സ്റ്റെപ്പിയും മലകളും
‘അത്രമ’ സിദ്ധാന്തം
പഠിപ്പിച്ച സൂത്രനും

‘‘ബാല്യം വറ്റിത്തീരാത്തിടത്തുനിന്നേ കഥകൾ പിറക്കൂ, ബാലകരായിരുന്നാലേ സങ്കല്പങ്ങൾ വഴങ്ങൂ. അതുകൊണ്ടീ ലോകത്ത് ഒരൊറ്റ സാഹിത്യമേയുള്ളൂ. അതിന്റെ പേരാണ് ബാലസാഹിത്യം’’- വി. പ്രവീണ എഴുതുന്നു.

ർമ്മകളെ തുരന്നുതുരന്നുചെന്നാൽ കുടപോലെ നിവർന്നൊരു കൂണ് കാണാം. അതിനുകീഴെ നിമിഷക്കണക്കൊത്ത് എണ്ണമേറുന്ന കുഞ്ഞൻ ജീവികൾ. എലിയും മുയലും പൂമ്പാറ്റയും പുൽച്ചാടിയും പിന്നെയും അങ്ങനെയെത്രയോപേർ. സുത്യേവിന്റെ കുട്ടിക്കഥകളും ചിത്രങ്ങളും മനസ്സിൽ പതിഞ്ഞത് ആ ഒരൊറ്റ ചിത്രത്തിലൂടെയാണ്. താള് മറിച്ചപ്പോൾ കുറേ പൂച്ചക്കുഞ്ഞുങ്ങളെ കണ്ടു. പുകക്കുഴലിൽ ചാടി കറുത്തുപോകുന്ന. വെള്ളത്തിൽ ചാടി നിറം വീണ്ടെടുക്കുന്ന പൂച്ചക്കുഞ്ഞുങ്ങൾ.

കൂണിനുകീഴെനിന്നുള്ള യാത്ര പുരാണങ്ങളിലേക്കായിരുന്നു. ചിത്രങ്ങളിൽ നിന്ന് അക്ഷരങ്ങളിലേക്കുള്ള സാഹസികയാത്ര. സംഭവബഹുലമായിരുന്നു അവിടെ പരിചയിച്ച ലോകം. സത്യം, ന്യായം എന്നിവയ്‌ക്കൊത്ത് പാപവും ചതിയും ഇഴചേർന്ന സങ്കീർണലോകം. ചേർക്കിൽ ഗോവിന്ദൻകുട്ടിനായർ കുട്ടികൾക്കായൊരുക്കിയ രാമായണ- ഭാഗവത കഥകൾ. പുരാണ നിഘണ്ടുവായി മേശമേൽ ഇരിപ്പുറപ്പിച്ച വെട്ടംമാണിയുടെ പുരാണിക് എൻസൈക്ലോപീഡിയ. പത്രാസൊന്നുമില്ലാത്ത ഇളംമഞ്ഞ കടലാസുകളിൽ പലവിധ പാനലുകളിൽ ചിത്രങ്ങളടുക്കിയ അമർചിത്രകഥകൾ. പുരാണങ്ങളിൾ അതിശയിപ്പിച്ചത് മരണങ്ങളാണ്.

വെട്ടംമാണിയുടെ പുരാണിക് എൻസൈക്ലോപീഡിയ
വെട്ടംമാണിയുടെ പുരാണിക് എൻസൈക്ലോപീഡിയ

മൂക്കും മുലയും ഛേദിക്കപ്പെട്ട ശൂർപ്പണഖ, ഇന്ദ്രബാണമേറ്റ ഘടോൽക്കചൻ, ചക്രവ്യൂഹത്തിൽപ്പെട്ട അഭിമന്യു, വജ്രായുധമേറ്റ വൃതാസുരൻ, മുലയൂട്ടിമരിച്ച പൂതന, തീയിലെരിഞ്ഞ അംബ, അരക്കില്ലത്തിൽ ചുട്ടുകൊല്ലപ്പെട്ട കാട്ടാളസ്ത്രീയും മക്കളും, ഒളിയമ്പേറ്റ ബാലി, ചിറകറ്റ ജടായു, ഗ്രഹണപ്പിഴയിൽ മരിച്ച ജയദ്രഥൻ, മകന്റെ മഴുവേറ്റ രേണുക, തപസ്സുചെയ്ത കുറ്റത്തിന് കൊല്ലപ്പെട്ട ശംബൂകൻ... എത്രയെത്ര മരണങ്ങൾ.

