1. മഴ പൊത്തോന്ന് ഒരു വീഴ്ച!
‘‘അമ്മേ... ഇന്ന് അവധി ഉണ്ടോ?’’ എന്നു ചോദിച്ചാണ് കണ്ണും തിരുമ്മി കഹാനി എണീറ്റു വന്നത്. അമ്മ പത്രം വായിക്കുന്നതിനരികെ വന്നിരുന്ന് ഉറക്കം മാറാത്ത മുഖത്തോടെ അവൾ മുറ്റത്തേക്കുനോക്കി.
മഴ ഒരിത്തിരി പോലും തോർന്നിട്ടില്ല. ‘മഴ വേണോ മഴ...’ എന്നും ചോദിച്ച് മേഘങ്ങളെല്ലാം കൂടെ ആകാശത്ത് ഓടിപ്പാഞ്ഞുനടക്കുകയാണ്. ചാറ്റൽ മഴയാണെങ്കിൽ പെയ്യുന്നത് കണ്ടോണ്ടിരിക്കാൻ കഹാനിക്കിഷ്ടമാണ്. കുറച്ചുനേരം മഴ പെയ്യും, പിന്നെ നനഞ്ഞുനിൽക്കുന്ന മരങ്ങളെയും ചെടികളെയും തോർത്തി ഉണക്കാൻ വെയിൽ വരും.
മഴയുടെ ഇടയിലൂടെ വരുന്ന വെയിലിന്റെ ഒരു കുഞ്ഞിക്കഷണം. അങ്ങനെ മഴയും വെയിലും ഒന്നിച്ചു വന്നാൽ കുറുക്കന്റെ കല്യാണമാണെന്ന് അമ്മ പറയുന്നതു കേൾക്കാം. കുറുക്കൻ കല്യാണം കഴിക്കുമോ? മഴയും വെയിലും ഒന്നിച്ചു വരാത്ത കാടാണെങ്കിലോ? ആവോ, ആർക്കറിയാം.
ഈ മഴ പക്ഷേ അങ്ങനെ നിസ്സാര മഴയല്ല. ഠപ്പ് ഠപ്പ് എന്നു പെയ്തുപെയ്ത് തോടിന്റെയും പുഴയുടെയും വയറൊക്കെ നിറഞ്ഞിട്ട് റോഡിലേക്ക് ഒഴുകിപ്പരക്കാൻ തുടങ്ങിയിട്ടുണ്ട് വെള്ളം. രാത്രി ഉറങ്ങാൻ കിടക്കും വരെയും ആലപ്പുഴ ജില്ലയ്ക്ക് കലക്ടർ മാമൻ അവധി തന്നിട്ടുണ്ടോ എന്ന് നോക്കി നോക്കി ഇരിക്കുകയായിരുന്നു കഹാനി.
‘‘അവധിയില്ല മോളേ, മഴ കുറഞ്ഞു. ഇന്ന് ഓറഞ്ച് അലർട്ട് ആണെന്നാ വാർത്തയിൽ’’, പത്രം മടക്കി അമ്മ എഴുന്നേറ്റതും അവൾക്കാകെ സങ്കടമായി. ഓറഞ്ച് ആയാലും റെഡ് ആയാലും മഴയ്ക്ക് കുറവൊന്നുമില്ലല്ലോ.
ഇനിയിപ്പോ വേഗം വേഗം പല്ലു തേക്കണം, കുളിക്കണം, കഴിക്കണം. അപ്പോഴേക്കും പാതി ഉണങ്ങിയ യൂണിഫോം അച്ഛൻ നല്ല പോലെ തേച്ചുമടക്കി തരും. അതുമിട്ടു വേണം പോകാൻ. മഴയിത്തിരി കുറഞ്ഞാൽ സ്കൂട്ടറിന്റെ പിന്നിൽ റെയിൻകോട്ടിട്ട് ഇരുത്തിക്കൊണ്ടുപോകും അച്ഛൻ. എന്നാലും ചന്നം പിന്നം എന്ന് ചില മഴത്തുള്ളിയൊക്കെ മുഖത്തേക്ക് തെറിക്കും. എന്തൊരു തണുപ്പാണതിന്! സ്കൂട്ടറിലും ഓട്ടോയിലുമൊക്കെ നനഞ്ഞു വന്ന മഴക്കുട്ടികൾ എല്ലാം കൂടി ക്ലാസിലാകെ ചളിപിളി ആയിരിക്കും. ഓർത്തപ്പോഴേ മടി പിടിച്ചു കുട്ടിക്ക്. ഈ മഴയ്ക്ക് ഇത്തിരി സ്പീഡ് കുറച്ചൂടേ?
രാത്രി മഴയുടെ ഒച്ച കൂടുന്നത് കേട്ടുകേട്ടാണ് അവളും പോപ്പിയും ഉറങ്ങിയത്. പോപ്പീന്നു വച്ചാ കഹാനീടെ പുന്നാര പാവക്കുട്ടിയാണ്. തലയിൽ നൂഡിൽസ് പോലെ ചുരുണ്ട മുടിയുള്ള പൂ വിരിയുന്നത് പോലെ ചിരിക്കുന്ന ചോക്‌ലേറ്റ് നിറത്തിലെ പാവ. രണ്ട് ഉണ്ടക്കണ്ണുണ്ട്. ഒരു ചെറിപ്പഴം എടുത്തുവച്ചപോലെ വട്ടത്തിൽ ഒരു കുഞ്ഞി മൂക്കും. വെള്ളയിൽ കുഞ്ഞു കുഞ്ഞു പർപ്പിൾ പൂക്കൾ ഉള്ള കഴുത്തിലും കൈയിലും ലേസ് പിടിപ്പിച്ച ഉടുപ്പാണ് പോപ്പിക്ക്. അകത്ത് നിറയെ മേഘം പോലെ പതുപതുത്ത പഞ്ഞി നിറച്ചിട്ടുണ്ട്. തീരെ കുഞ്ഞായിരിക്കുമ്പോൾ സിബ് തുറന്ന് ആ പഞ്ഞിയൊക്കെ എടുത്ത് പുറത്തിടുമായിരുന്നു അവൾ.
പോപ്പിയെ വാങ്ങുമ്പോൾ കഹാനി ജനിച്ചിരുന്നില്ല. അന്ന് അമ്മയുടെ വയറിനുള്ളിലായിരുന്നു അവൾ.
ഒറ്റ കാഴ്ചയിൽ തന്നെ ‘എന്നെ കൊണ്ടുപൊയ്ക്കോ’ എന്നും പറഞ്ഞ് പോപ്പി ചാടിയിറങ്ങി കൂടെ പോന്നുവെന്നാ അമ്മ പറയാറ്. ജനിച്ചപ്പോ മുതൽ പോപ്പിയായി കഹാനിയുടെ ബെസ്റ്റ് ഫ്രണ്ട്. കുഞ്ഞരിപ്പല്ലും കാട്ടി കഹാനി കമിഴ്ന്നു കിടക്കുന്ന ഫോട്ടോയിലും പിച്ച പിച്ച വയ്ക്കുന്ന ഫോട്ടോയിലുമെല്ലാം ഒരറ്റത്ത് കാണാം പുഞ്ചിരിച്ച് കിടക്കുന്ന പോപ്പിയെ.
അച്ഛന്റെ അമ്മയുടെയും മുറിയിൽ നിന്ന് മാറി കഹാനി ഒറ്റയ്ക്ക് ഉറങ്ങാൻ തുടങ്ങിയപ്പോഴും പോപ്പി ആയിരുന്നു കൂട്ട്. പുതപ്പിനടിയിൽ ‘പേടിക്കേണ്ട ഉറങ്ങിക്കോ, ഉറങ്ങിക്കോ...’ എന്നു പറഞ്ഞ് പോപ്പി കൂട്ടു കിടക്കും. പേടിസ്വപ്നം കാണുമ്പോ പിടിക്കാൻ വിരൽ നീട്ടിക്കൊടുക്കും. പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഹാനിയുടെ കഥയെല്ലാം ഉണ്ടക്കണ്ണും വിടർത്തി കേൾക്കും.
തലേന്നു രാത്രിയും അങ്ങനെയായിരുന്നു. മഴത്തുള്ളികൾ വീടിന്റെ ഷീറ്റിനു മുകളിൽ വന്നുവീഴുന്ന ശബ്ദം കൂടിക്കൂടിവന്നപ്പോ കഹാനി ഉറങ്ങിയിരുന്നില്ല.
‘‘പോപ്പീ, മേഘങ്ങളെല്ലാം കൂടി ഓടിപ്പായുന്നതിനിടെ ചിലതൊക്കെ നമ്മുടെ ഷീറ്റിനു മുകളിലെ പായലിൽ നടുവും തല്ലി വീഴുകയാണെന്നാ എനിക്ക് തോന്നുന്നത്.’’
ശരിയായിരിക്കും എന്ന് പോപ്പി കണ്ണുമിഴിച്ചു കാട്ടി.

