എസ്.എസ്.എൽ.സി റിസൾട്ട്:
മറന്നുപോകുന്ന
ആ 1327 വിദ്യാർഥികളെക്കുറിച്ച്
എസ്.എസ്.എൽ.സി റിസൾട്ട്: മറന്നുപോകുന്ന ആ 1327 വിദ്യാർഥികളെക്കുറിച്ച്
4,26,469 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷയെഴുതിയത്. ഇതില്‍ 4,23,303 വിദ്യാര്‍ത്ഥികൾ ജയിച്ചു. 3166 പേർ ഇപ്പോഴും പടിക്കുപുറത്താണ്. അതിൽ, 1327 പേർ പട്ടിക ജാതി- പട്ടിക വർഗ വിഭാഗക്കാരാണ്. പൊതുവിദ്യാഭ്യാസത്തിൽ കേരളം മുന്നേറുകയാണെന്ന് പറഞ്ഞുപഠിപ്പിക്കുന്നവർ ഈ 1327 പേർ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളിലേക്കു കൂടി ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കാരണം, ഇത് ഈ എണ്ണം വിദ്യാർഥികളുടെ മാത്രം പ്രശ്നമല്ല, സംസ്ഥാനത്തെ വിദ്യാഭ്യാസമേഖലയിൽ അദൃശ്യമാക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഗുരുതരമായ ഒരു വിവേചനത്തിന്റെ സൂചന കൂടിയാണ്.
21 Jun 2022, 05:37 PM
പതിവുരീതികളിൽ വലിയ ആരവങ്ങളോടെയാണ് ഇപ്രാവശ്യവും എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചത്. 99.26% വിജയ ശതമാനത്തിലൂടെ പൊതുവിദ്യാഭ്യാസം കുതിച്ചുകൊണ്ടിരിക്കുകയാണെന്ന് സർക്കാർ സ്വയം സാക്ഷ്യപ്പെടുത്തികൊണ്ടേയിരിക്കുകയാണ്. എന്നാൽ കഴിഞ്ഞ വർഷം 1,25,509 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് നേടിയപ്പോൾ ഈ വർഷമത് 44,363 ആയി സംഖ്യ കുറഞ്ഞുപോയതായി ചൂണ്ടിക്കാണിക്കപ്പെട്ടു. കോവിഡ് മൂലം കലാ- കായിക മത്സരങ്ങൾ നടക്കാതിരുന്നതും ഇതുവഴി ഗ്രേസ് മാർക്ക് നൽകാതിരുന്നതുമാണ് എ പ്ലസുകാരുടെ എണ്ണത്തിൽ വലിയൊരു കുറവ് വന്നതിന് കാരണമായി വ്യാഖ്യാനിക്കപ്പെടുന്നത്. എന്നാൽ, ഇത്തരം ചർച്ചകളിൽ വിഷയമാകാതെ പോയ ഒരു വിഭാഗക്കാരെ കൂടി ഇപ്രാവശ്യത്തെ റിസൾട്ടിൽ നിന്ന് കണ്ടെടുക്കേണ്ടതുണ്ട്.
4,26,469 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷയെഴുതിയത്. ഇതില്‍ 4,23,303 വിദ്യാര്‍ത്ഥികൾ ജയിച്ചു. പക്ഷേ 3166 പേർ ഇപ്പോഴും പടിക്കുപുറത്താണ്. അതിൽ, 1327 പേർ പട്ടിക ജാതി- പട്ടിക വർഗ വിഭാഗക്കാരാണ്. കോവിഡിനെ അതിജീവിച്ചും പൊതുവിദ്യാഭ്യാസ രംഗത്ത് മുന്നേറുകയാണെന്ന് പറഞ്ഞുപഠിപ്പിക്കുന്നവർ ഈ 1327 പേർ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളിലേക്കു കൂടി ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കാരണം, ഇത് ഈ എണ്ണം വിദ്യാർഥികളുടെ മാത്രം പ്രശ്നമല്ല, സംസ്ഥാനത്തെ വിദ്യാഭ്യാസമേഖലയിൽ അദൃശ്യമാക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഗുരുതരമായ ഒരു വിവേചനത്തിന്റെ സൂചന കൂടിയാണ്.
പരീക്ഷയെ അഭിമുഖീകരിക്കാൻ കഴിയാത്തവർ
പൊതുസമൂഹവും സർക്കാറും വേണ്ടത്ര ശ്രദ്ധ നൽകാതെ തോൽപ്പിച്ചു കളഞ്ഞ ഈ കുട്ടികളുടെ പരിതഃസ്ഥിതി ഘടനാപരമായി, അവർ നേരിടുന്ന വെല്ലുവിളികളിലും പ്രശ്നങ്ങളിൽ നിന്നും തന്നെയാണ് പറഞ്ഞുതുടങ്ങേണ്ടത്. വളരെ ചെറിയ ശതമാനം കുട്ടികൾ മാത്രമാണ് ഈ പൊതുപരീക്ഷയിൽ പരാജയപ്പെട്ടത്. ഇതിലധികവും പട്ടിക ജാതി- പട്ടികവർഗ വിഭാഗങ്ങളിലെ കുട്ടികളാണെന്ന വസ്തുത പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്ന് മഹാത്മാഗാന്ധി സർവകലാശാലയിൽ സാമൂഹ്യശാസ്ത്ര വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസറായ ഡോ. രാജേഷ് കോമത്ത് അഭിപ്രായപ്പെട്ടു.
‘‘പല കാരണങ്ങൾ കൊണ്ടാവാം ഈ കുട്ടികൾ പരാജയപ്പെടുന്നത്. പലരും മുഴുവന്‍ പരീക്ഷ പോലും എഴുതിയിട്ടുണ്ടാവില്ല. ഓൺലൈന്‍ ക്ലാസ് സജീവമായ കാലത്ത് അതിനുള്ള ഭൗതിക സാഹചര്യങ്ങളൊന്നും വീടുകളിൽ ലഭ്യമല്ലാത്ത ഈ വിദ്യാർഥികൾ ക്ലാസുകൾക്കും പരീക്ഷകൾക്കും വേണ്ടത്ര പ്രാധാന്യം നൽകാതെ മറ്റു പല തൊഴിലുകളും ചെയ്യാന്‍ നിർബന്ധിതരാവുകയായിരുന്നു. എങ്ങനെയൊരു പരീക്ഷ എഴുതണമെന്നതിനെക്കുറിച്ച് കൃത്യമായ പരിശീലനം ഈ കുട്ടികൾക്ക് നൽകാത്തതും പരാജയത്തിന്റെ മറ്റൊരു കാരണമായി വിലയിരുത്താം. ക്ലാസ് നൽകുന്നതിനോടൊപ്പം വിദ്യാർഥികളെ പരീക്ഷ എഴുതാന്‍ തക്ക സജ്ജരാക്കേണ്ടതും പ്രധാനമാണ്. ഒരു ചോദ്യത്തിന് എങ്ങനെ ഉത്തരം എഴുതണമെന്നതിനെക്കുറിച്ച് ഇവർക്ക് കൃത്യമായ മാർഗനിർദ്ദേശങ്ങൾ നൽകാനും ആവശ്യമായ ആത്മവിശ്വാസം നൽകാനും അധ്യാപകർക്ക് കഴിഞ്ഞില്ലെന്നുതന്നെയാണ് ഈ ഫലം തെളിയിക്കുന്നത്’’- ഡിജിറ്റൽ ഡിവൈഡിലൂടെ ഈ കുട്ടികൾ ഒരേ സമയം ക്ലാസുകളിൽ നിന്ന് പുറത്തുപോവുകയും എഴുത്തുപരീക്ഷയെ അഭിമുഖീകരിക്കാനാവാത്ത വിധം പരാജയപ്പെട്ടു പോകുകയുമാണെന്നും ഡോ. രാജേഷ് കോമത്ത് പറഞ്ഞു.
മാർക്കാണോ നിലവാര മാനദണ്ഡം?
പട്ടികജാതി- പട്ടികവർഗ വിദ്യാർഥികളുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ കാലങ്ങളായി പിന്തുടർന്നുവരുന്ന ഒന്നാണ്. വിദ്യാഭ്യാസം ചെയ്യുന്നതിന് പ്രോത്സാഹനജനകമായ സാമൂഹികാന്തരീക്ഷമോ ഗൃഹാന്തരീക്ഷമോ ഈ മേഖലയിൽ നിന്നുവരുന്ന വിദ്യാർഥികൾക്ക് ലഭിക്കുന്നില്ല. വിദ്യാഭ്യാസം എന്തിനെന്ന് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ബോധ്യമാകാത്ത ഒരു സാഹചര്യം ഈ മേഖലയിൽ പൊതുവെ നിലനിന്നുവരുന്നുണ്ട്. അടിസ്ഥാനപരമായ ഈ പ്രശ്നത്തെ അഭിസംബോധന ചെയ്യാതെ ഒടുവിൽ കിട്ടിയ മാർക്കിന്റെയോ ഗ്രേഡിന്റെയോ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ നിലവാരം വിലയിരുത്തുന്നത് ശരിയല്ലെന്നാണ് മാനന്തവാടി മേരി മാതാ ആർട്സ് ആൻഡ് സയൻസ് കോളേജിൽ അസോസിയേറ്റ് പ്രൊഫസറായ ജോസഫ് കെ. ജോബ് പറയുന്നത്.

മാതാപിതാക്കൾക്ക് വേണ്ടത്ര വിദ്യാഭ്യാസമില്ലാത്തത്, കുടുംബ സാഹചര്യത്തിൽ വിദ്യാഭ്യാസ നേട്ടമുണ്ടാക്കിയ ആളുകളില്ലാത്തത്, കുടുംബത്തിലും സമീപപ്രദേശങ്ങളിലും വിദ്യാഭ്യാസത്തിലൂടെ നേട്ടം കൈവരിച്ച മാതൃക ഇല്ലാത്തത്, വിദ്യാഭ്യാസത്തിന്‍റെ ആവശ്യകത ബോധ്യപ്പെടാത്തത്, സ്കൂൾ സാഹചര്യവുമായി പൊരുത്തപ്പെടാനാകാത്ത അവസ്ഥ, സ്കൂൾ സാഹചര്യത്തിൽ ഉണ്ടാകുന്ന നിന്ദകളോ അവഗണനകളോ നിലനിൽക്കുന്ന അവസ്ഥ,ഗോത്രഭാഷകൾ മാതൃഭാഷകളായിട്ടുള്ള വിദ്യാർഥികൾക്ക് സ്കൂളിൽനിന്ന് അനുഭവിക്കേണ്ടിവരുന്ന അവമതിപ്പുകളും വിവേചനവും, സഹപാഠികളിൽ നിന്നും അധ്യാപകരിൽ നിന്നും വേണ്ടത്ര പ്രോത്സാഹനം കിട്ടാത്ത അവസ്ഥ,വീട്ടിൽ വന്ന ശേഷം പഠിക്കാനോ ഗൃഹപാഠങ്ങൾ ചെയ്യാനോ ഉള്ള ഭൗതികസൗകര്യങ്ങളും ഫർണീച്ചറുകളുമില്ലാത്ത അവസ്ഥ തുടങ്ങിയവയാണ് ഇവർ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളെന്നും അദ്ദേഹം പറഞ്ഞു.
വഴിപാടായി മാറിയ ഓൺലൈന്‍ ക്ലാസ്
എല്ലാ വർഗവിഭാഗങ്ങളിലും ഉൾപെടുന്ന വിദ്യാർഥികൾക്ക് മികച്ചതും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്താനാണ് സർക്കാർ സ്കൂളുകൾ. എന്നാൽ ഏറ്റവും അടിത്തട്ടിലുള്ളവർക്ക് വേണ്ടത്ര ശ്രദ്ധയും പരിശീലനവും നൽകാന്‍ ഈ സ്കൂളുകൾക്ക് കഴിയാതെ പോകുന്നുവെന്നാണ് ഈ പരീക്ഷാഫലം കാണിക്കുന്നത്. എസ്.എസ്.എൽ..സി പരീക്ഷയെന്നത് ഒരു പൊതുപരീക്ഷക്കപ്പുറം വിദ്യാർഥികൾക്ക് അവരുടെ ഭാവിയിലേക്കും ഉന്നത വിദ്യാഭ്യാസത്തിലേക്കുമുള്ള വഴികളെ തിരഞ്ഞെടുക്കാനുള്ള അവസരം കൂടിയാണ്.
കഴിഞ്ഞ വർഷം കേരളപിറവി ദിവസമാണ് ഓൺലൈന്‍ ക്ലാസുകളിൽനിന്ന് മാറി ഓഫ് ലൈനായി ക്ലാസ് പുനരാരംഭിച്ചത്. എസ്.എസ്.എൽ.സി വിദ്യാർഥികളെ സംബന്ധിച്ച് ഭൂരിഭാഗം പാഠഭാഗങ്ങളും ഓൺലൈനായി തന്നെ എടുത്തുകഴിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ അവരുടെ പഠനരീതിയെ ഓൺ ലൈന്‍ ക്ലാസുകളോട് ചേർത്ത് തന്നെയാണ് മനസ്സിലാക്കേണ്ടത്. ഇന്‍റർനെറ്റ് സംവിധാനങ്ങളെ പ്രയോജനപ്പെടുത്തി ഓഫ് ലൈന്‍ ക്ലാസുകൾക്ക് ബദലാകുന്ന രീതിയിൽ ഓൺലൈന്‍ ക്ലാസുകളെ മാറ്റിയെടുക്കാനാണ് പൊതുവിദ്യാഭ്യാസ സർക്കാർ ശ്രമിച്ചത്. ടി.വിയെ മുഖ്യ വിനിമയോപാധിയാക്കി ഡിജിറ്റല്‍ ഡിവൈഡിനെ മറികടക്കാനുള്ള ശ്രമങ്ങളും അവരുടെ ഭാഗത്തുനിന്നുണ്ടായി.

കേരള വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (SCERT)യും തിരുവനന്തപുരം സര്‍ക്കാര്‍ വനിത കോളേജിലെ സൈക്കോളജിക്കല്‍ റിസോഴ്‌സ് സെന്‍ററും ചേര്‍ന്ന് കോവിഡ് മഹാമാരിയുടെ ഒന്നാം തരംഗത്തിലുണ്ടായിരുന്ന സ്‌കൂള്‍ വിദ്യാഭ്യാസത്തെപ്പറ്റി സമഗ്രമായ ഗവേഷണപഠനം നടത്തിയിരുന്നു. അവരുടെ പഠനമനുസരിച്ച് പട്ടികജാതി വിഭാഗ വിദ്യാര്‍ത്ഥികളുടെ വിക്ടേഴ്‌സ്, ഫോളോഅപ് ക്ലാസുകളിലെ പങ്കാളിത്തം ആനുപാതികമല്ലാത്ത വണ്ണം കുറവാണെന്ന് കണ്ടെത്തുകയുണ്ടായി. ജനറല്‍ വിഭാഗത്തിലെ 51 ശതമാനവും ഒ.ബി.സി വിഭാഗത്തിലെ 49 ശതമാനവും വിദ്യാര്‍ത്ഥികള്‍ക്ക് 90 ശതമാനത്തിലധികം ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞപ്പോള്‍ പട്ടികജാതി വിഭാഗത്തിലെ 36% പേര്‍ക്കാണ് 90 ശതമാനത്തിലധികം ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത്; 40.4% പേര്‍ 50%- 90% വരെ ക്ലാസുകളിലാണ് പങ്കെടുത്തത്.
ഡിജിറ്റല്‍ ഉപകരണങ്ങളുടെ ലഭ്യതക്കുറവ്, ഇൻറര്‍നെറ്റ് റീചാര്‍ജ് ചെയ്യാനുള്ള സാമ്പത്തിക ബുദ്ധിമുട്ട്, രക്ഷകര്‍ത്താവ് പകല്‍ വീട്ടിലില്ലാത്തതു മൂലം സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാകാത്തത്, നെറ്റ് വര്‍ക്ക് പ്രശ്‌നങ്ങള്‍ മുതലായവയായിരുന്നു പങ്കാളിത്തം കുറയാന്‍ കാരണമായി അന്ന് റിപ്പോര്‍ട്ട് ചെയ്തതിരുന്നത്. രണ്ട് ജില്ലകളിലായി ആറ് ട്രൈബല്‍ സെറ്റില്‍മെന്റുകളില്‍ അവർ പ്രത്യേകം ഫീല്‍ഡ് പഠനവും നടത്തിയിരുന്നു. പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളില്‍ ഉപകരണ ലഭ്യതയും ക്ലാസ് പങ്കാളിത്തവും ഇതര വിഭാഗങ്ങളെ അപേക്ഷിച്ച് കുറവാണെന്ന് പഠനത്തിൽ കണ്ടെത്തുകയുണ്ടായി. വൈദ്യുതി, ടി.വി, ഫോണ്‍ സൗകര്യം തീരെയില്ലാത്ത ഒറ്റപ്പെട്ട ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്ന ഗോത്രവിഭാഗ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി പ്രാദേശിക പഠനകേന്ദ്രങ്ങള്‍ ഒരുക്കിയിരുന്നു. അവിടെയിരുന്ന് ക്ലാസ് കാണുന്ന വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകരോ മുതിര്‍ന്നവരോ കൂടെയില്ലെങ്കില്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ എളുപ്പമായിരുന്നില്ല. വീഡിയോ ക്ലാസുകളുടെ ഭാഷയും വേഗവും ഗോത്ര വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുടരാന്‍ ബുദ്ധിമുട്ടായിരുന്നു തുടങ്ങിയവയെല്ലാം ഫീല്‍ഡ് പഠനം വ്യക്തമാക്കി.

77 ശതമാനവും ക്ലാസ് മനസ്സിലാകാത്തവർ
ഡിജിറ്റൽ ക്ലാസുകളുടെ പ്രയോജനക്ഷമതയെക്കുറിച്ച് കാര്യമായ ചർച്ചകൾ ഉയർന്നുവന്ന പശ്ചാത്തലത്തിൽ ശാസ്ത്രസാഹിത്യ പരിഷത്തും ഡിജിറ്റല്‍ ക്ലാസുകളെ കുറിച്ച് പഠനം നടത്തിയിരുന്നു. വിദ്യാഭ്യാസ മേഖലയുടെ പ്രത്യക്ഷ ഗുണഭോക്താക്കളായ കുട്ടികള്‍, രക്ഷകര്‍ത്താക്കള്‍, അധ്യാപകര്‍ എന്നിവരുടെ പ്രതികരണങ്ങളാണ് ഇവർ പഠനത്തിന് ആധാരമായി സ്വീകരിച്ചത്. പഠനമനുസരിച്ച്, ടി.വി പോലും ലഭ്യമല്ലാത്ത 12% കുട്ടികളുണ്ടായിരുന്നു. ഇന്റര്‍നെറ്റിന്റെ വേഗതക്കുറവാണ് ഏറ്റവും കൂടുതൽ വിദ്യാർഥികളെ (39.5ശതമാനം) ബുദ്ധിമുട്ടിച്ചത്. ഇത് മലയോര പ്രദേശത്തെയും ഗോത്രവര്‍ഗ മേഖലകളെയുമാണ് മുഖ്യമായും ബാധിച്ചത്.
സര്‍വേയില്‍ പങ്കെടുത്ത വിദ്യാര്‍ഥികളില്‍ 23 ശതമാനമാണ് ക്ലാസ് കണ്ട് മനസ്സിലാക്കുന്നതില്‍ ഒരു വിഷയത്തിലും പ്രയാസമില്ലെന്ന് രേഖപ്പെടുത്തിയത്. ബാക്കി 77 ശതമാനത്തിന് ക്ലാസുകള്‍ മനസ്സിലാക്കുന്നതില്‍ ഒന്നോ അതിലധികമോ വിഷയങ്ങളില്‍ പ്രയാസമുണ്ടായിരുന്നു. സോഷ്യല്‍ സയന്‍സ്, ശാസ്ത്രം, ഇംഗ്ലീഷ്, ഗണിതം എന്നീ വിഷയങ്ങളിൽ പ്രയാസം നേരിടുന്നവരുടെ എണ്ണം കൂടുതലാണ്.
ഇവരിലേറെയും, സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവരായിരിക്കും എന്നും അനുമാനിക്കാം.
ഇപ്രാവശ്യത്തെ റിസൾട്ട് പരിശോധിക്കുമ്പോൾ കണക്കിലും കെമിസ്ട്രിയിലും ഇംഗ്ലീഷിലുമാണ് കൂടുതൽ കുട്ടികൾ പരാജയപ്പെട്ടതെന്ന് മനസ്സിലാക്കാം. നവംബറോടെ ആരംഭിച്ച ഓഫ് ലൈന്‍ ക്ലാസുകൾക്ക് ഈ വിഷയങ്ങളിലെ റിവിഷന്‍ പ്രക്രിയ വേണ്ട രീതിയിൽ ഉപയോഗിക്കാനായില്ലെന്നാണ് ഈ കണക്കുകളിൽ നിന്ന് മനസ്സിലാകുന്നത്.
പഠനോപകരണങ്ങളല്ല പരിഹാരം
കാലങ്ങളായി സർക്കാർ നിരവധി പദ്ധതികളിലൂടെയും പരിപാടികളിലൂടെയും പട്ടികജാതി പട്ടികവർഗ വിദ്യാർത്ഥികളെ ഉയർത്തികൊണ്ടുവരാൻ ശ്രമം നടത്തിയിട്ടുണ്ട്. പഠനമുറികൾ, പഠനോപകരണ വിതരണം തുടങ്ങിയ മെറ്റീരിയലെസഡ് പദ്ധതികൾക്കാണ് സർക്കാർ ഊന്നൽ നൽകുന്നതെന്ന് ഡോ. രാജേഷ് കോമത്ത് അഭിപ്രായപ്പെട്ടു. ഇത്തരം ഉപകരണങ്ങളിലൂടെ വിദ്യാർഥികളെ ഉയർത്തികൊണ്ടുവരാനാവില്ല. പകരം ഇവർക്ക് വിദ്യാഭ്യാസ മേഖലയിൽ ആത്മവിശ്വാസം നൽകുന്നതരത്തിൽ അവർക്കിടയിൽ നിന്നു തന്നെ ഉന്നതവിദ്യാഭ്യാസവും അനുഭവവും പരിചയവുമുള്ള ഒരു തലമുറയെ രൂപപ്പെടുത്തിയെടുക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഈ തലമുറ ഉൾക്കൊള്ളുന്ന പഠനാന്തരീക്ഷമുള്ള ഒരു സാംസ്കാരിക പരിസരത്ത് നിന്ന് മാത്രമേ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ഇനി വളർന്നുവരുന്ന വിദ്യാർഥികൾക്ക് പ്രവർത്തിക്കാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസമെന്നത് നമ്മളെയും നമ്മുടെ ചുറ്റുപ്പാടിനെയും നമ്മളെ പുറകോട്ട് വലിക്കുന്ന സാംസ്കാരിക സാമൂഹിക ബോധങ്ങളെയൊക്കെ തിരിച്ചറിയാന്‍ കൂടി സഹായിക്കുന്നതാകണം. എന്നാൽ മാത്രമേ ആ പ്രശ്നങ്ങളെ തിരിച്ചറിഞ്ഞ്മറികടക്കാന് സാധിക്കൂ. എന്നാൽ ഈ തിരിച്ചറിവുകൾക്കുപകരം വിദ്യാഭ്യാസത്തിലൂടെ ഈ കുട്ടികൾ ക്ലാസുമുറികളിലും പുറത്തും ഒരുപോലെ നിശ്ശബ്ദരാക്കപ്പെടുകയാണ് ചെയ്യുന്നത്. അതിനാദ്യം ക്ലാസുമുറികളിൽ ഈ വിദ്യാർത്ഥികൾ നേരിടുന്ന സാമൂഹികാന്തരം കുറക്കാനുള്ള ശ്രമങ്ങൾ അധ്യാപകർ തുടങ്ങണം. പലപ്പോഴും അധ്യാപകരും ക്ലാസിലെ മറ്റ് കുട്ടികളും തങ്ങളുടെ വർഗപദവി പ്രദർശിപ്പിക്കുന്ന തരത്തിലുള്ള പെരുമാറ്റങ്ങളിലൂടെ ഈ അന്തരം വർധിപ്പിക്കുകയാണ് ചെയ്യുന്നതെന്നും ഡോ. രാജേഷ് കോമത്ത് പറഞ്ഞു.
ക്രെഡിറ്റ് സ്കൂളുകൾക്കോ ട്യൂഷന്‍ സെന്‍ററുകൾക്കോ?
സ്കൂളുകൾ അടച്ചിട്ടപ്പോൾ ടൂഷ്യൻ ക്ലാസുകളെ ആശ്രയിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ വലിയ വർദ്ധനയാണുണ്ടായത്. സ്കൂൾ പഠനത്തോടൊപ്പം ട്യൂഷന്‍ ക്ലാസുകളിലെ പഠനം കൂടി ചേർന്നാൽ മാത്രമേ വിദ്യാർത്ഥികൾക്ക് പൊതു പരീക്ഷയിൽ മികച്ച രീതിയിൽ വിജയിക്കാനാവുമെന്ന ബോധം പൊതുവെയുണ്ട്. ഇത്തരം പരീക്ഷകളിൽ സ്കൂളുകൾ തമ്മിലുള്ള മത്സരങ്ങളെക്കാൾ വലിയ മത്സരങ്ങളാണ് ട്യൂഷന്‍ സെന്‍ററുകൾ തമ്മിൽ നടക്കുന്നത്. ഒരു രക്ഷിതാവ് സൂക്ഷ്മതയോടെ മക്കളെ ചേർക്കേണ്ട ട്യൂഷന്‍ സെന്‍ററുകളെക്കുറിച്ച് ഇത്ര ശ്രദ്ധാലുക്കളാകുന്നതും ഇതുകൊണ്ടാണ്. അതിനാൽ എസ്.എസ്.എൽ.സി പരീക്ഷയുടെ ഈ വിജയശതമാനം സ്കൂളുകൾക്കുമാത്രം അവകാശപ്പെടാനാകുന്ന ഒന്നല്ല. തീവ്ര പരിശീലന പരിപാടികളിലുടെ അതിന്റെ ഭൂരിഭാഗം ക്രെഡിറ്റും ട്യൂഷന്‍ സെന്‍ററുകൾ കൂടി നേടുന്നുണ്ട്. ഇവിടെയാണ് സൗജന്യ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം അപ്രസക്തമാകുന്നത്.

സാമ്പത്തിക പിന്നാക്കാവസ്ഥയിൽ നിൽക്കുന്ന പട്ടികജാതി- പട്ടിക വർഗ വിദ്യാർത്ഥികളെ സംബന്ധിച്ച് ട്യൂഷൻ സെന്‍ററുകൾ ഒരിക്കലും താങ്ങാനാവണമെന്നില്ല. സാമ്പത്തിക ലാഭം മാത്രം ലക്ഷ്യംവെക്കുന്ന അവർക്കും ഈ കുട്ടികളെ ഉൾക്കൊള്ളാനാവില്ലെന്ന് ഡോ. രാജേഷ് കോമത്ത് പറയുന്നത്.
പരീക്ഷാസമ്പ്രദായം വിമർശിക്കപ്പെടണം
അതേസമയം സ്കൂളുകളിൽ നിന്നു ലഭിക്കുന്ന വിദ്യാഭ്യാസം അപര്യാപ്തമായതുകൊണ്ട് ട്യൂഷൻ സെൻറുകളിൽ പഠിച്ചാണ് മധ്യവർഗ കുടുംബങ്ങളിലെ വിദ്യാർത്ഥികൾ ഉന്നതവിജയം കൈവരിക്കുന്നത് എന്ന്പറയാനാകില്ലെന്ന് ജോസഫ് കെ. ജോബ് അഭിപ്രായപ്പെട്ടു. നിലവിൽ സ്കൂളുകളിൽ നിന്ന് ലഭിക്കുന്ന വിദ്യാഭ്യാസം കൊണ്ടുതന്നെ വിദ്യാർത്ഥികൾക്ക് പരീക്ഷാവിജയം ലഭിക്കാവുന്നതേയുള്ളൂ. പൊതുവിദ്യാഭ്യാസ രംഗത്തെ വിദ്യാർഥികളുടെ നൂറിനോടടുത്ത വിജയശതമാനം നമ്മുടെ പരീക്ഷാസമ്പ്രദായം വിദ്യാർഥികളെ ജയിപ്പിക്കാൻ എത്രകണ്ട് താല്പര്യമെടുക്കുന്നുവെന്ന് ബോധ്യപ്പെടുത്തുന്നതാണ്. പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിജയം കണ്ട വിദ്യാർത്ഥികൾ സ്വകാര്യ ട്യൂഷൻ സെൻററിൽ പഠിച്ചിട്ടാണ് വിജയിച്ചതെന്നൊന്നും പറയാനാകില്ലെന്നും പട്ടികവർഗ വിദ്യാർഥികൾ പഠിക്കുന്ന പല സ്കൂളുകളും 100% വിജയം നേടിയിട്ടുണ്ടെന്ന യാഥാർഥ്യം കാണണമെന്നും അദ്ദേഹം പറഞ്ഞു.
റിസൾട്ടിൽ പ്രതിഫലിച്ചത് ജാതി
സാമൂഹിക, സാമ്പത്തിക, അധികാര മേഖലയിൽ നിലനിൽക്കുന്ന ജാതിയുടെ പ്രതിഫലനമാണ് എസ്.എസ്.എൽ.സി ഫലപ്രഖ്യാപനത്തിലൂടെ പ്രകടമാകുന്നതെന്ന് എം.ജി യൂണിവേഴ്സിറ്റി അസിസ്റ്റന്‍റായ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. പട്ടിക ജാതി പട്ടികവർഗ വിദ്യാർഥികളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള കൂട്ടായ്മയായ ആദി ശക്തി സമ്മർ സ്കൂൾ പ്രവർത്തകന്‍ കൂടിയാണ് ഇദ്ദേഹം. വിദ്യാഭ്യാസ മേഖലയിൽ പട്ടികജാതി പട്ടികവർഗവിദ്യാർത്ഥികൾ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും ഉന്നതവിദ്യാഭ്യാസ വൈസ് ചെയർമാനും ആദിശക്തി സമ്മർ സ്കൂളിന്റെ നേതൃത്വത്തിൽ നിവേദനം സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡിജിറ്റൽ വിദ്യാഭ്യാസ ലഭ്യത ഉറപ്പാക്കാൻ ഡിജിറ്റൽ സൗകര്യമുള്ള ഊരുതല- വാർഡ്തല പഠനകേന്ദ്രങ്ങൾ (ലോക്കൽ ലെവൽ ലേണിങ് സെന്റർ ) ആരംഭിക്കുക, ഗോത്രവർഗ മേഖലയിലെ ടീച്ചർമാരുടെ നിയമനം പി.എസ്.സി വഴി സ്ഥിരപ്പെടുത്തി പ്രാദേശിക പഠനകേന്ദ്രത്തിൽ നിയമിക്കുക, ഗോത്രഭാഷകളും ന്യൂനപക്ഷഭാഷകളും കണക്കിലെടുത്ത് പ്രൈമറി ക്ലാസുകളിൽ /ലോക്കൽ ലെവൽ ലേർണിംഗ് സെന്ററുകളിൽ മൾട്ടിലിങ്ക്വൽ കരിക്കുലം നടപ്പാക്കുക, തുടങ്ങിയ നിർദ്ദേശങ്ങൾ നിവേദനത്തിലുണ്ട്. വേടർ, നായാടി, ചക്ലിയ തുടങ്ങിയ അതിപിന്നാക്ക പട്ടിക വിഭാഗക്കാർക്ക് പ്രത്യേക വിദ്യാഭ്യാസ പാക്കേജ് നടപ്പാക്കാനും മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ സീറ്റുകൾ വർധിപ്പിക്കാനും നിവേദനത്തിൽ പ്രത്യേകം ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
അവർ പരാജിതരല്ല
എസ്.എസ്.എൽ.സി പരീക്ഷയിൽ പരാജയപ്പെട്ട ഈ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കാനും അവർക്ക് കൃത്യമായ പരിശീലനം നൽകി അടുത്ത പരീക്ഷയിൽ വിജയിപ്പിക്കാനുമുള്ള ശ്രമങ്ങൾക്ക് സർക്കാർ നേതൃത്വം നൽകേണ്ടതുണ്ട്. പരാജിതരാണെന്ന അപകർഷതയിൽ നിന്ന് അവരെ മോചിപ്പിക്കാന്‍ അവർ പഠിച്ചിരുന്ന സ്കൂളുകളിൽനിന്ന് മാറി മറ്റൊരു സ്കൂളിൽ അവർക്ക് പരീശീലനം നൽകാവുന്നതാണെന്ന് ഡോ.രാജേഷ് കോമത്ത് പറഞ്ഞു. ഈ കുട്ടികളുടെ അടിസ്ഥാന പ്രശ്നങ്ങൾ എന്തെല്ലാമാണെന്ന് തിരിച്ചറിഞ്ഞ് പരിശീലനം നൽകാന്‍ കഴിയുന്ന തരത്തിലുള്ള ബോധനശാസ്ത്രം (pedagogy) സർക്കാർ രൂപീകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ കുട്ടികളെ ഉയർത്തി കൊണ്ടുവരാനും ഇവരുടെ നിശബ്ദത ഭേദിപ്പിക്കാനും തക്ക പ്രാപ്തിയും കഴിവുമുള്ള അധ്യാപകരെ മാത്രം ഈ പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
കൂടി വരുന്ന വിജയശതമാനങ്ങൾക്കൊപ്പം തന്നെ പരാജയപ്പെട്ടു പോകുന്ന ഈ വിദ്യാർത്ഥികളെയും അവരുടെ സാഹചര്യങ്ങളെയും കൂടി പരിഗണിക്കുകയും പരിഹരിക്കുകയും ചെയ്യുമ്പോഴാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പൂർണമാകുന്നത്.
ഉമ്മർ ടി.കെ.
Jun 16, 2022
10 Minutes Read
ഷഫീഖ് താമരശ്ശേരി
May 25, 2022
9 Minutes Watch
Think
Apr 25, 2022
4 Minutes Read
ഷഫീഖ് താമരശ്ശേരി
Apr 14, 2022
10 Minutes Read
കെ.വി. ദിവ്യശ്രീ
Apr 05, 2022
9 Minutes Read