ചരിത്രത്തിലെയും സംസ്കാരത്തിലെയും കാമ്പസ്

കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജിന്റെ 147-ാം വർഷത്തിൽ പ്രസിദ്ധീകരിച്ച ‘സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് അനുഭവചരിത്രം’ എന്ന പുസ്തകത്തിന് കോളേജിലെ അധ്യാപകനായിരുന്ന ഡി.ഡി. നമ്പൂതിരി എഴുതിയ അവതാരിക.

When Vasco da Gama came back after the discovery of India, the Count asked him what goods were there to be brought back, and what goods they wanted from here in exchange for them.
And on Vasco da Gama saying to him that what was brought back from there was pepper, cinnamon, ginger, amber and musk, and that what they wanted from us was gold, silver, velvet, scarlet.
the Count said to him: In this Fashion, it is they who have discovered us......
(16th century Portuguese anecdote) [1]

‘സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്: അനുഭവചരിത്രം’ എന്നതൊരു ചരിത്രപുസ്തകമാണ്.
സാധാരണ അർത്ഥത്തിലുള്ള ചരിത്രപുസ്തകമല്ല, അനുഭവചരിത്രമെന്നോ വൈകാരികചരിത്രമെന്നോ വിശേഷിപ്പിക്കാവുന്ന ചരിത്രവിവരണങ്ങളുടെ ഒരു സമാഹാരം. കോഴിക്കോട് നഗരത്തിലും പരിസരപ്രദേശങ്ങളിലും മാത്രമല്ല, കേരളമാസകലം വ്യാപിച്ചുകിടക്കുന്ന പല തലമുറകളിലെ വിദ്യാർത്ഥിസമൂഹങ്ങൾക്ക് സാമൂഹിക-സാംസ്‌കാരികോന്നമനത്തിനുള്ള സരണിയായി വർത്തിച്ച സാമൂതിരി ഗുരുവായൂരപ്പൻ കോളേജാണ് ഈ സമാഹാരത്തിന്റെ കേന്ദ്രസ്ഥാനത്ത്. അദ്ധ്യയനത്തിന്റെയും അദ്ധ്യാപനത്തിന്റെയും രംഗത്ത് 150 വർഷം പൂർത്തിയാക്കുന്ന കോളേജിന് അവിടത്തെ പൂർവവിദ്യാർത്ഥികളും മുൻഅധ്യാപകരും മുൻകാലങ്ങളിലെ അനദ്ധ്യാപകജീവനക്കാരും ചേർന്നൊരുക്കുന്ന സ്‌നേഹോപഹാരമാണ് ഈ സമാഹാരം.

രണ്ടു വർഷം മുമ്പ് ഒരു കോവിഡ്കാല സായാഹ്നത്തിൽ, സാമൂതിരി ഗുരുവായൂരപ്പൻ കോളേജിലെ മുൻമലയാളം അധ്യാപകൻ കെ.പി. ശശിധരനുമായുള്ള ഒരു യാദൃച്ഛിക സംഭാഷണത്തിൽനിന്നാണ് എല്ലാം തുടങ്ങുന്നത്. 2027-ൽ 150 വർഷം തികയുന്ന കോളേജിനുവേണ്ടി മുൻഅധ്യാപകർക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്നായി ഞങ്ങളുടെ ആലോചന. അങ്ങനെയാണീ പുസ്തകത്തിന്റെ ബീജാവാപം സംഭവിക്കുന്നത്.

Devadathan Cheruvancheri
Devadathan Cheruvancheri

ഒപ്പംതന്നെ മുൻ അധ്യാപകരായ സി. വാസുദേവൻ ഉണ്ണി, കെ. മാധവൻ നായർ, പി. പത്മനാഭൻ, സി.എം. സത്യവതി, എം. മാധവിക്കുട്ടി, അനിതാരമേശ്, എൻ.ഇ. രാജീവൻ എന്നിവർ ഈ ഗ്രന്ഥനിർമ്മിതിയിൽ സോത്സാഹം പങ്കുചേർന്നു. തുടക്കത്തിൽ ഓൺലൈനായും പിന്നീട് നേരിട്ടും നിരവധി ചർച്ചകൾ. ഒന്നാമത്തെ തീരുമാനം പ്രഗത്ഭരായ പൂർവ്വ വിദ്യാർത്ഥികളുടെ കലാലയസ്മരണകളും പിൽക്കാല ജീവിതനേട്ടങ്ങളുമടങ്ങുന്ന ലേഖനങ്ങൾ ഉൾപ്പെടുത്താനായിരുന്നു. അതോടൊപ്പം ഇൻഡ്യയുടെ സ്വാതന്ത്ര്യസമരത്തിലും തുടർന്നുള്ള രാഷ്ട്രനിർമ്മാണത്തിലും സാമൂഹ്യ-സാംസ്‌കാരിക വികസനത്തിലും മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച മനീഷികളും യശശ്ശരീരരുമായ പൂർവ്വവിദ്യാർത്ഥികളെയും പൂർവ്വാധ്യാപകരെയുംകുറിച്ചുള്ള ലേഖനങ്ങളും ഈ പുസ്തകത്തിന്റെ തുടക്കത്തിൽ ചേർക്കുവാനും തീരുമാനിച്ചു.

ആയിരത്തിലേറെ വർഷങ്ങൾ നീണ്ടുനിൽക്കുന്ന സാമൂതിരിചരിത്രം സംക്ഷിപ്തമായെങ്കിലും സ്പർശിക്കാതെ ഒന്നര നൂറ്റാണ്ടുതികയുന്ന സാമൂതിരി കോളേജിന്റെ സ്മൃതിപുസ്തകം പ്രസിദ്ധീകരിക്കുന്നത് അനുചിതവും അക്ഷന്തവ്യവുമായിരിക്കുമെന്ന് ഞങ്ങൾ കരുതുന്നു. ഈ നീണ്ട കാലത്തിന്റെ രാഷ്ട്രീയ/സാമ്പത്തികമാനങ്ങൾ ആനുഷംഗികമായി സൂചിപ്പിക്കപ്പെടുമെങ്കിലും ഈ രാജവംശത്തിന്റെ സാംസ്‌കാരികപ്രവർത്തനവും ജ്ഞാനനിർമ്മിതിയും വിദ്യാപോഷണവും എടുത്തുപറയേണ്ടതുണ്ടെന്ന് വിശ്വസിക്കുന്നു. സി.ഇ. 14-18 നൂറ്റാണ്ടുകളിൽ കേരളത്തിലും പ്രത്യേകിച്ച് മലബാറിലും സംഭവിച്ച ജ്ഞാനവിസ്‌ഫോടനത്തെപ്പറ്റി ചരിത്രകാരനായ ഡോ. വെളുത്താട്ട് കേശവൻ 2022-ലെ തന്റെ പഠനത്തിൽ പ്രതിപാദിക്കുന്നുണ്ട്.[2]

ജ്ഞാനമേഖലയിലെ ഈ മാറ്റങ്ങൾ സാമൂതിരി രാജ്യത്ത് ശ്രദ്ധേയമായിരുന്നു എന്നുറപ്പിച്ചുപറയാൻ കഴിയും. 18-ാം നൂറ്റാണ്ടിലെ മൈസൂറാക്രമണവും തുടർന്നുള്ള ബ്രിട്ടീഷാധിപത്യവും സാമൂതിരിഭരണത്തിന്റെ അന്ത്യം കുറിച്ചുവെങ്കിലും 1821-ൽ പ്രവർത്തിച്ചിരുന്ന കോഴിക്കോട് തളിയിലെ സംസ്‌കൃത കോളേജിലൂടെയും തളിക്ഷേത്രത്തിൽ നാലുനൂറ്റാണ്ടുകളായി നടന്നിരുന്ന പട്ടത്താനസംവാദങ്ങളിലൂടെയും മറ്റും ഈ രാജകുടുംബത്തിന്റെ വിദ്യാഭ്യാസപ്രവർത്തനങ്ങൾ നിലനിർത്തപ്പെട്ടിരുന്നു. 1877-ലെ സാമൂതിരി ഗുരുവായൂരപ്പൻകോളേജിന്റെ സ്ഥാപനവും ഇന്നുവരെയുള്ള അതിന്റെ തുടർച്ചയും വിശാലമായ ഈ ചരിത്രവീക്ഷണത്തിലൂടെ വിലയിരുത്തപ്പെടേണ്ടതുണ്ടെന്ന് കരുതുന്നു.

സാമൂതിരിചരിത്രത്തിന്റെ
തുടക്കവും വളർച്ചയും

സി.ഇ. 1000-ലെ ചേരപ്പെരുമാൾ ഭാസ്‌കര രവിയുടെ ജൂതച്ചെപ്പേടിൽനിന്നാണ് ഇന്നത്തെ മലപ്പുറംജില്ലയിലെ ‘ഏറാളനാടി’നെക്കുറിച്ചുള്ള ആദ്യപരാമർശങ്ങൾ ലഭിക്കുന്നത്. അറിഞ്ഞിടത്തോളം സാമൂതിരിവംശത്തിന്റെ ആരംഭം ഇവിടെനിന്നാണ്. ഡോ. എം.ജി.എസ്. നാരായണൻ തളിപ്പറമ്പിലെ തൃച്ചംബരം ക്ഷേത്രത്തിൽനിന്നും കണ്ടെടുത്ത രണ്ടു പുരാലിഖിതങ്ങൾ ഇതിനുള്ള വ്യക്തമായ തെളിവുകൾ നൽകുന്നുമുണ്ട്.

ഒന്നാം ലിഖിതം ഈ ക്ഷേത്രം ചേരരാജാവിന്റെ സ്വാധീനത്തിലാണെന്ന് പറയുമ്പോൾ, രണ്ടാമത്തെ ശിലാലിഖിതത്തിൽ ‘മാനവേപലമാനവിയാത’ന്റെ പേര് പരാമർശിക്കപ്പെടുന്നു. ഏറനാട്ടിന്റെ ഈ ഭരണാധികാരി ഒരേസമയം കൊടുങ്ങല്ലൂരിനടുത്തുള്ള മഹോദയപുരത്തും വടക്ക് കോലത്തുനാട്ടിലും സൂചിപ്പിക്കപ്പെടുന്നു എന്നതും ശ്രദ്ധേയമാണ്. ‘ഏറാളനാട്ടുടയവൻ’ പിന്നീട് കോഴിക്കോട്ട് സാമൂതിരിയായി പരിണമിക്കുന്നു. ചേരകാലത്തിനുശേഷവും തളിപ്പറമ്പുമായുള്ള ബന്ധം തുടർന്നിരുന്നു. സാമൂതിരി രാജാവ് മരിക്കുമ്പോൾ രാജരാജേശ്വര ക്ഷേത്രത്തിലെ ദേവൻ ‘പുല’ ആചരിക്കുമായിരുന്നു. [3]

ഡോ. എം.ജി.എസ്. നാരായണൻ
ഡോ. എം.ജി.എസ്. നാരായണൻ

16-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ചരിത്രകാരന്മാർ അടയാളപ്പെടുത്തുന്നത് ഏഴിമല മുതൽ കന്യാകുമാരി വരെ നീണ്ടുകിടക്കുന്ന ‘മലബാറി’ലെ മൂന്നു ഭരണാധികാരികളെയാണ്. ‘വടക്കുനിന്നും തെക്കോട്ട് കോലത്തുനാട് രാജാവായ കോലത്തിരി, കോഴിക്കോട്ടെ രാജാവായ സാമൂതിരി, വേണാട്ട് രാജാവ്, എന്നിവരാണീ എടുത്തുപറയത്തക്ക ഭരണാധികാരികൾ. ഇവരുടെ രാജ്യങ്ങൾ തമ്മിൽ കൃത്യമായ അതിരുകൾ ഉണ്ടായിരുന്നില്ലെന്നുതന്നെയല്ല, ഇവർക്കിടയിൽ ഏതാനും ചെറിയ നാടുവാഴികളും അവിടവിടെയായി നിലനിന്നിരുന്നു. ഈ ചെറുനാടുവാഴികളെ നിയന്ത്രിച്ചിരുന്നത് സാമൂതിരിയായിരുന്നു. 16-ാം നൂറ്റാണ്ടിന്റെ മധ്യകാലത്ത് ശക്തിയാർജ്ജിച്ച കൊച്ചിരാജാവ് അന്നുവരെ ദുർബ്ബലനായിരുന്ന ഒരു ചെറുനാടുവാഴിയായിരുന്നു.’[4]

 തളിപ്പറമ്പിലെ തൃച്ചംബരം ക്ഷേത്രം
തളിപ്പറമ്പിലെ തൃച്ചംബരം ക്ഷേത്രം

അധിനിവേശ കേരളവും
സാമൂതിരിയും

1938-ൽ കെ.വി. കൃഷ്ണയ്യർ വിസ്തരിച്ചുപഠിച്ച സാമൂതിരിചരിത്രത്തിനുശേഷം ഏറെക്കാലം നല്ല പഠനങ്ങളൊന്നും വന്നിരുന്നില്ല. ഈയിടെ പ്രസിദ്ധീകരിച്ച വി.വി. ഹരിദാസിന്റെ Zamorin and Political Culture of Medieval Kerala (Hyderabad: Orient Black Swan 2016) എന്ന പുസ്തകം ഈ കുറവ് ഏറെക്കുറെ നികത്തുന്നുണ്ട്.

രാഷ്ട്രീയ ചരിത്രത്തിനുപുറമെ, രാജചിഹ്നങ്ങളുടെ പ്രാധാന്യവും രാജസ്ഥാനത്തിന്റെ അന്തസ്സ് കാണിച്ചിരുന്ന രീതികളും ഭരണകൂടം നേരിട്ട് നടത്തിയിരുന്ന മാമാങ്കംപോലുള്ള ഉത്സവങ്ങളും സാമൂതിരിമാർ സംസ്‌കാരത്തിന് നല്കിയ സംഭാവനയുമൊക്കെ അതിൽ ചർച്ച ചെയ്യുന്നുണ്ട്. വെറും ഒരു ‘കൊച്ചുരാജാവ്’ (little king) എന്നതിനപ്പുറം പോയി സാംസ്‌കാരികജീവിതത്തെ പരിപോഷിപ്പിച്ച ഒരു അധികാരസ്ഥാനം എന്ന നിലയ്ക്കുകൂടി വേണം കോഴിക്കോട്ടുസാമൂതിരിയുടെ സ്ഥാനത്തെ നോക്കിക്കാണാൻ.

ചരിത്രകാരനായ തപന്റായ് ചൗധരിയുടെ കാഴ്ചപ്പാടിൽ, ഇന്ത്യയിലെ നാലു ഭൂവിഭാഗങ്ങൾക്കായിരുന്നു 16-ാം നൂറ്റാണ്ടിൽ മുതലാളിത്ത വാണിജ്യശക്തി (Capitalist Enclaves) കളായി വളരാൻ സാധിക്കുമായിരുന്നത്. ഗുജറാത്ത്, ബംഗാൾ, കൊറോമാൻഡൽ, മലബാർ എന്നിവയാണീ പ്രദേശങ്ങൾ. എന്നാൽ കൊളോണിയൽ ബലതന്ത്രങ്ങൾക്കുമുന്നിൽ അടിപതറുകയായിരുന്നു ഇവരെല്ലാം. 1498-ൽ വാസ്‌കോഡിഗാമ കോഴിക്കോട്ടു തുടങ്ങിവെച്ച പുത്തൻ വ്യാപാരക്രമങ്ങൾ ഏഷ്യൻരാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെയും ജനജീവിതത്തെയും പിന്നീടുള്ള മൂന്നു നൂറ്റാണ്ടുകളിൽ കീഴ്‌മേൽ മറിച്ചു എന്നുതന്നെ പറയാം. പോർച്ചുഗലിനോടൊപ്പം സ്‌പെയിനും ഹോളണ്ടും ഫ്രാൻസും ഇംഗ്ലണ്ടും ഈ സാമ്രാജ്യസ്ഥാപനത്തിൽ പങ്കെടുക്കുകയും ക്രമേണ ലോകം മുഴുവൻ തങ്ങളുടെ വരുതിയിലാക്കുകയും ചെയ്തു.

ഇതിനുവേണ്ട മൂലധനത്തിലൊരു നല്ല ഭാഗം യൂറോപ്യന്മാർക്ക് ലഭിച്ചത് 15-16 നൂറ്റാണ്ടുകളിൽ അമേരിക്കയിൽനിന്നും കവർന്നെടുത്ത സ്വർണ്ണത്തിൽനിന്നായിരുന്നു. ഈ മൂലധനം സ്വന്തം രാജ്യങ്ങളിലെ ഫ്യൂഡൽ പ്രഭുത്വം അവസാനിപ്പിക്കുന്നതിനും കടൽമാർഗ്ഗമുള്ള ഏഷ്യൻ വാണിജ്യം നിയന്ത്രിക്കുന്നതിനും അവർ ഉപയോഗിച്ചു.

ഏഷ്യയിൽ യൂറോപ്യർ അധീശത്വം നേടിയത് കടലിലും കരയിലും കൊള്ളനടത്തുക, തോട്ടങ്ങൾ സ്ഥാപിക്കുക, വസ്ത്രസുഗന്ധാദികളുടെയും മറ്റും സംഭരണവും വിതരണവും പിടിച്ചെടുക്കുക, കോളനികളിലെ തൊഴിൽമേഖലയെ നിയന്ത്രിക്കുക മുതലായ സങ്കീർണ്ണമാർഗ്ഗങ്ങളിലൂടെയായിരുന്നു. കേരളത്തിലെ യൂറോപ്യരുടെ വിജയത്തിനുളള ഒരു കാരണം നാടുവാഴികൾക്കിടയിലുള്ള അനൈക്യമായിരുന്നു. ബ്രിട്ടീഷുകാർ ഈ മുതലെടുപ്പിനുള്ള കരുക്കൾ കൂടുതൽ സമർത്ഥമായി നീക്കി.

വാസ്കോ ഡ ഗാമ
വാസ്കോ ഡ ഗാമ

ഒരു ഭാഗത്ത് അവർ തിരുവിതാംകൂറിലെ പ്രഭുക്കന്മാരെ കീഴ്‌പെടുത്തി അധികാരം രാജാവിൽ കേന്ദ്രീകരിക്കുവാൻ സഹായിക്കുകയും ഏകീകരണത്തിലൂടെ വ്യാപാരബന്ധങ്ങൾ സ്വന്തം ചൊൽപ്പടിയിൽ നിർത്തുന്നതിൽ വിജയിക്കുകയും ചെയ്തു. മലബാറിലും കൊച്ചിയിലും ഏറെക്കുറെ ഈ നയങ്ങൾ തന്നെ അവർ പിന്തുടർന്നു.
‘18-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ മാനവിക്രമൻ തമ്പുരാൻ നടത്തിയ ഏകീകരണശ്രമമായിരുന്നു ഏറ്റവും പ്രധാനം. അദ്ദേഹം കൊച്ചിയുൾപ്പെടെയുള്ള പ്രദേശങ്ങൾ തന്റെ കീഴിൽ കൊണ്ടുവരികയും തിരുവിതാംകൂറുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തു. സാമൂതിരിയുടെ ഈ ശ്രമം ഫ്യൂഡൽ പ്രഭുക്കന്മാരുടെ പിൻബലത്തോടെയായിരുന്നു. ഫ്യൂഡൽ പ്രഭുക്കളെ അമർച്ച ചെയ്തുകൊണ്ടുള്ള ഏകീകരണം സാമൂതിരിക്ക് സാധ്യമായില്ല’. [5]

പട്ടത്താനവും മധ്യകാല കേരളത്തിലെ ജ്ഞാനരൂപങ്ങളുടെ വളർച്ചയും

‘ക്രിസ്തുവർഷം 15, 16, 17 ശതകങ്ങളിൽ സാമൂതിരിപ്പാടന്മാരുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് തളിക്ഷേത്രത്തിൽവെച്ച് കൊല്ലംതോറും നടത്തിവന്ന ഭട്ടസ്ഥാനപരീക്ഷകൾ എത്രയെത്ര പണ്ഡിതന്മാരെയാണ് വളർത്തിയെടുത്തത്. മീമാംസാദി ശാസ്ത്രവിഷയങ്ങളിലും കാവ്യനാടകാദികളിലും പ്രാവീണ്യമുള്ളവരെ കണ്ടുപിടിക്കുവാനും രേവതി പട്ടത്താനം എന്ന സ്ഥാപനംകൊണ്ട് സാധിച്ചു. അങ്ങിനെ അത് സംസ്‌കൃതസാഹിത്യത്തിനും മലയാളസാഹിത്യത്തിനും അനർഘസംഭാവനകൾ ചെയ്തുവന്നു. അക്കാലങ്ങളിൽ തളിക്ഷേത്രം ഒരു ഉത്തമ കലാശാലയായും സേവനം നിർവ്വഹിച്ചുവെന്നു പറയാം.’[6]

വിശദമായ ചരിത്രരേഖകൾ ലഭ്യമായിട്ടുള്ള ആദ്യത്തെ പട്ടത്താനം നടന്നത് 1679-ലാണ്. കോഴിക്കോട്ട് തളിയിൽ നടന്നിരുന്ന ഈ വാർഷിക ജ്ഞാനോത്സവത്തിൽ കേരളത്തിനകത്തും പുറത്തും നിന്നുള്ള പണ്ഡിതന്മാർ പങ്കെടുത്തിരുന്നു. പക്ഷേ, എന്നുമുതലാണ് പട്ടത്താനസദസ്സുകൾ ആരംഭിച്ചതെന്ന് കൃത്യമായി പറയാൻ നിവൃത്തിയില്ല. എങ്കിലും രണ്ടുകാര്യങ്ങൾ വ്യക്തമാണ്. കേരളത്തിനുപുറത്തുനിന്നും ഉദ്ദണ്ഡശാസ്ത്രികളെപ്പോലുള്ള പണ്ഡിതന്മാർ ഈ വിദ്വൽസദസ്സിൽ പങ്കെടുത്തിരുന്നു എന്നതിന്റെ അർത്ഥം സാമൂതിരിമാരുടെ ജ്ഞാനപരമായ ഔന്നത്യവും സംഘാടനമികവും പരക്കെ അംഗീകരിക്കപ്പെട്ടിരുന്നു എന്നുള്ളതാണ്.

കോഴിക്കോട്ട് തളിയിൽ നടന്നിരുന്ന വാർഷിക പട്ടത്താനം ജ്ഞാനോത്സവത്തിൽ കേരളത്തിനകത്തും പുറത്തും നിന്നുള്ള പണ്ഡിതന്മാർ പങ്കെടുത്തിരുന്നു.
കോഴിക്കോട്ട് തളിയിൽ നടന്നിരുന്ന വാർഷിക പട്ടത്താനം ജ്ഞാനോത്സവത്തിൽ കേരളത്തിനകത്തും പുറത്തും നിന്നുള്ള പണ്ഡിതന്മാർ പങ്കെടുത്തിരുന്നു.

കേരളത്തിന്റെ പല ഭാഗങ്ങളിൽനിന്നുമുള്ള പണ്ഡിതന്മാർ ഈ സദസ്സുകളിൽ പങ്കെടുത്തിരുന്നതിന്റെ പ്രസക്തി ഈ നാട്ടുരാജ്യങ്ങളിലെല്ലാം 14-17 നൂറ്റാണ്ടുകളിൽ അക്കാലത്തെ പ്രധാന ജ്ഞാനശാഖകളിൽ ഗൗരവപൂർണ്ണമായ പഠനങ്ങൾ നടന്നിരുന്നു എന്നും കൃതികൾ രചിക്കപ്പെട്ടിരുന്നു എന്നുമാണ്. പൂർവ്വമീമാംസ, വ്യാകരണം, തന്ത്രം, ജ്യോതിഷം, ക്രിയാപ്രായശ്ചിത്തം, നിയമം, കാവ്യം, നാട്യശാസ്ത്രം, കൂടിയാട്ടം, കലാരൂപങ്ങൾ, ജ്യോതിശ്ശാസ്ത്രം, ആയുർവ്വേദം, ഗണിതശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ കേരളത്തിൽ ഇക്കാലത്തുണ്ടായ വിജ്ഞാനസ്‌ഫോടനം പലപ്പോഴും ഉന്നതനിലവാരം പുലർത്തിയിരുന്നുവെന്നു മാത്രമല്ല, ഇൻഡ്യയിലും പുറത്തുമുള്ള പണ്ഡിതന്മാരുടെ ശ്രദ്ധയെ ആകർഷിക്കുകയും ചെയ്തിരുന്നു.[7]

പട്ടത്താനസദസ്സിൽ വിദ്വത്വത്തിന്റെ പണക്കിഴികൾ ലഭിച്ചിട്ടുള്ള പെരുന്തൽമണ്ണയ്ക്കടുത്തുള്ള മണ്ണേക്കാട്ടുഗ്രാമത്തിലെ മൂത്തിരിങ്ങോട്-നരിപ്പറ്റ ഭട്ടതിരിമാരുടെ വംശത്തിൽ ജനിച്ച ഭവത്രാതനാണ് ജൈമിനീയ സാമവേദത്തിന്റെ ഗൃഹ്യശ്രൗതസൂത്രങ്ങളുടെ വ്യാഖ്യാനം രചിച്ചിട്ടുള്ളത്. ‘ഭവത്രാതീയ’മെന്ന ഈ മധ്യകാലസംസ്‌കൃതകൃതി ജൈമിനീയ സാമവേദപഠനത്തിലെ അതിവിദഗ്ദ്ധമായ വിമർശഗ്രന്ഥമാണെന്ന് ഫിനിഷ് സർവ്വകലാശാലയിലെ ഇൻഡോളജി പ്രൊഫസർ ആസ്‌കോ പാർപ്പോള സാക്ഷ്യപ്പെടുത്തുന്നു.[8] എന്തായാലും കേരളത്തിലെ മറ്റു നാട്ടുരാജാക്കന്മാരാരും തന്നെ പട്ടത്താനം പോലൊരു ധൈഷണികമത്സരം സംഘടിപ്പിക്കാൻ മുതിർന്നിരുന്നില്ല എന്നത് സാമൂതിരികാലത്തെ ജ്ഞാനപ്പെരുമയെ ഉയർത്തിക്കാട്ടുന്നുണ്ട്.

പ്രൊഫ. ആസ്‌കോ പാർപ്പോള
പ്രൊഫ. ആസ്‌കോ പാർപ്പോള

മധ്യകാല കേരളത്തിലെ ഈ ജ്ഞാനവികാസത്തിന്റെ അടിയടരുകൾ ഒട്ടൊക്കെ സമഗ്രമായി പഠിക്കാൻ ശ്രമിച്ചിട്ടുള്ളത് ഡോ. വെളുത്താട്ടു കേശവനാണ്. 2022-ൽ ഡോ. കേശവൻ നടത്തിയ ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ്സിലെ അധ്യക്ഷപ്രഭാഷണത്തിൽ കേരളസമൂഹത്തിൽ ഇക്കാലത്തുണ്ടാവുന്ന ഘടനാപരമായ മാറ്റങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.[9]

കേരളസമൂഹം സി.ഇ. 800 മുതൽ 1124 വരെ നിലനിന്ന രണ്ടാം ചേരഭരണത്തിനുശേഷം കൂടുതൽ സങ്കീർണ്ണവും ബഹുസ്വരവുമാകുന്നതായി പ്രബന്ധം സൂചിപ്പിക്കുന്നു. ഫ്രഞ്ച് സോഷ്യോളജിസ്റ്റ് ജോർജ് ഗുർവിച്ചിന്റെയും അന്നാൽ (Annaels) സ്കൂൾ ചരിത്രകാരനായ ഫെർണാൻഡ് ബ്രോദേലിന്റെയും ഉൾക്കാഴ്ചകളെ പിന്തുടർന്ന് ഡോ. കേശവൻ പതിനൊന്നാം നൂറ്റാണ്ടു മുതൽ കേരളത്തിൽ വികസിച്ചുവന്ന നഗരവൽക്കരണത്തിന്റെ സവിശേഷതകൾ കണ്ടെത്തുകയും മറ്റു ദക്ഷിണേന്ത്യൻ നാട്ടുരാജ്യങ്ങളിൽനിന്നും വിഭിന്നമായി വിജയനഗരസാമ്രാജ്യത്തിന്റെ അധികാരപരിധിയിൽനിന്നും വിട്ടുനിൽക്കാൻ കഴിഞ്ഞ കേരളത്തിൽ ഇക്കാലത്തു നടന്ന ഐതിഹാസികമായ കാർഷികവികസനത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു.

ചേരകാലത്ത് വ്യാപകമായിരുന്ന നെൽക്കൃഷി നിലനിർത്തുകയും അതേസമയം ‘പറമ്പു-പുരയിടം’ കാർഷിക വ്യവസ്ഥയിലേക്ക് മാറുകയും ചെയ്തതിനെപ്പറ്റി 12-ാം നൂറ്റാണ്ടിലെ ലിഖിതങ്ങൾ സൂചിപ്പിക്കുന്നുണ്ട്. പതിനഞ്ചാം നൂറ്റാണ്ടിലെ ‘ശുകസന്ദേശ’മെന്ന സംസ്‌കൃതകാവ്യം കുരുമുളക്, നാളികേരം, അടയ്ക്ക, വെറ്റില എന്നിവയുടെ സമൃദ്ധമായ പറമ്പുകൃഷിയെപ്പറ്റിയും കേരളത്തിലെ തുറമുഖ നഗരങ്ങളിലുള്ള അവയുടെ വ്യാപകമായ വില്പനയെപ്പറ്റിയും പ്രതിപാദിക്കുന്നുണ്ട്. അറബികളും ചൈനക്കാരും യൂറോപ്യന്മാരും മറ്റുള്ളവരും ഇവയെല്ലാം വാങ്ങി വിദൂരരാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്നതും രേഖപ്പെടുത്തിയിട്ടുണ്ട്.[10]

ഈ വ്യാപാര വളർച്ച ധനവിനിയോഗത്തിന്റെ പുതിയ തലങ്ങൾ സൃഷ്ടിക്കുകയും തദ്വാരാ പുത്തൻ സാമ്പത്തികശൃംഖലകളും സാമൂഹ്യബന്ധങ്ങളും വികസിപ്പിക്കുകയും ചെയ്തു. മണിപ്രവാളകാവ്യങ്ങളുൾപ്പെടെയുള്ള ഇക്കാലത്തെ പല കൃതികളിലും നാഗരികതയുടേതായ നവസംവേദനധാരകളും ജീവിതസന്ദർഭങ്ങളും ആവിഷ്‌കരിക്കപ്പെട്ടിരുന്നു. മധ്യകാലകേരളത്തിൽ വ്യാപാരവളർച്ചയും നഗരവത്ക്കരണവും ഊടും പാവുമായി പ്രവർത്തിച്ചുവെന്നു മാത്രമല്ല, ഒട്ടൊക്കെ വികസിതമായ നിലകളിലെത്തിച്ചേരുകയും ചെയ്തിരുന്നു.

ഫെർണാൻഡ് ബ്രോദേൽ, ജോർജ് ഗുർവിച്ച്
ഫെർണാൻഡ് ബ്രോദേൽ, ജോർജ് ഗുർവിച്ച്

തീരദേശവ്യാപാരത്തിന്റെയും വിദേശവാണിജ്യത്തിന്റെയും ശൃംഖലകൾ ഹിന്ദു, മുസ്ലീം, കൃസ്ത്യാനികളോടൊപ്പം ജൂതരും പാഴ്‌സികളും ചെട്ടികളും ഗുജറാത്തികളും അറബികളും ചൈനക്കാരും യൂറോപ്യന്മാരും മറ്റും ചേർന്നാണ് നിയന്ത്രിച്ചിരുന്നത്. ദൂരദേശവ്യാപാരത്തിൽ മുന്നിട്ടുനിന്നിരുന്നത് കോഴിക്കോടും അതിനുശേഷം കൊല്ലവും കണ്ണൂരുമായിരുന്നു.

കാവ്യങ്ങളിലുള്ള നഗരവർണ്ണനകളും അങ്ങാടിക്കാഴ്ചകളും ഇന്ത്യയിലെ സംസ്‌കൃത കാവ്യങ്ങളുടെ അനുകരണം മാത്രമായിരുന്നില്ല. ഒരുപക്ഷേ ഏറെ പ്രധാനം അക്കാലത്തെ ഉപരി/മധ്യശ്രേണികളിൽപ്പെട്ടവർ പ്രദർശിപ്പിച്ച ഗവേഷണത്വരയും ആത്മഗൗരവവും സ്ഥിതപ്രജ്ഞതയുമായിരുന്നു. നാട്ടുരാജ്യങ്ങളെന്ന നിലയിൽ കോലത്തുനാടും കോഴിക്കോടും വേണാടും ഇക്കാലത്തു പ്രദർശിപ്പിച്ച ആത്മവിശ്വാസവും ഡോ. എം.ആർ. രാഘവവാരിയർ ലീലാതിലകത്തിൽ കണ്ടെത്തിയ സ്വത്വദൃഢതയും ഒന്നുതന്നെ. നാടകാദികളോടൊപ്പം വളർന്ന ജ്ഞാനശാഖകളിൽ മീമാംസ, വേദാന്തം, വ്യാകരണം, തന്ത്രം എന്നിവയ്ക്കു പ്രാധാന്യമുണ്ടെങ്കിലും ഇന്നും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് ജ്യോതിശ്ശാസ്ത്രം, ഗണിതശാസ്ത്രം, ആയുർവേദം എന്നിവയുടെ അഭൂതപൂർവമായ വികാസമായിരുന്നു.

അടുത്തകാലത്ത് ‘കേരള സ്‌കൂൾ ഓഫ് മാത്തമാറ്റിക്‌സ്’ എന്നറിയപ്പെടുന്ന ഗണിതശാസ്ത്രത്തിന്റെയും ജ്യോതിശ്ശാസ്ത്രത്തിന്റെയും 14-17 നൂറ്റാണ്ടിലെ പഠനങ്ങൾ ഒട്ടേറെ പണ്ഡിതശ്രദ്ധ ആകർഷിച്ചുകഴിഞ്ഞിട്ടുണ്ട്. ചാൾസ് വിഷ് (Charles Whish) 1834-ൽ റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ ആൻഡ് അയർലൻഡിൽ നടത്തിയ പ്രഭാഷണത്തിൽ എടുത്തുപറഞ്ഞത് കേരള സ്‌കൂൾ ഓഫ് മാത്തമാറ്റിക്‌സിലെ നാല് ജ്യോതിശ്ശാസ്ത്ര/ഗണിതശാസ്ത്രകൃതികളെപ്പറ്റിയാണ്.
നീലകണ്ഠ സോമയാജിയുടെ ‘തന്ത്രസംഗ്രഹം’, ജ്യേഷ്ഠദേവന്റെ ‘യുക്തിഭാഷ’, പുതുമന സോമയാജിയുടെ ‘കരണപദ്ധതി’, ശങ്കരന്റെ ‘സദ്‌രത്‌നമാല’ എന്നിവയാണീ കൃതികൾ.

ഈ ഗ്രന്ഥങ്ങൾക്കു പുറമെ, രണ്ടായിരത്തിൽപരം ജ്യോതിശ്ശാസ്ത്ര / ഗണിതശാസ്ത്രകൃതികൾ ഡോ. കെ.വി. ശർമ്മ കണ്ടെത്തിയിട്ടുണ്ട്. ഇതു കൂടാതെ ഉള്ളൂരും അനേകം കൃതികൾ ഈ ജ്ഞാനശാഖയിൽ ഉൾപ്പെടുത്തുന്നുണ്ട്. ഇവയിൽ ഏറ്റവും പ്രധാനം സംഗമഗ്രാമത്തിലെ മാധവന്റെയും (1340-1425), വടശ്ശേരി പരമേശ്വരന്റെയും (1360-1460), കേളല്ലൂരിലെ നീലകണ്ഠ സോമയാജിയുടെയും (1444-1545), ശങ്കരവാര്യരുടെയും (1500-1560), തൃക്കണ്ടിയൂരിലെ അച്യുതപ്പിഷാരടിയുടെയും (1550-1621), പുതുമന സോമയാജിയുടെയും (1660-1740) കൃതികളാണ്. ഇവയിൽ മാധവന്റെയും ജ്യേഷ്ഠദേവന്റെയും ഗ്രന്ഥങ്ങളാണ് ഗണിതശാസ്ത്രത്തിൽ പുതുവഴികൾ വെട്ടിത്തുറന്നതായി പറയപ്പെടുന്നത്.

മാധവ സീരീസ്
മാധവ സീരീസ്

മാഞ്ചസ്റ്റർ യൂണിവേഴ്‌സിറ്റിയിലെ എക്കണോമെട്രിക്‌സ് പ്രൊഫസറും ഗ്രന്ഥകാരനുമായ ഡോ. ജോർജ്ജ് ഗീവർഗീസ് ജോസഫ് ചൂണ്ടിക്കാണിക്കുന്നത്, 1350-ൽ കേരളീയ പണ്ഡിതർ ലോകത്തിലാദ്യമായി ‘ഇൻഫിനിറ്റ് സീരീസ്’ കണ്ടുപിടിച്ചു എന്നതാണ്.[11]

അടുത്തകാലം വരെ ‘ഗ്രിഗറി സീരീസ്’ എന്നറിയപ്പെട്ടിരുന്ന ഗണിതസൂത്രങ്ങൾ ഇന്ന് ‘മാധവ-ഗ്രിഗറി സീരീസ്’ എന്നും ‘ലീബ്‌നിസ് സീരീസ്’ ‘മാധവ-ലീബ്‌നിസ് സീരീസ്’ എന്ന പേരിലും പുനർനാമകരണം ചെയ്യപ്പെടേണ്ടതുണ്ടെന്നും ഡോ. ജോർജ്ജ് ഗീവർഗീസ് ജോസഫ് വാദിക്കുന്നു.

ആദ്യം അറബികൾ വഴിയും 16-ാം നൂറ്റാണ്ടു മുതൽ ജെസ്യൂട്ട് പുരോഹിതർ വഴിയും മധ്യകാല കേരളത്തിലെ താളിയോലഗ്രന്ഥങ്ങൾ വത്തിക്കാനിലും പാരീസിലും മറ്റും എത്തിയതായി പണ്ഡിതലോകം ഇന്നംഗീകരിച്ചുകഴിഞ്ഞിട്ടുണ്ട്. 9-ാം നൂറ്റാണ്ടിൽ ശങ്കരനാരായണൻ രചിച്ച ‘ലഘുഭാസ്‌കരീയ’ വ്യാഖ്യാനം പിൽക്കാലത്തുള്ള പഠനങ്ങളുടെ തുടക്കമായി കണക്കാക്കാവുന്നതാണെന്ന് ഡോ. കേശവൻ അഭിപ്രായപ്പെടുന്നു.[12]

ആയുർവ്വേദത്തിലും ഉന്നതനിലവാരം പുലർത്തുന്ന പല കൃതികളും ഇക്കാലത്ത് രചിക്കപ്പെട്ടിരുന്നു. ‘ആലത്തൂർ മണിപ്രവാളം’, ‘ചികിത്സാമഞ്ജരി’, ‘യോഗാമൃതം’, ‘അഭിധാനമഞ്ജരി’, ‘സിന്ദൂരമഞ്ജരി’, ‘അഷ്ടാംഗഹൃദയ’ത്തിന്റെ ‘കൈരളി’ വ്യാഖ്യാനം തുടങ്ങിയ ഗ്രന്ഥങ്ങൾ ചികിത്സാരംഗത്തും ഔഷധനിർമ്മാണത്തിലും പണ്ഡിതലോകത്തിന് ഇന്നും വഴികാട്ടികളായി നിലകൊള്ളുന്നു.

ചുരുക്കിപ്പറയട്ടെ, ഇവിടെ ചർച്ച ചെയ്യപ്പെട്ട എല്ലാ ധൈഷണിക മേഖലകളിലും കനത്ത സംഭാവനകൾ നൽകിയവരിൽ ഒട്ടനേകം പണ്ഡിതന്മാർ സാമൂതിരിത്തട്ടകത്തിൽനിന്നുള്ളവരാണ്. ഇതിന്റെ അർത്ഥം, സാമൂതിരി രാജാക്കന്മാർ ഈ പഠനങ്ങളെയെല്ലാം നേരിട്ട് പ്രോത്സാഹിപ്പിച്ചിരുന്നു എന്നല്ല. 14-17 നൂറ്റാണ്ടുകളിൽ വിവിധ വിഷയങ്ങളിൽ ധാരാളം ഗവേഷണപഠനങ്ങൾ സാമൂതിരി രാജ്യത്തിന്റെ അതിർത്തികൾക്കുള്ളിൽ നടന്നിരുന്നു എന്ന് ആനുഷംഗികമായി സൂചിപ്പിക്കുവാൻ മാത്രമാണ്.

കോഴിക്കോട് സാമൂതിരി (1495–1500)  by Veloso Salgado in 1898
കോഴിക്കോട് സാമൂതിരി (1495–1500) by Veloso Salgado in 1898

‘ക്രി.വ. 1644-ൽ രചിക്കപ്പെട്ടതായി വിശ്വസിക്കപ്പെടുന്ന പൂർവ്വഭാരത ചമ്പുവും ക്രി.വ. 1654-ൽ രചിക്കപ്പെട്ടതായി വിശ്വസിക്കപ്പെടുന്ന കൃഷ്ണഗീതിയുമാണ് പഴയ കൃതികളിൽ പ്രധാനം. കോഴിക്കോട്ടെ മാനവേദരാജാവാണ് കർത്താവ്. കൃഷ്ണഗീതി രചിച്ചതിന്റെ പേരിൽ അദ്ദേഹത്തിന് കൃഷ്ണനാട്ടം സാമൂതിരിപ്പാട് എന്നും പേരുണ്ടായി. കഥകളിയുടെ പ്രാരംഭ രൂപങ്ങളിലൊന്നായി കരുതപ്പെടുന്ന കൃഷ്ണനാട്ടത്തിന്റെ സാഹിത്യമായി ആ കൃതി ഉപയോഗിച്ചിരുന്നുവത്രേ’. [13]

15-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ചേന്നാസ്സ് രചിച്ച തന്ത്രസമുച്ചയവും മനോരമത്തമ്പുരാട്ടി രചിച്ച ‘പ്രൗഢമനോരമ’ എന്ന വ്യാകരണഗ്രന്ഥവും മറ്റനവധി കൃതികളും സാമൂതിരികാലത്തിന്റെ നിർമ്മിതികളാണ്. ‘ഈ ധാരയ്ക്കു സമാന്തരമായി കോഴിക്കോട്ടെ അറബിസാഹിത്യരചന നിലനിന്നുപോന്നു. ക്രി.വ. 1616-ൽ നിര്യാതനായ പണ്ഡിതനും കോഴിക്കോട്ടെ ഖാസിയുമായിരുന്ന മുഹമ്മദ് രചിച്ച ‘ഫത്ഹുൽമുബീൻ’ (പ്രത്യക്ഷവിജയം) എന്ന അറബികാവ്യത്തിലെ പ്രമേയം കേരളചരിത്രമാണ്.

‘ചാലിയത്തെ പോർച്ചുഗീസ് കോട്ട തകർക്കുന്നതിൽ മുസ്ലീങ്ങളും നായന്മാരും കാണിച്ച ഐക്യത്തെ ഈ കാവ്യം വാഴ്ത്തുന്നുണ്ട്. സാമൂതിരിയുടെ രാജ്യത്ത് എത്ര മാതൃകാപരമായ മതമൈത്രിയാണ് പുലരുന്നത് എന്നും മുസ്ലീങ്ങൾ എത്രമാത്രം സമാധാനത്തിലാണ് ഈ അമുസ്ലിംരാജാവിനു കീഴിൽ ജീവിക്കുന്നത് എന്നും അറബിനാടുകളിലെ മുസ്ലീങ്ങളെ അറിയിക്കാൻവേണ്ടിയാണ് ഇത് രചിക്കുന്നത് എന്നും കവി എടുത്തുപറയുന്നുണ്ട്. ഫത്ഹുൽമുബീൻ സമർപ്പിച്ചിരിക്കുന്നതും സാമൂതിരിക്കാണ്.’ 14
ഖാസി മുഹമ്മദ്തന്നെ 1607-ൽ രചിച്ച ഏറ്റവും പഴയ മാപ്പിളപ്പാട്ടുകൃതിയായ ‘മുഹ്‌യിദ്ദീൻ മാല’യും ഏറെ പ്രസിദ്ധമാണ്.

ഫതഹുല്‍ മുയീന്‍
ഫതഹുല്‍ മുയീന്‍

മലബാറിൽ ഇക്കാലമെല്ലാം നിലനിന്നിരുന്ന മതസൗഹാർദ്ദത്തിന്റെയും സാംസ്‌കാരിക ബഹുസ്വരതയുടെയും അടിവേരുകൾ ചെന്നെത്തുക 15-ാം നൂറ്റാണ്ടുമുതൽ വളർന്നുവന്ന നാണ്യവൽക്കൃത സമ്പദ്ഘടനയിലും നികുതിസംഭരണത്തിലും വ്യാപാരശൃംഖലയിലുമായിരിക്കും. ഇന്നാട്ടുകാരായ ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻസമുദായങ്ങൾക്കുപുറമെ, ഇൻഡ്യയിലെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ വ്യാപാരികളുടെയും തൊഴിൽകൂട്ടങ്ങളുടെയും അവരുമായൊക്കെ സഹവർത്തിത്വം നിലനിർത്തിയ അറബികൾ, ചൈനീസ്, യൂറോപ്യർ തുടങ്ങിയവരുടെയും കൊടുക്കൽ-വാങ്ങലുകൾ കോഴിക്കോടിന്റേതായ ഒരു സാംസ്‌കാരിക സാർവ്വജനീനത ഇവിടെ വളർത്തിയെടുക്കാൻ സഹായിച്ചിരുന്നു.

ഡോ. രാജൻ ഗുരുക്കൾ മതസൗഹാർദ്ദത്തിന്റെ അടിസ്ഥാനമായി ചൂണ്ടിക്കാണിക്കുന്നത്, മധ്യകാല കേരളത്തിലെ മലനാടും ഇടനാടും തീരപ്രദേശവും തമ്മിലുള്ള വ്യാപാരത്തിന്റെ സാമ്പത്തിക-സാമൂഹ്യമാനങ്ങളെയാണ്. തീരപ്രദേശങ്ങളിൽ വിളവെടുത്ത ഉപ്പും ഉണക്കമത്സ്യവും പുറമെനിന്നും ഇറക്കുമതിചെയ്ത വസ്തുക്കളും ഇടനാട്ടിലും മലനാട്ടിലും ധാരാളം വിറ്റഴിക്കപ്പെട്ടിരുന്നു. അതുപോലെ മലമ്പ്രദേശത്തുനിന്നുള്ള അരിയും കാർഷികവിളകളും കുരുമുളകും സുഗന്ധദ്രവ്യങ്ങളും ഉണക്കമാംസവും മറ്റു പ്രദേശങ്ങളിലും വലിയ തോതിൽ വിറ്റഴിച്ചിരുന്നു.[15]

ഡോ. മൈക്കിൾ തരകന്റെ അഭിപ്രായത്തിൽ, മധ്യകാലങ്ങളിലെ ഈ പരസ്പരാശ്രിത സമ്പദ്‌വ്യവസ്ഥയിൽ വ്യത്യസ്ത ദേശങ്ങളിൽ പ്രധാനികളായിരുന്ന സമുദായങ്ങൾ അന്യോന്യം സഹകരിക്കുകയും തദ്വാരാ സമുദായ സൗഹാർദ്ദത്തിന്റെ അടിക്കല്ലുകൾ രൂപപ്പെടുത്തുകയും ചെയ്തിരുന്നു.[16]

ഈ സാമ്പത്തികോദ്ഗ്രഥനം മതസൗഹാർദ്ദം നിലനിർത്താൻ സാമൂതിരിയുൾപ്പെടെയുള്ള മധ്യകാലരാജാക്കന്മാരെ ഏറെ സഹായിച്ചിരുന്നു എന്നതിൽ സംശയമില്ല.

ഡോ. രാജൻ ഗുരുക്കൾ
ഡോ. രാജൻ ഗുരുക്കൾ

മുസ്ലീങ്ങളും ക്രിസ്ത്യാനികളുമുൾപ്പെട്ട അബ്രാഹ്മണസമുദായങ്ങളുമായി സാമൂതിരിമാർ നിലനിർത്തിയ സൗഹാർദ്ദങ്ങളും ഈ മതനിരപേക്ഷസംസ്‌കാരം ഊട്ടിയുറപ്പിക്കുന്നതിൽ വലിയ പങ്ക് വഹിച്ചിരുന്നു.
ഡോ. എം.ജി.എസ്. നാരായണൻ കണ്ടെടുത്ത് വിശകലനം ചെയ്ത കോഴിക്കോട്ടെ പ്രശസ്തമായ മുച്ചുന്തിപ്പള്ളിയിലുള്ള പുരാലിഖതം സാമൂതിരിരാജാവ് 13-ാം നൂറ്റാണ്ടിൽ ഈ മുസ്ലിംദേവാലയത്തിന് ഭൂമിയും മറ്റു ധനവിഭവങ്ങളും നേരിട്ടുനൽകിയതായി രേഖപ്പെടുത്തുന്നു.[17]

ഡോ. നാരായണൻ തന്റെ പഠനം അവസാനിപ്പിക്കുന്നതിങ്ങനെയാണ്: ‘The seat of the celebrated Zamorins; a city where the Arabs, the Chinese, the Abyssinians and the Europeans walked freely; a time honored model for peaceful co-existence of diverse beliefs, traditions and customs; Historical evolution of the city of Calicut is mind blowing.’18

ഹാർവാഡ് സർവ്വകലാശാലയിലെ രാഷ്ട്രതന്ത്ര പ്രൊഫസറായിരുന്ന ഡോ. അശുതോഷ് വാർഷ്‌ണേയുടെ പ്രശസ്തപഠനം മതസൗഹാർദ്ദത്തിന്റെ ഉത്ഭവവും വികാസവും കണ്ടെത്തുന്നത് കോഴിക്കോട്ടെ സമുദായങ്ങൾക്കിടയിൽ മധ്യകാലം മുതൽ നിലനിന്ന പരസ്പരാശ്രിതത്വത്തിലും സാമൂഹ്യബന്ധങ്ങളുടെ ഉദ്ഗ്രഥനത്തിലുമാണ്.[19]

ഇവിടെ എല്ലാവരും വിവാഹത്തിലും വ്യാപാരിസംഘടനകളിലും തൊഴിൽസംഘടനകളിലും ഒരുമിച്ച് പങ്കെടുക്കുന്നു. നേരെമറിച്ച് ഇടയ്ക്കിടയ്ക്ക് വർഗ്ഗീയസംഘർഷം പൊട്ടിപ്പുറപ്പെടുന്ന യു.പി.യിലെ അലിഗഢ് നഗരത്തിൽ വിവാഹാഘോഷങ്ങളിലും സംഘടനാരൂപീകരണത്തിലും സമുദായങ്ങൾ പരസ്പരം ഒഴിവാക്കുന്നു. കോഴിക്കോട്ട് നിലനിന്നിരുന്ന സമുദായ സൗഹാർദ്ദവും പരസ്പരാശ്രിതത്വവും ഊട്ടിയുറപ്പിക്കുന്നതിൽ സാമൂതിരിഭരണത്തിനുണ്ടായിരുന്ന പങ്ക് വലുതായിരുന്നു എന്ന് നിസ്സംശയം പറയാൻ കഴിയും.

