ലോകത്തിലെ മൂന്നാമത്തെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമായി ഇന്ത്യ

ഇന്ത്യയിൽ അസാധാരണമായ വളർച്ചയാണ് സ്റ്റാർട്ടപ്പുകൾക്കുണ്ടായിട്ടുള്ളത്. ആഗോളതലത്തിൽ തന്നെ മൂന്നാമത്തെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമാണ് ഇന്ത്യ. ഇന്ന് ദേശീയ സ്റ്റാർട്ടപ്പ് ദിനം.

Think

ദേശീയ സ്റ്റാർട്ടപ്പ് ദിനമാണിന്ന്. 2022-ലാണ് ദേശീയ ദിനാചരണം തുടങ്ങിയത്. ഈ ദിനാചരണത്തിന് രണ്ടു വർഷത്തെ പഴക്കമേയുള്ളൂ എങ്കിലും ഇന്ത്യയുടെ അതിവേഗം വളർന്നുവരുന്ന സാങ്കേതികവിദ്യയെയും അതിനെ അടിസ്ഥാനമാക്കിയുള്ള ഒരു ബിസിനസ് മേഖലയെയും ഈ ദിനം കൃത്യമായി അടയാളപ്പെടുത്തുന്നു.

ഇന്ത്യയിൽ അസാധാരണമായ വളർച്ചയാണ് സ്റ്റാർട്ടപ്പുകൾക്കുണ്ടായിട്ടുള്ളത്. ആഗോളതലത്തിൽ തന്നെ മൂന്നാമത്തെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമാണ് ഇന്ത്യ. ഡിപ്പാർട്ടുമെന്റ് ഫോർ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആന്റ് ഇന്റേണൽ ട്രേഡിന്റെ (DPIIT) അംഗീകാരമുള്ള 1,12,718 സ്റ്റാർട്ടപ്പുകളാണ് ഇന്ന് ഇന്ത്യയിലെ 7563 ജില്ലകളിലായി വ്യാപിച്ചു കിടക്കുന്നത്. 2023 ഒക്‌ടോബർ വരെയുള്ള കണക്കാണിത്. തുടക്കത്തിലുണ്ടായിരുന്ന 400 സ്റ്റാർട്ടപ്പുകളിൽനിന്നാണ് ഈ വളർച്ച. 2016ൽ വെറും 340 എന്ന മൂന്നക്ക സംഖ്യയിൽനിന്ന് 2018-ൽ 50,000 സ്റ്റാർട്ടപ്പുകളിലേക്കുയർന്നു. 2019-ൽ മാത്രം 1300 പുതിയ സ്റ്റാർട്ടപ്പുകളുണ്ടായി. 2022-ൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ 34.83 ലക്ഷം കോടി രൂപയുടെ ഫണ്ടിംഗാണുണ്ടാക്കിയത്. തൊട്ടു മുമ്പത്തെ വർഷത്തേക്കാൾ 13 ലക്ഷം കോടിയുടെ വർധന.

സ്ത്രീകളുടെ സംരംഭങ്ങളിലും വൻ കുതിപ്പാണ്. 2017-ൽ രാജ്യത്ത് സ്ത്രീകളുശടെ മുൻകൈയിൽ 600 സ്്റ്റാർട്ടപ്പുകളാണുണ്ടായിരുന്നത് എങ്കിൽ 2023-ൽ 14,400 ആയതായി വിമൻ ഇൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ റിപ്പോർട്ട് പറയുന്നു. കേരളത്തിലെ സ്ത്രീ സ്റ്റാർട്ടപ്പുകളുടെ എണ്ണം 350- ഓളമാണ്.

2016-ൽ ഇന്ത്യയിൽ സ്റ്റാർട്ട് അപ് മിഷൻ ആരംഭിച്ച് എട്ടുവർഷം പൂർത്തിയാക്കുന്ന ജനുവരി 16 ന് innovation week 2024 എന്ന ടൈറ്റിലിൽ വിവിധ പരിപാടികൾക്ക് കൂടിയാണ് തുടക്കമിടുന്നത്.

ദേശീയ- സംസ്ഥാന സർക്കാരുകൾ നൽകുന്ന പിന്തുണയും സ്റ്റാർട്ട് അപ്പുകളുടെ പുരോഗതിയ്ക്ക് പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. സ്റ്റാർട്ട് അപ് ഇന്ത്യയുടെ കീഴിലുള്ള Seed Fund Scheme, Fund of Funds Scheme, Credit Guarantee Scheme for Startups, MAARG mentorship platform, National Startup Awards, State Ranking Framework തുടങ്ങിയവയൊക്കെ സംരംഭകത്വ മേഖലയിൽ പ്രോത്സാഹം നൽകുന്നതായിരുന്നു. വടക്കു കിഴക്കൻ മേഖലകളിൽ സ്റ്റാർട്ട് അപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന ASCEND (Accelerating Startup Calibre & Entrepreneurial Drive), വനിതാ സംരഭകരെ ലക്ഷ്യം വെച്ചുള്ള പദ്ധതികൾ എന്നിവയെല്ലാം രാജ്യത്തെ സ്റ്റാർട്ട് അപ് മേഖലയുടെ വൈവിധ്യത്തെ കാണിക്കുന്നു.

2023 ലെ സ്റ്റാർട്ട് അപ് ഇന്ത്യയുടെ സ്റ്റേറ്റ് റാങ്കിങ്ങ് പ്രകാരം ഏറ്റവും കൂടുതൽ സ്റ്റാർട്ട് അപ്പുകൾ റിപ്പോർട്ട് ചെയ്തിരുന്നത് മഹാരാഷ്ട്രയിലാണ് (21,372). പിന്നീട് യഥാക്രമം കർണാടക (12,916), ദൽഹി (12,749), ഉത്തർ പ്രദേശ് (11,307), ഗുജറാത്ത് (9,187), തമിഴ്‌നാട് (7,557), ഹരിയാന(6,220), തെലങ്കാന (6,148), കേരളം (5,031), രാജസ്ഥാൻ (4,113) തുടങ്ങിയ സംസ്ഥാനങ്ങളാണുള്ളത്. സ്റ്റേറ്റ് റാങ്കിങ്ങിൽ ആദ്യ പത്തിൽ കേരളവും ഉൾപ്പെട്ടിരുന്നു.

ദേശീയ സ്റ്റാർട്ടപ്പുകളുടെ കണക്കിൽ കേരളത്തിന്റെ ഓഹരി 10 ശതമാനത്തിൽ താഴെയാണെങ്കിലും സംസ്ഥാനം അതിവേഗം കുതിക്കുകയാണ്. സംസ്ഥാനത്ത് കഴിഞ്ഞ വർഷം മാത്രം 1283 സ്റ്റാർട്ടപ്പ് സംരംഭങ്ങളാണ് രജിസ്റ്റർ ചെയ്തത്. മാത്രമല്ല, വൈവിധ്യത്തിന്റെ കാര്യത്തിലും കേരളം മുന്നിലാണ്.

സംസ്ഥാനത്ത് നിലവിൽ പ്രവർത്തിക്കുന്ന 4,995 സംരംഭങ്ങൾക്ക് പിന്തുണ നൽകാൻ കേരള സ്റ്റാർട്ട് അപ് മിഷനിലൂടെ സംസ്ഥാന സർക്കാരും ശ്രമിക്കുന്നുണ്ട്. ഈ ലക്ഷ്യം വെച്ചുകൊണ്ട് സംസ്ഥാന സർക്കാരിന്റെ കീഴിൽ സംരംഭകർക്കായി ഇന്നോവേഷൻ ഗ്രാൻഡും ആവിഷ്‌കരിച്ചിട്ടുണ്ട്. ഇത് പ്രകാരം ഒരു പ്രോട്ടോ ടൈപ്പോ പ്രോഡക്ടോ വികസിപ്പിച്ച് സ്റ്റാർട്ട് അപ് തുടങ്ങുന്നതിന് മൂന്ന് ലക്ഷം വരെ ഐഡിയ ഗ്രാന്റും, ഏഴ് ലക്ഷം രൂപ വരെ പ്രോഡക്ട് ടൈസേഷൻ ഗ്രാന്റും 15 ലക്ഷം വരെ സ്‌കെയിൽ അപ് ഗ്രാന്റും സര്‍ക്കാരിന്റെ കീഴില്‍ സംരഭകര്‍ക്ക് നല്‍കുന്നുണ്ട്

കേരളത്തിൽ എറണാകുളം ജില്ലയിലാണ് (1946) കൂടുതൽ സ്റ്റാർട്ട് അപ്പുകൾ രജിസ്റ്റർ ചെയതിട്ടുള്ളത്.
മറ്റു ജില്ലകൾ: കോഴിക്കോട് (537), തിരുവനന്തപുരം (501), തൃശൂർ (423), മലപ്പുറം (274), പാലക്കാട് (230), കൊല്ലം (228), കോട്ടയം(213), കണ്ണൂർ (210), ആലപ്പുഴ (148), പത്തനംതിട്ട (98), ഇടുക്കി (75), വയനാട് (13), കാസർകോട് (63) എന്നിവയാണ്.

രാജ്യത്തെ ജനങ്ങളിലുടനീളം സംരംഭകത്വ സ്വപ്‌നങ്ങളും അതിനനുയോജ്യമായ സമീപനങ്ങളും വളർത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിലും എല്ലാ വിഭാഗത്തിലും പെട്ട സംരംഭകരുടെ പങ്കാളിത്തമുള്ള ഒരു ഇൻക്ലൂസീവ് ഇക്കോണമി വികസിപ്പിക്കുന്നതിലും സ്റ്റാർട്ടപ്പ് മേഖലയുടെ വളർച്ച നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്.


ട്രൂകോപ്പി പ്രസിദ്ധീകരിച്ച ലേഖനങ്ങളും വീഡിയോകളും ഇവിടെ കാണാം.

Comments