‘ഒരു കാടരികുകഥ’ എന്ന നോവലിന് അർച്ചന രവി വരച്ച ചിത്രം.

അപാരമായ
സ്വാതന്ത്ര്യത്തോടെ
ആനന്ദകരമായ കളികൾ

റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച ‘ഒരു കാടരികുകഥ’ എന്ന കുട്ടികളുടെ നോവലിലേക്ക് എത്തിച്ചേർന്ന സർഗാത്മക അനുഭവം എഴുതുകയാണ് ജെ. ദേവിക. ഭാഷാതലത്തിൽ വാക്കുകളെയും സങ്കല്പനങ്ങളെയും രൂപപ്പെടുത്താൻ- അവയെ ഉണ്ടാക്കുകയും അഴിക്കുകയും കൂട്ടിക്കെട്ടുകയും ചെയ്യുന്നതിൻെറ ആനന്ദകരമായ കളിയിലേർപ്പെടാൻ- ഈ വ്യവഹാരം തരുന്ന സ്വാതന്ത്ര്യം അതുല്യമാണെന്ന് അവർ പറയുന്നു.

ജീവിതമെന്ന സഞ്ചാരത്തിൽ പിന്നിട്ട വഴികളെ തിരിഞ്ഞുനോക്കി മാത്രം മുന്നോട്ടുപോകുന്നയാളാണ് ഞാൻ. മുന്നോട്ടുള്ള പോക്കിനെ രൂപപ്പെടുത്താൻ സഹായകമായ ഉൾക്കാഴ്ചകൾ ജീവിതം എറിഞ്ഞുതരുമ്പോൾ ഉണർന്നിരിക്കാൻ ഇതെന്നെ സഹായിട്ടുണ്ട്.

അങ്ങനെയൊരു നിമിഷം ഏതാണ്ട് അഞ്ചോ ആറോ വർഷം മുൻപുണ്ടായി. ഒരു സൈബർഗുണ്ടയിലൂടെയാണ് ജീവിതം ആ സന്ദേശം എന്നിലക്കെത്തിച്ചത്. നമ്മുടെ ജനാധിപത്യത്തിൽ ഏറിവരുന്ന ഭരണകൂടത്തിൻെറ ദണ്ഡനീതിസംസ്കാരത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് restorative justice അഥവാ ‘പൊറുക്കൽനീതി’ എന്ന ആശയത്തെ മുന്നോട്ടുവച്ച ഒരവസരത്തിൽ ഉണ്ടായ സൈബർ ആക്രമണത്തിൽ ഒരു സൈബർഗുണ്ട വിളിച്ച പേരാണ് എനിക്കു ജീവിതത്തിൽ മുന്നോട്ടുപോകാനുള്ള വഴി കാട്ടിത്തന്നത് – പൊറുക്കലമ്മച്ചി എന്നാണ് അയാൾ എന്നെ പുച്ഛത്തോടെ വിളിച്ചത്.

ഉദ്ദേശ്യമെന്തായാലും കേവലമായ അർത്ഥം വലിയ പ്രശംസയായിപ്പോയിയെന്ന് അപ്പോഴെനിക്കു തോന്നി. പക്ഷേ നാം ജീവിക്കുന്ന കാലത്തിൻെറ വെളിച്ചത്തിൽ മുന്നോട്ടുപോകേണ്ട പാതയെയാണ് അതു സൂചിപ്പിക്കുന്നതെന്നു തോന്നി. ആ വാക്കുണ്ടാക്കിയ ഗുണ്ടയെ ഞാനിന്നും നന്ദിയോടെ സ്മരിക്കുന്നു.

കുഞ്ഞുങ്ങൾക്ക് സഹജമായ അത്ഭുതത്തെ പ്രകൃതിപഠനത്തിൻെറ അടിത്തറയാക്കിയിരുന്നെങ്കിൽ ശാസ്ത്രത്തെ അധികമധികം സാങ്കേതികവിദ്യയുമായി സമീകരിച്ച് അതിനെ സൈനിക- വ്യവസായവ്യവസ്ഥയ്ക്കു കീഴ്പ്പെടാൻ വിടില്ലായിരുന്നു.

