വ്യാജമദ്യക്കേസ്: പി. ശശിക്കെതിരായ ടീക്കാറാം മീണയുടെ വെളിപ്പെടുത്തൽ; പുസ്തകഭാഗം വായിക്കാം

ഡി.സി. ബുക്‌സ് പുറത്തിറക്കുന്ന മുൻ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ ടീക്കാറാം മീണയുടെ ആത്മകഥ 'തോൽക്കില്ല ഞാൻ' എന്ന പുസ്തകത്തിൽ നിന്നുള്ള ഭാഗം.

ജില്ലയിലെ ലാന്റ്‌ബോർഡുകളുടെ അധ്യക്ഷൻ സബ്കലക്ടറാണ്. പ്രദേശത്തെ പ്രധാന രാഷ്ട്രീയ പാർട്ടികളുടെ ഓരോ പ്രതിനിധികളും ഈ സമിതിയിൽ അംഗങ്ങളാണ്. സി.പി.ഐ.എം., കോൺഗ്രസ്, സി.പി.ഐ. എന്നീ പാർട്ടികൾ നിർദേശിച്ചിരുന്നവരാണ് ഇവിടെ ബോർഡിൽ ഉണ്ടായിരുന്നത്. പതിറ്റാണ്ടുകളായി ഓഫീസ് അലമാരകളിൽ കെട്ടിക്കിടക്കുന്ന നിരവധി പരാതികൾ ഉണ്ടാവും. യഥാവിധി ലാന്റ്‌ബോർഡ് യോഗങ്ങൾ ചേരാനോ തീരുമാനങ്ങൾ കൈക്കൊള്ളാനോ ജനപ്രതിനിധികൾകൂടി ഉൾപ്പെടുന്ന ഈ സമിതികൾക്ക് കഴിഞ്ഞിരുന്നില്ല.

ഭൂരഹിതരും ഭൂമിയുടെ രേഖകൾ കൈവശമില്ലാത്തവരും അപേക്ഷയുമായി ലാന്റ്‌ബോർഡുകളെയാണ് സമീപിച്ചിരുന്നത്. ഭൂഉടമകൾ അനധികൃതമായി കൈവശം വെച്ചിരുന്ന മിച്ചഭൂമി കണ്ടെത്തി ഭൂരഹിതർക്ക് വിതരണം ചെയ്യാനുള്ള നടപടിക്രമങ്ങൾ ആരംഭിക്കേണ്ടത് ലാന്റ്‌ബോർഡാണ്. സാമൂഹ്യ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഭൂഉടമകൾ ലാന്റ്‌ബോർഡ് നടപടിക്രമങ്ങളെ ബോധപൂർവ്വം വൈകിപ്പിച്ചു. ഇത് മനസ്സിലാക്കിയ ഞാൻ പ്രമാണിമാരുടെ ഈ തന്ത്രം തകർക്കാൻ തീരുമാനിച്ചു.

തർക്കം നിലനിന്നിരുന്ന പ്രധാന പരാതികളിലൊന്ന് പരിഹരിക്കാനാണ് ഞാൻ നിശ്ചയിച്ചത്. ഒരു കോവിലകത്തിന്റെ അധീനതയിലുള്ള ആയിരത്തി അഞ്ഞൂറ് ഏക്കറോളം ഭൂമി മിച്ചഭൂമി എന്ന ഗണത്തിൽ വരുന്നതാണെന്ന് ഞാൻ മനസ്സിലാക്കി. ഇത്തരം ഭൂമി ഏറ്റെടുത്ത് ഭൂരഹിതർക്ക് കൈമാറുന്നതോടെ ഈ രംഗത്ത് വലിയ മാറ്റത്തിനു തുടക്കമിടാനാവുമെന്ന് ഞാനാശിച്ചു. സബ്കലക്ടറുടെ ഓഫീസ് ഉൾക്കൊള്ളുന്ന പ്രദേശത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചിരുന്നത് നാലകത്ത് സൂപ്പിയാണ്.

പരസ്യമായല്ലെങ്കിലും ലാന്റ്‌ബോർഡ് തീരുമാനം അറിഞ്ഞ ഉന്നതർ തീരുമാനത്തിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ലാന്റ് ബോർഡ് തീരുമാനം അടിയന്തരമായി പ്രാബല്യത്തിൽ വരുത്താനാണ് ഞാൻ ഉറപ്പിച്ചത്. ഭൂമി തിരിച്ചെടുക്കാൻ ആവശ്യമായ വിശദമായ ഉത്തരവ് തയ്യാറാക്കുകയായിരുന്നു പ്രധാന കടമ്പ. ഇതിനായി സമിതി തീരുമാനം നോട്ടീസിലൂടെ അദ്ദേഹത്തെ അറിയിച്ചു. തീരുമാനത്തിനെതിരേ സമ്മർദ്ദം ശക്തിപ്പെട്ടതോടെ ദ്രുതഗതിയിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി. ഉറക്കം ഒഴിവാക്കി രാത്രിയിലാണ് വിശ്വസ്തനായ സഹപ്രവർത്തകനോടൊപ്പം വിശദമായ ഉത്തരവ് തയ്യാറാക്കുന്നത്. ഓഫീസിൽനിന്ന് പോലും വിവരങ്ങൾ ചോർന്ന് പോവരുതെന്ന മുൻകരുതലിന്റെ ഭാഗമായി ഉമ്മർ എന്ന ഗുമസ്തനും ഞാനും ഔദ്യോഗിക വസതിയിൽ വെച്ചാണ് കോളിളക്കമുണ്ടാക്കിയ ഉത്തരവ് തയ്യാറാക്കിയത്.

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സി.വി. ആനന്ദബോസ് ഐ.എ.എസ്. ആയിരുന്നു. മുഖ്യമന്ത്രിയുമായി വ്യക്തിപരമായ അടുപ്പമുണ്ടായിരുന്ന വ്യക്തിയുടെ കൈവശമുള്ള ഭൂമിയാണ് നിയമപരമായി തിരിച്ചെടുക്കാൻ ഞാൻ ശ്രമിച്ചിരുന്നത്. ഉത്തരവ് പൂർത്തിയാവുന്നതിന് മുമ്പേ തലസ്ഥാനത്തുനിന്നും എന്നെ വിളിച്ചു. കാര്യങ്ങൾ വിശദമാക്കാൻ ശ്രമിച്ചെങ്കിലും കാത്തിരിക്കണം എന്ന നിർദേശമാണ് അദ്ദേഹം നൽകിയത്. ഈ വിഷയത്തിലുള്ള സി.എമ്മിന്റെ താത്പര്യം വിശദീകരിക്കാനാണ് അദ്ദേഹം ഏറെയും ശ്രമിച്ചത്. സ്റ്റേറ്റ് റവന്യു ബോർഡ് അംഗമായിരുന്ന ഡോ. ഡി. ബാബുപോൾ എന്നെ വിളിക്കുകയും മുന്നോട്ട് പോവാൻ പിന്തുണ അറിയിക്കുകയും ചെയ്തു. ദൃഢവും നീതിപൂർവ്വകവുമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും നടപ്പാക്കാൻ ശ്രമിച്ചതിൽ അഭിനന്ദിക്കുന്നതായും അദ്ദേഹം എന്നെ അറിയിച്ചു. നിരാശയ്ക്കിടയിലും എന്നെ ഉത്തേജിതനാക്കിയ അനുഭവമാണ് ഇത്.

