ജെ. ദേവികയുടെ ‘ഒരു കാടരികുകഥ’ എന്ന കുട്ടികളുടെ നോവലിനായി അർച്ചന രവി വരച്ച ചിത്രം.

കുട്ടിക്കാലം കഴിഞ്ഞവർ
കുട്ടികൾക്കായി വരയ്ക്കുമ്പോൾ

ട്രൂകോപ്പി വെബ്സീൻ പ്രസിദ്ധീകരിച്ച, ജെ. ദേവികയുടെ ‘ഒരു കാടരികുകഥ’ എന്ന കുട്ടികളുടെ നോവലിന് ചിത്രങ്ങൾ വരച്ച അനുഭവം എഴുതുകയാണ് ചിത്രകാരിയായ അർച്ചന രവി.

മ്മളിൽ പലരും കുട്ടികൾക്കായി വരയ്ക്കാൻ തുടങ്ങിയത് നമ്മുടെ വീട്ടിലെ തന്നെ കുഞ്ഞു മക്കളോട് കൂട്ടുപിടിക്കാനായിരിക്കുമല്ലോ. അതിന് ചിത്രകല അറിയണമെന്നൊന്നുമുണ്ടായിരുന്നില്ല. എന്റെ കാര്യത്തിലാണെങ്കിൽ, വെക്കേഷൻ സമയത്ത് കസിൻസ് വരുമ്പോഴാണ് വീട്ടിൽ എന്തെങ്കിലും ഒരനക്കമുണ്ടാകുന്നത്. പക്ഷെ മടിച്ചിയായ എന്നെ ഇവർ ഓട്ടത്തിനും ചാട്ടത്തിനും വിളിച്ച് ക്ഷീണിപ്പിയ്ക്കുമെന്നുള്ളതുകൊണ്ട് ഒന്ന് വിശ്രമിക്കാൻ ഞാൻ കണ്ടുപിടിച്ച വിദ്യയാണ് ഒരുമിച്ച് പടംവരയ്ക്കൽ. ഇളയവർ എന്ത് വരയ്ക്കണമെന്ന് തീരുമാനിയ്ക്കും. ആദ്യമൊക്കെ ഞാനത് വരച്ച് കൊടുക്കുമായിരുന്നു. പിന്നെപ്പിന്നെ അവർ സ്വന്തമായി അതൊക്കെ വരയ്ക്കാൻ തുടങ്ങി.

എനിയ്ക്ക് ഈ അനുഭവത്തിൽ നിന്ന് മനസ്സിലായ ഒരു കാര്യം: ഈ ചെറു ബുള്ളറ്റ് ട്രെയിനുകളുടെ ഭാവനയ്ക്ക് നല്ല സ്പീഡാണ് എന്നതാണ്. ചിലപ്പോൾ അവർ നമ്മളോട് ഒരു മനുഷ്യനെ വരയ്ക്കാൻ ആജ്ഞാപിക്കും. എന്നിട്ട് നമ്മൾ അയാളുടെ മുഖം വരച്ച് തീർക്കുന്നതിനുമുമ്പെ ഇവർ പറയും, "പുറകിൽ ഒരു കാക്കയെ വേണം." കാക്കയെ വരച്ച് വരുമ്പോൾ "ഇങ്ങേരുടെ ചെവി വരച്ചില്ലേ?" എന്ന ചോദ്യം വരും.

എന്റെ വര കാണുന്നവർക്ക്- ചെറുതും വലുതുമായ ആളുകൾക്ക്- കുറച്ചുനേരം നോക്കിയിരിയ്ക്കാൻ എന്തെങ്കിലും കൊടുക്കണമെന്ന് എനിയ്ക്കുണ്ട്.

വരപ്പ് ഒരു ജോലിയായി ചെയ്യുന്ന നമ്മളിൽ പലരും ഒരു പ്ലാനൊക്കെ ഇട്ട് റഫായി വരച്ച് അത് ക്ലയന്റിനെ കൊണ്ട് സമ്മതിപ്പിച്ചതിനുശേഷം, അതിൽ നിന്ന് വ്യതിചലിയ്ക്കാറില്ലല്ലോ? പക്ഷെ ഇങ്ങനെയുള്ള പഞ്ചവൽസരപദ്ധതി ഒന്നും ഈ നെത്തോലികളുടെ അടുത്ത് നടക്കില്ല. അവർക്ക് പടങ്ങൾ ഒരു നിശ്ചല ഫോട്ടോ അല്ല. ശരിയ്ക്കും അത് സിനിമ പോലെയാണ്. നേരത്തെ ഞാൻ പറഞ്ഞ മനുഷ്യനെ വരച്ച് തീരുമ്പോഴേക്ക് അയാൾക്ക് സ്വന്തമായി ഒരാനയും, ആനയ്ക്കായി ഒരു ഊഞ്ഞാലും, ഊഞ്ഞാലിന്റെ കയറിൽ കുരുങ്ങിപ്പോയ ഹെലികോപ്റ്ററും ഒക്കെ ഉണ്ടായിക്കഴിഞ്ഞിരിക്കും. ഒരു വട്ടം എന്റെ കസിന്റെ മകൾ വരച്ചത് റേഡിയോ ആക്ടീവ് മൂക്കളയുള്ള ഒരു മോൺസ്റ്ററിനെയാണ്. അവൾ വരയ്ക്കാൻ തുടങ്ങിയപ്പോൾ അത് രണ്ടു കയ്യും രണ്ടു കാലും ഒരു വാലുമുള്ള ഒരു ജീവി മാത്രമായിരുന്നു. അപ്പോൾ അതിങ്ങനെയായിത്തീരും എന്ന് നമ്മൾ വിചാരിയ്ക്കില്ല.

ഇതുപോലെയുള്ള കൂട്ട ചിത്രംവരയ്ക്കൽ അനുഭവം പിന്നീട് കുട്ടികൾക്കായി വരയ്ക്കാൻ എന്നെ ചിലതൊക്കെ പഠിപ്പിച്ചിട്ടുണ്ട്. എന്റെ വര കാണുന്നവർക്ക്- ചെറുതും വലുതുമായ ആളുകൾക്ക്- കുറച്ചുനേരം നോക്കിയിരിയ്ക്കാൻ എന്തെങ്കിലും കൊടുക്കണമെന്ന് എനിയ്ക്കുണ്ട്. ഇത് കാരണമാണ് കഥയിലും ലേഖനത്തിലുമുള്ള ഒരു പ്രധാന സംഭവം വരച്ച് കാണിയ്ക്കേണ്ടപ്പോൾ അത് മാത്രം വരയ്ക്കാതെ ചുറ്റും കുറച്ചുകൂടി ഡീറ്റെയിൽസ് ചേർക്കുന്നത്.

‘ഒരു കാടരികുകഥ’യിൽ ഉപയോഗിച്ച പ്രാഞ്ചിയുടെ എക്സ്പ്രഷൻ ഷീറ്റ്
‘ഒരു കാടരികുകഥ’യിൽ ഉപയോഗിച്ച പ്രാഞ്ചിയുടെ എക്സ്പ്രഷൻ ഷീറ്റ്

അഞ്ച് വയസ്സിൽ താഴെയുള്ളവർക്ക് കഥകൾ വായിച്ച് കൊടുത്തു ശീലമുള്ളവർക്കറിയാം, ഒരേ കഥ ഇന്നും നാളെയും മറ്റന്നാളും അതിന്റെ പിറ്റന്നാളും വായിച്ചുകൊണ്ടേയിരിയ്ക്കണം എന്ന്. ഇത് കേട്ടു കേട്ട് മടുക്കുന്നില്ലേ എന്നാലോചിച്ച് തല പുകയുന്ന എന്നെപ്പോലുള്ള മുതിർന്നവർ മറന്ന ഒരു കാര്യമുണ്ട്-നമ്മളും പണ്ട് കുട്ടിയായിരുന്നു.

മുതിർന്നവർ കഥ ഉറക്കെ വായിക്കുമ്പോൾ കുട്ടികളുടെ കണ്ണ് ബുക്കിലെ പച്ചയിലും ചുവപ്പിലും ഒക്കെയാകും. ദിവസവും അവർ നേരത്തെ കാണാത്ത എന്തോ ഒക്കെ കാണും. പുതിയ വാക്കുകൾ പഠിയ്ക്കും. കുട്ടികളല്ലാത്ത നമ്മൾ ചോക്ലേറ്റ് വേഗം തീർക്കാതെ പതിയെ നുണയാറില്ലേ? അതുപോലെ കുട്ടികൾ ഇതിലെ ഡീറ്റെയിൽസ് നുകരുകയാണ്. അപ്പോൾ അവർക്കുവേണ്ടിയുള്ള വരകളിൽ പലവട്ടം നോക്കി ആസ്വദിയ്ക്കാൻ തക്ക വണ്ണം എന്തെങ്കിലുമൊക്കെ ഉണ്ടായാൽ നല്ലതല്ലേ?

ഇങ്ങനെ തന്നെ വരയ്ക്കണം എന്ന് നിയമമൊന്നുമില്ല കേട്ടോ. പീറ്റർ ബ്രൗൺ എഴുതിയ "ദി വൈൽഡ് റോബോട്ട്" എന്ന നോവൽസീരീസിൽ പടങ്ങൾ നന്നേ കുറവാണ്. സ്വന്തമായി ചിന്തിയ്ക്കാൻ പറ്റുന്ന ഒരു സ്ത്രീ റോബോട്ട് കാടും മൃഗങ്ങളുമുള്ള ഒരു ദ്വീപിലകപ്പെട്ടുപോകുന്നതാണ് കഥ. എട്ട് വയസ്സുള്ളവർക്കുള്ള ഈ സയൻസ് ഫിക്ഷൻ വാക്കുകളുടെ കൃത്യതയിലൂന്നിയാണ് എഴുതിയിരിയ്ക്കുന്നത്. എനിക്ക് അതിലും അതിശയകരമായി തോന്നിയത്, ഇതിന്റെ കഥാകൃത്ത് ഒരു ചിത്രകാരനാണ് എന്നതാണ്. നല്ല രസമുള്ള കഥകൾ കേൾക്കുമ്പോൾ എനിയ്ക്ക് അതൊക്കെ വരയ്ക്കാൻ തോന്നാറുണ്ട്. ദി വൈൽഡ് റോബോട്ടിൽ കുറുമ്പുള്ള കരടിക്കുട്ടികളും കാട്ടിലെ എൻജിനീയറായ ബീവറും അണ്ണാനും എന്നുവേണ്ട ഞാൻ വരയ്ക്കാൻ കൊതിച്ച ഒത്തിരി ആൾക്കാരുണ്ട്.

പീറ്റർ ബ്രൗൺ ഇങ്ങനെയുള്ള ലൗകിക കൊതികളില്ലാത്ത സന്യാസി വല്ലതുമാണോ?

പിന്നെ കുട്ടികളും പല വിധമുണ്ടല്ലോ. കഥയിൽ പടങ്ങളില്ലെങ്കിൽ അത്രയും നല്ലത് എന്ന് വിശ്വസിച്ചിരുന്ന, സ്വന്തമായി രൂപങ്ങൾ ഉണ്ടാക്കാൻ കിട്ടുന്ന സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്ന കൂട്ടുകാർ എന്റെ ക്ലാസിലുണ്ടായിരുന്നു. ഒരു കഥ സിനിമയായി കഴിഞ്ഞാൽ "അയ്യേ ഞാൻ വിചാരിച്ച കഥാപാത്രം വേറെയായിരുന്നല്ലോ" എന്ന നീരസം പലർക്കും ഉണ്ടാവാറില്ലേ? ഇതുപോലെ പടങ്ങൾ കാണുമ്പോൾ വിഷമിയ്ക്കുന്ന ചിലരുണ്ട്. എനിയ്ക്ക് വരയ്ക്കാൻ ഇഷ്ടമായതുകൊണ്ട് അങ്ങനെ ഒരു കൂട്ടർ ഇല്ല എന്നങ്ങ് വിശ്വസിച്ച് പടങ്ങൾ വരയ്ക്കും.

ഇത്ര ആത്മാർത്ഥതയുള്ള വായനക്കാരായതു കൊണ്ട്, കഥകൾക്ക് മാത്രമല്ല, വരകൾക്കും കുട്ടികളെ സ്വാധീനിയ്ക്കാൻ പറ്റും. എന്റെ ഒരനുഭവം പറയാം. എന്റെ അമ്മയ്ക്ക് ഒട്ടിയ്ക്കുന്ന മൂക്കുത്തി ഉണ്ടായിരുന്നു. അത് തിളങ്ങുന്നത് നോക്കിയിരിക്കുന്നത് എനിക്കിഷ്ടമായിരുന്നു. എന്നെ സ്കൂളിൽ ചേർക്കുന്നതിന് മുമ്പായിരുന്നു. അന്നെനിയ്ക്ക് സൗന്ദര്യം എന്ന വാക്കറിയില്ല. പക്ഷെ ഇത് കാണുമ്പോഴുള്ള സന്തോഷം എനിക്കോർമയുണ്ട്.

മലയാളത്തിലുള്ള കുട്ടികളുടെ മാസികകളിൽ ഡിങ്കനും ലുട്ടാപ്പിയും ഒഴിച്ച് എല്ലാവരും വെളുത്തിട്ടായിരുന്നു. നായക കഥാപാത്രങ്ങൾ മിക്കവരും ആണുങ്ങൾ. ആൾക്കൂട്ടങ്ങളിൽ എല്ലാവർക്കും ഒരേ വണ്ണം.

വായിക്കാൻ തുടങ്ങുമ്പോഴാണ്, പൂമ്പാറ്റയിലും ബാലരമയിലും ബാലമംഗളത്തിലും എന്റെ അമ്മയെ പോലെ ആരുമില്ലെന്ന് മനസ്സിലാകുന്നത്. അമ്മ മാത്രമല്ല, എന്റെ വീട്ടിലും നാട്ടിലുമുള്ള ആരെയും പോലെ ആയിരുന്നില്ല ഇതിലെ കഥാപാത്രങ്ങൾ. മലയാളത്തിലുള്ള കുട്ടികളുടെ മാസികകളിൽ ഡിങ്കനും ലുട്ടാപ്പിയും ഒഴിച്ച് എല്ലാവരും വെളുത്തിട്ടായിരുന്നു. നായക കഥാപാത്രങ്ങൾ മിക്കവരും ആണുങ്ങൾ. ആൾക്കൂട്ടങ്ങളിൽ എല്ലാവർക്കും ഒരേ വണ്ണം.

പൂമ്പാറ്റ പ്രസിദ്ധീകരിച്ചിരുന പൈകോ പബ്ലിക്കേഷൻസ് ആണല്ലോ അമർചിത്രകഥ മലയാളികൾക്ക് പരിചയപ്പെടുത്തുന്നത്. അതിലെ കഥാപാത്രങ്ങളെല്ലാം ഹിന്ദി സിനിമയിൽ കാണുന്നവരെ പോലെയാണ്. ഇംഗ്ലീഷിലുള്ള ഫാന്റം പോലത്തെ കോമിക്ക് പുസ്തകങ്ങളിൽ മനുഷ്യർക്കെല്ലാം ജിമ്മിൽ പോയി അദ്ധ്വാനിച്ച പോലെയുള്ള ശരീരമാണ്.

ഞാൻ ഇത് വായിയ്ക്കുന്നത് എൺപതുകളിലും തൊണ്ണൂറുകളിലുമാണെങ്കിലും ഇപ്പോൾ പോലും ഇതേ വാർപ്പുമാതൃകകൾ തുടരുകയാണ്. നമ്മൾ ഒരു ബസ് സ്‌റ്റോപ്പിലിരുന്ന് ചുറ്റും കണ്ണോടിച്ചാൽ ഈ പുസ്തകങ്ങളിലുള്ളതിനെക്കാളും വൈവിധ്യമുണ്ട്. എന്തോരം തരത്തിലുള്ള കണ്ണുകളും മൂക്കുകളുമാണ്.

ഈ കഥകളിലും വരകളിലും കൂടി തെറ്റായ രാഷ്ട്രീയ ചിന്തകൾ വരെ കടത്തിവിടുന്നുണ്ട്. പണ്ഡിതൻ എന്ന വാക്ക് സെക്യുലർ ആണെങ്കിലും ഒരു പണ്ഡിത കഥാപാത്രത്തെ വരയ്ക്കുമ്പോൾ അയാൾക്ക് പൂണൂലും കുടുമയും താനേ വന്ന് ഭവിയ്ക്കും. പിന്നെ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ? മലയാളികൾക്ക് കൂട്ടുകാരായി ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഉണ്ടെങ്കിലും ഈ കഥകളിൽ എല്ലാവർക്കും ഹിന്ദു പേരായിരിയ്ക്കും.

2019-ൽ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കി ഇന്ത്യൻ സർക്കാർ ഉത്തരവിട്ടതിനെ കുറിച്ച് ഒരു ബാലരമ ഡൈജസ്റ്റ് ഇറങ്ങിയിരുന്നു. ജമ്മു കശ്മീരിന്റെ (ജമ്മു & കശ്മീർ) പ്രത്യേക പദവി റദ്ദാക്കിയ ഉത്തരവിനെ വിശദീകരിക്കുന്നു എന്ന വ്യാജേന, അതിനെ ന്യായീകരിയ്ക്കുന്ന ഒരു പുസ്തകം.

ഇങ്ങനെ വർഗ്ഗീയ ശക്തികൾക്ക് കുട്ടികളുടെ പുസ്തകങ്ങൾ വരെ പ്രൊപ്പഗാണ്ട ഉപകരണങ്ങളാണ് എന്ന ഒരോർമ്മ കുട്ടികൾക്കായി വരയ്ക്കുമ്പോൾ എപ്പോഴും മനസ്സിലുണ്ട്. അതാണ് ഒന്നിൽ കൂടുതൽ ആളുകളുള്ള ഫ്രെയിമിൽ ഹിജാബിട്ടവരെയോ തട്ടമിട്ടവരെയോ ഉൾപ്പെടുത്താൻ ഞാൻ നോക്കുന്നത്.

ആർട്ടിക്കിൾ 370 നെ കുറിച്ചുള്ള ബാലരമ ഡൈജസ്റ്റ്
ആർട്ടിക്കിൾ 370 നെ കുറിച്ചുള്ള ബാലരമ ഡൈജസ്റ്റ്

ജെ. ദേവികയുടെ "ഒരു കാടരികുകഥ" എന്ന കുട്ടികളുടെ നോവലിൽ വെള്ളപ്പൊക്കസമയത്ത് കുന്നിൽ അഭയം പ്രാപിയ്ക്കുന്ന മനുഷ്യരെ വരച്ചപ്പോൾ ഒരു പൊട്ടിട്ട സ്ത്രീയും തട്ടമിട്ട സ്ത്രീയും ഒരുമിച്ച് നിൽക്കുന്നത് വരച്ചത്, ഇത് മനസ്സിൽ ഓർത്തതുകൊണ്ടാണ്. എല്ലാവരും ചേർന്നാലല്ലേ കേരള ജനതയുടെ വൈവിധ്യം കാണിയ്ക്കാൻ പറ്റുകയുള്ളൂ?

"ഒരു കാടരികുകഥ"യിലെ പ്രധാന കഥാപാത്രങ്ങൾക്ക് എക്സ്പ്രഷൻ ഷീറ്റുണ്ടാക്കുന്നതിന് മുമ്പായി ഒത്തിരി മുഖങ്ങൾ ഉണ്ടാക്കിനോക്കിയിരുന്നു. (ഒരേ മുഖത്തിൽ സങ്കടം- സന്തോഷം- ദേഷ്യം എന്നിങ്ങനെ ഭാവവ്യത്യാസങ്ങൾ കാണിച്ച് തയ്യാറാക്കി വയ്ക്കുന്നതിനാണ് എക്സ്പ്രഷൻ ഷീറ്റുകൾ) കഥയിൽ കഥാപാത്രങ്ങൾ എങ്ങനെ ഉണ്ടാകുമെന്ന ക്ലൂ ഉണ്ട്. പക്ഷെ അവരെ വരയ്ക്കുന്ന നമ്മളുടെ മുൻധാരണകൾ കാരണം വീണ്ടും വാർപ്പുമാതൃകകളെ നമ്മൾ ആശ്രയിച്ചെന്ന് വരാം. അതുകൊണ്ടാണ് ഈ ക്യാരക്ടർ സെലക്ഷൻ ബോധപൂർവ്വമുള്ള ഒരു പ്രക്രിയയിലൂടെ ചെയ്യുന്നത്.

ഉദാഹരണത്തിന്, കഥയിലെ പ്രാഞ്ചി ഒരു കൃഷിക്കാരനും രണ്ട് കുട്ടികളുടെ അച്ഛനും വളരെ ദൂരെ നിന്ന് മണത്ത് കാര്യങ്ങൾ മനസ്സിലാക്കാൻ ശേഷിയുള്ള മൂക്കിന്റെ ഉടമയുമാണ്. ആദ്യം വരച്ച പ്രാഞ്ചിയ്ക്കായുള്ള മുഖങ്ങൾ കണ്ടിട്ട് എനിയ്ക്ക് തോന്നി, ഇവർക്ക് 40- 50 വയസ്സുണ്ട്. പ്രാഞ്ചിയെ 35 വയ​സ്സൊക്കെയുള്ള ഒരാളാക്കാനാണ് മുഖത്തിന് ഡബിൾ ചിന്നൊന്നുമില്ലാതെ, എന്നാൽ സ്വല്പം കഷണ്ടിയുള്ള ഒരു മുഖം തിരഞ്ഞെടുത്തത്. പിന്നെ കായികാധ്വാനമുള്ള മലയോര കർഷകനായതിനാൽ ഉറച്ച ശരീരം നൽകാമെന്ന് തീരുമാനിച്ചു. ഇദ്ദേഹം മണം പിടിയ്ക്കുമ്പോൾ ഡ്രമാറ്റിക്ക് ആകാനാണ് മൂക്ക് വിടരുന്ന പോലെ ആക്കിയത്.

വർഗ്ഗീയ ശക്തികൾക്ക് കുട്ടികളുടെ പുസ്തകങ്ങൾ വരെ പ്രൊപ്പഗാണ്ട ഉപകരണങ്ങളാണ് എന്ന ഒരോർമ്മ കുട്ടികൾക്കായി വരയ്ക്കുമ്പോൾ എപ്പോഴും മനസ്സിലുണ്ട്. അതാണ് ഒന്നിൽ കൂടുതൽ ആളുകളുള്ള ഫ്രെയിമിൽ ഹിജാബിട്ടവരെയോ തട്ടമിട്ടവരെയോ ഉൾപ്പെടുത്താൻ ഞാൻ നോക്കുന്നത്.

കഥയിൽ പറഞ്ഞുപോകുന്ന ഒരു കഥാപാത്രമാണ് പ്രാഞ്ചിയുടെ മരിച്ചുപോയ ഭാര്യ. അവരെ വരയ്ക്കണമെന്ന് വിചാരിച്ചത്, രണ്ട് കുട്ടികളുടെയും പൂർവ്വകാലവും കോണ്ടക്‌സ്റ്റും പറയുന്ന ഒരു കണ്ണിയായതുകൊണ്ടാണ്.

പിന്നെ ഇതിലെ മനുഷ്യർക്ക് ഒരേ ബ്രൗൺ നിറമല്ല. ജീമൂതവാഹനനുള്ള ബ്രൗൺ അല്ല പ്രാഞ്ചിയ്ക്ക്. പ്രാഞ്ചിയുടെ നിറമല്ല കുട്ടികൾക്ക്.

ഈ നോവൽ ജെ. ദേവികയുടെ ഒരു എക്കോ ഫിക്ഷൻ സീരീസിന്റെ ഭാഗമായുള്ളതാണ്. ഇതിലെ "കടൽക്കുട്ടി" എന്ന ആദ്യ നോവലിൽ ഉപയോഗിച്ച അതേ സ്‌റ്റെലാണ് പിന്നീടുള്ള രണ്ടിലും വരയ്ക്കാനായി ഞാനുപയോഗിച്ചത്. ആദ്യ നോവലിൽ പ്രത്യേകതകളുള്ള പുതിയ സ്പീഷീസുകളെ കുറിച്ച് പറയുന്നതുകൊണ്ടാണ് സയൻസ് ബുക്കുകളിൽ കാണുന്ന രീതിയിൽ വരച്ചത്. ഇവരുടെ ഫോട്ടോകളിലുള്ള അതേ രൂപമാണ് ഞാൻ വരച്ച പടങ്ങളിലും. കഥയിൽ കേരളത്തിനടുത്ത ജെല്ലികളെ കുറിച്ച് പറയുമ്പോൾ പത്രവാർത്തകൾ തപ്പിനോക്കി, ഏത് ജെല്ലി സ്പീഷിസുകളാണ് ഇവിടെ ജെല്ലി ബ്ലൂം ഉണ്ടാക്കിയത് എന്ന് കണ്ടുപിടിച്ചു. എന്നിട്ട് അവരെ വരച്ചു. കടൽക്കുട്ടി നീന്തിനീന്തി കടലുകൾ മാറുമ്പോൾ ആ കടലിലെ മീനുകളെയും ജീവികളെയും തപ്പിയെടുത്ത് വരച്ചു. കുട്ടികൾക്ക് ഇതൊക്കെ കാണാനും അറിയാനും താൽപര്യമുണ്ട്. എന്റെ ജോലി ഇതൊക്കെ അവരുടെ അടുത്ത് എത്തിക്കുക എന്നതാണ്.

‘ഒരു കാടരികുകഥ’യിലെ പ്രാഞ്ചിയ്ക്കായി വരച്ച (എന്നാൽ ഒഴിവാക്കിയ) മുഖങ്ങൾ
‘ഒരു കാടരികുകഥ’യിലെ പ്രാഞ്ചിയ്ക്കായി വരച്ച (എന്നാൽ ഒഴിവാക്കിയ) മുഖങ്ങൾ

ഈ സയൻസ് ഡയാഗ്രം രീതി ഞാൻ ഒരു നിയമം പോലെ പിന്നീടുള്ള രണ്ട് നോവലുകളിലും തുടർന്നു. എന്നാൽ ഈ അലിഖിതനിയമത്തിന് പുറത്തു നിൽക്കുന്ന ആളുകളുണ്ട്. ഭാരങ്കരൻ എന്ന കഥാപാത്രം അങ്ങനെ ഒരാളാണ്. ക്യാപിറ്റലിസത്തിനെ പ്രതിനിധാനം ചെയ്യുന്ന ഭാരങ്കരൻ മസ്കിനെയും ട്രമ്പിനെയും ഒക്കെ പോലെ നാർസിസിസ്റ്റിക്കാണ്. അതുകൊണ്ടാണ് ഇയാളുടെ തലയ്ക്ക് ശരീരത്തിനെക്കാളും വലുപ്പം. ഇത് എന്റെ ഇന്റർപ്രെറ്റേഷനാണ് കേട്ടോ. നിങ്ങൾ വരയ്ക്കുന്ന ഭാരങ്കരന് വേറെ രൂപമാകും.

ഈ സീരീസിലെ കഥകളിലൊക്കെ ഡിപ്രഷൻ പോലെയുള്ള കനമേറിയ വിഷയങ്ങൾ വരുന്നതു കൊണ്ട് മുതിർന്ന പല സുഹൃത്തുക്കളും ഇത് കുട്ടികൾക്ക് ഇഷ്ടമാകുമോ എന്ന് ആശങ്കപ്പെട്ടിരുന്നു. എന്നാൽ കേരളത്തിലെ 2025- ലെ പോലീസ്ഡാറ്റ അനുസരിച്ച് ഒരു ദിവസം ഒരു കുട്ടി എന്ന നിരക്കിൽ ആത്മഹത്യ നടക്കുന്നുണ്ട്. കുട്ടികളുടെ സാഹിത്യത്തിൽ പൂവും പൂമ്പാറ്റയും മാത്രം മതി എന്ന് തീരുമാനിച്ചാൽ അവരുടെ ആധികൾ മാറ്റാൻ പറ്റുമോ? "ഒരു കാടരികു കഥ"യിലെ എല്ലാറ്റിനെയും പേടിയുള്ള ഫോബിയെ വരയ്ക്കുമ്പോൾ ചുറ്റും വള്ളിച്ചെടികളും ചിത്രശലഭങ്ങളും നിറച്ചാൽ ഇത് കുട്ടികൾക്ക് വേണ്ടിയുള്ള പടമാകുമോ?

കുഞ്ഞുമനസ്സുകളുടെ ആഴം അംഗീകരിക്കാതെ ശരിയായി ഇവരെ വരയ്ക്കാൻ പറ്റില്ല. വൈരക്കല്ല് പതിപ്പിച്ചപോലെ തിളങ്ങുന്ന, പറക്കുന്ന കൊട്ടാരത്തിലേക്ക് പോകുന്ന ഫോബിയുടെ മുഖം ചിന്താധീനമായി തന്നെ ഇരിയ്ക്കും. അങ്ങനെ അല്ലെങ്കിൽ അത് കൃത്രിമമായി പോകും.

‘ഒരു കാടരികുകഥ’യിൽ വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷപ്പെടാൻ കുന്ന് കയറിയവർ
‘ഒരു കാടരികുകഥ’യിൽ വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷപ്പെടാൻ കുന്ന് കയറിയവർ

ADHD-യോ ഓട്ടിസം സ്പെക്ട്രത്തിലുള്ളതോ മറ്റേതെങ്കിലും രീതിയിൽ ന്യൂറോ ഡൈവേഴ്സ് ഉള്ളതോ ആയ കുട്ടികൾ ഇത് വായിക്കുമ്പോൾ സ്വൽപം ആശ്വാസം തോന്നുമെന്ന് വിചാരിയ്ക്കുന്നു. ടിപ്പിക്കൽ കഥാപാത്രങ്ങൾ മാത്രം കണ്ടുവളർന്ന തൊണ്ണൂറുകളിലെ 'കുട്ടികൾക്ക്' ശുപ്പാണ്ടി പോലെയുള്ള ചില കഥാപാത്രങ്ങൾ മാത്രമേ ഒരു പക്ഷേ ന്യൂറോ ഡൈവേഴ്സ് എന്നുപറയാവുന്ന തരത്തിലുണ്ടായിരുന്നത്. ആ ഇടത്തിലേക്ക് ഫോബിയെ പോലെ ആങ്ക്സൈറ്റിയുള്ള ഒരു എട്ടു വയസ്സുകാരി വന്നത് നല്ലതുതന്നെ. പണ്ട് കുട്ടിയായിരുന്നവർ ഓർക്കുമല്ലോ, കുട്ടിക്കാലം എന്നാൽ പട്ടവും പമ്പരവും മാത്രമായിരുന്നില്ല എന്നത്.

എനിയ്ക്ക് തോന്നുന്നത്, നമ്മളെല്ലാവരും കുട്ടികളുടെ കൂടെ വരയ്ക്കാനിരിയ്ക്കണം എന്നാണ്. അപ്പോൾ മനസ്സിലാകും, ഈ നെത്തോലികൾ ഒന്നും ചെറിയ മീനുകളല്ല എന്ന്.

ജെ. ദേവിക എഴുതി റാറ്റ് ബുക്സ്പ്രസിദ്ധീകരിച്ച ‘ഒരു കാടരികുകഥ’ ഇപ്പോൾ പ്രീ- പബ്ലിക്കേഷൻ ഓഫറിൽ സ്വന്തമാക്കാം

Comments