truecoppy
MORE
Truecopy Home
Readers
are
Thinkers

Monday, 08 August 2022

truecoppy
Truecopy Logo
Readers are Thinkers

Monday, 08 August 2022

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
chandala

Bricolage

'ചണ്ഡാലഭിക്ഷുകി'യെ
വിഗ്രഹിക്കുവതെങ്ങനെ?

'ചണ്ഡാലഭിക്ഷുകി'യെ വിഗ്രഹിക്കുവതെങ്ങനെ?

ചണ്ഡാലഭിക്ഷുകിയും അതിനെ അടിസ്ഥാനമാക്കിയ മോട്ടിഫുകളും പ്രിയങ്കരമായി തുടരുന്നതുപോലെ ജാതിയും അതിന്റെ "കാണാവ്യവസ്ഥകളും' പലമട്ടില്‍ പ്രിയങ്കരമായി തുടരുന്നുവെന്ന വൈപരീത്യം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. കേരളനവോത്ഥാനം എന്ന വ്യവഹാരം പ്രശ്നവല്‍കൃതമാകുന്ന മറ്റൊരു സന്ദര്‍ഭംകൂടിയാവുന്നു ഇത്. Bricolage, പുതിയ പരമ്പര തുടങ്ങുന്നു.

4 Jul 2022, 10:45 AM

അജു കെ. നാരായണന്‍

കുമാരനാശാന്‍ രചിച്ച ഖണ്ഡകാവ്യമായ "ചണ്ഡാലഭിക്ഷുകി'ക്ക് നൂറ് വയസ്സായിരിക്കുന്നു. കേരളത്തിലെ ഗ്രന്ഥ / വായനശാലകളും വിദ്യാഭ്യാസസ്ഥാപനങ്ങളും മറ്റു സാംസ്‌കാരികസമിതികളും ഈ കൃതിയെ കുറിച്ച്​ ചര്‍ച്ച നടത്തിവരികയാണ്​. കേരളചരിത്രത്തോടും സമകാലിക സന്ദര്‍ഭത്തോടും ചേര്‍ത്തുവെച്ച്​ ഒരു കാവ്യവും കവിയും വീണ്ടും ചര്‍ച്ച ചെയ്യപ്പെടുന്നുവെന്നത് സാര്‍ത്ഥകവൃത്തിയാകുന്നു.

ചണ്ഡാലഭിക്ഷുകി എന്ന കാവ്യവിഗ്രഹം

മലയാളകവിതയില്‍ കാല്പനികവസന്തത്തിനു തുടക്കം കുറിച്ച കവികളില്‍ ഒരാളായ കുമാരനാശാന്റെ രചനകള്‍ കേരള സമൂഹത്തില്‍ വിവിധ പരിവര്‍ത്തനങ്ങള്‍ വരുത്താൻ സഹായകരമായിട്ടുണ്ട്. ബുദ്ധമതത്തിന്റെ ആശയാവലികളോട് ആധമര്‍ണ്യം പുലര്‍ത്തിയ അദ്ദേഹം ബുദ്ധമതപശ്ചാത്തലത്തില്‍ ഏതാനും കൃതികള്‍ രചിച്ചിട്ടുണ്ട്​ - ചണ്ഡാലഭിക്ഷുകി, കരുണ എന്നിവ.  ശ്രീബുദ്ധചരിതം എന്ന പേരില്‍ "ലൈറ്റ് ഓഫ് ഏഷ്യ' എന്ന ഇംഗ്ലീഷ് കാവ്യത്തിന്റെ പരിഭാഷയും ആശാന്‍ നിര്‍വഹിച്ചു.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലെ കേരളത്തിന്റെ സാമൂഹ്യാവസ്ഥയോടുള്ള സവിശേഷപ്രതികരണമാണ് "ചണ്ഡാലഭിക്ഷുകി' എന്ന കൃതി. ജാത്യാചാരങ്ങളുടെ അര്‍ത്ഥശൂന്യത വെളിവാക്കാനും ശ്രീബുദ്ധന്‍ പരത്തിയ ജ്ഞാനപ്രകാശത്തിന്റെ സംക്ഷേപണത്തിനുമായാണ് ഇത്തരമൊരു രചനയ്ക്ക് ആശാന്‍ മുതിര്‍ന്നത്. 1922-ലാണ് അദ്ദേഹം "ദുരവസ്ഥ' രചിക്കുന്നത്. തുടര്‍ന്ന് ഇതേ വര്‍ഷംതന്നെ "ചണ്ഡാലഭിക്ഷുകി'യും എഴുതി പ്രസിദ്ധീകരിച്ചു. ദുരവസ്ഥയുടെ സഹോദരിയാണ് ചണ്ഡാലഭിക്ഷുകി എന്ന് ആമുഖത്തില്‍ കവി സൂചിപ്പിക്കുന്നുണ്ട്.

kumaranasan
കുമാരനാശാൻ

കവിത എന്ന ജനുസ്സിനെ സ്ത്രീലിംഗമായി കരുതിപ്പോരുന്ന പാരമ്പര്യശീലത്തില്‍നിന്നാണ് സഹോദരി എന്ന പ്രയോഗം കടന്നുവരുന്നത്. കേവലം ലിംഗസൂചനയ്ക്കുപുറമേ ഈ പ്രയോഗത്തിന് ഉദാത്തമായ സാമൂഹ്യശാസ്ത്രതലം കൂടിയുണ്ട്. സഹോദരി / സഹോദരന്‍, സോദരി /സോദരന്‍ എന്നീ പ്രയോഗങ്ങളുടെ അടിസ്ഥാനം സാഹോദര്യമാണല്ലോ. ബുദ്ധമതത്ത്വങ്ങളില്‍ പ്രധാനമാകുന്നു സഹോദര്യം. "ഒരേ വയറ്റില്‍ പിറന്നവര്‍' എന്ന ഒരുമയുടെ ഭാവതലവും അനുഭൂതിയുമാണത്.

ALSO READ

ഗുരുവിന്റെ ‘ഫുട്ട്​നോട്ട്​’ അല്ല കുമാരനാശാൻ; കെ.പി. കുമാരൻ സംസാരിക്കുന്നു

ബ്രാഹ്‌മണിക്കല്‍ഹിന്ദുമതം ചാതുര്‍വര്‍ണ്യവ്യവസ്ഥയെയും അസമത്വത്തെയും പുല്‍കുമ്പോള്‍ ബുദ്ധമതം സാഹോദര്യത്തെയും കരുണയെയും അധ്യാത്മത്തിന്റെ കേന്ദ്രമായി കാണുന്നു. ബ്രാഹ്‌മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍, അവര്‍ണജാതികള്‍ എന്നിങ്ങനെ അസമമായ ഘടനയെ ഉറപ്പിച്ചെടുക്കുന്ന ബ്രാഹ്‌മണിക്കല്‍ഹിന്ദുമതത്തിന് സഹോദരസങ്കല്പം തീര്‍ത്തും അന്യമാണ്.  "ചണ്ഡാലഭിക്ഷുകി'യില്‍ ആനന്ദന്‍ എന്ന ബുദ്ധഭിക്ഷു ചണ്ഡാലസ്ത്രീയായ മാതംഗിയെ അഭിസംബോധന ചെയ്യുമ്പോള്‍ കടന്നുവരുന്ന സോദരി, ഭഗിനി എന്നീ ഭാഷാപ്രയോഗങ്ങള്‍ വെറുംവാക്കുകളല്ലെന്നു സാരം. അധികാരരൂപേണ നിലനില്‍ക്കുന്ന ജാതിവ്യവസ്ഥയോടുള്ള പ്രതിഷേധം അതിലുണ്ട്. ഒപ്പം ഒരു ബദല്‍ലോകത്തിന്റെ ആദര്‍ശാത്മകതയും.

