കഴിഞ്ഞ വർഷം യാദൃച്ഛികമായാണ് ബസേലിൽ വെച്ച് മങ്ങിയ ഇളംമഞ്ഞ നിറത്തിലുള്ള കവറിൽ കറുപ്പിൽ വളരെ സാമ്പ്രദായികമല്ലാത്ത ഇങ്കിൽ തീർത്ത ഡ്രോയിങ്സ് കാണുന്നത്. കാമില്ലെ ഹെൻറോട്ട് എന്ന സമകാലിക ചിത്രകാരിയുടെ ‘മുലപ്പാലിന്റെ വഴികൾ’ (Milky ways) എന്ന പുസ്തകമായിരുന്നു അത്.
സമകാലിക യൂറോപ്യൻ കലയിലെ പ്രധാനപ്പെട്ട പ്രവർത്തകയുടെ നിരീക്ഷണങ്ങളും ചിത്ര- ശില്പങ്ങിലേക്കുള്ള ചിന്തകളും സ്ത്രീശരീരത്തിന്റെ അനുഭവചരിത്രാഖ്യാനങ്ങളും എങ്ങനെ കലാ നിർമാണത്തിന് ഉൾപ്രേരകമായിത്തീരുന്നു എന്ന രേഖകളാണ് ഈ പുസ്തകം. കലാനിർമാണത്തിലെ എല്ലാതരം അതിർത്തികളെയും മറികടക്കുന്ന ചിന്തകളുള്ള ഈ പുസ്തകം 2025-ലെ എന്റെ വായനാനുഭവങ്ങളെയും കലാപ്രവർത്തനത്തിലെ സമകാലിക സ്വയംനിയന്ത്രണങ്ങളെയും മറികടക്കാനുള്ള ഉൾപ്രേരകമായി മനസ്സിലാക്കുന്നു.
ലൈംഗികത, ചരിത്രം, പ്രത്യുല്പാദനം, അടിമവേല, മാതൃത്വം, പ്രസവാനന്തര മാനസിക സമ്മർദങ്ങൾ, മുലയൂട്ടൽ, പരദൂഷണം, പാരിസ്ഥിതിക പ്രശ്നങ്ങൾ , രാഷ്ട്രീയം, സ്ത്രീയുടെ ശരീരം പുതുജീവനെ ഉൾക്കൊള്ളുമ്പോൾ അത് ശരീരത്തിലും മനസ്സിലും ഉണ്ടാക്കുന്ന മാറ്റങ്ങൾ തുടങ്ങിയ മേഖലകളിലേക്ക് വികസിക്കുന്ന നിരീക്ഷണങ്ങളാണ് ഈ പുസ്തകത്തിന്റെ ആത്മാവ്.
‘റിപ്പബ്ലിക്ക്’ എന്ന സ്വിസ് മാഗസിനിൽ 2021 - 2023 കാലങ്ങളിൽ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് 123 പേജുള്ള ചെറിയ, എന്നാൽ അർത്ഥതലങ്ങൾ കൊണ്ട് വലിപ്പമേറിയ ഈ പുസ്തകം.
മുലയൂട്ടൽ ഒരു സാധാരണ ജോലിയായി മാത്രം കണക്കാക്കപ്പെട്ടിരുന്ന ഒരു കാലത്ത്, ലിംഗ പരമായതും വർഗപരമായതും വംശീയമായതുമായ ഏറ്റവും ക്രൂരവിവേചനങ്ങളുടെ വേദിയായി പാല് മാറി.
എക്കോവേഴ്സ് (echo verse) എന്ന ലേഖനത്തിൽ ഡ്രോയിങ്സിന്റെ രൂപപ്പെടലിനെ സംബന്ധിച്ചാണ് കാമില്ലെ എഴുതുന്നത്.
വെള്ളത്തിൽ കുതിർത്ത ഭാരമുള്ള പേപ്പറിന്റെ പ്രതലത്തിൽ ഇങ്ക് ഡ്രോയിംഗുകൾ രൂപപ്പെട്ടു വരുന്നത് ചാരനിരത്തിലുള്ള അവ്യക്തമായ ഇമേജുകളുള്ള ഫോട്ടോഗ്രാഫിയായി മാറുന്നു. കാതിന് കേൾക്കാൻ പറ്റാത്ത ഹൈ ഫ്രീക്വൻസി സൌണ്ട് തരംഗങ്ങളുള്ള സെനോഗ്രാഫി ടെസ്റ്റ് ശരീരത്തിലെ ആന്തരിക ഘടനകളെ ഇമേജുകളാക്കി മാറ്റുന്ന പ്രക്രിയയുമായി ചേർക്കുന്നു.
ഗർഭാവസ്ഥയിൽ അവർ കടന്നുപോയ ഹോസ്പിറ്റൽ ടെസ്റ്റുകളുമായും ജീവൻ രൂപപ്പെട്ടുവരുന്ന തന്റെ ശരീരത്തിന്റെ മാറ്റങ്ങളെയും സാന്നിധ്യങ്ങളെയും ചലനങ്ങളെയും രൂപപ്പെടുത്തുകയാണ് ‘soon’ എന്ന ഇങ്ക് വരകളിലൂടെ അവർ ചെയ്യുന്നത്. തന്റെ മകൻ ഇട്ഡ്ഡുവിനെ ഗർഭം ധരിച്ചിരുന്ന സമയത്ത് അവൻ ഇക്കോഗ്രഫിയോട് പ്രതികരിക്കുന്നതിനെക്കുറിച്ചും കാഴ്ചയിൽ നിന്ന് മറയുവാൻ ശ്രമിക്കുന്നതിനെ സംബന്ധിച്ചും എഴുതുന്നു.
‘എന്റെ ശരീരത്തിലെ ദ്രവത്തിന്റെ ഇരുട്ടിൽ പൊങ്ങിക്കിടന്നുകൊണ്ട് അവന്റെ രൂപത്തിലെ കറുപ്പും വെളുപ്പും സെപിയ ടോണും ഒളിക്യാമറക്ക് പിടികൊടുക്കാതെ, അവ്യക്തമായിരിക്കുവാനുള്ള അവന്റെ ശ്രമങ്ങളോട് എനിക്ക് കരുണ തോന്നി’.

ഇക്കോഗ്രാഫി ‘എക്കോ’ എന്ന മിത്തിനെ ഓർമയിൽ കൊണ്ടുവരുന്നു. ഗ്രീക്ക് മിഥോളജിയിൽ നിന്ന് സൃഷ്ടിക്കപ്പെട്ട ഒവിഡിന്റെ മെറ്റമോർഫോസിൽ എക്കോ പർവത അപസരസ്സാണ്.
സ്വിയൂസ് ദേവൻ മറ്റു സ്ത്രീകളുമായി രമിക്കുമ്പോൾ ഭാര്യ ഹീരയോട് നിരന്തരം സംസാരിച്ചുകൊണ്ട് അവരുടെ ശ്രദ്ധ മാറ്റുവാൻ എക്കോയേ നിയോഗിക്കുന്നു. ഇക്കോയുടെ ചതി മനസ്സിലാക്കിയ ഹീര അവളുടെ സംസാരശേഷി നശിപ്പിക്കുന്നു. ഒരാളുമായുള്ള സംസാരത്തിലെ അവസാന ഭാഗം മാത്രം പ്രതിധ്വനിപ്പിക്കാനുള്ള ശേഷി അവൾക്ക് നൽകുന്നു.
എക്കോക്ക് കാമുകനായ നാർസിസിനോട് ഒരിക്കലും തന്റെ പ്രണയം തുറന്നുപറയാനാകുന്നില്ല. ഹൃദയം തകർന്ന എക്കോ ഒരു ഗുഹയിൽ ഭക്ഷണം കഴിക്കാതെ മരിക്കുന്നു. മരണശേഷം എല്ലുകൾക്ക് രൂപാന്തരം വന്ന് പാറകളായി എല്ലാ കാലത്തേക്കുമായി പ്രതിധ്വനിയായി മാറുന്ന എക്കോ, സ്നേഹവും ആശയവിനിമയവും എപ്പോഴും സങ്കീർണവും പരാജയവുമാണെന്ന് സൂചിപ്പിക്കുന്നു.
അവരുടെ ചില നിരീക്ഷണങ്ങൾ നമ്മുടെ പൊതു ബോധത്തിലെ നോർമൽ ചൈൽഡ്, നോർമൽ മദർ സങ്കൽപങ്ങളെ മാറ്റിപ്പണിയുന്നു. ആഗോള അമ്മ, ഐഡിയൽ അമ്മ എന്നത് നിലനിൽക്കുന്നില്ല എന്ന് അവർ പറയുന്നു. അനവധി ഏകമായ രൂപങ്ങളിൽ അത് പരിപാലനം (care) മാത്രമാണെന്നും, അല്ലെങ്കിൽ പരിപാലനത്തിന്റെ ഇല്ലായ്മയാണ് ‘അമ്മ’ എന്ന സങ്കൽപമെന്നും കാമില്ലെ എഴുതുന്നു.
