truecoppy
MORE
Truecopy Home
Readers
are
Thinkers

Monday, 08 August 2022

truecoppy
Truecopy Logo
Readers are Thinkers

Monday, 08 August 2022

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
taiwan china

International Politics

ചൈനക്കും യു.എസിനും
ഇടയി​ലെ തായ്​വാൻ

ചൈനക്കും യു.എസിനും ഇടയി​ലെ തായ്​വാൻ

തായ്‌വാന്റെ നിയന്ത്രണം ചൈനയ്ക്ക് ലഭിച്ചാല്‍ പസഫിക്കിലെ അമേരിക്കന്‍ സ്വാധീനം ഭീഷണിയിലാകും. ഗുവാമിലും ഹവായിലുമുള്ള യു.എസ്. സൈനിക കേന്ദ്രങ്ങള്‍ക്കും ചൈനീസ് സ്വാധീനം ഭീഷണിയാകും. അതുകൊണ്ടുതന്നെ തായ്‌വാന്‍ ചൈനയുടെ കൈയിലാകാതിരിക്കാന്‍ അമേരിക്ക പരമാവധി ശ്രമിക്കുമെന്ന് ഉറപ്പാണ്. അതേസമയം, അമേരിക്കയ്ക്ക് തായ്‌വാനിലുള്ള സ്വാധീനം ഇല്ലാതാക്കാന്‍ ചൈനയും ശ്രമിക്കും. 

3 Aug 2022, 03:52 PM

കെ.വി. ദിവ്യശ്രീ

ആറുമാസത്തിലേറെയായി തുടരുന്ന യുക്രെയ്ന്‍- റഷ്യ യുദ്ധത്തിനുപിന്നാലെ ലോകം മറ്റൊരു സംഘർഷത്തിന്റെ പടിവാതില്‍ക്കലാണ്. തായ്‌വാന്‍ എന്ന ദ്വീപ് രാഷ്ട്രത്തിന്റെ പേരിലാണ് ലോകം യുദ്ധമുനയില്‍ നില്‍ക്കുന്നത്. വന്‍ശക്തികളും വൈരികളുമായ യു.എസും ചൈനയുമാണ് നേര്‍ക്കുനേര്‍ പോര്‍വിളി നടത്തുന്നത്. ചൈന തങ്ങളുടേതെന്ന് അവകാശപ്പെടുന്ന പ്രദേശമാണ് തായ്‌വാന്‍. എന്നാല്‍ ചൈനയുടെ അവകാശവാദം അംഗീകരിക്കാതെ പരമാധികാര രാഷ്ട്രമാണെന്ന വാദമാണ് തായ്‌വാന്‍ ഭരണകൂടം ഉന്നയിക്കുന്നത്. തായ്‌വാനുമേലുള്ള ചൈനയുടെ അവകാശവാദം തള്ളി യു.എസ്. ജനപ്രതിനിധി സഭയുടെ സ്പീക്കര്‍ നാന്‍സി പെലോസി തായ്‌വാനിലെത്തിയതാണ് ഇപ്പോള്‍ ചൈനയെ പ്രകോപിപ്പിച്ചത്. 

ചൊവ്വാഴ്ച രാത്രിയാണ് പെലോസി തായ്‌വാന്‍ തലസ്ഥാനമായ തായ്‌പെയിലെത്തിയത്. തായ്​പെയിലെ സൊങ്ഷന്‍ എയര്‍പോര്‍ട്ടിലെത്തിയ 82കാരിയായ പെലോസിയെ തായ് വിദേശകാര്യ മന്ത്രി ജോസഫ് വു സ്വീകരിച്ചു. തായ്‌വാന്റെ ജനാധിപത്യത്തിനുള്ള അമേരിക്കയുടെ അചഞ്ചലമായ പിന്തുണയുടെ ഭാഗമാണ് തന്റെ സന്ദര്‍ശനമെന്ന് പെലോസി വ്യക്തമാക്കി. പെലോസി ബുധനാഴ്ച തായ്‌വാന്‍ പ്രസിഡന്റ് സായ് ഇങ്-വെന്നുമായി കൂടിക്കാഴ്ച നടത്തി. തായ്‌വാനില്‍ നിലവിലെ സ്ഥിതി തുടരണമെന്നാണ് യു.എസ്. ആഗ്രഹിക്കുന്നതെന്നും സൈനിക നടപടി ഉണ്ടാകരുതെന്നും നാന്‍സി പെലോസി പറഞ്ഞു. 

ALSO READ

സവാഹിരി വധം ദുർബലമാക്കുമോ ഭീകരതയുടെ കണ്ണികളെ?

