ഹാമിദ് ഇസ്മായിലോവ്, ടി.പി. സജീവൻ.

ഒരു മഹാരാഷ്ട്രത്തിന്റെ
അണ്ടർഗ്രൗണ്ട്

സാഹിത്യരചനകളുടെ പേരിൽ ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയായി മാറിയതോടെ, അറസ്റ്റ് ചെയ്യപ്പെടുമെന്ന സാഹചര്യത്തിൽ, താഷ്ക്കെൻറിലെ വീടുവിട്ട് ഇംഗ്ലണ്ടിലേക്ക് പലായനം ചെയ്യേണ്ടിവന്ന ഉസ്ബെക്ക് കവിയും നോവലിസ്റ്റുമാണ് ഹമീദ് ഇസ്മായിലോവ്. സ്വന്തം രാഷ്ട്രമായ ഉസ്ബെക്കിസ്ഥാനിൽ അദ്ദേഹത്തിന്റെ കൃതികൾക്ക് ഇപ്പോഴും നിരോധനമുണ്ട്.

ലണ്ടനിലെത്തി BBC-യ്ക്കുവേണ്ടി പ്രവർത്തിക്കുന്നതിനുമുമ്പ് മോസ്ക്കോയിലെ അഭിശപ്തമായ അന്തരാളഘട്ടവും അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായിരുന്നു. അഭയാർത്ഥിയെന്ന നിലയിൽ സ്വാസ്ഥ്യമില്ലാതെ അലഞ്ഞ ആ മോസ്ക്കോകാലം ഈ നോവലിന്റെ പിറവിക്ക് നിദാനമായിട്ടുണ്ടാകണം.

ഉസ്ബെക്ക് ഭാഷയിലും റഷ്യനിലുമെഴുതുന്ന ഹമീദ് ഇസ്മായിലോവ് 1992- ലാണ് സോവിയറ്റ് ജന്മനാട്ടിൽനിന്ന് പലായനം ചെയ്യുന്നത്. ഭരണകൂടത്തിന്റെ കടുത്ത സെൻസർഷിപ്പിന്റെ ഇര കൂടിയായ ഹമീദ് ഇസ്മായിലോവിന്റെ കൃതികൾ കഴിഞ്ഞ 20 വർഷമായി സ്വന്തം രാജ്യത്ത് നിരോധിക്കപ്പെട്ടിരിക്കുകയാണ്. ഇസ്മായിലോവിന്റെ റെയിൽവേ എന്ന നോവലിന്റെ ചില അധ്യായങ്ങൾ പ്രസിദ്ധീകരിച്ചതിന് ഒരു മാസികയുടെ പത്രാധിപസമിതി അംഗങ്ങൾ ഒന്നടങ്കം ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.

തന്റെ എഴുത്തുകാരണം ആളുകൾക്ക് അവരുടെ ജോലിയും ശമ്പളവുമൊക്ക നഷ്ടപ്പെട്ടിട്ടുണ്ട്; അതിനാൽ, ഒരേസമയം ഇരയും കുറ്റവാളിയുമാണ് താനെന്ന് ഇസ്മായിലോവ് പറയാറുണ്ട്. പാശ്ചാത്യലോകത്തേക്ക് കൂടുതൽ കടന്നു ചെല്ലുന്തോറും സ്വന്തം രാജ്യത്തെ പഴയ സാഹിത്യമാണ് അദ്ദേഹം കൂടുതലായും വായിക്കുന്നത്. അതിൽ സോവിയറ്റ് സാഹിത്യവും ഉൾപ്പെടുന്നു. ശ്രദ്ധേയനായ വിവർത്തകൻ കൂടിയാണ് ഇസ്മായിലോവ്. ഗാർസ്യ ലോർകയുടെ കവിതകളുൾപ്പെടെ നിരവധി രചനകൾ അദ്ദേഹം ഉസ്ബെക്ക് ഭാഷയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.

നിമഗ്നജനതയും
പ്രതിനിധാനത്തിന്റെ പ്രശ്‌നങ്ങളും

തന്റെ എഴുത്തിലെന്നപോലെ പൊതുവിൽ സാഹിത്യത്തോടുള്ള സമീപനങ്ങളിലും ഹമീദ് ഇസ്മായിലോവ് വെച്ചുപുലർത്തുന്ന ഉറച്ച നിലപാടുകൾ മനസ്സിലാക്കുന്നത്, അദ്ദേഹത്തിന്റെ കൃതികളെ കൂടുതൽ തികവോടെ ഉൾക്കൊള്ളാൻ നമ്മെ സഹായിച്ചേക്കാം.

