും ബഹ്മിനി സുൽത്താന്മാരും തമ്മിലുള്ള പടയോട്ടങ്ങൾ ഓർമ്മിപ്പിക്കപ്പെടുന്നു. ഇതുവരെ അജന്തയും എല്ലോറയും കാണാത്തവരെ, ഇതുവരെയെങ്ങനെ സംഭവിച്ചില്ലല്ലോ എന്ന് ഏറെ നിരാശരാക്കിക്കളയും ഈ പുസ്തകം. വേണുവിന്റെ പുരാതന ശില്പക്കാഴ്ചകൾക്ക് അത്രമാത്രം അഴകും ആഴവുമുണ്ട്. ചരിത്രത്തിലേക്കും വർത്തമനത്തിലേക്കും ഒരുപോലെ സഞ്ചരിക്കുന്നവയാണവ. എല്ലോറയിലെ, ലോകപ്രസിദ്ധമായ ഒറ്റക്കൽ ക്ഷേത്രവും ശിലാ സുന്ദരിമാരും പ്രത്യേക സ്പർശിക്കുന്നു. അവിടെ തമിഴ്‌നാട്ടുകാരിയായ ഡോ. ശാരദനടരാജനെ കണ്ടുമുട്ടുന്നുണ്ട്. എല്ലോറയെക്കുറിച്ചുള്ള പഠനത്തിലാണ് അവർക്ക് ഡോക്ടറേറ്റ്. ഇപ്പോൾ ജർമൻ യൂണിവേഴ്‌സിറ്റിക്ക് വേണ്ടി പോസ്റ്റ് ഡോക്ടർ ചെയ്യുന്നു. ഇന്ന് കാണുന്ന പല ഹിന്ദു ക്ഷേത്രങ്ങളും ഒരുകാലത്ത് ബുദ്ധ ക്ഷേത്രങ്ങളോ വിഹാരങ്ങളോ ആയിരുന്നുവെന്ന് അവർ വാദിക്കുന്നുണ്ട്. എന്നാൽ, മറുവാദത്തിന് കിട്ടുന്ന സ്വീകാര്യതയെക്കുറിച്ചും ശാരദനടരാജൻ വാചാലയാവുന്നു. അവിടെവന്ന് കൈലാസക്ഷേത്രം മാത്രം കണ്ടു മടങ്ങുന്നവരുടെ അധിക്യം ചരിത്രകാരി എന്നനിലയ്ക്ക് അവരുടെ അലോസരം കൂട്ടുന്നുണ്ട്.
വർണപ്പരലുകൾ നിരത്തിവച്ച പീടികകൾ അജന്തയിൽ സുലഭമാണ്. അജന്തസ്മരണ നിലനിർത്തുന്ന നിരവധി കലാ ഉരുപ്പടികൾ അവിടെയുണ്ട്. റഫീഖിന്റെ കട സുപ്രധാനമായ ഒന്നാണ്. അവിടെവെച്ച് പൂന ഇൻസ്റ്റിറ്റൂട്ടിൽ തന്റെ സഹപാഠി യയായിരുന്ന ഡൽഹിക്കാരൻ വിനോദ് ബെഹലിനെ ഓർമ്മിക്കുന്നുണ്ട്. ബിനോയ് ബഹൽ അജന്തയെക്കുറിച്ച് ശ്രദ്ധേയമായ നിരവധി വർക്കുകൾചെയ്തിട്ടുണ്ട്. അദ്ദേഹത്തെ അറിയുമോ എന്ന വേണുവിന്റെ ചോദ്യത്തിന്, 'അറിയുമെന്ന് മാത്രമല്ല, ബിനോയ് സാഹിബിന്റെ പുസ്തകത്തിൽ തന്റെ പേര് പരാമർശിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിമാനത്തോടെ പറഞ്ഞു'.
ആത്മകഥയുമായി കൂടിച്ചേരുന്നിടത്താണ് ഏത് യാത്രായെഴുത്തും അതീരസകരവും സരസവുമാവുക. ആത്മകഥ ചരിത്രത്തോട് മുഖാമുഖം നിൽക്കുന്നപോലെ ഇങ്ങനെയുള്ള സന്ദർഭങ്ങൾ തോന്നിപ്പിക്കും.
'ഒറ്റയ്ക്ക് കേൾക്കുന്ന നിശ്ലബ്ദതയാണ് സഞ്ചാരിയുടെ കഥകൾ' എന്നാണ് മഹാരാഷ്ട്രയിൽ ലോണർ തടാകം കാണുന്ന കഥക്ക് വേണു പേരിട്ടിരിക്കുന്നത്.
ബസാൾട്ടിക് പാറയിൽ അതിവേഗ ഉൽക്കാപാതം കൊണ്ട് സംഭവിച്ച ഈ തടാകം 50,000 വർഷം മുമ്പ് നടന്നതാണ്, എന്ന ശാസ്ത്രസത്യത്തോടൊപ്പം യാത്രികരുടെ ഏകാന്തതയും ഓർമ്മയ്ക്ക് യാത്രയുമായുള്ള പുരാതനമായ ബന്ധവുമൊക്കെ ഒരു പക്ഷേ സൂചിപ്പിക്കുന്നു.
സോളോ സ്റ്റോറീസ് എന്ന ശീർഷകം ഒരുപക്ഷേ വേണുവിന്റെ യാത്രകൾക്ക് ഏറ്റവും ചേരുന്ന പേരുതന്നെ. പുസ്തകത്തിന്റെ അവതാരികയിൽ കമൽറാം സജീവ്, 'പോയ കാലത്തിന്റെ സമൃദ്ധിയും ഓർമയായി പതിഞ്ഞുനിൽക്കുന്ന സാമ്രാജ്യങ്ങളും മാത്രം വർണ്ണിക്കപ്പെടുന്ന, മിനുസവും അതിലേറെ വഴുക്കലുമുള്ള കമ്പോള ട്രാവലോഗുകളുടെ പല്ലക്കുകകളിലല്ല, വേണുവിന്റെ യാത്ര' എന്ന് അടിവരയിടുന്നു.
തന്നെ വഹിച്ചുപോകുന്ന കാറിന്റെ വേഗതയും വേഗക്കുറവും ഒരുപക്ഷേ വേണുവിന്റെ യാത്രകളിൽ മനുഷ്യമനസ്സിന്റെ, യാത്രാപെന്റുലത്തിന്റെ ഇ സി ജി കൂടിയാണ്, എന്ന് പറയാനാണ് എനിക്കിഷ്ടം.