പഴയ പുസ്തകങ്ങൾ
എന്തിന് വായിക്കണം?

മുൻകാലത്തെ പുസ്തകങ്ങളും എഴുത്തുകാരും പുനർവായനകളിലൂടെ നമ്മുടെ മനസ്സിൽ പുനരവതരിക്കുന്നതെങ്ങനെയാണ്? ചിലപ്പോൾ ചില എഴുത്തുകാരെയും കൃതികളെയും സമൂഹം വീണ്ടും വായനാലോകത്തേയ്ക്ക് ആനയിക്കുന്നത് എന്തുകൊണ്ടാണ്?- ഡോ. യു. നന്ദകുമാർ എഴുതുന്നു.

ചിലപ്പോൾ നാം പണ്ട് വായിച്ചുമറന്ന പുസ്തകങ്ങൾ തേടിപ്പിടിച്ച് വീണ്ടും വായിക്കാറുണ്ട്. ചിലപ്പോൾ ചില എഴുത്തുകാരെയും കൃതികളെയും സമൂഹം വീണ്ടും വായനാലോകത്തേയ്ക്ക് ആനയിക്കുന്നു. എന്താണിങ്ങനെ സംഭവിക്കുന്നത് എന്ന് നാം അന്വേഷിച്ചുപോകാറില്ല.

‘ഇന്ദുലേഖ’യ്ക്ക് നൂറു വയസ്സ് എന്ന പേരിൽ 1989- ൽ ധാരാളം ചർച്ചകളുണ്ടായി. ജോർജ് ഓർവെൽ 1949-ൽ പ്രസിദ്ധീകരിച്ച 1984 എന്ന നോവൽ 35 വർഷം കഴിഞ്ഞ് ആഴത്തിലുള്ള വിശകലനത്തിന് വിധേയമായി. മാത്രമല്ല, അതിനുശേഷം പലകാലങ്ങളിൽ മാറിവന്ന രാഷ്ട്രീയ കാലാവസ്ഥകളിൽ പുസ്തകം ആവർത്തിച്ച് ചർച്ച ചെയ്യപ്പെട്ടു. 

എഴുത്തുകാരനായ റയാൻ എല്ലിസ് (Ryan Ellis, 2025) മീഡിയം മാഗസിനിൽ ഇങ്ങനെയെഴുതി:

"ഷെൽഫിൽ നിന്ന് ഞാനൊരിക്കൽ പഴകിപ്പൊളിഞ്ഞ ഒരു പുസ്തകം വലിച്ചെടുത്തു. മുമ്പ് 2003-ൽ ഒരു തീവണ്ടിയാത്രയിൽ സംഭവിച്ച കാപ്പിക്കറ ഒരധ്യായത്തിൽ പതിഞ്ഞിരുന്നു. പേജിന്റെ വശത്തായി, അന്ന് നിങ്ങൾക്ക് തെറ്റുപറ്റി എന്ന് കുറിച്ചിരുന്നു." 1

ഇതിനുശേഷം അദ്ദേഹം പുസ്തകത്തിലേയ്ക്ക് ഒരിക്കൽ കൂടി മടങ്ങി. പുനർവായനയിൽ പുസ്തകത്തിന് കുറേക്കൂടി ഒതുക്കം വന്നതായും സാമീപ്യം ഉണ്ടാവുന്നതായും തോന്നി. ആദ്യവായനയിൽ വിട്ടുപോയ ഒരു വാക്ക് ഏറെ പ്രസക്തമാകുന്നു; പ്ലോട്ട് പഴയതെങ്കിലും വായനയെ പുതുക്കിപ്പണിഞ്ഞതായി അനുഭവപ്പെടുന്നു. എല്ലിസിന്റെ അഭിപ്രായത്തിൽ ഓരോ വായനയും  പുതുമയാർന്ന അനുഭവത്തിലേയ്ക്ക് നമ്മെ ആനയിക്കുന്നു.

വായനയുടെ
മസ്തിഷ്ക സാധ്യതകൾ

മനോവിജ്ഞാനീയശാസ്ത്രം (cognitive science) വായിക്കുമ്പോഴും ആവർത്തിച്ച് വായിക്കുമ്പോഴും നമ്മുടെ മസ്തിഷ്കത്തിൽ എന്തെല്ലാം സംഭവിക്കുന്നെന്ന് മനസ്സിലാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. അടുത്ത ഘട്ടത്തിൽ എന്താവും ഉണ്ടാവുക എന്ന ചിന്ത നാം വായിക്കുമ്പോൾ ഉണ്ടാകും. ഉദ്ദേശിച്ച ദിശയിലൂടെയാണ് പ്ലോട്ട് സഞ്ചരിക്കുന്നതെന്ന് കണ്ടാൽ സ്വയം സമ്മാനിതമായി (reward) മസ്തിഷ്‌കം കരുതുന്നു. ആദ്യ വായനയിൽ പ്ലോട്ടിലെ ആകസ്മികത്വം (suspense) നമ്മെ വായനയിലേയ്ക്ക് ചേർത്തുനിർത്തുമെങ്കിലും ആവർത്തിച്ചുള്ള വായനകളിൽ ലോകത്തിന്റെ വിശ്വസനീയതയിൽ നാം ആകൃഷ്ടരാകും. ആശയങ്ങൾ ആവിഷ്കരിച്ച രീതി, പദങ്ങൾ ഒരുക്കുന്ന അർത്ഥ വൈവിധ്യങ്ങൾ, സൂചനകളുടെ സംസ്കാരിക ലോകം, എന്നിവയും പുതുവായനകളിൽ തുറന്നുകിട്ടും.

‘ഇന്ദുലേഖ’യ്ക്ക് നൂറു വയസ്സ് എന്ന പേരിൽ 1989- ൽ ധാരാളം ചർച്ചകളുണ്ടായി.
‘ഇന്ദുലേഖ’യ്ക്ക് നൂറു വയസ്സ് എന്ന പേരിൽ 1989- ൽ ധാരാളം ചർച്ചകളുണ്ടായി.

വായനയും ഭാഷയുമായി അടുത്ത ബന്ധമുണ്ട്. സംഭാഷണ ഭാഷയേക്കാൾ വിപുലമായ സാദ്ധ്യതകൾ ഒരുക്കുകയാണ് വായന ചെയ്യുന്നത്. ജസ്സ്‌ കോക്കറൽ (Jess Cockerill) ഇതേക്കുറിച്ചെഴുതിയ ലേഖനത്തിൽ വായനയിൽ നടക്കുന്ന മസ്തിഷ്‌ക പ്രവർത്തനത്തെക്കുറിച്ച് നടന്ന പഠനങ്ങൾ വിവരിക്കുന്നു. 2. സബ്രീന ടർക്കർ (Sabrina Turker) നിലവിൽ ലഭ്യമായ 163 പഠനങ്ങൾ അപഗ്രഥിച്ച് തന്റെ കണ്ടെത്തലുകൾ വിവരിക്കുന്നത് കാണാം.

പഠനങ്ങളിൽ 3031 വായനക്കാരെ ഉൾപ്പെടുത്തി. വായനാസമയത്ത് FMRI, PET എന്നീ ആധുനിക ടെസ്റ്റുകൾക്ക് അവരെ വിധേയരാക്കി. പലതരം വായനകളെ പഠനവിധേയമാക്കി. നിശ്ശബ്ദ വായന, ശബ്ദത്തോടെയുള്ള വായന, ദീർഘവും ചുരുക്കിയുമുള്ള വായന, അർത്ഥമില്ലാത്ത പദങ്ങളുടെ (gibberish) വായന എന്നിവ പഠനവിധേയമായി. മസ്തിഷ്കത്തിന്റെ ഇടത്ത് ഗോളാർദ്ധമാണ് വായനയിൽ ഏറെ സജീവമാകുന്നത്. ലിപികൾ, പദങ്ങൾ, വാക്യങ്ങൾ, ടെക്സ്റ്റ് എന്നിവ വായിക്കുമ്പോൾ ഇങ്ങനെ കാണാം.

ആഴത്തിലും ആവർത്തിച്ചുമുള്ള വായന മസ്തിഷ്കത്തിൽ അനുകൂല മാറ്റമുണ്ടാക്കുമെന്നതിൽ സംശയമില്ല.

മുൻധാരണകൾക്കതീതമായി പദങ്ങളുടെ വായനയിൽ സെറിബെല്ലം (cerebellum) കൂടി പങ്കാളിയാവുന്നത് ഗവേഷകർ ശ്രദ്ധിച്ചു. എഴുതപ്പെട്ട വാക്കുകളെ ഭാഷയാക്കി പരാവർത്തനം ചെയ്യാനും അവയുടെ വ്യത്യസ്ത അർത്ഥതലങ്ങൾ ഉൾക്കൊള്ളാനും സെറിബെല്ലം സജീവമായി ഇടപെടുന്നു; പ്രത്യേകിച്ച് വലത് സെറിബെല്ലം. വായനയും ചിന്തയും മനസ്സിലാക്കലും ഒപ്പം ചെയ്യുമ്പോൾ മസ്തിഷ്കത്തിന്റെ രണ്ടു ഗോളാർദ്ധങ്ങളും സജീവമാകുകയും ചെയ്യും.

ആഴത്തിലും ആവർത്തിച്ചുമുള്ള വായന മസ്തിഷ്കത്തിൽ അനുകൂല മാറ്റമുണ്ടാക്കുമെന്നതിൽ സംശയമില്ല. ഇത്തരം പുനഃക്രമീകരണം (rewiring) നടക്കുന്നതായി ഗവേഷകർ ഉറപ്പുപറയുന്നു. പഴയ വായനയുടെ അനുഭവം മസ്തിഷ്‌കം നഷ്ടപ്പെടുത്തുന്നില്ല. വീണ്ടും വായിക്കുമ്പോൾ, പഴയ വായനാനുഭവങ്ങൾ കൂടി ഉപയോഗിച്ച് പുതിയ വായനകൾക്ക് നവമാനങ്ങൾ നൽകാൻ മസ്തിഷ്കത്തിന് കഴിയും. കഥാപാത്രങ്ങളോട് കൂടുതൽ അനുതാപമുണ്ടാവാനും, വ്യത്യസ്തങ്ങളായ ജീവിതാനുഭവങ്ങളുമായി ചേർത്തുവായിക്കാനും കഥാപാത്രങ്ങളുടെ ജീവിതലോകത്തിലേയ്ക്ക് കടന്നുചെല്ലാനും അവസരമൊരുക്കും. മറ്റു വായനകളുടെ പൊരുൾ നമുക്കുൾക്കൊള്ളാനും ഇടം കിട്ടും. ഇതെങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നോക്കാം.

പഴയ വായനയുടെ അനുഭവം മസ്തിഷ്‌കം നഷ്ടപ്പെടുത്തുന്നില്ല. വീണ്ടും വായിക്കുമ്പോൾ, പഴയ വായനാനുഭവങ്ങൾ കൂടി ഉപയോഗിച്ച് പുതിയ വായനകൾക്ക് നവമാനങ്ങൾ നൽകാൻ മസ്തിഷ്കത്തിന് കഴിയും.
പഴയ വായനയുടെ അനുഭവം മസ്തിഷ്‌കം നഷ്ടപ്പെടുത്തുന്നില്ല. വീണ്ടും വായിക്കുമ്പോൾ, പഴയ വായനാനുഭവങ്ങൾ കൂടി ഉപയോഗിച്ച് പുതിയ വായനകൾക്ക് നവമാനങ്ങൾ നൽകാൻ മസ്തിഷ്കത്തിന് കഴിയും.

പുനർവായനയിലെ
ചാൾസ് ഡിക്കൻസ്

പണ്ട് വായിച്ചുമറന്ന എഴുത്തുകാരുടെ പുസ്തകങ്ങൾ വീണ്ടും വീണ്ടും വായിക്കുമ്പോൾ വരുന്ന മാറ്റങ്ങൾ അതിശയകരമായിരിക്കും, ചിലപ്പോഴെങ്കിലും. സ്റ്റീവൻ മർക്കസ് (Steven Marcus) ന്യൂയോർക്ക് ടൈംസിൽ (ജൂൺ 1970-ൽ) ചാൾസ് ഡിക്കൻസിന്റെ നൂറാം ചരമ വാർഷികത്തോടനുബന്ധിച്ച് എഴുതിയ ലേഖനം ഉദാഹരണം 3. നോവലിസ്റ്റും അദ്ദേഹത്തിന്റെ നോവലുകളും തുടർന്നുവരുന്ന വായനകളിൽ സ്വയം നവീകരിക്കുന്നതെങ്ങനെയെന്ന് ലേഖനം സമർത്ഥിക്കുന്നു. 

ചാൾസ് ഡിക്കൻസ് (Charles Dickens) 1870- ലാണ് മരിച്ചത്, വെറും 58ാം വയസ്സിൽ. social realist എഴുത്തുകാരനായാണ് അദ്ദേഹം ആദ്യകാലത്ത് അറിയപ്പെട്ടത്. കൂടാതെ ഫാന്റസി, സറ്റയർ, പ്രേതസഞ്ചാരം എന്നിവ അതിമനോഹരമായി അദ്ദേഹം ആവിഷ്കരിച്ചു. പിൽക്കാലത്ത് ഡിക്കൻസ് വായന അനേകം പുതിയ കൈവഴികളിലൂടെ മുന്നോട്ടുപോയി. പുതിയ വായനകളുണ്ടായി. പിന്നാലെ വന്ന എഴുത്തുകാർ അദ്ദേഹത്തിന്റെ നോവൽ സിദ്ധാന്തങ്ങളുടെ സ്വാധീനം അംഗീകരിക്കുകയും ചെയ്തു.

ചാൾസ് ഡിക്കൻസിന്റെ മരണശേഷം ആദ്യ ദശകങ്ങളിൽ വിലക്ഷണവും മോശവുമായ സാഹിത്യമായിപ്പോലും, അദ്ദേഹത്തിന്റെ രചനകളെ ചിലർ വിശേഷിപ്പിച്ചിരുന്നു.

മരണശേഷം ആദ്യ ദശകങ്ങളിൽ അങ്ങനെയായിരുന്നില്ല; വിലക്ഷണവും മോശവുമായ സാഹിത്യമായിപ്പോലും ചിലർ അഭിപ്രായപ്പെട്ടിരുന്നു. മഹാനായ ദസ്തെയ്‌വ്സ്കി കഥാപാത്രസൃഷ്ടിയിൽ വ്യക്തമായ ഡിക്കൻസ് കാഴ്ചപ്പാട് സൂക്ഷിച്ചിരുന്നു. അദ്ദേഹം അതിങ്ങനെ രേഖപ്പെടുത്തി:

'We understand Dickens in Russia, I am convinced, almost as well as the English, and maybe even all the subtleties; maybe even we love him no less than his own countrymen; and yet how typical, distinctive, and national Dickens is’.
- Diary of a Writer (1873): Dostoevsky.

മനുഷ്യരെ  ആഴത്തിൽ നിരീക്ഷിച്ച് അവരുടെ ജീവിതബോധ്യങ്ങൾ കഥാപാത്രങ്ങളിലേയ്ക്ക് സന്നിവേശിപ്പിക്കുന്ന രസതന്ത്രമാണ് ഡിക്കൻസിൽനിന്ന് ദസ്തെയ്‌വ്സ്കി ഖനനം ചെയ്തത്.

തീർന്നില്ല; ടർഗെനെയ്ഫ്, കോൺറാഡ്, കാഫ്‌ക, എലിയറ്റ്, പ്രൂസ്റ്റ്, ഫോൾക്നർ, ബെക്കറ്റ് തുടങ്ങി മറ്റനേകം പേർ സൃഷ്ടിച്ച കഥാപാത്രങ്ങളിൽ ഡിക്കെൻസിന്റെ മിന്നലാട്ടം കാണാം. സോഷ്യൽ റിയലിസ്റ്റ് എന്ന രീതിയിൽ ആദ്യകാലങ്ങളിൽ കണ്ടിരുന്ന ഡിക്കൻസിന് വന്നുചേർന്ന ചിന്താപരിണാമങ്ങൾ വിസ്മയകരമാണ്.

ഡിക്കൻസ് വായനയിൽ വന്ന വിപ്ലവകരമായ മാറ്റങ്ങളെ എഡ്മണ്ട് വിൽസൺ (Edmund Wilson) പരിചയപ്പെടുത്തിയത് 1941-ലാണ്. ആധുനികത, അവാങ് -ഗാർദ് (avant‐garde) എന്നീ പ്രസ്ഥാനങ്ങളുടെ വഴിതെളിച്ചത് ഡിക്കൻസാണെന്ന് പറയാൻ വിത്സൺ മടിച്ചില്ല. വായനാലോകം ഇതിനകം ആധുനികതയുടെ തുടക്കക്കാരനായി ഡിക്കൻസായി കണ്ടെത്തിക്കഴിഞ്ഞിരുന്നു. ഡിക്കൻസിന് പുതുവായനകൾ നൽകിയ 20-ാം നൂറ്റാണ്ടിലെ പ്രശസ്ത സാഹിത്യകാരരുടെ മാസ്റ്റർപീസുകളാണ് പൊതുബോധത്തിൽ അദ്ദേഹത്തിന് പുതുപ്രതിഷ്ഠ നൽകിയത്. ജെയിംസ് ജോയ്‌സ്, തോമസ് മൻ, ഫ്രൻസ് കാഫ്‌ക, എലിയറ്റ് എന്നിവർ വിദ്യാസമ്പന്നരും സാഹിത്യവാസനയുമുള്ള പുതുതലമുറയെ ഡിക്കൻസ് വായന പഠിപ്പിക്കുകയായിരുന്നു എന്ന് സ്റ്റീവൻ മാർക്കസ് കരുതുന്നു.

ചാൾസ് ഡിക്കൻസ്. ഡിക്കൻസിന് പുതുവായനകൾ നൽകിയ 20-ാം നൂറ്റാണ്ടിലെ പ്രശസ്ത സാഹിത്യകാരരുടെ മാസ്റ്റർപീസുകളാണ് പൊതുബോധത്തിൽ അദ്ദേഹത്തിന് പുതുപ്രതിഷ്ഠ നൽകിയത്.
ചാൾസ് ഡിക്കൻസ്. ഡിക്കൻസിന് പുതുവായനകൾ നൽകിയ 20-ാം നൂറ്റാണ്ടിലെ പ്രശസ്ത സാഹിത്യകാരരുടെ മാസ്റ്റർപീസുകളാണ് പൊതുബോധത്തിൽ അദ്ദേഹത്തിന് പുതുപ്രതിഷ്ഠ നൽകിയത്.

പുനർവായനയിലെ
‘ഒഡീസ്സി’

മുൻകാലത്തെ പുസ്തകങ്ങളും എഴുത്തുകാരും പുനർവായനകളിലൂടെ നമ്മുടെ മനസ്സിൽ പുനരവതരിക്കുന്നതെങ്ങനെ എന്നാണ് പറഞ്ഞുവന്നത്. ഇതിപ്പോഴും തുടരുന്നതായി കാണാം. ഏറ്റവും സമകാലികമായ സംവാദം ഹോമറിന്റെ ഒഡീസ്സിയുമായി (Homer's Odyssey) ബന്ധപ്പെട്ടാണ്. ഹോമർ എഴുതിയതെന്ന് കരുതപ്പെടുന്ന പുരാതന ഇതിഹാസകാവ്യമാണ് ഒഡീസി. 2900 വർഷങ്ങൾക്കുമുമ്പ് രചിക്കപ്പെട്ട കൃതിയാണെന്ന് പറയപ്പെടുന്നു. എഴുത്തില്ലാത്ത കാലത്ത് വാമൊഴിയായി കാവ്യം രൂപപ്പെട്ടുവന്നു; ഒപ്പം കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകളും നടന്നിരിക്കണം. വ്യാപകമായി വായിക്കപ്പെടുകയും നിരന്തരം ചർച്ചയിൽ ഇടം പിടിക്കുകയും ചെയ്തതിൽ നിന്നും ഒഡീസ്സിയുടെ പ്രാധാന്യം വ്യക്തമാകും. മിക്കവാറും എല്ലാ ഭാഷകളിലേയ്ക്കും ഒഡീസ്സി പരിഭാഷപ്പെടുത്തിയിട്ടുണ്ട്; അതും ഒരിക്കലല്ല, പലയാവർത്തി. ജോർജ് ചാപ്മാൻ (1615) ചെയ്തതാണ് ആദ്യ ഇംഗ്ലീഷ് പരിഭാഷ. മഹത്തരമായ പരിഭാഷയായിരുന്നിരിക്കണം അത്; ആശ്ചര്യം പൂണ്ട ജോൺ കീറ്റ്സ് (John Keats, 1816), 'ചാപ്മാന്റെ ഹോമറിലേയ്ക്ക് ഒരാദ്യ നോട്ടം' (On First Looking into Chapman's Homer) എന്ന വിഖ്യാത ഗീതകം രചിച്ചു.

ഒഡീസ്സിക്ക് ഇതിനകം 67 പരിഭാഷകളുണ്ടായിക്കഴിഞ്ഞു. 21-ാം നൂറ്റാണ്ടിൽ മാത്രം 14 പരിഭാഷകളുണ്ടായി, മൂന്ന് പരിഭാഷകൾ 2017-ലും, ഒന്നു വീതം 2018-ലും 2025-ലുമുണ്ടായി. പരിഭാഷകൾക്കുണ്ടാവുന്ന മികച്ച സ്വീകരണമാണ് കൂടുതൽ മിഴിവോടെ പുതുശ്രമങ്ങൾ ഉണ്ടാവാനുള്ള കാരണം. ഇവയിൽ എമിലി വിൽ‌സൺ ചെയ്‌ത 2017-ലെ പരിഭാഷ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ഇതിനകം 10 ലക്ഷം കോപ്പികൾ വിറ്റഴിഞ്ഞ വിൽസന്റെ ഒഡീസ്സി നിരൂപകരുടെയും ഗവേഷകരുടെയും പൊതുവായനക്കാരുടെയും ഇഷ്ട പരിഭാഷയായി മാറി. കഴിഞ്ഞ 300-ലധികം വർഷത്തിനുള്ളിൽ ആദ്യമായാണ് ഒരു സ്ത്രീ ഒഡീസ്സി പരിഭാഷപ്പെട്ടുത്തുന്നത്.

ശരാശരി അഞ്ചു വർഷത്തിലൊരിക്കൽ ഒരു പുതിയ പരിഭാഷയെത്തുന്നുവെങ്കിൽ ഒഡീസ്സി പുനർവായന എന്നും സജീവമായിരുന്നു എന്നർത്ഥം.

അതുമാത്രമായിരുന്നില്ല പരിഭാഷയുടെ പ്രത്യേകത. പരിഭാഷയിൽ പുരാതന ഗ്രീക്ക് മുറകളെയും ആചാരങ്ങളെയും അംഗീകരിക്കുകയും സമകാലിക വായനരീതികളെ അംഗീകരിക്കുകയും വേണം. ലിംഗഭാവത്തോട് (gender) എന്തെങ്കിലും മുൻവിധിയോ ചായ്‌വോ പരിഭാഷകർ ഒഴിവാക്കണം. എമിലി വിൽസൺ പറയുന്നതിങ്ങനെ:

‘‘I critiqued his unexamined gender bias. I don’t think anybody can avoid having biases, preferences, histories, interests, identities, thoughts, judgments, preferences. My point isn’t that translators could or should be ‘objective’, if that means that there’s just one way to do things that counts as the right way. I’m suspicious of that idea: it tends to bolster the idea that the ‘objectively right’ way is the way that the elite have always done it’’. 4

നിലപാടുകളോടുള്ള വ്യക്തത വിത്സൺപരിഭാഷയെ പെട്ടെന്നുതന്നെ ജനസമ്മതമാക്കി.

അതേസമയം 67 ഇംഗ്ലീഷ് പരിഭാഷകൾ അത്രയും തന്നെ വായനസാധ്യതയും ഒരുക്കുന്നു. മറ്റു ഭാഷകളിൽ നടക്കുന്ന പരിഭാഷകൾ അതാതിടങ്ങളിൽ സ്വാധീനം ചെലുത്തും. ഹോമറിന്റെ കാലത്തെ ഗ്രീക്ക് ഭാഷ ഇന്നാർക്കും വഴങ്ങാനിടയില്ല എന്നതിനാൽ ലോകമെങ്ങും ഒഡീസ്സി പരിഭാഷകളിലൂടെ മാത്രമാണ് ചിന്തിക്കപ്പെടുക. ശരാശരി അഞ്ചു വർഷത്തിലൊരിക്കൽ ഒരു പുതിയ പരിഭാഷയെത്തുന്നുവെങ്കിൽ ഒഡീസ്സി പുനർവായന എന്നും സജീവമായിരുന്നു എന്നർത്ഥം.

എമിലി വിൽ‌സൺ. 2017-ൽ അവർ പരിഭാഷപ്പെടുത്തിയ ‘ഒഡീസ്സി’യുടെ 10 ലക്ഷം കോപ്പികൾ വിറ്റഴിഞ്ഞു. കഴിഞ്ഞ 300- ലേറെ വർഷത്തിനുള്ളിൽ ആദ്യമായാണ് ഒരു സ്ത്രീ ഒഡീസ്സി പരിഭാഷപ്പെടുത്തുന്നത്.
എമിലി വിൽ‌സൺ. 2017-ൽ അവർ പരിഭാഷപ്പെടുത്തിയ ‘ഒഡീസ്സി’യുടെ 10 ലക്ഷം കോപ്പികൾ വിറ്റഴിഞ്ഞു. കഴിഞ്ഞ 300- ലേറെ വർഷത്തിനുള്ളിൽ ആദ്യമായാണ് ഒരു സ്ത്രീ ഒഡീസ്സി പരിഭാഷപ്പെടുത്തുന്നത്.

ഇതിനിടെ ഒഡീസ്സി ക്രിസ്റ്റഫർ നോളൻ സിനിമയാക്കി. എമിലി വിത്സൺ ചെയ്ത പരിഭാഷയാണ് പ്രചോദനമായതെന്ന് നോളൻ പറയുന്നു. ഒഡീസ്സിയ്ക്ക് അസംഖ്യം വായനകൾ സാധ്യമാണ്. ഇംഗ്ലീഷിൽ മാത്രമുള്ള പരിഭാഷകളെക്കുറിച്ച് മാത്രമാണ് ഇവിടെ പറഞ്ഞത്. നോളൻ സിനിമയാക്കിയപ്പോൾ അദ്ദേഹം സ്വന്തമായൊരു ഹോമർ വായന നടത്തുകയായിരുന്നു, ആക്ഷൻ സിനിമ എന്ന മട്ടിൽ. അക്രമം ഇഷ്ടം പോലെയുണ്ടതിൽ. നോളൻ സിനിമയിലൂടെ ഹോമറിനെ മാത്രമല്ല വായിക്കാൻ ശ്രമിച്ചത്. പുതുതലമുറക്കാർ ആക്‌ഷൻ സിനിമകളെ സമീപിക്കുന്ന രീതിക്കനുസരിച്ച് ഹോമറിനെ മാറ്റി പഠിക്കാൻ നോളൻ ശ്രമിക്കുന്നു. ഉദാഹരണത്തിന്, ലോർഡ് ഓഫ് ദ റിങ്‌സ് (The Lord of the Rings) പോലുള്ള ടെക്നോ- സിനിമകളോട് സമരസപ്പെടുന്നതാണ് ഇക്കാലത്തെ സിനിമാ പ്രേക്ഷകരുടെ ആസ്വാദനരീതി. പുരാതന സംസ്കാര പാരമ്പര്യങ്ങൾ ക്ഷയോന്മുഖമാകുന്നത് നോളൻ തിരിച്ചറിയുന്നു. അതിനാൽ, നാശം വിതയ്ക്കുന്ന ഭീകരജീവികളോടൊപ്പം റോബോട്ടുകളും നിറക്കുന്നത് കാണാം. 21-ാം നൂറ്റാണ്ടിലെ വിവിധ ഹോമർ ഭാഷ്യങ്ങളിൽ നിന്നുമാറി ടെക്നോ സമൂഹത്തിന് എളുപ്പം ഉൾക്കൊള്ളാനാവുന്ന പുതുവിചാരങ്ങൾ അവതരിപ്പിക്കുകയാണ് നോളൻ സിനിമ.

അർമാൻഡ് ദ്'ആങ്ഗോർ (Armand D'Angour) തന്റെ ലേഖനത്തിൽ സിനിമയ്ക്കുവേണ്ടി നോളൻ ചിത്രീകരിച്ച വേറിട്ട വായനകൾ ചൂണ്ടിക്കാണിക്കുന്നുണ്ട് 5. പരമ്പരാഗത ഹോമർ സാഹിത്യത്തിൽ സ്വത്വം (identity), തിരിച്ചറിയൽ (recognition) എന്നിവ പ്രധാന വിഷയങ്ങളാണ്. അനേകം ഫ്ലാഷ്ബാക്കിലൂടെ താമര തിന്ന് (lotus eaters) മറവിയിൽ (amnesia) പെട്ടുപോകുന്നത് നോളനും ആവിഷ്കരിക്കുന്നെങ്കിലും ഹോമറിൽ ചെയ്തിട്ടുള്ള അസ്പഷ്ടത (ambiguity) മാറ്റി കൂടുതൽ യാഥാർഥ്യാനുഭവമായാണ് സിനിമ എത്തുന്നത്. 

നോളൻ സൃഷ്ടിച്ച ഹോമർ വായനയോട് പരിഭാഷകർ ഉൾപ്പടെ പലരും യോജിക്കുന്നില്ല. എമിലി വിത്സൺ സിനിമയ്‌ക്കെതിരെ പ്രതികരിച്ചുകഴിഞ്ഞു. പുതിയൊരു പരിഭാഷയുമായി ഉടനെ അവർ എത്തുമെന്ന് അറിയിക്കുകയും ചെയ്തു.

ലേഖകന്റെ അഭിപ്രായത്തിൽ,
“The effects are, as one would expect from this director and this budget, impressive and often extraordinary: a ghastly and foul-looking Cyclops, beautiful boats with striking banks of oars, a marvellously engineered Wooden Horse, and a vivid and horrifying sack of Troy. Nolan’s Odyssey was always going to be a spectacle. His is an Odyssey made for audiences that adore Game of Thrones and Vikings, zombie apocalypses and monster movies. It has little that is Homeric, and nothing at all Hellenic in spirit. But it is Nolan’s Odyssey, not Homer’s.”

നോളൻ സൃഷ്ടിച്ച ഹോമർ വായനയോട് പരിഭാഷകർ ഉൾപ്പടെ പലരും യോജിക്കുന്നില്ല. എമിലി വിത്സൺ സിനിമയ്‌ക്കെതിരെ പ്രതികരിച്ചുകഴിഞ്ഞു. പുതിയൊരു പരിഭാഷയുമായി ഉടനെ അവർ എത്തുമെന്ന് അറിയിക്കുകയും ചെയ്തു. അതിരിക്കട്ടെ; നമ്മുടെ കയ്യിലുള്ള ഹോമറിന്റെ കൃതിപോലും എത്രകണ്ട് ഒറിജിനൽ ആണെന്ന് എങ്ങനെ ഉറപ്പിക്കനാവും? അതും ഒരു ഭാഷ്യം തന്നെയല്ലേ? പഴയ കൃതികൾ പുതുസമൂഹത്തോട് എങ്ങനെ ആശയവിനിമയം നടത്തുന്നുവെന്ന് നോളൻ കാട്ടിത്തന്നു. ഡിജിറ്റൽ ടെക്നോളജി, നിർമിതബുദ്ധി എന്നിവ ശക്തിപ്രാപിക്കുമ്പോൾ പോലും പഴയ കൃതികൾക്ക് നമ്മോട് സംവദിക്കാനാവുന്നത് നമ്മെ ആശ്ചര്യപ്പെടുത്തും.

ക്രിസ്റ്റഫർ നോളന്റെ ‘ദ ഒഡീസ്സി’ എന്ന സിനിമയിൽനിന്ന്. നോളൻ സിനിമയിലൂടെ ഹോമറിനെ മാത്രമല്ല വായിക്കാൻ ശ്രമിച്ചത്. പുതുതലമുറക്കാർ ആക്‌ഷൻ സിനിമകളെ സമീപിക്കുന്ന രീതിക്കനുസരിച്ച് ഹോമറിനെ മാറ്റി പഠിക്കാൻ നോളൻ ശ്രമിക്കുന്നു.
ക്രിസ്റ്റഫർ നോളന്റെ ‘ദ ഒഡീസ്സി’ എന്ന സിനിമയിൽനിന്ന്. നോളൻ സിനിമയിലൂടെ ഹോമറിനെ മാത്രമല്ല വായിക്കാൻ ശ്രമിച്ചത്. പുതുതലമുറക്കാർ ആക്‌ഷൻ സിനിമകളെ സമീപിക്കുന്ന രീതിക്കനുസരിച്ച് ഹോമറിനെ മാറ്റി പഠിക്കാൻ നോളൻ ശ്രമിക്കുന്നു.

'മഹാഭാരതം: ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ' എന്ന പുസ്തകത്തിൽ കെ.സി. നാരായണൻ വായനയിൽ ഉണ്ടാവുന്ന മാജിക്കൽ അനുഭവത്തെക്കുറിച്ച് പറയുന്നു. വെൻഡി ഡോണിഗർ (Wendy Doniger - The Hindus: An Alternative History) മഹാഭാരതവായനയെ പരാമർശിച്ച് മുന്നോട്ടു വെയ്ക്കുന്ന ആശയമാണത്.

"മഹാഭാരതത്തിലെ യുദ്ധാനന്തരമുള്ള വ്യഥിതനായ ധർമ്മപുത്രർ കലിംഗയുദ്ധത്തിന് ശേഷമുള്ള അശോക ചക്രവർത്തിയുടെ ഛായ വീണ കഥാപാത്രമാണ്’’.
കെ. സി. നാരായണൻ തുടരുന്നു:
"ഒരൊറ്റ മിന്നൽ കൊണ്ട് ഒരു മുഴുവൻ ആകാശത്തെയും തിളക്കിക്കാട്ടുന്ന വാക്യവൈദ്യുതിയായിരുന്നു എനിക്കത്. ആ വെളിച്ചത്തിൽ ആവേശഭരിതനായി ഞാൻ വീണ്ടും മഹാഭാരതത്തിലേയ്ക്ക് മടങ്ങി." 6.

സി. വി. രാമൻപിള്ളയുടെ
'വിദേശീയ മേധാവിത്വം'

മലയാളത്തിലും പഴയ കാലഘട്ടത്തിലെ ജീവിതത്തെ അടയാളപ്പെടുത്തിയ പുസ്തകങ്ങളുണ്ട്. പലതും വിസ്‌മൃതിയിലായിക്കഴിഞ്ഞു. എത്രയോ കാലമായി ആരാലും പരാമർശിക്കപ്പെടാതെ പോകുന്ന അനവധി കൃതികൾ നമുക്കുണ്ട്. അവ വീണ്ടും വായിക്കുന്നത് നമ്മുടെ സാംസ്കാരിക ചരിത്രം മനസ്സിലാക്കാൻ മാത്രമല്ല, കാലഘട്ടാനുസൃതമായ വായനയ്ക്ക് ഇടം നൽകാനും അവസരമൊരുക്കും. 

സി. വി. രാമൻപിള്ളയുടെ 'വിദേശീയ മേധാവിത്വം' (1922)  രാഷ്ട്രീയ നിലപാടുകളുടെ പ്രകടന പത്രികയായി കാണാമെങ്കിലും, അധിനിവേശത്തിനെതിരെ ചെറുത്തുനിൽപ്പെന്ന രീതിയിൽ പുനർവായന അർഹിക്കുന്നു 7. ഇംഗ്ലീഷു ഭരണം കൂടാതെ തിരുവിതാംകൂർ ബ്യൂറോക്രസി ഒന്നാകെ തിരുവിതാംകൂറിനു പുറത്തുള്ള വിദേശീയരെക്കൊണ്ട് നിറച്ചിരുന്നു. ഒരേസമയം രണ്ടുതരം വിദേശീയ ഭരണത്തിന് കീഴിൽ കഴിയുകയെന്ന ദുര്യോഗം നാട്ടുകാർക്കുണ്ടായി. തുച്ഛമായ ശമ്പളം പേറുന്ന നിസ്സാര ജോലികളിൽ മാത്രമാണ് പ്രജകൾക്ക് ഇടം കിട്ടിയിരുന്നത്. ഇത് സാമ്പത്തികവും സാമൂഹികവുമായി മാത്രമല്ല, അധികാരം എന്ന സർവ്വവ്യാപിയായ മേധാവിത്തത്തിൽ സമൂഹത്തെ തളച്ചിടുന്നു.

എത്രയോ കാലമായി ആരാലും പരാമർശിക്കപ്പെടാതെ പോകുന്ന അനവധി കൃതികൾ നമുക്കുണ്ട്. അവ വീണ്ടും വായിക്കുന്നത് നമ്മുടെ സാംസ്കാരിക ചരിത്രം മനസ്സിലാക്കാൻ മാത്രമല്ല, കാലഘട്ടാനുസൃതമായ വായനയ്ക്ക് ഇടം നൽകാനും അവസരമൊരുക്കും. 

ഇതിനും ദശകങ്ങൾക്ക് മുമ്പുതന്നെ രാമൻപിള്ളയുടെ നേതൃത്വത്തിൽ 'മലയാളി മെമ്മോറിയൽ' (1891), ഡോ. പൽപ്പു മുൻകൈയെടുത്തു സമർപ്പിച്ച 'ഈഴവ മെമ്മോറിയൽ (1896), എന്നിവ അക്കാലത്തെ ഭരണത്തെയും സാമൂഹിക അസമത്വത്തെയും നിശിതമായി വിമർശിച്ചിരുന്നു. സ്ഥിതിവിവരക്കണക്കുകൾ നിരത്തി സാമൂഹികാവസ്ഥയെ വിശദമായി, എന്നാൽ വളരെ ശാസ്ത്രീയമായി, സമീപിച്ച രേഖകളായിരുന്നു രണ്ടു മെമ്മോറിയലും. ഉയർന്ന വിദ്യാഭ്യാസം, കാര്യങ്ങളെ വിദഗ്ധമായി അപഗ്രഥിക്കാനുള്ള അസാമാന്യ കഴിവ് എന്നിവ മെമ്മോറിയൽ തയ്യാറാക്കിയവർക്ക് സ്വായത്തമായിരുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസവും, പാശ്ചാത്യർ ചെയ്യും പോലെ ഡേറ്റ വിശകലനം ചെയ്ത്, വാദമുഖങ്ങൾ സമർത്ഥിക്കാനും പ്രത്യേക വൈഭവം ഇതിലെല്ലാം പ്രകടമാണ്. അധിനിവേശസംസ്കാരം തദ്ദേശീയരിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നെങ്കിലും നാട്ടിൽ നിലനിന്നിരുന്ന ഘടനാപരമായ അസമത്വവും അയിത്തവും ചൂഷകർ - ചൂഷിതർ ബൈനറിക്കപ്പുറം സങ്കീർണ്ണമെന്നു കാണാം. വിദേശീയ മേധാവിത്തം ഈ സങ്കീർണ്ണതകളെ വായിക്കാൻ നമുക്കവസരം തരുന്നു.

തിരുവിതാംകൂർ ബ്യൂറോക്രസി മാത്രമല്ല, ഭരിക്കുന്ന രാജാവു പോലും ഒരു ഘട്ടത്തിൽ മദ്രാസ് ഗവണ്മെന്റിന്റെ ആജ്ഞാനുവർത്തിയായി എന്ന ശക്തമായ കുറ്റാരോപണം കൂടി സി.വി. രാമൻപിള്ള പുസ്തകത്തിൽ നൽകുന്നു. രാജാധികാര സംവിധാനത്തിലെ പ്രജയെന്ന നിലയ്ക്ക് ഇതിനപ്പുറം പോകാൻ ആർക്കു സാധിക്കും?

സി. വി. രാമൻപിള്ള. സി. വി. രാമൻപിള്ളയുടെ 'വിദേശീയ മേധാവിത്വം' (1922)  രാഷ്ട്രീയ നിലപാടുകളുടെ പ്രകടന പത്രികയായി കാണാമെങ്കിലും, അധിനിവേശത്തിനെതിരെ ചെറുത്തുനിൽപ്പെന്ന രീതിയിൽ പുനർവായന അർഹിക്കുന്നു
സി. വി. രാമൻപിള്ള. സി. വി. രാമൻപിള്ളയുടെ 'വിദേശീയ മേധാവിത്വം' (1922)  രാഷ്ട്രീയ നിലപാടുകളുടെ പ്രകടന പത്രികയായി കാണാമെങ്കിലും, അധിനിവേശത്തിനെതിരെ ചെറുത്തുനിൽപ്പെന്ന രീതിയിൽ പുനർവായന അർഹിക്കുന്നു

ഏതാനും പരാമർശങ്ങൾ ശ്രദ്ധിക്കാം.

1. ഒരു ശതകത്തിനുമുമ്പ് മന്ത്രിപീഠത്തെ അലങ്കരിച്ചിട്ടുള്ള രാമൻമേനോൻ ദിവാൻജിയുടെ കാലത്തിനുശേഷം ദിവാൻജിമാരുടെ നിയമനം മദ്രാസ് ഗവൺമെന്റിന്റെ ഇച്ഛാനുസാരമായി നടന്നുവന്നു. ഇങ്ങനെയുള്ള ഏർപ്പാടുകൊണ്ട് തിരുവിതാംകൂർ രാജ്യത്തിലെ ഭാഷയും നടപ്പുകളും അറിയാൻപാടില്ലാത്തവർ മന്ത്രിസ്ഥാനികരായി. ഈ വർഗം ദിവാൻപരമ്പരയുടെ ചിത്തോദ്ദീപനത്തിനായി മഹാരാഷ്ട്ര ഡിപ്പാർട്മെന്റ് എന്നൊരു ശാഖ ഉദ്യോഗമണ്ഡലത്തിൽ പ്രത്യേകം നിർമിക്കേണ്ടതായും വന്നു. (p. 6).

2. ഇങ്ങനെ രാജ്യകാര്യനിയന്ത്രണം ദൂരസ്ഥമായുള്ള മദ്രാസ് ഗവൺമെൻറ്റിന്റെ ക്രിയാംഗമായിത്തീർന്നതുതന്നെ നാട്ടുകാരുടെ നട്ടെല്ലൊടിവിന് ഒരു പ്രധാനകാരണമായി പരിണമിച്ചു. ഓരോ ദിവാൻജിയും പല കുടുംബങ്ങളേയും തന്റെ പരിവാരശേഖരത്തിലും പരിചയബന്ധത്തിലും കൊണ്ടുവന്ന് മാന്യസ്ഥാനങ്ങളിൽ ഉറപ്പിച്ചു തുടങ്ങിയപ്പോൾ, നാട്ടുകാരുടെ സമ്പദ്രക്തത്തിന്റെ ബഹിഷ് പ്രവാഹത്തിന് മറ്റൊരു വഴിയും നിർമിതമായി. ഈ മഹാദുർദശ ബ്രിട്ടീഷ് ഇന്ത്യയിലെ നാട്ടുരാജ്യങ്ങളിൽ തിരുവിതാംകൂറിനല്ലാതെ മറ്റൊന്നിനും ഇത്ര ദീർഘകാലത്തോളവും ഭീമമായും ബാധിച്ചു കാണുന്നില്ല. (p. 7).

3. ബ്രിട്ടീഷ് സാമ്രാജ്യത്തോട് ഉടമ്പടി ഉണ്ടായപ്പോഴും, അനന്തരകാലത്തും, ജനതാഭിമതം എന്തെന്നാലോചന ഉണ്ടായിട്ടില്ല. സേനാബലം കൊണ്ട് രാജസ്ഥാനത്തെ സഹായിച്ചിട്ടുള്ളതും സംരക്ഷിച്ചിട്ടുള്ളതും നാട്ടിലെ ജനതയാണെന്ന് അധികൃതമണ്ഡലത്തിനോ ചരിത്രകാരന്മാർക്കോ നിഷേധിച്ചുകൂട്ടുന്നതല്ല. (p.47).

തുടർന്നുവന്ന ഈഴവ മെമ്മോറിയലും (1896) രാജഭരണത്തിന്റെ കീഴിൽ പ്രജകളുടെ ക്ഷേമമില്ലായ്‌മ വിവരിക്കുന്നു. 1891-ലെ സെൻസസ് അനുസരിച്ച് വിദ്യാഭ്യാസം സിദ്ധിച്ച ഈഴവർ 25,000 പേരുണ്ടായിട്ടും സർക്കാരിതര മേഖലകളിൽ തൊഴിൽ ചെയ്‌തു കഴിയുന്നു. അവരിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം സിദ്ധിച്ചവർ അന്യരാജ്യങ്ങളിൽ സർക്കാർ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. പ്രതിമാസം അഞ്ചു രൂപ ശമ്പളത്തിന് പോലും ഈഴവ യുവാക്കൾക്ക് സർക്കാർ ജോലി കിട്ടുന്നില്ലെന്നത് മെമ്മോറിയൽ ചൂണ്ടിക്കാണിക്കുന്നു. ഇംഗ്ലീഷ് ഉൾപ്പടെയുള്ള വിദ്യാഭ്യാസത്തിന് അവസരമുണ്ടാക്കണമെന്നും തുടർന്ന് ജോലിസാധ്യതയുണ്ടാവണമെന്നും മെമ്മോറിയൽ ആവശ്യപ്പെടുന്നു. ദിവസേനയെന്നോണം പരിഷ്‌കാരങ്ങൾ നടപ്പാക്കുന്ന കാലമാണിതെന്നും മെമ്മോറിയൽ പറഞ്ഞുവെയ്ക്കുന്നു.

മെച്ചപ്പെട്ട വിദ്യാഭ്യാസം, ഇംഗ്ലീഷ് പരിജ്ഞാനം എന്നിവയിലൂടെ വികസിച്ചുവരുന്നതാണ് 19-ാം നൂറ്റാണ്ടിലെ അധിനിവേശാനന്തര ചിന്ത. 16-ാം നൂറ്റാണ്ടു മുതൽ കേരളം എന്ന പ്രദേശം വിദേശശക്തികളുടെ ഭരണത്തിൻ കീഴിൽ വന്നിരുന്നെങ്കിലും, നവോത്ഥാന ആശയങ്ങൾ, ചെറുത്തുനിൽപ്പ്, പ്രതിഷേധം എന്നിവ ജീവിതത്തിലും സാഹിത്യത്തിലും ശക്തിപ്രാപിച്ചത് 18-ാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധം മുതലാണ് എന്നു പറയാം. പോർത്തുഗീസ്, ഡച്ച്, ഫ്രഞ്ച് സാന്നിധ്യം നേരത്തെ ഉണ്ടായിരുന്നെങ്കിലും ബ്രിട്ടീഷ് അധിനിവേശകാലത്താണ് പോസ്റ്റ് കൊളോണിയൽ ആശയങ്ങൾ ഉണ്ടായിവന്നത് എന്നു പറയാം. എന്നാൽ, പോർത്തുഗീസുകാരുടെ സംഭാവന തള്ളിക്കളയാവുന്നതുമല്ല. മതപ്രചാരത്തിനാണെങ്കിലും സുസജ്ജമായ ഗദ്യഭാഷയുണ്ടാക്കാൻ അവർക്കായി. സാധാരണക്കാർക്ക് വഴങ്ങുന്ന ഗദ്യശൈലി, അതിന്റെ വ്യാകരണം, നിഘണ്ടു, ആശയപ്രകാശനം എന്നിവയിൽ വലിയ നേട്ടമാണ് പോർത്തുഗീസ് കാലം മലയാളത്തിന് നൽകിയത്. പി. കെ. ബാലകൃഷ്ണൻ പറയുന്നത്, "കേരളീയന്റെ നിത്യവ്യവഹാരത്തിലെ പദങ്ങൾ കൊണ്ട് വൈദേശികമായ ചിന്തകളെയും ആശയങ്ങളെയും പ്രകാശിപ്പിക്കുന്നതിനുള്ള ശ്രമത്തിൽ അസൂയാർഹമാണീ പാതിരിമാർ വരിച്ച വിജയം" എന്നാണ്.8

പ്രായോഗിക തലത്തിൽ വ്യവഹാരത്തിനിണങ്ങുന്ന ഭാഷ കണ്ടെത്തുന്നതോടെ സാധാരണ ജനങ്ങൾക്ക് ആശയങ്ങൾ പ്രകാശിപ്പിക്കാൻ കഴിയുമെന്നായി. ഇത് പോസ്റ്റ് കൊളോണിയൽ വിമർശചരിത്രത്തിലെ പ്രധാന നാഴികക്കല്ലാണ്. ഭാഷയും ആശയാവിഷ്കാരവും 'ഭടജനങ്ങളിൽ' എത്തുന്നതാണല്ലോ പ്രതിരോധത്തിന്റെ ആദ്യ ഘട്ടം. ഇതിനു പിന്തുണ നൽകിയ ടെക്‌നോളജി കേരളക്കരയിലെത്തിയതും ഏതാണ്ടിക്കാലത്തു തന്നെ. കേരളത്തിൽ അച്ചടിയന്ത്രം വരുന്നത് 1655-ലാണ്. ചരിത്രത്തിലാദ്യമായി ഗദ്യം എന്നൊന്ന് സാധാരണക്കാരുടെ ഇടയിലും പിന്നീട് മുഖ്യധാരയിലും സ്ഥാപിച്ചത് യന്ത്രത്തിന്റെ വരവോടെ തന്നെ. ഗൗരവമുള്ള സാഹിത്യവും നിലവിലെ ചട്ടക്കൂടുകൾ പൊളിച്ചെഴുതാൻ ആഗ്രഹിക്കുന്ന നിലപാടുകളും ഉണ്ടായിവരാൻ പിന്നെയും ഒരു നൂറ്റാണ്ടു കഴിഞ്ഞു. അപ്പോഴേക്കും ബ്രിട്ടീഷുകാരും അവരുടെ ഭാഷയും ജനജീവിതത്തെ സ്വാധീനിച്ചുകഴിഞ്ഞിരുന്നു.

ഡോ. പൽപ്പു. രാമൻപിള്ളയുടെ നേതൃത്വത്തിൽ 'മലയാളി മെമ്മോറിയൽ' (1891), ഡോ. പൽപ്പു മുൻകൈയെടുത്തു സമർപ്പിച്ച 'ഈഴവ മെമ്മോറിയൽ (1896), എന്നിവ അക്കാലത്തെ ഭരണത്തെയും സാമൂഹിക അസമത്വത്തെയും നിശിതമായി വിമർശിച്ചിരുന്നു. 
ഡോ. പൽപ്പു. രാമൻപിള്ളയുടെ നേതൃത്വത്തിൽ 'മലയാളി മെമ്മോറിയൽ' (1891), ഡോ. പൽപ്പു മുൻകൈയെടുത്തു സമർപ്പിച്ച 'ഈഴവ മെമ്മോറിയൽ (1896), എന്നിവ അക്കാലത്തെ ഭരണത്തെയും സാമൂഹിക അസമത്വത്തെയും നിശിതമായി വിമർശിച്ചിരുന്നു. 

ഇന്ദുലേഖ എഴുതുമ്പോൾ ചന്തുമേനോന്റെ മനസ്സിലുണ്ടായിരുന്നത്, അദ്ദേഹം തന്നെ പറയുന്നതിങ്ങനെ:
"സംസ്കൃതനാടകത്തിൽ നാടകാലങ്കാര വ്യുൽപത്തിയോളം എത്തിയവർക്ക് ശൃംഗാരരസം ഒന്ന് മാത്രമറിവാൻ കഴിയും. എന്നാൽ അതുകൊണ്ടു പോരാ. നിങ്ങളുടെ മനസ്സിന് നല്ല വെളിച്ചം വരണമെങ്കിൽ നിങ്ങൾ ഇംഗ്ലീഷുതന്നെ പഠിക്കണം. ആ ഭാഷ പഠിച്ചാലേ ഇപ്പോൾ അറിയേണ്ടതായ പലകാര്യങ്ങളും അറിവാൻ സംഗതി വരികയുള്ളൂ... എന്റെ അഭിപ്രായത്തിൽ ഈ കാലത്ത് ഇംഗ്ലീഷുവിദ്യ പഠിക്കുന്നതിനാലുണ്ടാകുന്ന യോഗ്യത വേറെ യാതൊന്നു പഠിച്ചാലും ഉണ്ടാവുന്നതല്ലെന്നുതന്നെയാണ്’’. 9.

അറിവ്, ആശയം, ചിന്ത, ആവിഷ്കാരം എന്നിങ്ങനെ സമൂഹത്തിന് സാഹിത്യത്തെ രചന, വ്യവഹാരം, പ്രതിരോധം തുടങ്ങി വിവിധ മേഖലയിൽ പ്രയോഗിക്കാനുള്ള ഉപകരണമായി ഇംഗ്ലീഷ് ഭാഷയിലൂടെ നമുക്ക് സാധിക്കുന്നു എന്ന് ചന്തുമേനോൻ കാണുന്നു #.

‘വർത്തമാനപ്പുസ്തക’ത്തിന്റെ
വർത്തമാനം

ഇംഗ്ലീഷ് ഭാഷയുടെ സ്വാധീനവും അതു നൽകുന്ന സാധ്യതയും പോസ്റ്റ് കൊളോണിയൽ സാഹിത്യത്തെ 19-ാം നൂറ്റാണ്ടു മുതൽ മുന്നോട്ടു നയിച്ചു എന്നുപറയാം. തദ്ദേശീയമായ ജാതിവ്യവസ്ഥ, സാമൂഹിക അസമത്വം എന്നിവയ്ക്ക് പൂർണമായ ബദൽ പ്രസ്ഥാനമൊരുക്കാൻ കോളനിഭാഷയും അവരുടെ സംസ്കാരവും കൊണ്ട് ഒരു പരിധിവരെ സാധ്യമായി. എന്നാൽ കൊളോണിയൽ വാഴ്ച അതിന്റേതായ അടിച്ചമർത്തലും പട്ടിണിയും നിസ്സഹായാവസ്ഥയും കോളനി പ്രദേശങ്ങളിൽ സൃഷ്ടിച്ചിരുന്നു.

ബംഗാളിലെ തുണി വ്യവസായത്തകർച്ചയും നീലയമര (നീലംചെടി,) കൃഷിയിലുണ്ടായ സംഘർഷവും ഓർമ്മിക്കാം. അധീശത്വശക്തികൾ കോളനിവാസികളോട് പ്രത്യേക താല്പര്യമൊന്നും കാണിച്ചിരുന്നതായി ചരിത്രമൊന്നുമില്ല. കോളനിവാഴ്ച തീർച്ചയായും കോളനിവാസികൾക്ക് ദാരുണമായ ജീവിതാവസ്ഥകൾക്ക് കാരണമായി; തുല്യരായോ മനുഷ്യരായിട്ടുപോലുമോ കോളനിവാസികളായ ജനങ്ങളെ അധിനിവേശക്കാർ  കണ്ടിരുന്നുമില്ല. ഇതിന്റെ സൂചനകൾ കേരള ദേശത്തിൽ പോലും കാണാം. 18-ാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട വർത്തമാനപ്പുസ്തകത്തിൽ വെള്ളക്കാർ വംശീയമായി പെരുമാറുന്ന ചിത്രങ്ങൾ ലഭ്യമാണ്.

പോസ്റ്റ് കൊളോണിയൽ പഠനങ്ങളിൽ ശ്രദ്ധേയമായ സ്ഥാനം 18-ാം നൂറ്റാണ്ടിലെ വർത്തമാനപുസ്തകത്തിനുണ്ട്. രണ്ടു സത്യക്രിസ്ത്യാനിമാർ കേരളക്കരയിൽനിന്ന് പോർത്തുഗൽ വഴി റോമയിലെത്തിയതും തിരികെ വന്നതിന്റെയും കഥ മാത്രമല്ല. പോർത്തുഗീസ് ആധിപത്യം സൃഷ്ടിച്ച സാംസ്കാരിക പ്രതിസന്ധി, അതിനോടുള്ള പോർത്തുഗീസ് പ്രതികരണം, അധിനിവേശത്തോടുള്ള ചെറുത്തുനിൽപ്പും കീഴടങ്ങലും- എല്ലാം ചേർന്ന സമ്മിശ്രമായ അവസ്ഥയിലായിരുന്നു കേരളക്കര. എഴുത്തും വായനയും പരിമിതമായിരുന്ന അക്കാലത്ത് എഴുതപ്പെട്ടതെന്തും അമൂല്യ രേഖകളാണെല്ലോ. സാധാരണക്കാരോട് സംവദിക്കാൻ എഴുതപ്പെട്ടതാകയാൽ വർത്തമാനപ്പുസ്തകവും പാറേമ്മാക്കൽ തൊമ്മൻ കത്തനാരുടെ മറ്റനവധി പുസ്തകങ്ങളും അക്കാലത്തെ ഗദ്യഭാഷയിൽ രചിക്കപ്പെട്ടതാണ്. എഴുത്തും അച്ചടിയും എക്കാലത്തേയും പ്രധാനപ്പെട്ട വിധ്വംസക പ്രവർത്തനം തന്നെയാണെന്ന് കണ്ടാൽ, നമ്മുടെ പോസ്റ്റ് കൊളോണിയൽ പഠനം ആരംഭിക്കേണ്ടത് പാറേമ്മാക്കൽ കത്തനാരുടെ പുസ്തകങ്ങൾ മുതലാണെന്നു വരുന്നു.

വർത്തമാനപ്പുസ്തകം കേരളത്തിൽ കൊളോണിയൽ സ്വാധീനത്തിന്റെ പരിണാമ ദശകളിലേക്ക് വെളിച്ചം വീശുന്നു.

'വർത്തമാനപ്പുസ്തകത്തിന്റെ വർത്തമാനം' (കെ. സി. വർഗ്ഗീസ്, 2018) മലങ്കര നസ്രാണികൾ അനുഭവിച്ച വിദേശ മേൽക്കോയ്മയുടെ ചിത്രം വരച്ചുകാട്ടുന്നു.10. മദ്രാസ് തീരത്തുനിന്ന് പാറേമ്മാക്കൽ തൊമ്മൻ കത്തനാരും കരിയാറ്റി മല്‌പാനും 1778 ഒക്ടോബറിൽ യൂറോപ്പിലേക്ക് കപ്പൽ തിരിച്ചു. അന്നു മുതൽ എഴുതിയ കുറിപ്പുകളാണ് പുസ്തകം. വിവരണം അവസാനിക്കുന്നത് അവർ ഗോവയിൽ തിരികെയെത്തിയ ശേഷം ഡോ. കരിയാറ്റി സംശയാസ്പദമായ സാഹചര്യത്തിൽ 1786 സെപ്റ്റംബറിൽ അരമനയിൽ വെച്ച് മരിക്കുമ്പോഴാണ്.

എന്തുകൊണ്ടാണ് വർത്തമാനപ്പുസ്തകം അധിനിവേശവുമായി ബന്ധപ്പെട്ടിരിക്കുന്നത്? 16,17 നൂറ്റാണ്ടുകൾ സംഘർഷഭരിതമായിരുന്നു, മതപരമായി മാത്രമല്ല, ജീവിതത്തിന്റെ മറ്റു മേഖലകളിലും. റോമയിലെ മാർപ്പാപ്പ നൽകിയ പ്രത്യേകാധികാരമനുസരിച്ചാണ് പോർത്തുഗീസുകാർ പുതുതായി കണ്ടെത്തിയ ഇന്ത്യയുൾപ്പെടെ കിഴക്കൻ മേഖലകളിൽ അധിനിവേശമുറപ്പിച്ചത്. രാജ്യം ഭരിക്കാനും, മതം സ്ഥാപിക്കാനും, മാർപ്പാപ്പയ്ക്കുവേണ്ടി മെത്രാന്മാരെ അവരോധിക്കാനും അധികാരം പോർത്തുഗീസുകാരിൽ അവരോധിക്കപ്പെട്ടിരുന്നു.

മാർട്ടിൻ ലൂഥറിന്റെ വരവോടെ മാർപാപ്പയുടെ അധികാരം കുറഞ്ഞുതുടങ്ങി; യൂറോപ്യൻ രാജ്യങ്ങൾ പലതും മാർപാപ്പയുടെ അപ്രമാദിത്തം തിരസ്‌കരിക്കുകയും പ്രൊട്ടസ്റ്റൻറ്റ് ക്രൈസ്തവരായി മാറുകയും ചെയ്തു. അതോടെ കോളനികളിൽ കത്തോലിക്കർക്ക് രണ്ടു അധികാരസ്ഥാനങ്ങൾ ഉണ്ടായി. രാഷ്ട്രീയാധികാരമുള്ള, കത്തോലിക്കർ തന്നെയായ പോർത്തുഗീസുകാർ, മതാധികാരം ചെലുത്താൻ ശ്രമിക്കുന്ന മാർപാപ്പ.

'വർത്തമാനപ്പുസ്തകത്തിന്റെ വർത്തമാനം' (കെ. സി. വർഗ്ഗീസ്, 2018) മലങ്കര നസ്രാണികൾ അനുഭവിച്ച വിദേശ മേൽക്കോയ്മയുടെ ചിത്രം വരച്ചുകാട്ടുന്നു.
'വർത്തമാനപ്പുസ്തകത്തിന്റെ വർത്തമാനം' (കെ. സി. വർഗ്ഗീസ്, 2018) മലങ്കര നസ്രാണികൾ അനുഭവിച്ച വിദേശ മേൽക്കോയ്മയുടെ ചിത്രം വരച്ചുകാട്ടുന്നു.

വൈരം കൂട്ടിവന്നപ്പോൾ കത്തോലിക്കാസഭ കേരളത്തിൽ രണ്ടായി പിരിഞ്ഞു; 1653- ൽ കൂനൻ കുരിശുസത്യം മുതലാണ് പിളർപ്പ് പ്രാബല്യത്തിലായത്. അതിൽ പുത്തൻകൂറ്റുകാർ പകലോമറ്റം തൊമ്മനെ മെത്രാനായി വാഴിക്കുകയും റോമയിൽ നിന്ന് സ്വതന്ത്രമാകുകയും ചെയ്തു. വിഘടനവും അതിന്റെ മുറിവുകളും പതിനെട്ടാം നൂറ്റാണ്ടായപ്പോൾ ശമിക്കുകയല്ല, കൂടുതൽ വഷളാകുകയാണുണ്ടായത്. തദ്ദേശീയ നേതൃത്വത്തിൽ സഭയുടെ ഏകീകരണവും, അതിനു തടസ്സം നിൽക്കുന്ന റോമാ പാതിരിമാരെയും അവരുടെ മെത്രാന്മാരെയും തിരിച്ചയക്കാനും, പോർത്തുഗീസ് രാജ്ഞിയുടെ പിന്തുണയോടെ മാർപാപ്പയെ സ്വാധീനിക്കുക എന്നിവയായിരുന്നു പാറേമ്മാക്കൽ തൊമ്മൻ കത്തനാരുടേയും കരിയാറ്റി മല്‌പാന്റെയും യാത്ര ലക്ഷ്യമിട്ടിരുന്നത്. കരിയാറ്റി മൽപാന് മെത്രാനായി തിരിച്ചുവന്നെങ്കിലും, വൈകാതെ ഗോവൻ അരമനയിൽ വെച്ച് ഏതാനും മാസത്തിനുള്ളിൽ മരണപ്പെട്ടു. അദ്ദേഹത്തെ കൊലപ്പെടുത്തിയതാണെന്ന വിശ്വാസം ഇന്നും ശക്തമായി തുടരുന്നു.

വർത്തമാനപ്പുസ്തകം കേരളത്തിൽ കൊളോണിയൽ സ്വാധീനത്തിന്റെ പരിണാമ ദശകളിലേക്ക് വെളിച്ചം വീശുന്നു. വിശാലമായ രാജ്യാധികാരമൊന്നും പോർത്തുഗീസുകാർക്ക് കേരളക്കരയിലുണ്ടായിരുന്നില്ല. വ്യക്തമായ അതിർത്തികളുള്ള രാജ്യം സ്ഥാപിക്കാനവർക്ക് ഇടം കിട്ടിയിരുന്നുമില്ല. പലേടത്തുമായി ചിതറിക്കിടക്കുന്ന കോട്ടകളും പ്രാദേശിക രാജാക്കന്മാരുമായി നടത്തിയ ഉടമ്പടികളും സ്വാധീനവുമായിരുന്നു അവരുടെ ശക്തി. എതിർപ്പുകളെ ശക്തമായും ക്രൂരമായും നേരിടുന്നത്തിനു ലേശവും അവർ മടികാണിച്ചുമില്ല. എങ്കിലും ജനജീവിതത്തിലും സംസ്കാരത്തിലും ഭാഷയിലും വലിയ സ്വാധീനം ചെലുത്താനും അവർക്കായി. അങ്ങനെയെങ്കിൽ കൊളോണിയൽ അധികാരവാഴ്ചയെന്നാൽ വെള്ളക്കാർ വന്ന് ഇതര വർണത്തിൽപെട്ടവരുടെ രാജ്യങ്ങളിൽ കൊടികുത്തിവാഴലാവണമെന്നില്ല. രാജ്യാധിപത്യത്തോടൊപ്പം അറിവിന്റെയും കാഴ്ചയുടെയും ചടുലമായ വർഗീകരണം കൂടി പ്രവർത്തിക്കുന്നുണ്ട്.

അധിനിവേശത്തിന്റെ അടിസ്ഥാന ശിലയാണ് അധികാരം. അനേകം അദൃശ്യവലകളാൽ ശ്രദ്ധാപൂർവം നെയ്തതാണ് അധികാരത്തിന്റെ ചട്ടക്കൂട്. അധികാരമാകട്ടെ അറിവും വിജ്ഞാനവുമായി ബന്ധപ്പെട്ടിരിക്കുന്നു

സൗമ്യ ഡേ തന്റെ ലേഖനത്തിൽ ആശിഷ് നന്ദിയുടെ സങ്കല്പത്തെ ## ആധാരമാക്കി ഇക്കാര്യം വിശകലനം ചെയ്യുന്നു. കൊളോണിയലിസം ആത്യന്തികമായി, ചിന്തയിലും ലോകക്കാഴ്ചകളിലും ഉൾച്ചേർന്ന ഘടകങ്ങളേയും രീതികളേയും കൊളോണിയലിസ്റ്റിന് യോജിക്കും വിധം സജ്ജമാക്കലാണ്. ഇതുവഴി വെള്ളക്കാരുടെ ലോകം, ധാരണ, സങ്കൽപം, സംസ്കാരം എന്നിവ ശരിയെന്നും, യഥാർത്ഥമെന്നും വലിയൊരളവിൽ മെച്ചപ്പെട്ടതെന്നുമുള്ള സാമൂഹികബോധം നിർമ്മിക്കൽ  കൂടിയാകുന്നു. അധിനിവേശത്തിനു കീഴിൽ കഴിയുന്നവരാകട്ടെ തങ്ങളുടെ പാരമ്പര്യം, ആചാരം, രാജധാനി, വിജ്ഞാനം എന്നിവ കൊളോണിയൽ ഏജൻസിക്ക് വിധേയമായി കൽപ്പിച്ചുവെയ്ക്കുകയും ചെയ്യുന്നു. വർത്തമാനപ്പുസ്തക യാത്രികർ ആദ്യം ലിസ്ബണിലേക്കും, അവിടുന്ന് റോമയിലേക്കും തുടർന്ന് ലിസ്ബണിലേക്കും ചെയ്ത യാത്രകളുടെ അടിസ്ഥാനം നിലവിലെ സംസ്കാരം ആവശ്യപ്പെടുന്ന സാധുതാസമ്പ്രദായം അങ്ങനെ കല്പിക്കുന്നതിനാലാണ്. നാം നേരത്തെ കണ്ടതുപോലെ ബാൾഡ്വിൻ, ഫനോ എന്നിവർ പറഞ്ഞുവെച്ചതും ഇതുതന്നെ.  

അധിനിവേശത്തിന്റെ അടിസ്ഥാന ശിലയാണ് അധികാരം. അനേകം അദൃശ്യവലകളാൽ ശ്രദ്ധാപൂർവം നെയ്തതാണ് അധികാരത്തിന്റെ ചട്ടക്കൂട്. അധികാരമാകട്ടെ അറിവും വിജ്ഞാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രത്യേക അടയാളങ്ങൾ പേറുന്ന വ്യക്തികൾ തന്നെ വേണമെന്നില്ല, അധികാരത്തിന് സ്ഥാനമുറപ്പിക്കാൻ. സർവ്വവ്യാപിയായ അധികാരം അറിവിൽനിന്ന് മാറിനിൽക്കുന്നുമില്ല. ചില അറിവുകൾ മറ്റു ചിലതിനേക്കാൾ മെച്ചമാണെന്നും, അതിനാൽ തന്നെ ലെജിറ്റിമസി സിദ്ധിക്കുന്നു എന്നും കരുതപ്പെടുമ്പോൾ ദുർബലമായ വിജ്ഞാനങ്ങൾ പ്രകാശിപ്പിക്കാതെ പാർശ്വവത്കരിക്കപ്പെടും. പലപ്പോഴും കൊളോണിസ്റ്റ് വക്താക്കളുടെ വിജ്ഞാനം മെച്ചപ്പെട്ട അറിവുകളായി തദ്ദേശീയർ പോലും കരുതുന്നു.

അധികാരം, അറിവ് എന്നിവ പ്രായോഗികതലത്തിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നത് മിഷേൽ ഫുക്കോ ഗൗരവമായി പരിഗണിച്ച വിഷയമാണ്. അധീശത്വത്തിന്റെ അടിസ്ഥാനം അറിവിന്റെ പോരായ്മയുമായി ബന്ധപ്പെട്ടിരിക്കുന്നു. നാട്ടറിവുകളും അധിനിവേശ നാട്ടിൽ തദ്ദേശീയരായവരുടെ വിജ്ഞാനവും മൊത്തത്തിൽ  പ്രാകൃതവും അനാഗരികവും ആയി ബ്രാൻഡ് ചെയ്യപ്പെട്ടാൽ അവിടെ നിലനിൽക്കുക കൊളോണിസ്റ്റ് അറിവുകൾ മാത്രമായിരിക്കും. ഇപ്രകാരം വിദേശവിജ്ഞാനത്തിന് ലെജിറ്റമസി ലഭിക്കുന്നു. അധികാരം നടപ്പാക്കാൻ ഈ ലെജിറ്റമസി സഹായിക്കുന്നു എന്നതിൽ സംശയമില്ല. അച്ചടക്കം (discipline) എന്ന ഉപാധിയിലൂടെയാണ് ഫുക്കോ അധികാരത്തെ കണ്ടത്. സമൂഹം എന്ന ശരീരത്തെ നിയന്ത്രിക്കാൻ ഡിസിപ്ലിൻ പോലെ നന്ന് മറ്റൊന്നില്ല. സ്‌കൂളിൽ കുട്ടികളെയെന്നപോലെ അത് നടപ്പാക്കാൻ വളരെക്കുറച്ചു മേൽനോട്ടമേ വേണ്ടൂ. സ്ഥലം, കാലം, പെരുമാറ്റം എന്നിവയുടെ മിശ്രിതം ഉപയോഗിച്ച് അതിസങ്കീർണമായ മേൽനോട്ടവലയങ്ങൾ സൃഷ്ടിക്കാനാകും. എന്നാൽ, പ്രകടമായ രീതിയിൽ അധികാരം നടപ്പാക്കാൻ ആരും സാമൂഹിക ജീവിതത്തിലേക്ക് പ്രവേശിക്കേണ്ടതില്ല; ഡിസിപ്ലിൻ എന്നതിന്റെ പ്രകടമായ ചിഹ്നങ്ങൾ സമൂഹത്തിൽ ഉണ്ടായാൽ മതി. ഉദാഹരണത്തിന്, ആശുപത്രികൾ, ജയിലുകൾ, മാനസികാരോഗ്യകേന്ദ്രങ്ങൾ, സ്‌കൂളുകൾ, പട്ടാളക്യാമ്പുകൾ എന്നിവ അതിൽപ്പെടുന്നു.

ആശിഷ് നന്ദി
ആശിഷ് നന്ദി

▮ 

References:

1. Ellis, Ryan - Why We Reread: The Psychology of Returning to Old Books (and Old Selves); Medium – 12, Sept, 2025.
2. Cockerill, Jess - Scientists Reveal What Happens in Your Brain When You Read: Science Alert – 11 May 2025.
3. Marcus, Steven – Dickens After One Hundred Years: The New York Times; June 7, 1970.
4. Brady, Amy – How Emily Wilson Translated ‘The Odyssey’: Chicago Review of Books; Jan 16, 2018.
5. D'Angour, Armand – Nolan’s Odyssey, not Homer’s: Engelsberg Ideas; July 20, 2026.
6. Narayanan, K.C. – Mahabharatham: Oru Swathanthra Software; 4thEd., D C Books, 2023.
7. Pillai, Raman C V., വിദേശീയ മേധാവിത്വം, 1922 (Reprint 2005), Cultural Publications Department, Government of Kerala, Trivandrum.
8.Balakrishnan, PK., Ch. 3; ചന്തുമേനോൻ - ഒരു പഠനം. Dec 2000: SPCS (NBS).
9. Ibid., Ch. 4.
10. Varghese K C; Ch., 2, 3, വർത്തമാനപ്പുസ്തകത്തിന്റെ വർത്തമാനം: 2018, Kerala Bhasha Institute, Trivandrum.

▮ 

കുറിപ്പുകൾ:

#"ഇന്ദുലേഖ ഒരു ചെറിയ പെൺകിടാവായിരുന്നെങ്കിലും പഠിപ്പും അറിവും നിമിത്തം അവൾക്കുണ്ടായ ധൈര്യത്തിനാലും താൻ വിചാരിച്ച കാര്യം നിഷ്പ്രയാസേന അവൾക്ക് സാധിച്ചു’’.

"അതുകൊണ്ട് എന്റെ ഒരു മുഖ്യമായ അപേക്ഷ എന്റെ നാട്ടുകാരോടുള്ളത്, കഴിയുന്നപക്ഷം പെൺകുട്ടികളെ ആണ്കുട്ടികളെപ്പോലെത്തന്നെ എല്ലായ്‌പ്പോഴും ഇംഗ്ലീഷു പഠിപ്പിക്കേണ്ടതാണെന്നാകുന്നു."

##“In other words, colonialism was a purveyor of components and structures of thought and ways of looking at the world. Through these sophisticated means it legitimized the west as the site of the only valid mores, knowledge and history. It convinced the elite in many non-western societies, including our own, that the west is not one of the many provinces of tradition, history and knowledge, but the metropolis. That is how colonialism has survived its political demise. That is why a civilization as vast, complex and ancient as our still bears the imprint of colonialism in its thought and language. That is why, in other words, the selves and speech of many of us are still colonized.”


Summary: How do old books and writers return to our minds through re-reading? Why does society bring certain writers and works back into the reading world again? Dr. U. Nandakumar writes.


ഡോ. യു. നന്ദകുമാർ

എഴുത്തുകാരൻ, പൊതുജനാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നു. അണ്ണാമലൈ യൂണിവേഴ്​സിറ്റിയിലെ റിഹാബിലിറ്റേഷൻ മെഡിസിനിൽ പ്രൊഫസറായിരുന്നു.

Comments