അപ്രത്യക്ഷരാകുന്ന കുട്ടികൾ, പെരുകുന്ന ‘ചെറു മുതിർന്നവർ’

ചൈൽഡ്ഹുഡ് എന്ന സാമൂഹിക നിർമിതി തന്നെ അപനിർമിക്കപ്പെടുന്നതിന്റെ വലിയ വർത്തമാനങ്ങൾക്കകത്താണ് നാമും ഒപ്പം നമ്മുടെ കുട്ടികളും വളരുന്നത്. കുട്ടിയെയും കുട്ടിത്തത്തെയും സംബന്ധിച്ച ധാരണകളെ റീ കൺസ്ട്രക്ട് ചെയ്യാതെ നമുക്ക് ഇത്തരം പ്രവണതകളെ അഭിമുഖീകരിക്കാൻ കഴിയില്ല. അറിവ് നിർമ്മാണത്തിലെ സക്രിയരായ പങ്കാളികൾ എന്ന നിലയിൽ മാത്രമല്ല, സമൂഹനിർമാണത്തിലെ പ്രധാന പങ്കാളിഎന്ന നിലയിൽ കൂടി കുട്ടിയെ പരിഗണിക്കുന്ന ഒരു വിദ്യാഭ്യാസ സംവിധാനത്തിനു മാത്രമേ ഇത്തരം പ്രശ്‌നങ്ങളെ ശാസ്ത്രീയമായും അനുഭാവപൂർവ്വവും കൈകാര്യം ചെയ്യാൻ കഴിയൂ.

മുറ്റത്തെ ചെടിയിൽ നിന്ന്​ പൂമ്പാറ്റകൾ പറന്നുപോകുമ്പോൾ അത് പൂക്കൾ പറന്നുപോകുന്നതാണെന്ന് അമ്മയോട് പറയുന്ന കുട്ടിയാണ് കുമാരനാശാന്റെ കവിതയിൽ. പുതിയ കാലത്ത് കുട്ടി ഇങ്ങനെയൊരു ചോദ്യം ചോദിക്കുമോ എന്നതും അതേതെങ്കിലുമൊരു കവി കവിതയുടെ വിഷയമാക്കുമോ എന്നതും പ്രധാനപ്പെട്ടൊരു ചോദ്യമാണ്.

ചെടിയിൽ നിന്ന്​ പറന്നുപോകുന്ന പൂമ്പാറ്റയെ കാണുമ്പോൾ കുട്ടി പൂക്കളെയാണ് സങ്കൽപ്പിക്കുക എന്ന് കവിക്കു തോന്നാൻ കാരണം, കവിയുടെ കുട്ടിയെക്കുറിച്ചുള്ള അറിവാണ്. ആര്യം ചോദിക്കാത്ത ചോദ്യങ്ങൾ ചോദിക്കുകയും ആരും പറയാത്ത ഉത്തരങ്ങൾ പറയുകയും ചെയ്യുന്നയാളാണ് കുട്ടി എന്നറിയുന്നതുകൊണ്ടാണ്. ഹാൻസ് ക്രിസ്ത്യൻ ആൻഡേഴ്‌സണിന്റെ പ്രസിദ്ധമായ കഥയുണ്ട്. അണിഞ്ഞൊരുങ്ങലിൽ വലിയ താല്പര്യമുണ്ടായിരുന്ന ഒരു രാജാവിനെക്കുറിച്ചുള്ള കഥ. താൻ ഇതുവരെ ധരിക്കാത്ത, വളരെ പുതുമയുള്ള ഒരു വസ്ത്രമുണ്ടാക്കാൻ രാജാവ് നിർദ്ദേശിച്ചതിനെത്തുടർന്ന് രണ്ട് നെയ്ത്തുകാർ അത്തരമൊരു വസ്ത്രമുണ്ടാക്കി രാജാവിനു സമ്മാനിക്കുന്നു. ബുദ്ധിമാന്മാർക്ക് മാത്രമേ ആ വസ്ത്രം കാണാൻ കഴിയുകയുള്ളൂ എന്നതായിരുന്നു അതിന്റെ പ്രത്യേകത. നെയ്ത്തുകാർ പറഞ്ഞത് ശരിയോ എന്നറിയാൻ രാജാവ് തന്റെ വിശ്വസ്തൻമാരെക്കൊണ്ട് വസ്ത്രം പരിശോധിപ്പിച്ചുവെങ്കിലും അവർക്കും സത്യത്തിൽ അത് കാണാൻ കഴിഞ്ഞില്ല.
വസ്ത്രം അതിഗംഭീരമാണെന്നും രാജാവിന് നന്നായി ഇണങ്ങുമെന്നും അവർ തട്ടിവിടുകയും ചെയ്തു. താൻ ബുദ്ധിശൂന്യനാണെന്ന് മറ്റുള്ളവർ കരുതരുതല്ലോ എന്നോർത്ത് രാജാവിനും അത് സമ്മതിക്കേണ്ടിവരുന്നു. അങ്ങനെ വിശിഷ്ടമായ ആ വസ്ത്രം ധരിച്ച് രാജാവ് തെരുവിലൂടെ ഒരു ഘോഷയാത്രയിൽ സഞ്ചരിക്കുമ്പോൾ വഴിയരികിൽ നിന്ന ഒരു കുട്ടി, രാജാവ് നഗ്‌നനാണ് എന്ന് ഉറക്കെ വിളിച്ചുപറയുന്നു.

