മരിച്ചുപോയ വായനക്കാർക്കായി
ഒരു വിലാപം

‘ഒരു മാസം കൊണ്ട് അഞ്ച് പതിപ്പ് വിറ്റു തീർന്ന പുസ്തകം’, ‘പ്രകാശനച്ചടങ്ങിൽ തന്നെ ആദ്യ പതിപ്പ് വിറ്റുതീർന്ന പുസ്തകം’ എന്നൊക്കെയുള്ള പരസ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറയുകയാണ്. ഒരു വർഷം കൊണ്ട് മൂന്നു ലക്ഷം കോപ്പി വിറ്റ പുസ്തകം എന്ന പരസ്യം കണ്ട് ആയതിന്റെ മുഖവിലയും ആകെ വിറ്റ പുസ്തകസംഖ്യയും അതിന്റെ മിനിമം 10% റോയൽറ്റിയും ആയതിന്റെ ജി.എസ്.ടിയും എന്ന് ആദായനികുതി വകുപ്പിന്റെയോ ഇ.ഡിയുടെയോ അന്വേഷണപരിധിയിൽ വരുന്നുവോ, അന്ന് തീരും ഈ ബെസ്റ്റ് സെല്ലർ ഗീർവാണം- സി.ഐ.സി.സി ജയചന്ദ്രൻ എഴുതുന്നു.

പാഠപുസ്തക വായനയൊഴിച്ച് എല്ലാ വായനകളും സാധാരണ വായനയുടെ ചതുരത്തിൽ വരുന്നു. പുസ്തകം അതിലൊരു ചെറിയ ഘടകം മാത്രമാണ്. മുഖപുസ്തക, സാമൂഹ്യമാധ്യമ വായനയടക്കം എല്ലാം വായനയുടെ പരിധിയിൽ വരും. പുസ്തകം, വായനയിൽ മുൻപേപോലെ ഒരു പ്രധാന സംഗതിയല്ല. നിങ്ങൾക്ക് സമയവും സൗകര്യവും സാമ്പത്തികവും ഉണ്ടെങ്കിൽ, നല്ല മനസ്സുണ്ടെങ്കിൽ മാത്രമേ പുസ്തകവായനയിലേക്ക് നിങ്ങൾ എത്തുകയുള്ളൂ. എന്തിനു വായിക്കണം എന്നത്, അത് ഒരു ശീലമായതുകൊണ്ടാണ്. ആ ശീലത്തെ മഹാഭൂരിപക്ഷവും നുള്ളിക്കളഞ്ഞത് കോവിഡ് കാലത്താണ്. മൂന്നു പത്രം മിനിമം വായിച്ചിരുന്ന എന്റെ തലമുറ കോവിഡ് വരുമെന്നുഭയന്ന് പത്രം വരുത്തലേ നിർത്തി. അവർക്ക് ഒരു ചുക്കും സംഭവിച്ചില്ല. അവർ അറിയേണ്ടുന്ന എല്ലാ കാര്യങ്ങളും വളരെ കൃത്യമായി മനസ്സിലാക്കി. ഒരു കാലത്ത്, അറിവു നേടണമെങ്കിൽ വായിക്കണം എന്നതായിരുന്നു നമ്മുടെ മുദ്രാവാക്യം.

എന്റെ മകൻ നാവികനാണ്. ആറു മാസം അവൻ കടലിലായിരിക്കും. ഒരു ദിവസം മൂന്ന് പത്രവും കിട്ടാവുന്ന വാരികകളും വായിക്കുന്ന എന്നെക്കാൾ ലോകവിവരം, ഒന്നും വായിക്കാത്ത അവന് ആധുനിക ടെക്നോളജിയിലൂടെ ലഭിക്കുന്നു. വായന ഇന്ന് വേണമെങ്കിൽ ഒരു ജാഡയായോ ഫാഷനായോ കരുതാം, പൈസ കൊടുത്ത് (ഇന്ന് പുസ്തകം വാങ്ങാൻ ആളുകളുടെ കൈയിൽ പണമുണ്ട്) വാങ്ങുന്ന പുസ്തകങ്ങളിൽ എത്രയെണ്ണം മുഴുവൻ വായിച്ചുവെന്ന് ചോദിച്ചാൽ, പലപ്പോഴും ഉത്തരം ഒന്ന് ഓടിച്ചുനോക്കി എന്നതായിരിക്കും. ടൈം ഇല്ല. ഒരു കാലത്ത് സാധാരണക്കാർക്ക് വായിക്കാൻ 14-ലധികം, പൈങ്കിളി എന്ന് വരേണ്യജനങ്ങൾ വിശേഷിപ്പിച്ച വാരികകൾ മലയാളത്തിലുണ്ടായിരുന്നു. ഇന്ന് ഒരു മനോരമ മാത്രമുണ്ട്. അത് വിൽക്കുന്നതും പച്ചക്കറിവിത്തും, സാമ്പിൾ കാപ്പിപ്പൊടിയും ഒക്കെ സൗജന്യമായി നല്കിയിട്ടു കൂടിയാണ്.