പുലർച്ചയോടെയാണ് ഞങ്ങൾ കുറ്റമറ്റ രീതിയിൽ ഉത്തരവ് പൂർത്തിയാക്കിയത്. അടുത്ത ദിവസം രാവിലെ റവന്യു വകുപ്പ് സെക്രട്ടറിയായിരുന്ന ബാബുപോൾ ഫോണിലൂടെ എന്നെ ബന്ധപ്പെട്ടു. ലാന്റ് ട്രിബ്യൂണിന് മുന്നിലുള്ള പ്രസ്തുത കേസും തീരുമാനങ്ങളും ഇതുവരെ പൂർത്തിയാക്കിയ നടപടിക്രമങ്ങളെക്കുറിച്ചും ഞാൻ വിശദമായി അദ്ദേഹത്തെ ധരിപ്പിച്ചു. നിങ്ങളുടെ തീരുമാനവുമായി മുന്നോട്ട് പോവൂ എന്ന നിർദേശമാണ് അദ്ദേഹത്തിൽനിന്ന് ഉണ്ടായത്. ഇതിനകംതന്നെ ഭൂമി തിരിച്ചെടുത്തുകൊണ്ടുള്ള ഉത്തരവ് നിശ്ചിതസ്ഥലത്ത് എത്തിക്കുന്നതിനായി തഹസീൽദാരെ ഏർപ്പാടാക്കിയിരുന്നു. രാവിലെ ഒൻപതുമണിക്കകം ആ ഉദ്യോഗസ്ഥൻ ആയിരത്തിഅഞ്ഞൂറ് ഏക്കർ സ്ഥലം ഏറ്റെടുത്തുകൊണ്ടുള്ള ഉത്തരവ് പതിക്കുകയും ഭൂഉടമയ്ക്ക് കൈമാറുകയും ചെയ്തു.

ഭൂമി ഏറ്റെടുത്ത വിവരമറിഞ്ഞ് മുഖ്യമന്ത്രി കോപാകുലനായി. ഇത് മനസ്സിലാക്കിയ ഞാൻ സ്ഥലമാറ്റം പ്രതീക്ഷിച്ചു. ഒരാഴ്ചയ്ക്കകം പ്രസ്തുത ഭൂമി ഭൂരഹിതർക്ക് വിതരണം ചെയ്യാനുള്ള നടപടികൾ ത്വരിതപ്പെടുത്താനാണ് ഞാൻ ലക്ഷ്യമിട്ടത്. എന്നാൽ ഇതിനുള്ള സാവകാശം എനിക്ക് ലഭിച്ചില്ല. അന്ന് വൈകുന്നേരത്തോടെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവ് എനിക്ക് ലഭിച്ചു. ഭൂരഹിതരായ അനേകമാളുകൾക്ക് സ്വന്തമായി ഭൂമി നൽകുകയെന്ന ദൗത്യം വിജയിപ്പിക്കാനാവാത്തതിൽ വേദന തോന്നി. വികലമായ ഉപാഖ്യാനത്തിലേക്കാണ് ഈ സംഭവം എത്തിച്ചതെന്ന് അടുത്ത ദിവസങ്ങളിൽ എനിക്ക് ബോധ്യപ്പെട്ടു. എന്റെ ഔദ്യോഗിക വസതിക്ക് മുന്നിൽ പണിയാനുദ്ദേശിച്ച എൻ.ജി.ഒ. ബിൽഡിങ് നിർമ്മാണ ഉദ്ഘാടനത്തിന്റെ ഭാഗമായി സ്ഥാപിച്ച ശിലാഫലകം തകർത്തത് ഉപകഥയുടെ ഭാഗമാണെന്ന് ഉറപ്പായിരുന്നു. എം.എൽ.എയുമായി അടുപ്പമുണ്ടായിരുന്ന സാമൂഹ്യവിരുദ്ധരുടെ കൈയാണ് സംഭവത്തിന് പിന്നിലെന്നു കണ്ടെത്താൻ പ്രയാസം ഉണ്ടായില്ല. സമാനമായ നിരവധി സംഭവങ്ങൾ പെരിന്തൽമണ്ണയിൽ എനിക്ക് നേരിടേണ്ടിവന്നു. കർക്കശക്കാരനായ സർക്കാർ ഉദ്യോഗസ്ഥനിലേക്കുള്ള രൂപമാറ്റം ആരംഭിക്കുന്നത് മലപ്പുറത്തിന്റെ മണ്ണിൽനിന്നാണെന്ന് ഇത് സംഗ്രഹിക്കാം.

യുദ്ധഭൂമിയിൽ നിരായുധനാക്കപ്പെട്ട പോരാളിയുടെ മനോഭാവത്തോടെയാണ് പിന്നീടുള്ള മാസങ്ങൾ എനിക്ക് പിന്നിടേണ്ടിവന്നത്. പദവിയോ ഓഫീസോ ഉണ്ടായിരുന്നില്ല. സെക്രട്ടറിയേറ്റിൽനിന്ന് കിലോമീറ്ററുകൾക്ക് അകലെ പേരൂർക്കടയിൽ വാടക കെട്ടിടത്തിലാണ് ഞാൻ കുടുംബസമേതം താമസിച്ചത്. എന്റെ പ്രസരിപ്പില്ലായ്മ ധോളിയെ ആകുലയാക്കി. എന്നാൽ ഒരിക്കൽപോലും എന്നെ കുറ്റപ്പെടുത്താൻ അവൾ തയ്യാറായിരുന്നില്ല. എന്റെ പക്ഷമാണ് നീതിയുടേതെന്ന് അവൾ വിശ്വസിച്ചു.

കേന്ദ്രീയ വിദ്യാലയത്തിൽ പഠിക്കുന്ന കുട്ടികൾ ഏതാണ്ട് ഒരു കിലോമീറ്ററോളം റോഡിലൂടെ നടന്നാണ് പോയത്. സ്‌കൂൾ വാഹനത്തിന്റെ സമീപംവരെ എല്ലാ ദിവസവും ഞാൻ അവരെ അനുഗമിച്ചു. തിരികെ വീട്ടിലെത്തി പ്രഭാത ഭക്ഷണത്തിന് ശേഷം വാഹനത്തിൽ കയറാനായി ഇതേ ദൂരം വീണ്ടും താണ്ടും. സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസ്സിൽ കയറി സെക്രട്ടറിയേറ്റിന് മുന്നിൽ ഇറങ്ങും. സഹപ്രവർത്തകരായ ചിലരുടെ ഔദ്യോഗിക മുറിയാണ് താൽക്കാലിക വിശ്രമകേന്ദ്രം. ഏതാണ്ട് മൂന്ന് മാസത്തിലധികം മാസവേതനവും എനിക്ക് ലഭിച്ചില്ല. ഈ ദുരവസ്ഥ മനസ്സിലാക്കിയ ഐ.എ.എസ്. അസോസിയേഷൻ ചീഫ് സെക്രട്ടറിയെ കാണുകയും മുഖ്യമന്ത്രിക്ക് നിവേദനം നൽകുകയും ചെയ്തു. ഒരു ദിനപത്രത്തിൽ ഞാൻ അനുഭവിക്കുന്ന പീഡനങ്ങൾ സംബന്ധിച്ച് വാർത്ത പ്രസിദ്ധീകരിച്ചു.

എന്നെ പുറത്തിരുത്താൻ മറ്റ് വഴികളൊന്നും തെളിയാത്തതിന്റെ പരിണിതഫലമാണ് സാങ്കൽപ്പിക പദവിയിലുള്ള എന്റെ തുടർനിയമനം. ദീർഘകാലമായി അടഞ്ഞ് കിടക്കുന്ന പ്രിമോ പൈപ്പ് ഫാക്ടറിയുടെ മാനേജിങ് ഡയറക്ടറായാണ് എന്നെ നിയമിച്ചത്. 1960-ൽ ആരംഭിച്ച ഈ സ്ഥാപനം ഏതാണ്ട് പത്ത് വർഷമായി അടഞ്ഞുകിടക്കുകയാണ്. ചീഫ് സെക്രട്ടറി നിയമന ഉത്തരവ് നൽകിക്കൊണ്ട് പറഞ്ഞ വാക്കുകൾ എന്നെ അത്ഭുതപ്പെടുത്തി. ""ഈ സ്ഥാപനം പുനരുജ്ജീവിപ്പിക്കാൻ താങ്കൾ സഹായിക്കണം. നിങ്ങൾക്കേ അതിന് കഴിയൂ.'' എവിടെയാണ് ഈ സ്ഥാപനം എന്ന് പോലും എനിക്ക് അറിയില്ലെന്ന് ആമുഖമായി ഞാൻ അദ്ദേഹത്തെ ബോധ്യപ്പെടുത്തി. സ്ഥാപനം പ്രവർത്തിക്കുന്നില്ല. എവിടെനിന്ന് തുടങ്ങണം. ഞാൻ എന്റെ സംശയങ്ങൾ അദ്ദേഹത്തിന് മുന്നിൽ നിരത്തി. നിങ്ങൾക്ക് ശമ്പളം വേണ്ടേ, അതുതരാം. ആവശ്യമായത് ചെയ്യൂ. അദ്ദേഹം എന്നോട് നിർദേശിച്ചു.

ജീവിതം ഒരു നേർരേഖയല്ല. അവിചാരിത സംഭവങ്ങളുടെ ശ്രേണിയാണ് ജീവിതമെന്ന മഹാത്ഭുതം. നിമ്‌നോന്നതയാണ് അതിന്റെ ശൈലി. പ്രതീക്ഷ കൈവിടാതെ കർമ്മം ചെയ്യുക എന്നതാണ് ധീരന്മാരുടെ പ്രകൃതം. നിഷ്പക്ഷനായിരിക്കുകയെന്ന സവിശേഷതയെ കൈവിടാതെ കർമ്മം ചെയ്യുകയാണ് ധർമ്മിഷ്ഠന്മാർ ചെയ്യേണ്ടത്. അന്യരെ ദ്രോഹിക്കാതെയുള്ള കർമ്മത്തിലൂടെ സന്താപം അകറ്റാൻ കഴിയും. ഭാഗ്യം നിങ്ങളോടൊപ്പമുണ്ട്. അസുലഭമായ സന്തോഷ സാഹചര്യങ്ങൾക്ക് വേണ്ടി കർമ്മപ്രതിപത്തതയോടെ കാത്തിരിക്കാൻ തയ്യാറാവണം. ആത്മവിശ്വാസം കൈവിടാൻ ഞാൻ തയ്യാറായിരുന്നില്ല. പൂർവ്വസൂരികൾ എനിക്ക് നൽകിയ ഉത്തമമായ ചിന്തകൾ മുന്നോട്ടുപോവാൻ എനിക്ക് ധൈര്യം നൽകി. ദുർഘടമായ ജീവിതകയങ്ങളിൽനിന്ന് നീന്തിക്കരേറാൻ എന്നെ പ്രാപ്തനാക്കിയത് പുരജോലന്ദയെന്ന കുഗ്രാമത്തിൽനിന്ന് ആവാഹിച്ചെടുത്ത ജീവിതപരിചയങ്ങളാണ്.

ചവറയിലെ കാട് മൂടിക്കിടക്കുന്ന പ്രിമോ പൈപ്പ് ഫാക്ടറി ഞാൻ സന്ദർശിച്ചു. അവിടെ പ്രവർത്തനകേന്ദ്രമാക്കി സ്ഥാപനത്തിന് ജീവൻ നൽകാനുള്ള ശ്രമങ്ങൾ ഫലപ്രദമല്ലെന്ന് ഞാൻ ആദ്യമേ തിരിച്ചറിഞ്ഞു. തുരുമ്പെടുത്ത യന്ത്രസംവിധാനങ്ങളല്ലാതെ മറ്റൊന്നും ഫാക്ടറിവളപ്പിൽ ഉണ്ടായിരുന്നില്ല. കമ്പനി നിർമ്മിച്ചിരുന്ന പൈപ്പുകൾ മുഖ്യമായും ഉപയോഗിച്ചിരുന്നത് സംസ്ഥാന ജലവിഭവ വകുപ്പാണ്. വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.വി. മാധവനുമായി എന്റെ ദൗത്യത്തെ ക്കുറിച്ച് അദ്ദേഹത്തിന്റെ ഓഫീസിലെത്തി വിശദമായി ആശയവിനിമയം നടത്തി. സ്ഥാപനത്തെ പുനരുജ്ജീവിപ്പിക്കാൻ ആവശ്യമായ വിശദമായ പദ്ധതി തയ്യാറാക്കാനുള്ള അദ്ദേഹത്തിന്റെ നിർദേശം ഞാൻ അംഗീകരിച്ചു. പിന്നീടുള്ള ദിവസങ്ങൾ ഇതിനുവേണ്ടിയാണ് ഞാൻ നീക്കിവെച്ചത്. കാര്യനിർവഹണത്തിനുള്ള ഓഫീസായി ജലവിഭവവകുപ്പിന്റെ കെട്ടിടങ്ങളിൽ ഒന്നിൽ സംവിധാനങ്ങൾ തരപ്പെടുത്തി തരാനും അദ്ദേഹം തയ്യാറായി. പ്രിമോ പൈപ്പ് ഫാക്ടറിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സജീവമാകുന്നതിനിടെ ജലവകുപ്പിൽ പ്രവർത്തിക്കാനുള്ള ഒരു നിർദേശം ചീഫ് സെക്രട്ടറിക്ക് മുന്നിൽ എത്തി. അദ്ദേഹത്തിന്റെ അനുവാദം ലഭിച്ചതോടെ ജലസേചന വിഭാഗം ജോയിന്റ് സെക്രട്ടറിയായി അവിടെ സേവനം ആരംഭിച്ചു. ഇതിന് ശേഷമാണ് എനിക്ക് കുടിശ്ശികയായ ശമ്പളം ലഭിക്കുന്നത്.

ഇതിനിടയിലും എന്നെ ക്രൂശിക്കുന്നതിനുള്ള അണിയറ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരുന്നു. മന്ത്രി താൻ നേരിട്ട പ്രതിസന്ധിക്ക് മുഖ്യകാരണക്കാരനായ എനിക്കെതിരേ വ്യക്തിപരമായ ശത്രുതയോടെയാണ് കാര്യങ്ങൾ നീക്കിയത്. സർവീസ് റെക്കോർഡിൽ അസത്യം രേഖപ്പെടുത്തിയാണ് അദ്ദേഹം എന്നോട് പ്രതികാരം ചെയ്തത്. സേവന കാലത്തെല്ലാം എന്നെ വേട്ടയാടാൻ പ്രാപ്തമായ നിരീക്ഷണങ്ങളാണ് അദ്ദേഹം കുറിച്ചിട്ടത്. ഉന്നതിയിൽ എത്താനുള്ള എല്ലാവഴികളും അടയ്ക്കുക എന്ന ദുരുപദിഷ്ടമായ ചിന്തകളാണ് അദ്ദേഹത്തെ നയിച്ചത്. സഹപ്രവർത്തകരായ സിവിൽ സർവീസ് ഉദ്യോഗസ്ഥർ എന്നോടൊപ്പം നിന്നു. ഐ.എ.എസ്. അസോസിയേഷനും വിവിധ വകുപ്പ് അധ്യക്ഷന്മാരും എനിക്കെതിരേ സർവീസ് റിപ്പോർട്ടിൽ ഉന്നയിച്ച ആക്ഷേപകരമായ പരാമർശങ്ങൾ മാറ്റണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടു. എന്നാൽ ഇതൊന്നും ചെവിക്കൊള്ളാൻ മുഖ്യമന്ത്രിയും തയ്യാറായില്ല. എഴുത്തുകാരനും വാഗ്മിയുമായെല്ലാം അറിയപ്പെട്ടിരുന്ന ചീഫ് സെക്രട്ടറിയും സത്യത്തിന് നേരേ മുഖം തിരിക്കുകയാണ് ചെയ്തത്.

ചാരായ നിരോധനത്തിന്റെ ബാക്കിപത്രമായി കേരളത്തിലങ്ങോളമിങ്ങോളം ഉയർന്നുവന്ന വ്യാജ കള്ള് നിർമ്മാണം വാർത്തകളിൽ ഇടംപിടിച്ച ഘട്ടംകൂടിയായിരുന്നു അത്. വ്യാജ ലഹരിപാനീയ നിർമ്മിതിയുടെ പ്രധാന കേന്ദ്രം തൃശൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളാണെന്ന് മനസ്സിലാക്കാൻ ഏറെ പ്രയാസപ്പെടേണ്ടി വന്നില്ല. വിദേശമദ്യത്തിന് നൽകേണ്ടിവരുന്ന അമിതവില താങ്ങാനാവാതെ ദരിദ്രരായ സാധാരണ തൊഴിലാളികളും മറ്റുള്ളവരും കള്ളെന്ന ലേബലിൽ വിൽക്കുന്ന വ്യാജ പാനീയത്തെയാണ് ആശ്രയിച്ചത്. പ്രമുഖരായ അബ്കാരി കരാറുകാരുടെ മേൽനോട്ടത്തിലാണ് തെങ്ങിൽനിന്ന് സ്വാഭാവിക രീതിയിൽ ചെത്തിയെടുക്കുന്ന കള്ള് രൂപമാറ്റം വരുത്തി കൃത്രിമമായി ഉണ്ടാക്കിയത്. വ്യാജ ലഹരിപാനീയ നിർമ്മിതി അവസാനിപ്പിക്കാനായി ചില പദ്ധതികൾ സഹപ്രവർത്തകരുടെ സഹായത്തോടെ ഞാൻ രഹസ്യമായി ആസൂത്രണം ചെയ്തു.

ഇ.കെ. നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി.ശശി

പഞ്ചസാരയും മാരക വിഷാംശമുള്ള രാസപദാർത്ഥങ്ങളും ഡയസിപാം, ആനമയക്കി ഉൾപ്പെടെയുള്ള ലഹരിമരുന്നും ഉപയോഗിച്ചാണ് വ്യാജമായി കള്ള് ഉത്പാദിപ്പിക്കുന്നതെന്ന് മനസ്സിലാക്കാൻ ഇത് സംബന്ധിച്ച് ലഭിച്ച നിരവധി പരാതികളിൽ നിന്ന് എനിക്ക് കഴിഞ്ഞു. പള്ളി, ക്ഷേത്രം, വിദ്യാലയങ്ങൾ എന്നിവിടങ്ങളിൽനിന്ന് കള്ളുഷാപ്പുകൾ അകലം പാലിക്കണമെന്ന നിഷ്‌കർഷയും ലംഘിക്കപ്പെട്ടതായി ആക്ഷേപങ്ങളിൽ നിന്ന് ഗ്രഹിക്കാൻ കഴിഞ്ഞു. സിവിൽ സർവീസ് ഘട്ടത്തിൽ എന്റെ ബാച്ച്‌മേറ്റ് ആയിരുന്ന ബി സന്ധ്യയാണ് തൃശൂർ ജില്ലാ പോലീസ് സൂപ്രണ്ട്. മദ്യവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടത് എക്‌സൈസ് വകുപ്പിന്റെ ചുമതല ആയിരുന്നെങ്കിലും അവരെ മാറ്റിനിർത്തിയാണ് വ്യാജമദ്യ ശൃംഖലയെ തകർക്കാൻ പദ്ധതി ആസൂത്രണം ചെയ്തത്. ജില്ലാ പോലീസ് മേധാവിയുമായി പരിശീലന കാലം മുതൽ ഉണ്ടായിരുന്ന വ്യക്തിബന്ധം ഇതിനായി പ്രയോജനപ്പെടുത്തി. അവരുമായി ഈ വിഷയങ്ങൾ ചർച്ച ചെയ്തു. ആദ്യപടിയായി മദ്യനിർമ്മാണത്തിന് നേതൃത്വം നൽകുന്ന പ്രമുഖരായ വ്യാപാരികളെ ഞാൻ നേരിട്ടുതന്നെ ടെലിഫോണിലൂടെ വിളിച്ച് താക്കീത് നൽകി. ''ഇതുവരെ നടന്നതെല്ലാം പൊറുക്കപ്പെടും. നിയമാനുസൃതമായ വ്യാപാരം മാത്രമേ മേലിൽ അനുവദിക്കൂ'' എന്ന് ഞാൻ നയം വ്യക്തമാക്കി. ഈ ശാസനത്തിന് ഫലമൊന്നുമുണ്ടായില്ല.