എന്തുകൊണ്ടാണ് കഥയിൽ കുട്ടി മാത്രം യാഥാർത്ഥ്യം കാണുകയും അത് ഉറക്കെ വിളിച്ചുപറയുകയും ചെയ്യുന്നത് എന്നതിലാണ് കഥയിലെ കാര്യം. കുട്ടിയുടെ അനുഭവലോകം യാഥാർത്ഥ്യങ്ങളുടേതാണെന്നും അനുഭവങ്ങളുടെ അപരിഷ്‌കൃതലോകത്തിൽ നിന്ന്​ മുതിർന്നവരുടെ പരിഷ്‌കൃത ലോകത്തേക്ക് വലിയ ദൂരമുണ്ടെന്നും ഈ കഥ ഓർമപ്പെടുത്തുന്നു. കുട്ടികൾ മുതിർന്നവരിൽ നിന്ന്​ ഏറെ വ്യത്യസ്തമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരാണെന്ന് ആശാനും ആൻഡേഴ്‌സണും പറയുന്നു. ആശാൻ കുട്ടിയിലെ തെറ്റ് കണ്ടെത്തുകയും കുട്ടിയെ തിരുത്തുകയും ചെയ്യുമ്പോൾ ആൻഡേഴ്‌സൺ കുട്ടിയാണ് ശരി എന്നും മുതിർന്നവരാണ് തിരുത്തപ്പെടേണ്ടവർ എന്ന് സ്ഥാപിക്കുകയും ചെയ്യുന്നു. ഇത് കുട്ടിയെ സംബന്ധിച്ച് പല കാലങ്ങളിലായി തുടർന്നുവരുന്ന രണ്ടു ഭിന്ന കാഴ്ചപ്പാടുകളാണ്. The child's faith is new- whole like his principle, wide like the Sunrise എന്നാരംഭിക്കുന്ന എമിലി ഡിക്കൻസിന്റെ കവിത, കുട്ടിക്കൊരു ലോക വീക്ഷണമുണ്ടെന്നും അതത്രമേൽ സൗന്ദര്യാത്മകവും വിശാലവുമാണെന്നും ആനന്ദിക്കുന്നുണ്ട്. പക്ഷേ സൂര്യോദയം പോലെ പ്രഭാപൂർണമായ ആദ്യകാല സങ്കൽപ്പനങ്ങളിൽ നിന്ന്​ കുട്ടി വളരുമ്പോൾ അകന്നുപോകുന്നതായി അതേ കവിതയിൽ തന്നെ ഡിക്കൻസും പിന്നീട് വേഡ്‌സ്​ വർത്തിനെപ്പോലെ പലരും പരിതപിക്കുന്നുണ്ട്. എന്നാൽ ‘കുട്ടി'യിൽ നിന്നുതന്നെ കുട്ടി അകലുന്നുവെന്ന പുതിയ വർത്തമാനം അത്രഗൗരവമായി മുഖ്യധാരാ ചർച്ചകളിൽ കടന്നുവന്നിട്ടില്ല.

Photo : unsplash.com
Photo : unsplash.com

കുട്ടിയുടെ വളർച്ചയും വികാസവും ശാസ്ത്രത്തിന്റെ പരിഗണനാ വിഷയമാണ്. കുട്ടി വളർന്ന് മുതിർന്നയാളാകുക എന്നു പറയുന്നത് ജീവശാസ്ത്രപരമായ ഒരു പ്രക്രിയ മാത്രമല്ല. സാമൂഹിക ഇടപെടലുകൾക്കും സാമൂഹിക നിയന്ത്രണങ്ങൾക്കും വിധേയമായി അറിവും കാഴ്ചപ്പാടും മനോഭാവവും സ്വാംശീകരിക്കുക എന്നാണർത്ഥം. ഇതിനെ വളരെ ലളിതമായി സാമൂഹികവൽക്കരണം (socialisation) എന്ന് വിളിക്കാം. ഇതിൽ മുതിർന്നവർ ഹ്യൂമൻ ബിയിംഗും കുട്ടികൾ ഹ്യൂമൻ ബികമിങ്ങും മാത്രമാണെന്ന ഒരു ധാരണാ പിശക് അടിസ്ഥാനപരമായി ഉടലെടുക്കുന്നുണ്ട്. കുട്ടിയെ ഇത്തരത്തിൽ മുതിർന്നവരുടെ ലോകത്തിൽ ജീവിക്കാനായി പരുവപ്പെടുത്തുന്നതിനെയാണ് വിദ്യാഭ്യാസം എന്നു പറയുന്നതെന്നത് വിദ്യാഭ്യാസത്തിനെ സംബന്ധിച്ച വലിയൊരു വിമർശനം കൂടിയാണ്.

കുട്ടിയില്ലാക്കാലം

കുട്ടിക്കാലം അല്ലെങ്കിൽ ചൈൽഡ്ഹുഡ് എന്നത് അമൂർത്തമായ ഒരു ആശയമല്ല. ജനനം മുതൽ മരണം വരെയുള്ള വിവിധ ഘട്ടങ്ങളിലെ ഏറ്റവും സ്വാഭാവികവും നിർണായകവുമായ ജൈവാവസ്ഥയാണ്. എന്തുകൊണ്ട് ചൈൽഡ് ഹുഡ് എന്നത് മനുഷ്യന്റെ വളർച്ചയും വികാസവും സംബന്ധിച്ച അന്വേഷണങ്ങളിലെല്ലാം ആദ്യം പരിഗണിക്കപ്പെടുന്ന വിഷയമായി?. വിവിധ കാലങ്ങളിൽ, വിവിധ ദേശങ്ങളിൽ, വിവിധ അർത്ഥതലങ്ങളിലാണ് ആ പദം പ്രയോഗപ്പെട്ടിരിക്കുന്നത്. കുട്ടികൾ ശാരീരികമായും മാനസികമായും മുതിർന്നവരേക്കാൾ വളർച്ചയെത്താത്തവരാണെന്നുള്ളതും അവർ ശാരീരികവും വൈകാരികവുമായ ആവശ്യങ്ങൾക്ക് മുതിർന്നവരെ ആശ്രയിക്കുന്നു എന്നുള്ളതും കുട്ടിയായിരിക്കുക എന്നതിന്റെ ജീവശാസ്ത്രപരമായ കാരണങ്ങളാണ്. എന്നാൽ കുട്ടിക്കാലം ജീവശാസ്ത്രപരമായ അവസ്ഥ മാത്രമല്ല; ഒരു സാമൂഹികനിർമിതി കൂടിയാണ്. (Childhood is socially constructed.) അത് പ്രധാനമായും സാമൂഹ്യമായ വ്യവസ്ഥകളാലും പ്രക്രിയകളാലും നിർണയിക്കപ്പെടുന്നതാണ്.

കുട്ടിക്കാലം ഒരു സാമൂഹിക നിർമിതിയാണെന്നതിന്റെ ചരിത്രപരവും സമൂഹശാസ്ത്രപരവുമായ നിരീക്ഷണങ്ങൾ പല കാലങ്ങളിലായി ഉണ്ടായിവന്നിട്ടുണ്ട്. അതിൽ ഫിലിപ്പി ഏറിസിന്റെ വാദങ്ങളാണ് ഏറെ ശ്രദ്ധേയം. ഏറിസിന്റെ നിരീക്ഷണത്തിൽ പത്തും പതിമൂന്നും നൂറ്റാണ്ടുകൾക്കിടയിൽ കുട്ടിത്തം എന്നൊരു സംഗതിയേ ഇല്ല. മറിച്ച്, ചൈൽഡ്ഹുഡ് എന്നത് 13-ാം നൂറ്റാണ്ടിനുശേഷം മാത്രം ആവിർഭവിച്ച ഒരു ആശയധാരയാണ്. (The idea of childhood did not exist before 13th century.) ആ കാലഘട്ടത്തിൽ നിലവിലുണ്ടായിരുന്ന കലയും സാഹിത്യവും വിശ്വാസങ്ങളും സൂക്ഷ്മമായി പരിശോധിച്ചാണ് ഏറിസ് അങ്ങനെയൊരു നിഗമനത്തിൽ എത്തിയത്. കുട്ടികളെ ചെറിയ മുതിർന്നവരായാണ് (little adults) മധ്യകാലഘട്ടം വരെ പരിഗണിച്ചിരുന്നത്. അവർക്ക് പ്രത്യേകമായ വസ്ത്രമോ വേഷമോ ആഭരണങ്ങളോ ഉണ്ടായിരുന്നില്ല. നിയമങ്ങൾ പൊതുവിൽ എല്ലാവർക്കും ഒരുപോലെ ബാധകവുമായിരുന്നു. മധ്യകാലഘട്ടത്തിലെ കുട്ടികളുടെ ജീവിതം വളരെ അരക്ഷിതവും അനാരോഗ്യകരവുമായിരുന്നുവെന്ന് തുടർന്നുവന്ന പല പഠനങ്ങളിലും ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്. ശിശുമരണ നിരക്കും ബാലവേലയും സർവസാധാരണമായിരുന്നു. 12 വയസ്സ് കഴിഞ്ഞാൽ നിയമപ്രകാരം തന്നെ ‘മുതിർന്നവരാക്ക'പ്പെടുന്നതിനാൽ മുതിർന്നവർ ചെയ്യുന്ന എല്ലാ തൊഴിലുകളുമെടുക്കാൻ അവർ ബാധ്യസ്ഥരുമായിരുന്നു.

കർഷകരുടെയും തൊഴിലാളികളുടേയും കുട്ടികളുടെ സ്ഥിതിയായിരുന്നു കൂടുതൽ ദയനീയം. അവർക്ക് ചെറുപ്രായത്തിൽ തന്നെ രക്ഷിതാക്കളോടൊപ്പം തൊഴിലിടങ്ങളിൽ എത്തേണ്ടിവന്നു. അമേരിക്കൻ ചരിത്രകാരനായ പോൾ മുറെ (Paul Murray Kendall) ഇംഗ്ലണ്ടിലെ രാജാവായിരുന്ന റിച്ചാർഡ് മൂന്നാമനെക്കുറിച്ച് എഴുതിയ ജീവചരിത്ര പുസ്തകത്തിൽ ഇംഗ്ലണ്ടിലെ കുട്ടികളെകുറിച്ചുള്ള ഒരു ഇറ്റാലിയൻ സന്ദർശകന്റെ നിരീക്ഷണങ്ങളുണ്ട്. മെച്ചപ്പെട്ട കുടുംബത്തിനകത്തായിരുന്നാലും എട്ടോ പത്തോ വയസ്സാകുമ്പോൾ ദൂരെയെവിടെയെങ്കിലുമുള്ള അന്യവീടുകളിൽ പോയി ജോലിയെടുത്ത് ഉപജീവനം നടത്തുന്ന കുട്ടികളെക്കുറിച്ചാണത്. പ്രായപൂർത്തിയാകുന്നതുവരെ അവർ ആ വീടുകളിൽ പല തൊഴിലുകളും ചെയ്താണ് കഴിഞ്ഞുപോയിരുന്നത്. പെൺകുട്ടികൾക്ക് കുട്ടികൾ എന്ന പരിഗണനയേ പല സമൂഹങ്ങളിലും ലഭിച്ചിരുന്നില്ല. എട്ട്- പത്ത് വയസ് ആകുമ്പോൾ തന്നെ അവൾക്ക് മുതിർന്ന സ്ത്രീയായി ജീവിതത്തിൽ അഭിനയിക്കേണ്ടിവരുന്നുണ്ട്. പന്ത്രണ്ടോ പതിമൂന്നോ വയസ്സാകുന്നതിനുമുമ്പ് വിവാഹം വഴി മറ്റു വീടുകളിലേക്ക് കല്ല്യാണം കഴിച്ചയക്കപ്പെടുകയും ചെയ്യുന്നു. ഡയലക്റ്റിക്‌സ് ഓഫ് സെക്‌സ്: കേസ് ഫോർ ഫെമിനിസ്റ്റ് റവല്യൂഷൻ എന്ന പ്രസിദ്ധമായ പുസ്തകത്തിൽ ഷുലാമിത് ഫയർ സ്റ്റോൺ സ്ത്രീകളും കുട്ടികളും, പ്രത്യേകിച്ച് പെൺകുട്ടികൾ, പുരുഷാധിപത്യത്തിന്റെ അടിമകളായി തീരുന്നത് എങ്ങനെയെന്നത് കൃത്യമായി നിർവചിച്ചിട്ടുണ്ട്. ഫയർ സ്റ്റോണിന്റെ ഫെമിനിസം വർഗാധിഷ്ഠിതവും മാർക്‌സിസ്റ്റ് പ്രത്യയശാസ്ത്രം അവലംബിക്കുന്ന രാഷ്ട്രീയ വ്യാഖ്യാനങ്ങളുമായിരുന്നു. ലിംഗാധിഷ്ഠിതമായ ഒരു വർഗവ്യവസ്ഥയാണ് സ്ത്രീകളുടേയും കുട്ടികളുടേയും സാമൂഹ്യ പിന്നാക്കാവസ്ഥയുടെ ഉറവിടമെന്ന് ചരിത്രപരമായി സമർത്ഥിക്കാൻ അവർക്കു കഴിയുന്നുണ്ട്. എന്നാൽ ആധുനിക കുടുംബവ്യവസ്ഥ ശക്തിപ്പെട്ടത് മുതലാണ് ‘ചൈൽഡ് ഹുഡി'നെ സവിശേഷ പരിഗണന ആവശ്യമുള്ള മനുഷ്യാവസ്ഥയായി പല സമൂഹങ്ങളും പരിഗണിക്കാൻ തുടങ്ങുന്നത്.

