ബ്രഹ്​മപുരം ഒരു പാഠമാണ്​, അതിന്​ പരിഹാരവുമുണ്ട്​

കുറച്ചു വർഷങ്ങൾക്കു മുൻപ് കേരളത്തിലെ ഒരു കോർപറേഷനിൽ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട്​ പഠിക്കാൻ പോയപ്പോൾ അവിടുത്തെ മേയർ പറഞ്ഞ ഒരു കാര്യമുണ്ട്: "എനിക്ക് മാലിന്യ പ്രശ്‌നം കൈകാര്യം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ എന്ത് ചെയ്യണമെന്നോ എങ്ങനെ ചെയ്യണമെന്നോ എനിക്കറിയില്ല. നിങ്ങൾ പറയൂ എന്താ ചെയ്യേണ്ടതെന്ന്'. അന്നെനിക്കുത്തരം ഉണ്ടായിരുന്നില്ല. പക്ഷെ ആ വാക്കുകൾ ഉള്ളിൽ ഇന്നും നീറുന്നുണ്ട്.

ദൈനംദിനം വളർന്നുകൊണ്ടിരിക്കുന്ന കൊച്ചിയുടെ ആരോഗ്യം പരിപാലിക്കുന്നതിനായി ജന്മസ്ഥലത്തുനിന്ന്​ കുടിയിറക്കപ്പെട്ട ഒരു കൂട്ടം ജനതയുണ്ട്. ഓർക്കുന്നുണ്ടോ? എന്തുകാര്യം? കൃത്യമായ സംസ്‌കരണം നടക്കാത്തതിനാൽ വർഷാവർഷം കത്തിയമരുന്ന ബ്രഹ്‌മപുരത്തെ മാലിന്യം കൊച്ചി നിവാസികളുടെ ആരോഗ്യം സംരക്ഷിക്കുന്നില്ലെന്നുമാത്രമല്ല, കൊച്ചിയിലെ മനുഷ്യർക്കുവേണ്ടി സ്വന്തം സന്തോഷങ്ങൾ ത്യജിച്ച ഒരു ജനതക്ക്​​ കടുത്ത അനീതിയും അത്​ ബാക്കിയാക്കുന്നു.

ബ്രഹ്‌മപുരത്തെ കുടുംബങ്ങൾ അവിടെ നിന്ന്​ കുടിയിറങ്ങിയിട്ട് പതിറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. എന്നിട്ടും കൊച്ചിക്ക് മാലിന്യം മര്യാദയ്ക്ക് കൈകാര്യം ചെയ്യാൻ കഴിയുന്നില്ലെങ്കിൽ അത്​ ടെക്‌നോളജിയുടെ അഭാവം കൊണ്ടൊന്നുമല്ല. അറിവില്ലായ്മയും, ദീർഘവീക്ഷണമില്ലായ്മയും കാര്യക്ഷമതയില്ലായ്മയും കൊണ്ടാണ്.

കുറച്ചു വർഷങ്ങൾക്കു മുൻപ് കേരളത്തിലെ ഒരു കോർപറേഷനിൽ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട്​ പഠിക്കാൻ പോയപ്പോൾ അവിടുത്തെ മേയർ പറഞ്ഞ ഒരു കാര്യമുണ്ട്: "എനിക്ക് മാലിന്യ പ്രശ്‌നം കൈകാര്യം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ എന്ത് ചെയ്യണമെന്നോ എങ്ങനെ ചെയ്യണമെന്നോ എനിക്കറിയില്ല. നിങ്ങൾ പറയൂ എന്താ ചെയ്യേണ്ടതെന്ന്'. അന്നെനിക്കുത്തരം ഉണ്ടായിരുന്നില്ല. പക്ഷെ ആ വാക്കുകൾ ഉള്ളിൽ ഇന്നും നീറുന്നുണ്ട്.

മാലിന്യം പോലെ സങ്കീർണമായ ഒരു പ്രശ്‌നം കൈകാര്യം ചെയ്യണമെങ്കിൽ ഒരു നഗരത്തിന്റെ നേതൃത്വത്തിന് ദീർഘവീക്ഷണവും, വിഹഗവീക്ഷണവും (birds eye view) ആവശ്യമാണ്. അതില്ലാത്തിടത്തോളം നഗരസഭകളിലെ ആരോഗ്യ വകുപ്പും എഞ്ചിനീയറിംഗ് വകുപ്പും തങ്ങളെ കൊണ്ട് കഴിയുന്നതു പോലെ കാലാകാലം ഭാരം ചുമക്കും. പ്രശ്‌നങ്ങൾ കൈവിട്ടുപോകുമ്പോൾ മേയർ അല്ലെങ്കിൽ ചെയർപേഴ്‌സൺ നാട്ടുകാരുടെ ചീത്തവിളി കേൾക്കും. പിന്നെ പരസ്പരം പഴി ചാരും. കേരളത്തിലെ മാലിന്യ പ്രശ്​നത്തിന്​ അവസാനം ഉണ്ടാകണമെങ്കിൽ വിവേകപൂർവമായ ഇടപെടലുകൾ വേണം. അതിനു രാഷ്ട്രീയ നേതൃത്വവും ബ്യൂറോക്രസിയും കൈകോർക്കേണ്ട സമയം കഴിഞ്ഞു.

കേരളത്തിന്റെ നേതൃത്വനിരയ്ക്ക് മാലിന്യ സംസ്‌കരണ മേഖലയിൽ ഇന്ന് അത്യാവശ്യമായി വേണ്ടത് എന്ന് ഞാൻ കരുതുന്ന കാര്യങ്ങൾ താഴെ പറയുന്നവയാണ്:

കാര്യക്ഷമതാ പരിപോഷണം

കാര്യക്ഷമതാ പരിപോഷണം പുതിയ കാര്യമല്ല. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ചെയ്തുവരുന്നതാണ്. പക്ഷെ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ, ഇത്രയധികം കാര്യക്ഷമതാ പരിപോഷണ പരിപാടികൾ നടത്തിയിട്ടും എന്തുകൊണ്ടാണ് മാലിന്യ സംസ്‌കരണം പോലൊരു ഉദ്ദേശ്യത്തിന് ഉദ്ധിഷ്ടഫലം കിട്ടാത്തതെന്ന്? രണ്ടു കാരണങ്ങൾ കൊണ്ടാണ്. ഒന്ന്, പങ്കാളിത്തത്തിന്റെ വൈവിധ്യമില്ലായ്മ, രണ്ട്, പരിശീലന ക്രമം.

മിക്കവാറും ഒരു കാര്യക്ഷമതാ പരിപോഷണ പരിപാടി നടത്തുമ്പോൾ അതിൽ സന്നിഹിതരാവുക നഗരസഭകളിലെ മാലിന്യ വിഷയം കൈകാര്യം ചെയ്യുന്ന ഒരു സ്റ്റാഫ് ആയിരിക്കും. അത് വേണ്ടതുതന്നെയാണ്. പക്ഷെ ആ വ്യക്തിക്ക് പലപ്പോഴും തീരുമാനം എടുക്കാനുള്ള അധികാരമുണ്ടാവില്ല. അപ്പോൾ, അവർ ട്രെയിനിങ് എടുത്തിട്ടും, ആശയങ്ങളുണ്ടായിട്ടും എന്തുകാര്യം? തീരുമാനം എടുക്കാൻ ശേഷിയുള്ളത് രാഷ്ട്രീയനേതൃത്വത്തിനാണ്. അതായത്, മേയർ, ചെയർപേഴ്‌സൺ, കൗൺസിലർ പോലുള്ളവർ. അവർക്കാണെങ്കിൽ ഈ വിഷയത്തെ കുറിച്ച് അവഗാഹവും ഇല്ല. പലപ്പോഴും താല്പര്യവും ഇല്ല. മാത്രമല്ല, പങ്കെടുക്കുന്ന സ്റ്റാഫിന് തീരുമാനമെടുക്കാൻ സ്വാതന്ത്ര്യം കൊടുത്തെന്ന് തന്നെയിരിക്കട്ടെ, മേയർ അല്ലെങ്കിൽ ചെയർപേഴ്‌സൺ എടുക്കുന്നതു പോലെ തന്റെ നഗരത്തെ കുറിച്ച് വിഹഗവീക്ഷണം ആ സ്റ്റാഫിനുണ്ടാകില്ല. കാരണം അവരുടെ കർമരംഗത്തിന് പരിമിതികളുണ്ട്. ഇങ്ങനെയൊരു സാഹചര്യത്തിലാണ് പ്രൈവറ്റ് കമ്പനികളും, കൺസൾട്ടൻറുകളും, ഞങ്ങൾ ഈ നഗരത്തിന്റെ പ്രശ്‌നം ‘ഇപ്പൊ തീർത്തു തരാം’ എന്നും പറഞ്ഞു വരുന്നത്. അതിൽ ഏറ്റവും നല്ല പ്രസന്റേഷൻ നടത്തുന്ന, ചെലവ് കുറഞ്ഞ കമ്പനികളായി നഗരത്തിന്റെ രക്ഷാകർത്താവ്. ഉദ്ദേശിച്ച പോലെ വരുമാനം വന്നില്ലെങ്കിൽ അവർ പൊടിയും തട്ടി പോകും. അപ്പോൾ കാര്യക്ഷമതാ പരിപോഷണം ആർക്കാണ് ഏറ്റവും കൂടുതൽ ആവശ്യം? രാഷ്ട്രീയ നേതൃത്വത്തിന്. കേരളത്തിൽ മാലിന്യ സംസ്‌കരണം പോലെയുള്ള പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ രാഷ്ട്രീയ നേതൃത്വത്തിനെ സ്‌കില്ലിങ് ചെയ്യുന്നതിനായി ഒരു സ്റ്റേറ്റ് സ്ട്രാറ്റജി വികസിപ്പിക്കുന്നത് നന്നായിരിക്കും. Performance incentives കൂടി അതിന്റെ ഭാഗമാക്കുക.