കഥയും പറഞ്ഞു കിടന്ന് വൈകി ഉറങ്ങിയപ്പോൾ ഇന്ന് സ്കൂൾ കാണില്ലെന്നായിരുന്നു രണ്ടാളും ഓർത്തത്. അപ്പോഴല്ലേ മഴ ഇത്തിരി കുറഞ്ഞത്. മടി പിടിച്ച് മെല്ലെ മെല്ലെ പല്ലു തേച്ച് അപ്പവും കടലയും കഴിച്ച് യൂണിഫോം ഇട്ട് പോപ്പിയോട് ടാറ്റയും പറഞ്ഞ് സ്കൂളിൽ പോകാൻ ഇറങ്ങുമ്പോഴാണ് കഹാനി വേറൊരു കാര്യമോർത്തത്. ഹോം വർക്ക് ചെയ്തിട്ടില്ല! ഇന്ന് അവധി കിട്ടുമെന്ന് വിചാരിച്ച് കഥയും പറഞ്ഞ് നടപ്പാരുന്നില്ലേ ഇന്നലെ. ഇനി എന്തു ചെയ്യും? എന്ത് പറയും ടീച്ചറോട്?
2. കുടവീട്ടിലെ ഉറക്കം
അച്ഛനാണ് അന്ന് കഹാനിയെ സ്കൂളിലേക്ക് കൊണ്ടുപോയത്. മഴ തോർന്ന നേരം നോക്കിയിറങ്ങിയ വണ്ടികളെല്ലാം കൂടി റോഡിൽ കുരുങ്ങിക്കിടപ്പായിരുന്നു. ‘സ്കൂളിലേക്ക് വഴി കാണിക്കാമോ?’ എന്നെഴുതിയ നീണ്ടുപുളഞ്ഞൊരു പസിലിൽ പെട്ടതുപോലെ തോന്നി കഹാനിക്ക്.
എല്ലായിടത്തും വണ്ടി. നൂണ്ടു പോകാൻ നടുക്ക് ഒരിത്തിരി വഴി. ഇടത്തേക്ക് പോയാൽ വെള്ളക്കെട്ടായിരിക്കുമോ? വലത്തേക്ക് പോയാലോ? ഓട്ടോറിക്ഷ പോകുന്ന വഴിയിലൂടെ ഈ റെയിൻകോട്ടിട്ട സ്കൂട്ടറും പോകുമോ? നമ്മളിപ്പോ ഈ പസിലിന്റെ എതു ഭാഗത്തായിരിക്കും? ഇങ്ങനെ ആലോചിച്ചു കൊണ്ടേയിരിക്കും കഹാനി. ഏത് ആലോചനയും ഒരു വലിയ ചിത്രമായാണ് അവളുടെ മനസ്സിൽ എപ്പോഴും തെളിയുക.
നേരം വൈകി രണ്ടാം ക്ലാസിലേക്ക് കയറുമ്പോഴേക്കും ടീച്ചർ ക്ലാസിലെത്തിയിരുന്നു. മലയാളം പഠിപ്പിക്കുന്ന സൂസൻ ടീച്ചറിനെ കഹാനിക്ക് വലിയ ഇഷ്ടമാണ്. ടീച്ചറിന്റെ കയ്യിലൊരു പാട്ടു ബുക്കുണ്ട്. താളത്തിൽ കുട്ടികൾക്ക് ചൊല്ലിക്കൊടുക്കാവുന്ന കുട്ടിപ്പാട്ടുകൾ എവിടെ കണ്ടാലും ടീച്ചറതിൽ കുനുകുനാ എഴുതിവയ്ക്കും. ക്ലാസിലേക്ക് വരുമ്പോൾ ആ ബുക്കും എടുത്തിട്ടുണ്ടെങ്കിൽ പിന്നെ ക്ലാസിലാകെ പാട്ടുതന്നെ പാട്ടായിരിക്കും. ഒരാൾക്ക് പപ്പടപ്പാട്ട്, ഒരാൾക്ക് ആനപ്പാട്ട്, ഒരാൾക്ക് നക്ഷത്രപ്പാട്ട്... കുട്ടികളുടെ ആവശ്യം തീരുകയേയില്ല.
ഹോം വർക്ക് ചെയ്യാൻ മറന്നു പോയെന്ന് പറയണോ? അല്ലെങ്കിൽ ബുക്ക് എടുത്തില്ലെന്ന് കള്ളം പറഞ്ഞാലോ? ഓരോരുത്തരും എഴുതിയത് വായിച്ച് വായിച്ച് ടീച്ചർ അടുത്തെത്തുമ്പോഴേക്കും അവൾ തല താഴ്ത്തി നിൽക്കുകയായിരുന്നു. കള്ളം പറയരുതെന്ന് അമ്മ എപ്പോഴും പറയാറുണ്ട്. പക്ഷേ സത്യം പറഞ്ഞാൽ ഇപ്പോ വഴക്ക് കിട്ടുമോ?
‘‘എവിടെ കഹാനി എഴുതിയത് കാണിക്കൂ’’
‘‘അത്... ഞാൻ…’’
‘‘മോൾ എഴുതിയില്ലേ?’’
കഹാനി ഒന്നും മിണ്ടിയില്ല.
‘‘എന്താ എഴുതാഞ്ഞത്?’’
‘‘ടീച്ചറേ, ഞാനിന്ന് അവധിയാകുമെന്നാ വിചാരിച്ചത്. മഴ കണ്ടിരുന്ന് മറന്നുപോയി’’.
ടീച്ചർ കഹാനിയുടെ കാതിനടുത്തു വന്ന് അവർക്കും രണ്ടാൾക്കും മാത്രം കേൾക്കാവുന്ന ഒച്ചയിൽ പതുക്കെ പറഞ്ഞു, ‘‘സാരമില്ലെടോ, ഇന്ന് അവധിയാകുമെന്നല്ലേ ടീച്ചറും കരുതിയത്. നാളെ എഴുതണേ. മറക്കല്ലേ.’’
ശ്ശോ! ഇതിനായിരുന്നോ ഇത്ര പേടിച്ചത്. നാളെ എന്തായാലും എഴുതുമെന്ന് അവളുറപ്പിച്ചു.
എഴുതിവരുമ്പോ ചിലപ്പോ അക്ഷരങ്ങളൊക്കെ അവൾക്ക് മാറിയും തിരിഞ്ഞും പോകാറുണ്ട്.
റ എഴുതുമ്പോ ഒരു റെയിൻബോ വരയ്ക്കുകയാണെന്നാണ് അവൾക്ക് തോന്നാറ്. ഇന്നാളിലൊരു ദിവസം റ എഴുതിയപ്പോ അതങ്ങ് തലതിരിഞ്ഞുപോയി. കമഴ്ത്തിയിട്ട ഒരു റെയിൻബോ! ഇത് ‘യു’ അല്ലേ കുട്ടാ, ‘റ’ എഴുത് എന്ന് ടീച്ചർ കുറേ വട്ടം പറഞ്ഞിട്ടും എവിടെയാ തെറ്റിയെന്ന് അവൾക്ക് മനസ്സിലായതേയില്ല. റ തിരിച്ചിട്ടാൽ യു ആകും. വലത്തോട്ട് ചരിച്ചാൽ ഇംഗ്ലീഷിലെ സി. ഇടത്തോട്ട് ചരിച്ചാൽ മലയാളത്തിലെ ദീർഘം! ഇതെല്ലാം ഉണ്ടാക്കിയത് ഒരാൾ ആകുമെന്ന് കഹാനി ഓർക്കാറുണ്ട്.
പക്ഷേ അവൾക്കതെല്ലാം റെയിൻബോ ആണ്. നാലു സൈഡിലേക്കും തിരിയുന്ന റെയിൻബോ തോന്നിയപോലെ ഓരോത്തിടത്തും വരയ്ക്കാറുണ്ട് കഹാനി. ടീച്ചർ പക്ഷേ വഴക്കൊന്നും പറയാറില്ലാട്ടോ. തെറ്റി തെറ്റിയല്ലേ കുട്ടികൾ പഠിക്കുക എന്നാ ടീച്ചർ പറയാറ്.

ചിലപ്പോഴോക്കെ ടീച്ചറുടെ മേശയുടെ അടുത്ത് കൊണ്ടിരുത്താറുണ്ട് കഹാനിയെ. തെറ്റാതെ വരച്ചു വരച്ച് അക്ഷരമെഴുതുന്നതുവരെ ക്ഷമയോടെ നോക്കിയിരിക്കും ടീച്ചർ. അത് അവൾക്ക് എന്ത് സമാധാനമാണെന്നോ.
അന്നും പതിവുപോലെ കഥ കേട്ടും പാട്ടു പാടിയും ഏറ്റവും അടുത്ത കൂട്ടുകാരി നിധിയോട് നിർത്താതെ കലപില വർത്തമാനം പറഞ്ഞുമിരിക്കുകയായിരുന്നു കഹാനി. ‘‘ഇത്തിരി ഉറക്കെ പറ, കേൾക്കുന്നില്ല...’’ എന്ന് ഇടയ്ക്കിടെ പറയുന്നുണ്ട് നിധി.
