Marquise de sevignee by Claude Lefèbvre

ഡയറി 2020

അവസാനിക്കാത്തൊരു കറുത്ത ഞായറാഴ്ചയായ ഈ വർഷം മറ്റു പല ദുരന്തങ്ങളും മുൻകൂട്ടി കണ്ട ഫ്രാൻസ് കാഫ്ക ഡയറിലെവിടെയോ എഴുതിയതുപോലെ: ‘മഹത്തായൊരു തിങ്കളാഴ്ചയ്ക്ക് വിധിക്കപ്പെട്ടവനാണ് നീ! പറയാൻ ഗംഭീരമായി പറഞ്ഞു! എന്നാൽ ഞായറാഴ്ച ഒരിക്കലും അവസാനിക്കുന്നില്ല.'

സെപ്റ്റംബർ 2020

ങ്ങളുടെ അയൽക്കാരായ സർക്കാർ ഓഫിസിന്റെ പിൻമുറ്റത്തുള്ള കുട്ടിവനത്തിൽ ബഹളമുണ്ടാക്കുന്ന എനിക്ക് പേരറിയാത്തതും കാണാനാവാത്തതുമായ പക്ഷികൾ പുറത്ത്; അകത്ത്, എന്റെ മുറിയിൽ, കാക്കക്കരച്ചിലിനു സമാനമായ ശബ്ദത്തോടെ തിരിയുന്ന ബെയറിങ് പോയ ഫാൻ, കാലത്തിന്റെ പ്രത്യേകതയാൽ നന്നാക്കുന്ന പതിവുകാരെയൊന്നും വിളിച്ചിട്ട് കിട്ടാനില്ല; കിഴക്കു ഭാഗത്തുള്ള വീട് വാടയ്‌ക്കെടുത്ത ഗുജറാത്തികൾ മൃദുലഭാഷണം എന്ന സങ്കൽപ്പത്തെക്കുറിച്ച് കേട്ടിട്ടേയില്ലാത്തപോലെയാണ് സംസാരിക്കുക; അപ്പുറത്തുള്ള വീട്ടിലെ അമ്മയ്ക്കും മകൾക്കും വഴക്കു കൂടുമ്പോഴും അല്ലാത്തപ്പോഴും ഒരേ നീട്ടലാണ്; താഴെ ടെലിവിഷനിൽ മരണങ്ങളുടെയും അപകടങ്ങളുടെയും വാർത്തകൾ. ഈ ശബ്ദങ്ങളിലേക്കാണ് എന്നും രാവിലെ പത്തരമണിയോടെ ഉണർന്ന്, ഞാൻ മദാം ദു സെവിഞ്ഞ്യയുടെ കത്തുകൾ തുറക്കുക. ഒൻപത് വാല്യങ്ങളിൽ ആയിരത്തിയഞ്ഞൂറോളം കത്തുകൾ. ദിവസം രണ്ടു കത്ത് വീതം, ചില ദിവസങ്ങളിൽ രണ്ടര. എന്നാൽ മദാമിനെ വായിക്കുമ്പോൾ ഈ ശബ്ദങ്ങളൊന്നും ബാധകമല്ല. അവർ അവയെ അമുക്കിക്കളയുന്നുവെന്നല്ല, മദാം ചുറ്റിലുമുള്ളതിനെയെല്ലാം അവയുടെ ശബ്ദങ്ങളോടെ സ്വീകരിക്കുന്നു. അവർ എല്ലാം കാണുന്നു, കേൾക്കുന്നു. അങ്ങനെ ദിവസത്തെ പ്രതിരോധിക്കാനല്ല, ദിവസത്തെ സ്വീകരിക്കാൻ മദാം എന്നെ ഒരുക്കുന്നു. ഈ വർഷം ജനുവരിയുടെ ആദ്യദിവസങ്ങളിലാണ് ഞാൻ ദു സെവിഞ്ഞ്യയുടെ കത്തുകൾ വായിച്ചു തുടങ്ങുന്നത്. അത് ഉചിതമായൊരു തീരുമാനമായിരുന്നുവെന്ന് പിന്നീട് ഞാൻ തിരിച്ചറിഞ്ഞു. കാരണം മാർച്ചു മാസം മുതൽ, 2020 ഒരിക്കലും അവസാനിക്കാത്തൊരു ഞായറാഴ്ചയായി മാറിയപ്പോൾ മദാം എനിക്ക് യാഥാർഥ്യത്തിൽനിന്നുള്ള തൂവിപ്പോവലിന് സഹായകമായി. അടച്ചുപൂട്ടി ഇരിക്കുമ്പോൾ മുന്നൂറു വർഷങ്ങൾക്കു മുൻപുള്ള ഒരു ഫ്രഞ്ച് വിധവയുടെ കൂടെ കഴിയുന്നതല്ലേ അഭികാമ്യം. പ്രത്യേകിച്ചും അവർ ഭാഷാഗാംഭീര്യവും സൗന്ദര്യവും നർമ്മോക്തിയുമുള്ള നല്ലൊരു കൂട്ടാകുമ്പോൾ. ഞാൻ സ്‌നേഹപൂർവ്വം അവരെ ‘മദാം’ എന്ന് വിളിക്കട്ടെ.

കുറച്ച് വർഷങ്ങളായുള്ള ശീലമാണ്. ഫിക്ഷനല്ലാത്ത, ഒറ്റയിരുപ്പിന് വായിക്കേണ്ടതില്ലാത്ത വലിയ പുസ്തകങ്ങൾ രാവിലെ എഴുന്നേറ്റ് പാൽ ചേർക്കാത്ത കാപ്പിയുടെ കൂടെ കുറച്ച് പെയ്ജുകൾ വായിക്കുകയെന്നത്. വിർജീനിയ വൂൾഫിന്റെ ഡയറി (അഞ്ച് വാല്യങ്ങൾ), കാത്ത്‌റിൻ മാൻസ്ഫീൽഡിന്റെ കത്തുകൾ (വാല്യങ്ങൾ അഞ്ച്), നാൽപ്പത്തിയഞ്ച് വർഷങ്ങളുടെ ദൈർഘ്യമുള്ളഗോൺകൂർ സഹോദരങ്ങളുടെ ജേണലുകൾ, പെട്രാർക്കയുടെ കാൻസൊന്യേറെ (ഒരു ദിവസം ഒന്ന് എന്ന കണക്കിൽ 366 കവിതകൾ) തുടങ്ങിയ സമാഹാരങ്ങൾ ഇങ്ങനെയാണ് വായിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം മുഴുവനും എഴുന്നേറ്റയുടനെയുള്ള ഈ സമയം ഉപയോഗിച്ചത് വാൻ ഗോഗിന്റെ തൊള്ളായിരത്തോളം വരുന്ന കത്തുകൾ വായിക്കാനാണ്. പാതിമയക്കത്തിലുള്ള ഈ വായന ചിലപ്പോൾ പ്രകാശത്തേക്കാൾ വേഗത്തിലായിരിക്കും സംഭവിക്കുക. ചിലപ്പോൾ ഒച്ചിഴയുന്ന മന്ദതയിൽ. ചില വാക്കുകൾക്കുമേൽ കുറേനേരം തടഞ്ഞുനിന്നേക്കാം. ചിലപ്പോൾ ചില വാചകങ്ങൾ തന്നെ വിട്ടുപോയേക്കാം. ഈ വായനകൊണ്ട് ക്ഷണിക്കാതെ വന്നെത്തുന്ന വാർത്തകളെയും ട്രോളുകളെയും പ്രതിരോധിക്കുകയും ചെയ്യാം. ‘ട്രോളുകളുമായുള്ള ഒരു യുദ്ധമാണ് ജീവിത’മെന്ന് ഇബ്സൻ പറഞ്ഞുവെച്ചിട്ടുണ്ടല്ലോ!

മദാം ദു സെവിഞ്ഞ്യയുടെ കത്തുകളെ ‘ഒരമ്മ മകൾക്ക് അയച്ച കത്തുകൾ' എന്ന് വിശേഷിപ്പിക്കാം. എന്തിനാണ് പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ച ഒരു പ്രഭ്വി മകൾക്കയച്ച കത്തുകൾ ഇന്ന് വായിക്കുന്നതെന്ന് ചോദിച്ചാൽ ഞാൻ റൊളോങ്ബാർത്തിനെ കൂട്ടുപിടിക്കും. പത്രമാധ്യമങ്ങൾ ഇല്ലാതിരുന്നൊരു കാലത്ത്, താൻ ചുറ്റിലും കണ്ടതും കേട്ടതുമെല്ലാം മകൾക്ക് എഴുതുന്ന ഈ അമ്മ, ബാർത്ത്പാഠത്തിന്റെ നിർവൃതിയിൽ വ്യക്തമാക്കിയതുപോലെ, ‘ഉച്ചത്തിൽ കേൾക്കത്തക്കവണ്ണം... ഭാഷയുടെയും അതിന്റെ ഒച്ചയുടെയും രതികരമായ കലർപ്പോടെ... ഒച്ചയുടെ കാതലിലേറി'യാണ് എഴുതുന്നത്.

1626-ൽ പാരീസിലെ ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ച മറീ ദു റബ്യുത്താ-ഷാൻതാളിന്റെ മാതാപിതാക്കൾ ചെറുപ്പത്തിലേ മരിച്ചു. തുടർന്ന് അമ്മയുടെ കുടുംബത്തിന്റെ പരിചരണത്തിലായി. പുസ്തകപ്രേമികളുടെ വീടായതിനാൽ സാംസ്‌കാരികമായൊരു അന്തരീക്ഷത്തിലായിരുന്നു വളർന്നത്. അക്കാലത്ത് ഒരു പെൺകുട്ടിക്ക് കിട്ടാവുന്ന ഏറ്റവും മികച്ച വിദ്യാഭ്യാസം അവൾക്ക് ലഭിച്ചു. ലത്തീനിലും ഇറ്റാലിയനിലും സ്പാനിഷിലും ശിക്ഷണം കിട്ടിയ പെൺകുട്ടി സാഹിത്യത്തിൽനിന്നുള്ള വരികൾ ഉദ്ധരിച്ചുകൊണ്ടായിരുന്നു യൗവനത്തിലേ സംസാരിച്ചിരുന്നത്. പതിനെട്ടാം വയസ്സിൽ ഓന്റിദുസെവിഞ്ഞ്യമായുള്ള വിവാഹം. ഒട്ടും സന്തോഷകരമായിരുന്നില്ല ദാമ്പത്യം. ഇരുപത്തിയഞ്ചാം വയസ്സിൽ വിധവയാവുകയും ചെയ്തു. ഒരു കാമുകിയുടെ പേരിൽ നടന്ന ദ്വന്ദയുദ്ധത്തിലായിരുന്നു പ്രഭുവിന്റെ അന്ത്യം. ആരാധകരായ പുരുഷന്മാർ ഏറെയുണ്ടായിരുന്നുവെങ്കിലും പിന്നീടുള്ള ജീവിതം രണ്ടു മക്കൾക്കുവേണ്ടി സമർപ്പിക്കുകയായിരുന്നു: 1646-ൽ ജനിച്ച മകൾ ഫ്രാൻസ്വാസ്, രണ്ടു വർഷങ്ങൾക്കുശേഷമുണ്ടായ മകൻ ഷാർള്. ഇരുപത്തിമൂന്നാം വയസ്സിൽ വിവാഹിതയായി ഫ്രാൻസിന്റെ ഒരുൾനാടൻ പ്രവിശ്യയിലേക്ക് പോയ ഫ്രാൻസ്വാസിന് അയച്ച കത്തുകളാണ് ഫ്രഞ്ച് സാഹിത്യത്തിലെ എക്കാലത്തെയും വലിയ മാസ്റ്റർപീസുകളിലൊന്നായി മാറിയത്. മകൾ പോയതോടെ മദാം കടുത്ത ഏകാന്തത നേരിട്ടു. ആത്മഹത്യയെക്കുറിച്ചുവരെ ആലോചിച്ചു. ഒടുവിൽ, താൻ അനുഭവിക്കുന്ന വേർപാടിന്റെ വേദന അവർ മകളെ എഴുതി അറിയിക്കുന്നു. തുടർന്ന് മകൾക്ക് എഴുതാൻവേണ്ടി മാത്രമായിരുന്നു അവർ ജീവിച്ചതെന്ന് തോന്നും ആ കത്തുകൾ വായിക്കുമ്പോൾ. എന്നാൽ വർഷങ്ങൾ നീണ്ട ഈ കത്തിടപാടിൽ അമ്മയുടെ ആവേശം മകൾക്കില്ല എന്ന വസ്തുത ഈ കത്തുകളെ കൂടുതൽ ഹൃദയസ്പർശിയാക്കുന്നു.

‘ഏറ്റവും വിസ്മയകരമായ, ആശ്ചര്യജനകമായ, അതിശയകരമായ, അത്ഭുതകരമായ, നിരതിശയമായ, സംഭ്രമിപ്പിക്കുന്ന, ആരുമിതുവരെ കേട്ടിട്ടില്ലാത്ത, ഒറ്റപ്പെട്ട, അനന്യസാധാരണമായ, അവിശ്വസനീയമായ, അപ്രതീക്ഷിതമായ, ഗംഭീരവും നിസ്സാരവും അപൂർവവും സാധാരണവുമായ, സംസാരവിഷയമായ, ഈ ദിവസംവരെ പരമരഹസ്യമായ, തേജോമയമായ, അസൂയാവഹമായ ഒരു കാര്യം ഞാൻ പറയാൻ പോവുകയാണ്; ചുരുക്കം പറഞ്ഞാൽ, ഇങ്ങനെയൊന്ന് ഒരിക്കൽ മാത്രമേ സംഭവിച്ചിട്ടുള്ളൂ, എന്നാൽ അന്ന് അത് സത്യമായിരുന്നില്ല, പാരീസിൽ ആർക്കുമത് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല, ‘ഞങ്ങളിൽ കനിവുണ്ടാകണേ' എന്ന് എല്ലാവരെക്കൊണ്ടും അത് പറയിപ്പിച്ചു...’
ഇമ്മട്ടിലാണ്​ മദാം ദു സെവിഞ്ഞ്യ ഒരു കഥ പറഞ്ഞു തുടങ്ങുക. ഈ ഗോസ്സിപ്പിന് പ്രശസ്തരായ ആരാധകർ ധാരാളം. വിർജീനിയ വുൾഫ് (‘നമ്മുടെ കാലത്തായിരുന്നുവെങ്കിൽ അവർ വലിയൊരു നോവലിസ്റ്റാകുമായിരുന്നു'), എലിസബത്ത് ബിഷപ്പ് (‘കരുതിക്കൂട്ടി എഴുതിയ പലതിനേക്കാളും ഗംഭീരമായ കത്തുകൾ'), ഓന്ദ്രേ ഷീദ്, ഹെർമൻ മെൽവിൽ, (മദാം കത്തുകളിൽ പറയുന്ന സ്ഥലങ്ങളെയും വ്യക്തികളെയും കുറിച്ചൊരു നിഘണ്ടുതയ്യാറാക്കാൻ ജീവിതത്തിന്റെ വലിയൊരു പങ്ക് ചെലവിട്ട റുബായാത്തിന്റെ പരിഭാഷകൻ കൂടിയായ) എഡ്വേഡ് ഫിറ്‌സ്‌ജെറാൾഡ്, ഇ. എം. ഫോസ്റ്റർ... അങ്ങനെ വലിയൊരു നിരതന്നെ.

എന്നാൽ മദാമിന്റെ ഏറ്റവും വലിയ വായനക്കാരനും ആരാധകനും മർസേൽ പ്രൂസ്ത് ആയിരിക്കും. ജോൺ റസ്‌കിൻ കഴിഞ്ഞാൽ ഒരുപക്ഷെ പ്രൂസ്തിനെ ഏറ്റവും സ്വാധീനിച്ച എഴുത്തുകാരി. പോയകാലം തേടിയുടെ രണ്ടാമത്തെ വാല്യത്തിൽ ആഖ്യാതാവായ മർസേലിന് മുത്തശ്ശി വായിക്കാൻ കൊടുക്കുന്ന പുസ്തകം മദാമിന്റെ കത്തുകളാണ്. ദസ്‌തേയെവ്‌സ്‌കിയോടൊപ്പമാണ് പ്രൂസ്ത് മദാമിനെ ചേർത്തുവെക്കുന്നത്. ‘മദാം ദു സെവിഞ്ഞ്യയുടെ കത്തുകളുടെ ദസ്‌തേയെവ്‌സ്‌കി-വശ'ത്തെക്കുറിച്ച് പ്രൂസ്ത് എഴുതിയിട്ടുണ്ട്. ദു സെവിഞ്ഞ്യ ചിലപ്പോൾ യുക്ത്യനുസൃതമായി കാര്യങ്ങളെ അവതരിപ്പിക്കുന്നതിനുപകരം, അതായത് വിഷയത്തിൽ തുടങ്ങുന്നതിനു പകരം, ഫലമായിരിക്കും ആദ്യം കാണിച്ചുതരിക. ദസ്‌തേയെവ്‌സ്‌കി ഇങ്ങനെയാണ് പലപ്പോഴും തന്റെ കഥാപാത്രങ്ങളെ അവതരിപ്പിക്കാറുള്ളത്. കടൽ ആകാശത്തിലാണെന്ന് തോന്നിപ്പിക്കുന്ന മട്ടിലൊരു മായാദർശനമാണ് ഇത് ജനിപ്പിക്കുക. മുത്തശ്ശിയുടെ മരണം തന്റെ മമ്മയിലുണ്ടാക്കിയ സങ്കടത്തെക്കുറിച്ചുള്ള മനോഹരമായൊരു ഖണ്ഡികയിൽ മരിച്ചവർക്ക് വേണ്ടിയുള്ള ദുഃഖത്തിൽ അവരിഷ്ടപ്പെട്ട വസ്തുക്കളെ നമ്മളും ആരാധിച്ചുതുടങ്ങുമെന്ന് പ്രൂസ്ത് എഴുതുന്നു. മുത്തശ്ശിയുടെ ബാഗും കൈയുറയും വസ്ത്രങ്ങളും മാത്രമല്ല, അവർക്ക് ഏറ്റവും പ്രിയപ്പെട്ട മദാം ദു സെവിഞ്ഞ്യയുടെ കത്തുകളുടെ വാല്യങ്ങളുമായും വേർപിരിയുന്നത് മർസേലിന്റെ മമ്മയ്ക്ക് താങ്ങാൻ കഴിയുമായിരുന്നില്ല. മദാം മകൾക്കെഴുതിയ കത്തുകളിൽനിന്ന് ഒരു വാചകം ഉദ്ധരിക്കാതെ മമ്മയ്ക്ക് ഒരു കത്തുപോലും എഴുതാൻ കഴിയില്ലെന്ന് മർസേലിന്റെ മമ്മ അവരെകളിയാക്കാറുണ്ട്. മുത്തശ്ശി എവിടെപ്പോയാലും കൈയിൽ മദാമിന്റെ ഒരു വാല്യമെങ്കിലുമുണ്ടാകും. ആ കത്തുകളുടെ യഥാർത്ഥ കൈയ്യെഴുത്തുപ്രതി കിട്ടിയാൽപ്പോലും മുത്തശ്ശിയുടെ കോപ്പി മമ്മ വെച്ചുമാറില്ല. മുത്തശ്ശിയുടെ മരണശേഷം, മർസേലിന്റെ മമ്മ മർസേലിന് എഴുതുന്ന കത്തുകളിലും മദാം ദു സെവിഞ്ഞ്യയെ ഉദ്ധരിച്ചുതുടങ്ങുന്നു. അതുവഴി മർസേലിന്റെ മമ്മ തന്റെ മമ്മയെ പുനരുജ്ജീവിപ്പിക്കുകയായിരുന്നുവെന്ന് പ്രൂസ്ത്. മൂന്നു തലമുറകളെ സ്വാധീനിച്ച കത്തെഴുത്തുകാരി.

നിഷ്പക്ഷതയില്ലായ്മയാണ് ഞാൻ മദാമിൽ ഏറ്റവുമധികം കാണുന്ന സൗന്ദര്യം. പക്ഷംപിടിക്കുക എന്നത് നമ്മുടെ രക്തത്തിലുള്ളതല്ലേ. നാമെടുക്കുന്ന ഓരോ ശ്വാസത്തിലും നാം ചെയ്യുന്നതും അതുതന്നെ. താൻ കാണുന്നതെല്ലാം തന്റെ കണ്ണിലൂടെ മകളും കാണണമെന്ന ആഗ്രഹിച്ച മദാം ദിവസം മുപ്പതു പെയ്ജുവരെ മകൾക്ക് എഴുതി. ഇന്ന് ആ കത്തുകൾ ലൂയി പതിനാലാമന്റെ ഭരണകാലത്തെക്കുറിച്ചും കൊട്ടാരജീവിതത്തെക്കുറിച്ചും പറഞ്ഞു തരുന്ന ഏറ്റവും സജീവമായ രേഖകളാണ്. വിശദാംശങ്ങൾക്കുള്ള സൂക്ഷ്മമായ കണ്ണായിരുന്നു അവരുടേത്. സ്വന്തമായ ശൈലിയും ശബ്ദവും, ഇതോടൊപ്പം സ്ത്രീസഹജമായ നൈസ്സർഗികതയുംകൂടി ചേരുമ്പോൾ ആ കാലഘട്ടം മദാമിന്റെ കത്തുകളിൽ തെളിച്ചമാർന്ന് നിൽക്കുന്നു. ഇന്നത്തെ പ്രമാദമായ ചില വാർത്തകൾ വായിക്കുമ്പോൾ മദാമിന്റെ ഇടങ്കൺ നോട്ടത്തിലൂടെ അവയെ വ്യാഖ്യാനിക്കാൻ ഞാൻ ശ്രമിച്ചുനോക്കാറുണ്ട്. ചെറിയൊരു ഉദാഹരണം.

കുടുംബസ്വത്ത് കൈക്കലാക്കാനായി തന്റെ പിതാവിനെയും രണ്ടു സഹോദരന്മാരെയും വർഷങ്ങളുടെ ഇടവേളകളിൽ വിഷം കൊടുത്ത് കൊന്ന ഒരു പ്രഭ്വിയായിരുന്നു മദാം ദു ബ്രാൻവില്യേ. തന്റെ വേണ്ടപ്പെട്ടവരെ കൊല്ലുന്നതിനു മുൻപ് വിഷത്തിന്റെ അളവുകൾ പഠിക്കാനായി ഒരാശുപത്രിയിലെ ഇരുപതിലധികം രോഗികളിൽ ബ്രാൻവില്യേ വിഷം പരീക്ഷിച്ചിട്ടുണ്ടെന്നാണ് ചരിത്രം പറയുന്നത്. താൻ കൊടുക്കുന്ന വിഷത്തിന്റെ അളവുകൾ രോഗികളിലുണ്ടാക്കുന്ന ഫലം പ്രഭ്വിയെ രസിപ്പിച്ചിരുന്നുവെന്ന് ഒരു പൊലീസുദ്യോഗസ്ഥൻ അക്കാലത്ത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അവർക്ക് വിഷം എത്തിച്ചുകൊടുത്ത കാമുകന്റെ മരണശേഷം പലതരം വിഷങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്ന അവരുടെ കത്തുകൾ അയാളുടെ പെട്ടിയിൽനിന്ന് കണ്ടെത്തിയപ്പോൾ മാത്രമാണ് ഗൂഢാലോചന പുറത്തുവരുന്നത്; അപ്പോഴേക്കും വർഷങ്ങൾ കടന്നുപോയിരുന്നു. ഒടുവിൽ, 1676 ജൂലൈ പതിനാറിന്, ജനമദ്ധ്യത്തിൽ വെച്ച്, ബ്രാൻവില്യേയെ ശിരഛേദം ചെയ്തു. അതിന് മുൻപ്, ശരീരത്തിന് താങ്ങാവുന്നതിലുമധികം വെള്ളം കുറഞ്ഞ സമയംകൊണ്ട് കുടിപ്പിച്ചുള്ള പീഡനമുണ്ടായിരുന്നു. വധശിക്ഷ നടപ്പാക്കിയതിനു ശേഷം അവരുടെ ശരീരം ദഹിപ്പിച്ചു. കണ്ടുനിന്നവരുടെ കൂട്ടത്തിൽ നമ്മുടെ മദാമുമുണ്ടായിരുന്നു. പിറ്റേന്ന് മകൾക്ക് എഴുതിയ കത്ത്, പരിഭാഷയുടെ അവശതകൾ താണ്ടിയാൽ, അവർ സ്വതസിദ്ധമായ മട്ടിൽ തുടങ്ങുന്നതിങ്ങനെ: ‘അങ്ങനെ എല്ലാം കഴിഞ്ഞു. ബ്രാൻവില്യേ കാറ്റിനോട് ചേർന്നു. ശിക്ഷ നടപ്പാക്കിയതിനു ശേഷം അവളുടെ പാവം ശരീരം വളരെ വലിയൊരു തീയിലേക്ക് എറിയപ്പെട്ടു, ചാരം കാറ്റിലേക്കും, അങ്ങനെ നാം ശ്വസിക്കുമ്പോൾ അവൾ നമ്മുടെയുള്ളിലേക്ക് കയറും; നമ്മളെയെല്ലാം അത്ഭുതപ്പെടുത്തിക്കൊണ്ട് അവളുടെ പ്രാണന്റെ അല്പാംശങ്ങൾ നമ്മുടെയുള്ളിലും വിഷം കൊടുക്കാനുള്ള പ്രേരണകളുണ്ടാക്കും.'

സീലിയ പോൾ, ബ്രിട്ടീഷ് മ്യൂസിയം, 2020

ഏപ്രിൽ 2020

തിരുവനന്തപുരത്ത് ജനിച്ചുവളർന്ന ഇംഗ്ലീഷ് ചിത്രകാരി സീലിയ പോൾ ഈ വർഷം വരച്ചൊരു ചിത്രമുണ്ട്. പോൾ താമസിക്കുന്ന ഫ്‌ളാറ്റിന് നേരെ എതിർവശത്താണ് ലോകത്തിലെ ഏറ്റവും വലിയ പ്രദർശനശാലകളിലൊന്നായ ബ്രിട്ടീഷ് മ്യൂസിയം നിൽക്കുന്നത്. എൺപതു ലക്ഷത്തിലധികം കലാവസ്തുക്കൾ സ്വന്തമായുള്ള ആ കൂറ്റൻ കെട്ടിടസമുച്ചയത്തിലേക്ക് ഒരു മനുഷ്യരൂപം നടന്നടുക്കുകയാണ്. അയാൾക്ക് ഒരുറുമ്പിന്റെ വലിപ്പമേയുള്ളൂ. ഈ ചിത്രം കണ്ടയുടനെ ഞാൻ തിരിച്ചറിഞ്ഞിരുന്നു: അത് എന്റെ കഥയാണെന്ന്. കലയുടെ കൂറ്റൻ ശേഖരത്തിനുമുന്നിലുള്ള ആ ചെറിയ കറുത്ത പൊട്ടിൽ ഞാനെന്നെ കണ്ടു. അതെന്നും അങ്ങനെതന്നെയായിരുന്നു. കലയാണോ മനുഷ്യനാണോ വലുത് എന്ന പഴയ ചോദ്യത്തിലേക്ക് കടക്കുന്നില്ല. ‘വയറു നിറച്ചും ക്ളാസ്സിക്കുകളുള്ള ഏതൊരുത്തനും മനുഷ്യവർഗ്ഗത്തിന്റെ ശത്രുവാണെ’ന്ന് എഴുതിയ ഹെന്റി മില്ലർ എന്നാൽ ജീവിതകാലം മുഴുവനും മുഴുകിയ രണ്ടു പ്രവൃത്തികൾ സെക്സും പുസ്തകവായനയുമായിരുന്നു! ഗുസ്താവ്ഫ്‌ലൊബേർ 1872-ൽ ഇവാൻതുർഗ്യേനെവിന് എഴുതിയ കത്തിലുള്ള ഈ വരിയോട് എനിക്കൊരു പ്രതിപത്തിയുമുണ്ട്: ‘എന്നും ഒരുദന്തഗോപുരത്തിൽ ജീവിക്കാനാണ് ഞാൻ ശ്രമിച്ചിട്ടുള്ളത്, എന്നാൽ തീട്ടത്തിന്റെ തിരമാലകൾവന്ന് അതിന്റെ ചുമരുകളിൽ ആഞ്ഞടിച്ചുകൊണ്ടിരിക്കുകയാണ്.' ഫ്രാൻസിന്റെ അന്നത്തെ മാനസികാവസ്ഥയെക്കുറിച്ചായിരുന്നു മഹാഗുരു വിലപിക്കുന്നുണ്ടായിരുന്നത്. അതിനിഗൂഢമെങ്കിലും കഠിനാധ്വാനിയായൊരു സൂക്ഷ്മാണു വന്ന് നമ്മുടെയെല്ലാം ജീവിതം താറുമാറാക്കാൻ തീരുമാനിച്ചയുടനെ ഞാനും തീരുമാനിച്ചു എന്നത്തേക്കാളും തീവ്രമായി കലയിൽ അഭയം തേടാൻ. കൂടുതൽ കൃത്യമായി പറഞ്ഞാൽ, പരിഭാഷയിൽ മുഴുകാൻ. സമകാലിക സാഹിത്യത്തെ തൽക്കാലത്തേക്ക് ഞാൻ ദൂരേക്ക് മാറ്റിവെച്ചു. പഴയ ഗ്രീക്ക്, ലത്തീൻ, സംസ്‌കൃതം, പ്രാകൃതം, തമിഴ്, ജാപ്പനീസ്, ചൈനീസ് സാഹിത്യത്തിൽ തുടങ്ങി ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങൾ വരെയുള്ള എഴുത്തുകളിൽനിന്ന് (ഇംഗ്ലീഷ് വഴി) രതിക്കും ഭക്തിക്കും പ്രാധാന്യമുള്ള, കുസൃതി നിറഞ്ഞതുണ്ടുകൾ ഒരു നോട്ടുപുസ്തകത്തിൽ മലയാളത്തിലേക്ക് മാറ്റിയെഴുതി സമാഹരിക്കാൻ തുടങ്ങി. ‘എന്റെ തുണ്ടുപുസ്തകം’ എന്ന പേരിൽ.

തുണ്ട് എന്ന് വിളിക്കാൻ രണ്ടു കാരണങ്ങളുണ്ട്. ഒന്ന്, സ്വാഭാവികമായും അക്ഷരാർത്ഥത്തിലുള്ളത്: പ്രാചീന സാഹിത്യം പലതും തുണ്ടുരൂപത്തിലാണ്​ നമ്മളിലേക്ക് എത്തിയിട്ടുള്ളത്. രണ്ടാമത്തെ കാരണം ഇന്ന് തീർത്തും ഇല്ലാതായ ഒരു കാലത്തെ ഓർക്കാൻകൂടി വേണ്ടിയാണ്. എന്റെ പഠനകാലത്ത് നഗരത്തിൽനിന്ന് അല്പം മാറിയുള്ള സിനിമാകൊട്ടകകളിൽ ‘ജംഗിൾ', ‘രതി', ‘കാനനം', ‘ആലസ്യം' തുടങ്ങിയ പൂർവപ്രത്യയങ്ങളോടെ എത്തുന്ന ഉച്ചപ്പടങ്ങൾക്കിടയിൽ വിദേശ നീലച്ചിത്രങ്ങളിൽനിന്നുള്ള ചുരുളുകൾ തിരുകിക്കയറ്റുന്ന പതിവുണ്ടായിരുന്നു. ഈ പ്രസ്ഥാനം ‘തുണ്ട്’ എന്ന ഓമനപ്പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ‘കമ്പിപ്പടം' എന്ന് പ്രതീകാത്മകമായി വിളിച്ചവരുമുണ്ട്. എന്നാൽ ആഴവും മിഴിവും ഉള്ളത് സതുണ്ടി'നായിരുന്നു. സിനിമയ്ക്കിടയിൽ തുണ്ട് എപ്പോഴാണ് പ്രത്യക്ഷപ്പെടുകയെന്ന് അറിയാൻ കഴിയില്ല. ഏതുനിമിഷവും അത് സംഭവിക്കാം. ചിലപ്പോൾ ഒന്നും സംഭവിക്കുകയുമില്ല. ആ കാത്തിരിപ്പിൽ തന്നെ ആകസ്മികതയുണ്ട്, നൈമിഷികതയുണ്ട്, അവയുടെ സൗന്ദര്യമുണ്ട്. അപഥസഞ്ചാരങ്ങൾ തരുന്ന കമ്പനങ്ങളുണ്ട്. ഇന്ന് തുണ്ട് ഇട്ടിട്ടില്ലെങ്കിൽ നാളെയുണ്ടായേക്കാം എന്ന പ്രതീക്ഷയുണ്ട്. സാഹിത്യത്തിൽനിന്ന് എനിക്ക് പ്രിയപ്പെട്ട രതിപ്രധാനമായ, കുറുമ്പ് നിറഞ്ഞ ഇത്തരം രംഗങ്ങൾ പരിഭാഷപ്പെടുത്തി ഒരു സമാഹാരമാക്കുമ്പോൾ അതിന് ഇതിലും നല്ലൊരു പേരില്ലെന്ന് തോന്നുന്നു. അതിജീവനത്തിന്റെ ഈ കാലത്ത് എന്റെ ബൈബിൾ എന്റെ തുണ്ടുപുസ്തകമായി.

ഇവാൻ കാരമസോവിനെപ്പോലെ അമൂർത്തമായോ നിയോറിയലിസ്റ്റുകളെപ്പോലെ മൂർത്തമായോ അല്ല, ജീവിതത്തെ ശകലിതമായി കാണാനാണ് ഞാനിഷ്ടപ്പെടുന്നത്. വഴിയിലൂടെ നടക്കുമ്പോൾ മറ്റുള്ളവരുടെ സംസാരത്തിൽനിന്ന് വീണുകിട്ടുന്ന തുണ്ടുകൾ എഴുതിവെക്കുക; ടെലിവിഷനിൽ ഓടിക്കൊണ്ടിരിക്കുന്നൊരു സിനിമ പാതിക്കുവെച്ച്​ കാണുക; ഒരു തീൻശാലയിൽ ഇരുപത്തിയേഴാം പെയ്ജിൽ തുറന്നുകിടക്കുന്നുണ്ടായിരുന്ന ബൽസാക്കിന്റെ നോവൽ ഇരുപത്തിയേഴാം പെയ്ജിൽനിന്ന് വായിച്ചുതുടങ്ങുന്ന സാർത്രിന്റെ നായകനെ അനുകരിക്കുക...എത്രയെത്ര തുണ്ടുകൾ! തുണ്ടുകൾ! തുണ്ടുകൾ! തുണ്ടുകൾ! ആൽഫ്രഡ് ഹിച്ച്‌കോക്കിന്റെ നൊട്ടോറിയസിലെ ആ ചുംബനം ഓർക്കട്ടെ. 1946-നു ശേഷം സിനിമയിൽ നിമിഷങ്ങൾ നീണ്ടുനിൽക്കുന്ന ധാരാളം ചുംബനരംഗങ്ങൾ വന്നെങ്കിലും ഹിച്ച്‌കോക്കിന്റെ ചുംബനം നമ്മളിന്നും ഓർക്കാൻ കാരണം അത് നിറുത്തിനിറുത്തിയുള്ള ചുംബനമായതുകൊണ്ടാണ്. തുണ്ടുതുണ്ടായുള്ള ചുംബനം! അറിയാത്തവർ ഇവിടെ കാണുക: https://www.youtube.com/watch?v=B8xRZeIZAx8&ab_channel=AntonisTheodoridis. ഇൻഗ്രിഡ് ബെർഗ്മാനും കാരി ഗ്രാന്റും അഭിനയിച്ച ആ രംഗം ചിത്രീകരിച്ചതിനെക്കുറിച്ച് പിന്നീട് ബെർഗ്മാൻ ഓർക്കുന്നതിങ്ങനെ: ‘കാരിയും ഞാനും ഉമ്മവെക്കുകയും സംസാരിക്കുകയും ചെയ്തുകൊണ്ടിരുന്നു, പരസ്പരം മുന്നോട്ടാഞ്ഞുകൊണ്ട് ഞങ്ങൾ വീണ്ടും വീണ്ടും ചുംബിച്ചു. പിന്നെ, ഞങ്ങൾക്കിടയിൽ ആ ഫോൺ വന്നു, ഞങ്ങൾ ഫോണിനടുത്തേക്ക് നീങ്ങി. അതുകൊണ്ടത് തുറന്നും അടഞ്ഞും ഉള്ള ചുംബനമായിരുന്നു; എന്നാൽ സെൻസർമാർക്ക് അത് നീക്കം ചെയ്യാൻ കഴിഞ്ഞില്ല, കാരണം ഒരു ഘട്ടത്തിലും മൂന്ന് നിമിഷങ്ങൾ കൂടുതൽ ഞങ്ങൾ ചുംബിച്ചിട്ടില്ല. ഇടയിൽ മറ്റു പലതും ചെയ്തു; പരസ്പരം ചെവിയിൽ കൊറിച്ചും കവിളിൽ മൊത്തിയും ഞങ്ങൾ നിന്നു...' ഇങ്ങനെ തുണ്ടുതുണ്ടായി ഉമ്മവെച്ചതുകൊണ്ടാണ് ഒരിക്കലും അവസാനിക്കാത്ത ഒരു ‘നോട്ടോറിയസ്' ചുംബനമായി അത് നമ്മുടെയുള്ളിൽ മുറ്റിനില്ക്കുന്നത്.

തുണ്ടുപുസ്തകത്തിൽ നിന്ന് ഏതാനും തുണ്ടുകൾ

കോനോന് മൂന്നടിയാണ് ഉയരം, ഭാര്യയ്ക്ക് ആറും.
കാലുകൾ ഒരേ അളവിൽവെച്ചാണ് അവർ കിടക്കുക;
ഒന്നാലോചിച്ചുനോക്കൂ കോനോന്റെ മുഖം അപ്പോൾ എവിടെയായിരിക്കുമെന്ന്.-പലാത്തീനെ ആന്തോളജി, പുസ്തകം XI

*

നല്ല ചീത്തപ്പേരുള്ളൊരു സ്ഥാപനത്തിൽ, ഒരു മുറിയിൽ ഒരാൾ ഒരുവളുമായി കിടക്ക പങ്കിടുകയായിരുന്നു. ജോലിയിൽ മുഴുകിയ അവർ ഇഞ്ചിഞ്ചായി ജനലിനടുത്തേക്കു നീങ്ങി ഒടുവിൽ പുറത്തേക്കു വീണു. തറയിൽ പതിച്ച അവർ എന്നാൽ മനഃസാന്നിധ്യം കൈവിട്ടില്ല. ജോലി തുടർന്നു. വേശ്യാലയത്തിന്റെ മുന്നിലെ തെരുവിൽ കിടന്നുള്ള അവരുടെ കളി ആ വഴി വന്ന ഒരു കള്ളുകുടിയൻ കണ്ടു. അയാൾ മുൻവശത്തെ വാതില്ക്കൽ ചെന്ന് മുട്ടി. ഒരു സ്ത്രീ വാതിൽ തുറന്നപ്പോൾ കുടിയൻ പറഞ്ഞു, ‘മദാം, നിങ്ങളുടെ പരസ്യപ്പലക താഴെപ്പോയിരിക്കുന്നു!'-വില്ലി നെൽസന്റെ ജീവിതയാഥാർഥ്യങ്ങളും മറ്റ് അശ്ലീല തമാശകളും എന്ന ആത്മകഥയിൽ നിന്ന്

*

ഞാൻ പോവുകയാണ് -
ഇനി നിങ്ങൾക്ക് സെക്‌സ് ചെയ്യാം,
എന്റെ പൊന്നീച്ചകളേ.-കൊബയാഷി ഇസ്സ

*

‘ഇന്ന് തുർഗ്യേനെവുമായി വഴക്കിട്ടു, വീട്ടിലേക്ക് ഒരു ചിക്കിനെ കൊണ്ടുവന്നു.'-ടോൾസ്റ്റോയി ഇരുപത്തിയെട്ടാം വയസ്സിൽ ഡയറിയിൽ കുറിച്ചത്.

1856 ഫെബ്രുവരി ഏഴിനുള്ള കുറിപ്പ് ഇത്രമാത്രം. Wench എന്നാണ് ഇംഗ്ലീഷ് പരിഭാഷയിൽ, ഞാനത് Chick ആക്കുന്നു. ‘യുദ്ധവും യുദ്ധവും' എന്നും ഈ വരിയെ പരിഭാഷപ്പെടുത്താം.

*

മുന്തിരീ, പച്ചയായിരുന്നപ്പോൾ നീയെന്നെ നിരസിച്ചു.
പഴുത്തപ്പോൾ നീയെന്നെ ആട്ടിയോടിച്ചു.
നീ ഉണങ്ങിയതിന്റെ ഒരു ചെറിയ കടിയെങ്കിലും?-പലാത്തീനെ ആന്തോളജി

*

‘വിവാഹജീവിതത്തിന്റെ ചങ്ങലയ്ക്ക് അത്രയും ഭാരമായതിനാൽ രണ്ടുപേർ ചേർന്നുവേണം അതു ചുമക്കാൻ - ചിലപ്പോൾ മൂന്ന്.'-അലെക്സൊൻദ്ര് ദ്യൂമാ

*

ഇന്ന് വൃഷണങ്ങൾ തേച്ചുരച്ച് കഴുകാമെന്ന് തോന്നുന്നു:
‘മണികൾ ഇടയ്ക്ക് മിനുക്കിയില്ലെങ്കിൽ തിളങ്ങില്ല''
എന്നല്ലേ പഴയ ചൊല്ല്.-ഒൻപതാം നൂറ്റാണ്ടിലെ പേരറിയാത്തൊരു ജാപ്പനീസ് സന്യാസിയിൽനിന്ന്

*

1.
ലൂയി പതിനഞ്ചാമൻ തന്റെ കാമുകിമാരിലൊരാളായ മദാം ദിപാർബെയോട് പറഞ്ഞു: ‘നീ എന്റെ എല്ലാ പ്രജകളോടൊപ്പവും കിടന്നിട്ടുണ്ടല്ലോ.'

‘ഓഹ്, എന്റെ അങ്ങുന്നേ!'

‘ദ് ഷ്വസേൽ പ്രഭുവിനെ നീ എടുത്തു.'

‘എന്തൊരു കരുത്തനാണ് അയാൾ...'

‘എന്റെ സൈനിക മേധാവി റിഷെല്യയു.'

‘നല്ല രസികൻ...'

‘മാൻവിൽ.'

‘ഒന്നാന്തരം കാലുകൾ...'

‘അപ്പോൾ ദ് ഒമോ പ്രഭുവോ? ഈ ഗുണങ്ങളൊന്നും അയാൾക്കില്ലല്ലോ.'

‘ആഹ്, അങ്ങുന്നേ, അയാൾക്കാണ് അങ്ങയോട് ഏറ്റവും കൂറുള്ളത്!'

2.

മുപ്പതു വർഷങ്ങൾ ഒരാൾ എന്നും വൈകുന്നേരം മിസ്സ് __ടൊപ്പം ചെലവിട്ടു. ഒടുവിൽ അയാളുടെ ഭാര്യ മരിച്ചപ്പോൾ ചങ്ങാതിമാരെല്ലാം കരുതി അയാൾ മറ്റവളെ വിവാഹം ചെയ്യുമെന്ന്, അവർ നിർബന്ധിക്കുകയും ചെയ്തു. ‘അയ്യോ, ഇല്ല,' അയാൾ അവരോടു പറഞ്ഞു, ‘അങ്ങനെ ചെയ്താൽ, വൈകുന്നേരങ്ങൾ ഞാൻ പിന്നെ എവിടെപ്പോയി ചെലവിടും?'-നിക്കൊളാ ഷാംഫറിന്റെ ഗോസ്സിപ് കഥകളിൽനിന്ന് (പതിനെട്ടാം നൂറ്റാണ്ട്)

*

തുച്ഛമായ വരുമാനം മാത്രം കൊണ്ടുതരുന്ന സ്വരമാധുര്യമുള്ള തന്റെ നെയ്ത്തുകോൽ അഥീനാ ദേവതയ്ക്ക് തിരികെ കൊടുത്തുകൊണ്ട് ബീറ്റോ പറഞ്ഞു:

ദേവതേ, വിട, ഇത് തിരിച്ചെടുത്താലും.
നാല്പതിലെത്തിയ വിധവയായ ഞാൻ
നീ തന്ന വരങ്ങൾ ഉപേക്ഷിക്കുകയാണ്.
പകരം ഞാൻ കാമത്തിന്റെ വ്യവഹാരങ്ങളിൽ
ഏർപ്പെടുകയാണ്; കാരണം,
പ്രായത്തേക്കാൾ ശക്തമാണ് മോഹം.

-സീഡോണിലെ ആന്റിപത്തേർ, ബി. സി. രണ്ടാം നൂറ്റാണ്ട്, ഗ്രീക്ക് ആന്തോളജി, VI, 47

*

1.
നിന്റെ ഭർത്താവ്
മുലകളിലൊരു ചിത്രം വരച്ചതിന്
എന്തിനിത്ര അഹങ്കാരം?
എന്റെയാൾക്കും കഴിയുമായിരുന്നു,
കൈ വിറച്ചില്ലായിരുന്നുവെങ്കിൽ.
2.
വീട്ടുടമ പ്രവേശനം നിഷേധിച്ചെങ്കിലും
മരുമകളുടെ കണ്ണിലെ തിളക്കം കണ്ട സഞ്ചാരി
രാത്രി മുഴുവൻ വരാന്തയിൽ തങ്ങി.-ഗാഥസപ്തശതിയിൽ നിന്ന്

*

അവൾ വിരൂപയാണെന്ന് പെണ്ണുങ്ങൾ പറയും,
എന്നാൽ ആണുങ്ങളെല്ലാം അവൾക്കുവേണ്ടി മരിക്കും;
തൊലേദോയിലെ മെത്രാപ്പൊലീത്ത, അവളുടെയാ
കാൽമുട്ടുകൾക്കുവേണ്ടി കുർബാന ചൊല്ലും.-തിയൊഫിൽ ഗോതിയെയുടെ ‘കാർമെനി'ൽ നിന്ന്

*

എനിക്കറിയാവുന്ന മറ്റൊരു പ്രഭ്വി, വിരൂപനും ദുഷ്ടനുമായ തന്റെ ഭർത്താവിനെപ്പോലെ മറ്റൊരു ഊളയെ കാമുകനായി സ്വീകരിച്ചു. എന്തിനാണിങ്ങനെയെന്ന് കൂട്ടുകാരി അവളോട് ചോദിച്ചപ്പോൾ, അവളുടെ മറുപടി: ‘എന്റെ ഭർത്താവിന്റെ വൈരൂപ്യങ്ങളുമായി പൊരുത്തപ്പെടാൻ.'-അബെ ദ് ബ്രോൻതോമിന്റെ സുന്ദരികളും ധീരകളുമായ സ്ത്രീകളുടെ ജീവിതങ്ങളിൽ നിന്ന് (പതിനാറാം നൂറ്റാണ്ട്)

*

കഫെയിലിരുന്ന്
കോള കുടിക്കുകയാണ് ഞാൻ.

കടലാസുതൂവാലയിലിരുന്ന്
ഒരീച്ച ഉറങ്ങുന്നു.

അവനെ ഉണർത്തണം,
എന്നാലേ എന്റെ കണ്ണട തുടയ്ക്കാൻ കഴിയൂ.

എനിക്ക് നോക്കേണ്ട
സുന്ദരിയായൊരു പെൺകുട്ടിയുണ്ട്.-റിച്ചഡ് ബ്രാറ്റിഗൻ, ‘നവംബർ 3'

*

അപരിചിതനേ, നിങ്ങളെന്നെ കടന്നുപോകുമ്പോൾ
എന്നോട് സംസാരിക്കണമെന്ന് തോന്നിയാൽ,
എന്തുകൊണ്ട് നിങ്ങൾക്കെന്നോട് സംസാരിച്ചുകൂടാ?
എനിക്കെന്തുകൊണ്ട് നിങ്ങളോട് സംസാരിച്ചുകൂടാ?-വോൾട്ട് വിറ്റ്മാൻ (1860)

*

അറിവുള്ള തത്വചിന്തകർ പറഞ്ഞത് ഓർക്കുക:
ജീവിതം ഒരു നിമിഷം മാത്രം.
എന്നിട്ടും നമ്മുടെ പെണ്ണുങ്ങൾക്കായി നാം കാത്തുനിന്നപ്പോഴെല്ലാം
അനന്തത മാത്രമായിരുന്നു.-യറോസ്ലാവ് സൈഫെർത്ത് (‘തത്വചിന്ത')

*

അവൾ കള്ളിയായിരുന്നു -
ഒരു കൈയിൽ വെള്ളവും
മറ്റേക്കൈയിൽ തീയുമായി
അവൾ നടന്നു.-ആർക്കിലോക്കസ് 184 (ബി. സി ആറാം നൂറ്റാണ്ട്)

*

എന്നെ കാണണമെന്നുണ്ടെങ്കിൽ
ഉടുപ്പൂരിയെറിഞ്ഞ്, ഷെൻ നദി നീന്തിക്കടന്ന്,
എന്നിലേക്ക് വരൂ.
എന്നെ കാണണമെന്നില്ലെങ്കിൽ
ഇവിടെ വേറെ ആണുങ്ങളുണ്ട്.
എടാ ചെറുക്കാ, അത്രയ്ക്കങ്ങോട്ട് മദംപൊട്ടാതേ!
എന്നെ കാണണമെന്നുണ്ടെങ്കിൽ
ഉടുപ്പൂരിയെറിഞ്ഞ്, വെയ് നദി നീന്തിക്കടന്ന്,
എന്നിലേക്ക് വരൂ.
എന്നെ കാണണമെന്നില്ലെങ്കിൽ
ഇവിടെ വേറെ ആണുങ്ങളുണ്ട്.
എടാ ചെറുക്കാ, അത്രയ്ക്കങ്ങോട്ട് മദംപൊട്ടാതേ!-600 ബി. സിയിലെ പേരറിയാത്തൊരു ചൈനക്കവി

*

അഴിഞ്ഞുലഞ്ഞ മുടി,
വന്യമായി ആടുന്ന കാതിലകൾ,
നെറ്റിയിലെ സിന്ദൂരത്തെ ഒപ്പിയെടുക്കുന്ന വിയർപ്പുമണികൾ,
കാമുകന്റെ മേലെയിരുന്ന്
അവനെ വഹിച്ചുകൊണ്ടുപോകുന്ന സുന്ദരിയുടെ കണ്ണുകൾ
കളിയന്ത്യത്തിൽ ആലസ്യത്താൽ അടഞ്ഞുപോകുന്നു -
ആ മുഖഭാവം നിന്നെ നീണാൾ സംരക്ഷിക്കട്ടെ.
ബ്രഹ്മാവ്, വിഷ്ണു, ശിവൻ...
ഈ നേരത്ത് ദൈവങ്ങളെ ആർക്കു വേണം?-അമരുശതകത്തിൽ നിന്ന്

*

ഒരു കവിതയുടെ വശ്യത
ഏറ്റവും നന്നായി അറിയുക
നിരൂപകനാണ്.
എഴുതിയയാൾക്ക് എന്തറിയാം?
ഒരു പെണ്ണിന്റെ വശ്യത
ഏറ്റവും നന്നായി അറിയുക
ഭർത്താവിനാണ്.
പിതാവിന് എന്തറിയാം?-ഭോജ-പ്രബന്ധത്തിൽ നിന്ന് (പതിനൊന്നാം നൂറ്റാണ്ട്)

*

അവനും അവളും ഒരു ബെഞ്ചിൽ അടുത്തടുത്തിരിക്കുകയാണ്, രാത്രി, അരമനയുടെ തോട്ടത്തിൽ. നിശബ്ദതയിൽ അവൾ ചോദിച്ചു: ‘എന്നെ ഉമ്മവെക്കണോ?'
അവൻ: ‘വേണം.'
അവൾ: ‘കൈയിലാണോ?'
അവൻ: ‘അല്ല.'
അവൾ: ‘ചുണ്ടിൽ?'
അവൻ: ‘'അല്ല.'
അവൾ: ‘വഷളൻ!'
അവൻ: ‘നിന്റെ ഉടുപ്പിന്റെ വിളുമ്പിലായിരുന്നു എനിക്ക് ഉമ്മവെക്കേണ്ടത്.'-പീറ്റർ ഓൾട്ടെൻബെർഗ്

*

‘അപ്പോൾ ഇതാണ് അമേരിക്ക.'-ആദ്യമായി സിൽവിയ പ്ലാത്തിന്റെ കൂടെ കിടന്നശേഷം റ്റെഡ് ഹ്യൂസ്, പിറന്നാൾ കത്തുകളിൽ നിന്ന്

ഓഗസ്റ്റ് 2020

എന്റെ നിഴലുമായി എനിക്കേറ്റവും സമ്പർക്കം കുറഞ്ഞ ദിവസങ്ങളാണ് കടന്നുപോകുന്നത്. മറ്റു വാക്കുകളിൽ പറഞ്ഞാൽ, സൂര്യനെ കൂടുതലും മദ്ധ്യവർത്തികൾ വഴി മാത്രം അറിയുന്ന ദിവസങ്ങൾ. മഴ ദിവസങ്ങൾ. ഞാൻ ദാന്തെയെ ഓർത്തു. ഡിവൈൻ കോമഡിയുടെ രണ്ടാം ഭാഗത്തിന്റെ മൂന്നാം സർഗ്ഗത്തിന്റെ തുടക്കത്തിൽ വഴികാട്ടിയായ വെർജിലിന്റെ നിഴൽ കാണാത്തപ്പോൾ ദാന്തെ ഭയന്നുവിറച്ചു. വെർജിലിന്റെ ശബ്ദം അദ്ദേഹത്തെ ആശ്വസിപ്പിച്ചു, താൻ എവിടെയും പോയിട്ടില്ല. എന്നാൽ ദാന്തെ വഴിയിൽവെച്ചു കാണുന്ന ആത്മാക്കളെല്ലാം അസ്വസ്ഥരാകുന്നു. വെർജിലിനെ കാണാഞ്ഞിട്ടല്ല. ദാന്തെയുടെ നിഴൽ കാണുന്നതിനാൽ! കാരണം ഒരു മർത്യശരീരം എങ്ങനെ ശുദ്ധീകരണസ്ഥലത്തേക്ക് എത്തിപ്പെട്ടു എന്നതായിരുന്നു അവരുടെ അന്ധാളിപ്പിനു കാരണം.അതെ, നിഴൽ വെറും നിഴലല്ല, അതൊരു അസ്തിത്വപ്രശ്‌നമാണ്. നിഴൽ വീഴ്​ത്തുകയെന്നാൽ ജീവിച്ചിരിക്കുക എന്നാണ്. സൂര്യനോടൊപ്പം എത്താൻ ഓടുകതന്നെ വേണം, പിങ്ക് ഫ്‌ലോയ്ഡ് പണ്ട് പാടിയിട്ടുണ്ട്. അതിനായി ഡി. എച്ച്. ലോറൻസിന്റെ സമാഹാരം ഞാൻ പുസ്തകങ്ങൾക്കിടയിൽനിന്ന് അന്വേഷിച്ച് കണ്ടെത്തി. തിരഞ്ഞെടുത്ത കഥകളിലുള്ള ‘സൂര്യൻ'. സൂര്യനെ ലൈംഗികപങ്കാളിയാക്കുന്നചെറുകഥ. ‘അനാദികാലം തൊട്ടേ അവ്യവസ്ഥയുടെ സർപ്പംപോലെ കിതയ്ക്കുന്ന കടലി'നു മുകളിലൂടെ സൂര്യനെ സ്വീകരിക്കാൻ ഇറ്റലിയിലേക്ക് പോകുന്ന ജൂലിയറ്റ് എന്ന യുവതി. സൂര്യൻ കത്തിനിൽക്കുന്ന സിസിലിയൻ തീരത്തെത്തിയ അവൾ വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റിവെയിലിൽ കണ്ണുകളടച്ച് നഗ്‌നയായി കിടന്നു. കൺപോളകൾ അരുണാഭമായി. സൂര്യൻ അവളുടെ എല്ലുകളിലേക്ക് മാത്രമല്ല, ചിന്തകളിലേക്കും വികാരങ്ങളിലേക്കും തുളഞ്ഞുകയറി. അവളുടെ ഗർഭപാത്രം മാത്രമാണ് സൂര്യനെ പ്രതിരോധിച്ചതെന്ന് ജീവിതകാലം മുഴുവൻ സൂര്യനെയും സ്ത്രീയെയും ആരാധിച്ച ലോറൻസ് എഴുതുന്നു. പുനരുജ്ജീവനത്തിന്റെ സൂര്യനെ എന്റെയുള്ളിൽ കത്തിക്കാൻ ഞാൻ ഈ കഥയുടെ പരിഭാഷ തുടങ്ങിവെക്കുന്നു.

ഡിസംബർ 2020

അതിനിടയിൽ ഫാൻ ശരിയായി. അകത്ത്, കാറ്റ് ശാന്തമായി ഒഴുകുന്നു. ഫോൺ തുറന്നപ്പോൾ ജോൺ ലെ കാരെ മരിച്ച വാർത്ത ഒരു സുഹൃത്ത് അറിയിച്ചിരിക്കുന്നു. ഒറ്റിപ്പായിരുന്നു ലെ കാരെയുടെ പ്രിയപ്പെട്ട വിഷയം. എന്നാൽ സെക്സില്ലാതെ, വയലൻസില്ലാതെ (ജെയിംസ് ബോണ്ടിനെയും ഒരിക്കൽപ്പോലും തോൽക്കാൻ മനസ്സു കാണിക്കാത്ത ഷെർലക് ഹോംസിനെയും നാണംകെടുത്തിക്കൊണ്ട്) ഒന്നാന്തരം ചാരക്കഥകൾ എഴുതി. ചാരവൃത്തിയുടെ ചേരുവകൾ ജീവിതത്തിൽനിന്ന് ഏറെ അകലെയായിരുന്നില്ല! രാഷ്ട്രങ്ങൾ തമ്മിലുള്ള സ്പർദ്ധകളിലേക്ക് അദ്ദേഹം ജർമൻ റൊമാന്റിസിസം കൂട്ടിക്കലർത്തി. ചാരന്മാരായിരുന്നുലെ കാരെയുടെ നീലപ്പൂവ്. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങൾക്കിടയിലിരുന്ന ജോർജ്ജ് സ്‌മൈലി; മോസ്‌കോയിലും മറ്റു യൂറോപ്യൻ മഹാനഗരങ്ങളിലും നടക്കുന്നതെല്ലാം ഫോണിലൂടെ അയാളുടെ കുടുസ്സുമുറിയിലെത്തി. ചാരവൃത്തി എന്ന പ്രത്യേക പരിസരത്തിൽ നിന്നെഴുതിയതുകൊണ്ടുമാത്രം നൊബേൽ പോലുള്ള വലിയ പുരസ്‌കാരങ്ങൾ കിട്ടിയില്ല. അതുപക്ഷേ എന്നെപ്പോലുള്ള ആരാധകരുടെ മാത്രം പ്രശ്‌നം. ലെ കാരെയുടെ അടുത്താകുമ്പോൾ പ്ലോട്ട് എന്ന പീഡനം പോലും വകവെച്ചുകൊടുക്കാൻ നമുക്ക് മടി തോന്നില്ല. കൂട്ടത്തിൽ അദ്ദേഹം ഉഗ്രൻ സ്ത്രീകളെയും വരച്ചിട്ടു. പൊടിയും പുകയും പിടിച്ച ആ ലോകത്ത് എന്റെ എത്രയെത്ര മണിക്കൂറുകൾ.

പ്രിയപ്പെട്ട എഴുത്തുകാർ മരിക്കുമ്പോൾ ചെയ്യാറുള്ളതുപോലെ, ഞാൻ അദ്ദേഹത്തിന്റെ ആത്മകഥയെടുത്ത് മറിച്ചുനോക്കി. ചെറിയ അധ്യായങ്ങളിൽ ജീവിതത്തിൽനിന്നുള്ള ചിത്രങ്ങൾ, ഒന്നാന്തരം ഗദ്യത്തിൽ. അതിലൊന്നിൽ ഇംഗ്ലീഷുകാരുടെ സ്വതസിദ്ധമായ പിരട്ടുനർമ്മവും ഫ്രഞ്ചുകാരുടെ പരിഹാസവും ഒരുമിച്ചു വരുന്നു. യുവാവും ഫ്രഞ്ചുകാരനുമായ ഒരു ഫോട്ടോഗ്രാഫർ ലെ കാരെയുടെ ഛായാപടമെടുക്കാൻ കോൺവോളിലുള്ള വീട്ടിലെത്തി. എന്നാൽ ചിത്രമെടുക്കുന്നതിനു മുൻപ് താൻ മുൻപ് പകർത്തിയ പ്രസിദ്ധരുടെ ചിത്രങ്ങൾ ലെ കാരെ കാണണമെന്ന് ഫ്രഞ്ചുകാരന് നിർബന്ധം. മുഷിഞ്ഞ ഒരു പോക്കറ്റ് ആൽബം തുറന്ന്, അയാൾ താൻ മുൻപ് പടമാക്കിയ പ്രസിദ്ധ എഴുത്തുകാരെ കാണിക്കാൻ തുടങ്ങി. ആൽബത്തിന്റെ താളുകൾ മറിയവേ,ലെ കാരെ യഥേഷ്ടം അയാളുടെ ചിത്രങ്ങളെ വാഴ്ത്തി. അടുത്ത പടം വാൽ പൊക്കി പൃഷ്ഠഭാഗം കാണിച്ച് ഓടിമാറുന്നഒരു പൂച്ചയുടേതായിരുന്നു.

‘പൂച്ചയുടെ മൂലകുഴി ഇഷ്ടമായോ?' ലെ കാരെയുടെ പ്രതികരണം സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട് ഫ്രഞ്ചുകാരൻ ചോദിച്ചു.

‘നല്ല പടം. നല്ല ലൈറ്റിംഗ്. നന്നായി,' കഴിയുന്നത്ര ശാന്തനായി, സമചിത്തത സംഭരിച്ചുകൊണ്ട് ലെ കാരെ മറുപടി പറഞ്ഞു.

ഫ്രഞ്ചുകാരൻ കണ്ണുകളിറുക്കി. തീരെ പ്രായം തോന്നിക്കാത്ത അയാളുടെ മുഖത്ത് ഒരു കള്ളച്ചിരി പടർന്നു.

‘പൂച്ചയുടെ മൂലകുഴി എന്റെയൊരു പരീക്ഷണമാണ്,' അയാൾ ഗഹനതയോടെ വിശദീകരിച്ചു. ‘ആ ഫോട്ടോ കണ്ട് ഞെട്ടുന്നവർ പ്രബുദ്ധരല്ലെന്ന് ഞാനങ്ങ് തീരുമാനിക്കും.'

ഇത്തരം ഞെട്ടിക്കലുകളെ അസാധുവാക്കി മുന്നേറുകയാണ് പത്തൊൻപതും ഇരുപതും കടന്ന് കോവിഡ് ഇരുപത്തിയൊന്നിലേക്ക്. ആഘാതങ്ങളേറ്റേറ്റ് നമ്മൾ നിസ്സംഗരായി തീർന്നിരിക്കുന്നു. അവസാനിക്കാത്തൊരു കറുത്ത ഞായറാഴ്ചയായ ഈ വർഷം മറ്റു പല ദുരന്തങ്ങളും മുൻകൂട്ടി കണ്ട ഫ്രാൻസ് കാഫ്ക ഡയറിലെവിടെയോ എഴുതിയതുപോലെ: ‘മഹത്തായൊരു തിങ്കളാഴ്ചയ്ക്ക് വിധിക്കപ്പെട്ടവനാണ് നീ! പറയാൻ ഗംഭീരമായി പറഞ്ഞു! എന്നാൽ ഞായറാഴ്ച ഒരിക്കലും അവസാനിക്കുന്നില്ല.'

ഈ കുറിപ്പ് കാഫ്കയിൽ അവസാനിപ്പിച്ചതായിരുന്നു. എന്നാൽ ഇന്നിപ്പോൾ രാവിലെ വായിച്ചമദാം ദു സെവിഞ്ഞ്യയുടെ കത്തുകൾ അശുഭചിന്തയിൽ നിറുത്താൻ എന്നെ അനുവദിക്കുന്നില്ല. എനിക്കേറെ പ്രിയപ്പെട്ട പിയത്രൊ ലോംഗിയുടെ ആ ചിത്രത്തിലെ പ്രഭുവിനെപോലെ ഞാൻ മദാമിന്റെ കൈകളിൽ പിടിക്കുന്നു. മദാമിന് കത്തുകളിലുള്ളതിന് സമാനമായൊരു ഭാവമാണ്. ചിരിക്കുകയാണോ പരിഹസിക്കുകയാണോ എന്നറിയാത്ത ഞാൻ അവരുടെ കൈ തിന്നാലോ എന്ന് കരുതി കൂടുതൽ നമിക്കുന്നു. അപ്പോൾ എന്റെ മുഖത്തിനും മദാമിന്റെ മാറിനും ഒരേ ഇളംചുവപ്പ്!

പിയത്രൊ ലോംഗി, 1746

*

Comments