13-ാം നൂറ്റാണ്ടിലെ കോഴിക്കോട് കുറ്റിച്ചിറയിലുള്ള പ്രസിദ്ധമായ മുച്ചുന്തിപ്പള്ളിക്ക് സാമൂതിരി സ്വത്തും മറ്റ് ആനുകൂല്യങ്ങളും നൽകുന്ന ശിലാലിഖിതത്തെപ്പറ്റി ഡോ. എം.ജി.എസ്. നാരായണൻ പറയുന്നതിങ്ങനെയാണ്: ‘സ്ഥാണു രവിയുടെ തരീസാപ്പള്ളിപ്പട്ടയത്തോടും ഭാസ്‌കരരവിയുടെ ജൂതപ്പട്ടയത്തോടും വീര രാഘവപ്പട്ടയത്തോടും തുല്യമായ പ്രാധാന്യമാണ് ക്രിസ്തുവർഷം 13-ാം ശതകത്തിലുണ്ടായ മുച്ചുന്തിപ്പള്ളിയിലെ ശിലാരേഖയ്ക്കുള്ളത്.’ [20]

കോഴിക്കോട് ബീച്ചിലുള്ള ദേവമാതാ പള്ളി
കോഴിക്കോട് ബീച്ചിലുള്ള ദേവമാതാ പള്ളി

1599-ൽ കോഴിക്കോട് ബീച്ചിലുള്ള ദേവമാതാ പള്ളി പണിതുകൊടുത്തതും 1724-ൽ പുതുക്കി പണിതതും സാമൂതിരിയായിരുന്നു. കേരള ചരിത്രത്തിലെ തന്നെ പള്ളിയോടു ചേർന്നുള്ള ആദ്യത്തെ പള്ളിക്കൂടം 1793-ൽ ആരംഭിച്ചത് ഇവിടെയാണ്.[21]

19-ാം നൂറ്റാണ്ടിന്റെ മധ്യദശകങ്ങളിൽ കോഴിക്കോട് നഗരത്തിന്റെ മർമ്മഭാഗമായ മാനാഞ്ചിറയ്ക്ക് ചുറ്റും ബി.ഇ.എം. സ്കൂളും, പള്ളിയും, ബാസൽ മിഷൻ ഇൻഡസ്ട്രീസും (ഇപ്പോൾ കോമൺവെൽത്ത്) മറ്റും സ്ഥാപിക്കുവാൻ ജർമ്മൻ/സ്വിസ് മിഷനറിമാർക്ക് ഒട്ടൊക്കെ സൗജന്യമായും കുറച്ച് വിലയ്ക്കും സ്ഥലം നൽകിയത് സാമൂതിരി രാജാവായിരുന്നുവെന്ന് പ്രശസ്ത അഭിഭാഷകനും ചരിത്രകുതുകിയുമായ വിക്ടർ ആൻറണി നൂൺ അഭിപ്രായപ്പെടുന്നു. അക്കാലങ്ങളിലെല്ലാം കേരളത്തിലെ പല നാട്ടുരാജാക്കന്മാരും ഇടപ്രഭുക്കന്മാരും വിദ്യാഭ്യാസപ്രവർത്തനങ്ങൾക്കായി മിഷനറിമാർക്ക് സ്ഥലം നൽകിയിട്ടുണ്ടെന്ന് അഡ്വ.നൂൺ സ്വകാര്യ സംഭാഷണത്തിൽ സൂചിപ്പിക്കുകയുണ്ടായി.

സാമൂതിരിയും ബ്രിട്ടീഷ് മലബാറിലെ ഉപരിവിദ്യാഭ്യാസവും

19-ാം നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തിൽ സാമൂതിരി കോഴിക്കോട്ടു തളിയിൽ ഒരു സംസ്‌കൃത കോളേജ് നടത്തിയിരുന്നുവെന്ന വസ്തുത വിദ്യാഭ്യാസ ചിന്തകരെ അത്ഭുതപ്പെടുത്തിയ ഒരു കണ്ടെത്തലാണ്. 17-ാം നൂറ്റാണ്ടിൽ കോട്ടയത്ത് ഡച്ച് ഈസ്റ്റ് ഇന്ത്യാകമ്പനി തുടങ്ങിയ ബഹുഭാഷാ പഠനശാലയിൽ വടക്കുംകൂർ രാജാവ് സംസ്‌കൃതം പഠിപ്പിച്ചിരുന്നുവെന്ന് കോട്ടയത്തെ നാട്ടുകൂട്ടം സെക്രട്ടറി രാജീവ് പള്ളിക്കോണത്തിന്റെ പഠനത്തെ മുൻനിർത്തി ഡോ. മൈക്കിൾ തരകൻ അഭിപ്രായപ്പെടുന്നു (Personal communication). മാന്നാനത്തെ സംസ്‌കൃത സ്ഥാപനം 1840-കളിൽ തുടങ്ങുമ്പോൾ, തൃപ്പൂണിത്തുറയിലെ സംസ്‌കൃതകോളേജ് 1885-ലും തിരുവനന്തപുരം സംസ്‌കൃത കോളേജ് 1889-ലുമാണ് ആരംഭിക്കുന്നത്.

18-ാം നൂറ്റാണ്ടിന്റെ അവസാനം എല്ലാ അധികാരവും ബ്രിട്ടീഷുകാർക്ക് വിട്ടുകൊടുക്കേണ്ടിവന്ന സാമൂതിരി 1820-കളിൽ കേരളത്തിലെ ആദ്യത്തെ സംസ്‌കൃത കോളേജ് നടത്തിയിരുന്നു എന്നത് ഈ രാജകുടുംബം വിദ്യാഭ്യാസത്തിനു നൽകിയ പ്രാധാന്യത്തെയാണ് സൂചിപ്പിക്കുന്നത്. കോളേജ് നടത്തിക്കൊണ്ടുപോകുവാൻ താൻ ബുദ്ധിമുട്ടുകയാണെന്നും സ്ഥാപനം നിലനിർത്താൻ തന്റെ ഉദാരമായ സാമ്പത്തിക പിന്തുണയ്ക്കപ്പുറം ഈസ്റ്റിന്ത്യാകമ്പനിയുടെ സഹായം ആവശ്യമാണെന്നും 1821-ൽ മലബാർ കലക്ടർക്കെഴുതിയ കത്തിൽ സാമൂതിരി പറയുന്നുണ്ട്. അധ്യാപകരുടെ മാസശമ്പളം അഞ്ചോ ആറോ രൂപ മാത്രമാണെന്നും, അവർക്കത് അടിയന്തിരാവശ്യത്തിനുപോലും തികയുന്നില്ലെന്നും, തന്മൂലം കഴിവുള്ള അധ്യാപകരെ കിട്ടാൻ വിഷമിക്കുന്നുവെന്നും കത്തിൽ പറയുന്നുണ്ട്.[22]

1845-ൽ ജനിച്ച് 1912 മുതൽ 1915 വരെ സാമൂതിരിയായിരുന്ന മാനവിക്രമൻ ഏട്ടൻ തമ്പുരാൻ സംസ്കൃതത്തിനും മലയാളത്തിനും ഏറെ സംഭവന ചെയ്ത മഹാപണ്ഡിതനായിരുന്നു. ഉള്ളൂരിന്റെയും വടക്കുംകൂറിന്റെയും സാഹിത്യചരിത്രങ്ങളിൽ ഇദ്ദേഹത്തിന്റെ കൃതികളെയും സാഹിത്യപ്രവർത്തനങ്ങളെയും പറ്റിയുള്ള വിവരങ്ങൾ ലഭ്യമാണ്.

സ്വഗൃഹമായ മാങ്കാവുകോവിലകത്ത് നടന്നിരുന്ന ഏട്ടൻ തമ്പുരാന്റെ സാഹിത്യസദസ്സുകളിൽ പങ്കെടുത്തവരിൽ കേരളവർമ്മ വലിയ കോയിത്തമ്പുരാനും കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനും പുന്നശ്ശേരി നീലകണ്ഠശർമ്മയും വളളത്തോളും വാസുണ്ണി മൂസ്സതും പി,വി. കൃഷ്ണവാരിയരും മറ്റും ഉൾപ്പെട്ടിരുന്നു. ദേശമംഗലത്ത് വാരിയരായിരുന്നു അദ്ദേഹത്തിന്റെ ഗുരുനാഥൻ.

മാങ്കാവ് കോവിലകം
മാങ്കാവ് കോവിലകം

1903-ൽ അദ്ദേഹം രചിച്ച കാശി യാത്രാചരിതം പാറായിൽ തോമോക്കത്തനാരുടെ ‘റോമായാത്ര’യ്ക്കുശേഷം മലയാളത്തിലുണ്ടായ രണ്ടാമത്തെ യാത്രാവിവരണമാണ്. അദ്ദേഹത്തിന്റെ നാല്പതോളം സംസ്‌കൃതകൃതികളിൽ മൂന്നു നാടകങ്ങളും ഉൾപ്പെടുന്നു. 1877-ൽ അന്നത്തെ സാമൂതിരിയായ പി.കെ. കുട്ടിയേട്ടൻ രാജയെ സാമൂതിരി കോളേജ് സ്ഥാപിക്കുന്നതിൽ പിന്തുണച്ചതും മാനവിക്രമൻ ഏട്ടൻ തമ്പുരാനായിരുന്നു. 1902 മുതൽ തിയോസഫിക്കൽ സൊസൈറ്റി കോഴിക്കോട്ട് നടത്തിയിരുന്ന ജാതിവിരുദ്ധ പ്രവർത്തനങ്ങളിലും ഏട്ടൻതമ്പുരാൻ പങ്കെടുത്തിരുന്നു.

സാമൂതിരി കോളേജ് ചരിത്രത്തിലെ കാണാപ്പുറങ്ങൾ

സാർവ്വത്രിക വിദ്യാഭ്യാസം യൂറോപ്പിൽ തുടങ്ങുന്നത് 19-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലാണ്. ജർമ്മനിയും ഹോളണ്ടുമായി താരതമ്യപ്പെടുത്തുമ്പോൾ ഇംഗ്ലണ്ടിലും വെയിൽസിലും സ്കൂൾ വിദ്യാഭ്യാസം പിന്നോക്കാവസ്ഥയിലായിരുന്നു. എന്നാൽ സ്കോട്ട്ലന്റിലെ വിദ്യാഭ്യാസരംഗം കൂടുതൽ വികസിച്ചിരുന്നു.

‘ബ്രിട്ടീഷ് ഗവൺമെന്റിന് ജനങ്ങളെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിൽ കാര്യമായ താല്പര്യമൊന്നുമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ മലബാറടക്കമുള്ള പ്രദേശങ്ങളിൽ വിദ്യാഭ്യാസം ചെയ്യിക്കുന്നതിനുള്ള ഉത്തരവാദിത്വം ഗവൺമെന്റ് സ്വകാര്യസ്ഥാപനങ്ങളിലേക്ക് കൈമാറുകയാണുണ്ടായത്. ഈസ്റ്റിന്ത്യാ കമ്പനിക്ക് വിദ്യാഭ്യാസത്തിനുവേണ്ടി പണം ചിലവാക്കാനുള്ള വിമുഖത, തിരുവിതാംകൂറും കൊച്ചിയുമടക്കമുള്ള നാട്ടുരാജ്യങ്ങൾ മറികടക്കുന്നത്, നാട്ടുരാജാക്കന്മാരുടെ വിദ്യാഭ്യാസത്തിലുള്ള ശക്തമായ സഹായത്തോടെയാണ്.’ '[23]

വില്യം ലോഗന്‍
വില്യം ലോഗന്‍

1841-ൽ സ്‌കോട്ട്‌ലന്റിൽ ജനിച്ച് 1875-ൽ മലബാർ കളക്ടറായിത്തീർന്ന വില്യം ലോഗന്റെയും കൂടി ഉത്സാഹത്തിലാണ് സാമൂതിരി രാജാവ് 1877-ൽ ‘കേരള വിദ്യാശാല’ കോഴിക്കോട്ട് സ്ഥാപിക്കുന്നത്. ഓക്സ്ഫോഡ് ബിരുദധാരിയായ സെസിൽ എം. ബാരോ ആദ്യത്തെ പ്രധാനാധ്യാപകനായി ചാർജ്ജെടുത്തതും തുടർന്ന് ആറുവർഷം ഈ സ്ഥാനത്തു തുടർന്നതും സ്ഥാപനത്തിന് ഗുണകരമായി. 1877-78ൽ സാമൂതിരികുടുംബത്തിലെ ഇരുപതോളം ആൺകുട്ടികൾക്കു മാത്രം പ്രവേശനം നൽകിയപ്പോൾ, 1878-79ൽ ഹിന്ദു, കൃസ്ത്യൻ, മുസ്ലീം വിദ്യാർഥികൾക്കായി വിദ്യാലയം തുറന്നുകൊടുത്തത് വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചു. 1879 ഫെബ്രുവരിയിൽ കേരളവിദ്യാശാല മദ്രാസ് യൂണിവേഴ്‌സിറ്റിയുടെ കീഴിൽ സെക്കൻഡ് ഗ്രേഡ് കോളേജായി ഉയർത്തപ്പെട്ടു. [24]

1900 മുതൽ സാമൂതിരി കോളേജിൽ വിദ്യാർത്ഥിയായിരുന്ന കെ.പി. കേശവമേനോൻ ഓർക്കുന്നു:
‘അന്ന് തീണ്ടൽജാതിക്കാർക്ക് കേരള വിദ്യാശാലയിൽ പ്രവേശനമുണ്ടായിരുന്നില്ല. എന്നാൽ മുസ്ലിങ്ങൾക്കും ക്രിസ്ത്യാനികൾക്കും പ്രവേശനമുണ്ടായിരുന്നു. തീണ്ടൽജാതിക്കാരെ പ്രവേശിപ്പിക്കാമോ എന്ന് കോളേജ് ഡിബേറ്റിങ്ങ് സൊസൈറ്റി ചർച്ച ചെയ്തിരുന്നു.’ [25]

കേരള വിദ്യാശാല പ്രിൻസിപ്പൽ സി.എം. ബാരോ 1882-ൽ എഡ്യൂക്കേഷൻ കമ്മീഷന് നൽകിയ വിവരണത്തിൽ അക്കാലത്ത് കോഴിക്കോട്ട് നിലനിന്നിരുന്ന താഴ്ന്ന ജാതിക്കാരോടുള്ള ക്രൂരതകളെപ്പറ്റി പ്രസ്താവിക്കുന്നു:
“താഴ്ന്ന ജാതിക്കാർ തങ്ങളുടെ കുട്ടികൾ ബ്രാഹ്മണരും നായന്മാരുമായി ഇടപഴകുന്നതിൽ വിമുഖരാണ്. ഏതാനും മുക്കുവക്കുട്ടികൾ ഗവ. സ്‌കൂളിലുണ്ടെങ്കിലും അടിമജാതിക്കാരായ ചെറുമരെ ഒട്ടുംതന്നെ കാണാൻ കഴിയില്ല. ചെറുമക്കളെ സ്‌കൂളിൽനിന്നും ആട്ടിയോടിക്കുമായിരുന്നു. ഉയർന്ന ജാതിക്കാർ പൊതുവേ, മറ്റു സമുദായക്കാർ തങ്ങളോടൊപ്പം വിദ്യാഭ്യാസം നേടുന്നതിൽ ഒട്ടൊക്കെ അനുകൂലിക്കുമെങ്കിലും, ചെറുമരുടെ കാര്യത്തിൽ ഇതു ബാധകമല്ലെന്നു തന്നെയല്ല, അവരെ നിർദ്ദയം അടിച്ചമർത്തുകയും ചെയ്യുമായിരുന്നു. ഒരു ചെറുമ വിദ്യാർത്ഥിയെ കയ്യിൽ പുസ്തകവുമായി കാണുകയാണെങ്കിൽ വഴിനടക്കാർ ആ പുസ്തകം തട്ടിപ്പറിച്ച് കീറിക്കളയുമായിരുന്നു. ഇതു കോഴിക്കോട്ടുള്ള ചെറുമ സ്‌കൂളിൽ നടന്ന സംഭവമാണ്.’’ [26]

കെ.പി. കേശവമേനോന്‍
കെ.പി. കേശവമേനോന്‍

1940-കളിലായിരിക്കണം, ദലിത് വിദ്യാർത്ഥികൾക്ക് ആദ്യമായി സാമൂതിരി കോളേജിൽ പ്രവേശനം ലഭിക്കുന്നത്. കോഴിക്കോട് യൂണിവേഴ്‌സിറ്റിയിലെ റിട്ടയേർഡ് ജോയിന്റ് രജിസ്ട്രാറും ദലിത് ആക്ടിവിസ്റ്റുമായ കെ.പി. ശശികുമാർ തന്റെ അമ്മയായ കെ. കല്യാണി (പട്ടാമ്പി പെരുമുടിയൂരിൽ ചെറുമ വിഭാഗത്തിൽപെട്ട കൊടോലിൽ കൊലവന്റെ മകൾ) പട്ടാമ്പി ഹൈസ്‌കൂളിലെ പഠനം കഴിഞ്ഞ് സാമൂതിരി കോളേജിൽ ഇന്റർമീഡിയറ്റിനു ചേർന്നത് 1947-48 ലാണെന്ന് ഓർക്കുന്നു. കെ. കേളപ്പന്റെ ഉത്സാഹത്തിൽ നടന്നിരുന്ന പുതിയറയിലെ കസ്തൂർബാ ബാലികസദനത്തിലായിരുന്നു താമസം. 1948 ജനുവരി 30-ന് മഹാത്മാഗാന്ധി വധിക്കപ്പെട്ടപ്പോൾ, കേളപ്പജിയുടെ നേതൃത്വത്തിൽ നടന്ന മൗനജാഥയിൽ അവരും പങ്കെടുത്തിരുന്നു. മലബാറിൽനിന്നും ആദ്യമായി ഇന്റർമീഡിയറ്റ് പാസ്സായ ദളിത് വിദ്യാർത്ഥിനി യായിരുന്നു അവർ.27

കോഴിക്കോട്ടെ പ്രഥമ ഗവണ്മെന്റ് കോളേജും കേരള വിദ്യാശാലയും

1873 മുതൽ 1882 വരെ കോഴിക്കോട്ടുനഗരത്തിൽ പ്രവർത്തിച്ചിരുന്ന, FA (Intermediate) കോഴ്‌സുൾപ്പെടെ പഠിപ്പിച്ചിരുന്ന ഗവണ്മെന്റ് കോളേജാണ് 1878-ൽ രണ്ടാം ഗ്രേഡ് കോളേജായിത്തീർന്ന കേരള വിദ്യാശാലയ്ക്ക് ബന്ധപ്പെടാനും മത്സരിക്കാനുമുണ്ടായിരുന്നത്. നല്ല അടിസ്ഥാന സൗകര്യങ്ങളും അധ്യാപകരും രണ്ടിടത്തുമുണ്ടായിരുന്നെങ്കിലും കേരള വിദ്യാശാല പെട്ടെന്നുതന്നെ ഗവണ്മെന്റ് കോളേജിനെ പിന്തള്ളി ഒന്നാംസ്ഥാനത്തെത്തി. ബ്രിട്ടീഷ് ഗവണ്മെന്റിന്റെ പ്രൊവിൻഷ്യൽ കമ്മിറ്റി റിപ്പോർട്ടിൽനിന്ന് സംഗ്രഹിച്ച First examination in Arts (FA) പരീക്ഷയുടെ 1880-ലെയും 1881-ലെയും ഫലങ്ങൾ പരിശോധിക്കാം (28):

Table - 1 : FA പരീക്ഷാഫലം (1880-81)
Table - 1 : FA പരീക്ഷാഫലം (1880-81)

ബ്രിട്ടീഷ് സർക്കാർ നേരിട്ടു നടത്തിയിരുന്ന ഗവണ്മെന്റ് കോളേജിന്റെ എഫ്.എ. പരീക്ഷാഫലങ്ങൾ (പ്രത്യേകിച്ച് 1881-ലേത്) കേരള വിദ്യാശാലയുടേതുമായി താരതമ്യപ്പെടുത്തുമ്പോൾ ഒട്ടും തന്നെ പ്രശംസാർഹമായിരുന്നില്ലെന്ന് മുകളിലത്തെ പട്ടികയിൽ കൊടുത്ത കണക്കുകൾ സൂചിപ്പിക്കുന്നു. വിദ്യാർത്ഥികളുടെ എണ്ണത്തിലും വിജയശതമാനത്തിലും കേരള വിദ്യാശാലയാണ് മുന്നിട്ടുനിന്നിരുന്നത്.

കോഴിക്കോട് ഗവണ്മെന്റ് കോളേജിലെ ഫസ്റ്റ് അസിസ്റ്റന്റായ ഡോ. ഡി. ജോസഫ് നിർദ്ദാക്ഷിണ്യം എഡ്യുക്കേഷൻ കമ്മീഷനോട് തന്റെ സ്ഥാപനത്തിലെ കോളേജ് വിഭാഗം ഉടനെതന്നെ അടച്ചുപൂട്ടാനും കോളേജിനെ ഹൈസ്‌കൂൾ മാത്രമായി തരംതാഴ്ത്താനും ആവശ്യപ്പെട്ടു. ഈ നടപടി മൂലം കേരള വിദ്യാശാല സ്വയം പര്യാപ്തമാകുമെന്നും ഗവണ്മെന്റ് കോളേജിന്റെ ഭീമമായ ചെലവുകൾ ഒഴിവാക്കാനാകുമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

1879-80ൽ ഗവണ്മെന്റ് കോളേജ് 6595 രൂപ ചെലവിട്ടപ്പോൾ കേരള വിദ്യാശാലയുടെ ചെലവ് 6404 രൂപ മാത്രമായിരുന്നു. ഒരു വിദ്യാർത്ഥിക്ക് ഗവണ്മെന്റ് കോളേജ് 305 രൂപ ചെലവിട്ടപ്പോൾ വിദ്യാശാലയുടെ ചെലവ് 273 രൂപ മാത്രമായിരുന്നു. തുടർന്ന് 1882-ൽ ബ്രിട്ടീഷ് സർക്കാർ ഗവണ്മെന്റ് കോളേജ് അടച്ചുപൂട്ടുകയും ആ സ്ഥാപനത്തെ ഒരു ട്രെയിനിങ് കോളേജായി മാറ്റുകയും ചെയ്തു.29
അതിനുശേഷം 1909-ൽ മലബാർ കൃസ്ത്യൻ സ്‌കൂൾ ഒരു സെക്കൻഡ് ഗ്രേഡ് കോളേജാകുന്നതുവരെ കോഴിക്കോട്ടെ ഒരേയൊരു ഉപരിവിദ്യാഭ്യാസ സ്ഥാപനമായിരുന്നത് 1900-ൽ സാമൂതിരി കോളേജായിത്തീർന്ന കേരളവിദ്യാശാലയാണ്.

പൂർവ്വ വിദ്യാർത്ഥികളുടെ ഒട്ടെല്ലാ ലേഖനങ്ങളിലും ഞങ്ങൾക്ക് കാണാൻ കഴിഞ്ഞത് കഴിഞ്ഞ ഒന്നര നൂറ്റാണ്ടുകാലത്തെ ഗുരുനാഥരോടുള്ള നിസ്സീമമായ സ്‌നേഹാദരങ്ങളാണ്.

കെ.പി. കേശവമേനോൻ ‘കഴിഞ്ഞ കാല’ത്തിൽ കുറിച്ചിട്ടുള്ളത് ജെ. സുബ്ബറാവു മാസ്റ്ററെപ്പറ്റിയാണ്. കുട്ടികളുടെ ആവശ്യം മനസ്സിലാക്കാനും അവരെ സന്തോഷിപ്പിക്കുവാനും, അറിയേണ്ടുന്ന കാര്യങ്ങൾ എളുപ്പത്തിൽ അവരെ പറഞ്ഞു മനസ്സിലാക്കുവാനും അദ്ദേഹത്തിന് ഏറെ സാമർത്ഥ്യമുണ്ടായിരുന്നു. തെറ്റുചെയ്ത കുട്ടികളെ അടിക്കാറില്ല. അവരുടെ മനസ്സിൽ പതിയത്തക്കവിധം അവർ ചെയ്ത തെറ്റ് സ്‌നേഹപൂർവ്വം ചൂണ്ടിക്കാണിക്കും. കുട്ടികളെയുംകൂട്ടി അടുത്ത പ്രദേശങ്ങളിൽ ‘അധ്യയനയാത്ര’ നടത്തും. പാട്ടും കളിയും പലഹാരവുമായുള്ള യാത്രകൾ രസകരമായിരുന്നു. എല്ലാ ദിവസവും ക്ലാസ്സ് തുടങ്ങുന്നതിനുമുമ്പ് കൂട്ടപ്രാർത്ഥന നടത്തും. അതിന് ഇഷ്ടമുളളവർ പോയാൽ മതി. എല്ലാ മതക്കാർക്കും പറ്റിയ വിധമാണ് പ്രാർത്ഥന. അതിന്നുശേഷം ഏതെങ്കിലും സദാചാര വിഷയത്തെക്കുറിച്ചുള്ള 5 മിനിട്ട് പ്രസംഗം ഏതെങ്കിലുമൊരധ്യാപകൻ നടത്തും. കുട്ടികളുടെ സ്വഭാവ രൂപീകരണത്തിന് ഇത് ഫലപ്രദമായിരുന്നു.[30]

സുബ്ബറാവു മാസ്റ്ററുടെ നേതൃത്വത്തിലുള്ള കോളേജ് ഡിബേറ്റിങ്ങ് സൊസൈറ്റിയിലും നാടകസംഘത്തിലും കെ.പി. കേശവമേനോൻ പ്രവർത്തിച്ചിരുന്നു. കേശവമേനോൻ ബഹുമാനിച്ചിരുന്ന സി.പി. ഗോവിന്ദൻ നായർ മാഷ് ‘കേരള സഞ്ചാരി’ വാരികയുടെ പത്രാധിപരായിരുന്നു. പ്രഗത്ഭ ഗണിതാധ്യാപകനായ ദക്ഷിണാമൂർത്തി മാസ്റ്ററേയും കേശവമേനോൻ ഓർക്കുന്നുണ്ട്.

1890-കൾ മുതൽ കോഴിക്കോട്ടെ നഗരജീവിതത്തിൽ സാമൂതിരി കോളേജധ്യാപകർ ഊർജ്ജസ്വലതയോടെ പ്രവർത്തിച്ചിരുന്നു. 1906-ൽ പ്രിൻസിപ്പലായി വിരമിച്ച ജെ. സുബ്ബറാവു ഇക്കാര്യത്തിൽ പ്രത്യേക പരാമർശം അർഹിക്കുന്നു. 1902 മാർച്ച് 5-ാം തീയതിയായിരുന്നു ആനിബെസന്റിന്റെ നേതൃത്വത്തിൽ ചെന്നൈയിൽ ആരംഭിച്ച തിയോസഫിക്കൽ സൊസൈറ്റിയുടെ കോഴിക്കോട്ടു ശാഖ പ്രവർത്തനം തുടങ്ങുന്നത്. 1904 ജനുവരി 23-ന് ആനിബസന്റാണ് റെയിൽവേ സ്റ്റേഷനുസമീപമുളള തിയോസഫിക്കൽ സൊസൈറ്റിയുടെ സ്വന്തം കെട്ടിടം ഉദ്ഘാടനം ചെയ്തത്.

“ഹിന്ദുക്കൾക്കു പുറമെ ക്രിസ്ത്യാനികളും മുസ്ലിങ്ങളും പാഴ്‌സികളും സംഘത്തിൽ അംഗങ്ങളായിരുന്നു. കുറുമാത്തൂർ നമ്പൂതിരിപ്പാട്, സാമൂതിരി കോളേജ് പ്രിൻസിപ്പൽ ഇ.ബി. ഹിൽ, വൈസ് പ്രിൻസിപ്പൽ ജി. സുബ്ബറാവു, എസ്.വി. സാമുവൽ, എ.സി. കണ്ണൻ നമ്പ്യാർ, നാരായണി കെട്ടിലമ്മ, വി. മൊയ്തുസാഹിബ്, ഡോ. മുഗാസേത്ത്, ഏറാൾപ്പാട്ട് വിദ്വാൻ ഏട്ടൻ തമ്പുരാൻ, മഞ്ചേരി രാമയ്യർ, രാരിച്ചൻ മൂപ്പൻ, സി. കൃഷ്ണൻ, മൂർക്കോത്ത് കുമാരൻ, കൊറ്റിയത്ത് രാമുണ്ണി, നിലമ്പൂർ മാനവേദൻ രാജ, എന്നിവർ തങ്ങളുടെ സമുദായചിന്ത വിട്ട് സംഘത്തിൽ പ്രവർത്തിച്ചിരുന്നു.”[31]

ശ്രീനാരായണ ഗുരുവിന്റെയും കുമാരനാശാന്റെയും നേതൃത്വത്തിൽ നടന്ന ശ്രീകണ്‌ഠേശ്വര ക്ഷേത്രനിർമ്മാണത്തിന് സംഘം പൂർണ്ണപിന്തുണ നല്കി. തിയോസഫിക്കൽ സൊസൈറ്റിയുടെ വാർഷികയോഗങ്ങളിൽ എല്ലാ സമുദായക്കാരെയും ഉൾപ്പെടുത്തി പന്തിഭോജനം നടത്തിയത് മലബാറിലെ പൊതുമണ്ഡലത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചു. 1916-ൽ ആരംഭിച്ച ഹോംറൂൾ പ്രസ്ഥാനത്തിന്റെ പ്രധാന കേന്ദ്രം കോഴിക്കോടായിരുന്നു.

ശ്രീനാരായണ ഗുരു, കുമാരനാശാന്‍
ശ്രീനാരായണ ഗുരു, കുമാരനാശാന്‍

‘മലബാർ ഹോംറൂൾ ലീഗിന്റെ സെക്രട്ടറി കെ.പി. കേശവമേനോനും പ്രസിഡന്റ് മഞ്ചേരി രാമയ്യരുമായിരുന്നു. ആനിബെസന്റിന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനായിരുന്നു മഞ്ചേരി രാമയ്യർ. അക്കാലത്തെ പ്രഗത്ഭരായ പല സാമൂഹ്യപ്രവർത്തകരും രാമയ്യരുടെ സഹവർത്തികളായിരുന്നു.’ [32]

ഇവർ രണ്ടുപേരും ജെ. സുബ്ബറാവുവിന്റെ ശിഷ്യരും സാമൂതിരി കോളേജ് പൂർവ്വ വിദ്യാർത്ഥികളുമായിരുന്നു. ജാതിവിരുദ്ധ പ്രവർത്തനത്തിന് രാമയ്യരെ പിന്നീട് കോഴിക്കോട്ടെ തമിഴ്ബ്രാഹ്മണസമൂഹം ഭ്രഷ്ടാക്കിയിരുന്നു. ആദ്യകാല സാമൂതിരി കോളേജധ്യാപകനായിരുന്ന സി.പി. ഗോവിന്ദൻ നായർ ‘കേരളസഞ്ചാരി’ വാരികയുടെ പത്രാധിപർ കൂടിയായിരുന്നു. പിന്നീട് ചരിത്രാധ്യാപകനായിരുന്ന ഡോ. കെ.വി. കൃഷ്ണയ്യരും സംസ്കൃതാധ്യാപകനായിരുന്ന ദേശമംഗലത്ത് രാമവാരിയരും ഇംഗ്ലീഷ് അധ്യാപകനായിരുന്ന എം.പി. ശിവദാസമേനോനും പണ്ഡിതന്മാരും ഗ്രന്ഥകാരന്മാരുമായിരുന്നു. സ്വാതന്ത്ര്യാനന്തര ദശകങ്ങളിലും സാമൂതിരി ഗുരുവായൂരപ്പൻകോളേജ് പ്രിൻസിപ്പൽമാരും അധ്യാപകരും പല നിലകളിലും നഗരജീവിതത്തിലിടപെടുകയും ധൈഷണിക ചർച്ചകൾ നയിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വിശദചിത്രങ്ങൾ പൂർവ്വ വിദ്യാർത്ഥികളുടെ സ്മൃതിലേഖനങ്ങളിൽനിന്നും ലഭ്യമാണ്.

ഏത് ഉന്നത വിദ്യാലയത്തിന്റെ സ്ഥാപനചരിത്രം എഴുതുമ്പോഴും ആ സ്ഥാപനത്തിന്റേതായ ചില സവിശേഷതകൾ സൂചിപ്പിക്കേണ്ടതായി വരും. വി.കെ. കൃഷ്ണമേനോനും ഡോ. ജോൺമത്തായിയും മറ്റും പഠിച്ചിരുന്ന ലണ്ടൻ സ്‌കൂൾ ഓഫ് എക്കണോമിക്‌സിനെ (LSE)ക്കുറിച്ചുള്ള മികച്ച പഠനങ്ങളിലൊന്ന് എഴുതിയത് 1984-90ൽ LSE ഡയറക്ടറായിരുന്ന ഐ.ജി. പട്ടേലായിരുന്നു.

ഡോ. പട്ടേലിന്റെ കാഴ്ചപ്പാടിൽ ഒരു സ്ഥാപനം ലോകത്തിലെതന്നെ മികച്ച കോളേജോ, യൂണിവേഴ്‌സിറ്റിയോ ആയിത്തീരണമെങ്കിൽ ഏറ്റവും പ്രധാനമായി വേണ്ടത് ഭരണാധികാരികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും അവരേർപ്പെട്ടിരിക്കുന്ന സാമൂഹ്യദൗത്യത്തിനെപ്പറ്റി ആഴത്തിലുള്ള മൂല്യബോധവും പ്രവർത്തനസന്നദ്ധതയും ഉണ്ടാവുക എന്നുള്ളതാണ്. ഇതു നേടിയെടുക്കുവാൻ ആ സ്ഥാപനത്തിന്റേതുമാത്രമായ ഒരു പ്രവർത്തന പാരമ്പര്യവും ‘ഫോക്‌ലോറും’ കരുപ്പിടിപ്പിക്കുകയും അതിലൂടെ സ്വന്തം സ്ഥാപനത്തോടുള്ള കൂറും ആത്മാർത്ഥതയും ഉയർത്തിക്കൊണ്ടുവരികയും ചെയ്യണം. ഒപ്പംതന്നെ, സ്ഥാപനം വളരുവാനുള്ള മുൻഗണനകൾ സശ്രദ്ധം രൂപപ്പെടുത്തുകയും മാറുന്ന പരിതസ്ഥിതിക്കനുയോജ്യമായി സ്വയം പരിഷ്‌കരിക്കുകയും ചെയ്യേണ്ടതുണ്ട്.[33]

നീലാദ്രി ഭട്ടാചാര്യ
നീലാദ്രി ഭട്ടാചാര്യ

നീലാദ്രി ഭട്ടാചാര്യയും മറ്റുംചേർന്ന് അടുത്തകാലത്ത് പ്രസിദ്ധീകരിച്ച സമഗ്രപഠനത്തിൽ ജെ.എൻ.യു.വിനെ എങ്ങനെ ഇന്ത്യയിലെ വ്യത്യസ്ത യൂണിവേഴ്‌സിറ്റിയായി വികസിപ്പിച്ചു എന്ന് സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.[34]
Inter disciplinarity, ഇന്ത്യയിലും പുറത്തുമുള്ള പ്രശസ്ത സർവ്വകലാശാലകളിൽ വിജയകരമായി നടപ്പാക്കപ്പെട്ട പുത്തൻ പാഠ്യപദ്ധതികളും ബോധനരീതികളും, സാമൂഹ്യനീതിക്കും തുല്യതയ്ക്കും നൽകുന്ന മുൻഗണനകൾ, സൗഹാർദ്ദപൂർണ്ണമായ അധ്യാപക-വിദ്യാർത്ഥിബന്ധങ്ങൾ ഇവയൊക്കെയായിരുന്നു ജെ.എൻ.യു.വിന്റെ മുഖമുദ്ര.[35]

19-ാം നൂറ്റാണ്ടിൽ പ്രവർത്തനമാരംഭിച്ച കേരളത്തിലെ ഏതാണ്ടെല്ലാ കോളേജുകളും സാമൂതിരി കോളേജിനെപ്പോലെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും പ്രഗത്ഭരായ അധ്യാപകരെ നിയമിക്കുന്നതിലും മുന്നിട്ടുനിന്നിരുന്നു എന്ന് പറയാൻ കഴിയും. മദ്രാസ് പ്രസിഡൻസിയിൽ ഉൾപ്പെട്ടിരുന്ന സാമൂതിരികോളേജിൽ ആദ്യകാലത്തെ അധ്യാപകരിൽ പലരും ഇന്നത്തെ തമിഴ്‌നാട്, കർണ്ണാടക സംസ്ഥാനങ്ങളിൽനിന്നും തിരുവിതാംകൂർ / കൊച്ചി രാജ്യങ്ങളിൽനിന്നും നിയമിക്കപ്പെട്ട പ്രഗത്ഭരായിരുന്നു. ഇവരെല്ലാം ചേർന്ന് വളർത്തിയെടുത്ത പാഠ്യപദ്ധതിയിലും ബോധനരീതികളിലും അക്കാദമിക് വിഷയങ്ങൾക്കൊപ്പം നാടകാഭിനയം, പ്രസംഗകല, കായികവിദ്യകൾ, വിദ്യാർത്ഥികളുടെ സ്വഭാവരൂപീകരണം മുതലായവ ഉൾപ്പെട്ടിരുന്നു. അധ്യാപകരിൽ കുറേപ്പേരെങ്കിലും പാഠ്യവിഷയങ്ങൾക്കപ്പുറം വിദ്യാർത്ഥികളുടെ കൗൺസെലർമാരും (Counsellor) മെന്റർ (Mentor) മാരുമായിരുന്നു.

ക്യാമ്പസ് പൊക്കുന്നിലേയ്ക്ക് മാറിയശേഷവും വിദ്യാർത്ഥികൾക്ക് സിലബസ്സിനപ്പുറമുള്ള വിവിധതരം നൈപുണ്യങ്ങൾ നേടിയെടുക്കാനുള്ള വേദികൾ ഒരുക്കുന്നതിലും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിലും കോളേജ് ശ്രദ്ധിച്ചിരുന്നു എന്ന് പൂർവ്വവിദ്യാർത്ഥികളുടെ ലേഖനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ജെ.എൻ.യു.വിലെ ആയിരമേക്കർ ക്യാമ്പസ് അവിടുത്തെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നൽകിയത് സംവേദനാത്മകവും ധൈഷണികവും സമത്വാധിഷ്ഠിതവുമായ ഒരന്തരീക്ഷമായിരുന്നു. ഒട്ടെല്ലാ വിദ്യാർത്ഥികളും ആഹ്ലാദപൂർവ്വം ഈ ജ്ഞാനോത്സവത്തിൽ പങ്കെടുക്കുകയും പഠനശേഷം സമൂഹത്തിലെ വിവിധ രംഗങ്ങളിൽ തങ്ങളുടെ മായാത്ത വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തുവെന്ന് നീലാദ്രി ഭട്ടാചാര്യയുടെ പഠനം സൂചിപ്പിക്കുന്നു. അത്രത്തോളമൊന്നുമില്ലെങ്കിലും പൊക്കുന്ന് - ഒട്ടെല്ലാ ലേഖനങ്ങളും ചൂണ്ടിക്കാണിക്കുന്നതുപോലെ - വിദ്യാർത്ഥികളുടെ മനസ്സുകളെ ഏതൊക്കെയോ വിധത്തിൽ ഉത്തേജിപ്പിക്കുകയും അവരെ കർമ്മോത്സുകരാക്കുകയും ചെയ്തിരുന്നു.

ഈ സ്മൃതിപുസ്തകം ആരംഭിക്കുന്നത് സാമൂതിരി രാജാ കെ.സി. ഉണ്ണിയനുജൻ രാജയുടെ അനുഗ്രഹാശിസ്സുകൾ അടങ്ങുന്ന സന്ദേശത്തോടെയാണ്. ഒന്നര നൂറ്റാണ്ടോളം മുമ്പ് ഈ കോളേജ് സ്ഥാപിച്ച പരിണതപ്രജ്ഞനും ക്രാന്തദർശിയുമായ പി.കെ. മാനവിക്രമൻ രാജയെക്കുറിച്ച് മുൻ മലബാർ കലക്ടർ കെ.പി. കൃഷ്ണൻ നായർ 1950-ൽ എഴുതിയ ലേഖനം ഈ ഗ്രന്ഥത്തിന്റെ ആരംഭത്തിൽ കൊടുത്തിട്ടുണ്ട്.

കോഴിക്കോടിന്റെയും കോളേജിന്റെയും ലഘുചരിത്രവും ഈ ലേഖനം രേഖപ്പെടുത്തുന്നു. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തോടുകൂടിയാണ് ഒന്നാംഭാഗത്തിന്റെ ആരംഭം. തുടർന്ന് വി.കെ.കൃഷ്ണമേനോൻ 1967 ജനുവരി 26-ാം തിയതി ‘ലിങ്ക്’ മാഗസിനിലെഴുതിയ ‘Our Republic’ എന്ന ലേഖനം വായിക്കാം. ജയറാം രമേശ് 2019- ൽ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ കൃഷ്ണമേനോന്റെ അന്യാദൃശമായ രാഷ്ട്രസേവനത്തെയും ഇന്ത്യൻ ഭരണഘടനയുടെ ആമുഖം രൂപപ്പെടുത്തുന്നതിൽ അദ്ദേഹം വഹിച്ച സേവനത്തേയും പങ്കിനേയുംപറ്റി വിവരിക്കുന്നുണ്ട്.[36]

കൂടാതെ, കോഴിക്കോടിന്റെ കലാ-സാഹിത്യ-സാംസ്‌കാരിക രൂപങ്ങൾക്കും ശാസ്ത്രമാനവിക വിഷയങ്ങളിലെ ചർച്ചകൾക്കും കായികപ്രവർത്തനങ്ങൾക്കും ഈ കോളേജ് നല്കിയിട്ടുള്ള സംഭാവനകളും ഈ സമാഹാരത്തിൽ സവിസ്തരം പരാമർശിക്കപ്പെട്ടിട്ടുണ്ട്.

വിടപറഞ്ഞ വിദ്യാർത്ഥികളാണ് ഏതു കോളേജിന്റെയും അമൂല്യസമ്പത്ത്. ജീവിതയാത്രയുടെ വെമ്പലിൽ സ്വന്തം കർമ്മപഥങ്ങളിലൂടെ ലോകത്തെമ്പാടുമെത്തിച്ചേർന്നവർ, കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളിലായി സ്വകലാലയങ്ങളിലേയ്ക്കുള്ള മടക്കയാത്രയിലാണ്. പൊക്കുന്ന് കാണാനും സതീർത്ഥ്യരും ഗുരുക്കന്മാരുമായി കൂടിച്ചേരുവാനും സാമൂതിരി ഗുരുവായൂരപ്പൻകോളേജിൽ വന്നുചേർന്ന പൂർവ്വ വിദ്യാർത്ഥികൾ നടത്തിയ പുനസ്സമാഗമങ്ങൾ ഹൃദ്യവും സ്‌നേഹനിർഭരവുമായിരുന്നു. അവയിൽ പങ്കെടുത്ത ഞങ്ങളിൽച്ചിലർക്ക് തോന്നിയ ആശയങ്ങളിലൊന്നുകൂടിയാണ് ഇത്തരമൊരു പുസ്തകത്തിന്റെ രൂപകല്പന. ഇതിലേയ്ക്ക് ലേഖനങ്ങൾ അയച്ചുതന്ന എല്ലാ വിശിഷ്ടവ്യക്തികൾക്കും ഞങ്ങളുടെ സ്‌നേഹാദരങ്ങൾ.

നാലു പ്രധാന ഭാഗങ്ങളാണീ പുസ്തകത്തിനുള്ളത്. അന്താരാഷ്ട്ര / ദേശീയ തലങ്ങളിൽ പ്രാഗത്ഭ്യവും കർമ്മകുശലതയും തെളിയിച്ച, ഇതിനകം നമ്മെ വിട്ടുപിരിഞ്ഞ പൂർവ്വ വിദ്യാർത്ഥികളെയും പ്രശസ്ത അധ്യാപകരെയുംകുറിച്ചുള്ള അനുസ്മരണങ്ങളാണ് ‘ആദരപൂർവ്വ’മെന്ന ഒന്നാംഭാഗത്തിൽ.

‘സ്മൃതി’ എന്ന വിപുലമായ രണ്ടാം ഭാഗത്തിലാണ് പ്രഗത്ഭരായ പൂർവ്വ വിദ്യാർത്ഥികളുടെയും അധ്യാപക- അനധ്യാപകരുടെയും ലേഖനങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ചരിത്രകാരനായ ഡോ. എം.ജി.എസ്. നാരായണന്റെയും സാഹിത്യാചാര്യനായ സി. രാധകൃഷ്ണന്റെയും മുൻ ഇന്ത്യൻ നാവികസേനാ റിയർ അഡ്മിറൽ കെ. മോഹനന്റെയും ലേഖനങ്ങളാണ് തുടക്കത്തിൽ. പ്രശസ്ത സാഹിത്യകാരന്മാർ, കലാകാരന്മാർ, നിരൂപകന്മാർ, നടന്മാർ, ചലച്ചിത്രസംവിധായകർ, ഇൻഡ്യയ്ക്കകത്തും പുറത്തുമുള്ള സർവ്വകലാശാലകളിലും ഗവേഷണസ്ഥാപനങ്ങളിലുമുള്ള ശാസ്ത്രജ്ഞർ, സാമൂഹ്യശാസ്ത്രജ്ഞർ, വിദ്യാഭ്യാസ പ്രവർത്തകർ, പത്രാധിപന്മാർ, അഭിഭാഷകർ, ഭിഷഗ്വരന്മാർ, രാഷ്ട്രീയനേതാക്കൾ, മാധ്യമപ്രവർത്തകർ, വ്യവസായ വാണിജ്യപ്രമുഖർ, ബാങ്ക് മാനേജർമാർ, സാമൂഹ്യപ്രവർത്തകർ തുടങ്ങി ഭരണരംഗമുൾപ്പെടെ വിവിധ തലങ്ങളിൽ തങ്ങളുടെ പ്രതിഭ തെളിയിച്ച പൂർവ്വവിദ്യാർത്ഥികളുടെ ലേഖനങ്ങൾ ഈ ഗ്രന്ഥത്തെ സമ്പുഷ്ടമാക്കുമെന്ന് കരുതുന്നു.

‘അക്കാദമികം’ എന്ന മൂന്നാം ഭാഗത്തിലുള്ളത്, നാല് ലേഖനങ്ങളാണ്. അക്കഡമോസ് ഉദ്യാനത്തിൽ വെച്ചായിരുന്നല്ലോ പ്ലേറ്റോവിന്റെ ദാർശനികചിന്തകൾ രൂപംകൊണ്ടത്. അതുപോലെ ഈ വിഭാഗത്തിൽ മൗലികമായ ഉൾക്കാഴ്ചയോടുകൂടിയ നാല് പഠനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു; കല, ശാസ്ത്രം, സാഹിത്യം, ദർശനം എന്നിവ കേന്ദ്രമാക്കിക്കൊണ്ട്.

കുട്ടികൃഷ്ണമാരാർ പോലും ആദരിച്ചിരുന്ന ഗുരുവായൂരപ്പൻ കോളേജിലെ അന്നത്തെ സംസ്കൃതാദ്ധ്യാപകൻ ദേശമംഗലത്ത് രാമവാര്യർ എഴുതിയ ‘നളചരിതം വ്യാഖ്യാന’ത്തിന്റെ മുഖവുരകളാണാദ്യത്തെ ലേഖനം. തുടർന്ന്, അമേരിക്കയിലെ ‘Accu Dx Inc’ എന്ന ശാസ്ത്രഗവേഷണ സ്ഥാപനത്തിന്റെ അദ്ധ്യക്ഷനും, വിശ്രുത ബയോടെക്നോളജിസ്റ്റുമായ ഡോ. രവീന്ദ്രൻ പൊട്ടത്തിൽ തന്റെ ഗവേഷണങ്ങളുടെ രൂപരേഖ അവതരിപ്പിക്കുന്നു.
‘മഹാഭാരതം: എഴുത്തും പുനരെഴുത്തു’മെന്ന മൂന്നാമത്തെ ലേഖനം ലോകസാഹിത്യത്തിലെ ഏറ്റവും പ്രധാന പദ്യകൃതികളിലൊന്നായ മഹാഭാരതത്തിന്റെ വ്യാഖ്യാനവും വിമർശപാഠവുമാണ്. ഇതെഴുതിയ ഡോ. പി.പി. രവീന്ദ്രൻ മുൻ ഗുരുവായൂരപ്പൻ കോളേജ് അദ്ധ്യാപകനും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ‘സ്കൂൾ ഓഫ് ലെറ്റേഴ്സി’ൻറെ മുൻ ഡയറക്ടറും കൂടിയാണ്.

പൂർവ്വവിദ്യാർത്ഥിയും സ്വതന്ത്രചിന്തകനുമായ ഷാഹുൽ ഹമീദ് ലോകത്തെങ്ങും നിലനിൽക്കുന്ന സാമൂഹ്യ സാംസ്കാരിക ദുരവസ്ഥകളെ തുറന്നുകാട്ടുകയാണ് നാലാമത്തെ ലേഖനത്തിൽ. ഒപ്പംതന്നെ തന്റെ ഹ്രസ്വലേഖനത്തിലൂടെ വരും തലമുറകളിലെ കുട്ടികൾക്ക് സങ്കുചിത ചിന്തകൾക്കതീതമായി ഉയർന്നമൂല്യബോധവും വിമർശനാത്മകതയും പകർന്നു നൽകാനുള്ള വിദ്യാഭ്യാസ മാർഗ്ഗങ്ങളെപ്പറ്റി അന്വേഷിക്കുകയും ചെയ്യുന്നു.

ഈ പുസ്തകത്തിന് ഒരു നാലാംഭാഗം വേണ്ടിവന്നത് കോളേജിന്റെ ചില പ്രത്യേകതകൾ സൂചിപ്പിക്കുവാനും കൂടിയാണ്. ‘യവനിക’യിൽ ചിത്രീകരിക്കപ്പെടുന്നത്, 147 വർഷങ്ങളിലെ ക്യാമ്പസ് ജീവിതത്തിലെ ചില സവിശേഷ സന്ദർഭങ്ങളാണ്. ഭാവിയിൽ കോളേജിന്റെ സ്ഥാപനചരിത്രം (Institutional history) എഴുതപ്പെടുകയാണെങ്കിൽ, നാടകമെന്ന കലയ്ക്കും പ്രയോഗത്തിനും അവിടെ നൽകപ്പെട്ടിരുന്ന സ്വീകാര്യതയ്ക്ക് ഒട്ടേറെ പ്രാധാന്യം കൊടുക്കേണ്ടിവരുമെന്നു തോന്നുന്നു.

1891 മുതൽ 1900 വരെ പ്രിൻസിപ്പലായിരുന്ന ജെ.എച്ച്. ബുള്ളിവോങ്ങിന്റെ (J.H. Bullivant) കാലത്താണ് 1895-ൽ കേരള ഡ്രമാറ്റിക് സൊസൈറ്റിയും അതിനൊരു കൊല്ലം മുമ്പ് കേരള ഡിബേറ്റിങ്ങ് സൊസൈറ്റിയും കേരളവിദ്യാശാലയിൽ പ്രവർത്തനം തുടങ്ങുന്നത്. 1900 മുതൽ സാമൂതിരി കോളേജ് വിദ്യാർത്ഥിയായിരുന്ന സ്വാതന്ത്ര്യസേനാനി കെ.പി. കേശവമേനോൻ ‘കഴിഞ്ഞ കാല’ത്തിൽ അന്നത്തെ നാടകാനുഭവത്തെപ്പറ്റി എടുത്തുപറയുന്നുണ്ട്. വിദ്യാർത്ഥികളുടെ ധൈഷണികവും ശാരീരികവും വൈകാരികവുമായ വളർച്ചയ്ക്കും ആത്മാവിഷ്‌കാരത്തിനും നാടകപരിശീലനത്തിനുള്ള പങ്കിനെക്കുറിച്ച് ഇന്ന് നമുക്കൊക്കെ അറിയാം. പക്ഷേ, 19-ാം നൂറ്റാണ്ടിന്റെ അന്ത്യദശകത്തിൽ കോഴിക്കോട്ടെ ഒരു വിദ്യാഭ്യാസ സ്ഥാപനം നാടകാഭിനയത്തിന് ഇത്രത്തോളം പരിഗണന നൽകിയിരുന്നു എന്ന് വിശ്വസിക്കാൻ പ്രയാസം തോന്നുന്നു.

ഭരതവാക്യവും ഒരർത്ഥത്തിൽ നാന്ദിയുമായ ‘യവനിക’ ആരംഭിക്കുന്നത് കഴിഞ്ഞ വർഷം നമ്മെയെല്ലാം വിട്ടുപിരിഞ്ഞ, തികച്ചും വ്യത്യസ്തരായിരുന്ന, രണ്ടു നാടകപ്രവർത്തകരുടെ രചനകളോടെയാണ്. ഏറ്റവും നല്ല നാടകനടനും സംവിധായകനുമുള്ള നിരവധി ബഹുമതികൾ (കേന്ദ്ര-സംസ്ഥാന അവാർഡുകളുൾപ്പെടെ) നേടിയ, 1966-71 കാലത്ത് കോളേജിൽ വിദ്യാർത്ഥിയായിരുന്ന വിക്രമൻ നായരുടെ ലേഖനമാണാദ്യം കൊടുത്തിരിക്കുന്നത്.

രണ്ടാമതായി വരുന്നത് ‘Remembering Ramachandran’ എന്ന സി. വാസുദേവൻ ഉണ്ണിയുടെ ലേഖനമാണ്.
വി.കെ. കൃഷ്ണമേനോനെക്കുറിച്ചുള്ള ഒരു ചെറുനാടകമാണ് കോളേജിലെ പൂർവ്വാധ്യാപകനും കോഴിക്കോട് സർവ്വകലാശാല സ്‌കൂൾ ഓഫ് ഡ്രാമയുടെ ഡയറക്ടറുമായിരുന്ന രാമചന്ദ്രൻ മൊകേരി (ഡോ. വി.എം. രാമചന്ദ്രൻ) എഴുതിയിരിക്കുന്നത്. മുഖ്യധാരാ നാടകവേദിയുമായി കലഹിക്കുകയും കൃത്യമായ അകലം സൂക്ഷിക്കുകയും ചെയ്യുന്ന, ഇടവിട്ടുള്ള ആംഗികാഭിനയവും വാചികാഭിനയവും ചേർത്തുവെയ്ക്കുന്ന ശില്പപരമായ സവിശേഷതയാണ് മൊകേരി നാടകത്തിന്റേത്. ഇന്ന് ലോകമെമ്പാടും നിലനിൽക്കുന്ന ‘ഛിന്നഭിന്ന സമൂഹ’ത്തിന്റെ പൊതുഇടത്തിലുള്ള (അങ്ങാടിയോ, തെരുവോരമോ, ആദിവാസി ഊരോ ആകട്ടെ) അനീതികളെ തുറന്നുകാട്ടുന്നതാണ് രാമചന്ദ്രന്റെ നാടകധർമ്മം. ഡോ. പി.പി. രവീന്ദ്രൻ ചൂണ്ടിക്കാട്ടുന്നതുപോലെ, ‘നാടകത്തിലെ ഇടത്തെ (space), സമൂഹത്തിലെ അധഃസ്ഥിതരുടെ ഇടമാക്കി പുനർനിർവ്വചിക്കാൻ ധൈര്യപ്പെട്ടു എന്നതാണ് മൊകേരി നാടകത്തിന്റെ പ്രത്യേകത.’ [37]

വിക്രമൻനായരും ഡോ. രാമചന്ദ്രൻ മൊകേരിയും നാടകത്തിലും ചലച്ചിത്രത്തിലും ശ്രദ്ധേയമായ അഭിനയം കാഴ്ചവെച്ചെങ്കിലും അവർ സിദ്ധാന്തത്തിലും പ്രയോഗത്തിലും തികച്ചും വ്യത്യസ്തരായിരുന്നു.

നാലാമത്തെ ലേഖനം പ്രശസ്ത നാടകകൃത്തും നടനുമായിരുന്ന അന്തരിച്ച പി.എം. താജിനെക്കുറിച്ച് എൻ.പി. ഹാഫീസ് മുഹമ്മദ് എഴുതിയതാണ്. കോളേജിലെ വിദ്യാർത്ഥിനികളും പിന്നീട് അധ്യാപികമാരുമായിരുന്ന തങ്കമണി ജനാർദ്ദനനും ഡോ. സ്‌നേഹപ്രഭയും തങ്ങൾ അഭിനയിച്ച ‘കാഞ്ചനസീത’യെപ്പറ്റിയും ‘മാക്‌ബെത്തി’നെപ്പറ്റിയും എഴുതിയ ലേഖനങ്ങളാണ് മൂന്നാം ഭാഗത്തിൽ പിന്നീട് വരുന്നത്.

പി.എം. താജ്
പി.എം. താജ്

1950-കളിലാണ് ക്യാമ്പസ് തളിയിൽനിന്നും പൊക്കുന്നിലേയ്ക്ക് പറിച്ചുനടുന്നത്. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും മാനേജ്‌മെന്റിനും ഈ മാറ്റം നിരവധി വെല്ലുവിളികളുയർത്തിയിരുന്നു. അതേസമയം കുന്നിന്മുകളിലുള്ള നൂറേക്കർ ക്യാമ്പസ് എല്ലാവർക്കും കൂടുതൽ ഊർജ്ജം നൽകുകയും പാഠങ്ങൾക്കൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങാനുള്ള പ്രചോദനം നൽകുകയും ചെയ്തു. സാഹിത്യനാടകകലാരംഗങ്ങളായാലും കായികകലകളായാലും സാമൂഹ്യപ്രവർത്തനമായാലും ധൈഷണികതലമായാലും ഗുരുവായൂരപ്പൻ കോളേജിന്റെ സംഭാവനകൾ മറ്റൊരു കോളേജിന്റെയും പിന്നിലായിരുന്നില്ല.

ഇക്കാലത്തുതന്നെയാണ് അതുവരെ പുരുഷന്മാരുടെ മാത്രം കുത്തകയായിരുന്ന നാടകരംഗത്തേയ്ക്ക് ആദ്യം വിദ്യാർത്ഥിനികളും പിന്നെ അധ്യാപികമാരും കയറിച്ചെല്ലുന്നത്. 1964 ജനുവരി 25-ാം തിയ്യതി തളി ഓഡിറ്റോറിയത്തിൽ അവതരിപ്പിക്കപ്പെട്ട സി.എൻ. ശ്രീകണ്ഠൻ നായരുടെ ‘കാഞ്ചനസീത’യെക്കുറിച്ച് മാതൃഭൂമി എഡിറ്റ് പേജിൽ വന്ന റിപ്പോർട്ട് ‘യവനിക’യിൽ കൊടുത്തിട്ടുണ്ട്. കാഞ്ചനസീതയിൽ വിദ്യാർത്ഥീ- വിദ്യാർത്ഥിനിമാരും അധ്യാപകരും ഒരുമിച്ചഭിനയിച്ചു എന്നത് ശ്രദ്ധേയമാണ്. അതിനു തൊട്ടുമുമ്പുള്ള വർഷങ്ങളിലാണ് ഈ മാറ്റം ഉരുത്തരിഞ്ഞുവന്നത് എന്ന് ഡോ. എം.ജി.എസ്. നാരായണൻ സൂചിപ്പിക്കുന്നു.38
ഏറ്റവും പ്രധാനം സർഗ്ഗാത്മകമായ നാടകാവതരണത്തിനുവേണ്ട നൈപുണ്യങ്ങൾ വിദ്യാർത്ഥികൾക്കു പകർന്നുകൊടുക്കുവാൻ തയ്യാറായിരുന്ന ഒരുപറ്റം അധ്യാപകർ എക്കാലവും കോളേജിലുണ്ടായിരുന്നു എന്നതാണ്.

ജോയ് മാത്യു
ജോയ് മാത്യു

20-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ ജി. സുബ്ബറാവു, എം.പി. ശിവദാസമേനോൻ മുതലായവരായിരുന്നുവെങ്കിൽ 1950-കൾ മുതൽ ആർ.വി.ആർ. തമ്പുരാൻ, സി. വാസുദേവൻ ഉണ്ണി, വി.എം. രാമചന്ദ്രൻ തുടങ്ങിയ അധ്യാപകർ നാടകക്കളരികളുടെ നടത്തിപ്പുകാരായിരുന്നു. സ്വാഭാവികമായും 1980-കളിൽ സർവ്വകലാശാല നാടകോത്സവങ്ങളിൽ വിദ്യാർത്ഥികൾ സമ്മാനങ്ങൾ നേടി. മറ്റൊരു കാര്യം, നാടകാചാര്യന്മാരെന്നുതന്നെ വിളിക്കാൻ കഴിയുന്ന സീനിയർ വിദ്യാർത്ഥികളും (ഉദാഹരണത്തിന് വിക്രമൻ നായർ, സേതു, പി.എം. താജ്, ജോയ് മാത്യു, വിനോദ് കോവൂർ തുടങ്ങിയ നിരവധി നടന്മാർ) ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ഈ പരിശീലനയജ്ഞങ്ങളിൽ സോത്സാഹം പങ്കെടുത്തിരുന്നു. 2022-23ലെ കോഴിക്കോട് യൂണിവേഴ്‌സിറ്റി നാടകമത്സരത്തിന് ഒന്നാംസ്ഥാനം നേടിയത് ഗുരുവായൂരപ്പൻ കോളേജാണ് എന്നതും ഈ ചരിത്രവുമായി കൂട്ടിവായിക്കുന്നത് രസകരമായിരിക്കും. ജോൺ (2023) എന്ന സിനിമയുടെ സംവിധായകനും ഗ്രന്ഥകാരനുമായ പ്രേംചന്ദിന്റെ ‘1977’ എന്ന ലേഖനമാണ് അടുത്തത്. അടിയന്തരാവസ്ഥ കഴിഞ്ഞുള്ള സംഘർഷഭരിതമായ നാളുകളിൽ ഗുരുവായൂരപ്പൻ കോളേജിലെ നാടകാനുഭവങ്ങൾ ഇവിടെ വിവരിക്കപ്പെടുന്നു.

പ്രൊഫ. കെ. നാരായണൻ തന്റെ ലേഖനത്തിൽ ഇക്കാലത്തെല്ലാം പൊക്കുന്നിൽ നിലനിന്നിരുന്ന ധൈഷണികവും കലാപരവുമായ പ്രവർത്തനങ്ങളുടെ നഖചിത്രം അവതരിപ്പിക്കുന്നു. സ്മാരകപ്രഭാഷണങ്ങൾ, സെമിനാറുകൾ, സംഗീതനൃത്തസദസ്സുകൾ, നാടൻ കലാപ്രദർശനങ്ങൾ, സാഹിത്യചർച്ചകൾ, ചലച്ചിത്ര-ഡോക്യുമെന്ററി പ്രദർശനങ്ങൾ, ചിത്രപ്രദർശനങ്ങൾ എന്നിവയെപ്പറ്റിയൊക്കെയുള്ള വിവരണം ഉയർന്ന നിലവാരം പുലർത്തിയിരുന്ന ക്യാമ്പസ് ജീവിതത്തിന്റെ പ്രത്യേകതകളെ ചൂണ്ടിക്കാണിക്കുന്നു.

1985 ജനുവരിയിലാണ് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ വി.കെ. കൃഷ്ണമേനോൻ പ്രഭാഷണം. അതിനുശേഷം നടന്ന കൃഷ്ണമേനോൻപ്രഭാഷണങ്ങളും പിന്നീടുള്ള സ്വാതന്ത്ര്യത്തിന്റെ സുവർണജൂബിലി പ്രസംഗങ്ങളും മറ്റും നടത്തിയത്, കെ.എൻ. രാജ്, അശോക് മിത്ര, എ.ആർ. ദേശായ്, ആർ.എസ്. ശർമ്മ, റോമിലാ താപ്പർ, ആർ.എച്ച്. റിച്ചാറിയ, ഐജാസ് അഹമ്മദ്, ടി.എൻ. ശേഷൻ, പ്രഭാത്പട്‌നായിക്, മാത്യു കുര്യൻ, കെ.എൻ. പണിക്കർ, എം.എ. ഉമ്മൻ, ഡിക്ക് കോയ്മൻ, സി.ടി. കുര്യൻ, അയ്യപ്പപണിക്കർ, സുഹാസ് ചക്രവർത്തി, സുകുമാർ അഴീക്കോട്, എം.ജി.എസ്. നാരായണൻ, വില്ലി ആർ. ഡിസിൽവ, കെ.എ. ജയശീലൻ, എം.പി. വീരേന്ദ്രകുമാർ, പ്രകാശ് കാരാട്ട്, രാജൻ ഗുരുക്കൾ, കെ.കെ.എൻ. കുറുപ്പ്, എം.ആർ. രാഘവ വാര്യർ, ശ്രീദേവി, പുലാപ്ര ബാലകൃഷ്ണൻ, ദിലീപ് മേനോൻ, അരുണിമ, എ.ആർ. വാസവി, എൻ. ജയറാം, സുന്ദരം, ഒ.കെ. നമ്പ്യാർ, ആർ. വിശ്വനാഥൻ തുടങ്ങിയവരാണ്.

പിന്നീടുള്ള രണ്ടു ലേഖനങ്ങൾ 1960-കളിൽ നടന്ന വിദ്യാർത്ഥിസമരത്തിന്റെയും അക്കാലങ്ങളിൽ ഉരുത്തിരിഞ്ഞ അധ്യാപകപ്രസ്ഥാനത്തിന്റെയും വിശകലനങ്ങളാണ്. ആദ്യത്തേത് ഡോ. എം.എൻ. കാരശ്ശേരി. രണ്ടാമത്തേത് അധ്യാപകപ്രസ്ഥാനത്തിന്റെ നേതാക്കളായിരുന്ന പ്രൊഫ. വി. നാരായണൻകുട്ടിയുമായും പ്രൊഫ. വി.പി. കുഞ്ഞികൃഷ്ണൻനമ്പ്യാരുമായും നടത്തിയ അഭിമുഖസംഭാഷണം സംഗ്രഹിച്ച് പി. പത്മനാഭനും എൻ.ഇ. രാജീവനും ചേർന്ന് എഴുതിയ ലേഖനം.

കായികകലകളുടെ ഗുരുവായൂരപ്പൻകാലത്തെപ്പറ്റിയാണ് ഇനിയുള്ള അഞ്ചു ലേഖനങ്ങൾ. കോളേജ് സന്ദർശിച്ച ഇൻഡ്യൻ ഫുട്‌ബോളിന്റെ എന്നത്തെയും സുവർണ്ണതാരമായിരുന്ന പി.കെ. ബാനർജിയുമായുള്ള അഭിമുഖമാണാദ്യത്തേത്. ഫിസിക്കൽ എഡ്യുക്കേഷൻ മുൻ ഡയറക്ടറായിരുന്ന പി.കെ. ബാലഗോപാലന്റെ ‘On Record: Zamorins Guruvayurappan College Sports’ എന്ന ലേഖനം കോളേജിന്റെ നേട്ടങ്ങളെക്കുറിച്ചുള്ള സമഗ്രപഠനമാണ്. ഇൻഡ്യയിലെ പ്രഥമ ദ്രോണാചാര്യ അവാർഡ് ജേതാവും പി.റ്റി. ഉഷയുടെ പരിശീലകനുമായിരുന്ന ഒ.എം. നമ്പ്യാർ, കേരള രഞ്ജിട്രോഫി ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സുനിൽ ഒയാസിസ്, 1960-കളിൽ കേരളസംസ്ഥാനത്തിനുവേണ്ടിയും മോഹൻബഗാൻ ഫുട്ബാൾ ടീമിനുവേണ്ടിയും കളിച്ച സി.എം. ചിദാനന്ദൻ, മറ്റു പ്രശസ്ത ഫുട്ബാൾ കളിക്കാരായ എസ്.വി. മുഹമ്മദ് (കേരള ടീം), ഋഷിദാസ് (ഐ.ഒ.സി.), സി. ഉമർ (കേരള ടീം, എസ്.ബി.ഐ.), രാഹുൽ പി. (കേരള ടീം ക്യാപ്റ്റൻ) എന്നിവർ ഗുരുവായൂരപ്പൻ കോളേജിൽനിന്നും ദേശീയ/അന്തർദ്ദേശീയ തലങ്ങളലേയ്‌ക്കെത്തിയ കായികതാരങ്ങളിൽ ചിലർമാത്രം.

1950-കളിൽ കോഴിക്കോട്ടെ മുഖ്യസ്ഥപതികളിലൊരാളായിരുന്ന ചിരുകണ്ടൻമേസ്ത്രി ഭാവനാപൂർവ്വം നിർമ്മിച്ച സ്റ്റേഡിയവും കെട്ടിട സമുച്ചയവും ടെന്നീസ്, ബാഡ്മിന്റൺ, വോളിബാൾ, ബാസ്‌കറ്റ്ബാൾ കോർട്ടുകളും വിദ്യാർത്ഥികളിലുണർത്തിയ ആവേശം അത്ഭുതകരമായിരുന്നു. അക്കാലത്തെ കായികാധ്യാപകരായിരുന്ന പ്രൊഫ. കെ.ടി. മാധവൻ നമ്പ്യാർ, പ്രൊഫ. വിജയാ നാരായണദാസ് എന്നിവരോടൊപ്പം പ്രൊഫ. ആർ.വി.ആർ. തമ്പുരാൻ (ക്രിക്കറ്റ്), പ്രൊഫ. എൻ. വിശ്വനാഥൻ (ബാസ്‌ക്കറ്റ്ബാൾ), പ്രൊഫ. എ. വിജയ നാരായണൻ (ഭാരോദ്വഹനം) എന്നിവരും പരിശീലകരായി. കോളേജിലെ ഫുട്ബാൾ അനുഭവത്തെക്കുറിച്ച് സംസ്ഥാന / ദേശീയ കളിക്കാരായിത്തീർന്ന സി. ഉമറും പി. രാഹുലും ലേഖനങ്ങൾ എഴുതിയിരിക്കുന്നു. അത്‌ലറ്റിക് കോച്ചിങ്ങ് ക്യാമ്പിനെക്കുറിച്ച് എ. സുന്ദരനും തന്റെ ഓർമ്മകൾ രേഖപ്പെടുത്തുന്നു.

2023 ഒക്‌ടോബർ 12-ാം തിയ്യതി നിര്യാതനായ കേരളത്തിലെ പ്രമുഖ പരിസ്ഥിതി പ്രവർത്തകനും അഭിനേതാവും ഗ്രന്ഥകാരനുമായിരുന്ന പ്രൊഫ. ടി. ശോഭീന്ദ്രന് സമർപ്പിച്ച സി. വാസുദേവൻ ഉണ്ണിയുടെ ‘ആൾമരം’ എന്ന കവിതയാണ് അടുത്തത്. ഈ സ്ഥാപനത്തിന്റെ ദർശനത്തെയും ഭാവിദൗത്യങ്ങളെയുംകുറിച്ച് പ്രൊഫ. ടി. ശോഭീന്ദ്രനും വി. സജീവും ചേർന്നെഴുതിയ ഒരു രൂപരേഖയിലാണ് ഒന്നര ശതാബ്ദം നീളുന്ന ഈ പുസ്തകം അവസാനിക്കുന്നത് എന്നത് ഒരേസമയം ആഹ്ലാദകരവും ഉന്മേഷജനകവുമാണ്.

സാമൂതിരി ഗുരുവായൂരപ്പൻ കോളേജിലെ പൂർവ്വാധ്യാപകർ ചേർന്ന് രൂപീകരിച്ച സൽകൃതി എഡ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ ട്രസ്റ്റ് ആണ് നൂറിലധികം ലേഖനങ്ങളടങ്ങുന്ന ഈ സ്മൃതിഗ്രന്ഥം പ്രസിദ്ധീകരിക്കുന്നത്. തങ്ങളുടെ ഉത്സാഹപൂർവ്വമായ പരിശ്രമത്തോടൊപ്പം വിലയേറിയ സമയവും ചെലവഴിച്ച് ലേഖനങ്ങൾ തയ്യാറാക്കിയ എല്ലാവരോടും ഒരിക്കൽകൂടി ഞങ്ങൾ ഹൃദയപൂർവ്വം നന്ദി പറയുന്നു. ഈ പുസ്തകം കേരളത്തിലെ എല്ലാ കലാലയവിദ്യാർത്ഥികൾക്കും സഹൃദയരായ ജനങ്ങൾക്കും പാരായണക്ഷമമാകുമെന്ന് വിശ്വസിക്കുന്നു. അഭ്യസ്തവിദ്യരായ യുവാക്കൾക്ക് സ്വന്തം ഭാവി കരുപ്പിടിപ്പിക്കാനുള്ള യാത്രയിൽ, ഇതിലെ ലേഖനങ്ങൾ വഴികാട്ടിയാവാനും സാധ്യതയുണ്ടെന്ന് ഞങ്ങൾ കരുതുന്നു.

വിനയപൂർവ്വം ഒരു കാര്യംകൂടി അറിയിക്കട്ടെ. പത്തുനൂറ്റാണ്ടോളം ഈ നാടുഭരിച്ച, കാലഘട്ടങ്ങൾക്കനുസൃതമായ ബഹുസ്വരതയും സമുദായൈക്യവും നിലനിർത്തിക്കൊണ്ട്, സാമ്പത്തികമായും ധൈഷണികവുമായും മുന്നേറാനും, ഉയർന്ന സാംസ്‌കാരികാവബോധം വളർത്തിയെടുക്കാനും ശ്രമിച്ച സാമൂതിരിരാജഭരണത്തിന്റെ ശാശ്വതപ്രതീകമെന്ന നിലയിൽ യാതൊന്നും സത്യത്തിന്റെ തുറമുഖമായ കോഴിക്കോട്ട് നിലനില്ക്കുകയോ നിർമ്മിക്കപ്പെടുകയോ ചെയ്തിട്ടില്ല എന്നത് ഒരു ദുഃഖസത്യമാകുന്നു. ഇതിനെന്തെങ്കിലും പരിഹാരം നാം കണ്ടെത്തേണ്ടതല്ലേ? സാധ്യമായ ഒരാശയം സാമൂതിരികാലത്തുണ്ടായ സർഗ്ഗപരവും വൈജ്ഞാനികവും കലാപരവുമായ നേട്ടങ്ങളെ ശ്രദ്ധാപൂർവ്വം അടയാളപ്പെടുത്തുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്ന ഒരു മ്യൂസിയം രൂപപ്പെടുത്തിയെടുക്കുക എന്നതാണ്. ഇത്തരമൊരു വ്യത്യസ്ത പ്രദർശനാലയം ഭാവനാപൂർവ്വം സങ്കല്പിക്കുവാനും സൃഷ്ടിക്കുവാനും പ്രതിഭാശാലികളായ മ്യൂസിയോളജിസ്റ്റുകളെയും ക്യുറേറ്റർമാരെയും ആർക്കിറ്റെക്ടുകളെയും മറ്റുള്ളവർക്കൊപ്പം ഒരുമിച്ചുകൊണ്ടുവരേണ്ടതുണ്ട്. ഒപ്പംതന്നെ, സാഹിത്യ/കലാസാംസ്‌കാരികരൂപങ്ങളെപ്പറ്റിയും ഇവയുടെ ചരിത്രപരതയെപ്പറ്റിയും അവഗാഹമുള്ള പണ്ഡിതന്മാരും പങ്കെടുക്കണം. ഇന്ന് പല വികസിതരാജ്യങ്ങളിലും മേക്കോവർ (Make over) മ്യൂസിയങ്ങളും പുത്തൻമ്യൂസിയങ്ങളും നിർമ്മിക്കുന്ന കാലഘട്ടമാണ്. ഇവയൊക്കെ അവിടങ്ങളിലെ നഗരവികസനത്തേയും ടൂറിസത്തേയും കലാസ്വാദനത്തേയും സാംസ്‌കാരികസമന്വയത്തേയും സ്വാധീനിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നുമുണ്ട്. ഇവയിൽനിന്നൊക്കെ പാഠങ്ങൾ ഉൾക്കൊണ്ട് വേണം സാമൂതിരി മ്യൂസിയത്തിന്റെ നിർമ്മാണപദ്ധതി രൂപപ്പെടുത്തുവാൻ. മധ്യകാല കേരളത്തിലെ സാമൂതിരി രാജ്യത്ത് നിലനിന്ന ജ്ഞാനവികാസവും അതിന് തുണയായിത്തീർന്ന നഗരവൽക്കരണവും വ്യാപാരവികസനവും ഹിന്ദു-മുസ്ലിം- കൃസ്ത്യൻ സംസ്‌കാരരൂപങ്ങളുടെ സമഞ്ജസമായ വളർച്ചയും ഈ മ്യൂസിയത്തിൽ രേഖപ്പെടുത്തേണ്ടതുണ്ട്. ഒരു ഭാഗത്ത് പട്ടത്താനവും കൃഷ്ണനാട്ടവും കൂത്തും കൂടിയാട്ടവും, കഥകളിയും ആയുർവ്വേദവും ജ്യോതിശ്ശാസ്ത്ര /ഗണിതശാസ്ത്രപഠനങ്ങളും മറ്റും ദൃശ്യവൽക്കരിക്കുമ്പോൾ 17-ാം നൂറ്റാണ്ടിൽ സാമൂതിരിക്ക് സമർപ്പിച്ച പണ്ഡിതനായ കോഴിക്കോട് ഖാസി മുഹമ്മദിന്റെ കാവ്യമായ ‘ഫത് ഹുൽ മുബീനും’ അദ്ദേഹം തന്നെ രചിച്ച അറബിമലയാള കൃതിയായ ‘മുഹ്‌യുദ്ദീൻ മാല’യും മറ്റു കൃതികളും പ്രദർശിക്കപ്പെടേണ്ടതുണ്ട്. അതുപോലെ ക്രിസ്ത്യൻസമൂഹത്തിന്റെയും കോഴിക്കോട് സ്ഥിരതാമസമാക്കിയ അന്യസമുദായങ്ങളുടെയും കലാസാഹിത്യസാംസ്‌കാരിക രൂപങ്ങൾ ഉൾക്കൊള്ളിക്കുന്നതും ഉചിതമായിരിക്കും. സാമൂതിരിരാജാക്കന്മാരുടെ കാലത്ത് നിലനിന്നിരുന്ന മതമൈത്രിയും സാർവ്വ ജനീനതയും ലോകം മുഴുവനും എക്കാലവും ആദരിക്കപ്പെടേണ്ടതാണെന്നും ഇത്തരമൊരു ‘സാമൂതിരിമ്യൂസിയ’ത്തിന്റെ സാക്ഷാൽക്കാരം ബഹുജനപങ്കാളിത്തത്തോടെയും ടൂറിസം ഡിപ്പാർട്ട്‌മെന്റ്/പൊതു/സ്വകാര്യമേഖലകളുടെ സഹകരണത്തോടെയും യാഥാർത്ഥ്യമാക്കാൻ കഴിയുമെന്നും വിശ്വസിക്കുന്നു.

(‘സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് അനുഭവചരിത്രം’, സൽകൃതി എഡ്യുക്കേഷനൽ ആന്റ് കൾചറൽ ട്രസ്റ്റ്, ​ചേവായൂർ കോഴിക്കോട്, പേജ് 557, വില 950 രൂപ)

1. Sanjay Subramanyam, “The Career and Legend of Vasco da Gama”, Cambridge, Cambridge University Press, 1997.
2. Kesavan Veluthat, “New sensibilities; New Expressions Passages to a New Formation”, General President’s Address, Indian History Congress, Eighty first session, Madras Christian College, Chennai, Tamilnadu, 27th-29th December, 2022.
3. Kesavan Veluthat, “Brahman settlements in Kerala’’: Historical studies 1979, Cosmo Books, Thrissur, pp. 170-171.
4. Sanjay Subramanyam, “Political Economy of Commerce: Southern India, 1500-1650, Cambridge University Press, 2004, pp. 31-32.
5. കെ.എൻ. ഗണേശ്, ‘കേരളത്തിലെ ഇന്നലെകൾ’, ഡിപ്പാർട്ട്‌മെന്റ് ഓഫ് കൾച്ചറൽ പബ്ലിക്കേഷൻസ്, തിരുവനന്തപുരം, 1980, pp. 370-371.
6. എം.ജി.എസ്. നാരായണൻ, “കോഴിക്കോടിന്റെ കഥ’’, മാതൃഭൂമി ബുക്‌സ്, തൃശൂർ, 2017, p. 115.
7. Kesavan Veluthat, op.cit, December, 2022.
8. എം.സി. നമ്പൂതിരിപ്പാട്, ‘ഞാൻ ഓർക്കുന്നു: ആത്മകഥ’, കേരളശാസ്ത്രപരിഷത്ത്, തൃശൂർ 2014, pp. 22-23.
9. Kesavan Veluthat, op.cit, December, 2022.
10.Ibid.
11.George Geevarghese Joseph, ‘Passage to Infinity: Medieval Indian Mathematics from Kerala and Its Impact’, New Delhi, 2009.
12. Kesavan Veluthat, op.cit.
13. എം.എൻ. കാരശ്ശേരി, ‘കോഴിക്കോടിന്റെ സാഹിത്യപാരമ്പര്യം’ ‘കോഴിക്കോട്് ഒരോർമ്മപ്പുസ്തകം’, ed.പി. സക്കീർ ഹുസൈൻ, ഒലീവ് പബ്ലിക്കേഷൻസ്, കോഴിക്കോട്, p. 151.
14.Ibid.
15.Rajan Gurukkal, ‘Religion and Society’, Vol. 34, No. 1, March 1987, pp. 14-29.
16.Michael Tharakan P.K., ‘Keralathil Matha Souhardathinte sambathika Atisthanam’ CSE Bulletin, University of Kerala, No. 2, July 1989, pp. 14-19.
17.M.G.S. Narayanan, “Calicut: The City of Truth Revisited’ Publications Division, University of Calicut, 2006, p. 118.
18.Ibid.
19. Ashutosh Varshney, ‘Ethnic Conflict and Civic Life: Hindus and Muslims in India’, 2002, Yale University Press.
20.എം.ജി.എസ്. നാരായണൻ, ‘കോഴിക്കോടിന്റെ കഥ’, മാതൃഭൂമി ബുക്‌സ്, തൃശൂർ, 2017, p. 104.
21.‘കേരളത്തിലെ ആദ്യ പള്ളിക്കൂടം’, ഡോ: കുര്യാസ് കുമ്പളക്കുഴി, ദീപിക ദിനപത്രം, 19 ജൂൺ 2024.
22.Zamorin’s memorandum, Revenue Consultations, vol 953, p. 952.
23.ഡോ. അമൃത് ജി. കുമാർ, മാതൃഭൂമി ആഴ്ചപ്പതിപ്പ്, നവംബർ 15-22, 2022.
24.Kerala Vidyasala Calender 1897, Printed at Vidya Vilasam Press, Calicut.
25.കെ.പി. കേശവമേനോൻ, ‘കഴിഞ്ഞ കാലം’ മാതൃഭൂമി ബുക്‌സ്, കോഴിക്കോട്, 2009, p. 25.
26.C.M. Barrow’s evidence on Cheruma students, Report of Provincial Committee, 1882, p. 9.
27.Note from Sri. K.P. Sasikumar, Retd. Joint Registrar, Calicut University.
28.Mustafa Kamal Pasha, “History of Education in Malabar Under British Rule 1792 to 1947” Unpublished Ph.D Thesis, University of Calicut, p. 18.
29.Ibid.
30.Ibid.
31.ജിജി കെ.വി., ‘തിയോസഫി നഗരജീവിതത്തിൽ’ in ‘കോഴിക്കോട് നഗരവും ജീവിതവും’ എഡി. ശിവദാസൻ പി., 2014, നാഷണൽ ബുക്സ്റ്റാൾ, കോട്ടയം, pp. 76-77.
32.Ibid.
33.I.G. Patel, “An Encounter with Education: My Years at LSE”, OUP, 2004.
34.Niladri Bhattacharya et al, (ed) “JNU Stories: The First 50 Years”, Aleph, 2020, New Delhi.
35.Ibid.
36.Jairam Ramesh, ‘A Chequered Brilliance: The Many Lives of V.K. Krishna Menon’, Penquin Viking, New Delhi, 2020, pp. 269-291.
37.പി.പി. രവീന്ദ്രൻ ‘ഛിന്നഭിന്നം ഈ നാടകവേദി’ ‘എന്നുടലെൻ മാനിഫെസ്റ്റോ; രാമചന്ദ്രൻ മൊകേരിയുടെ ഓർമ്മയിൽ‘, സാക്ഷി ബുക്‌സ്, മലപ്പുറം, 2023, pp. 25-29.
38.പി.പി. രവീന്ദ്രൻ ‘ഛിന്നഭിന്നം ഈ നാടകവേദി’ ‘എന്നുടലെൻ മാനിഫെസ്റ്റോ; രാമചന്ദ്രൻ മൊകേരിയുടെ ഓർമ്മയിൽ’, സാക്ഷി ബുക്‌സ്, മലപ്പുറം, 2023, pp. 25-29.

Comments