പഴയ പുലികൾക്ക്
പിടിക്കാനാകാത്ത
പുതിയ കുട്ടികൾ

‘‘ഫാന്റസിയും സഹസികതയും മൃഗകഥകളും തന്നെയാണ് ഇപ്പോഴും കുട്ടികൾക്കിഷ്ടം എന്ന് പൊതുവെ പറഞ്ഞുപോകാറുണ്ട്. എങ്കിലും മുതിർന്നവർ എഴുതുന്ന രചനകൾക്ക് ഒപ്പമോ മുകളിലോ നിൽക്കുന്ന എഴുത്തു നൽകുന്ന കുട്ടികളെ പലപ്പോഴും കാണാറുണ്ട്’’- യുറീക്കയുടെ മുൻ അസോസിയേറ്റഡ് എഡിറ്ററും ഇപ്പോൾ പത്രാധിപസമിതി അംഗവുമായ ജീവൻ എസ്.എം. എഴുതുന്നു.

ന്നത്തെ ബാലസാഹിത്യത്തെ കുറിച്ച് അറിയുക എന്നതിനർത്ഥം, ഇക്കാലത്ത് വിവിധ ദേശങ്ങളിൽ, ഭാഷകളിൽ കുട്ടികൾക്കുവേണ്ടി ഉണ്ടാവുന്ന രചനകളെ പരിശോധിക്കുക എന്നത് കൂടിയാണല്ലോ. കൂടാതെ അവയുടെ ചരിത്രം, വർത്തമാനം, ഭാവി എന്നിവയെയൊക്കെ സംബന്ധിച്ച് നടക്കുന്ന വിവിധങ്ങളായ പഠനങ്ങൾ പരിശോധിക്കുക എന്ന ആഴമേറിയ പ്രക്രിയയിലേക്കും അത് കടക്കും. കുട്ടികൾ രചിക്കുന്നവ, കുട്ടികൾക്കുവേണ്ടി മുതിർന്നവർ നടത്തുന്നവ, പുതിയ സാങ്കേതിക സംവിധാനങ്ങളുടെ പിന്തുണയോടെ ഉണ്ടാവുന്നവ: ഈ രചനകളോടെല്ലാം കുട്ടികളുടെ പ്രതികരണം മനസ്സിലാക്കാൻ വേണ്ടിയുള്ള വലിയ ശ്രമങ്ങളും പഠനത്തിന്റെ ഭാഗമായി വരും. ഇതൊരു പൊതുരീതി തന്നെയാണ്.

ഇങ്ങനെ രൂപപ്പെടുന്ന ഒരു ധാരണയുമായി നമുക്ക് ചുറ്റുമുള്ള ബാലസാഹിത്യരൂപങ്ങൾ പൊരുത്തപ്പെടുന്നുണ്ടോ എന്നൊരു സംശയം പലപ്പോഴും തോന്നാറില്ലേ? സ്കൂൾ തലങ്ങളിലും ക്യാമ്പുകളിലുമൊക്കെ കുട്ടികൾ എഴുതുന്നവയിൽനിന്ന്, അല്ലെങ്കിൽ അവരുടെ ഇടപെടലുകളിൽനിന്ന്, അവർക്ക് ബോധ്യപ്പെട്ട ബാലസാഹിത്യരൂപങ്ങളുടെ നടപ്പ് അവസ്ഥയെ കുറിച്ച് എന്തെങ്കിലും സൂചന നമുക്ക് കിട്ടാറുണ്ടോ?

ഉണ്ട് എന്ന സന്തോഷം പങ്കുവെക്കാനുള്ള വകുപ്പുണ്ട് എന്നാണ് എന്റെ അനുഭവം. സാമാന്യമായി അല്ലെങ്കിലും വിശേഷപ്പെട്ട ഭാവത്തിൽ പലതും ഇവിടെ സംഭവിക്കുന്നുണ്ട്. അതുമായി ബന്ധപ്പെട്ട ചില അനുഭവങ്ങൾ പറയാം.

ഒരു ബാലവേദി ക്യാമ്പ് ആണ് സന്ദർഭം. അവിടെ ഏതോ ഒരു ഘട്ടത്തിൽ കുട്ടികളോട് ഒരു പഴയ ഫലിതം പറയേണ്ടിവന്നു.