എങ്ങനെ കേൾക്കും? രാവിലെ തോർന്നു നിന്ന മഴയിപ്പോ ശട ശടേന്ന് തകർത്തു പെയ്യുവാണ്. പുറത്തേക്ക് നോക്കിയാൽ ഒരു മൂടൽ പോലെ മഴ മാത്രം കാണാം. ഒരു മഴത്തണുപ്പ് ക്ലാസിനുള്ളിലേക്കും വരുന്നുണ്ട്.
റോഡിലേക്ക് കയറിത്തുടങ്ങിയ വെള്ളം ഒഴുകിയൊഴുകി വീട്ടിലേക്കും എത്തുമോ എന്നോർക്കുകയായിരുന്നു കഹാനി. മഴയിങ്ങനെ ഒരു വെള്ളച്ചാട്ടം വീഴുന്ന ഒച്ചപോലെ പെയ്യാൻ തുടങ്ങിയാൽ വീട്ടിൽനിന്ന് കുറച്ചകലെ ഒരു കെട്ടിടത്തിലേക്ക് താമസിക്കാൻ പോകാറുണ്ട് കഹാനിയും അച്ഛനും അമ്മയും. മഴവെള്ളം കേറാത്ത ആ കെട്ടിടത്തെ ‘കുടവീട്’ എന്നാ കഹാനി വിളിക്കുക. കുറച്ചു മാസം മുൻപും അങ്ങോട്ടേക്ക് പോയിരുന്നു. അന്ന് ബാഗിനുള്ളിൽ ആരുമറിയാതെ പോപ്പിയെയും കൂടി കൊണ്ടുപോയിരുന്നു അവൾ. ഒറ്റയ്ക്ക് വീട്ടിൽ നിർത്തിപ്പോയാൽ പോപ്പിക്ക് പേടിയാവില്ലേ?
വൈകാതെ മഴയും കാറ്റും കൂടിക്കൂടി വന്നു. വരാന്തയിൽ ഇരുന്ന പുള്ളിക്കുടകളെല്ലാം കൂടി മുറ്റത്തേക്ക് ‘ഷ്യൂം..’ എന്ന് പറന്നടിച്ചു വീഴുന്നത് കണ്ടോണ്ടിരിക്കുമ്പോഴാണ്, ‘നാളെ സ്കൂളില്ലാട്ടോ... മഴ അവധിയാ’ എന്ന് സൂസൻ ടീച്ചർ വന്നു പറയുന്നത്. പെരുമഴയുടെ ഒച്ച കേട്ട് ക്ലാസിനുള്ളിൽ കിടുകിടാന്ന് തണുത്തിരുന്ന കുട്ടികളെയെല്ലാം വീട്ടിലേക്ക് കൊണ്ടുപോകാൻ അമ്മമാരും അച്ഛന്മാരും അമ്മൂമ്മമാരുമൊക്കെ പിന്നാലെ വന്നു തുടങ്ങി.
അച്ഛനും കഹാനിയും കൂടി വീട്ടിലെത്തുമ്പോ വീടിനു മുന്നിലെ വഴിയിലൊക്കെ മുട്ടറ്റം വെള്ളം. ഇനിയിപ്പോ കുടവീട്ടിലേക്ക് പോകാതിരിക്കാനാവില്ലെന്ന് അവൾക്കു മനസ്സിലായി. അപ്പോഴേക്കും ജോലി കഴിഞ്ഞെത്തിയ അമ്മ സാധനങ്ങളൊക്കെ അടുക്കിപെറുക്കിത്തുടങ്ങിയിരുന്നു. സർട്ടിഫിക്കറ്റുകൾ, വസ്ത്രങ്ങൾ, മരുന്നുകൾ... കുടവീട്ടിലേക്ക് പോകുമ്പോ മറക്കാൻ പാടില്ലാത്ത കുറേ സാധനങ്ങളുണ്ട്. രണ്ട് ദിവസമോ മൂന്ന് ദിവസമോ നാലു ദിവസമോ കഴിഞ്ഞാകും ചിലപ്പോ മടങ്ങിവരുക.
എല്ലാമെടുത്ത് വീട്ടിന്ന് ഇറങ്ങാൻ നിൽക്കുമ്പോഴേക്കും അമ്മയുടെ ബാഗിന്റെ സൈഡിലേക്ക് ‘അടങ്ങിയിരിക്കണേ, വീഴല്ലേ’ എന്നു പറഞ്ഞ് പോപ്പിയെയും കൂടി കുത്തിത്തിരുകി വച്ചു, കഹാനി. അജയൻ മാമന്റെ ഓട്ടോയിലാണ് മഴ വീട്ടിലേക്ക് അവരെല്ലാം കൂടി പോയത്. വെള്ളം കയറുന്ന വീട്ടിൽ നിന്ന് മഴയെ പേടിച്ചുവന്ന കുറേ ആൾക്കാരുണ്ടായിരുന്നു അവിടെ. കഹാനിയുടെ സ്കൂളിലെ കൂട്ടുകാരും വരാറുണ്ട് കുടവീട്ടിലേക്ക്.
കഹാനി എത്തുമ്പോഴേക്കും മൂന്നാം ക്ലാസിലെ ഗൗരി ചേച്ചിയും നാലാം ക്ലാസിലെ അലൻ ചേട്ടനും ശിവാനി ചേച്ചിയും ഒന്നാം ക്ലാസിലെ ഇഷാനും അന്നുവും അച്ഛന്റയും അമ്മയുടെയും കൂടെ എത്തിക്കഴിഞ്ഞിരുന്നു. കുടവീടിന്റെ ഇറയത്തിരുന്ന് പേപ്പർ ചുരുട്ടി തവളകളെ ഉണ്ടാക്കി കളിക്കുകയായിരുന്നു അവർ. ഗൗരി ചേച്ചിയാണ് എല്ലാവർക്കും ഉണ്ടാക്കി കൊടുക്കുന്നത്. വിരൽ കൊണ്ട് ഒരു തട്ടു കൊടുക്കുമ്പോൾ ഠപ്പേന്ന് ഒറ്റ ചാട്ടം ചാടും തവള!
വാ, വാ എന്ന് കഹാനിയെയും വിളിച്ചു കൂടെ ഇരുത്തി അവർ. തവളകളെ ഉണ്ടാക്കി, പേപ്പർ വിമാനങ്ങൾ ഉണ്ടാക്കി, കളിവഞ്ചികളും ഉണ്ടാക്കി കഴിഞ്ഞപ്പോഴേക്കും ഒറ്റ കടലാസില്ല ബാക്കി. പിന്നെയെന്ത് ചെയ്യും?
‘‘മഴ മഴ മഴ പെയ്യുന്നു
വഴിയും പുഴയും നിറയുന്നു
മാനത്തച്ഛൻ പത്തായത്തിൽ
തേങ്ങ പെറുക്കിയിടുന്നുണ്ടേ...’’
എന്ന് പാടിപ്പാടി തോളത്ത് കയ്യും പിടിച്ച് നിരനിരയായി കുടവീടിനകത്തൂടെ പായുന്ന മഴത്തീവണ്ടിയായി കുട്ടികൾ.

കുടവീടിന്റെ വരാന്തയിലേക്ക് ഇറങ്ങിയതും ചാറ്റലടിക്കാതെ ഇങ്ങു വാ വാ എന്ന് വിളിച്ചു ഇഷാന്റെ മുത്തശ്ശി. കളിച്ചുകളിച്ച് സന്ധ്യയായപ്പോഴേക്കും ക്ഷീണിച്ച കുട്ടികളൊക്കെ അമ്മയുടെയും അച്ഛന്റയും ചൂടു പറ്റി അങ്ങനെ ഇരുന്നു. എമർജൻസി ലൈറ്റുകളുടെ വെളിച്ചമേയുള്ളൂ കുടവീട്ടിൽ. മഴ മുരൾച്ച തുടങ്ങിയപ്പോഴേക്കും കറണ്ട് പോയിരുന്നു. ഇനി എപ്പഴാണാവോ വരിക?
ചെറിയ വെളിച്ചത്തിനു ചുറ്റുമിരുന്ന് ഒരുപാട് വർത്തമാനം പറയും എല്ലാവരും കൂടി. പണ്ട് പണ്ട് നടന്ന മഴക്കഥകളാവും അതിലേറെയും. കുറച്ച് വർഷം മുന്നേ മഴ നിർത്താതെ പെയ്തത്രേ. മഴ തന്നെ പെരുമഴ. മുറ്റത്ത് വെള്ളം കയറുന്നതൊക്കെ ഈ നാട്ടിൽ സാധാരണയാണ്. പക്ഷേ, കണ്ണടച്ചു തുറക്കും മുന്നേ വീട്ടിലേക്ക് ഇരച്ചു കയറി വന്നൂ, ആ മഴക്കാലം. എന്നിട്ട് വീടുകൾ മുഴുവൻ വെള്ളത്തിനടിയിലായത്രേ. എവിടെ നോക്കിയാലും വെള്ളം.
