നാം തെരഞ്ഞെടുക്കേണ്ട ഭാവിയെക്കുറിച്ച് ഒരാലോചന

പ്രായോഗിക തലത്തിലെ മാറ്റങ്ങൾക്കുവേണ്ടി സൂക്ഷ്മതലത്തിൽ അനുഷ്ഠിക്കേണ്ടതായിട്ടുള്ള പ്രവൃത്തികളെക്കുറിച്ചു പ്രതിപാദിക്കുന്ന പുസ്തകങ്ങൾ വളരെ വിരളമായാണ് കൈയിൽ കിട്ടാറുള്ളത്. എന്നാൽ, 2050 എന്ന വർഷത്തോടെ സുസ്ഥിര സുഗമ ജീവിതത്തിനുതകുന്ന ഒരു ഭൂമി സ്വപ്നം കാണുന്നവർക്കായി, ക്രിസ്ത്യാന ഫിഗ്വേരസും ടോം റിവേറ്റ്കർണ്ണാക്കും ചേർന്നെഴുതിയ "നാം തിരഞ്ഞെടുക്കുന്ന ഭാവി' (The Future We Choose; Surviving the Climate Cricis, Alfred A Knopf, New York, 2020, www.aaknopf.com) എന്ന പുസ്തകം കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ മുന്നോട്ടുവക്കുന്നുണ്ട്. പരിസ്ഥിതി ആഘാത ഭേദഗതി പോലുള്ള പ്രതിലോമകരമായിട്ടുള്ള നിയമങ്ങൾ പാസ്സാക്കാൻ പോവുന്ന ഇന്ത്യൻ സാഹചര്യത്തിൽ ഈ പുസ്തകത്തിന്റെ പ്രാധാന്യം വലുതാണ്.

Christiana Figueres and Tom Rivett-Carnac
Christiana Figueres and Tom Rivett-Carnac

ഈ പുസ്തകത്തിന്റെ രണ്ടു ഗ്രന്ഥകർത്താക്കളുടെയും ജീവചരിത്രം തന്നെ വൈരുധ്യങ്ങളുടെ ഒരു സംഗമമാണ്. ക്രിസ്ത്യാന ഫിഗ്വേരസ്, ലാറ്റിനമേരിക്കൻ രാജ്യമായ കോസ്റ്റാറിക്കയുടെ മുൻ രാഷ്ട്രപതിയുടെ പുത്രിയാണ്. തന്റെ ഭരണകാലത്ത് വിദ്യാഭ്യാസമടക്കമുള്ള ക്ഷേമപദ്ധതികൾക്കായി സ്വന്തം രാജ്യത്തിന്റെ സൈന്യത്തെത്തന്നെ വേണ്ടെന്നു വച്ച വിപ്ലവപുരുഷനായിരുന്നു അദ്ദേഹം. ഇതിനു നേർ വിപരീതമാണ് ടോം റിവേറ്റിന്റെ കുടുംബചിത്രം. ടോം വരുന്നത്, പ്രസിദ്ധമായ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സ്ഥാപക അധ്യക്ഷന്റെ കുടുംബ പരമ്പരയിൽ നിന്നുമാണ്. അക്കാലത്ത്, സ്വകാര്യ സൈന്യം തന്നെ ഉണ്ടായിരുന്ന സ്ഥാപനമായിരുന്നു, ഈസ്റ്റ് ഇന്ത്യ കമ്പനി എന്നോർക്കണം. എന്നാൽ ഈ വൈരുധ്യങ്ങൾക്കപ്പുറം ഇവർ ഇരുവരെയും ഒന്നിപ്പിക്കുന്നത് ഭാവി തലമുറയ്ക്കായി സുസ്ഥിരമായ ഒരു ഭൂമി ഒരുക്കിയെടുക്കുക എന്ന ലക്ഷ്യമാണ്. ഈ ലക്ഷ്യത്തെ മിഥ്യാ സങ്കല്പമായി തള്ളിക്കളയാനാകില്ല. കാരണം, തങ്ങളുടെ നിരന്തര പരിശ്രമങ്ങളുടെ ഫലമായി, 195 രാജ്യങ്ങളെക്കൊണ്ട് ചരിത്രപ്രധാനമായ "പാരീസ് ഉടമ്പടിയിൽ' ഒപ്പിടുവിക്കാനായിട്ടുണ്ട്, അവർക്ക്. ഈ ഉടമ്പടിയാണ് അടുത്ത നാൽപതു കൊല്ലത്തേക്കെങ്കിലും ആഗോള പാരിസ്ഥിതിക സംരക്ഷണത്തിന്റെ ഗതി നിർണ്ണയിക്കാൻ പോകുന്നത്.