‘പൊറുക്കലമ്മച്ചിയായി’ സ്വയം തിരിച്ചറിഞ്ഞുകൊണ്ട് ബൗദ്ധികജീവിതം പുനരാരംഭിച്ചാൽ എങ്ങനെയിരിക്കും?
ഞാൻ എന്നോടുതന്നെ ചോദിച്ചു. മുറിവേറ്റുപിടയുന്ന ജനാധിപത്യത്തിലാണ് നാം ജീവിക്കുന്നതെന്ന് എനിക്ക് സംശയമേതുമില്ലായിരുന്നു. സമൂഹത്തിൽ തന്നെ വ്യക്തികളെ അങ്ങേയറ്റം ക്ഷതസാധ്യതയുള്ളവരാക്കിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ- സാംസ്കാരിക പ്രക്രിയകളാണ് നമുക്കുചുറ്റും ചുരുളഴിയുന്നത്. സാമൂഹികമായ, പൊതുവായ, എല്ലാത്തിനെയും വ്യക്തികൾ സ്വതാത്പര്യാർത്ഥം മാത്രം സൃഷ്ടിക്കുന്ന വെറും കൂട്ടങ്ങളായി വിഭാവനം ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്ന നവലിബറൽ പ്രത്യയശാസ്ത്രം ഉള്ളിൽ ആഴത്തിൽ മുറിവുകളുണ്ടാക്കുന്നു. അവയെ ഉണക്കാനല്ല, ശക്തികളായി തിരിച്ചറിയാനാണ് ആ പ്രത്യയശാസ്ത്രം നമ്മെ പരിശീലിപ്പിക്കുന്നത് –അങ്ങനെ മുതലാളിത്തത്തിന് നാം ഇന്ധനമാകുന്നു.

വികൃതമായ ദേശീയവാദത്തിൻെറ വേലിയേറ്റം ഭൂരിപക്ഷ സമുദായാംഗങ്ങളിൽ മറ്റെല്ലാവരേയും അന്യരായി പുറന്തള്ളാനും ഭയത്തിൽ നിന്നുളവാകുന്ന ഹിംസ വളർത്താനുമുള്ള വാസനകളെ ഉണർത്തിക്കൊണ്ടിരിക്കുന്നു. കുടുംബബന്ധങ്ങളിലും സമുദായബന്ധങ്ങളിലും ഉണ്ടായ സമ്മർദ്ദങ്ങളും വലിഞ്ഞുമുറുകലുകളും, കാർഷികജീവിതത്തെ ഏതാണ്ട് പൂർണമായും പിൻതള്ളി കുടിയേറ്റാശ്രിത സമൂഹമായി മാറിയതിന്റെ ഇനിയും പരിഹാരം കണ്ടെത്താനാവാത്ത വിള്ളലുകളും സാമൂഹ്യമായ രോഗാവസ്ഥയെ വഷളാക്കിക്കൊണ്ടിരിക്കുന്നു. ഇതിനുള്ള മറുമരുന്നുകളിലൊന്നാണ് തീർച്ചയായും വായന – ഉള്ളിലേക്കു കണ്ണുപായിച്ച് മുറിവുകളെവിടെയൊക്കെ എന്നു തിരിച്ചറിയാൻ അത്യന്താപേക്ഷികമായത്. എന്നാൽ വായിക്കാനുള്ള ക്ഷമാശക്തി പോലും ഉള്ളിലെ മുറിവുകൾ ബാക്കിവയ്ക്കാത്ത എത്രയോ ചെറുപ്പക്കാരെ ഞാനപ്പോഴേയ്ക്കും കണ്ടുകഴിഞ്ഞിരുന്നു.

‘ഒരു കാടരികുകഥ’ എന്ന നോവലിന് അർച്ചന രവി വരച്ച ചിത്രം.
‘ഒരു കാടരികുകഥ’ എന്ന നോവലിന് അർച്ചന രവി വരച്ച ചിത്രം.