വായനക്കാരും എഴുത്തുകാരനുമെന്ന നിലയിൽ തന്റെ ചുറ്റുപാടിലുള്ള യാഥാർത്ഥ്യം റഷ്യൻ സാഹിത്യം ആവിഷ്ക്കരിച്ചുകണ്ടിട്ടില്ല എന്നതാണ് ഹമീദ് ഇസ്മായിലോവിന്റെ പ്രഖ്യാപിത നിലപാട്. പല ദേശീയതകളെയും പ്രതിനിധാനം ചെയ്യുന്ന മനുഷ്യരുടെ ജീവിതം, സംസ്കാരങ്ങൾ, വിശ്വാസങ്ങൾ എന്നിവയുടെ മെൽറ്റിങ് പോട്ടായിരുന്നിട്ടും ഈ അനുഭവസമൃദ്ധി സോവിയറ്റ് സാഹിത്യത്തിൽ ആവിഷ്കരിക്കപ്പെട്ടു കണ്ടിട്ടില്ല.

സോവിയറ്റ് യൂണിയനിൽ ജീവിച്ച ഒരു മുസ്ലീമെന്ന നിലയിൽ റഷ്യയിലെ ഇസ്ലാമിന്റെ എണ്ണമറ്റ സാംസ്കാരിക വൈവിധ്യങ്ങളെക്കുറിച്ച് ഹമീദ് ഇസ്മായിലോവ് എടുത്തു പറയുന്നു. അവയോരോന്നും തികച്ചും വ്യത്യസ്തമായ ഓരോ ഇഴകളാണ്.

ഇതേ പ്രശ്നം പാശ്ചാത്യ സാഹിത്യത്തിലുമുണ്ടെന്ന് സമീപകാല ബ്രിട്ടീഷ് സാഹിത്യത്തെ ഉദാഹരിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അപൂർവ്വം ചില കൃതികളൊഴിച്ചു നിർത്തിയാൽ അവ ദേശീയവും വംശീയവുമായ ഏകശിലാത്മകതയിൽ തളഞ്ഞുകിടക്കുന്നതായി കാണാം. ഇയാൻ മക് ഈവന്റെ നോവലുകളിൽ നിങ്ങൾ കറുത്തവനെയോ ചൈനക്കാരനെയോ കരീബിയൻസിനെയോ കാണുകയില്ല. ജാപ്പനീസ് വംശജനായിരുന്നിട്ടു കൂടി ഇഷിഗുരൊ ഇംഗ്ലീഷുകാരെക്കുറിച്ചു മാത്രമാണ് എഴുതിയത്. ബഹുദേശീയസ്വത്വങ്ങളുടെ പ്രതിനിധാനം മുഖ്യധാരാ ബ്രിട്ടീഷ് സാഹിത്യത്തിൽ ഉണ്ടാകുന്നില്ല. സോവിയറ്റ് സാഹിത്യം വായിക്കുമ്പോൾ അതിൽ ഏകാത്മകത്വമുള്ള (homogenous) മനുഷ്യരുടെ ലോകമാണ് കാണാൻ കഴിയുക. സ്ലാവിക് വംശജരായ വെളുത്ത ക്രൈസ്തവന്റെ ജീവിതം മാത്രമാണ് അവയിൽ പൊതുവിൽ പ്രതിഫലിക്കുന്നത്. ജൂതന്മാർ, ജിപ്സികൾ, കൊറിയക്കാർ, ചെച്നിയക്കാർ, ടാട്ടാറുകൾ തുടങ്ങിയവരുടെയൊന്നും ശബ്ദം പലപ്പോഴും സോവിയറ്റ് സാഹിത്യം കേൾപ്പിക്കുന്നില്ല.

മുസ്ലീങ്ങളെ ഒരൊറ്റ സാംസ്കാരിക സ്വത്വം പുലർത്തുന്നവരായി കാണുന്ന യൂറോ - കേന്ദ്രിത പാശ്ചാത്യ സമീപനങ്ങളെ ഹമീദ് ഇസ്മായിലോവ് വിമർശനാത്‌മകമായി കാണുന്നു. സോവിയറ്റ് യൂണിയനിൽ ജീവിച്ച ഒരു മുസ്ലീമെന്ന നിലയിൽ റഷ്യയിലെ ഇസ്ലാമിന്റെ എണ്ണമറ്റ സാംസ്കാരിക വൈവിധ്യങ്ങളെക്കുറിച്ച് അദ്ദേഹം എടുത്തു പറയുന്നു. അവയോരോന്നും തികച്ചും വ്യത്യസ്തമായ ഓരോ ഇഴകളാണ്. വൈവിധ്യപൂർണ്ണമായ അത്തരം ഇഴകളെ കാണാതെ പോകുന്നതിന്റെ പ്രശ്നമുണ്ട്. സാമൂഹികക്രമത്തിൽ ദൃശ്യത ലഭിക്കാത്ത ഒരു നിമഗ്നജനതയായി (submerged people) അവർ ഇപ്പോഴും തുടരുന്നു. അതിനാൽ, റഷ്യൻ സമൂഹത്തിലെ എല്ലാവരുടെയും ശബ്ദം കേൾപ്പിക്കാനാണ് തന്റെ ശ്രമമെന്ന് ഹമീദ് ഇസ്മയിലോവ് പറയുന്നു. അത് റഷ്യക്കോ ഉസ്ബെക്കിസ്ഥാനോ വേണ്ടി മാത്രമുള്ളതല്ല. തന്റെ സാഹിത്യരചനയെ സാംസ്കാരികവും സൗന്ദര്യശാസ്ത്രപരവുമായ ഉത്തരവാദിത്വം നിറവേറ്റലായാണ് അദ്ദേഹം കാണുന്നത്.

മുസ്ലീങ്ങളെ ഒരൊറ്റ സാംസ്കാരിക സ്വത്വം പുലർത്തുന്നവരായി കാണുന്ന യൂറോ - കേന്ദ്രിത പാശ്ചാത്യ സമീപനങ്ങളെ ഹമീദ് ഇസ്മായിലോവ് വിമർശനാത്‌മകമായി കാണുന്നു. സോവിയറ്റ് യൂണിയനിൽ ജീവിച്ച ഒരു മുസ്ലീമെന്ന നിലയിൽ റഷ്യയിലെ ഇസ്ലാമിന്റെ എണ്ണമറ്റ സാംസ്കാരിക വൈവിധ്യങ്ങളെക്കുറിച്ച് അദ്ദേഹം എടുത്തു പറയുന്നു.
മുസ്ലീങ്ങളെ ഒരൊറ്റ സാംസ്കാരിക സ്വത്വം പുലർത്തുന്നവരായി കാണുന്ന യൂറോ - കേന്ദ്രിത പാശ്ചാത്യ സമീപനങ്ങളെ ഹമീദ് ഇസ്മായിലോവ് വിമർശനാത്‌മകമായി കാണുന്നു. സോവിയറ്റ് യൂണിയനിൽ ജീവിച്ച ഒരു മുസ്ലീമെന്ന നിലയിൽ റഷ്യയിലെ ഇസ്ലാമിന്റെ എണ്ണമറ്റ സാംസ്കാരിക വൈവിധ്യങ്ങളെക്കുറിച്ച് അദ്ദേഹം എടുത്തു പറയുന്നു.

മരിച്ചവന്റെ ആഖ്യാനവും
മോസ്ക്കോ മെട്രോ എന്ന രൂപകവും

എംബോബൊ എന്ന വിളിപ്പേരുള്ള കിരിലിന്റെ മരണാനന്തര ആഖ്യാനമാണ് അണ്ടർഗ്രൗണ്ട് എന്ന നോവൽ. പന്ത്രണ്ടാമത്തെ വയസ്സിൽ അപമൃത്യുവിനിരയായ എംബോബൊ ഒന്നരപ്പതിറ്റാണ്ടിനുശേഷം തന്റെ ദുരന്താത്മകമായ ജീവിതപ്പാതയിലൂടെ മോസ്കോ നഗരത്തിലെ മെട്രോതീവണ്ടിയിലെന്നവണ്ണം ഓർമ്മകളിലൂടെ സഞ്ചരിക്കുകയാണ്. മരിച്ചവന്റെ ഈ ആഖ്യാനത്തിൽ സോവിയറ്റ് യൂണിയന്റെ പതനത്തിന് തൊട്ടുമുമ്പുള്ള കാലത്തെ മോസ്കോയുടെ സാംസ്കാരിക ഭൂപടം കൂടി നിവർന്നുവരുന്നു. ഏറെ കാവ്യാത്മക ഭാഷയിലാണ് മോസ്കോയുടെ അധോലോകപുത്രനായി സ്വയം വിശേഷിപ്പിക്കുന്ന എംബോബൊ തന്റെ ജീവിതാഖ്യാനം നിർവ്വഹിക്കുന്നത്. അതിൽ മരണവും ഏകാന്തതയും ഓർമ്മകളും കൂടിപ്പിണഞ്ഞ് വിഷാദഗ്രസ്തമായ തമോലോകങ്ങൾ രൂപപ്പെടുന്നു. 1980- ലെ മോസ്കോ ഒളിമ്പിക്സിൽ പങ്കെടുക്കാനെത്തിയ ആഫ്രിക്കൻ അത് ലറ്റിന്റെയും പാതി കൊക്കേഷ്യൻ കൂടിയായ ഒരു സൈബീരിയൻ വനിതയുടെയും മകനാണ് എംബോബൊ. അവന്റെ അമ്മ മരിച്ചിട്ട് നാലു വർഷം കഴിഞ്ഞപ്പോൾ അവനും ജീവൻ വെടിഞ്ഞു. ഇപ്പോൾ കുഴിമാടത്തിൽനിന്നാണ് അവന്റെ കഥപറച്ചിൽ. ജീർണ്ണിക്കുന്ന ശരീരത്തിൽ ചികഞ്ഞുമടുത്ത് പുഴുക്കൾ പോലും അവനെ ഉപേക്ഷിച്ചിരിക്കുന്നു. അവന്റെ ശരീരത്തിലാകെ നിറയുന്ന ശൂന്യതയിലേക്ക് പെയ്തുതോർന്ന മഴയ്ക്കുശേഷം ജലം മെട്രോ തീവണ്ടികൾപോലെ കുതിച്ചെത്തുന്നു. മരണത്തിന്റെ അപരലോക യാഥാർത്ഥ്യത്തിൽനിന്ന് തന്റെ ജീവിതമെന്ന അയാഥാർത്ഥ്യത്തെ എംബോബൊ നോക്കിക്കാണുന്നു. ചരിത്രത്തിലേക്ക് മറഞ്ഞു പോകുന്ന സോവിയറ്റ് റഷ്യയ്ക്കുള്ള ഒരു ഹംസഗീതം കൂടിയായി അത് മാറുന്നു.

കവിതയോടും കഥപറച്ചിലിനോടുമുള്ള ഭ്രമം കാരണം പുഷ്കിൻ എന്ന വിളിപ്പേരു കൂടി അവനുണ്ട്. മഹാകവി അലക്സാണ്ടർ പുഷ്കിന്റെ അമ്മയുടെ പൂർവ്വികർ എത്യോപ്യയിൽ നിന്ന് റഷ്യയിലേക്ക് കുടിയേറിയവരായിരുന്നു. ആഖ്യാതാവായ എംബോബൊയുടെ സാഹിത്യക്കമ്പം കാരണമാവാം റഷ്യൻ സാഹിത്യത്തിലെ അതികായരായ ദസ്തയെവ്സ്കി, ഗോർക്കി, തർഗനേവ്, പുഷ്കിൻ, നബൊകോവ്, പ്ലേറ്റനോവ് തുടങ്ങിയവർ ഈ നോവലിലെമ്പാടും നിറഞ്ഞുനിൽക്കുന്നു. അന്ന കരിനീനയോട് സമാനത പുലർത്തുന്ന നോവലിന്റെ അന്ത്യത്തിൽ സാക്ഷാൽ ടോൾസ്റ്റോയ് തന്നെ പ്രത്യക്ഷപ്പെടുന്നുണ്ട്.

വംശസങ്കരത്തിന്റെ ജനിതകം പേറേണ്ടിവന്ന എംബോബൊയ്ക്ക് തന്മൂലമനുഭവിക്കേണ്ടിവന്ന തിക്തതകൾ അളവറ്റതായിരുന്നു. റഷ്യക്കാരനായിരുന്നിട്ടും കറുത്തവനായിരുന്നതിനാൽ അവന് നിത്യവും വംശീയാതിക്രമത്തിന് ഇരയാകേണ്ടി വരുന്നുണ്ട്. സ്‌കൂളിൽ വെച്ചുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിലായപ്പോഴും രണ്ടു പേർ അവനെ കെട്ടിയിട്ട് വംശീയാധിക്ഷേപം ചൊരിയുന്നുണ്ട്. റഷ്യൻ സ്വത്വമെന്നാൽ എന്താണ് എന്ന ചോദ്യം ഇവിടെ സംഗതമാകുന്നു. റഷ്യൻ സാഹിത്യത്തിലും കലയിലും സംഗീതത്തിലും പ്രത്യക്ഷത്തിൽ നാം പരിചയിച്ചിട്ടുള്ള തലങ്ങളിൽ മാത്രം നിർവ്വചിച്ചു നിർത്താൻ കഴിയുന്ന ഒന്നാണോ അത്? സോവിയറ്റ് യൂണിയൻ എന്നത് സാജാത്യ വൈജാത്യങ്ങൾ നിറഞ്ഞ അനേകം സാംസ്‌കാരിക ദേശീയതകളെ സംവഹിച്ച ഒന്നായിരുന്നു എന്ന് അതിന്റെ ശിഥിലീകരണത്തിനുശേഷം ഉടലെടുത്ത രാഷ്ട്രങ്ങളെ വേറിട്ടു പരിചയിക്കുമ്പോൾ വ്യക്തമാകും.

ക്രിസ്തുവിനെ പരാമർശിക്കുന്ന ഒരു സന്ദർഭത്തിൽ, ക്രിസ്തുവിന് തന്റെ ആത്മാവിനെ മനസ്സിലാകുമെന്ന് ആശ്വസിക്കുന്ന എംബോബൊ അടുത്ത നിമിഷം സ്വയം ചോദിക്കുന്നത്, താൻ എന്തുതരം ക്രിസ്ത്യാനിയായിരിക്കുമെന്നാണ്.

USSR-ന്റെ ഭാഗമായിരുന്ന ഉസ്‌ബെക്കിസ്ഥാനിൽ നിന്നുള്ള ഈ എഴുത്തുകാരൻ തന്റെ കൃതിയിലുടെ ഉന്നയിക്കുന്ന അടിസ്ഥാനപ്രശ്‌നവും റഷ്യൻ സ്വത്വത്തിന്റെ പ്രത്യക്ഷക്കാഴ്ച്ചയിലെ ഏകാത്മകസ്വരൂപത്തിനപ്പുറമുള്ള അതിന്റെ പല പ്രകാരത്തിലുള്ള ഉൾപ്പിരിവുകളെ സംബന്ധിക്കുന്നായിരുന്നു. സോവിയറ്റ് / സോവിയറ്റനന്തര കാലത്തെ ‘റഷ്യൻനെസ്സ്’ എന്ന സങ്കല്പനത്തെ ഈ കൃതി പ്രശ്‌നവത്ക്കരിക്കുന്നു. സോവിയറ്റ് കോസ്‌മോപൊലിറ്റനിസത്തിൽ നിഹിതമായ ആന്തരിക വൈരുദ്ധ്യങ്ങളെ ഇസ്മായിലോവ് നിശിത വിമർശനത്തിനു വിധേയമാക്കുന്നു.

മോസ്ക്കോയിലെ മെട്രോ സ്റ്റേഷനുകളുടെ പേരാണ് ഓരോ അധ്യായത്തിനും നൽകപ്പെട്ടിരിക്കുന്നത്. എംബോബൊയുടെ ജനനം തന്നെ Oktyabrsloya സ്റ്റേഷനടുത്തായിരുന്നു. Kropotkinskaya എന്ന മെട്രോസ്റ്റേഷന്റെ പേരിലുള്ള അധ്യായം ആരംഭിക്കുന്നത് ഇങ്ങനെ: എന്റെ ശരീരത്തിന് എന്നെങ്കിലും ഒരു ശവകുടീരം വേണമെന്നുണ്ടെങ്കിൽ ഞാൻ ഈ സ്റ്റേഷൻ തെരഞ്ഞെടുക്കും.
പക്ഷേ, പിന്നാലെ മറ്റൊരു ചിന്ത എംബോബൊയെ കീഴടക്കും. മരിച്ചുകഴിഞ്ഞാൽ പിന്നെ എവിടെ കിടന്നാലെന്ത്? ഏതു സ്റ്റേഷനിലേക്കുള്ള ദൂരവും അനശ്വരതയിലേക്കുള്ള ദൂരത്തിന് തുല്യംതന്നെ.

മോസ്ക്കോയിലെ മെട്രോ സ്റ്റേഷനുകളുടെ പേരാണ്  ഓരോ അധ്യായത്തിനും നൽകപ്പെട്ടിരിക്കുന്നത്.
മോസ്ക്കോയിലെ മെട്രോ സ്റ്റേഷനുകളുടെ പേരാണ് ഓരോ അധ്യായത്തിനും നൽകപ്പെട്ടിരിക്കുന്നത്.

മോസ്കോയിലെ ഭൂഗർഭ റെയിൽവേയാണ് എംബോബൊയുടെ അഭയകേന്ദ്രവും അധോലോകവും. മോസ്കോ നഗരശരീരത്തിന്റെ സിരാപടലമായിരുന്നു മെട്രോ ടണലുകൾ; മോസ്കോയുടെ അസ്‌ഥിപഞ്ജരവും ഗർഭപാത്രവും അതുതന്നെ. കമ്യൂണിസത്തിന്റെയും സോവിയറ്റ് നാടിന്റെയും ഏറ്റവും മികച്ച മ്യൂസിയം മോസ്കോ മെട്രോ തന്നെയെന്ന് എംബോബൊ കരുതുന്നു.

ഏകാന്തതയും അന്ധകാരവും നിറഞ്ഞ മെട്രോയുടെ അധോലോകമാണ് അവന്റെ ഏറ്റവും പ്രിയപ്പെട്ട ഇടമായി മാറുന്നത്. കഥകളിലും കവിതകളിലും സാന്ത്വനം തേടിക്കൊണ്ട് തന്റെ ജീവിതത്തിന്റെ ഭാഗധേയം നിർണ്ണയിക്കുന്ന തീവണ്ടി നിലയങ്ങളിലൂടെ അവൻ കടന്നുപോകുന്നു. യാത്രാവണ്ടികളിലെ യാത്രികർ ഒരു വിചിത്രപ്രാണിയെ എന്ന പോലെ അവനെ തുറിച്ചു നോക്കുന്നു. താൻ റഷ്യക്കാരനാണോ എന്ന ചോദ്യത്തെ അവന് പലപ്പോഴും നേരിടേണ്ടി വരുന്നുണ്ട്. അതെ, ഞാൻ കറുത്ത റഷ്യനാണ്; മാതൃദേശത്ത് നിരന്തരം അന്യവത്ക്കരിക്കപ്പെടുമ്പോൾ എംബോബൊമാർ ആവർത്തിച്ചുകൊണ്ടേയിരിക്കുന്ന ഉത്തരമാണത്. ഒരിക്കൽ മെട്രോ സ്റ്റേഷനിലെ ഒരു ഗാർഡ് തമശമട്ടിൽ അവനോടു പറയുന്നതിങ്ങനെയാണ്: ഞങ്ങൾ നീഗ്രോകളെ തല്ലിയൊതുക്കാൻ തുടങ്ങിയെന്ന് പറഞ്ഞേക്കരുത്; ഞങ്ങളുടേത് ഒരു സൗഹൃദരാഷ്ട്രമാണ്.

ഒരു നീഗ്രോയ്ക്ക് ഇന്നാട്ടിൽ കഴിയുകയെന്നത് എത്ര ദുഷ്ക്കരമാണ്- ഇത്തരം സഹതാപവചനങ്ങളും പലപ്പോഴും അവൻ തന്റെ ചുറ്റും കേൾക്കാറുണ്ട്. ക്രിസ്തുവിനെ പരാമർശിക്കുന്ന ഒരു സന്ദർഭത്തിൽ, ക്രിസ്തുവിന് തന്റെ ആത്മാവിനെ മനസ്സിലാകുമെന്ന് ആശ്വസിക്കുന്ന എംബോബൊ അടുത്ത നിമിഷം സ്വയം ചോദിക്കുന്നത്, താൻ എന്തുതരം ക്രിസ്ത്യാനിയായിരിക്കുമെന്നാണ്. അച്ഛൻ കറുത്തവനും അമ്മ പാതി കൊക്കാസ് - സൈബീരിയനും ആയതിനാൽ താൻ കൊക്കാസ്- നീഗ്രോ ക്രിസ്ത്യാനിയോ എന്നവൻ സന്ദേഹിക്കുന്നു. വംശീയമായ കൂടിക്കലരലിന്റെ സന്തതികൾ ഒരു തീരത്തും നങ്കൂരമിടാനാകാതെ നടുക്കടലിൽ ഉഴറിക്കൊണ്ടേയിരിക്കുന്ന പായ്ക്കപ്പലുകളെപ്പോലെയാണ്.

സാമൂഹ്യമായ വിവേചനങ്ങളും അസ്വീകാര്യതയും നേരിടുന്ന എംബോബൊയ്ക്ക് തന്റെ സ്വാഭാവികമായ ഇടമായി അനുഭവപ്പെടുന്നത് മോസ്കോയുടെ ഭൂഗർഭതീവണ്ടിനിലയങ്ങളാണ്. ഗംഭീരമായ വാസ്തുവിദ്യയുടെ നിദർശനമായ ഭൂഗർഭ കൊട്ടാരങ്ങളും ശിൽപ്പങ്ങളും അലങ്കാരപ്പണികളുംകൊണ്ട് സമൃദ്ധമായ മോസ്കോ മെട്രോ സോവിയറ്റ് നിർമ്മിതികളുടെ പ്രാഗ്ബോധമാണെന്ന് അല്ലെങ്കിൽ അവയുടെ സംഘഅബോധമോ (collective unconscious) ആദിപ്രരൂപമോ (archetype) ആണെന്ന് തന്റെ അധോലോകത്തിലായിരിക്കവെ അവൻ സങ്കല്പിക്കാറുണ്ട്. അവയുടെ ഇരുൾവീണ ഇടനാഴികളിലും ടണലുകളിലും അവൻ സ്വയം വീണ്ടെടുക്കുന്നു. അവിടെ ഒന്നു കരയുവാൻ പോലുമാകാത്ത അവന്റെ ദുഃഖസാന്ദ്രമായ ഏകാന്തതയിൽ ഓർമകൾ ചാറിക്കൊണ്ടേയിരിക്കുന്നു.

മോസ്കോയുടെ ഭൂഗർഭതീവണ്ടിനിലയങ്ങളെ സോവിയറ്റ് സാമ്രാജ്യത്തിന്റെ തകർച്ചയുടെ ചരിത്രരൂപകങ്ങളാക്കി മാറ്റിയും, മെട്രോ സ്റ്റേഷനുകളിലൂടെയുള്ള നിലയ്ക്കാത്ത സഞ്ചാരങ്ങളെ മൃത്യുവിലൊടുങ്ങാത്ത ആഖ്യാനങ്ങളാക്കി മാറ്റിയും ഹമീദ് ഇസ്മായിലോവ് താൻ കൂടി ഭാഗമായിരുന്ന ഒരു മഹാരാഷ്ട്രം ശിഥിലമായി ചരിത്രത്തിലേക്കു മറയുന്ന അസ്തമയഘട്ടത്തെ രേഖപ്പെടുത്തുന്നു

1991- ലുണ്ടായ അട്ടിമറിയെത്തുടർന്ന് മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടപ്പോൾ അതൊരു വലിയ തടവറയായി മാറിയെന്ന് അവനു തോന്നുന്നുണ്ട്. പിന്നീട് അണ്ടർഗ്രൗണ്ട് സ്റ്റേഷനുകളുടെ പേരുമാറ്റം നടക്കുന്ന ചരിത്രസന്ധിയിൽ അണ്ടർഗ്രൗണ്ടിന്റെ ക്രൂരമായ ചതിയെക്കുറിച്ച് അവൻ വിവരിക്കുന്നുണ്ട്. അത് അവന്റെ ജീവിതത്തിന്റെ ആത്യന്തിക ദുരന്തമായും സോവിയറ്റ് റഷ്യയുടെ ശൈഥില്യമായും എംബോബെയുടെ കണ്ണുകളിലൂടെതന്നെ നാമും കാണുന്നു. ഗ്ലാസ്നോസ്തിനെയും പെരിസ്ട്രോയിക്കയെയും തുടർന്ന് 1991 ആകുമ്പോഴേക്കും നിതാന്തമായ ഒരു ശരത്കാലം മോസ്ക്കോയിൽ സംഭവിച്ചിരുന്നു.

