അതിപ്രശസ്തരായ മാന്ത്രികരുടെ കൂട്ടായ്മയും പ്രദർശനങ്ങളും നഗരത്തിൽ നടക്കുകയാണ്. ഓരോരുത്തർക്കും അവരുടേതായ മാസ്റ്റർപീസ് ഐറ്റങ്ങളും ആരാധക വൃന്ദങ്ങളുമുണ്ട്. മുകളറ്റം എവിടെയും കൊരുത്തിടാതെ ഉയർത്തി നിർത്തിയ കയറിൽ പിടിച്ചു കയറൽ ആണ് ഒരു മാന്ത്രികന്റെ മുഖ്യ ഇനമെങ്കിൽ മറ്റൊരാൾക്ക് എത്ര പൂട്ടിട്ട പെട്ടിയിൽ നിന്നും ഞൊടിയിടയിൽ രക്ഷപ്പെടലാണ്; ഇനിയിലൊരാൾക്കു രൂപം മാറാനുള്ള കഴിവാണത്.
ഇതിനിടെ ഒരു കള്ളൻ നഗരത്തിലിറങ്ങുന്നു. കൊലയാളിയുമാണ് അയാൾ. മജീഷ്യന്മാരുടെ വിദ്യകൾ ഉപയോഗിച്ചാണ് മോഷണവും അതിനായുള്ള കൊലപാതകങ്ങളും. കറുത്ത വസ്ത്രങ്ങൾ അണിഞ്ഞു നടക്കുന്ന ആ ക്രിമിനലിനെ പത്രങ്ങൾ കറുത്ത മാന്ത്രികൻ എന്ന് വിശേഷിപ്പിച്ചു. ജനം ഭീതിയുടെ പിടിയിലായി.
കറുത്ത മാന്ത്രികനെ കുടുക്കാൻ പോലീസ് സഹായം അഭ്യർത്ഥിച്ചതനുസരിച്ച് മാന്ത്രികനായ മാൻഡ്രേക്കും സഹായി ലോതറും രംഗത്തിറങ്ങി. ലോതറിന്റെ ജീവൻ പോലും നഷ്ടപ്പെട്ടേക്കാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുമ്പോഴേക്കും വായനക്കാരൻ അടുത്ത വാരാന്ത്യപ്പതിപ്പിനായി ആകാംക്ഷയോടെ കാത്തിരിക്കേണ്ടി വരുന്നു.
1934ൽ ആദ്യമായി പ്രസിദ്ധീകരിച്ചു തുടങ്ങിയ മാൻഡ്രേക്ക് ദ മജീഷ്യൻ എന്ന കോമിക് സ്ട്രിപ്പിലൂടെയാണ് കുറ്റവാളിയെ അതിസാഹസികമായി കീഴടക്കുന്ന മാൻഡ്രേക്കിന്റെ വീരേതിഹാസം തുടങ്ങുന്നത്. ദി ഗ്രേറ്റ് ഡിപ്രഷൻ എന്ന മുപ്പതുകളിലെ സാമ്പത്തിക മാന്ദ്യത്തിന്റെ കാലമായിരുന്നു അത്.
അന്ന് മാൻഡ്രേക്കിനെ വായിച്ചു തുടങ്ങിയവർ മണ്മറയുകയും പിന്നീടിങ്ങോട്ടുണ്ടായിരുന്ന വായനക്കാർ തന്നെ മദ്ധ്യവയസ്‌കരോ അതിനുമേൽ പ്രായമുള്ളവരോ ആയിക്കഴിയുകയും ചെയ്‌തെങ്കിലും ഇനിയൊരു മടങ്ങിവരവില്ലാത്തവിധം ആരാധകരുടെ ഓർമ്മയിൽ നിന്ന് പോയ് മറഞ്ഞിട്ടില്ല ആ മാന്ത്രികൻ. പുതുതലമുറ സൂപ്പർ ഹീറോകൾ അരങ്ങുവാഴുന്ന ഡിജിറ്റൽ ലോകത്ത് എങ്ങാനും ഒരു തിരിച്ചുവരവ് ഉണ്ടായേക്കാം എന്ന് ആശിക്കുന്ന ഒരു തലമുറയെങ്കിലും ഇനിയുമിവിടെ ബാക്കിയുള്ളിടത്തോളം ആ മായാജാലക്കാരന് പ്രസക്തിയുമുണ്ട്.