കാർബൺ ഡയോക്‌സൈഡ് അളവുകളിലെ ഉയർച്ചയും തന്മൂലമുള്ള ആഗോളതാപനവും ലോക ജനതയ്ക്ക് മുന്നിലൊരുക്കുന്ന ഭീഷണിയാണെന്നുള്ള വസ്തുതകൾ 1960-ൽ ചാൾസ് കീലിംഗ്, അവതരിപ്പിച്ചത് മുതൽക്കേ കാലാവസ്ഥാവ്യതിയാനം നമ്മുടെ സംസാര വിഷയങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്. എന്നാൽ, പണ്ഡിത ലോകത്തിന്റെ ചിന്താരീതികൾ പിന്നീട് രണ്ടു വിപരീത ദിശകളിലേക്ക് തിരിഞ്ഞതായാണ് നാം കാണുന്നത്. ഇത്തരം ഭീതികളെല്ലാം ഒരുകൂട്ടം പരദൂഷണക്കാർ പറഞ്ഞുപരത്തുന്ന കെട്ടിച്ചമച്ച കഥകളായി വ്യാഖ്യാനിക്കുന്ന ഡൊണാൾഡ് ട്രംപിനെപ്പോലെയുള്ള ലോകനേതാക്കൾ ഒരുവശത്ത്. മറുപക്ഷത്താകട്ടെ, വരാൻ പോകുന്ന ദുരന്തങ്ങളെ തടയാനുള്ള സമയം പണ്ടേ അതിക്രമിച്ചു കഴിഞ്ഞെന്നും, നമ്മൾ നിസ്സഹായരാണെന്നും വിശ്വസിക്കുന്ന കുറെ ദോഷൈകദൃക്കുകളും.