Photo: Muhammed Safi
Photo: Muhammed Safi

വായന എന്ന ഗിമ്മിക്ക്

ചുരുക്കത്തിൽ, വായന എന്നത് പുസ്തകദിനവും വായനാവാരാചരണവും ഭാഷാദിനവും ഒക്കെ ചേർത്തുപിടിച്ച്, കഴിഞ്ഞ പത്തിരുപത് കൊല്ലമായി നമ്മൾ ഉണ്ടാക്കിയ ഒരു ഗിമ്മിക്ക് മാത്രം. സൗജന്യമായി പുസ്തകം വായിക്കാൻ ലഭിക്കുന്ന 8000-ലധികം ഗ്രന്ഥശാലകൾ കേരളത്തിൽ അങ്ങോളമിങ്ങോളമുണ്ട്. കെട്ടിടനികുതി നൽകുന്ന സാധാരണക്കാരുടെ 5% നികുതിപ്പണമാണ് അതിന്റെ മുഖ്യ സ്രോതസ്സ്. എത്ര വായനശാലകളിൽ ആളുകൾ പുസ്തകമെടുക്കാൻ വരുന്നുവെന്ന് അന്വേഷിച്ചാൽ വായനയുടെ കണക്കും ലഭിക്കും. വിതരണ രജിസ്റ്ററിൽ വ്യാജ വിതരണ പേരുകൾ ചേർത്താണ് അവർ സർക്കാർ ഗ്രാന്റ് വാങ്ങിക്കുന്നത്. ഗ്രാന്റിനുള്ള പുസ്തകം വാങ്ങിക്കലും ഇപ്പോൾ മറ്റൊരു പാരലൽ കച്ചവടമാണ്. ലൈബ്രറി കൗൺസിൽ തന്നെ ഇടനിലക്കാരായി നടത്തുന്ന കച്ചവടം. ഇവിടെ അതിന് പ്രസക്തിയില്ലാത്തതിനാൽ കൂടുതൽ വിശദീകരിക്കുന്നില്ല. വായന ഒരു നിർബന്ധഘടകമേ അല്ല ഇപ്പോൾ.

പണ്ട് ഒരു പുസ്തകം ഇത്രകോപ്പി അച്ചടിച്ചുവെന്ന് എല്ലാ പ്രസാധകരും രേഖപ്പെടുത്തിയിരുന്നു. ഇന്ന് വിരലിലെണ്ണാവുന്ന പ്രസാധകരുടെ പുസ്തകത്തിൽ മാത്രമേ അത് അച്ചടിച്ച് കാണുന്നുള്ളു.

അതേസമയം, വായന പോപ്പുലറാക്കപ്പെടുന്നുമുണ്ട്. അടുത്തകാലത്തായിട്ടാണ്, ‘ഒരു മാസം കൊണ്ട് അഞ്ച് പതിപ്പ് വിറ്റുതീർന്ന പുസ്തകം’, ‘പ്രകാശനച്ചടങ്ങിൽ തന്നെ ആദ്യപതിപ്പ് വിറ്റുതീർന്ന പുസ്തകം’ എന്നൊക്കെയുള്ള പരസ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറയുന്നത്. സിനിമാക്കാർ അവരുടെ വരുമാനം പെരുപ്പിച്ചുകാട്ടി എന്നതുകൊണ്ട് ഇപ്പോൾ ഇൻകം ടാക്സും ഇ.ഡിയും സിനിമാ നിർമ്മാതാക്കളുടെയും പിന്നാലെയാണ്. ഒരു വർഷം കൊണ്ട് മൂന്നു ലക്ഷം കോപ്പി വിറ്റ പുസ്തകം എന്ന പരസ്യം കണ്ട് ആയതിന്റെ മുഖവിലയും ആകെ വിറ്റ പുസ്തകസംഖ്യയും അതിന്റെ മിനിമം 10% റോയൽറ്റിയും ആയതിന്റെ ജി.എസ്.ടിയും എന്ന് ഇവരുടെയൊക്കെ അന്വേഷണപരിധിയിൽ വരുന്നുവോ, അന്ന് തീരും ഈ ബെസ്റ്റ് സെല്ലർ ഗീർവാണം.