എസ്. ഹരീഷിന്റെ ‘നിര്യാതരായി’ എന്ന കഥയുടെ വായനാനുഭവത്തിൽ തറഞ്ഞുനിൽക്കുന്ന ഓരോർമയുണ്ട്:
“അമ്മയുടെ നിർദേശാനുസരണം മഴനനഞ്ഞുകൊണ്ട് ഞാൻ ഒരു കുഴി വെട്ടി. മഴവില്ലുപോലെ ഏഴ് നിറങ്ങളുണ്ടായിരുന്ന പട്ടിക്കുഞ്ഞുങ്ങളെ ഒന്നൊന്നായി പെറുക്കിയെടുത്ത് കുഴിയിലിട്ടു. ഒരിക്കലും ലോകത്തേക്ക് തുറക്കില്ലാത്ത അടഞ്ഞ കണ്ണുകൾകൊണ്ട് അവ അവിടെയും മുലക്കാമ്പ് തിരഞ്ഞ് ഇഴഞ്ഞു നടന്നു. മഴവള്ളം വന്ന് കുഴി നിറഞ്ഞു. അതിനു മീതെ തൂമ്പയും മണ്ണിട്ട് വെള്ളം തെറിപ്പിച്ചു.
‘നിങ്ങളൊരു തള്ളയാണോ തള്ളേ’, ചെളി പറ്റിയ തൂമ്പ കഴുകി വൃത്തിയാക്കി വെച്ച് ഞാൻ അമ്മയോട് ചോദിച്ചു.
അമ്മ എനിക്ക് ചായയും പിറകെ കരഞ്ഞുകൊണ്ടുവന്ന തള്ള പട്ടിക്ക് മീൻകറിയൊഴിച്ച് പഴഞ്ചോറും നൽകി’’.
കലാനിർമാണത്തിനിടെയുണ്ടാകുന്ന ഖരമാലിന്യങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള കുറ്റപ്പെടുത്തലുകൾ കുറ്റബോധത്തിലേക്കും സങ്കീർണമായ ചോദ്യങ്ങളിലേക്കും കല ചെയ്യുന്നവരെ നയിച്ച്, യഥാർത്ഥ ശാസ്ത്ര പഠനങ്ങളെ മറച്ചുവെക്കുന്നു.
അഡ്രിയൻ റിച്ചിനെ ഓർമപ്പെടുത്തുന്ന ‘നമ്മളെല്ലാവരും സ്ത്രീയിൽനിന്ന് ജനിക്കുന്നു’ എന്ന നിരീക്ഷണം പല കാലത്തിലൂടെയും സ്ഥലങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും സഞ്ചരിച്ച് അമ്മമാരിലേക്കും അനാഥത്വത്തിലേക്കും മരണത്തിലേക്കും നമ്മുടെ ചരിത്രങ്ങളെ കൊണ്ടുവരുന്നു. സംസ്കാരം, ഐഡന്റിറ്റി, വർഗം, ക്ലാസ്, യുദ്ധം, ജെനോസൈഡ്സ്, പ്രായം തുടങ്ങിയ ആധുനികനാന്തര സൂക്ഷ്മതകളിലേക്ക് അത് നമ്മെ ക്ഷണിക്കുന്നു.
നമ്മൾ എങ്ങനെ ജീവിക്കുന്നുവെന്നും ഒരുമിച്ച് പുലരുന്നുവെന്നുമുള്ള ബദൽ രാഷ്ട്രീയ സമീപനങ്ങളെ തുറന്ന സംവാദമാക്കുവാനുള്ള പ്രചോദനം ഈ പുസ്തകത്തിന്റെ എഴുത്തിനെ പ്രചോദിപ്പിച്ചതായി അവർ പറയുന്നുണ്ട്.
ദ ബേർഡ് മദർ
സ്വിസിലെ സൈന്റ് ഗാലൻ എന്ന ഫൗണ്ടറിയിൽ ദ ബേർഡ് മദർ എന്ന ശിൽപ നിർമാണസമയത്ത് നേരിടുന്ന ധാർമികവും രാഷ്ട്രീയവുമായ ചോദ്യങ്ങൾ തന്റെ ശില്പത്തിന്റെ ഭാഷയിലേക്ക് ഉരുവമാക്കുന്നു എന്ന ലേഖനം മാറുന്ന ലോകത്ത് കലാകാരർ നേരിടുന്ന പരിസ്ഥിതിപ്രശ്നങ്ങളിലേക്കും നിർമാണത്തിന് തെരഞ്ഞെടുക്കുന്ന മെറ്റീരിയലിന്റെ തെരഞ്ഞെടുപ്പിലേക്കുമുള്ള അനവധി ചിന്തകൾ തുറക്കുന്നു.
ഗാർഹിക ജോലിയിൽ ഏർപ്പെടുന്ന സ്ത്രീകളെ ഓർക്കുമ്പോൾ, സ്റ്റുഡിയോയിൽ സമയവും ഊർജ്ജവും ചെലവഴിക്കുന്ന തന്റെ ജോലി ഓർത്ത് കുറ്റബോധം തോന്നാറുണ്ടെന്ന് കാമില്ലെ സ്വകാര്യം പറയുന്നതുപോലെ എഴുതുന്നു.