അഹല്യ ശിലയായി മാറിയപ്പോഴും പ്രളയശേഷം ദ്വാരകയിൽ നിന്ന് സ്ത്രീകൾ അപഹരിക്കപ്പെട്ടപ്പോഴും ഒരേമട്ടിൽ ഞെട്ടിയതോർക്കുന്നു. ഇരുകാലങ്ങളിലെ മഹാബലിയുടെയും സീതയുടെയും പാതാളയാത്രയിൽ ഒരു സഖ്യത്തിനുള്ള സാധ്യത ചികഞ്ഞതും ഓർക്കുന്നു. ലങ്കയിൽ ഹനുമാനെത്തുമ്പോൾ അവിടെക്കണ്ടൊരു രാക്ഷസിയുണ്ട്. ഛായ എന്നുപേര്. നിഴലിനെ ഒളിപ്പിക്കുന്ന ഒടിവിദ്യ വശമുള്ള മാന്ത്രിക. അളവറ്റ വിധത്തിൽ അമ്പരപ്പിച്ച ആദ്യകാല മാന്ത്രികയാഥാർഥ്യം ഒരുപക്ഷേ, അതാവാനാണിട.

പുരാണത്തിന്റെ സാങ്കല്പിക പ്രപഞ്ചത്തിൽ നിന്ന് ഭൂമിയിലേക്ക് പിന്നെ പെറ്റിട്ടത് മോസ്‌കോ എന്ന അദ്ഭുത സാമ്രാജ്യമായിരുന്നു. ഒ. പിറോവ്‌സ്‌കയും നിക്കൊലായ് ദുബോവും അർക്കാദി ഗൈദാറും അദ്ഭുത വൈമാനികരുടെ പേരുപോലെ കട്ടിപ്പുറഞ്ചട്ടകളിൽ ഉരുളൻ അക്ഷരങ്ങളിൽ പതിഞ്ഞ കാലം.

ചിംഗീസ് ഐത്മത്തോവിന്റെ ‘ആദ്യത്തെ അധ്യാപകൻ’ വായിച്ച ശേഷം മലയടിവാരത്തിലെ പീഠഭൂമിയിലുള്ള കുർക്കുറേവു ഗ്രാമത്തിലേക്ക് പോകാനും കാർമേഘങ്ങൾ പാഞ്ഞെത്തുമ്പോൾ ദീപസ്തംഭങ്ങൾ പോലുള്ള വൻപോപ്ലാർ മരങ്ങൾ ആളിക്കത്തുന്ന തീപോലെ ഇരമ്പിക്കൊണ്ട് ഇളകിയാടുന്നത് ദൂരെ മാറിനിന്ന് കാണാനും കൊതിച്ചകാലം. ആ മരങ്ങളുടെ മുകളറ്റത്തുനിന്ന് നോക്കിയാൽ ഇന്ദ്രജാലത്താലെന്നപോലെ വിശാലമായൊരു സുന്ദരപ്രപഞ്ചം കൺമുന്നിൽ പ്രത്യക്ഷപ്പെടുമെന്നൊരു ചിന്ത എങ്ങനെയോ വന്നൊപ്പംചേർന്നിരുന്നു. മലകളും സ്റ്റെപ്പികളും മൊരിഞ്ഞ റൊട്ടിയിൽ തൂകിയ വെണ്ണയും സമോവറിൽ നിന്നുയരുന്ന ആവിപ്പുകയും ചുക്കും ഗെക്കും അമ്മയ്‌ക്കൊപ്പം യാത്രചെയ്ത ആ തീവണ്ടിയും... സ്വപ്‌നങ്ങളേക്കാളെത്രയോ സുന്ദരമായ കഥാപ്രപഞ്ചം.

എം.ടിയുടെ കർക്കടകം കുട്ടികൾക്കു വേണ്ടിക്കൂടിയുള്ള കഥയാണ്. അങ്ങനെയുള്ള കഥകൾ കുറെയേറെയുണ്ട്. എന്തിന്, ഖസാക്കിന്റെ ഇതിഹാസം പോലും അക്കൂട്ടത്തിലുണ്ട്. അപ്പുക്കിളിയുള്ള രംഗങ്ങളിൽ ഖസാക്ക് കുട്ടികളുടേതാകുന്നു.

