പാലത്തായി കേസ് വിധി, നീതി നൽകുന്നതാണ് എന്ന് വിലയിരുത്തുമ്പോൾ അത് പൊതുമധ്യത്തിലേക്ക് കൊണ്ടുവരുന്ന കുറേ കാര്യങ്ങളുണ്ട്. ഇത് ഒരു ഒറ്റപ്പെട്ട കേസിന്റെ ചർച്ചയായി ഒതുങ്ങാൻ അനുവദിക്കരുതെന്ന് കേരളത്തിലെ പ്രബുദ്ധ സിവിൽസമൂഹത്തോടും സർക്കാരിനോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു. കാരണം, കഴിഞ്ഞ പത്തു വർഷക്കാലത്തെ നിരീക്ഷണത്തിൽ ഇവിടുത്തെ ബാലസംരക്ഷണ സംവിധാനങ്ങളും പൊതുവെ സ്ത്രീകളെയും കുട്ടികളെയും ഉദ്ദേശിച്ച് നിലനിൽക്കുന്ന കൌൺസലിങ് പരിശീലന സംവിധാനങ്ങളും വല്ലാതെ കുത്തഴിഞ്ഞാണ് കിടക്കുന്നത്. ഈ സാഹചര്യത്തിൽ താഴെപ്പറയുന്ന മാറ്റങ്ങൾ അനിവാര്യമാണെന്ന് ഞങ്ങൾ കരുതുന്നു.
1. മേൽപ്പറഞ്ഞവയിൽ, ഏറ്റവും അപകടകരമായ വീഴ്ച പോലീസ് അന്വേഷണ ഘട്ടത്തിലാണ് ഉണ്ടാകാറ്. പോക്സോ കേസുകളുടെ അന്വേഷണ പ്രോട്ടോക്കോൾ കുറ്റമറ്റതല്ല എന്നതു തന്നെയാണ് പ്രശ്നം. തത്ഫലമായി അന്വേഷണത്തിൽ വീഴ്ചകളുണ്ടാകുമ്പോൾ ഇരകൾ തന്നെ തെറ്റു തിരുത്താനുള്ള അപേക്ഷയുമായി നിയമസംവിധാന ഇടനാഴികളിൽ അലഞ്ഞുതിരിയേണ്ട ദുരവസ്ഥയാണ് ഇന്നുള്ളത്. ഇത്തരം കേസുകളിലെ ഇരകൾ സമൂഹത്തിൽ അധികാരം കുറഞ്ഞവരും ഇപ്പറഞ്ഞ അലച്ചിലിന് ആവശ്യമായ വിഭവങ്ങളില്ലാത്തവരും ആകുന്നത് ആകസ്മികമല്ല. ഉദാഹരണത്തിന്, പാലത്തായി കേസിൽ അതിജീവിതയുടെ അമ്മ കോടതിയെ സമീപിച്ച് നിലവിലുണ്ടായിരുന്ന അന്വേഷണത്തിൽ അവിശ്വാസം രേഖപ്പെടുത്തി മറ്റൊരു സംഘത്തെ നിയോഗിക്കാൻ ആവശ്യപ്പെട്ടപ്പോൾ മാത്രമാണ് അന്വേഷണം നേരെയായത്. ഇത് പോക്സോ അതിജീവിതമാരെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്.
പോക്സോ അന്വേഷണത്തിന്റെ
പ്രോട്ടോകോൾ കുറ്റമറ്റതാക്കണം.
കുട്ടികളുടെ സുരക്ഷയും മാനസികസ്ഥിരതയും കേന്ദ്രീകരിച്ചാണ് പോക്സോ കേസുകളിലെ അന്വേഷണം പുനഃസംഘടിപ്പിക്കേണ്ടത്. അതിനായി child-friendly forensic interviewing, video-recorded statements, non-repetitive deposition processes എന്നിവയെ എല്ലാ ജില്ലകളിലും നിർബന്ധമായ സ്റ്റാൻഡേഡ് പ്രോട്ടോക്കോളുകളാക്കണം, അതിജീവിക്കപ്പെട്ട കുട്ടികൾ വീണ്ടും വീണ്ടും അതേ സംഭവം ആവർത്തിച്ച് പറയേണ്ടിവന്നുണ്ടാകുന്ന രണ്ടാംഘട്ട മാനസികപീഡനം ഒഴിവാക്കാൻ കഴിയണം. കൂടാതെ അന്വേഷണത്തിലുണ്ടാകുന്ന വീഴ്ചകൾ, തെറ്റായ പ്രോട്ടോകോൾ, രേഖാമൂല്യങ്ങളുടെ അഭാവം, വസ്തുതകൾ ശേഖരിക്കാത്തത്, ഫോറൻസിക് തെളിവ് അഭാവം (കുറവ്)- ഇവ കുട്ടിയുടെ മൊഴിയുടെ വിശ്വാസ്യതയെയും കുറ്റക്കാരന്റെ തിരിച്ചറിയലിനെയും ബാധിക്കരുതെന്ന് നിയമത്തിൽ വ്യക്തമായി എഴുതിയിരിക്കണം.