കവിത വന്ന വഴി

"ഏഷ്യയുടെ വെളിച്ചം' (The Light of Asia) എന്ന് എഡ്വിന്‍ ആര്‍നോള്‍ഡ് വിശേഷിപ്പിച്ച ശ്രീബുദ്ധന്റെ ജ്ഞാനമാര്‍ഗത്തെ പരിചയപ്പെടുത്താൻ പ്രൊഫ. പി. ലക്ഷ്മി നരസു ഏതാനും കൃതികള്‍ ഇംഗ്ലീഷില്‍ രചിക്കുകയുണ്ടായി. അതില്‍ പ്രധാനമാണ് 1907-ല്‍ എഴുതിയ "ദി എസ്സന്‍സ് ഓഫ് ബുദ്ധിസം' (The Essence of Buddhism). ഈ കൃതി പ്രസിദ്ധീകൃതമായതുകൊണ്ടുമാത്രം വിരചിതമായ കാവ്യമാണ് ചണ്ഡാലഭിക്ഷുകി.  "ദി എസ്സന്‍സ് ഓഫ് ബുദ്ധിസ'ത്തിലെ ബുദ്ധിസം ആൻറ്​ കാസ്റ്റ് (Buddhism and Caste) എന്ന അധ്യായത്തില്‍ ചേര്‍ത്തിരിക്കുന്ന വൃത്താന്തമാണ് ആനന്ദഭിക്ഷുവിന്റെയും മാതംഗിയുടെയും സമാഗമവും ബുദ്ധഭിക്ഷുണിയിലേക്കുള്ള മാതംഗിയുടെ പരിവര്‍ത്തനവും. ഈ പ്ലോട്ടിനെയാണ് ആശാന്‍ സാഹിതീയമായി വിടര്‍ത്തിയെടുത്തത്.

ബുദ്ധമതസംബന്ധിയായ മറ്റു സ്രോതസ്സുകളില്‍നിന്ന് ലഭ്യമായ അറിവുകളും ശ്രീനാരായണഗുരു, സഹോദരന്‍ അയ്യപ്പന്‍ തുടങ്ങിയവരുമായുള്ള ചാര്‍ച്ചകളും കുമാരനാശാനെ ഈ കാവ്യനിര്‍വഹണത്തിനു സഹായിച്ചിട്ടുണ്ടാകാമെങ്കിലും "ദി എസ്സന്‍സ് ഓഫ് ബുദ്ധിസ'ത്തിന്റെ സ്വാധീനം പ്രഥമവും പ്രകടവുമാണ്. ഇക്കാര്യം ആശാന്‍ ആമുഖത്തില്‍ത്തന്നെ വ്യക്തമാക്കുന്നുണ്ട്. കൂടാതെ,  "ദി എസ്സന്‍സ് ഓഫ് ബുദ്ധിസ'ത്തില്‍നിന്ന് നേരിട്ടു പകര്‍ത്തിയ ആനന്ദഭിക്ഷു-മാതംഗി വൃത്താന്തം കാവ്യത്തിനു മുന്നോടിയായി ഇംഗ്ലീഷില്‍ ചേര്‍ത്തിട്ടുമുണ്ട്.

essence

2500 വര്‍ഷങ്ങള്‍ക്കു മുമ്പ് ഉത്തരഹിന്ദുസ്ഥാനിലെ ശ്രാവസ്തിക്കടുത്തുള്ള ഒരു ഊരില്‍ നടന്ന സംഭവമായിട്ടാണ് ആനന്ദഭിക്ഷു-മാതംഗി വൃത്താന്തം ലക്ഷ്മി നരസുവുവിനെ പിന്‍പറ്റി കുമാരനാശാന്‍ അവതരിപ്പിക്കുന്നത്. നാലു ഖണ്ഡങ്ങളിലായാണ് ആഖ്യാനം നടത്തിയിരിക്കുന്നത്. കാവ്യവൃത്താന്തത്തില്‍ അവതരിപ്പിക്കപ്പെടുന്ന ശ്രീബുദ്ധന്‍, ആനന്ദന്‍, പ്രസേനജിത്ത്, ബിംബിസാരന്‍ തുടങ്ങിയവര്‍ ചരിത്രത്തിന്റെ ഭാഗമാണെങ്കിലും മാതംഗിയുമായി ബന്ധപ്പെട്ട വൃത്താന്തം നേര്‍ചരിത്രമോ കല്പിതമോ എന്നു വ്യക്തമല്ല. ചരിത്രമോ കഥയോ എന്നത് ഇവിടെ അപ്രധാനവും അപ്രസക്തവുമാണ്. ചരിത്രത്തെത്തന്നെ കഥയായും കഥയെ ചരിത്രമായും സമകാലികജ്ഞാനപദ്ധതികള്‍ സിദ്ധാന്തവല്‍ക്കരിക്കുന്നുണ്ട്. ഭാരതീയരുടെ ജീവിതത്തില്‍ ഇരുള്‍ പടര്‍ത്തുന്ന ജാതിവ്യവസ്ഥയോടുള്ള ശക്തമായ പ്രതികരണമെന്ന നിലയിലാണ് മാതംഗീപുരാവൃത്തം ചരിത്രത്തില്‍ ഇടം പിടിക്കുന്നത്. ഈ ബദലിനെ ഖണ്ഡകാവ്യത്തിലൂടെ വീണ്ടെടുക്കുകയും പുനരാനയിക്കുകയുമാണ് കുമാരനാശാന്‍. അതിനു കളമൊരുക്കിയതാകട്ടെ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലെ ജാതികേരളവും. പിന്നീട് ഈ കൃതി മലയാളകാവ്യചരിത്രത്തിന്റെ ഭാഗമായിത്തീരുകയും ചെയ്തു.

