ഒരാള്‍ക്ക് പുന്നഗൈ മന്നനിലെ 'കവിതൈ കേളുങ്കള്‍ കറുവില്‍ പിറന്തത് രാഗം' ആണ് ഇഷ്ടഗാനമെങ്കില്‍ മറ്റൊരാള്‍ക്ക് ആദ്യഗാനമായ സൗരയൂഥത്തിലും ഇനിയുമൊരാള്‍ക്ക് ഏതോ ജന്മകല്‍പ്പനയില്‍ എന്ന പാട്ടുമാണിഷ്ടം. ധും ധും തന എന്ന പാട്ടും നിലവിളക്കിന്‍ തിരി നാളമായ് വിടര്‍ന്നു എന്ന പാട്ടും ആഷാഢമാസം ആത്മാവില്‍ മോഹം എന്ന പാട്ടും ഹൃദയത്തോട് ചേര്‍ക്കുന്നവരുണ്ട്. അങ്ങനെ എല്ലാവരുടെ ആസ്വാദനത്തിനും റേഞ്ചിലുമുള്ള പാട്ടുകള്‍ വാണിയുടേതായിട്ടുണ്ട്. പ്രസാദാത്മകമായ ആ ശബ്ദം കാലാതിവര്‍ത്തിയായി ഇനി നമ്മുടെ കൂടെയുണ്ടാകും
6 Feb 2023, 03:44 PM
പ്രിയ ഗായിക വാണിജയറാമിന്റെ വേര്‍പാടുണ്ടാക്കിയ ഞെട്ടല്‍ മാറിയിട്ടില്ല. കാരണം ഒരാഴ്ച്ചയേ ആയുള്ളൂ അവരെ നേരില്‍ കണ്ടിട്ട്. ചെന്നൈ മ്യൂസിക് അക്കാദമിയില്‍ ജനുവരി 28 ന് ചിത്രയും മധു ബാലകൃഷ്ണനും അവതരിപ്പിക്കുന്ന ഗാനമേളയുണ്ടായിരുന്നു. പത്മഭൂഷണ്‍ ലഭിച്ച വാണി ജയറാമിനെ അന്ന് ആദരിച്ചിരുന്നു. വേദിയിലേക്ക് കയറിവന്ന ആ മഹാഗായികയെ സദസ്സ് ഒന്നടങ്കം എഴുന്നേറ്റ് കയ്യടിച്ച് സ്വീകരിച്ചു. പൊന്നാട ചാര്‍ത്തിയ ചിത്രയേയും മധു ബാലകൃഷ്ണനേയും അന്ന് കെട്ടിപ്പിടിച്ചനുഗ്രഹിച്ചു അവര്‍. ചിത്രയും മധുവും അസാധ്യമായി പാടും; ആ പാട്ടിനും നിങ്ങള്‍ക്കുമിടയില്‍ നില്‍ക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല. എന്നു പറഞ്ഞ് അവര്‍ വേദി വിട്ടിറങ്ങുന്നതുവരെ കാണികള്‍ ശ്വാസമടക്കിപ്പിടിച്ച് അവരെ കണ്ടു, കേട്ടു... അവരെ കണ്ട നിമിഷങ്ങളില്‍ ഇന്‍ട്രയ്ക്ക് ഏനിന്ത ആനന്ദമേ എന്ന് എന്റെ മനസ്സ് തുള്ളിത്തുടിച്ചു.
തമിഴ്‌നാട്ടിലെ ഏറ്റവും മികച്ച ഓര്‍ക്കെസ്ട്രാ കണ്ടക്ടറായ മൗനരാഗം മുരളിയായിരുന്നു പരിപാടിയുടെ സംഘാടകന്‍. എസ്.പി.ബിയുടെ ആയിരക്കണക്കിന് ഗാനമേളകള്‍ ലോകമെങ്ങും നടത്തി പ്രശസ്തനാണ് ഗായകനും കൂടിയായ മുരളി. വാണി ജയറാമിന്റെ പാട്ടുകള്‍ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ആറു മണിക്കൂര്‍ പരിപാടി മാര്‍ച്ച് 19 ന് നടത്തുന്നുണ്ടെന്ന് അദ്ദേഹം അനൗണ്‍സ് ചെയ്തത് ഹര്‍ഷാരവങ്ങളോടെയാണ് കാണികള്‍ സ്വീകരിച്ചത്.
പരിപാടിയുടെ പിറ്റേന്ന് ഞാന്‍ ആന്തമാന്‍ ദ്വീപുകളിലേക്ക് യാത്രയായി. ഫെബ്രുവരി നാലാം തിയ്യതി ആന്തമാനില്‍ നിന്നും തിരിച്ചെത്തി കുളിച്ച് ഒരു കാപ്പിയുമായിരുന്ന് വാട്ട്‌സാപ്പ് തുറന്നതാണ്. വാണി ജയറാം അന്തരിച്ചു എന്ന് ഒരു ഗ്രൂപ്പില്‍ കണ്ടു. വിശ്വാസം വരാതെ വേഗം വാര്‍ത്തകള്‍ വെച്ചു. ശരിയാണ്, ബ്രേക്കിങ് ന്യൂസ് വരുന്നുണ്ട്. എന്നിട്ടും വിശ്വാസം വരാതെ ഒന്നും ചെയ്യാനാവാതെ കുറേനേരം ഇരുന്നു. ആ പ്രിയഗായികയുമായി ബന്ധപ്പെട്ട പല ഓര്‍മ്മകളും മനസ്സില്‍ക്കൂടി കടന്നു പോയി.
2020 -ല്‍ അവരുടെ സംഗീത ജീവിതത്തിന്റെ അന്‍പതാം വര്‍ഷത്തില്‍ Kerala Calling എന്ന പ്രസിദ്ധീകരണത്തില്‍ വാണി ജയറാമിന്റെ സംഗീതജീവിതത്തെപ്പറ്റി ഒരു ലേഖനമെഴുതിയിരുന്നു. എഡിറ്റര്‍മാര്‍ ആ മാസിക അവര്‍ക്കയച്ചു കൊടുത്തു. അതിനെത്തുടര്‍ന്ന് അവരുമായി ഫോണില്‍ സംസാരിക്കുവാന്‍ അവസരം കിട്ടി. പാട്ടിലൂടെ മാത്രം കേട്ടിരുന്ന ആ ശബ്ദം സംസാരമായി കാതില്‍ വീണപ്പോള്‍ സായൂജ്യം കിട്ടിയതു പോലെയായി. നെയ്‍വേലിയില്‍ ജോലി ചെയ്യുമ്പോള്‍ ഓഫീസ്‌കൂട്ടായ്മയുടെ ഒരു പരിപാടിയില്‍ സൗരയൂഥത്തില്‍ വിടര്‍ന്നോരു പാടിയതും കര്‍ണ്ണാടകക്കാരനായ ബോസ് പൊങ്കലിനു വീട്ടില്‍ പോകാതിരിക്കുന്ന മലയാളികളെ വീട്ടിലേക്ക് വിളിച്ച് ഡിന്നര്‍ തന്നപ്പോള്‍ ആ ഡ്രീം പാട്ട് പാടൂ എന്നാവശ്യപ്പെട്ടതും ഓര്‍ത്തു.
കൗമാരയൗവ്വന കാലങ്ങളെ പ്രകാശമാനമാക്കിയ ആയിരക്കണക്കിന് പാട്ടുകള്‍ മനസ്സിലേക്ക് ഒഴുകിവന്നു. ബോലേരെ പപ്പിഹരാ മുതലുള്ള എത്രയെത്ര സുന്ദരഗാനങ്ങള്‍! മല്ലികൈ എന്‍ മന്നന്‍ മയങ്കും, ഏഴു സ്വരങ്കളുക്കുള്‍, ഒരേ നാള്‍ ഉനൈ നാന്‍, മേഗമേ മേഗമേ തുടങ്ങിയ അഴകാര്‍ന്ന തമിഴ് പാട്ടുകളും എത്രയോ മലയാളം പാട്ടുകളും ഓര്‍മ്മയില്‍ തുടിച്ചു.
സമൂഹമാധ്യമങ്ങളില്‍ പ്രിയ ഗായികയ്ക്ക് ആദരമര്‍പ്പിച്ചുകൊണ്ടുള്ള നൂറുകണക്കിന് കുറിപ്പുകള്‍ പങ്കുവെയ്ക്കപ്പെട്ടു. ഒരാള്‍ക്ക് പുന്നഗൈ മന്നനിലെ "കവിതൈ കേളുങ്കള്‍ കറുവില്‍ പിറന്തത് രാഗം' ആണ് ഇഷ്ടഗാനമെങ്കില്‍ മറ്റൊരാള്‍ക്ക് ആദ്യഗാനമായ സൗരയൂഥത്തിലും ഇനിയുമൊരാള്‍ക്ക് ഏതോ ജന്മകല്‍പ്പനയില്‍ എന്ന പാട്ടുമാണിഷ്ടം. ധും ധും തന എന്ന പാട്ടും നിലവിളക്കിന്‍ തിരി നാളമായ് വിടര്‍ന്നു എന്ന പാട്ടും ആഷാഢമാസം ആത്മാവില്‍ മോഹം എന്ന പാട്ടും ഹൃദയത്തിനോട് ചേര്‍ക്കുന്നവരുണ്ട്. അങ്ങനെ എല്ലാവരുടെ ആസ്വാദനത്തിനും റേഞ്ചിലുമുള്ള പാട്ടുകള്‍ വാണിയുടേതായിട്ടുണ്ട്. പ്രസാദാത്മകമായ ആ ശബ്ദം കാലാതിവര്‍ത്തിയായി ഇനി നമ്മുടെ കൂടെയുണ്ടാകും
ദീദി ദാമോദരന്‍
Mar 27, 2023
3 Minutes Read
അനഘ അജിത്ത്
Feb 07, 2023
21 Minute Watch
സി.എസ്. മീനാക്ഷി
Feb 04, 2023
6 Minutes Read