‘‘നിങ്ങൾ ഒരു കാട്ടിലകപ്പെട്ടു എന്ന് വിചാരിക്കുക. ഒരു പുലി ആക്രമിക്കാൻ വരുന്നു. രക്ഷപ്പെടാൻ ഒരു സാധ്യതയുമില്ല. എന്തു ചെയ്യും?"- ചോദ്യം ഇതാണ്.

ഉത്തരമായി ഞാൻ അവതരിപ്പിക്കുന്നത്, ‘‘ആ വിചാരം നിർത്തിയാൽ മതി’’ എന്ന തമാശയും.

ആ മറുപടി കേട്ടതും കുട്ടികൾ പലരും ചിരിച്ചു. പക്ഷേ കുറച്ചുകഴിഞ്ഞ് ഒരു കുട്ടി വന്നു സംശയത്തോടെ ചോദിക്കുന്നു: ‘‘ആ വിചാരം നിർത്തിയില്ലായിരുന്നു എങ്കിൽ ഇപ്പോൾ എന്നെ പുലി തിന്നിട്ടുണ്ടായേനെ അല്ലേ?"

കുട്ടികൾ ഉണ്ടാക്കുന്ന യുറീക്കയ്ക്കുവേണ്ടിയുള്ള കുട്ടിപ്പത്രാധിപസമിതിയുടെ കൂടിയിരിപ്പിൽനിന്ന് (2023).
കുട്ടികൾ ഉണ്ടാക്കുന്ന യുറീക്കയ്ക്കുവേണ്ടിയുള്ള കുട്ടിപ്പത്രാധിപസമിതിയുടെ കൂടിയിരിപ്പിൽനിന്ന് (2023).

പുതിയ സിനിമകളും വെബ് സീരീസും ഒക്കെ കാണുന്ന കുട്ടി ആവാം. എന്തായാലും ആശാൻ ഉദ്ദേശിച്ചത് ചോദിച്ചപ്പോഴാണ് കാര്യം മനസ്സിലായത്. അവൻ ആ വിചാരം നിർത്താതെ പോയാൽ അവനെ പുലി പിടിക്കുമല്ലോ, പുലി പിടിച്ച് അവൻ മരിക്കുമല്ലോ. അങ്ങനെ സംഭവിക്കണമെങ്കിൽ, അവൻ ഇവിടെ ജീവിച്ചിരുന്ന് ഇങ്ങനെ വിചാരിച്ചു കൊണ്ടേയിരിക്കണം, അല്ലേ.

'സിവനേ, ഇതേതു ജില്ല' എന്ന ഭാവത്തിൽ മിഴിച്ചു നോക്കുകയല്ലാതെ എനിക്ക് വേറെ വഴിയൊന്നുമുണ്ടായിരുന്നില്ല. ഇത്തരം അപാരമായ ക്രിയാത്മകതയുടെ ഓളങ്ങൾ പലപ്പോഴും കണ്ടിട്ടുണ്ട്.

ചേർത്തുവായിക്കാൻ മറ്റൊരു അനുഭവം കൂടി പറഞ്ഞു പോകട്ടെ.

ടി. കെ. മീരാഭായ് ടീച്ചർ യുറീക്കാ പത്രാധിപരായ കാലത്ത് നടന്ന സംഭവമാണ്. കുറേ കാലങ്ങളായി, എല്ലാ വർഷവും ഒരു മാസം 'കുട്ടികൾ ഉണ്ടാക്കുന്ന യുറീക്ക' എന്ന പ്രത്യേക എഡിഷനുണ്ട്. അതിന്റെ ഭാഗമായ കുട്ടികളുടെ പത്രാധിപസമിതിയ്ക്ക് ലഭിച്ച ഒരു കഥ കുറച്ചുകൂടി ആകർഷകമാക്കണം. അതിന്റെ ടെക്സ്റ്റിൽ എന്ത് മാറ്റം നടത്താൻ കഴിയും എന്നൊരു ചോദ്യം കുട്ടികളായ പത്രാധിപസമിതി അംഗങ്ങളോട് മുതിർന്ന പത്രാധിപസമിതി അംഗങ്ങളായ ഞങ്ങൾ ചോദിക്കുന്നു. അതിന് കുട്ടികളിൽ ഒരാൾ വെച്ച നിർദേശം ഇങ്ങനെ ആയിരുന്നു:
‘‘എന്തിനാ ടെക്സ്റ്റിൽ മാറ്റം? ഇതിനെ ഇത് അച്ചടിച്ചു വരുന്ന രൂപമായി ഒന്നാലോചിച്ചു നോക്കിയേ. കഥയിലെ ചില വാക്കുകൾ വലിച്ചുനീട്ടിയും കുറുക്കിയും ഒക്കെ ഗ്രാഫിക്കലായി എഴുതാം. അത്യാവശ്യം ചിത്രങ്ങളൊക്കെ അതിനോട് ലയിപ്പിച്ചു കൊണ്ട് ഇത് ഒരു കിടിലൻ ഐറ്റമാക്കിക്കൂടെ?’’

കുട്ടിക്കാലത്തിന്റെ കൗതുകങ്ങളെയും ഭാവനകളെയും പരിചരിക്കുന്ന സാഹിത്യശാഖയാണ് ബാലസാഹിത്യം എന്നതിൽ നിന്നൊക്കെ ബാലസാഹിത്യം വികസിക്കുന്ന കാലമാണ്.

അത് പറഞ്ഞ കുട്ടിയുടെ ആശയം അവിടെയും തീർന്നില്ല. മാർജിനു പുറത്തേക്ക് പോകുന്ന വാക്കുകളും വാക്കുകളിൽ ഞാണ് കിടക്കുന്ന ചിത്രങ്ങളുമൊക്കെയായി അദ്ദേഹം ആ കഥയെ എങ്ങനെ മറ്റൊരു അനുഭവമാക്കി മാറ്റമെന്ന് പറഞ്ഞുതന്നു. എഡിറ്റിങ് എന്നാൽ ഇങ്ങനെയൊക്കെ ആവാമെന്നും ഞങ്ങൾ തിരിച്ചറിഞ്ഞു.

ഫാന്റസിയും സഹസികതയും മൃഗകഥകളും തന്നെയാണ് ഇപ്പോഴും കുട്ടികൾക്കിഷ്ടം എന്ന് പൊതുവെ പറഞ്ഞുപോകാറുണ്ട്. എങ്കിലും മുതിർന്നവർ എഴുതുന്ന രചനകൾക്ക് ഒപ്പമോ മുകളിലോ നിൽക്കുന്ന എഴുത്തു നൽകുന്ന കുട്ടികളെ പലപ്പോഴും കാണാറുണ്ട്. സഹജീവികളെ കുറിച്ചും ലോകത്തിലെ വിവിധ ഇടങ്ങളിൽ മനുഷ്യർ എങ്ങനെ ജീവിച്ചുപോകുന്നു എന്നതിനെ കുറിച്ചും എല്ലാം കുട്ടികളിൽ നിന്നും രചനകൾ വരുന്നുണ്ട്. ഈ പുതിയ കാലത്തിൽ ഇൻഫർമേഷൻ ഏറെക്കുറെ രണ്ട് കൂട്ടർക്കും തുല്യമാണ് എന്നതും ഒരു കാരണമാകാം.

അതിൽതന്നെ പുതിയ വിഷയങ്ങളുടെ സ്വീകരണത്തിലും വിഷയപരിചരണത്തിലുമുള്ള കുട്ടികളുടെ മികവ് ചർച്ച ചെയ്യേണ്ടതാണെന്ന് വിവിധ ഉദാഹരണങ്ങൾ നിരത്തി യുറീക്ക മാസികയുടെ മുൻ പത്രാധിപർ കെ. ബി. ജനു മാഷ് മുതിർന്നവർക്കുള്ള എഴുത്തുക്യാമ്പുകളിൽ നിരന്തരം പറയാറുള്ളത് ഓർമ്മ വരുന്നു. എഴുത്തിന്റെ അതേ അളവിൽ തന്നെ കുട്ടികൾ അവയെ അവതരിപ്പിക്കേണ്ടതിന്റെ മറ്റ് സാധ്യതകളും തിരയുന്നു എന്നത് 'കുട്ടികളുടെ യുറീക്ക' നിർമാണ അനുഭവം വെച്ച് മാഷ് ചേർത്തുപറയും.

മുതിർന്നവർ എഴുതിയ കുട്ടികൾക്ക് വേണ്ടിയുള്ള രചനകൾ തെരഞ്ഞെടുക്കുമ്പോൾ എന്തുകൊണ്ടോ അവക്ക് ഇത്തിരി ലാളിത്യം വേണം എന്ന സമീപനം കടന്നുവരാറുണ്ട്. പലപ്പോഴും അതങ്ങനെയാണ്. എപ്പോഴാണ് അത് മുറിയുന്നത്? മീര ടീച്ചർ അതിന് ഒരു മറുപടി പറയും: ‘‘ഇത്തിരി കട്ടി ആയോ എന്ന സംശയം വരുമ്പോൾ, ആ വിഷയത്തിൽ ഏതെങ്കിലും കുട്ടി എഴുതിയ രചന കൂടി ഒന്ന് നോക്കുക. എല്ലാ സംശയവും മാറും’’.

കുട്ടിക്കാലത്തിന്റെ കൗതുകങ്ങളെയും ഭാവനകളെയും പരിചരിക്കുന്ന സാഹിത്യശാഖയാണ് ബാലസാഹിത്യം എന്നതിൽ നിന്നൊക്കെ ബാലസാഹിത്യം വികസിക്കുന്ന കാലമാണ്. അപ്പോഴും ഉയർന്ന സാമൂഹിക മൂല്യങ്ങൾ പുലരുന്ന ഒരു പുതിയ ലോകത്തിലേക്ക് കുട്ടിയെ കൈപിടിച്ചു കയറ്റേണ്ട ഉത്തരവാദിത്തത്തിൽ നിന്ന് അതിന് ഒഴിയാനും പറ്റില്ല. വാമൊഴിവഴക്കങ്ങൾ മുതൽ കൃത്രിമ ബുദ്ധി വരെയെത്തിനിൽക്കുന്ന ഒരു യാത്ര കൂടിയാണത് എന്ന് ഇപ്പോൾ പറയാമെന്നു തോന്നുന്നു. പക്ഷേ ആ യാത്ര ഒരുപാട് സാധ്യതകളുടെ യാത്രയാണ്.

ഒറ്റ നോട്ടത്തിൽ തന്നെ തിരിച്ചറിയാവുന്ന ചില അനുമാനങ്ങൾ പറയാം. ഒന്ന്, ഒരു രചനയുടെ സ്രഷ്ടാവ് (writter) നടത്തുന്ന ആഖ്യാനത്തിലൂടെ ഭേദ്യമാകുന്ന ചില മാറ്റങ്ങളുണ്ട്. ഒരു രചനയുടെ രൂപവും ഭാവവും ഇതിവൃത്തവും എല്ലാം ഇതിൽ വരാം. അത് കഥ പറയുന്ന സങ്കേതമാകാം, അല്ലെങ്കിൽ കഥയുടെ ഇനമോ (ഴോണർ) പശ്ചാത്തലമോ ആകാം. (ഇപ്പോൾ മെറ്റാ ഫിക്ഷനായും ഇന്ററാക്റ്റീവ് ആയും മൾട്ടിപിൾ പെർസ്​പെക്റ്റീവ് ആയുമൊക്കെ ബാലസാഹിത്യം വർത്തമാനം പറയുന്നു.) കഥയിൽ കടന്നുവരുന്ന ജീവിതങ്ങളുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ചുമാകാം (അതിൽ ബാലസാഹിത്യം ചർച്ച ചെയ്യാത്തത് ഒന്നുമില്ല). കഥയെന്ന് പറഞ്ഞു എന്നേയുള്ളൂ, കവിത എന്നു വായിച്ചാലും ഇവിടെ വലിയ വ്യത്യാസം വരാനില്ല. ഇത് പൂർണ്ണമായും എഴുതുന്ന ആളുടെ കയ്യിലാണ്.

ജീവൻ എസ്.എം എഴുതിയ ‘യുദ്ധം അത്ര നല്ലതല്ല’ എന്ന കഥയുടെ ചിത്രീകരണം. ചിത്രം വരയ്ക്കുന്നത് സുധീഷ് അമ്മവീട്.
ജീവൻ എസ്.എം എഴുതിയ ‘യുദ്ധം അത്ര നല്ലതല്ല’ എന്ന കഥയുടെ ചിത്രീകരണം. ചിത്രം വരയ്ക്കുന്നത് സുധീഷ് അമ്മവീട്.

