അധ്യാപകരെ പ്രതിക്കൂട്ടിലാക്കുമ്പോൾ; ചില കോവിഡുകാല അനുഭവങ്ങൾ

കോവിഡ് പ്രതിസന്ധി വിദ്യാഭ്യാസ വ്യവസ്ഥയിലും വിദ്യാർഥികളിലുമുണ്ടാക്കിയ സങ്കീർണ്ണതകളും അധ്യയനനഷ്ടവും വിഭജനങ്ങളും സമൂഹം ഏറെ ചർച്ച ചെയ്തതാണ്. എന്നാൽ പാൻഡമിക് കാലത്തെ അധ്യാപകരും അധ്യാപകത്വവും എന്തായിരുന്നുവെന്ന അന്വേഷണത്തിലേക്ക് നാമധികം കടന്നുപോയിട്ടില്ല. അധ്യാപകർ വീടകങ്ങളിൽ സേഫ് ആയിരുന്നുവെന്ന മാധ്യമനിർമ്മിതികളുടെ അകവും പുറവും സ്‌കൂളുകൾ തുറക്കാൻ തയാറെടുക്കുന്ന സാഹചര്യത്തിൽ വിശദമായി പരിശോധിക്കുന്നു.

ലോകം കണ്ട ഏറ്റവും വലിയ സൈക്കോ - സോഷ്യൽ എക്‌സ്പെരിമെന്റായാണ് കോവിഡ് പ്രതിസന്ധിയെ യു.എൻ. വിശേഷിപ്പിച്ചത്. ഒരു മെഡിക്കൽ എമർജൻസിയായി തുടങ്ങിയെങ്കിലും വ്യത്യസ്ത പ്രായഘടനയിൽപ്പെട്ട മനുഷ്യരുടെ സാമൂഹിക - ശാരീരിക - മാനസിക - വൈകാരികതലങ്ങളിൽ
കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയുടെ ആഴവും വ്യാപ്തിയും നമുക്കിന്ന് അടുത്തറിയാം. കോവിഡ് പ്രതിസന്ധി വിദ്യാഭ്യാസ വ്യവസ്ഥയിലും വിദ്യാർഥികളിലുമുണ്ടാക്കിയ സങ്കീർണ്ണതകളും അധ്യയനനഷ്ടവും
വിഭജനങ്ങളും സമൂഹം ഏറെ ചർച്ച ചെയ്തതാണ്. എന്നാൽ പാൻഡമിക് കാലത്തെ അധ്യാപകരും അധ്യാപകത്വവും എന്തായിരുന്നുവെന്ന അന്വേഷണത്തിലേക്ക് നാമധികം കടന്നുപോയിട്ടില്ല. അധ്യാപകർ
വീടകങ്ങളിൽ സേഫ് ആയിരുന്നുവെന്ന മാധ്യമനിർമ്മിതികളുടെ അകവും പുറവും സ്‌കൂളുകൾ തുറക്കാൻ തയാറെടുക്കുന്ന ഈ ഘട്ടത്തിലെങ്കിലും പരിശോധിക്കേണ്ടതുണ്ട്.

വിദ്യാലയമെന്ന യാഥാർത്ഥ്യവും, ഡിജിറ്റൽ വിദ്യാഭ്യാസമെന്ന പ്രതീതിയും, യുദ്ധങ്ങളും, കലാപങ്ങളും, പട്ടിണിയും, കാലാവസ്ഥാമാറ്റങ്ങളും, കൂട്ടപ്പലായനങ്ങളും ലോകമെങ്ങുമുള്ള വിദ്യാഭ്യാസ വ്യവസ്ഥയിലേൽപ്പിച്ച ആഘാതങ്ങൾ ചെറുതല്ല. അതിലേക്കാണ് കോവിഡ് ഫ്യൂച്ചർ ഷോക്കായി കടന്നുവന്നത്. ലോകത്തെ 190 ഓളം രാജ്യങ്ങളിലെ 1.6 ബില്യൺ വിദ്യാർത്ഥികൾ അടച്ചുപൂട്ടപ്പെട്ട നിലയിലായതിന്റെ പ്രത്യാഘാതങ്ങൾ പലരാജ്യങ്ങളിലും സ്‌കൂളുകൾ തുറന്നപ്പോഴാണ് ലോകത്തിനു ബോധ്യമായത്. പ്രാന്തവൽ‍‍കൃതവിഭാഗങ്ങളിലെ വലിയൊരു വിഭാഗം കുട്ടികൾ, പ്രത്യേകിച്ച് പെൺകുട്ടികൾ സ്‌കൂളുകളിൽ തിരിച്ചെത്തിയില്ല. മാതാപിതാക്കളുടെ തൊഴിൽനഷ്ടവും കുടുംബത്തിന്റെ സാമ്പത്തികപ്രശ്‌നങ്ങളും പരിഹരിക്കാൻ പലരും നിർബന്ധിതമായി ബാലവേലയിലേക്കും ബാല്യവിവാഹങ്ങളിലേക്കും നയിക്കപ്പെട്ടു. തുടർച്ചയായ സ്‌കൂൾ അടച്ചിടലിന്റെയും അധ്യയനനഷ്ടത്തിന്റെയും ഫലമായി വായനയിലും എഴുത്തിലും ഗണിതത്തിലുമുള്ള ശേഷികൾ നഷ്ടമാവുകയും വിദ്യാഭ്യാസാടിത്തറ ഇല്ലാതാവുകയും ചെയ്തു. സ്‌കൂളുകളിലേയ്ക്ക് മടങ്ങിയെത്തിയവരുടെ മാനസിക - വൈകാരികാരോഗ്യവും ദുർബലമാണ്.

