ഓർമ്മയിൽ തെളിഞ്ഞുനിൽക്കുന്ന ഒരു ചിരി, നനുത്ത നോട്ടം, വിരലിൽ കൊരുത്ത വിരൽ, കവിളിൽ കളം വരച്ച വാത്സല്യം- ഇതൊക്കെ എങ്ങനെയാണ് ഒരു കഥയിലേക്ക് എന്നെ എത്തിക്കുന്നത്; അറിയില്ല.
ഒന്നു മാത്രം അറിയാം. കണ്ണുകളടച്ച് ചില നേരം ധ്യാനത്തിലെന്ന പോലെ ഇതുവരെ ജീവിച്ച ജീവിതത്തിലേക്കു വെറുതെ ഒന്ന് നോക്കും. അപ്പോൾ മറവിയിലാണ്ടുപോകാതെ തെളിച്ചത്തോടെ നിൽക്കുന്ന ആളുകൾ, സന്ദർഭങ്ങൾ, കുറ്റബോധങ്ങൾ, പ്രണയങ്ങൾ, പാട്ടുകൾ- ഇതൊക്കെ “ഞാൻ ഞാൻ”, “എന്നെ എന്നെ” എന്നുപറഞ്ഞ് തിക്കിത്തിരക്കി അതിശക്തമായി മുന്നോട്ടുവരും. ഭൂരിഭാഗവും അവഗണിക്കും.
പക്ഷേ ചില ചിന്തകൾ, ചാക്കിൽകെട്ടി കൊണ്ടുപോയി കളയുന്ന പൂച്ചക്കുഞ്ഞുങ്ങൾ പോലെയാണ്. എത്ര ദൂരെക്കളഞ്ഞാലും അത് പിന്നെയും തിരിച്ചുവന്ന് മുട്ടിയുരുമ്മി മനസ്സിന്റെ പിന്നാമ്പുറങ്ങളിലൂടെ കരഞ്ഞ് സ്വൈര്യക്കേടായി നടക്കും. എത്ര തടുത്താലും മനസ്സിൽ നിന്നിറങ്ങിവന്ന് കടലാസ്സിൽ കയറിയിരിയ്ക്കും.
ഇതുവരെ എഴുതിയ എല്ലാ കഥകളും അങ്ങനെ തന്നെ. ‘മാണീം ഇന്ദിരാഗാന്ധീം’ എന്ന കഥയിലേക്ക് എത്തിയതും അങ്ങനെതന്നെ.
മാണിക്ക് ഇന്ദിരാഗാന്ധിയുടെ ഛായയുണ്ടെന്ന് എനിക്ക് തോന്നിയിരുന്നു. ഞാനത് പറയുമ്പോഴെല്ലാം മമ്മി ഉറക്കെ ചിരിച്ച്, ‘നമ്മുടെ മാണിക്കോ’ എന്ന് ചോദിക്കുമായിരുന്നു.
പണ്ടുപണ്ട്, മറ്റു രാജ്യങ്ങൾ കാണുന്നതിനും അറിയുന്നതിനും മുൻപ്, ഞാനറിഞ്ഞ മഹാരാജ്യമായിരുന്നു ചിലവ്. മമ്മിയുടെ നാട്. തൊടുപുഴയിൽനിന്ന് പത്തുപന്ത്രണ്ട് കിലോമീറ്റർ പോയാൽ ആലക്കോട് ജംഗ്ഷൻ. ആ ജംഗ്ഷനിൽ നിന്ന് ഇടതുവശത്തേയ്ക്ക് ടാറിടാത്ത, വലിയ ചരൽ കല്ലുകൾ നിറഞ്ഞുകിടന്ന ഒരു വഴിയുണ്ട്. ആ വഴിയിലൂടെ പോയാൽ ഫോണും കറന്റും ഒന്നും അതുവരെ എത്തിയിട്ടില്ലാത്ത ഒരു കുഗ്രാമത്തിലെത്തും. (ഇന്നവിടെ ടാറിട്ട റോഡുണ്ട്, കറണ്ടുണ്ട്, ഫോണുണ്ട്, കുഗ്രാമമല്ല).