എന്നാൽ, ബാലസാഹിത്യത്തിൽ സംഭവിക്കുന്ന മറ്റ് ചില കാര്യങ്ങൾ മുതിർന്നവരുടെ സാഹിത്യ രൂപത്തിന് അന്യമായവയാണ്. ഉദാഹരണമായി നേരത്തെ യുറീക്ക ക്യാമ്പിലെ കുട്ടി കണ്ടെത്തിയ സാധ്യത. അതൊരു ടെക്സ്റ്റ്‌ +ആർട്ട്‌ ഇന്റഗ്രേഷൻ ആണല്ലോ. അത്തരം ഗ്രാഫിക്കൽ / ടൈപ്പൊഗ്രാഫി / സ്ട്രിപ്പ് / ബലൂൺ സാധ്യതകൾ കൊണ്ട് ഒരു മാറ്റർ തികച്ചും വ്യത്യസ്ത ഐഡന്റിറ്റിയുള്ള മറ്റൊരു വർക്ക്‌ ആക്കി മാറ്റാനുള്ള സാധ്യത ഇപ്പോൾ ബാല സാഹിത്യത്തിൽ മാത്രമാണുള്ളത്. (മുതിർന്നവർ ഗ്രാഫിക് നോവൽ കൊണ്ടുമാത്രം തൃപ്തിയടയേണ്ടിവരും എന്നാണ് തോന്നുന്നത്). അതായത്, നാല് കവിത അല്ലെങ്കിൽ കഥ, കുട്ടിയുടെ മനസ്സിലേക്ക് കടക്കുന്നത്, ആ രചന എഴുത്താളുടെ മാത്രമല്ല എന്ന അവതരിപ്പിക്കപ്പെട്ട രൂപം എന്ന സ്ഥിതിയിലാണ്. ഇവിടെ അത് ഒരു പുതിയ സമന്വിത രൂപമാണ്.

മറ്റൊരു യുറീക്കാ അനുഭവം കൂടി.
തങ്ങളുടെ രചനയെ അടുത്ത തലത്തിലേക്കുകൂടി ഉയർത്തുവാനുള്ള സാധ്യത തെരയുന്ന കുട്ടികളാണത്. കഥയോ കവിതയോ ആകട്ടെ, അവയ്ക്ക് QR കോഡുണ്ടാവുമല്ലോ എന്നുറപ്പ് വരുത്തുവാൻ ശ്രമിക്കുന്നു (ഇപ്പോൾ അത് കവിതക്കേ പലപ്പോഴും സാധ്യമാവൂ). കേവലം വായിക്കലിലോ ചൊല്ലലിനോ അപ്പുറം, പശ്ചാത്തല സംഗീതം കൊടുക്കാനുള്ള സാധ്യത ആരായുന്നു. അവർ വായിക്കുന്ന ചിത്രകഥകളൊക്കെ സ്കാൻ ചെയ്യുമ്പോൾ അത് 3 D ആയി വരുന്നരീതിയിലാക്കിക്കൂടെ എന്ന് നിർദേശം വെക്കുന്നു (ഭാവിയിൽ മലയാളത്തിലെ ബാല സാഹിത്യപുസ്തകങ്ങളിൽ ഇത് സാധ്യമാവും എന്നുറപ്പ്.) പക്ഷേ ഇത് ആ രചനയുടെ അടുത്ത രൂപമാണ്.

എന്തായിരിക്കും ഇതിന്റെ അടുത്ത രൂപം? അതിന്റെ അവകാശി ആരാണ് എന്ന ചോദ്യം ഇത്ര ലളിതമായിരിക്കുമോ?

എഴുതുന്ന ആൾ, അയാൾ അതിന് ഉപയോഗിച്ച സങ്കേതം എന്നിവ മാത്രം കണക്കാക്കി നമുക്ക് ഇനി ബാലസാഹിത്യത്തിനെ നിർവചിക്കാൻ പറ്റുമോ?

ഉത്തരങ്ങൾ കണ്ടെത്താം. എന്തായാലും മനുഷ്യരെയും പ്രകൃതിയെയും പരിഗണിക്കുന്ന ബാലസാഹിത്യരൂപങ്ങൾ ഇനിയും ഏറെ പിറവിയെടുക്കട്ടെ.

Comments