അടച്ചിടൽ കാലത്തെ പ്രശ്‌നപരിഹാരമെന്ന നിലയിൽ കടന്നുവരികയും ചില
ടെക്‌നോക്രാറ്റുകളും ബ്യൂറോക്രാറ്റുകളും ഇരുപത്തൊന്നാം നൂറ്റാണ്ടിലെ വിദ്യാഭ്യാസമെന്ന നിലയിൽ അവതരിപ്പിക്കുകയും ചെയ്ത ഡിജിറ്റൽവിദ്യാഭ്യാസം കേവലം പ്രതീതി യഥാർത്ഥ്യം (virtual reality) മാത്രമാണെന്നും ബോധ്യപ്പെട്ടു. ഭരണകൂടങ്ങൾ പറയുന്നതും വിദ്യാഭ്യാസത്തിൽ സംഭവിക്കുന്നതും തമ്മിലുള്ള അന്തരവും കോവിഡ് കാലം വലിച്ചു പുറത്തിട്ടു. കുട്ടികളെ മാത്രമല്ല വിദ്യാഭ്യാസ വ്യവസ്ഥയെയൊന്നാകെ ബാധിച്ച പ്രതിസന്ധിയെന്ന നിലയിൽ ഇക്കാലം അധ്യാപകരിലുണ്ടാക്കിയ പ്രതികരണങ്ങൾ കൂടി പരിശോധിക്കേണ്ടതുണ്ട്. ലോകത്തെ 63 മില്യൺ അധ്യാപകരും കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട സ്‌കൂൾ അടച്ചുപൂട്ടലിനു വിധേയരായി. ഡിജിറ്റൽ സങ്കേതങ്ങളുടെ പ്രാപ്യതയും ലഭ്യതയും കുട്ടികൾക്കെന്നപോലെ മലയോര മേഖലകളിലെയും വിദൂരപ്രദേശങ്ങളിലെയും ഗ്രാമീണ മേഖലകളിലെയും അധ്യാപകരിലും പ്രതിസന്ധികൾ സൃഷ്ടിച്ചു.

67 രാജ്യങ്ങളിലെ 93 അധ്യാപക സംഘടനകളുമായി ബന്ധപ്പെട്ടു നടത്തിയ പഠനത്തിൽ സ്വകാര്യ വിദ്യാലയങ്ങളിലെ മൂന്നിൽ രണ്ട് അധ്യാപകരും സാലറി വെട്ടിക്കുറയ്ക്കലിനും, പൂർണ്ണമോ ഭാഗികമോ തൊഴിൽനഷ്ടത്തിനും വിധേയരായിയെന്ന് എജ്യൂക്കേഷൻ ഇന്റർനാഷണലിന്റെ പഠന റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഒട്ടുമിക്ക രാജ്യങ്ങളിലും പൊതുമേഖലയിലെ സ്‌കൂളുകളും അടച്ചുപൂട്ടലിന്റെ നിഴലിലാണ്. അധ്യാപകതസ്തികകൾ വെട്ടിക്കുറയ്ക്കപ്പെടുകയും നിയമനങ്ങൾ മരവിപ്പിച്ചിരിക്കുകയും ചെയ്യുന്നു. അധ്യാപനമുപേക്ഷിച്ച് തൊഴിലുറപ്പു ജോലിയിലേയ്ക്കും കൂലിപ്പണിയിലേയ്ക്കും പോകുന്ന അധ്യാപകരെക്കുറിച്ചുള്ള വാർത്തകൾ ഇന്ത്യയിലുമുണ്ടായി. ജനാധിപത്യ ഭരണകൂടങ്ങളിലും ഒളിപ്പിക്കപ്പെട്ട ഫാസിസ്റ്റ് പ്രത്യയശാസ്ത്ര പരിസരങ്ങളുണ്ടെന്ന് കോവിഡനുഭവങ്ങൾ വിദ്യാഭ്യാസത്തെ ഓർമ്മിപ്പിച്ചു. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റുകൾ തന്നെ ഫ്രാങ്കൻസ്‌റ്റൈൻ മോൺസ്റ്ററുകളായി മനുഷ്യാവകാശങ്ങളും അക്കാദമിക സ്വാതന്ത്ര്യവും കവർന്നെടുക്കുന്നതിന്റെയും അധ്യാപകർക്കും ക്ലാസ്‌റൂമുകൾക്കും മേൽ നിരീക്ഷണത്തിന്റെ നീരാളിക്കൈകളാഴ്ത്തുന്നതിന്റെയും ദ്യശ്യങ്ങളും പാൻഡമിക് അനുഭവങ്ങളായി നമ്മിലേക്കെത്തുകയുണ്ടായി. വിവിധ രാജ്യങ്ങളിലായി ജനകീയപ്രതിരോധങ്ങൾക്ക് നേതൃത്വം നൽകിയതിന്റെ പേരിൽ ജയിലിലടയ്ക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തവരിൽ നിരവധി അധ്യാപകരും വിദ്യാഭ്യാസപ്രവർത്തകരുമുണ്ടെന്നത് കോവിഡ് കാലത്തെ അധ്യാപക ജീവിതത്തിന്റെ അപകടാവസ്ഥകളെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുന്നു.

അധ്യാപകരും സ്വത്വപ്രതിസന്ധിയും

വിദ്യാഭ്യാസവ്യവസ്ഥയും അധ്യാപകരും നേരിടുന്ന സ്വത്വപ്രതിസന്ധി പാൻഡമിക് കാലത്തിന്റെ മാത്രം സൃഷ്ടിയല്ല. സാമൂഹ്യ വികസനസൂചികകളിൽ മുന്നിൽ നിൽക്കുന്ന ചുരുക്കം ചില രാജ്യങ്ങളിലൊഴികെ, അധ്യാപനം ആകർഷണീയമായ ഒരു പ്രൊഫഷനല്ല. അധ്യാപകരുടെ സാമൂഹ്യപദവിയും ശമ്പളവും മറ്റ് പ്രൊഫഷണലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ യു.എസിലും യൂറോപ്യൻ രാജ്യങ്ങളിലും പോലും ഏറെ താഴെയാണ്. പകുതി സമയം സ്‌കൂളുകളിലും പിന്നീട് മറ്റു ജോലികളിലും ഏർപ്പെട്ടാൽ മാത്രം ജീവിക്കാനാവുന്ന സാഹചര്യമാണ് യു.എസിൽ ഉൾപ്പെടെ അധ്യാപകർക്കുള്ളത്.

കരിക്കുലം രൂപീകരണ പ്രക്രിയയിലോ പാഠപുസ്തക നിർമ്മാണത്തിലോ അധ്യാപകർക്കുള്ള സ്വാതന്ത്ര്യവും പരിമിതമാണ്. സ്ഥിരം അധ്യാപകർ ആവശ്യമില്ല എന്ന അന്തർദേശീയ ധനകാര്യ ഏജൻസികളുടെ വ്യവസ്ഥയ്ക്കു വിധേയമായി കോൺട്രാക്ട്‌ നിയമനങ്ങളും ടെന്വർ ട്രാക്ക് സമ്പ്രദായവും കുറഞ്ഞ ശമ്പളവും താഴ്ന്ന ജീവിതനിലവാരവും ലോകമെങ്ങും അധ്യാപകത്വത്തെ കൂലിത്തൊഴിലെന്ന നിലയിലേക്ക് പരിവർത്തിപ്പിച്ചിട്ടുണ്ട്. അധ്യാപകരെന്ന തൊഴിൽസമൂഹത്തിന്റെ പ്രവൃത്തിയേയും ഉത്തരവാദിത്തത്തേയും ആത്മനിയന്ത്രണത്തിന്റെ ഭാഗമായ മാനസിക - വൈകാരിക സമ്മർദ്ദങ്ങളെയും കുറിച്ചുള്ള കാഴ്ചപ്പാടുകൾ സാമൂഹിക നിരീക്ഷണങ്ങളായി മാറുന്നുവെന്നാണ് ഇക്കാര്യങ്ങൾ ഓർമ്മിപ്പിക്കുന്നത്.

മറ്റൊരു സമൂഹത്തിനുമില്ലാത്ത ആദർശവത്ക്കരണത്തിന്റെ ഹാലോ സമൂഹം അധ്യാപകർക്കു കല്പിച്ചുകൊടുക്കുന്നുണ്ട്. വാചികവിദ്യാഭ്യാസം ആരംഭിച്ച കാലഘട്ടം മുതൽ തുടരുന്ന അധ്യാപക കേന്ദ്രീകൃതമായ ആദർശവത്ക്കരണത്തിന്റെ വാർപ്പുമാതൃകകൾ മറ്റു പ്രൊഫഷണൽ സമൂഹങ്ങളിൽ നിന്നു വ്യത്യസ്തമായി അധ്യാപകരെ അടയാളപ്പെടുത്തുന്നു അതുകൊണ്ടാണ് അധ്യാപകരുടെ വാക്കും നോക്കും സമൂഹം സൂക്ഷ്മദർശനിയിലൂടെ വിശകലന വിധേയമാക്കുന്നത്. വിദ്യാലയം എന്ന ജൈവവ്യവസ്ഥയുടെ, സുരക്ഷിത സാമൂഹികകേന്ദ്രത്തിന്റെ പ്രസക്തിയും പ്രാധാന്യവും പൊതുസമൂഹത്തിന് ഏറെ ബോധ്യമായ കാലഘട്ടത്തിലും അധ്യാപകർ നിരന്തരം സാമൂഹികവിമർശനത്തിനു വിധേയ
മാകുന്നതെന്തുകൊണ്ടെന്ന ചോദ്യം ഇൻട്രോസ്‌പെക്ഷനെന്ന നിലയിൽ അധ്യാപകർ സ്വയം ചോദിക്കേണ്ടതുണ്ട്.

കഴിഞ്ഞ പത്തുമുപ്പതു വർഷങ്ങളായി ലോകമെങ്ങും നടക്കുന്ന ബോധനശാസ്ത്രപരമായ പരീക്ഷണങ്ങളിൽ നിരന്തരം ഉയർന്നു കേൾക്കുന്ന പദമാണ് ഫെസിലിറ്റേറ്റർ. കേവലമായ ഒരു പ്രയോഗമെന്നതിനപ്പുറം ആശയതലത്തിൽ അധ്യാപനത്തിലെ ഫെസിലിറ്റേഷൻ എന്തെന്നോ എങ്ങനെയെന്നോ കൃത്യമായി വിശദീകരിക്കപ്പെട്ടിട്ടില്ല. വ്യത്യസ്ത വ്യാഖ്യാനങ്ങൾക്ക് സാധ്യത നൽകുന്ന നിർവചനങ്ങൾ അധ്യാപകരിൽ സൃഷ്ടിക്കുന്ന സ്വത്വപ്രതിസന്ധി ചർച്ച ചെയ്യപ്പെടുന്നുമില്ല. ഉദാത്തീകരണത്തിന്റെ ആദർശ മാതൃകകൾക്കും ഫെസിലിറ്റേഷന്റെ പരിമിത സാധ്യതകൾക്കുമിടയിലാണ് അധ്യാപകലോകം നിലകൊള്ളുന്നത്. മിനിമൽ ഗൈഡൻസ് മാത്രം നൽകി അറിവു നിർമ്മാണത്തിലേക്ക് കുട്ടിയെ നയിക്കുന്ന ഫെസിലിറ്റേറ്റർ കാല്പനികസുഖമുള്ള പ്രയോഗമെങ്കിലും പഠന - ബോധന പ്രക്രിയയെ സംബന്ധിച്ച് ശാസ്ത്രീയമായ സമീപനമല്ലെന്ന് കേരളത്തിന്റെയുൾപ്പെടെയുള്ള അനുഭവങ്ങൾ വ്യക്തമാക്കുന്നുണ്ട്.

ക്ലാസ്മുറിയിലെ അധ്യാപകന്റെ/അധ്യാപികയുടെ പരിമിത സാന്നിധ്യവും ദുർബലാവസ്ഥയും ജനാധിപത്യക്ലാസ് മുറിയെ വളരെപ്പെട്ടെന്ന് അരാജകത്വത്തിലേക്കു നയിക്കാനിടയുണ്ട്. പര്യാപ്തമായ മുന്നനുഭവങ്ങളും അറിവിന്റെ അടിത്തറയും കൈത്താങ്ങു നൽകലും സാധ്യമല്ലാത്ത കുടുംബസാഹചര്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ
അറിവ് നിർമ്മാണസാധ്യത തന്നെ ഇല്ലാതായേക്കാം. ഇതിനൊപ്പം ക്ലാസ്മുറിയിലെ അധ്യാപകന്റെ/അധ്യാപികയുടെ പരിമിത ഇടപെടൽ മാത്രമായി പഠന - ബോധന സമ്പ്രദായം മാറുമ്പോൾ കുട്ടികളിൽ കൊഗ്‌നിറ്റീവ്‌ലോഡ് എന്ന പഠനപ്രശ്‌നവും ഉണ്ടായേക്കാം.

വിഷയമേഖലയിലും പെഡഗോജിയിലും അറിവും അനുഭവപരിചയവുമുള്ള അധ്യാപകന്റെ/അധ്യാപികയുടെ ഇടപെടലും പിന്തുണയും പ്രശ്‌നപരിഹരണവും പഠനപ്രകിയയിൽ അനിവാര്യമെന്ന ശാസ്ത്രീയനിഗമനങ്ങളുടെ അടിസ്ഥാനത്തിൽ ക്ലാസ് റൂമിനേയും അധ്യാപകത്വത്തെയും സംബന്ധിക്കുന്ന കാഴ്ചപ്പാടുകളെ സമീപിക്കേണ്ടതുണ്ട്. പുതിയ പഠനബോധനരീതികൾ ക്ലാസ്മുറിയെ ജനാധിപത്യപരമായി പുനർ നിർവചിച്ചുവെന്നു പറയുമ്പോൾ അത് അധ്യാപകരുടെ പഠനപ്രക്രിയയിലെ റോളിനെ/ഇടപെടലുകളെ/സാധ്യതകളെ/ അവകാശങ്ങളെ എങ്ങനെ നിർവചിച്ചുവെന്നുകൂടി വിലയിരുത്തേണ്ടതുണ്ട്.

മൾട്ടി ടാസ്കിംഗും മാനസികാരോഗ്യവും

അധ്യാപനമെന്ന പ്രക്രിയയാണ് ആത്യന്തികമായി വിദ്യാലയങ്ങളിൽ നടക്കേണ്ടത്. പഠനമെന്ന സമഗ്രവും സമ്പൂർണ്ണവുമായ പ്രക്രിയയാണ് സ്‌കൂളുകളിൽ നടക്കേണ്ടതെന്നും അതിന് ഫലപ്രദമായ
പഠനസാഹചര്യങ്ങളും പിന്തുണാ സംവിധാനങ്ങളും ഉണ്ടാവേണ്ടതുണ്ടെന്നും വിവിധ റിപ്പോർട്ടുകളും പഠനങ്ങളും കാലാകാലങ്ങളിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അക്കാദമികമായ അന്വേഷണങ്ങളുടേയും പഠന - ബോധന സമയത്തിന്റെയും കുറവും അനുബന്ധ പ്രവർത്തനങ്ങളുടേയും റെക്കോർഡുകളുടേയും ഡിജിറ്റലധിഷ്ഠിത രേഖപ്പെടുത്തലുകളുടെയും ആധിക്യവും അധ്യാപകരെ മൾട്ടിടാസ്‌ക്കേഴ്‌സ് ആക്കി മാറ്റുന്നുണ്ട്. ഉള്ളടക്കപരവും ബോധനശാസ്ത്രപരവുമായ അന്വേഷണങ്ങൾക്കും നവീകരണങ്ങൾക്കും പകരം വിദ്യാഭ്യാസബാഹ്യമോ, വിദ്യാഭ്യാസേതരമോ ആയ കാര്യങ്ങൾക്കു നൽകുന്ന മുൻതൂക്കം അധ്യാപക - വിദ്യാർഥി ബന്ധത്തിന്റെ ജൈവികതയേയും പഠനപ്രവർത്തനങ്ങളുടെ നൈരന്തര്യത്തെയും ബാധിക്കുന്ന നിലയിലാണ്. ക്ലസ്റ്ററുകളും സ്‌കൂൾ റിസോഴ്‌സ് ഗ്രൂപ്പുകളും സബ്ജക്ട് റിസോഴ്‌സ് ഗ്രൂപ്പുകളുമൊക്കെ അക്കാദമിക കൂട്ടായ്മകളെന്ന നിലയിൽ നടത്തുന്ന പ്രവർത്തനങ്ങൾ പുനരാലോചനയ്ക്കു വിധേയമാക്കേണ്ടതുണ്ട്.

Photo : Muhammed Hanan

സ്‌കൂളുകളിൽ നടക്കുന്ന പ്രഭാത-ഉച്ചഭക്ഷണ - യൂണിഫോം വിതരണമുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയിലാക്കിയാൽ അക്കാദമിക പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്താൻ അധ്യാപകർക്കു കഴിയും. കോവിഡ് കാലത്തെ സ്‌കൂൾ അടച്ചിടലിന്റെ പശ്ചാത്തലത്തിൽ കുട്ടികൾക്കൊപ്പം, ലോകമെങ്ങുമുള്ള അധ്യാപകരും കടുത്ത മാനസിക സമ്മർദ്ദവും ഒറ്റപ്പെടലും അനുഭവിക്കുന്നുവെന്ന് യുനെസ്‌കൊ വിവിധ രാജ്യങ്ങളിൽ നടത്തിയ പഠനം സൂചിപ്പിക്കുന്നു. എസ്.സി.ഇ.ആർ.ടി.യും വിമൻസ് കോളേജിലെ മനശാസ്ത്രവിഭാഗവും ചേർന്നു നടത്തിയ പഠനത്തിൽ കേരളത്തിലെ 25.73 അധ്യാപകരും ഏകാന്തതയും ഒറ്റപ്പെടലും അനുഭവിക്കുന്നവരാണെന്നാണ് കണ്ടെത്തിയത് (പഠനം ട്രൂ കോപ്പി തിങ്ക് പ്രസിദ്ധീകരിച്ചിരുന്നു). കേരളത്തിലെ നാലിലൊരു ഭാഗം അധ്യാപകർ ഒറ്റപ്പെടൽ അനുഭവിക്കുന്നുവെങ്കിൽ അത് കുട്ടികളിൽനിന്നും സമൂഹത്തിൽനിന്നും അകന്നുപോയതിന്റെ അടയാളമായിക്കൂടി വായിക്കാം. 10.68% പേർക്ക് അസ്വസ്ഥതകളും 12.86 പേർക്ക് വിഷാദലക്ഷണങ്ങളും 11.89% ആളുകൾ ഉത്കണ്ഠയ്ക്കുമടിമപ്പെട്ടുവെന്നാണ് പഠനം വെളിവാക്കുന്നത്. കേരളത്തിലെ അധ്യാപകർ മികച്ച സാമൂഹികപദവിയും താരതമ്യേന മികച്ച ജീവിതനിലവാരവും പുലർത്തുന്നവരായിട്ടും മാനസിക - വൈകാരികാരോഗ്യത്തിന്റെ കുറവും വിള്ളലുകളും അപകടകരമായ സൂചകമായി പരിഗണിക്കേണ്ടതുണ്ട്. ഇതിനു മുമ്പ് 2017-ൽ നടന്ന നാഷണൽ അച്ചീവ്‌മെന്റ് സർവേയിൽ കേരളത്തിലെ 48% അധ്യാപകർക്ക് പ്രൊഫഷണൽ സംതൃപ്തിയില്ലയെന്ന കണ്ടെത്തൽ കൂടി ഇതിനൊപ്പം ചേർത്തുവായിക്കണം.

സന്തോഷത്തിന്റെയും സംതൃപ്തിയുടെയും സൂചകങ്ങളിൽ നമ്മുടെ അധ്യാപകർ പിന്നിലായിരിക്കുന്നതിന്റെ കാരണമെന്താവാം? വിദ്യാർത്ഥികളേയും വിദ്യാഭ്യാസ വ്യവസ്ഥയെയുമാകെ ബാധിക്കാവുന്നതാണ് അധ്യാപകന്റെ/അധ്യാപികയുടെ മാനസിക - വൈകാരികാരോഗ്യമെന്നതിനാൽ ഇക്കാര്യങ്ങളിൽ സവിശേഷ ശ്രദ്ധ ആവശ്യമാണ്. കുട്ടികളുടെ അവകാശങ്ങളും അധ്യാപകരുടെ മനുഷ്യാവകാശങ്ങളും തമ്മിലുണ്ടാവേണ്ട സമീകരണമാണ് വിദ്യാലയങ്ങളിലെ മറ്റൊരു പ്രശ്‌നം. അവകാശാധിഷ്ഠിത വിദ്യാലയമെന്ന കാഴ്ചപ്പാട് അധ്യാപകരുടെ അവകാശങ്ങളെക്കൂടി പരിഗണിച്ചുകൊണ്ട് അർത്ഥപൂർണ്ണമാക്കുന്നതാണ് നമ്മുടേതു പോലുള്ള കളക്ടീവ് സമൂഹങ്ങളിൽ അനിവാര്യം.

പ്രതിസന്ധിക്കാലത്തെ അധ്യാപകർ

കേരളത്തിലെ പത്രമാധ്യമങ്ങളിലുൾപ്പെടെ കോവിഡ് പ്രതിസന്ധിയ്ക്കിടെ ഉയർന്നുവന്ന പ്രധാന ചോദ്യങ്ങളിലൊന്ന് അധ്യാപകർ എന്തെടുക്കുകയാണ് എന്നതാണ്. രണ്ട് വർഷമായി തൊഴിലെടുക്കാതെ ശമ്പളം വാങ്ങുന്നുവെന്നാണ് നവമാധ്യമങ്ങളിലെ ട്രോളുകൾ കളിയായും കാര്യമായും അധ്യാപകരെക്കുറിച്ചു നിരീക്ഷിച്ചത്. മറ്റു തൊഴിൽ സമൂഹങ്ങളുടേതുപോലെ കൃത്യമായി ക്വാണ്ടിഫൈ ചെയ്യാനും ഒരു പെർഫോമൻസ് ഓഡിറ്റിനു വിധേയമാക്കാനും കഴിയാത്ത ഗുണാത്മകവും ആപേക്ഷികവുമായ ചില ഘടകങ്ങളുണ്ട് വിദ്യാഭ്യാസ പ്രക്രിയയിൽ. വിദ്യാഭ്യാസത്തെ ജൈവികമാക്കി മാറ്റുന്നത് ഇത്തരം ചില സൂക്ഷ്മ പ്രക്രിയകളും സംവേദനത്വവുമാണ്. ഇത് തിരിച്ചറിയപ്പെടാതെ പോകുന്നുവെന്നതാണ് അധ്യാപകരെക്കുറിക്കുന്ന സാമൂഹിക വിമർശനങ്ങളുടെയടിസ്ഥാനം.

Photo : Victers Channel Sreenshot

നിർദ്ദേശങ്ങളൊന്നുമില്ലാതെ തന്നെ ഫസ്റ്റ്‌ബെൽ ക്ലാസുകൾക്കു പുറമെ സ്‌കൂൾ തലത്തിൽ വികേന്ദ്രീകൃതമായി ഓൺലൈൻ ക്ലാസുകൾ നടത്തിയവരാണ് കേരളത്തിലെ ഭൂരിപക്ഷം അധ്യാപകരും. പഠന
ഗ്രൂപ്പുകൾ വഴി പ്രവർത്തനങ്ങളും വർക്ക്ഷീറ്റുകളും മികച്ച ഡിജിറ്റൽ പഠനമാതൃകകളും സ്‌കൂൾ തലത്തിലെ ലേണിംഗ് മാനേജ്‌മെന്റ് സിസ്റ്റമുൾപ്പെടെ ചിലയിടങ്ങളിൽ വികസിപ്പിച്ചിട്ടുണ്ട്. സമൂഹബന്ധിതമായി നടത്തിയ വായനശാലകളിലെയും അങ്കണവാടികളിലെയും അക്ഷരകേന്ദ്രങ്ങളിലെയും ഊരുവിദ്യാകേന്ദ്രങ്ങളിലെയും പഠനകേന്ദ്രങ്ങളിൽ സജീവമായി ഇടപെട്ട ഏറെ അധ്യാപകരുണ്ട്. പ്രാദേശിക കൂട്ടായ്മകൾ രൂപീകരിച്ചും വീടുകളിൽ നേരിട്ടെത്തിയും വൈവിധ്യമുള്ള പഠന പ്രവർത്തനങ്ങൾ ഏറ്റെടുത്തും മികച്ച മാതൃകകൾ അവതരിപ്പിച്ച വിദ്യാലയങ്ങളുണ്ട്. കലോത്സവങ്ങളിലൂടെയും സർഗോത്സവങ്ങളിലൂടെയും ശാസ്‌ത്രോത്സവങ്ങളിലൂടെയും കുട്ടികളെ സർഗാത്മകമായും കലാപരമായും പ്രചോദിപ്പിച്ചവരുണ്ട്. പഠനമുപേക്ഷിക്കാൻ പോലും സാധ്യതയുണ്ടായിരുന്നവരെ സ്‌കൂളിനൊപ്പം ചേർത്തു നിർത്തിയവ
രുണ്ട്. അക്കാദമിക പ്രവർത്തനങ്ങൾക്കൊപ്പം അഡ്മിഷൻ, പരീക്ഷകൾ, വാലുവേഷൻ, സമ്പൂർണ്ണ രേഖപ്പെടുത്തൽ, കിറ്റ് വിതരണം, പുസ്തക - യൂണിഫോം വിതരണം, സ്‌കോളർഷിപ്പുകൾ എന്നിവയ്ക്കായും
ഓൺലൈൻ ക്ലാസുകൾക്കൊപ്പം അധ്യാപകർ വിദ്യാലയങ്ങളിൽ സജീവമായിരുന്നു.

കോവിഡിന്റെ ഒന്നാം ഘട്ടത്തിലെ ടി വി ചലഞ്ചിലും, രണ്ടാം ഘട്ടത്തിലെ ലാപ്‌ടോപ്പ്/മൊബൈൽ ചലഞ്ചിലും സജീവമായി ഇടപെട്ട നിരവധി വിദ്യാലയങ്ങളുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായ ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ, ചെക്ക് പോസ്റ്റുകൾ, പഞ്ചായത്തുകളിലെ റാപ്പിഡ് റെസ്‌പോൺസ് ടീം, ഡേറ്റാ സെന്റർ, എയർപോർട്ടുകൾ, റെയിൽവേ സ്റ്റേഷനുകൾ, റേഷൻ കടകൾ, മത്സ്യ വിപണനകേന്ദ്രങ്ങൾ, സെക്ടറൽ മജിസ്‌ട്രേറ്റ്, തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ എന്നിങ്ങനെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അങ്കൺവാടി അധ്യാപകർ മുതൽ യൂണിവേഴ്‌സിറ്റി അധ്യാപകർവരെ ഇടപെട്ടിരുന്നു. ഇതൊന്നും പരിഗണിക്കാതെ പൊതുവിദ്യാഭ്യാസക്രമത്തെ ആക്രമിക്കുന്നതിനു പിന്നിൽ പൊതുവായതൊന്നും ആരുടേതുമല്ല എന്ന ആൾക്കൂട്ട മനഃസ്ഥിതിയെങ്കിൽ പൊതുവിദ്യാഭ്യാസത്തിലും പൊതുജനാരോഗ്യത്തിലും നാം നടത്തിയ ദീർഘകാല നിക്ഷേപങ്ങളാണ് കേരളത്തിന്റെ സാമൂഹികപുരോഗതിയുടെ സൂചകമെന്നത് മറക്കാവതല്ല. അതിൽ അധ്യാപകരുടെയും വിദ്യാഭ്യാസ പ്രവർത്തകരുടെയും അധ്വാനമുണ്ട്, അടയാളമുദ്രകളുണ്ട്. പി.പി. രാമചന്ദ്രന്റെ കവിതയിലേതുപോലെ മധുരമായ കൂവലും അടയിരുന്നതിന്റെ ചൂടും താഴേയ്ക്കിട്ട ഓർമ്മത്തൂവലുകളുമുണ്ട്.

ഉള്ളിലേയ്ക്കുള്ള നോട്ടങ്ങൾ

പാൻഡമിക് അനന്തരകാലഘട്ടത്തിലെ പെഡഗോജി എന്ന നിലയിൽ ഒരു "പാൻഡമഗോജി'ലോകമെങ്ങും രൂപപ്പെടുകയാണ്. വ്യക്തി - സാമൂഹികാരോഗ്യശീലങ്ങളും സ്വാവബോധവും സാമൂഹ്യബോധവും സഹഭാവവും ക്രിയാത്മക - സർഗാത്മകചിന്തകളും മാനസിക - വൈകാരികക്ഷമതയും പാരിസ്ഥിതികാവബോധവും പ്രതിസന്ധികളെ കൂട്ടായി നേരിടാനുള്ള അതിജീവനശേഷിയും പാൻഡമഗോജിയിലൂടെ കൈവരിക്കാനാവണം. ലോകമെങ്ങും ജനാധിപത്യപരവും നീതിയുക്തവും അവകാശാധിഷ്ഠിതവുമായ കോവിഡനന്തര സമൂഹനിർമ്മിതി സാധ്യമാക്കാനുള്ള ശ്രമങ്ങളുടെ മുൻനിരപ്പോരാളികൾ നിശ്ചയമായും അധ്യാപകരാണ്. ആ നിലയിൽ അധ്യാപകരെ/അധ്യാപനത്തെ സമൂഹനിർമ്മിതിയുടെ സൂക്ഷ്മപ്രക്രിയയെന്ന നിലയിൽ പുനർനിർവചിക്കേണ്ടതുണ്ട്. ഉള്ളടക്കപരമായ അറിവുകളെയും ബോധന രൂപങ്ങളെയും മാത്രമല്ല അധ്യാപകത്വത്തെത്തന്നെ നിർണ്ണയിക്കുന്ന ആഴമേറിയ അന്വേഷണങ്ങളും സ്വയംവിലയിരുത്തലുകളുമാണ് ഉണ്ടാവേണ്ടത്.


കെ.വി. മനോജ്

എസ്.സി.ഇ.ആർ.ടി മുൻ റിസർച്ച് ഓഫീസർ.ദേശീയ വിദ്യാഭ്യാസനയം -ചരിത്രം, ദർശനം, രാഷ്ട്രീയം, ഓൺലൈൻ വിദ്യാഭ്യാസം - പ്രയോഗം, പ്രതിവായന എന്നീ പുസ്തകങ്ങളുടെ എഡിറ്റർ.

Comments