ഉള്ളിലെ മുറിവുകളെ സ്വയം ഉണക്കാനുള്ള കഴിവുള്ളവരാണ് നമ്മളിലധികം പേരും. കുട്ടിക്കാലത്തിനുശേഷം നാം മിക്കപ്പോഴും ഉപേക്ഷിച്ചുപോകുന്ന ചില ശേഷികളുണ്ട് – തൊടികളിൽ വളരുന്ന ചെടികളോട് കുട്ടിക്കാലത്തില്ലായിരുന്ന പുച്ഛം അവരെ പാഴ്ച്ചെടികളെന്ന് കാണാൻ ശീലിക്കുന്ന മുതിർന്നവർക്ക്, അവയിൽ പലതിനും ഔഷധമൂല്യമുണ്ടെന്ന് തിരിച്ചറിയാൻ പറ്റില്ല. അനങ്ങുന്നതിലും അനങ്ങാത്തതിലുമെല്ലാം അല്പം ജീവനുണ്ടെന്ന തോന്നൽ, ഉദാഹരണത്തിന്. അതിനെ മണ്ടത്തരമെന്ന് പുച്ഛിച്ചുകളഞ്ഞില്ലായിരുന്നെങ്കിൽ നാം പരിസ്ഥിതിയെയും അതിജീവനത്തെയും കുറേക്കൂടി അവധാനപൂർവ്വം സമീപിച്ചേനെ. കുഞ്ഞുങ്ങൾക്ക് സഹജമായ അത്ഭുതത്തെ പ്രകൃതിപഠനത്തിൻെറ അടിത്തറയാക്കിയിരുന്നെങ്കിൽ ശാസ്ത്രത്തെ അധികമധികം സാങ്കേതികവിദ്യയുമായി സമീകരിച്ച് അതിനെ സൈനിക- വ്യവസായവ്യവസ്ഥയ്ക്കു കീഴ്പ്പെടാൻ വിടില്ലായിരുന്നു.

ഇന്ദ്രിയങ്ങളുടെ റിപ്പോർട്ടുകളല്ലാതെ മറ്റൊന്നും വിശ്വാസ്യമായില്ല എന്നുരുവിട്ട് പഠിച്ചില്ലായിരുന്നെങ്കിൽ അതിലുമപ്പുറം പലതുമുണ്ടെന്ന ബാല്യകാല അവബോധം നമ്മുടെ മനസ്സിൻെറ തുറവിയ്ക്കു കാവലായേനെ. മുതിർന്നവരുടെ ലോകങ്ങളിൽ സംഭവിക്കുന്ന പ്രത്യയശാസ്ത്രമലിനീകരണവും കുട്ടികളുടെ ലോകങ്ങളിലേക്ക് സാവധാനം മാത്രമേ കടക്കൂ – അവിടെ അല്പം കൂടി ശുദ്ധവായുവിൻെറ സാധ്യതകൾ ബാക്കിയുണ്ട്, അവിടെയുണ്ടായിക്കഴിഞ്ഞ വായുമലിനീകരണത്തെ നീക്കിക്കളയാൻ അല്പമെങ്കിലും കഴിഞ്ഞേക്കും, അന്യരെ വെറുപ്പോടെയും സംശയത്തോടെയും മാത്രം വീക്ഷിക്കുന്ന ആ മഹാവ്യാധിയെ ചികിത്സിക്കാനുമാകും. എങ്കിലും, ഒരുപക്ഷേ ഇപ്പറഞ്ഞതുപോലുള്ള ശേഷികൾ നമ്മുടെയുള്ളിൽ തീർന്നുപോകുന്നില്ല – അവയെ വീണ്ടെടുക്കാനാകും (ആ വിശ്വസമുണ്ടെങ്കിൽ മാത്രമേ പൊറുക്കലിൻെറ പാതയിൽ നടക്കാനാകൂ).

ഞാൻ എഴുതാൻ നോക്കുന്ന, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സാഹചര്യങ്ങളിൽ രൂപമെടുത്ത, ബാലസാഹിത്യവും മഹത്തായ സാഹിത്യമാണെന്നും അവകാശപ്പെടുന്നില്ല. ബോധനപരമായ ലക്ഷ്യങ്ങൾ തന്നെയാണ് അതിനുമുള്ളത്.

അങ്ങനെയാണ് ബാലസാഹിത്യം എന്ന പേരിൽ അറിയപ്പെടുന്ന വ്യവഹാരത്തിലേക്ക് ഞാൻ വീണ്ടും മടങ്ങിയത്. യൗവനാരംഭത്തിൽ അതുമാത്രം എഴുതിയാൽ മതിയെന്നു വിചാരിച്ചിരുന്ന ആളായിരുന്നു ഞാൻ. മുതിർന്നവരുടെ ലോകം വേഗം ബോറടിക്കുമെന്നും, അവിടെ എനിക്കെപ്പോഴും കൂർത്ത കുപ്പിച്ചില്ലുകളേ കാലിനടിയിൽ ഉണ്ടാകൂ എന്നും ഭാവിയെക്കുറിച്ച് (സത്യമായിത്തീർന്ന) അനിഷ്ടദർശനമുണ്ടായതിനാലാകാം ആ തീരുമാനത്തിലെത്തിച്ചേർന്നത്. പക്ഷേ ഇന്നത്തെ തിരിവ് അങ്ങനെയല്ല. പക്ഷേ ജീവിക്കുന്ന ലോകത്തിൻെറ മുറിവുകൾ ഉണക്കാനുള്ള ശ്രമമാകണം ഇനി ബൗദ്ധികപ്രവർത്തനമുൾപ്പെടെയുള്ള എൻെറ ജീവിതം എന്ന തോന്നൽ മാത്രമല്ല ഇതിനു പിന്നിൽ. സഞ്ചരിച്ച ബൗദ്ധികപാതകളുടെ ഇടുക്കങ്ങളെ ഇന്ന് കൂടുതൽ അറിയുന്നുവെന്നതും എന്നെ എഴുത്തിൻെറ മറ്റൊരു വഴി തേടാൻ പ്രേരിപ്പിക്കുന്നു. അവ ഒന്നുകിൽ വിപണിത്തിളക്കങ്ങളിലേക്കോ, അല്ലെങ്കിൽ അക്കാദമിക അഹന്തകളിലേക്കോ, അവിടുത്തെ ഇടുങ്ങിയ വരേണ്യവൃത്തങ്ങളുടെ ഓത്തൂട്ട്- വെടിവട്ട ചർച്ചകളിലേക്കോ മാത്രമാണ് നീളുന്നത്. അവയെല്ലാം ഫലശൂന്യമാണെന്നു പറയില്ലെങ്കിലും, തീർച്ചയായും നമ്മുടെ കാലത്തിൻെറ വെല്ലുവിളികൾക്ക് ഇതൊന്നും തീരെപ്പോരാ.

ഇന്ന് അക്കാദമിക ഗവേഷണത്തിൻെറ ജ്ഞാനപരമായ മുൻകരുതലുകളും ധാർമ്മികതയുമുള്ള അക്കാദിമകവും അല്ലാത്തതുമായ എഴുത്ത് തീർച്ചയായും മലയാളത്തിലുണ്ട്, അതിൽ എൻേറതായ ചിലതും ഉണ്ട്. പക്ഷേ (എൻേറതുൾപ്പെടെയുള്ള) ആ എഴുത്തും പലപ്പോഴും രാഷ്ട്രീയത്തെ നവീകരിക്കുന്നതിനുപകരം രാഷ്ട്രീയശരികളെ സൃഷ്ടിക്കുന്ന വാചകമടിയ്ക്ക് വിഭവമാകുന്നു – മറ്റു വാക്കുകളിൽ പറഞ്ഞാൽ, ആന്തരികമായ ശാക്തീകരണമല്ല അതുണ്ടാക്കുന്നത്. കൂടാതെ, വിജ്ഞാനത്തിലെ പ്രകൃതിശാസ്ത്ര- സാമൂഹ്യശാസ്ത്ര- മാനവവാദവേർതിരിവിനെ ഈ എഴുത്ത് കാര്യമായി മറികടക്കുന്നില്ലെന്നു മാത്രമല്ല, അക്കാദമിക വരേണ്യതയെയും അത് മലയാളപരിസരങ്ങളിൽ പുനഃസൃഷ്ടിക്കുന്നുമുണ്ട്.

