നന്ദി ബ്രെൻഡൻ ഫ്രേസർ, വിഷാദരോഗത്തിനോട് മല്ലിടുന്നവർക്ക്​ പ്രതീക്ഷയുടെ പിടിവള്ളിയായതിന്​...

മികച്ച നടനുള്ള ഓസ്‌കാർ അവാർഡ് ബ്രെൻഡൻ ഫ്രേസർക്കാണ്​. സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്ന് മാറി വിഷാദരോഗത്തിന്റെ കാണാക്കയങ്ങളിൽ വീണു താണു പോകുമായിരുന്ന ഒരു ജീവിതത്തെയാണ് ഏറെക്കാലത്തിനു ശേഷം "ദി വേൽ' എന്ന സിനിമയിലെ ഒരൊറ്റ പെർഫോമൻസിലൂടെ ബ്രെൻഡൻ ഫ്രേസർ തിരിച്ചുപിടിക്കുന്നത്.

ബ്രെൻഡൻ ഫ്രേസർ എന്ന പേര് കേൾക്കുമ്പോൾ എന്റെ തലമുറക്ക് ആദ്യം ഓർമ വരുന്നത് പാവങ്ങളുടെ "ടാർസൻ' എന്ന് വിശേഷിപ്പിക്കാവുന്ന "ജോർജ് ഓഫ് ദി ജംഗിൾ' എന്ന കഥാപാത്രത്തെയാണ്.

ടാർസൻ അതിമാനുഷികനാണെങ്കിൽ ജോർജ് ലോക തോൽവിയാണ്. കാട്ടുവള്ളിയിൽ തൂങ്ങിയുള്ള ജോർജിന്റെ ഓരോ ഹൈ സ്പീഡ് പരാക്രമവും അവസാനിക്കുന്നത് നിയന്ത്രണം വിട്ട് ഏതെങ്കിലും മരത്തിൽ ചെന്ന് ക്രാഷ് ലാൻഡ് ചെയ്തിട്ടാകും. ടാർസന്റെ അതിമാനുഷികതയെക്കാൾ ജോർജിന്റെ നിഷ്കളങ്കതയുടെ വിജയമായിരുന്നു "ജോർജ് ഓഫ് ദി ജംഗിളി'ന്റെ വിജയം .

ബ്രെൻഡൻ ഫ്രേസറുടെ സാഹസികതകൾക്ക് എപ്പോഴും തമാശയുടെ മേമ്പൊടിയുണ്ടായിരുന്നു. എന്തിന്, ആ മുഖം പോലും ഹോളിവുഡിലെ ആണത്താഘോഷങ്ങളിൽ നിന്ന് വേറിട്ട് നിൽക്കുന്നതായിരുന്നു. പക്ഷേ അതേ മുഖവും പേറി ഫ്രേസർ അതിഗംഭീര ആക്ഷൻ സീക്വൻസുകളിൽ അഭിനയിച്ചു. "ജോർജ് ഓഫ് ദി ജംഗിളും', "മമ്മിയും', "ജേർണി ടു ദി സെന്റർ ഓഫ് എർത്തു'മൊക്കെ ഫ്രേസറിനെ കുട്ടികളുടെ കൂടി ഇഷ്ടതാരമാക്കി മാറ്റി. പക്ഷേ കാലം ബ്രെൻഡൻ ഫ്രേസർക്കായി കരുതി വെച്ചത് അയാളുടെ സിനിമകളിലേതു പോലെ തമാശ നിറഞ്ഞ ഒരു ജീവിതമായിരുന്നില്ല.

ഹോളിവുഡിലെ ഏറ്റവും മികച്ച കൊമേഡിയന്മാരിൽ ഒരാളായ റോബിൻ വില്യംസിന്റെ ആത്മഹത്യ ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ ആരാധകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞ ഒന്നാണ്. "മിസിസ് ഡൗട്ട് ഫയർ', "ഫ്ലബ്ബർ', "ജുമാൻജി' തുടങ്ങി ഇന്ത്യയിലെ കൊച്ചു കുട്ടികൾക്ക് പോലും സുപരിചിതമായ സിനിമകളിലൂടെ നമ്മളെ കുടുകുടാ ചിരിപ്പിച്ച റോബിൻ വില്യംസിന്റെ ആത്മഹത്യക്കുപിന്നിലെ വില്ലൻ ഡിപ്രഷനായിരുന്നു. അതേ വില്ലൻ തന്നെയാണ് നമ്മളെയെല്ലാവരെയും രസിപ്പിച്ച ബ്രെൻഡൻ ഫ്രേസറേയും കീഴടക്കിയത്.

അനാരോഗ്യമാണ് വിഷാദരോഗത്തെ ഫ്രേസറിന്റെ ജീവിതത്തിലേക്ക് ആനയിച്ചുകൊണ്ടുവരുന്നത്. ഫ്രേസറിന്റെ ആക്ഷനിൽ തമാശയുണ്ടായിരുന്നെങ്കിലും ആക്ഷൻ രംഗങ്ങൾക്കുവേണ്ടി ഒരുക്കങ്ങൾ നടത്തുന്നതിലും ഡ്യൂപ് ഇല്ലാതെ അത് ഭംഗിയായി ചെയ്തെടുക്കുന്നതിലും അദ്ദേഹം നൂറു ശതമാനം സീരിയസ് തന്നെയായിരുന്നു. ആ ആത്മസമർപ്പണത്തിന്റെ പരിണതഫലമായിരുന്നു നട്ടെല്ലിനുൾപ്പെടെ അദ്ദേഹത്തിന് വിധേയനാകേണ്ടി വന്ന ഒട്ടേറെ ശസ്ത്രകിയകൾ. ആ വേദനകൾക്ക് തൊട്ടുപിന്നാലെയെത്തിയത് അമ്മയുടെ അപ്രതീക്ഷിത മരണമായിരുന്നു, അതിൽ നിന്ന് മുക്തനാകുന്നതിനുമുമ്പുതന്നെ, താൻ കൂടി ഭാഗമായ ഒരു സീരീസിന്റെ പ്രമോഷന് മീഡിയക്ക് മുന്നിൽ ചെന്നിരിക്കേണ്ട ഗതികേട് ഫ്രേസറിനു ഉൾക്കൊള്ളാനായില്ല. അതുകൊണ്ടുതന്നെ അദ്ദേഹം പല ഇന്റർവ്യൂകൾക്കും നോ പറഞ്ഞു.

ഫിലിപ് ബെർക്കർ

ഇക്കാര്യങ്ങൾക്ക് പിന്നാലെയാണ് സുപ്രസിദ്ധ ജേണലിസ്റ്റും സിനിമാ നിരൂപകനുമായ ഫിലിപ് ബെർക്കിൽ നിന്ന് ലൈംഗിക ചുവയോടെയുള്ള സംസാരവും പെരുമാറ്റവും ബ്രെൻഡൻ ഫ്രേസറിനു നേരിടേണ്ടിവന്നത്. ഇക്കാര്യത്തെ ബെർക്ക് ഒരു തമാശ മാത്രമായി തള്ളിക്കളഞ്ഞെങ്കിലും ഫ്രേസറിന്റെ മനസിനെ അത് വല്ലാതെ പിടിച്ചുലച്ചു. മീ ടൂ മൂവ്മെന്റുകൾ സജീവമായപ്പോൾ അദ്ദേഹമത് വെളിപ്പെടുത്തുകയും ചെയ്തു. ഫിലിപ്പ് ബെർക്ക് എന്ന ആ മുതിർന്ന മാധ്യമപ്രവർത്തകനെതിരെ നടത്തിയ ഈ പ്രസ്താവന നടനെന്ന നിലയിൽ ഫ്രേസറുടെ അവസരങ്ങൾക്ക് വിലങ്ങുതടിയായി. തന്റെ ഏറ്റവും പുതിയ സിനിമയായ "ദി വേലി'ലെ അഭിനയത്തിന് മികച്ച നടനുള്ള നോമിനേഷൻ ലഭിച്ചിട്ടുപോലും ബ്രെൻഡൻ ഫ്രേസർ ഗോൾഡൻ ഗ്ലോബ് അവാർഡ് ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാനുള്ള കാരണം, ഗോൾഡൻ ഗ്ലോബ് അവാർഡുകൾ നൽകുന്ന ഹോളിവുഡ് ഫോറിൻ പ്രസ് അസോസിയേഷന്റെ മുൻ പ്രസിഡന്റ ആയിരുന്ന ഫിലിപ്പ് ബെർക്കിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ അവർ നടത്തിയ അന്വേഷണവും അതിനെ നിസ്സാരമായി തള്ളിയ റിപ്പോർട്ടുമായിരുന്നു.

ബെർക്ക് പോലുള്ള ഒരു ശക്തനെതിരെയുള്ള പോരാട്ടം ഹോളിവുഡിന് അനഭിമതനാക്കി മാറ്റിയ ബ്രെൻഡൻ ഫ്രേസർക്ക് നേരിടേണ്ടി വന്ന അടുത്ത തിരിച്ചടിയാണ് തന്റെ ഭാര്യ ഫയൽ ചെയ്ത വിവാഹമോചനക്കേസ്, അതിൽ ജീവനാംശമായി പ്രതിമാസം നൽകേണ്ടിയിരുന്ന തുകയായ 61 ലക്ഷം രൂപ അക്കാലത്ത് സിനിമകളൊന്നുമില്ലാതെ വീട്ടിലിരിക്കുന്ന അദ്ദേഹത്തിന് ഒരു തരത്തിലും നൽകാൻ കഴിയുന്ന ഒന്നായിരുന്നില്ല. സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്ന് മാറി വിഷാദരോഗത്തിന്റെ കാണാക്കയങ്ങളിൽ വീണു താണു പോകുമായിരുന്ന ഒരു ജീവിതത്തെയാണ് ഏറെക്കാലത്തിനു ശേഷം "ദി വേൽ' (the whale) എന്ന സിനിമയിലെ ഒരൊറ്റ പെർഫോമൻസിലൂടെ ബ്രെൻഡൻ ഫ്രേസർ തിരിച്ചു പിടിക്കുന്നത്.

ദി വേൽ എന്ന സിനിമയിൽ ബ്രെൻഡൻ ഫ്രേസർ .

ഓൺലൈൻ ക്ലാസുകളെടുക്കുമ്പോൾ കാമറ ഓഫ് ആക്കി വെക്കുന്ന, തനിക്ക് പിസ ഡെലിവറി ചെയ്യുന്നവന് മുന്നിൽ ഒരിക്കൽ പോലും പ്രത്യക്ഷപ്പെടാൻ ഇഷ്ടപ്പെടാത്ത, കടം വീട്ടാനുള്ളത് കൊണ്ട് മാത്രം ജോലി ചെയ്യുന്ന പൊണ്ണത്തടിയനായ ഇംഗ്ലീഷ് പ്രൊഫസർ ചാർലി. ഇന്ന് ബ്രെൻഡൻ ഫ്രേസർക്ക് മികച്ച നടനുള്ള അവാർഡ് നേടിക്കൊടുത്ത കഥാപാത്രം തന്റെ ജീവിതത്തോട് എത്ര അടുത്ത് നിൽക്കുന്നുവെന്നത് അദ്ദേഹത്തെ ഒരിക്കലും അത്ഭുതപ്പെടുത്തിയിട്ടുണ്ടാകാൻ ഇടയില്ല. ഡിപ്രഷനിലാകുമ്പോൾ ഇരട്ടി ഭക്ഷണം കഴിക്കുന്ന എന്നെപ്പോലുള്ളവരെയും അത് അത്ഭുതപ്പെടുത്തില്ല. താൻ ഇത്രയും കാലം കടന്നു പോയ ജീവിതം തന്നെയാണ് ഫ്രേസറിനെ ഓസ്കറിലെ മികച്ച നടനോളം ചാർലിയെ വളർത്തി വലുതാക്കാൻ സഹായിച്ചതെന്നതിൽ ആർക്കും സംശയമുണ്ടാകില്ല. ഒരു കാലത്ത് സിക്സ് പാക്ക് ശരീരവുമായി വള്ളിയിൽ കയറി തൂങ്ങിയാടി മരത്തിൽ ചെന്നിടിച്ചു തകർന്നു വീണു നമ്മെ രസിപ്പിച്ച ഈ മനുഷ്യൻ, ഇന്ന് തന്റെ അൻപത്തിനാലാം വയസ്സിൽ ഓസ്‌കാർ പുരസ്‌കാര വേദിയിൽ മികച്ച നടനുള്ള അവാർഡ് ശിൽപം ഉയർത്തിപ്പിടിച്ചു നമ്മളോട് ഉറക്കെ പറയുന്നത് ഇതാണ്.

"നീന്തിക്കയറാൻ പറ്റാത്ത കയങ്ങളില്ല, കീഴടക്കാൻ കഴിയാത്ത ഉയരങ്ങളില്ല.'

നന്ദി ബ്രെൻഡൻ ഫ്രേസർ, വിഷാദരോഗത്തിനോട് മല്ലിടുന്ന ഓരോ മനുഷ്യനും പ്രതീക്ഷയുടെ പിടിവള്ളിയായി മാറിയതിന്.

Comments