എബ്രഹാം വർഗീസ്, ഷഹനാസ് ഹബീബ്.

രണ്ട് 'പുറം നാട്' മലയാളികളുടെ പുസ്തകങ്ങൾ,
2024-ൽ എന്നെ കൂടുതൽ വിമോചിപ്പിച്ചു

2024-ലെ വായനയിൽനിന്ന് ഏറ്റവും പ്രിയപ്പെട്ട രണ്ട് പുസ്തകങ്ങൾ തെരഞ്ഞെടുക്കുകയാണ് വി. മുസഫർ അഹമ്മദ്. ഷഹനാസ് ഹബീബിന്റെ Airplane Mode: A Passive- Aggressive History of Travel, കഴിഞ്ഞ വർഷം ഇംഗ്ലീഷിലിറങ്ങി ഈ വർഷം മലയാളത്തിൽ വന്ന എബ്രഹാം വർഗീസിന്റെ 'ജലജന്മങ്ങൾ' എന്നിവ.

കുറച്ചു വർഷം മുമ്പ് വായനയും പുസ്തകങ്ങളും കടന്നുവരുന്ന 'മരിക്കുകയല്ലേ, ഒന്ന് മറിച്ചുനോക്കാം' എന്ന ശീർഷകത്തിൽ ഞാൻ ഇങ്ങനെയൊരു കവിത എഴുതിയിരുന്നു:

വൈകുന്നേരമാകുമ്പോൾ
മരിക്കണമെന്നു തോന്നും.

ഒരു തരി സയനൈഡ്
എന്നും കരുതി വെക്കും.

വെപ്പുപല്ലുവെച്ച
അന്നു മുതലുണ്ട്
ഈ നിരാശത.

കാൽ മുട്ടും
വൃക്കയും
കരളും
മജ്ജയും
മാറ്റിവെച്ചുകൊണ്ടിരുന്നപ്പോൾ
അത് കൂടിക്കൂടി വന്നു.

ഓരോ തവണ
ആശുപത്രിയിൽ പോകുമ്പോഴും
ഈ വരി ഓർക്കും,
'തരംഗലീലകൾ'.

ആ, പറഞ്ഞത് മുഴുവനായില്ല!

വൈകുന്നേരമായാൽ
എന്റെ വായനശാലയിലേക്ക്
മരിക്കാനായി താഴ്‌നിലയിൽ
നിന്നുള്ള ഒതുക്കുകൾ കയറും.
സയനൈഡ് എടുക്കും.

അതാ, ആ നിമിഷത്തിൽ
വായിച്ചിട്ടില്ലാത്ത
ഒരു പുസ്തകം
അലമാരിയിൽ നിന്നു
വിളിക്കും.
മരിക്കുകയല്ലേ,
ഒന്ന് മറിച്ചുനോക്കാം.
ആ മറിച്ചുനോക്കലിൽ
നേരം പുലരും.

പകൽ വെളിച്ചത്തിൽ
മരിക്കാനാഗ്രഹമില്ലാത്തതിനാൽ
വൈകുന്നേരത്തിന്,
അടുത്ത സന്ധ്യക്കായ്
വീണ്ടും കാത്തിരിക്കും.

ജീവിതത്തിൽ പുസ്തകവായന എപ്പോഴും ഒരു പ്രധാന പ്രമേയമായിരുന്നു. എന്തിന് വായിക്കണം എന്നതിനെക്കുറിച്ച് വളരെക്കൂടുതൽ പുസ്തകങ്ങളിലൂടെ കടന്നുപോയ ഈ വർഷവും ആലോചിച്ചിരുന്നു. വായിച്ചതിൽ നിന്നുള്ള മോചനം എന്നതായിരുന്നു ഉത്തരം. ഒരു പുസ്തകത്തിന്റെ, ഓഥറുടെ, പ്രത്യയശാസ്ത്രത്തിന്റെ, വിശ്വാസങ്ങളുടെ അടിമയാകാതിരിക്കാനാണ് ഒരു പുസ്തകം വായിച്ചു കഴിഞ്ഞ് അടുത്തതിലേക്ക് പോകുന്നത്. നിത്യനിതാന്ത വിമോചനം എന്നൊരു സംഗതി പുസ്തകവായനയിൽ ഇൻബിൽറ്റായുണ്ട്. വിമർശനത്തിന്റെ പൊരുൾ ഒരാളെ എത്തിക്കുന്ന ഇടം ഈ വിമോചനത്തിന്റേതാണ്. അങ്ങിനെയൊരാൾക്ക് നിലപാടില്ല എന്നു പറയാൻ എളുപ്പമാണ്, പക്ഷെ അവരുടെ വിമർശനങ്ങളാണ് ലോകത്തെ യഥാർഥത്തിൽ മുന്നോട്ടു നയിച്ചത്, വിമോചിപ്പിച്ചത്.

2024-ൽ എന്നെ കൂടുതൽ വിമോചിപ്പിച്ച രണ്ട് പുസ്തകങ്ങളെക്കുറിച്ചാണ് ഇനി പറയാനുള്ളത്. അതിലൊന്ന് നോൺ ഫിക്ഷനാണ്, മറ്റൊന്ന് നോവലും. ഈ വർഷത്തെ എന്റെ വായനയിലെ 20 ഗംഭീര പുസ്തകങ്ങളിൽ നിന്നാണ് ഈ തെരഞ്ഞെടുപ്പ്.

ഷഹനാസ് ഹബീബിന്റെ 'എയർ പ്ലെയ്ൻ മോഡ്: എ പാസ്സീവ് അഗ്രസ്സീവ് ഹിസ്റ്ററി ഓഫ് ട്രാവൽ' (Airplane Mode: A Passive-Aggressive History of Travel) ആണ് നോൺ ഫിക്ഷൻ കൃതി. കഴിഞ്ഞ വർഷം ഇംഗ്ലീഷിലിറങ്ങി ഈ വർഷം മലയാള പരിഭാഷയിൽ വന്ന ഏബ്രഹാം വർഗീസിന്റെ 'ജലജന്മങ്ങൾ’ (The Covenant of Water) ആണ് നോവൽ. ഈ നോവൽ 1900 മുതൽ 1977 വരെയുള്ള കേരളത്തെക്കുറിച്ചാണ്. എഴുതിയ കാലത്തിന്റെ മാറ്റമുണ്ടെങ്കിലും അരുന്ധതീ റോയിയുടെ 'ഗോഡ് ഓഫ് സ്മാൾ തിങ്ങ്‌സിനേക്കാളും ഒരു പടി മുന്നിലാണ് ഈ നോവൽ.

ഷഹനാസും ഏബ്രഹാം വർഗീസും പുറം നാടുകളിൽ കഴിയുന്ന മലയാളികൾ. അവരുടെ എഴുത്തിൽ മറ്റൊരു കേരളം സൃഷ്ടിക്കപ്പെടുന്നു. മലയാളിയുടെ കേരള ഡയസ്‌പോറാ എഴുത്ത് മുമ്പൊരിക്കലും പ്രദർശിപ്പിച്ചിട്ടില്ലാത്ത കരുത്ത് ഈ കൃതികളിൽ അനുഭവിക്കാൻ കഴിഞ്ഞു എന്നതാണ് 2024 അർഥപൂർണ്ണമാക്കിയത്.

ഷഹനാസിന്റെ പുസ്തകം യാത്രയെ (വിനോദ സഞ്ചാരം) പല നിലയിൽ വിമർശനത്തോടെ കാണുന്നു. ഈ പുസ്തകത്തിലും കേരളമുണ്ട്. യാത്ര ഇഷ്ടപ്പെടുന്ന എനിക്ക് ആ പുസ്തകം പല പുതിയ വെളിച്ചങ്ങളും തന്നു. ജലജന്മങ്ങൾ കോളനി കാലം മുതലുള്ള തിരുവിതാംകൂറിലേക്ക് നടത്തിച്ചു. 2025-ലും 'സയനൈഡി'നു പകരം പുസ്തകങ്ങളെ തന്നെ പിന്തുടരാൻ ഈ കൃതികൾ കൂടുതൽ വിശ്വാസം തന്നിരിക്കുന്നു.