“Investigation lapses shall not prejudice the child” എന്ന സംരക്ഷണവ്യവസ്ഥ നിയമത്തിലൂടെ ഉറപ്പാക്കുന്നത് കുട്ടിയുടെ അവകാശങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരുടെ പിഴവുകളുടെ പേരിൽ നഷ്ടപ്പെടാതിരിക്കാൻ അത്യന്തം ആവശ്യമാണ്; അതിലൂടെ കുട്ടിയുടെ മൊഴി തന്നെ പ്രാഥമികവും സ്വതന്ത്രവുമായ തെളിവായി അംഗീകരിക്കുന്ന child-centric നീതി തത്വം ശക്തിപ്പെടുകയും ചെയ്യും.
2.വീഴ്ചയുണ്ടാക്കുന്നവർക്കെതിരെ ശക്തമായ നടപടി ഉണ്ടായ ചരിത്രവും വിരളമാണ്.
വാളയാർ കേസിൽ സോജന് കിട്ടിയ സംരക്ഷണം ഉദാഹരണമാണ്. മാത്രമല്ല, അനുപമാ ചന്ദ്രൻ കേസിൽ അഡ്വ സുനന്ദ, ഷിജുഖാൻ, ധന്യ ഷൈൻ മുതലായവർ കടുത്ത വീഴ്ചകൾക്കിടവരുത്തി എന്ന് വ്യക്തമായെങ്കിലും അവർ സംരക്ഷിക്കപ്പെട്ടു എന്നത് എല്ലാവരും അറിയുന്ന കാര്യം തന്നെ. മറ്റു പല പോക്സോ കേസുകളിലും ബാലസംരക്ഷണത്തിനായുള്ള സർക്കാർ സംവിധാനങ്ങളുടെ ചുമതലയുള്ളവരിൽ നിന്നുണ്ടായ മനുഷ്യത്വവിഹീനമായ പെരുമാറ്റങ്ങൾ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയൊന്നും ശിക്ഷിക്കപ്പെട്ടിട്ടില്ല. പാലത്തായി കേസിൽ കൌൺസലർ സസ്പെൻറ് ചെയ്യപ്പെട്ടത് മതിയായ നടപടിയായി കരുതാനാവില്ല. അതിനും പ്രത്യേക അപേക്ഷ വേണ്ടിവന്നു – കോടതി വിധിന്യായത്തിൽ നടത്തിയ ശക്തമായ നിരീക്ഷണങ്ങൾ മതിയായിരുന്നില്ല. ഇരകൾ അധികാരസംവിധാനത്തിന്റെ ഉന്നതതലങ്ങളിൽ പരിഹാരത്തിനായി പോകാൻ നിർബന്ധിതരാകുന്നു – അതായത്, ബാലക്ഷേമസമിതിയുടെയോ പോലീസിന്റെയോ തലത്തിൽ പരിഹരിക്കാവുന്ന വീഴ്ചകൾ മന്ത്രിതലത്തിൽ എത്തിക്കേണ്ടിവന്നു. ഇത് ഇരയായ കുഞ്ഞിന്റെ സ്വകാര്യതയെ വല്ലാതെ ബാധിച്ചിട്ടുമുണ്ട്. അങ്ങനെ ഇരയും കുടുംബവും വീണ്ടും ഇരയാക്കപ്പെട്ടിരിക്കുന്നു.

സസ്പെൻഷൻ ഒരു ശിക്ഷ പോലുമാകുന്നില്ല, താത്ക്കാലിക ജോലിക്ക്, വിശേഷിച്ചും. വർഷാന്ത്യം അടുത്ത ഘട്ടത്തിൽ സസ്പെൻറുചെയ്യപ്പെട്ട ആ വ്യക്തിയെ വീണ്ടും മറ്റെവിടെയെങ്കിലും നിയമിച്ചുകൂടെന്നില്ല. വീഴ്ച വരുത്തിയ വ്യക്തിയുടെ പേരു പോലും പരസ്യമാക്കാത്തത് സംശയങ്ങളെ ബലപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ പത്തുവർഷക്കാലത്തിനിടയിൽ ഇത്തരം സർക്കാർ നിയമനങ്ങളിൽ സി പി എം കടുത്ത സ്വജനപക്ഷപാതം തുറന്നുതന്നെ കാട്ടുന്ന സാഹചര്യത്തിൽ, പ്രത്യേകിച്ചും.
വീഴ്ചകൾ വരുത്തുന്നവരെ ബാലസംരക്ഷണച്ചുമതലകളിൽ നിന്നു പാടെ മാറ്റിനിർത്തുക, കൌൺസലിങ് നടത്താൻ അനുവദിക്കാതിരിക്കുക, അവർക്കെതിരെ പോലീസ് കേസെടുക്കുക മുതലായ നടപടികളാണ് വേണ്ടത്. അത്തരമൊരു നടപടി കേരളത്തിൽ ഉണ്ടായിട്ടുണ്ടെന്ന് എടുത്തുപറയേണ്ടതുണ്ട് – പാലക്കാട് ബാലക്ഷേമസമിതിയുടെ ചെയർമാനെ നീക്കം ചെയ്തപ്പോൾ, ഇനി കുട്ടികളുമായി ബന്ധപ്പെട്ട സർക്കാർപ്രവർത്തനങ്ങളിൽ അയാളെ പരിഗണിച്ചുകൂട എന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. സമൂഹത്തിലെ ഏറ്റവും ദുർബലരും എന്നാൽ സമൂഹത്തിൻറെ ഭാവി തന്നെയുമായ വിഭാഗമാണ് കുട്ടികൾ എന്ന് നാം മറന്നുകൂടാ.
3. കേരളത്തിൽ നിലവിലുള്ള സർക്കാർ ബാലസംരക്ഷണ സംവിധാനത്തിന്റെ എല്ലാ തലങ്ങളെയും സൂക്ഷ്മമായി ഓഡിറ്റ് ചെയ്യേണ്ടത് മലയാളിസമൂഹത്തിന്റെ തന്നെ അത്യാവശ്യമാണെന്നു പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ബാലസംരക്ഷണത്തിനായുള്ള ഇന്ത്യൻ നിയമങ്ങൾ ഇന്ത്യൻ ഭരണഘടനാമൂല്യങ്ങളിൽ ഊന്നിനിൽക്കുന്നവയും അവയെ പുരോഗമനപരമായി വ്യാഖ്യാനിക്കുന്നവയുമാണ്. എന്നാൽ അവയെ നടപ്പാക്കുന്ന സംവിധാനങ്ങളാകട്ടെ സാമുദായിക ശക്തികളുടെയും രാഷ്ട്രീയ കക്ഷികളുടെയും സ്ഥാപിതതാത്പര്യങ്ങളുടെ ഉപകരണങ്ങളായിയാണ് ഇന്നു പ്രവർത്തിക്കുന്നത്. കേരളം സാമൂഹ്യപുരോഗതിയും പ്രബുദ്ധതയും ഇടതുപക്ഷഭരണവും അവകാശപ്പെടുന്നെങ്കിലും ഇവിടെപ്പോലും സ്ഥിതി മറിച്ചല്ല. ഏട്ടിലെ ഭരണഘടനാമൂല്യങ്ങളും യഥാർത്ഥലോകത്തിലെ ഇടുങ്ങിയ സ്ഥാപിതതാത്പര്യങ്ങളും തമ്മിലുള്ള ഈ വിടവിൽ അകപ്പെട്ട് കഷ്ടപ്പെടുന്നത് നമ്മുടെ കുട്ടികളും സ്ത്രീകളുമാണ്.
കേരളത്തിൽ 2017 ജൂലൈ നാലിലെ സർക്കാരിന്റെ എക്സ്ട്രാ ഓർഡിനറി ഗസറ്റ് പ്രകാരം സാമൂഹ്യനീതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി മിനി ആൻറണി ഇറക്കിയ റൂളുകൾ പ്രകാരം രാഷ്ട്രീയകക്ഷികളിൽ എന്തെങ്കിലും ഔദ്യോഗികസ്ഥാനം വഹിക്കുന്നവർക്ക് ബാലക്ഷേമസമിതിയിൽ അംഗത്വമുണ്ടാകാൻ പാടില്ല. എൻ ജി ഒ- പ്രവർത്തനം നടത്തുന്നവർ, അവരുടെ കുടുംബാംഗങ്ങൾ, വിദേശഫണ്ട് വാങ്ങുന്നവർ -- ഇവരാരും അംഗങ്ങളായിക്കൂടാ. (https://share.google/ShsB3hlVnV16vA0FR). രാഷ്ട്രീയകക്ഷികളടക്കമുള്ളവർ സ്ഥാപിതതാത്പര്യസ്ഥാപനത്തിനായി കുട്ടികൾക്കായുള്ള ക്ഷേമസംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെ തടയുക എന്ന ലക്ഷ്യമാണ് ഈ നിയന്ത്രണങ്ങൾക്കുള്ളതെന്ന് വ്യക്തമാണ്.
2025 ഫെബ്രുവരിയിൽ കേരള ഹൈക്കോടതി ബാലക്ഷേമസംവിധാനത്തിൽ കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൃത്യമായ മുൻപരിചയമുള്ളവരെ മാത്രമേ നിയമിക്കാവൂ എന്ന് അഭിപ്രായപ്പെട്ടു. ഏഴുവർഷത്തെ പ്രവൃത്തിപരിചയത്തെ യാന്ത്രികമായി വ്യാഖ്യാനിക്കരുതെന്നും, ബാലക്ഷേമനിയമം കേവലം നിയമം മാത്രമല്ല, ഒരു സംരക്ഷണസംവിധാനം തന്നെയാണെന്ന് സർക്കാർ ഓർമ്മിക്കണമെന്ന് കോടതി പറഞ്ഞു (https://www.livelaw.in/high-court/kerala-high-court/kerala-high-court-child-welfare-committee-member-284396).
പക്ഷേ ഈ ഉദ്ദേശ്യത്തെ മാനിച്ചുകൊണ്ടാണോ നിയമനങ്ങൾ നടന്നിട്ടുള്ളതെന്ന് ഏറെ സംശയം തോന്നിക്കുന്ന വിധത്തിലാണ് ബാലസംരക്ഷണ സംവിധാനങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നതെന്ന് നിസ്സംശയം പറയാം. രാഷ്ട്രീയ ഇടപെടലുകൾ മാത്രമല്ല, സമൂഹത്തിന്റെ ഇടുങ്ങിയ സദാചാരത്തെ മുതലെടുത്ത് ഇരകളെ പിൻതിരിപ്പിക്കാനും, സ്വന്തം അവകാശങ്ങളെ കൈയൊഴിയാനും മറ്റും പ്രേരിപ്പിക്കുന്ന ബാലക്ഷേമസമിതി അംഗങ്ങളുടെ എണ്ണം കുറവല്ല. ഉദാഹരണത്തിന് ഗർഭിണികളായിത്തീരുന്ന ബാലികമാർക്ക് ഗർഭമൊഴിവാക്കാൻ അവകാശമുണ്ടെങ്കിലും തങ്ങളുടെ സദാചാര ഇടുക്കങ്ങളെ കുട്ടികളുടെ അവകാശത്തിനും മീതെ പ്രതിഷ്ഠിക്കുന്ന ബാലക്ഷേമസമിതി അംഗങ്ങളെ ധാരാളം കാണാനുണ്ട്. ഇരകളിൽ വലിയൊരു വിഭാഗം സമൂഹത്തിലെ ഏറ്റവും താഴെയുള്ള ശ്രേണികളിൽ ഉൾപ്പെട്ടവരാണ്. അവരെ ജാതീയമായും ലൈംഗികമായും അധിക്ഷേപിക്കുന്നവർ പോലും ബാലക്ഷേമസംവിധാനത്തിൻറെ ഭാഗമായി ഉണ്ട്.

ബാലക്ഷേമസംവിധാനത്തിൽ കൌൺസലിങ് അടക്കമുള്ള ചുമതലകൾ എങ്ങനെ, ആര് വീതിച്ചുകൊടുക്കുന്നു മുതലായ കാര്യങ്ങളിൽ സുതാര്യത തീരെ കുറവുമാണ്. സപ്പോർട്ട് പേഴ്സൺ ആയി വരുന്നവരെ, അല്ലെങ്കിൽ ഭാഷാസഹായികളെ, എങ്ങനെ നിയമിക്കുന്നു, ഏതു മാനദണ്ഡപ്രകാരം തെരെഞ്ഞെടുക്കുന്നു മുതലായ കാര്യങ്ങളിലും വേണ്ടത്ര സുതാര്യത ഇല്ല. ബാലക്ഷേമസംവിധാനത്തിൻറെ കാര്യത്തിൽ നൂറു ശതമാനം സുതാര്യത പൊതുജനമദ്ധ്യത്തിൽ സർക്കാർ ഉറപ്പുവരുത്തേണ്ടതാണ് – കുട്ടികളുടെ അവകാശങ്ങളും ആത്മാഭിമാനവും മറ്റേത് സ്വകാര്യതാവാദത്തിനും മീതെയാണെന്ന് അംഗീകരിക്കേണ്ടത് ബാലസംരക്ഷണവിജയത്തെപ്പറ്റി ഊറ്റം കൊള്ളുന്ന കേരളസർക്കാരിന്റെ കടമ മാത്രമാണ്. അതുകൊണ്ടു തന്നെയാണ് സർക്കാർ തലത്തിലോ, അതിലേറെ സിവിൽസമൂഹത്തിൽ നിന്നുതന്നെയോ കൃത്യവും സൂക്ഷ്മവുമായ ഓഡിറ്റ് നടക്കേണ്ടത് അത്യാവശ്യമാകുന്നത്. ബാലസംരക്ഷണ സംവിധാനത്തെ ഇഷ്ടക്കാർക്കിരിക്കാനുള്ള കസേരകളുടെ കൂട്ടമായി മാറ്റുമ്പോൾ തെറ്റുകാർക്ക് രക്ഷപ്പെടാനുള്ള പഴുതുകൾ കണ്ടെത്തുന്നവരായി ബാലാവകാശസംരക്ഷകർ മാറും – സംവിധാനത്തിന്റെ സുതാര്യത പരിപൂർണമായും നഷ്ടപ്പെടും. ബാലക്ഷേമസംവിധാനം ഇന്ത്യൻ ജനാധിപത്യത്തിനു തന്നെയും അന്യമാകും.
4. കൌൺസലിങ് മുതലായവയിൽ പരിശീലനം നേടുന്നത് ഇത്തരം നിയമനങ്ങളുടെ യോഗ്യതയാണെങ്കിലും, ആ പരിശീലനങ്ങളുടെ ഉള്ളടക്കം പലപ്പോഴും പ്രശ്നകരമാകുന്നുണ്ടെന്നും വ്യക്തമാണ്. ഇന്ത്യൻ ബാലസംരക്ഷണ-സ്ത്രീസംരക്ഷണ നിയമങ്ങൾ, കേസുകളുടെ സാമൂഹിക-സാമ്പത്തിക ഘടനാപരമായ വശങ്ങളെയും അവയിൽ ഉൾച്ചേർന്ന അധികാരബന്ധങ്ങളുടെ വശങ്ങളെയും വേണ്ടത്ര പരിഗണിക്കണമെന്ന് നിർദ്ദേശിക്കുന്നവയാണ്. പക്ഷേ പലപ്പോഴും കൌൺസിലർമാരുടെ സമീപനം ഇവയെ പരിഗണിക്കാതിരിക്കുകയും കേവലം മനഃശാസ്ത്രപരമോ സാംസ്കാരികമോ ആയ വിശദീകരണങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നത് ഇരകളെ വീണ്ടും ഇരകളാക്കാൻ മാത്രമേ സഹായിക്കൂ.
സർക്കാർ കൌൺസലിങിൽ അറിഞ്ഞോ അറിയാതെയോ പഴയ കാല structural-functionalist സമീപനമാണ് മുന്നിട്ടു നിൽക്കുന്നതെന്ന് തോന്നിപ്പിക്കുന്ന തെളിവുകളാണ് കണ്ടുവരുന്നത്. ഇത് കോടതികളിലും മറ്റും നിലനിൽക്കുന്ന കൌൺസലിങ് സംവിധാനത്തിലും വ്യാപകമായി കണ്ടുവരുന്നുണ്ട് – വ്യക്തികൾ കുടുംബം, സമുദായം മുതലായ സ്ഥാപനങ്ങളുടെ ഭാഗങ്ങളാണെന്നും അവരുടെ അവകാശങ്ങളും താത്പര്യങ്ങളും ഇപ്പറഞ്ഞ സ്ഥാപനങ്ങളുടെ കെട്ടുറപ്പിനെ ഉലയ്ക്കാൻ പാടില്ല, മറിച്ച് അവ സ്ഥാപനതാത്പര്യങ്ങൾക്ക് കീഴ്പ്പെട്ടാണ് നിൽക്കേണ്ടതെന്ന ധാരണ ഇന്ന് യൂട്യൂബിലും മറ്റും തങ്ങളുടെ കൌൺസലിങിനെപ്പറ്റി സംസാരിക്കുന്ന പലരുടെയും വാക്കുകളിൽ വ്യക്തമാണ്.
പരസ്പര യോജിപ്പില്ലാത്തവർ പിരിയണം, പക്ഷേ കഴിവതും പിതൃമേധാവിത്വ കുടുംബമെന്ന സ്ഥാപനം, വിവാഹമെന്ന സ്ഥാപനം, ഇവയുടെ ഘടകങ്ങളായി വ്യക്തികൾ, പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും കഴിയണമെന്ന അടിസ്ഥാന ധാരണയാണ് പലരുടെയും വാക്കുകളിൽ. ഇത് ഇന്ത്യൻ സ്ത്രീസംരക്ഷണ – ബാലസംരക്ഷണ നിയമങ്ങളിലെ ഭരണഘടനാമൂല്യങ്ങൾക്ക് എതിരാണ്. ഇരകളുടെ അവസ്ഥയെ മനഃശാസ്ത്രഘടകങ്ങളിലേക്കോ അവരുടെ സാംസ്കാരിക ‘പോരായ്മ’കളിലേക്കോ ചുരുക്കാനുള്ള പ്രവണതയെ ഇത് ന്യായീകരിക്കുകയും ചെയ്യും. അതുകൊണ്ട് ഇന്ന് കൌൺസലിങ് പരിശീലനമെന്ന പേരിൽ നടക്കുന്ന പഠനപ്രവർത്തനങ്ങളെയും സോഷ്യൽ വർക്ക് സിലബസുകളിലെ കൌൺസലിങ് ഉള്ളടക്കത്തെയും വിമർശനപരമായി വിലയിരുത്താൻ സിവിൽസമൂഹശ്രമമുണ്ടാകണം.

5. വിദ്യാലയത്തിലും പുറത്തും കുട്ടികളുടെ ജീവിതത്തോട് അത്യധികം ചേർന്നുനിൽക്കുന്ന പലതരം പരിശീലനങ്ങളും കൌൺസലിങ് അവസരങ്ങളും ഇന്ന് വർദ്ധിച്ചുവരുന്നുണ്ട്. വിദ്യാഭ്യാസത്തിന്റെ അനുബന്ധ പ്രവർത്തനങ്ങൾക്ക് പ്രാധാന്യമേറുകയും, അവ പലപ്പോഴും വിപണിമൂല്യം ആർജിക്കുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തിൽ കുട്ടികളെ നൃത്തം, സ്പോർട്ട്സ്, കരാട്ടെ മുതലായ കായികശേഷികൾ, മുതലായവ പഠിപ്പിക്കാൻ താത്കാലിക നിയമനം നേടുന്നവർക്ക് കൃത്യമായ പെരുമാറ്റച്ചട്ടവും, പോലീസ് വെരിഫിക്കേഷൻ, നിർബന്ധിത റിപ്പോർട്ടിങ് പ്രോട്ടക്കോൾ, നിയമനമാനദണ്ഡങ്ങൾ എന്നിവ നിലവിൽ വരും വിധം, അവയുടെ സുതാര്യത ഉറപ്പാക്കുംവിധം, സർക്കാർ മാർഗരേഖകൾ ഉണ്ടാക്കേണ്ടതുണ്ട്. വിദ്യാലയത്തിൽ സ്ഥിരജോലിക്കാരായാലും അവിടെയുള്ള താത്കാലിക പരിശീലകരായാലും, കുട്ടികളുടെ സുരക്ഷയിൽ വീഴ്ച വരുത്തുകയോ കുട്ടികളെ ആക്രമിക്കുകയോ ചെയ്താൽ അതിന്റെ ഉത്തരവാദിത്വം വിദ്യാലയാധികൃതർക്കും പി ടി എയ്ക്കും ആയിരിക്കുമെന്നും, അത്തരം വീഴ്ചകൾ ഇനി സംഭവിക്കാതിരിക്കാൻ എന്തു നടപടിയാണ് തങ്ങൾ സ്വീകരിച്ചിട്ടുള്ളതെന്ന് തദ്ദേശതലത്തിലും പുറത്തും വ്യക്തമാക്കാനുള്ള ബാധ്യത അവർക്കുണ്ടെന്നും വരണം. ഇത്തരം വിഷയങ്ങളിൽ സ്ക്കൂളധികൃതരും പിടിഏയും വീഴ്ച വരുത്തിയാൽ നിർബന്ധിതശിക്ഷയും പൊതുവായ വെളിപെടുത്തലും ഉറപ്പാക്കണം.
6. താഴെ ചേർത്തിരിക്കുന്ന ജോലി ചെയ്യുന്ന മുതിർന്നവർ കുട്ടികൾക്കെതിരെ ലൈംഗികമോ അല്ലാതെയോ ഉള്ള പീഡനം നടക്കുന്നു എന്നറിഞ്ഞാൽ, ആ വിവരം പ്രസ്തുത വകുപ്പിനെ അറിയിക്കേണ്ട നിർബന്ധിത റിപ്പോർട്ടർ (mandated reporter) ആണെന്നുള്ള നിയമം നടപ്പിലാക്കണം. കുട്ടികൾ ഈ വിവരം നിർബന്ധിത റിപ്പോർട്ടർമാരോട് നേരിട്ട് പറയേണ്ട ആവശ്യമില്ല. ഒരു കുട്ടി ബാലപീഡനത്തിന് ഇരയായിട്ടുണ്ടെന്ന് സംശയിക്കാൻ ന്യായമായ കാരണമുണ്ടെങ്കിൽ താഴെ പറഞ്ഞിരിക്കുന്ന മുതിർന്നവർ സംശയിക്കപ്പെടുന്ന ബാലപീഡനം നിയമപരമായി റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്. പീഡനം നടക്കുന്നു എന്ന് സംശയം തോന്നിയാൽ നിർബന്ധിത റിപ്പോർട്ടർമാർ ആ വിവരം പ്രസ്തുത വകുപ്പിനെ അറിയിക്കണം. പ്രസ്തുത വകുപ്പ് 24 മണിക്കൂറിനകം സമർപ്പിച്ച റിപോർട്ടുകൾ അന്വേഷിക്കാൻ തുടങ്ങണം. നിർബന്ധിത റിപ്പോർട്ടിങ്ങിന് അത്യാവശ്യമായി ഒരു പ്രോട്ടോകോൾ സംസ്ഥാന തലത്തിൽ സ്ഥാപിക്കണം.
നിർബന്ധിത റിപ്പോർട്ടർമാരുടെ പട്ടിക:
a) സ്‌കൂളിൽ ജോലി ചെയ്യുന്നവർ / ജീവനക്കാർ: പ്രിൻസിപ്പൽ, ഹെഡ്മാസ്റ്റർ, ഹെഡ്മിസ്ട്രസ്, അദ്ധ്യാപകർ, അദ്ധ്യാപകരുടെ സഹായികൾ, പ്യൂൺ, സെക്യൂരിറ്റി, പേരന്റ് റ്റീച്ചർ അസ്സോസിയേഷൻ ഭാരവാഹികൾ, സ്‌കൂളിലെ കോൺട്രാക്ട് ജീവനക്കാർ, സ്‌കൂളിലെ കൗൺസിലേഴ്‌സ്, സോഷ്യൽ വർക്കേഴ്സ്; ജോലി സമയത്ത് കുട്ടികളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്ന ശിശു സംരക്ഷണ സേവനങ്ങളിലെ ജീവനക്കാർ.
b) കുട്ടികളുടെ ആരോഗ്യ പരിശോധന, പരിചരണം അല്ലെങ്കിൽ ചികിത്സ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ സംരക്ഷണ കേന്ദ്രത്തിലെയോ ആരോഗ്യ വകുപ്പിന്റെ ലൈസൻസുള്ള ദാതാക്കളുടെയോ ജീവനക്കാർ: ഡോക്ടർ, നഴ്സ്, മെഡിക്കൽ എക്‌സാമിനർ എന്നിവർ പ്രത്യേകിച്ചും.
c) പതിവായി സ്ഥാപിതമായ മതസംഘടനയിൽ ഉള്ള പുരോഹിതന്മാർ, ശുശ്രൂഷകർ, മതവൈദ്യന്മാർ, ആത്മീയ നേതാക്കൾ, മറ്റ് ജീവനക്കാർ.
d) പതിവായി ഷെഡ്യൂൾ ചെയ്ത പരിപാടിയുടെയോ പ്രവർത്തനത്തിന്റെയോ സേവനത്തിന്റെയോ അവിഭാജ്യ ഘടകമെന്ന നിലയിൽ, വ്യക്തികളുടെ പങ്കിന്റെ അടിസ്ഥാനത്തിൽ, കുട്ടികളുടെ ക്ഷേമത്തിന് ഉത്തരവാദികളായ അല്ലെങ്കിൽ കുട്ടികളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്ന വ്യക്തികൾ - ശമ്പളം ലഭിക്കുന്നവരോ ശമ്പളം ലഭിക്കാത്തവരോ.
e) ജോലി സമയത്ത് കുട്ടികളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്ന സാമൂഹിക സേവന ഏജൻസിയിലെ ജീവനക്കാർ.
f) ജോലി സമയത്ത് കുട്ടികളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്ന ഒരു പൊതു ലൈബ്രറിയിലെ ജീവനക്കാർ.
g) കുട്ടികളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്ന സ്വതന്ത്ര കോൺട്രാക്ടർമാർ.
h) ദത്തു മാതാപിതാക്കൾ, ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുമായി ഇടപഴകുന്നവർ.
7. കേരള പോലീസ് ഈയടുത്ത കാലത്തായി Child Sexual Abuse Material (CSAM) കേസുകൾ അന്വേഷിക്കുന്നവർക്കായി പ്രത്യേക Victim Identification Task Force (VIDTF) ട്രെയിനിംഗ് പ്രോഗ്രാം തുടങ്ങിയതായി മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്തു കണ്ടു (https://timesofindia.indiatimes.com/city/kochi/training-launched-to-tackle-csam-cases/articleshow/124219508.cms ). കുട്ടികൾക്കെതിരെയുള്ളസൈബർ ക്രൈമുകൾ അന്വേഷിക്കാനാണ് ഈ പ്രോഗ്രാം തയ്യാറാക്കിയിരിക്കുന്നത്. ഈ പരിപാടിയുടെ പൂർണ്ണ വിവരങ്ങൾ, പ്രത്യേകിച്ച്, ഓൺലൈൻ ബാലപീഡനം നടക്കുന്നു എന്ന് സംശയിക്കപ്പെടുന്ന കേസുകളിൽ ഈ ഓഫീസുമായി ബന്ധപ്പെടുന്നതിനുള്ള ആശയവിനിമയ പ്രോട്ടോക്കോൾ, എല്ലാ സ്കൂൾ ജില്ലയിലും സ്കൂളിലും ലഭ്യമാക്കണം. എല്ലാ സ്കൂൾ ഓഫീസുകളിലും ക്ലാസ് മുറികളിലും എളുപ്പത്തിൽ കാണാവുന്ന സ്ഥലത്ത് ലളിതമായ ഒരു കോൺടാക്റ്റ് വിവരഷീറ്റ് സ്ഥാപിക്കണം. അതിജീവിതകർക്കോ സമീപത്തുള്ളവർക്കോ റിപ്പോർട്ട് സമർപ്പിക്കുന്നതിന് anonymous റിപ്പോർട്ടിംഗ് നടപടികൾ ലഭ്യമാക്കണം.

8. പോക്സോ കേസുകളിലെ അതിജീവിതർക്കുള്ള നഷ്ടപരിഹാരത്തുകയുടെ കാര്യത്തിൽ ഇപ്പോഴും അവ്യക്തത നിലനിൽക്കുന്നു. കുട്ടികൾ നേരിട്ട ആഘാതങ്ങൾക്ക് ആനുപാതികമായി അവർക്ക് നഷ്ടപരിഹാരം ലഭിക്കും വിധം പ്രോട്ടോക്കോൾ സൃഷ്ടിക്കേണ്ടതുണ്ട്. അടുത്ത ബന്ധുക്കളുടെ ലൈംഗികപീഡനം സഹിക്കേണ്ടിവന്ന കുട്ടികൾ സ്വകുടുംബങ്ങളിലേക്കുതന്നെ മടങ്ങേണ്ടിവരുന്ന സാഹചര്യങ്ങളിൽ സവിശേഷമായ സംരക്ഷണവും പുനരധിവാസത്തിന് ആവശ്യമായ ഏർപ്പാടുകളും വിഭവങ്ങളും ഉറപ്പാക്കണം. അതിജീവിതയുടെ സ്വത്തവകാശമടക്കം ഇതിലൂടെ സംരക്ഷിക്കപ്പെടണം – ഇവയിലെല്ലാം കാലതാമസം ഒഴിവാക്കണം. നഷ്ടപരിഹാരമായി കുട്ടികൾക്ക് സർക്കാരിൽ നിന്ന് ലഭിക്കാനുള്ള തുകയും, അതിനായി ബജറ്റിൽ നീക്കിവയ്ക്കുന്ന തുകയും തമ്മിൽ തീരെ പൊരുത്തമില്ലെന്നാണ് ഞങ്ങളറിയുന്നത്. പോക്സോ കേസുകളിൽ അകപ്പെട്ടു പോകുന്ന കുട്ടികളുടെ ജീവിതസാഹചര്യങ്ങൾക്കും അവരനുഭവിച്ച പീഡനത്തിന്റെ തീവ്രത, കുടുംബത്തിന് അതുമൂലമുണ്ടാകുന്ന ആഘാതവും അപകടസാധ്യതയും, ദീർഘകാല മാനസികവും സാമൂഹ്യവുമായ പ്രത്യാഘാതങ്ങൾ, ഇവയെ പരിഗണിച്ചു വേണം നഷ്ടപരിഹാരത്തുക കണക്കാക്കാൻ. ഇതിനായി സുതാര്യമായ രീതിയിൽ Child-Impact Reparation Index സൃഷ്ടിക്കണം. അതുപോലെ സ്വന്തം കുടുംബത്തിലുള്ളവരാൽ പീഡിപ്പിക്കപ്പെട്ട കുട്ടിയെ ആ കുടുംബത്തിലേക്കു തന്നെ പറഞ്ഞയയ്ക്കുന്ന രീതി പാടെ അവസാനിക്കണം. ഇത്തരം കേസുകളിൽ സ്വത്തവകാശത്തിനു പുറമെ കുട്ടിക്ക് സമ്പാദ്യമുണ്ടാക്കിക്കൊടുക്കാനുള്ള child protection fund സൃഷ്ടിക്കാൻ കുടുംബത്തിനും സർക്കാരിനും ബാധ്യതയുണ്ടാക്കണം.
കുട്ടികളുടെ അവകാശ ലംഘനങ്ങളെ രാഷ്ട്രീയകക്ഷികൾക്കുള്ള തട്ടുപന്തായി മാറ്റുന്ന ഇന്നത്തെ പതിവ് അത്യന്തം അപകടകരമാണെന്ന് ഞങ്ങൾ ഊന്നിപ്പറയുന്നു. സമൂഹത്തിലെ ഏറ്റവും അധികാരമില്ലാത്തവരും ക്ഷതസാധ്യതയുള്ളവരുമായ വിഭാഗത്തോട് അനീതി പ്രവർത്തിക്കാൻ മടി കാട്ടാത്ത ഭരണകൂടവും സമൂഹവും ജനാധിപത്യപരമെന്ന് തീരെ പറയാനാവില്ല. കുട്ടികളെ ദുരുപയോഗപ്പെടുത്തുന്ന കേസുകൾ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നതിനെ criminal misuse of child rights എന്നാണ് കണക്കാക്കേണ്ടത്. കേരളത്തെപ്പറ്റി ഊറ്റംകൊള്ളുന്ന ഇടതുകക്ഷിക്കാരും, കേരളത്തെ ഇകഴ്ത്താൻ നടക്കുന്ന ഹിന്ദുത്വവലതുപക്ഷക്കാരും ഒരുപോലെ തിരിച്ചറിയേണ്ട കാര്യമാണിത്. നിങ്ങളുടെ പരസ്പരമത്സരം എന്തുമാകട്ടെ, കുട്ടികളോടു മത്സരിച്ചു വലുതാകാൻ നിങ്ങൾ നോക്കരുത്.
