ഗൗരവമുള്ള പ്രമേയങ്ങൾ കുട്ടികൾക്ക് രുചിക്കത്തക്കവിധം എഴുതുക എന്നത് ശ്രമകരമാണ്. കുട്ടികളുടെ മാനസികവും ബൗദ്ധികവുമായ തലത്തിൽ നിന്ന്, അവർക്ക് വഴങ്ങുന്ന ഭാഷയിൽ കഥ പറഞ്ഞു കൊടുക്കാൻ തികഞ്ഞ ജാഗ്രതയും സമർപ്പണവും ആവശ്യമുണ്ട്. അത്തരമൊരു ശ്രമമാണ് എം. എസ്. ഷൈജു 'വിമൽ' എന്ന കുട്ടികളുടെ നോവലിലൂടെ നടത്തിയിരിക്കുന്നത്.
കുട്ടികൾക്ക് ഏറ്റവുമിഷ്ടം കളികളാണ്. അവർ ഏറ്റവും സന്തോഷിക്കുന്നതും മറ്റു കുട്ടികൾക്കൊപ്പം ചേർന്ന് കളിക്കുന്ന സന്ദർഭങ്ങളിലായിരിക്കും. അതുകൊണ്ട് ആദ്യന്തം കളിസന്ദർഭങ്ങളിലൂടെയാണ് ഈ നോവൽ വികസിക്കുന്നത്. എഴുപതുകളിലും എൺപതുകളിലും കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും സാധാരണമായിരുന്ന കുട്ടികളുടെ കൂട്ടുകെട്ടുകളും അതിലൂടെ രൂപപ്പെടുന്ന കുട്ടികളുടെതായ സാമൂഹ്യബോധവും ഈ നോവൽ അനാവരണം ചെയ്യുന്നുണ്ട്.
ബാല്യത്തിൽ കുട്ടികൾ ഒരുമിച്ചു കൂടുമ്പോൾ അവരിൽ സംഭവിക്കുന്ന സാമൂഹ്യമാറ്റങ്ങളെ കുറിച്ച് മനഃശാസ്ത്രം നമുക്ക് പറഞ്ഞുതരുന്നുണ്ട്. ശാരീരികവും മാനസികവുമായ വളർച്ച കൈവരിക്കാൻ സാധിക്കുന്നതോടൊപ്പം ഉന്നതമായ സാമൂഹ്യമൂല്യങ്ങളും സംഘബോധവും നേതൃസങ്കൽപ്പങ്ങളുമെല്ലാം കുട്ടികളിൽ നാമ്പിടുന്നത് കുട്ടികളുടെ ഒരുമിച്ചു ചേരലുകളിലൂടെയാണ്. മതം, ജാതി, സാമ്പത്തിക ശ്രേണി, ലിംഗം തുടങ്ങിയ അതിരുകളില്ലാതെ കളിയിടങ്ങളിൽ ഒന്നിച്ചു കൂടുന്ന കുട്ടികൾ തങ്ങളുടേതായ ഒരു 'പൊതുമണ്ഡലം' സൃഷ്ടിക്കുന്നു. പിന്നീടുള്ള അവരുടെ രാഷ്ട്രീയ ബോധങ്ങളെ പോലും നിർണയിക്കുന്നതിൽ ഈ കാലഘട്ടം പ്രധാന പങ്കുവഹിക്കുന്നുണ്ട്.
'വിമൽ' എന്ന നോവൽ വായിക്കുമ്പോൾ ആധുനികതയ്ക്ക് ശേഷം നമ്മുടെ കുട്ടികളിൽ വന്നിട്ടുള്ള മാറ്റങ്ങളെ കുറിച്ച് ചിന്തിച്ചുപോകും. കൂട്ടുകുടുംബങ്ങളിൽ നിന്ന് അണുകുടുംബങ്ങളിലേക്കുള്ള മാറ്റം, തൊഴിൽരംഗത്ത് വന്ന പരിണാമങ്ങൾ, മതവും ജാതിയും തിരിച്ചുള്ള വിദ്യാലയങ്ങളുടെ ആവിർഭാവം, ഒറ്റപ്പെടുത്തുകയും അന്തർമുഖരാക്കുകയും ചെയ്യുന്ന സാങ്കേതിക ഉപകരണങ്ങളുടെയും ഗെയിമുകളുടെയും പ്രചാരം തുടങ്ങിയ ഘടകങ്ങളെല്ലാം ചേർന്ന് കുട്ടികൾക്ക് ഒന്നിച്ചുകളിക്കാനും സംഘം ചേരാനുമുള്ള അവസരങ്ങൾ ഇല്ലാതാക്കിയത് പുതിയ തലമുറയുടെ സാമൂഹ്യ, രാഷ്ട്രീയ ബോധങ്ങളെ മാറ്റി മറിക്കുന്നുണ്ടെന്ന യാഥാർത്ഥ്യം ഈ നോവൽ വായന തരുന്ന ഉൾക്കാഴ്ച്ചകളിൽ പ്രധാനപ്പെട്ട ഒന്നാണ്.
പല മത, ജാതി പശ്ചാത്തലത്തിൽ ഉള്ള കുട്ടികൾ തോട്ടിലും നീറ്റിലും മീൻ ഊറ്റാൻ ഒന്നിച്ചു കൂടുന്നതും അതിൽ അവർ അനുഭവിക്കുന്ന ആഹ്ലാദങ്ങളുമാണ് ഒന്നാമത്തെ അധ്യായം. കുട്ടികളുടെ മനോവ്യാപാരങ്ങളും അറിവുകളും ലളിതമായ സംഭാഷണങ്ങളിലൂടെ മനോഹരമായി ആഖ്യാനം ചെയ്തിരിക്കുന്നു. അമ്പൂട്ടി, വിമൽ, മഞ്ജു, സജിമോൾ, ലാലു, സുനിക്കുട്ടൻ തുടങ്ങിയ ഏതാനും കുട്ടികളും അവരുടെ കുടുംബവും ഒരു കുഞ്ഞു ഗ്രാമവുമാണ് കഥാപരിസരം. വിമൽ ആണ് നായക കഥാപാത്രം. ചുറുചുറുക്കും ബുദ്ധിസാമർത്ഥ്യവും ധീരതയും സാഹസികതയും നിറഞ്ഞ വിമൽ മറ്റുള്ള കുട്ടികളിൽ മതിപ്പുളവാക്കുകയും അവരുടെ ഹീറോ ആയി വളരുകയും ചെയ്യുന്നു.
ഗ്രാമത്തിൽ നാട്ടുകാർ ഏറെ ഭയത്തോടും ഭക്തിയോടും കാണുന്ന 'ശാസ്താം തെങ്ങ്' എന്ന തെങ്ങിന്റെ ചരിത്രം കൂട്ടുകാർക്ക് വിശദീകരിച്ചുകൊടുത്തത് ലാലുവാണ്. ലാലുവിന്റെ ബന്ധുവായ വാസു ചേട്ടൻ പറഞ്ഞ കഥയായിരുന്നു അത്. തെങ്ങുകയറ്റക്കാരനായ വാസു ഒരിക്കൽ ശാസ്താംനടയ്ക്ക് സമീപമുള്ള ആ തെങ്ങിൽ കയറി മുകളിൽനിന്ന് നോക്കിയപ്പോൾ 'ശാസ്താവിനെ' കണ്ടെന്നും ഇനിയും മുകളിലേക്ക് കയറരുത് എന്ന് ശാസ്താവ് വിലക്കിയെന്നും വിലക്ക് ലംഘിച്ച് മുകളിലോട്ടു കയറിയ വാസുവിന്റെ തലയിലേക്ക് തെങ്ങോല വീഴ്ത്തി അയാളെ ശിക്ഷിച്ചു എന്നുമാണ് കഥ. അതുമുതൽ കഴിഞ്ഞ അമ്പത് വർഷമായി ആ തെങ്ങിൽ ആരും കയറിയിട്ടില്ല. മാത്രമല്ല, പട്ടു തുണി കൊണ്ട് കെട്ടിയ ആ തെങ്ങിന്റെ മൂട്ടിൽ വിളക്ക് കത്തിക്കലും പൂജയും നടന്നുവരികയും ചെയ്യുന്നു.
ഈ കഥ കേട്ട് പൊട്ടിച്ചിരിച്ച വിമൽ, ശാസ്താവ് തെങ്ങിലാണോ ഇരിക്കുന്നത് എന്ന നിഷേധചോദ്യം ഉയർത്തുന്നു. എന്നാൽ താൻ ധൈര്യമുണ്ടെങ്കിൽ ആ തെങ്ങിൽ കയറൂ എന്ന് ലാലു വിമലിനെ വെല്ലുവിളിക്കുന്നു. വെല്ലുവിളി ഏറ്റെടുത്ത വിമൽ അത് യാഥാർത്ഥ്യമാക്കാൻ ചെയ്യുന്ന നീക്കങ്ങളും അതിന്റെ പേരിലുണ്ടാകുന്ന പൊല്ലാപ്പുകളുമാണ് നോവലിലുടനീളം.
‘ഈ മരത്തിനോട് അടുക്കരുത്’, ‘ഈ കനി തിന്നരുത്’ എന്ന ശാസന സെമിറ്റിക്ക് മതങ്ങളിലെ ഉൽപ്പത്തിക്കഥയിൽ തുടങ്ങുന്നുണ്ട്. ആ കനി തിന്നതുമുതലാണല്ലോ ആദം സ്വർഗത്തിൽനിന്ന് പുറത്തായത്. ഉൽപ്പത്തിക്കഥ മനസ്സിൽ വെക്കുമ്പോൾ 'വിമൽ' എന്ന നോവലിന് കുറേകൂടി ആഴമുള്ള വായന സാധ്യമാകുന്നു.
ഈ തെങ്ങിന്റെ മണ്ടയിൽ കയറിയാൽ ശാസ്താവ് കോപിക്കുന്നത് എന്തിന് എന്ന് വിമലിന് മനസ്സിലാകുന്നില്ല. ‘ശാസ്താവിന് തെങ്ങേൽ കേറുന്ന മാനുഷരെ പ്രാന്ത് പിടിപ്പിക്കുക ആണോ പണി?’ എന്ന് വിമൽ അവനെ പിന്തിരിപ്പിക്കാൻ വരുന്നവരോട് ചോദിക്കുന്നുണ്ട്. പലതരം വിചിത്രകഥകൾ പറഞ്ഞുണ്ടാക്കി, അത് കാലങ്ങളിലൂടെ സഞ്ചരിച്ചു വിശ്വാസങ്ങളും ആചാരങ്ങളുമായി മാറുന്നു എന്ന ചരിത്ര സത്യത്തെ ലളിതസുന്ദരമായി ആവിഷ്കരിക്കുകയാണ് നോവൽ.
ഒടുവിൽ, ഗ്രാമം ഒന്നാകെ ശ്വാസമടക്കിപ്പിടിച്ച് നോക്കിനിൽക്കെ ശാസ്താംതെങ്ങിൽ കയറി കരിക്കിടുന്നതോടെ, വിമൽ കുട്ടികളുടെ മാത്രമല്ല ഒരുപാട് പേരുടെ മനസ്സിൽ ഹീറോ ആയി മാറുന്നു. അതേസമയം, 'ഈ ചെക്കന്റെ അഹമ്മതിക്ക് ശിക്ഷ കിട്ടാതിരിക്കാൻ താൻ പൂജ ചെയ്തത് കൊണ്ടാണ് ഒന്നും സംഭവിക്കാതിരുന്നത്' എന്ന വാസുവിന്റെ വാക്കുകൾ അന്ധവിശ്വാസങ്ങൾ എങ്ങനെ അതിജീവിക്കുന്നു എന്ന് കൃത്യമായ സൂചന നൽകുകയും ചെയ്യുന്നുണ്ട്.
യുക്തിബോധവും ശാസ്ത്രീയ മനോഭാവവും ബാല്യം തൊട്ടു തന്നെ രൂപപ്പെട്ട് വരേണ്ടതുണ്ട്. അത്തരത്തിൽ യുക്തിവിചാരവും സാമൂഹിക വിമർശനവും സംഘചിന്തയും കുട്ടികളിൽ അങ്കുരിപ്പിക്കാൻ ഈ നോവലിന് കഴിയുമെന്ന് നിസ്സംശയം പറയാം. ലളിതമായ ഭാഷയും ഏതു പ്രായക്കാർക്കും രുചിക്കുന്ന ആഖ്യാനശൈലിയും ഉദ്വേഗം ജനിപ്പിക്കുന്ന തന്ത്രങ്ങളും എം എസ് ഷൈജുവിന്റെ ആദ്യ നോവലിനെ ശ്രദ്ധേയമാക്കുന്നു. മനോഹരമായ കവർ കുട്ടികളെ വായിക്കാൻ പ്രചോദിപ്പിക്കും.
(‘വിമൽ’, കുട്ടികളുടെ നോവൽ, പേജ് 90, വില 150 രൂപ, മഷി ബുക്സ് , കൊല്ലം)