ഇനി ഡല്‍ഹി സര്‍ക്കാറിന് ഭരിക്കാന്‍
ലഫ്. ഗവര്‍ണറുടെ
അനുമതി വേണം
ഇനി ഡല്‍ഹി സര്‍ക്കാറിന് ഭരിക്കാന്‍ ലഫ്. ഗവര്‍ണറുടെ അനുമതി വേണം
ഇനി ഡല്‍ഹി സര്‍ക്കാറിന് ഭരണപരമായ ഏതു തീരുമാനമെടുത്ത് നടപ്പാക്കാനും ലഫ്. ഗവര്‍ണറുടെ അംഗീകാരം വേണം. ഇതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്‍ പാസായി. ഡല്‍ഹിയില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ അട്ടിമറിച്ച്, രാജ്യതലസ്ഥാനത്തിന്റെ ഭരണം കയ്യാളാനാണ് സര്‍ക്കാര്‍ നീക്കം.
19 Mar 2021, 12:38 PM
"ഭരണഘടനയുടെ അന്തസത്തയ്ക്ക് വിരുദ്ധമായി രാജ്യത്തിന്റെ ഫെഡറല്‍ ഘടന കൂടുതല്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് പോകുകയാണ് എന്നത് ആശങ്കാജനകമായ കാര്യമാണ്.' 2012ല്‍ ജനുവരി 25ന് ടൈംസ് ഓഫ് ഇന്ത്യയിലെഴുതിയ ഒരു കുറിപ്പില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയുടെ വാക്കുകളാണിത്.
പരസ്പര സഹകരണത്തോടെയുള്ള ഫെഡറലിസമാണ് ശക്തമായ റിപ്പബ്ലിക്കിന് ആവശ്യമെന്നായിരുന്നു മോദി അന്ന് അഭിപ്രായപ്പെട്ടത്. രണ്ടുവര്‍ഷത്തിനുശേഷം അധികാരത്തിലെത്തിയ ഇതേ മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിനുനേരെ ഉയരുന്ന ഏറ്റവും ശക്തമായ വിമര്‍ശനങ്ങളിലൊന്ന് അവര്‍ ജനാധിപത്യത്തെയും ഫെഡറലിസത്തെയും തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നതാണ്. 2019ല്‍ കൂടുതല്‍ ഭൂരിപക്ഷത്തോടെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതോടെ ഫെഡറല്‍ സംവിധാനം അട്ടിമറിക്കാനുള്ള നീക്കം കൂടുതല്‍ പ്രകടവും ഭീതിതവുമാണ്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതും തുടര്‍ന്നുവന്ന പൗരത്വനിയമ ഭേദഗതിയുമെല്ലാം സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ക്ക് വഴിവെച്ചിരുന്നു.

ഏറ്റവുമൊടുവിൽ, ഡല്‍ഹിയില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ അട്ടിമറിച്ച്, രാജ്യതലസ്ഥാനത്തിന്റെ ഭരണം കയ്യാളാനാണ് സര്‍ക്കാര്‍ നീക്കം. വൈകാതെ അതിന് ഒരു നിയമം തന്നെ കൊണ്ടുവരാനാണ് ശ്രമം.
നീക്കം സുപ്രീംകോടതി വിധിയെ കൂട്ടുപിടിച്ച്
2015 ല്‍ ആം ആദ്മിയുടെ പാര്‍ട്ടിയുടെ നേതൃത്തിലുള്ള സര്‍ക്കാര്‍ ഡല്‍ഹിയില്‍ അധികാരത്തിലെത്തിയതിനു പിന്നാലെ ലെഫ്റ്റനൻറ് ഗവര്‍ണര്‍ക്കും സര്‍ക്കാറിനും ഇടയില്‍ ഉടലെടുത്ത അധികാര തര്‍ക്കം സുപ്രീം കോടതിയായിരുന്നു തീര്‍പ്പാക്കിയത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ കേള്‍ക്കാന്‍ ലെഫ്റ്റനൻറ് ഗവര്‍ണര്‍ ബാധ്യസ്ഥനാണെന്നും ഗവര്‍ണര്‍ക്ക് സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാന്‍ കഴിയില്ലെന്നുമായിരുന്നു സുപ്രീം കോടതി പറഞ്ഞത്. "മന്ത്രിസഭയുടെ തീരുമാനങ്ങളോട് സഹകരിക്കാന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ബാധ്യസ്ഥനാണ്' എന്നായിരുന്നു കോടതി വിധി. ഭൂമി, ക്രമസമാധാനം, ആഭ്യന്തരം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിലൊഴികെ ഡല്‍ഹി സര്‍ക്കാര്‍ ലെഫ്റ്റനന്റ് ഗവര്‍ണറോട് അഭിപ്രായം ആരായേണ്ടതില്ലെന്നും കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ മറ്റുചില വിഷയങ്ങളില്‍ അധികാര കേന്ദ്രം ആരാണെന്ന കാര്യത്തില്‍ ഈ വിധിയില്‍ വ്യക്തതയുണ്ടായിരുന്നില്ല. സുപ്രീം കോടതിയുടെ ഈ ഉത്തരവിന് അനുയോജ്യമായ "വ്യാഖ്യാനം' എന്ന ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്.
ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാറും ലെഫ്റ്റനൻറ് ഗവര്‍ണറും തമ്മില്‍ നല്ല ബന്ധം നിലനിര്‍ത്തുകയെന്നതാണ് ഈ ബില്ലിന്റെ ലക്ഷ്യമായി പറഞ്ഞിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇരുവിഭാഗവും തമ്മിലുള്ള ബന്ധം കുറേക്കൂടി വഷളാക്കാനേ ഈ നിയമം വഴിവെക്കൂ. ജനാധപത്യപരമായ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ ലെഫ്റ്റനന്റ് ഗവര്‍ണറുടെ നിയന്ത്രണത്തില്‍ കൊണ്ടുവരാനാണ് ഈ നിയമത്തിലൂടെ കേന്ദ്രം ശ്രമിക്കുന്നതെന്ന വിമര്‍ശനം ഇതിനകം തന്നെ ഡല്‍ഹി സര്‍ക്കാറില്‍ നിന്നും ഉയര്‍ത്തിക്കഴിഞ്ഞു.
ഡല്‍ഹി ആക്ടിലെ ഭേദഗതികള്‍
ഗവണ്‍മെന്റ് ഓഫ് നാഷണല്‍ കാപ്പിറ്റള്‍ ടെറിറ്ററി ഓഫ് ഡല്‍ഹി (ഭേദഗതി) ബില്‍ 2021 എന്ന പേരില്‍ അറിയപ്പെടുന്ന ബില്ല് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷന്‍ റെഡ്ഡിയാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. നിയമസഭ പാസാക്കുന്ന നിയമങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്യുന്ന നിയമത്തിലെ സെക്ഷന്‍ 21ല്‍ ചില മാറ്റങ്ങള്‍ വരുത്തി. നിയമസഭ തയ്യാറാക്കുന്ന ഏത് നിയമങ്ങളിലും 'സര്‍ക്കാര്‍' എന്ന പദപ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത് ‘ലെഫ്റ്റനൻറ് ഗവര്‍ണര്‍' എന്നതാണെന്ന് വിശദീകരിച്ച്സെക്ഷന് 21ല്‍ പുതിയൊരു സബ് സെക്ഷന്‍ ഉള്‍പ്പെടുത്തുകയാണ് ചെയ്തത്.
നിയമസഭ പാസാക്കുന്ന നിയമം ലെഫ്റ്റനൻറ് ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കണമെന്ന് നിര്‍ദേശിക്കുകയും അദ്ദേഹത്തിന് അത് രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി വിടാനോ, പിടിച്ചുവെക്കാനോ അധികാരം നല്‍കുകയും ചെയ്യുന്ന സെക്ഷന്‍ 24ലും ഭേദഗതി വരുത്തിയിട്ടുണ്ട്. നിയമസഭയുടെ അധികാരത്തിനു പുറത്തുവരുന്ന വിഷയങ്ങള്‍ക്കു കൂടി ഇത് ബാധകമാകുന്ന തരത്തില്‍ ഒരു ക്ലോസ് കൂടി ഉള്‍പ്പെടുത്തി.
സെക്ഷന്‍ 33ലും ചില കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയിട്ടുണ്ട്. ‘ഡല്‍ഹിയുടെ ദൈനംദിന ഭരണകാര്യങ്ങളുമായോ ഭരണപരമായ തീരുമാനങ്ങളുമായോ ബന്ധപ്പെട്ട് അന്വേഷണങ്ങള്‍ നടത്തുന്നതിന് സര്‍ക്കാറിനെയോ അതിന്റെ കമ്മിറ്റികളെയോ സ്വയം ചുമതലപ്പെടുത്തുന്ന തരത്തിലുള്ള നിയമങ്ങള്‍ നിയമസഭയ്ക്ക് നിര്‍മ്മിക്കാന്‍ കഴിയില്ല. ഈ ചട്ടത്തിനുവിരുദ്ധമായി നിര്‍മ്മിക്കുന്ന ഏത് നിയമവും സാധുതയില്ലാത്തതാവും' എന്നാണ് ഭേദഗതി.
തലസ്ഥാനത്ത് പ്രാബല്യത്തിലുള്ള ഏതൊരു നിയമത്തിന്റെ പരിധിയില്‍ വരുന്ന കാര്യത്തിലും, ഒരു മന്ത്രിയുടേയോ അല്ലെങ്കില്‍ മന്ത്രിസഭയുടേയോ തീരുമാനപ്രകാരം, സര്‍ക്കാരിന്റേയോ, ലഫ്റ്റനന്റ് ഗവര്‍ണറുടേയോ, അഡ്മിനിസ്ട്രേറ്ററുടേയോ, ചീഫ് കമ്മീഷനറുടേയോ അധികാരം വിനിയോഗിക്കുന്നതുമായി ബന്ധപ്പെട്ട ഒരു എക്സിക്യുട്ടീവ് ആക്ഷന്‍ പ്രയോഗത്തില്‍ വരുത്തുന്നതിന് മുമ്പ് ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 239 എഎ യിലെ ഭാഗം 4 നിര്‍ദ്ദേശിക്കുന്നതു പ്രകാരം, ലെഫ്റ്റനന്റ ഗവര്‍ണറുടെ അഭിപ്രായം നേടേണ്ടതുണ്ട്.

പുതിയ ഭേദഗതിയില്‍ പറയുന്ന മൂന്നുവിഷയങ്ങളിലാണ് പ്രധാനമായും വിമര്‍ശനമുയരുന്നത്. സര്‍ക്കാര്‍ എന്നതിന്റെ നിര്‍വചനം ലെഫ്റ്റനന്റ് ഗവര്‍ണര്‍ എന്നാക്കിമാറ്റുന്നുവെന്നതാണ് ആദ്യത്തേത്. രണ്ടാമതായി, ഭൂമി, പൊലീസ്, ക്രമസമാധാനം എന്നീ വിഷയങ്ങളില്‍ ഒഴികെ മറ്റെല്ലാവിഷയങ്ങളും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന്റെ അധികാരപരിധിയ്ക്കുള്ളിലായിരുന്നത് പുതിയ ഭേദഗതിയിലൂടെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്കു കീഴിലാക്കുന്നുവെന്നത്. മൂന്നാമതായി, ഭരണപരമായ ദൈനംദിന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അന്വേഷണം നടത്താനുള്ള ഡല്‍ഹി നിയമസഭാ കമ്മിറ്റിയുടെ അധികാരത്തെ ഈ നിയമം ബാധിക്കുമെന്നതാണ്.
തിരിച്ചടിക്കുള്ള ബി.ജെ.പി പ്രതികരണം
ഡല്‍ഹിയിലെ കോണ്‍ഗ്രസിന്റെ തകര്‍ച്ച, അധികാരം പിടിച്ചെടുക്കാന്‍ തുണയാവുമെന്ന് പ്രതീക്ഷിച്ച ബി.ജെ.പിക്ക് അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം തിരിച്ചടി നേരിട്ടിരുന്നു. ജനാധിപത്യപരമായി അധികാരസ്ഥാനത്തെത്താന്‍ പറ്റാതായപ്പോള്‍ പരോക്ഷമായി രാജ്യതലസ്ഥാനത്തിന്റെ ഭരണം നിയന്ത്രിക്കാനുള്ള നീക്കമാണിത്. രാഷ്ട്രീയ കുതിരക്കച്ചവടങ്ങളിലൂടെയും മറ്റും പോണ്ടിച്ചേരിയടക്കമുള്ള പ്രദേശങ്ങളില്‍ ബി.ജെ.പി നിലയുറപ്പിച്ചു കഴിഞ്ഞു. നാളെ മറ്റുപല സംസ്ഥാനങ്ങളിലും ഇതുപോലുള്ള നീക്കങ്ങള്‍ ആവര്‍ത്തിച്ചേക്കാം. ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ ഈ നീക്കത്തിനെതിരെ വലിയ പ്രതിരോധങ്ങള്‍ ഉയരേണ്ടതുണ്ട്. എന്നാല്‍ ഡല്‍ഹിയിലെ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിയും ബംഗാള്‍ മുഖ്യമന്ത്രിയായ മമതാ ബാനാര്‍ജിയുമൊക്കെയായി ചുരുക്കം കോണുകളില്‍ മാത്രമാണ് ഇതിനെതിരെ പ്രതിഷേധം വന്നിരിക്കുന്നത്.
സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധിന്യായത്തിന് എതിരാണ് ഈ നിയമമെന്നാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞത്. ഇതിനെതിരെ എ.എ.പി നേതാക്കള്‍ പാര്‍ലമെന്റിനു സമീപനം പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
ഈ വിഷയത്തില്‍ ഡല്‍ഹി മുഖ്യമന്ത്രിയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് കത്തയച്ച മമത ബി.ജെ.പി ഇതര സര്‍ക്കാറുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ കൂടി പിന്തുണ തേടുമെന്നും അറിയിച്ചിട്ടുണ്ട്. ജനാധിപത്യത്തിനും ഭരണഘടനയ്ക്കും എതിരായ ബി.ജെ.പിയുടെ ഈ ആക്രമണത്തിനെതിരെ, സംസ്ഥാന സര്‍ക്കാറുകളുടെ അധികാരങ്ങളില്‍ വെള്ളം ചേര്‍ക്കാനുള്ള ഈ നീക്കത്തിനെതിരെ കൂട്ടായ പ്രതിരോധങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ടെന്നും മമതാ ബാനര്‍ജി പറയുന്നു. ഈ നിയമം ഡല്‍ഹിയുടെ ജനാധിപത്യപപരമായ അധികാരങ്ങള്‍ നശിപ്പിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാവ് അഭിഷേക് ഡത്ത് അഭിപ്രായപ്പെട്ടത്. അതേസമയം, പുതിയ അധികാര തര്‍ക്കത്തിന് മുതിരാതെ ഡല്‍ഹിയുടെ ഭരണ, വികസന കാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് എ.എ.പി ചെയ്യേണ്ടതെന്നു പറഞ്ഞ് ഈ വിമര്‍ശനങ്ങളെ തള്ളിക്കളയുകയാണ് ബി.ജെ.പി ചെയ്തത്.
പ്രമോദ് പുഴങ്കര
Jun 28, 2022
17 minutes read
ആകാശി ഭട്ട്
Jun 19, 2022
2 Minutes Read
ആഷിക്ക് കെ.പി.
Jun 18, 2022
7.6 minutes Read
കെ.വി. ദിവ്യശ്രീ
Jun 18, 2022
10 Minutes Read
Delhi Lens
Apr 21, 2022
4 minutes read
ഫിലിപോ ഒസെല്ല
Mar 27, 2022
7 Minutes Read
Joshy george
21 Mar 2021, 08:13 AM
ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കേണ്ടതാണ്.