Photo : Sandhya C Radhakrishnan, fb

സ്​കൂളുകളിൽനിന്നുതന്നെ സൃഷ്​ടിക്കാം,
ഭാവിയിലെ സംരംഭകരെ

വിദ്യാഭ്യാസം കഴിഞ്ഞ് പുറത്തിറങ്ങുന്ന 50,000 ൽ ഒരാൾ പോലും ഇപ്പോഴും സംരംഭകരായി മാറുന്നില്ല എന്നതാണ് ആധുനിക വിദ്യാഭ്യാസ കണക്കുകൾ വ്യക്തമാക്കുന്നത്. ഈ സ്ഥിതി മാറണം. സംരംഭകത്വത്തിനായിരിക്കണം പ്രഥമ പരിഗണന. തൊഴിൽ രണ്ടാമത്തെ പരിഗണന എന്ന രീതിയിൽ അഭ്യസ്തവിദ്യരുടെ മനോഭാവത്തിൽ മാറ്റം വരണം.

സംരംഭകത്വ വികസനം മാത്രമാണ് തൊഴിലില്ലായ്മയും അതുണ്ടാക്കുന്ന ദാരിദ്ര്യവും അവികസിതാവസ്​ഥയും പരിഹരിക്കാനുള്ള ഏകമാർഗം എന്ന് തിരിച്ചറിഞ്ഞ് കൂടുതൽ ആളുകളെ വിവിധ മേഖലകളിൽ സംരംഭകരാക്കി മാറ്റാനുള്ള ശ്രമം ത്വരിതഗതിയിൽ നടത്തുന്ന സംസ്ഥാനമാണ് കേരളം. ഇന്ത്യയിലെ സംരംഭകത്വ വികസന പരിപാടികളിൽ ഇന്ന് മുഖ്യസ്ഥാനത്താണ് കേരളം എന്ന കാര്യം ആഹ്ലാദകരമാണ്.

ലോകം വളരെ വേഗം മാറുമ്പോൾ, തൊഴിലവസരം സൃഷ്ടിക്കാൻ സർക്കാർ- അർധസർക്കാർ സ്ഥാപനങ്ങൾക്ക് കഴിയാതെ വരുമ്പോൾ, സാങ്കേതികത തൊഴിൽ മേഖലയിൽ വെല്ലുവിളി സൃഷ്ടിക്കുമ്പോൾ, അതിനെ മറികടന്ന് സാമ്പത്തിക വികസനം സാധ്യമാക്കാൻ സംരംഭകത്വ വികസന പരിപാടികളിലൂടെ കൂടുതൽ സംരംഭകരെ സൃഷ്ടിച്ചെടുക്കുക എന്ന മാർഗം തന്നെയാണ് ഏറ്റവും ഫലപ്രദം. ‘സംരംഭകത്വം തന്നെയാണ് തൊഴിൽശക്തി, അതുതന്നെയാണ് തൊഴിലവസരങ്ങൾ' എന്ന പുതിയ തലത്തിലേക്ക് നഗരങ്ങളും ഗ്രാമങ്ങളും മാറേണ്ടതുണ്ട്. യുവാക്കളിൽ ഈയൊരു ചിന്തയ്ക്ക് പ്രാധാന്യമുണ്ടാക്കിയാൽ മാത്രമേ നമുക്ക് ഭാവി തലമുറയെ അഭിമുഖീകരിക്കാനും സാമ്പത്തികപ്രശ്‌നങ്ങൾ പരിഹരിക്കാനും കഴിയൂ.

സംരംഭകത്വം ഒരു മാനസികാവസ്​ഥ മാത്രമാകരുത്​

തൊഴിൽ സൃഷ്ടിക്കുക, തൊഴിലില്ലായ്മ പരിഹരിക്കാൻ ഉദ്യോഗസ്ഥരെ വേണ്ടാത്തിടത്ത് നിലനിർത്തുക, തൊഴിൽ നൽകാനായി മാത്രം പൊതുമേഖലകളിലും സർവീസ് മേഖലകളിലും വീണ്ടും വീണ്ടും തസ്തികകൾ കൊണ്ടുവരിക എന്നത് നമ്മുടെ സംസ്ഥാനത്തിന്റെ സാമ്പത്തിക കടം വർധിപ്പിക്കുകയേയുള്ളൂ. പഠിക്കുമ്പോഴും പഠിച്ച് പുറത്തിറങ്ങുമ്പോഴും ഇനി സ്വന്തമായി എന്തെങ്കിലും ചെയ്ത്​വരുമാനമുണ്ടാക്കേണ്ടിവരും എന്ന ചിന്തയും ആത്മധൈര്യവും നമ്മുടെ കുട്ടികളിൽ രൂപപ്പെട്ടുവരണം. ഇതിനുള്ള കൂട്ടായ ശ്രമമാണ് വേണ്ടത്. ഒറ്റപ്പെട്ട ഉദ്യമങ്ങൾ വിജയിക്കാൻ എളുപ്പമല്ല. അതുണ്ടാക്കുന്ന ഫലം വളരെ കുറവായിരിക്കും; ഒപ്പം കുറെ സമയവും എടുക്കും. അതുകൊണ്ട് ക്രിയാത്മകമായ സംരംഭകത്വ വികസന പരിപാടികളുടെ ഏകോപന സമീപനമായിരിക്കണം നടപ്പിൽവരുത്തേണ്ടത്.

സംരംഭകത്വ വികസന ഏജൻസികളുടെ ഏകോപനം: വിവിധ ഘട്ടങ്ങളിൽ ഇപ്പോഴുള്ള പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു പ്രവർത്തിക്കുന്ന, ഒന്ന് മറ്റൊന്നിന്റെ തുടർച്ചയായ രീതിയിൽ, സംരംഭകത്വ വികസനവും തൊഴിലില്ലായ്മാ നിർമാർജനവും സാമ്പത്തികവികസനവും ഒറ്റയടിക്ക് നടപ്പിലാക്കാൻ കഴിയുന്നതരത്തിൽ, എല്ലാ സംരംഭകത്വ വികസന ഏജൻസികളെയും ഏകോപിപ്പിക്കാൻ കഴിയണം.

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ് ഡെവലപ്പ്മെന്റ് (കീഡ്) സംഘടിപ്പിച്ച 'യുവ ബൂട്ട്' ക്യാമ്പ്. വിവിധ ജില്ലകളിൽ നിന്ന് സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളായ സംരംഭകരാണ് ക്യാമ്പിൽ പങ്കെടുത്തത്. / Photo : P Rajeev

ഇപ്പോൾ തന്നെ സംരംഭക വികസന പരിപാടികളിൽ കേരളം വളരെ പണവും ഊർജവും ചെലവഴിക്കുന്നുണ്ട്. അതിന്​ ഫലം ഇല്ലെന്നല്ല. എന്നാൽ കൂടുതൽ വേഗത്തിലും ശാസ്ത്രീയവുമായി ഇത്തരം സംരംഭകത്വ വികസന പരിപാടികളെയെല്ലാം കൂട്ടിച്ചേർത്ത് ലക്ഷ്യത്തിലെത്തിക്കാനുള്ള പരിശ്രമമാണ് വേണ്ടത്. സംരംഭത്വവികസനത്തിന് ഇന്ന് സംസ്ഥാനത്ത് ധാരാളം കർമപദ്ധതികളുണ്ട്. അത് നടപ്പിലാക്കുന്ന ഏജൻസികളുമുണ്ട്. ഓരോരുത്തരും അവർക്ക് തോന്നുന്ന രീതിയിൽ വ്യത്യസ്ത രീതിയിൽ പ്രവർത്തനങ്ങളും പദ്ധതികളും നടപ്പാക്കുമ്പോൾ സംരംഭക വികസന പ്രവർത്തനങ്ങൾ എങ്ങുമെത്താതെ പോകുന്നു. സംരംഭകത്വം എന്ന മാനസികാവസ്ഥ സൃഷ്ടിച്ചതുകൊണ്ട് മാത്രമായില്ല സംരംഭങ്ങൾ നടപ്പിൽ വരികയും വിജയകരമായി മുന്നോട്ടു പോവുകയും വേണം.

സ്‌കൂൾ, കോളേജ് കുട്ടികൾക്ക് കൃത്യമായ ധാരണ ഉണ്ടാക്കി പഠനത്തോടൊപ്പം സംരംഭകത്വ പരിശീലനം നൽകി അതിനുശേഷം പേര് രജിസ്റ്റർ ചെയ്യുന്ന സംവിധാനം നിലവിലില്ല.

സ്​കൂളിൽനിന്നുതന്നെ വരുമാന മാർഗം

ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, സ്റ്റാർട്ടപ്പ് മിഷൻ, കെ. ഡിസ്‌ക്, ബിസിനസ് ഇൻകുബേഷൻ കേന്ദ്രങ്ങൾ, നൈപുണി കേന്ദ്രങ്ങൾ, പഞ്ചായത്ത് തല സംരംഭക വികസന കേന്ദ്രങ്ങൾ, പഞ്ചായത്ത് വികസന പരിപാടികൾ എന്നിവയിലൂടെ വിവിധ പരിപാടികൾ നടക്കുന്നുണ്ട്. എന്നാൽ ഇവ തമ്മിലുള്ള ഏകോപനമില്ലായ്​മ സംരംഭകത്വ വികസനത്തെയും അതിന്റെ കാര്യക്ഷമമായ പ്രവർത്തനത്തെയും ബാധിക്കുന്നു. സംരംഭകത്വ വികസനം ഊർജിതപ്പെടുത്താൻ ജില്ലാ വ്യവസായ കേന്ദ്രങ്ങൾ പരിമിതിക്കുള്ളിൽ നിന്ന്​ നിരവധി കാര്യങ്ങൾ​ ചെയ്യുന്നുണ്ട്​. നഗര- ഗ്രാമ വ്യത്യാസമില്ലാതെ അവർ നടത്തുന്ന പരിശീലന പരിപാടികളിൽ അഭ്യസ്തവിദ്യരും നിരക്ഷരരുമൊക്കെ പങ്കെടുക്കുന്നുണ്ട്. സംരംഭകത്വ വികസനം ലക്ഷ്യമാക്കിതന്നെയാണ് അവ നടത്താറ്​. എന്നാൽ പരിശീലനശേഷം അതിൽ പങ്കെടുത്തവർക്ക്​ തുടർസേവനങ്ങളും സഹായങ്ങളും നൽകുന്നതിലും ഫോളോഅപ്​ നടപടികളിലും മെന്ററെപോലെ പ്രവർത്തിക്കുന്ന സംവിധാനം അടക്കമുള്ളവ ഇല്ല. ഫണ്ട് ലഭിക്കുന്നതിനനുസരിച്ച് പരിപാടികൾ സംഘടിപ്പിക്കുന്നു എന്നുമാത്രം. ഈ രീതി മാറി കൃത്യമായ ലക്ഷ്യത്തോടെ, ഫലത്തിലൂന്നിയുള്ള പരിശീലനങ്ങൾ നടപ്പിലാക്കണം . അതിന് സംരംഭകത്വം ആഗ്രഹിക്കുന്നവരുടെയും അതിന് തയ്യാറെടുക്കുന്നവരുടെയും ഡേറ്റാ ബാങ്ക്​അവരുടെ കയ്യിലുണ്ടാകണം. സ്‌കൂൾ- കോളേജ് തലത്തിൽതന്നെ, എംപ്ലോയ്‌മെൻറ്​ എക്‌സ്‌ചേഞ്ച് മോഡലിൽ അത്തരം രജിസ്ട്രി ഉണ്ടാക്കണം. താലൂക്ക്- ജില്ലാ അടിസ്ഥാനത്തിൽ അതിന്റെ രജിസ്‌ട്രേഷൻ നടക്കണം. സ്‌കൂൾ, കോളേജ് കുട്ടികൾക്ക് കൃത്യമായ ധാരണ ഉണ്ടാക്കി പഠനത്തോടൊപ്പം സംരംഭകത്വ പരിശീലനം നൽകി അതിനുശേഷം പേര് രജിസ്റ്റർ ചെയ്യുന്ന സംവിധാനം നിലവിലില്ല. താലൂക്ക്- ജില്ലാ അടിസ്ഥാനത്തിൽ മേഖല തിരിച്ച് ഡാറ്റാ ബാങ്കുണ്ടാക്കി അതിനനുസരിച്ചുള്ള സംരംഭകമേഖലകൾ മനസ്സിലാക്കി, ഡേറ്റാ ബാങ്കിലുള്ളവർക്ക്​ തീവ്രപരിശീലനവും സംരംഭങ്ങൾ തുടങ്ങാനുമുള്ള സഹായവും നൽകാനുള്ള കർമപരിപാടികളാണ് ജില്ലാ വ്യവസായകേന്ദ്രങ്ങൾ വഴി ചെയ്യേണ്ടത്.

സാമ്പത്തിക വികസനം സാധ്യമാക്കാൻ സംരംഭകത്വ വികസന പരിപാടികളിലൂടെ കൂടുതൽ സംരംഭകരെ സൃഷ്ടിച്ചെടുക്കുക എന്ന മാർഗം തന്നെയാണ് ഏറ്റവും ഫലപ്രദം / Photo : P Rajeev, FB page

തുടക്കം സ്‌കൂൾ- കോളേജ് സംരംഭക പ്രവർത്തനങ്ങളിൽ നിന്ന്: സ്‌കൂൾ തലത്തിൽ തന്നെ സംരംഭകത്വ പരിശീലനം ആരംഭിക്കണം. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൽ ആറാംക്ലാസ് മുതൽ തൊഴിൽപഠനം എന്ന നിർദേശമുണ്ട്​. ദേശീയ നൈപുണ്യ യോഗ്യതാ ചട്ടക്കൂടിൽ, ഒമ്പതാം ക്ലാസിൽ സംരംഭകത്വ വിദ്യാഭ്യാസം തുടങ്ങണമെന്ന് അനുശാസിക്കുന്നുണ്ട്. ഇത് പ്രാവർത്തികമായിട്ടില്ല. കേരളത്തിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളിലേ ഒരു വിഷയമായി ഇവ പഠിപ്പിക്കുന്നുള്ളൂ. ഇത് വ്യാപകമാക്കണം. ഒരു വിഷയം എന്നതിലുപരി പ്രായോഗികതലത്തിൽ സംരംഭക മനോഭാവം ചെറിയ പ്രായത്തിൽ രൂപപ്പെടേണ്ടതുണ്ട്. ഇതിലൂടെയാണ് വിദ്യാഭ്യാസത്തിന്റെ ആത്യന്തികലക്ഷ്യം നേടേണ്ടത്. അത് കേവലം ഒരു ജോലി കിട്ടിയതുകൊണ്ടുമാത്രമായില്ല. ജോലി, പരിശീലനം, സ്വയംതൊഴിൽ, സംരംഭകത്വം എന്നതരത്തിൽ രൂപപ്പെട്ട് വരണം. അതിനുതകുന്ന പാഠ്യപദ്ധതികൾ, പരിശീലനസൗകര്യങ്ങൾ എന്നിവ വിദ്യാഭ്യാസത്തിലുണ്ടാവണം. സ്‌കൂളുകൾ, കോളേജുകൾ എന്നിവ ഉത്പാദന- വിപണന- നൈപുണി കേന്ദ്രങ്ങളായി മാറണം. സ്‌കൂളുകളിൽ നിന്നുതന്നെ വരുമാനമാർഗം അല്ലെങ്കിൽ സ്വാശ്രയശീലം ഉണ്ടാവണം.

ഇന്ന് ഒരുലക്ഷം പേരെ ഉയർത്താനുള്ള സംസ്ഥാന സംരംഭക വികസന പരിപാടികൾ പഞ്ചായത്ത് കേന്ദ്രീകരിച്ച്​ ആവിഷ്‌കരിച്ചിട്ടുണ്ട്. ബോധവൽക്കരണവും പരിശീലനങ്ങളും കൊണ്ടുമാത്രം കാര്യമില്ല. ഒരു സംരംഭം തുടങ്ങി വിജയിപ്പിക്കാനുള്ള പിന്തുണാ സംവിധാനമാണ് വേണ്ടത്.

പത്താം ക്ലാസിനുമുകളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രമേ ഇ.ഡി. ക്ലബുകൾ ഉള്ളൂ. അതും ഒരു ക്ലബ്ബ് എന്ന രീതിയിൽ മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. ജില്ലാ വ്യവസായകേന്ദ്രങ്ങൾ അനുവദിക്കുന്ന ഗ്രാൻഡ് ഉപയോഗിച്ചാണ് ഇവിടെ പ്രവർത്തനം നടക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകുന്ന റിപ്പോർട്ട് അനുസരിച്ച് പരിശീലനങ്ങളോ ക്ലാസുകളോ സംഘടിപ്പിക്കുന്ന ക്ലബ്ബു മാത്രമായി മാറുകയാണ് ഇ.ഡി. ക്ലബ്ബുകൾ. സംസ്ഥാനതലത്തിൽ അതിന് ഒരു കോ ഓർഡിനേറ്ററുണ്ട്. അതിനുകീഴിൽ പ്രത്യേക വാർഷിക പരിപാടികളും പ്രവർത്തനങ്ങളും നടത്തി, അവ വിലയിരുത്തി, സംരംഭകത്വ വിദ്യാഭ്യാസവും പരിശീലനവും ശാസ്ത്രീയപ്രക്രിയയായി മാറേണ്ടതുണ്ട്. സ്‌കൂൾ- കോളേജ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജില്ലാ കോ ഓർഡിനേറ്ററും സംസ്ഥാന കോ ഓർഡിനേറ്ററും ഉണ്ടാവണം. വിദ്യാഭ്യാസം കഴിഞ്ഞ് പുറത്തിറങ്ങുന്ന 50,000-ൽ ഒരാൾ പോലും ഇപ്പോഴും സംരംഭകരായി മാറുന്നില്ല എന്നതാണ് ആധുനിക വിദ്യാഭ്യാസ കണക്കുകൾ വ്യക്തമാക്കുന്നത്. ഈ സ്ഥിതി മാറണം. സംരംഭകത്വത്തിനായിരിക്കണം പ്രഥമ പരിഗണന. തൊഴിൽ രണ്ടാമത്തെ പരിഗണന എന്ന രീതിയിൽ അഭ്യസ്തവിദ്യരുടെ മനോഭാവത്തിൽ മാറ്റം വരണം.

ബോധവൽക്കരണവും പരിശീലനങ്ങളും കൊണ്ടുമാത്രം കാര്യമില്ല. ഒരു സംരംഭം തുടങ്ങി വിജയിപ്പിക്കാനുള്ള പിന്തുണാ സംവിധാനമാണ് വേണ്ടത് / Photo : keralaindustry.org

സീറോ- മേക്കർ - ഇന്നോവേറ്റർ - സംരംഭകർ: സീറോ- മേക്കർ- ഇന്നവേറ്റർ - സംരംഭകർ എന്ന രീതിയിലായിരിക്കണം സംരംഭക പ്രവർത്തനങ്ങൾ ആവിഷ്‌കരിച്ച്​ നടപ്പിലാക്കേണ്ടത്. സീറോയിൽ നിന്ന് മേക്കറിലേക്ക് മാറുകയാണ് സ്‌കൂൾ സംരംഭക പരിപാടിയിലൂടെ നടക്കേണ്ടത്. നാളത്തെ സംരംഭകരെ സൃഷ്ടിച്ചെടുക്കുകയാണ് ഇവിടെ മുഖ്യമായും ചെയ്യേണ്ടത്. ഇന്ത്യയിലും മറ്റു ലോക രാജ്യങ്ങളിലും ഗ്രാമീണതലത്തിൽ സംരംഭക വികസന വിദ്യാഭ്യാസം നൽകുന്നതിൽ മുഖ്യപങ്കുവഹിച്ച ടാറ്റ സംരംഭക അവാർഡ് നേടിയ ക്വാലാലമ്പൂർ യൂനിവേഴ്‌സിറ്റി പ്രൊഫസറായ രാഗേഷ് നായരുടെ അഭിപ്രായത്തിൽ മൂന്ന് ഘടകങ്ങളാണ് സീറോയിൽ നിന്ന് മേക്കറിലേക്ക് എത്താൻ ചെയ്യേണ്ടത്.

1. സ്റ്റെം ലാബുകൾ: ഗ്രാമങ്ങളിൽ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചേർന്ന് കുട്ടികളിൽ നിർമാണവും കണ്ടുപിടിത്തവും പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾ. ചെറിയ ഉപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, യന്ത്രസാമഗ്രികൾ തുടങ്ങിയവ നിർമിക്കാനുള്ള പരിശീലനം വിദ്യാലയങ്ങളിൽ സംരംഭകത്വ ക്ലബ്ബുകളിലൂടെ നൽകണം. അങ്ങനെ, സ്വന്തമായി എന്തെങ്കിലും ഉണ്ടാക്കുവാനും പ്രവർത്തിപ്പിക്കുവാനും കഴിയുമെന്ന ആത്മവിശ്വാസവും താത്‌പര്യവും വളർത്തുക. ഇവയൊക്കെയാണ് സ്റ്റെം ലാബുകളിലൂടെ ചെയ്യേണ്ടത്.
2. മിനി - ലാബുകൾ: മേക്കർ ഘട്ടത്തിൽ നിന്ന് സ്വീകാര്യവും സാധ്യതയുള്ള കുട്ടികളെയും അവരുടെ പുതുമയാർന്ന ആശയങ്ങളെയും അനുയോജ്യമായ രീതിയിൽ വളർത്തിയെടുത്ത് സംരംഭകത്വ ബാലപാഠം നൽകുന്ന ലാബുകൾ, ആശയ വിപുലീകരണത്തിനുതകുന്ന സെന്ററുകൾ എന്നിവ കലാലയങ്ങളിലോ താലൂക്ക് അടിസ്ഥാനത്തിലോ സജ്ജമാക്കണം. മെന്റർമാരുടെ സേവനം ഇവിടെ ലഭ്യമാക്കണം.
3. മേക്കർ ലാബുകൾ: വിദ്യാർഥികൾക്ക് ആശയങ്ങൾ മെച്ചപ്പെടുത്താനുള്ള പദ്ധതി ആവിഷ്‌കരിക്കുന്ന ലാബുകളാവണം ഇത്. നൂതന ആശയങ്ങൾ തനിച്ചോ കൂട്ടായോ രൂപപ്പെടുത്തുകയും അതിനുള്ള പ്രായോഗിക പരിശീലന സൗകര്യം ഉണ്ടാക്കുകയും വേണം. ഓരോരുത്തരുടെയും നൈപുണികൾ മെച്ചപ്പെടുത്തി വിദ്യാഭ്യാസത്തോടൊപ്പമോ അല്ലെങ്കിൽ നേരിട്ടോ സംരംഭകരായി മാറാനുള്ള സാധ്യത തെളിയുമ്പോഴാണ്, വിദ്യാഭ്യാസം ജോലി ലഭിക്കാൻ മാത്രമല്ല, സ്വന്തം കഴിവുപയോഗിച്ച് മുന്നേറാനുള്ള മാർഗമായി അവരുടെ മുന്നിൽ തെളിയുന്നത്. അതിനുശേഷം കോളേജ് തലത്തിൽ ഇതിന്റെ വികസനഘട്ടം. ശേഷം ഫൈനൽ ഡേറ്റാ എൻട്രിയിലൂടെ സ്റ്റാർട്ടപ്പ് മിഷൻ, കെ.ഡിസ്‌ക്, ബി.ഐ.സി.കൾ തുടങ്ങിയ ഏജൻസികൾ സംയുക്തമായി മേക്കറിൽനിന്ന് നവീനശൈലിയിലുള്ള സംരംഭകരെ സൃഷ്ടിക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന, സ്ഥാപനം തുടങ്ങുന്നതിന് സഹായം നൽകുന്ന, അനുബന്ധ സേവനങ്ങളും പ്രോത്സാഹനങ്ങളും നൽകുന്ന തലത്തിലേക്ക് പ്രവർത്തനം ശാസ്ത്രീയമായി ആവിഷ്‌കരിക്കണം.

ബോധവൽക്കരണവും പരിശീലനങ്ങളും കൊണ്ടുമാത്രം കാര്യമില്ല. ഒരു സംരംഭം തുടങ്ങി വിജയിപ്പിക്കാനുള്ള പിന്തുണാ സംവിധാനമാണ് വേണ്ടത്. അതുകൊണ്ടുതന്നെ സംരംഭകത്വ പരിപാടികളുടെ ഏകോപിച്ച പ്രവർത്തനം അത്യന്താപേക്ഷിതമാണ്. സംരംഭകത്വ വികസന പരിപാടികൾ ഒരു വികാര പ്രകടനമല്ല, അത് ശാസ്ത്രീയമായും ഘട്ടംഘട്ടമായും യോജിച്ച് ചെയ്യേണ്ടതാണ്.

ഇന്ന് ഒരുലക്ഷം പേരെ ഉയർത്താനുള്ള സംസ്ഥാന സംരംഭക വികസന പരിപാടികൾ പഞ്ചായത്ത് കേന്ദ്രീകരിച്ച്​ ആവിഷ്‌കരിച്ചിട്ടുണ്ട്. ബോധവത്കരണവും പരിശീലനങ്ങളും കൊണ്ടുമാത്രം കാര്യമില്ല. ഒരു സംരംഭം തുടങ്ങി വിജയിപ്പിക്കാനുള്ള പിന്തുണാ സംവിധാനമാണ് വേണ്ടത്. അതുകൊണ്ടുതന്നെ സംരംഭകത്വ പരിപാടികളുടെ ഏകോപിച്ച പ്രവർത്തനം അത്യന്താപേക്ഷിതമാണ്. സംരംഭകത്വ വികസന പരിപാടികൾ ഒരു വികാര പ്രകടനമല്ല, അത് ശാസ്ത്രീയമായും ഘട്ടംഘട്ടമായും യോജിച്ച് ചെയ്യേണ്ടതാണ്. അപ്പോഴാണ് സംരംഭകരെക്കൊണ്ട് സമൃദ്ധമാകുന്ന സംസ്ഥാനമായി നാം മാറുക. ‘സംരംഭകർ ജനിക്കുന്നതല്ല, സൃഷ്ടിക്കപ്പെടുന്നതാണ്.’ ▮


ആഷിക്ക്​ കെ.പി.

കോഴിക്കോട് റഹ്‌മാനിയ വി.എച്ച്​.എസ്​.എസ്​ പ്രിൻസിപ്പൽ, മുൻ സംസ്ഥാന കരിക്കുലം കമ്മിറ്റി അംഗം.

Comments