‘ഒരു കാടരികുകഥ’ എന്ന നോവലിന് അർച്ചന രവി വരച്ച ചിത്രം.
‘ഒരു കാടരികുകഥ’ എന്ന നോവലിന് അർച്ചന രവി വരച്ച ചിത്രം.

ചുരുക്കിപ്പറഞ്ഞാൽ, ശാസ്ത്രത്തെയും സാമൂഹ്യശാസ്ത്രത്തെയും ധാർമ്മികചിന്തത്തെയും മനുഷ്യസമൂഹത്തിൻെറ മുറിവുണക്കികളാക്കി മാറ്റേണ്ടിവരുന്ന ഇന്നത്തെ പ്രതിസന്ധികാലത്തിന് ഇപ്പറഞ്ഞ വഴികളെല്ലാം അപര്യാപ്തമാണ്.

അതുകൊണ്ടുതന്നെ ഈ ബാലസാഹിത്യം മലയാളി ആധുനികതയുടെ ആരംഭകാലത്ത് സങ്കല്പിക്കപ്പെട്ട ബാലസാഹിത്യമല്ല. സാരോപദേശകഥകളോ (ഈസോപ്പിൻേറതു പോലെ), അല്ലെങ്കിൽ നാടോടിക്കഥകളോ, അവയ്ക്കു സമാനമായ പുതിയ സൃഷ്ടികളോ, മഹാന്മാരുടെ (ചില മഹതികളുടെയും) ജീവിതകഥകളുടെ പുനരാഖ്യാനങ്ങളോ ചരിത്ര-ഇതിഹാസകഥകളുടെ ലളിതവകഭേദങ്ങളോ ആയിരുന്നു അത്. ഇരുപതാം നൂറ്റാണ്ടിൻെറ തുടക്കത്തിൽ ആധുനിക വിദ്യാഭ്യാസം നേടിയ സ്ത്രീകൾക്ക് പറ്റിയ സാഹിത്യരൂപമായാണ് അത് സങ്കല്പിക്കപ്പെട്ടത്. സാഹിത്യത്തെക്കാളധികം ബാലബോധനവുമായി ആയിരുന്നു അതിന് ബന്ധം കല്പിക്കപ്പെട്ടത്. പറച്ചിലിൽ രൂപമെടുക്കുന്ന ഭാഷാപരമായ അയവാണ് അതുളവാക്കുന്ന ആനന്ദത്തെ സൃഷ്ടിക്കുന്നത് – അതിനെ സാഹിത്യഗുണമായിട്ടല്ല, വാത്സല്യത്തിൻെറ പ്രകടനമായാണ് സാഹിത്യരംഗം തിരിച്ചറിഞ്ഞത്.

ബാലസാഹിത്യത്തെ നവീകരിക്കാൻ ഞാനിങ്ങനെ ശ്രമിക്കുന്നതിനെ ഒളിച്ചോട്ടമായി പരിഹസിക്കുന്ന ഇടതു- വലതുബുദ്ധിജീവികളെ എനിക്കറിയാം. അവരുടെ നിരീക്ഷണം മുഴുവനും തെറ്റല്ല.

ഞാൻ എഴുതാൻ നോക്കുന്ന, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സാഹചര്യങ്ങളിൽ രൂപമെടുത്ത, ബാലസാഹിത്യവും മഹത്തായ സാഹിത്യമാണെന്നും അവകാശപ്പെടുന്നില്ല. ബോധനപരമായ ലക്ഷ്യങ്ങൾ തന്നെയാണ് അതിനുമുള്ളത്. ശാസ്ത്രമോ ചരിത്രമോ സംസ്കാരമോ ധാർമ്മികതയോ ഒറ്റയ്ക്കൊറ്റയ്ക്കു നിൽക്കുന്നതിനുപകരം, അവ തമ്മിലുള്ള അതിരുകളെ അവയുള്ളവയാക്കിത്തീർക്കാൻ എൻെറ ഈ എഴുത്ത് ശ്രമിക്കുന്നു. കഥ (കവിതയും) ഒരു diffractive device ആയി പ്രവർത്തിക്കുമ്പോൾ ശാസ്ത്രവും ചരിത്രവും ധാർമ്മികചിന്തയും തരംഗവിഭംഗനത്തിലെന്ന പോലെ വിരിയുന്നു. കടൽക്കുട്ടിയിലും ഒരു കാടരികുകഥയിലും പ്രസിദ്ധീകരിക്കാനിരിക്കുന്ന കുഞ്ഞിമാക്കാച്ചിയിലും, ശ്രീനാരായണചിന്തയെ കുട്ടികൾക്കു പരിചയപ്പെടുത്തുന്ന നാലു പ്രിയങ്ങളുടെ യാത്ര എന്ന എഴുതാനിരിക്കുന്ന കഥയിലും ഇതു ചെയ്യാനാണ് ഞാൻ ശ്രമിക്കുന്നത്.

ഭാഷാതലത്തിൽ വാക്കുകളെയും സങ്കല്പനങ്ങളെയും രൂപപ്പെടുത്താൻ- അവയെ ഉണ്ടാക്കുകയും അഴിക്കുകയും കൂട്ടിക്കെട്ടുകയും ചെയ്യുന്നതിൻെറ ആനന്ദകരമായ കളിയിലേർപ്പെടാൻ- ഈ വ്യവഹാരം തരുന്ന സ്വാതന്ത്ര്യം അതുല്യമാണ്. സാമൂഹ്യശാസ്ത്രം പഠിപ്പിക്കുമ്പോൾ ഗവേഷണത്തിലൂടെ കണ്ടെത്തുന്ന പ്രക്രിയകൾക്കും പ്രതിഭാസങ്ങൾക്കും പുതിയ പേരുകൾ നിശ്ചയിക്കുന്നത് സിദ്ധാന്തവത്ക്കരണത്തിൻെറ അനിവാര്യഘടകമാണെന്ന് ഞാൻ ഓർമ്മിപ്പിക്കാറുണ്ട്. എന്നാൽ സാഹിത്യത്തിലൂടെ വിഭംഗനം സംഭവിക്കുമ്പോൾ വിജ്ഞാനത്തിൻെറ ഭാഷകളിൽ ആ സാധ്യത എത്രയോ വിപുലമാകുന്നു. ആ ലീലയിലൂടെ കുട്ടിക്കാലത്ത് നാം അടിച്ചമർത്തിയ നമ്മുടെ മുറിവുണക്കൽശേഷികളെ ഉണർത്താമെന്നും, കുഞ്ഞുങ്ങളിൽ അവയ്ക്കു പടർന്നുവളരാനുള്ള പടർപ്പുകൾ ഉയർത്താമെന്നും ഞാൻ വിശ്വസിക്കുന്നു.

‘ഒരു കാടരികുകഥ’ എന്ന നോവലിന് അർച്ചന രവി വരച്ച ചിത്രം.
‘ഒരു കാടരികുകഥ’ എന്ന നോവലിന് അർച്ചന രവി വരച്ച ചിത്രം.

ഇന്ന് സാമൂഹ്യശാസ്ത്രത്തിലെ post-qualitative രീതിശാസ്ത്രചർച്ചകൾ ഗവേഷണത്തിലെ വിഭംഗനസാധ്യതകളെ തെരയുന്നുണ്ടെങ്കിലും ആ വ്യവഹാരത്തിൻെറ പരിധികളും അതിൻെറ ഘടനാപരമായ, ചരിത്രപരമായ, ഭാരങ്ങളും വലിയ പരിമിതികളാണ് ഉണ്ടാക്കുന്നതെന്ന് ഈ രംഗത്ത് തുടരുംതോറും കൂടുതൽക്കൂടുതൽ ബോധ്യമാകുന്നു.

ബാലസാഹിത്യത്തെ നവീകരിക്കാൻ ഞാനിങ്ങനെ ശ്രമിക്കുന്നതിനെ ഒളിച്ചോട്ടമായി പരിഹസിക്കുന്ന ഇടതു- വലതുബുദ്ധിജീവികളെ എനിക്കറിയാം. അവരുടെ നിരീക്ഷണം മുഴുവനും തെറ്റല്ല. ഞാനിവിടെ, പക്ഷേ, അവർ കരുതുന്നതിലേറെ മഹത്വമാണ് കാംക്ഷിക്കുന്നത്. ബുദ്ധൻ തൻെറ ശിഷ്യരോട് കാഴ്ചയെ കത്തുന്ന തീയാണെന്ന് പറയുന്നു. കാണുന്നതിനെ ആഞ്ഞുപിടിക്കാനുള്ള ആ വാസനയും. അതാണിന്ന് എത്രയോ പതിന്മടങ്ങു ശക്തിയിൽ എല്ലായിടത്തും ആളിക്കത്തുന്നത്. ആ ആളിക്കത്തലിനിടയാക്കുന്ന ശക്തികളെയോ അതുകൊണ്ടു ഗുണംപറ്റുന്ന ശക്തികളെയോ, എന്തിന്, ദീർഘകാലത്ത് അതുമൂലം ഉള്ളിലും പ്രകൃതിയിൽ പൊതുവെ ഉണ്ടാകുന്ന അതിഭയങ്കരങ്ങളായ പൊള്ളലിനെപ്പോലുമോ, നാം അറിയുന്നില്ല. ഒരേസമയം കത്തുകയും ആ അവസ്ഥയെ സ്വയം തിരിച്ചറിയാതെ വെണ്ണീറായിപ്പോവുകയും ചെയ്യുന്ന ദയനീയതയ്ക്ക് മരുന്നായി ബുദ്ധചിന്ത നിർദ്ദേശിച്ചത്, പിടിച്ചുപറിക്കാൻ പ്രേരിപ്പിക്കാതെ മറ്റുള്ളവയിൽ ആനന്ദിക്കാനുള്ള കഴിവു നൽകുന്ന മൂല്യങ്ങളായി കരുണയും മുദിതയും ഉപേക്ഷയുമാണ്. അവ വളർത്താനാണ് ഈ എഴുത്ത് ശ്രമിക്കുന്നത്.

എൻെറ വിമർശകർ പറയുന്നതിൽ കുറേ ശരിയുണ്ട്, അപ്പോൾ. ഇത് ഒളിച്ചല്ലെങ്കിലും, ഓട്ടം തന്നെയാണ്, ചലനമാണ്. ചലനമില്ലാത്ത, ചുറ്റും കത്തിയമരുന്ന ലോകത്തെ കാണാത്ത ബൗദ്ധികജീവിതം നവമാർക്സിസ്റ്റ് സൈദ്ധാന്തികൻ സിസെക് (കരുണ തീരെ തീണ്ടാതെ) ‘വിഡ്ഢികളുടെ സന്തോഷ’മായി ചൂണ്ടിക്കാണിച്ചതിൽ പെടും. അതിനെതിരെയുള്ള മറുമരുന്നുകൂടിയാണ് കുട്ടികൾക്കായുള്ള എൻെറ എഴുത്ത്.

ജെ. ദേവിക എഴുതി റാറ്റ് ബുക്സ്പ്രസിദ്ധീകരിച്ച ‘ഒരു കാടരികുകഥ’ ഇപ്പോൾ പ്രീ- പബ്ലിക്കേഷൻ ഓഫറിൽ സ്വന്തമാക്കാം


Summary: J. Devika is writing about the creative experience that led to the children's novel 'Oru Kaadarikukadha', published by Rat Books.


ജെ. ദേവിക

എഴുത്തുകാരി, ചരിത്രകാരി, സാമൂഹ്യവിമർശക, ഫെമിനിസ്റ്റ്, വിവർത്തക. സെന്റർ ഫോർ ഡവലപ്പ്‌മെന്റ് സ്റ്റഡീസിൽ അധ്യാപിക. ആണരശുനാട്ടിലെ കാഴ്ചകൾ: കേരളം സ്ത്രീപക്ഷ ഗവേഷണത്തിൽ, കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ, Her Self: Early Writings on Gender by Malayalee Women 1898-1938, Womanwriting= Manreading? എന്നിവ പ്രധാന കൃതികൾ.

Comments