ഇഷാന്റെ മുത്തശ്ശി പറയുന്നതു കേട്ടപ്പോ, ഒരു മോൺസ്റ്റർ മേഘം കണ്ണുരുട്ടിയുരുട്ടി വന്ന് വീടെടുത്ത് ‘ഗ്ലും’ എന്ന് വിഴുങ്ങുന്നതു പോലെ തോന്നി കഹാനിക്ക്!
‘അപ്പോ ആരും കുടവീട്ടിൽ പോയില്ലേ?’
‘‘എന്റെ ഗൗരിക്കുട്ടീ, നിങ്ങൾ പഠിക്കുന്ന സ്കൂളില്ലേ.. അവിടേക്കാ ഞങ്ങളൊക്കെ ആദ്യം ഓടിയത്. അവിടെ മഴവെള്ളം കയറില്ലായിരുന്നു. പക്ഷേ, ആ മഴയ്ക്ക് സ്കൂളും മുങ്ങി.’’
‘‘അയ്യോ, ഞങ്ങടെ സ്കൂളോ?’’
‘‘അതേ... ആ മഴയ്ക്ക് മാത്രം. അങ്ങനെയാ പിന്നെ ഈ കുന്നിൻമുകളിലെ കുടവീട്ടിലേക്ക് നമ്മളൊക്കെ വരാൻ തുടങ്ങിയത്...’’
കഹാനി ജനിച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ ആ പെരുമഴക്കാലത്ത്. പറഞ്ഞുകേട്ട കഥകളേ അവൾക്കറിയൂ. എന്നാലും എന്തൊരു മഴയായിരിക്കും അത്?
മഴക്കഥകളും കേട്ടിരുന്ന് കഹാനി ഒറ്റയുറക്കം. അത്രയ്ക്കുണ്ടായിരുന്നല്ലോ ക്ഷീണം. രാവിലെ അമ്മ വിളിക്കുമ്പോഴാണ് ഉറക്കമുണർന്നത്. പതിവുപോലെ വിരൽ നീട്ടി അവൾ പോപ്പിയുടെ ചെറിപ്പഴ മൂക്കിലേക്ക് തൊടാനാഞ്ഞു.
അയ്യോ പോപ്പി എവിടെ? എന്റെ പുതപ്പിനടിയിലെ പോപ്പി എവിടെ?
3. അമ്പിളി മാമന് മാമുണ്ണണ്ടേ…
രാത്രി കിടക്കുമ്പോ അവൾക്കൊപ്പം പോപ്പി ഉണ്ടായിരുന്നില്ലെന്ന് അമ്മ ഉറപ്പിച്ചു പറഞ്ഞു. കുടവീട്ടിൽ അടുപ്പിച്ചിട്ട ബെഞ്ചുകളിലായിരുന്നു അമ്മയുടെയും കഹാനിയുടെയും ഉറക്കം. ക്ഷീണിച്ച്, മഴത്തണുപ്പ് മാറാൻ അമ്മയെ പറ്റി കിടക്കുന്നതിനിടെ പോപ്പിയുടെ കാര്യം ഓർത്തതേയില്ല കഹാനി.
എനിക്കിപ്പം പോപ്പിയെ വേണമെന്ന് അവൾ കരച്ചിൽക്കുട്ടിയായി. പക്ഷേ, കുടവീടിന്റെ മുക്കും മൂലയും തിരഞ്ഞെങ്കിലും പോപ്പിയെ മാത്രം കിട്ടിയില്ല. കഹാനിയുടെ സങ്കടം കണ്ടിട്ട് വന്ന വഴിയെല്ലാം വീണ്ടും പോയിത്തിരഞ്ഞുനോക്കി അവളുടെ അച്ഛൻ. വഴിവക്കിലെങ്ങാനും വീണു കിടപ്പുണ്ടോ, വെള്ളത്തിലെങ്ങാനും ഒഴുകിപ്പോയോ എന്നൊക്കെ നൂറുനൂറുവട്ടം നോക്കി. പക്ഷേ, ഒരു കാര്യവുമുണ്ടായില്ല.
പകൽ മുഴുവൻ കരഞ്ഞുകരഞ്ഞ് നടന്നു കഹാനി. സാറ്റ് കളിക്കാം, കളിവഞ്ചി ഉണ്ടാക്കാം എന്നൊക്കെ മാറിമാറി വിളിച്ചു കൂട്ടുകാർ. മഴയിത്തിരി തോർന്നപ്പോ മതിലിൽ പടർന്നു വളരുന്ന മഴത്തുള്ളിച്ചെടിയിൽ പുതുതായി വന്ന ഒരു കുഞ്ഞി കുമ്പിൾ എടുത്ത് കണ്ണിലേക്ക് ചേർത്തു വച്ചു കൊടുത്തു ഗൗരി ചേച്ചി.
‘‘ഇഷ്ടപ്പെട്ടോ ഇത്? നല്ല സുഖമില്ലേ കണ്ണിൽ വയ്ക്കുമ്പോ?’’
അതേ അതേയെന്ന് പാതി ചിരിച്ചു കഹാനി.
‘ഒരു മഴത്തുള്ളി ഐസ്ക്രീം കൂടി പറിച്ചു തരുമോ എനിക്ക്? എന്ത് തണുപ്പാ’.
‘തരാമല്ലോ… പക്ഷേ, കരച്ചിൽ മാറ്റി കളിക്കാൻ വരാമോ?’
രണ്ട് കണ്ണിലും മഴത്തുള്ളി ഐസ്ക്രീം നിറച്ചു വച്ച് ഗൗരി ചേച്ചി നീട്ടിയ പെൻസിൽ ബോക്സിലെ പല വലുപ്പത്തിലെ ക്രയോൺ കഷണങ്ങൾ ചേർത്തുവച്ച് വീടിന്റെയും മലയുടെയും മരത്തിന്റെയുമൊക്കെ രൂപങ്ങളുണ്ടാക്കി കളിച്ചു രണ്ടാളും.

പക്ഷേ, മഴ തോർന്ന് മാനം തെളിഞ്ഞ് തിരികെ വീട്ടിലെത്തുമ്പോഴും കഹാനിയുടെ മനസ്സ് മൂടിക്കെട്ടി നിൽക്കുകയായിരുന്നു. എന്തൊരു പുന്നാര പാവയായിരുന്നു പോപ്പി! പോട്ടേ സാരമില്ലെന്ന് പറഞ്ഞെങ്കിലും അമ്മയ്ക്കും നല്ല സങ്കടമുണ്ടെന്ന് അവൾക്ക് മനസ്സിലായി. ഇന്നാളിലൊരു വട്ടം പെരുമഴ പെയ്ത് തിരക്കിട്ട് വീടു വിടേണ്ടി വന്നപ്പോൾ പോപ്പിയെ എടുക്കാൻ മറന്നുപോയിരുന്നു അവൾ. മൂന്നു ദിവസം കഴിഞ്ഞ് മഴയൊതുങ്ങി തിരികെ വരുമ്പോൾ വെള്ളത്തിൽ കുതിർന്ന് ആരെയും കാണാതെ പേടിച്ചിരിപ്പുണ്ടായിരുന്നു പോപ്പി.
ഇപ്പഴും എവിടെയെങ്കിലും അങ്ങനെ കാത്തിരിപ്പുണ്ടാവുമോ? കാണാതായ പാവകളൊക്കെ എങ്ങോട്ടാവും പോകുന്നത്? പെരുമഴ പെയ്യുമ്പോ കുടവീട്ടിലേക്ക് ഓടുന്ന കുട്ടികളുടെയെല്ലാം വീട്ടിലുണ്ടാകുമോ ഒരു പുന്നാരപ്പാവ? മഴ പെയ്താലും വെള്ളം കയറാത്ത ഒരു വീടായിരുന്നെങ്കിൽ... ഓരോന്നാലോചിച്ച് കിടന്നിട്ട് അവൾക്ക് ഉറക്കം വന്നതേയില്ല.
അടുത്ത ദിവസം സ്കൂളിലാക്കുമ്പോൾ അച്ഛൻ ടീച്ചറോട് മെല്ലെ പറഞ്ഞു, ‘‘കഹാനി ഇന്നിത്തിരി സങ്കടക്കുട്ടിയാണേ... ഒന്നു ശ്രദ്ധിച്ചേക്കണേ’’
അന്ന് പാട്ടുപുസ്തകത്തിൽ നിന്ന് പാവക്കുട്ടികളുടെ പാട്ടാണ് ടീച്ചർ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തത്.
‘‘പാവക്കുട്ടീ പൊന്നുണ്ണീ
കുട്ടീടൊപ്പം പോരുന്നോ?
നിറയെ കഥകൾ കേട്ടീട്ട്
രാരീരാരം പാടീട്ട്,
മിനുമിനുങ്ങണൊരുടുപ്പിട്ട്
മുടിയും ചീകിയൊതുക്കീട്ട്
മാനത്തമ്പിളിമാമനെ നോക്കി
കണ്ണുംപൂട്ടിയുറങ്ങാൻ വാ’’
പാട്ടുപാടുമ്പോൾ പോപ്പിക്ക് പറഞ്ഞുകൊടുത്തിട്ടുള്ള അമ്പിളിമാമന്റെ കഥയോർമ്മവന്നു കഹാനിക്ക്. അമ്പിളിമാമനെ ഒരു കാക്ക കൊത്തിക്കൊണ്ടുപോയ കഥയായിരുന്നു അത്. കഹാനി തന്നെ ആലോചിച്ച് ആലോചിച്ച് ഉണ്ടാക്കിയതായിരുന്നു ആ കഥ. കഥ പറയാനും കേൾക്കാനും വലിയ ഇഷ്ടമാണവൾക്ക്. എന്റെ കഥക്കുട്ടീ... എന്നാണ് അമ്മ അവളെ വിളിക്കുക.
ക്ലാസിൽ എല്ലാവരോടും ആ കഥ പറഞ്ഞുകൊടുക്കാമോയെന്ന് ചോദിച്ചു ടീച്ചർ. അയ്യോ പറ്റില്ല പറ്റില്ല എന്ന് പറഞ്ഞ് അപ്പോഴേക്കും ടീച്ചർക്കു പിന്നിലൊളിച്ചു കഹാനി. ടീച്ചറോട് മാത്രമേ അവൾ കഥയൊക്കെ പറയൂ. ക്ലാസിനു മുന്നിൽ നിന്നെങ്ങാനും പറയാമോ എന്ന് ചോദിച്ചാൽ അപ്പോഴേക്കും കയ്യും കാലും വിറയ്ക്കും. നാവു വരളും.
‘‘മോൾടെ കൂട്ടുകാരല്ലേ.. പേടിക്കേണ്ട. ടീച്ചർ കയ്യിൽ പിടിച്ചു നിൽക്കാം.’’ കഹാനിയെ ചേർത്തുപിടിച്ച് ടീച്ചർ പറഞ്ഞു.
കഥ പറയൂ, കഥ കേൾക്കാൻ കൊതിയായി എന്ന് കയ്യടിച്ചുകൊണ്ടേയിരുന്നു കൂട്ടുകാർ. നീ പറഞ്ഞോ, പേടിക്കേണ്ടെന്ന് തംസപ്പ് കാട്ടിക്കൊടുത്തു നിധി. മെല്ലെ മെല്ലെ പതിഞ്ഞ ഒച്ചയിൽ കഹാനി പറഞ്ഞു തുടങ്ങി, ആകാശത്തിന്റെ അങ്ങേയറ്റത്തു നിന്ന് കുഞ്ഞിന്റെ കരച്ചിൽ മാറ്റാൻ അമ്പിളിമാമനെ കൊത്തിയെടുത്തു പറന്ന കാക്കച്ചിയുടെ കഥ.
പിന്നെ എന്തായി, എന്തായി? എന്ന് കൂട്ടുകാർ ആകാംക്ഷയോടെ ചോദിച്ചു. അമ്പിളിമാമന് മാമു കൊടുക്കാൻ ആകാശം മുഴുവൻ തിരഞ്ഞു നടന്ന മേഘത്തിന്റെ സങ്കടം കേട്ട് അവർ കണ്ണു മിഴിച്ചു. കാക്ക ഒരു മിടുക്കി തന്നെ എന്ന് പരസ്പരം പറഞ്ഞു. ഒടുവിൽ പറന്ന് പറന്ന് ക്ഷീണിച്ച മേഘം മരക്കൊമ്പിൽ വിശ്രമിക്കാനായി ഇരുന്നപ്പോ ദാ, ഇലകൾക്കിടെ ഒരു വെള്ള വെളിച്ചം. എന്താന്നറിയുമോ അത്? കാക്കച്ചിയുടെ കൂട്ടിലിരുന്ന് ഉറങ്ങിപ്പോയ അമ്പിളിമാമൻ! തേങ്ങാപ്പൂള് പോലെ കാക്കച്ചിയുടെ കൂട്ടിൽ ചുരുണ്ടു കിടന്ന അമ്പിളിമാമനെ മെല്ലെയുണർത്തിക്കൊണ്ടോയത്രേ മേഘം.
കഥ പറഞ്ഞു തീരുമ്പോഴാണ് കഹാനി അറിഞ്ഞത്; ടീച്ചർ എപ്പോഴേ അടുത്തുനിന്ന് മുൻബെഞ്ചിലേക്ക് മാറിയിരുന്നു. അയ്യോ! ഒറ്റയ്ക്കാണോ ഞാനിത് പറഞ്ഞതെന്ന് അതിശയമായി അവൾക്ക്. നാവു വരളാതെ, ആളുകളെ നോക്കുമ്പോ കണ്ണടഞ്ഞു പോകാതെ കഥ പറഞ്ഞു തീർത്തതിൽ ചെറുതല്ലാത്ത സന്തോഷം തോന്നി അവൾക്ക്. ‘‘മിടുക്കിക്കുട്ടീ, ഇനി ഇടയ്ക്കിടെ കഥ പറയണേ’’യെന്ന് ഒരു പഞ്ചാരയുമ്മയും കൊടുത്തു ടീച്ചർ.
മഴ ചിന്നിചിന്നി നിൽക്കുന്നതുകൊണ്ട് അന്ന് ഉച്ചയ്ക്ക് കഹാനിക്കും കൂട്ടുകാർക്കും സ്കൂളിന്റെ മുറ്റത്ത് ഓടിക്കളിക്കാനായില്ല. ക്ലാസിലിരുന്ന് നിധിയും ശങ്കരിയും അമൂല്യയും ആരിക്കുമെല്ലാം കൂടി ടീച്ചർ നൽകിയ ചിത്രങ്ങൾക്ക് നിറം കൊടുക്കുകയായിരുന്നു. അന്നേരമാണ് ക്ലാസിന്റെ പുറത്ത് രണ്ടുമൂന്നുപേർ വന്നു നിന്നത്.
‘‘സൂസൻ ടീച്ചറേ... പഠിക്കാൻ ഒരാളും കൂടിയുണ്ടേ’’
ക്ലാസിന്റെ വാതിലിനപ്പുറം നിൽക്കുന്ന പ്രധാനാധ്യാപികയ്ക്കൊപ്പം ഇതുവരെ കണ്ടുപരിചയമില്ലാത്ത രണ്ട് മാമൻമാർ കൂടിയുണ്ടായിരുന്നു. അവരുടെ പിന്നിൽ നിന്ന് ക്ലാസിലേക്ക് പരിഭ്രമത്തോടെ എത്തിനോക്കുന്നുണ്ട് ഒരു പെൺകുട്ടി.
ഇതാരാ? സ്കൂൾ തുടങ്ങി ഇത്ര മാസം വരെ എവിടെയായിരുന്നു ഈ കുട്ടി?

4. എത്ര ദൂരെയാ വീട്?
മടിച്ചുമടിച്ചാണ് ടീച്ചറുടെ കൈ പിടിച്ച് ആ പെൺകുട്ടി ക്ലാസിലേക്ക് കയറിയത്. നീണ്ട മൂക്കും നീളൻ കണ്ണുകളുമുള്ള ഒരു കുട്ടി. കൊലുകൊലുന്നനെയുള്ള മുടി ഉയർത്തി കെട്ടി വച്ചിട്ടുണ്ട്. അദ്ഭുത ലോകത്ത് എത്തിപ്പെട്ടത് പോലെയുണ്ടായിരുന്നു അവളുടെ മുഖം. പരിഭ്രമം കൊണ്ട് വിയർത്തുപോയ കൈവെള്ള കറുത്ത പൂക്കളുള്ള മഞ്ഞ ചെക്ക് ഉടുപ്പിന്റെ ഇരുവശങ്ങളിലും തുടച്ചു കൊണ്ടേയിരുന്നു അവൾ. ആ ഉടുപ്പ് അവൾക്കത്ര പാകം ആകാത്തതു പോലെ തോളിനു താഴേക്ക് ഇടയ്ക്കൊക്കെ തെന്നി വീഴാൻ പോകുന്നുണ്ടായിരുന്നു.
ഈ കുട്ടിയെ കണ്ടിട്ട് നമ്മളെയൊന്നും പോലെ അല്ലല്ലോ എന്ന് കഹാനിയുടെ അടുത്തേക്ക് നീങ്ങിയിരുന്ന് കൂട്ടുകാരി നിധി മെല്ലെ പറഞ്ഞു. അതേയതേയെന്ന് കഹാനി തലയാട്ടി. എവിടെ നിന്നായിരിക്കും ഈ കുട്ടി വരുന്നതെന്ന് രണ്ടാളും കൂടി ആലോലിച്ചു നോക്കിയെങ്കിലും അവർക്കതിന് ഉത്തരമൊന്നും കിട്ടിയില്ല.
തംലിമ എന്നാണ് അവളുടെ പേരെന്ന് ടീച്ചർ എല്ലാവരോടുമായി പറഞ്ഞു. ഏ, ഇതെന്തു പേരെന്ന് വാ പൊളിച്ചു കുട്ടികളെല്ലാം.
കഹാനിയും നിധിയും പരസ്പരം രഹസ്യം പറഞ്ഞതുപോലെ ഈ നാട്ടുകാരി അല്ലായിരുന്നു അവൾ. ഇന്ത്യയുടെ അങ്ങേയറ്റത്തുള്ള മണിപ്പുരിലെ ഇംഫാൽ താഴ്‌വരയിലാണ് അവളുടെ വീട്. അവിടെ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടായപ്പോ കേരളത്തിലേക്ക് രക്ഷപ്പെട്ടു വന്നതാണത്രേ അവൾ. അച്ഛനും അമ്മയും ഒപ്പമില്ല. അതുകൊണ്ട് ഷെൽട്ടർ ഹോം എന്നൊരു വീട്ടിലാണ് ഇപ്പോൾ താമസം. അവിടെയുള്ളവരാണ് സ്കൂളിൽ ചേർക്കാൻ അവൾക്കൊപ്പം വന്നത്.
ടീച്ചർ പറഞ്ഞത് മുഴുവനൊന്നും മനസ്സിലായില്ലെങ്കിലും അച്ഛനും അമ്മയും ഒപ്പമില്ലാഞ്ഞിട്ടാവും ആ കുട്ടിയുടെ മുഖം ഇങ്ങനെ മൂടിക്കെട്ടി നിൽക്കുന്നതെന്ന് നിധിക്കു തോന്നി. പാവമല്ലേ എന്ന് കഹാനിയും മൂളി.
‘‘ഇന്നു മുതൽ തംലിമയും നമ്മുടെ ക്ലാസിലെ കുട്ടിയാണ് കേട്ടോ. എവിടെയാ തംലിമയെ ഇരുത്തുക? ഏത് ബെഞ്ചിലാ ഇടമുള്ളത്?’’, ആരാണ് കൂട്ടുകൂടാൻ ആദ്യമെത്തുകയെന്നറിയാനാണ് ടീച്ചർ ആ ചോദ്യമെറിഞ്ഞത്.
പറഞ്ഞു തീരും മുൻപേ നിധി ചാടിയെണീറ്റു. നിധിയും കഹാനിയും ഇരിക്കുന്ന ബെഞ്ചിന്റെ അറ്റത്തുനിന്ന് ഇരുവരുടെയും ബാഗുകൾ എടുത്തു താഴെ വച്ചിട്ട് നിധി ഉറക്കെ പറഞ്ഞു, ‘‘വായോ.. ഇവിടെയിരിക്കാം.’’
ഈ ക്ലാസ് എനിക്ക് കൂടിയുള്ളതാണോ എന്നറിയാതെ അപ്പോഴും സംശയിച്ചു നിൽപ്പായിരുന്നു തംലിമ. രോഹിത്തും യാക്കൂബും അമൂല്യയും ആരിക്കുമൊക്കെ അപ്പോഴും തുറിച്ചു നോക്കിയിരിപ്പാണ് അവളെ. എവിടെയാ ഈ മണിപ്പുർ എന്നായി അവരുടെ സംശയം.
‘‘കുറച്ചു ദിവസം മുൻപ് ടീച്ചർ പത്രത്തിലെ തലക്കെട്ടുകൾ എഴുതിച്ചപ്പോ കുറേ വണ്ടികളും വീടുകളുമൊക്കെ കത്തുന്ന ഒരു പടം കണ്ടില്ലേ നമ്മൾ? അതിന്റെ പേര് മണിപ്പുർ എന്നായിരുന്നോ?’’ ശങ്കരി ചോദിച്ചു.
‘‘ആ... എനിക്ക് ഓർമ കിട്ടുന്നില്ല. ഈ കുട്ടി അവിടെ നിന്നാകുമോ ഇങ്ങ് ദൂരെ വരെ വന്നത്? എങ്ങനെയാ വരാൻ പറ്റുക?’’ എന്നായി നിലൻ.
ക്ലാസിൽ ഏറ്റവും ദൂരെ യാത്ര ചെയ്തിട്ടുള്ളത് ജോ ആണ്. പട്ടാളത്തിലാണ് അവന്റെ അച്ഛന് ജോലി. സ്കൂൾ അടച്ചപ്പോ പഞ്ചാബിൽ അച്ഛന്റെ ജോലി സ്ഥലത്ത് പോയി വന്നിട്ടുണ്ട് അവൻ. ട്രെയിനിൽ രണ്ട് മൂന്ന് ദിവസം യാത്ര ചെയ്താണത്രേ പഞ്ചാബിലെത്തിയത്. അതിലും ദൂരെയാകുമോ മണിപ്പുർ? അവിടെ നിന്ന് ട്രെയിനിലാകുമോ ഈ കുട്ടി വന്നത്?
തംലിമയുടെ വരവോടെ ക്ലാസ് നിറയെ സംശയക്കുട്ടികളായി. ഇവരൊക്കെ എന്നെപ്പറ്റി എന്താവും പറഞ്ഞുകൊണ്ടിരിക്കുന്നത് എന്ന ആധിയാണ് അവളുടെ മുഖത്തേക്ക് ഉരുണ്ടു കയറി വരുന്നതെന്ന് സൂസൻ ടീച്ചറിനു മനസ്സിലായി.
കുട്ടി വിഷമിക്കണ്ട കേട്ടോ എന്ന് ചേർത്തുപിടിച്ചു ടീച്ചർ. അപ്പോഴേക്കും കൂടെയിരുത്താൻ തയാറായ നിധി മുന്നിലേക്ക് വന്നു. അനിയത്തി വാവകളെ താഴെ വീഴാതെ സ്കൂൾ വാനിലേക്ക് കയറ്റിയിരുത്തുന്നത് പോലെ തംലിമയുടെ കയ്യിൽ പിടിച്ചു വലിച്ച് അവരുടെ ബെഞ്ചിൽ കഹാനിയുടെയും നിധിയുടെയും നടുവിലേക്ക് ഇരുത്തി. ബാഗ് വാങ്ങി അവരുടെയൊപ്പം വച്ചു.
തംലിമ ആശ്വാസത്തോടെ ചിരിച്ചു. പക്ഷേ, ഒരാളുടെ മുഖം വാടിയത് അപ്പൊഴൊന്നും നിധി കണ്ടില്ല.
5. ആ മരത്തിന് എത്ര ചില്ലയുണ്ട്?
അന്ന് അമ്മയാണ് കഹാനിയെ സ്കൂളിൽ നിന്ന് വിളിക്കാൻ വന്നത്. തീരെ കുഞ്ഞായിരുന്നപ്പോ അമ്മ വരണേ, ഉറപ്പായും വരണേയെന്ന് സത്യം ചെയ്യിക്കുമായിരുന്നു അവൾ. ഇനി വരുന്നത് അച്ഛനാണെങ്കിലോ? ‘‘നോക്കി നോക്കിയിരുന്നിട്ട് എനിക്ക് അമ്മസങ്കടം വന്നു അമ്മേ..’’ എന്ന് മുഖം വീർപ്പിക്കും. അമ്മയെ കാണാതിരിക്കുമ്പോൾ വരുന്ന വിഷമത്തിന് കഹാനി കണ്ടെത്തിയ വാക്കാണത് – അമ്മ സങ്കടം!
പോപ്പിയെ കളഞ്ഞുപോയതാലോചിച്ച് മുഖം വീർപ്പിച്ച് സ്കൂളിൽ പോയ കഹാനിക്കുട്ടിക്ക് ഒരു സർപ്രൈസ് നൽകാമെന്ന് കരുതിയാണ് അമ്മ ജോലിസ്ഥലത്തു നിന്ന് നേരത്തേയിറങ്ങി സ്കൂളിലേക്ക് പോയത്. വീടിന് കുറച്ചകലെ ഒരു സൂപ്പർമാർക്കറ്റിലാണ് അമ്മയ്ക്ക് ജോലി. കടലമിഠായിയോ ലോലിപോപ്പോ എന്തെങ്കിലുമുണ്ടാകും അമ്മയുടെ ബാഗിനുള്ളിൽ. ഗേറ്റിനരികെ അമ്മയെ കാണുമ്പോഴേ ബാഗിനുള്ളിലെന്താ എന്ന് നോക്കാൻ ഓടിപ്പാഞ്ഞു വരാറുണ്ട് കഹാനി.

അന്നും സ്കൂൾ വിടാനുള്ള മണി മുഴങ്ങുമ്പോൾ ടാപ്പ് തുറന്നുവിട്ടതു പോലെ ഒറ്റയോട്ടമായിരുന്നു കുട്ടികൾ. ആ കൂട്ടത്തിലൊന്നും കഹാനിയെ കാണുന്നില്ലല്ലോ എന്നോർത്ത് അമ്മ നിൽക്കുമ്പോഴതാ ദൂരെ നിന്ന് ആരെയും നോക്കാതെ നടന്നു വരുന്നുണ്ട്, ഒരു പിണക്കക്കുട്ടി.
വീടെത്തും വരെയും അമ്മ എന്തൊക്കെ കഥ പറഞ്ഞു നോക്കി, എന്തൊക്കെ കാഴ്ചകൾ കാട്ടിക്കൊടുത്തു നോക്കി. കുട്ടിയൊന്ന് ചിരിക്കണ്ടേ. എന്തൊക്കെ പറഞ്ഞിട്ടും കുട്ടിക്കൊരു സന്തോഷവുമില്ല. ഇനിയെന്താ വഴി?
‘‘മഴ പെയ്തത് കാരണം കുറേ ദിവസമായില്ലേ നമ്മൾ സൈക്കിൾ എടുത്തിട്ട്? നമുക്കൊന്ന് നടന്ന് വർത്തമാനമൊക്കെ പറഞ്ഞ് സൈക്കിൾ ചവിട്ടി വന്നാലോ?’’
അമ്മ പറഞ്ഞു തീരും മുന്നേ സൈക്കിൾ എടുക്കാൻ കഹാനി ഓടി. താറാവുകൾ കൂട്ടത്തോടെ നീന്തുന്ന പാടത്തിനരികെയുള്ള ചെറിയ റോഡിലൂടെ സൈക്കിൾ ചവിട്ടി അമ്മയോട് കഥ പറഞ്ഞു പോകാൻ വല്യ ഇഷ്ടമാണവൾക്ക്. മിക്കവാറും ദിവസം അച്ഛനോ അമ്മയോ അവൾക്കൊപ്പം സൈക്കിൾ സവാരിക്കിറങ്ങാറുണ്ട്.
ആ പോക്കിൽ എന്തൊക്കെ കാഴ്ച കാണാമെന്നോ!
ആകാശത്ത് കൂട്ടമായി കുറേ കുഞ്ഞി കുഞ്ഞി പക്ഷികൾ പറന്നുപോകുന്നതു കാണാം. ആദ്യം ഒരു നേർരേഖ പോലെ, പിന്നെ വളഞ്ഞു പുളഞ്ഞ്. എന്നാലും അതിലൊരാളും കൂട്ടം തെറ്റി പറക്കുകയേയില്ല. ഒറ്റ മരത്തിലാവുമോ ഇവരുടെയെല്ലാം വീട്? അങ്ങനെയാണെങ്കിൽ ആ മരത്തിന് എത്ര ചില്ല കാണുമെന്ന് അതിശയപ്പെടാറുണ്ട് കഹാനി.
നീണ്ടു കൂർത്ത ചുണ്ടുമായി ഒരു കൊറ്റിയമ്മാവൻ മീൻ അനങ്ങുന്നതും നോക്കി നോക്കി വെള്ളത്തിനു മുകളിലെ പോളച്ചെടികളിലൊന്നിൽ സർക്കസ്കാരനെപ്പോലെ ബാലൻസ് ചെയ്ത് ഇരിപ്പുണ്ടാകും. ഒന്നനങ്ങിയാൽ, ‘ഗ്ലും’ എന്നൊരു ചാടിപ്പിടിത്തമുണ്ട്. മീനിന്റെ കഥ കഴിയും. പേരറിയാ പക്ഷികളുമുണ്ട് ധാരാളം. വളഞ്ഞ ചുണ്ടുള്ളത്, തവിട്ട് തൂവലുള്ളത്, കഴുത്തിൽ മാത്രം മഞ്ഞ നിറമുള്ളത്... ദൂരെയെങ്ങോ നിന്നു വരുന്ന ദേശാടനപ്പക്ഷികളാണ് അതൊക്കെ. മഞ്ഞും മഴയും വെയിലുമൊക്കെ മാറി മാറി വരുമ്പോ നല്ല കാലാവസ്ഥ തേടി ഒരു നാട്ടിൽ നിന്നു വേറെ നാട്ടിലേക്ക് ചില പക്ഷികൾ പറന്നു പോകുമെന്നാ ടീച്ചർ പറഞ്ഞു കൊടുത്തത്. അതുകൊണ്ടാണത്രേ അവരെ ദേശാടനപ്പക്ഷിയെന്നു വിളിക്കുന്നത്.
‘‘അമ്മേ, പക്ഷികൾ മാത്രമാണോ ഇങ്ങനെ ഒരു നാട്ടിൽ നിന്നു വേറേ നാട്ടിലേക്ക് പോകുക? ‘ദേശാടനമൃഗങ്ങൾ’ ഉണ്ടോ നമ്മുടെ നാട്ടിൽ?’’
‘‘മൃഗങ്ങളും പോകാറുണ്ട് കഹാനി. നമ്മുടെ നാട്ടിലേക്ക് കൂടുതലും വരുന്നത് പക്ഷികളാണെന്നേ ഉള്ളൂ..’’
‘‘നമ്മളിന്നാളൊരു ദിവസം പാർക്കിൽ പോയപ്പോ ഒട്ടകത്തെ കണ്ടില്ലേ അമ്മേ.. അത് ദേശാടന മൃഗം ആണോ?’’
‘‘ഒട്ടകം സാധാരണ മരുഭൂമികളിലല്ലേ ഉണ്ടാവുക. അവിടെ നിന്ന് നമ്മുടെ നാട്ടിൽ വരാൻ ഒട്ടകത്തിന് ഇഷ്ടം ഉണ്ടാകുമോ?’’
പാർക്കിലെ മാവിൻ ചോട്ടിൽ നിന്നിരുന്ന ഒട്ടകത്തിന്റെ മുഖം ഓർത്തുനോക്കി കഹാനി. ഒട്ടകത്തിന്റെ പുറത്തുകയറി പാർക്ക് ചുറ്റി വരാൻ കുറേയാളുകൾ കാത്തുനിൽപ്പുണ്ടായിരുന്നു. ഒട്ടകത്തിന്റെ നീണ്ടു തൂങ്ങി കിടക്കുന്ന താടിയും കുന്നു പോലുള്ള മുതുകും കണ്ടിട്ട് ‘ഹ’ എഴുതുന്നതു പോലെ തോന്നി കഹാനിക്ക്. ഒട്ടകമാണെങ്കിലോ പാർക്ക് ചുറ്റി നടന്നു നടന്ന് മടുത്ത് ‘ങീ ങീ’ എന്ന് നിൽപ്പായിരുന്നു. മോൾക്ക് ഒട്ടകത്തിന്റെ പുറത്ത് കയറണോയെന്ന് ഒട്ടകത്തെ നടത്തുന്ന ചേട്ടൻ ചോദിച്ചിരുന്നു കഹാനിയോട്. വേണ്ട വേണ്ടായെന്ന് പറഞ്ഞ് കഹാനിയിങ്ങു പോന്നു.
‘‘മരുഭൂമിയിൽ നിന്ന് ഈ നാട്ടിൽ വന്നത് ഒട്ടകത്തിനിഷ്ടമായിക്കാണില്ലേ അമ്മേ?’’
‘‘മരുഭൂമിയിൽ ജീവിച്ചല്ലേ ഒട്ടകത്തിനു പരിചയം. ആ ചൂട് താങ്ങാവുന്നതു പോലെയാ ഒട്ടകത്തിന്റെ കാലുകളും രോമങ്ങളും ഒക്കെ ഡിസൈൻ ചെയ്തിരിക്കുന്നത്. ഈ കാലാവസ്ഥ അതിന് തീരെ ഇഷ്ടമുണ്ടാവില്ല. നിർബന്ധിച്ച് പിടിച്ചു കൊണ്ടുവന്നാ എന്താ ചെയ്യുക..’’
ഇനി കാണുമ്പോ ഒട്ടകത്തിന്റെ പുറത്ത് ആളുകളെ കയറ്റാൻ നിൽക്കുന്ന ചേട്ടനോട് ഇക്കാര്യം പറയണമെന്ന് കഹാനിയുറപ്പിച്ചു.
കാഴ്ച കണ്ടുകണ്ട് മെല്ലെ മെല്ലെയാണ് അവൾ സൈക്കിളോടിക്കുക. റോഡ് കുറേ പോയിക്കഴിഞ്ഞാൽ ചെറിയൊരു പാലമുണ്ട്. അവിടെ നിന്ന് നോക്കിയാൽ കായലിനരികെ ഒരു റിസോർട്ട് കാണാം. അവിടുത്തെ അടുക്കളയിലാണ് അച്ഛന് ജോലി. അച്ഛനിപ്പോ സഞ്ചാരികൾക്ക് ഭക്ഷണമുണ്ടാക്കുകയാവും. ഇന്നെന്താവും സ്പെഷൽ? താറാവോ കരിമീനോ അതോ ഞണ്ടോ? എന്തായാലും അച്ഛനുണ്ടാക്കിയാൽ നല്ല സ്വാദായിരിക്കും.
പാലമെത്തിയാൽ, ദൂരെ റിസോർട്ടിലേക്ക് നോക്കി ‘ണിം ണിം ണിം’ എന്ന് കുറേ മണിമുഴക്കി തിരികെ സൈക്കിൾ ചവിട്ടുകയാണ് പതിവ്. സൈക്കിൾ സവാരിക്കിറങ്ങുമ്പോ ചിലപ്പോഴൊക്കെ പോപ്പിയേയും ഒപ്പം കൂട്ടാറുണ്ടായിരുന്നു കഹാനി. സൈക്കിളിനു മുന്നിൽ അച്ഛൻ പിടിപ്പിച്ചു കൊടുത്ത കുഞ്ഞിക്കൂടയിൽ ആകാശം കണ്ട് കാലും നീട്ടിയിരിക്കും പോപ്പി. രാത്രിയാവുമ്പോ, ‘‘നമ്മളിന്നു കണ്ട ആ പൂവില്ലേ, കിളിയില്ലേ... ’’ എന്ന് മിണ്ടി മിണ്ടിയിരിക്കും രണ്ടുപേരും. സൈക്കിളിനു മുന്നിലെ ഒഴിഞ്ഞ കൂട കണ്ടപ്പോ ആരോടു പറയുമിനി പേരില്ലാക്കഥയെല്ലാം എന്നോർത്തു കഹാനി.
രാത്രി മോളുറങ്ങിയോ എന്ന് നോക്കാൻ അമ്മ മുറിയിലേക്ക് ചെന്നപ്പോ ജനലിലൂടെ ആകാശം നോക്കിയിരുന്ന് എന്തോ ആലോചനയിലായിരുന്നു കഹാനി. മുഖത്തെ സങ്കടമൊക്കെ മാഞ്ഞിട്ടുണ്ടോ എന്ന് ചാഞ്ഞും ചരിഞ്ഞും നോക്കി അമ്മ. ഇല്ല ഇല്ല, ഒരിത്തിരി സങ്കടത്തരി എവിടെയൊക്കെയോ ഉണ്ട്.
നെറ്റിയിലൊരുമ്മ കൊടുത്ത് വർത്തമാനം പറയാൻ കൂടെക്കിടന്നു അമ്മ.
‘‘സങ്കടപ്പെടണ്ടാട്ടോ... പോപ്പി എവിടെയെങ്കിലും ഉണ്ടാവും. ഒരു ദിവസം നമുക്ക് പോപ്പിയെ തിരിച്ചു കിട്ടിയാലോ. നമുക്കൊരു പരിഹാരം ഉണ്ടാക്കാം. വിഷമിക്കല്ലേ..’’
‘‘അമ്മേ.. എനിക്ക് വേറൊരു സങ്കടോം കൂടി ഉണ്ടമ്മേ..’’
‘‘അതെന്താ... അമ്മയോട് പറയ്’’.
ക്ലാസിൽ തംലിമ എന്നൊരു പുതിയ കുട്ടി വന്നതും കുട്ടികൾ അവളെ കൗതുകത്തോടെ നോക്കിയതും നിധിയുടെയും തന്റെയും ഇടയിലേക്ക് ഇരുത്തിയതുമെല്ലാം കഹാനി പറഞ്ഞു.
‘‘പാവം കുട്ടി അല്ലേ... എന്തൊക്കെ വിഷമം സഹിക്കുന്നുണ്ടാവും അത്.’’
‘‘ഉം. പക്ഷേ, അമ്മേ..’’
‘‘എന്താടാ..?’’
‘‘നിധിയുടെ അടുത്ത് എനിക്ക് ഇരിക്കണം അമ്മേ. അതെനിക്ക് ഇഷ്ടായില്ല. എന്റെ ബെസ്റ്റ് ഫ്രണ്ടല്ലേ നിധി.’’
അപ്പോ ഇതായിരുന്നു സ്കൂളിൽ നിന്ന് മുഖം വീർപ്പിച്ചു വരാൻ കാരണം!
പക്ഷേ, അത്ര ചെറിയ വിഷമമൊന്നുമായിരുന്നില്ല അത്. കാരണമെന്നാണെന്നോ?
അങ്കണവാടിക്കാലം മുതൽ കഹാനിയുടെ അടുത്ത കൂട്ടുകാരിയാണ് നിധി. കൂട്ടുകാരിയെന്നു വച്ചാൽ കഹാനിയെ കൈ പിടിച്ചു നടത്തുന്ന കൂട്ടുകാരി. അമ്മ അങ്കണവാടിയിലാക്കി മടങ്ങാനൊരുങ്ങുമ്പോ ചുറ്റുപാടുമുള്ള വീടുകളിലെല്ലാം കേൾക്കുന്ന പോലെ അലറിക്കറിയുമായിരുന്നു കഹാനി. അത് മാറിയത്, നമുക്ക് ഫ്രണ്ട്സ് ആയാലോ എന്ന ചോദ്യവുമായി നിധി എത്തിയതിൽ പിന്നെയാണ്.
നിധി ആരോടും ചാടിക്കയറി മിണ്ടും. പെട്ടെന്ന് കൂട്ടാവും. ആരാ പാട്ടു പാടുക എന്ന് ടീച്ചർ ചോദിക്കേണ്ട താമസം കൈ ഉയർത്തും. പരീക്ഷയിട്ടാലോ, ശടപടേന്ന് എല്ലാം എഴുതിക്കഴിയും. കഹാനിക്ക് പക്ഷേ, എല്ലാവരോടും അത്രയെളുപ്പം കൂട്ടാവാൻ ഇത്തിരി പേടിയാണ്. മിണ്ടൂ, പാടൂ, ചിത്രം വരയ്ക്കൂ, പേടിക്കാതിരിക്കൂ എന്നൊക്കെ ഒപ്പം നിന്ന് നിധി പറഞ്ഞാലേ അവൾക്കൊരു സമാധാനമാവൂ. അത് മാത്രമല്ല, എഴുതാനിരിക്കുമ്പോ നൃത്തം ചെയ്യുന്നതു പോലെ ചാഞ്ഞും ചരിഞ്ഞും തിരിഞ്ഞും മറിഞ്ഞും കിടക്കും കഹാനിയുടെ അക്ഷരങ്ങളൊക്കെ. പക്ഷേ, നിധിക്ക് മാത്രം അതെല്ലാം തെറ്റാതെ വായിക്കാനാവും. ആ നിധിയുടെ കൂട്ട് മുറിഞ്ഞുപോയാലോ എന്നോർത്താണ് കഹാനി വിഷമിക്കുന്നത്.
‘‘കുട്ടാ.. ആരെയും അറിയാത്ത പുതിയൊരു നാട്ടിലേക്ക് തംലിമ വന്നത് എന്തു പേടിച്ചായിരിക്കുമല്ലേ? മോൾ ആദ്യമായി സ്കൂളിൽ പോയതോർമ്മയുണ്ടോ. അന്ന് തിരികെ വന്ന് എന്തൊരു കരച്ചിലായിരുന്നു! ആ കുട്ടിക്ക് അങ്ങനെ സങ്കടം പറയാനെങ്കിലും ഒരാളുണ്ടോ.. ഒന്നോർത്തു നോക്കിയേ..’’
കഹാനി ഒന്നും മിണ്ടാതെ അമ്മയുടെ അടുത്തേക്ക് പറ്റി കിടന്നു.
‘‘ആ കുട്ടിക്ക് ഇനി നമ്മളല്ലേ കൂട്ടാവേണ്ടത്. അവളെ കൂടെ ഇരുത്താൻ തയാറായത് നല്ല കാര്യമല്ലേ. അതുകൊണ്ട് നിധി മോളോട് കൂട്ടു വെട്ടുകയൊന്നുമില്ല, നിങ്ങളുടെ കൂട്ട് വലുതാവുകയേ ഉള്ളൂ. കേട്ടോ..’’
വിശ്വാസം വരാത്തതുപോലെ നിധി അമ്മയെ നോക്കി. കൂട്ട് എങ്ങനെയാ വലുതാകുക എന്നൊന്നും അവൾക്ക് മനസ്സിലായില്ല. എങ്കിലും അമ്മ പറഞ്ഞ പോലെ തംലിമയോട് ഒന്നു മിണ്ടി നോക്കാം അല്ലേ? നിധി എന്റെ ബെസ്റ്റ് ഫ്രണ്ട് ആണെന്ന് അവളോട് ഏതു ഭാഷയിൽ പറയും എന്നാലോചിച്ചാണ് കഹാനി ഉറങ്ങാൻ തുടങ്ങിയത്.
(അവസാനിക്കുന്നില്ല).