പരിസ്ഥിതി മാറ്റങ്ങൾ, ദുർബലമാകുന്ന ശരീരം, അപ്രതീക്ഷിത തകിടംമറിച്ചിലുകൾ തുടങ്ങിയവ സ്ത്രീകളുടെ ജോലിഭാരം കൂട്ടുന്നുണ്ടെന്ന് അവർ പറയുന്നു.
സേത്ത് വെയിൻസ്, കി നിക്കോളാസ് എന്നിവർ കാർബൺ പുറന്തള്ളലിനെക്കുറിച്ച് നടത്തിയ വളരെ ദുർബലമായ റിപ്പോർട്ടുകളെ അവർ വിമർശിക്കുന്നുണ്ട്.
മാംസാഹാരം വർജ്ജിക്കുന്നതിലൂടെ, അന്തർദേശീയ വിമാനയാത്രകൾ കുറയ്ക്കുന്നതിലൂടെ, കുട്ടികളെ തീരെ വളർത്താതിരിക്കുന്നതിലൂടെ കാർബൺ പുറന്തള്ളൽ കുറയ്ക്കാമെന്ന വീൻസിന്റെയും നിക്കോളസിന്റെയും വാദം തികച്ചും അസംബന്ധമാണെന്ന് മിഹാൻ ക്രിസ്റ്റിന്റെ പഠനത്തെ മുൻനിർത്തി അവർ എഴുതുന്നു.
കാർബൺ പ്രിന്റ്സിന്റെ നിയന്ത്രണം വ്യക്തിയുടെ ഉത്തരവാദത്തിലേക്ക് ചുരുക്കുന്നത് ആഗോള സാമ്പത്തിക - രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളുടെ നിയന്ത്രണ താൽപര്യങ്ങളാണെന്നും ഫോസിൽ ഇന്ധന വ്യവസായങ്ങളാണ് വ്യക്തിയുടെ ചുമലിലേക്ക് ക്ലൈമറ്റ് വ്യതിയാനത്തിന്റെ നറേറ്റീവുകളെ ചാർത്തിക്കൊടുക്കുന്നതെന്നും വ്യക്തമാക്കുന്നു.
ഇത്തരം സ്പോൺസർഷിപ്പുകൾ കലാകാരരെയും പരിസ്ഥിതി പ്രവർത്തകരെയും നിരുത്സാഹപ്പെടുത്താൻ വേണ്ടിയുള്ളതാണെന്ന് അവർ പറയുന്നു. കലാനിർമാണത്തിനിടെയുണ്ടാകുന്ന ഖരമാലിന്യങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള കുറ്റപ്പെടുത്തലുകൾ കുറ്റബോധത്തിലേക്കും സങ്കീർണമായ ചോദ്യങ്ങളിലേക്കും കല ചെയ്യുന്നവരെ നയിച്ച്, യഥാർത്ഥ ശാസ്ത്ര പഠനങ്ങളെ മറച്ചുവെക്കുന്നുവെന്നും അവർ നിരീക്ഷിക്കുന്നു.
ദ ബേർഡ് മദറിന്റെ നിർമാണത്തിൽ അവശേഷിച്ച ഖരമാലിന്യങ്ങൾ കൊണ്ട് പക്ഷിക്കൂട് മാതൃകയിൽ മരച്ചില്ലകളുടെയും പുല്ലുകളുടെയും ഇലകളുടെയും ബേസ് നിർമിച്ചാണ് കാമില്ലെ സ്ഥലത്തെയും രൂപത്തെയും പ്രശ്നവത്കരിക്കുന്നത്.

‘സർവാശ്ലേഷിയായ ഭൂമി
ഒരു അമ്മ എന്നതിലുപരി
ഒരു കാമുകിയല്ല,
ഒരു തടവറ എന്നതിലുപരി
ഒരു പ്രിസമല്ല…’
തന്റെ സുഹൃത്ത് ജേക്കബ് ബ്രോംബർജിന്റെ കവിത സൂചിപ്പിച്ച് അവർ എഴുതുന്നു. മാതൃതുല്യയായ ഭൂമി എന്ന സങ്കല്പത്തെ, ഒരു കാമുകന്റെ ശ്രദ്ധയോടും ബഹുമാനത്തോടും കൂടിയ ബന്ധത്തിലൂടെ എങ്ങനെ സമന്വയിപ്പിക്കാം എന്നത് പ്രധാനമാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ, ഒരേസമയം ഒരു മുതിർന്ന വ്യക്തിയായും, ഒരു കുട്ടിയായും സ്വയം തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. നാം കുട്ടിക്കാലത്ത് കണ്ടിരുന്ന ആ പഴയ ലോകം നഷ്ടപ്പെട്ടു എന്ന് അംഗീകരിക്കേണ്ടത് വ്യക്തികൾ എന്ന നിലയിലും സമൂഹം എന്ന നിലയിലും പ്രവർത്തിക്കാനും മാറാനും ആവശ്യമായ ഘടകങ്ങളാണ്. നിലവിലെ പാരിസ്ഥിതിക സാഹചര്യങ്ങളിൽ പക്വതയുള്ളവരായി മാറാൻ ഇത് അനിവാര്യമാണ്.
എന്നാൽ ഏദൻ തോട്ടത്തിൽ നിന്നുള്ള നിശ്ചിതമായ പുറത്താക്കൽ പോലെ ലളിതമല്ല ഇത്. ഉത്തരവാദിത്വമുള്ള മുതിർന്നവർ എന്ന നിലയിൽ, ഒരു കുട്ടിയെപ്പോലെ വീണ്ടും പഠിക്കുവാൻ നാം ബാധ്യസ്ഥരാണ്. സീറോ വേസ്റ്റ് എന്നതിലെ ബലപാഠങ്ങൾ പഠിക്കാനും കാർബൺ ന്യൂട്രാലിറ്റിയുടെ ഗുണനപ്പട്ടിക അഭ്യസിക്കാനും ജൈവവൈവിദ്ധ്യ സംരക്ഷണത്തിന്റെ പ്രയോഗിക രീതികൾ മനസ്സിലാക്കുവാനും നാം തയ്യാറാകേണ്ടതുണ്ട്.
മിൽക്ക് ഓൺ ഡെബ്റ്റ്
(മുലപ്പാൽ കടം)
പാലിനെക്കുറിച്ച് എഴുതുന്നത് വെള്ള മഷി കൊണ്ട് എഴുതുന്നതുപോലെയാണ്.
ആശയങ്ങൾ വിരിയുകയും പിന്നീട് ഒരു ചിത്രത്തിലേക്ക് പുനരാഗിരണം ചെയ്യപ്പെടുകയും ചെയ്യുന്നു.
അതുകൊണ്ടുതന്നെ പ്രമേയം എവിടെ തുടങ്ങുന്നുവെന്നോ എവിടെ അവസാനിക്കുന്നുവെന്നോ തിരിച്ചറിയുവാൻ പ്രയാസമാണ്. പാലിനെ അനന്തമായി പടരുന്നതിൽ നിന്ന് എങ്ങനെ തടഞ്ഞുനിർത്താനാവും? മുലപ്പാലിൽ ഒതുക്കിയോ, അമ്മയിലോ അതോ കുട്ടിയിലോ?
മുലയൂട്ടൽ ഒരു സാധാരണ ജോലിയായി മാത്രം കണക്കാക്കപ്പെട്ടിരുന്ന ഒരു കാലത്ത്, ലിംഗ പരമായതും വർഗപരമായതും വംശീയമായതുമായ ഏറ്റവും ക്രൂരവിവേചനങ്ങളുടെ വേദിയായി പാല് മാറി. നൂറ്റാണ്ടുകളോളം അടിമകളാക്കപ്പെട്ട കറുത്ത വർഗക്കാരായ അമ്മമാർ തങ്ങളുടെ കുട്ടികളുടെ ആരോഗ്യം അവഗണിച്ച്, വെളുത്ത വർഗക്കാരായ കുട്ടികളെ മുലയൂട്ടാൻ നിർബന്ധിതരായി.
19 -ാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ, ഫ്രാൻസിൽ കൂലിക്ക് മുലയൂട്ടുന്ന ധാരാളം പേരെ (mercenary wet nurses) നവജാതശിശുക്കളെ ഏൽപ്പിച്ചിരുന്നു. പല കുടുംബങ്ങളിലെയും സ്ത്രീകൾ ദാരിദ്ര്യം കാരണം മുലയൂട്ടുന്നതിനായി ജോലിയിൽ നിന്ന് വിട്ടുനിൽക്കുവാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. സാമ്പത്തികമായി തകർന്ന സ്ത്രീകളുടെ ഈ ശൃംഖലയിൽ, തങ്ങൾക്ക് ശാരീരികമായി മുലയൂട്ടാൻ കഴിയുന്നതിലധികം കുട്ടികളെ അവർ ഏറ്റെടുത്തിരുന്നതുകൊണ്ട് ആ കുട്ടികളിൽ ഏറെ പേരും മരിച്ചു.
ഇതേ സമയത്ത് പോൾ ബി പ്രസിയാഡോ ‘അപ്പാർട്ട്മെൻറ് ഓഫ് വേരനസ്’ എന്ന പുസ്തകത്തിൽ എഴുതിയതുപോലെ, കാർൾ ലിന്നയസ് പോലുള്ള ശാസ്ത്രജ്ഞർ മുലയൂട്ടുന്ന രീതിയെ എതിർത്തു. ശരീരദ്രവങ്ങളുടെ കൈമാറ്റം വംശീയവും വർഗപരവുമായ അശുദ്ധി ഉണ്ടാക്കുമെന്ന് അവർ സിദ്ധാന്തിച്ചു. ലൈംഗികമായി സജീവമായ സ്ത്രീകളുടെ പാലിനെ വിശേഷിപ്പിക്കുവാൻ വെളുത്ത രക്തം (white blood) എന്ന പദം ഉപയോഗിക്കുകയും അത് കുട്ടികളുടെ മരണത്തിന് കാരണമാകുമെന്ന് വിശ്വസിക്കപ്പെടുകയും ചെയ്തു.
‘ലീർണിങ് ടൂ ലൂസ്’ എന്ന ശില്പത്തെ കുറിച്ച് കാമില്ലേ പറയുന്നത് ആഴത്തിലുള്ള ചിന്ത കലയുടെ പ്രോസസിനെ എങ്ങനെ ശക്തിപ്പെടുത്തുന്നു എന്നാണ്.
‘‘മുലയൂട്ടൽ, മുലപ്പാലിന്റെ കുറിച്ചുള്ള എന്റെ കാഴ്ചപ്പാടിനെ മാറ്റിമറിച്ചു. അത് വസ്ത്രങ്ങളിൽ വീണാൽ നീക്കം ചെയ്യാൻ ബുദ്ധിമുട്ടുള്ള മഞ്ഞക്കറകൾ അവശേഷിപ്പിക്കും. പാലിന് ഒരുതരം ഒട്ടിപ്പിടിക്കുന്ന സ്വഭാവമുണ്ട്. ഒരിക്കൽ ഇന്റൻ സ്റ്റുഡിയോയിൽ മേശപ്പുറത്ത് അല്പം പാൽ വീണു. കുറച്ച് ദിവസം കഴിഞ്ഞ് വന്ന ദുർഗന്ധം എന്നെ ഛർദ്ദിപ്പിക്കാൻ പോന്നതായിരുന്നു. ‘വിശുദ്ധം’ എന്നും ‘അറപ്പുളവാക്കുന്നത്’ എന്നും നാം തരംതിരിക്കുന്ന വിഭാഗങ്ങൾ പരസ്പരം എത്രത്തോളം ചേർന്നുനിൽക്കുന്നുവെന്ന് ഇത് കാണിച്ചുതരുന്നു’’.
മുലയൂട്ടുന്നതിന് അമ്മമാർക്ക് പ്രതിഫലം നൽകുന്നില്ല എന്നുമാത്രമല്ല, അത് ചെയ്യുന്നതിലൂടെ അവർക്ക് വരുമാനനഷ്ടവും സംഭവിക്കുന്നു. എന്തുകൊണ്ടാണ് പരിചരണ ജോലികൾക്ക് അർഹമായ വേതനം ലഭിക്കാത്തത്?
മുലയൂട്ടുന്ന സ്ത്രീകൾക്ക് പ്രതിഫലം നൽകണമെന്ന് പറയുമ്പോൾ, എല്ലാത്തിനും വിലയിടുന്ന മുതലാളിത്തത്തിന്റെ സാമ്രാജ്യയുക്തിയിലേക്ക് നാം ചുവടുവെക്കുകയാണോ?
മുലപ്പാൽ എന്നത് വിൽപനയ്ക്കുള്ള ഒരു ദ്രാവക ആസ്തി (liquid asset) ആണോ? പ്രൊട്ടസ്റ്റന്റ് മുതലാളിത്ത മാതൃക രൂപകൽപ്പന ചെയ്തിരിക്കുന്നത് വിഭവങ്ങളെ ലാഭത്തിനായി ഉപയോഗപ്പെടുത്താനാണ്, അല്ലാതെ പരസ്പര കൈമാറ്റത്തിനല്ല. സ്ത്രീകൾ നൽകിക്കൊണ്ടിരിക്കുന്ന കാര്യങ്ങളുടെ മൂല്യം കുറച്ചുകാണിച്ച്, വളർന്നുവരുന്ന കടബാധ്യതയിൽ നിന്ന് സമൂഹത്തിന് രക്ഷപ്പെടാനുള്ള ഒരു ഉപാധിയായി വിശുദ്ധീകരിക്കൽ (മിസ്റ്റിഫിക്കേഷൻ) മാറുന്നതായി തോന്നുന്നു. തിരിച്ചുനൽകാൻ കഴിയാത്ത സമ്മാനങ്ങൾ ആവർത്തിച്ചു സ്വീകരിക്കുന്നു എന്ന ചിന്ത ആർക്കും സഹിക്കുവാനാവില്ല. മുലയൂട്ടുന്നതിന് അമ്മമാർക്ക് പ്രതിഫലം നൽകുന്നില്ല എന്നുമാത്രമല്ല, അത് ചെയ്യുന്നതിലൂടെ അവർക്ക് വരുമാനനഷ്ടവും സംഭവിക്കുന്നു. എന്തുകൊണ്ടാണ് പരിചരണ ജോലികൾക്ക് (care labour) അർഹമായ വേതനം ലഭിക്കാത്തത്?
ലെർണിംഗ്നോ ലൂസ് (learning to loose, 2019) എന്ന കൃതി ‘സിസ്റ്റംസ് ഓഫ് അറ്റാച്ച്മെന്റ്’ എന്ന പരമ്പരയിൽ നിന്നുള്ളതാണ്. തൂങ്ങിക്കിടക്കുന്ന സ്തനങ്ങളാണ് ഇതിലുള്ളത്. ഇതിൽ ഒന്ന് ‘mastitis’ മൂലം (സ്തനങ്ങളിലെ പാൽക്കുഴലുകൾ തടസ്സപ്പെട്ട് വേദനയുള്ള വീക്കമുണ്ടാകുന്ന അവസ്ഥ) വീർത്തതും മറ്റൊന്ന് പാൽ ഒഴിഞ്ഞു തൂങ്ങിയതുമാണ്. കെട്ടിടനിർമ്മാണത്തിൽ ലംബമാനം അളക്കാനുപയോഗിക്കുന്ന പ്ലംബ് ബോബ് പോലെ ഈ സ്തനങ്ങൾ താഴേക്ക് തൂങ്ങിക്കിടക്കുന്നു. ഈ രൂപം നീതിദേവത കയ്യിലേന്തിയിരിക്കുന്ന തുലാസിനെ ഓർമിപ്പിക്കുന്നു. റോമൻ പുരാണത്തിലെ ജിസ്റ്റിഷ്യ എന്ന ദേവതയെ അടിസ്ഥാനമാക്കിയുള്ള ഈ രൂപം നീതിന്യായ വ്യവസ്ഥയിലെ ധാർമ്മികതയുടെ പ്രതീകമാണ്. ഇതിൽ ഒരു സ്തനം ആവശ്യങ്ങൾ നിറവേറ്റുമ്പോൾ മറ്റൊന്ന് ആ പ്രക്രിയയിൽ വേദന സഹിക്കുകയും സ്വയം ക്ഷയിക്കുകയും ചെയ്യുന്നു. ആവശ്യകതയും ലഭ്യതയും (supply and demand) തമ്മിലുള്ള സന്തുലിതാവസ്ഥ ഇവിടെ അപൂർവമായേ സംഭവിക്കുന്നുള്ളൂ- സ്രോതസ്സിനെക്കുറിച്ച് ഒട്ടും കരുതലില്ലാതെ, വിഭവങ്ങൾ ഒഴിഞ്ഞുപോവുകയും നിറയുകയും ചെയ്യുന്നതിനനുസരിച്ച് തുലാസ് ആടിക്കൊണ്ടിരിക്കുന്നു. തുലാസിൽ ഒരുവശത്തിന് മറ്റേതിനേക്കാൾ ഭാരം കൂടുമ്പോൾ രണ്ടിനും യഥാർത്ഥ മൂല്യം നിഷേധിക്കപ്പെടുകയാണ് ചെയ്യുന്നത്.

പാലിന്റെ നൂലിഴ പിടിച്ചുവലിച്ചുതുടങ്ങിയാൽ സമൂഹത്തിന്റെ മൊത്തത്തിലുള്ള അസന്തുലിതാവസ്ഥ പുറത്തുവരും.
വസ്തുക്കളിലെ ക്രമരാഹിത്യം
(The disorder of things)
‘നമ്മുടെ ആഗ്രഹങ്ങളുടെ അധികാരശ്രേണി മനസ്സിലാക്കിയും പരിധികൾ നിശ്ചയിച്ചും, നൈരാശ്യത്തെ സർഗാത്മകമായി പരിവർത്തിപ്പിക്കുമ്പോൾ കുട്ടിയിൽ നിന്ന് മുതിർന്ന വ്യക്തിയിലേക്കുള്ള മാറ്റത്തെ അത് അർത്ഥവത്താക്കുന്നു.
കുട്ടിയായിരിക്കുമ്പോൾ നമുക്ക് സമയം അധികമായി തോന്നുന്നു. കഥകളും അധികമാണ്. ഇമേജുകൾ കലക്റ്റ് ചെയ്യുന്ന കാര്യത്തിൽ ഞാനിപ്പോഴും ഒരു കുട്ടിയാണ്. കലക്റ്റ് ചെയ്യപ്പെടുന്ന ഇമേജുകൾ എന്റെ ഫോണിന്റേയും, ലാപ്ടോപ്പിന്റെയും സ്റ്റോറേജ് പരിധികളെ അപര്യാപ്തമാക്കുന്നു. മ്യൂസിയം കാറ്റലോഗുകൾ, കവിതകൾ, സ്ക്രീൻ ഷോട്ട്സ്കൾ, ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ, ഉപന്യാസങ്ങൾ, ഗൂഗിൾ ഇമേജുകൾ, വസ്തുക്കൾ, തെരുവിൽ നിന്നുള്ള സംഭാഷണ ശകലങ്ങൾ- എല്ലാം കുന്നുകൂടുന്നു.
കല ചെയ്യുമ്പോൾ ഇവയിൽ നിന്ന് പെട്ടെന്നുള്ള തിരഞ്ഞെടുപ്പ് നടത്തുന്നു. എന്റെ അന്വേഷണത്തിന്റെ ഇടം വികസിക്കുമ്പോൾ ഒറ്റ കാര്യം മാത്രം ശ്രദ്ധിക്കാനാകാത്ത അവസരങ്ങളിൽ എന്റെ യുക്തിയും പ്രചോദനവും ചില ഉറവിടത്തിൽ തിരയുന്നു.
ഞാൻ മനുഷ്യമസ്തിഷ്കത്തിന്റെ വസ്തുക്കളെ ബന്ധിപ്പിക്കുവാനുള്ള കഴിവിനെയും അവ തമ്മിലുള്ള വ്യത്യാസങ്ങളെ മനസ്സിലാക്കാനുള്ള അൽഭുതകരമായ ഇന്റ്യൂഷനെയും ആശ്രയിക്കുന്നു.
1978- ൽ ജനിച്ച കാമില്ലെ ഹെൻറോട്ട് അവരുടെ ജന്മവർഷത്തെ ബന്ധിപ്പിക്കുന്നത് വിവരിക്കുന്ന അധ്യായം വളരെ ഉൾക്കാഴ്ച തരുന്ന ഒന്നാണ്.
ഇൻ - വിട്രോ ഫെർട്ടിലൈസേഷനിലൂടെ ജനിച്ച ലൂയിസ് ബ്രൗണുമായി താൻ ജനിച്ച വർഷത്തെ ബന്ധിപ്പിക്കുന്നതിലൂടെ, അമ്മയിൽ നിന്ന് പരമ്പരാഗത പ്രകൃതിസങ്കൽപത്തെ പുനഃപരിശോധിക്കുന്ന അഡ്രിയ ഷ്വാർഡ്സിനെ ഓർമയിലേക്ക് കൊണ്ടുവരുന്നു.
ദേശരാഷ്ട്രങ്ങളുടെ വിഭജനങ്ങളും മാനുഷിക ബന്ധങ്ങളും സങ്കീർണമാക്കുന്ന അതിർത്തികൾ പുനഃസൃഷ്ടിക്കുന്ന സമകാലിക ലോകത്തിൽ മാതൃരാഷ്ട്രം, പിതൃരാഷ്ട്രം തുടങ്ങിയ പരികൽപനങ്ങളെ പ്രശ്നവത്കരിക്കുന്നു.
പുനരുത്പാദന ടെക്നോളജി ബഹുജന സംസ്കാരത്തിന്റെ ഭാഗമായതോടെ ശരീരത്തെയും പ്രത്യുൽപാദനത്തിന്റെ പരമ്പരാഗത രീതികളെയും സംബന്ധിക്കുന്ന തത്വശാസ്ത്രപരമായ പരിമിതികൾ വെളിവാക്കപ്പെടുന്നു. സ്ത്രീശരീരത്തിന്റെ പര്യായങ്ങളായ ഭൂമി -മാതൃ- പ്രകൃതി സങ്കൽപങ്ങളെ പ്രശ്നവൽകരിച്ചതിലൂടെ, ലൈംഗികത, ഹെട്രോ സെക്സ്വാലിറ്റി, യുവത്വം, ലിംഗം, ആരോഗ്യമുള്ള ശരീരം തുടങ്ങിയ പുനരുത്പാദനത്തിന്റെ മാനദണ്ഡങ്ങളെ അപ്രസക്തമാക്കുകയും ചെയ്തു. ആർക്കാണ് കുട്ടികളെ ജനിപ്പിക്കാനും വളർത്താനും പറ്റുക എന്ന് നിർണ്ണയിക്കുന്ന ഘടകം പ്രധാനമായും പണമായി മാറിയതായി അവർ നിരീക്ഷിക്കുന്നു.
കാമില്ലെ ഹെൻട്രോത്ത് സമകാലിക യൂറോപ്യൻ കലയിലെ മാഞ്ഞുപോയിക്കൊണ്ടിരിക്കുന്ന ക്രിട്ടിക്കൽ കാഴ്ചയാണ്.
സ്ത്രീശരീരത്തെയും ചരിത്രഓർമകളെയും രേഖപ്പെടുത്താത്ത അധ്വാനത്തെയും അവർ കാഴ്ചയിൽ അടയാളമാക്കുന്നു.
സ്ത്രീഅനുഭവങ്ങളുടെ കാവ്യാത്മകവും അലോസരം നിറഞ്ഞതുമായ സോണോഗ്രാഫിക് റിസൾട്ടുകളാണ് കാമില്ലെ ഹെൻട്രോത്തിന്റെ കല.