ലോകമെങ്ങും ആദിവാസി- തദ്ദേശീയ ജനതയുടെ ഭൂമി തട്ടിയെടുത്തും കൊള്ളയടിച്ചുമാണ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ നിർമ്മിക്കപ്പെട്ടതെന്ന യാഥാർഥ്യം പല ഉദാഹരണങ്ങൾ മുൻനിർത്തി ഷഹനാസ് ഹബീബ് തന്റെ പുസ്തകത്തിലൂടെ സമർഥിക്കുന്നു
ലോകമെങ്ങും ആദിവാസി- തദ്ദേശീയ ജനതയുടെ ഭൂമി തട്ടിയെടുത്തും കൊള്ളയടിച്ചുമാണ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ നിർമ്മിക്കപ്പെട്ടതെന്ന യാഥാർഥ്യം പല ഉദാഹരണങ്ങൾ മുൻനിർത്തി ഷഹനാസ് ഹബീബ് തന്റെ പുസ്തകത്തിലൂടെ സമർഥിക്കുന്നു

വിനോദ സഞ്ചാരത്തിന്റെ
'സൂപ്പർ പവർ'

വിനോദ സഞ്ചാരത്തിന്റെ സൂപ്പർ പവർ എന്താണ്? ഭൂമി തട്ടിപ്പറിക്കൽ നിയമാനുസൃതമാക്കുന്നു, ഒപ്പം ടൂറിസം പൊതുനൻമക്കു വേണ്ടിയാണ് എന്ന് വരുത്തിത്തീർക്കുകയും ചെയ്യുന്നു-

ഇത്തരം മൗലികമായ നിരവധി നിരീക്ഷണങ്ങളാണ് ഷഹനാസ് ഹബീബ് തന്റെ പുസ്തകത്തിലൂടെ മുന്നോട്ടുവെക്കുന്നത്. ഈ വർഷത്തെ നോൺ ഫിക്ഷനുള്ള 'ന്യൂ അമേരിക്കൻ വോയ്സസ്' അവാർഡ് ലഭിച്ച കൃതിയാണിത്. ബെന്യാമിന്റെ 'മുല്ലപ്പൂ നിറമുള്ള പകലുകൾ', 'അൽ അറേബ്യൻ നോവൽ ഫാക്ടറി' എന്നീ കൃതികൾ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ ഷഹനാസിന്റെ ആദ്യ 'സ്വന്തം' കൃതിയാണ് ‘Airplane Mode’. യാത്രകളുടെ പല തലങ്ങളെ ആഴത്തിൽ അപഗ്രഥിക്കുന്ന 280 താളുകളുള്ള ഈ പുസ്തകം യാത്രയുടെ കാൽപ്പനികമായ ആവരണങ്ങൾ എടുത്തു കളഞ്ഞ് നിരവധി യാഥാർഥ്യങ്ങളെ മറനീക്കി പുറത്തുകൊണ്ടുവരുന്നു. ലോകമെങ്ങും ആദിവാസി- തദ്ദേശീയ ജനതയുടെ ഭൂമി തട്ടിയെടുത്തും കൊള്ളയടിച്ചുമാണ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ നിർമ്മിക്കപ്പെട്ടതെന്ന യാഥാർഥ്യം പല ഉദാഹരണങ്ങൾ മുൻനിർത്തി അവർ പുസ്തകത്തിൽ സമർഥിക്കുന്നു. ഇക്കാര്യം പറയുമ്പോൾ തന്റെ വയനാട് യാത്ര ഗ്രന്ഥകാരി ഓർക്കുന്നു. കാടിനേയും വന്യജീവികളേയും കാണാനായി ഇറങ്ങിത്തിരിച്ച ഗ്രന്ഥകാരി വയനാടെത്തുന്നവർ ആദിവാസി ഭൂഅവകാശത്തിനായി സമരം നടന്ന മുത്തങ്ങ ഓർക്കുന്നുണ്ടോ എന്ന ചോദ്യം ഉന്നയിക്കുന്നു (പ്രകൃതിദുരന്തം നടന്ന വയനാടിനെ നാം എല്ലാം മറന്നുവോ എന്ന ചോദ്യമായി അതിപ്പോൾ വളരുന്നുമുണ്ട്). വയനാട് മാത്രമല്ല, കേരളത്തിന്റെ വിവിധ പ്രദേശങ്ങൾ ഈ താളുകളിലുണ്ട്.

തട്ടിയെടുക്കപ്പെട്ട ഭൂമിയിലൂടെയാണ് വിനോദ സഞ്ചാരികൾ നിർബാധം സഞ്ചരിച്ചു കൊണ്ടിരിക്കുന്നതെന്ന് Airplane Mode: A Passive-Aggressive History of Travel എന്ന പുസ്തകം വായനക്കാരെ ഓർമ്മിപ്പിക്കുന്നു.

അമേരിക്കയിലുള്ള അരിസോണയിലെ നാഷണൽ പാർക്ക്, യുനെസ്‌കോ പൈതൃക സ്ഥലിയുമായ ഗ്രാൻഡ് കന്യോൺ, ആഫ്രിക്കയിലെ പ്രകൃതി മനോഹര സ്ഥലങ്ങൾ ഇവ ഏതായാലും - എല്ലായിടത്തും ആദിവാസികളുടെ, തദ്ദേശവാസികളുടെ ഭൂമി തട്ടിയെടുക്കപ്പെട്ടിട്ടുണ്ട് എന്ന യാഥാർഥ്യം നിലനിൽക്കുന്നു. ഇത്തരത്തിൽ തട്ടിയെടുക്കപ്പെട്ട ഭൂമിയിലൂടെയാണ് വിനോദ സഞ്ചാരികൾ നിർബാധം സഞ്ചരിച്ചു കൊണ്ടിരിക്കുന്നതെന്ന് പുസ്തകം വായനക്കാരെ ഓർമ്മിപ്പിക്കുന്നു. ഗ്രാൻഡ് കന്യോൺ അവിടെയുണ്ടായിരുന്ന തദ്ദേശവാസികളായ പവാമ്പുപൈ എന്ന ജനവിഭാഗത്തെ കുടിയൊഴിപ്പിച്ച് ഉണ്ടാക്കിയതാണ്. ആ വിഭാഗത്തിൽ പെട്ട മനുഷ്യർ ടൂറിസ്റ്റുകളുടെ ബാഗുകളും മറ്റും ചുമക്കുന്നവരായോ ഗൈഡുകളായോ പരിവർത്തിക്കപ്പെട്ടിരിക്കുന്നു. അങ്ങിനെയുള്ള ഒരു ഗൈഡ് ഗ്രാൻഡ് കന്യോൺ എന്നാൽ ഞാൻ തന്നെയാണ് എന്ന് പറയുന്ന സന്ദർഭം പുസ്തകത്തിലുണ്ട്.

കാടിനേയും വന്യജീവികളേയും കാണാനായി ഇറങ്ങിത്തിരിച്ച ഷഹനാസ്, വയനാടെത്തുന്നവർ ആദിവാസി ഭൂഅവകാശത്തിനായി സമരം നടന്ന മുത്തങ്ങ ഓർക്കുന്നുണ്ടോ എന്ന ചോദ്യം ഉന്നയിക്കുന്നു
കാടിനേയും വന്യജീവികളേയും കാണാനായി ഇറങ്ങിത്തിരിച്ച ഷഹനാസ്, വയനാടെത്തുന്നവർ ആദിവാസി ഭൂഅവകാശത്തിനായി സമരം നടന്ന മുത്തങ്ങ ഓർക്കുന്നുണ്ടോ എന്ന ചോദ്യം ഉന്നയിക്കുന്നു

ഗ്രന്ഥകാരിയുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രധാന ദേശം എന്ന നിലയിൽ കേരളവും 'വായ്‌നോക്കി' പോലുള്ള മലയാള പദങ്ങളും പുസ്തകത്തിൽ കടന്നുവരുന്നു. എറണാകുളത്തെ മദ്രസയിൽ പഠിക്കുമ്പോൾ റഊഫ് ഉസ്താദ് പറഞ്ഞ കഥകൾ ഗ്രന്ഥകാരി ഓർത്തെടുക്കുന്നു (മുസ്‌ലിം സ്ത്രീ എന്ന നിലയിൽ കോഴിക്കോട്ടും ന്യൂയോർക്കിലും തനിക്ക് പള്ളിയിൽ പ്രവേശനം നിഷേധിച്ചതിനെക്കുറിച്ചും അവർ എഴുതുന്നുണ്ട്. കോഴിക്കോട്ട് പള്ളി ഇമാം മസ്ജിദിന്റെ വാതിലുകൾ തന്റെ മുഖത്തേക്കെന്ന പോലെ കെട്ടി അടച്ചു, ന്യൂയോർക്കിൽ പള്ളിയിൽ കയറിയതിന് ഒരാൾ തന്നെ പിന്തുടർന്നു കൊണ്ടിരുന്നു).
ദേശത്തിന്റെ പ്രതലങ്ങൾ എന്ന ആശയത്തെക്കുറിച്ചെഴുതുമ്പോൾ കവിയും ദാർശനികനുമായ കെ. അയ്യപ്പപ്പണിക്കർ കടന്നുവരുന്നു. അതുകൊണ്ടു തന്നെ ഈ രചന ഇംഗ്ലീഷിലെഴുതപ്പെട്ട മലയാള പുസ്തകമാണ് എന്ന് ഒരാൾ വാദിച്ചാൽ അതിശയിക്കാനില്ല.

നിർബന്ധിത സൈനിക സേവനത്തിനുശേഷം ഇസ്രായേലി യുവതീയുവാക്കൾ വിനോദ സഞ്ചാരത്തിനായി പൊതുവിൽ തെരഞ്ഞെടുക്കുന്നത് ഹിമാചൽ പ്രദേശിലെ കസൗളും പിന്നീട് ഗോവയുമാണ്.

ഷഹനാസിന്റെ തുർക്കി യാത്രകളുടെ ഓർമ്മകളിലെ, അതിവേഗം എല്ലായിടങ്ങളും ഓടിനടന്ന് കാണുന്ന യൂറോപ്യൻ യാത്രിക, മെഗാനെക്കുറിച്ചുള്ള സ്മരണകളുമായാണ് ‘എയർപ്ലെയ്ൻ മോഡ്’ തുടങ്ങുന്നത്. ഹാഗിയ സോഫിയയിലാണ് രണ്ടു പേരും കണ്ടുമുട്ടുന്നത്. നിങ്ങളുടെ കയ്യിലുള്ള ടൂറിസ്റ്റ് ഗൈഡ് ഒന്നു മറിച്ചു നോക്കട്ടെ എന്നു പറഞ്ഞുവരുന്ന മെഗാനെ അവതരിപ്പിച്ച ശേഷം ഇത്തരം ഗൈഡ് പുസ്തകങ്ങളുടെ ചരിത്രത്തിലേക്കാണ് ഷഹനാസ് ഹബീബ് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നത്. കാൾ ബെഡേക്കർ ആണ് ഇത്തരം ഗൈഡ് പുസ്തകങ്ങളുടെ തല തൊട്ടപ്പൻ. പക്ഷെ ആ പുസ്തകങ്ങളെല്ലാം യൂറോ ടൂറിസത്തിന് പ്രാമുഖ്യം നൽകുകയും മറ്റു നാടുകളെ അപരദേശങ്ങളാക്കുകയും ചെയ്തതായി ഗ്രന്ഥകാരി പറയുന്നു.

ലോൺലി പ്ലാനറ്റ് എന്ന ലോകം മുഴുവൻ യാത്രികർ കൊണ്ടു നടക്കുന്ന ടൂറിസ്റ്റ് ഗൈഡ് ഉപയോഗിച്ച ഒരു സന്ദർഭത്തെക്കുറിച്ച് ഇങ്ങനെ വായിക്കാം: 2003ൽ ഇറാഖിൽ അമേരിക്കൻ അധിനിവേശമുണ്ടാകുമ്പോൾ അവിടുത്തെ ആദ്യ യു.എസ് അഡ്മിനിസ്‌ട്രേറ്റർ ജേ ഗാർണർ ലോൺലി പ്ലാനറ്റ് ഗൈഡ് നോക്കി ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ സംരക്ഷിക്കാനുള്ള ലിസ്റ്റ് ഉണ്ടാക്കുകയായിരുന്നു. 29,199 ബോംബുകൾ അമേരിക്ക ഇറാഖിൽ വർഷിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു ഇത്.

2003ൽ ഇറാഖ് അമേരിക്ക യുദ്ധം
2003ൽ ഇറാഖ് അമേരിക്ക യുദ്ധം

ടോണി വീലറും ഭാര്യ മൗറീനും 1973ൽ ഏഷ്യയിലൂടെ ഒരു ബാക്ക് പാക്ക് യാത്ര നടത്തി. അതിനു ശേഷമാണ് അവർ ലോൺലി പ്ലാനറ്റ് പ്രസിദ്ധീകരിക്കുന്നത്. 1942- ൽ ജർമൻ എയർഫോഴ്‌സ് ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളിൽ ബോംബ് വർഷിച്ചത് ടൂറിസ്റ്റ് ഗൈഡ് ബുക്കുകൾ നോക്കിയായിരുന്നു. ഒരേ ഗൈഡ് ബുക്ക് സഞ്ചാരികളുടേയും ബോംബുകളുടേയും പാതയായി മാറിയ ചരിത്രം ഇവിടെ നമുക്ക് വായിക്കാം. നിർബന്ധിത സൈനിക സേവനത്തിനു ശേഷം ഇസ്രായേലി യുവതീയുവാക്കൾ വിനോദ സഞ്ചാരത്തിനായി പൊതുവിൽ തെരഞ്ഞെടുക്കുന്നത് ഹിമാചൽ പ്രദേശിലെ കസൗളും പിന്നീട് ഗോവയുമാണ്. ഓരോ വർഷവും ഇത്തരം സഞ്ചാരികളുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുന്നു. ഇത് ഫലത്തിൽ മോദി-ഇസ്രായിൽ ബന്ധത്തെ കൂടുതൽ ശക്തമാക്കാൻ സഹായിച്ചതായി ഗ്രന്ഥകാരി നിരീക്ഷിക്കുന്നു. യാത്രകൾ കേവല നിഷ്‌കളങ്കതയും അലഞ്ഞു തിരിയാനുള്ള ദാഹവും മാത്രമാണെന്ന് കരുതുന്നതിനെ തന്റെ ഇത്തരം മൗലിക നിരീക്ഷണങ്ങളിലൂടെ ഷഹനാസ് തിരുത്തുന്നു.

അമേരിക്കക്കാരനായ തന്റെ ഭർത്താവിന് എവിടേയും പോകാം, മിക്ക സ്ഥലങ്ങളിലും വിസ വേണ്ട. പക്ഷെ ഇന്ത്യൻ പാസ്‌പോർട്ടുള്ള കാലത്ത് ഷഹനാസിന് അത് സാധിക്കുന്നില്ല. അവരുടെ ഒരു പാരീസ് യാത്ര ഇക്കാരണത്താൽ പ്രതിസന്ധിയിലാകുന്നുമുണ്ട്.

ഫിജിയിൽ ലെവോനി ഗോത്രത്തിൽ പെട്ടവർ സൈനിക ഔട്ട് പോസ്റ്റ് ആക്രമിച്ചതിനെക്കുറിച്ചുള്ള കഥകൾ ടൂറിസ്റ്റുകൾ ഇന്നും അവിടെച്ചെല്ലുമ്പോൾ കേൾക്കുന്നു. ഈ കഥയിലൂടെ ഗോത്രവിഭാഗത്തെ അപരിഷ്‌കൃതരും രക്തക്കൊതിയരുമായി ചിത്രീകരിക്കുന്നു. വാസ്തവം എന്താണ്? അവിടെ തമ്പടിച്ച സൈന്യം കാടുകളിൽ ചെന്ന് ഗോത്രവിഭാഗക്കാരെ പിടികൂടും. പിന്നീട് അടിമച്ചന്തകളിൽ വിൽക്കും. ഈ നീക്കം പരാജയപ്പെടുത്താനാണ് ഗോത്രവിഭാഗക്കാർ സൈനിക പോസ്റ്റ് ആക്രമിച്ചിരുന്നത്. ഇത്തരത്തിൽ വെള്ളക്കാരുടെ ആഖ്യാനങ്ങളിലും കഥകളിലും ഇരുണ്ട നിറമുള്ള മനുഷ്യർ എങ്ങിനെയെല്ലാം ചിത്രീകരിക്കപ്പെട്ടു എന്നതിലേക്ക് എഴുത്തുകാരി വെളിച്ചം വീശുന്നു.

'പാസ്‌പോർട്ടിസം' എന്ന പ്രതിഭാസത്തെക്കുറിച്ച് വളരെ വിശദമായി തന്നെ അവർ എഴുതുന്നു. ഇന്ത്യൻ പാസ്‌പോർട്ടുമായി നടത്തിയ യാത്രകളിൽ നേരിട്ട പ്രശ്‌നങ്ങൾ താൻ യു.എസ് പാസ്‌പോർട്ട് ഉടമയായതോടെ ഒഴിവായതായി അവർ പറയുന്നു. കോവിഡ് കാലമാണ് യു.എസ് പാസ്‌പോർട്ടിനെ അൽപ്പമെങ്കിലും ദുർബലമാക്കിയതെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. അമേരിക്കക്കാരനായ തന്റെ ഭർത്താവിന് എവിടേയും പോകാം, മിക്ക സ്ഥലങ്ങളിലും വിസ വേണ്ട. പക്ഷെ ഇന്ത്യൻ പാസ്‌പോർട്ടുള്ള കാലത്ത് ഷഹനാസിന് അത് സാധിക്കുന്നില്ല. അവരുടെ ഒരു പാരീസ് യാത്ര ഇക്കാരണത്താൽ പ്രതിസന്ധിയിലാകുന്നുമുണ്ട്. പാസ്‌പോർട്ടുകൾ നിശ്ചയിക്കുന്ന മാന്യത, മാന്യ പാസ്‌പോർട്ടുകാർക്ക് വിമാനത്താവളങ്ങളിലും മറ്റുമുള്ള പ്രത്യേക വരികൾ. ഇത്തരത്തിലുള്ള ഉദാഹരണങ്ങളിലൂടെ പാസ്‌പോർട്ടിസം എന്ന മാരകതയെക്കുറിച്ച് അവർ വിശദമാക്കുന്നു (അമർത്യസെൻ പാസ്‌പോർട്ടിസത്തിന്റെ ഇരയാകുന്നതിനെക്കുറിച്ചും പറയുന്നുണ്ട്). പാസ്‌പോർട്ടുകളുടെ ചരിത്രം പറയുന്ന കലാതിംക നടരാജന്റെ ആശയങ്ങൾ 'പാസ്‌പോർട്ടിസം' വ്യക്തമാക്കാൻ ഗ്രന്ഥകാരിയെ സഹായിക്കുന്നുണ്ട്.

ടോണി വീലറും മൗറീനും
ടോണി വീലറും മൗറീനും

ടൂറിസം എങ്ങിനെ കൃത്രിമമായി ചില കാര്യങ്ങൾ സാധിക്കുന്നു? ഒരിടത്ത് ഒരു വെള്ളച്ചാട്ടമുണ്ട്. വളരെ വലുതല്ല. എന്നാൽ രാവിലെ 11-2 മണിവരെ ഈ ജലപാതത്തിലെ വെള്ളത്തിന്റെ അളവ് വൻതോതിൽ വർധിക്കും. രണ്ടു മണിയോടെ ടൂറിസ്റ്റുകൾ നഗരത്തിലേക്ക് തിരിച്ചു പോകും. വെള്ളച്ചാട്ടത്തിന്റെ ജലനിരപ്പ് പഴയപോലെ ചുരുങ്ങും. തൊട്ടടുത്ത ഒരു അണക്കെട്ട് വെള്ളച്ചാട്ടത്തിലേക്ക് തുറന്നു വിട്ടാണ് ഇത് സാധ്യമാക്കുന്നത്. ടൂറിസ്റ്റുകൾ തങ്ങൾ കണ്ട കൂറ്റൻ വെള്ളച്ചാട്ടത്തിന്റെ ചിത്രങ്ങളുമായി മടങ്ങിപ്പോകുന്നു. തുർക്കിയിൽ സൂഫി ആത്മീയ പാരമ്പര്യത്തിലുള്ള ദർവിശുകളുടെ നൃത്തം എങ്ങിനെ ഒരു ടൂറിസ്റ്റ് കാഴ്ച്ചയാക്കി ചുരുക്കി എന്നതിനെക്കുറിച്ചും ഷഹ്‌നാസ് അന്വേഷിക്കുന്നു.

മറ്റൊന്ന് സഞ്ചാരികളുടെ കണ്ടുപിടുത്തങ്ങളെക്കുറിച്ചുള്ളതാണ്. ഗാമയോ കൊളംബസോ വെസ്പുസിയോ കണ്ടെത്തും മുമ്പ് ആ സ്ഥലങ്ങൾ അവിടെയുണ്ടായിരുന്നില്ല എന്നു തോന്നും അവരുടെ സാഹസങ്ങളെക്കുറിച്ച് വായിക്കുമ്പോൾ. 'കണ്ടു പിടിച്ച' സ്ഥലങ്ങൾ അവർ ആദ്യം കാണുകയായിരുന്നു എന്നതാണ് വാസ്തവം. അല്ലെങ്കിൽ വെള്ളക്കാർക്ക് ആ സ്ഥലങ്ങളെക്കുറിച്ച് അറിയുമായിരുന്നില്ല എന്നേ ഉള്ളൂ. അതായത് അവരുടേത് 'വ്യാജ കണ്ടുപിടുത്തം' (Pseudiscovery എന്ന പദമാണ് ഷ്ഹ്‌നാസ് ഉപയോഗിച്ചിരിക്കുന്നത്) ആയിരുന്നു എന്നർഥം. ഇബ്‌നുബത്തൂത്ത എന്ന സഞ്ചാരി എങ്ങിനെ വ്യത്യസ്തനാകുന്നു എന്നതിനെക്കുറിച്ച് ഗ്രന്ഥകാരിയുടെ നിരീക്ഷണം അങ്ങേയറ്റം മൗലികമാണ്. ബത്തൂത്തക്ക് ഒന്നും കണ്ടുപിടിക്കാൻ ഉണ്ടായിരുന്നില്ല. കണ്ടെത്തിയ കാര്യങ്ങൾ അധികാര കേന്ദ്രങ്ങളിൽ അറിയിക്കാനുമുണ്ടായിരുന്നില്ല. അദ്ദേഹം ' ഒരു ലോക വായനോക്കി' ആയിരുന്നു. വായനോക്കി എന്ന പദം വളരെ പോസിറ്റീവായാണ് ഗ്രന്ഥകാരി ഇവിടെ ഉപയോഗിക്കുന്നത്. ബത്തൂത്ത ഒരർഥത്തിൽ സ്വതന്ത്രനായ സഞ്ചാരിയായിരുന്നു. ആ വായ്‌നോട്ടം മറ്റു സഞ്ചാരികളിൽ നിന്നും അദ്ദേഹത്തിന്റെ എഴുത്തിനേയും യാത്രകളേയും വേറിട്ടു നിർത്തുന്നു. 'വായ്‌നോട്ടം' അങ്ങേയറ്റം സർഗാത്മകമാകുന്നു.

വായനോക്കി എന്ന പദം വളരെ പോസിറ്റീവായാണ് ഗ്രന്ഥകാരി ഇവിടെ ഉപയോഗിക്കുന്നത്. ബത്തൂത്ത ഒരർഥത്തിൽ സ്വതന്ത്രനായ സഞ്ചാരിയായിരുന്നു. ആ വായ്‌നോട്ടം മറ്റു സഞ്ചാരികളിൽ നിന്നും അദ്ദേഹത്തിന്റെ എഴുത്തിനേയും യാത്രകളേയും വേറിട്ടുനിർത്തുന്നു.

യാത്രാപഥങ്ങളെക്കുറിച്ചും യാത്രികരുടെ കണ്ടെത്തലുകളെക്കുറിച്ചും അമിതാവ് ഘോഷിന്റെ വിമർശനപരമായ എഴുത്തുകളെക്കുറിച്ചും ഈ പുസ്തകം നമ്മോട് സംസാരിക്കുന്നു. Other Routes: 1500 Years of African and Asian Travel Writing എന്ന പുസ്തകത്തിന് ഘോഷ് എഴുതിയ ആമുഖത്തിൽ നിന്നുള്ള ആശയങ്ങളെക്കുറിച്ചാണ് ഷഹ്നാസ് കൂടുതലായും പറയുന്നത്. തബീഷ് ഖൈറിന്റെ വിമർശന പഠനങ്ങളും ഈ പുസ്തകത്തിൽ ഉദ്ധരിക്കപ്പെടുന്നുണ്ട്. പാക്കേജ് ടൂറുകളിൽ ഒരു കാലത്ത് ലോകത്ത് കുത്തക നിലനിർത്തിയിരുന്ന കമ്പനിയായിരുന്നു തോമസ് കുക്ക്. 2019 ൽ കടുത്ത സാമ്പത്തിക പ്രശ്‌നങ്ങൾ മൂലം സ്ഥാപനം പൂട്ടുകയാണെന്ന് കമ്പനി പ്രഖ്യാപിക്കുന്നു. അവർ ഈ പ്രഖ്യാപനം നടത്തുമ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ കമ്പനിയുടെ പാക്കേജ് ടൂറുകളിൽ യാത്ര ചെയ്യുകയായിരുന്ന ഒന്നര ലക്ഷം ബ്രിട്ടീഷ് സഞ്ചാരികൾ ഉണ്ടായിരുന്നു. അവരെല്ലാം പലയിടങ്ങളിൽ കുടുങ്ങിപ്പോയി. ഇത്രയും സഞ്ചാരികളെ അനിശ്ചിതത്വത്തിലാക്കിയാണ് കമ്പനി പൊടുന്നനെ പിൻവാങ്ങുന്നത്.

ദൂരേക്കുള്ള യാത്ര എന്ന് സാധാരണ സഞ്ചാരികൾ പറയാറുണ്ട്. അവർക്ക് മാത്രമാണ് അത് ദൂരേക്കുള്ള യാത്ര. അവർ ചെന്നെത്തുന്ന സ്ഥലത്തുള്ളവർക്ക് അതവരുടെ നാടാണ്. അതുകൊണ്ട് ദൂരം തീർത്തും ആപേക്ഷികമായ സങ്കൽപ്പം മാത്രമെന്ന് ഗ്രന്ഥകാരി പറയുന്നു. അതു പോലെ ചിലവു കുറഞ്ഞ യാത്ര എന്ന സങ്കൽപ്പത്തെക്കുറിച്ചും അവർ തന്റെ നിരീക്ഷണം അവതരിപ്പിക്കുന്നു. കുറച്ച് പണം യാത്രക്ക് ചിലവാക്കാൻ കഴിയുന്നവർക്കാണ് ചില യാത്രകൾ 'ചീപ്പ്' ആകുന്നത്. അതും ഇല്ലാത്തവർക്കോ? അതുകൊണ്ട് കുറഞ്ഞ ചെലവിലുള്ള യാത്ര എന്ന സങ്കൽപ്പത്തേയും ഗ്രന്ഥകാരി വിമർശനാത്മകമായാണ് കാണുന്നത്.

മകളെ പ്രസവിച്ചതിനു ശേഷം ഷഹനാസ് ഹബീബ് നടത്തുന്ന യാത്രകളെക്കുറിച്ചുള്ള പരാമർശങ്ങൾ ഹൃദയത്തെ തൊടുന്നതാണ്.
മകളെ പ്രസവിച്ചതിനു ശേഷം ഷഹനാസ് ഹബീബ് നടത്തുന്ന യാത്രകളെക്കുറിച്ചുള്ള പരാമർശങ്ങൾ ഹൃദയത്തെ തൊടുന്നതാണ്.

