വിരാമചിഹ്നം സ്പർശിക്കാത്തൊരു വാചകമായി ജീവിതം നീണ്ടുപോയാലോ?. മരണമെന്ന മറുകര തൊടാതെ അനന്തമായി ഒടുക്കമെന്നൊന്നില്ലാത്ത തുടർച്ച. ജീവിതത്തിന്റെ നശ്വരതയെ നിത്യതയിലേക്ക് കൊരുത്തുകെട്ടാനുള്ള ശ്രമമാണ് ഹോസെ സരമാഗോ ഡെത്ത് അറ്റ് ഇന്റർവെൽസ് എന്ന കൃതിയിലൂടെ നടത്തുന്നത്. പേരില്ലാത്തൊരു ദേശത്തുനിന്ന് പൊടുന്നനെ പിന്മാറുകയാണ് മരണം. ഒരു പുതുവർഷ ദിനത്തിൽ അവിടെ നിന്ന് മരണം അപ്രത്യക്ഷമാകുന്നു. മാഞ്ഞില്ലാതാവുകയാണ് നശ്വരത.
The following day, no one died...
എന്ന വാചകത്തിൽ തുടങ്ങുന്ന നോവൽ, എണ്ണമറ്റ വാക്കുകൾ അടുക്കിയ നെടുങ്കൻ വാചകങ്ങളിലൂടെ കഥ പറയുന്നു. വിരാമമില്ലാത്ത ജീവിതത്തെ സൂചിപ്പിക്കുന്നു, കറുത്ത ചെറുപൂർണവൃത്തങ്ങൾ ഒഴിവാക്കിയുള്ള കഥനശൈലി. തെരുവുകളിൽ നൃത്തംചെയ്തും വീടുകളുടെ ബാൽക്കണികളിൽ കൊടികൾ തൂക്കിയുമാണ് ജനങ്ങൾ മരണത്തിന്റെ മാഞ്ഞുപോകലിനെ ആഘോഷിക്കുന്നത്.
പക്ഷേ, മരണത്തിന്റെ പിൻവാങ്ങൽ ഇവിടെ ആനന്ദത്തുടർച്ചയ്ക്കുള്ള ഉറവയായി മാറുന്നില്ല. മറിച്ച് ആശങ്കകളും നിരാശകളും നിസ്സഹായതയും തലപൊക്കുകയാണ്. ഇനിയെന്ത് എന്ന ചോദ്യം, മാംസത്തിന്റെ ജീർണത, ജരാനരകളുടെ വിഷാദഭാരം ഇതൊന്നിനെയും മായിക്കാൻ അശക്തമായ നിത്യത. കെല്പറ്റ മേധാവി മാത്രമാണിവിടെ മരണം. മരണം പിൻവാങ്ങിയ ദേശമാകട്ടെ മരണാസന്നരുടെ കിടപ്പുമുറി മാത്രവും. അതിർത്തിക്കപ്പുറം മരണം അതിന്റെ സ്വാഭാവിക യാത്ര തുടരുമ്പോൾ, ഇവിടെ ഈ നാടിന്റെ ഭൗമാതിരിനുള്ളിൽ ജീവിതം അതിന്റെ പരമമായ ഏകാധിപത്യം തുടരുന്നു. അരികുവൽക്കരിക്കപ്പെട്ട, അതിരിനപ്പുറത്തേക്ക് നാടുകടത്തപ്പെട്ട മരണം, ഉപേക്ഷിച്ചുപോന്ന ദേശത്തെ മറന്നമട്ടിലാണ്. പിൻവാങ്ങിയ ഇടത്തിലേക്കത് തിരിഞ്ഞുനോക്കുന്നതില്ല. ഉപേക്ഷിച്ചതൊന്നിലേക്ക്, താൻ പിൻവാങ്ങിയ ഇടത്തിലെ ശൂന്യതയിലേക്ക് വന്നുനിറയുന്നതെന്തെന്ന കൗതുകം മരണത്തെ വിട്ടൊഴിഞ്ഞമട്ടാണ്. വേരടരാത്ത മണ്ണിൽ, വിട്ടുപോയതൊന്നിനെ ഓർക്കാതെ മരണത്തിന്റെ സ്വാഭാവിക ജീവിതം.

മരണം മാഞ്ഞുപോയിടത്തെ ജീവിതത്തിന്റെ നിറവ് ആശങ്കയുടെ തമോഗർത്തമായി പിന്നെ മാറുകയാണ്. മരണം കാത്തുകിടക്കുന്നവരുടെ ശുശ്രൂഷകരാകാനുള്ള യോഗ്യതയാണ് അവിടെ ജീവിതം. അവസാനിക്കാത്ത വാർധക്യം, മാടിവിളിച്ചിട്ടും അടുക്കാൻ മടിച്ചുനിൽക്കുന്ന മരണത്തെയോർത്ത് വിവശമായ കേവലശരീരങ്ങൾ. തികച്ചും സ്വാഭാവികമായി രംഗപ്പെട്ട ഈ അസ്വാഭാവികതയ്ക്ക് മറുമരുന്ന് തേടുകയാണ് മരണാസന്നരുടെ ശുശ്രൂഷകർ. പ്രകൃതിയുടെ തീരുമാനങ്ങൾക്കെതിരെ ബുദ്ധിയുടെ സാധ്യതകളെ പ്രയോജനപ്പെടുത്താൻ ഒരുങ്ങുകയാണ് ഇവിടെയും മനുഷ്യർ. അധികാരവും കരുത്തും മാത്രമാണ് പ്രകൃതിനിയമത്തെ അതിജീവിക്കാനുള്ള ആയുധങ്ങളെന്ന തിരിച്ചറിവ് ഏതു ദേശത്തിനുമെന്നപോലെ ഈ ദേശത്തിനുമുണ്ട്. അവർ അധികാരത്തെ, കരുത്തിനെ വിനിയോഗിക്കാൻ തീരുമാനിക്കുന്നു. മാഫിയ രൂപമെടുക്കുന്നു.
വയലറ്റ് നിറമുള്ള കത്തുകളായി മരണമുന്നറിയിപ്പ് മനുഷ്യരെ തേടിയെത്തുന്നു. അരൂപിയായ മരണാധിപതിക്ക് അപ്പോൾ മുതൽ സ്ത്രീയുടെ രൂപമാണ്. മരണമെന്ന സ്ത്രീയുടെ കണക്കുകൂട്ടലുകൾ കൃത്യമാണ്. അരിവാളെന്ന കൂട്ടാളിക്കൊപ്പം അവൾ മരണക്കൊയ്ത്ത് തുടരുന്നു.
ആരും മരിക്കാത്ത നഗരപരിധിക്കുള്ളിൽ മരണാസന്നരെ മരണത്തിലേക്ക് അടുപ്പിക്കാനുള്ള ചുമതല മാഫിയ ഏറ്റെടുക്കുന്നു. ജീവന്റെ അടയാളമായി ശ്വാസത്തെ മാത്രം പേറുന്ന മനുഷ്യരെ നഗരാതിർത്തി കടത്താനുള്ള ചുമതല മാഫിയ ഏറ്റെടുക്കുകയാണ്. നഗരത്തിന്റെ കല്പിതാർത്തിക്കപ്പുറം അവർ മരണത്താൽ അനുഗ്രഹീതരാകുന്നു. മരണം മാഫിയാ പ്രവർത്തനമായിമാറുന്നു. അതിർത്തിയിലെ ഈ മരണക്കടത്ത് നഗരഭരണകൂടങ്ങൾക്കിടയിൽ അസ്വാരസ്യങ്ങളുണ്ടാക്കുന്നു. മറ്റേത് കള്ളക്കടത്തുമെന്നപോലെ മരണം കൊള്ളമുതലാവുകയും മനുഷ്യരുണ്ടാക്കിയ വിഭജനത്തിന്റെ, വേർതിരിവുകളുടെ നിയമങ്ങൾക്കത് എതിരായി മാറുകയുംചെയ്യുന്നു.

ഈ അവസ്ഥയിൽ മരണം മടങ്ങിയെത്തുന്നു. വയലറ്റ് നിറമുള്ള കത്തുകളായി മരണമുന്നറിയിപ്പ് മനുഷ്യരെ തേടിയെത്തുന്നു. അരൂപിയായ മരണാധിപതിക്ക് അപ്പോൾ മുതൽ സ്ത്രീയുടെ രൂപമാണ്. മരണമെന്ന സ്ത്രീയുടെ കണക്കുകൂട്ടലുകൾ കൃത്യമാണ്. അരിവാളെന്ന കൂട്ടാളിക്കൊപ്പം അവൾ മരണക്കൊയ്ത്ത് തുടരുന്നു. പക്ഷേ, മനുഷ്യരിൽ സംഭവിക്കുന്ന മരണത്തിന്റെ അപ്രവചനീയത മരണാധിപതിയിലും പ്രവർത്തിക്കുന്നു. ഒരു സംഗീതജ്ഞന്റെ കാര്യത്തിൽ അവളുടെ കണക്കുകൂട്ടലുകൾ പിഴയ്ക്കുകയാണ്. വയലറ്റ് വാറന്റ് കൈപ്പറ്റാതെ മരണത്തിൽ നിന്ന് അകന്നുനിൽക്കുന്ന അയാളുടെ വിധിയിൽ മരണാധിപതിക്ക് ഞെട്ടലുണ്ടാകുന്നു. ചുമതലകൾ അരിവാളിനെ ഏല്പിച്ച് മരണം അയാളെ തേടി പുറപ്പെടുന്നിടത്ത് ഡെത്ത് അറ്റ് ഇന്റർവെൽസിന്റെ കഥ മാറുകയാണ്. മരണത്തിൽ നിന്ന് സ്‌നേഹത്തിലേക്ക് കഥ പുതിയൊരു നീർച്ചാല് പണിയുന്നു.
2005-ൽ പോർച്ചുഗീസ് ഭാഷയിൽ പുറത്തിറങ്ങിയ പുസ്തകം 2008-ലാണ് മാർഗരറ്റ് ജൂൾ കോസ്റ്റ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുന്നത്. 'ഡെത്ത് വിത്ത് ഇന്ററപ്ഷൻസ്' എന്ന പേരിൽ പുറത്തിറങ്ങിയ പുസ്തകം 'ഡെത്ത് അറ്റ് ഇന്റർവെൽസ്' എന്ന് പേരുമാറ്റി ബ്രിട്ടനിൽ പ്രസിദ്ധീകരിക്കപ്പെട്ടു. നോവലിൽ പ്രധാന കഥാപാത്രമായ മരണം ഒരു സ്ത്രീയാണ്. മരണത്തിൽ ചിട്ട പാലിക്കുന്ന പ്രണയത്തിൽ ചിട്ടകൾ തെറ്റിക്കുന്ന സ്ത്രീ. മരണരൂപിയായിരിക്കേ അവൾ ഏകാധിപതിയാണ്. പക്ഷേ, പ്രണയത്തിലോ... അതിന്റെ ഉത്തരമാണ് കഥാന്ത്യത്തിൽ പങ്കുവെക്കപ്പെടുന്നത്.