മന്ത്രവാദികളുടെയും മറ്റും പ്രിയ സസ്യമാണ് മാൻഡ്രേക്. മാന്ത്രിക ശക്തിയുള്ള, ആളുകളെ ഉന്മത്തരാക്കാൻ കഴിവുള്ള ആ ചെടിയുടെ പേര് അതേ കഴിവുകളുള്ള മാന്ത്രികന് അല്ലാതെ മറ്റാർക്കാണ് ചേരുക.
അന്നുവരെ കണ്ടിട്ടുള്ള കോമിക് കഥാപാത്രങ്ങളിൽ നിന്നും വളരെ വ്യത്യസ്തനായിരുന്നു മാൻഡ്രേക്. കൗബോയ് മട്ടിലുള്ള പരുക്കൻ രൂപഭാവങ്ങളുള്ള നായകവേഷമൊന്നും ആയിരുന്നില്ല മാൻഡ്രേക്കിന്റേത്. നല്ല ഉയരമുള്ള, സുന്ദരനായ മാൻഡ്രേക്ക് എന്നും കറുത്ത സ്യൂട്ടും തൊപ്പിയും ചുവന്ന മേലങ്കിയുമണിഞ്ഞാണ് വായനക്കാർക്ക് മുന്നിലെത്തിയിരുന്നത്. ലിയോൺ മാൻഡ്രേക്ക് എന്ന യഥാർത്ഥ മാന്ത്രികന്റെ വേഷവിധാനങ്ങൾ മാൻഡ്രേക് എന്ന കഥാപാത്രത്തിന്റെ സൃഷ്ടിയിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ലിയോൺ പിന്നീട് തന്റെ സ്റ്റേജിലെ പേര് കഥാപാത്രത്തിന്റെ പേരിനൊപ്പിച്ച് മാൻഡ്രേക് എന്നു മാത്രമാക്കിയിട്ടുമുണ്ട്.
ലീ ഫോക് എന്ന ലിയോൺ ഹാരിസൺ ഗ്രോസാണ് മാൻഡ്രേക്കിന്റെ സൃഷ്ടാവ്. കുട്ടിക്കാലം മുതൽക്കേ മായാജാല പ്രകടനങ്ങളിൽ ഏറെ ആകൃഷ്ടനായിരുന്നു ലിയോൺ. കോളേജ് കാലഘട്ടത്തിൽ ആണ് ആദ്യമായി മാൻഡ്രേക് എന്ന മാന്ത്രികനെ അദ്ദേഹം വരയ്ക്കുന്നത്. അടച്ചിട്ട മുറിയിലിരുന്ന് കണ്ണാടിയിൽ ഇടയ്ക്കിടെ നോക്കി സ്വന്തം മുഖച്ഛായയിലാണ് ലിയോൺ മാൻഡ്രേക്കിനെ വരച്ചത്.
ബൈബിളിലെ ഉൽപ്പത്തിയുടെ പുസ്തകത്തിൽ ജേക്കബിനെ ഗർഭം ധരിക്കുവാൻ റേച്ചലിന് മരുന്നായി നൽകിയത് മാൻഡ്രേക് എന്ന ഔഷധ സസ്യത്തിന്റെ വേരായിരുന്നു. പിന്നെയിങ്ങോട്ട് ചരിത്രത്തിലും കഥയിലും പല രേഖകളിലും, ഒടുവിൽ ഹാരി പോട്ടർ കഥകളിൽ വരെ, മന്ത്രവാദികളുടെയും മറ്റും പ്രിയ സസ്യമാണ് മാൻഡ്രേക്. മാന്ത്രിക ശക്തിയുള്ള, ആളുകളെ ഉന്മത്തരാക്കാൻ കഴിവുള്ള ആ ചെടിയുടെ പേര് അതേ കഴിവുകളുള്ള മാന്ത്രികന് അല്ലാതെ മറ്റാർക്കാണ് ചേരുക.
