വേദനയുടെയും
കണ്ണീരിന്റെയും
മലയാള എഴുത്തു
വിപണി

നേർരേഖയിൽ നീങ്ങുന്ന, കണ്ണീരും സ്വപ്നവും നിറഞ്ഞ ദൃശ്യാത്മക കൃതികൾ വിപണിയിൽ ധാരാളമായി വരുന്നു. ഇത്തരം ഭാരം കുറഞ്ഞ ഉൽപ്പന്നങ്ങൾ മനുഷ്യജീവിതത്തെ എങ്ങനെയാണ് ബാധിക്കുന്നത്? അവ വായനയെ എങ്ങനെ രൂപപ്പെടുത്തുന്നു? മലയാള എഴുത്തിൽ ശക്തമാകുന്ന രചനാ- വിപണി തന്ത്രങ്ങളെ വിശകലനം ചെയ്യുന്നു, താജ് മൻസൂർ ടി.

ഒരു സമൂഹത്തിന്റെ സാഹിത്യം അതിന്റെ ആത്മാവാണെന്ന് മുമ്പുണ്ടായിരുന്ന പ്രബല വിശ്വാസമായിരുന്നു. വേദനയും ചരിത്രവും പ്രതിരോധവും വർഗ്ഗബോധവും രാഷ്ട്രീയമായ അസ്വസ്ഥതയും വിട്ടുവീഴ്ചയില്ലാതെ രേഖപ്പെടുത്തുന്ന സാക്ഷ്യപത്രമായിരുന്നു എഴുത്ത്. എഴുത്തുകാർ സ്രഷ്ടാക്കൾ മാത്രമല്ല, കാലത്തിന്റെ ദർശകർ കൂടിയായിരുന്നു. വായനക്കാർ ചിന്തയിലൂടെയും ആഴമുള്ള വൈകാരികാനുഭവത്തിലൂടെയും കഥയോടൊപ്പം സഞ്ചരിക്കുന്ന സഹയാത്രികരുമായിരുന്നു.

ആ ചിത്രം ഇന്ന് മാറിയിട്ടുണ്ട്. ഒരു പുസ്തകം അച്ചടിക്കും മുൻപ് പ്രസാധകർ ചോദ്യം അതിന്റെ ഉള്ളടക്കത്തിന്റെ ഗുണത്തെക്കുറിച്ചു മാത്രമല്ല. അത് വിറ്റുപോകുമോ, യുവാക്കൾക്ക് പെട്ടെന്ന് റിലേറ്റ് ചെയ്യാനാകുമോ, സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുമോ, സിനിമയോ ഒ.ടി.ടിയോ ആക്കാമോ എന്നിവയാണ്. എഴുത്തുകാർ ബ്രാൻഡും വായനക്കാർ ഉപഭോക്താവുമാകുന്ന ഈ പരിവർത്തനമാണ് പരിശോധന ആവശ്യപ്പെടുന്നത്.

ഈ മാറ്റത്തിന്റെ യുക്തി ചരക്കുസിദ്ധാന്തത്തിലും സംസ്കാരവ്യവസായ വിമർശനത്തിലും കാണാം. ഉൽപ്പന്നം അതിനു പിന്നിലെ അധ്വാനത്തെയും സാമൂഹിക ബന്ധങ്ങളെയും മറച്ചുവെച്ച് സ്വയം മൂല്യമുള്ളതായി നടിക്കുന്നു. പുസ്തകം കൈയിലെടുക്കുന്ന വായനക്കാർ എഴുത്തുകാരുടെ തീക്ഷ്ണാനുഭവമോ അക്കാദമിക അധ്വാനമോ സാമൂഹിക- രാഷ്ട്രീയ സന്ദർഭമോ പലപ്പോഴും കാണുന്നില്ല. ആകർഷകമായ കവർ, പ്രശസ്തരുടെ ബ്ലർബ്, സോഷ്യൽ മീഡിയ കാമ്പെയ്ൻ, ജനപ്രീതി, വിവാദം എന്നിവയാണ് അധികമായി ആഘോഷിക്കപ്പെടുന്നത്.

മുതലാളിത്തത്തിൽ കല, ഫാക്ടറി ഉൽപ്പന്നം പോലെ വൻതോതിൽ നിർമ്മിക്കപ്പെടുന്നു എന്ന വിമർശനം പഴയതാണ്. എന്നാൽ അതിന്റെ ഇന്നത്തെ രൂപം വ്യത്യസ്തമാണ്. സമൂഹത്തെ വിമർശനചിന്തയിൽ നിന്ന് അകറ്റുക, എളുപ്പം ഉപഭോഗിക്കാവുന്ന ഉള്ളടക്കം നൽകുക, നിലവിലെ അധികാരഘടനയോടുള്ള അനുസരണം ഉറപ്പിക്കുക എന്നതാണ് ആ യുക്തി. വ്യത്യസ്തമെന്നു തോന്നുന്ന പുസ്തകങ്ങൾ ഒരേ ഫോർമുലയുടെ വ്യത്യസ്ത പായ്ക്കിങ്ങുകളാകുമ്പോൾ സാഹിത്യത്തിന്റെ ക്രിയാത്മകതയും പ്രതിരോധശേഷിയും ദുർബലമാകുന്നു.

ചേതൻ ഭഗത്ത് എന്ന പ്രതീകം

ഇന്ത്യൻ പുസ്തകവിപണിയിൽ ഈ മാറ്റം വ്യക്തമായി കാണാൻ തുടങ്ങിയത് 1991-ലെ സാമ്പത്തിക ഉദാരവൽക്കരണത്തിനു ശേഷമാണെന്ന് പറയാം. നഗരവൽക്കരണം, മധ്യവർഗ്ഗത്തിന്റെ വളർച്ച, ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ വ്യാപനം, ആമസോണും ഫ്ലിപ്കാർട്ടും പോലുള്ള പ്ലാറ്റ്‌ഫോമുകളുടെ വരവ് എന്നിവ ചേർന്ന് പുതിയൊരു വായനാസമൂഹത്തെ രൂപപ്പെടുത്തി. അത് പഴയ വായനക്കാരെ മാറ്റിസ്ഥാപിച്ചില്ല; പക്ഷേ വായനയുടെ സ്വഭാവവും പ്രതീക്ഷകളും മാറ്റി.

ഗൗരവമുള്ളതും ഭാഷാപരമായി ആഴമുള്ളതുമായ രചനകൾക്ക് പേരുകേട്ട സാഹിത്യമാണിത്. ഇന്നത് പരമ്പരാഗത മൂല്യങ്ങളും വാണിജ്യതന്ത്രങ്ങളും ഏറ്റുമുട്ടുന്ന ഭൂമിയാണ്.

ചേതൻ ഭഗത്തിനെ ഈ മാറ്റത്തിന്റെ പ്രതീകമായി വായിക്കാം. ലളിതമായ ഇംഗ്ലീഷ്, ഐ.ഐ.ടി സമ്മർദ്ദവും പ്രണയവും കരിയറും പ്രമേയമാക്കുന്ന യുവജീവിതം, സിനിമാറ്റിക് ശൈലി എന്നിവയിലൂടെ അദ്ദേഹം വലിയൊരു വിഭാഗം വായനക്കാരെ പുസ്തകത്തിലേക്ക് എത്തിച്ചു. ‘സാഹിത്യത്തിന്റെ മക്ഡൊണാൾഡീകരണം’എന്ന വിമർശനം ഉയർന്നത് ഈ സന്ദർഭത്തിലാണ്.

അമീഷ് ത്രിപാഠി പുരാണത്തെ ആധുനിക ആക്ഷൻ- ഫാന്റസിയാക്കി. സൂപ്പർഹീറോ മാതൃകയും ദേശീയതയും ആത്മീയതയും ചേർത്ത മാർക്കറ്റിങ്ങ്, മിത്തോളജിക്കൽ ഫിക്ഷന്റെ വിപണി തുറന്നു.
ദുർജോയ് ദത്തയും രവീന്ദർ സിങ്ങും പ്രണയനോവലുകളിലൂടെ വലിയ വായനാസമൂഹം സൃഷ്ടിച്ചു. ഉത്കണ്ഠയെ മൂലധനമാക്കുന്ന സെൽഫ്-ഹെൽപ്പും മോട്ടിവേഷണൽ സാഹിത്യവും മറുവശത്ത് വിപണി കീഴടക്കി. ആത്മാന്വേഷണമാകേണ്ട വായന പലപ്പോഴും ജീവിതവിജയത്തിനുള്ള താൽക്കാലിക ഉപകരണമായി ചുരുങ്ങി. ഇത്തരം പുസ്തകങ്ങളെല്ലാം നിന്ദ്യമാണെന്നല്ല; അവ പലതും സാധാരണക്കാരുടെ ആശങ്കകൾക്ക് ഭാഷ നൽകുന്നുണ്ടാകാം. പ്രശ്നം അവയുടെ ജനപ്രിയതയല്ല, അവയെ മാത്രം സാഹിത്യമായി കണക്കാക്കുന്ന വിപണിയുടെ ചട്ടക്കൂടാണ്.

ഇതേ കാലത്താണ് സ്കൂളുകളിൽ കൗൺസിലിങ്ങും വ്യാപകമായി സ്വീകരിക്കപ്പെട്ടത്. ഉയർന്ന റിസൽട്ടും കരിയറും ആയിരുന്നു പ്രധാന ലക്ഷ്യങ്ങൾ. ആ അജണ്ടകൾക്കിടയിൽ വളർന്ന തലമുറയാണ് 2000-നു ശേഷമുള്ള വായനക്കാരിൽ വലിയൊരു പങ്ക്. അവരുടെ വായന ഉപരിപ്ലവമാണെന്ന വാദം ഇവിടെ ഉന്നയിക്കപ്പെടുന്നു. സെൽഫ്- ഹെൽപ്പ് പുസ്തകങ്ങൾ പുസ്തകശാലകളുടെ മുൻനിരയിൽ നിരന്നതും വലിയ വിറ്റുവരവ് നേടിയതും അതിന്റെ സൂചനകളാണ്.

ചേതൻ ഭഗത്.
ചേതൻ ഭഗത്.

മലയാളത്തിലെ
വൈകാരിക വിപണി

നേർരേഖയിൽ നീങ്ങുന്ന, കണ്ണീരും സ്വപ്നവും നിറഞ്ഞ ദൃശ്യാത്മക കൃതികൾ വിപണിയിൽ ധാരാളമായി വരുന്നു. ഇത്തരം ഭാരം കുറഞ്ഞ ഉൽപ്പന്നങ്ങൾ മനുഷ്യജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നതാണ് യഥാർത്ഥ ചോദ്യം. അവയെ മുൻകൂട്ടി തള്ളിക്കളയാനല്ല ശ്രമം. അവ വായനയെ എങ്ങനെ രൂപപ്പെടുത്തുന്നു, എന്തുതരം വികാരങ്ങളെയാണ് സ്ഥിരമായി ഉത്തേജിപ്പിക്കുന്നത് എന്നതാണ്.

മലയാളത്തിൽ ഈ വിപണിതന്ത്രങ്ങൾ വ്യക്തമായി പിടിമുറുക്കിയിട്ടുണ്ട്. ഗൗരവമുള്ളതും ഭാഷാപരമായി ആഴമുള്ളതുമായ രചനകൾക്ക് പേരുകേട്ട സാഹിത്യമാണിത്. ഇന്നത് പരമ്പരാഗത മൂല്യങ്ങളും വാണിജ്യതന്ത്രങ്ങളും ഏറ്റുമുട്ടുന്ന ഭൂമിയാണ്. ബെന്യാമിന്റെ ‘ആടുജീവിതം’, കെ.ആർ. മീരയുടെ ‘ആരാച്ചാർ’, എം.ടി. വാസുദേവൻ നായരുടെ ‘രണ്ടാമൂഴം’, രാജശ്രീയുടെ ‘ആത്രേയകം’ എന്നിവ സാഹിത്യമികവ് നിലനിർത്തിക്കൊണ്ടുതന്നെ അനേകം പതിപ്പുകൾ ഇറങ്ങുകയും, വിപണിയിലും വിജയം നേടുകയും ചെയ്യുന്നു.

സെൽഫ്- ലവ്, ബ്രേക്ക്അപ്പ്, വ്യക്തിവേദന തുടങ്ങിയ പ്രമേയങ്ങൾ യുവവായനക്കാരുടെ വൈകാരികതയെ ഉടൻ സ്പർശിക്കുന്നു.

മറുവശത്ത് പൂർണ്ണമായും വിപണികേന്ദ്രിതമായ എഴുത്തുശൈലി ശക്തിപ്പെടുന്നു. അഖിൽ പി. ധർമ്മജന്റെ ‘റാം കെയർഓഫ് ആനന്ദി’, നിമ്ന വിജയിന്റെ ‘ഏറ്റവും പ്രിയപ്പെട്ട എന്നോട്’ എന്നിവ അസാധാരണ ജനപ്രീതിക്ക് ഉദാഹരണമാണ്. ഇൻസ്റ്റാഗ്രാം റീലുകൾ, ബുക്ക്സ്റ്റാഗ്രാം, ഇൻഫ്ലുവൻസർ കാമ്പെയ്‌നുകൾ എന്നിവയിലൂടെ ഇവയ്ക്ക് കൃത്യമായ ഹൈപ്പ് നിർമ്മിക്കപ്പെടുന്നു. സങ്കീർണ്ണമായ ഭാഷയ്ക്കു പകരം സംഭാഷണശൈലിയും ചെറിയ അധ്യായങ്ങളും വേഗമുള്ള വിവരണവും വായനയെ എളുപ്പമാക്കുന്നു. സെൽഫ്- ലവ്, ബ്രേക്ക്അപ്പ്, വ്യക്തിവേദന തുടങ്ങിയ പ്രമേയങ്ങൾ യുവവായനക്കാരുടെ വൈകാരികതയെ ഉടൻ സ്പർശിക്കുന്നു.

കണ്ണീരിന്റെ വിപണിയുടെ ശക്തമായ രൂപങ്ങളിലൊന്ന് ബാബു അബ്രഹാമിന്റെ ‘കമ്പിളിക്കണ്ടത്തെ കൽഭരണികൾ’ ആണ്. ദാരിദ്ര്യം, കുടുംബവേദന, സഹനം, അതിജീവനം എന്നിവയെ നേരിട്ടും വൈകാരികമായും ആവിഷ്കരിച്ച ആ പുസ്തകം വലിയ വായനാപ്രചാരം നേടി. നൂറോളം പതിപ്പുകളിലേക്ക് എത്തിയ കൃതി എന്ന നിലയിൽ അത് മലയാളത്തിലെ ജനപ്രിയ വായനയുടെ നാഴികക്കല്ലാണ്. അതിന്റെ വിജയം വേദനയുടെ ആധികാരികതയെ നിഷേധിക്കുന്നില്ല. പക്ഷേ വേദനയും സഹനവും വായനക്കാരുടെ കണ്ണീരിനും വിപണിയുടെ താൽപര്യത്തിനും വിധേയമാകുന്ന വായനാസംസ്കാരം രൂപപ്പെടുത്തിയെന്നും പറയാം.

ബെന്യാമിന്റെ ‘ആടുജീവിതം’ അടക്കമുള്ള പുസ്തകങ്ങൾ സാഹിത്യമികവ് നിലനിർത്തിക്കൊണ്ടുതന്നെ അനേകം പതിപ്പുകൾ ഇറങ്ങുകയും, വിപണിയിലും വിജയം നേടുകയും ചെയ്യുന്നു.
ബെന്യാമിന്റെ ‘ആടുജീവിതം’ അടക്കമുള്ള പുസ്തകങ്ങൾ സാഹിത്യമികവ് നിലനിർത്തിക്കൊണ്ടുതന്നെ അനേകം പതിപ്പുകൾ ഇറങ്ങുകയും, വിപണിയിലും വിജയം നേടുകയും ചെയ്യുന്നു.

ജി. ഇന്ദുഗോപൻ എഴുതിയ തസ്കരൻ മണിയൻപിള്ളയുടെ ആത്മകഥ ഈ പ്രവണതയുടെ മറ്റൊരു ഉദാഹരണമാണ്. അത് ഒരു വ്യക്തിയുടെ ജീവിതാനുഭവത്തിന്റെ രേഖ മാത്രമായിരുന്നില്ല; സമൂഹത്തിന്റെ അരികിൽ ജീവിച്ച ഒരാളുടെ വേദന, പ്രതിരോധം, അതിജീവനം എന്നിവയുടെ ആഖ്യാനം കൂടിയായിരുന്നു. അത്തരം കൃതികൾ സമൂഹത്തിന്റെ മുഖം മറയ്ക്കുന്ന യാഥാർത്ഥ്യങ്ങൾ വെളിപ്പെടുത്തുന്നു. എന്നാൽ അവയുടെ വിപണിസ്വീകരണം പലപ്പോഴും സാമൂഹിക വിശകലനത്തെക്കാൾ ‘ഒരു മനുഷ്യൻ എത്ര കഷ്ടപ്പെട്ടു’എന്ന വൈകാരിക ചോദ്യത്തിലേക്ക് ചുരുങ്ങുന്നു. അങ്ങനെ സാക്ഷ്യം സഹതാപത്തിന്റെ ഉപഭോഗമായി മാറുന്നു.

നളിനി ജമീലയുടെ രചനകളിലും ഈ വൈകാരിക വിപണിയുടെ സ്വാധീനം കാണാം. സ്ത്രീയനുഭവം, കുടുംബം, പ്രണയം, വേർപാട്, സ്വയം തിരിച്ചറിയൽ തുടങ്ങിയ പ്രമേയങ്ങൾ വായനക്കാരുടെ സ്വകാര്യ അനുഭവങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്നു. ഇത്തരം എഴുത്തിന് സ്ത്രീവാദപരമായ പ്രാധാന്യമുണ്ടെന്ന് നിഷേധിക്കാനാവില്ല. എന്നിരുന്നാലും അതിന്റെ വിപണിവിജയം പലപ്പോഴും വേദനയുടെ തീവ്രതയെയും കണ്ണീരിന്റെ സാന്നിധ്യത്തെയും ആശ്രയിക്കുന്നു. സ്ത്രീയുടെ അനുഭവം അധികാരഘടനയുടെ വിശകലനമാകേണ്ടിടത്ത് അത് ചിലപ്പോൾ വ്യക്തിവേദനയുടെ പ്രകടനമായി വായിക്കപ്പെടുന്നു.

ആഗോള വിവർത്തനവിപണിയും ‘വിൽക്കാവുന്ന വേദനകളെ’തിരഞ്ഞെടുക്കുന്നു. പ്രാദേശിക രാഷ്ട്രീയസങ്കീർണ്ണതകൾക്കു പകരം സർവസാധാരണമായ വ്യക്തിദുരന്തങ്ങൾ മുൻപന്തിയിലെത്തുന്നു.

ഇത്തരം എഴുത്തിനു പിന്നിൽ കൃത്യമായ തന്ത്രങ്ങളുണ്ട്. എഴുത്തുകാർ ഇവിടെ പ്രൊഡക്റ്റ് ഡിസൈനറെപ്പോലെ പ്രവർത്തിക്കുന്നു. ടാർഗറ്റ് ഓഡിയൻസിന്റെ പ്രായവും താൽപര്യവും മുൻകൂട്ടി പഠിക്കുന്നു; ആദ്യ പേജിൽത്തന്നെ വായനക്കാരെ പിടിക്കുന്ന ‘ഹുക്ക്’വെക്കുന്നു; ജീവിതത്തിലെ അസ്വസ്ഥതകൾക്ക് ഉടൻ പരിഹാരം വാഗ്ദാനം ചെയ്യുന്ന പ്രോബ്ലം- സൊല്യൂഷൻ ചട്ടക്കൂട് ഉപയോഗിക്കുന്നു. ‘ലിമിറ്റഡ് സ്റ്റോക്ക്’, ‘ഇന്ന് മാത്രം ഓഫർ’ പോലെയുള്ള വാണിജ്യവാചകങ്ങളും ഹ്രസ്വമായ കോട്ടുകളും സ്ക്രോളിങ്ങ് സംസ്കാരവും ഇതിന് ആക്കം കൂട്ടുന്നു.

വായന വേഗമേറിയ ഉപഭോഗാനുഭവമാകുമ്പോൾ ആഴമുള്ള വിമർശനചിന്തയ്ക്ക് ഇടം കുറയുന്നു. സ്ത്രീശരീരവും സ്ത്രീയനുഭവങ്ങളും ട്രോമകളും വായനാസുഖമുള്ള രീതിയിൽ പായ്ക്ക് ചെയ്തു വിൽക്കപ്പെടുന്ന ‘ഇമോഷണൽ കൺസംപ്ഷൻ’ഇതിന്റെ ഭാഗമാണ്. അന്താരാഷ്ട്ര വിപണിയിൽ ദാരിദ്ര്യവും ജാതിവിവേചനവും ‘എക്സോട്ടിക് സഫറിങ്’ആയി വിപണനം ചെയ്യുന്നതും ഇതേ യുക്തിയിലാണ്. ആഗോള വിവർത്തനവിപണിയും ‘വിൽക്കാവുന്ന വേദനകളെ’തിരഞ്ഞെടുക്കുന്നു. പ്രാദേശിക രാഷ്ട്രീയസങ്കീർണ്ണതകൾക്കു പകരം സർവസാധാരണമായ വ്യക്തിദുരന്തങ്ങൾ മുൻപന്തിയിലെത്തുന്നു.

നളിനി ജമീലയുടെ രചനകളിലും വൈകാരിക വിപണിയുടെ സ്വാധീനം കാണാം. സ്ത്രീയനുഭവം, കുടുംബം, പ്രണയം, വേർപാട്, സ്വയം തിരിച്ചറിയൽ തുടങ്ങിയ പ്രമേയങ്ങൾ വായനക്കാരുടെ സ്വകാര്യ അനുഭവങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്നു.
നളിനി ജമീലയുടെ രചനകളിലും വൈകാരിക വിപണിയുടെ സ്വാധീനം കാണാം. സ്ത്രീയനുഭവം, കുടുംബം, പ്രണയം, വേർപാട്, സ്വയം തിരിച്ചറിയൽ തുടങ്ങിയ പ്രമേയങ്ങൾ വായനക്കാരുടെ സ്വകാര്യ അനുഭവങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്നു.

ഈ ഘട്ടത്തിൽ വേദന പ്രമേയം മാത്രമല്ല; ഒരു രാഷ്ട്രീയ- സാംസ്കാരിക ഭാഷ കൂടിയാണ്. വ്യക്തിപരമായ അനുഭവം ഒരിക്കൽ സ്വകാര്യമേഖലയിലായിരുന്നു. ഇന്ന് അത് പരസ്യവേദിയിൽ കൊണ്ടുവരപ്പെടുന്നു, വിപണിയിൽ അളക്കപ്പെടുന്നു, അൽഗോരിതങ്ങളാൽ തരംതിരിക്കപ്പെടുന്നു, വിൽപ്പനക്കണക്കുകളാൽ ശരിവെക്കപ്പെടുന്നു. ഇത് സാഹിത്യത്തിനുള്ളിലെ സൗന്ദര്യപരമായ പരിണാമം മാത്രമല്ല; അധികാരത്തിന്റെ സ്വഭാവം മാറുന്ന കാലത്തിന്റെ പ്രതിഫലനം കൂടിയാണ്.

കണ്ണീരിന്റെ വിപണിയിൽ വേദന മൂലധനമാകുന്നു; സാമ്പത്തികമായി മാത്രമല്ല, സാമൂഹികവും രാഷ്ട്രീയവും നൈതികവുമായും. ഇവിടെ വേദന പലപ്പോഴും പ്രതിനിധീകരിക്കപ്പെടുന്നതിനേക്കാൾ പ്രകടിപ്പിക്കപ്പെടുന്നു. പ്രതിനിധാനത്തിന് ദൂരം വേണം. പ്രകടനത്തിന് അടുപ്പം വേണം. ഇന്നത്തെ വായനയെ നിയന്ത്രിക്കുന്നത് ആ അടുപ്പമാണ്. വായനക്കാർ കഥാപാത്രത്തെ മനസ്സിലാക്കാൻ ശ്രമിക്കുന്നതിനേക്കാൾ എഴുത്തുകാരുടെ ജീവിതത്തിലേക്ക് കടന്നുനിൽക്കുന്നു. സാഹിത്യാനുഭവം വ്യാഖ്യാനപ്രവർത്തിയല്ലാതായി സഹാനുഭൂതിയുടെ ഉപഭോഗമാകുന്നു; കണ്ണീരിന്റെ വിപണിയുടെ അടിസ്ഥാനഘടന ഇതാണ്.

അനുഭവത്തിന്റെ വിപണി

അനുഭവകേന്ദ്രിതത്വം മലയാളത്തിൽ പുതുമയല്ല. ബഷീറിന്റെ ‘ബാല്യകാലസഖി’യിലും ‘പാത്തുമ്മായുടെ ആടി’ലും ജീവിതാനുഭവം സാഹിത്യമായി. അവിടെ അനുഭവം ഭാഷയാൽ രൂപാന്തരപ്പെടുന്നു; ജീവിതം കഥയാകുന്നു. ബഷീറിന്റെ ലോകദർശനം അനുഭവിക്കപ്പെടുകയാണ്. എം.ടി.യുടെ ‘നാലുകെട്ടും’ ‘രണ്ടാമൂഴ’വും അനുഭവത്തിന്റെ ആഴം ഉപയോഗിക്കുമ്പോഴും വ്യക്തിയുടെ വേദനയെ സമൂഹഘടനയോടു ചേർത്തുനിർത്തുന്നു. ഭീമന്റെ അന്തർസംഘർഷം വ്യക്തിപരമായ ദുഃഖം മാത്രമല്ല, ചരിത്ര- ധാർമ്മിക ഘടനകളുടെ സംഘർഷമാണ്.

പോൾ കലാനിധിയുടെ When Breath Becomes Air മരണത്തെ നേരിടുന്ന ന്യൂറോസർജന്റെ ആത്മകഥയാണ്. അതിന്റെ വിപണിവിജയം നിലകൊണ്ടത് യഥാർത്ഥ കഥ എന്ന വൈകാരികമൂല്യത്തിലാണ്.

ഇതിന്റെ മറുവശത്താണ് ‘ആടുജീവിതം’ വായിക്കപ്പെട്ട രീതി. അത് സാഹിത്യഘടനയും പ്രതീകാത്മക പാളികളുമുള്ള കൃതിയാണ്. എങ്കിലും പൊതുവായനയിൽ അത് ‘യഥാർത്ഥ മനുഷ്യദുരിതത്തിന്റെ രേഖ’യായി സ്വീകരിക്കപ്പെട്ടു. വായനക്കാർ രൂപശില്പം വായിക്കുന്നില്ല; മനുഷ്യന്റെ സഹനശേഷിയാണ് വായിക്കുന്നത്. സാഹിത്യം സാക്ഷ്യമാകുന്നു. ‘ആരാച്ചാരി’ലും സ്ത്രീയനുഭവവും അധികാരഘടനയും ദാർശനിക പാളികളുമുണ്ടെങ്കിലും വായനയിൽ പലപ്പോഴും ‘മരണദണ്ഡനത്തിന്റെ ഇരയുടെ മാനസികാവസ്ഥ’എന്ന വികാരമൂല്യമാണ് മുന്നിൽ വരുന്നത്.

പുതിയ തലമുറയുടെ നോവലുകളിൽ, ‘റാം കെയർഓഫ് ആനന്ദി’ പോലെയുള്ളവയിൽ, ഭാഷ ചുരുങ്ങുന്നു, വികാരം നേരിട്ട് എത്തുന്നു. സ്വയംസംസാരഭാവം ശക്തമാകുന്നു. വാക്യഘടന സോഷ്യൽ മീഡിയ പോസ്റ്റുകളെ ഓർമ്മിപ്പിക്കുന്നു. ആഖ്യാനത്തിന്റെ ഗഹനതയെക്കാൾ അനുഭവത്തിന്റെ അടിയന്തരതയാണ് പ്രധാനം. ഇവിടെ വേദന പലപ്പോഴും ഐഡന്റിറ്റി പ്രഖ്യാപനമായി മാറുന്നു. ‘ഞാൻ ഇങ്ങനെ അനുഭവിച്ചു’ എന്നത് വ്യക്തിപരമായ പ്രസ്താവന മാത്രമല്ല; ഒരു സാമൂഹിക സ്ഥാനം കൂടിയാണ്. ആത്മപ്രകടനം സ്വയംനിർമ്മാണത്തിന്റെ ഉപാധിയാകുന്നു.

2020-നു ശേഷം ഈ പ്രവണത ലോകമെമ്പാടും ഒരു സാമൂഹിക- മനഃശ്ശാസ്ത്ര പ്രതിഭാസമായി ശക്തമായി. കോവിഡ് കാലം മനുഷ്യനെ വീട്ടിലാക്കി എന്നത് ഇന്ന് ക്ലീഷേയാണ്. എന്നാൽ അതുണ്ടാക്കിയ മാനസിക പ്രതിഫലനങ്ങൾ ഇപ്പോഴും പൂർണ്ണമായി വിലയിരുത്തപ്പെട്ടിട്ടില്ല. മരണഭീതിയും രോഗഭയവും തൊഴിൽനഷ്ടവും ഒറ്റപ്പെടലും നിറഞ്ഞ ആ കാലത്ത് വായനക്കാർ തേടിയത് ഫാന്റസിയോ വലിയ ആശയനോവലുകളോ മാത്രമായിരുന്നില്ല. സ്വന്തം അനുഭവങ്ങൾക്ക് ഭാഷ നൽകുന്ന പുസ്തകങ്ങളാണ് പലർക്കും ആശ്വാസമായത്.

പുതിയ തലമുറയുടെ നോവലുകളിൽ, ‘റാം കെയർഓഫ് ആനന്ദി’ പോലെയുള്ളവയിൽ, ഭാഷ ചുരുങ്ങുന്നു, വികാരം നേരിട്ട് എത്തുന്നു. സ്വയംസംസാരഭാവം ശക്തമാകുന്നു.
പുതിയ തലമുറയുടെ നോവലുകളിൽ, ‘റാം കെയർഓഫ് ആനന്ദി’ പോലെയുള്ളവയിൽ, ഭാഷ ചുരുങ്ങുന്നു, വികാരം നേരിട്ട് എത്തുന്നു. സ്വയംസംസാരഭാവം ശക്തമാകുന്നു.

അതുകൊണ്ടാണ് memoir, autobiography, grief writing, trauma narratives എന്നിവ അസാധാരണ വളർച്ച നേടിയത്. സെപ്റ്റംബർ 11-നു ശേഷം പാശ്ചാത്യ വിപണിയിൽ ആത്മകഥകൾ പുതിയ ഘട്ടത്തിലേക്ക് കടന്നിരുന്നു. കോവിഡ് ആ പ്രവണതയെ വേഗത്തിലാക്കി. ട്രോമ അപൂർവാനുഭവമല്ലാതായി സാധാരണ മനുഷ്യാനുഭവമായപ്പോൾ ട്രോമ ആഖ്യാനങ്ങൾ ആഗോള പുസ്തകവിപണിയുടെ കേന്ദ്രത്തിലെത്തി.

ട്രോമ എക്കോണമി

താരാ വെസ്റ്റോവറുടെ ‘Educated’ മതഭ്രാന്തിന്റെയും കുടുംബപീഡനത്തിന്റെയും നടുവിൽ നിന്ന് വിദ്യാഭ്യാസത്തിലൂടെ ജീവിതം പുനർനിർമ്മിച്ച പെൺകുട്ടിയുടെ കഥയാണ്. അത് ദശലക്ഷക്കണക്കിന് കോപ്പികൾ വിറ്റു. പക്ഷേ വായനക്കാർ അതിനെ സാമൂഹികരേഖയെക്കാൾ അതിജീവനത്തിന്റെ പ്രചോദനകഥയായാണ് പലപ്പോഴും സ്വീകരിച്ചത്. പോൾ കലാനിധിയുടെ When Breath Becomes Air മരണത്തെ നേരിടുന്ന ന്യൂറോസർജന്റെ ആത്മകഥയാണ്. രോഗവും മരണവും അതിൽ ജീവിതത്തിന്റെ അർത്ഥത്തെക്കുറിച്ചുള്ള ദാർശനികചോദ്യമാകുന്നു; എങ്കിലും അതിന്റെ വിപണിവിജയം നിലകൊണ്ടത് യഥാർത്ഥ കഥ എന്ന വൈകാരികമൂല്യത്തിലാണ്.

വേദന കൂടുന്തോറും വിപണിമൂല്യം കൂടുന്നു. എത്ര അനുഭവിച്ചു എന്നത് ‘എത്ര വിശ്വസനീയം’എന്നതിന്റെ സൂചികയാകുന്നു.

പ്രിൻസ് ഹാരിയുടെ ‘സ്​പെയർ’ ഈ ട്രോമ സാമ്പത്തികശാസ്ത്രത്തിന്റെ ഏറ്റവും ദൃശ്യമായ ഉദാഹരണമാണ്. രാജകീയതയല്ല, സാധാരണ മനുഷ്യന്റെ അരക്ഷിതത്വമാണ് വായനക്കാരെ ആകർഷിച്ചതെന്ന് പറയാം. അധികാരത്തിനും സമ്പത്തിനും നടുവിലും ഒരാൾക്ക് എത്ര ഒറ്റപ്പെടാം എന്ന ബോധ്യം അതിന് ആഗോള വിജയം നൽകി. രാജതന്ത്രത്തിന്റെ ഘടനാപരമായ പ്രശ്നങ്ങളെ വിമർശിക്കുന്നതായി തോന്നുമ്പോഴും വായനയുടെ കേന്ദ്രം വ്യക്തിവേദനയായിത്തന്നെ തുടരുന്നു.

ബ്രിട്നി സ്പിയേഴ്സിന്റെ The Woman in Me നിയമപരമായ നിയന്ത്രണത്തെക്കുറിച്ച് ശക്തമായ ചോദ്യങ്ങൾ ഉയർത്തുമ്പോഴും ‘ഒരു താരത്തിന്റെ തകർച്ചയും അതിജീവനവും’എന്ന ചട്ടക്കൂടിലാണ് അത് പ്രചരിക്കപ്പെട്ടത്. മിഷേൽ ഒബാമയുടെ Becoming* രാഷ്ട്രീയ ആത്മകഥയെക്കാൾ ഒരു സ്ത്രീയുടെ ജീവിതസംഘർഷങ്ങളുടെ തുറന്ന രേഖയായി വായിക്കപ്പെട്ടു. അധികാരസ്ഥാനത്തുള്ളവരുടെ ജീവിതവും അപൂർണ്ണവും വേദനാഭരിതവുമാകാമെന്ന തിരിച്ചറിവ് വായനക്കാരെ, വിശേഷിച്ച് സ്ത്രീകളെ, ആകർഷിച്ചു. ജോൺ ഗ്രീനിന്റെ The Anthropocene Reviewed ഗ്രീഫ് ലിറ്ററേച്ചർ വ്യക്തിനഷ്ടങ്ങളെ സാമൂഹികനിരീക്ഷണങ്ങളുമായി ചേർത്ത് വലിയ വായനാപ്രചാരം നേടി. ചെറുതും സ്വകാര്യവുമായ വേദന ആഗോളാനുഭവമായി മാറുന്ന പ്രക്രിയയാണിത്.

ഈ പുസ്തകങ്ങളെല്ലാം സംസാരിക്കുന്നത് വേദനയുടെ സാർവലൗകികത എന്ന ഒരൊറ്റ ഭാഷയാണ്. ചില പാശ്ചാത്യ വിമർശകർ ഇതിനെ ‘ട്രോമ എക്കോണമി’ എന്ന് വിളിക്കുന്നു. വേദനാനുഭവം സാമൂഹികമൂല്യവും സാംസ്കാരിക മൂലധനവും സാമ്പത്തിക മൂലധനവുമായി മാറുന്ന പ്രക്രിയയാണത്. ഇതിനു പിന്നിൽ ഒരു ചരിത്രമുണ്ട്. 20-ാം നൂറ്റാണ്ടിലുടനീളം മനഃശാസ്ത്രവും ചികിത്സാസംസ്കാരവും സ്വകാര്യ വികാരങ്ങളെ പൊതുഭാഷയാക്കി. ആ ഭാഷ വളർന്നതോടെ കഷ്ടപ്പാടും ഇരയായിരിക്കലും വെറും ദുരനുഭവമല്ലാതായി ഒരു ഐഡന്റിറ്റിയും സാമൂഹികസ്ഥാനവും ആയി.

താരാ വെസ്റ്റോവറുടെ ‘Educated’ മതഭ്രാന്തിന്റെയും കുടുംബപീഡനത്തിന്റെയും നടുവിൽ നിന്ന് വിദ്യാഭ്യാസത്തിലൂടെ ജീവിതം പുനർനിർമ്മിച്ച പെൺകുട്ടിയുടെ കഥയാണ്. അത് ദശലക്ഷക്കണക്കിന് കോപ്പികൾ വിറ്റു.
താരാ വെസ്റ്റോവറുടെ ‘Educated’ മതഭ്രാന്തിന്റെയും കുടുംബപീഡനത്തിന്റെയും നടുവിൽ നിന്ന് വിദ്യാഭ്യാസത്തിലൂടെ ജീവിതം പുനർനിർമ്മിച്ച പെൺകുട്ടിയുടെ കഥയാണ്. അത് ദശലക്ഷക്കണക്കിന് കോപ്പികൾ വിറ്റു.

ഒരാൾ എത്ര അനുഭവിച്ചു എന്നത് അയാൾക്ക് എത്ര വിശ്വാസ്യതയും സംസാരാവകാശവും ലഭിക്കുമെന്ന് നിർണ്ണയിക്കുന്ന അദൃശ്യമായ മാനദണ്ഡമായി. വേദന കൂടുന്തോറും വിപണിമൂല്യം കൂടുന്നു. എത്ര അനുഭവിച്ചു എന്നത് ‘എത്ര വിശ്വസനീയം’എന്നതിന്റെ സൂചികയാകുന്നു. ഇത് വേദനയുടെ സത്യതയെ ചോദ്യം ചെയ്യുന്നില്ല,വേദനയെ മാത്രം വിശ്വാസ്യതയുടെ അളവുകോലാക്കുമ്പോൾ, അതിന്റെ രാഷ്ട്രീയവും കലാപരവുമായ സാധ്യതകളും ചുരുങ്ങുന്നു.

ഈ പ്രവണതയുടെ മനഃശ്ശാസ്ത്രം പല ഘടകങ്ങളിലൂടെ വായിക്കാം. ആദ്യത്തേത് വേദനയിലൂടെയുള്ള തിരിച്ചറിവാണ്. ഇത് എന്റെയും കഥയാണ് ‘എന്ന ബോധം വായനയെ സാഹിത്യാനുഭവത്തിൽ നിന്ന് വ്യക്തിഗത പങ്കാളിത്തത്തിലേക്ക് മാറ്റുന്നു. വായനക്കാർ കഥാപാത്രത്തോടല്ല, എഴുത്തുകാരുടെ യഥാർത്ഥ വ്യക്തിത്വത്തോടാണ് ബന്ധപ്പെടുന്നത്. അകലം പാലിക്കുന്ന വിമർശനം ഇതോടെ ഇല്ലാതാകുന്നു; എഴുത്തുകാരുടെ വേദനയെ ചോദ്യം ചെയ്യുന്നത് നൈതികമായി തെറ്റാണെന്ന തോന്നൽ രൂപപ്പെടുന്നു.

എഴുത്തുകാർ സ്വന്തം ജീവിതത്തിന്റെ കഥാപാത്രം മാത്രമായി ചുരുങ്ങുന്നു. വായനക്കാർ പുതിയ ലോകങ്ങൾ തേടുന്നതിനു പകരം സ്വന്തം ലോകത്തിന്റെ ആവർത്തനം തേടുമ്പോൾ സങ്കല്പശേഷി ക്ഷയിക്കുന്നു.

രണ്ടാമത്തേത് വാലിഡേഷൻ ഇക്കോണമിയാണ്. എനിക്ക് സംഭവിച്ചത് യഥാർത്ഥമാണ്, പ്രധാനമാണ്, മറ്റുള്ളവർക്കും ഇതേ അനുഭവമുണ്ട് എന്ന അംഗീകാരം ആശ്വാസം നൽകുന്നു. അത് വായനക്കാരെ വീണ്ടും വീണ്ടും വേദനക്കഥകളിലേക്ക് മടക്കിക്കൊണ്ടുപോകുന്നു. വേദനയില്ലാത്ത അനുഭവങ്ങൾ അപ്രസക്തമാകുന്നു; സങ്കല്പശേഷിയും കല്പനയും സൗന്ദര്യാന്വേഷണവും അപ്രാമാണികം എന്ന മുദ്രയോടെ പുറന്തള്ളപ്പെടുന്നു.

മൂന്നാമത്തേത് നിയന്ത്രണബോധമാണ്. അനിശ്ചിതമായ കാലത്ത് മനുഷ്യൻ നിയന്ത്രണം തേടുന്നു. കല്പനാസാഹിത്യം അനിശ്ചിതമാണ്. ഉറപ്പുള്ള ആശ്വാസം അതിലില്ല. വേദനക്കഥ ഇത് സംഭവിച്ചു, എങ്കിലും ഞാൻ അതിജീവിച്ചു എന്ന ഉറപ്പ് നൽകുന്നു. സ്വന്തം ജീവിതത്തിലും മാറ്റം സാധ്യമാണെന്ന പ്രതീക്ഷയും. ഇതിനോടു ചേർന്നു നിൽക്കുന്നതാണ് ആഖ്യാന- വ്യക്തിത്വം. മനുഷ്യൻ ജീവിതത്തെ തുടർച്ചയുള്ള കഥയായി പുനർവ്യാഖ്യാനിച്ചാണ് ‘ഞാൻ ആരാണ്’ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്നത്. വേദനയ്ക്ക് തുടക്കവും മധ്യവും ഒടുക്കവും നൽകി അതിജീവനയാത്രയാക്കുന്ന ട്രോമ സാഹിത്യം ഈ പ്രക്രിയയിൽ വലിയ പങ്കു വഹിക്കുന്നു.

ബ്രിട്നി സ്പിയേഴ്സിന്റെ The Woman in Me നിയമപരമായ നിയന്ത്രണത്തെക്കുറിച്ച് ശക്തമായ ചോദ്യങ്ങൾ ഉയർത്തുമ്പോഴും ‘ഒരു താരത്തിന്റെ തകർച്ചയും അതിജീവനവും’എന്ന ചട്ടക്കൂടിലാണ് അത് പ്രചരിക്കപ്പെട്ടത്.
ബ്രിട്നി സ്പിയേഴ്സിന്റെ The Woman in Me നിയമപരമായ നിയന്ത്രണത്തെക്കുറിച്ച് ശക്തമായ ചോദ്യങ്ങൾ ഉയർത്തുമ്പോഴും ‘ഒരു താരത്തിന്റെ തകർച്ചയും അതിജീവനവും’എന്ന ചട്ടക്കൂടിലാണ് അത് പ്രചരിക്കപ്പെട്ടത്.

എഴുത്തുകാർ,
സ്വന്തം ജീവിതത്തിന്റെ
കഥാപാത്രങ്ങൾ

ഒരിക്കൽ ആത്മപരിശോധനയുടെ ഉപാധിയായിരുന്ന ആ ആഖ്യാനം ഇന്ന് പൊതുവേദിയിലെ പ്രകടനമാണ്. സോഷ്യൽ മീഡിയയും പുസ്തകവിപണിയും ചേർന്ന് അതിനെ നിരന്തരം പുനരുൽപാദിപ്പിക്കുന്നു. എഴുത്തുകാർ സ്വന്തം ജീവിതത്തിന്റെ കഥാപാത്രം മാത്രമായി ചുരുങ്ങുന്നു. ദീർഘകാലഫലം ഗൗരവമുള്ളതാണ്. വായനക്കാർ പുതിയ ലോകങ്ങൾ തേടുന്നതിനു പകരം സ്വന്തം ലോകത്തിന്റെ ആവർത്തനം തേടുമ്പോൾ സങ്കല്പശേഷി ക്ഷയിക്കുന്നു. ആഴമില്ലാത്ത സാഹിത്യാനുഭവത്തിലേക്കുള്ള ആദ്യപടി അതാണ്.

ഈ വൈകാരിക വിനിമയത്തിന് ഒരു പൊതുമണ്ഡലത്തിന്റെ രൂപമുണ്ട്. പൊതുവേദി എന്നാൽ വാദപ്രതിവാദവും നയചർച്ചയുമാണെന്ന പഴയ സങ്കല്പത്തിനു സമാന്തരമായി, പങ്കിട്ട വികാരത്തിലും ‘ഞാനും ഇങ്ങനെയാണ്’എന്ന തിരിച്ചറിവിലും കെട്ടിപ്പടുത്ത ഒരു അടുപ്പത്തിന്റെ പൊതുമണ്ഡലം വളർന്നിരിക്കുന്നു. അവിടെ അംഗത്വം നൽകുന്നത് പൊതുവായ അനുഭൂതിയാണ്,അഭിപ്രായമല്ല. വികാരം പങ്കിടുന്നതുതന്നെ രാഷ്ട്രീയപ്രവർത്തനത്തിന്റെ സ്ഥാനത്തു വന്നുനിൽക്കുന്നു എന്നതാണ് അതിന്റെ അപകടം.

അനുഭവം പങ്കുവെക്കപ്പെടുമ്പോൾ വ്യവസ്ഥയെ മാറ്റാനുള്ള ആവശ്യം തന്നെ മങ്ങാം. കൂടുതൽ നല്ല ജീവിതം എന്ന വാഗ്ദാനം വികാരത്തിനുള്ളിൽ മാത്രം നിറവേറ്റപ്പെടുന്നു.ഘടനകൾ അതേപടി തുടരുകയും ചെയ്യുന്നു. കണ്ണീരിന്റെ വിപണി വായനക്കാർക്കു നൽകുന്നത് അത്തരം ഒരു കൂട്ടായ്മയാണ്; അതിന്റെ വിലയാണ് രാഷ്ട്രീയമായ നിശ്ചലത. എന്നാൽ ഇതിനെ പൂർണ്ണമായും നിഷേധിക്കാനാവില്ല,അനേകം അടിച്ചമർത്തപ്പെട്ട അനുഭവങ്ങൾക്ക് ആദ്യമായി പൊതുഭാഷ ലഭിക്കുന്നതും ഇത്തരം വേദികളിലാണ്.

വേദനയും ദുഃഖവും കണ്ണീരും ആത്മവിലാപവും കൂടുതൽ സമയം കാണുകയും പങ്കുവെക്കയും ചെയ്യുന്നതിനാൽ ഇവ അൽഗോരിതത്തിനു പ്രിയപ്പെട്ടതാണ്.

മനഃശ്ശാസ്ത്രത്തോടൊപ്പം പ്ലാറ്റ്ഫോം മുതലാളിത്തവും പ്രവർത്തിക്കുന്നു. പ്രചാരണവും സ്വീകരണവും വിലയിരുത്തലും പരമ്പരാഗത വിമർശനവേദികളിൽ നിന്ന് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലേക്ക് മാറി. ശ്രദ്ധയെയും വികാരത്തെയും ഇടപെടലിനെയും മൂല്യമായി കണക്കാക്കുന്ന അൽഗോരിതങ്ങളാണ് അവയെ നയിക്കുന്നത്. BookTok, Instagram Reels, YouTube റിവ്യൂകൾ എന്നിവയിൽ this book broke me, I cried all night എന്ന ഭാഷയാണ് പ്രചരിക്കുന്നത്. പുസ്തകത്തിന്റെ സൗന്ദര്യാത്മക സങ്കീർണ്ണത വൈറലാകുന്നില്ല.വികാരതീവ്രതയാണ് വൈറലാകുന്നത്.

വേദനയും ദുഃഖവും കണ്ണീരും ആത്മവിലാപവും കൂടുതൽ സമയം കാണുകയും പങ്കുവെക്കയും ചെയ്യുന്നതിനാൽ ഇവ അൽഗോരിതത്തിനു പ്രിയപ്പെട്ടതാണ്. ഇൻസ്റ്റാഗ്രാമിലെ ‘ഗ്രീഫ് ഈസ്തെറ്റിക്സ്’ ദുഃഖത്തെ ദൃശ്യശൈലിയാക്കുന്നു. മങ്ങിയ വെളിച്ചവും കറുത്ത വസ്ത്രവും ശൂന്യമുറികളും കണ്ണീർ സെൽഫികളും ചേർന്ന് അതിനെ സൗന്ദര്യാനുഭവമാക്കുന്നു. ഈ ദൃശ്യങ്ങൾക്കൊപ്പം പുസ്തകവാക്യങ്ങൾ ചേർക്കപ്പെടുമ്പോൾ സാഹിത്യം തന്നെ ഉപകരണമാകുന്നു.പുസ്തകം വായിക്കപ്പെടുന്നത് ആശയങ്ങൾക്കല്ല, അത് നൽകുന്ന ഫീലിനാണ്.

‘അഗ്ലി ക്രയിങ്’ ഇതിന്റെ മറ്റൊരു മുഖമാണ്. കണ്ണീർ ഒരിക്കൽ നിയന്ത്രിക്കപ്പെടേണ്ട സ്വകാര്യപ്രതികരണമായിരുന്നു. ഇന്ന് നിയന്ത്രണമില്ലാത്ത വികാരപ്രകടനം സത്യസന്ധതയുടെ അടയാളമായി കണക്കാക്കപ്പെടുന്നു. അൽഗോരിതം അതിനെ പ്രോത്സാഹിപ്പിക്കുന്നു. എഴുത്തുകാരൻ ‘അഫക്ടീവ് ലേബറർ’ ആകുന്നു. പുസ്തകം പ്രസിദ്ധീകരിച്ച ശേഷവും സ്വന്തം ജീവിതകഥ വീണ്ടും വീണ്ടും പറയേണ്ടിവരുന്നു. പുസ്തകപ്രചാരണം സാഹിത്യസംഭാഷണമല്ലാതായി ആത്മകഥാപരമായ പ്രകടനപരമ്പരയാകുന്നു.

BookTok, Instagram Reels, YouTube റിവ്യൂകൾ എന്നിവയിൽ this book broke me, I cried all night എന്ന ഭാഷയാണ് പ്രചരിക്കുന്നത്. പുസ്തകത്തിന്റെ സൗന്ദര്യാത്മക സങ്കീർണ്ണത വൈറലാകുന്നില്ല.വികാരതീവ്രതയാണ് വൈറലാകുന്നത്.
BookTok, Instagram Reels, YouTube റിവ്യൂകൾ എന്നിവയിൽ this book broke me, I cried all night എന്ന ഭാഷയാണ് പ്രചരിക്കുന്നത്. പുസ്തകത്തിന്റെ സൗന്ദര്യാത്മക സങ്കീർണ്ണത വൈറലാകുന്നില്ല.വികാരതീവ്രതയാണ് വൈറലാകുന്നത്.

പ്രസാധകർ ഇത് തിരിച്ചറിഞ്ഞു. real story, based on true events, heart-breaking എന്ന ഭാഷ കവർ മുതൽ ബ്ലർബ് വരെ ഉപയോഗിക്കുന്നു. മലയാളത്തിലെ റീൽസ് സംസ്കാരത്തിൽ കഥയോ കവിതയോ പങ്കുവെക്കുന്നതിനൊപ്പം എഴുത്തുകാർ സ്വകാര്യജീവിതം കൂടി ക്യാമറയ്ക്കു മുന്നിൽ തുറന്നിടുന്നു, വായനക്കാർക്ക് ആധികാരികമായി തോന്നാൻവേണ്ടി. മുൻപ് കൃതികളിലൂടെ മാത്രം അറിയപ്പെട്ട എഴുത്തുകാരുടെ വ്യക്തിജീവിതം ഇന്ന് സാഹിത്യത്തിന്റെ ഭാഗമാണ്. എഴുതുന്ന വേദനയും ജീവിക്കുന്ന വേദനയും തമ്മിലുള്ള അതിർത്തി മങ്ങുന്നു.സ്ഥിരമായ ഉള്ളടക്കപ്രവാഹത്തിനായി അൽഗോരിതം ആ മങ്ങലിനെ പ്രോത്സാഹിപ്പിക്കുന്നു.

അൽഗോരിതങ്ങൾ നിഷ്പക്ഷമല്ല. ശാന്തവും സൂക്ഷ്മവും ആന്തരികവുമായ എഴുത്ത് അവിടെ കാണുന്നില്ല. ശക്തമായ വേദനപ്രകടനം മുന്നിലെത്തുന്നു. ഒരേതരം ആഘാതാഖ്യാനങ്ങൾ ആവർത്തിക്കുന്നു. സാഹിത്യത്തിന്റെ വൈവിധ്യം ചുരുങ്ങുന്നു. മലയാളത്തിലെ ട്രോമ പ്രവണതയെ വെറും അനുകരണമായല്ല, ഒരു ലേറ്റ്- ക്യാപിറ്റലിസ്റ്റ് പ്രതിധ്വനിയായി വായിക്കണം. ആഗോളവിപണിയിൽ വിജയിച്ച വേദനക്കഥകളുടെ മാതൃകകൾ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി പ്രാദേശിക സാഹിത്യത്തിലേക്ക് പകരുന്നു. എഴുത്തുകാരും പ്രസാധകരും വായനക്കാരും ഒരുപോലെ ആ പരിസ്ഥിതിയിൽ കുടുങ്ങുന്നു.

മറ്റുള്ളവരുടെ വേദന കാണുന്നതിന്റെ പഴയൊരു ചോദ്യം ഇവിടെ തിരിച്ചുവരുന്നതായി തോന്നുന്നു. ദൂരെയുള്ളവരുടെ കഷ്ടപ്പാടിന്റെ ദൃശ്യങ്ങൾ നമ്മെ ഞെട്ടിക്കുമെന്നും ഞെട്ടൽ പ്രവൃത്തിയിലേക്കു നയിക്കുമെന്നും നാം കരുതിപ്പോരുന്നു. എന്നാൽ ആവർത്തിക്കപ്പെടുമ്പോൾ ആ ഞെട്ടൽ തേഞ്ഞുപോകുന്നു. കാഴ്ച ശീലമാകുന്നു; മരവിപ്പായി മാറുന്നു. സഹാനുഭൂതി ഉറച്ച വികാരമല്ല. അത് പ്രവൃത്തിയിലേക്ക് വിവർത്തനം ചെയ്യപ്പെടുന്നില്ലെങ്കിൽ വാടിപ്പോകും.

അതിലും അസ്വസ്ഥമാക്കുന്നത്, ‘ഞാൻ ഇതിൽ കുറ്റക്കാരനല്ല’ എന്ന് ഉറപ്പിക്കാനുള്ള വഴിയായും സഹതാപം മാറാം എന്നതാണ്. തന്റെ നിരപരാധിത്വത്തിന്റെ പ്രഖ്യാപനമായും നിസ്സഹായതയുടെ സമ്മതമായും അത് ഒരേസമയം പ്രവർത്തിക്കുന്നു. കരഞ്ഞ് പുസ്തകം അടയ്ക്കുന്ന വായനക്കാർ ഈ അവസ്ഥയിലാണ്. വേദന തന്റെ ലോകവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന ചോദ്യത്തിൽ നിന്ന് അവർ ഒഴിവാക്കപ്പെടുന്നു. ഇത് ചരിത്രപരമായ വ്യത്യാസത്തോടും ചേർന്നു നിൽക്കുന്നു. മുൻപ് ദുരിതം വെളിപ്പെടുത്തുന്ന ചിത്രങ്ങൾ അന്യായത്തെക്കുറിച്ചുള്ള വാദം ഉയർത്താനുള്ള തെളിവുകളായിരുന്നെങ്കിൽ, ഇപ്പോൾ അവ വികാരാനുഭവത്തിനുള്ള വിഭവങ്ങളായി മാറുന്നു. വേദന ‘ഉണ്ട്‘എന്ന അറിവിൽ നിന്ന് എന്തുകൊണ്ട് ഉണ്ട് എന്ന അന്വേഷണത്തിലേക്ക് കടക്കുമ്പോഴേ അത് ധാർമ്മികമായ ബോധമാകൂ.

‘ഒരു മനുഷ്യൻ എത്ര വേദന സഹിച്ചു’ എന്ന ചോദ്യം വായനയെ നിയന്ത്രിച്ചു. അത് രാഷ്ട്രീയമാണ്. പക്ഷേ സഹതാപത്തിന്റെ പരിമിതമായ രാഷ്ട്രീയം.

ഈ പ്രവണതയുടെ രാഷ്ട്രീയം കുറ്റസമ്മതത്തിന്റെ വിശകലനത്തിലൂടെ കൂടുതൽ വ്യക്തമാകും. കുറ്റസമ്മതം വിമോചനമാണെന്ന പരമ്പരാഗത ധാരണയെ വിമർശകർ ചോദ്യം ചെയ്തിട്ടുണ്ട്. ആധുനിക സമൂഹത്തിൽ അത് അധികാരത്തിന്റെ ഉപാധിയാണ്. സ്വയം വെളിപ്പെടുത്താൻ നിർബന്ധിതനാകുന്ന വ്യക്തി തന്റെ ജീവിതം അധികാരഘടനയ്ക്കു മുന്നിൽ സുതാര്യമാക്കുന്നു; ആ സുതാര്യതയാണ് നിയന്ത്രണത്തിന്റെ അടിസ്ഥാനം. സമകാലിക ആത്മകഥാസാഹിത്യത്തിലെ കുമ്പസാരവാസന പലപ്പോഴും അധികാരത്തെ ചോദ്യം ചെയ്യുന്നില്ല; അതിന്റെ പരിധിക്കുള്ളിൽ അംഗീകാരം തേടുന്നു.

‘എനിക്ക് ഇതെല്ലാം സംഭവിച്ചു’എന്ന പ്രസ്താവന വ്യവസ്ഥയെ കുറ്റപ്പെടുത്തുന്ന ആരോപണമാകാതെ വ്യക്തിയുടെ സഹനശേഷിയുടെ തെളിവായി വായിക്കപ്പെടുന്നു. കുമ്പസാരസാഹിത്യം പലപ്പോഴും സ്വയംനിരീക്ഷണത്തിന്റെ രൂപമാണ്. ഞാൻ എല്ലാം തുറന്നുപറഞ്ഞു എന്ന പ്രഖ്യാപനം അധികാരത്തിനു നൽകുന്ന സത്യവാങ്മൂലമാകുന്നു; വേദന പറയൽ ധൈര്യപ്രവർത്തിയല്ല, അംഗീകാരത്തിനുള്ള മാർഗമാകുന്നു. സാക്ഷ്യവും ആത്മകഥയും തമ്മിലുള്ള വ്യത്യാസം ഇവിടെ നിർണായകമാണ്. സാക്ഷ്യം വ്യക്തിയനുഭവത്തെ ഉപയോഗിച്ച് ഒരു സംവിധാനത്തെ ചോദ്യം ചെയ്യുന്നു. അവിടെ ‘ഞാൻ’പ്രവേശനകവാടം മാത്രമാണ്.ലക്ഷ്യം സമൂഹമാണ്. സമകാലിക ആത്മകഥ പലപ്പോഴും വിപരീതദിശയിൽ നീങ്ങുന്നു,സമൂഹം പശ്ചാത്തലമാകുന്നു, വ്യക്തി കേന്ദ്രത്തിൽ വരുന്നു.

പ്രൊഫ. ടി.ജെ. ജോസഫിന്റെ ‘അറ്റുപോകാത്ത ഓർമ്മകൾ’ മതമൗലികവാദത്തിന്റെ ക്രൂരത രേഖപ്പെടുത്തുമ്പോഴും, അതിന്റെ വായനാപ്രചാരം പ്രധാനമായും എഴുത്തുകാരന്റെ വ്യക്തിഗത സഹനത്തെയും മാനുഷികതയെയും മുൻനിർത്തിയായിരുന്നു. ഘടനാപരമായ പ്രശ്നങ്ങളെക്കാൾ ‘ഒരു മനുഷ്യൻ എത്ര വേദന സഹിച്ചു’ എന്ന ചോദ്യം വായനയെ നിയന്ത്രിച്ചു. അത് രാഷ്ട്രീയമാണ്. പക്ഷേ സഹതാപത്തിന്റെ പരിമിതമായ രാഷ്ട്രീയം. ജോസഫ് അന്നംകുട്ടി ജോസിന്റെ ‘ദൈവത്തിന്റെ ചാരന്മാർ’, മരിയ റോസിന്റെ ‘മഠജീവിതസ്മരണ’ എന്നിവയും വ്യക്തിപരമായ അനുഭവങ്ങൾ പൊതുസമൂഹത്തിനു മുന്നിൽ തുറന്നതുകൊണ്ടാണ് ശ്രദ്ധ നേടിയത്. മലയാളത്തിലെ ഇത്തരം രചനകൾ വിപണിയുടെ കൈപിടിയിൽ മാത്രം നിൽക്കുന്നില്ല.എന്നാലും അവയുടെ സ്വീകരണം പലപ്പോഴും വ്യക്തിവേദനയുടെ ചട്ടക്കൂടിലേക്ക് ചുരുങ്ങുന്നു.

പ്രൊഫ. ടി.ജെ. ജോസഫിന്റെ ‘അറ്റുപോകാത്ത ഓർമ്മകൾ’ മതമൗലികവാദത്തിന്റെ ക്രൂരത രേഖപ്പെടുത്തുമ്പോഴും, അതിന്റെ വായനാപ്രചാരം പ്രധാനമായും എഴുത്തുകാരന്റെ വ്യക്തിഗത സഹനത്തെയും മാനുഷികതയെയും മുൻനിർത്തിയായിരുന്നു.
പ്രൊഫ. ടി.ജെ. ജോസഫിന്റെ ‘അറ്റുപോകാത്ത ഓർമ്മകൾ’ മതമൗലികവാദത്തിന്റെ ക്രൂരത രേഖപ്പെടുത്തുമ്പോഴും, അതിന്റെ വായനാപ്രചാരം പ്രധാനമായും എഴുത്തുകാരന്റെ വ്യക്തിഗത സഹനത്തെയും മാനുഷികതയെയും മുൻനിർത്തിയായിരുന്നു.

ട്രോമ പോൺ

മലയാളവിപണി സ്വതന്ത്ര പ്രതിഭാസമല്ല, ആഗോള ട്രോമ എക്കോണമിയുടെ പ്രാദേശികരൂപമാണെന്നാണ് ഇതെല്ലാം കാണിക്കുന്നത്. ഇവിടെ അത് അല്പം വൈകിയാണ് ശക്തമാകുന്നത്. എന്നാലും ദിശയും സ്വഭാവവും ഒന്നുതന്നെ. സമകാലിക ആത്മകഥാസാഹിത്യത്തിന്റെ വലിയൊരു ഭാഗം വിമോചനത്തിന്റെ രേഖകളല്ല, പൊരുത്തപ്പെടലിന്റെ രേഖകളാണ്. സഹതാപവും ധൈര്യവും അതിജീവനവും രാഷ്ട്രീയമായി സുരക്ഷിതമായ വികാരങ്ങളാണ്. അവ വ്യവസ്ഥയെ ചോദ്യം ചെയ്യുന്നില്ല, വ്യവസ്ഥയ്ക്കുള്ളിൽ വ്യക്തി എങ്ങനെ പൊരുത്തപ്പെട്ടു എന്നാണ് പറയുന്നത്.

എഴുത്തുകാരുടെ സ്ഥാനവും ഇതോടൊപ്പം മാറി. എഴുതാതിരുന്നാൽ, തുറന്നുപറയാതിരുന്നാൽ, ദൃശ്യമാകാതിരുന്നാൽ വിപണിയിൽ അപ്രസക്തനാകുമെന്ന ഭീതിയിൽ ‘സ്വയം’എഴുതൽ തിരഞ്ഞെടുപ്പല്ലാതായി, തൊഴിൽപരമായ നിർബന്ധമാകുന്നു. പണ്ട് പ്രചാരണം പുസ്തകത്തെ പിന്തുടരുകയായിരുന്നു; ഇന്ന് എഴുത്തുകാരുടെ കണ്ണീർ, പുസ്തകത്തിനു മുൻപേ എത്തുന്നു. അതിനാൽ പുസ്തകവായന പുതിയ അനുഭവത്തിലേക്കുള്ള യാത്രയല്ലാതായി, മുൻപ് കണ്ട വേദനയെ സ്ഥിരീകരിക്കുന്ന പരിശോധനാപ്രക്രിയയാകുന്നു. പിന്തുണ നൽകുന്ന പ്രവൃത്തിയായി വായന ചുരുങ്ങുന്നു.

ഈ പ്രവണതയെ വിമർശിക്കുമ്പോൾ അതിന്റെ മറുവശവും കാണണം. പാശ്ചാത്യ വിമർശനത്തിൽ ട്രോമ പോൺ എന്ന പദം വ്യാപകമായത് ഇക്കാലത്താണ്. വേദനയെ സൗന്ദര്യവത്കരിച്ച് ഉപഭോഗത്തിനായി പായ്ക്ക് ചെയ്യുന്ന പ്രവണതയെയാണ് അത് ലക്ഷ്യമിടുന്നത്. യഥാർത്ഥ വേദനകൾ വായനക്കാരുടെ കണ്ണീർ വാങ്ങാനുള്ള ഉപകരണങ്ങളാകുമ്പോൾ അവയുടെ രാഷ്ട്രീയമൂർച്ച നഷ്ടപ്പെടുന്നു എന്നതാണ് പ്രധാന ആക്ഷേപം. എന്നാൽ നിശ്ശബ്ദതയിൽ കഴിഞ്ഞ ജീവിതങ്ങൾക്ക് പുസ്തകങ്ങളിലൂടെ പൊതുസമൂഹത്തിൽ ദൃശ്യത ലഭിക്കുന്നു എന്ന വാദവും ശക്തമാണ്.