കുട്ടി ഒരു ‘പ്രിൻറ്​ പ്രൊഡക്ട്’

വിവരങ്ങൾ വാചികമായി കൈമാറ്റം ചെയ്യപ്പെട്ടിരുന്ന, വാമൊഴി സംസ്‌കാരം നിലനിന്നിരുന്ന കാലഘട്ടത്തിൽ കുട്ടിയും മുതിർന്നയാളും തമ്മിലുള്ള അന്തരം അത്ര പ്രകടമായിരുന്നില്ല. അതുകൊണ്ട് സംസാരിക്കാൻ കഴിവു നേടുക എന്നതായിരുന്നു മുതിർന്നയാളാവുക എന്നതിനർത്ഥം. അപ്പോൾ ഏതാണ്ട് ഏഴ് വയസ്സാകുമ്പോഴേക്കും തനിക്കു ചുറ്റുമുള്ള സാമൂഹ്യ പരിതസ്ഥിതിയിൽ ഇടപെടാനും പ്രവർത്തിക്കാനും കഴിയുന്ന ‘പ്രായപൂർത്തിയായൊരാൾ' സൃഷ്ടിക്കപ്പെടുന്നു. എന്നാൽ അച്ചടിയുടെ കടന്നുവരവ് ഈ സ്ഥിതി തകിടം മറിച്ചു. അച്ചടിയുടെ കണ്ടുപിടിത്തവും അച്ചടി സംസ്‌കാരത്തിന്റെ ആവിർഭാവവുമാണ് ‘കുട്ടി'യെ സാമൂഹ്യമായി പുനഃസൃഷ്ടിച്ചത്. നീൽ പോസ്റ്റ്മാന്റെ അഭിപ്രായത്തിൽ ചൈൽഡ്ഹുഡിന്റെ ഉദയം അച്ചടിയിലൂടെയാണ് (childhood is a print product). കാരണം സാക്ഷരരെന്നും നിരക്ഷരരെന്നുമുള്ള രണ്ട് വ്യത്യസ്ത ലോകങ്ങൾ കുട്ടികൾക്കും മുതിർന്നവർക്കുമിടയിൽ സൃഷ്ടിക്കപ്പപ്പെടുകയും മുതിർന്നയാളായി മാറുക എന്നാൽ വായിക്കാനും എഴുതാനും കഴിയുന്നയാളാവുക- അതായത് സാക്ഷരരായി മാറുക- എന്നാവുകയും ചെയ്തു. യഥാർത്ഥത്തിൽ അച്ചടി മനുഷ്യനെ സാക്ഷരനാക്കുന്നതിനും വ്യാപകമായി വിദ്യാലയങ്ങൾ ആരംഭിക്കുന്നതിനും കാരണമാകുകയും മനുഷ്യരുടെ ചിന്താപ്രക്രിയയെയും ജീവിതരീതിയേയും സാമൂഹ്യ വ്യവസ്ഥയെ തന്നെയും മാറ്റിമറിക്കുകയും ചെയ്തു.

കുട്ടിയുടെയും കുട്ടിയുടെ വിദ്യാഭ്യാസത്തേയും സംബന്ധിച്ച പുതുധാരണകൾ രൂപപ്പെടുന്നത് ആധുനിക വിദ്യാലയ സംവിധാനങ്ങളുടെയും അണുകുടുംബ വ്യവസ്ഥയുടെയും ആവിർഭാവത്തോടെയാണ്. വ്യവസായവൽക്കരണത്തിനു ശേഷം ശക്തിപ്പെട്ട മുതലാളിത്ത വ്യവസ്ഥിതി അവർക്കുവേണ്ടി ജോലി ചെയ്യാനുള്ള തൊഴിൽശക്തി സൃഷ്ടിക്കുക എന്നതായിരുന്നു വിദ്യാഭാസത്തിലൂടെ ലക്ഷ്യം വെച്ചത്. വ്യവസായവൽക്കരണ കാലത്താണ് വിദ്യാലയങ്ങളുടേയും വിദ്യാഭ്യാസം നേടുന്ന കുട്ടികളുടെയും എണ്ണത്തിൽ വലിയ കുതിച്ചുചാട്ടം ഉണ്ടാകുന്നത്. അതോടെ കുട്ടികൾക്ക് പഠനത്തിനും വ്യക്തിഗത ആവശ്യങ്ങൾക്കും രക്ഷിതാക്കളെ പൂർണമായും ആശ്രയിക്കേണ്ടി വരികയും ചെയ്തു. ഇതിന്റെ അനുബന്ധമെന്നോണം ലോകമെങ്ങും മുളച്ചു പൊങ്ങിയ വിദ്യാഭ്യാസ സംവിധാനങ്ങളുടെയും അവയുടെ സ്ഥാപനവൽക്കരണങ്ങളുടെയും വൻ നിക്ഷേപവും സാമ്പത്തികമായും സാമൂഹികമായും രക്ഷിതാക്കളെ ആശ്രയിക്കേണ്ടിവരുന്ന സാമൂഹിക സാഹചര്യവും കൂടിച്ചേർന്ന് ‘കുട്ടിയെ' വൻ ഡിമാന്റുള്ള, ഏറ്റവും ഫാഷനബിളായ മനുഷ്യാവസ്ഥയാക്കി മാറ്റി. ചൈൽഡ്ഹുഡ് എന്ന സാമൂഹ്യ നിർമിതിയുടെ മുഖ്യ ഉപയോക്താക്കൾ മുതലാളിത്ത കേന്ദ്രിതമായ ഉൽപ്പാദന വ്യവസ്ഥയായി മാറുകയും ചെയ്തു. ഇതിന് ദൂരവ്യാപകമായ സാമൂഹ്യ പ്രതിഫലനങ്ങൾ തന്നെയുണ്ടായി. പിതൃ കേന്ദ്രിതമായ അണു കുടുംബങ്ങളും ഉൽപ്പാദന രീതികളും തൊഴിലെടുക്കാനും സമ്പത്താജിക്കാനും കഴിവുള്ള പുരുഷന്റെ നിയന്ത്രണത്തിലേക്ക് സ്ത്രീകളെയും കുട്ടികളെയും വളരെ വേഗം തളച്ചിടുകയുണ്ടായി. പുരുഷ നിയന്ത്രിതമായ ഒരു ഉൽപാദന വ്യവസ്ഥയ്ക്കകത്ത് സ്ത്രീകളുടെയും കുട്ടികളുടെയും സാമൂഹികവും വൈകാരികവുമായ ഉന്നമനം സ്വാഭാവികമായി തടസ്സപ്പെടുകയും ചെയ്തു.

ഈ ചരിത്രപരവും വൈരുദ്ധ്യാത്മകവുമായ ഘടകങ്ങളാണ് ഇരുപതാം നൂറ്റാണ്ടിലെ ‘കുട്ടി' യെ നിർവചിച്ചത്. കുട്ടിക്കാലം ഒരു ആധുനിക കണ്ടുപിടുത്തമാണെന്നും അത് ജീവശാസ്ത്രപരമായ ഒരു അവസ്ഥ എന്നതിൽ നിന്ന്​ സാമൂഹികമായ ഒരു വ്യവസ്ഥ എന്നതിലേക്ക് പരിവർത്തിക്കപ്പെട്ടു എന്നും അതുകൊണ്ട് ‘ചൈൽഡ്ഹുഡ് ഈസ് ഏൻ ഇൻസ്റ്റിറ്റ്യൂഷൻ’ എന്നുമുളള വാദം ജോൺ ഹോൾടിനെ പോലുള്ള ചിന്തകർ ഉയർത്തുകയും ചെയ്തു.
വിദ്യാഭ്യാസം എന്ന ആസൂത്രിത വികസന പദ്ധതിയുടെ ഭാഗമായി മാറിയതോടെ കുട്ടി ഒരു മാനുഷിക മൂലധനമായി (human capital) പരിണമിക്കുകയും ചെയ്തു.

മനുഷ്യന്റെ മാറുന്ന പ്രകൃതങ്ങൾ

കുട്ടിയിൽ നിന്ന്​ മുതിർന്നവരിലേക്കുള്ള പരിണാമത്തിന്റെ സാമൂഹ്യ മനഃശാസ്ത്രപരമായ അന്വേഷണങ്ങളാണ് ജെ.എച്ച്. വാൻഡെൻബെർഗിന്റെ The changing nature of man. കുട്ടിയിൽ നിന്ന്​ മുതിർന്നയാളിലേക്കുള്ള പരിണാമത്തിന്റെ മനഃശാസ്ത്രവും സാമൂഹ്യശാസ്ത്രവും ചരിത്രപരമായി ഈ കൃതി പരിശോധിക്കുന്നു. കുട്ടികളുടെ പരിചരണവും വിദ്യാഭ്യാസവും എന്തായിരിക്കണമെന്നോ എങ്ങനെയായിരിക്കണമെന്നോ എന്നത് സംബന്ധിച്ച് നിയതവും പൊതു സ്വീകാര്യവുമായ കാഴ്ചപ്പാടുകൾ ഒന്നും മുമ്പില്ലായിരുന്നു. 16-ാം നൂറ്റാണ്ടിൽ മൊണ്ടയിനിന്റെ ഉപന്യാസങ്ങളിലാണ് ആദ്യമായി കുട്ടികളുടെ വിദ്യാഭ്യാസം എന്താകണമെന്നത് സംബന്ധിച്ച നിരീക്ഷണങ്ങൾ കാണാൻ കഴിയുന്നത്. ‘De Institution de enfans' എന്ന ലേഖനത്തിൽ കുട്ടികളെ കാര്യമായി തത്വചിന്ത പഠിപ്പിക്കണം എന്ന് അദ്ദേഹം നിർദ്ദേശിക്കുന്നുണ്ട്. സൈദ്ധാന്തിക വ്യവഹാരങ്ങൾ (Philosophical discourses ) എന്ന പദമാണ് അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത്. ഡെക്കാമറോൺ കഥകൾ അല്ല കുട്ടികൾ വായിക്കേണ്ടത് എന്ന കാര്യത്തിൽ അദ്ദേഹത്തിന് തർക്കം ഉണ്ടായിരുന്നില്ലെങ്കിലും നിയതമായ ഒരു പെഡഗോജിയൊന്നും നിർദ്ദേശിക്കാൻ കഴിഞ്ഞിരുന്നില്ല. മൊണ്ടെയ്‌നിന്റെ കാലത്തു മാത്രമല്ല, തുടർന്നും കുറേ നൂറ്റാണ്ടുകളായി ഈ മേഖലയിൽ അവ്യക്തത തന്നെയാണ് നിലവിലിരുന്നത്. അക്കാലങ്ങളിലെ കനപ്പെട്ടതും പണ്ഡിത പ്രധാനവുമായ രചനകളിൽ നിന്നെല്ലാം ‘കുട്ടി 'അപ്രത്യക്ഷമായിരുന്നു. എന്നാൽ മൊണ്ടെയ്‌നിന് ഏതാണ്ട് ഒരു വർഷത്തിനുശേഷമാണ് കുട്ടികളുടെ പരിചരണത്തിലും പഠനത്തിലും മുതിർന്നവർ പുലർത്തേണ്ട നിഷ്‌കർഷതയെക്കുറിച്ച് ജോൺ ലോക്ക് വിശദമായി എഴുതുന്നത്. Children desire ‘a gentle Persuasion in Reasoning' എന്നാണ് ലോക്ക് എഴുതിയത്. ഭാഷ ഗ്രഹിക്കുന്നതുപോലെ കുട്ടികൾക്ക് വളരെ നേരത്തെ യുക്തിചിന്തയും ഗ്രഹിക്കാൻ കഴിയും എന്നാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്. എന്നാൽ റൂസ്സോയുടെ വരവോടുകൂടിയാണ് കുട്ടികളുടെ വിദ്യാഭ്യാസം സംബന്ധിച്ച ദർശനങ്ങളിൽ കാതലായ വഴിത്തിരിവ് ഉണ്ടാകുന്നത്. കുട്ടികളെ വളരെ ചെറുപ്പത്തിൽ തത്വചിന്തയും യുക്തിയും നിർബന്ധിച്ചു പഠിപ്പിക്കുന്നത് അസംബന്ധവും തെറ്റായ പ്രവണതയുമാണെന്ന് റൂസ്സോ വാദിച്ചു. The child is a child, that it is not an adult എന്ന ആധികാരികവാദം ലോകത്തിന് മുന്നിൽ അവതരിപ്പിക്കപ്പെട്ടു. കുട്ടികളും മുതിർന്നവരും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസങ്ങൾ പരിഗണിക്കാതെയുള്ള ഒരു ബോധനരീതിയും യാഥാർത്ഥ്യപൂർണവും നിലനിൽക്കുന്നതുമല്ലെന്ന് റൂസോ ഉദാഹരണങ്ങളിലൂടെ സമർത്ഥിച്ചു. റൂസ്സോയുടെ ‘എമിലി' കുട്ടിയെയും വിദ്യാഭ്യാസത്തെയും സംബന്ധിച്ച പ്രാക് ധാരണകളെ തിരുത്തിക്കുറിച്ചു. 20-ാം നൂറ്റാണ്ടിൽ ബോധനശാസ്ത്ര രംഗത്തുണ്ടായ പുരോഗമനപരമായ നിരീക്ഷണങ്ങൾക്കും പ്രായോഗിക പരീക്ഷണങ്ങൾക്കും അടിത്തറ പാകാൻ റൂസ്സോയുടെ നിരീക്ഷണങ്ങൾ വലിയ സംഭാവന ചെയ്തിട്ടുണ്ട്. കുട്ടികൾക്ക് വേണ്ടിയുള്ള പുസ്തകങ്ങൾ, കുട്ടികളുടെ വസ്ത്രങ്ങൾ, കുട്ടികൾക്കായുള്ള ആഹാര വസ്തുക്കൾ, കുട്ടികൾക്കുവേണ്ടിയുള്ള കളിയുപകരണങ്ങൾ, കളിസ്ഥലങ്ങൾ, സവിശേഷബോധന രീതികൾ, പരിചരണ രീതികൾതുടങ്ങിയവയെല്ലാം വികസിച്ചുവന്നത് എമിലിയുടെ സ്വാധീന ഫലമാണ് എന്നു പറയാം.