സൗജന്യമായി പുസ്തകം വായിക്കാൻ ലഭിക്കുന്ന 8000-ലധികം ഗ്രന്ഥശാലകൾ കേരളത്തിൽ അങ്ങോളമിങ്ങോളമുണ്ട്. കെട്ടിടനികുതി നൽകുന്ന സാധാരണക്കാരുടെ 5% നികുതിപ്പണമാണ് അതിന്റെ മുഖ്യ സ്രോതസ്സ്./ Photo: Jerin Sebastin
സൗജന്യമായി പുസ്തകം വായിക്കാൻ ലഭിക്കുന്ന 8000-ലധികം ഗ്രന്ഥശാലകൾ കേരളത്തിൽ അങ്ങോളമിങ്ങോളമുണ്ട്. കെട്ടിടനികുതി നൽകുന്ന സാധാരണക്കാരുടെ 5% നികുതിപ്പണമാണ് അതിന്റെ മുഖ്യ സ്രോതസ്സ്./ Photo: Jerin Sebastin

സ്വയം പ്രഖ്യാപിത
ബെസ്റ്റ് സെല്ലറുകൾ

പണ്ട് ഒരു പുസ്തകം ഇത്രകോപ്പി അച്ചടിച്ചുവെന്ന് എല്ലാ പ്രസാധകരും രേഖപ്പെടുത്തിയിരുന്നു. ഇന്ന് വിരലിലെണ്ണാവുന്ന പ്രസാധകരുടെ പുസ്തകത്തിൽ മാത്രമേ അത് അച്ചടിച്ച് കാണുന്നുള്ളു.
‘പ്രിന്റ് ഓൺ ഡിമാന്റിൽ’ 100 കോപ്പി അച്ചടിക്കുന്ന പുസ്തകം 10 പതിപ്പ് വരുമ്പോൾ 1000 കോപ്പിയേ ആകുന്നുള്ളു. 80-കളിൽ മലയാളത്തിലെ പ്രസാധകർ മിനിമം അച്ചടിച്ചിരുന്നത് 2000 കോപ്പി വീതമാണെങ്കിൽ 2024-ൽ അത് 100 - 250 കോപ്പിയാണ്.

മലയാളത്തിൽ ഒരു വർഷം 3000-ത്തോളം പുസ്തകങ്ങൾ ഇപ്പോൾ ഇറങ്ങുന്നുണ്ട്. അതിൽ കൊണ്ടാടപ്പെടുന്നത് 30-ൽ താഴെയാണ്. ബാക്കി പുസ്തകങ്ങൾക്കൊക്കെ പ്രകാശനദിവസത്തെ ഗ്ലാമറേയുള്ളൂ. പിന്നെ വീട്ടിലെ ചായ്പിന്റെ മൂലയിൽ അവ ആർക്കും വേണ്ടാതെ കിടക്കും. മിക്കവയും സ്വയം പ്രഖ്യാപിത ബെസ്റ്റ് സെല്ലറുകളാണ്. സകലരും സാഹിത്യകാരരായപ്പോൾ ഡി.ടി.പി ഓപ്പേറ്റർമാരെല്ലാം പുസ്തകപ്രസാധകരായി മാറി. പണ്ട് എൽ.ഐ.സി ഏജന്റുമാരെയും കവികളെയും മുട്ടിനടക്കാനാവില്ലായിരുന്നു. ഇപ്പോൾ ആ കൂട്ടത്തിൽ പുസ്തക പ്രസാധകർ കൂടിയായി എന്നു ചുരുക്കം.