കുപ്പിയേന്തിപ്പറക്കുന്ന മായാവിയും മാന്ത്രികവടി ചുഴറ്റുന്ന മുയലും കുട്ടിക്കാല സംഭാഷണങ്ങളിലെ സൂപ്പർതാരങ്ങളായിരുന്നു. ശുപ്പാണ്ടിയും മണ്ടൂസും ഉണ്ണിക്കുട്ടനും ചിരിപ്പിച്ച ചിരികൾ. ബോബനും മോളിയും അവരുടെ നായ്ക്കുട്ടിയും അവശകാമുകനായ അപ്പി ഹിപ്പിയും അയാളുടെ അസംഖ്യം കാമുകിമാരും... അവരെ എങ്ങനെ മറക്കാൻ.

മോളിക്കും ബോബനും ഒഴിഞ്ഞുപോകാത്തൊരു ദൗർഭാഗ്യമുണ്ട്. വിശപ്പും കൊതിയും അവരുടെ ജീവിതത്തിലും വില്ലനാണ്. കേസില്ലാ വക്കീലായ അപ്പന് പരിഹരിക്കാനാവാത്ത പ്രതിസന്ധികൾ. വല്ലവിധേനയും കൈയിൽ നാലുകാശ് തടയുമ്പോഴൊക്കെയും കൊതിതീരെ തിന്നാൻ അവരുടെ അടുക്കളയിൽ അമ്മച്ചി എന്തെങ്കിലും ഉണ്ടാക്കാറുണ്ട്. വെന്തമണം പുറത്തെത്തുംമുമ്പ് വയ്യാവേലി അവരുടെ പടികടന്നെത്തിയിട്ടുണ്ടാകും. ഏതെങ്കിലും വഴി വയറിന് ആഴമവസാനിക്കാത്ത ആരെങ്കിലും കയറിവരും. ഉണ്ടാക്കിവച്ചതിന്റെയൊക്കെയും രുചിയറിയുന്നത് അവരാണ്. മോളിയും ബോബനും വിശപ്പിനെകവച്ചുവെക്കുന്ന വറ്റാത്ത കൊതിയുമായി ഒഴിഞ്ഞ പാത്രത്തിലേക്ക് നോട്ടമെയ്ത് നിസ്സഹായരാവും. ആ പരിതാപാവസ്ഥയിലും അവർ ചിരിപ്പിച്ചതേയുളളൂ. അതെന്തുകൊണ്ടാവാം.

മോളിക്കും ബോബനും ഒഴിഞ്ഞുപോകാത്തൊരു ദൗർഭാഗ്യമുണ്ട്. വിശപ്പും കൊതിയും അവരുടെ ജീവിതത്തിലും വില്ലനാണ്. കേസില്ലാ വക്കീലായ അപ്പന് പരിഹരിക്കാനാവാത്ത പ്രതിസന്ധികൾ.
മോളിക്കും ബോബനും ഒഴിഞ്ഞുപോകാത്തൊരു ദൗർഭാഗ്യമുണ്ട്. വിശപ്പും കൊതിയും അവരുടെ ജീവിതത്തിലും വില്ലനാണ്. കേസില്ലാ വക്കീലായ അപ്പന് പരിഹരിക്കാനാവാത്ത പ്രതിസന്ധികൾ.

പിന്നെയെപ്പോഴോ എം.ടിയുടെ കർക്കടകം എന്ന കഥ വായിച്ചതോർക്കുന്നു. മഴക്കാലം വന്നാൽ വിശപ്പു മാത്രമേയുള്ളൂ, ദാഹമില്ലെന്ന് എം.ടി എഴുതിയ കർക്കടകം. വിശപ്പുതന്നെയാണ് വിഷയം. വിശപ്പ് ഒരു തീപ്പന്തമായി, ചൂടുള്ള ആവിയായി, നനുത്ത വേദനയായി ചുറ്റിനടക്കുന്ന ഒരു വീടുണ്ട്. അവിടെ ഒരു കുട്ടിയും. അടുക്കളത്തളത്തളത്തിൽ വലിയ നാക്കിലയുടെ പിന്നിൽ പുൽപ്പായത്തടുക്കിൽ ശങ്കുണ്യേട്ടൻ വിസ്തരിച്ചുണ്ണുന്നതു നോക്കിനിന്ന നിസ്സഹായനായ കുട്ടി. അവന്റെ വിശപ്പും പരിഹരിക്കപ്പെടുന്നില്ല. ഇവിടെ വിശപ്പ് വേദനിപ്പിക്കുന്നു. പക്ഷേ, മോളിയും ബോബനും എന്തുകൊണ്ടാവാം ചിരിപ്പിച്ചത്.

കർക്കടകം കുട്ടികൾക്കു വേണ്ടിക്കൂടിയുള്ള കഥയാണ്. അങ്ങനെയുള്ള കഥകൾ കുറെയേറെയുണ്ട്. എന്തിന്, ഖസാക്കിന്റെ ഇതിഹാസം പോലും അക്കൂട്ടത്തിലുണ്ട്. അപ്പുക്കിളി ഉള്ള രംഗങ്ങളിൽ ഖസാക്ക് കുട്ടികളുടേതാകുന്നു. അഞ്ചമ്മമാരുടെയും നാലപ്പന്മാരുടെയും മകനായ അപ്പുക്കിളി. മുതിർന്നവർക്കുള്ള കഥകൾ കുട്ടികൾക്കുകൂടി ഉള്ളതായി മാറുകയാണോ. അതോ കുട്ടിത്തം വിടാത്ത സങ്കല്പങ്ങളാണോ കഥയായി മാറുന്നത്. മഴപെയ്തുപെയ്ത് ആകാശത്തിനും കടലിനും ഇടയിലെ അതിര് മാഞ്ഞുപോയതിന്റെ മൂന്നാം നാൾ പെലായോയുടെ വീട്ടുമുറ്റത്ത് വന്നുവീണ വലിയ ചിറകുള്ള മനുഷ്യനെപ്പറ്റി ഗബ്രിയേൽ ഗാർസിയ മാർക്കേസ് ഒരു കഥ എഴുതിയിട്ടുണ്ട്. മഴ കുഴച്ചിട്ട ചെളിയിൽ ചിറകുകളുടെ ഭാരം കാരണം ഇടറി നിന്ന വൃദ്ധൻ രംഗത്തെത്തിയതോടെ എ വെരി ഓൾഡ് മാൻ വിത്ത് എനോർമസ് വിങ്‌സ് കുട്ടികളുടെ കഥകൂടിയായി മാറി. കടലോരത്തെ ആ ഗ്രാമത്തിന് കാണാൻപാകത്തിന് വിളക്കുകളെല്ലാം തെളിച്ച് വല്ലപ്പോഴുമൊരിക്കൽ കടന്നുപോകുന്ന പ്രേതക്കപ്പലിന്റെ കഥയും കുട്ടികൾക്കുകൂടിയുള്ളതല്ലേ. അങ്ങനെയെങ്കിൽ ഏതു സാഹിത്യമാണ് ബാലസാഹിത്യം അല്ലാത്തതായുള്ളത്.

ബാല്യം നഷ്ടപ്പെട്ടോ എന്നറിയില്ല. ഇല്ല എന്നാണ് വിശ്വാസം. തോന്നലാണെന്ന് ആരെങ്കിലും പറഞ്ഞാൽ ഇന്നോളമുള്ളൊരു കൂട്ട് ചൂണ്ടിക്കാണിച്ച് വാദം ശരിയല്ലെന്ന് തെളിയിക്കാനായേക്കും. സൂത്രനും ഷേരുവും. മിനിമലിസത്തിന് ഏറ്റവും ലളിതമായൊരു വ്യാഖ്യാനം പറഞ്ഞുതന്നത് അവരാണ്. ‘അത്രമ’ സിദ്ധാന്തം എന്നാണാ തിയറിയുടെ പേര്. 'അത്രമതി'യിൽ നിന്ന് അവസാനത്തെ അക്ഷരമായ 'ത'യും ഒപ്പംചേർത്ത വള്ളിക്കെട്ടും ഒഴിവാക്കുന്നിടത്താണ് സൂത്രന്റെ ‘അത്രമ’ സിദ്ധാന്തത്തിന്റെ ഉത്ഭവം. സൂത്രനും ഷേരുവിനും ചുറ്റുമൊരു ലോകമുണ്ട്. കാട്ടുമുത്തപ്പനും മൂങ്ങാവൈദ്യരും കരിനാക്കൻ വവ്വാലും വേറിട്ട പോത്തും ഒക്കെയുള്ള ലോകം.

 സൂത്രനും ഷേരുവും. മിനിമലിസത്തിന് ഏറ്റവും ലളിതമായൊരു വ്യാഖ്യാനം പറഞ്ഞുതന്നത് അവരാണ്. ‘അത്രമ’ സിദ്ധാന്തം എന്നാണാ തിയറിയുടെ പേര്.
സൂത്രനും ഷേരുവും. മിനിമലിസത്തിന് ഏറ്റവും ലളിതമായൊരു വ്യാഖ്യാനം പറഞ്ഞുതന്നത് അവരാണ്. ‘അത്രമ’ സിദ്ധാന്തം എന്നാണാ തിയറിയുടെ പേര്.

അവിടെ തികച്ചും വ്യത്യസ്‌നാണ് അജഗജൻ. ആത്മീയത പ്രസരിപ്പിക്കുന്ന ആട്. പ്രാസമാണ് അജഗജന്റെ ലേബൽ. പ്രാസമൊപ്പിച്ചേ പറയൂ. ദാഹം മൂലം കാഹളമൂതുന്ന ഈ ദേഹത്തിന് ദാഹജലം വഹിച്ചുതരാൻ മോഹമാർക്കുണ്ടെന്ന് ചോദിക്കുന്ന, വീർത്തവയറിൽ കൂർത്ത വെയിൽ ചാർത്തുന്നതുകൊണ്ട് വിയർത്തുവിയർത്ത് ആർത്തനായ എന്നെപ്പറ്റി ഓർത്തുനോക്കെന്നു പറയുന്ന, പട്ടിണികൂടി നെട്ടോട്ടമോടിയ ഈ മുട്ടനാടിന്റെ ഓട്ടപ്പാത്രം മട്ടിലുള്ള മൊട്ടത്തലയിൽ മുട്ടൻ ചില്ല തട്ടിയിട്ട ദുഷ്ടാ എന്നു രോഷം കൊള്ളുന്ന, അന്തിനേരത്ത് റോന്തുചുറ്റുന്ന എന്നെ പിന്തുടർന്ന് നൊന്തുവിളിച്ചത് എന്തുകാര്യത്തിനാണെന്ന ചിന്ത അന്തരംഗത്തിൽ പിന്തുടരുന്നെന്നു പരിതപിക്കുന്ന, മാർക്ക് കുറഞ്ഞതോർക്കുമ്പോൾ കണ്ണീർവാർക്കുകയല്ല, പോർക്കുതിരയെപ്പോലെ നേർക്കുനേർചെന്ന് തീർക്കുകയാണ് വേണ്ടതെന്ന് ആശ്വസിപ്പിക്കുന്ന, വാശിയോടെ വീശിവീശി മീശയെപ്പോലും പാശംപോലെ മോശമാക്കി നശിപ്പിക്കുന്ന ശിശിരക്കാറ്റേ എന്നു കവിയാകുന്ന, നെഞ്ചിൽ പുഞ്ചിരി ഗഞ്ചിറകൊട്ടുന്ന അജഗജൻ.

ബാല്യം വറ്റിത്തീരാത്തിടത്തുനിന്നേ കഥകൾ പിറക്കൂ, ബാലകരായിരുന്നാലേ സങ്കല്പങ്ങൾ വഴങ്ങൂ. അതുകൊണ്ടീ ലോകത്ത് ഒരൊറ്റ സാഹിത്യമേയുള്ളൂ. അതിന്റെ പേരാണ് ബാലസാഹിത്യം.


Summary: There is only one literature in this world, it's name is children's literature, V Praveena explains.


വി. പ്രവീണ

കഥാകാരി. പുല്ലിംഗം (കഥാസമാഹാരം), നിശാനർത്തകി (നോവൽ– വിവർത്തനം) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments