നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം രാജ്യത്ത് കുട്ടികൾക്കെതിരെ ഏറ്റവും കൂടുതൽ അതിക്രമങ്ങൾ നടക്കുന്ന ആദ്യ മൂന്ന് സംസ്ഥാനങ്ങളിലൊന്നായി കേരളം. രാജസ്ഥാൻ, ആസ്സാം എന്നിവിടങ്ങളിലും കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ വൻ വർധനവ് ഉണ്ടായിട്ടുണ്ട്. ദി ഹിന്ദു ദിനപത്രം ഡാറ്റാ പോയൻറിൽ ഇതിൻെറ കണക്കുകൾ പുറത്ത് വിട്ടിട്ടുണ്ട്. കുറ്റകൃത്യങ്ങൾ ഉണ്ടാവുന്നു എന്നതിനൊപ്പം തന്നെ അത് കൃത്യമായി രേഖപ്പെടുത്തുന്നു എന്നത് കൊണ്ട് കൂടിയാവാം കണക്കിൽ ഈ വർധനവ് ഉള്ളതെന്നും റിപ്പോർട്ട് പറയുന്നുണ്ട്.
2018 മുതൽ 2022 വരെ റെക്കോർഡ് ചെയ്ത കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ 2023-ൽ കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളിൽ 106 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. 2018 മുതൽ 2022 വരെ ശരാശരി ഒരു വർഷം 2800 കേസുകളായിരുന്നുവെങ്കിൽ 2023-ൽ അത് 5900-ൽ എത്തി. ആസ്സാമിൽ ഇതേ കാലയളവിൽ 100 ശതമാനവും രാജസ്ഥാനിൽ 70 ശതമാനവും വർധനവാണ് ഉണ്ടായിരിക്കുന്നത്. ആസ്സാമിൽ ശരാശരി 5100 കേസുകൾ ഉണ്ടായിരുന്നിടത്ത് നിന്ന് 10,000 കേസുകളിലെത്തി. രാജസ്ഥാനിൽ ശരാശരി 6200 കേസുകൾ ഉള്ളത് 2023-ൽ 10,500 കേസുകളായി വർധിച്ചു. ഇന്ത്യയിൽ മൊത്തത്തിലുള്ള കണക്കുകൾ നോക്കിയാൽ ഈ കാലഘട്ടത്തിൽ ആകെ 25 ശതമാനം കേസുകളാണ് വർധിച്ചിട്ടുള്ളത്.

ആസ്സാമിൽ ശൈശവവിവാഹത്തിനെതിരെ സംസ്ഥാന സർക്കാർ ശക്തമായ നടപടി എടുത്തപ്പോൾ ഈ കേസുകളിൽ വലിയ വർധനവുമുണ്ടായി. 2020 - 2022 കാലത്ത് ഏകദേശം 150 കേസുകളായിരുന്നുവെങ്കിൽ 2023-ൽ 5267 ആയി വർധിച്ചു. സംസ്ഥാനത്ത് കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ 52 ശതമാനവും ശൈശവവിവാഹവുമായി ബന്ധപ്പെട്ട കേസുകളാണ്. രാജസ്ഥാനിൽ പോക്സോ കേസുകളും അല്ലാത്ത കേസുകളും തമ്മിലുണ്ടായ പുതിയ മാറ്റങ്ങളാണ് കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളിൽ വർധനവുണ്ടാക്കിയത്. നേരത്തെ ലൈംഗികകുറ്റകൃത്യങ്ങളുടെ പരിധിയിൽ ഉൾപ്പെട്ടിരുന്ന ഒരുവിഭാഗം കേസുകൾ ഇപ്പോൾ പോക്സോയുടെ പരിധിയിലേക്ക് വന്നു. ഇതോടെ പോക്സോ കേസുകളുടെ എണ്ണത്തിലും വർധനവുണ്ടായി. 2021-2022 കാലത്ത് രാജസ്ഥാനിൽ പോക്സോ കേസുകളായി റെക്കോർഡ് ചെയ്യപ്പെട്ടത് വെറും മൂന്ന് കേസുകളായിരുന്നുവെങ്കിൽ 2023-ൽ ഇത് 2700-ലെത്തി.
രാജസ്ഥാനിൽ കേസുകൾ കൂടാൻ മറ്റൊരു കാരണം കുട്ടികളെ തട്ടിക്കൊണ്ടുപോകൽ കേസുകളിലുള്ള വർധനവാണ്. ഇത്തരം കേസുകളിൽ 54 ശതമാനം വർധനവാണ് 2023-ൽ ഉണ്ടായിരിക്കുന്നത്. കേരളത്തിലും പോക്സോ കേസുകളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ട്. പോക്സോ കേസുകളുടെ പരിധിയിൽ കൃത്യമായി കേസുകൾ രജിസ്റ്റർ ചെയ്തതും ഇതിന് കാരണമായിട്ടുണ്ട്.