വിവര ലഭ്യതയും ഉപയോഗവും

അമേരിക്കയിൽ ഹാർവാർഡ് യൂണിവേഴ്‌സിറ്റി നടത്തുന്ന ഒരു സിറ്റി ലീഡർഷിപ് സംരംഭം ഉണ്ട്. മേയർമാരെയും നഗരത്തിലെ സീനിയർ ഓഫീസർമാരെയും സ്‌കില്ലിങ് ചെയ്യുന്ന ഒരു സംരംഭം. അതിലെ ഒരു മുഖ്യ ഘടകം മെച്ചപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിനും പെർഫോമൻസ് നിയന്ത്രിക്കുന്നതിനും ‘ഡാറ്റ’ എങ്ങനെ ഉപയോഗപ്പെടുത്താം എന്നാണ്. പിന്നെ, "decision making by experimentation' ചെയ്യാൻ അവരെ ഉത്സുകരാക്കുക എന്നതും. ഗ്രാജുവേറ്റ്​ വിദ്യാർഥികളുടെ സഹായത്തോടെയാണ് ഹാർവാർഡ് യൂണിവേഴ്‌സിറ്റി ലോകത്തിലെ മേയർമാരെ സ്‌കില്ലിങ് ചെയ്യുന്നത്.

നമ്മുടെ നാട്ടിലും യൂണിവേഴ്‌സിറ്റികൾക്കും ഗ്രാജുവേറ്റ്​ വിദ്യാർഥികൾക്കും അഭാവം ഒന്നുമില്ലല്ലോ? അതൊന്ന്​ നല്ലതുപോലെ ചാനലൈസ്​ ചെയ്തു നാടിന്റെ നന്മയ്ക്ക് ഉപയോഗിച്ചാൽ ഗുണമുണ്ടാകും. UN-HABITAT Waste Wise Cities Tool ഞാൻ കണ്ടതിൽ വച്ച് അത്യാവശ്യം മികച്ച പ്ലാനിങ്​ ടൂൾ ആണ്​. നഗരസഭകൾ അത് ഉപയോഗിക്കാൻ ശ്രമിക്കുക. ഒന്ന് മനസുവച്ചാൽ കേരളത്തിൽ അത് വ്യാപകമായി ഉപയോഗിക്കാവുന്നതേയുള്ളൂ. തിരുവനന്തപുരത്ത്​ യു.എൻ ടീം തന്നെ വന്ന് ഈ ടൂൾ ഉപയോഗിച്ചിട്ടുള്ളതാണ്. അവരിൽ നിന്ന് പഠിക്കുക. പക്ഷെ ഡാറ്റ ഉത്പാദനം പ്ലാനിങ്ങിനുവേണ്ടി മാത്രമല്ല നിരീക്ഷണങ്ങൾക്കും കോഴ്​സ്​ കറക്ഷനും കൂടി ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ വികസിപ്പിക്കേണ്ടതുണ്ട്. ഒന്നുകിൽ നിലവിലുള്ള MIS (Management information system) സിസ്റ്റം മെച്ചപ്പെടുത്തുക. അല്ലെങ്കിൽ കുട്ടികളുടെ ബുദ്ധി ഉപയോഗപ്പെടുത്തുക.

സാങ്കേതിക വിദ്യാ പരിജ്ഞാനം

മാലിന്യ സംസ്‌കരണത്തിന്​ അടുക്കളയിലെ ബക്കറ്റ് കമ്പോസ്റ്റ് മുതൽ വിലയേറിയ വേസ്റ്റ് ടു എനർജി പ്ലാന്റുകൾ വരെ അസംഖ്യം സാങ്കേതിക വിദ്യകൾ നിലവിലുണ്ട്. ഇതിലേത് സാങ്കേതികവിദ്യ എങ്ങനെ, എന്തിന് ഉപയോഗിക്കണം എന്ന ധാരണ അത്യാവശ്യമാണ്. ഏതു സാങ്കേതികവിദ്യ എങ്ങനെ ഉപയോഗിക്കണം എന്ന് കേരളത്തിലെ ഒരു നഗരനേതൃത്വം ഇന്ന് തീരുമാനിക്കുന്നതെങ്ങനെയാണ്? "അത് നല്ലതാണ്, ഇത് നല്ലതാണ്' എന്ന് ആരെങ്കിലും പറയുന്നതുകേട്ട് അങ്ങോട്ടും ഇങ്ങോട്ടും കുട്ടിക്കരണം മറിയാൻ തുടങ്ങിയിട്ട് കുറച്ചു നാളായില്ലേ? എന്നാണ് ഇതിനൊരു അന്തമുണ്ടാവുക? ഓരോ നഗരത്തിന്റെയും സന്ദർഭത്തിനനുസൃതമായി, സാമ്പത്തികമായി വയബ്​ളായ, പരിസ്ഥിതിക്കനുയോജ്യമായ, സാമൂഹ്യ അംഗീകാരമുള്ള സാങ്കേതികവിദ്യ തിരഞ്ഞെടുക്കാൻ നേതൃത്വത്തിന് കഴിയണം.

ഒരു നഗരത്തിന്, അത് വികേന്ദ്രീകൃത മോഡൽ ആകാം, കേന്ദ്രീകൃത മോഡൽ ആകാം, അല്ലെങ്കിൽ ഹൈബ്രിഡ് മോഡലും ആകാം. പക്ഷെ വളരെയധികം വിചിന്തനങ്ങൾക്കുശേഷം എടുക്കപ്പെടുന്ന അത്തരം ഒരു തീരുമാനം അതിന്റെ നിർവഹണത്തിന്റെ പൂർണതയിലെത്തിക്കേണ്ടത് നേതൃത്വത്തിന്റെ ചുമതലയാണ്. ഒരു തീരുമാനം പൂർണതയിലെത്തിക്കുന്നതിന് നേതൃത്വത്തിന് ഒരു aerial vision ആവശ്യമാണ്. കാരണം, ഒരു സാങ്കേതിക വിദ്യ പരാജയപ്പെടാൻ പലപ്പോഴും സമൂഹത്തിന്റെ/നേതൃത്വത്തിന്റെ സോഫ്റ്റ് എലെമെൻറ്​സിനോടുള്ള ചെറിയ അശ്രദ്ധ പോലും മതിയാകും.

കരാർ നിർവഹണ പരിജ്ഞാനം

ദിനംപ്രതി വളർന്നു കൊണ്ടിരിക്കുന്ന മാലിന്യം കൈകാര്യം ചെയ്യാൻ സർക്കാർ മാത്രം വിചാരിച്ചാൽ മതിയാകില്ല. അതിന്​, സമൂഹത്തിന്റെയും സ്വകാര്യ സ്ഥാപനങ്ങളുടെയും സഹായം ആവശ്യമാണ്. പൊതുമേഖലയും സ്വകാര്യമേഖലയും ഒന്നിച്ചു ചെയ്യുന്ന പി.പി.പി മോഡൽ പലവിധത്തിലുണ്ട്. ഏതു പി.പി.പി മോഡൽ ആണ് നല്ലതെന്ന് തീരുമാനിക്കാനും, അതിന്റെ നിർവഹണവും, നിരീക്ഷണവും, മേൽനോട്ടവും കാര്യക്ഷമമായി ചെയ്യാനും ഉള്ള പരിജ്ഞാം നഗരനേതൃത്വത്തിന് അത്യാവശ്യമാണ്.

കൊച്ചിയിലെ തന്നെ ഉദാഹരണം എടുക്കാം. ഏറ്റവും ആദ്യം കൊച്ചിയിൽ വേസ്റ്റ് ടു എനർജി പ്ലാൻറ്​ കൊണ്ടുവരാനുള്ള തീരുമാനം എടുത്തത് 2007 ലാണ്. 2012-13 ൽ ഞാൻ ചെല്ലുമ്പോൾ പ്ലാന്റിനുള്ള മെഷീനറികൾ തുരുമ്പിച്ചിരിക്കുന്നുണ്ടായിരുന്നു. പിന്നെ കേട്ടു, GJ കമ്പനിക്ക് Design, Build, Finance, Operate and Transfer (DBOFT) മോഡലിൽ 20 വർഷത്തേക്ക് കരാർ ഒപ്പിട്ടു എന്ന്. അത് കഴിഞ്ഞുകേട്ടത് അവരുടെ inefficiency കാരണം കോൺട്രാക്ട് ഒഴിവാക്കി എന്ന്. കമ്പനിയുടെ പ്രാവീണ്യമില്ലായ്മയെ കുറിച്ചും അഴിമതി നടന്നു എന്നുമൊക്കെ അവിടിവിടെ വായിച്ചു. എന്നാൽ ഒരു കാര്യം ചോദിച്ചോട്ടെ? എങ്ങനെയാണ് DBOFT കാര്യക്ഷമമായ മോഡൽ എന്ന് കൊച്ചി നഗരസഭ അല്ലെങ്കിൽ കേരള സർക്കാർ തീരുമാനിച്ചത്? എന്തു കൊണ്ട് Hybrid annuity മോഡലിനെ കുറിച്ച് ചിന്തിച്ചില്ല? DBOFT മോഡലിൽ ക്യാപിറ്റൽ ഇൻവെസ്റ്റ്‌മെൻറ്​ മുഴുവനായി സ്വകാര്യ സ്ഥാപനത്തിന്റെ റെസ്‌പോൺസിബിലിറ്റി ആണ്. അങ്ങനെ ഒരു മോഡൽ പരാജയപ്പെടാൻ കമ്പനിയുടെ ഫിനാൻഷ്യൽ പ്ലാനിംഗ് അല്ലെങ്കിൽ റവന്യൂ റിക്കവറി സാധ്യത അപര്യാപ്തമായാലും മതി. അത് തന്നെയാണ് കൊച്ചിയിൽ സംഭവിച്ചതും. ബ്രഹ്‌മപുരത്ത്​ കത്തിയമരുന്ന കുന്നു കൂടിയ പ്ലാസ്റ്റിക്കിന്റെ കാരണവും അത് തന്നെയാണ്. കമ്പനിക്ക് റവന്യൂ റിക്കവറി ഉണ്ടാക്കാൻ സർക്കാർ നീട്ടിയ സഹായഹസ്തം.

Hybrid annuity മോഡലിൽ നേരെ മറിച്ച്​, ഒരു നിശ്ചിത ശതമാനം സർക്കാർ വഹിക്കും. ബാക്കി സ്വകാര്യ സ്ഥാപനവും. സ്വകാര്യ സ്ഥാപനത്തിന്റെ ഇൻവെസ്റ്റ്‌മെന്റ് annuity payment തിരികെ നൽകും. ഇങ്ങനെ ഒരു മോഡലിൽ ഫണ്ടിങ് റിസ്‌ക് കുറക്കാൻ സർക്കാരിന് കഴിയും. ഏകദേശം 60 % annuity തിരിച്ചടവ് പോസ്റ്റ് ഓപ്പറേഷൻ ആയി വരുന്നതുകൊണ്ട് സ്വകാര്യ കമ്പനി മര്യാദക്ക് ജോലി ചെയ്‌തോളും. പ്രോജക്ടിൽ നിന്ന് ഉല്പാദിപ്പിക്കപ്പെടുന്ന ഉപോൽപ്പന്നത്തിന്റെ വിക്രയം എങ്ങനെയായിരിക്കണം എന്നും സർക്കാരിന് നിശ്ചയിക്കാം.

പിന്നെ ഏതു കരാർ മോഡൽ വേണമെന്ന് തീരുമാനിച്ചാൽ മാത്രം പോരാ. ആ പ്രൊജക്റ്റ് നിർവഹണം മോണിറ്റർ ചെയ്യാനുള്ള സംവിധാനം കൂടി സർക്കാരുകൾ വളർത്തിയെടുക്കേണ്ടതുണ്ട്. ഇവിടുന്നങ്ങോട്ടു എങ്ങനെ തീരുമാനങ്ങൾ മെച്ചപ്പെടുത്താം എന്ന് ചിന്തിച്ചു നോക്കൂ.

പൊതുശീല പരിവർത്തന തന്ത്രം

സ്വച്ഛ് സർവ്വേക്ഷൻ സർവേയുടെ റിസൾട്ട് വരുമ്പോഴൊക്കെ മലയാളി സോഷ്യൽ മീഡിയ ഹാൻഡിലുകൾ നോക്കിയാൽ രസമാണ്. ഇൻഡോറിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമൊക്കെയായി ആകെ മേളാങ്കമാണ്. നല്ലതുതന്നെ. പക്ഷെ ഒന്നുമാത്രം എനിക്ക് പറയാനുണ്ട്. ഇൻഡോറിന് അതിന്റേതായ പരിമിതികളുണ്ട്. എന്നാൽ ഒരു കാര്യം അവർക്കു ചെയ്യാൻ കഴിഞ്ഞു. അതാണ് അവരുടെ ഫലത്തിന്റെ ആധാരവും; "പ്രൈഡ്'. സ്വച്ഛ് സർവേക്ഷൻ റാങ്ക് ഇൻഡോറിന്​ പ്രൈഡ് ആണ്. അതുകൊണ്ട് രാഷ്ട്രീയ നേതൃത്വം കർമനിരതരാണ്. ജനങ്ങളും ചുറ്റുപാടുകളും നഗരവും വൃത്തിയായി സൂക്ഷിക്കുന്നതിൽ കർമനിരതരാണ്. അവരതെങ്ങനെ ആർജ്ജിച്ചു എന്നത് പഠിക്കേണ്ട വിഷയമാണ്. ഇൻഡോറിന്റെ ഏഴു വർഷത്തെ കഠിനാധ്വാനമാണ് ആദ്യത്തെ സ്വച്ഛ് സർവേക്ഷൻ റാങ്ക്. പിന്നെ തിരിഞ്ഞു നോക്കാൻ അവരൊരിക്കലും ഇഷ്ടപ്പെട്ടിട്ടില്ല. പൊതുശീല പരിവർത്തനത്തിനു വേണ്ടിയുള്ള അവരുടെ ശ്രമങ്ങൾ അഭിനന്ദനാർഹവുമാണ്.

ഇൻഡോറിനും എത്രയോ മുൻപേ കേരളം അറിയപ്പെടേണ്ടതായിരുന്നു. പക്ഷെ കേരളത്തിന് പിഴച്ചത് ആരംഭശൂരത്വത്തിലും ദീർഘവീക്ഷണമില്ലായ്മയിലും, തമ്മിൽ തല്ലലിലും ആണ്.

ഒന്നു മാത്രം ചൂണ്ടിക്കാണിക്കാം. ഇന്ത്യയിലെയും ലോകത്തെയും best practices -ൽ നിന്ന് ബിഹേവിയർ ചേഞ്ച് കമ്മ്യൂണിക്കേഷൻ പഠിക്കുക. അതിനുശേഷം കേരളത്തിന് ഒരു സ്ട്രാറ്റജി device ചെയ്യുക. സംയമനത്തോടെ അത് പൂർണതയിലെത്തുന്നതുവരെ നടപ്പിലാക്കുക. അത് കഴിഞ്ഞാൽ ജനങ്ങൾ ഏറ്റെടുത്തോളും.

കേരളത്തിലെ രാഷ്ട്രീയനേതൃത്വവും -ഇടതു വലതു വ്യത്യാസമില്ലാതെ- ബ്യൂറോക്രസിയും ജനങ്ങളും ഒത്തുചേർന്നാൽ പരിഹരിക്കാനാകാത്ത മാലിന്യ പ്രശ്‌നം കേരളത്തിന് ഇന്നില്ല. അതുകൊണ്ട് പരിശ്രമം തുടരുക. പക്ഷെ ദിശയെക്കുറിച്ച് എന്നും ജാഗരൂകരായിരിക്കുക.

Comments