രണ്ടും ഒരേസമയം ശരിയാകാം.അതുകൊണ്ടാണ് ഇതിന്റെ നൈതികത ഇത്ര സങ്കീർണ്ണമാകുന്നത്. വേദന രേഖപ്പെടുത്തുന്നത് അനിവാര്യവും അപകടകരവുമാണ്. മൗനം അടിച്ചമർത്തലിന്റെ ആയുധമാണ്; അതിരില്ലാത്ത തുറന്നെഴുത്ത് പുതിയ ചൂഷണങ്ങളിലേക്ക് നയിക്കുന്നു. സാക്ഷ്യം ബോധ്യത്തിനും ഓർമ്മയ്ക്കുമായി നിലകൊള്ളുമ്പോൾ ട്രോമ പോൺ ഉപഭോഗത്തിനായി മാത്രമാണ്. പക്ഷേ അതിരുകൾ എപ്പോഴും വ്യക്തമല്ല. സത്യസന്ധമായി എഴുതിയ അനുഭവം പോലും കവറുകളും പ്രചാരണവാചകങ്ങളും അഭിമുഖങ്ങളും ചേർന്ന് വിൽപ്പനച്ചരക്കാക്കപ്പെടുന്നു.എഴുത്തുകാരന്റെ ഉദ്ദേശ്യവും വായനക്കാരന്റെ ഉപഭോഗവും തമ്മിൽ വിടവുണ്ടാകുന്നു.

ആത്മകഥയിൽ എഴുത്തുകാർ മാത്രമല്ല കഥാപാത്രം. കുടുംബാംഗങ്ങളും സുഹൃത്തുക്കളും അധ്യാപകരും പ്രണയബന്ധങ്ങളും അവരുടെ സമ്മതമില്ലാതെ പൊതുസമൂഹത്തിലേക്ക് വലിച്ചിഴക്കപ്പെടുന്നു.

ആത്മകഥയിൽ എഴുത്തുകാർ മാത്രമല്ല കഥാപാത്രം. കുടുംബാംഗങ്ങളും സുഹൃത്തുക്കളും അധ്യാപകരും പ്രണയബന്ധങ്ങളും അവരുടെ സമ്മതമില്ലാതെ പൊതുസമൂഹത്തിലേക്ക് വലിച്ചിഴക്കപ്പെടുന്നു; എന്റെ ജീവിതം എന്ന അവകാശവാദം അവരുടെ സ്വകാര്യതയ്ക്കെതിരായ ആയുധമാകുന്നു. കുട്ടികളുടെ കാര്യത്തിൽ ഇത് കൂടുതൽ ഗുരുതരമാണ്. സമ്മതം നൽകാൻ കഴിയാത്ത പ്രായത്തിൽ രേഖപ്പെടുത്തപ്പെടുന്ന ജീവിതം വളരുമ്പോൾ സ്ഥിരമായ പൊതുഭാരമാകുന്നു. മരിച്ചവർക്ക് മറുപടി പറയാനാവില്ല.അവരുടെ വാക്കും പ്രവൃത്തിയും ഒരൊറ്റ കാഴ്ചപ്പാടിൽ രേഖപ്പെടുത്തപ്പെടുമ്പോൾ വ്യക്തിവൈരാഗ്യം സ്ഥിരസത്യമായി ഉറയ്ക്കുന്നു.

കുടുംബം സുരക്ഷയുടെ ഇടമാകണമെന്ന പ്രതീക്ഷയും പല ആഘാതങ്ങളുടെയും ഉറവിടം കുടുംബം തന്നെയാണെന്ന യാഥാർത്ഥ്യവും തമ്മിലുള്ള സംഘർഷം എഴുത്തിൽ പ്രതിഫലിക്കുന്നു. വിമർശിച്ചാൽ സാമൂഹികപിന്തുണ നഷ്ടപ്പെടാം. മിണ്ടാതിരുന്നാൽ ആഘാതം പുനരുൽപാദിപ്പിക്കപ്പെടും. നിയമഭയവും ഇതിനൊപ്പമുണ്ട്. അപകീർത്തിക്കേസും പ്രസാധകരുടെ ജാഗ്രതയും പേരുകൾ മാറ്റാനും സംഭവങ്ങൾ മങ്ങിക്കാനും വേദനയുടെ മൂർച്ച കുറയ്ക്കാനും എഴുത്തിനെ നിർബന്ധിക്കുന്നു; ആഘാതത്തിന്റെ രാഷ്ട്രീയം ദുർബലമാകുന്നു. നിയമഭയമില്ലെങ്കിലോ, എഴുത്ത് നിയന്ത്രണമില്ലാത്ത കുറ്റാരോപണങ്ങളിലേക്കും വ്യക്തിഹത്യയിലേക്കും വഴിമാറാം. ഈ സംഘർഷങ്ങൾക്കിടയിൽ ഒരു ചോദ്യം ഒഴിവാക്കാനാവില്ല.ഈ എഴുത്ത് ആരെ സേവിക്കുന്നു? എഴുത്തുകാരനെയോ വായനക്കാരനെയോ വിപണിയെയോ, അതോ ഓർമ്മയെയും നീതിയെയുമോ? ഈ ചോദ്യത്തെ നേരിടാതെ എഴുതപ്പെടുന്ന കൃതികൾ എത്ര സത്യസന്ധമായ അനുഭവത്തിൽ നിന്നായാലും പ്രശ്നകരമായ രേഖകളാകാം.

വേദനയെ സൗന്ദര്യവത്കരിച്ച് ഉപഭോഗത്തിനായി പായ്ക്ക് ചെയ്യുന്ന പ്രവണതയെയാണ് ട്രോമ പോൺ ലക്ഷ്യമിടുന്നത്.
വേദനയെ സൗന്ദര്യവത്കരിച്ച് ഉപഭോഗത്തിനായി പായ്ക്ക് ചെയ്യുന്ന പ്രവണതയെയാണ് ട്രോമ പോൺ ലക്ഷ്യമിടുന്നത്.

വായനക്കാരുടെ കണ്ണീരിനും ഇതേ ചോദ്യം ബാധകമാണ്. കരയുമ്പോൾ മറ്റൊരാളുടെ വേദനയോട് ബന്ധപ്പെടുന്നു എന്ന് വായനക്കാർക്ക് തോന്നുന്നു. പക്ഷേ അത് നൈതികമാറ്റത്തിലേക്ക് നയിക്കുമോ, അതോ നിയന്ത്രിതമായ വികാരമൊഴുക്ക് മാത്രമോ? അരിസ്റ്റോട്ടിലിന്റെ കഥാർസിസ് ശുദ്ധീകരണമായിരുന്നു. ഇന്ന് അത് പലപ്പോഴും വെറും വൈകാരിക ഡിസ്ചാർജായി ചുരുങ്ങുന്നു. വായനക്കാർ കരയുന്നു, പുസ്തകം അടയ്ക്കുന്നു, ജീവിതം തുടരുന്നു. ഘടനാപരമായ അനീതിയെ ചോദ്യം ചെയ്യേണ്ട ആവശ്യം ഉണ്ടാകുന്നില്ല.

എഴുത്ത് ചികിത്സയാകാം. എന്നാൽ ചികിത്സ രാഷ്ട്രീയമല്ല. വ്യക്തിയുടെ ആഭ്യന്തര മുറിവുകൾ സുഖപ്പെടുത്തുന്നത് പ്രധാനമാണ്. ആ മുറിവുകൾ സൃഷ്ടിക്കുന്ന സാമൂഹിക ഘടനകളെ മനസ്സിലാക്കാതെ ചികിത്സ പൂർണമാകുന്നില്ല. സാഹിത്യത്തിനും ഇതേ കാര്യം ബാധകമാണ്. സാഹിത്യം ആശ്വാസം നൽകാം, സഹാനുഭൂതി ഉണർത്താം, വൈകാരിക മോചനം സാധ്യമാക്കാം. എന്നാൽ ലോകത്തെ വ്യത്യസ്തമായി കാണാൻ നമ്മെ നിർബന്ധിക്കുക എന്നത് അതിന്റെ മറ്റൊരു ഉത്തരവാദിത്തമാണ്.

ഇവിടെയാണ് സമകാലിക വായനാസംസ്കാരത്തിന്റെ വൈരുധ്യം നിലകൊള്ളുന്നത്. ട്രോമ ആഖ്യാനങ്ങൾ വർധിക്കുമ്പോൾ ട്രോമ സൃഷ്ടിക്കുന്ന സാമൂഹിക ഘടനകളെക്കുറിച്ചുള്ള സംവാദം കുറയുന്നു. തൊഴിലില്ലായ്മ, ജാതി, മതാധികാരം, ലിംഗവിവേചനം, നവഉദാരവൽക്കരണ സാമ്പത്തികനയങ്ങൾ, കോർപ്പറേറ്റ് ചൂഷണം തുടങ്ങിയ യാഥാർത്ഥ്യങ്ങൾ വ്യക്തിപരമായ അനുഭവങ്ങളുടെ പശ്ചാത്തലസന്നിവേശങ്ങളായി മാത്രം മാറുന്നു. ഫലം, വ്യവസ്ഥക്കെതിരായ വിമർശനം വ്യക്തിയുടെ അതിജീവനകഥയായി രൂപാന്തരപ്പെടുന്നു. സാമൂഹിക കോപം ആത്മവികസനത്തിലേക്കുള്ള ആഗ്രഹമായി ചുരുങ്ങുന്നു.

ഇത് യാദൃച്ഛിക മാറ്റമല്ല. നവഉദാരവൽക്കരണ കാലഘട്ടത്തിന്റെ സാംസ്കാരിക യുക്തി തന്നെയാണ്. സമൂഹത്തെ മനസ്സിലാക്കേണ്ട രാഷ്ട്രീയ വിഷയങ്ങളെ വ്യക്തിയുടെ ഉത്തരവാദിത്തങ്ങളാക്കി മാറ്റുന്നതിലാണ് അതിന്റെ വിജയം. ദാരിദ്ര്യം വ്യക്തിയുടെ പരാജയമായി വായിക്കപ്പെടുന്നു. മാനസികസമ്മർദ്ദം വ്യക്തിയുടെ പ്രശ്നമായി വായിക്കപ്പെടുന്നു. അതുപോലെ വേദനയും വ്യക്തിപരമായ അനുഭവമായി പുനർനിർവചിക്കപ്പെടുന്നു. സാഹിത്യം ഈ യുക്തിയെ ചോദ്യം ചെയ്യേണ്ടിടത്ത് പലപ്പോഴും അതിന്റെ വാഹകനാകുന്നു.

അൽഗോരിതങ്ങൾക്ക് വിശകലനത്തെക്കാൾ വികാരവും ചരിത്രത്തെക്കാൾ സമ്മതോക്തിയും സങ്കീർണ്ണതയെക്കാൾ ആഘാതവുമാണ് പ്രിയം. പുസ്തകങ്ങൾക്കല്ല. തീവ്രവേദന അവതരിപ്പിക്കുന്ന പുസ്തകങ്ങൾക്കാണ്.

വർത്തമാന ട്രോമ സാഹിത്യത്തിന്റെ ഒരു വലിയ പരിമിതി ഇതാണ്. അത് മനുഷ്യനെ ആശ്വസിപ്പിക്കുന്നു. പക്ഷേ അധികാരത്തെ അസ്വസ്ഥമാക്കുന്നില്ല. വായനക്കാരന് അംഗീകാരം നൽകുന്നു. പക്ഷേ വ്യവസ്ഥയെ ചോദ്യം ചെയ്യാൻ പ്രേരിപ്പിക്കുന്നില്ല. അനീതിയുടെ ചരിത്രത്തെ വ്യാഖ്യാനിക്കുന്നതിനു പകരം അനീതിക്കിടയിലും വ്യക്തി എങ്ങനെ ജീവിച്ചുനിന്നു എന്ന കഥയാണ് അത് പലപ്പോഴും പറയുന്നത്. അതിജീവനം രാഷ്ട്രീയപ്രതിരോധത്തെ മാറ്റിസ്ഥാപിക്കുന്നു.

പ്ലാറ്റ്ഫോം മുതലാളിത്തം ഈ പ്രക്രിയയെ കൂടുതൽ ശക്തിപ്പെടുത്തുന്നു. അൽഗോരിതങ്ങൾക്ക് വിശകലനത്തെക്കാൾ വികാരവും ചരിത്രത്തെക്കാൾ സമ്മതോക്തിയും സങ്കീർണ്ണതയെക്കാൾ ആഘാതവുമാണ് പ്രിയം. കാരണം, അവ കൂടുതൽ ശ്രദ്ധയും ഇടപെടലും സൃഷ്ടിക്കുന്നു. അതിനാൽ ഇന്ന് കാഴ്ച ലഭിക്കുന്നത് ഏറ്റവും മികച്ച പുസ്തകങ്ങൾക്കല്ല. തീവ്രവേദന അവതരിപ്പിക്കുന്ന പുസ്തകങ്ങൾക്കാണ്. സാഹിത്യത്തിന്റെ മൂല്യം ഭാഷയിലും രൂപത്തിലും ആശയപരമായ ആഴത്തിലുമല്ല, വികാരതീവ്രതയിലാണെന്ന ധാരണ ഇങ്ങനെ ഉറപ്പിക്കപ്പെടുന്നു.

സഹാനുഭൂതി പോലും ഇപ്പോൾ പ്രതിരോധാത്മക വികാരമല്ലാതാകുന്നു. അത് ഉപഭോഗശേഷിയുടെ പുതിയ രൂപമായി മാറുന്നു. വായനക്കാർ മറ്റുള്ളവരുടെ വേദനയെ അനുഭവിക്കുന്നു, കരയുന്നു, സാമൂഹികമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നു, ഒരു നൈതിക സംതൃപ്തി കൈവരിക്കുന്നു. എന്നാൽ ആ വേദന സൃഷ്ടിച്ച അധികാരഘടനകളെ അഭിമുഖീകരിക്കേണ്ട ആവശ്യം അവർക്കുണ്ടാകുന്നില്ല. സഹാനുഭൂതി പ്രവർത്തനത്തെ മാറ്റിസ്ഥാപിക്കുന്നു. രാഷ്ട്രീയബോധത്തിന്റെ സ്ഥാനത്ത് വികാരബോധം വരുന്നു. മനുഷ്യൻ മറ്റൊരാളുടെ ജീവിതം മനസ്സിലാക്കുകയല്ല, സ്വന്തം വൈകാരിക പ്രതിബിംബം കണ്ടെത്തുകയാണ്. വായിക്കാൻ തുടങ്ങുമ്പോൾ സാഹിത്യത്തിന്റെ സാമൂഹികപ്രവർത്തനം മാറുന്നു. സാഹിത്യം അപരനെ കണ്ടെത്തുന്ന ഇടമല്ലാതാവുന്നു; മറിച്ച് സ്വയം സ്ഥിരീകരിക്കുന്ന കണ്ണാടിയായി മാറുന്നു. ഭിന്നതയെയും അപരിചിതത്വത്തെയും സങ്കീർണ്ണതയെയും നേരിടാനുള്ള അതിന്റെ ചരിത്രപരമായ ശേഷി ദുർബലമാകുന്നു. വായന പുതിയ ലോകങ്ങളിലേക്കുള്ള യാത്രയല്ലാതായി സ്വന്തം ലോകത്തിന്റെ ആവർത്തനമാകുന്നു.

അരിസ്റ്റോട്ടിലിന്റെ കഥാർസിസ് ശുദ്ധീകരണമായിരുന്നു. ഇന്ന് അത് പലപ്പോഴും വെറും വൈകാരിക ഡിസ്ചാർജായി ചുരുങ്ങുന്നു. വായനക്കാർ കരയുന്നു, പുസ്തകം അടയ്ക്കുന്നു, ജീവിതം തുടരുന്നു.
അരിസ്റ്റോട്ടിലിന്റെ കഥാർസിസ് ശുദ്ധീകരണമായിരുന്നു. ഇന്ന് അത് പലപ്പോഴും വെറും വൈകാരിക ഡിസ്ചാർജായി ചുരുങ്ങുന്നു. വായനക്കാർ കരയുന്നു, പുസ്തകം അടയ്ക്കുന്നു, ജീവിതം തുടരുന്നു.

അതുകൊണ്ട് പ്രശ്നം, വേദന സാഹിത്യത്തിൽ ഉണ്ടാകുന്നതല്ല. സാഹിത്യം തുടക്കം മുതൽ തന്നെ വേദന, നഷ്ടം, മരണം, അനീതി എന്നിവയുമായി ബന്ധപ്പെട്ട കലാരൂപമാണ്. പ്രശ്നം വേദനയുടെ രാഷ്ട്രീയം നഷ്ടപ്പെട്ട് വേദനയുടെ വിപണി മാത്രം ശേഷിക്കുമ്പോഴാണ്. അപ്പോൾ സാഹിത്യം സാക്ഷ്യത്തിൽ നിന്ന് പ്രകടനത്തിലേക്കും, വിമർശനത്തിൽ നിന്ന് ആശ്വാസത്തിലേക്കും, പ്രതിരോധത്തിൽ നിന്ന് പൊരുത്തപ്പെടലിലേക്കും നീങ്ങുന്നു.

ഇന്ന് ആവശ്യമായത് കണ്ണീരിനെ നിരാകരിക്കുന്ന വിമർശനമല്ല, കണ്ണീർ ആരെ സേവിക്കുന്നു എന്ന് ചോദിക്കുന്ന വിമർശനമാണ്. ഒരാളുടെ വേദനയെ മനസ്സിലാക്കുന്നത് മാത്രം പോരാ. ആ വേദനയിൽ നിന്ന് ലാഭമുണ്ടാക്കുന്നത് ആര്? അതിനെ വിപണനം ചെയ്യുന്നത് ആര്? അതിനെ രാഷ്ട്രീയരഹിതമാക്കുന്നത് ആര്? എന്ന ചോദ്യങ്ങളും അനിവാര്യമാണ്. സാഹിത്യം സമൂഹത്തെക്കുറിച്ചുള്ള അസ്വസ്ഥമായ ചോദ്യങ്ങൾ ഉയർത്തുന്നത് നിർത്തി വ്യക്തികളുടെ മുറിവുകളെ മാത്രം പ്രദർശിപ്പിക്കാൻ തുടങ്ങുന്ന നിമിഷം തന്നെ അത് ചരക്കായിത്തീരുന്നു.

അതിനാൽ സാഹിത്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ചോദ്യം യഥാർത്ഥത്തിൽ വായനയെക്കുറിച്ചുള്ള ചോദ്യമാണ്. വേദനയെ നാം എങ്ങനെ വായിക്കുന്നു എന്ന ചോദ്യമാണ്. ഒരു പുസ്തകം നമ്മെ കരയിപ്പിച്ചു എന്നത് മാത്രം മതിയാകില്ല. അത് നമ്മെ എന്താണ് ചിന്തിപ്പിച്ചത് എന്നും ചോദിക്കണം. കാരണം കണ്ണീർ, സാഹിത്യത്തിന്റെ അന്തിമലക്ഷ്യമല്ല. അത് ചോദ്യങ്ങളുടെ തുടക്കമായിരിക്കണം. ആ കണ്ണീരിൽ നിന്ന് ചരിത്രത്തിലേക്കും അധികാരത്തിലേക്കും രാഷ്ട്രീയത്തിലേക്കും സാമൂഹിക ഘടനകളിലേക്കും എത്തുന്ന യാത്രയാണ് സാഹിത്യത്തെ ഉപഭോഗത്തിൽ നിന്ന് വിമർശനത്തിലേക്കും, ചരക്കിൽ നിന്ന് കലാസൃഷ്ടിയിലേക്കും, സഹതാപത്തിൽ നിന്ന് പ്രതിരോധത്തിലേക്കും ഉയർത്തുന്നത്.

അവസാനം, വേദനയുടെ വിപണി വളരുന്ന ഈ കാലത്ത് സാഹിത്യത്തിന്റെ ഏറ്റവും വലിയ ദൗത്യം വേദനയെ വിൽക്കാതെ പറയുക എന്നതാണ്. വേദനയെ രാഷ്ട്രീയത്തിൽനിന്ന് വേർപെടുത്താതെ അവതരിപ്പിക്കുക എന്നതാണ്. വ്യക്തിയുടെ മുറിവിൽ നിന്ന് സമൂഹത്തിന്റെ ഘടനകളിലേക്ക് വായനക്കാരുടെ ശ്രദ്ധ തിരിച്ചുവിടുക എന്നതാണ്. കാരണം വേദന വെറും അനുഭവമല്ല; അത് ചരിത്രവുമാണ്, അധികാരവുമാണ്, ആശയശാസ്ത്രവുമാണ്. അത് മനസ്സിലാക്കുന്നിടത്താണ് സാഹിത്യം വീണ്ടും സാക്ഷ്യമായും വിമർശനമായും പ്രതിരോധമായും മാറുന്നത്.


Summary: Taj Mansoor T. examines the growing influence of market-driven strategies and changing trends in contemporary Malayalam writing.


താജ്മൻസൂർ ടി.

റിട്ട. പ്രിൻസിപ്പൽ, WOHSS പിണങ്ങോട്, വയനാട്. മുൻ ഹയർ സെക്കണ്ടറി ജില്ലാ കോർഡിനേറ്റർ, വയനാട്. ’മഴ വന്നുപോയതും മരം നിന്നു പെയ്തതും‘ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments