ചേലക്കര: ബാനറായി അവശേഷിക്കുന്ന ധർമജൻ ബോൾഗാട്ടി

എൽ.ഡി.എഫ് ഭരണത്തുടർച്ചക്കും യു.ഡി.എഫ് ഭരണമാറ്റത്തിനും മൽസരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലേക്കുണർന്നുകഴിഞ്ഞു, കേരളം. സീറ്റുവിഭജന ചർച്ചകളും സ്ഥാനാർഥി ലിസ്റ്റ് തയാറാക്കുന്ന നടപടികളും അതിവേഗം പുരോഗമിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കണക്കുകളുടെയും അതിനുശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലെയും പൊതുവായ രാഷ്ട്രീയചിത്രം പരിശോധിക്കുകയാണിവിടെ.

Election Desk

തൃശൂർ ജില്ലയിലെ പട്ടികജാതി സംവരണ മണ്ഡലം. 2016ൽ സി.പി.എമ്മിലെ യു.ആർ. പ്രദീപ് 10, 200 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസിലെ തുളസിയെയാണ് തോൽപ്പിച്ചത്. ബി.ജെ.പിയിലെ ഷാജുമോൻ പി.പി. 23,845 വോട്ട് നേടി.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ കോൺഗ്രസ് പ്രവർത്തകർ മണ്ഡലത്തിൽ ആവേശത്തിലായിരുന്നു. യു.ഡി.എഫിന്റെ രമ്യ ഹരിദാസിന് ചേലക്കര മണ്ഡലത്തിൽ 23,695 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ഒമ്പത് പഞ്ചായത്തുകളിൽ ആറും എൽ.ഡി.എഫാണ് ജയിച്ചത്.

ധർമജൻ / ചിത്രീകരണം: ദേവപ്രകാശ്

കർഷകരുടെയും തൊഴിലാളികളുടെയും മുന്നേറ്റചരിത്രമുള്ള മണ്ണായ ചേലക്കരയിൽ, 1996ൽ സി.പി.എമ്മിലെ പ്രതിച്ഛായയുള്ള നേതാവ് കെ. രാധാകൃഷ്ണൻ വിജയിച്ചശേഷം യു.ഡി.എഫിന് നിലംതൊടാനായിട്ടില്ല. മാത്രമല്ല, കഴിഞ്ഞ തവണത്തെ ജനവിധി അട്ടിമറിക്കത്തക്ക മുന്നേറ്റമൊന്നും അഞ്ചുവർഷത്തിനിടെ മണ്ഡലത്തിൽ യു.ഡി.എഫിനുണ്ടാക്കാനുമായിട്ടില്ല. അതുകൊണ്ട്, ഇത്തവണയും പ്രദീപിനുതന്നെയാണ് സാധ്യത.

യു.ഡി.എഫിലാകട്ടെ, അടിമുടി ആശയക്കുഴപ്പമാണുതാനും. നേരത്തെ, മണ്ഡലം മുസ്‌ലിം ലീഗ് ആവശ്യപ്പെടുമെന്നും ദളിത് ലീഗ് പ്രതിനിധിയായി ജയന്തി രാജനെ മൽസരിപ്പിക്കുമെന്നും വാർത്തയുണ്ടായിരുന്നു. ഇത് കോൺഗ്രസിൽ വൻ എതിർപ്പിനിടയാക്കിയതോടെ ലീഗ് മുന്നോട്ടുവച്ച കാൽ പിൻവലിച്ചു. അപ്പോഴായിരുന്നു, പൊടുന്നനെ, ഒരു സംസ്ഥാന വ്യാപക തെരഞ്ഞെടുപ്പുപ്രതിഭാസമായി മാറിയ നടൻ ധർമജൻ ബോൾഗാട്ടിയുടെ പേര് മണ്ഡലത്തിൽ പൊട്ടിവീഴുന്നു.

ഐ ഗ്രൂപ്പുകാരായ കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് സാക്ഷാൽ രമേശ് ചെന്നിത്തലയുടെ വേദിക്കരികിൽ, അദ്ദേഹത്തിനുമുന്നിൽ തങ്ങളുടെ ഇഷ്ട സ്ഥാനാർഥിയെന്ന നിലക്ക് ധർമജന്റെ പേരെഴുതിയ ബാനർ സ്ഥാപിച്ചത്. ചെന്നിത്തല ചെറിയൊരു ഹാസ്യച്ചിരിയിലൊതുക്കി പ്രതികരണം. ഡി.സി.സി നിർദേശിച്ചത് മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സി.സി. ശ്രീകുമാറിനെയാണ്. എന്നാൽ, എ.ഐ.സി.സി നിയോഗിച്ച ഏജൻസികൾ നിർദേശിച്ചത് പി.സി. വിക്രമന്റെ പേരാണ്.

2016 - നിയമസഭ തെരഞ്ഞെടുപ്പിലെ കക്ഷിനില.

തദ്ദേശ തെരഞ്ഞെടുപ്പിൽ 30,000ലേറെ വോട്ട് നേടിയ മണ്ഡലമെന്ന നിലക്ക് ബി.ജെ.പിയും കാര്യമായി രംഗത്തുണ്ട്.

1977 മുതൽ 2016 വരെ നടന്ന ഒമ്പത് തെരഞ്ഞെടുപ്പുകളിൽ നാലുതവണ കോൺഗ്രസും അഞ്ചുതവണ സി.പി.എമ്മും ജയിച്ചു. 1965 മുതൽ 1980 വരെയുള്ള തെരഞ്ഞെടുപ്പുകളിൽ, 1967ലൊഴികെ, കോൺഗ്രസിലെ കെ.കെ. ബാലകൃഷ്ണനാണ് ജയിച്ചത്. സി.കെ. ചക്രപാണി, എം.എ. കുട്ടപ്പൻ എന്നിവരും മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. 1996 മുതൽ 2011 വരെ തുടർച്ചയായി ജയിച്ചത് കെ. രാധാകൃഷ്ണൻ.


Comments