ഒരു പുസ്തകചർച്ചയും ഒരു കാലത്തും അഭികാമ്യമായ വായനാസംസ്കാരം രൂപപ്പെടുത്തുന്നതിലേക്ക് മലയാളത്തെ നയിച്ചിട്ടില്ല. പുസ്തക ചർച്ചകൾ പലപ്പോഴും പുറംചൊറിയൽ മാത്രമാണ്.

മുൻപ് പുസ്തക പ്രസാധകർ തന്നെയായിരുന്നു വിപണിയിൽ പുസ്തകങ്ങൾ ഇറക്കിയിരുന്നതും അത് പലതരത്തിൽ വിറ്റിരുന്നതും. കഴിഞ്ഞ പതിനഞ്ച് വർഷങ്ങളായി എഴുത്തുകാർ തന്നെ സ്വയം പൈസകൊടുത്ത് ഗ്രന്ഥകാരുടെ പേരും ISBN നമ്പറും വച്ച് പുസ്തകം ഇറക്കുകയാണ്. പ്രസാധകരുടെ പേര് വയ്ക്കുന്നതിന് ഒരു സംഖ്യ എഴുത്തുകാരോട് വാങ്ങുന്ന ഏർപ്പാടും ഇപ്പോഴുണ്ട്. 250 കോപ്പി പ്രിന്റ് ഓൺ ഡിമാന്റിൽ അച്ചടിയ്ക്കും. ആ കോപ്പി അങ്ങനെതന്നെ എഴുത്തുകാർക്ക് നൽകും. 20,000 രൂപ പ്രസിദ്ധീകരണ ചെലവ് വരുന്ന പുസ്തകത്തിന് 10,000 രൂപ കൂടി ചേർത്ത് പ്രസാധകർ എഴുത്തുകാരോട് വാങ്ങും. വിറ്റാലും വിറ്റില്ലെങ്കിലും പ്രസാധകർക്ക് ഒരു പുസ്തകത്തിൽ 10,000 രൂപ നെറ്റ് പ്രോഫിറ്റ്. ‘സാഹിത്യകാരനാണ്’ എന്ന് ചരമക്കോളത്തിൽ വരാനുള്ള ആഗ്രഹം അങ്ങനെ സഫലമാകും.

വിൽപനശാലകളില്ലാത്ത 150-ലേറെ പുസ്തകപ്രസാധകർ ഈ കൊച്ചു മലയാളത്തിലുണ്ടായത് അതുകൊണ്ടാണ്. ഓരോ ദിവസവും സാഹിത്യകാരരും, പ്രസാധകരും കൂടിവരുന്നു. വലിയ തന്ത്രങ്ങളൊന്നും ഇന്നു വേണ്ട. സ്കൂൾ ലൈബ്രറികൾക്ക് ഡി.പി.ഐ പുസ്തകം വാങ്ങും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും പുസ്തകം വാങ്ങാൻ ഫണ്ടുണ്ട്. ഗ്രന്ഥശാലകൾക്കും പുസ്തകം വാങ്ങാൻ സർക്കാർ ഫണ്ട്. അതുകൊണ്ട് കുറെ കുടുംബങ്ങൾ കഴിഞ്ഞുപോകും. ഉപരിപ്ലവ വായനയോ ഗഹനവായനോ പ്രസക്തമല്ല. വായന തന്നെ പ്രസക്തമല്ല. വില്പനയാണ് മുഖ്യം.

സകലരും സാഹിത്യകാരരായപ്പോൾ ഡി.ടി.പി ഓപ്പേറ്റർമാരെല്ലാം പുസ്തകപ്രസാധകരായി മാറി. പണ്ട് എൽ.ഐ.സി ഏജന്റുമാരെയും കവികളെയും മുട്ടിനടക്കാനാവില്ലായിരുന്നു. ഇപ്പോൾ ആ കൂട്ടത്തിൽ പുസ്തക പ്രസാധകർ കൂടിയായി എന്നു ചുരുക്കം./ Photo: Anish kumar
സകലരും സാഹിത്യകാരരായപ്പോൾ ഡി.ടി.പി ഓപ്പേറ്റർമാരെല്ലാം പുസ്തകപ്രസാധകരായി മാറി. പണ്ട് എൽ.ഐ.സി ഏജന്റുമാരെയും കവികളെയും മുട്ടിനടക്കാനാവില്ലായിരുന്നു. ഇപ്പോൾ ആ കൂട്ടത്തിൽ പുസ്തക പ്രസാധകർ കൂടിയായി എന്നു ചുരുക്കം./ Photo: Anish kumar

പുസ്തകചർച്ച എന്ന
പുറംചൊറിയൽ

ഇത് പുസ്തകചർച്ചകളുടെ കൂടി കാലമാണല്ലോ. എന്നാൽ, ഒരു പുസ്തകചർച്ചയും ഒരു കാലത്തും അഭികാമ്യമായ വായനാസംസ്കാരം രൂപപ്പെടുത്തുന്നതിലേക്ക് മലയാളത്തെ നയിച്ചിട്ടില്ല. പുസ്തക ചർച്ചകൾ പലപ്പോഴും പുറംചൊറിയൽ മാത്രമാണ്. സംഘടിപ്പിക്കുന്നവർ എഴുത്തുകാരോ പ്രസാധകരോ ആയിരിക്കും. അവിടെ പുകഴ്‌ത്തൽ അല്ലാതെ എതിർശബ്ദങ്ങൾക്ക് ക്ഷണമില്ലതന്നെ. മലയാളത്തിൽ വിരലിലെണ്ണാവുന്നവരേ വിമർശിക്കപ്പെട്ടിട്ടുള്ളൂ. ഏറ്റവും കൂടുതൽ എതിർശബ്ദം കേട്ടത് പാവം സാധാരണക്കാരെ അക്ഷരങ്ങളോട് ചേർത്തുനിർത്തിയ മുട്ടത്തുവർക്കി. പിന്നെ ഉപ്പൂപ്പാന്റെ കുയ്യാനകൾ പോലെ മൂന്നോ നാലോ…, തീർന്നു.

വിദ്യാർഥികളെ ഉപയോഗിച്ച് നടത്തുന്ന വായനാഘോഷങ്ങൾ എടുത്തുനോക്കൂ. അധ്യാപകർ പറഞ്ഞുകൊടുക്കുന്ന എഴുത്തുകാരാണ് കൊണ്ടാടപ്പെടുന്നത്. ഇഷ്ടമുള്ള പുസ്തകങ്ങൾ വായിക്കാൻ കുട്ടികൾക്ക് അവസരമില്ല, പാഠ്യപദ്ധതിയുടെ ഭാരം കൊണ്ടും രക്ഷിതാക്കൾ തമ്മിലുള്ള പഠനമത്സരം കൊണ്ടും (കുട്ടികളല്ല, രക്ഷിതാക്കൾ തമ്മിലാണ് മാർക്കിന് മത്സരം) പൊറുതിമുട്ടുകയാണ് ഇന്ന് മലയാള കൗമാരം. അവരുടെ മാനസിക സമ്മർദമാണ് സമൂഹത്തിലെ വലിയ പ്രശ്നം. പുസ്തകങ്ങളോട് അവർക്ക് വെറുപ്പുണ്ടാക്കാനേ ഈ അധ്യാപക ഉത്സവങ്ങൾ സഹായിക്കൂ.

ഇത്തരമൊരു സാഹചര്യത്തിൽ, വായനയുടെ കാൽപ്പനികവൽക്കരണം എന്ന മാർക്കറ്റിങ് തന്ത്രത്തിൽനിന്ന് ശരിയായ വായനയെ വീണ്ടെുക്കാനുള്ള സാധ്യതയുണ്ടെന്നു കരുതുന്നില്ല. അമ്പലപ്പറമ്പിലെ മൂട്ടവിളക്കിന്റെ വെളിച്ചത്തിൽ, മടിയിലുള്ള കുറച്ചു ചില്ലറ കൊണ്ട് ഒന്നോ രണ്ടോ പുസ്തകം വാങ്ങാൻ വരുന്ന വായനക്കാർ എന്നേ മരിച്ചുകഴിഞ്ഞു. കാലത്തെ അതിജീവിച്ച സാഹിത്യം ഈ മൂട്ടവിളക്കിന്റെ വെളിച്ചത്തിൽ വായനക്കാർ കണ്ടെടുത്തതാണ്.

Comments