കുട്ടിക്കാലത്തെ കുറിച്ചുള്ള പരമ്പരാഗതമായ സങ്കല്പങ്ങളിൽ നിന്ന്​ കാര്യമായ വ്യതിയാനം സംഭവിച്ചത് പിന്നീട് 1970കളിലും 80 കളിലും ആണ്. 1979 ൽ കുട്ടികളുടെ അന്താരാഷ്ട്ര വർഷം ആചരിച്ചതോടുകൂടി കുട്ടികൾക്ക് പ്രാഥമികമായി ലഭിക്കേണ്ട സാമൂഹികമായ പരിഗണനയെക്കുറിച്ചുള്ള വ്യക്തമായ അവബോധം സമൂഹത്തിൽ പ്രചരിപ്പിക്കപ്പെട്ടു. അക്കാദമിക രംഗത്തെ സാമ്പ്രദായികതകൾ സമഗ്രമായി തിരുത്തപ്പെട്ടു. ശിശുവികാസത്തെയും ശിശു വിദ്യാഭ്യാസത്തെയും സംബന്ധിച്ച റൂസ്സോയും പിയാഷെയും ഉൾപ്പെടുന്ന ചിന്തകരുടെ നിരീക്ഷണങ്ങൾ പോലും പുതിയ അന്വേഷണങ്ങളുടെ ഭാഗമായി തിരുത്തപ്പെട്ടു. ശിശുവികാസപ്രക്രിയ സ്വാഭാവികവും സാർവജനീനവുമാണെന്ന സാമാന്യധാരണകളടക്കം വൈഗോഡ്‌സ്‌കിയുടെ ചിന്തകളാൽ തകിടം മറിഞ്ഞു. വിദ്യാഭ്യാസ മനഃശാസ്ത്രത്തിലും നാഡീ മനഃശാസ്ത്രത്തിലും ഉണ്ടായി വന്ന തിരിച്ചറിവുകൾ കുട്ടിയുടെ വികാസം, ചിന്തകൾ, ബന്ധങ്ങൾ, പഠനരീതികൾ എന്നിവയെയെല്ലാം ശാസ്ത്രീയമായി വ്യാഖ്യാനിച്ചു. കുട്ടിയും വളർച്ചയും സാമൂഹികമായും സാംസ്‌കാരികവുമായ പരിസരങ്ങളാൽ നിയന്ത്രിക്കപ്പെടുന്നതാണെന്ന വാദങ്ങൾ പൊതുവേ അംഗീകരിക്കപ്പെട്ടു. സാർവദേശീയമായി കുട്ടികളുടെ അവകാശങ്ങൾ അംഗീകരിക്കപ്പെട്ടത് സമൂഹത്തിൽ അവർക്ക് ലഭിക്കേണ്ട ശ്രദ്ധയും പരിചരണവും സംബന്ധിച്ച പൊതുധാരണ രൂപീകരിച്ചു.

ഈ വല്ലിയിലെ പൂക്കൾ പറന്നു പോകുന്നത്

കുട്ടി സാർവജനീനമോ പ്രകൃതിദത്തമോ ആയ ഒരു നിർമിതിയല്ല. ചരിത്രപരമായ സാമൂഹ്യപരിണാമ വഴികളിലൂടെ കടന്നുവന്ന കുട്ടി 21-ാം നൂറ്റാണ്ടിലെത്തുമ്പോൾ പ്രധാനമായും പരിപക്വനം (Maturation), അനുഭവങ്ങൾ (Experiences), സാമൂഹ്യ പരിസ്ഥിതി (Social Environment) എന്നീ മേഖലകളിൽ സങ്കീർണ്ണതകൾ അഭിമുഖീകരിക്കുന്നുണ്ട് . ഒരു കുട്ടിയുടെ ചിന്ത ആന്തരികവും മനഃശാസ്ത്രപരവുമായ ഘടകങ്ങളാലോ അവൾക്കു ചുറ്റുമുള്ള ഭൗതികപരിസ്ഥിതിയുടെ സ്വാധീന ഫലമായോ മാത്രമല്ല, മറിച്ച് സാമൂഹ്യ പരിസ്ഥിതിയും കുട്ടിയും തമ്മിലുള്ള ബന്ധത്തിന്റെ പ്രവർത്തനഫലമായാണ് രൂപം കൊള്ളുന്നത്. ജെൻഡർ, വംശം, വർഗ്ഗം എന്നീ സാമൂഹിക ചരങ്ങളുമായി അത് കെട്ടുപിണഞ്ഞു കിടക്കുന്നു. ഇന്നിവ ആധുനിക സാങ്കേതിക വിദ്യയുടെയും വിവിധങ്ങളായ വിവര വിനിമയോപാധികളുടെയും പ്രത്യക്ഷ സ്വാധീനത്തിനു വിധേയവും കുട്ടിയുടെ വൈജ്ഞാനികവും വൈകാരികവും നൈപുണീപരവുമായ വളർച്ചയെ നിർണയിക്കാൻ കഴിയുന്നവയുമാണ്.

ചൈൽഡ്ഹുഡ് അപ്രത്യക്ഷമാകുന്നു (Dis appearing childhood )എന്ന് നീൽ പോസ്റ്റുമാൻ നിരീക്ഷിച്ചതിന്റെ പ്രധാന കാരണം, ആധുനിക സാങ്കേതിക വിദ്യ കുട്ടികളുടെ ദൈനം ദിന വ്യവഹാരങ്ങളിൽ ചെലുത്തിയ സ്വാധീനമാണ്. ഇതിന്റെ ഫലമായാണ് കുട്ടിയും മുതിർന്നവരും തമ്മിലുള്ള അതിർവരമ്പുകൾ മാഞ്ഞു തുടങ്ങിയത്. അറിവിന്റെ ഉടമസ്ഥത ചോദ്യം ചെയ്യപ്പെടുകയും അറിവ് ആർക്കും എപ്പോഴും കയ്യെത്തിപ്പിടിക്കാൻ പറ്റുന്ന വിധം ജനകീയവൽക്കരിക്കപ്പെടുകയും ചെയ്തതോടെ പരമ്പരാഗത അധ്യാപക- വിദ്യാർത്ഥിക ബന്ധത്തിനും പ്രസക്തിയില്ലാതായി. ജ്ഞാനാർജ്ജനത്തിന്റെയും ജ്ഞാനാർജ്ജനത്തിനുള്ള സങ്കേതങ്ങളുടെ കൈകാര്യത്തിന്റെ കാര്യത്തിലും കുട്ടിയും മുതിർന്നയാളും തമ്മിൽ ഭിന്നതയില്ലാതായി. മാസ് മീഡിയയും ഇന്റർനെറ്റും കുട്ടികളുടെ ചിന്തയിലും പ്രവൃത്തികളിലും പ്രായാതീതമായ ബിഹേവിയറൽ മാറ്റങ്ങളുണ്ടാക്കി. കുട്ടികൾ ശാരിരിക ചലനപരമായ കളികളിൽ ഏർപ്പെടുന്നതിനും പരസ്പര കൂട്ടായ്മ വളരുന്നതിനുമുള്ള സന്ദർഭങ്ങൾ സാങ്കേതികവിദ്യയും മത്സരാധിഷ്ഠിത വിദ്യാഭ്യാസ സംവിധാനങ്ങളും ചേർന്നില്ലാതാക്കി. സെൽഫോണുകളും ആപ്പുകളും ഉപയോഗിച്ചുള്ള പഠനം കുട്ടികളിലെ സ്വത്വരൂപീകരണം (Identify formation), പാരസ്പര്യം വളർത്തൽ (intimacy making ), സർഗ്ഗാത്മകതാവികാസം (development of creativity) എന്നിവയെ പ്രതികൂലമായി ബാധിക്കുന്നതായി ഡേവിഡ് ഗാർഡ്‌നർ ആപ്പ് ജനറേഷൻ എന്ന പുസ്തകത്തിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ടി.വി- മൊബെൽ ഫോൺ ഉപയോഗം വീട്ടിനകത്തെ ആശയവിനിമയവും തുറന്ന സംസാരവും ഇല്ലാതാക്കിയിട്ടുണ്ട്. ഇത് കുട്ടികളുടെ പ്രതികരണാത്മക പരിചരണത്തെയും (responsive care giving) അതുവഴിയുള്ള സാമൂഹിക വൈകാരിക വികാസത്തേയും വലിയ അളവിൽ സ്വാധീനിക്കുന്നതാണ്. കുട്ടികളുടെ സ്വാഭാവിക പ്രകൃതം എന്നത് സമപ്രായക്കാരുമായി കൂട്ടുകൂടുവാനുള്ള താല്പര്യമാണ്.

എന്നാൽ സാങ്കേതികവിദ്യ കുട്ടികളെ കൂട്ടത്തിൽ നിന്നകറ്റി. എലോൺ റ്റുഗെദർ എന്ന പുസ്തകത്തിൽ ഷെറി ടർക്കിൾ ഇത് വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. ഓൺലൈൻ - ഡിജിറ്റൽ ഗെയിമുകൾ കുട്ടികളിൽ സൃഷ്ടിക്കുന്ന നിഷേധാത്മക വ്യക്തിത്വത്തെക്കുറിച്ചും അക്രമോത്സുകതയെ കുറിച്ചും നാം ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ബന്ധങ്ങളെ ദുർബലമാക്കുവാനും മനുഷ്യരെ ഒറ്റപ്പെടുത്താനുമുള്ള സാങ്കേതികവിദ്യയുടെ കഴിവ് ഏറ്റവും കൂടുതൽ ബാധിക്കുന്നത് കുട്ടികളെയാണ്. Kids are more and more connected, but less and less is really connected എന്ന് അതുകൊണ്ടാണ് ‘ആപ്പ് ജനറേഷൻ' ഓർമപ്പെടുത്തുന്നത്. ഒരുമിച്ച് ജീവിക്കുമ്പോഴും പരസ്പരം ഒരുമിക്കാത്ത സവിശേഷമായ ഒരു ജീവിതാവസ്ഥയാണത്. കോവിഡ് കാലം ഒരു തരത്തിൽ കുട്ടികളുടെ മാനസിക പരിണാമത്തിന്റെ ആക്കം കൂട്ടുകയാണ് ചെയ്തത്. കോവിഡ് കാലത്ത് സ്‌കൂൾ അടച്ചപ്പോൾ തങ്ങളുടെ കൂട്ടുകാരെ കാണാൻ കഴിയാത്തതുമൂലമുണ്ടായ ആദ്യകാല അസ്വസ്ഥതകളെ കുട്ടികൾ പതിയെ മൊബൈലും ടാബും കൊണ്ട് പരിഹരിക്കാൻ ശ്രമിച്ചത് നിസാര പരിവർത്തനമല്ല. വീടുകളിൽ തന്നെയിരുന്നുള്ള പഠിത്തം, ഹോം വർക്കുകളുടെ അമിതഭാരം, സെൽഫോൺ ഉപയോഗം തുടങ്ങിയവ മുതിർന്നവരിൽ മാത്രം കാണുന്ന പൊണ്ണത്തടി പോലുള്ള ജീവിതശൈലീ രോഗങ്ങൾ കുട്ടികളിലും വ്യാപകമാകുന്നതിന് കാരണമായി. വർദ്ധിച്ചു വരുന്ന ഹോംവർക്കുകൾ കുട്ടികളിൽ വലിയ തോതിലുള്ള മാനസിക സംഘർഷങ്ങളുണ്ടാക്കുന്നുവെന്നും അവരുടെ സ്വാഭാവിക ജീവിതത്തെ താളം തെറ്റിക്കുന്നുവെന്നും ബിഹേവിയറൽ ഡിസോർഡറിലേക്ക് നയിക്കുന്നു എന്നും അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ വളരെ മുമ്പ് പ്രസ്താവിച്ചിട്ടുണ്ട്. അശാസ്ത്രീയ പാരന്റിംഗ്, ടോക്‌സിക്ക് ഫാൻഡം എന്നിവ അനാരോഗ്യകരമായ ലോക വീക്ഷണമാണ് കുട്ടികളിലുണ്ടാക്കുന്നത്. ലഹരി ഉപഭോഗത്തിലും അക്രമ സംഭവങ്ങളിലും ഉൾപ്പെടുന്ന കുട്ടികളുടെ അല്ലെങ്കിൽ ചെറു മുതിർന്നവരുടെ (little adults) റിപ്പോർട്ടുകൾ ദൈനംദിനം കൂടി വരുന്നതും നമ്മെ ഏറെ അസ്വസ്ഥമാക്കുന്നുണ്ട്.

ഈ കാരണങ്ങൾ കൊണ്ടാണ് സാമൂഹ്യമായി നിർമ്മിക്കപ്പെട്ട കുട്ടി ജീവശാസ്ത്രപരമായി പ്രായപൂർത്തിയായ കുട്ടിയിൽ നിന്ന്​ വ്യത്യസ്തനാണ് എന്നു പറയുന്നത്. കുട്ടിയെയും കുട്ടിത്തത്തെയും സംബന്ധിച്ച ധാരണകളെ റീ കൺസ്ട്രക്ട് ചെയ്യാതെ നമുക്ക് ഇത്തരം പ്രവണതകളെ അഭിമുഖീകരിക്കാൻ കഴിയില്ല. അറിവ് നിർമ്മാണത്തിലെ സക്രിയരായ പങ്കാളികൾ എന്ന നിലയിൽ മാത്രമല്ല, സമൂഹനിർമാണത്തിലെ പ്രധാന പങ്കാളിഎന്ന നിലയിൽ കൂടി കുട്ടിയെ പരിഗണിക്കുന്ന ഒരു വിദ്യാഭ്യാസ സംവിധാനത്തിനു മാത്രമേ ഇത്തരം പ്രശ്‌നങ്ങളെ ശാസ്ത്രീയമായും അനുഭാവപൂർവ്വവും കൈകാര്യം ചെയ്യാൻ കഴിയൂ. ഓർക്കേണ്ടത്, ചൈൽഡ്ഹുഡ് എന്ന സാമൂഹിക നിർമിതി തന്നെ അപനിർമിക്കപ്പെടുന്നതിന്റെ വലിയ വർത്തമാനങ്ങൾക്കകത്താണ് നാമും ഒപ്പം നമ്മുടെ കുട്ടികളും വളരുന്നത്. വില്യം വേഡ്​സ്​​വർത്തിന്റെ The child is the father of the man എന്ന പ്രസിദ്ധമായ കവിതാഭാഗം കുട്ടിക്കാലത്തിന്റെ സൗന്ദര്യത്തെ കാൽപ്പനികവൽക്കരിക്കുകയും ‘ചൈൽഡ്ഹുഡി’നോടുള്ള ആരാധനയെ ലാവണ്യവത്ക്കരിക്കുകയും ചെയ്യുന്നുണ്ട്. ‘കുട്ടി' ഒരു വ്യക്തിയുടെ ജീവിതത്തിന്റെ ഭാവുകത്വവും അനുഭവങ്ങളുടെ സൗന്ദര്യവുമാണെന്നും അത് പല വല്ലികളിലെ സൗരഭ്യമുള്ള പൂക്കളാണെന്നും നാം സങ്കൽപ്പിക്കുകയോ അറിയുകയോ ചെയ്യുന്നുണ്ട്. പക്ഷേ അത്തരം സങ്കല്പങ്ങളും അറിവുകളും പോലും കാലാതീതമല്ലെന്നും നമ്മുടെ കാല്പനിക പൊതുബോധത്തിന്റെ വല്ലികളിൽ നിന്നും പറന്നു പോകുന്ന കുട്ടികളെ ഇനിയും കാണാതിരുന്നുകൂടെന്നും കൂടി തിരിച്ചറിയേണ്ടതുണ്ട്.

References:
Escaping childhood- John Holt
Disappearing childhood: Neil postman
Changing nature of man: J H Vanderberg
App Generation: Howard Gardner & Katie Davis
Alone together: Sherie Turkle


Summary: ചൈൽഡ്ഹുഡ് എന്ന സാമൂഹിക നിർമിതി തന്നെ അപനിർമിക്കപ്പെടുന്നതിന്റെ വലിയ വർത്തമാനങ്ങൾക്കകത്താണ് നാമും ഒപ്പം നമ്മുടെ കുട്ടികളും വളരുന്നത്. കുട്ടിയെയും കുട്ടിത്തത്തെയും സംബന്ധിച്ച ധാരണകളെ റീ കൺസ്ട്രക്ട് ചെയ്യാതെ നമുക്ക് ഇത്തരം പ്രവണതകളെ അഭിമുഖീകരിക്കാൻ കഴിയില്ല. അറിവ് നിർമ്മാണത്തിലെ സക്രിയരായ പങ്കാളികൾ എന്ന നിലയിൽ മാത്രമല്ല, സമൂഹനിർമാണത്തിലെ പ്രധാന പങ്കാളിഎന്ന നിലയിൽ കൂടി കുട്ടിയെ പരിഗണിക്കുന്ന ഒരു വിദ്യാഭ്യാസ സംവിധാനത്തിനു മാത്രമേ ഇത്തരം പ്രശ്‌നങ്ങളെ ശാസ്ത്രീയമായും അനുഭാവപൂർവ്വവും കൈകാര്യം ചെയ്യാൻ കഴിയൂ.


വിനോദ് കുമാർ കുട്ടമത്ത്

കാസർകോഡ് ‘ഡയറ്റി'ൽ ലക്ചറർ.

Comments