ശക്തമായ രാഷ്ട്രീയ സ്വാധീനമാണ് ഇവരിൽ പലർക്കും ഉണ്ടായിരുന്നത്. പ്രധാന ഭരണകക്ഷിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഇവർ എന്റെ മുന്നറിയിപ്പിനെ പുച്ഛിച്ച് തള്ളുകയാണ് ചെയ്തത്. ""മുമ്പും പലരും കലക്ടറായി തൃശൂരിൽ എത്തിയിട്ടുണ്ടെന്നും തങ്ങളെ തൊടാൻ കഴിയില്ലെന്ന്'' വീമ്പുപറയാനും ഇവരിൽ ഒരാൾ തയ്യാറായി. ഇത്തരം കേന്ദ്രങ്ങളിൽനിന്ന് വിവരങ്ങൾ യഥാവിധി ലഭിക്കുന്നതിന് രഹസ്യമായ സംവിധാനം ക്രമീകരിക്കുന്നതിൽ ഞാൻ വിജയിച്ചു. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ കീഴിലുള്ള തൊഴിലാളി സംഘടനയായ എ.ഐ.ടി.യു. സിക്ക് മേൽകൈ ഉള്ള മേഖലയാണ് കള്ളുചെത്ത്. യൂണിയൻ നേതാക്കളുമായുള്ള അടുത്ത ബന്ധവും വ്യാജ കള്ള്‌നിർമ്മാണത്തിനായി കള്ള് മുതലാളിമാർ വിനിയോഗിച്ചു. ഭരണകക്ഷികളുടെ പിന്തുണയോടൊപ്പം എക്‌സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരും നിയമവിരുദ്ധമായ ഈ ചെയ്തികൾക്ക് മൗനാനുവാദം നൽകി.

ബി സന്ധ്യ

യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കി നിയമലംഘനം നടത്തുന്ന കള്ള് കരാറുകാരെ ഒതുക്കുന്നതിന് ആവശ്യമായ നടപടികൾക്ക് തുടക്കം കുറിക്കാൻ ഒടുവിൽ ഞാൻ തീരുമാനിച്ചു. ഒരേസമയം നാല് കരാറുകാരുടെ നാല് ഗോഡൗണുകളിൽ റെയ്ഡ് നടത്താനായിരുന്നു ആലോചന. ഇരിങ്ങാലക്കുട, നാട്ടിക, അന്തിക്കാട്, ചാവക്കാട് എന്നിവിടങ്ങളിലെ കള്ള് സംഭരണകേന്ദ്രങ്ങൾ മറയാക്കിയാണ് വ്യാജമദ്യ നിർമ്മാണം നടന്നിരുന്നത്. ഗ്രാമതലങ്ങളിൽപോലും ഇത്തരം വ്യാജ കള്ള് നിർമ്മാണകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന വിവരം കിട്ടിയിരുന്നെങ്കിലും വമ്പന്മാരെ ആദ്യമേ വലയിലാക്കുക എന്ന തന്ത്രമാണ് ഞങ്ങൾ പയറ്റിയത്. ഇതിനായി വിശ്വസ്തരായ ഉദ്യോഗസ്ഥരെ കണ്ടെത്തുക ശ്രമകരമായ ദൗത്യമാണ്. പ്രാദേശിക പോലീസ് സംവിധാനങ്ങൾ, എക്‌സൈസ് ഉദ്യോഗസ്ഥർ എന്നിവരെ ആശ്രയിക്കേണ്ടെന്ന് ആദ്യമേ തീരുമാനം എടുത്തു. റെയ്ഡ് വിവരം ഈ വിഭാഗങ്ങൾ അറിയാതെ സൂക്ഷിക്കാൻ ഞാൻ ഏർപ്പാടുണ്ടാക്കി. ജില്ലാ പോലീസ് സൂപ്രണ്ടുമായി നിരവധി തവണ കൂടിയാലോചനകൾ നടത്തി. സബ്കലക്ടർ, അതത് സ്ഥലത്തെ തഹസീൽദാർമാർ എന്നിവർ ഉൾപ്പെട്ട സംഘത്തിന് നടപടികളെക്കുറിച്ച് കർശനമായ നിർദേശം നൽകി. ജില്ലയിൽ ക്യാംപ് ചെയ്യുന്ന സായുധ പോലീസ് സംഘത്തെയാണ് സുരക്ഷാ ദൗത്യത്തിന് ഞാൻ ഉപയോഗിച്ചത്.

നിശ്ചയിച്ച പ്രകാരം അതീവ രഹസ്യമായി ആസൂത്രണം ചെയ്ത പരിശോധന ഒരേ സമയത്തുതന്നെ നാലിടങ്ങളിലും നടന്നു. ഏതാണ്ട് ഒന്നര ലക്ഷം ലിറ്ററിലധികം വ്യാജ കള്ള് ഗോഡൗണുകളിൽനിന്ന് പിടികൂടി. ഇരുപതോളം പേരെ കസ്റ്റഡിയിലെടുത്തു. വ്യാജപാനീയ നിർമ്മാണശാലയുടെ നടത്തിപ്പുകാരായ നാലുപേരിൽ ഒരാളൊഴികെ ബാക്കിയുള്ളവരും പോലീസ് കസ്റ്റഡിയിലായി. ഇവരിൽ ഏറ്റവും പ്രമുഖനായ മദ്യവ്യാപാരി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. റെയ്ഡും അറസ്റ്റും വൻ വാർത്തയായി. പൊതുജനങ്ങൾ എനിക്ക് ധീര പരിവേഷം ചാർത്തി. സാഹിത്യ സാംസ്‌കാരിക പ്രമുഖർ നിയമവിരുദ്ധ പ്രവർത്തനത്തിനെതിരേയുള്ള പോരാട്ടത്തിന് പിന്തുണ അറിയിച്ചു.

ചില രാഷ്ട്രീയ സമുദായ നേതൃത്വവുമായി അടുപ്പമുള്ള ഈ അബ്കാരി കരാറുകാരന് മന്ത്രിയുമായി അടുത്ത ബന്ധമുണ്ട്. ഇതിനിടെ ഇയാൾക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയത് വിവരം മണത്തറിഞ്ഞ പോലീസ് ഉദ്യോഗസ്ഥരിൽ ഒരാളാണെന്നും ഞാൻ കണ്ടെത്തി. റെയ്ഡ് പൂർത്തിയാക്കി അധികം വൈകുന്നതിന് മുമ്പേ വകുപ്പ് മന്ത്രി എന്നെ നേരിൽ വിളിച്ചു. ഇത്രയും ഗുരുതരമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനുമുമ്പ് മന്ത്രി എന്ന നിലയിൽ വിവരങ്ങൾ ധരിപ്പിക്കാത്തതിൽ അദ്ദേഹം പരിഭവം പ്രകടിപ്പിച്ചു. ഗവൺമെന്റിനോട് ആലോചിക്കാതെ ഇത്തരം നടപടികൾ അരുതെന്നും അദ്ദേഹം നിർദേശിച്ചു. തർക്കത്തിന് ഇല്ലെന്ന് ആമുഖമായി പറഞ്ഞ ഞാൻ യഥാർത്ഥ വസ്തുതകൾ അദ്ദേഹത്തിന് മുന്നിൽ വിശദീകരിച്ച് ഫോൺ സംഭാഷണം പെട്ടെന്ന് നിർത്തി.

കസ്റ്റഡിയിൽ എടുത്തവരെ ഇതിനകം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. ഭരണതലത്തിലെ ഉന്നത ഉദ്യോഗസ്ഥർക്കിടയിൽ സംഭവം വലിയ ചർച്ചയ്ക്ക് ഇടയാക്കി. രാത്രിയിൽ മുഖ്യമന്ത്രി എന്നെ നേരിട്ട് ഫോണിൽ വിളിച്ചു. ""എന്താടോ ഈ കാണിക്കുന്നത്?'' അദ്ദേഹത്തിന്റെ ചോദ്യത്തിന് വിശദമായിത്തന്നെ മറുപടി നൽകി. നിയമം അനുസരിച്ച് ഇങ്ങനെ പ്രവർത്തിക്കാൻ പദവിക്ക് അധികാരമുണ്ടെന്നും ആരുടേയും അനുമതി ആവശ്യമില്ലെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞു. സർക്കാരിന്റെ മുഖം മിനുക്കി ഛായ വർദ്ധിപ്പിക്കുകയാണ് നടപടിയിലൂടെ ഉദ്ദേശിച്ചതെന്ന് ഞാൻ വിശദമാക്കി. ""നിങ്ങൾ ഇനിയും മുന്നോട്ട് പോവരുത്. നടപടികളെല്ലാം നിർത്തിവെക്കണം.'' അദ്ദേഹം ആജ്ഞാരൂപത്തിൽ പറഞ്ഞു. നിയമം നിയമത്തിന്റെ വഴിയിൽ പോവട്ടെ, നോക്കാം എന്നായിരുന്നു ഇതിനുള്ള എന്റെ ഉത്തരം. തൃശൂരിലെ ജനങ്ങളും മാധ്യമങ്ങളും വാനോളം പുകഴ്ത്തി നടപടികളെ വാഴ്ത്തി.

അയൽസംസ്ഥാനത്തേക്ക് രക്ഷപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന മദ്യവ്യാപാരി മുൻകൂർ ജാമ്യത്തിനായി ശ്രമം തുടങ്ങി. ഇത് മുന്നിൽ കണ്ട് യഥാർത്ഥ വസ്തുതകൾ ജുഡീഷ്യറിയെ അറിയിക്കാൻ ഞാൻ നടത്തിയ ശ്രമം വിജയിച്ചു. ധീരമായ പ്രവൃത്തികൾക്കാണ് നിങ്ങൾ തുടക്കമിട്ടതെന്നും സന്തോഷിക്കുന്നുവെന്നുമുള്ള പ്രതികരണമാണ് അവിടെനിന്നും എനിക്ക് ലഭിച്ചത്. ജാമ്യാപേക്ഷ പരിഗണിച്ച കോടതി ജാമ്യമെന്ന ആവശ്യം നിരസിച്ചു. അഡ്വക്കേറ്റ് ജനറലായിരുന്ന എം.കെ. ദാമോദരനാണ് ഹൈക്കോടതിയിൽ അയാളുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തത്. മന്ത്രിസഭയിലെ പ്രധാനികളുടെ താത്പര്യത്തെ അവഗണിച്ചാണ് അഡ്വക്കേറ്റ് ജനറൽ കോടതിയിൽ നിലപാടെടുത്തത്. ""നിങ്ങൾ എന്റെ മകനെപ്പോലെയാണ്. പാർട്ടി താത്പര്യം എന്തായിരുന്നാലും ഞാൻ നിങ്ങളെ സഹായിക്കും'' എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ജാമ്യം നിഷേധിച്ച ഹൈക്കോടതി പ്രതിയോട് കീഴടങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. ഏതാണ്ട് രണ്ട് മാസം കഴിഞ്ഞാണ് അയാൾ പോലീസിന് മുന്നിൽ കീഴടങ്ങുന്നത്. കോടതി അയാളെ റിമാന്റ് ചെയ്ത് വിയ്യൂർ ജയിലിലേക്ക് അയച്ചു.

തൊഴിലാളികളുടെ അദ്ധ്വാനനഷ്ടം ചൂണ്ടിക്കാണിച്ച് ഇതിനിടെ തൊഴിലാളി സംഘടന സമരരംഗത്തെത്തി. ഭരണകക്ഷി നേതൃനിരയ്ക്ക് എന്നിൽ അനഭിമതത്വം ഉണ്ടായെങ്കിലും പ്രധാന രാഷ്ട്രീയ കക്ഷികളുടെ പ്രാദേശിക ഘടകങ്ങൾ എനിക്ക് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു. പ്രാദേശിക തലത്തിൽ എനിക്ക് ലഭിച്ച പിന്തുണയാണ് ഈ ഘട്ടത്തിൽ സ്ഥലം മാറ്റാനുള്ള നീക്കത്തെ ചെറുത്തത്. ഒരു പാർട്ടിയുടേതൊഴികെ പാർട്ടികളുടെ ജില്ലാ ഘടകങ്ങൾ പരസ്യമായിത്തന്നെ പിന്തുണയുമായി സംസ്ഥാന നേതൃത്വത്തെ വെല്ലുവിളിച്ചു. ജില്ലാ പോലീസ് സൂപ്രണ്ടിന് മേൽ സമ്മർദ്ദം മുറുക്കുകയായിരുന്നു കേസ് അട്ടിമറിക്കാനുള്ള എളുപ്പവഴിയെന്ന് മനസ്സിലാക്കിയവർ അതിന് ശ്രമിച്ചു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന വ്യക്തിയാണ് തലസ്ഥാനത്ത് ഇതിനെല്ലാം ചുക്കാൻ പിടിച്ചത്. പാർട്ടിയെത്തന്നെ തെറ്റിദ്ധരിപ്പിക്കുന്നതിൽ അദ്ദേഹം വിജയിച്ചു.

വ്യാജമദ്യക്കേസ് പ്രതിയുടെ ജയിൽവാസം പ്രധാന ഭരണകക്ഷിക്ക് വലിയ ക്ഷീണമുണ്ടാക്കി. ഇതിനിടെ തടവിൽ കഴിയുന്ന അയാൾ സുഖസൗകര്യങ്ങൾ അനുഭവിക്കുന്നു എന്ന ഒരു രഹസ്യപരാതി എനിക്ക് ലഭിച്ചു. സത്യം ബോധ്യപ്പെടാനായി ജയിൽ സന്ദർശിക്കാൻ ഞാൻ തീർച്ചപ്പെടുത്തി. പോലീസിനെയോ ജയിൽ അധികൃതരെയോ അറിയിക്കാതെ തടവറയ്ക്ക് മുന്നിലെത്തിയ ഞാൻ അയാളുടെ സെൽ തുറന്ന് കാണണമെന്ന് ജയിൽ വാർഡനോട് ആവശ്യപ്പെട്ടു. ആശയവിനിമയ ഉപാധികളോ ആഡംബര സൗകര്യങ്ങളോ അവിടെ എനിക്ക് കാണാനായില്ല. സെല്ലിന്റെ വാതിൽ തുറന്ന് അകത്ത് കയറിയ എന്റെ മുന്നിൽ പൊട്ടിക്കരഞ്ഞ അയാൾ കാലിൽ വീണ് മാപ്പ് അപേക്ഷിച്ചു. ""തെറ്റ് ചെയ്‌തെന്നും പൊറുക്കണമെന്നും'' അദ്ദേഹം പിറുപിറുത്തു. ""ഇത് നിയമമാണ്. അനുസരിക്കുകയേ നിവൃത്തിയുള്ളൂ. എന്റെ മുന്നറിയിപ്പ് നിങ്ങൾ അവഗണിച്ചു. രാഷ്ട്രീയ സ്വാധീനം രക്ഷ നൽകുമെന്ന് കരുതി നിങ്ങൾ നിയമത്തെ വെല്ലുവിളിച്ചു.'' നിസ്‌തോഭനായാണ് അയാളുടെ മുന്നിൽ ഞാനിതു പറഞ്ഞത്.

ഉന്നത അധികാരികളെ അറിയിക്കാതെയുള്ള ജയിൽ സന്ദർശനം സംസ്ഥാന പോലീസ് മേധാവി ഉൾപ്പെടെയുള്ളവരുടെ അപ്രീതിക്ക് കാരണമായി. അദ്ദേഹം എന്നെ നേരിൽ വിളിച്ച് എന്തിനാണ് ജയിലിൽ പോയതെന്ന് ആരാഞ്ഞു. പോലീസ് ആക്ടിൽ ജില്ലാമജിസ്‌ട്രേറ്റ് കൂടിയായ കലക്ടർക്ക് ജയിൽ സന്ദർശനത്തിനുള്ള അധികാരം നൽകുന്നുണ്ടെന്ന മറുപടി ശ്രവിച്ച അദ്ദേഹം കൂടുതൽ ഒന്നും പറയാതെ സംഭാഷണം അവസാനിപ്പിച്ചു.

വ്യാജ കള്ള് നിർമ്മാണത്തിൽ ഏർപ്പെട്ട പ്രതികളുടെ നികുതി കുടിശിക പരിശോധിക്കാൻ ഞാൻ ശ്രമിച്ചു. ധനകാര്യ വകുപ്പിൽനിന്നുള്ള പ്രേരണയും ഇതിന് കാരണമായിരുന്നു. ഏതാണ്ട് പതിനൊന്ന് കോടിയിലധികം രൂപയുടെ നികുതി കുടിശിക കണ്ടെത്തിയ ഞാൻ ഇത്രയും തുക അടിയന്തരമായി ഖജനാവിൽ അടയ്ക്കണമെന്ന് പ്രസ്തുത കരാറുകാരനോട് നിർദേശിച്ചു. ഉത്തരവിനെ തുടർന്ന് അയാൾ അഞ്ച് കോടി രൂപ ആദ്യഗഡുവായി അടച്ചു. രണ്ടാം ഗഡുവായി രണ്ട് കോടി രൂപയും. ബാക്കി നാലുകോടി രൂപ വസൂലാക്കുന്നതിനായി അയാളുടെ വീട്, ഹോട്ടൽ എന്നിവ ജപ്തി ചെയ്യാനുള്ള നടപടികൾക്ക് ഞാൻ തുടക്കമിട്ടു.

കള്ള് സംഭരണകേന്ദ്രത്തിലെ പരിശോധനയ്ക്കിടയിൽ ലഭിച്ച മാസപ്പടി രജിസ്റ്റർ പരിശോധിച്ച എനിക്ക് അമ്പരപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. ഏതാണ്ട് എല്ലാ രാഷ്ട്രീയ കക്ഷി നേതാക്കൾക്കും തൊഴിലാളി സംഘടന നേതാക്കൾക്കും മാസം തോറും കൃത്യമായ ഇടവേളകളിൽ നിശ്ചിത തുക നൽകിയതിന്റെ വിവരങ്ങളാണ് ഈ പുസ്തകത്തിൽ ഉണ്ടായിരുന്നത്. പിടിച്ചെടുത്ത രജിസ്റ്റർ പരസ്യപ്പെടുത്തിയിരുന്നില്ലെങ്കിലും വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർന്ന് കിട്ടി. ജില്ലയിൽ നിന്നുള്ള എം എൽ എമാർ ഉൾപ്പെടെയുള്ളവർ പട്ടികയിൽ ഉണ്ടെന്ന പ്രചാരണം പ്രധാന പാർട്ടികളുടെ നേതാക്കളെ രണ്ട് തട്ടിലാക്കി. പലരും സംശയത്തിന്റെ നിഴലിലായി.

എന്നെ സ്ഥലം മാറ്റുന്നതിനുള്ള ശ്രമങ്ങൾ ഉന്നത തലത്തിൽ തുടർന്നുകൊണ്ടിരുന്നു. തൃശൂർ നഗരഹൃദയത്തിലെ തേക്കിൻകാട് മൈതാനത്ത് എന്റെ നടപടികളെ പിന്തുണയ്ക്കാനായി ജനകീയ സമ്മേളനം നടന്നു. പ്രൊഫസർ എം.എൻ. വിജയൻ, ഡോ. സുകുമാർ അഴീക്കോട്, തൃശൂർ ആർച്ച് ബിഷപ്പ്, മുഖ്യ ഇമാം എന്നിവർ പങ്കെടുത്ത ജനകീയ കൺവെൻഷനിലേക്ക് ജനങ്ങളുടെ പ്രവാഹമുണ്ടായി. ഈ ഘട്ടത്തിൽ അപ്രതീക്ഷിത ശാരീരിക ആക്രമണവും എനിക്ക് നേരിടേണ്ടി വന്നു. ഔദ്യോഗിക വസതിയിൽ വിശ്രമിച്ചുകൊണ്ടിരിക്കെ അജ്ഞാതനായ ഒരാൾ പിന്നിലൂടെ എത്തി എന്നെ കീഴ്‌പ്പെടുത്താൻ ശ്രമിച്ചു. കുതറിമാറിയ ഞാൻ കത്തിയുമായി നിൽക്കുന്ന അക്രമിയെയാണ് കണ്ടത്. ധൈര്യം ചോർന്ന് പോവാതെ ഞാൻ അയാളെ വരുതിയിലാക്കാൻ ശ്രമിച്ചു. സഹായത്തിനായി സുരക്ഷാ ജീവനക്കാരനെ വിളിച്ചു. ഞങ്ങൾ ഇരുവരും ചേർന്ന് അയാളെ പിടിച്ചുകെട്ടി പോലീസിനെ ഏൽപ്പിച്ചു. കാവൽക്കാരുടെ കണ്ണുവെട്ടിച്ച് അകത്ത് കടന്ന ഇയാൾ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചു എന്നാണ് പിന്നീട് എനിക്ക് ലഭിച്ച വിവരം. ഇക്കഥ ഞാൻ പൂർണ്ണമായി വിശ്വസിച്ചില്ലെങ്കിലും തുടർ പരിശോധനയ്‌ക്കൊന്നും ഞാൻ മുതിർന്നില്ല. തിരക്കഥയുടെ പ്രസക്തി നഷ്ടമാവുന്ന ചലച്ചിത്ര ചിത്രീകരണവേളയിൽ സംവിധായകൻ പ്രയോഗിക്കുന്ന പൊടിക്കൈയാണ് ഈ സംഭവം എന്നെ ഓർമ്മപ്പെടുത്തിയത്. കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയ കുറ്റകൃത്യത്തിന്റെ പരാജയമായിരുന്നു അതെന്ന് എനിക്ക് തോന്നി.

മാസങ്ങൾക്ക് ശേഷം പ്രധാന പ്രതിയെ മോചിപ്പിക്കുന്നതിനുള്ള ഹൈക്കോടതി ഉത്തരവുമായി എത്തിയ സന്ദേശവാഹകനിൽ എനിക്ക് സംശയം തോന്നി. കോടതി ഉത്തരവ് നേരിട്ട് എത്തിക്കാനായി ഔദ്യോഗികവസതിയിലെത്തിയ ഹൈക്കോടതി ജീവനക്കാരന്റെ ഉദ്ദേശ്യശുദ്ധിയിൽ എനിക്ക് സന്ദേഹം ഉണ്ടായി. "ഈ രാത്രിയിൽ എങ്ങനെ ആരുടെ വാഹനത്തിൽ ഇവിടെ എത്തി'യെന്ന് ഞാൻ അയാളോട് ചോദിച്ചു. ക്യാംപിന് പുറത്ത് നിർത്തിയിരുന്ന ഒരു ജീപ്പ് ചൂണ്ടിക്കാണിച്ച് അയാൾ പറഞ്ഞു, "അതിലാണ് വന്നത്'. "ആരാണ് വാഹനം നൽകിയത്'. മദ്യകരാറുകാരന്റെ സഹായികളാണ് സഞ്ചരിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയതെന്ന് ചോദ്യത്തിന് മറുപടിയായി അയാൾ പറഞ്ഞു. പോലീസ് സൂപ്രണ്ട്, ആർ.ഡി.ഒ. എന്നിവരെ ഞാൻ ക്യാംപ് ഹൗസിലേക്ക് വിളിച്ചുവരുത്തി.

കോടതിയുടെ അനുമതി ഇല്ലാതെ പ്രതിയുടെ വാഹനത്തിൽ അയാൾക്ക് അനുകൂലമായ ഉത്തരവ് കൈമാറാനെത്തിയത് ഉചിതമല്ല എന്നതായിരുന്നു എന്റെ നിലപാട്. മണിക്കൂറുകൾക്ക് ശേഷമാണ് ഞാൻ അയാളെ പോകാൻ അനുവദിച്ചത്. ഹൈക്കോടതി ജീവനക്കാരനെ തടഞ്ഞുവെച്ചു എന്നാണ് ഇതു സംബന്ധിച്ച് അടുത്ത ദിവസങ്ങളിലെ പത്രങ്ങളിൽ വാർത്ത വന്നത്. കോടതിയെ പ്രകോപിപ്പിക്കുന്ന ഇത്തരമൊരു നടപടി എന്തിനാണ് ചെയ്തതെന്ന് അഡ്വക്കേറ്റ് ജനറൽ അതിരാവിലെതന്നെ എന്നോട് ഫോണിൽ ആരാഞ്ഞു. കാര്യങ്ങൾ ഞാൻ അദ്ദേഹത്തിന് മുന്നിൽ വിശദമായി വിവരിച്ചു. സംതൃപ്തനായില്ലെങ്കിലും ഉദ്ദേശ്യശുദ്ധിയെ മാനിച്ച് കോടതി അലക്ഷ്യ നടപടികളിൽനിന്ന് ഒഴിവാക്കണമെന്നും മാപ്പാക്കണമെന്നും കോടതി മുമ്പാകെ അറിയിക്കാൻ അഡ്വക്കേറ്റ് ജനറൽ സന്നദ്ധനായി.

വിവാദ മദ്യവിൽപ്പനക്കാരനിൽനിന്ന് അവസാനഘട്ട നികുതി കുടിശിക ഈടാക്കുന്നതിനായി അദ്ദേഹത്തിന്റെ വസ്തുവകകൾ ലേലം ചെയ്യുന്നതിനുള്ള തീയതി ഉറപ്പിക്കുന്ന ഉത്തരവ് ഞാൻ തയ്യാറാക്കി. ലേലത്തീയതിയുടെ തൊട്ട് മുൻദിവസം തൃശൂർ ജില്ലാകലക്ടറായുള്ള സേവനം അവസാനിപ്പിക്കാനുള്ള സർക്കാർ ഉത്തരവാണ് എന്നെ തേടി എത്തിയത്. വയനാട് ജില്ലാ കലക്ടർ ആയാണ് എന്റെ നിയമനം.

ഡോ. സുകുമാർ അഴീക്കോട്

സ്ഥലമാറ്റം വൻപ്രതിഷേധത്തിനാണ് വഴിവെച്ചത്. തേക്കിൻകാട് മൈതാനത്ത് അനിശ്ചിതകാല ധർണ്ണ പ്രഖ്യാപിക്കപ്പെട്ടു. ഡോക്ടർ സുകുമാർ അഴീക്കോട് ഉദ്ഘാടനം ചെയ്ത പ്രക്ഷോഭത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സാംസ്‌കാരിക നായകർ പങ്കെടുത്തു. സി.പി.ഐ. നേതാക്കളിൽ ചിലർ എന്റെ സ്ഥലമാറ്റത്തിനായി സമ്മർദ്ദം ചെലുത്തിയിരുന്നു. പദവി ഒഴിയരുതെന്നും ചുമതലകൾ കൈമാറരുതെന്നും നിരവധിപേർ എന്നോട് വ്യക്തിപരമായും ആവശ്യപ്പെട്ടു. സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റ സംഭവമായി ഇത് പരിണമിച്ചു. കക്ഷിഭേദമന്യേ തൃശൂർ ജില്ലാപഞ്ചായത്ത് പ്രതിനിധികൾ എന്റെ നടപടികളെ പിന്തുണച്ചു. ജില്ലാപഞ്ചായത്ത് അധ്യക്ഷയായ വിശാലാക്ഷി ടീച്ചർ സി.പി.ഐ.എം. പ്രതിനിധിയായിരുന്നെങ്കിലും എന്റെ പ്രവർത്തനത്തെ സർവ്വാത്മനാ പിന്താങ്ങി. പാർട്ടി ജില്ലാ കമ്മിറ്റി ഒന്നടങ്കം എന്നോടൊപ്പം നിൽക്കുന്നതിന് കാരണമായതും ഇവരുടെ മനോഭാവമാണ്.

സർക്കാരിനെതിരേ പ്രതിഷേധം വ്യാപകമായതോടെ മുഖ്യമന്ത്രി കോപിച്ചു. ചീഫ് സെക്രട്ടറി എനിക്ക് പകരം നിയമിതനായ രാജുനാരായണ സ്വാമിക്ക് ചുമതലകൾ കൈമാറണമെന്നും കലക്ടറായി വയനാട്ടിൽ പ്രവർത്തിക്കണമെന്നും നിർദേശിച്ചു. കേന്ദ്രീയ വിദ്യാലയം ഇല്ല എന്നതുകൊണ്ട് കുട്ടികളുടെ പഠനം നിലയ്ക്കുമെന്ന് ചീഫ് സെക്രട്ടറിയോട് ഞാൻ പറഞ്ഞു. തീരുമാനത്തിന് മാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ നാൽപ്പത്തിയഞ്ച് ദിവസം അവധിക്ക് അപേക്ഷ നൽകി ഞാൻ പുരജോലന്ദയിലേക്ക് പോയി. സർക്കാർ തീരുമാനത്തെ അംഗീകരിക്കണമെന്ന ഉപദേശമാണ് ഭൂരിഭാഗം പേരിൽ നിന്നും എനിക്കു ലഭിച്ചത്.

Comments