ഈ സാഹചര്യത്തിലാണ് കാലാവസ്ഥാവ്യതിയാനം ഗുരുത്വാകർഷണം പോലെ തന്നെയൊരു യാഥാർഥ്യമാണെന്ന് വ്യക്തമാക്കുന്ന, അത്തരം വിഷയങ്ങളെ അവഗണിക്കുന്നവർക്കുള്ള താക്കീതായി ഈ പുസ്തകം പ്രസക്തമാവുന്നത്. അതെ സമയം തന്നെ, പ്രതീക്ഷ കൈവിടാൻ സമയമായിട്ടില്ലെന്ന് അശുഭദർശികളെ ഉദ്ബോധിപ്പിക്കുകയും, സമൂലമായൊരു മാറ്റം സൃഷ്ടിക്കാൻ കെല്പുള്ള ഭൂമിയിലെ അവസാനത്തെ അന്തേവാസികളാണ് നമ്മളെന്ന് അവരെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു. ഏതൊരു മനുഷ്യജീവിക്കും അവഗണിക്കാനാവാത്ത ഈ പ്രസ്താവനയോടെ, കാർബൺ വിസർജനം വെട്ടിക്കുറക്കുന്നതിനുള്ള രണ്ടു സമയസൂചികൾ നമ്മുടെ പൊതുബോധത്തിലേക്കായി മുന്നോട്ടു വെക്കുകയാണ്, ഗ്രന്ഥകർത്താക്കൾ. 2030, 2050 എന്നീ വർഷങ്ങളാണ് ഈ സമയസൂചികൾ.
2030 നുള്ളിൽ കാർബൺ വിസർജനം പകുതിയായി ചുരുക്കാൻ നമുക്ക് കഴിഞ്ഞില്ലെങ്കിൽ സംഭവിക്കാവുന്ന ഭീതിദമായ ഭാവിയെക്കുറിച്ച് വിശദീകരിച്ചുകൊണ്ടാണ് പുസ്തകം തുടങ്ങുന്നത്. ഈ രീതിയിലുള്ള ഉദാസീനത തുടർന്ന് പോയാൽ 2050 ഓടുകൂടി ആഫ്രിക്കയും ദക്ഷിണ ഏഷ്യയും വിഷവായുവാൽ മൂടപ്പെട്ട, ഒട്ടും ആവാസയോഗ്യമല്ലാത്ത ഒരു ഭൂമിയായിരിക്കും നാം സൃഷ്ടിക്കുക. ശരാശരി താപനില 45 ഡിഗ്രി സെൽഷ്യസായി ഉയരുകയും പ്രകൃതി ദുരന്തങ്ങൾ നിത്യസംഭവമായി മാറുകയും ചെയ്യും. എപ്പോൾ വേണമെങ്കിലും സംഭവിച്ചേക്കാവുന്ന പ്രകൃതിക്ഷോഭത്തെ പ്രതിരോധിക്കാനും അതിൽ നിന്നും രക്ഷപ്പെടാനുമായി, മനുഷ്യൻ സദാസമയവും, കട്ടിൽ തലക്കൽ മൊബൈൽ ഫോണും വച്ച് ഉറങ്ങാൻ നിർബന്ധിതനാകും; ദുരന്തത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് ലഭിക്കാനും, സഹായം അഭ്യർത്ഥിക്കാനുമായി. ഇതിനൊക്കെ പുറമെ, ഭക്ഷണക്ഷാമം, മാറാവ്യാധികൾ, പലായനങ്ങൾ എന്നിവയുടെയൊക്കെ തോത് വർധിക്കുകയും ആന്ത്രോപോസിൻ കാലഘട്ടത്തിലെ കുഴിമാടങ്ങൾ തോണ്ടാൻ നാം തുടങ്ങുകയും ചെയ്യും. തീർച്ചയായും ഇത്തരമൊരു ലോകമല്ല നമുക്ക് ഉണ്ടാക്കിയെടുക്കേണ്ടത്.

അടുത്തതായി, പുസ്തകത്തിൽ മുന്നോട്ടുവെയ്ക്കപ്പെട്ടിട്ടുള്ള ഭാവി വീക്ഷണമാണ് നാമെല്ലാവരും നിദർശകമായെടുക്കേണ്ടത്. 2050 നുള്ളിൽ ആഗോള കാർബൺ വിസർജനത്തിന്റെ അളവ് (net-zero carbon emissions), പൂർണ്ണമായും ഇല്ലാതാക്കാൻ സാധിച്ചാൽ ഭൂമിയെ ഒരു വൻ ദുരന്തത്തിൽ നിന്നും നമുക്ക് രക്ഷിച്ചെടുക്കാനാവും. ഇത് സാധ്യമാവുന്നതോടെ ഉത്തരധ്രുവത്തിലെ മഞ്ഞു പാളികൾ ഉരുകിത്തീരാതെ നിലനിർത്താനും നഗരങ്ങൾക്കു പച്ചപ്പിന്റെയും കെട്ടിടങ്ങളുടെയും സന്തുലിതാവസ്ഥ തുടരാനും കഴിയും. അതിനെല്ലാം പുറമെ, വിനോദങ്ങൾക്കും മാസങ്ങളോളം നീളുന്ന അവധിക്കാലങ്ങൾക്കുമുതകുന്ന രീതിയിൽ നമ്മുടെ ജോലിസമയങ്ങൾ വികേന്ദ്രീകരിക്കപ്പെട്ടിരിക്കും. അന്ന്, ഇന്ധന വാഹനങ്ങൾ കലഹരണപ്പെടുകയും ജനങ്ങൾ വൈദ്യുതി വാഹനങ്ങൾ തിരഞ്ഞെടുക്കുകയും ചെയ്തിരിക്കും. ഖനിജ ഇന്ധനങ്ങൾ ചരിത്രത്തിന്റെ ഭാഗമാവുകയും വീട്ടാവശ്യങ്ങൾക്കായി എല്ലാവരും പുനരുപയോഗ ഊർജ സ്രോതസ്സുകളെ ആശ്രയിക്കുകയും ചെയ്യും. ഈ വിധത്തിൽ 2050 -ഓടെ നെറ്റ് സീറോ കാർബൺ എമിഷൻ സഫലീകരിക്കാൻ കഴിഞ്ഞാൽ ആഗോളതാപനത്തിന്റെ തോത് 2100 ആകുമ്പോഴേക്കും കേവലം 1.5 ഡിഗ്രി സെൽഷ്യസ് വർദ്ധനവിലേക്കു ചുരുക്കാൻ നമുക്ക് സാധിക്കും.

ആസന്ന ഭാവിയെക്കുറിച്ചുള്ള അതിമനോഹര വാഗ്ദാനം മാത്രം നൽകി ഈ പുസ്തകം അവസാനിപ്പിക്കുകയല്ല ചെയ്യുന്നത് . ഇത്തരത്തിലൊരു മാറ്റം സാധ്യമാക്കാനായി നമ്മുടെ മനസ്ഥിതിയിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്ന പത്ത് മാർഗ നിർദ്ദേശങ്ങളടങ്ങിയ ഒരു പ്രകടന പത്രികതന്നെ ഗ്രന്ഥകർത്താക്കൾ മുന്നോട്ടു വക്കുന്നു. നിസ്സാരമെന്നു തോന്നിയേക്കാവുന്ന നമ്മുടെ ചെറിയ ഇടപെടലുകൾ പോലും ഒരു വലിയ പരിവർത്തനത്തിന്റെ കണ്ണികളാണെന്നും നമ്മളാരും ദുർബലർ അല്ലെന്നും അവർ നമ്മെ നിരന്തരം ഓർമ്മപ്പെടുത്തുന്നു. ആകയാൽ, നാമോരോരുത്തരും ഈ മാർഗ്ഗരേഖകളിൽ നിർബന്ധമായും പൂർണ്ണവിശ്വാസമർപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാകുന്നു.

'The Future We Choose: Surviving the Climate'  Cover
'The Future We Choose: Surviving the Climate' Cover

ഇവിടെ വിവരിച്ചിരിക്കുന്ന സാധ്യതകളൊന്നും ഭാവിയെക്കുറിച്ചുള്ള മിഥ്യ സങ്കല്പങ്ങളല്ലെന്നും നമുക്കേവർക്കും ഒത്തൊരുമിച്ചു നേടിയെടുക്കാവുന്ന ലക്ഷ്യങ്ങളാണെന്നും തെളിയിക്കാൻ ഒട്ടനവധി ഉദാഹരണങ്ങൾ നമുക്ക് മുന്നിൽ ഈ പുസ്തകം നിരത്തുന്നുണ്ട്. കോസ്റ്റാറിക്ക ഇപ്പോൾ തന്നെ നെറ്റ് സീറോ കാർബൺ വിസർജനം എന്ന ലക്ഷ്യം സഫലീകരിച്ചിരിക്കുന്നെന്നും കാലിഫോർണിയ ഈ നേട്ടത്തിലെത്താനുള്ള പ്രയാണത്തിലാണെന്നും അവർ പറയുന്നു. ദേശീയ അടിസ്ഥാനത്തിൽ ഈ പദ്ധതികൾ വിജയകരമായി നടപ്പിലാക്കാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് ആഗോളതലത്തിൽ ഒരു മനോഹര ഭാവി നമുക്ക് സ്വപ്നം കണ്ടുകൂടാ എന്നത് നിർണ്ണായകമായ ഒരു ചോദ്യം തന്നെയാണ്.

അക്കമിട്ടു പറഞ്ഞിട്ടുള്ള പത്തു മാർഗ നിർദേശങ്ങളും സൂക്ഷ്മമായി വിശകലനം ചെയ്തതിനു ശേഷം ഇന്ത്യ പോലുള്ള ഒരു വികസ്വര രാഷ്ട്രത്തിൽ അവ എത്ര മാത്രം പ്രായോഗികമാണ് എന്ന് ആലോചിക്കേണ്ടതുണ്ട്.
സംഘടിത കൃഷിരീതികളും തദ്ദേശ ഭക്ഷണ വിഭവോല്പാദനങ്ങളും സുസ്ഥിരതയിലേക്കുള്ള ചവിട്ടുപടിയാവേണ്ടതുണ്ട്. അതിനായി കർഷക ബില്ല് പോലെയുള്ള കോർപറേറ്റുകളെ സഹായിക്കുന്ന ഭരണകൂടത്തിന്റെ കർഷകവിരുദ്ധ നയങ്ങളെ ശക്തിയുക്തം എതിർക്കുക തന്നെ വേണം. കൂടാതെ, അതിവേഗ റെയിൽ പാതകളും വൈദ്യുതവണ്ടികൾക്കായി പ്രത്യേകം സജ്ജീകരിച്ച ഘർഷണ രഹിത റോഡുകളും 2050 ഓടെ യാഥാർഥ്യമാകുമെന്ന പ്രവചനം ഇന്ത്യ പോലെയുള്ള ഒരു രാജ്യത്തു എത്ര കണ്ടു പ്രവർത്തികമാവും എന്നത് ചിന്തനീയമാണ്. അത്രയധികം വിപുലീകരിച്ച പാതകൾ പണിതു തീർക്കാനുള്ള സ്ഥലപരിമിതിയും സാമ്പത്തിക ബാധ്യതയുമൊക്കെ മറികടക്കേണ്ടതായിട്ടുള്ള തടസ്സങ്ങൾ തന്നെയാണ് . തീർച്ചയായും പണ്ഡിത മണ്ഡലങ്ങളിലും സാധാരണ ജന ജീവിതത്തിലും ഒട്ടേറെ ചർച്ച ചെയ്യപ്പെടേണ്ട ചോദ്യങ്ങളും പോംവഴികളുമാണ് ഇവയൊക്കെ.

മനുഷ്യ ജീവന്റെ അവിഭാജ്യ ഘടകമായ പരിസ്ഥിതിക്ക് സംഭവിക്കുന്ന ഏതൊരു പരിക്കും വരും തലമുറകളെ ദുരിതത്തിലേക്കും വേദനയിലേക്കും തള്ളിവിടുന്നതായതുകൊണ്ട് ഭൂമിയിലെ സുസ്ഥിര ജീവിതം നമ്മുടെ ഉത്തരവാദിത്തം കൂടിയാണ്. ചുമതലകളെ ഉൾക്കൊണ്ടുകൊണ്ട് ശുഭാപ്തിയോടെ, പ്രവർത്തികമായ പോംവഴികൾക്കായി പരിസ്ഥിതി സംരക്ഷണരംഗത്ത് നമ്മോടൊപ്പം ലോകത്തിന്റെ ഏതൊക്കെയോ ഭാഗങ്ങളിരുന്ന് ആരൊക്കെയോ ചിന്തിക്കുകയും എഴുതുകയും ചെയ്യുന്നുണ്ട് എന്നറിയുന്നതുതന്നെ ആശ്വാസകരമാണ്.

Comments