ALSO READ

ചിന്താവിഷ്ടനായ ആശാന്‍

"ചണ്ഡാലഭിക്ഷുകി' വീണ്ടും പ്രസക്തമാവുന്നത് അതു നൂറുവര്‍ഷത്തെ അതിജീവിച്ചുവെന്ന മഹിമകൊണ്ടല്ല. മറിച്ച്, ജാതി എന്ന യാഥാര്‍ത്ഥ്യം ഒളിഞ്ഞും തെളിഞ്ഞും പലമട്ടില്‍ ഇവിടെ നിലകൊള്ളുന്നുവെന്ന സമകാലിക യാഥാര്‍ത്ഥ്യത്താലാണ്. അതുകൊണ്ട് ചണ്ഡാലഭിക്ഷുകി എന്ന കൃതിയുടെ പുനര്‍വായനയേക്കാള്‍ പ്രധാനം ഈ കൃതി നമ്മെത്തന്നെ പുനര്‍വായിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നതാണ്. നാം കൃതിയെ നോക്കുകയല്ല, കൃതി നമ്മെ തുറിച്ചുനോക്കുകയാണ്. ഈയര്‍ത്ഥത്തില്‍ സ്വയം പ്രവര്‍ത്തനക്ഷമമായ കാവ്യമാകുന്നു ചണ്ഡാലഭിക്ഷുകി. ഒരു കൃതി അതിന്റെ ദൗത്യം നിറവേറ്റാനായി ചരിത്രത്തിലൂടെ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു.

അനുകല്പനങ്ങള്‍

ചണ്ഡാലഭിക്ഷുകിയിലെ വരികള്‍ മലയാളി നെഞ്ചിലേറ്റിയിട്ടുണ്ട്. മലയാള പാഠപുസ്തകങ്ങളിലും ചൊല്‍ക്കവിതാവേദികളിലും അതിന്​ തുടര്‍ച്ചകളുണ്ടായി. ചിത്രം, ശില്പം, ചിത്രകഥ, നിശ്ചലദൃശ്യം (float), നാടകം, സിനിമ എന്നീ വ്യവഹാരങ്ങളില്‍ അതിന് അനുകല്പനപരമായ പടര്‍ച്ചകളുമുണ്ടായി. "ചണ്ഡാലഭിക്ഷുകി'യില്‍ ആവിഷ്‌കൃതമാവുന്ന കഥാപരിസരത്തെ ഏതാണ്ടതേ മട്ടില്‍ അവതരിപ്പിക്കുന്ന ഒരു മലയാളസിനിമയെക്കുറിച്ചു മാത്രം ഇവിടെ പരാമര്‍ശിക്കാം - ജി. അജയന്‍ എഴുതി സംവിധാനം ചെയ്ത "ബോധി'. ശ്രീബുദ്ധന്‍ എന്ന പ്രതിഭാസത്തിനും അംബദ്ക്കര്‍ എന്ന വിമോചകനും പുറമേ കുമാരനാശാന്റെ  "ചണ്ഡാലഭിക്ഷുകി'യും രവീന്ദ്രനാഥടാഗോറിന്റെ "ചണ്ഡാലിക'യും ലക്ഷ്മി നരസുവിന്റെ രചനകളുമാണ് സംവിധായകന്റെ ദൃശ്യപാതയെ തെളിച്ചെടുക്കുന്നത്.

book

ദലിതര്‍ പൊതുവഴികളില്‍ പ്രത്യക്ഷപ്പെട്ടാല്‍ മേലാളരില്‍നിന്നു മര്‍ദ്ദനം അനുഭവിക്കേണ്ടി വരുന്ന കാലഘട്ടമാണ് ചലച്ചിത്രത്തിന്റെ പശ്ചാത്തലം. ഈ ചരിത്രാനുഭവത്തെ മാതംഗി എന്ന ചണ്ഡാലികയിലൂടെ അവതരിപ്പിക്കാനാണ് ശ്രമിച്ചിരിക്കുന്നത്. മാതംഗിയുടെ ബോധോദയത്തിലേക്കുള്ള യാത്രകൂടിയാകുന്നു  "ബോധി'.