പേര് പോലെ തന്നെ വിചിത്രമായിരുന്നു എന്റെ കുഞ്ഞുമനസ്സിൽ ആ രാജ്യവും. അവിടുത്തെ പ്രജകൾ അസാധാരണ സ്വഭാവമുള്ളവരായിരുന്നു. ഓരോരുത്തരും കഥകളുടെ അക്ഷയഖനിയും. ഏറ്റവും വലിയ കഥപറച്ചിൽകാരി എന്റെ മമ്മിയായിരുന്നു. മമ്മി പറഞ്ഞ് അവിടുത്തെ കഥകളും മനുഷ്യരും വഴികളും ഒരുകാലത്ത് കാണാപ്പാഠമായിരുന്നു.

അങ്ങനെ മമ്മി പറയുന്ന കഥകളിൽ ഏറെ തെളിച്ചത്തോടെ, മിഴിവോടെനിന്ന ഒരാളായിരുന്നു മാണി. കുഞ്ഞുനാളിൽ ചിലവിൽ പോകുമ്പോൾ മാണിയെ പലതവണ കണ്ടിട്ടുണ്ട്.
മമ്മിയുടെ ഭംഗി ഞങ്ങൾക്ക് ഏറ്റവും കൂടുതൽ പ്രശ്നങ്ങളുണ്ടാക്കിയത് ചിലവിൽ അവധിക്ക് പോകുമ്പോഴായിരുന്നു.
“അയ്യോ ഇത് തങ്ക കൊച്ചിന്റെ പിള്ളേരാണോ, കണ്ടാൽ പറയില്ല കേട്ടോ” എന്ന് നാട്ടിൻപുറത്തിനു മാത്രം അവകാശപ്പെട്ട തുറന്നുപറച്ചിൽ ഒരു മയവുമില്ലാതെ നടത്തി, മൂക്കത്ത് വിരൽവച്ച് എന്തോ വല്ല്യ അത്ഭുതം കാണുന്നപോലെ അവിടെയുള്ളവർ ഞങ്ങളെ നോക്കിനിന്നു. അമ്മച്ചിയുടെ കൂടെ പള്ളിയിലേയ്ക്ക് പോകുമ്പോഴാണ് ഡോസു കൂടിയ വിമർശനത്തിന് ഞങ്ങൾ ഇരയായിക്കൊണ്ടിരുന്നത്.
കച്ചറ പറമ്പിൽ പണി കാണാൻ അപ്പച്ചന്റെ കൂടെ പോകുമ്പോഴും ഞങ്ങളെ മുൻപിൽ നിർത്തി മമ്മിയുടെ ഭംഗിയുടെ വിവിധ വശങ്ങളെ കുറിച്ച് പലരും ഗഹനമായി ചർച്ചകൾ നടത്തിക്കൊണ്ടിരുന്നു. മമ്മിയുടെ ചിരി, നിറം, താടിയിലെ കറുത്ത മറുക്, പ്രസരിപ്പ്- ഇതൊന്നും ഞങ്ങൾക്ക് കിട്ടാത്തതിൽ അവരെല്ലാം വല്ലാതെ വ്യാകുലപ്പെട്ടു.
മാണി മരിച്ചപ്പോൾ കരഞ്ഞുകിടക്കുന്ന മമ്മിയെ നല്ല ഓർമ്മയുണ്ട്.
“എന്റെ തങ്കേടെ കുട്ടികൾ’’ എന്നുപറഞ്ഞ് മുന്നിൽ നിർത്തി വാത്സല്യത്തോടെ കവിളിൽ പിച്ചുന്നതും, ഇരുതോളിലും പിടിച്ച് അടുത്തു നിർത്തിയും അകലെ നിർത്തിയും ഉത്സാഹത്തോടെ തലമുതൽ കാലുവരെ പരിശോധിച്ച് ചിരിയിൽ, പല്ലിൽ, വിരലിന്റെ നീളത്തിൽ ഒക്കെ, മമ്മിയുടെ ഛായ കണ്ടെത്തി ആനന്ദിച്ചിരുന്ന മാണിയെ ഇപ്പഴും ഓർമയുണ്ട്. വായ തുറന്ന് പല്ലെണ്ണി നോക്കി, “പലകപ്പല്ല് പോയിട്ട് കീരിപ്പല്ല് വരണം’’ എന്ന ആവാഹനമന്ത്രം ചെവിയിൽ പറഞ്ഞുതന്ന മാണി.
മാണിയെ കുറിച്ച് മമ്മി ഏറ്റവും ഇഷ്ടത്തോടെ പറഞ്ഞിരുന്ന ഒരു കഥയുണ്ട്. മാണി ആദ്യമായി പ്ലം കേക്ക് കഴിച്ച കഥ. എല്ലാ ക്രിസ്മസിനും ക്രിസ്മസ് കേക്കുണ്ടാക്കുമ്പോൾ മമ്മി ഈ കഥ പറയും. അതൊരു ആചാരമായിരുന്നു. മമ്മി മരിക്കുന്നതു വരെ എല്ലാ ക്രിസ്മസിനും ഈ കഥ ആദ്യമായി കേൾക്കുന്ന കൗതുകത്തോടെ ഞങ്ങൾ വീണ്ടും വീണ്ടും കേട്ടു.
മാണി മരിച്ചപ്പോൾ കരഞ്ഞുകിടക്കുന്ന മമ്മിയെ നല്ല ഓർമ്മയുണ്ട്.
അന്നെപ്പോഴോ, മാണിയോടുള്ള ഇഷ്ടത്തിൽ നിന്ന് തോന്നിയതാണോ എന്നറിയില്ല, മാണിക്ക് ഇന്ദിരാഗാന്ധിയുടെ ഛായയുണ്ടെന്ന് എനിക്ക് തോന്നിയിരുന്നു. ഞാനത് പറയുമ്പോഴെല്ലാം മമ്മി ഉറക്കെ ചിരിച്ച്, ‘നമ്മുടെ മാണിക്കോ’ എന്ന് ചോദിക്കുമായിരുന്നു.

കഥയെഴുതാൻ മനസ്സിലേയ്ക്ക് നോക്കിയപ്പോൾ മമ്മിയ്ക്ക് ഏറ്റവും ഇഷ്ടമുണ്ടായിരുന്ന മാണിയെ കുറിച്ച് എഴുതണമെന്ന് തോന്നി.
സ്പാർക്ക് അവിടെനിന്നാണ്. അതിലേയ്ക്ക് കഥയുടെ ഘടകങ്ങൾ ചേർക്കുകയാണ് ചെയ്തത്. പരിസരങ്ങളെല്ലാം ചിലവിലെ വീട് തന്നെ.
റബർതോട്ടവും അതിനിടയിലെ വഴിയും ആ വഴിയിൽ നിരത്തിയിട്ടിരിക്കുന്ന പരമ്പുകളും കുഞ്ഞുനാളിൽ കണ്ട കാഴ്ചകളാണ്. വീടിന്റെ മുന്നിൽ അപ്പച്ചൻ കിടന്നിരുന്ന ചാരുകസേരയും നാടൻ തോക്കും ഒക്കെ കണ്ടത് എഴുതാൻ എനിക്കെന്ത് പാട്!
സഭയുടെ പത്രമല്ലാതെ മറ്റൊരു പത്രം ചിലവിലെ വീട്ടിൽ അപ്പച്ചൻ വരുത്തിക്കണ്ടിട്ടില്ല. പള്ളി, സഭ, പ്രമാണങ്ങൾ, കുർബാന- ഇതു വിട്ടൊരു ജീവിതമില്ലായിരുന്നു അപ്പച്ചന്. ഒരു കുഞ്ഞിന്റെ കണ്ണിലൂടെ ഇതെല്ലാം നോക്കിക്കാണുക എന്നത് മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ.
സംസ്കൃതിയുടെ സി. വി. ശ്രീരാമൻ കഥാമത്സരത്തിന് കഥ അയക്കാനുള്ള അറിയിപ്പ് കണ്ടപ്പോൾ എന്തെഴുതുമെന്ന് എനിക്ക് ഒരു സംശയവുമില്ലായിരുന്നു. ചിലവ് എന്ന മഹാരാജ്യത്തിലെ കഥകളുടെ തേൻഭരണി ഒന്ന് തുറക്കുകയേ വേണ്ടൂ. തുറന്നാൽ എനിക്ക് ഒരായിരം കഥകളെങ്കിലും അവിടുന്ന് കിട്ടും. ഞാനെടുത്തത് മമ്മിയക്ക് ഏറ്റവും പ്രിയപ്പെട്ട ആളുടെ കഥയാണ്. മാതൃഭൂമി പുസ്തകമാക്കിയപ്പോൾ ആ കളക്ഷന് ‘മാണീം ഇന്ദിരാഗാന്ധീം’ എന്നു പേരിട്ടത്, മമ്മിയുടെ ആ പ്രിയപ്പെട്ട ആൾക്ക് എന്റേതായ രീതിയിൽ ഞാൻ കൊടുത്ത ആദരവാണ്.

