തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നുകഴിഞ്ഞല്ലോ, ഇനിയൊന്ന് പരിശോധിക്കാം ‘വിവാദ വ്യവസായ’ത്തെക്കുറിച്ച്

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം വന്നുകഴിഞ്ഞ അന്തരീക്ഷത്തിൽ ഒരു പ്രധാന വിവാദത്തിന്റെ ആധാരമായ നിർമാണസ്ഥാപനങ്ങളുടെ കാൽനൂറ്റാണ്ടുനീളുന്ന അക്രഡിറ്റേഷൻ ചരിത്രം വസ്തുനിഷ്ഠമായി വിശകലനം ചെയ്യപ്പെടുന്നു.

മുഖ്യധാര മാധ്യമങ്ങളിൽ ഒട്ടെല്ലാത്തിലും കാണുന്നതും ചില രാഷ്ട്രീയനേതാക്കൾ ആവർത്തിക്കുന്നതുമായ ആരോപണമാണ് ഊരാളുങ്കൽ സൊസൈറ്റിക്ക് കരാറുകൾ വാരിക്കോരി കൊടുക്കുന്നു എന്നത്. അതെന്താ, ഊരാളുങ്കലിനു കൊമ്പുണ്ടോ; എന്നാൽ അതൊന്ന് അറിയണമല്ലോ എന്നുതോന്നി. അങ്ങനെയാണ് അന്വേഷണം ആരംഭിച്ചത്. അന്വേഷണം ചെന്നുനിന്നത് കാൽനൂറ്റാണ്ടുമുമ്പു കേരളത്തിൽ നടന്ന വികസനോത്സവമായ ജനകീയാസൂത്രണത്തിൽ.

പ്രാദേശിക സർക്കാരുകളിൽ നമുക്കെല്ലാം അറിയുന്നതുപോലെ പഞ്ചവത്സരപദ്ധതിയുടെ 40 ശതമാനത്തോളം പണം തദ്ദേശഭരണസ്ഥാപനങ്ങൾക്ക് കൈമാറിയതോടെ നമ്മുടെ നാട്ടുമ്പുറങ്ങളിലും നഗരങ്ങളിലുമെല്ലാം ഒരുപോലെ വികസനപ്രളയമായി. ഓരോ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും കോർപ്പറേഷനിലും ഇഷ്ടംപോലെ റോഡും പാലവും കലുങ്കും കനാലും ജലസംഭരണിയും കുളവുമെല്ലാം നിർമിക്കുകയും നവീകരിക്കുകയും ചെയ്യാൻ തുടങ്ങി.

ഗുണഭോക്തൃസമിതികൾ ഇവയെല്ലാം ഏറ്റെടുത്തു നടത്തണമെന്നാണ് വിഭാവനം ചെയ്തിരുന്നതെങ്കിലും സാങ്കേതികത്വം ഏറെയുള്ള നിർമാണ പ്രവൃത്തികൾ അവ നടത്തി പരിചയമുള്ള കരാറുകാർ വഴിയേ നടത്താനാവൂ എന്ന നില വന്നു. എന്നാൽ, ചെറുകിട കരാറുകാരുടെ വൈദഗ്ദ്ധ്യത്തിലും നിർമാണശേഷിയിലും പരിമിതികൾ ഉണ്ടായിരുന്നു. പ്രാദേശിക ഭരണവുമായി ബന്ധപ്പെട്ട ചിലർക്ക് ഉണ്ടാകാവുന്ന അവിശുദ്ധകൂട്ടുകെട്ടിന്റെ ആശങ്കയും ഉണ്ടായിരുന്നു.

അങ്ങനെയാണ് നിർമാണ വൈദഗ്ദ്ധ്യമുള്ള ഏജൻസികളെക്കൊണ്ട് ഈ പണികൾ നിർവഹിക്കാം എന്ന ആലോചന വരുന്നത്. മാത്രവുമല്ല, മുന്നനുഭവം ഇല്ലാത്തതിനാലും ആസൂത്രണച്ചിട്ടകൾ പരിശീലിപ്പിക്കേണ്ടിയിരുന്നതിനാലും പദ്ധതി രൂപവത്ക്കരണം വൈകിയതിനാൽ അവയുടെ നടപ്പാക്കലും ആരംഭിക്കാൻ വൈകിയിരുന്നു. അപ്പോൾ പണം പാഴാക്കാതെ നിർമാണങ്ങൾ പൂർത്തിയാക്കാൻ കൂടുതൽ കാലതാമസം വരാതെ നോക്കേണ്ടതും ഉണ്ടായിരുന്നു.

അതിനാൽ, ടെൻഡർ നടപടി ഒഴിവാക്കി സത്യസന്ധതയും മികവുമുള്ള ഏജൻസികളെ ഏൽപിക്കാനുള്ള സാദ്ധ്യത സർക്കാർ പരിഗണിച്ചു. മാനദണ്ഡങ്ങൾ നിർണയിച്ച് സൂക്ഷ്മ പരിശോധനയിലൂടെ അത്തരം ഏജൻസികളെ കണ്ടെത്തി അവയെ അക്രഡിറ്റഡ് ഏജൻസികളായി പ്രഖ്യാപിക്കുന്നത് അങ്ങനെയാണ്.

1997 സെപ്റ്റംബർ 23-ലെ സ.ഉ.(പി.)നം. 216/97/ത.ഭ.വ. നമ്പർ ഉത്തരവു പ്രകാരം കേരള പഞ്ചായത്ത് രാജ് (പൊതുമരാമത്തു പണികളുടെ നടത്തിപ്പ്) ചട്ടങ്ങളും വ്യവസ്ഥ 11 (3) കാണുക) 1997 നവംബർ 12-ലെ സ.ഉ.(എം.എസ്.)നം. 254/97/ത.ഭ വ. നമ്പർ ഉത്തരവു പ്രകാരം കേരള മുനിസിപ്പാലിറ്റി (പൊതുമരാമത്തുമപണികളുടെ നടത്തിപ്പും സാധനങ്ങൾ വാങ്ങലും) ചട്ടങ്ങളും വ്യവസ്ഥ 11 (3) കാണുക) പരിഷ്‌ക്കരിച്ചു.

‘‘തദ്ദേശഭരണസ്ഥാപനത്തിന് ഉചിതമെന്നു തോന്നുന്നപക്ഷം ഏതൊരു മരാമത്തുപണിയും സർക്കാരംഗീകൃതവും സാമ്പത്തികക്ഷമതയുള്ളതും പ്രവൃത്തിപരിചയമുള്ളതുമായ ഒരു സന്നദ്ധസംഘടനയെയോ സ്ഥാപനത്തെയോ ഏൽപിക്കാവുന്നതും അവർക്ക് ആ തദ്ദേശഭരണസ്ഥാപനം നെഗോഷ്യേറ്റ് ചെയ്തു തീരുമാനിക്കുന്ന പ്രകാരമുള്ള നിരക്ക് 10-ാം ചട്ടം (14)-ാം ഉപചട്ടത്തിലെ വ്യവസ്ഥയ്ക്കു വിധേയമായി അനുവദിക്കാവുന്നതുമാണ്'' എന്നതാണു പുതിയ വ്യവസ്ഥ. ഇത് ആസ്പദമാക്കി സർക്കാർ ചില സ്ഥാപനങ്ങളെയും സർക്കാരിതരസംഘടനകളെയും ലേബർ കോൺട്രാക്റ്റ് സഹകരണസംഘങ്ങളെയും തദ്ദേശഭരണസ്ഥാപനങ്ങളുടെ പൊതുമരാമത്തുപണികളുടെ നിർവ്വഹണം നടത്താനുള്ള അക്രഡിറ്റഡ് ഏജൻസികളായി അംഗീകരിച്ചു.

തദ്ദേശഭരണസ്ഥാപനങ്ങൾ നിർമാണപ്രവൃത്തികൾ ഇവയിലൂടെ നടത്തുന്നതിന് നടപടിക്രമങ്ങളും നിശ്ചയിച്ചു. എന്നാലും ആ നടപടിക്രമങ്ങളിൽ പോരായ്മകളുണ്ടോ എന്ന്​ സർക്കാർ ജാഗ്രതയോടെ നിരീക്ഷിച്ചുവന്നു. അങ്ങനെ എന്തെങ്കിലും കണ്ടാലുടൻ മാനദണ്ഡങ്ങൾ പരിഷ്‌ക്കരിക്കും. മുന്നനുഭവമില്ലാത്ത ജനകീയാസൂത്രണത്തിന്റെ രീതിതന്നെ അങ്ങനെ ആയിരുന്നു - ട്രയൽ ആൻഡ് എറർ രീതിയിൽ പരീക്ഷിച്ചു മെച്ചപ്പെടുത്തുക.

അപ്രകാരം അക്രഡിറ്റേഷന്റെയും അവരെ കരാർ ഏൽപിക്കുന്നതിന്റെയും പ്രവൃത്തി നിരീക്ഷിക്കുന്നതിന്റെയും പണം നൽകുന്നതിന്റെയുമൊക്കെ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും പരിഷ്‌ക്കരിച്ച് ആറ് ഉത്തരവുകൾ 1998, 1999, 2001 2003, 2004, 2005 വർഷങ്ങളിൽ അന്നത്തെ എൽ.ഡി.എഫ്., യു.ഡി.എഫ്. സർക്കാരുകൾ പുറപ്പെടുവിച്ചു. തുടർന്നുവന്ന വി.എസ്. അച്യുതാനന്ദൻ സർക്കാർ ഇവ വീണ്ടും പരിഷ്‌ക്കരിച്ച് 2007 മേയ് 18 നു ജി.ഒ.(എം.എസ്.)നം. 133/07/തഭവ (https://go.lsgkerala.gov.in/pages/fileOpen.php?fname=6048.swf&id=6048) എന്ന സമഗ്രയുത്തരവും പുറപ്പെടുവിച്ചു. സുവ്യക്തമായ 15 വ്യവസ്ഥകൾ അടങ്ങുന്നതായിരുന്നു ഇത്.

ഇതെല്ലാം തദ്ദേശഭരണസ്ഥാപനങ്ങൾ നടത്തുന്ന പ്രവൃത്തികൾക്കു മാത്രം ആയിരുന്നു. സർക്കാരിൽ അന്ന് ഇങ്ങനെയൊരു സംവിധാനം ഉണ്ടായിരുന്നില്ല.
എന്നാൽ, അന്നെല്ലാം സർക്കാർവകുപ്പുകളിൽ നല്ലൊരുപങ്കും സിവിൽ ജോലികൾ പി.ഡബ്ല്യു.ഡി. അല്ലാതെയുള്ള ഏജൻസികളായ കേരള സ്റ്റേറ്റ് ഇൻഡസ്​ട്രിയൽ ആൻഡ് ടെക്നിക്കൽ കൺസൾട്ടൻസി ഓർഗനൈസേഷൻ, കെ.എസ്.ഐ.ഡി.സി., കേരള സ്റ്റേറ്റ് വെയർ ഹൗസിങ് കോർപ്പറേഷൻ, നിർമിതി കേന്ദ്ര, കേരള സ്റ്റേറ്റ് കൺസ്​ട്രക്ഷൻ കോർപ്പറേഷൻ, റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപ്പറേഷൻ, കേരള സ്റ്റേറ്റ് പൊലീസ് ഹൗസിങ് കൺസ്​ട്രക്ഷൻ കോർപ്പറേഷൻ, കേരള അഗ്രോ ഇൻഡസ്റ്റ്രീസ് കോർപ്പറേഷൻ, കേരള ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ, കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡ് തുടങ്ങിയവയെക്കൊണ്ടു ചെയ്യിച്ചുവരികയായിരുന്നു.

എന്നാൽ ഇതിന്​ കൃത്യമായ മാനദണ്ഡങ്ങൾ ഇല്ലാത്തതിനാൽ വേണ്ടത്ര സാമ്പത്തികജാഗ്രത കൂടാതെയും ക്രമവിരുദ്ധമായും പ്രവൃത്തികൾ ഏല്പിക്കുന്ന സാഹചര്യം നിലനില്ക്കുന്നു എന്നു മനസിലാക്കി വി.എസ്. സർക്കാർ ഇതിനു മാർഗ്ഗരേഖ പുറപ്പെടുവിച്ചു. ധനവകുപ്പിന്റെ 2007 സെപ്റ്റംബർ ഏഴിലെ ജി.ഒ.(പി.)നം. 408/07 ( എന്ന ഈ ഉത്തരവ് സർക്കാർ സ്ഥാപനങ്ങൾതന്നെയായ അക്രഡിറ്റഡ് ഏജൻസികൾക്ക് ഉള്ളതായിരുന്നു. അപ്പോഴൊന്നും സർക്കാരിതരഏജൻസികൾ ഈ രംഗത്ത് ഉണ്ടായിരുന്നില്ല.

തദ്ദേശഭരണവകുപ്പിന്റെയും ധനവകുപ്പിന്റെയും 2007-ലെ മേൽപറഞ്ഞ ഉത്തരവുകൾ രണ്ടും പരിശോധിച്ച അതേ എൽ.ഡി.എഫ്. സർക്കാർ ‘അക്രഡിറ്റഡ് ഏജൻസികളെ നിശ്ചയിക്കുന്നതിലും പ്രവൃത്തികൾ ഏൽപിക്കുന്നതിലും തുല്യതയും സുതാര്യതയും വിവേകപൂർണ്ണമായ ജാഗ്രതയും ഉറപ്പാക്കാൻ അവയിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെ'ന്നു കണ്ടു. ‘ഏജൻസികളെ തെരഞ്ഞെടുക്കാനുള്ള മാനദണ്ഡം, സാങ്കേതികാനുമതി നൽകാനും ടെൻഡർ സ്വീകരിക്കാനുമുള്ള അധികാരം, ബദൽസാങ്കേതികവിദ്യകൾ ഉപയോഗിച്ചു പ്രവൃത്തികളുടെ നിർവ്വഹണം, പണം നല്കുന്ന രീതി തുടങ്ങിയവയിൽ പുനഃപരിഗണനയും വ്യക്തതയും വേണ'മെന്നും കണ്ടു. ഇക്കാര്യങ്ങൾ പഠിക്കാൻ 2010 ഡിസംബർ 14-ലെ ജി.ഒ.(ആർ.റ്റി.)നം. 8989/10/ധനം എന്ന ഉത്തരവിലൂടെ സർക്കാർ ഒരു വിദഗ്ദ്ധസമിതിയെ നിയോഗിച്ചു.

പിന്നാലെ വന്ന ഉമ്മൻചാണ്ടി സർക്കാർ ഈ സമിതിയുടെ നിർദ്ദേശങ്ങളും ചീഫ് ടെക്നിക്കൽ എക്‌സാമിനറുടെയും വിവിധ ചീഫ് എൻജിനീയർമാരുടെയും നിർദ്ദേശങ്ങളും പരിശോധിച്ച് അക്രഡിറ്റഡ് ഏജൻസികളെ തെരഞ്ഞെടുക്കുന്നതിനും പ്രവൃത്തികൾ ഏൽപിക്കുന്നതിനുമുള്ള മാർഗരേഖ വീണ്ടും പരിഷ്‌ക്കരിച്ചു. ധനവകുപ്പ് അക്രഡിറ്റ് ചെയ്യുന്ന സ്ഥാപനങ്ങളെക്കൊണ്ടു മാത്രമേ സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളും നിർമാണ പ്രവൃത്തികൾ നിർവഹിപ്പിക്കാവൂ എന്ന് ജി.ഒ.(പി.)നം. 311/14 നമ്പരിൽ 2014 ജൂലൈ 30-നു ധനവകുപ്പു പുറപ്പെടുവിച്ച ഈ ഉത്തരവ് (http://www.infofinance.kerala.gov.in/index.php?option=com_docman&task=doc_download&gid=6866&Itemid=57) നിർദ്ദേശിച്ചു. ഏജൻസികളെ തെരഞ്ഞെടുക്കാനും തരംതിരിക്കാനുമുള്ള മാർഗ്ഗരേഖയും ബന്ധപ്പെട്ട മറ്റു കാര്യങ്ങളും അനുബന്ധം: ഒന്ന് ആയും അവയെ പ്രവൃത്തികൾ ഏല്പിക്കുന്നതിനുള്ള മാർഗ്ഗരേഖ അനുബന്ധം: രണ്ട് ആയും ഉത്തരവിൽ ഉൾപ്പെടുത്തി.

അനുബന്ധം: ഒന്ന് അക്രഡിറ്റഡ് ഏജൻസികളെ നാലായി തരംതിരിച്ചു. സർക്കാർവകുപ്പുകളും പി.ഡബ്ല്യു.ഡി. സമ്പ്രദായം പിന്തുടരുന്ന സംസ്ഥാനപൊതുമേഖലാസ്ഥാപനങ്ങളുമാണ് ‘എ' വിഭാഗം. ‘ബി' വിഭാഗത്തിലുള്ളത് സംസ്ഥാന സർക്കാരിന്റെ മാനദണ്ഡപ്രകാരം നിർമാണങ്ങൾ നിർവഹിക്കാൻ സന്നദ്ധതയുള്ള കേന്ദ്രസർക്കാർവകുപ്പുകളും കേന്ദ്രപൊതുമേഖലാസ്ഥാപനങ്ങളുമാണ്. സംസ്ഥാനപി.ഡബ്ല്യു.ഡി.യുടെ മാനദണ്ഡങ്ങൾ പാലിക്കുന്നതും പി.ഡബ്ല്യു.ഡി.നിർമ്മാണങ്ങളിൽ പരിചയം ഉള്ളതുമായ സഹകരണസംഘങ്ങളും സംയുക്തസംരംഭങ്ങളും പോലുള്ള, പരിമിതമായ സർക്കാർ നിയന്ത്രണത്തോടുകൂടിയ സ്ഥാപനങ്ങളെ ‘സി' വിഭാഗമായി ഉൾപ്പെടുത്തി. പി.ഡബ്ല്യു.ഡി.നിർമ്മാണങ്ങളിൽ പര്യാപ്തമായ പരിചയം ഉള്ളതും ചെലവുകുറഞ്ഞ ബദൽസങ്കേതങ്ങൾ പ്രയോഗിക്കുന്നതുമായ സർക്കാരിതരസംഘടനകളെയും ചാരിറ്റബിൽ സൊസൈറ്റികളെയും ‘ഡി' വിഭാഗത്തിലും ചേർത്തു.

ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കാനുണ്ട്. സർക്കാർ വകുപ്പുകളും സർക്കാർ സ്ഥാപനങ്ങളും അല്ലാത്ത ഏജൻസികളെ കേരള സർക്കാരിന്റെ നിർമാണ പ്രവൃത്തികൾക്കായി അക്രഡിറ്റ് ചെയ്യാൻ അവസരമൊരുങ്ങുന്നത് ഉമ്മൻചാണ്ടി സർക്കാരിന്റെ ഈ ഉത്തരവിലൂടെയാണ്.

‘സി', ‘ഡി' എന്നീ വിഭാഗങ്ങളിൽ പറയുന്ന സ്ഥാപനങ്ങൾക്കാണ് ഇതിലൂടെ പുതുതായി അവസരം ഒരുങ്ങിയത്. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി പോലുള്ള സ്ഥാപനങ്ങൾ മറ്റു സ്വകാര്യ കരാറുകാരെപ്പോലെ ടെൻഡറിലൂടെ കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പാദം മുതലേ സർക്കാർ പ്രവൃത്തികൾ ചെയ്തുവന്നിരുന്നെങ്കിലും, സർക്കാർ നിർമാണരംഗത്തേക്കു ചെലവുകുറഞ്ഞ ബദൽ നിർമാണരീതികളും പരമ്പരാഗതസർക്കാർസമ്പ്രദായങ്ങളെക്കാൾ മികച്ച പ്രൊഫഷണൽ വൈദഗ്ദ്ധ്യവും ആധുനികസങ്കേതങ്ങൾ അപ്പപ്പോൾ സ്വീകരിക്കാൻ കഴിയുന്ന ചടുലതയും സ്വാതന്ത്ര്യവുമുള്ള സ്ഥാപനങ്ങളും ഗണ്യമായി കടന്നുവരുന്നത് ഇതോടെയാണ്. ഇവ വളരെ ഗുണകരമായ കാര്യങ്ങൾ ആയതിനാൽ മികച്ച തീരുമാനമായിരുന്നു ഉമ്മൻചാണ്ടി സർക്കാരിന്റേത്.

എല്ലാ ഏജൻസികൾക്കും തുടക്കത്തിൽ അഞ്ചുവർഷത്തേക്കായിരിക്കും അക്രഡിറ്റേഷൻ എന്നും അതു പുതുക്കുന്ന കാര്യം പരിഗണിക്കുക തെരഞ്ഞെടുക്കുന്ന ഏജൻസികളുടെ പ്രവർത്തനം തെരഞ്ഞെടുക്കൽ സമിതി വിലയിരുത്തുന്നതിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും എന്നും മാർഗ്ഗരേഖ വ്യക്തമാക്കി. ക്രമവിരുദ്ധതയോ മോശം പ്രകടനമോ കണ്ടാൽ അക്രഡിറ്റേഷൻ റദ്ദാക്കാൻ സർക്കാരിന് അധികാരം ഉണ്ടായിരിക്കും എന്നും പ്രഖ്യാപിച്ചു.

സ്ഥിരം എൻജിനീയറിങ് വിഭാഗമില്ലാത്ത വകുപ്പുകൾ, പൊതുമേഖലാസ്ഥാപനങ്ങൾ, സ്വയംഭരണസ്ഥാപനങ്ങൾ എന്നിവയ്ക്ക് അവയുടെ നിർമാണങ്ങൾ സർക്കാരിന്റെ മുൻകൂറനുമതി കൂടാതെതന്നെ അക്രഡിറ്റഡ് സ്ഥാപനങ്ങളെ ഏൽപിക്കാം എന്ന് അനുബന്ധം 2-ലെ ഒന്നാം ഖണ്ഡിക പറയുന്നു. ആവശ്യമെങ്കിൽ ഇത് ഡെപ്പോസിറ്റ് വർക്ക് രീതിയിലോ പ്രൊജക്റ്റ് മാനേജ്മെന്റ് കൺസൾട്ടൻസി (പി.എം.സി.) രീതിയിലോ ആകാമെന്നും ഉത്തരവു വ്യക്തമാക്കി. ഓരോ സ്ഥാപനത്തിനും കാലാകാലം അനുവദിക്കുന്ന പരിധിക്കുള്ളിൽ നില്ക്കുന്നതാകണം എസ്റ്റിമേറ്റ് എന്നും നിർദ്ദേശിച്ചു.
രണ്ടാം ഖണ്ഡികയിൽ, ‘എ', ‘ബി' വിഭാഗങ്ങളിലെ സ്ഥാപനങ്ങളെ പ്രവൃത്തി ഏല്പിക്കാൻ ബിഡ്ഡിന്റെ ആവശ്യമില്ലെന്നും അക്രഡിറ്റഡ് ഏജൻസിയുടെ സാങ്കേതികവൈദഗ്ദ്ധ്യം, നിർദ്ദിഷ്ട പ്രവൃത്തി ചെയ്യാനുള്ള ശേഷി, ആ പ്രത്യേക പ്രവൃത്തിക്കുവേണ്ട അനുയോജ്യത എന്നിവ പരിഗണിച്ചു തീരുമാനം എടുക്കാമെന്നും പറയുന്നുണ്ട്. സ്ഥാപനത്തിന്റെ സാമ്പത്തികശേഷി, സാങ്കേതികയോഗ്യതയുള്ള മനുഷ്യവിഭവം എന്നിവയുടെ അടിസ്ഥാനത്തിൽ ഓരോ അക്രഡിറ്റഡ് ഏജൻസിക്കും ഒരേസമയം ഏറ്റെടുക്കാവുന്ന ആകെ പ്രവൃത്തിയുടെ അളവ് നിയന്ത്രിക്കണമെന്നും ഉത്തരവു വ്യക്തമാക്കി.

സെന്റേജ് ചാർജ് അടിസ്ഥാനത്തിൽ മത്സരാധിഷ്ഠിതവാഗ്ദാനങ്ങൾ തേടാൻ താത്പര്യമുള്ള സർക്കാർ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും ഏജൻസിയെ തെരഞ്ഞെടുക്കുന്നതിനുമുമ്പ് അത് ആകാമെന്നതാണ് മൂന്നാം ഖണ്ഡിക.
സർക്കാരിതര സ്ഥാപനങ്ങളെ ടെൻഡറില്ലാതെ പ്രവൃത്തി ഏൽപിക്കാനുള്ള അനുമതി നല്കുന്നത് 2014-ലെ ഈ ഉത്തരവിന്റെ രണ്ടാം അനുബന്ധത്തിലെ നാലാംഖണ്ഡികയിലാണ്. അടിയന്തരസാഹചര്യങ്ങളിൽ പ്രവൃത്തിയുടെ സ്വഭാവമനുസരിച്ച് ടെൻഡർനടപടി കൂടാതെതെന്നെ മരാമത്തുപണികൾ ‘സി' വിഭാഗത്തിൽപ്പെടുന്ന (സഹകരണസംഘങ്ങളും സംയുക്തസംരംഭങ്ങളും) സ്ഥാപനങ്ങളെ ഏല്പിക്കാം. എന്നാൽ, ഏജൻസിയെ തെരഞ്ഞെടുക്കുന്നത് രണ്ടാം ഖണ്ഡികയിൽ പറയുന്നപ്രകാരം സർക്കാരിലെ ബന്ധപ്പെട്ട ഭരണവകുപ്പ് ആയിരിക്കണം.

അഞ്ചാം ഖണ്ഡിക ‘ഡി' വിഭാഗം സ്ഥാപനങ്ങളെ (ബദൽ നിർമ്മാണരീതികൾ പ്രയോഗിക്കുന്ന സർക്കാരിതര സംഘടനകളും ചാരിറ്റബിൾ സൊസൈറ്റികളും) പറ്റിയാണ്. അവയെ സാധാരണ നിലയിൽ ബിഡ്ഡിങ് കൂടാതെ പ്രവൃത്തികൾ ഏല്പിക്കാൻ പാടില്ല. എന്നാൽ തദ്ദേശഭരണവകുപ്പ് കാലാകാലം പുറപ്പെടുവിക്കുന്ന ഉത്തരവുകൾ പാലിച്ച് തദ്ദേശഭരണസ്ഥാപനങ്ങൾക്കു ബിഡ്ഡിങ് കൂടാതെ ഇവരെ പ്രവൃത്തികൾ ഏല്പിക്കാം. ജില്ലാ നിർമ്മിതികേന്ദ്രങ്ങൾക്ക് 75 ലക്ഷം രൂപവരെയുള്ള പ്രവൃത്തികൾ ഇപ്രകാരം നല്കാമെന്നും വ്യക്തമാക്കി. പി.ഡബ്ല്യു.ഡി മാനുവൽ, എസ്റ്റിമേറ്റ്, ഭരണാനുമതി, സാങ്കേതികാനുമതി, ഇൻസ്‌പെക്ഷൻ, സെന്റേജ് ചാർജ്ജ്, മൊബിലൈസേഷൻ അഡ്വാൻസ്, ഡെപ്പോസിറ്റ് വർക്ക് തുടങ്ങിയവയുമായി ബന്ധപ്പെട്ട വ്യവസ്ഥകളാണ് തുടർന്നു 15 വരെയുള്ള ഖണ്ഡികകളിൽ പറയുന്നത്.

തെരഞ്ഞെടുക്കൽ രീതി

ഈ ഉത്തരവിൽ നിർദ്ദേശിച്ചപ്രകാരം ഏജൻസികളെ തെരഞ്ഞെടുക്കുന്നതിൽ സർക്കാരിനെ ഉപദേശിക്കാൻ സമിതി രൂപവത്ക്കരിച്ച് ധനവകുപ്പ് 2014 സെപ്റ്റംബർ 26-ന് ജി.ഒ.(എം.എസ്.)നം. 423/14 നമ്പർ ഉത്തരവ് (http://www.infofinance.kerala.gov.in/index.php?option=com_docman&task=doc_download&gid=7056&Itemid=57) പുറപ്പെടുവിച്ചു. ധനവിനിയോഗ സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയിലെ അംഗങ്ങൾ ബിൽഡിങ്‌സ് വിഭാഗം ചീഫ് എൻജിനീയർ, ചീഫ് ടെക്നിക്കൽ എക്‌സാമിനർ, തിരുവനന്തപുരം എൻജിനീയറിങ് കോളേജിലെ സിവിൽ എൻജിനീയറിങ് വിഭാഗം മേധാവി എന്നിവരാണ്.

ഈ സമിതി 2014 ഡിസംബർ ആറിനു യോഗം ചേർന്ന്​ കൈക്കൊണ്ട നിർദ്ദേശങ്ങളടങ്ങുന്ന മിനുട്ട്‌സ് സർക്കാരിനു നല്കി. അക്രഡിറ്റഡ് ഏജൻസികളെ തെരഞ്ഞെടുക്കാൻ പുതിയ മാർഗരേഖ വേണമെന്നും നിലവിലുള്ള ഏജൻസികൾക്കു പ്രവൃത്തി നിർവഹിക്കാനുള്ള ശേഷികൾ അതിന്റെ അടിസ്ഥാനത്തിൽ പുനഃപരിശോധിക്കണമെന്നും ഈ സമിതി നിർദ്ദേശിച്ചു. ഏജൻസികളുടെ കൂടുതൽ വിവരങ്ങൾ ആരായുന്ന അപേക്ഷയുടെ മാതൃകയും അവർ തയ്യാറാക്കിനല്കി. ഇതെല്ലാം അംഗീകരിച്ച സർക്കാർ നിലവിലെ ഏജൻസികളോട് പുതിയ മാതൃകയിൽ വീണ്ടും അപേക്ഷ നല്കാൻ നിർദ്ദേശിച്ചു. 2015 ജൂൺ 15 വരെ ആയിരുന്നു അപേക്ഷിക്കാൻ സമയം.
(ഇതിനിടെ, കളക്​ടർമാരുടെ അഭ്യർത്ഥനയുടെ അടിസ്ഥാനത്തിൽ അന്നത്തെ റവന്യൂ മന്ത്രി നല്കിയ കുറിപ്പു പരിഗണിച്ച് ജില്ലാ നിർമ്മിതി കേന്ദ്രങ്ങൾക്കു നല്കാവുന്ന ഒറ്റപ്രവൃത്തിയുടെ തുകപരിധി 75 ലക്ഷത്തിൽനിന്നു മൂന്നുകോടിയായി ഉയർത്തി ധനവകുപ്പ് 2015 ഏപ്രിൽ 17-ന് ജി.ഒ.(എം.എസ്.)നം. 137/15 നമ്പർ ഉത്തരവ് (http://www.infofinance.kerala.gov.in/index.php?option=com_docman&task=doc_download&gid=7590&Itemid=57)) പുറപ്പെടുവിച്ചു. പുതിയ പട്ടിക വരുന്നതുവരെമാത്രം നിലനില്പുള്ള ഉത്തരവായതിനാൽ ഇതിനു കഥയിൽ കാര്യമായ പ്രാധാന്യമില്ല.)

പുതിയ അപേക്ഷകൾ പുതിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിച്ച് സർക്കാരിതരയേജൻസികളെ സർക്കാരിന്റെ നിർമാണ പ്രവൃത്തികൾ നിർവഹിക്കാനുള്ള അക്രഡിറ്റഡ് ഏജൻസികളിൽ ആദ്യമായി ഉൾപ്പെടുത്തി 2015 ഓഗസ്റ്റ് ഏഴിന് കേരളസർക്കാർ ഉത്തരവായി. ധനവകുപ്പ് ഇറക്കിയ ജി.ഒ.(പി.)നം. 339/2015 (http://www.infofinance.kerala.gov.in/index.php?option=com_docman&task=doc_download&gid=7910&Itemid=57) ഉത്തരവിലാണ് ഏജൻസികളുടെ പട്ടിക അനുബന്ധമായി പ്രസിദ്ധീകരിക്കുന്നത്. അക്രഡിറ്റഡ് ഏജൻസികളുടെ പട്ടികയിൽനിന്ന് അനുയോജ്യമായ ഏജൻസിയെ അതതു ഭരണവകുപ്പ് നീതിപൂർവ്വകവും മത്സരാധിഷ്ഠിതവുമായ നടപടിക്രമത്തിലൂടെ തെരഞ്ഞെടുക്കണം എന്നാണ് ഉത്തരവിൽ പറഞ്ഞത്.

അക്രഡിറ്റേഷന് ആധാരമായ, നേരത്തേ പറഞ്ഞ, 2014-ലെ 311-ാം നമ്പർ ഉത്തരവിൽ ചില മാറ്റങ്ങൾ ഈ ഉത്തരവു വരുത്തി. ഭാരതസർക്കാർ വകുപ്പ് ആയതിനാൽ കേന്ദ്രപി.ഡബ്ല്യു.ഡി.യെ ഈ ഉത്തരവിന്റെ പരിധിയിൽനിന്ന് ഒഴിവാക്കി. അക്രഡിറ്റേഷൻ ആവശ്യമുള്ള കേന്ദ്രപൊതുമേഖലാസ്ഥാപനങ്ങൾ കേന്ദ്ര, കേരള പി.ഡബ്ല്യു.ഡി. മാനുവലുകളിൽ ഒന്ന് പിന്തുടരണം. തെരഞ്ഞെടുക്കൽ പ്രക്രിയയിൽനിന്ന് കേരളസർക്കാരിന്റെ സ്‌പെഷ്യൽ പർപ്പസ് വെഹിക്കിളുകളെ ഒഴിവാക്കി. അവയുടെ പ്രവർത്തനം എന്തിനാണോ രൂപവത്ക്കരിച്ചത് ആ മണ്ഡലത്തിൽ നിർത്തണം. ജില്ലാ നിർമ്മിതികേന്ദ്രങ്ങളുടെ നിരക്ക് മൂന്നു വ്യവസ്ഥകൾക്കു വിധേയമായി ഒരു കൊല്ലത്തേക്ക് അനുവദിച്ചു. ഇവയാണു മാറ്റങ്ങൾ.

2015-ലെ അക്രഡിറ്റഡ് ഏജൻസികൾ

2015-ൽ ഉമ്മൻചാണ്ടിസർക്കാർ 17 സ്ഥാപനങ്ങളെയാണ് അക്രഡിറ്റഡ് ഏജൻസികളായി നിശ്ചയിച്ചത്. അവയിൽ 14-ഉം സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ ആയിരുന്നു. സഹകരണസംഘമായ യു.എൽ.സി.സി.എസും ചാരിറ്റബിൾ സൊസൈറ്റി നിയമപ്രകാരം പ്രവർത്തിക്കുന്ന ഹാബിറ്റാറ്റും ലാഭാധിഷ്ഠിതമല്ലാത്ത സന്നദ്ധസംഘടനയായ കോസ്റ്റ്ഫോർഡും ആണ് അന്ന് ഉൾപ്പെടുത്തപ്പെട്ട സർക്കാരിതരസ്ഥാപനങ്ങൾ.

ഓരോ അക്രഡിറ്റഡ് ഏജൻസിക്കും പ്രവൃത്തി എടുക്കാവുന്ന നിർമ്മാണരംഗവും ഉത്തരവിൽ വ്യക്തമാക്കി. ഓരോ ഏജൻസിക്കും അനുവദിക്കാവുന്ന പ്രവൃത്തിയുടെ ഉയർന്ന പരിധിയും ഒരേസമയം കൈവശം ഉണ്ടാകാവുന്ന ആകെ സർക്കാർപ്രവൃത്തികളുടെ പരമാവധി തുകയും ഈ ഉത്തരവിലൂടെ നിജപ്പെടുത്തിയിരുന്നു. ഊരാളുങ്കൽ സൊസൈറ്റിക്കും ഹാബിറ്റാറ്റിനും എടുക്കാവുന്ന ആകെ പ്രവൃത്തികളുടെ പരിധിയായി 250 കോടിരൂപ ആണ് അന്നു നിശ്ചയിച്ചത്. ഒറ്റപ്രവൃത്തിയുടെ പരമാവധി യു.എൽ.സി.സി.എസിന് 25-ഉം ഹാബിറ്റാറ്റിന് പത്തും കോടി രൂപവീതവും. എട്ടു സർക്കാർസ്ഥാപനങ്ങൾക്കും ഊരാളുങ്കൽ സൊസൈറ്റിക്കും അഞ്ചുകൊല്ലത്തേക്കാണ് ഉമ്മൻചാണ്ടിസർക്കാർ അക്രഡിറ്റേഷൻ നല്കിയത്; ഹാബിറ്റാറ്റും കോസ്റ്റ്ഫോർഡും അടക്കം എട്ടു സ്ഥാപനങ്ങൾക്ക് ഓരോവർഷവും.

ഉത്തരവ് ഇറങ്ങിയതിനെത്തുടർന്ന് ചില ഏജൻസികൾ തങ്ങളുടെ പ്രവർത്തനമേഖലകളും കരാറുകളുടെ ധനപരിധിയും ഉയർത്തണമെന്ന് അഭ്യർത്ഥിച്ചു സർക്കാരിനു കത്തു നല്കി. അവർ നല്കിയ വിവരങ്ങൾ പരിശോധിച്ച് അതേസർക്കാർ 2015 ഒക്‌റ്റോബർ 9-ന് ജി.ഒ.(പി.)നം. 453/2015/ധനം എന്ന ഉത്തരവ് (http://www.infofinance.kerala.gov.in/index.php?option=com_docman&task=doc_download&gid=8038&Itemid=57) പുറത്തിറക്കി. തെരഞ്ഞെടുക്കൽസമിതി 2015 ഒക്‌റ്റോബർ ഒന്നിന് ധന അഡീ. ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു കൈക്കൊണ്ട തീരുമാനപ്രകാരം ആയിരുന്നു ഇത്. അതുപ്രകാരം അക്രഡിറ്റഡ് ഏജൻസികൾക്ക് ജനറൽ വർക്കുകൾകൂടി ചെയ്യാൻ അനുവാദം നല്കി. ഒറ്റ വർക്കിന്റെ ഉയർന്ന പരിധി 10 കോടി ആയിരുന്ന ഏജൻസികളുടേതുകൂടി 25 കോടി രൂപയായും 25 കോടി ആയിരുന്ന ഏജൻസികളുടേത് 50 കോടി രൂപയായും ഉയർത്തി.

അക്രഡിറ്റഡ് പട്ടികയിൽ ഉൾപ്പെടാതിരുന്നതും സർക്കാർപ്രവൃത്തികൾ ചെയ്യാൻ 2014 ജൂലൈ 30-നുമുമ്പ് പലപ്പോഴായി ധനവകുപ്പ് അനുമതി നല്കിയിരുന്നതുമായ ഏജൻസികളെക്കൂടി അക്രഡിറ്റ് ചെയ്തു. പരമാവധിതുകകൾ യഥാക്രമം 5 കോടിയും 50 കോടിയും അനുവദിച്ച് ഒരുവർഷത്തേക്കായിരുന്നു ഇത്. ഇതേ പരിധികളോടെ കെ.എസ്.ഐ.ഇ., കെ.ഐ.ഐ.ഡി.സി. എന്നീ സ്ഥാപനങ്ങളെയും 50 കോടി, 250 കോടി രൂപ പരിധിയോടെ ബി.എസ്.എൻ.എലിനെയും ഇതേ ഉത്തരവിലൂടെ ഉൾപ്പെടുത്തി.
സർക്കാരിന്റെ എസ്റ്റിമേറ്റുകൾ തയ്യാറാക്കാനുള്ള പ്രൈസ് എന്ന സോഫ്റ്റ്വെയർ വഴി, അതിൽ 2016 ജനുവരി ഒന്നിൽ പ്രാബല്യത്തിലുള്ള നിരക്കുകൾ പ്രകാരം, വേണം എല്ലാ ഏജൻസികളും എസ്റ്റിമേറ്റ് തയ്യാറാക്കാൻ എന്നതായിരുന്നു മറ്റൊരു വ്യവസ്ഥ. ഈ ഏജൻസികൾ സ്വയമല്ല പ്രവൃത്തികൾ നിർവ്വഹിക്കുന്നതെങ്കിൽ ഉപകരാർ നല്കുന്നത് സുതാര്യമായ ടെൻഡറിലൂടെ ആയിരിക്കണം. ചെലവുകുറഞ്ഞ സങ്കേതങ്ങൾ ഉപയോഗിക്കുന്ന പ്രവൃത്തികൾക്ക് സാങ്കേതികാനുമതി നല്കുന്നതിനുള്ള നടപടിക്രമമാണ് vii എന്ന ഖണ്ഡിക. ഡിഫക്റ്റ് ലയബിലിറ്റി പീരിയഡ് (നിരീക്ഷണകാലം) പരിഷ്‌ക്കരിച്ച് മൂന്നു വർഷമായും നിശ്ചയിച്ചു.

ടോട്ടൽ സർവീസ് പ്രൊവൈഡർ

ഇതിനു പിന്നാലെയാണ് ഉമ്മൻചാണ്ടി സർക്കാർ 2016 ജനുവരി 18-ന് ഊരാളുങ്കൽ ലേബർ കോട്രാക്റ്റ് സൊസൈറ്റിയെ വിവിധസർക്കാർവകുപ്പുകളുടെയും പൊതുമേഖലാസ്ഥാപനങ്ങളുടെയും ഐറ്റി - ഐറ്റിയനുബന്ധ പ്രവർത്തനങ്ങൾക്കുള്ള സമ്പൂർണ സേവനദാതാവ് (ടോട്ടൽ സർവ്വീസ് പ്രൊവൈഡർ) ആയി പ്രഖ്യാപിക്കുന്നത്, ഐ.ടി വകുപ്പിന്റെ ജി.ഒ.(എം.എസ്.)നം. 1/2016/ഐ.റ്റി.ഡി. (https://kerala.gov.in/documents/10180/297d5501-28fe-4b5d-a86e-2f2db2f403ed) എന്ന ഉത്തരവിലൂടെ. ഇതിനു സർക്കാർ പരിഗണിച്ച അഞ്ചു കാര്യങ്ങളും ഉത്തരവിൽ വിവരിച്ചിട്ടുണ്ട്.

(i) ടെൻഡർ കൂടാതെ നേരിട്ടു പ്രവൃത്തികൾ ഏല്പിക്കാവുന്ന സ്ഥാപനമാണ് യു.എൽ.സി.സി.എസ് (ii) എല്ലാത്തരം സ്റ്റ്രക്ചറൽ ഡിസൈനിങ്, പ്ലാനിങ് പ്രവൃത്തികളും പ്രദാനം ചെയ്യാൻ കഴിയുന്ന ഡിവിഷൻ യു.എൽ.സി.സി.എസിന് ഉണ്ട്. എൻജിനീയറിങ്, ഡിസൈൻ, പ്ലാനിങ് എന്നിവയിൽ ഉയർന്ന സാങ്കേതികത്തികവുള്ള ഈ ഡിവിഷൻ ടേൺകീ ഇൻഫ്രാസ്റ്റ്രക്ചർ പ്രൊജക്റ്റുകൾ ഏറ്റെടുക്കാൻ കഴിയുന്നതാണ്. (iii) ആരോഗ്യം, ഗതാഗതം എന്നീ രംഗങ്ങളിലും ഇ-ഗവേണൻസിലും മറ്റു സേവനത്തുറകളിലും സൊല്യൂഷനുകൾ ലഭ്യമാക്കുന്നതിൽ ഊന്നുന്ന ശക്തമായ ഐറ്റി ഡിവിഷൻ യു.എൽ.സി.സി.എസിനുണ്ട്. (iv) സഹകരണമേഖലയിലെയും കോഴിക്കോട്ടെയും ആദ്യത്തെ ഐറ്റി പാർക്കായ യു.എൽ. സൈബർ പാർക്ക് യു.എൽ.സി.സി.എസ്. വികസിപ്പിച്ചിട്ടുണ്ട്. (v) തിരുവനന്തപുരം ടെക്‌നോപാർക്കിൽ പ്രവർത്തിക്കുന്ന യു.എൽ.സി.സി.എസ്. ഐറ്റിവിഭാഗമായ ഊരാളുങ്കൽ ലേബർ ടെക്‌നോളജി സൊല്യൂഷൻസ് വിവിധ വകുപ്പുകൾക്കും പൊതുമേഖലാസ്ഥാപനങ്ങൾക്കും പലതരം ഐ.ടി./ഐ.ടി അധിഷ്ഠിത സേവനങ്ങൾ നൽകിവരികയും അടിസ്ഥാനസൗകര്യ, ഹാർഡ്​വെയർ പിന്തുണ സംഘടിപ്പിക്കുന്നതിൽ സഹായിച്ചുവരികയും ചെയ്യുന്നുണ്ട്.

യു.എൽ. സൈബർ പാർക്ക്

യു.എൽ. സൈബർ പാർക്ക് എന്ന ഐ.ടി പാർക്ക്​ സ്വന്തമായുണ്ട് എന്നത് ചെറിയ കാര്യമല്ല. യു.എൽ. സൈബർ പാർക്കിൽ രാജ്യാന്തരസ്ഥാപനങ്ങളടക്കം 48 കമ്പനികളും 36 സ്റ്റാർട്ടപ്പുകളും അടക്കം ആകെ 84 സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു. സർക്കാരിന്റെ ടെക്‌നോപാർക്കും ഇൻഫോപാർക്കുമുള്ള കൊച്ചിക്കും കോഴിക്കോടിനുമൊപ്പം കോഴിക്കോടിനെയും മലബാറിനെയും ഉയർത്തിയത് യു.എൽ.സി.സി.എസാണ്.

സൊസൈറ്റിയുടെ ഐ.ടി. സ്ഥാപനമായ യു.എൽ. ടെക്‌നോളജി സൊല്യൂഷൻസ് (http://gis.ults.in/assets/Documents/ULTS_Case%20Studies_All_v0.1.pdf) ആ സൈബർ പാർക്കിൽ പ്രവർത്തിക്കുന്നു. തിരുവനന്തപുരം ടെക്‌നോപാർക്കിലും ഡിവിഷൻ ഉള്ള യു.എൽ.റ്റി.എസിൽ ഇപ്പോൾ സുപ്രധാനമായ മേഖലകളിൽ വൈദഗ്ദ്ധ്യമുള്ള 500 എൻജിനീയർമാർ ജോലി ചെയ്യുന്നു. വെബ്, സ്മാർട്ട് ഫോൺ സങ്കേതങ്ങളുടെ വികസനം മുതൽ ബ്ലോക് ചെയിൻ, ഇന്റർനെറ്റ് ഓഫ് തിങ്‌സ് (IoT), നിർമ്മിതബുദ്ധി (AI), ഭൂശാസ്ത്രവിവരസംവിധാനം (GIS), സംരംഭവിഭവാസൂത്രണം (ERP), വിവരപരിപാലനസംവിധാനം (IMS), സൈബർസുരക്ഷ തുടങ്ങിയുള്ള ആധുനികമേഖലകളിൽവരെ വിശേഷവൈദഗ്ദ്ധ്യമുണ്ട് യു.എൽ.റ്റി.എസിന്.

വിദൂരസംവേദനസംവിധാനം അഥവാ റിമോട്ട് സെൻസിങ്ങിന്റെ സഹായത്തോടെ രാജ്യത്തിന്റെ സുസ്ഥിരവികസനത്തിന് ഉതകുന്ന പ്രവർത്തനങ്ങൾ ഈ സ്ഥാപനം ഏറ്റെടുത്തു നടത്തുന്നുണ്ട്. പ്രധാനമായും റിമോട്ട് സെൻസിങ്, ജിഐഎസ്, ജിയോളജി, ജിയോഗ്രാഫി, ഫോട്ടോഗ്രാമട്രി, ഐ.റ്റി. എന്നിവ ഉപയോഗിച്ചുള്ള രാജ്യാന്തരനിലവാരമുള്ള സേവനമാണു നല്കുന്നത്. ജിപിഎസ്, ജിഡിപിഎസ് എന്നിവ ഉപയോഗിച്ചുള്ള സർവ്വേകൾ, ട്രാൻസ്പോർട് മാനേജ്മെന്റ് സിസ്റ്റം, കൺട്രോൾ സർവ്വേകൾ, ടോപ്പോഗ്രാഫിക്കൽ സർവ്വേകൾ, ട്രാസ്മിഷൻ ലൈൻ സർവ്വേകൾ, ഹൈവേ സർവ്വേ, റെയിൽ അലൈൻമെന്റ് സർവ്വേ, ഹെൽത്ത് കെയർ, കൺസൾട്ടിങ്, ഇ-ഗവേണൻസിനായുള്ള ടേൺ കീ സൊല്യൂഷനുകൾ തുടങ്ങിയ പ്രവൃത്തികളും ചെയ്യുന്നുണ്ട്.

ഐ.ടി രംഗത്തെ ഈ വിഭവശേഷിയും വൈദഗ്​ധ്യവും പരിഗണിച്ചാണ് അവരെ സമ്പൂർണ സേവനദാതാവാക്കുന്നത്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ഇതെല്ലാം ചിലർ വിവാദമാക്കുന്നു എന്നല്ലാതെ ഇതിലും നിയമപരമായോ മറ്റേതെങ്കിലും തരത്തിലോ ഒരു തെറ്റും ഇല്ല. അടുത്തിടെ യു.ഡി.എഫ്. വിമർശനമായി ഉയർത്തിയ, സംസ്ഥാന പൊലീസിന്റെ പാസ്പോർട്ട് വെരിഫിക്കേഷൻ പദ്ധതിക്ക് ഊരാളുങ്കൽ സൊസൈറ്റിയുടെ സേവനം സർക്കാർ തേടിയതും ഉമ്മൻചാണ്ടിസർക്കാരിന്റെ കാലത്താണ്. അക്കാര്യം വ്യക്തമായതോടെ ആ ആക്ഷേപവും അടങ്ങി.

പിണറായിസർക്കാർ

2016 മേയിൽ അധികാരമേറ്റ എൽ.ഡി.എഫ്. സർക്കാർ അക്രഡിറ്റഡ് ഏജൻസികളുടെ പ്രവർത്തനം അവലോകനം ചെയ്തു. ‘അക്രഡിറ്റഡ് ഏജൻസികളിലൂടെ പ്രവൃത്തികൾ നടത്തുമ്പോൾ സൃഷ്ടിക്കപ്പെടുന്ന പൊതുആസ്തികളുടെ ധനവശം, ഗുണമേന്മ എന്നിവയിൽ വിട്ടുവീഴ്ച ചെയ്യാനാവില്ല' എന്ന കാഴ്ചപ്പാടോടെയായിരുന്നു പരിശോധനാസമിതിയുടെ അവലോകനം. പ്രവൃത്തികളുടെ ഗുണമേന്മയിൽ സമിതി ഉത്ക്കണ്ഠ രേഖപ്പെടുത്തി. ഏജൻസികളെ തെരഞ്ഞെടുക്കാനുള്ള മാർഗ്ഗരേഖ ഈ സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ പരിഷ്‌ക്കരിച്ച് ജി.ഒ.പി.(നം.) 107/16 നമ്പറായി ധനവകുപ്പ് 2016 ജൂലൈ 27-ൽ പുതിയ ഉത്തരവ് (http://www.infofinance.kerala.gov.in/index.php?option=com_docman&task=doc_download&gid=8844&Itemid=57) പുറപ്പെടുവിച്ചു.
കൃത്യമായ വ്യവസ്ഥകൾ വച്ച്, വിവരശേഖരണത്തിനുള്ള കൂടുതൽ കോളങ്ങൾ ഉൾപ്പെടുത്തി അപേക്ഷാഫോമും പരിഷ്‌ക്കരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സ്‌കോറുകളുടെ അടിസ്ഥാനത്തിൽ അഞ്ചു സ്ലാബുകളും നിശ്ചയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ

ഏജൻസികളിൽ 86 പോയിന്റിനു മുകളിൽ കിട്ടുന്നവ ഏറ്റവും മുകളിലെ സ്ലാബിൽ വരും. അവയ്ക്ക് ഏറ്റെടുക്കാവുന്ന പ്രവൃത്തിയുടെ ഉയർന്ന പരിധി 25 കോടി രൂപയും ഒരേസമയം എടുക്കാവുന്ന ആകെ പ്രവൃത്തികളുടെ പരിധി 250 കോടി രൂപയും ആക്കി നിജപ്പെടുത്തി. മറ്റു സ്ലാബുകളുടെ സ്‌കോറും പരിധികളും: 71 - 85: 20 കോടി, 200 കോടി; 56 - 70: 15 കോടി, 150 കോടി; 41 - 55: 10 കോടി, 100 കോടി; 30 - 40: 5 കോടി, 50 കോടിരൂപ. സ്‌കോർ 30-ൽത്താഴെ വരുന്നവരെ അക്രഡിറ്റ് ചെയ്യില്ല. ഇതോടെ അക്രഡിറ്റേഷൻ കൂടുതൽ കൃത്യതയുള്ളതായി.

ഏജൻസികളോട് ഈ ഉത്തരവ് കൂടുതൽ കടുത്ത സമീപനവും എടുത്തു. ഈ ഉത്തരവുവഴി പ്രവൃത്തികളുടെ ഡിഫക്റ്റ് ലയബിലിറ്റി പിരീഡ് പിണറായിസർക്കാർ അഞ്ചുകൊല്ലമായി ഉയർത്തി. അക്രഡിറ്റേഷൻകാലാവധി തുടക്കത്തിൽ അഞ്ചുകൊല്ലം എന്നത് രണ്ടുകൊല്ലമായി കുറയ്ക്കുകയും ചെയ്തു. നിലവിലുള്ളതടക്കം താത്പര്യമുള്ള ഏജൻസികളോട് പുതിയ ഫോമിൽ അപേക്ഷിക്കാനും നിർദ്ദേശിച്ചു. അതേദിവസം മറ്റൊരു ഉത്തരവും ഇറങ്ങി, 106 നമ്പരായി (http://www.infofinance.kerala.gov.in/index.php?option=com_docman&task=doc_download&gid=8843&Itemid=57).

നേരത്തേ അപേക്ഷ നല്കിയ മൂന്ന് സർക്കാരേജൻസികളുടെ കാര്യത്തിലുള്ള ഫയലിലായിരുന്നു ഈ ഉത്തരവ്. തെരഞ്ഞെടുക്കൽ സമിതി 2016 ജൂൺ 2-നു യോഗം ചേർന്ന് അവ പരിശോധിക്കുകയും കെ.എച്ഛ്.ആർ.ഡബ്ല്യു.എസ്., കെ.റ്റി.ഡി.എഫ്.സി. എന്നിവയെ അഞ്ചുകോടി, 50 കോടി എന്ന പരിധിയോടെ മരാമത്തുപണികൾ ചെയ്യാനും കെൽട്രോണിനെ എം.എൽ.എ. - എസ്.ഡി.എഫ്., എൽ.എ.സി. - എ.ഡി.എസ്. സ്‌കീമുകളിൽ ഐ.റ്റി. വകുപ്പ് അംഗീകരിക്കുന്ന പ്രവൃത്തികൾ ചെയ്യാനും അനുവദിച്ച് അക്രഡിറ്റ് ചെയ്തു.
എന്നാൽ 2016 ഓഗസ്റ്റ് ഒന്നു മുതൽ പ്രാബല്യത്തോടെ 107-ാം നമ്പർ ഉത്തരവ് ഇറങ്ങിയതോടെ ഈ ഏജൻസികളും പുതിയ മാനദണ്ഡപ്രകാരം അപേക്ഷ നല്‌കേണ്ടിയിരുന്നതിനാൽ ഫലത്തിൽ കാര്യമൊന്നുമുള്ള ഉത്തരവായിരുന്നില്ല അത് എന്നു പറയാം. എങ്കിലും യു.ഡി.എഫ്.ഭരണം അവസാനിക്കുമ്പോൾ അക്രഡിറ്റഡ് ഏജൻസികളുടെ എണ്ണം 20 ആയിരുന്നത് ഇതോടെ 23 ആയി. ആദ്യയുത്തരവിനുശേഷം ഉൾപ്പെടുത്തിയ ആറ് ഏജൻസികളും സർക്കാർസ്ഥാപനങ്ങൾ ആയിരുന്നു.

ഏജൻസികളെ തരംതിരിച്ചു

അപ്പോഴേക്ക് 2015-ലെ അക്രഡിറ്റേഷന്റെ രണ്ടുവർഷകാലാവധി പൂർത്തിയാകുകയും പുതിയ അപേക്ഷ നല്കുകയും ചെയ്യേണ്ട സമയം ആയിരുന്നു. സ്ഥാപനങ്ങൾ നല്കിയ 2017-18-ലേക്കുള്ള അപേക്ഷകൾ പരിശോധിച്ച സർക്കാർ, പൊതുമരാമത്തുപ്രവൃത്തികളുടെ നിർവ്വഹണത്തിലെ പുതിയ മാറ്റങ്ങൾകൂടി കണക്കിലെടുത്ത്, 2016 ഡിസംബർ 29-നു പുതിയ ഉത്തരവു പുറത്തിറക്കി. ജി.ഒ.(പി.)നം. 191/2016/ധനം (http://www.infofinance.kerala.gov.in/index.php?option=com_docman&task=doc_download&gid=9822&Itemid=57) എന്ന ഈ ഉത്തരവിലൂടെ സ്ലാബുകൾ ഇപ്രകാരം പുതുക്കിനിശ്ചയിച്ചു:
ഏജൻസികളിൽ 86 പോയിന്റിനു മുകളിൽ കിട്ടുന്നവ ഏറ്റവും മുകളിലെ സ്ലാബിൽ വരും. അവയ്ക്ക് ഏറ്റെടുക്കാവുന്ന പ്രവൃത്തിയുടെ ഉയർന്ന പരിധി 37.5 കോടിയും ഒരേസമയം എടുക്കാവുന്ന ആകെ പ്രവൃത്തികളുടെ പരിധി 375 കോടിയും ആക്കി. മറ്റു സ്ലാബുകളുടെ സ്‌കോറും പരിധികളും: 71 - 85: 30 കോടി, 300 കോടി; 56 - 70: 22.5 കോടി, 225 കോടി; 41 - 55: 15 കോടി, 150 കോടി; 25 - 40: 10 കോടി, 100 കോടിരൂപ. സ്‌കോർ 25-ൽത്താഴെ വരുന്നവരെ അക്രഡിറ്റ് ചെയ്യില്ല. പരിധികൾ നിശ്ചയിച്ചത് ഏതെങ്കിലും സ്ഥാപനത്തിനു മാത്രമായല്ല എന്ന് ഇതു വ്യക്തമാക്കുന്നു. തുടക്കംമുതലേ ഇങ്ങനെതന്നെ ആയിരുന്നുതാനും.
2017 ഫെബ്രുവരി 9-ന് സർക്കാർ വീണ്ടും മാർഗ്ഗരേഖ പരിഷ്‌ക്കരിച്ചു. ജി.ഒ.(പി.)നം. 18/2017/ധനം (http://www.infofinance.kerala.gov.in/index.php?option=com_docman&task=doc_download&gid=10054&Itemid=57) എന്ന ഉത്തരവിലൂടെ ഒരേസമയം കൈവശം വയ്ക്കാവുന്ന ആകെ കരാറുകളുടെ പരിധി എന്നത് ഒരു സാമ്പത്തികവർഷം ആ ഏജൻസിക്ക് അനുവദിക്കാവുന്ന ആകെ കരാറുകളുടെ പരിധിയാക്കി പുനർനിർണയിച്ചു.

യോഗ്യത നേടാത്ത ഏജൻസികൾക്കും ഔട്ട്സോഴ്‌സ് ചെയ്യാതെ പണി ചെയ്യാനുള്ള കഴിവിന്റെ അടിസ്ഥാനത്തിൽ അവരവരുടെ ജില്ലയിൽ 50 ലക്ഷം രൂപവരെയുള്ള കരാറുകൾ എടുക്കാൻ അനുമതി നല്കി. അക്രഡിറ്റഡ് ഏജൻസി പ്രവൃത്തി ഔട്ട്സോഴ്‌സ് ചെയ്താൽ അത് ഇ-ടെൻഡർ വഴി ആയിരിക്കണം. അക്രഡിറ്റേഷനെല്ലാം ഇനിമുതൽ രണ്ടുകൊല്ലത്തേക്കുവീതം ആയിരിക്കുമെന്നും ആ ഉത്തരവു വ്യക്തമാക്കി.
2015-ലെ അക്രഡിറ്റേഷൻ ലിസ്റ്റ് പരിഷ്‌ക്കരിക്കുന്നത് 2017-ലാണ് - ജൂലൈ 25-ലെ ജി.ഒ.(പി.)നം. 95/2017/ധനം (http://www.infofinance.kerala.gov.in/index.php?option=com_docman&task=doc_download&gid=11756&Itemid=57 എന്ന ഉത്തരവിലൂടെ. ധനവിനിയോഗസെക്രട്ടറിക്കു പകരം ധനവിഭവസെക്രട്ടറിയെ തെരഞ്ഞെടുക്കൽസമിതിയുടെ അദ്ധ്യക്ഷനാക്കി 2017 ജൂൺ ഏഴിന് ഉത്തരവായിരുന്നു. ആ സമിതിയാണ് ലിസ്റ്റ് പരിഷ്‌ക്കരിച്ചത്. ഒപ്പം കുറെ കർക്കശനിയന്ത്രണങ്ങൾകൂടി അക്രഡിറ്റഡ് ഏജൻസികൾക്കുമേൽ സർക്കാർ ഏർപ്പെടുത്തി.

കൂടുതൽ നിയന്ത്രണങ്ങൾ

അക്രഡിറ്റേഷൻ താത്ക്കാലികമായി ഒരു വർഷത്തേക്കാക്കി. ചീഫ് ടെക്നിക്കൽ എക്‌സാമിനർ പ്രകടനം വിലയിരുത്തിയശേഷമേ ഇതു പുതുക്കൂ. ചെലവുകുറഞ്ഞ നിർമാണങ്ങൾ ഒഴികെയുള്ളവയിൽ ഏതൊരു ഗവണ്മെന്റ് എൻജിനീയറിങ് വകുപ്പോ സംസ്ഥാനപൊതുമേഖലയോ നടത്തുന്നതുപോലെതന്നെ പൊതുമരാമത്തുപണികൾ നടത്തേണ്ട പ്രൊജക്റ്റ് മാനേജ്മെന്റ് കൺസൾട്ടന്റു(പി.എം.സി.)കൾ എന്ന നിലയിലേ അക്രഡിറ്റഡ് ഏജൻസികളെ പ്രവൃത്തി ഏല്പിക്കാൻ പാടുള്ളൂ. കേരള ഹൈക്കോടതിയിലെ 2016-ലെ ഡബ്ല്യു.പി(സി.)നം. 39162 എന്ന റിട്ട് ഹർജിയിലെ 2017 മാർച്ച് 23-ലെ വിധിയുടെ അടിസ്ഥാനത്തിൽ ആണിത്.

അക്രഡിറ്റഡ് ഏജൻസികളുടെ പട്ടികയിൽനിന്ന് ഒന്നിനെ തെരഞ്ഞെടുക്കാൻ നീതിപൂർവ്വകവും മത്സരാധിഷ്ഠിതവുമായ ഒരു ബിഡ്ഡിങ് പ്രക്രിയ സാങ്കേതികാവശ്യങ്ങൾ, സെന്റേജ് ചാർജ്ജ് തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ അതതു ഭരണവകുപ്പിനു സ്വീകരിക്കാം. മരാമത്തുപ്രവൃത്തികളുടെ നിർവ്വഹണവുമായി ബന്ധപ്പെട്ട എല്ലാ മാർഗ്ഗരേഖകളും ഇവർ പാലിക്കുന്നുവെന്ന് ഭരണവകുപ്പ് ഉറപ്പാക്കണം. ഏല്പിക്കുന്ന പ്രവൃത്തി ആ ഏജൻസി മറ്റേതെങ്കിലും അക്രഡിറ്റഡ് ഏജൻസിക്ക് കോൺട്രാക്‌റ്റോ പി.എം.സി.യോ ആയി നല്കാൻ പാടില്ല. എന്നാൽ, ഭൗതികയന്ത്രസംവിധാനങ്ങൾ ആവശ്യമുള്ള മണ്ണുപരിശോധനപോലുള്ള സവിശേഷപ്രവൃത്തികൾ വകുപ്പിന്റെ മുൻകൂർ അനുമതിയോടെ നല്കാം.
പുതുക്കിയ പട്ടികയിൽ ഓരോ ഏജൻസിക്കും അനുവദിച്ചിട്ടുള്ള രംഗങ്ങളിലെ പ്രവൃത്തികൾ മാത്രമേ നല്കാവൂ എന്നും കർശനമായി നിർദ്ദേശിച്ചു. ഹാബിറ്റാറ്റ്, കോസ്റ്റ്ഫോർഡ്, യു.എൽ.സി.സി.എസ്. തുടങ്ങിയവ പോലെയുള്ള സർക്കാരിതരയേജൻസികൾ ചെയ്യുന്ന ചെലവുകുറഞ്ഞ നിർമാണ സങ്കേതങ്ങൾ ഉപയോഗിക്കുന്ന പ്രവൃത്തികൾ ഒഴികെയുള്ളവയ്ക്ക് ബന്ധപ്പെട്ട എൻജിനീയറിങ് വകുപ്പിന്റെ സാങ്കേതികാനുമതി നിർബ്ബന്ധമാണ്. സ്വന്തം എൻജിനീയറിങ് വിഭാഗം ഇല്ലാത്ത വകുപ്പുകൾക്ക് ഇതിന് പി.ഡബ്ല്യു.ഡി., ജലസേചനം, തദ്ദേശഭരണം, ഹാർബർ എൻജിനീയറിങ് വകുപ്പുകളുടെ സേവനം ഉപയോഗിക്കാം. സർക്കാരേജൻസികൾക്ക് അഞ്ചുകോടി രൂപവരെയുള്ള പദ്ധതികൾക്ക് സർക്കാർ സാങ്കേതികാനുമതിസമിതിയുടെ സാങ്കേതികാനുമതി തേടാം.

മരാമത്തുപ്രവൃത്തികൾ പി.എം.സി. ആയി എടുക്കുന്ന സ്ഥാപനങ്ങൾക്ക് അതിലെ പ്രവൃത്തികൾ സുതാര്യമായ ബിഡ്ഡിങ്ങിലൂടെ നിർവ്വഹിപ്പിക്കാം. ചെലവുകുറഞ്ഞ സങ്കേതങ്ങൾ ഉപയോഗിക്കുന്ന സംസ്ഥാന നിർമ്മിതി കേന്ദ്ര, ജില്ലാ നിർമ്മിതി കേന്ദ്രങ്ങൾ, ഹാബിറ്റാറ്റ്, കോസ്റ്റ്ഫോർഡ് എന്നിവപോലുള്ള കേന്ദ്രങ്ങൾക്ക് ഇതു ബാധകമല്ല. ചെലവുകുറഞ്ഞ സങ്കേതങ്ങളിൽ നിർമ്മാണം എറ്റെടുക്കുന്ന ഏജൻസികൾ ദേശീയ നിർമ്മാണച്ചട്ടത്തിലെ പ്രസക്തവകുപ്പുകളെല്ലാം പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം.
കരാറുകാരെ തെരഞ്ഞെടുക്കുന്നതിൽ സുതാര്യബിഡ്ഡിങ് നടത്തുന്ന ഏജൻസികൾക്കു മാത്രമേ കോൺട്രാക്റ്റർ പ്രോഫിറ്റിന് അർഹതയുള്ളൂ. ഏജൻസികൾ പ്രവൃത്തികൾ നേരിട്ടു ചെയ്യുകയാണെങ്കിൽ ഇതില്ല. അങ്ങനെയുള്ളവയിൽ, എസ്റ്റിമേറ്റ് മൂല്യമോ ചെയ്ത പ്രവൃത്തിയുടെ മൂല്യമോ ഏതാണോ കുറവ് അതിന്മേലുള്ള അനുവദനീയമായ ഓവർഹെഡ് ചാർജ്ജുകളും സെന്റേജ് ചാർജ്ജുകളും നിർവ്വഹണയേജൻസികൾക്കു നല്കാം.
സർക്കാരിതര അക്രഡിറ്റഡ് ഏജൻസികൾ ചെയ്യുന്ന പ്രവൃത്തികളുടെ കാര്യത്തിൽ പണി ചെയ്യിക്കുന്ന വകുപ്പിനുവേണ്ടി നിയോഗിക്കുന്ന സർക്കാരെൻജിനീയർകൂടി ഉൾപ്പെടുന്ന സംയുക്ത അളവുപരിശോധന നടത്തണം.

ഇനിമേൽ എല്ലാ അക്രഡിറ്റഡ് ഏജൻസികളും അവർ ചെയ്യുന്ന പ്രവൃത്തികളുടെ പ്രതിമാസറിപ്പോർട്ട് ചീഫ് ടെക്നിക്കൽ എക്‌സാമിനർക്കു നല്കണമെന്നും 2017-ലെ ഈ 95-ാം നമ്പർ ഉത്തരവ് നിഷ്‌ക്കർഷിച്ചു. പ്രീമെഷൻമെന്റുകളുടെ നിയമപ്രകാരമുള്ള റിപ്പോർട്ടുകൾക്കു പുറമെയാണിത്. പ്രവൃത്തികളുടെ ചെലവിന്റെ അടിസ്ഥാനത്തിൽ നല്‌കേണ്ട സെന്റേജ് ചാർജ്ജുകളുടെ സ്ലാബും നിശ്ചയിച്ചു.

ഏജൻസികൾ ബിഡ്ഡിങ് കൂടാതെ നേരിട്ടു ചെയ്യുന്ന ചെലവുകുറഞ്ഞ സങ്കേതത്തിലുള്ള പ്രവൃത്തികൾക്ക് പി.എം.സി. ചാർജ്ജിനുമേൽ, എസ്റ്റിമേറ്റ് മൂല്യമോ ചെയ്ത പ്രവൃത്തിയുടെ മൂല്യമോ ഏതാണോ കുറവ് അതിന്മേൽ 0.5 ശതമാനം നിരക്കിൽ, അനിവാര്യമായ റിക്കവറി ബാധകമാക്കാം. പാർട്ട് അഡ്വാൻസ് കിട്ടാൻ അർഹതയുള്ളതിനാൽ കോൺട്രാക്റ്റർ പ്രോഫിറ്റിനും ഇവർക്ക് അർഹതയില്ല. ഇവയ്‌ക്കെല്ലാം പുറമെ മുൻകാലസർക്കാരുത്തരവുകളിലെ മറ്റെല്ലാ വ്യവസ്ഥകളും ബാധകമാണെന്നു വ്യക്തമാക്കി ഈ ഉത്തരവ് 2017 ജൂലൈ 27 മുതൽ ഉടൻ പ്രാബല്യത്തിൽ വരുത്തുകയായിരുന്നു.

ഏജൻസികളുടെ രണ്ടാം പട്ടിക

ഈ ഉത്തരവിന്റെ അനുബന്ധത്തിൽ അക്രഡിറ്റഡ് ഏജൻസികളുടെ പുതുക്കിയ പട്ടിക പ്രസിദ്ധീകരിച്ചു. ഇതുപ്രകാരം അക്രഡിറ്റഡ് ഏജൻസികളുടെ എണ്ണം 33 ആക്കി ഉയർത്തുകയായിരുന്നു സർക്കാർ. ഇതിൽ 29-ഉം കേന്ദ്ര, സംസ്ഥാന സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളാണ്. 2015-ൽ ഇത് 14 ആയിരുന്നു. പുതുതായി ചേർത്ത 15 സ്ഥാപനങ്ങളിൽ 11 എണ്ണം വിവിധ ജില്ലാ നിർമ്മിതി കേന്ദ്രങ്ങൾ ആയിരുന്നു. മറ്റു സ്ഥാപനങ്ങളെപ്പോലെതന്നെ ഈ കേന്ദ്രങ്ങളിൽ ഓരോന്നിന്റെയും ശേഷി പരിശോധിച്ചു വെവ്വേറെ പരിധികൾ നിശ്ചയിച്ചാണ് ഉൾപ്പെടുത്തിയത്.

സർക്കാരിതരയേജൻസികൾ മൂന്നിൽനിന്ന് നാലായി. പിണറായി ഇൻഡസ്റ്റ്രിയൽ കോപ്പറേറ്റീവ് സൊസൈറ്റി (PICOS) യാണ് പുതുതായി വന്നത്. ഇത് നിർമാണവുമായി ബന്ധപ്പെട്ട വ്യത്യസ്തങ്ങളായ എട്ട് ഉൽപാദനയൂണിറ്റുകൾ സ്വന്തമായുള്ള, 1979-ൽ സ്ഥാപിതമായ ഇൻഡസ്റ്റ്രിയൽ സൊസൈറ്റിയാണ്. ഇവർക്ക് ഒറ്റപ്രവൃത്തിയുടെ പരിധി ഒരുകോടിരൂപയും ആകെ പ്രവൃത്തികളുടെ പരിധി രണ്ടുകോടിരൂപയും ആണ്.

ആ ഉത്തരവിൽ ആകെ പ്രവൃത്തികളുടെ കാര്യത്തിൽ ഏറ്റവും ഉയർന്ന പരിധി അനുവദിച്ചിട്ടുള്ളത് എച്ച്.എൽ.എൽ. ലൈഫ് കെയറിന്റെ ഉപസ്ഥാപനമായ എച്ച്.എൽ.എൽ. ഇൻഫ്രാടെക് സർവ്വീസ (എച്ച്.ഐ.റ്റി.ഇ.എസ്) സിനാണ് - 750 കോടിരൂപ. ഉയർന്ന പരിധിയിൽ രണ്ടാം സ്ഥാനം കെ.എസ്.ഇ.ബി.ക്കായിരുന്നു - 565 കോടിരൂപ. ഊരാളുങ്കൽ സൊസൈറ്റിയുടെ പരിധിയായി നിശ്ചയിച്ചത് 500 കോടി രൂപയും.

പാലാരിവട്ടം പാലത്തിന്റെ പൊളിച്ചുപണിയുടെ പുരോഗതി വിലയിരുത്തുന്ന ഡി.എം.ആർ.സി. മുൻ മേധാവി ഇ. ശ്രീധരനും യു.എൽ.സി.സി.എസ്. ചെയർമാൻ രമേശൻ പാലേരിയും

സ്റ്റീൽ ഇൻഡസ്റ്റ്രീസ് കേരള (സിൽക്) യും യു.എൽ.സി.സി.എസും നല്കിയ അപേക്ഷകൾ പരിശോധിച്ച് 2017 സെപ്റ്റംബർ 18-ന് ജി.ഒ.(പി.) 122 നമ്പരിൽ (http://www.infofinance.kerala.gov.in/index.php?option=com_docman&task=doc_download&gid=12251&Itemid=57) ധനവകുപ്പ് ഒരു ഉത്തരവുകൂടി ഇറക്കി. ഇതുപ്രകാരം സിൽക്കിന്റെ 'സ്റ്റ്രീൽ സ്റ്റ്രക്ചറുകൾ, ഇലക്‌റ്റ്രോമെക്കാനിക്കൽ പ്രവൃത്തികൾ എന്നിവയ്ക്ക് പി.എം.സി. എന്ന നിലയിൽ' എന്ന വ്യവസ്ഥയോടൊപ്പം ‘ഡിസൈനും സ്റ്റീൽ ഘടകങ്ങളുടെ ഫാബ്രിക്കേഷനും ഉൾപ്പെട്ട സിവിൽ പ്രവൃത്തികളും അനുവദിക്കാം' എന്നു കൂട്ടിച്ചേർത്തു.

പി.എം.സി.കൾ എന്ന നിലയിലേ മരാമത്തുപണികൾ ഏല്പിക്കാവൂ എന്ന വ്യവസ്ഥയിൽ ചെലവുകുറഞ്ഞ നിർമാണം നടത്തുന്ന സ്ഥാപനങ്ങൾക്കു നല്കിയ ഇളവ് സ്വന്തമായി തൊഴിലാളികളും യന്ത്രോപകരണങ്ങളുമുള്ള ലേബർ കോൺട്രാക്റ്റ് സൊസൈറ്റികൾക്കും ബാധകമാക്കി. പട്ടിക പുതുക്കിക്കൊണ്ട് 2017 ജൂലൈ 27-നു ഇറക്കിയ 95-ാം നമ്പർ ഉത്തരവിൽ ഏർപ്പെടുത്തിയിരുന്ന, പൊതുവിഭാഗം പ്രവൃത്തികൾ ടെൻഡറിലൂടെ പി.എം.സി. എന്ന നിലയിൽ മാത്രം നല്കുക എന്ന, വ്യവസ്ഥയിൽ ഇളവു നല്കി, യു.എൽ.സി.സി.എസിന് നോൺപി.എം.സി. എന്ന നിലയിൽ ടെൻഡർ കൂടാതെ കരാർ നല്കാമായിരുന്ന 2015-ലെ വ്യവസ്ഥ പുനഃസ്ഥാപിക്കുകയും ചെയ്തു.

ഈ സന്ദർഭത്തിൽ തൃശൂർ ജില്ലാ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി (TDLCCS) യും തിരുവനന്തപുരം പത്തനംതിട്ട ജില്ലാ നിർമ്മിതി കേന്ദ്രങ്ങളും കേരള ഇലക്റ്റ്രിക്കൽ (KEL) സും സർക്കാരിനു കത്തുകൾ നല്കി. അതിന്റെ അടിസ്ഥാനത്തിൽ 2017 നവംബർ 9-ന് ജി.ഒ.(പി.)നം. 142/ധനം എന്ന ഉത്തരവിലൂടെ തിരുവനന്തപുരം, പത്തനംതിട്ട ജില്ലാ നിർമ്മിതി കേന്ദ്രങ്ങളെയും സ്വന്തമായി തൊഴിലാളികളും യന്ത്രോപകരണങ്ങളുമുള്ള തൃശൂർ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയെയും അക്രഡിറ്റ് ചെയ്തു. കെല്ലിനു കരാർ എടുക്കാവുന്ന മേഖല ‘ഇലക്‌റ്റ്രോമെക്കാനിക്കൽ പ്രവൃത്തികളും സിവിൽ പ്രവൃത്തികളും' എന്നു പരിഷ്‌ക്കരിക്കുകയും ചെയ്തു.
പുതിയ അപേക്ഷകൾ വന്നതിനെത്തുടർന്ന് 2018 ഫെബ്രുവരി 28-ന് ജി.ഒ.(പി.)നം. 29/2018/ധനം നമ്പർ (http://www.infofinance.kerala.gov.in/index.php?option=com_docman&task=doc_download&gid=13743&Itemid=57) ഉത്തരവിലൂടെ റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനെയും കേന്ദ്രസർക്കാർസ്ഥാപനമായ എച്ച്.എൽ.എൽ. ലൈഫ് കെയറിനെയും കെ.എസ്.ഐ.ഇ.യെയും അക്രഡിറ്റ് ചെയ്തു. ഫോറസ്റ്റ് ഇൻഡസ്റ്റ്രീസ് ട്രാവൻകൂർ ലിമിറ്റഡ് (എഫ്.ഐ.റ്റി.), സിഡ്കോ എന്നിവയെ പി.ഡബ്ല്യു.ഡി. ഒഴികെയുള്ള സർക്കാർവകുപ്പുകളുടെ പ്രവൃത്തികൾ പി.എം.സി. എന്ന നിലയിൽ ചെയ്യാനും അക്രഡിറ്റ് ചെയ്തു. കണ്ണൂർ ജില്ലാ നിർമ്മിതി കേന്ദ്രയുടെ പ്രവർത്തനരംഗം ചെലവുകുറഞ്ഞ നിർമ്മാണങ്ങളിൽനിന്ന് പൊതു സിവിൽ നിർമ്മാണങ്ങൾ എന്നു മാറ്റുകയും ചെയ്തു.

ഇൻകെലിനു പ്രവൃത്തികൾ ഏറ്റെടുക്കാവുന്ന മേഖല വ്യാവസായികഭൂമിവികസനം എന്നത് പൊതു സിവിൽ നിർമ്മാണപ്രവൃത്തികൾ എന്നാക്കി. എച്ച്.എൽ.എൽ. ഇൻഫ്രാടെക് സർവീസ (എച്ച്.ഐ.റ്റി.ഇ.എസ്) സിന്റെ കാര്യത്തിൽ കൊല്ലം മെഡിക്കൽ കോളേജ് നിർമാണത്തിന്റെ സർവ്വീസ് പ്രവൃത്തികൾ നോൺ പി.എം.സി. ആയി അംഗീകരിച്ചുകൊടുത്തു.

വീണ്ടും 2018 മാർച്ച് 29-ന് ജി.ഒ.(പി.)നം. 52 (http://www.infofinance.kerala.gov.in/index.php?option=com_docman&task=doc_download&gid=14229&Itemid=57) ആയി ഒരു ഉത്തരവുകൂടി വന്നു. ഇടുക്കി ജില്ലാ നിർമ്മിതി കേന്ദ്രത്തെ അക്രഡിറ്റ് ചെയ്തു. പൊലീസ് ഹൗസിങ് ആൻഡ് കൺസ്റ്റ്രക്ഷൻ കോർപ്പറേഷന്റെ പ്രവർത്തനമേഖല ആഭ്യന്തരവകുപ്പിന്റെ കെട്ടിടനിർമ്മാണങ്ങൾ എന്നത് എല്ലാ വകുപ്പിന്റെയും കെട്ടിടനിർമ്മാണങ്ങൾ എന്നു ഭേദഗതിയും ചെയ്തു.

അക്രഡിറ്റേഷൻ വീണ്ടും രണ്ടുകൊല്ലം

അക്രഡിറ്റേഷൻ കാലാവധി ഒരു വർഷമായി 2017 മുതൽ പരിമിതപ്പെടുത്തിയിരുന്നതിനാൽ അന്നുണ്ടായിരുന്ന ഏജൻസികളുടെ അക്രഡിറ്റേഷൻ 2018 ജൂലൈ 24-ന് അവസാനിക്കുകയായിരുന്നു. അതിനാൽ, 2018 മേയ് 26-ന് ധനവകുപ്പിലെ ക്രഡിറ്റേഷന്റെ ചുമതലയുള്ള വ്യവസായവും പൊതുമരാമത്തും വിഭാഗം 142-ാം നമ്പരായി നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചു. 2018 ജൂൺ 30 ആയിരുന്നു അവസാനതീയതി. 2016 ജൂലൈ 27-ൽ പിണറായിസർക്കാർ പരിഷ്‌കരിക്കുകയും 2017-ലെ തെരഞ്ഞെടുക്കലിന് ആധാരമാക്കുകയും ചെയ്ത മാർഗ്ഗരേഖ (http://www.infofinance.kerala.gov.in/index.php?option=com_docman&task=doc_download&gid=8844&Itemid=57) യുടെ അടിസ്ഥാനത്തിലാണ് അപേക്ഷ നൽകേണ്ടിയിരുന്നത്.
ഇപ്രകാരം ലഭിച്ച അപേക്ഷകൾ പരിശോധനാസമിതി പരിശോധിച്ചുവരുന്നതിനിടെ അക്രഡിറ്റേഷൻ കാലാവധി അവസാനിച്ചു. പുതിയ അക്രഡിറ്റേഷൻ പട്ടിക തയ്യാറായതുമില്ല. ഇത് സംസ്ഥാനത്തെ നിർമാണ പ്രവൃത്തികളെ ബാധിക്കും എന്നതിനാൽ, 2018 ജൂലൈ 24-ന് അവസാനിച്ച അക്രഡിറ്റേഷൻ കാലാവധി നിലവിലെ എല്ലാ വ്യവസ്ഥകൾക്കും വിധേയമായി ഒരുവർഷത്തേക്കുകൂടി നീട്ടി 2018 ജൂലൈ 26-ന് ജി.ഒ.(പി.)നം. 116/2018/ധനം (http://www.finance.kerala.gov.in/index.php?option=com_docman&task=doc_download&gid=15208&Itemid=57) നമ്പറിൽ സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു.

മാർഗ്ഗരേഖയിൽ സമഗ്രപരിഷ്‌ക്കരണം

ഇതൊക്കെ നടക്കുന്നതോടൊപ്പം 2018 ഫെബ്രുവരി 21-നും മേയ് 19-നും തെരഞ്ഞെടുക്കൽ സമിതി യോഗം ചേർന്നു. അവയിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ 2018 ഓഗസ്റ്റ് 3-ന് ജി.ഒ.(പി.)നം. 118/2018/ധനം (http://www.finance.kerala.gov.in/index.php?option=com_docman&task=doc_download&gid=15238&Itemid=57) നമ്പർ ഉത്തരവിലൂടെ മാർഗ്ഗരേഖ പിന്നെയും പരിഷ്‌ക്കരിച്ചു. അക്രഡിറ്റഡ് ഏജൻസികളിൽനിന്നു ‘സാധനങ്ങളും സേവനങ്ങളും വാങ്ങുന്നത്', ‘പ്രവൃത്തികളുടെ കരാർ' എന്നു രണ്ടു ഭാഗങ്ങളായി തിരിച്ചാണ് ഇതു പരിഷ്‌ക്കരിച്ചത്.

സാധനങ്ങളുടെയും സേവനങ്ങളുടെയും കാര്യത്തിലും പി.എം.സി. ആയോ സ്വയം പ്രദാനം ചെയ്യുന്ന തരത്തിലോ വാങ്ങൽ ഉത്തരവു നല്കാം. ഏതുതരത്തിൽ എന്ന് ഭരണവകുപ്പ് ഉത്തരവിൽ വ്യക്തമായി പറഞ്ഞിരിക്കണം. മതിയായ വൈദഗ്ദ്ധ്യം ഉണ്ടെങ്കിൽ മാത്രമേ സ്വയം പ്രദാനം ചെയ്യാനുള്ള ഉത്തരവ് ആ ഏജൻസിക്കു നല്കൂ.

പ്രദാനം ചെയ്യുന്ന സാധനത്തിന്റെയും സേവനത്തിന്റെയും 50 ശതമാനമെങ്കിലും സ്വന്തം ശേഷിയിൽനിന്നു നല്കാൻ കഴിഞ്ഞാലേ ആ സ്ഥാപനത്തെ ‘സ്വയം പ്രദാനം ചെയ്യുന്ന സ്ഥാപനം' എന്ന വിഭാഗത്തിൽ പെടുത്തൂ. പകുതിയിലേറെ പുറത്തുനിന്നു വാങ്ങുകയാണെങ്കിൽ ആ ഏജൻസിക്ക് ആ ഓർഡർ നൽകില്ല. അത്തരം സന്ദർഭത്തിൽ അക്രഡിറ്റഡ് ഏജൻസി സ്വയം നല്ക്കുന്നതും മൂന്നാം കക്ഷികളോടു വാങ്ങുന്നതും ഏതൊക്കെ ഘടകങ്ങൾ എന്നു പ്രൊക്യുവർമെന്റ് ഉത്തരവിൽ വ്യക്തമാക്കണം. മൂന്നാം കക്ഷികളോടു വാങ്ങുന്നത് പി.എം.സി. എന്ന നിലയിൽ അക്രഡിറ്റഡ് ഏജൻസിയെ ചുമതലപ്പെടുത്തുകയും മതിയായ സെന്റേജ് ചാർജ്ജ് ബാധകമാക്കുകയും വേണം. അപ്രകാരം വാങ്ങുന്നവ ഭരണവകുപ്പിനുകൂടി കാണാൻ കഴിയുന്ന സുതാര്യമായ ടെൻഡർ നടപടിയിലൂടെ ആയിരിക്കണമെന്നും ഇതിന്റെ പണം കൊടുക്കുന്നത് മൂന്നാംകക്ഷിയായ സ്ഥാപനത്തിനു ഭരണവകുപ്പു നേരിട്ടായിരിക്കണമെന്നും ഇവരെ തെരഞ്ഞെടുക്കുന്നതിൽ അന്തിമതീരുമാനം എടുക്കുന്നത് പി.എം.സി.യുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ ഭരണവകുപ്പ് ആയിരിക്കണമെന്നും ഒക്കെയുള്ള വ്യവസ്ഥകളാണ് ഉത്തരവ് മുന്നോട്ടുവച്ചത്. സ്റ്റോർ പർച്ചേസ് മാനുവൽ പ്രകാരം പണം കൊടുക്കേണ്ടതുസംബന്ധിച്ച നിർദ്ദേശങ്ങളും വ്യക്തമാക്കി.

പ്രവൃത്തികളുടെ കരാറിന്റെ കാര്യത്തിലും പി.എം.സി. ആയോ നേരിട്ടു നടപ്പാക്കുന്ന രീതിയിലോ നല്കാം. ഇക്കാര്യം ഉത്തരവിൽ ഭരണവകുപ്പ് വ്യക്തമാക്കണം. നേരിട്ടു പ്രവൃത്തികൾ ചെയ്യാനുള്ള കരാർ സർക്കാരുത്തരവുകളിലൂടെ അതിനായി എംപാനൽ ചെയ്തിട്ടുള്ള സ്ഥാപനങ്ങൾക്കു മാത്രമേ നല്കാവൂ.

പി.എം.സി ആയി കരാർ നല്കിയാൽ ഭരണവകുപ്പു രൂപം നല്കുന്ന സാങ്കേതികസമിതി ആയിരിക്കണം സാങ്കേതികാനുമതി നല്‌കേണ്ടത്. പി.ഡബ്ല്യു.ഡി. സംവിധാനത്തിലെപ്പോലെ ഐ.ടി മിഷൻ ഒരുക്കുന്ന സംവിധാനത്തിലൂടെ ഇ-ടെൻഡറായി വേണം പി.എം.സി.കൾ പ്രവൃത്തി കരാർ നല്കാൻ. തെരഞ്ഞെടുക്കുന്ന കരാറുകാർക്കു കരാർ നല്കുന്നതും എഗ്രിമെന്റ് വയ്ക്കുന്നതുമെല്ലാം പി.എം.സി. ആയിരിക്കണം. മൂന്നാം കക്ഷികൾക്കുള്ള പണം ആ പ്രവൃത്തി നടത്തിക്കുന്ന വകുപ്പാണ് അക്രഡിറ്റഡ് ഏജൻസിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ നല്‌കേണ്ടത്. സെന്റേജ് ചാർജ്ജ് അക്രഡിറ്റഡ് ഏജൻസിക്കു നേരിട്ടു ബാങ്കുവഴിയേ നല്കാവൂ.
അക്രഡിറ്റഡ് ഏജൻസി നേരിട്ടാണു പ്രവൃത്തി നടത്തുന്നതെങ്കിൽ ഭരണവകുപ്പ് അവർക്കു നേരിട്ടു പണം നല്കണം. അത്തരം പ്രവൃത്തികളിൽ പണം മുൻകൂറായി നല്കാം. അത് പി.ഡബ്ല്യു.ഡി. മാനുവലിൽ അനുശാസിക്കുന്നതുപോലെ 20 ശതമാനമായി നിജപ്പെടുത്തി. ഇത് തുടർന്നുള്ള ബില്ലുകളിൽ ആനുപാതികമായി അഡ്ജസ്റ്റ് ചെയ്യണം.

പി.എം.സി. (സെന്റേജ്) ചാർജ്ജുകൾ അക്രഡിറ്റഡ് ഏജൻസികൾക്കു നേരിട്ടു നല്കണം. അതിൽ 50 ശതമാനം സാങ്കേതികാനുമതി നല്കുമ്പോൾ നല്കണം. ബാക്കിയുള്ളത് രണ്ടു തുല്യ ഗഡുക്കളായി 50 ശതമാനം പൂർത്തിയാക്കിയശേഷവും അവസാനബില്ലു കൊടുത്തുകഴിഞ്ഞും നല്കണം.
ചെലവുകുറഞ്ഞ നിർമ്മാണസങ്കേതങ്ങൾ ഉപയോഗിക്കുന്ന സർക്കാരിതരയേജൻസികൾക്ക് അത്തരം പ്രവൃത്തികളുടെ സാങ്കേതികാനുമതി സ്വയം നല്കാം. അത്തരം പ്രവൃത്തികൾ ഉൾപ്പെട്ട നിർമ്മാണങ്ങളിൽ അക്രഡിറ്റഡ് ഏജൻസിക്കു സാങ്കേതികാനുമതി പുറപ്പെടുവിക്കാമോ എന്നകാര്യം പണി ചെയ്യിക്കുന്ന വകുപ്പിനു തീരുമാനിക്കാം. ഗവണ്മെന്റ് അക്രഡിറ്റഡ് ഏജൻസികൾക്ക് അഞ്ചുകോടി രൂപയിൽ താഴെയുള്ള പ്രവൃത്തികൾക്ക് സ്വയം സാങ്കേതികാനുമതി നല്കാം. അതിനുമേലുള്ളവയ്ക്ക് സർക്കാർസാങ്കേതികസമിതിയുടെ സാങ്കേതികാനുമതി വേണം. അതിനുള്ള നടപടിക്രമവും ഉത്തരവിൽ വിവരിച്ചിട്ടുണ്ട്. മരാമത്തുപണികൾ ചെയ്യുന്ന എല്ലാ അക്രഡിറ്റഡ് ഏജൻസികളും പി.ഡബ്ല്യു.ഡി. മാനുവലും സാധനങ്ങളും സേവനങ്ങളും പ്രദാനം ചെയ്യുന്ന അക്രഡിറ്റഡ് ഏജൻസികൾ സ്റ്റോർ പർച്ചേസ് റൂളും പിന്തുടരണമെന്നും നിഷ്‌ക്കർഷിച്ചു.

നിലവിലുള്ള വ്യവസ്ഥകൾ

ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് നേരത്തേ ലഭിച്ചിരുന്ന അപേക്ഷകൾ പരിശോധിച്ച് ഇപ്പോൾ നിലവിലുള്ള അക്രഡിറ്റഡ് ഏജൻസികളുടെ പട്ടിക പ്രസിദ്ധീകരിക്കുന്നത്. 2019 ജൂലൈ 4-ലെ ജി.ഒ.(പി.)നം. 77/2019/ധനം (http://www.finance.kerala.gov.in/includeWeb/fileViewer.jsp?dId=b8yh2sj0qe5vh2s) എന്ന ഉത്തരവാണത്.

അക്രഡിറ്റേഷൻ രണ്ടുവർഷത്തേക്ക് എന്ന്​ പുനർനിർണയിച്ചു. കുറേക്കൂടി മെച്ചപ്പെട്ട നിർവ്വഹണത്തിനായി മരാമത്തുപ്രവൃത്തികളെ പന്ത്രണ്ടായി തിരിച്ചു നിർവ്വചിച്ചു. പി.എം.സി., നോൺപി.എം.സി എന്നിവയെയും നിർവ്വചിച്ചു. സാങ്കേതികത്തികവ്, ഡിസൈനിന്റെ മികവ്, നിരക്കുകളുടെ യുക്തിസഹത, നിബന്ധനകളുടെ പര്യാപ്തി, ഘടനയുടെ ഉറപ്പ് എന്നിവ ഉറപ്പാക്കുന്നത് അക്രഡിറ്റഡ് ഏജൻസികളുടെ ഉത്തരവാദിത്വമായി പ്രഖ്യാപിച്ചു.
സാങ്കേതികാനുമതി സംബന്ധിച്ച മുൻവ്യവസ്ഥകൾ ഇതിലും ഉൾപ്പെടുത്തി. സർക്കാർ-സർക്കാരിതരയേജൻസികൾക്ക് അഞ്ചുകോടിക്കുമേലുള്ള പ്രവൃത്തികളുടെ സാങ്കേതികാനുമതി നല്കാനുള്ള സമിതിയുടെ ഘടനയും വ്യക്തമാക്കി. വകുപ്പുസെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ എക്‌സിക്യൂട്ടീവ് എൻജിനീയർക്കു താഴെയല്ലാത്ത രണ്ട് സർക്കാരെൻജിനീയർമാരും അക്രഡിറ്റഡ് ഏജൻസിയുടെ ഒരു എൻജിനീയറും അംഗങ്ങൾ ആയിരിക്കണം.
ഏജൻസികൾക്കുള്ള എല്ലാ പണം കൊടുക്കലിനും 2018 ഓഗസ്റ്റ് 3-ലെ 118-ാം നമ്പർ (http://www.finance.kerala.gov.in/index.php?option=com_docman&task=doc_download&gid=15238&Itemid=57) ഉത്തരവിലൂടെ പരിഷ്‌ക്കരിച്ച വ്യവസ്ഥകൾ പിന്തുടരണം. നേരത്തേ പരാമർശിച്ചിട്ടുള്ള 191/2016, 18/2017 എന്നീ ഉത്തരവുകൾ റദ്ദാക്കുകയും ചെയ്തു. മറ്റെല്ലാ കാര്യങ്ങൾക്കും മറ്റു മുൻകാലയുത്തരവുകൾ ബാധകമായിരിക്കും. ഈ ഉത്തരവ് ഉടൻപ്രാബല്യത്തോടെ നടപ്പാക്കപ്പെട്ടു.

നിലവിലുള്ള പട്ടിക

ഇപ്പോൾ നിലവിലുള്ള 2019-ലെ പട്ടികയിൽ 45 ഏജൻസികളെയാണ് അക്രഡിറ്റ് ചെയ്തിട്ടുള്ളത്. ഇതിൽ 39 എണ്ണം സർക്കാരേജൻസികളും ആറെണ്ണം സർക്കാരിതരയേജൻസികളും. 2017-ലെ പട്ടികയിൽ ഉണ്ടായിരുന്ന റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ, കെ.എച്ഛ്.ആർ. ഡബ്ല്യു.എസ്., എറണാകുളം ജില്ലാ നിർമ്മിതി കേന്ദ്ര എന്നിവ ഈ പട്ടികയിലില്ല. ആർട്ടിസാൻസ് ഡെവലപ്മെന്റ് കോപ്പറേറ്റീവ് സൊസൈറ്റി (ARTCO), കേരള ആർട്ടിസാൻസ് ഡെവലപ്മെന്റ് കോർപ്പറേഷൻ (KADCO), സിഡ്‌കോ, യുണൈറ്റഡ് ഇലക്റ്റ്രിക്കൽ ഇൻഡസ്റ്റ്രീസ്, എഫ്.എ.സി.റ്റി.-ആർ.സി.എഫ്. ബിൽഡിങ് പ്രോഡക്റ്റ്‌സ്, ഹിന്ദുസ്ഥാൻ പ്രീഫാബ് (HPL), ഫോറെസ്റ്റ് ഇൻഡസ്റ്റ്രീസ് ട്രാവൻകൂർ ലിമിറ്റഡ് എന്നീ ഏഴു പൊതുമേഖലാസ്ഥാപനങ്ങൾ പുതുതായി വന്നു. പുതുതായി വന്ന ഏക സർക്കാരിതരസ്ഥാപനം തിരുവനന്തപുരം അഗ്രി ഹോർട്ടിക്കൾച്ചർ ഡെവലപ്മെന്റ് കോപ്പറേറ്റീവ് സൊസൈറ്റി എന്ന സഹകരണസംഘമാണ്.

കിറ്റ്‌കോയ്ക്കും വാപ്കോസിനും ആകെ അനുവദിക്കാവുന്ന പദ്ധതികളുടെ പരിധി 450 കോടി ആയിരുന്നതും കെ.എസ്.ഇ.ബി.ക്ക് 565 കോടി ആയിരുന്നതും 750 കോടിരൂപയാക്കി ഉയർത്തി. എച്ഛ്. ഐ.റ്റി.ഇ.എസ്. ആണ് 750 കോടി അനുവദിച്ചിട്ടുള്ള മറ്റൊരു സ്ഥാപനം. ഇത് 2017-ലും 750 കോടി ആയിരുന്നു. ഊരാളുങ്കൽ സൊസൈറ്റിയുടേത് 500-ൽനിന്ന് 800 കോടിയായും ഉയർത്തി. ഏറ്റെടുക്കാവുന്ന ഒറ്റപ്രവർത്തിയുടെ പരിധി ഉയർത്തിയതുമില്ല. അപ്പോഴും ഇപ്പോഴും അത് 150 കോടി രൂപതന്നെ. വളർച്ച ഉണ്ടായ പല സ്ഥാപനങ്ങൾക്കും അതിന് ആനുപാതികമായ വർദ്ധന ഉണ്ടായിട്ടുണ്ട്.
എന്നുവച്ചാൽ ഒരു പ്രത്യേക ഏജൻസിയുടെ മാത്രം പരിധി എടുത്തുകളഞ്ഞു എന്നും അവർക്ക് അനന്തമായി കരാറുകൾ കൊടുക്കുന്നു എന്നും ചിലർ പറയുന്നത് വസ്തുതയല്ല. അതുപോലെതന്നെ തോന്നിയതുപോലെ പരിധികൾ നിശ്ചയിക്കുന്നു എന്നതും അടിസ്ഥാനമില്ലാത്തതാണ്. മാനദണ്ഡങ്ങളും നടപടിക്രമങ്ങളും പരിശോധനാസംവിധാനവും മനസിലാക്കുന്ന ഏതൊരാൾക്കും ഇതു ബോദ്ധ്യമാകും. ഇവിടെ പരാമർശിച്ച ഉത്തരവുകളെല്ലാം സർക്കാരിന്റെ വെബ്സൈറ്റുകളിൽ ഉള്ളവയാണ്.

മറ്റൊരു ശ്രദ്ധേയമായ കാര്യം, 2015-ൽ വെറും 17 അക്രഡിറ്റഡ് സ്ഥാപനങ്ങൾ ഉണ്ടായിരുന്നിടത്ത് ഇപ്പോഴത്തെ എൽ.ഡി.എഫ്. സർക്കാർ 45 സ്ഥാപനങ്ങളാക്കി വർദ്ധിപ്പിക്കുകയാണു ചെയ്തത്. സർക്കാർസ്ഥാപനങ്ങളുടെ എണ്ണം 12-ൽനിന്നു 39 ആയും ഉയർത്തി. സർക്കാരിതരസ്ഥാപനങ്ങൾ അഞ്ചിൽനിന്ന് ആറായി. അത്രമാത്രം.

എന്നുവച്ചാൽ, സർക്കാരിന്റെ പ്രവൃത്തികൾ ഏറ്റെടുക്കാൻ കൂടുതൽ സ്ഥാപനങ്ങൾ ഉണ്ടാകുകയാണു ചെയ്തത്. അവയിൽത്തന്നെ വലിയ പരിഗണന നല്കിയത് സർക്കാർ സ്ഥാപനങ്ങൾക്കുമാണ്. അല്ലാതെ, ഏതെങ്കിലും ഒരു സ്ഥാപനത്തിന് അനുകൂലമായി കാര്യങ്ങൾ മാറ്റുകയായിരുന്നില്ല. സർക്കാരിന്റെ ഉത്തമതാത്പര്യങ്ങൾ മാത്രമാണ് ഏതു സർക്കാരായാലും സംരക്ഷിച്ചിട്ടുള്ളതെന്ന് ഓരോ ഉത്തരവും അവയുടെ വികാസപരിണാമങ്ങളും പരിശോധിച്ചാൽ മനസിലാകും.

ഈ സർക്കാരിന്റെ കാലത്തു മരാമത്തുപ്രവൃത്തികളിൽ വന്ന റെക്കോഡ് വർദ്ധനയും നാം കാണണം. സ്‌കൂൾക്കെട്ടിടങ്ങളും ആശുപത്രിക്കെട്ടിടങ്ങളും ഹിൽ, തീരദേശ ഹൈവേകളും അടക്കം 60,000-ൽപ്പരം കോടി രൂപയുടെ പ്രവൃത്തികൾക്കാണ് കിഫ്ബി മാത്രം ഭരണാനുമതി നല്കിയിട്ടുള്ളത്. ബജറ്റിൽ ഉൾപ്പെട്ട പതിവുപദ്ധതികൾക്കു പുറമെയാണിതെന്ന് ഓർക്കണം. പ്രവൃത്തികൾ ഇങ്ങനെ വർദ്ധിക്കുമ്പോൾ അവയുടെ നിർവ്വഹണത്തിനുള്ള സംവിധാനവും വിപുലപ്പെടുത്തേണ്ടതുണ്ട് എന്നതും നാം കാണണം.

മുകളിൽ പറഞ്ഞ ഉത്തരവുകളൊക്കെ പല മാധ്യമ പ്രവർത്തകരുടെയും കൈവശവും ഉണ്ടാകണം. എന്നിട്ടും അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ചില രാഷ്ട്രീയക്കാരും മാധ്യമ പ്രവർത്തകരും ആവർത്തിക്കുന്നത് എന്തുകൊണ്ടാണെന്നതു കണ്ടുപിടിക്കാൻ പാഴൂർപ്പടിക്കലൊന്നും പോകേണ്ട കാര്യമില്ല. പണം കൊടുത്തു പത്രം വാങ്ങുകയോ കേബിളോ ഡിഷോ വഴി ന്യൂസ് ചാനലുകൾ സബ്സ്‌ക്രൈബ് ചെയ്യുകയോ ചെയ്യുന്ന ഉപഭോക്താക്കളോടു കാണിക്കുന്ന ഈ അനീതി മാധ്യമ ധർമമല്ലെന്നതു പോകട്ടെ, വാസ്തവത്തിൽ ഉപഭോക്തൃ വഞ്ചനകൂടിയല്ലേ?

സഹകരണ സംഘങ്ങൾക്കുള്ള പരിഗണന

കേരളീയ ജീവിതത്തിന്റെ ഏതാണ്ടെല്ലാ മണ്ഡലങ്ങളിലും കൈത്താങ്ങായ, ലാഭം സ്വകാര്യസ്ഥാപനങ്ങളിലേക്കോ വ്യക്തികളിലേക്കോ പോകാത്ത, സഹകരണ സ്ഥാപനങ്ങൾക്ക് സർക്കാർ എക്കാലത്തും പ്രത്യേക പരിഗണയും മുൻഗണനയും ഉളവുകളും നല്കിവന്നിരുന്നു. ഇതെല്ലാം സമഗ്രമായി പരിഷ്‌ക്കരിച്ച് ഉൾക്കൊള്ളിച്ചുള്ള, ഇപ്പോഴും ബാധകമായ ഉത്തരവ് 1997 നവംബർ 13-നു സഹകരണവകുപ്പു പുറപ്പെടുവിച്ച സ.ഉ.(കൈ.)നം. 135/97 ആണ് (ലിങ്ക് ലഭ്യമല്ല).

തൊഴിൽക്കരാർ സംഘങ്ങൾക്കു മുൻഗണന നല്കുന്നതിനുള്ള നിബന്ധനകളും ഏറ്റെടുക്കാവുന്ന പ്രവൃത്തികളും അവയ്ക്കു ക്ലാസിഫിക്കേഷൻ നല്കുന്നതിനുള്ള വ്യവസ്ഥകളും ഈ ഉത്തരവിൽ ഉണ്ട്. 2002-ലും 2014-ലും യു.ഡി.എഫ്. സർക്കാരുകളും 2016 ജൂൺ 29-ന് എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്തും ഇവർക്ക് എടുക്കാവുന്ന പ്രവൃത്തികളുടെ പരിധി മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഉയർത്തി നിശ്ചയിച്ചിരുന്നു.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി

ഇതും നേരത്തേ പറഞ്ഞുവന്ന അക്രഡിറ്റേഷൻ പ്രവർത്തനവുമായി ബന്ധമൊന്നും ഇല്ല. അത് എല്ലാത്തരം സ്ഥാപനങ്ങൾക്കുമായി ഉള്ള കാര്യമാണ്. ആ കഥയിൽ ഇതുവരെ നാലു സഹകരണസംഘങ്ങളേ കടന്നുവന്നിട്ടുള്ളൂ എന്നും ഓർക്കുക. ഇതാകട്ടെ, സഹകരണപ്രസ്ഥാനങ്ങൾ വികസിക്കുന്നതിനും പുതിയ മേഖലകൾ രൂപപ്പെടുന്നതിനും ഒക്കെ അനുസരിച്ച് സംഘങ്ങളുടെ പ്രവർത്തനസ്വാതന്ത്ര്യത്തിനു നല്കുന്ന അനുമതികളും പ്രോത്സാഹനങ്ങളുമാണ്. സർക്കാരുകളുടെ ഉത്തരവാദിത്വവുമാണത്.

സഹകരണവകുപ്പ് 2016 ജൂൺ 29-ന് ഇറക്കിയ സ.ഉ.(കൈ.)നം. 31/16 (https://cooperation.kerala.gov.in/coop/wp-content/uploads/GO/mt3116.pdf) ആണ് സംസ്ഥാനത്താകെയുള്ള ലേബർ കോൺട്രാക്റ്റ് സംഘങ്ങളെ ഇനം തിരിച്ച് ഓരോ വിഭാഗത്തിനും എടുക്കാവുന്ന ഒറ്റ പ്രവൃത്തിയുടെയും ആകെ പ്രവൃത്തികളുടെയും പരിധി നിശ്ചയിച്ചത്. യു.ഡി.എഫ്. സർക്കാർ 2014-ൽ നിശ്ചയിച്ചിരുന്ന നിരക്ക് അതേ സർക്കാരിന്റെ കാലത്ത് 2016 ജനുവരി 21-ന് സഹകരണരജിസ്റ്റ്രാർ നല്കിയ ശുപാർശയുടെ അടിസ്ഥാനത്തിൽ ഇരട്ടിയായി ഉയർത്തി.

ഇത്തരത്തിലുള്ള മറ്റൊരു ആനുകൂല്യമാണ് പ്രൈസ് പ്രിഫറൻസ്. പി.ഡബ്ല്യു.ഡി. കരാറുകളിൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റികൾക്ക് പത്തുശതമാനം പ്രൈസ് പ്രിഫറൻസ് 2012 ഓഗസ്റ്റ് നാലിന് അന്നത്തെ ഉമ്മൻചാണ്ടി സർക്കാർ പൊതുമരാമത്തുവകുപ്പിന്റെ ജി.ഒ.(പി.)നം. 58/12 ഉത്തരവിലൂടെ അനുവദിച്ചിരുന്നു. ഇത് ഇപ്പോഴത്തെ സർക്കാർ 2020 മാർച്ച് 19-നു പരിഷ്‌ക്കരിച്ച് ജി.ഒ.(എം.എസ്.)നം. 41/2020 നമ്പർ (https://cooperation.kerala.gov.in/wp-content/uploads/2020/01/go-41-2020.pdf) ഉത്തരവിലൂടെ സർക്കാരിന്റെ എല്ലാ മരാമത്തുപ്രവൃത്തികൾക്കും ബാധകമാക്കി.
സഹകരണനിയമപ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഏതെങ്കിലും പ്രത്യേകമേഖലയിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുകയോ ആ മേഖലയിൽനിന്ന് പ്രവൃത്തികൾ എടുക്കാനുള്ള പരിധി ഉയർത്തിക്കിട്ടുകയോ വേണമെങ്കിൽ കോപ്പറേറ്റീവ് രജിസ്റ്റ്രാറുടെ അനുമതി വേണം.

ലേബർ കോൺട്രാക്റ്റ് സംഘങ്ങൾക്ക് ടെൻഡറിൽ പങ്കെടുക്കാവുന്ന പ്രവൃത്തികൾ ഏതെല്ലാം എന്നു നിലവിൽ നിശ്ചയിച്ചിട്ടുള്ളത് 1997 നവംബർ 13-ന് ഇറക്കിയ സ.ഉ.(എം.എസ്.)നം. 135/97/സഹ. എന്ന നമ്പർ ഉത്തരവാണ്. ചെറിയ കെട്ടിടങ്ങൾ, റോഡുകൾ, മെയിന്റനൻസ് പ്രവൃത്തികൾ എന്നിവ മാത്രമേ 23 കൊല്ലം മുമ്പത്തെ ഈ ഉത്തരവിൽ പറഞ്ഞിരുന്നുള്ളൂ.
എന്നാൽ, ഇക്കാലയളവുകൊണ്ട് ഒട്ടുമിക്ക ലേബർ സൊസൈറ്റികളും, വിശേഷിച്ച് ഊരാളുങ്കൽ സൊസൈറ്റി, ഗണ്യമായ വളർച്ച നേടിയിട്ടുണ്ട്. അതിനനുസരിച്ചു കൂടുതൽ വലിയ പ്രവൃത്തികൾ ഏറ്റെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തൊഴിലാളികൾക്കു വേതനം നല്കാനാകാതെ അവ പ്രതിസന്ധിയിൽ ആകും. ഇക്കാര്യം ചൂണ്ടിക്കാട്ടി ഊരാളുങ്കൽ സൊസൈറ്റി സർക്കാരിന് അപേക്ഷ നല്കുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തിൽ സൊസൈറ്റിയുടെ എല്ലാത്തരം ശേഷികളും പരിശോധിച്ച് സൊസൈറ്റിക്ക് ഏറ്റെടുക്കാവുന്ന പ്രവൃത്തികൾ പുനർനിർണ്ണയിച്ച് സർക്കാർ ഉത്തരവായി. സഹകരണവകുപ്പിന്റെ 2020 നവംബർ 4-ലെ സ.ഉ.(സാധാ.)നം. 568/2020 എന്ന ഉത്തരവിൽ എല്ലാത്തരം പ്രവൃത്തികളും ഏറ്റെടുക്കാൻ ഊരാളുങ്കൽ സൊസൈറ്റിക്ക് അനുമതി നല്കി.

ഇതിൽ തുറമുഖവും വിമാനത്താവളവും റെയിൽവേയും എല്ലാം പെടില്ലേ എന്ന സന്ദേഹത്തോടെയാണ് ഒരു പ്രമുഖപത്രം അത്തരം പ്രവൃത്തികളെല്ലാം ഈ സൊസൈറ്റിക്കു കൊടുക്കാൻപോകുന്നു എന്ന മട്ടിൽ വാർത്ത നല്കിയത്! അതൊന്നും സംസ്ഥാനസർക്കാരിന്റെ കൈവശം ഉള്ളതല്ലെന്നും ഇനി സംസ്ഥാനം ഒരു വിമാനത്താവളം നിർമ്മിക്കുകയാണെങ്കിൽത്തന്നെ അതിനു പ്രാപ്തരായവരെ രാജ്യാന്തരടെൻഡറിലൂടെ കണ്ടെത്തിമാത്രമേ ചുമതലപ്പെടുത്താനാവൂ എന്നും ഇന്നു കേരളത്തിലെ സ്വകാര്യകരാറുകാരൊന്നും ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവരല്ലെന്നും അതുകൊണ്ടുതന്നെ അവരെയൊന്നും ബാധിക്കുന്ന കാര്യമല്ല ഇതെന്നുമൊന്നും അപ്പോൾ ആലോചിച്ചില്ല!

കള്ളപ്പണം എന്നതായിരുന്നു മറ്റൊരു ആരോപണം. നോട്ടുനിരോധനത്തിന്റെ സന്ദർഭം ഉപയോഗിച്ച് കേരളത്തിലെ സഹകരണമേഖലയെ പാടേ തകർക്കാം എന്ന ഉന്നത്തോടെ ബി.ജെ.പി. നടത്തിയ വ്യാപകമായ പ്രചാരണം ആയിരുന്നു ഇത്. സഹകരണനിയമവും ധനവിനിമയത്തിനുള്ള നിയമങ്ങളും ഇൻകം ടാക്‌സ് നിയമങ്ങളും എല്ലാം നിലനില്‌ക്കെ ഒരു സഹകരണസംഘത്തിനും കള്ളപ്പണം സ്വീകരിക്കാൻ കഴിയില്ല എന്നത് പകൽപോലെ വ്യക്തമായിരുന്നിട്ടും അങ്ങനെ പ്രചാരണം നടത്തിയത് വ്യക്തമായ രാഷ്ട്രീയലക്ഷ്യത്തോടെ ആയിരുന്നു എന്ന് നമുക്ക് ഇന്ന് അറിയാം. അതിന്റെ ആവർത്തനമാണ് ഇപ്പോൾ ചിലർ ഊരാളുങ്കൽ സൊസൈറ്റിക്കെതിരെ ഉന്നയിച്ചത്.

ഈ ആരോപണം ചിലരിലെങ്കിലും ഉണ്ടാക്കിയ സംശയം ആ സൊസൈറ്റിക്ക് ഇന്നു കാണുന്ന വളർച്ച് ആസ്പദമായ ധനം എവിടെനിന്ന് എന്ന കാര്യത്തിൽ വ്യക്തത വന്നാൽ തീരുന്നതാണ്. ആദ്യകാലം മുതലേ സമയത്തു കരാർത്തുക കിട്ടാത്ത ദുരവസ്ഥ കാരണം ദിവസവും പ്രസിഡന്റും ഡയറക്ടർമാരും ഇറങ്ങിനടന്നു നാട്ടുകാരിൽനിന്നു ചെറുതും വലുതുമായ തുകകൾ 15 ശതമാനം പലിശയ്ക്കു നിക്ഷേപമായി പിരിച്ചെടുത്തൊക്കെയാണു കൂലിയടക്കമുള്ള ദൈനംദിന ചെലവുകൾ നടത്തിയിരുന്നത്. നാട്ടിലെ റിട്ടയേഡ് ഉദ്യോഗസ്ഥർ, അധ്യാപകർ, ചെറുബിസിനസുകാർ എന്നിങ്ങനെയുള്ളവരോടല്ലാതെ വൻകിടപ്പണക്കാരോടുപോലും നിക്ഷേപം വാങ്ങാറില്ല. ഓരോ ആളും കഠിനമായി പണിയെടുത്താണ് ഈ നിക്ഷേപങ്ങളും പലിശയും മടക്കിനല്കിയിരുന്നത്. വൻകിടക്കാരിൽനിന്നൊന്നും സൊസൈറ്റി നിക്ഷേപം സ്വീകരിക്കാറില്ല.

വലിയ തുകകൾ വേണ്ടപ്പോൾ മറ്റു സൊസൈറ്റികളിലും അവയുടെ കൺസോർഷ്യങ്ങളിലുംനിന്നു സമാഹരിച്ച് വായ്പയെടുക്കുകയും ചെയ്യും. നിലവിൽ ഇത്തരത്തിൽ 500 കോടി രൂപയുടെ വായ്പ സൊസൈറ്റിക്കുണ്ട്. സൊസൈറ്റി നടത്തുന്ന പ്രവൃത്തികൾക്ക് സർക്കാരിൽനിന്നടക്കം നിയമപ്രകാരം കിട്ടുന്ന പണമാണ് സൊസൈറ്റിയുടെ വരുമാനം. ഇതെല്ലാം സ്വീകരിക്കുന്നതും നിയമപരമായ രീതിയിൽ മാത്രമാണ്.

അംഗങ്ങളിൽ നിന്ന്​ സമാഹരിച്ച ഓഹരികളും തൊഴിലാളികളുടെ പ്രതിദിന വേതനത്തിന്റെ പത്തുശതമാനം വർഷംതോറും ഓഹരിയാക്കി പരിവർത്തിപ്പിക്കുന്നതും ചേർത്ത് ഇന്നത്തെ ഓഹരിവിലയിൽ ആകെ ഓഹരിമൂലധനം നൂറുകോടി രൂപയാണ്. ഓരോ നയാപൈസയ്ക്കും കണക്കുണ്ട്. വർഷാവർഷം സഹകരണ നിയമപ്രകാരമുള്ള ഓഡിറ്റുണ്ട്. ഇൻകം ടാക്‌സ് അടക്കമുള്ള എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്യുന്നുമുണ്ട്. അല്ലാതെ, ഇതിലൊന്നും കാൽക്കാശിന്റെ കള്ളപ്പണം ഇല്ല.

‘ഊരാളുങ്കലി'നെന്താ കൊമ്പുണ്ടോ?

ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്ക് 12,000-ൽപ്പരം തൊഴിലാളികളും ആർക്കിടെക്റ്റ്, സ്​ട്രക്​ചറൽ, മെക്കാനിക്കൽ, ഇലക്​ട്രിക്കൽ, സർവേ എന്നീ വിഭാഗങ്ങളിലായി 980 പേർ അടങ്ങുന്ന എൻജിനീയറിങ് ടീമും സ്വന്തമായി രണ്ടു വലിയ ക്രഷറുകളും ബാച്ചിങ് പ്ലാന്റുകളും ഡ്രം മിക്‌സ് പ്ലാന്റുകളും അടക്കം 150 കോടിയിൽപ്പരം രൂപയുടെ യന്ത്രോപകരണങ്ങളും സ്വന്തമായുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് അനുമതി തേടിയത്. കൃത്യസമയത്ത് ഉയർന്ന ഗുണനിലവാരത്തോടെ പണികൾ പൂർത്തിയാക്കുന്ന ഊരാളുങ്കൽ സൊസൈറ്റിയുടെ മാതൃകാശൈലിയും ചൂണ്ടിക്കാട്ടി. ഇതെല്ലാം പരിശോധിച്ചാണ് ഉത്തരവ്.

ഒരു പദ്ധതിയുടെ ആരംഭമായ ആർക്കിടെക്റ്റ് പ്ലാൻ, സ്​ട്രക്​ചറൽ ഡിസൈൻ, സർവെ എന്നിവ തയ്യാറാക്കാനുള്ള വിഭാഗങ്ങൾ, ഇലക്​ട്രിക്കൽ വിഭാഗം, മെക്കാനിക്കൽ വിഭാഗം, ഇന്റീരിയർ വിഭാഗം, ഫയർ ആൻഡ് സേഫ്റ്റി വിഭാഗം, ക്വാളിറ്റി കൺട്രോൾ, ഫസാഡ് ജോലികൾക്കുള്ള വിഭാഗം, സോഫ്​റ്റ്​വെയർ എന്നിങ്ങനെ ഏറ്റെടുക്കുന്ന എല്ലാത്തരം പ്രവൃത്തികളും നിർവ്വഹിക്കാൻ ആവശ്യമായ എല്ലാ വിഭാഗങ്ങളും വൈദഗ്ദ്ധ്യവും ഊരാളുങ്കൽ സൊസൈറ്റിക്കു സ്വന്തമായിത്തന്നെ ഉണ്ട്. മേല്പറഞ്ഞ എല്ലാ മേഖലകളിലുമുള്ള 998 എൻജിനീയർമാരും അവർക്കുകീഴിൽ മെക്കാനിക്കൽ, ഇലക്​ട്രിക്കൽ വിഭാഗങ്ങളിലായി 920 സാങ്കേതികവിദഗ്ദ്ധരും സൊസൈറ്റിയിൽ ജീവനക്കാരായിത്തന്നെ പ്രവർത്തിച്ചു വരുന്നുമുണ്ട്. അതുകൊണ്ടുതന്നെ ഒരു പ്രവൃത്തിയും ഉപകരാർ നല്‌കേണ്ട കാര്യം സൊസൈറ്റിക്കില്ല. അങ്ങനെയൊരു ചരിത്രവും അവർക്കില്ല. സൊസൈറ്റിയുടെ ഏറ്റവും വലിയ പ്രത്യേകതയായി ബന്ധപ്പെട്ടവരെല്ലാം വിലയിരുത്തുന്നതുതന്നെ ഉപകരാർ നല്കാറില്ല എന്നതാണ്. ഇത്തരം എല്ലാ മേഖലയിലും വൈദഗ്ദ്ധ്യവും മനുഷ്യവിഭവവും സ്വന്തമായുണ്ട് എന്നതുകൊണ്ടാണ് സൊസൈറ്റിയെ നിർമ്മാണരംഗത്തെയും ടോട്ടൽ സൊല്യൂഷൻ പ്രൊവൈഡറായി പല സർക്കാർവകുപ്പുകളും തീരുമാനിച്ചതുതന്നെ.

ഊരാളുങ്കൽ സംഘം തൊഴിലാളികൾ നേരിട്ടു നടത്തുന്നതാണ്. അതിന്റെ ലാഭവിഹിതവും അവർക്ക് അവകാശപ്പെട്ടതാണ്. നവോത്ഥാനത്തിന്റെയും അവകാശപ്പോരാട്ടത്തിന്റെയും ഭാഗമായി പിറവികൊണ്ട സംഘം 95 വർഷംകൊണ്ടു വളർത്തിയെടുത്ത തൊഴിൽ സംസ്‌ക്കാരം, അച്ചടക്കം, തൊഴിൽ-സാങ്കേതികവൈദഗ്ദ്ധ്യങ്ങൾ, സാങ്കേതികസന്നാഹങ്ങൾ, നടത്തിപ്പുസംവിധാനം ഒക്കെ മറ്റാർക്കും അവകാശപ്പെടാനാവാത്തതാണ്. ഏത് അടിയന്തരഘട്ടത്തിലും സർക്കാർ ആശ്രയിക്കുന്ന സ്ഥാപനം (https://timeosfindia.indiatimes.com/city/kozhikode/A-osciety-known-for-its-oscial-service-ULCCS-a-second-name-for-oscial-service/articleshow/15427901.cms) കൂടിയാണത്. എത്രവലിയ പ്രവൃത്തിയും ഏറ്റെടുക്കാൻ അനുമതി നല്കാൻ സർക്കാരിനു ചങ്കൂറ്റം ഉണ്ടാകുന്നതുതന്നെ ഊരാളുങ്കൽ സൊസൈറ്റിക്ക് അതു സാധിക്കും എന്നുള്ളതുകൊണ്ടാണല്ലോ.

പ്രവർത്തനമികവിന് ഐക്യരാഷ്ട്രസഭയുടെ വികസനപരിപാടി (UNDP) മാതൃകാസഹകരണസംഘമായി തെരഞ്ഞെടുത്ത സ്ഥാപനമാണത് - 2013-ൽ. ആഗോളമാതൃക എന്നനിലയിൽ ആ വിജയഗാഥ അവർ ഡോക്യുമെന്റ് ചെയ്തു. ലോകത്തെ പഠിപ്പിക്കാൻ എന്നാണ് യു.എൻ.ഡി.പി. അതേപ്പറ്റി പറഞ്ഞത്. അത് അവർ ലോകമെമ്പാടും പ്രദർശിപ്പിക്കുന്നു. ഈ സൊസൈറ്റിയെപ്പറ്റി സമഗ്രമായി പഠിക്കാൻ ഹാർവാർഡ് സർവ്വകലാശാലയിൽനിന്ന് മൂന്നംഗവിദഗ്ദ്ധസംഘത്തെ അയയ്ക്കാനും തീരുമാനിച്ചു.

സഹകരണരംഗത്തെ രാജ്യാന്തരസംഘടനയായ ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസ് (ICA) 2019-ൽ ഊരാളുങ്കൽ സംഘത്തിന് അംഗത്വം നല്കി ആദരിച്ചു. ഇന്ത്യയിൽനിന്ന് ഇതിൽ അംഗത്വം ലഭിക്കുന്ന ഏക പ്രാഥമികസഹകരണസംഘമാണിത്. ദേശീയതലത്തിലുള്ള സ്ഥാപനങ്ങൾക്കാണ് അതിൽ അംഗത്വം നല്കുക. ഇന്റർനാഷണൽ കോപ്പറേറ്റീവ് അലയൻസ് അവരുടെ യോഗത്തിൽ പങ്കെടുക്കാൻ സൊസൈറ്റിയെ2018-ൽ ക്ഷണിക്കുകയും ചെയ്തിരുന്നു.

രാജ്യത്തെ സഹകരണ നവരത്‌നങ്ങളിൽ ഒന്ന് എന്ന പദവിയും സൊസൈറ്റിക്കുണ്ട്. നാഷണൽ കോപ്പറേറ്റീവ് യൂണിയൻ ഓഫ് ഇൻഡ്യ രാജ്യത്തെ എട്ടുലക്ഷം കോപ്പറേറ്റീവുകളിൽനിന്നാണു നവരത്‌നങ്ങളെ തെരഞ്ഞെടുത്തത്. ഇങ്ങനെ എത്രയോ ദേശീയ, രാജ്യാന്തര ബഹുമതികളാണ് ഈ സ്ഥാപനത്തെ തേടി വന്നിട്ടുള്ളത്! പല സുപ്രധാന രാജ്യാന്തരവേദികളിലും അനുഭവങ്ങൾ പങ്കുവയ്ക്കാനും പ്രബന്ധങ്ങൾ അവതരിപ്പിക്കാനും രാജ്യത്തുനിന്നു ക്ഷണിക്കപ്പെടുന്ന പ്രധാനസ്ഥാപനംകൂടിയാണ് ഇന്ന് യു.എൽ.സി.സി.എസ്.
അത്തരത്തിലെല്ലാമുള്ള, നാടിനാകെ അഭിമാനമായ, അറുപതിനായിരത്തിൽപ്പരം പേരുടെ ജീവിതത്തിന്റെ അത്താണിയായ, പരോക്ഷമായും പതിനായിരങ്ങൾക്കു തൊഴിൽ നല്കുന്ന, ആർക്കും ഒരു തെറ്റും അഴിമതിയും നിർമ്മാണത്തിലെ വീഴ്ചയും ഇതുവരെ ആരോപിക്കാൻ കഴിഞ്ഞിട്ടില്ലാത്ത, ആ സ്ഥാപനത്തെ പ്രോത്സാഹിപ്പിക്കേതിനു പകരം വെറും താത്ക്കാലികരാഷ്ട്രീയലാഭത്തിന് അതിന്റെ ആഗോളപ്രതിച്ഛായ തല്ലിക്കെടുത്തുന്നത് എത്രമാത്രം വേദനാജനകമാണ്.

Comments