ടിബറ്റൻ പർവ്വതനിരകളിൽ ഉള്ള പരമോന്നത മാന്ത്രിക വിദ്യാലയമായ കോളേജ് ഓഫ് മാജിക്കിലെ പ്രധാന ഗുരുവാണ് തെറോൺ. അദ്ദേഹത്തിന്റെ കൈവശമുള്ള ഒരമൂല്യ രത്‌നത്തിന്റെ ശക്തി മൂലം അനേകം നൂറ്റാണ്ടുകളായി അദ്ദേഹം ഭൂമിയിൽ ജീവിക്കുന്നു. അത്ര ദീർഘമായ ജീവിതകാലത്തിൽ പന്ത്രണ്ട് വിവാഹങ്ങൾ കഴിക്കുകയും അതിൽ നാൽപ്പതോളം മക്കൾ ഉണ്ടാവുകയും ചെയ്തു. അതിലൊരാളാണ് മാൻഡ്രേക്ക്. ലൂസിഫർ, ഡെറിക്, ലെനോർ എന്നിവർ ആയിരുന്നു മാൻഡ്രേക്കിന്റെ കാലത്ത് ജീവനോടെ ബാക്കിയുണ്ടായിരുന്നത്.
ടിബറ്റിൽ ജനിച്ച് വളർന്ന മാൻഡ്രേക്കിന് മാന്ത്രിക വിദ്യകളിൽ ഗുരുവായത് പിതാവ് തന്നെയാണ്. പിതാവിന്റെ പക്കൽ നിന്ന് മന്ത്രവിദ്യകൾ മാത്രമല്ല തൊപ്പിയും മേൽ വസ്ത്രവും മാന്ത്രികദണ്ഡും മാൻഡ്രേക്കിനു ലഭിച്ചു. പൊതുജീവിതത്തിൽ ഒരു സ്റ്റേജ് മജീഷ്യൻ എന്ന നിലയിൽ ആണ് അറിയപ്പെട്ടിരുന്നത് എങ്കിലും അതേ സമയം തന്നെ സമൂഹത്തിലെ ക്രിമിനലുകൾക്കും മറ്റു ദുഷ്ടശക്തികൾക്കും എതിരെ പോരാടുകയായിരുന്നു യഥാർത്ഥത്തിൽ മാൻഡ്രേക്. ഹിപ്‌നോട്ടിസം, അദൃശ്യത, വായുവിൽ ഉയർന്നു പൊങ്ങൽ, ടെലിപോർട്ടിങ് എന്നുവേണ്ട അവസരം കിട്ടിയാൽ ആരെയും അത്ഭുതപ്പെടുത്തുന്ന അനവധി വിദ്യകൾ അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നു. മാൻഡ്രേക്കിനെ വായിച്ചിരുന്ന തലമുറയിലെ സ്റ്റേജ് മജീഷ്യന്മാരുടെയും ഹീറോ ആയിരുന്നതുകൊണ്ടാകണം അവരുടെ വേഷവിധാനം മാൻഡ്രേക്കിന്റേതിനോട് സമാനമായത്.