ദാഹിച്ചുവലഞ്ഞുവരുന്ന ആനന്ദന്‍ എന്ന ബുദ്ധഭിക്ഷു ചണ്ഡാലയായ മാതംഗിയോട് കുടിനീര് ചോദിക്കുന്നു. തന്റെ ജാതികീഴായ്മ അതിന് അനുവദിക്കുന്നില്ലെന്ന് അവള്‍ മറുപടി നല്‍കി. മനുഷ്യര്‍ക്കിടയില്‍ ജാതിവ്യത്യാസങ്ങള്‍ പാടില്ലെന്നു പറഞ്ഞ ആനന്ദന്‍ മാതംഗിയില്‍നിന്നു വെള്ളം വാങ്ങിക്കുടിക്കുന്നു. മനുഷ്യസമത്വത്തിന്റെ ഈ ദര്‍ശനം മാതംഗിക്ക് പുതിയ പ്രകാശമാണ് നല്‍കിയത്. അവള്‍ ആനന്ദനെ കണ്ടെത്താൻ വളരെ ദുര്‍ഘടമായ വഴികളിലൂടെ യാത്ര തുടങ്ങുന്നു. ഈ യാത്രയില്‍ സവര്‍ണജാതിഹിന്ദുക്കളില്‍നിന്ന് അവള്‍ക്കു മര്‍ദ്ദനം ഏല്‍ക്കേങ്ങേണ്ടതായി വരുന്നു. എങ്കിലും അവള്‍ യാത്ര അവസാനിപ്പിക്കുന്നില്ല. ഒടുവില്‍ മാതംഗി ആനന്ദനെ കണ്ടെത്തുകയും ബുദ്ധമതത്തിന്റെ തത്ത്വങ്ങളിലേക്ക് കടന്നുചെല്ലുകയും ചെയ്യുന്നു. പിന്നീടുള്ള അവളുടെ സഞ്ചാരം ബുദ്ധഭിക്ഷുക്കള്‍ക്കൊപ്പമായി. ഇതിനിടെ അവള്‍ക്കു ബുദ്ധനെ നേരില്‍ കാണണമെന്ന ആഗ്രഹമുണ്ടാവുന്നു. അതിനായുള്ള യാത്രയാണ് അടുത്തത്. ആനന്ദനോടൊപ്പം അവള്‍ ബുദ്ധനെത്തേടി കാടും മലയും താണ്ടുന്നു. ആദിവാസിക്കുടികളും കാട്ടുചോലകളും കടന്ന് അവര്‍ ഒരു കൊടുമുടിയുടെ മുകളിലെത്തുന്നു. ചുറ്റും പരന്നു കിടക്കുന്ന ശാദ്വലമായ പ്രകൃതിയെ നോക്കി ആനന്ദന്‍ പറഞ്ഞു:  "പ്രകൃതിയാണ് ബുദ്ധന്‍'.
മാതംഗി ജ്ഞാനത്തിലേക്ക് ഉണരുകയായിരുന്നു. സ്വച്ഛന്ദമായ പ്രകൃതിയില്‍ ബുദ്ധനെ ദര്‍ശിച്ച മാതംഗി ബുദ്ധഭിക്ഷുണിയായിത്തീരുന്നു.

bodhi
'ബോധി'യിലെ ഒരു രംഗം

സിനിമയുടെ ചില ഭാഗങ്ങള്‍ കാവ്യപാഠത്തില്‍നിന്ന്​ വ്യത്യസ്തമാണ്. ആദിവാസിക്കുടിലും അതുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളുമൊക്കെ ചലച്ചിത്രകാരന്റെ ഭാഷ്യമാണ്. ആനന്ദനില്‍ ആകൃഷ്ടനായ മാതംഗി ബുദ്ധചൈത്യത്തില്‍ എത്തിച്ചേരുകയും അവിടെവെച്ച് സാക്ഷാല്‍ ശ്രീബുദ്ധനെ കണ്ടുമുട്ടുകയും തുടര്‍ന്ന് ബുദ്ധഭിക്ഷുണിയായി മാറിത്തീരുന്നുവെന്നുമാണ് കാവ്യമടക്കമുള്ള മുന്‍പാഠങ്ങളില്‍. ചണ്ഡാലസ്ത്രീ ഭിക്ഷുണിയായിത്തീര്‍ന്നതറിഞ്ഞ ജാതിഹിന്ദുക്കള്‍ പ്രസേനജിത്ത് രാജാവിനെ വിവരമറിയിക്കുകയും ബുദ്ധചൈത്യത്തിലെത്തിയ അദ്ദേഹം ശ്രീബുദ്ധന്റെ കരുണാര്‍ദ്രമായ വചനം ശ്രവിച്ച് തിരിച്ചുപോകുകയുമാണ്. ഈ ഭാഗത്തെയും സിനിമ മാറ്റി മറിക്കുന്നുണ്ട്. ചരിത്രത്തെ അഭ്രപാളീകരിക്കുകയാണ്  "ബോധി' എന്ന് ഒറ്റനോട്ടത്തില്‍ തോന്നാമെങ്കിലും അതു ഭാവിയെ ചരിത്രമാക്കാന്‍ ശ്രമിക്കുകയാണ്. ദലിത് ബഹുജനം പ്രത്യാശിക്കുന്ന വിമോചനത്തിന്റെയും സമതയുടെയും ഭാവികാലത്തെയാണ് സിനിമ അഭിസംബോധന ചെയ്യുന്നത്.

വിഗ്രഹിക്കുവതെങ്ങനെ?

"ചണ്ഡാലഭിക്ഷുകി' എന്ന സംയുക്ത / സമസ്തപദത്തിലേക്ക് (വ്യാകരണപരമായി പറഞ്ഞാല്‍ സമാസം) ഒന്നു ശ്രദ്ധയൂന്നാം. ചണ്ഡാല, ഭിക്ഷുകി എന്നീ വ്യത്യസ്ത ഘടകപദങ്ങളുടെ നേരിട്ടുള്ള ചേര്‍ച്ചയിലൂടെയാണ് "ചണ്ഡാലഭിക്ഷുകി' പദസംയുക്തത്തിന്റെ ജനനം. പ്രത്യയങ്ങളും മറ്റും ചേര്‍ത്ത് സമസ്തപദത്തെ ആര്‍ത്ഥികമായി വികസിപ്പിച്ചെടുക്കുന്നതാണ് "വിഗ്രഹിക്കല്‍'. ചണ്ഡാലഭിക്ഷുകി എന്ന സമസ്തപദത്തെ എങ്ങനെയാണ് നാം വിഗ്രഹിക്കുക? "ചണ്ഡാലയായ ഭിക്ഷുകി' എന്നതാണ് ലളിതവും പ്രാഥമികവുമായ ഉത്തരം. എന്നാല്‍ ഈ വിഗ്രഹിക്കലിന് ഭാഷാപരമായ സാധുതയുണ്ടെങ്കിലും സാമൂഹികവും രാഷ്ട്രീയവുമായി സാധുവാണോ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.

natakam
കണ്ണൂർ നാടകസംഘം ഒരുക്കിയ 'കുമാരനാശാനും ചണ്ഡാലഭിക്ഷുകി'യും എന്ന നാടകം.

ചണ്ഡാലയായ മാതംഗി, ബുദ്ധഭിക്ഷുണിയായി മാറിത്തീര്‍ന്ന ചരിത്രം/കഥ ആകുന്നു ആഖ്യാനത്തിന്റെ അടിയടര്. ഇവിടെ മാതംഗി എന്ന സ്ത്രീക്ക് രണ്ട് സ്വത്വസ്ഥാനങ്ങളാണുള്ളത്. ആഖ്യാനത്തിന്റെ തുടക്കത്തില്‍ അവള്‍ ചണ്ഡാലസ്ത്രീയാണ്. എന്നാല്‍ ഒടുക്കമെത്തുമ്പോള്‍ ബുദ്ധഭിക്ഷുണി എന്ന സ്വത്വത്തിലേക്ക് പരിണമിക്കുന്നു. ഈ പരിണാമശേഷവും അവളെ കുറിക്കാനായി ചണ്ഡാലഭിക്ഷുകി എന്നു പ്രയോഗിക്കുമ്പോള്‍ ജാതിപരമായ അടയാളം (trace) മാഞ്ഞുപോകാതെ നിലനില്ക്കുകയാണ്. മാതംഗി ബുദ്ധമാര്‍ഗംവഴി ജാതിയുടെ സ്റ്റിഗ്മയില്‍നിന്ന് വിമോചിതയായെങ്കിലും (?) അവളെ സൂചിപ്പിക്കുന്ന ഭാഷാക്കുറിയില്‍ ജാതിസ്റ്റിഗ്മ സ്ഥൂലസാന്നിദ്ധ്യമായി നിലനില്‍ക്കുന്നു. ഭാഷയെന്നത് കേവലം ആശയക്കൈമാറ്റത്തിനു മാത്രമുള്ള ഉപകരണമല്ലെന്നും അത് സ്വത്വംതന്നെയാണെന്നും ഭാഷയിലൂടെ സ്വത്വം രൂപീകൃതമാവുകയാണെന്നും മറ്റുമുള്ള സമകാലഭാഷാചിന്തകള്‍ മേല്‍സൂചിതവിഷയത്തെ കൂടുതല്‍ പ്രശ്നഭരിതമാക്കുന്നുണ്ട്.

ടി.കെ.സി. വടുതല എഴുതിയ  "അച്ചണ്ട വെന്തീഞ്ഞ ഇന്നാ' എന്ന ചെറുകഥ ഇത്തരുണത്തില്‍ സംഗതമാണ്. കണ്ടന്‍കോരന്‍ എന്ന പുലയന്‍ ജാതിവടുക്കളില്‍നിന്ന് രക്ഷനേടാൻ ക്രിസ്തുമതം സ്വീകരിച്ച് "ദേവസ്സി'യാവുന്നു. പുതിയ സ്വത്വത്തിന്റെ അടയാളമെന്ന നിലയില്‍ കഴുത്തിലണിയാന്‍ മതപുരോഹിതന്‍ വെന്തിങ്ങയും നല്‍കി. എന്നാല്‍ മതം മാറിയിട്ടും ദേവസ്സിയെ പുരോഹിതനടക്കമുള്ള പൊതുസമൂഹം "കണ്ടന്‍കോരന്‍ ദേവസ്സി'യെന്നാണ് വിളിക്കുന്നത്; ദലിതനായാണ് നോക്കിക്കാണുന്നത്. ഇതു മനസ്സിലാക്കിയ ദേവസ്സി വെന്തിങ്ങ വലിച്ചെറിഞ്ഞ് തിരിച്ചുനടക്കുന്ന കഥയാണത്.

ALSO READ

ജാതി, ലൈംഗികത, ശരീരം: ​​​​​​​ആശാന്‍ കവിതയിലെ സംഘര്‍ഷസ്ഥാനങ്ങള്‍

"മുമ്പ് ചണ്ഡാലയും ഇപ്പോള്‍ ഭിക്ഷുകിയുമായിത്തീര്‍ന്നവള്‍' എന്നു വിഗ്രഹിക്കലാണ് മറ്റൊരു സാധ്യത. ഉത്തരപദത്തിന് പ്രാധാന്യം നല്‍കിത്തന്നെയുള്ള ഈ വിഗ്രഹിക്കല്‍ ജാതിപരമായ ട്രേസിനെ കുറച്ചൊക്കെ മാറ്റിനിര്‍ത്തിയേക്കാമെങ്കിലും ഇങ്ങനെയൊരു ഭാഷാവഴക്കം പൊതുബോധത്തിലില്ല എന്നതു വളരെ പ്രധാനമാണ്. വര്‍ണവ്യവസ്ഥ അടിച്ചേല്‍പ്പിച്ചതാണെങ്കിലും ജാതിസ്വത്വത്തെ തങ്ങളുടെ ആന്തരികശക്തിയായും അനുഭവലോകമായും ഉയര്‍ത്തിക്കാട്ടുന്നതില്‍ ദലിത് സമുദായങ്ങള്‍ അഭിമാനംകൊള്ളുന്ന വര്‍ത്തമാനകാലത്ത് കീഴ്ജാതിത്തം നിമ്നമോ ഭിക്ഷുകത്വം ഉന്നതമോ ആകുന്നില്ല.

ടെയ്ല്‍ എന്‍ഡ്:

ഒരു കിണറിന്റെ പശ്ചാത്തലത്തില്‍, ചണ്ഡാലയായ സ്ത്രീ ബുദ്ധഭിക്ഷുവിന് കുടിവെള്ളം പകര്‍ന്നുകൊടുക്കുന്ന ദൃശ്യം ചണ്ഡാലഭിക്ഷുകി എന്ന കാവ്യത്തിലേക്കുള്ള ചൂണ്ടുപലകയായി കേരളത്തില്‍ ഇന്നു മാറിയിട്ടുണ്ട്.

"ദാഹിക്കുന്നു ഭഗിനീ, കൃപാരസ
മോഹനം കുളിര്‍ തണ്ണീരിതാശു നീ', 

‘അല്ലല്ലെന്തു കഥയിതു കഷ്ടമേ!
അല്ലലാലങ്ങു ജാതി മറന്നിതോ'

"ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരി
ചോദിക്കുന്നു നീര്‍ നാവുവരണ്ടഹോ!'

എന്നിങ്ങനെയുള്ള വരികള്‍ ജനപ്രിയസിനിമാഗാനം പോലെ മലയാളിക്കു പ്രിയങ്കരവുമായി. ചണ്ഡാലഭിക്ഷുകിയും അതിനെ അടിസ്ഥാനമാക്കിയ മോട്ടിഫുകളും പ്രിയങ്കരമായി തുടരുന്നതുപോലെ ജാതിയും അതിന്റെ "കാണാവ്യവസ്ഥകളും' പലമട്ടില്‍ പ്രിയങ്കരമായി തുടരുന്നുവെന്ന വൈപരീത്യം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. കേരളനവോത്ഥാനം എന്ന വ്യവഹാരം പ്രശ്നവല്‍കൃതമാകുന്ന മറ്റൊരു സന്ദര്‍ഭംകൂടിയാവുന്നു ഇത്.

അജു കെ. നാരായണന്‍  

അസോസിയേറ്റ് പ്രൊഫസര്‍, സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ്, എം.ജി. യൂണിവേഴ്‌സിറ്റി.

  • Tags
  • #Literature
  • #Kumaranasan
  • #Poetry
  • #Renaissance
  • #Bricolage
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
cov

Literature

ദാമോദർ പ്രസാദ്​

എന്റെ അമ്മ മുതൽ മക​ൻ വരെയുള്ള തലമുറകളുടെ ബഷീർ ആനന്ദങ്ങൾ

Jul 05, 2022

8 minutes read

 S-Joseph.jpg

Literature

എസ്. ജോസഫ്

മലയാള കവിത ഇങ്ങനെ മതിയോ? ‘എമേര്‍ജിങ് പോയട്രി’ക്കുണ്ട്​ ഉത്തരം

Jul 03, 2022

9 Minutes Read

shylan

Literary Review

എം.സി. അബ്ദുള്‍നാസര്‍

ചോദ്യങ്ങളുടെ തൊണ്ടില്‍ തടഞ്ഞു നില്‍ക്കുന്ന പത്തേമാരികള്‍

Jun 28, 2022

11 Minutes Read

Sohrabudhin Kolamala

Poetry

അന്‍വര്‍ അലി

സൊറാബ്​ദ്ദീൻ കൊലമാല

Jun 28, 2022

4 Minutes Listening

cov

Women Life

സുധാ മേനോന്‍

അവ്വയാറിന്റെ മുഖമുള്ള എന്റെ അച്ചി

Jun 19, 2022

4 minutes read

 Arun-Prasad-Hyper-linked-Crime-Investigative-Malayalam-Poem.jpg

Poetry

അരുണ്‍ പ്രസാദ്

ബേഡ്സ് - ഹൈപ്പര്‍ ലിങ്കഡ് കുറ്റാന്വേഷണ കവിത

Jun 09, 2022

5 Minutes Read

mannath

Kerala Politics

Truecopy Webzine

'നായന്മാരുടെ താല്‍പര്യം അപകടത്തില്‍' ; എന്‍.എസ്.എസിന്റെ കമ്മ്യൂണിസ്റ്റ്-ഈഴവ വിരുദ്ധ വിമോചനസമര തന്ത്രങ്ങള്‍

May 10, 2022

4 minutes read

 VM-Devadas-story-vellinakshathram.jpg

Podcasts

വി.എം.ദേവദാസ്

വെള്ളിനക്ഷത്രം

Apr 30, 2022

60 Minutes Listening

Next Article

തങ്കനെറ്റിപ്പട്ടം വിറ്റുണ്ടാക്കിയ റെയില്‍പാളം എന്ന ചെമ്പുകഥ : രേഖകൾ സത്യം പറയുന്നു

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster