എന്നെ പ്രസവിച്ചപ്പോൾ അമ്മക്ക് 24 വയസ്സായിരുന്നു. പ്രസവമെടുത്ത ഡോക്ടർ സുമതി, ‘ഉണ്ണി ആണ് ട്ടോ, ലീലക്കും അതായിരുന്നില്ലേ മോഹം’ എന്നു പറഞ്ഞപ്പോൾ അമ്മ എന്റെ തലയിൽ ഉമ്മ വെച്ചു. ‘തലയിൽ മുടി തീരെ ഉണ്ടായിരുന്നില്ല’, അമ്മ കൗതുകത്തോടെ പറയുമായിരുന്നു.
അങ്ങനെ ഞാൻ അമ്മയുടെ കുഞ്ഞുണ്ണിയായി. എന്നെക്കാൾ ഏഴു കൊല്ലം മുൻപ് ജനിച്ച ഓപ്പോളുടെയും, മൂന്നു കൊല്ലം മുൻപ് ജനിച്ച ഏട്ടന്റെയും ഇടയിലേക്ക് മൂന്നാമനായി ഞാൻ അവതരിച്ചു.
ഞങ്ങൾ മൂന്നു പേരും വളരുകയായിരുന്നു. സാധാരണ അമ്മമാരെപ്പോലെ അമ്മ ഞങ്ങൾക്കായി ജീവിക്കുകയായിരുന്നില്ല. അമ്മയുടെ ജീവിതത്തോട് ഞങ്ങളെ ചേർത്തുപിടിച്ചു, ഞങ്ങൾ അമ്മയോടൊപ്പം ജീവിക്കുകയായിരുന്നു. അങ്ങനെ ജീവിതം ഒരു സഹകരണപ്രസ്ഥാനമായി ഞങ്ങൾ ആഘോഷിച്ചു.
അമ്മ വായിക്കുകയും എഴുതുകയും ചെയ്തുകൊണ്ടേയിരുന്നു. കഥകൾ മനസ്സിൽ തളിരിടുമ്പോൾ അമ്മ എനിക്ക് (ഞങ്ങൾക്ക് എന്ന് വായിക്കുക) പ്ലോട്ട് വിവരിച്ചുതരും. ഷൊർണൂരിൽ ഞങ്ങൾ ആദ്യം താമസിച്ചിരുന്ന വീട് ആറേക്കർ പറമ്പിനു നടുവിലായിരുന്നു. ഒരു ഫർലോങ് നീളമുള്ള മുറ്റത്തു നടന്നുകൊണ്ട് അമ്മ എനിക്ക് ‘താലപ്പൊലി’യും ‘മൃഗങ്ങളുടെ ഗ്രാമ’വും ‘കുട്ടിപ്പുര’യും പറഞ്ഞുതന്നു.
അമ്മ പക്ഷെ എഴുത്തിന്റെ കാര്യത്തിൽ തീരെ ജനാധിപത്യമര്യാദ കാണിച്ചിരുന്നില്ല. എന്റെ മനസ്സിൽ തോന്നിയ അഭിപ്രായങ്ങൾ പറഞ്ഞാൽ അമ്മ നിഷ്കരുണം തള്ളിക്കളയും. ആ നിലക്ക് അമ്മ തന്റെ ലോകത്തു ഒരു ഏകാധിപതിയായിരുന്നു.
വലിയ വിലയില്ലാത്ത കടലാസ് വാങ്ങി, പ്രസ്സിൽ കൊടുത്ത് ബൈൻഡ് ചെയ്ത പുസ്തകങ്ങളിലാണ് അമ്മ എഴുതുക. കുനുകുനെയുള്ള കൈയ്യക്ഷരത്തിൽ വളരെ വൃത്തിയിലാണ് എഴുതുക. “മൃഗങ്ങളുടെ ഗ്രാമം” എന്ന ചെറുനോവൽ എഴുതുന്ന കാലം ഓർമ്മ വരുന്നു. കഥയുടെ ഏകദേശരൂപം (ഡ്രാഫ്റ്റ്) എഴുത്തുപുസ്തകത്തിന്റെ ചട്ടയിൽ എഴുതിയിടും. അതിൽനിന്നാണ് പിന്നെ വിസ്തരിച്ചെഴുതുന്നത്. ഡ്രാഫ്റ്റ് ആരും കാണാൻ പാടില്ല എന്ന കാര്യത്തിൽ അമ്മയ്ക്ക് നിർബന്ധമുണ്ട്. പക്ഷെ ‘മൃഗങ്ങളുടെ ഗ്രാമ’ത്തിന്റെ ഡ്രാഫ്റ്റ് അമ്മ അറിയാതെ ഞാൻ വായിച്ചു. സത്യം പറഞ്ഞാൽ എനിക്കത് തീരെ ഇഷ്ടമായില്ല. ആ കഥയിൽ അവസാനം മൃഗങ്ങളുടെ ഗ്രാമം ശിഥിലമാകുന്നത് കുട്ടിയായ എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല.

ഞാൻ വായിച്ച കാര്യം എങ്ങനെയോ അമ്മ അറിഞ്ഞു. പക്ഷെ എന്റെ അഭിപ്രായം പറയാൻ ഞാൻ ധൈര്യപെട്ടില്ല. പിന്നീട് അമ്മ എഴുത്തു പുസ്തകം അലമാറിയിൽ പൂട്ടിവെച്ചുതുടങ്ങി. വർഷങ്ങൾക്കുശേഷം പേരക്കുട്ടികൾ വലുതായപ്പോഴേക്കും അമ്മ പൂട്ടിവെക്കാതെയായി. അവർക്ക് വായന എന്ന ശീലം തീരെ ഇല്ല എന്ന് ഒരു പക്ഷെ അമ്മ മനസ്സിലാക്കായിരിക്കണം. ഞങ്ങൾ മക്കൾക്കാണെങ്കിൽ ആ പ്രായവും കഴിഞ്ഞു.
‘പൂമ്പാറ്റ’യും ‘തളിരും’ അമ്മയെ വളർത്തിക്കൊണ്ടിരിക്കുമ്പോഴാണ് ‘പച്ചമലയാളം നിഘണ്ടു’ എന്ന സാഹസത്തിനു അമ്മ മുതിർന്നത്. വളരെ പ്രധാനപ്പെട്ട കാര്യമാണ് അമ്മ ചെയ്തിരുന്നത് എന്നും, അമ്മയെ ശല്യപ്പെടുത്തരുത് എന്നും ഞങ്ങൾക്ക് ശാസന കിട്ടി. ഇത് ഒരു വൃഥാവേലയാണെന്നാണ് എനിക്കു തോന്നിയത്. ആ സമയത്ത് രണ്ടു കുറ്റാന്വേഷണകഥകൾ എഴുതിയാൽ പോരേ എന്ന് ഞാൻ ചോദിച്ചു. "ഇതെഴുതി തീർന്നാൽ കുറേ പൈസ കിട്ടും. അപ്പൊ നമുക്ക് സ്വന്തം വീടും കാറും വാങ്ങാം’’, അമ്മ പുഞ്ചിരിയോടെ പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു. ഞങ്ങളുടെ കുടുംബത്തിന്റെ സാമ്പത്തിക ഗ്രാഫ് കുത്തനെ താഴോട്ട് വീണുകൊണ്ടിരിക്കുന്ന കാലമായിരുന്നു അത്.
നിഘണ്ടു തയ്യാറാക്കികൊണ്ടിരിക്കുമ്പോഴാണ് ഒരു സംഭവമുണ്ടായത്. വാക്കുകളും അർത്ഥങ്ങളും അക്ഷരമാലാക്രമത്തിൽ കാർഡുകളിലാണ് അമ്മ എഴുതിയിരുന്നത്. അവയെല്ലാം ക്രമംതെറ്റാതെ നിലത്തു നിരത്തിവെച്ച് അതിൽനിന്നും വാക്കുകൾ പുസ്തകത്തിലേക്ക് പകർത്തി എഴുതുന്നതായിരുന്നു അമ്മയുടെ രീതി. ഇത് ഒരു വലിയ ടാസ്കായിരുന്നു.
ഒരു ദിവസം, മുറിക്കകത്തു കളിച്ചുകൊണ്ടിരുന്ന എന്റെ പന്ത് ഈ കാർഡുകളുടെ നിരയിൽ വന്നു വീണു. എല്ലാ കാർഡുകളും ചീട്ടുകൊട്ടാരം പോലെ തകർന്നു. അബദ്ധം പറ്റിയത് ശരിയാക്കാൻ ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ അമ്മ വന്നു. ഈ രംഗം കണ്ട് ഒരു നിമിഷം സ്തബ്ധയായിനിന്നു. ആ ഷോക്ക് മാറിയപ്പോൾ അമ്മ പൊട്ടിപ്പൊട്ടിക്കരഞ്ഞു. "എത്ര ദിവസമെടുത്താണ് ഇത് ശരിയാക്കിയത്, ഇനി ഇതൊക്കെ ക്രമത്തിൽ വെക്കാൻ എത്ര പണി വീണ്ടും എടുക്കണം, ഞാൻ ഇത് നിർത്താൻ പോകുകയാണ്, എന്നെക്കൊണ്ടു വയ്യ ഇത് നേരെയാക്കി എടുക്കാൻ’’- അന്നു തോന്നിയ കുറ്റബോധം ഇന്നും എന്നെ വിട്ടൊഴിഞ്ഞിട്ടില്ല.
പക്ഷെ, അമ്മ നിഘണ്ടു എഴുതിത്തീർത്തു എന്നത് മറ്റൊരു കാര്യം.
അമ്മയുടെ കൃതികളുടെ വിവരങ്ങളിൽ എപ്പോഴും പ്രാധാന്യത്തോടെ കാണിക്കാറുള്ള ആശ്ചര്യചൂഡാമണി വിവർത്തനം, വാസ്തവത്തിൽ അച്ഛന്റെ കൂടിയാണ്. പക്ഷെ ജീവിതവിജയം നേടാൻ അച്ഛന് കഴിഞ്ഞില്ല.
അച്ഛനും അമ്മയും തമ്മിൽ ഒരു നിലയ്ക്കു പറയുകയാണെങ്കിൽ രാഗദ്വേഷബന്ധമായിരുന്നു. (Love - Hate Relationship). അവർ തമ്മിൽ ധാരാളം പൊരുത്തക്കേടുകളുണ്ടായിരുന്നു. അമ്മക്ക് എഴുത്തും വായനയുമാണ് ജീവിതമെങ്കിൽ, അച്ഛന് അങ്ങനെ പ്രത്യേകിച്ച് ഒരു താല്പര്യവും ഉണ്ടായിരുന്നില്ല. കാര്യങ്ങളെ വളരെ ലാഘവത്തോടെ സമീപിച്ചിരുനിന്ന അച്ഛൻ, അമ്മയുടെ സർഗ്ഗപ്രക്രിയക്ക് അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കി കൊടുക്കുക എന്ന പ്രധാനപ്പെട്ട ദൗത്യം വളരെ ആത്മാർത്ഥതയോടെ ചെയ്തുവന്നു. നിഘണ്ടു നിർമാണത്തിന് ആവശ്യമായ കാർഡുകൾ വെട്ടി ഒരുക്കിവെക്കുക, അമ്മ ആവശ്യപ്പെടുന്ന പുസ്തകങ്ങൾ പല സ്ഥലങ്ങളിൽ പോയി വാങ്ങി കൊണ്ടുവരിക മുതലായ ജോലികൾ അച്ഛന്റേതു മാത്രമാണെന്ന് അദ്ദേഹം വിചാരിച്ചിരുന്നു. ഇംഗ്ലീഷിൽ articulate ചെയ്യാൻ അച്ഛന് കഴിയുമായിരുന്നു (പഴയ മദ്രാസ് പ്രെസിഡെൻസി കോളേജിലെ ബിരുദധാരിയാണ്). 'അമ്മയാണെങ്കിൽ വെറും പത്താം ക്ലാസ്സുകാരി. അമ്മക്ക് അത് പറയാൻ കുറച്ചു ചമ്മലുണ്ടായിരുന്നെങ്കിലും അംഗീകരിക്കാതെ നിവൃത്തിയില്ലായിരുന്നു. ആശ്ചര്യചൂഡാമണിയുടെ ക്രമദീപിക ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്താൻ Smithsonian University- യിലെ Clifford Jones അമ്മയെ ഏല്പിച്ചപ്പോൾ അമ്മ ശരിക്കും വിരണ്ടു. പക്ഷെ അച്ഛൻ തക്കസമയത്ത് രംഗം കീഴടക്കി. കടിച്ചാൽ പൊട്ടാത്ത സംസ്കൃതത്തിലുള്ള ശ്ലോകങ്ങൾ അമ്മ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തും, അച്ഛനത് ഇംഗ്ലീഷിലേക്കും.
അമ്മയുടെ കൃതികളുടെ വിവരങ്ങളിൽ എപ്പോഴും പ്രാധാന്യത്തോടെ കാണിക്കാറുള്ള ആശ്ചര്യചൂഡാമണി വിവർത്തനം, വാസ്തവത്തിൽ അച്ഛന്റെ കൂടിയാണ്. പക്ഷെ ജീവിതവിജയം നേടാൻ അച്ഛന് കഴിഞ്ഞില്ല. പലപ്പോഴും അത് അദ്ദേഹത്തെ നിരാശനാക്കിയിരുന്നു. അച്ഛനും അമ്മയും തമ്മിൽ ചെറിയ തോതിൽ വാഗ്വാദങ്ങൾ നടന്നു. പക്ഷെ അമ്മയുടെ ധിഷണയുടെ മുൻപിൽ പിടിച്ചുനിൽക്കാൻ സാധാരണക്കാരനായ അച്ഛന് കഴിഞ്ഞില്ല.

അച്ഛനും അമ്മയും ‘പോയ വഴിക്കു തെളിക്കുക’ എന്ന ജീവിത സിദ്ധാന്തമനുസരിച്ചാണ് ഞങ്ങളെ വളർത്തിയത്. ഒന്നിനും നിർബന്ധിച്ചില്ല. നാമജപം, ക്ഷേത്രദർശനം എന്നീ പരിപാടികൾ ഞങ്ങളുടെ കുടുംബത്തിലുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ സ്വതന്ത്രമായി വളരുവാനുള്ള സാഹചര്യമുണ്ടായിരുന്നു. ആരും വലിയ നിലയിലൊന്നും എത്തിയില്ല. ഇരുപതു വയസ്സിൽ വിവാഹം കഴിഞ്ഞ ഓപ്പോൾ രണ്ടു കുട്ടികളായതിനു ശേഷം ഭാഷാശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. ബാങ്ക് ജോലിയിൽനിന്ന് പിരിഞ്ഞ ഏട്ടൻ കർണാടക സംഗീതം പഠിപ്പിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നു. അതൊന്നും അമ്മയെ ബാധിച്ചതേയില്ല. കുറെ പ്രതിസന്ധികൾ ജീവിതത്തിൽ ഞങ്ങൾ നേരിട്ടു. അവയെല്ലാം പ്രായോഗികമായ ഇടപെടലുകൾ നടത്തി അമ്മ പരിഹരിച്ചു. ഇതിനൊക്കെ ഇടയിലും അമ്മ വായിക്കുകയും എഴുതകയും ചെയ്തു. അത്രയ്ക്ക് ആത്മബലമുള്ള വ്യക്തിയായിരുന്നു അമ്മ.
ഞാനും വളരുകയായിരുന്നു. ‘പൂമ്പാറ്റ’യിൽ നിന്ന് ബാറ്റൺ ബോസിലേക്കും കോട്ടയം പുഷ്പനാഥിലേക്കും എം.ടിയിലേക്കും മലയാറ്റൂരിലേക്കും. പക്ഷെ അമ്മയും ഞാനും ഒരേ വേവ് ലംഗ്തിലാണ് സഞ്ചരിച്ചിരുന്നത് എന്നറിയാൻ കുറച്ചുകൂടി കാലം കാത്തിരിക്കേണ്ടിവന്നു. കലാമണ്ഡലത്തിൽ ജോലി കിട്ടിയശേഷമാണ് ഞാനും അമ്മയും കമ്പയിൻഡ് വായന തുടങ്ങിയത്.
വള്ളത്തോളിന്റെയും കുമാരനാശാന്റെയും ഉള്ളൂരിന്റെയും സമ്പൂർണ കൃതികൾ ഞങ്ങൾ വായിച്ചു. അധ്യാത്മരാമായണവും കുഞ്ചൻ നമ്പ്യാരുടെ കൃതികളും കമ്പോടുകമ്പ് വായിച്ചു തീർത്തു. ഇപ്പോഴും എനിക്ക് പിടിതരാതെ കളിക്കുന്ന കവിത എന്ന സാഹിത്യരൂപം കുറേശ്ശേ തലയിൽ കയറിത്തുടങ്ങി. പക്ഷെ ഒരു പറ്റുപറ്റി; അമ്മ വായിച്ചു തന്നാലേ എനിക്ക് കവിത മനസ്സിലാകുകയുള്ളൂ എന്ന സ്ഥിതി വന്നു. അമ്മ വൃത്തമില്ലാത്ത കവിതകൾ വായിച്ചുതരാത്തതു കൊണ്ട് അവ എനിക്കും അപ്രാപ്യമായി.
അമ്മ വായിച്ചുകൊണ്ടേയിരുന്നു, കയ്യിൽ കിട്ടിയതെല്ലാം. പൂരങ്ങളുടെ നോട്ടീസുകളും ‘മ’ പ്രസിദ്ധീകരണങ്ങളും വായനശാലയിൽ ആദ്യം കാണുന്ന പുസ്തകങ്ങളും എല്ലാം അമ്മ വായിച്ചു തള്ളി. അപ്പോഴാണ് സീരിയൽ ഭൂതം അമ്മയിൽ ആവേശിച്ചത്.
പക്ഷെ എനിക്ക് വഴിതെറ്റി. ബുദ്ധിജീവിജാഡ തലയിൽ വന്നുപെട്ടു. ഒന്നും മനസിലായില്ലെങ്കിലും കാഫ്കയും കമ്മ്യുവും സാർത്രും മേതിൽ രാധാകൃഷ്ണനും കുറച്ചു പേജുകൾ മാത്രം വായിച്ച് ഞാൻ അമ്മയുമായി തർക്കിച്ചു. (ഇപ്പോഴും ഇതൊന്നും മുഴുവൻ വായിച്ചിട്ടില്ല എന്നത് സത്യം). അമ്മക്ക് എന്റെ രോഗം പിടികിട്ടി. ഇതൊന്നും അധികം കാലം നിൽക്കില്ല എന്നും കുറച്ചു പ്രായമാകുമ്പോൾ മാറുമെന്നും അമ്മക്ക് ഉറപ്പുണ്ടായിരുന്നതുകൊണ്ട് അതിനെയൊക്കെ പുഛിച്ചു തള്ളി.