ഭൂഗർഭ റെയിൽവേയുടെ ഇരുട്ടിൽ തന്നെ പൊതിയുന്ന സമ്പൂർണ ശൂന്യതയെ എന്ന പോലെ, തന്റെ ജീവിതത്തെ ദുരിതമയമാക്കിയ ചതിയുടെ വലയങ്ങളെയും അവൻ ഓർത്തെടുക്കുന്നുണ്ട്. അവസാനത്തെ അധ്യായമായ പുഷ്കിൻസ്കയ സ്റ്റേഷൻ (Pushkinskaya Station) ഇങ്ങനെ ആരംഭിക്കുന്നു: I know what black Pushkin felt before his black death. A great sense of betrayal! താൻ ജനിക്കുന്നതിനുമുമ്പേ തന്നെ ഉപേക്ഷിച്ചുപോയ അച്ഛനാണ് ചതിയുടെ ആദ്യവലയം തീർത്തത്. ‘മദർ മോസ്ക്കോ’ എന്ന് അവൻ വിളിക്കുന്ന അമ്മയും കഠിനമായ ജീവിതവ്യഥകളിലുടെ ഉഴറി നടക്കുന്ന ഒരുവളാണ്. മദ്യാസക്തനായ പങ്കാളി ഗ്ലെബിന്റെ പീഢനം സഹിക്കവയ്യാതെയാണ് അവൾ റെയിൽവേ പൊലീസുകാരനായ നാസറിനൊപ്പം പോകുന്നത്. അയാൾ അവളോട് അലിവു കാണിച്ചെങ്കിലും എംബോബൊയെ അകറ്റിനിർത്തുകയാണ്. ഗ്ലെബ് ചിലപ്പോഴൊക്കെ അവനോട് സ്നേഹവും സൗഹൃദവും പുലർത്തിയിരുന്നു. അവർ ഒരുമിച്ച് സാഹിത്യചർച്ചകൾ നടത്തുമായിരുന്നു. എഴുത്തുകാരനാകാൻ പരിശ്രമിക്കുന്ന ഗ്ലെബ് അവനെ പല സാഹിത്യസംവാദങ്ങൾക്കും കൊണ്ടുപോകുമായിരുന്നു. ചിലപ്പോൾ അയാൾ അക്രമാസക്തനായി മാറും. അന്നേരമയാൾ മദർ മോസ്കോയെ മർദ്ദിക്കുകയും കത്തിയെടുത്ത് കുത്താനൊരുമ്പെടുകയും ചെയ്യും. കത്തിമുനയിൽനിന്ന് രക്ഷപ്പെടാനായി അവർ വീടു വിട്ടോടിപ്പോകും. ഒടുവിൽ ഗാർഹികപീഢനത്തിന്റെ പേരിൽ കോടതി അയാളെ ശിക്ഷിക്കുന്നുണ്ട്.

റഷ്യയിലെ കീഴ്നടപ്പു പ്രകാരം, വിദൂരസ്ഥമായ സൈബീരിയൻ ഖനികളിലേക്ക് അയാൾ നാടുകടത്തപ്പെടുന്നു. രണ്ടാനച്ഛന്മാർ ഇരുവരും തന്നെ ചതിച്ചത് അവർക്കിടയിലെ ഗർത്തത്തിലേക്ക് തള്ളിയിട്ടുകൊണ്ടാണെന്ന് എംബോബെയ്ക്ക് തോന്നാറുണ്ട്. പക്ഷേ, യാതൊരു ഉപാധികളുമില്ലാത്ത സ്നേഹം അവനു പകർന്നു നൽകിയത് മദർ മോസ്കോ മാത്രമാണ്. അമ്മയുടെ മരണം അവനെ അനാഥനാക്കിയപ്പോൾ അത് ചതിയുടെ മറ്റൊരു വലയമായി അവൻ തിരിച്ചറിയുന്നു.

ഇസ്മായിലോവിന്റെ ദ റെയിൽവേ എന്ന നോവലിന്റെ ചില അധ്യായങ്ങൾ പ്രസിദ്ധീകരിച്ചതിന് ഒരു മാസികയുടെ പത്രാധിപസമിതി അംഗങ്ങൾ  ഒന്നടങ്കം ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.
ഇസ്മായിലോവിന്റെ റെയിൽവേ എന്ന നോവലിന്റെ ചില അധ്യായങ്ങൾ പ്രസിദ്ധീകരിച്ചതിന് ഒരു മാസികയുടെ പത്രാധിപസമിതി അംഗങ്ങൾ ഒന്നടങ്കം ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.

ഏറ്റവും അവസാനത്തെ അഭയമായ അമ്മായിയും മോസ്ക്കോ വിട്ട് മറ്റൊരു നഗരത്തിലേക്ക് പോകുന്നതോടെ അവന്റെ ജീവിതം തെരുവിലേക്ക് തള്ളപ്പെടുന്നു. ഒരു നിഴൽപോലെ തന്റെ ജീവിതത്തിലൂടെ പാഞ്ഞുപോയ ലിറ്റ എന്ന പെൺകുട്ടിയെ എംബോബൊ ഓർക്കുന്നു. അവൾ കൂടെയുണ്ടായിരുന്നുവെങ്കിൽ വർഷങ്ങൾക്കുശേഷം മെൻഡലെവ്സ്കയ സ്റ്റേഷനിൽ വെച്ച് അവളെ താൻ വിവാഹം കഴിക്കുമായിരുന്നു. അവന്റെ ജീവിതത്തിൽ അത്രമാത്രം അലിഞ്ഞു ചേരായ്കയാൽ ലിറ്റയുടെ നഷ്ടം ഏറെ വേദനാജനകമായ ഓർമ്മയായ് മാറുന്നില്ല. അവൾക്കു പകരംവെക്കാൻ അവനാഗ്രഹിച്ചത് പെൺസുഹൃത്തായ സുല്യയെ ആയിരുന്നു. സുല്യ അവനിൽനിന്നകന്നുപോയെങ്കിലും,

പുഷ്കിൻസ്കയ സ്റ്റേഷന്റെ പ്ലാറ്റ്ഫോമിൽ നിന്ന് തീവണ്ടിച്ചക്രങ്ങൾക്കടിയിലേക്ക് വീഴുന്ന അവന്റെ അന്ത്യനിമിഷങ്ങളിൽ, അണ്ടർഗ്രൗണ്ടിന്റെ രാവണൻകോട്ടകളിലൂടെ അവനെത്തേടിയെത്തിയ സുല്യയുടെ സാന്നിധ്യം അവനറിയുന്നുണ്ട്. സ്വന്തം സമൂഹത്തിൽ അപ്രസക്തമായിപ്പോയ അവന്റെ പേര് ഉച്ചത്തിൽ പറഞ്ഞ് നിലവിളിക്കുന്ന സുല്യയാണ് അവന്റെ അവസാനത്തെ കാഴ്ചയിൽ നിറയുന്നത്.

വിദ്വേഷം കൈമുതലായുള്ള മുതിർന്നവരുടെ ലോകത്ത് വളരുക എന്നത് എംബാബ്‌ബെ എന്ന കറുത്ത വർഗ്ഗക്കാരൻ ബാലനെ സംബന്ധിച്ച് പീഢാനുഭവങ്ങളുടെ ആകെത്തുകയാണെന്ന് നോവൽ സാക്ഷ്യപ്പെടുത്തുന്നു. മോസ്കോയുടെ ഭൂഗർഭതീവണ്ടിനിലയങ്ങളെ സോവിയറ്റ് സാമ്രാജ്യത്തിന്റെ തകർച്ചയുടെ ചരിത്രരൂപകങ്ങളാക്കി മാറ്റിയും, മെട്രോ സ്റ്റേഷനുകളിലൂടെയുള്ള നിലയ്ക്കാത്ത സഞ്ചാരങ്ങളെ മൃത്യുവിലൊടുങ്ങാത്ത ആഖ്യാനങ്ങളാക്കി മാറ്റിയും ഹമീദ് ഇസ്മായിലോവ് താൻ കൂടി ഭാഗമായിരുന്ന ഒരു മഹാരാഷ്ട്രം ശിഥിലമായി ചരിത്രത്തിലേക്കു മറയുന്ന അസ്തമയഘട്ടത്തെ രേഖപ്പെടുത്തുന്നു. എണ്ണമറ്റ നൂറ്റാണ്ടുകളിലൂടെ രൂപപ്പെട്ട അതിന്റെ വിപുലമായ സാംസ്കാരിക സഞ്ചയത്തിന്റെ പ്രതീകമായ മോസ്ക്കോയുടെ നഷ്ടകാലത്തിന്റെ വിലാപകാവ്യമായി മാറുന്ന ദ അണ്ടർഗ്രൗണ്ട് എന്ന നോവൽ സമകാലിക റഷ്യൻ ഫിക്ഷന്റെ ദീപ്തമുഖം അടയാളപ്പെടുത്തുന്നു.


Summary: TP Sajeevan picks Hamid Ismailov's book The Underground as his favourite book of the year 2025.


ടി. പി. സജീവൻ

കഥാകൃത്ത്​, വിവർത്തകൻ. പി. കുഞ്ഞിരാമൻ നായരുടെ കളിയച്​ഛൻ ഇംഗ്ലീഷിലേക്ക്​ പരിഭാഷപ്പെടുത്തി. ഒഡിയ ഭാഷയിലെ ആദ്യ ദളിത് നോവൽ അഖില നായകിന്റെ ഭേദ, സാഗരിക ദാസുമൊത്ത് മലയാളത്തിലേക്ക് വിവർത്തനം ചെയ്തു.

Comments