രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റുകൊണ്ടിരിക്കുന്ന പുസ്തകങ്ങളായി രണ്ടു മലയാള നോവലുകൾ നീൽസെൻ ഡാറ്റയുടെ (Nielsen Data) റിപ്പോർട്ടിൽ ഇടം നേടുന്നു. ചുരുങ്ങിയ കാലയളവിൽ ലക്ഷത്തിനുമേൽ കോപ്പികൾ വിറ്റുപോവുക എന്നത് പുസ്തക വിപണിയിൽ അപൂർവ്വമാണ്. അതിലൊരെണ്ണത്തിന് ആറുമാസത്തിനുള്ളിൽ പതിനേഴ് പതിപ്പുകൾ ഇറക്കേണ്ടിവന്നപ്പോൾ മറ്റൊന്നിന് ഒരു വർഷത്തിനിടയിൽ 28 പതിപ്പുകൾ ആവശ്യമായി വന്നു. ഇതൊരു മാറ്റം കുറിക്കലായിരുന്നു. സോഷ്യൽ മീഡിയയിലൂടെ നടന്ന വിപണന തന്ത്രമാണ് ഈ അനിതരസാധാരണമായ വിജയത്തിൽ കലാശിച്ചത്. കേരളത്തിലെ യുവജനസമൂഹം ഈ നോവലുകളെ ആവേശത്തോടെ ഏറ്റെടുക്കുകയായിരുന്നു. പതിവ് പുസ്തകക്കടകൾ തൊട്ട് മുറുക്കാൻ കടകൾ എന്നറിയപ്പെടുന്ന ചെറിയ പെട്ടിപ്പീടികകൾ വരെ ഈ പുസ്തകങ്ങൾ വില്പനക്കുവെച്ചു. മലയാള പ്രസിദ്ധീകരണചരിത്രത്തിൽ നാളിതുവരെയില്ലാത്ത കണക്കുകൾ സൃഷ്ടിച്ച ആ പുസ്തകങ്ങൾ അഖിൽ പി. ധർമ്മജന്റെ റാം കെയർ ഓഫ് ആനന്ദിയും നിമ്ന വിജയ് രചിച്ച ഏറ്റവും പ്രിയപ്പെട്ട എന്നോടും ആണ്. അവയുണ്ടാക്കിയ വിപണിയിലെ ഓളം മാസങ്ങൾ കഴിഞ്ഞിട്ടും അടങ്ങിയിട്ടില്ല.
തീർച്ചയായും മലയാളി പുതിയൊരു വായനയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നു.
ഇവയുടെ പ്രമേയത്തിൽ നല്ല സമാനതകളുണ്ട്. രണ്ടും അവരുടെ ജീവിതത്തെയോ ജീവിതാഭിലാഷങ്ങളിലെ അവരെയോ അവതരിപ്പിക്കുന്ന രചനകളാണ്. രണ്ട് കഥകളിലും വലിയ തലത്തിൽ തന്നെ ആ എഴുത്തുകാരുണ്ട്. അവരുടെ പ്രായവും കാലവുമുണ്ട്. അതുകൊണ്ടു തന്നെ പുതിയ തലമുറയിലെ സമപ്രായക്കാരായ വായനക്കാരുമായി ചേർന്നുനിൽക്കാൻ ഇവർക്ക് എളുപ്പം സാധിച്ചു. സ്വന്തം മനസ്സാണ് തങ്ങളുടെ വായനക്കാരിലും പ്രവർത്തിക്കുന്നത് എന്ന തിരിച്ചറിവുകൂടിയാണ് ഈ സ്വീകാര്യതയുടെ പിന്നിൽ പ്രവർത്തിച്ചിച്ച പ്രധാന കാരണം. എന്നാൽ ഇവ അവധാനതയില്ലാതെയുള്ള വെറും കഥപറച്ചിലുകൾ മാത്രമാണ്. അഖിൽ പി. ധർമ്മജൻ ഇത് തുറന്നു പറഞ്ഞിട്ടുമുണ്ട്: ‘‘ഒരു സിനിമ കാണാനായി ടിക്കറ്റെടുത്ത അതേ മനസ്സോടെ ഈ നോവലിനെ നിങ്ങൾക്കു കാണാം. ലക്ഷണമൊത്ത ഒരു നോവലാണ് താങ്കൾ പ്രതീക്ഷിക്കുന്നതെങ്കിൽ ദയവായി എന്നോടു ക്ഷമിക്കുക. കാരണം ഒരെഴുത്തുകാരൻ എന്നതിനേക്കാൾ എനിക്ക് യോജിച്ച പേര് കഥ പറച്ചിലുകാരൻ എന്നതാവും’’. ചുരുക്കിപ്പറഞ്ഞാൽ ഇവയിൽ സാഹിത്യം തേടേണ്ടതില്ല.
അപ്പോഴും ഒരു ചോദ്യം ബാക്കിയാവുന്നു. മലയാളിയുടെ വായനയുടെ സ്വഭാവത്തിൽ വന്ന ഒരു മാറ്റമായി ഇതിനെ നോക്കിക്കാണേണ്ടതുണ്ടോ? തീർച്ചയായും മലയാളി പുതിയൊരു വായനയ്ക്ക് തുടക്കം കുറിച്ചു എന്നു തന്നെയാണ് ഇത് നൽകുന്ന സൂചന.
സമാനമായ ഒരു മുന്നേറ്റം 2000- ത്തിന്റെ ആദ്യം ഇന്ത്യയിലെ ഇംഗ്ലിഷ് പുസ്തക വിപണിയിൽ സംഭവിച്ചിരുന്നു. 2004-ൽ ചേതൻ ഭഗത് എന്ന യുവാവ് Five Point Some One എന്ന പുസ്തകവുമായി രംഗത്തെത്തി. അപ്പോഴേക്കും ഇന്ത്യയിൽ ഉരുത്തിരിഞ്ഞുവന്ന ഇംഗ്ലിഷ് വിദ്യാഭ്യസം നേടിയ പുതുകാല മധ്യവർഗ യുവാക്കളുടെ അഭിരുചിയെ തൃപ്തിപ്പെടുത്താൻ ചേതൻ ഭഗത്തിന് എളുപ്പം സാധിച്ചു. തുടർച്ചയായി അയാൾ അത്തരം കഥകളെഴുതി. എല്ലാം റെക്കാർഡുകൾ ഭേദിക്കുന്ന ബെസ്റ്റ് സെല്ലറുകയളായി. അതിന്റെ തുടർച്ചയായി രവീന്ദർ സിങ്ങ്, പ്രീതി ഷേണായ്, ദുർജോയ് ദത്ത തുടങ്ങിയവരും സമാനമായ എഴുത്തിലൂടെ ബെസ്റ്റു സെല്ലറുകൾ സൃഷ്ടിച്ചു. പ്രസാധകർ ഇവരെക്കൊണ്ട് തുടർച്ചയായി എഴുതിപ്പിച്ചു. ഇവർ ഇന്ത്യയിലെ ‘വിലപിടിച്ച’ എഴുത്തുകാരായി.
ഇത് ഇന്ത്യൻ പുസ്തക വിപണിയിൽ വലിയ ചലനങ്ങളുണ്ടാക്കി. പുസ്തക വ്യവസായത്തെ ഊർജ്ജസ്വലമാക്കി. ഉയർന്ന റോയൽറ്റികളും വലിയ പുസ്തക ഇവൻ്റുകളും പതിവായി. രണ്ടു പതിറ്റാണ്ടിനിപ്പുറം ആ മുന്നേറ്റവും മെല്ലെ അരങ്ങൊഴിയുന്ന കാഴ്ചയാണ് ഇന്നിപ്പോൾ കാണുന്നത്. എന്നാൽ അത് ധാരാളം പുതിയ വായനക്കാരെ സൃഷ്ടിച്ചു എന്ന യാഥാർഥ്യം ബാക്കിയാവുന്നു. അവരിൽ ചിലരൊക്കെ അതിന്റെ തുടർച്ചയായി മികച്ച സാഹിത്യത്തിന്റെ വായനക്കാരും ആരാധകരുമായി.
മലയാളത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇതു തന്നെയാണ്. അല്പം വൈകിയാണെന്നുമാത്രം. പുതിയ തലമുറയുടെ പ്രശ്നങ്ങളും ജീവിതവും അവർ ഒരു സിനിമക്കഥയിലെന്ന പോലെ പകർത്തിവെക്കും. അതിലെ സംഭവങ്ങളും കഥാപാത്രങ്ങളും പുതുതലമുറ വായനക്കാർക്ക് ഏറെ പരിചിതമായിരിക്കും. ലളിതമായ ഭാഷയിലെഴുതിയ ഇത്തരം രചനകൾ ആവേശത്തോടെ ഏറ്റെടുക്കാൻ ഒരു വായനാസമൂഹം ഇവിടെ ഉണ്ടായിക്കഴിഞ്ഞു. സ്വാഭാവികമായും ഇവരുടെ ജനപ്രിയത മുതലെടുക്കാൻ വിപണി ശ്രമിക്കും.
സോഷ്യൽ മീഡിയ പുതിയ തലമുറയിലെ ചെറുപ്പക്കാരെ അവരുടെ മാതൃഭാഷയുമായി അടുപ്പിച്ചു. അങ്ങനെ അവർ മലയാള വായനക്കാരായി. എഴുതാൻ കഴിയുന്നവർ ഇൻസ്റ്റഗ്രാമും ഫേസ് ബുക്കുമൊക്കെ ഉപയോഗിച്ച് സ്വന്തം വായനക്കാരെ കണ്ടെത്തി. ഇതാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. പുതിയ കാലം വേഗതയുടേതാണ്. മുമ്പൊന്നും നടന്നിട്ടില്ലാത്തത്ര വേഗതയിലാണ് എല്ലാ മാറ്റങ്ങളും നടക്കുന്നത്. എഴുത്തിന്റെ ലോകത്തും കാര്യങ്ങൾ വിഭിന്നമല്ല. മലയാളത്തിലും ‘ബെസ്റ്റ്സെല്ലർ ‘ സംസ്കാരത്തിന് തുടക്കം കുറിച്ചു കഴിഞ്ഞു.
എന്നാൽ ഇവയെ എങ്ങനെയാണ് സാഹിത്യകാരന്മാരും സാഹിത്യവായനക്കാരും നോക്കിക്കാണേണ്ടത്? റോയൽറ്റിയിലും വിസിബിലിറ്റിയിലും ഈ പുതിയ ‘പിള്ളേർ’ തങ്ങളെ മറികടക്കുന്ന കാഴ്ച അവരെ അലോസരപ്പെടുത്തുന്നുണ്ടോ? സ്വന്തം എഴുത്തിൽ ആത്മവിശ്വാസമില്ലാത്ത ചിലരെങ്കിലും ഈ സന്ദേഹത്തിന്റെ ഇരകളായിത്തുടങ്ങിയിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്.
‘ബെസ്റ്റ് സെല്ലറുകൾ’ എഴുതുക എന്നത് സാഹിത്യകാരരുടെ ജോലിയാണോ? അച്ചടിച്ച പുസ്തകങ്ങളുടെ വിപുലമായ നിർമ്മാണം തുടങ്ങിയ കാലത്ത് അമേരിക്കയിലുണ്ടായ ഒരു പദമാണ് ‘ബെസ്റ്റ് സെല്ലറുകൾ’ എന്നത്. 1889- ലാണ് അമേരിക്കയിലെ The Kansas Times & Star എന്ന പത്രം ആദ്യത്തെ ബെസ്റ്റ് സെല്ലർ ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ആളുകളെ പിടിച്ചിരുത്തി വായിപ്പിക്കുന്ന കഥകളാണ് എന്നും ബെസ്റ്റ് സെല്ലറുകളായി മാറിയത്. എന്നാൽ ബെസ്റ്റ് സെല്ലറുകൾ എന്ന ബ്രാൻഡ് ചാർത്തിക്കിട്ടിയാൽ പിന്നെയവയ്ക്ക് മറ്റൊരു ജീവിതമുണ്ട്. വായിക്കപ്പെടാനല്ലാതെ, വാങ്ങപ്പെടും. വില്പനയിൽ അമിത വർദ്ധനവുണ്ടാകും.
എഴുത്തുകാരുടെ നിലനിൽപ്പ് എഴുത്തിന്റെ മൗലികതയിലൂടെ മാത്രമെ സംഭവിക്കുന്നുള്ളൂ. അവർ പുതിയ സ്വാതന്ത്ര്യങ്ങൾ സൃഷ്ടിക്കുക തന്നെ വേണം. അതിനവർക്ക് പ്രതിഭ വേണം.
പാശ്ചാത്യ ലോകത്ത് ഇന്നിപ്പോൾ കാര്യങ്ങൾ മാറിയിട്ടുണ്ട്. 1931- മുതൽ അമേരിക്കയിലെ ന്യൂയോർക്ക് ടൈംസ് പത്രം ബെസ്റ്റ് സെല്ലറുകളുടെ ലിസ്റ്റ് എല്ലാ ആഴ്ചയിലും പ്രസിദ്ധീകരിക്കുന്നുണ്ട്. അവർ എങ്ങനെയാണ് ബെസ്റ്റ് സെല്ലറുകളെകളെ കണ്ടെത്തുന്നത് എന്നത് ഇപ്പോഴും രഹസ്യമായി തുടരുന്നു. എന്തായാലും അത് വിപണിയിലെ കണക്കുകൾ മാത്രം കണക്കിലെടുത്തല്ല. എഡിറ്റോറിയൽ വിലയിരുത്തലുകളും ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്. അവരുടെ ലിസ്റ്റിൽ മിക്കപ്പോഴും നല്ല സാഹിത്യകൃതികളും മികച്ച വൈജ്ഞാനിക ഗ്രന്ഥങ്ങളും ഉൾപ്പെടാറുണ്ട്. അവരെക്കൂടാതെ മറ്റു പല വിദേശ ആനുകാലികങ്ങളും ഇപ്പോൾ ഇത്തരം ബെസ്റ്റ് സെല്ലർ ലിസ്റ്റുകൾ പതിവായി പ്രസിദ്ധീകരിക്കുന്നുണ്ട്. ഇവയ്ക്ക് അന്നത്തേക്കാൾ ഇന്നിപ്പോൾ പ്രസക്തിയുണ്ട്. കാരണം, പുസ്തകങ്ങളുടെ മഹാ പ്രളയത്തിൽ നിന്ന് മോശമല്ലാത്ത ചിലവയെ ചൂണ്ടിക്കാണിക്കപ്പെടുകയാണല്ലോ. അതൊരു വലിയ കാര്യമാണ്.
മൗലികമായ സാഹിത്യത്തിന്റെ നിലനില്പിന് ഇതുമായൊന്നും ബന്ധമില്ല എന്നതാണ് യാഥാർഥ്യം. വലിയ പുരസ്കാരങ്ങൾ പോലും സാഹിത്യരചനയെ നിലനിർത്താൻ വഴിയൊരുക്കുന്നില്ല. 1901 മുതലാണ് സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം കൊടുത്തു തുടങ്ങുന്നത്. ആ വർഷം അത് ലഭിക്കുന്നത് ഫ്രാൻസിലെ കവിയായിരുന്ന സൂള്ളി പ്രുദോമിനായിരുന്നു. 1902- ൽ ജർമ്മനിയിലെ തിയോഡർ മോംസെനും 1903- ൽ നോർവെയിലെ കവി മാർട്ടിനിയസ് ബ്യോൺസണും സാഹിത്യ നോബൽ നേടി. ഇന്നിപ്പോൾ ആരെങ്കിലും ഓർക്കുന്നുണ്ടോ ഈ എഴുത്തുകാരെ?
പുസ്തക പ്രസാധനം എന്നത് ഒരു സാംസ്കാരിക പ്രവർത്തനമായി കരുതിയിരുന്ന കാലം അസ്തമിച്ചു. പുസ്തകത്തെ ആരും ഇന്ന് ഒരു സാംസ്കാരിക ഉല്പന്നമായും കണക്കാക്കുന്നില്ല.
1901 മുതൽ 1909 വരെ നോബൽ പുരസ്കാരം നേടിയവരിൽ ഇപ്പോഴും ഓർക്കുന്ന ഒരേ ഒരു പേര് റുഡ്യാർഡ് കിപ്ലിങ്ങിൻ്റേതു മാത്രമാണ്. മറ്റാരുടെയും രചനകൾ പോലും ഇക്കാലത്ത് എളുപ്പം ലഭ്യമാകില്ല. എന്നാൽ അതേ കാലയളവിൽ ജീവിച്ചിരുന്നിട്ടും നോബൽ പുരസ്കാരം കിട്ടാതെപോയ ലിയോ ടോൾസ്റ്റോയ് ഇന്നും ആധുനിക കാലത്തോട് സംവദിച്ചുകൊണ്ടിരുക്കുന്നു. പുതിയ വായനക്കാരെ ആന്തരികമായി സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. അതാണ് സാഹിത്യത്തിന്റെ ശക്തി. ഇങ്ങനെ നോബലിന്റെ കണ്ണിൽ പെടാതെ പോയ പലരുണ്ട് എന്ന് നമുക്കറിയാം. ചെക്കോവ്, ജെയിംസ് ജോയ്സ്, മാർസൽ പ്രൂസ്റ്റ്, ഹെൻറി ജെയിംസ്, ബോർഹസ് തുടങ്ങിയവരെയൊന്നും ആ പുരസ്കാരം തേടിയെത്തിയില്ല. എന്നാൽ അവരൊക്കെ കാലത്തിന്റെ പരീക്ഷണത്തെ അതിജീവിച്ച് വായനക്കാരുടെ ലോകത്ത് അമർത്യരായി മാറിയവരാണ്.
വില്പനയോ, പുരസ്കാരങ്ങളോ സാഹിത്യകൃതിയുടെ നിലനില്പിനെ ഉറപ്പു വരുത്താനുതകുന്ന ബാഹ്യശക്തികളല്ല എന്നു തന്നെയാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. എഴുത്തുകാരുടെ നിലനിൽപ്പ് എഴുത്തിന്റെ മൗലികതയിലൂടെ മാത്രമെ സംഭവിക്കുന്നുള്ളൂ. അവർ പുതിയ സ്വാതന്ത്ര്യങ്ങൾ സൃഷ്ടിക്കുക തന്നെ വേണം. അതിനവർക്ക് പ്രതിഭ വേണം. എഴുത്തുകാർ എന്നാൽ കുറെ പുസ്തകങ്ങൾ രചിച്ചവർ എന്നല്ല. അവർ വാക്കുകളിലൂടെ വിപ്ലവം സൃഷ്ടിക്കണം. ഈ തിരിച്ചറിവ് നമുക്കിടയിൽ കുറവാണ്.
ഇന്നിപ്പോൾ പുസ്തകമെഴുത്തും പ്രസിദ്ധീകരണവും വില്പനയ്ക്കായുള്ള തുടർപ്രവർത്തികളുമൊക്കെ നടക്കുന്നത് പൂർണ്ണമായും വിപണിയുടെ നിയന്ത്രണത്തിലാണ്. സാധ്യതകളുടെ ഒരു മഹാകാലമാണ് നമ്മുടേത്. അതിനെ പരമാവധി ഉപയോഗിക്കപ്പെടുകയാണ്. എന്നാൽ എല്ലാം ഉപരിപ്ലവമായി മാത്രമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇക്കാര്യത്തിലൊന്നും വേറിട്ട നിലപാട് വേണ്ടവരാണ് തങ്ങളെന്ന് എഴുത്തുകാർ ചിന്തിക്കുന്നതേയില്ല. ഒഴുക്കിനോടൊപ്പം നീങ്ങുക എന്ന പ്രാകൃതവഴിയാണ് അവരും കൈക്കൊള്ളുന്നത്. അല്ലാതെ വന്നാൽ, പുറന്തള്ളപ്പെടുമോ എന്ന ചിന്ത അവരെ ആശങ്കാകുലരാക്കുന്നുണ്ട്. പ്രസാധകർക്ക് വേണ്ടി എഴുതുന്നവരാണ് മലയാളത്തിലെ എഴുത്തുകാരിൽ പലരും.
പുസ്തക പ്രസാധനം എന്നത് ഒരു സാംസ്കാരിക പ്രവർത്തനമായി കരുതിയിരുന്ന കാലം അസ്തമിച്ചു. പുസ്തകത്തെ ആരും ഇന്ന് ഒരു സാംസ്കാരിക ഉല്പന്നമായും കണക്കാക്കുന്നില്ല. ഇതൊരു വലിയ മാറ്റം തന്നെയാണ്. എന്നാൽ എഴുത്തുകാരൻ എന്ന സ്ഥാനത്തിന് മാത്രം അത്ര ഇടിവ് വന്നിട്ടില്ല. ഏതു സ്ഥാനമാനങ്ങൾ നേടിയാലും സ്വന്തം പേരിൽ ഒരു പുസ്തകമിറക്കുക എന്നത് എല്ലാറ്റിനേക്കാളും പ്രധാനമായി പൊതുവിൽ കരുതപ്പെടുന്നു. അതിനെ പ്രസാധക വിപണി ചൂഷണം ചെയ്യുന്നു. നല്ല പുസ്തകങ്ങളുടെ പ്രസാധകൻ എന്നത് അടുത്ത കാലം വരെ അഭിമാനിക്കാവുന്ന ഒന്നായിരുന്നു.
പഴയൊരു സംഭാഷണം ഓർമ്മയിലെത്തുകയാണ്. 1985-ൽ പെൻഗ്വിൻ ബുക്സ് ഇന്ത്യയിൽ തുടങ്ങിയ കാലം. ലോകത്തിലെ ഏറ്റവും മികച്ച പുസ്തകങ്ങളുടെ പ്രസാധകരാണവർ. വലിയ പ്രതീക്ഷയായിരുന്നു. തുടക്കത്തിൽ തന്നെ പല നല്ല പുസ്തകങ്ങളും പുറത്തുവന്നു. ഇന്ത്യയിലെ മികച്ച എഴുത്തുകാരെ കണ്ടെത്തി ഇംഗ്ലിഷ് പരിഭാഷകൾ പുറത്തിറക്കി. പുസ്തകങ്ങളുടെ കെട്ടിലും മട്ടിലും മാറ്റമുണ്ടായി. ടാഗോർ, സുനിൽ ഗംഗോപാധ്യായ, ശങ്കർ, കമലാദാസ്, ഒ.വി. വിജയൻ, യു.ആർ. അനന്തമൂർത്തി തുടങ്ങി പലരുടെയും സാഹിത്യ രചനകൾ അവർ പ്രസിദ്ധീകരിച്ചു. കൂട്ടത്തിൽ ഖുഷ് വന്ത് സിങ്ങിന്റെയും ശോഭ ഡേയുടെയും മൂന്നാംകിട രചനകളും പെൻഗ്വിനിലൂടെ പുറത്തുവന്നു. ഇത് സഹിക്കവയ്യാതെ, അക്കാലത്തെ പെൻഗ്വിൻ ബുക്സിന്റെ മേധാവിയോട് ഞാൻ എന്റെ പരാതി പറഞ്ഞു; “എന്തിനാണ് ശോഭ ഡേയെ ഒക്കെ പ്രസിദ്ധീകരിക്കുന്നത്? The Company of Women എന്ന ഖുഷ് വന്ത് സിങ്ങിന്റെ നോവൽ എന്തിനാണ് നിങ്ങൾ ഇറക്കുന്നത് ? അതൊന്നും സാഹിത്യമല്ലല്ലോ”.
അല്പം ഖേദത്തോടെയാണ് അദ്ദേഹമെനിക്ക് മറുപടി തന്നത്: “ഒ.വി.വിജയന്റെ പുസ്തകം പ്രസിദ്ധീകരിക്കാനുള്ള പണം കണ്ടെത്താൻ ഞങ്ങൾക്ക് ശോഭ ഡേ എന്ന എഴുത്തുകാരിയെ സൃഷ്ടിക്കേണ്ടിവന്നു. ഖുഷ് വന്ത് സിങ്ങിനെക്കൊണ്ട് അത്തരമൊരു പുസ്തകം എഴുതിക്കേണ്ടിവന്നു’’.
അതൊരു ഏറ്റുപറച്ചിലായിരുന്നു. എനിക്കൊരു വെളിപാടും.
ഇന്ന് അതേ പ്രസാധകൻ ഇതിലൊന്നും കുറ്റബോധം കാണുകയില്ല. എഴുത്തുകാരില്ലാതെ ബെസ്റ്റ് സെല്ലിങ്ങ് പുസ്തകങ്ങൾ സാധ്യമാണോ എന്നാണ് അവരുടെ പുതിയ ചിന്ത. വിൽക്കാൻ സാധ്യതയുള്ള എന്തും പ്രസിദ്ധീകരിക്കുക. ഇതൊരു വലിയ മാറ്റമാണ്. അക്ഷരാർത്ഥത്തിൽ വിപണിക്ക് വിധേയരായവർ. എല്ലാത്തിനും ഒരു പരസ്യ സ്വഭാവമാണ്. വായനക്കാരുടെ ഇച്ഛ നമ്മൾ കൃത്രിമമായി നിർമ്മിച്ചെടുത്തോളാം എന്ന ധിക്കാരത്തിലേക്ക് പ്രസാധകരും അവരുടെ ഇൻഡസ്ട്രിയും എത്തിച്ചേർന്നിരിക്കുന്നു. ആ മനോഭാവത്തിലേക്ക് മാറാത്തവർ വിപണിയിൽനിന്ന് നിഷ്കാസിതരാവുകയും ചെയ്യുന്നു.
ചിന്തയെ അനാവശ്യമാക്കുന്ന ഒരു സംസ്കാരം വളർന്നുവന്നു കഴിഞ്ഞു. ഇതൊക്കെ പുസ്തകമെഴുത്തിലും പ്രസാധനത്തിലും ഇപ്പോൾ സ്വാധീനം ചെലുത്തുന്നുണ്ട്. പുസ്തക നിരൂപണങ്ങൾ പോലും പരസ്യം പോലെ തരം താണിരിക്കുന്നു. മിക്ക എഴുത്തുകാരും ആത്മരതിയുടെ തടവറയിലുമാണ്. ആത്മകഥയാണ് ആദ്യമെഴുതേണ്ടത് എന്ന ചിന്തയിലാണ് പലരും. എഡിറ്റർ എന്നു പറയുന്നത് വെറും കാഴ്ചക്കാരാണ്. അഥവാ, പുസ്തകത്തിന്റെ വിലയും കവറും പ്രകാശനവും മാത്രം കൈകാര്യം ചെയ്യുന്നവർ എന്ന തലത്തിലേക്ക് ചുരുങ്ങിയ ഒരു പ്രൊഫഷനായി അതു മാറിക്കഴിഞ്ഞു. ഇതൊക്കെയാണ് പുതിയ കാല വെല്ലുവിളി.
ഇതുപോലെ പ്രാദേശിക ഭാഷകളിൽ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷകൾ ഇന്നിപ്പോൾ ധാരാളം സംഭവിക്കുന്നുണ്ട്. പെൻഗ്വിൻ, ഹാർപ്പർ കോളിൻസ്, പാൻ മാക്മില്ലൻ തുടങ്ങിയ അന്തരാഷ്ട്ര പ്രസാധകർ ഇന്ത്യയിൽ തുടങ്ങുകയും ഇന്ത്യയിലെ ഇംഗ്ലിഷ് പുസ്തക വിപണി വിപുലമാവുകയും ചെയ്തതോടെ പരിഭാഷകൾക്ക് അവർ മാർക്കറ്റ് കണ്ടെത്തി. എന്നാൽ അവയിൽ ഭൂരിഭാഗവും ഇന്ത്യൻ വിപണിയിലേക്ക് പരിമിതപ്പെട്ട പരിഭാഷകൾ മാത്രമാണ്. പരിഭാഷകളിലൂടെ തങ്ങളുടെ കൃതികൾ ലോക വായനയിലേക്ക് കടക്കുന്നു എന്ന തോന്നൽ ശരിയല്ല. അത്തരം ചില അഹങ്കാരങ്ങൾ എഴുത്തുകാരെ ബാധിക്കാനിടയുണ്ട്.
അച്ചടിച്ച പുസ്തകങ്ങൾ ഇല്ലാതാകുന്നില്ല. അവയ്ക്ക് ഒരു സമാന്തര ജീവിതം സാധ്യമാവുകയാണ്. വായനക്കായി ഞാൻ കണ്ടെത്തുന്ന സമയത്ത് എനിക്കാവശ്യമായ പുസ്തകങ്ങൾ എന്നോടൊപ്പമുണ്ട് എന്നത് ഒരു പുതിയകാല യാഥാർഥ്യമാണ്.
അവസാനമായി നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം വായനയുടെ സ്വഭാവത്തിൽ വന്ന പുതിയ കാല മാറ്റങ്ങളാണ്. അച്ചടിച്ച പുസ്തകങ്ങൾക്കുപകരം മറ്റൊന്ന് എന്ന ചിന്ത കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനവരെ ആർക്കും ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് ഡിജിറ്റൽ വായന സജീവമായിരിക്കുന്നു. അച്ചടിച്ചിറക്കുന്ന പുസ്തകങ്ങളുടെയെല്ലാം ഇ-ബുക്കുകളും അപ്പോൾ തന്നെ പുറത്തുവരുന്നുണ്ട്. അങ്ങനെ വായന ഓൺലൈനിൽ സംഭവിക്കുന്നു. ഇത് കാലത്തിന്റെ ആവശ്യമായിരുന്നു. ഇന്നത്തെ മനുഷ്യർ പഴയതുപോലെ അവരുടെ ജീവിതം സ്വന്തം വീടുകളിൽ പരിമിതപ്പെടുത്താറില്ല. അവർ നിരന്തരം യാത്രയിലാണ്. യാത്രയിലും വായന സാധ്യമാകണം. തന്നോടൊപ്പം തന്റെ ലൈബ്രറിയും വേണം എന്നത് ഒരു മോശപ്പെട്ട ആഗ്രഹമല്ല. അത്യാഗ്രഹവുമല്ല. എന്റെ Kindle എന്റെ കൂടെയുണ്ട് എന്ന യാഥാർഥ്യം ഒരു വായനക്കാരനെന്ന നിലയിൽ എനിക്കു നൽകുന്ന ആശ്വാസം ചെറുതല്ല. അച്ചടിച്ച പുസ്തകങ്ങളോടൊപ്പം ഡിജിറ്റൽ വായനയും നടക്കുന്നു. അച്ചടിച്ച പുസ്തകങ്ങൾ ഇല്ലാതാകുന്നില്ല. അവയ്ക്ക് ഒരു സമാന്തര ജീവിതം സാധ്യമാവുകയാണ്. വായനയ്ക്കായ് ഞാൻ കണ്ടെത്തുന്ന സമയത്ത് എനിക്കാവശ്യമായ പുസ്തകങ്ങൾ എന്നോടൊപ്പമുണ്ട് എന്നത് ഒരു പുതിയകാല യാഥാർഥ്യമാണ്. അത് വായനയിൽ വലിയ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. പുസ്തകങ്ങളെപ്പറ്റി അറിയുന്നതിലും അവ കണ്ടെത്തുന്നതിലും ഇക്കാലത്തെ ഓരോ വായനക്കാരനും സ്വയംപര്യാപ്തനാണ്. ഇതൊക്കെ വലിയ മാറ്റങ്ങൾ തന്നെയാണ്.
എന്തു വായിക്കണം, എത്ര വായിക്കണം എന്ന തിരഞ്ഞെടുപ്പിൽ വിപണിയുടെ അധിനിവേശം ഇന്നത്തെ വായനക്കാരന്റെ മുന്നിലെ ഒരു മുഖ്യ വെല്ലുവിളിയാണ്. അതിനെ എങ്ങനെ മറികടക്കാം എന്നതാണ് കാലത്തിന്റെ മുന്നിലെ പ്രധാന ചോദ്യം.
ഉപരിപ്ലവതയുടെ രാഷ്ട്രീയം ഡിജിറ്റൽ ലോകത്ത് സ്വാധീനമുറപ്പിച്ചു കഴിഞ്ഞു. അറിവിന്റെ ലോകത്ത് വ്യാജകടന്നുകയറ്റങ്ങൾ നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്നു.
പുസ്തകങ്ങളിലും വ്യാജൻ സജീവമാണ്. വായനയ്ക്കെടുക്കുന്ന ടെക്സ്റ്റിന്റെ വിശ്വാസ്യത ഉറപ്പു വരുത്തുക പ്രയാസമായിക്കഴിഞ്ഞു. ഇത് നമ്മുടെ ബോധ്യങ്ങളെ തകിടം മറിച്ചെന്നു വരാം. ആർക്കും എന്തും എഴുതി അച്ചടിച്ച് പുസ്തകമാക്കാൻ സാധിക്കുമ്പോൾ അറിവിന്റെ ആധികാരികത ചോദ്യചിഹ്നമാവുകയാണ്. വായന പഴയതുപോലെ ഒരു നിഷ്കളങ്ക പ്രവർത്തിയല്ല. അതിന്റെ രാഷ്ട്രീയം ലോകത്തെ പിടിച്ചുലക്കുകയാണ്. പൗരന്മാരെ അടിമകളാക്കാൻ ഫ്യൂഡൽ സ്വഭാവമുള്ള ടെക്നോ കാപ്പിറ്റലിസ്റ്റുകൾ കച്ചകെട്ടിയിറങ്ങിയിട്ടുണ്ട്. നമ്മൾ കരുതിയിരിക്കണം. അഖിൽ പി. ധർമ്മജനും നിമ്ന വിജയ് യുമൊന്നുമല്ല വായനയുടെ ലോകത്തെ പുതിയ കാല വെല്ലുവിളികൾ. ഞാൻ എന്താണ് വായിക്കേണ്ടത് എന്ന തിരഞ്ഞെടുപ്പ് മാത്രമാണ്. അതാര് ചെയ്യും, അതിലാരൊക്കെ ഇടപെടും, അതെങ്ങനെ നിർവഹിക്കപ്പെടും എന്നതാണ് കാതലായ പ്രശ്നം.