മകളെ പ്രസവിച്ചതിനു ശേഷം എഴുത്തുകാരി നടത്തുന്ന യാത്രകളെക്കുറിച്ചുള്ള പരാമർശങ്ങൾ ഹൃദയത്തെ തൊടുന്നതാണ്. അമ്മയും മകളും അപ്പാർട്ട്‌മെന്റിൽ തനിച്ചാകുന്നു. ഭർത്താവിന് സ്ഥാപനം അനുവദിച്ച അവധി കഴിഞ്ഞ് അദ്ദേഹം ജോലിക്കു പോയിത്തുടങ്ങി. ഈ സമയത്ത് ഷഹ്നാസ് ഹബീബ് കൈക്കുഞ്ഞുമായി ബ്രൂക്ക്‌ലിനിൽ (അവിടെയാണ് അവർ ജീവിക്കുന്നത്) ബസ് യാത്രകൾ നടത്തുകയാണ്. അപ്പാർട്ട്‌മെന്റിന് മുന്നിലുള്ള സ്റ്റോപ്പിൽ നിന്നും ബസ് കയറും. അത് എങ്ങോട്ട് പോകുന്നതാണ് എന്നൊന്നും നോക്കില്ല. അലക്ഷ്യമായ ആ യാത്രകൾ ആസ്വദിക്കുന്ന എഴുത്തുകാരിയെ ഇവിടെ നാം കാണുന്നു. യാത്രയിൽ താൽപര്യമില്ലാത്ത തന്റെ പിതാവിനെക്കുറിച്ചും താൽപ്പര്യമുള്ള മാതാവിനെക്കുറിച്ചും അവർ എഴുതുന്നു. ട്രെയിൻ യാത്രയിലും മറ്റും സഹയാത്രികരോട് നിർത്താതെ തങ്ങളെക്കുറിച്ച് സംസാരിക്കുന്നവരെക്കുറിച്ച് അവരുടെ നിരീക്ഷണം ഇങ്ങനെ: അവർ സംസാരത്തിൽ വലിയ തൽപരരാണ്, പക്ഷെ അവർക്ക് തിരിച്ച് കേൾക്കാൻ ഒട്ടും ഇഷ്ടമില്ല: യാത്രയും യാത്രക്കാരും തികച്ചും വ്യത്യസ്തമായ രണ്ടു കാര്യങ്ങളാണെന്ന് വിഖ്യാത നരവംശ ശാസ്ത്രജ്ഞൻ ലെവിസ്‌ട്രോസിനെ ഉദ്ധരിച്ച് അവർ വായനക്കാരെ ഓർമ്മിപ്പിക്കുന്നു. 21-ാം നൂറ്റാണ്ടിലെ സഞ്ചാരി ഇതിനു മുമ്പ് യാത്രകളെക്കുറിച്ചുണ്ടായ എല്ലാ എഴുത്തിന്റേയും, സർവേകളുടേയും ഏകാധിപതി ആയിരിക്കുമെന്നും ഗ്രന്ഥകാരി നിരീക്ഷിക്കുന്നു.

യൂറോപ്പിനെക്കുറിച്ച് അവിടുത്തുകാരനല്ലാത്ത ഒരാളുടെ നിരീക്ഷണങ്ങളാണ് യൂസുഫ് ഹന്ന ദിയാബിന്റെ The Book of Travels എന്ന പുസ്തകത്തെ സമ്പന്നമാക്കുന്നത്.
യൂറോപ്പിനെക്കുറിച്ച് അവിടുത്തുകാരനല്ലാത്ത ഒരാളുടെ നിരീക്ഷണങ്ങളാണ് യൂസുഫ് ഹന്ന ദിയാബിന്റെ The Book of Travels എന്ന പുസ്തകത്തെ സമ്പന്നമാക്കുന്നത്.

17-ാം നൂറ്റാണ്ടിൽ ജീവിച്ച സിറിയക്കാനായിരുന്ന യൂസുഫ് ഹന്ന ദിയാബിന്റെ The Book of Travels ഈ താളുകളിൽ കടന്നുവരുന്നുണ്ട്. ഫ്രഞ്ച് പ്രകൃതി ശാസ്ത്രജ്ഞൻ പോൾ ലൂക്കാസിന്റെ സഹായിയായിരുന്നു ദിയാബ്. അലാവുദ്ദീന്റെ കഥ യൂറോപ്പിന് പരിചയപ്പെടുത്തിയത് ഇദ്ദേഹമായിരുന്നു. ദിയാബ് സ്വന്തം യാത്രകളെക്കുറിച്ച് എഴുതിയിരുന്നു. അദ്ദേഹത്തിന്റെ മരണത്തിന് ഏറെക്കാലങ്ങൾക്കു ശേഷം ഒരു ആർക്കൈവിൽ നിന്നാണ് ഈ കൃതിയുടെ കയ്യെഴുത്ത് പ്രതി കണ്ടെത്തുന്നത്. യൂറോപ്പിനെക്കുറിച്ച് അവിടുത്തുകാരനല്ലാത്ത ഒരാളുടെ നിരീക്ഷണങ്ങളാണ് ഈ പുസ്തകത്തെ സമ്പന്നമാക്കുന്നത്. സഞ്ചാര സാഹിത്യത്തെ, അതിലെ മൗലിക നിരീക്ഷണങ്ങളെ ഓരോ എഴുത്തുകാരും എങ്ങിനെ അവതരിപ്പിക്കുന്നു എന്നതിന്റെ ചിത്രമാണ് ദിയാബിനെക്കുറിച്ച് വായിക്കുമ്പോൾ ലഭിക്കുക.

യാത്രകളുടെ പേരിൽ പല വിധ അവകാശ വാദങ്ങളുമായി വരുന്ന എല്ലാവരും വായിക്കുകയും സംവദിക്കുകയും ചെയ്യേണ്ട പുസ്തകമാണ് ഷഹനാസ് ഹബീബിന്റെ Airplane Mode: An Irreverent History of Travel.

ഇത്തരത്തിൽ സംവാദങ്ങളുടെ വിവിധ മുഖങ്ങൾ തുറക്കുകയാണ് 'എയർപ്ലെയ്ൻ മോഡ്'. യാത്രകളുടെ പേരിൽ പല വിധ അവകാശ വാദങ്ങളുമായി വരുന്ന എല്ലാവരും വായിക്കുകയും സംവദിക്കുകയും ചെയ്യേണ്ട പുസ്തകമാണിത്. യാത്രകളിൽ സഞ്ചാരികൾ കാണുന്നതും കാണാത്തതും എന്താണെന്ന ചർച്ചയിൽ നിന്നു തന്നെ ഈ പുസ്തകത്തിന്റെ ഹൃദയത്തിൽ തൊടാൻ ഒരാൾക്ക് സാധിക്കും എന്നതിൽ സംശയമില്ല.

കേരളത്തിന്റെ വേരുകളും
'ലെനിൻ എവർ മോറും'

‘‘വാഷിങ്ടൻ പോസ്റ്റ് തിരഞ്ഞെടുത്ത 2023- ലെ പത്തു മികച്ച പുസ്തകങ്ങളുടെ പട്ടികയിലും 2024- ലെ 'വൈക്കിങ് അവാർഡ് ഫോർ ഫിക്ഷൻ' ചുരുക്കപ്പട്ടികയിലും ഇടം പിടിച്ച ഇന്റർനാഷണൽ ബെസ്റ്റ് സെല്ലർ സംസാരിക്കുന്നത് നമ്മുടെ നാടിന്റെ കഥയാണ്. തിരുവിതാംകൂറിലെ പറമ്പിൽ കുടുംബത്തിനുമേൽ ജലത്തിന്റെ ശാപം പതിച്ചിരിക്കുന്നു. ഈ വലിയ കുടുംബത്തിലെ 'ബിഗ് അമ്മച്ചിയുടെ' സന്തതിപരമ്പരകളിലൊരാൾ അതിനു കാരണം തേടി സഞ്ചരിക്കുകയാണ്. The covenant of Water ജലജന്മങ്ങളുടേയും തലമുറകളുടേയും ഇതിഹാസമാണ്; പോയ നൂറ്റാണ്ടിലെ കേരളത്തിന്റേയും’’- എബ്രഹാം വർഗീസിന്റെ The covenant of Water എന്ന ലോക ശ്രദ്ധ പിടിച്ചുപറ്റിയ നോവലിന്റെ മലയാള പരിഭാഷ 'ജലജന്മങ്ങളുടെ' പുറം ചട്ടയിൽ കൊടുത്തിരിക്കുന്ന വാചകങ്ങളാണ് മേൽ ഉദ്ധരിച്ചത്. 916 പേജുകളുള്ള അതിബൃഹത്തായ രചനയാണിത്. മികച്ച മലയാള വിവർത്തനം എ.വി. ഹരിശങ്കർ നിർവ്വഹിച്ചിരിക്കുന്നു.

916 പേജുകളുള്ള അതിബൃഹത്തായ The covenant of Water എന്ന രചനയുടെ മലയാള വിവർത്തനം എ.വി. ഹരിശങ്കർ നിർവ്വഹിച്ചിരിക്കുന്നു.
916 പേജുകളുള്ള അതിബൃഹത്തായ The covenant of Water എന്ന രചനയുടെ മലയാള വിവർത്തനം എ.വി. ഹരിശങ്കർ നിർവ്വഹിച്ചിരിക്കുന്നു.

1900- ത്തിലാണ്, കൃത്യം 20-ാം നൂറ്റാണ്ട് ആരംഭിക്കുന്ന കാലത്താണ് നോവലിന്റേയും തുടക്കം. അവസാനിക്കുന്നത് 1977-ലും. കഥ ആരംഭിക്കുന്നത് ബ്രിട്ടീഷ് കോളനി കാലത്താണ്. അവസാനിക്കുന്നത് സ്വതന്ത്ര ഇന്ത്യ 30 വർഷം പിന്നിട്ട് നക്‌സലിസം വരെ എത്തിയ രാഷ്ട്രീയാവസ്ഥയിലും.

കോളനി കാലം കഴിഞ്ഞ് രൂപപ്പെടുന്ന കേരളത്തെക്കുറിച്ച് നോവലിന്റെ 28-ാം പേജിൽ ഇങ്ങനെ വായിക്കാം: ഇന്ത്യയുടെ അറ്റത്ത്, മൽസ്യാകൃതിയിലുള്ള ഒരു തീരപ്രദേശം. അതിന്റെ തല സിലോണിലേക്കും (ഇപ്പോൾ ശ്രീലങ്ക) വാൽ ഗോവയിലേക്കും തിരിഞ്ഞ്. കണ്ണുകളാവട്ടെ, മഹാസമുദ്രത്തിനു കുറുകെ ദുബായ്ക്കും അബുദാബിക്കും കുവൈത്തിനും റിയാദിനും നേരെ മോഹത്തോടെ നോക്കിക്കൊണ്ടിരിക്കും.

മലയാളിയുടെ ഗൾഫ് പ്രവാസത്തെക്കുറിച്ച് കൃത്യമായി ഇത്തരത്തിൽ സൂചന നൽകുന്ന നോവൽ പക്ഷെ തിരുവിതാംകൂറിന്റെ ഉൾക്കഥ പറയുകയാണ് ചെയ്യുന്നത്. ഇങ്ങോട്ടു വന്നവരും പുറപ്പെട്ടുപോയവരും നോവലിൽ കഥാപാത്രങ്ങളാണ്. അവർ കൊണ്ടുപോകുന്നതും കൊണ്ടു വരുന്നതുമായ നിരവധി വേരുകൾ ഈ രചനയിൽ മണ്ണിലാഴ്ന്നു നിൽക്കുന്നത് വായനക്കാർക്ക് അനുഭവിക്കാനാകും.

നോവൽ തുടങ്ങുന്നത് 12കാരിയായ മറിയാമ്മയുടെ വിവാഹത്തോടെയാണ്. അവളെ വിവാഹം കഴിക്കുന്നത് നാൽപ്പതു കഴിഞ്ഞ, ഭാര്യ മരിച്ച ഒരു കുട്ടിയുടെ അച്ഛനായ, പറമ്പിൽ കുടുംബത്തിന്റെ ഇപ്പോഴത്തെ നാഥനായ ബിഗ് അപ്പച്ഛനെയാണ്. മൂന്നു തലമുറകളുടെ കഥയാണ് നോവലിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. ബിഗ്അമ്മച്ചിയുടെ അതേ പേരുകാരിയായ അവരുടെ പേരക്കുട്ടി മറിയാമ്മയുടെ ജീവിതാഖ്യാനത്തിലാണ് നോവൽ അവസാനിക്കുന്നത്. പറമ്പിൽ കുടുംബത്തിൽ ഓരോ തലമുറയിൽ ഒരാളെങ്കിലും വെള്ളത്തിൽ വീണു മരിക്കുന്നു. അതുണ്ടാക്കുന്ന നിഗൂഡതൾ തേടുകയാണ് പേരക്കുട്ടി മറിയാമ്മ. അതിലൂടെ പുറത്തുവരുന്നത് പറമ്പിൽ കുടുംബത്തിന്റെ കാര്യം മാത്രമല്ല, അക്കാലത്തെ നമ്മുടെ നാടിന്റെ വിവിധങ്ങളായ ചിത്രീകരണങ്ങൾ കൂടിയാണ്.

കുഞ്ഞുങ്ങളുടെ ജലമരണങ്ങൾ പറമ്പിൽ കുടുംബത്തിൽ എല്ലായ്‌പ്പോഴും അവസാനിക്കാത്ത നിലവിളികളായി അവശേഷിക്കുന്നു. പക്ഷെ, മനുഷ്യജീവിതം ഇതുമായി സമരസപ്പെട്ടു മുന്നോട്ടു പോവുകയും ചെയ്യുന്നു. മറിയാമ്മമാരുടെ ഇതിഹാസം എന്ന് ഈ നോവലിനെ വിശേഷിപ്പിക്കാം. ബിഗ് അമ്മച്ചി മറിയാമ്മയിൽ നിന്നു തുടങ്ങി പേരക്കുട്ടി മറിയാമ്മയിലൂടെ ആഖ്യാനനിർവ്വഹണം സാധ്യമാക്കുകയാണ് നോവൽ. മലയാളി സ്ത്രീകളുടെ കുടുംബം നിലനിർത്താനുള്ള അധ്വാനത്തിന്റേയും വൈയക്തിക ചക്രവാളങ്ങളുടേയും ഇതിഹാസമാണ് ഈ നോവൽ എന്ന് നിസ്സംശയം പറയാം. അദൃശ്യവും ആരും രേഖപ്പെടുത്താത്തതുമായ പെൺചരിത്രം കൂടിയാണത്.

മലയാളി സ്ത്രീകളുടെ കുടുംബം നിലനിർത്താനുള്ള അധ്വാനത്തിന്റേയും വൈയക്തിക ചക്രവാളങ്ങളുടേയും ഇതിഹാസമാണ് എബ്രഹാം വർഗീസിന്റെ The covenant of Water എന്ന നോവൽ എന്ന് നിസ്സംശയം പറയാം. അദൃശ്യവും ആരും രേഖപ്പെടുത്താത്തതുമായ പെൺചരിത്രം കൂടിയാണത്.

കോളനി കാലത്ത് നമ്മുടെ നാട്ടിലെത്തിയ വിദേശികളും നോവലിൽ കഥാപാത്രങ്ങളാണ്. അക്കൂട്ടത്തിൽ പെട്ട ഒരു ഡോക്ടർ കഥയിലെ നായകൻ എന്നു പോലും വിളിക്കാവുന്ന തരത്തിലാണ് ഈ രചനയിൽ വളരുന്നത്. സ്കോട്ട്ലൻഡുകാരനായ ഡോ. കിൽബി ഡിഗ്‌ബോർ ആണ് ഈ കഥാപാത്രം. ഡിഗ്ബി എന്നു വിളിക്കുന്ന ഇദ്ദേഹം നോവലിന്റെ കഥാഗതിയെ ആകെ മാറ്റി മറിക്കുന്നു. ഡിഗ്ബിയും പേരക്കുട്ടി മറിയാമ്മയുടെ അമ്മ എൽസിയും- ഈ രണ്ടു കഥാപാത്രങ്ങളേയും ഉപയോഗിച്ച് ഏബ്രഹാം വർഗീസ് നോവലിന്റെ ഉച്ചിയിൽ നടത്തുന്ന അട്ടിമറി അവിശ്വസനീയവും മലയാളി എഴുത്തിൽ അപരിചതവുമായ ഒന്നാണ്.

ജലശാപത്തേക്കാൾ ഭീതിദമായി രോഗത്തെ (കുഷ്ഠം) അവതരിപ്പിക്കുകയാണ് ഇവരിലൂടെ നോവലിസ്റ്റ് ചെയ്യുന്നത്. തനിക്ക് കുഷ്ഠമാണെന്നറിഞ്ഞ് പുഴയിൽ ചാടി താൻ മരിച്ചു എന്നു വരുത്തിത്തീർത്ത് കുഷ്ഠരോഗാശുപത്രിയിൽ കഴിയുന്ന എൽസി, തന്റെ മകൾ മറിയാമ്മയെക്കാണാൻ യാചകിയായി പറമ്പിൽ തറവാട്ടിൽ ചെന്നു നിൽക്കുന്നതിന്റെ ചിത്രീകരണം ഏതൊരു വായനക്കാരന്റേയും ഹൃദയത്തേയും ഉരുക്കിക്കളയും (രോഗം അവരെ തിരിച്ചറിയാൻ പറ്റാത്ത വിധം മാറ്റിക്കളഞ്ഞു). എൽസി ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ചിത്രകാരി കൂടിയായിരുന്നു. കുഷ്ഠം ഒടുവിൽ അവളുടെ കണ്ണുകളേയും എടുത്തതിനു ശേഷമാണ് മകൾ എൽസി അമ്മയെ നേരിൽ കാണുന്നത്. കഥാപാത്രസൃഷ്ടികളിലെ ഇത്തരം അവിശ്വസനീയമായിത്തോന്നും വിധത്തിലുള്ള അസാധാരണത്വം നോവലിൽ ലയിപ്പിച്ചെടുക്കാൻ കഴിഞ്ഞുവെന്നതാണ് ജലജൻമങ്ങളെ ഉജ്ജ്വലമാക്കുന്നത്. അതായത് നോവൽ ഭാവനയാണെങ്കിലും യുക്തിപരമായ കഥാസൃഷ്ടി അനിവാര്യമാണ്. അതിനുള്ള സമീപകാല സാഹിത്യത്തിലെ ഏറ്റവും വലിയ ഉദാഹരണം കൂടിയാണ് ഈ നോവൽ.

ഡോക്ടർ എന്ന നിലയിലുള്ള അറിവുകളെ നോവലിൽ സൂക്ഷ്മവും ശക്തവുമായി ഉപയോഗിക്കാൻ ഏബ്രഹാം വർഗീസിന് സാധിച്ചിട്ടുണ്ട്.
ഡോക്ടർ എന്ന നിലയിലുള്ള അറിവുകളെ നോവലിൽ സൂക്ഷ്മവും ശക്തവുമായി ഉപയോഗിക്കാൻ ഏബ്രഹാം വർഗീസിന് സാധിച്ചിട്ടുണ്ട്.

ശരീര വളർച്ചയില്ലാത്ത, എന്നാൽ പ്രവചനങ്ങൾ സാധ്യമായ ബേബിമോൾ എന്ന വീട്ടിനു പുറത്തു പോകാൻ കഴിയാത്ത, കസേരയിലോ കട്ടിലിലോ ചടഞ്ഞിരിക്കാൻ വിധിക്കപ്പെട്ട ഒരു കഥാപാത്രത്തെ നോവലിൽ കാണാം. പക്ഷെ ആ കുട്ടിയെ ഒരു ഭാരമായി ആരും കാണുന്നില്ല. അവളുടെ പ്രവചനങ്ങൾക്കായി പറമ്പിൽ കുടുംബവും ചിലപ്പോൾ ആ ഗ്രാമം തന്നെയും കാത്തിരിക്കുന്നു. ബിഗ് അമ്മച്ചിയുടെ മകൻ ഫിലിപ്പോസ് ഒരു എഴുത്തുകാരൻ കൂടിയാണ്. അയാൾ മനോരമയിൽ 'സാധാരണക്കാരന്റെ പംക്തി' എഴുതുന്ന എഴുത്തുകാരനാണ്. എൽസി എന്ന ചിത്രകാരിയെ അയാൾ വിവാഹം കഴിക്കുന്നു. അവർക്ക് ഒരാൺകുഞ്ഞുണ്ടാകുന്നു. പക്ഷെ ഒരു ദുരന്തത്തിൽ ആ കുട്ടി മരിക്കുന്നു. പിന്നീട് മറിയാമ്മയുണ്ടാകുന്നു, പക്ഷെ അവളുടെ അച്ഛൻ ഫിലിപ്പോസല്ല. ആ സത്യം മനസ്സിലാക്കാതെ മദ്രാസിലേക്കുള്ള വഴിയിൽ തീവണ്ടിയപകടത്തിൽ ഫിലിപ്പോസ് മരിക്കുന്നു. ഇങ്ങിനെ മനുഷ്യ ജീവിതത്തിലെ നിരവധി നാടകീയമുഹൂർത്തങ്ങളാൽ ഈ നോവൽ നിറഞ്ഞിരിക്കുന്നു.

ഡോക്ടർ എന്ന നിലയിലുള്ള അറിവുകളെ നോവലിൽ സൂക്ഷ്മവും ശക്തവുമായി ഉപയോഗിക്കാനും ഏബ്രഹാം വർഗീസിന് സാധിച്ചിട്ടുണ്ട് (കോളനി കാലത്ത് ഹോക്കി താരം ജെബ് പെലിങ് ഹാം ചികിൽസാ പിഴവിൽ മരിക്കുന്നതും അത് ഡിഗ്ബിയുടെ ജീവിതത്തെ അട്ടിമറിക്കുന്നതും എഴുതാൻ ഒരു ഡോക്ടർക്ക് കൂടുതൽ സൂക്ഷ്മമായി കഴിയും). പല ശസ്ത്രക്രിയകളുടേയും വിശദാംശങ്ങൾ നോവലിലുണ്ട്. അതിന്റെ വൈദ്യശാസ്ത്രപരമായ കാര്യങ്ങൾ അറിയാത്തൊരാൾക്കും അക്കാര്യം വിശദമായി മനസ്സിലാക്കാൻ കഴിയും വിധത്തിലാണ് നോവലിസ്റ്റ് എഴുതുന്നത്. മലയാളത്തിൽ ഡോക്ടർമാരായ എഴുത്തുകാർക്ക് ഇക്കാര്യം വേണ്ട വിധത്തിൽ എഴുതി ഫലിപ്പിക്കാൻ കഴിയാത്തത് എന്തുകൊണ്ടായിരുന്നു എന്നാലോചിക്കാനും ഈ നോവൽ കാരണമാകുന്നു. വെള്ളക്കാർക്കിടയിലെ വംശീയതയും തിരുവിതാംകൂറിലെ ജാതി വ്യവസ്ഥയും നോവലിൽ കടന്നുവരുന്നു. കോളനി കാലവും വിമർശിക്കപ്പെടുന്നു. നാടിന്റെ വികസന കാര്യങ്ങൾക്കു വേണ്ടി ഓടി നടക്കുന്ന അപ്പ്‌ലിഫ്റ്റ് മാസ്റ്റർ സവിശേഷതകൾ ഏറെയുള്ള ഒരു കഥാപാത്രമാണ്. പേരിലുള്ളതുപോലെ നാടിന്റെ ഉന്നമനത്തിനായി അധികാരികളെ കണ്ട് നിവേദനം നൽകുന്നയാളാണ് ഇദ്ദേഹം. മരാമൺ കൺവെൻഷനും അവിടെ നടന്ന ഇംഗ്ലീഷ് പ്രസംഗത്തിന് നൽകിയ വിചിത്രമായ പരിഭാഷയിലൂടെ ഒരാശുപത്രി നാടിനു വേണ്ടി സമ്പാദിക്കുന്നതും നോവലിലെ ആക്ഷേപ ഹാസ്യ സന്ദർഭങ്ങളിൽ ഏറ്റവും മികച്ചകതാണ്.

77 വർഷങ്ങൾ കൊണ്ട് തിരുവിതാംകൂറും കേരളവും എങ്ങനെയെല്ലാം മാറി എന്നതിന്റെ കഥകൂടിയാണ് ജലജന്മങ്ങൾ പറയുന്നത്. കാലവും മനുഷ്യരും ചരിത്രവും പല മാറ്റങ്ങളേയും അഭിമുഖീകരിക്കുന്നു.

നോവലിലെ നക്‌സലൈറ്റ് കഥാപാത്രത്തിന്റെ പേര് ലെനിൻ എന്നാണ് (മറിയാമ്മയുടെ കാമുകൻ). ഈ കഥാപാത്രത്തിന് സഖാവ് വർഗീസിന്റെ ഛായയുണ്ട്. ലെനിൻ ഒരു വ്യാജ ഏറ്റുമുട്ടലിന് സാക്ഷിയുമാകുന്നുണ്ട്. സായുധ വിപ്ലവത്തിൽ തന്റെ ഗുരുവായ സഖാവിനെ പോലീസ് വെടിവെച്ചു കൊല്ലുന്നത് അയാൾ ഒളിച്ചിരുന്ന് കാണുന്നുണ്ട്. 70-കളിലെ കേരള രാഷ്ട്രീയത്തെ ലെനിനിലൂടെ നോവലിസ്റ്റ് അവതരിപ്പിക്കുന്നു. അയാൾ അമ്മയുടെ ഗർഭപാത്രത്തിലായിരുന്നപ്പോൾ അച്ഛൻ കോര ഉൻമാദം വന്ന് ഒരു കാര്യം ചെയ്തു. ഭാര്യയുടെ വയറ്റിനു കുത്തി. ഗർഭത്തിലുള്ള കുഞ്ഞിന്റെ കൈ ആ മുറിവിലൂടെ പുറത്തു കാണാമായിരുന്നു. ഡോ. കിൽബി ഡിഗ്‌ബോറാണ് ആ മുറിവ് തുന്നിക്കെട്ടിയത്. ആ കുഞ്ഞിന് ലെനിൻ എവർമോർ (എന്നേക്കും ലെനിൻ) എന്ന് പേരിട്ടതും അദ്ദേഹം തന്നെ. മുറിവിലൂടെ പുറത്തു കണ്ട കുഞ്ഞിന്റെ ചുരുട്ടിയ മുഷ്ടി നോക്കി ഡോക്ടർ പറഞ്ഞു: ഈ കുഞ്ഞിന്റെ മുഷ്ടി ഒരു നാൾ പ്രശ്‌നമുണ്ടാക്കും: ഇങ്ങനെയാണ് ഏബ്രഹാം വർഗീസ് ഈ നോവലിന് വേണ്ടി കഥാപാത്രസൃഷ്ടി നടത്തിയിരിക്കുന്നത്. ഒരു കഥാപാത്രത്തേയും എഴുത്തുകാരൻ ചെറുതായി കാണുന്നില്ല. എല്ലാവർക്കും അവരുടേതായ സവിശേഷതകളുണ്ട്. മനുഷ്യൻ തങ്ങളുടെ സവിശേഷതകൾ കൊണ്ടാണ് തിളങ്ങുകയും അതിജീവിക്കുകയും ചെയ്യുന്നതെന്ന് ജലജൻമങ്ങളിലെ ഓരോ കഥാപാത്രവും വായനക്കാരോട് വിളിച്ചു പറയുന്നുണ്ട്.

ഏബ്രഹാം വർഗീസ് പറയുന്നു; 'ലോകം എങ്ങനെ ജീവിക്കുന്നു എന്നതിനെക്കുറിച്ചുള്ള സത്യം പറയുന്ന വലിയ നുണയാണ് ഫിക്ഷൻ’. സത്യം പറയുന്ന ആ വലിയ നുണയുടെ വായനാനന്ദം വായനക്കാർക്ക് ഒരിക്കലും ഒഴിവാക്കാനാവില്ല.
ഏബ്രഹാം വർഗീസ് പറയുന്നു; 'ലോകം എങ്ങനെ ജീവിക്കുന്നു എന്നതിനെക്കുറിച്ചുള്ള സത്യം പറയുന്ന വലിയ നുണയാണ് ഫിക്ഷൻ’. സത്യം പറയുന്ന ആ വലിയ നുണയുടെ വായനാനന്ദം വായനക്കാർക്ക് ഒരിക്കലും ഒഴിവാക്കാനാവില്ല.

'അപ്പന്റെ ശ്വാസം വെറും വായുവായി മാറിയിരുന്നു' എന്നൊരു പരാമർശം ( ഈ ആശയം താൻ മറ്റൊരിടത്തുനിന്നും എടുത്തതാണെന്ന് നോവലിസ്റ്റ് പറയുന്നുണ്ട്) നോവലിലുണ്ട്. കടുത്ത തണുപ്പുള്ള പ്രദേശത്ത് ചർച്ച് ജീവനക്കാരനായിപ്പോയ കഥാപാത്രത്തിന്റെ ദുർബ്ബലമായ ശ്വാസകോശത്തെക്കുറിച്ച് പറയുന്നിടത്താണ് ഈ പ്രയോഗം. കണ്ണടച്ചില്ല് ശ്വാസം ഊതി വൃത്തിയാക്കാൻ പോലും കഴിയാത്ത വിധത്തിൽ ഈ കഥാപാത്രം അവശനായിരുന്നു. ഇതു കാണിക്കാനാണ് ഇത്തരമൊരു ഉപമയെ മറ്റൊരു സ്‌ത്രോസ്സിൽ നിന്നും നോവലിസ്റ്റ് കണ്ടെത്തുന്നത്. കൃതജ്ഞത, കുറിപ്പ് എന്നീ രണ്ടനുബന്ധങ്ങൾ നോവലിലുണ്ട്. നോവലെഴുത്തിൽ തന്നെ സഹായിച്ച എല്ലാവരോടും വിശദമായി നന്ദി പറയുന്നുണ്ട് നോവലിസ്റ്റ്. കുറിപ്പിൽ താൻ ഈ നോവലിനു വേണ്ടി മറ്റ് സ്രോതസ്സുകളിൽ നിന്നും ഉപയോഗപ്പെടുത്തിയ കാര്യങ്ങൾ (സ്വാധീനങ്ങളും പ്രചോദനങ്ങളും) അദ്ദേഹം മറയൊന്നുമില്ലാതെ വ്യക്തമാക്കുകയും ചെയ്യുന്നു. എല്ലാ എഴുത്തുകാരും പിൻതുടരേണ്ട രീതിയാണിത്.

മലയാളി എന്ന മതം ഉണ്ടാക്കിയ മാറ്റങ്ങളിലേക്ക് കൂടിയാണ് ഏബ്രഹാം വർഗീസ് വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്നത്. ഈ മൗലികമായ കാഴ്ച്ചപ്പാടാണ് നോവലിന് ഇതിഹാസ മാനങ്ങൾ നൽകുന്നത്.

ഈ നോവലെഴുത്തിൽ തന്റെ അമ്മയുടെ കുട്ടിക്കാല ഓർമ്മകൾക്ക് വലിയ പങ്കുള്ളതായി നോവലിസ്റ്റ് പറഞ്ഞിട്ടുണ്ട്. അമ്മ എഴുതിയ 157 പേജുകളുള്ള സ്‌പൈറൽ ചെയ്ത നോട്ടുപുസ്തകം വഴികാട്ടിയായതായി അദ്ദേഹം സ്മരിക്കുന്നു. അമ്മ കുട്ടിക്കാലത്തെക്കുറിച്ചെഴുതുമ്പോൾ താളുകളിൽ ചിത്രങ്ങളും വരച്ചിരുന്നു. 77 വർഷങ്ങൾ കൊണ്ട് തിരുവിതാംകൂറും കേരളവും എങ്ങനെയെല്ലാം മാറി എന്നതിന്റെ കഥകൂടിയാണ് ജലജന്മങ്ങൾ പറയുന്നത്. കാലവും മനുഷ്യരും ചരിത്രവും പല മാറ്റങ്ങളേയും അഭിമുഖീകരിക്കുന്നു. ഈ മാറ്റങ്ങളുടേയെല്ലാം അടിത്തട്ടിൽ പ്രവർത്തിച്ച ഘടകം എന്തായിരുന്നു? ഇതിന് നോവൽ നൽകുന്ന ഉത്തരം വളരെ പ്രധാനപ്പെട്ടതാണ്: ഒരു മലയാളി ആയിരിക്കുന്നത് തന്നെ ഒരു മതമാണ്- ഫിലിപ്പോസിന്റെ നോട്ട് ബുക്കിലാണ് ഈ വരിയുള്ളത്.

മലയാളി എന്ന മതം ഉണ്ടാക്കിയ മാറ്റങ്ങളിലേക്ക് കൂടിയാണ് ഏബ്രഹാം വർഗീസ് വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്നത്. ഈ മൗലികമായ കാഴ്ച്ചപ്പാടാണ് നോവലിന് ഇതിഹാസ മാനങ്ങൾ നൽകുന്നത്. 84 അധ്യായങ്ങളിൽ 916 പുറങ്ങളിൽ എഴുതപ്പെട്ട ജലജന്മങ്ങൾ മൂന്ന് തലമുറകൾ, രണ്ട് വൻകരകൾ, അനേകം ഭൂപ്രദേശങ്ങൾ എന്നിവ ഉൾക്കൊള്ളുന്നു. നിരവധി കഥാപാത്രങ്ങൾ മൂന്നു തലമുറകളെ പ്രതിനിധീകരിച്ച് നോവലിലുണ്ട്. ഇപ്പറഞ്ഞ കാര്യങ്ങളെയെല്ലാം കയ്യടക്കത്തോടെ കൈകാര്യം ചെയ്യാനും നോവലിനാവശ്യമായ യുക്തിയോടെ നെയ്‌തെടുക്കാൻ കഴിഞ്ഞു എന്നതിലുമാണ് ഏബ്രഹാം വർഗീസിന്റെ വിജയം.
അദ്ദേഹം പറയുന്നു: 'ലോകം എങ്ങനെ ജീവിക്കുന്നു എന്നതിനെക്കുറിച്ചുള്ള സത്യം പറയുന്ന വലിയ നുണയാണ് ഫിക്ഷൻ’. സത്യം പറയുന്ന ആ വലിയ നുണയുടെ വായനാനന്ദം വായനക്കാർക്ക് ഒരിക്കലും ഒഴിവാക്കാനാവില്ല.


Summary: Shahnaz Habib's Airplane Mode A Passive-Aggressive History of Travel and Abraham Varghese's The Covenant of Water V Musafar Ahammed on his 2024 favorite books.


വി. മുസഫർ അഹമ്മദ്​

മാധ്യമ പ്രവർത്തകനും എഴുത്തുകാരനും. മരുഭൂമിയുടെ ആത്മകഥ, മരുമരങ്ങൾ, മയിലുകൾ സവാരിക്കിറങ്ങിയ ചെരുവിലൂടെ, കുടിയേറ്റക്കാരന്റെ വീട്, മരിച്ചവരുടെ നോട്ട് പുസ്തകം, ബങ്കറിനരികിലെ ബുദ്ധൻ, camels in the sky: Travels in Arabia എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments