മാങ്ങാട് രത്നാകരൻ, തോമസ് ജേക്കബ്.

വേറിട്ടൊരു
വായന

2025-ലെ ‘വായനയില്ലായ്മ’യിൽനിന്ന് വേറിട്ടൊരു പുസ്തകാനുഭവം തെരഞ്ഞെടുക്കുകയാണ് തോമസ് ജേക്കബ്.

പുസ്തകങ്ങൾക്ക് അവതാരികകൾ എഴുതിയെഴുതിയാണ് എന്റെ ഒരു വർഷം പോയത്. ആദ്യമൊന്നും ആരും എന്റെയടുത്ത് വരില്ലായിരുന്നു. ‘പത്രാധിപർ തിരിച്ചയച്ച കഥകൾ’ എന്ന പേരിൽ പുസ്തകമിറക്കിയ ബാവ താനൂർ പോലും 57 വർഷം പത്രപ്രവർത്തകനായ എന്നെ ഒഴിവാക്കി, നാലുവർഷം മാത്രം പത്രാധിപരായ എം. എൻ. കാരശ്ശേരിയെക്കൊണ്ടാണ് എഴുതിച്ചത്.

പിന്നെ എങ്ങനെയോ ഒരു പ്രവാഹമായിരുന്നു. സേതുവും കാന്തപുരം അബൂബക്കർ മുസ്ല്യാരും അവരുടെ ആത്മകഥകൾക്ക് അവതാരിക എഴുതാൻ സമീപിച്ചപ്പോൾ അത് എഴുതിയിട്ട് നിർത്തുകയോ അല്ലെങ്കിൽ സ്വയമൊരു വടക്കുംകൂർ രാജരാജവർമ്മയാകുകയോ ചെയ്യാൻ തീരുമാനിച്ചു.

വടക്കുംകൂറിനു പറ്റിയ അധികപ്പറ്റിനെപ്പറ്റി കേട്ടിട്ടില്ലേ. സ്വന്തം പുസ്തകത്തിന് ഗ്രന്ഥകാരന്മാർ തന്നെ അവതാരിക എഴുതുമായിരുന്ന സുന്ദരകാലത്ത് വടക്കുംകൂറിന്റെ ഉത്തരഭാരത മഹാകാവ്യത്തിന് അദ്ദേഹം തന്നെ എഴുതിയ അവതാരികയ്ക്ക് നീളം വളരെ കൂടിപ്പോയതിനാൽ, അത് പുസ്തകത്തിൽ ചേർക്കാൻ പറ്റിയില്ല. അത് പിന്നീട് ശ്രീമഹാഭാരത പ്രവേശിക എന്ന പേരിൽ വേറൊരു പുസ്തകമാക്കുകയായിരുന്നു. പുസ്തകമാക്കിയ നിലക്ക് അതിന് ഒരു അവതാരിക എഴുതിക്കാമായിരുന്നു.

വെള്ളമടിക്ക് ജീവിതശൈലീരോഗങ്ങൾ എന്ന പ്രയോഗം കൊണ്ടു തന്നെ ഈ പുസ്തകത്തിന്റെ വില മുതലാകും. തട്ടിൻപുറത്തെ ‘പദ്ധതിപ്രദേശങ്ങൾ’ എന്നപോലെ വേറെയും എത്ര പ്രയോഗങ്ങൾ.

ഉള്ളൂരിന്റെ ജീവചരിത്രത്തിന് അവതാരിക എഴുതിക്കാൻ വടക്കുംകൂറിനെ ഏൽപ്പിച്ച് തെക്കുംകൂറിലെ സാഹിത്യ പ്രവർത്തക സഹകരണ സംഘം (എസ്.പി.സി.എസ്) പുലിവാല് പിടിച്ചു. 500 പേജ് വന്നതിനാൽ ആ അവതാരികയും പിന്നീട് വേറെ പുസ്തകമാക്കുകയായിരുന്നു. അവതാരിക പേടിച്ച് പിന്നീട് ആരും ആ വഴിക്ക് പോയിട്ടില്ല. ഇത്തരമൊരു ചതിയെ കുറിച്ച് ആലോചിച്ചിരിക്കുമ്പോൾ അവതാരികക്ക് കിട്ടിയത് മാങ്ങാട് രത്നാകരന്റെ സുഭാഷിതങ്ങൾ ആണ്.

രണ്ട് മിനിറ്റുകൊണ്ട് വായിച്ചു തീർക്കാവുന്നതേയുള്ളൂ അതിലെ ഓരോ അദ്ധ്യായങ്ങളും. അതുകൊണ്ടുതന്നെ അവതാരികയും ചെറുതായിരുന്നു. അത് ഇങ്ങനെ:

മാങ്ങാട് രത്നാകരന്റെ രണ്ട് മിനുറ്റ് നൂഡിൽസിന്റെ മുന്നിലാണ് നമ്മൾ. ഒരു രണ്ടു മിനുറ്റിനെ ഞാനും പടച്ചുനോക്കട്ടെ.

കാൻസർ വന്ന് പതിനാറാം വയസ്സിൽ മരിച്ച ഗീതാഞ്ജലിയുടെ കവിതാസമാഹാരം ഇംഗ്ലണ്ടിൽ നക്ഷത്രത്തിളക്കത്തോടെയാണ് പ്രസിദ്ധീകരിച്ചത്. കാസർകോട്ടെ പേരുകേട്ട ശ്രീനിവാസ മുദ്രണാലയത്തിലെ ഒരു സുഹൃത്ത് രത്നാകരന്റെ കൈയ്യിൽ ഈ പുസ്തകം കാണാനിടയായി. ഇന്ത്യയിൽ ഇനിയും ഈ പുസ്തകം വിൽപ്പനക്ക് എത്തിയിട്ടില്ലെന്ന് രത്നാകരൻ ഗമയടിച്ചു.

അവതാരിക പേടിച്ച് പിന്നീട് ആരും ആ വഴിക്ക് പോയിട്ടില്ല. ഇത്തരമൊരു ചതിയെ കുറിച്ച് ആലോചിച്ചിരിക്കുമ്പോൾ അവതാരികക്ക് കിട്ടിയത് മാങ്ങാട് രത്നാകരന്റെ സുഭാഷിതങ്ങൾ  ആണ്.
അവതാരിക പേടിച്ച് പിന്നീട് ആരും ആ വഴിക്ക് പോയിട്ടില്ല. ഇത്തരമൊരു ചതിയെ കുറിച്ച് ആലോചിച്ചിരിക്കുമ്പോൾ അവതാരികക്ക് കിട്ടിയത് മാങ്ങാട് രത്നാകരന്റെ സുഭാഷിതങ്ങൾ ആണ്.

പുസ്തകം മറിച്ചുനോക്കിയ സുഹൃത്തിന്റെ കണ്ണുകൾ നീണ്ടകവിതയുടെ ഒരു പേജിൽ തങ്ങിനിൽക്കുന്നതുകണ്ട്, ആ കവിത അവനിഷ്ടപ്പെട്ടു കാണണം എന്നു സന്തോഷിച്ച രത്നാകരനോട് അവൻ അതികനത്തിൽ പറഞ്ഞു: ഞങ്ങളുടെ പ്രസ്സിൽ ഈ ഫോണ്ട് (ഇത്തരം അക്ഷരങ്ങൾ) ഉണ്ട്.

വെള്ളമടിക്ക് ജീവിതശൈലീരോഗങ്ങൾ എന്ന പ്രയോഗം കൊണ്ടു തന്നെ ഈ പുസ്തകത്തിന്റെ വില മുതലാകും. തട്ടിൻപുറത്തെ ‘പദ്ധതിപ്രദേശങ്ങൾ’ എന്നപോലെ വേറെയും എത്ര പ്രയോഗങ്ങൾ.

തെലുങ്കിൽ പത്തു വരി കീച്ചാനുള്ള സ്വന്തം കഴിവിനെപ്പറ്റി വീമ്പടിക്കുകയാണ് അടൂർ ഭാസിയുടെ ചേട്ടൻ ചന്ദ്രാജി.

ഒരമ്മയെയും കുഞ്ഞിനെയും ക്യൂവിൽ കയറ്റാത്ത ഒരു ആജാനുബാഹുവിനെ നേരിട്ടതാണ് കഥാസന്ദർഭം. ആ പേരറിയാസത്വത്തിനു മുന്നിൽ ചെന്ന് ചന്ദ്രാജി വിളിച്ചു: ഹേ, ആജാനു ബാഹുലൂ.
പിന്നെ പിഞ്ചുശിശുവിനെ ചൂണ്ടിപ്പറഞ്ഞു: പിഞ്ചുശിശുലു.
ഒരു കമന്റ് കൂടി പാസാക്കി: മനുഷ്യസഹജലൂ.
ബാഹുവിന്റെ മനസ്സലിഞ്ഞു. ക്യൂവിൽ പ്രവേശനമായി.

ഗംഭീരലു - രത്നാകരൻ പറഞ്ഞു.

തെറ്റ് - ചന്ദ്രാജി പറഞ്ഞു: ഗംഭീരമു

ഈ ഉലുവയൊക്കെ എവിടെ കൊണ്ടുചെന്ന് അവസാനിപ്പിക്കുമെന്ന് നമ്മൾ ശങ്കിക്കുമ്പോൾ രത്നാകരൻ പറയുന്നു: ശരിയാണ് ഗുരുജീ, തെലുങ്ക് വ്യാകരണത്തിന്റെ കാര്യത്തിൽ ഞാനിപ്പോഴും സംശയാലു ആണ്.

ഗംഭീരം രത്നാകരലൂ, ഞങ്ങൾ അടുത്ത പുസ്തകത്തിനായി കാത്തിരിക്കുന്നു.

വേറെ കൊള്ളാവുന്നവർ അവതാരിക എഴുതിയ പുസ്തകത്തിന്.

അവതാരികയെഴുത്തുകാരണം പുസ്തകങ്ങൾ വായിക്കാൻ കഴിഞ്ഞില്ല എന്നാണല്ലോ പറഞ്ഞുവന്നത്. അപ്പോൾ അവതാരിക എഴുതിയത് പുസ്തകം വായിക്കാതെയാണോ എന്ന ചോദ്യം ഞാൻ കേൾക്കുന്നു.

ഉവ്വ്, അതിനെ വായനയെന്നാണോ പറയുന്നത്, പീഡനമെന്നല്ലേ?


Summary: Thomas Jacob writes about his reading experiences in 2025.


തോമസ് ജേക്കബ്

മാധ്യമപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍. ‘മലയാള മനോരമ’യുടെ എഡിറ്റോറിയല്‍ ഡയറക്ടറായിരുന്നു. കേരള പ്രസ് അക്കാദമി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കഥക്കൂട്ട്, കഥാവശേഷര്‍, ചന്ദ്രക്കലാധരന്‍ എന്നിവയാണ് പ്രധാന പുസ്തകങ്ങള്‍.

Comments