ന്യൂയോർക്കിലെ ഒരു മലമുകളിൽ, ക്ലോസ്ഡ് സർക്യൂട്ട് ടെലിവിഷൻ ഉൾപ്പടെ, അന്നു ചിന്തിക്കാൻ കഴിയാവുന്നതിനപ്പുറത്തുള്ള ഏറ്റവും ആധുനിക സൗകര്യങ്ങൾ എല്ലാമുള്ള, സാനഡു (Xanadu) എന്ന ബംഗ്ലാവിൽ ആയിരുന്നു മാൻഡ്രേക് താമസിച്ചത്. അക്കാലത്ത് സങ്കല്പിക്കാവുന്നതിനപ്പുറമുള്ള പല സാങ്കേതിക വിദ്യകളും വരച്ചു കാണുകയും പിന്നീട് അതേ സൗകര്യങ്ങൾ നമുക്കിപ്പോൾ കൺമുന്നിൽ എത്തുകയും ചെയ്യുമ്പോഴാണ് ലീ ഫോക്കിന്റെ ദീർഘ ഭാവനയുടെ ആഴം ബോധ്യമാകുന്നത്. സന്തത സഹചാരിയും സഹായിയും ആയ ലോതറും സാനഡുവിൽ മാൻഡ്രേക്കിന് ഒപ്പമുണ്ടായിരുന്നു. വേഡ്സ് വർത്തിന്റെ സമകാലികനായ കോളറിഡ്ജിന്റെ പ്രശസ്ത കവിതയായ കുബ്ലാ ഖാനിലെ, അതേ പേരുള്ള നായക കഥാപാത്രത്തിന്റെ കൊട്ടാരത്തിന്റെ പേരും സാനഡു എന്ന് തന്നെയായിരുന്നു.
മാൻഡ്രേക്കെവിടെയുണ്ടോ അവിടെ ലോതറും ഉണ്ടാകും. അതാണ് രീതി. ഒരു ആഫ്രിക്കൻ യാത്രയിൽ ഒപ്പം കൂടിയതാണ് ലോതർ. ഏഴു രാഷ്ട്രങ്ങൾ എന്നറിയപ്പെട്ടിരുന്ന പ്രബലരായ ആഫ്രിക്കൻ ഗോത്രവർഗ കൂട്ടായ്മയിലെ രാജകുമാരൻ ആയിരുന്നു ലോതർ
മാൻഡ്രേക് കോമിക്കുകളിൽപ്പെട്ട രണ്ടാമത്തെ കഥയിലാണ് അതിസുന്ദരിയായ നായിക നാദയുള്ളത്. ആദ്യം കണ്ടതു മുതൽ തന്നെ മാൻഡ്രേക്കിന് ഏറെ പ്രിയപ്പെട്ടവളായി മാറിയിരുന്നു നാദ. യൂറോപ്യൻ രാജ്യമായ കൊക്കെയ്‌നിലെ (Cockaigne) രാജകുമാരിയായിരുന്നു അവൾ. കാൾ രാജാവിന്റെയും ഇസബെൽ റാണിയുടേയും മകൾ. കാൾ രാജാവിന്റെ മരണശേഷം നാദയുടെ സഹോദരൻ സിഗ്രിഡ് രാജാവായി. ചൂതുകളി ഭ്രാന്തനായ അയാൾ നാദയുടെ നെക്ലേസ് വരെ ചൂതുകളിയിൽ നഷ്ടപ്പെടുത്തി. ആ ആഭരണങ്ങൾ തിരിച്ചു നേടുന്നതിനായാണ് നാദ മാൻഡ്രേക്കിന്റെ സഹായം തേടുന്നത്. പിന്നീട് ആ സൗഹൃദം പ്രണയത്തിനു വഴിമാറി. ഹെക്റ്ററിലെ ഡ്യൂക്ക് ആയ ആവെരിയുമായി നിശ്ചയിച്ചിരുന്ന വിവാഹത്തിൽ നിന്ന് അതോടെ നാദ പിന്മാറുകയും ചെയ്തു. ആയോധന മുറകളിൽ അതിവിദഗ്ധയായിരുന്നു നാദയും. 1930കളിൽ പരസ്പരം കണ്ടുമുട്ടുകയും പിന്നീടിങ്ങോട്ടുള്ള കഥകളിലൊക്കെ ഒപ്പമുണ്ടാവുകയും ചെയ്‌തെങ്കിലും അവർ വിവാഹിതരാകുന്നത് 1997ൽ മാത്രമാണ്. അതിഗംഭീരമായിരുന്നു വിവാഹ ചടങ്ങുകൾ. സാനഡുവിലും കൊക്കെയ്‌നിലും മാൻഡ്രേക്കിന്റെ പിതാവിന്റെ സാന്നിധ്യത്തിൽ ഹിമാലയത്തിലുമായി മൂന്നു ഗംഭീര വേദികളിൽ മൂന്നു ചടങ്ങുകളിൽ ആയാണത്രെ അവർ വിവാഹിതരായത്.
മാൻഡ്രേക്കെവിടെയുണ്ടോ അവിടെ ലോതറും ഉണ്ടാകും. അതാണ് രീതി. ഒരു ആഫ്രിക്കൻ യാത്രയിൽ ഒപ്പം കൂടിയതാണ് ലോതർ. ഏഴു രാഷ്ട്രങ്ങൾ എന്നറിയപ്പെട്ടിരുന്ന പ്രബലരായ ആഫ്രിക്കൻ ഗോത്രവർഗ കൂട്ടായ്മയിലെ രാജകുമാരൻ ആയിരുന്നു ലോതർ. ലോക ത്തിലെ ഏറ്റവും ശക്തനായ മനുഷ്യൻ എന്നറിയപ്പെട്ടിരുന്ന ലോതർ മാൻഡ്രേക്കിന്റെ എല്ലാ സാഹസിക വിജയങ്ങൾക്കും പങ്കാളിയായി ഒപ്പമുണ്ട്. ഒന്നാന്തരം ഒരു ബോക്‌സർ കൂടിയാണയാൾ. കർമ എന്നൊരു സുന്ദരി കൂട്ടുകാരിയുമുണ്ട് ലോതറിന്. ഒരു കോമിക് സ്ട്രിപ്പിൽ പ്രത്യക്ഷപ്പെടുന്ന ആദ്യ കറുത്ത വർഗക്കാരനും ലോതർ ആണ്. എന്തിനും തയ്യാറായി ഒപ്പമുള്ള കറുത്ത ഗോത്രവർഗക്കാരനായ ഈ സുഹൃത്ത് റോബിൻസൺ ക്രൂസോയ്ക്ക് ആഫ്രിക്കയിൽ കൂട്ടുകിട്ടിയ ഗോത്രവർഗക്കാരൻ തന്നെയായ മാൻ ഫ്രൈഡേ യെ ഓർമിപ്പിക്കുന്ന ഒരു കഥാപാത്രമാണ്. പക്ഷേ, മാൻ ഫ്രൈഡേ സാധാരണക്കാരനും ലോതർ ഒരു രാജകുമാരനും ആയിരുന്നു. പുലിത്തോലിന്റെ കുപ്പായവും മുറി ഇംഗ്ലീഷു മായി വന്ന ലോതർ പിന്നീട് പരിഷ്‌കാരിയായി. ഇംഗ്ലീഷ് തെറ്റില്ലാതെ പറയാൻ പഠിക്കുകയും ഷർട്ട് ധരിക്കുകയും ചെയ്തു തുടങ്ങിയെങ്കിലും ആ പുലിത്തോൽ ഡിസൈൻ കൈ വിട്ടുകളഞ്ഞില്ല. ആദ്യകാലങ്ങളിൽ കറുത്ത സേവകനായി അറിയപ്പെട്ട ലോതർ മാൻഡ്രേക്കിനെ മാസ്റ്റർ എന്നാണു വിളിച്ചിരുന്നതെങ്കിൽ കാലം മാറുകയും വർണ വിവേചനം അസ്വീകാര്യമാവുകയും ചെയ്തപ്പോൾ മാൻഡ്രേക്കിന്റെ കൂട്ടുകാരനായി മാറുകയും മാസ്റ്റർ എന്ന വിളി മാറി അത് മാൻഡ്രേക് എന്ന് തന്നെ ആവുകയും ചെയ്തു.
മാൻഡ്രേക്കിന്റെ കൂട്ടുകാരിൽ ലോതറിനെക്കാൾ ശക്തൻ എന്ന് ചിലപ്പോളെങ്കിലും തോന്നുന്ന മറ്റൊരു കഥാപാത്രം ഹൊജോ എന്ന ജപ്പാൻകാരനാണ്. സാനഡുവിലെ കുശിനിയുടെ ചുമതലക്കാരൻ ആയാണ് പുറമേ കാണുന്നതെങ്കിലും ഇൻറർ ഇന്റൽ എന്ന അന്താരാഷ്ട്ര സേനയുടെ രഹസ്യ തലവനാണ് ഹൊജോ. കുറ്റകൃത്യങ്ങൾക്കെ തിരെയാണ് ഈ സേന പ്രവർത്തിക്കുന്നത്. ഹൊജോയാണ് ആയോധനമുറകളിൽ നാദയുടെ ഗുരു.
ചുരുക്കിപ്പഞ്ഞ ഇത്രയും പേരേക്കൂടാതെ ഇനിയും ചില നല്ല കഥാപാത്രങ്ങളും വില്ലന്മാരുമുണ്ട് മാൻഡ്രേക്ക് എന്ന ചിത്രകഥയിൽ. കോബ്ര, ഡെറിക്, ക്ലേ ക്യാമൽ, അലീന, ബ്രാസ് മങ്കി എന്നിങ്ങനെ തുടരുന്നു വില്ലന്മാരുടെ നിര. മാൻഡ്രേക്കിന്റെ വൈരികളായ ദുഷ്ടരിൽപ്പെടുന്ന, രസകരമായ പേരുള്ള മറ്റൊരാൾ ഉണ്ട്; ഏകർദ്‌നാം (Ekardnam). ഇംഗ്ലീഷിൽ മാൻഡ്രേക് എന്നത് തിരിച്ചിട്ടാൽ കിട്ടുന്ന പേരുള്ള ഇയാൾ മാൻഡ്രേക്കിന്റെ ദുഷ്ടനായ പ്രതിബിംബം ആണ്. കണ്ണാടിയുടെ മറുവശത്തുള്ള ലോകത്താണ് ജീവിതം. അവിടെ അദ്‌റാൻ (Adran) എന്നൊരു പ്രതിബിംബം നാദയ്ക്കും അതുപോലെ ഓരോന്ന് മറ്റുള്ളവർക്കുമുണ്ട്. കണ്ണാടിക്കപ്പുറത്തേക്ക് തട്ടിക്കൊണ്ടുപോയ നാദയെ മാൻഡ്രേക്കും ലോതറും പോയി സാഹസികമായാണ് രക്ഷപെടുത്തി തിരികെ കൊണ്ടുവരുന്നത്.
എതിരാളികളുടെ കൂട്ടത്തിൽ ഏറ്റവും കുഴപ്പക്കാരൻ കോബ്ര എന്ന വിളിപ്പേരുള്ള ലൂസിഫർ ആണെന്നു പറയാം. മാൻഡ്രേക്കിന്റെ അർദ്ധ സഹോദരൻതന്നെയാണ് ലൂസിഫർ. ആദ്യ മാൻഡ്രേക് കഥയായ ദി കോബ്രായിലൂടെ മാൻഡ്രേക്കിനൊപ്പം രംഗപ്രവേശം നടത്തിയതാണ് ലൂസിഫർ. ഇയാളുടെ ലക്ഷ്യം തെറോണും മാൻഡ്രേക്കും കാത്തു സൂക്ഷിക്കുന്ന മാന്ത്രിക ശക്തിയുള്ള അമൂല്യങ്ങളായ രണ്ട് രത്നങ്ങളിൽ ഒന്നെങ്കിലും കൈക്കലാക്കുക എന്നതാണ്. 1937ൽ നടന്ന ഒരു ഏറ്റുമുട്ടലിൽ തോൽപ്പിച്ചു വിട്ടുവെങ്കിലും ഏറിയ വൈരാഗ്യത്തോടെ 1965ൽ വീണ്ടും ആ ശല്യക്കാരൻ തിരിച്ചെത്തി. മാൻഡ്രേക്കുമായുള്ള പഴയ യുദ്ധത്തിൽ വിരൂപമായ മുഖം ഒരു വെള്ളി മുഖം മൂടിയിട്ടു മറച്ചൊക്കെയാണ് വീണ്ടും എത്തിയത്. പിന്നീട് കാലം മാറിയപ്പോൾ മുഖമൊക്കെ ശസ്ത്രക്രിയയിലൂടെ പഴയതുപോലെ ആക്കിയെടുക്കുകയും ചെയ്തു.
മാൻഡ്രേക്കിന്റെ കൂർമ ബുദ്ധിയും കുറ്റാന്വേഷണ രീതികളും അതിനു മുൻപേ വന്ന ഷെർലക് ഹോംസിനെ ഓർമിപ്പിക്കുന്നത് യാദൃശ്ചികമല്ല. ആർതർ കോനൻ ഡോയിലിന്റെ കൃതികൾ ലീ ഫോക് വളരെ ഇഷ്ടപ്പെട്ടിരുന്നതു കൊണ്ടാണത്.
ഡെറിക് ആവട്ടെ മാൻഡ്രേക്കിന്റെ ഇരട്ട സഹോദരനുമാണ്. താൽക്കാലിക സന്തോഷങ്ങൾക്കു വേണ്ടി മാന്ത്രിക ശക്തി ദുരുപയോഗം ചെയ്തിരുന്ന ഡെറിക്കിനെ കൈകാര്യം ചെയ്യൽ മാൻഡ്രേക്കിനു താരതമ്യേന എളുപ്പമായിരുന്നു. ഏങ്കിലും മാൻഡ്രേക് കാരണം നഷ്ടമായ ശക്തികൾ തിരിച്ചു പിടിക്കാൻ ഡെറിക് ശ്രമിച്ചുകൊണ്ടേയിരുന്നു. ക്ലേ കാമലും മകൾ ബ്രാസ് മങ്കിയും ആരെയും അനുകരിക്കാനും അതനുസരിച്ചു രൂപം മാറാനും ഉള്ള കഴിവുള്ളവരാണ്. കുറ്റകൃത്യം ചെയ്തത് ഇവരാണെങ്കിൽ താന്താങ്ങളുടെ അടയാളങ്ങളായ ചെറിയ ഒരു കളിമൺ ഒട്ടകത്തിന്റെയോ പിത്തള കുരങ്ങന്റെയോ ചെറിയ മുദ്രകൾ ക്രൈം സീനിൽ മനപൂർവ്വം അവശേഷിപ്പിക്കാറുണ്ട്.
ഓരോ കഥയിലും ദുഷ്ടശക്തികൾ ചെയ്യുന്ന കുറ്റകൃത്യങ്ങളെ വിജയകരമായി എതിർത്ത് തോൽപ്പിക്കുന്ന മാൻഡ്രേക്കിനെയാണ് കാണുന്നത്. ഓരോരുത്തരുടെയും കഴിവുകളും ദൗർബല്യങ്ങളും കൃത്യമായി തിരിച്ചറിഞ്ഞ് ക്ഷണനേരം കൊണ്ട് പ്രതികരിക്കുന്നതിനുള്ള കഴിവും കൂർമ്മബുദ്ധിയും മാന്ത്രികശക്തികളും ആണ് ഈ വിജയങ്ങൾക്കു പിന്നിൽ. മാൻഡ്രേക്കിന്റെ കൂർമ ബുദ്ധിയും കുറ്റാന്വേഷണ രീതികളും അതിനു മുൻപേ വന്ന ഷെർലക് ഹോംസിനെ ഓർമിപ്പിക്കുന്നത് യാദൃശ്ചികമല്ല. ആർതർ കോനൻ ഡോയിലിന്റെ കൃതികൾ ലീ ഫോക് വളരെ ഇഷ്ടപ്പെട്ടിരുന്നതു കൊണ്ടാണത്. അതേ കൃതികളെ ഇഷ്ടപ്പെട്ടിരുന്നവരായിരുന്നു മാൻഡ്രേക്കിനെ വായിച്ചിരുന്നവരും.
ന്യൂയോർക്കിൽ താമസം, ടിബറ്റിലെ ബാല്യം, പിന്നീട് കൂട്ടുകാരിൽ യൂറോപ്പുകാരിയായ നാദ, ജപ്പാൻകാരനായ ഹൊജോ, ആഫ്രിക്കക്കാരനായ ലോതർ; ലോകത്തിലെവിടെയുമുള്ള വായനക്കാരെ കയ്യിലെടുക്കാനുദ്ദേശിച്ചു തന്നെയാവണം ഇത്തരം കഥാപാത്ര സൃഷ്ടി.
ലീ ഫോക് ആണ് സ്രഷ്ടാവെങ്കിലും 1934ലെ തുടക്കം മുതൽ തുല്യ പ്രാധാന്യത്തോടെ പിന്നണിയിൽ ഫിൽ ഡേവിസ് എന്ന ചിത്രകാരനും മാൻഡ്രേക്കിനെ വരയ്ക്കുന്നതിൽ ഉണ്ട്. ആദ്യം വരകളിലൂടെ ലീ ഫോക് രൂപം നൽകിയെങ്കിലും സ്ഥിരം കോമിക് സ്ട്രിപ്പ് ആയി പ്രസിദ്ധീകരിച്ചപ്പോൾ വരച്ചിരുന്നത് ഫിൽ ഡേവിസ് ആയിരുന്നു. 1934 മുതൽ 1964വരെ ഡേവിസ് മാൻഡ്രേക്കിനെ വരച്ചു. പിന്നീട് 2013 വരെ ഫ്രെഡ് ഫ്രഡറിക്സ് ആണ് വര തുടർന്നത്. 1934 മുതൽ 1999 വരെ മാൻഡ്രേക് കഥകൾ ലീ ഫോക്കിന്റെ പേനത്തുമ്പിൽ നിന്നായിരുന്നുവെങ്കിലും പിന്നീട് 2013 വരെ വരയും എഴുത്തും ഫ്രെഡ് തന്നെയായിരുന്നു.
പത്രത്താളുകളിലെ കോമിക് സ്ട്രിപ്പ് ആയി തുടങ്ങി കിങ് കോമിക്‌സിലൂടെയും റേഡിയോയിലൂടെയും ഡെൽ കോമിക്‌സിലൂടെയും പ്രശസ്തമായി സൂപ്പർ ഹീറോമാരുടെയൊക്കെ താവളമായ മാർവെൽ സ്റ്റുഡിയോസിൽ എത്തിയെങ്കിലും പുതു തലമുറയിലെ സൂപ്പർ ഹീറോമാർക്കായി തൽക്കാലം വഴിമാറി നില്കുന്നു മാൻഡ്രേക് എന്ന മാന്ത്രികൻ. ഉടുപ്പിലും ഭാവത്തിലും അക്കാലത്തെ ഫാഷൻ സങ്കൽപ്പങ്ങളിൽ നിന്നും വിഭിന്നനായിരുന്നില്ല മാൻഡ്രേക്. എങ്കിൽ, രൂപത്തിൽ ഏറെ വിഭിന്നനായിരുന്ന വേഷത്തിൽ വലിയൊരു തിരിമറി നടത്തിയ മറ്റൊരു നായകനെയും അതേ കാലത്തു ലീ ഫോക് സൃഷ്ടിക്കുകയുണ്ടായി. ആ കഥയ്ക്കായി അടുത്ത പാക്കറ്റിന് കാത്തിരിക്കുക. ▮