അമ്മ വായിച്ചുകൊണ്ടേയിരുന്നു, കയ്യിൽ കിട്ടിയതെല്ലാം. പൂരങ്ങളുടെ നോട്ടീസുകളും ‘മ’ പ്രസിദ്ധീകരണങ്ങളും വായനശാലയിൽ ആദ്യം കാണുന്ന പുസ്തകങ്ങളും എല്ലാം അമ്മ വായിച്ചു തള്ളി. അപ്പോഴാണ് സീരിയൽ ഭൂതം അമ്മയിൽ ആവേശിച്ചത്. എനിക്ക് ദേഷ്യം വന്നു. ‘‘ഇതൊക്കെ അമ്മ എങ്ങനെയാണ് സഹിക്കുന്നത്? അമ്മയുടെ നിലവാരത്തിന് എത്രയോ താഴെ കിടക്കുന്ന ഈ ചവറുസാധനങ്ങൾ അമ്മ ഇനി കാണരുത്’’, ഞാൻ ആക്രോശിച്ചു. അമ്മ എന്റെ വികാരവിക്ഷോഭത്തിനു പുല്ലുവില കല്പിച്ചില്ല എന്നുമാത്രമല്ല സീരിയലുകളൂം, ചാനലുകളിലെ സിനിമകളും കണ്ടു കൊണ്ടേയിരുന്നു.
‘എനിക്ക് കഥകളോട് ഭ്രമമാണ്, ഇതിലൊക്കെ കഥകളുണ്ട്. അതാണ് ഞാൻ ശ്രദ്ധിക്കുന്നത്’, അമ്മ തന്റെ സംവേദനഭൂമികയിൽ ഏകാധിപധിയായി തുടർന്നു.

ഞാനും വെറുതെയിരുന്നില്ല. തൃശ്ശൂരിലെ എഴുത്തുകാരെയും സാംസ്‌കാരിക നായകന്മാരെയും ബുദ്ധിജീവിജാട കാട്ടി കയ്യിലെടുത്തു. പ്രമുഖ എഴുത്തുകാരുടെ ആദ്യ വായനക്കാരനാണെന്നു മേനി പറഞ്ഞു വിലസി. അവരുടെയൊക്കെ തോളിൽ കയ്യിട്ടുനടന്നും, അവരെയൊക്കെ ഇടക്കിടക്ക് ഫോൺ ചെയ്ത് ശല്യപ്പെടുത്തിയും, ക്രമേണ, ഒരു പുസ്തകവും മുഴുവനായി വായിക്കാതെത്തന്നെ നാട്ടിലെ ഏറ്റവും വലിയ വായനക്കാരൻ എന്ന് പട്ടവും നേടി.
പക്ഷെ അമ്മയുടെ അടുത്ത് ഈ പരിപ്പ് വെന്തില്ല. ആളുകൾ എന്നെക്കുറിച്ച് പറഞ്ഞത് കേട്ടപ്പോഴൊക്കെ, അമ്മ ഒരു സോക്രട്ടീസ് ചിരി ചിരിച്ച് എന്നെ തൊണ്ടി സഹിതം പിടിച്ചു. അത്രയ്ക്ക് അറിയാമായിരുന്നു അമ്മക്ക് എന്നെ.
എഴുന്നേൽക്കാനോ നടക്കാനോ കഴിയാതെ വന്നപ്പോഴും അമ്മ വായിച്ചു. ആയിരം പേജുള്ള ‘കയർ’, അഷ്ടമൂർത്തിയുടെ ‘യേശുദാസും ജയചന്ദ്രനും’, ബെന്യാമിന്റെ ‘മഞ്ഞവെയിൽ മരണങ്ങൾ’, ഇ. സന്തോഷ്കുമാറിന്റെ ‘ജ്ഞാനഭാരം’, ഷീല ടോമിയുടെ ‘വല്ലി’, സക്കറിയയുടെ ‘തിരഞ്ഞെടുത്ത കഥകൾ’ ... ഇനിയും കുറെ പുസ്തകങ്ങൾ.
ഒരിക്കലും വീണുപോകില്ല എന്ന് ഞങ്ങളെല്ലാം കരുതിയ അമ്മ പക്ഷെ അച്ഛന്റെ രോഗത്തോടെ തകർന്നു. മൂന്ന് വർഷക്കാലം മറവിരോഗത്തിൽ വീണുപോയ അച്ഛനെ അമ്മ പരിചരിച്ചു. കുട്ടികളെപ്പോലെ വാശിപിടിക്കുകയും, വികൃതി കാണിക്കുകയും അടിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത അച്ഛനെ പരിപാലിച്ച അമ്മ, അച്ഛന്റെ മരണത്തോടെ ശാരീരികമായും മാനസികമായും തകർന്നു. ആ മൂന്ന് കൊല്ലക്കാലം അമ്മ ഒന്നും എഴുതിയില്ല എന്നുപറയാൻ കഴിയില്ല. "ശ്രീകൃഷ്ണകഥകൾ" വളരെ ക്ലേശത്തോടെ എഴുതി തീർത്തു. അത് അമ്മയുടെ ആത്മീയദൗത്യമായിരുന്നു എന്ന് വേണമെങ്കിൽ പറയാം. ഭക്തിയും പ്രാർഥനയുമില്ല എന്ന് എല്ലാവരും കുറ്റപ്പെടുത്തിയിരുന്ന അമ്മ ആ പുസ്തകം ഞങ്ങളെയെല്ലാം അത്ഭുതപ്പെടുത്തി, ഗുരുവായൂർ നടയിൽ സമർപ്പിച്ചു. അതിനുശേഷം അമ്മ കാര്യമായി ഒന്നും എഴുതിയില്ല.

മരിക്കുന്നതിനുമുൻപ് രണ്ടു മാസം അമ്മ എന്റെ കൂടെ താമസിച്ചു. എഴുന്നേൽക്കാനോ നടക്കാനോ കഴിയാതെ വന്നപ്പോഴും വായിച്ചു. ആയിരം പേജുള്ള ‘കയർ’, അഷ്ടമൂർത്തിയുടെ ‘യേശുദാസും ജയചന്ദ്രനും’, ബെന്യാമിന്റെ ‘മഞ്ഞവെയിൽ മരണങ്ങൾ’, ഇ. സന്തോഷ്കുമാറിന്റെ ‘ജ്ഞാനഭാരം’, ഷീല ടോമിയുടെ ‘വല്ലി’, സക്കറിയയുടെ ‘തിരഞ്ഞെടുത്ത കഥകൾ’ ... ഇനിയും കുറെ പുസ്തകങ്ങൾ. വായിച്ചാൽ കണ്ണിനു സ്ട്രെയിൻ വരും എന്നു പറഞ്ഞവരോട്, ‘വായന എന്നത് എനിക്ക് ജീവിതമാണ്, ഞാൻ വായന നിർത്തിയാൽ മരിച്ചു എന്നാണർത്ഥം’ എന്ന് മറുപടി പറഞ്ഞു. പറഞ്ഞപോലെ അവസാനത്തെ പത്തു ദിവസം അമ്മ വായിച്ചില്ല, പുസ്തകം കൊടുത്താലും കയ്യിൽ പിടിച്ചുകിടക്കും, തിരിച്ചുപിടിച്ചുവായിക്കും.

അമ്മയുടെ അവസാനകാലത്ത് വീണ്ടും ഞാൻ അമ്മയുമായി കലഹിച്ചു. കിടപ്പിൽ നിന്ന് എഴുന്നേൽക്കാൻ, കുളിമുറിയിൽ പോയി കുളിക്കാൻ, ഒക്കെ 'അമ്മ വാശിപിടിച്ചു. ഞാൻ അമ്മയോട് ദേഷ്യപ്പെട്ടു. ഞങ്ങളെ ബുദ്ധിമുട്ടിക്കരുത് എന്ന് പറഞ്ഞു. ഏകാധിപതി കീഴടങ്ങി. ഒന്നും മിണ്ടാതെ നിസ്സഹായയായി കിടന്നു.
എന്നോട് പിണങ്ങിയാണ് അമ്മ പോയത്.