1997-നുശേഷം തായ്‌വാന്‍ സന്ദര്‍ശിക്കുന്ന ഏറ്റവും ഉന്നത യു.എസ്. രാഷ്ട്രീയ നേതാവാണ് നാന്‍സി പെലോസി. ഏഷ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി പെലോസി തായ്‌വാനിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍ തന്നെ ചൈന ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. പെലോസി തായ്‌വാന്‍ സന്ദര്‍ശിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ചൈന മുന്നറിയിപ്പ് നല്‍കിയിരുന്നു. തായ്‌വാന്റെ സ്വയം ഭരണാധികാരത്തെ എന്നും യു.എസ്. പിന്തുണച്ചിരുന്നു. ഐക്യരാഷ്ട്ര സംഘടനയില്‍ അംഗമാകാനുള്ള തായ്‌വാന്റെ ശ്രമങ്ങള്‍ക്കും യു.എസ്. പിന്തുണ നല്‍കുന്നുണ്ട്. ഇതെല്ലാം ചൈനയെ പ്രകോപിപ്പിക്കുന്ന ഘടകങ്ങളാണ്. ഒടുവില്‍ ചൈനയുടെ കടുത്ത വിമര്‍ശകയായ നാന്‍സി പെലോസി തന്നെ തായ്‌വാന്‍ സന്ദര്‍ശിക്കുന്നുവെന്നതും ചൈനയെ വലിയരീതില്‍ രോഷാകുലരാക്കുന്നുണ്ട്.

nancy pelosi
തായ്‌വാനിലെത്തിയ യു.എസ്. ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസി 

1989-ല്‍ ബെയ്ജിങ്ങിലെ ടിയനന്‍മെന്‍ സ്‌ക്വയറില്‍ ജനാധിപത്യ അനുകൂല പ്രക്ഷോഭകര്‍ക്കെതിരായ അടിച്ചമര്‍ത്തലിനെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിട്ടുണ്ട് പെലോസി.. ടിയനന്‍മെന്‍ സ്‌ക്വയറില്‍ കൊല്ലപ്പെട്ടവരെ അനുസ്മരിച്ച് പ്രതിഷേധ ബാനര്‍ ഉയര്‍ത്തുകയും ചെയ്തിരുന്നു പെലോസി. 2019-ല്‍ നടന്ന ഹോങ്കോങ്ങിലെ ജനാധിപത്യ പ്രക്ഷോഭത്തെയും പെലോസി പിന്തുണച്ചിരുന്നു.

എതിര്‍ക്കുന്നവര്‍ക്ക് ശിക്ഷ ഉറപ്പ്

ബെയ്ജിങ്ങിനെ എതിര്‍ക്കുന്നവര്‍ ആരായിരുന്നാലും കടുത്ത ശിക്ഷ ഉറപ്പാണെന്നാണ് നാന്‍സി പെലോസി തായ്‌വാനിലെത്തിയതിന് പിന്നാലെ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞത്. ജനാധിപത്യത്തിന്റെ പേര് പറഞ്ഞ് ചൈനയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന യു.എസിന്റെ നടപടി പ്രഹസനമാണെന്നും എതിര്‍ക്കുന്നര്‍ ആരായാലും ശിക്ഷിക്കപ്പെടുമെന്നും വാങ് യി പറഞ്ഞു. ചൈനീസ് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന ശരിവെക്കുന്ന തരത്തിലുള്ള നടപടികള്‍ ചൈന തുടങ്ങിക്കഴിഞ്ഞു. തായ്‌വാന്‍ കടലിടുക്കില്‍ അമേരിക്കയും ചൈനയും യുദ്ധസന്നാഹങ്ങള്‍ ശക്തമാക്കുകയാണ്. പെലോസിയുടെ സന്ദര്‍ശനത്തിന് മുമ്പേതന്നെ യു.എസ്. യുദ്ധകപ്പലുകള്‍ തായ്‌വാന്‍ തീരത്തോട് ചേര്‍ന്ന് വന്‍തോതില്‍ വിന്യസിച്ചിരുന്നു. നാന്‍സി പെലോസി തായ്വാനിലെത്തുമ്പോള്‍ തന്നെ ചൈനീസ് സൈനിക വിമാനങ്ങള്‍ തായ്‌വാന്‍ അതിര്‍ത്തി കടന്നതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യം തായ്വാന്‍ ആദ്യം നിഷേധിച്ചെങ്കിലും 20 ചൈനീസ് യുദ്ധവിമാനങ്ങള്‍ ചൊവ്വാഴ്ച തങ്ങളുടെ വ്യോമാതിര്‍ത്തി കടന്നതായി പിന്നീട് സമ്മതിച്ചു.

ചൈനീസ് പടക്കപ്പലുകള്‍ നേരത്തെ തന്നെ തായ് കടലിടുക്കില്‍ വിന്യസിച്ചിട്ടുണ്ട്. യു.എസ്. വെല്ലുവിളിയുടെ സാഹചര്യത്തില്‍ ചൈന സൈനിക വിന്യാസം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. 
ചൈന മുന്നറിയിപ്പ് നല്‍കിയതുപോലെ തന്നെ പ്രവര്‍ത്തിക്കുകയാണെങ്കില്‍ തായ്‌വാന്‍ കടലിടുക്കില്‍ യുദ്ധം പൊട്ടിപ്പുറപ്പെടുമെന്ന് ഉറപ്പാണ്. നാറ്റോയില്‍ ചേരാനാഗ്രഹിച്ച യുക്രെയ്‌നെ തങ്ങളുടെ ഭാഗമാക്കാന്‍ ഉറപ്പിച്ച് ആക്രമിച്ച റഷ്യയെ പോലെ, സ്വയം ഭരണം അവകാശപ്പെടുന്ന തായ്‌വാനെ തങ്ങളോട് ചേര്‍ക്കാന്‍ ചൈന ആക്രമിക്കില്ലെന്ന് പറയാനാകില്ല. 

1995-ല്‍ തായ്‌വാന്റെ അന്നത്തെ പ്രസിഡന്റ് ലീ ടെങ്-ഹുയി യു.എസ്. സന്ദര്‍ശിച്ചിരുന്നു. തായ്വാന് സമീപം കടലില്‍ സൈനികാഭ്യാസം നടത്തുകയും മിസൈലുകള്‍ വിക്ഷേപിക്കുകയും ചെയ്താണ് ചൈന ആ സന്ദര്‍ശനത്തിന് മറുപടി നല്‍കിയത്. യു.എസും തായ്‌വാനും തമ്മില്‍ ഒരുതരത്തിലുമുള്ള ബന്ധമുണ്ടാകുന്നത് ചൈന ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടുതന്നെ വേണമെങ്കില്‍ ബലപ്രയോഗത്തിലൂടെ തായ്‌വാനെ പിടിച്ചടക്കാനും മടിക്കില്ലെന്ന സൂചനയാണ് ചൈനയിലെ ഷി ജിന്‍പിങ് സര്‍ക്കാര്‍ നല്‍കുന്നത്. 

biden
യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ / Photo: Flickr

ചൈനയുമായുള്ള ബന്ധം നിര്‍ണായകമാണെന്നാണ് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ പറയുന്നത്. എന്നാല്‍ ചൈനയുടെ ആധിപത്യം അംഗീകരിക്കുകയുമില്ല. 2022 അവസാനം നടക്കുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി തന്റെ അപ്രമാദിത്വവും ഒപ്പം തന്നെ ദേശീയമുഖവും ഉയര്‍ത്തിപ്പിടിക്കാനുള്ള ശ്രമത്തിലാണ് ഷി ജിന്‍പിങ്. മൂന്നാം തവണയും അധികാരത്തുടര്‍ച്ചയാണ് ഷി ലക്ഷ്യമിടുന്നത്. അതിനുള്ള പലവിധ പരിപാടികള്‍ അദ്ദേഹം നടപ്പാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ തായ്വാനെ ചൈനയുടെ ഭാഗമാക്കുന്നതിനും യു.എസിന്റെ ഇടപെടല്‍ ചെറുക്കുന്നതിനും ശക്തമായ നടപടികളുണ്ടായേക്കാം. 

ALSO READ

പശ്ചാത്താപചിന്തയുടെ ചിദംബരസ്മരണകള്‍ 

നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തിന് പിന്നാലെ തായ്‌വാനെതിരായ ശിക്ഷാനടപടികള്‍ക്ക് ചൈന തുടക്കം കുറിച്ചു. തായ്വാനില്‍ നിന്നുള്ള പഴം, മത്സ്യ ഇറക്കുമതി നിര്‍ത്തിക്കൊണ്ടാണ് ചൈന ആദ്യപ്രഹരമേല്‍പ്പിച്ചിരിക്കുന്നത്. തായ്‌വാനിലേക്കുള്ള മണല്‍ കയറ്റുമതിയും ചൈന നിര്‍ത്തിയിരിക്കുകയാണ്. ഏതാനും വര്‍ഷങ്ങളായി ചൈന ഇത്തരത്തില്‍ പലപ്പോഴായി ഇറക്കുമതിയ്ക്കും കയറ്റുമതിക്കും താത്കാലിക നിയന്ത്രങ്ങളേര്‍പ്പെടുത്തുന്നത് പതിവാണ്. 

യു.എസ്- ചൈന നേര്‍ക്കുനേര്‍ വരുമോ? 

വലിപ്പത്തിലും സൈനികശക്തിയിലുമൊന്നും ചൈനയുടെ ഏഴയലത്തെത്തില്ല 2.3 കോടി ജനസംഖ്യ മാത്രമുള്ള തായ്‌വാന്‍. ചൈനയുടെ ആകെ സൈനികരുടെ എണ്ണം 20,35,000 ആണെങ്കില്‍ തായ്‌വാനില്‍ ആകെ 1,69,00 സൈനികര്‍ മാത്രമാണുള്ളത്. ചൈനയ്ക്ക് 3227 ലധികം യുദ്ധവിമാനങ്ങളുണ്ട്. തായ്‌വാന് 504 യുദ്ധവിമാനങ്ങളാണുള്ളത്. ചൈനയ്ക്ക് 5400 ടാങ്കുകളും 59 മുങ്ങിക്കപ്പലുകളുമുണ്ട്. തായ്‌വാന് 650 ടാങ്കുകളും നാല് മുങ്ങിക്കപ്പലുകളുമാണുള്ളത്. ചൈനീസ് നാവികസേനയ്ക്ക് 86 പടക്കപ്പലുകളുള്ളപ്പോള്‍ തായ് നാവികസേനയ്ക്ക് 26 എണ്ണം മാത്രമേയുള്ളൂ. എന്നാല്‍ ചൈനീസ് ആക്രമണമുണ്ടായാല്‍ തായ്‌വാന് യു.എസ്. സൈനിക സഹായം നല്‍കും. അങ്ങനെ സംഭവിച്ചാല്‍ രണ്ട് വന്‍ശക്തികള്‍ മുഖാമുഖം വരുന്ന വലിയ യുദ്ധത്തിനായിരിക്കും ലോകം സാക്ഷ്യംവഹിക്കുക.

തായ്‌വാനും ചൈനയ്ക്കുമിടയിലെ കടലിടുക്കില്‍ ചൈനീസ് യുദ്ധവിമാനങ്ങളും പടക്കപ്പലുകളും പരിശീലനം നടത്തുന്നത് പതിവാണ്. യു.എസ് യുദ്ധക്കപ്പലുകളും ഈ മേഖലയില്‍ പലപ്പോഴും വിന്യസിക്കാറുണ്ട്. ആണവായുധം വഹിക്കാന്‍ കഴിയുന്ന ചൈനീസ് കപ്പലുകള്‍ പലപ്പോഴും തായ്‌വാന്റെ അതിര്‍ത്തിക്കടുത്തുകൂടെ പോകാറുണ്ട്. തായ്‌വാന്റെ വ്യോമമേഖലയിലേക്ക് പലപ്പോഴും ചൈനീസ് പോര്‍വിമാനങ്ങള്‍ അതിക്രമിച്ചുകടക്കാറുമുണ്ട്. എന്നാല്‍ ചൈനയെ ചെറുക്കാനുള്ള ശേഷിയില്ലാത്തതിനാല്‍ മാത്രം തായ് വാന്‍ ഇതിനോടൊന്നും പ്രതികരിക്കാറില്ല. ഇനി ചൈനയുടെ ആക്രമണമുണ്ടാവുകയാണെങ്കില്‍ യു.എസ്. സഹായം മാത്രമാണ് തായ്‌വാന്റെ ആശ്രയം. എന്നാല്‍ തായ് വാന്‍ പ്രതീക്ഷിക്കുന്നവിധത്തില്‍ യു.എസിന് സഹായിക്കാനാകുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. ചൈനയുമായി നേരിട്ടൊരു യുദ്ധത്തിന് അമേരിക്ക തയ്യാറായേക്കില്ലെന്നാണ് സമീപകാല സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള യു.എസ്. സേനയുടെ ഏകപക്ഷീയമായ പിന്‍മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ ഈ സംശയം ബലപ്പെടുകയാണ്. യു.എസ്. സഹായം ലഭിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് തായ്‌വാന്‍ പെലോസിയുടെ സന്ദര്‍ശനത്തെ സ്വാഗതം ചെയ്യുന്നത്. 

china ship
തായ്‌വാനും ചൈനയ്ക്കുമിടയിലെ കടലിടുക്കില്‍ ചൈനീസ് യുദ്ധവിമാനങ്ങളും പടക്കപ്പലുകളും പരിശീലനം നടത്തുന്നത് പതിവാണ്. യു.എസ് യുദ്ധക്കപ്പലുകളും ഈ മേഖലയില്‍ പലപ്പോഴും വിന്യസിക്കാറുണ്ട്.

ചൈന-തായ്‌വാന്‍ തര്‍ക്കത്തില്‍ "ഏക ചൈന' എന്ന നയമാണ് യു.എസിനുള്ളത്. ബെയ്ജിങ് ആസ്ഥാനമായുള്ള പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയെയാണ് യു.എസ്. അംഗീകരിക്കുന്നത്. സ്വയം ഭരണ രാഷ്ടമാകാനുള്ള തായ്‌വാന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്ന യു.എസ്. അതിനുള്ള സഹായങ്ങളും പതിറ്റാണ്ടുകളായി നല്‍കിവരുന്നുണ്ട്. തായ്‌വാന് അമേരിക്ക ആയുധങ്ങള്‍ നല്‍കുന്നതിനെ ചൈന എതിര്‍ക്കുന്നുണ്ട്. 

സംഘര്‍ഷത്തിന്റെ ചരിത്രം

ചൈനീസ് വന്‍കരയില്‍ നിന്ന് 180 കിലോമീറ്റര്‍ മാത്രം അകലെയാണ് തായ്‌വാന്‍ ദ്വീപ്. 36,197 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള തായ്‌വാനിലെ ജനസംഘ്യ 2.39 കോടിയാണ്. ചൈനയില്‍ നിന്ന് വേര്‍പെട്ടുപോയ ഒരു പ്രദേശമായി മാത്രമാണ് ചൈന കാലങ്ങളായി തായ്‌വാനെ കാണുന്നത്. എന്നാല്‍ 1949 മുതല്‍ തായ്‌വാന്‍ സ്വയം കരുതുന്നത് സ്വതന്ത്ര രാജ്യമായാണ്. ഇതാണ് തര്‍ക്കങ്ങളുടെ കാരണം. 

1500കള്‍ മുതല്‍ യൂറോപ്യന്‍ നാവികരുടെ സന്ദര്‍ശനകേന്ദ്രമായിരുന്നു തായ്‌വാന്‍ എന്ന മനോഹരമായ ദ്വീപ്. റിപബ്ലിക് ഓഫ് ഫോര്‍മോസ എന്നായിരുന്നു അന്നത്തെ പേര്. 1624-ല്‍ ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി തെക്ക് പടിഞ്ഞാറന്‍ തായ്‌വാനില്‍ ആസ്ഥാനമുണ്ടാക്കി. 1683-ല്‍ ക്വിങ് സാമ്രാജ്യം തായ് വാന്റെ പടിഞ്ഞാറന്‍, വടക്കന്‍ തീരമേഖലകള്‍ നിയന്ത്രണത്തിലാക്കി. 1885-ല്‍ തായ്‌വാന്‍ ക്വിങ് സാമ്രാജ്യത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലായി. 
1895-ല്‍ സിനോ-ജാപ്പനീസ് യുദ്ധത്തില്‍ പരാജയപ്പെട്ടതോടെ തായ്‌വാനെ ക്വിങ് സാമ്രാജ്യം ജപ്പാന് കൈമാറി. 

1911-ല്‍ ചൈനീസ് വിപ്ലവകാരികള്‍ ക്വിങ് സാമ്രാജ്യത്തെ പുറത്താക്കി റിപബ്ലിക് ഓഫ് ചൈന സ്ഥാപിച്ചു. 1943-ല്‍ രണ്ടാം ലോകമാഹായുദ്ധത്തിനിടെ, റിപബ്ലിക് ഓപ് ചൈന നേതാവ് ചിയാങ് കൈഷക് യു.എസ്. പ്രസിഡന്റ് ഫ്രാങ്ക്‌ളിന്‍ റൂസ് വെല്‍റ്റുമായും ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റന്‍ ചര്‍ച്ചിലുമായും കൂടിക്കാഴ്ച നടത്തുകയും അതിന്റെ ഫലമായി തായ്‌വാനെയും പെങു ദ്വീപുകളെയും ചേര്‍ത്ത് റിപബ്ലിക് ഓഫ് ചൈന പുനഃസ്ഥാപിക്കുകയും ചെയ്തു. 

taiwan1
ചൈനയില്‍ നിന്ന് വേര്‍പെട്ടുപോയ ഒരു പ്രദേശമായി മാത്രമാണ് ചൈന കാലങ്ങളായി തായ്‌വാനെ കാണുന്നത്. എന്നാല്‍ 1949 മുതല്‍ തായ്‌വാന്‍ സ്വയം കരുതുന്നത് സ്വതന്ത്ര രാജ്യമായാണ്. ഇതാണ് തര്‍ക്കങ്ങളുടെ കാരണം. / Photo: Wikimedia Commons

1948-ല്‍ ചൈനയിലെ ചിയാങ് കൈഷക്കിന്റെ കൂമിന്‍ടാങ് നേതൃത്വത്തിലുള്ള റിപബ്ലിക് ഓഫ് ചൈന സര്‍ക്കാരും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മില്‍ ആഭ്യന്തര യുദ്ധം ആരംഭിച്ചു. 1949-ല്‍ റിപബ്ലിക് ഓഫ് ചൈന സര്‍ക്കാര്‍ തായ്‌വാനിലേക്ക് മാറി. ഒപ്പം 1.2 മില്യണ്‍ ചൈനീസ് ജനതയും തായ്‌വാനിലേക്ക് പോയി. 1949 ഒക്ടോബര്‍ ഒന്നിന് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് മാവോ സെ ദുങ് ബെയ്ജിങ് ആസ്ഥാനമായി പീപ്പിള്‍സ് റിപബ്ലിക് ഓഫ് ചൈന സ്ഥാപിച്ചു. ഇതാണ് ചൈന എന്നറിയപ്പെടുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ തായ്‌വാന്‍ ചൈനയുടെ ഭാഗമായിരുന്നുവെന്ന ചരിത്രം കൂട്ടുപിടിച്ചാണ് ചൈന അവകാശവാദമുന്നയിക്കുന്നത്. എന്നാല്‍ ഒരിക്കലും പീപ്പിള്‍സ് റിപബ്ലിക് ഓഫ് ചൈനയുടെ ഭാഗമായിരുന്നില്ലെന്നും അതിനാല്‍ ചൈനയ്ക്ക് തായ്‌വാനുമേല്‍ യാതൊരു അവകാശവുമില്ലെന്നുമാണ് തായ് ഭരണകൂടം വാദിക്കുന്നത്. 

ചൈനയ്ക്ക് നിര്‍ണായകമാകുന്നതെങ്ങനെ?

ചൈനയുടെ തെക്കുകിഴക്കന്‍ തീരത്തുനിന്ന് 180 കിലോമീറ്റര്‍ മാത്രം അകലെയുള്ള ദ്വീപ് രാഷ്ട്രമാണ് തായ്‌വാന്‍. പടിഞ്ഞാറന്‍ പസഫിക് മേഖലയില്‍ നിര്‍ണായക സ്വാധീനമുള്ള ഭൂപ്രദേശമാണിത്. അത് തന്നെയാണ് ചൈന തായ്‌വാനെ നിയന്ത്രണത്തിലാക്കാന്‍ ശ്രമിക്കുന്നതിന്റെ കാരണവും. തായ്‌വാന്റെ പൂര്‍ണ നിയന്ത്രണം ലഭിച്ചാല്‍ ചൈനയ്ക്ക് പടിഞ്ഞാറന്‍ പസഫിക് കടലില്‍ സ്വാധീനം വര്‍ധിപ്പിക്കാനാകും. അതേസമയം, തായ്‌വാന്‍ സ്വതന്ത്ര രാജ്യമായി നില്‍ക്കുകയും യു.എസ്. ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അവരുമായി അടുത്ത ബന്ധം തുടരുകയും ചെയ്താല്‍ അത് ചൈനയ്ക്ക് കടുത്ത ഭീഷണിയാകും. തായ്‌വാന്റെ നിയന്ത്രണം ചൈനയ്ക്ക് ലഭിച്ചാല്‍ പസഫിക്കിലെ അമേരിക്കന്‍ സ്വാധീനം ഭീഷണിയിലാകും. ഗുവാമിലും ഹവായിലുമുള്ള യു.എസ്. സൈനിക കേന്ദ്രങ്ങള്‍ക്കും ചൈനീസ് സ്വാധീനം ഭീഷണിയാകും. അതുകൊണ്ടുതന്നെ തായ്‌വാന്‍ ചൈനയുടെ കൈയിലാകാതിരിക്കാന്‍ അമേരിക്ക പരമാവധി ശ്രമിക്കുമെന്ന് ഉറപ്പാണ്. അതേസമയം, അമേരിക്കയ്ക്ക് തായ്‌വാനിലുള്ള സ്വാധീനം ഇല്ലാതാക്കാന്‍ ചൈനയും ശ്രമിക്കും. 

xi
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്‌ / Photo: Flickr

സാമ്പത്തികമായും തായ്‌വാന് തന്ത്രപ്രധാന സ്ഥാനമുണ്ട്. സ്മാര്‍ട്ട് ഫോണുകളും ലാപ്‌ടോപ്പുകളും മുതല്‍ കാറുകളിലടക്കം ഉപയോഗിക്കുന്ന ഇലക്ട്രോണിക് ചിപ്പുകള്‍ക്കായി ലോകരാജ്യങ്ങള്‍ ഏറ്റവുമധികം ആശ്രയിക്കുന്നത് തായ്‌വാനെയാണ്. ലോകത്തിനാവശ്യമായ ആകെ ചിപ്പുകളില്‍ 65 ശതമാനവും തായ്‌വാനാണ് നിര്‍മിക്കുന്നത്. ഇതില്‍ 50 ശതമാനവും നിര്‍മിക്കുന്നത് ടി.എസ്.എം.സി. എന്ന കമ്പനിയാണ്. 10,000 കോടി ഡോളറിലധികമാണ് ഈ കമ്പനിയുടെ മൂല്യം. തായ്‌വാനെ തങ്ങളുടെ ഭാഗമാക്കിയാല്‍ ഈ കമ്പനികളുടെ നിയന്ത്രണവും ചൈനയ്ക്കാവും. 

തായ്‌വാനെ അംഗീകരിക്കുന്നത് 13 രാജ്യങ്ങള്‍

സ്വയം ഭരണാധികാരമുള്ള സ്വതന്ത്ര രാജ്യമായാണ് തായ്‌വാന്‍ സ്വയം കരുതുന്നത്. എന്നാല്‍ ലോകത്താകെ 13  രാജ്യങ്ങളും വത്തിക്കാനും മാത്രമാണ് തായ്‌വാനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കുന്നത്. തായ്‌വാന്റെ പരമാധികാരത്തെ പിന്തണയ്ക്കുകയും ആയുധമുള്‍പ്പെടെയുള്ള സഹായങ്ങളും നല്‍കുകയും ചെയ്യുന്നുണ്ടെങ്കിലും അമേരിക്കയ്ക്ക് തായ്‌വാനില്‍ എംബസിയില്ല. തായ്‌വാന് ഐക്യരാഷ്ട്ര സംഘടനയിലും പ്രത്യേക രാജ്യമായി അംഗത്വമില്ല. 1971-നുശേഷം ആദ്യമായി തായ് വാന്‍ ഒരു യു.എന്‍. പരിപാടിയുടെ ഭാഗമാകുന്നത് 2009-ല്‍ വേള്‍ഡ് ഹെല്‍ത്ത് അസംബ്ലിയില്‍ നിരീക്ഷകരായി പങ്കെടുത്തപ്പോഴാണ്. 

ALSO READ

സ്വേച്ഛാധിപതികള്‍ക്ക്​ ശ്രീലങ്കയിൽനിന്ന്​ ഒരു പുതിയ താക്കീത്

2015-ല്‍ തായ്‌വാന്‍  പ്രസിഡൻറ്​ മാ യിങ് ജ്യുവും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങും സിംഗപ്പൂരില്‍ വെച്ച് കൂടിക്കാഴ്ച നടത്തി. 66 വര്‍ഷത്തിനുശേഷമായിരുന്നു ഇരുഭാഗത്തുനിന്നുമുള്ള നേതാക്കളുടെ കൂടിക്കാഴ്ച. 2016-ല്‍ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി നേതാവ് സായ് ഇങ്-വെന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റായി ചുമതലയേറ്റ സായ് ഇങ്-വെന്‍, നൂറ്റാണ്ടുകളായി പ്രയാസമനുഭവിക്കുന്ന രാജ്യത്തെ തദ്ദേശീയ ജനതയോട് മാപ്പുപറഞ്ഞു. 2017-ല്‍ 16 തദ്ദേശീയ ഭാഷകള്‍ക്ക് ഔദ്യോഗിക അംഗീകാരം നല്‍കുന്നതിന് നിയമനിര്‍മാണം നടത്തി. 2017-ല്‍ തായ് വാന്‍ ആദ്യമായി ഫോര്‍മോസാറ്റ്-5 എന്ന ഉപഗ്രഹം വിക്ഷേപിച്ചു. 2019-ല്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്ന ഏഷ്യയിലെ ആദ്യത്തെ രാജ്യമായി തായ്‌വാന്‍. 2020-ല്‍ സായ് ഇങ്-വെന്‍ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 

nancy tsai
യു.എസ്. ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിയും തായ്‌വാന്‍ പ്രസിഡന്റ് സായ് ഇങ്-വെനും

ലോകത്തിന്റെ പിന്തുണ തേടി തായ്‌വാന്‍

തായ്‌വാനും ചൈനയും തമ്മില്‍ ഔദ്യോഗികമായി ഒരു ബന്ധവുമില്ല. 66 വര്‍ഷത്തിനുശേഷം 2015-ല്‍ പ്രസിഡന്റുമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും അത് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് അയവു വരുത്തിയില്ല. കാലങ്ങളായി തുടരുന്നതാണ് ചൈന-തായ്‌വാന്‍ തര്‍ക്കമെങ്കിലും അടുത്ത കാലത്തായാണ് അത് രൂക്ഷമായത്. 2021-ല്‍ ചൈന തുടര്‍ച്ചയായി പലതവണ തായ്‌വാന്റെ വ്യോമാതിര്‍ത്തി ലംഘിച്ച് യുദ്ധവിമാനങ്ങള്‍ പറത്തി. ഒരു ദിവസം 56 ചൈനീസ് വിമാനങ്ങള്‍ വരെ തായ് അതിര്‍ത്തിയില്‍ അതിക്രമിച്ച് പ്രവേശിച്ചു. ഏക ചൈന എന്ന നയം അംഗീകരിക്കുന് യു.എസ് ആകട്ടെ അടുത്ത കാലം വരെ ചൈനയുമായി നേരിട്ടൊരു ഏറ്റുമുട്ടലിന്റെ സൂചന നല്‍കിയിരുന്നില്ല. എന്നാല്‍ ജോ ബൈഡന്‍ പ്രസിഡന്റായതോടെയാണ് നിലപാടില്‍ മാറ്റമുണ്ടായത്. തായ്‌വാനെ കീഴടക്കാന്‍ ചൈന ശ്രമിച്ചാല്‍ സൈനികമായി നേരിടുമെന്ന് കഴിഞ്ഞ മേയില്‍ ബൈഡന്‍ പ്രഖ്യാപിച്ചു. ഇതോടെ ചൈനയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായി. അതിനുപിന്നാലെയാണ് ഇപ്പോള്‍ നാന്‍സി പെലോസിയുടെ സന്ദര്‍ശനം. ചൈനയുടെ ആക്രമണമുണ്ടായാല്‍ അമേരിക്കയുടെ സഹായം കിട്ടുമോയെന്ന കാര്യത്തില്‍ ഉറപ്പുവരുത്താന്‍ കൂടി വേണ്ടിയാണ് തായ്‌വാന്‍ നാന്‍സി പെലോസിയുടെ സന്ദര്‍ശത്തെ സ്വാഗതം ചെയ്യുന്നത്. 

ചൈന, തായ്‌വാന്‍ സര്‍ക്കാരുമായി ബന്ധപ്പെടാന്‍ തയ്യാറാകാതിരിക്കുകയും നയതന്ത്രപരമായി ഒറ്റപ്പെടുത്തുകയും ചെയ്യുന്നതിനാല്‍ ലോകരാഷ്ട്രങ്ങളുടെ പിന്തുണ തേടി പ്രതിരോധിക്കാനാണ് തായ്‌വാന്‍ സര്‍ക്കാരിന്റെ ശ്രമം. പത്തുലക്ഷത്തോളം തായ്‌വാനികള്‍ ചൈനയില്‍ താമസിക്കുന്നതിനാല്‍ ചൈനയെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകളൊന്നും നടത്താതിരിക്കാന്‍ തായ് പ്രസിഡൻറ്​ സായ് പ്രത്യേകം ശ്രദ്ധിക്കുന്നുമുണ്ട്. തായ്‌വാനെ ചൈനയുടെ ഭാഗമാക്കാനുള്ള ചൈനയുടെ ശ്രമങ്ങളെ തായ് ജനത അംഗീകരിക്കുന്നില്ല. അതുകൊണ്ട് തന്നെ ചൈനീസ് ഭീഷണിയെ ചെറുക്കുന്ന സായ് ഇങ്-വെന്‍ സര്‍ക്കാരിന് ശക്തമായ ജനപിന്തുണയാണുള്ളത്. അതേസമയം, ചൈനയെ നേരിടാനുള്ള സൈനികബലമില്ലാത്തതിനാല്‍ യു.എസ്. ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങളുടെ പിന്തുണ തേടി പ്രതിരോധമൊരുക്കാനാണ് സായ് ശ്രമിക്കുന്നത്.

  • Tags
  • #Taiwan
  • #China
  • #Nancy Pelosi
  • #US China War
  • #K.V. DivyaSree
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Gulf Money and Kerala

Expat

കെ.വി. ദിവ്യശ്രീ

മലയാളിയുടെ ഗൾഫ്​ കുടിയേറ്റത്തിൽ ഇടിവ്​, അയക്കുന്ന പണത്തിലും

Jul 21, 2022

17 Minutes Read

 Kunjila-Mascilamani.jpg

Gender

കെ.വി. ദിവ്യശ്രീ

കുഞ്ഞിലയുടെ ചോദ്യങ്ങളെ അക്കാദമിക്ക്​ നിശ്ശബ്​ദമാക്കാൻ കഴിയില്ല

Jul 18, 2022

15 Minutes Read

Dementia

Health

കെ.വി. ദിവ്യശ്രീ

ഡിമെൻഷ്യ മനുഷ്യരെ ചേർത്തുപിടിച്ച്​ ഇതാ, പുതിയൊരു​ കൊച്ചി

Jun 30, 2022

11 Minutes Watch

Pocso

POCSO

കെ.വി. ദിവ്യശ്രീ

പോക്‌സോയ്ക്ക്​ പത്തുവർഷം​; എന്തുകൊണ്ട്​ കേസുകൾക്കിപ്പോഴും ശൈശവം?

Jun 20, 2022

20 Minutes Read

ADHAR

Data Privacy

കെ.വി. ദിവ്യശ്രീ

നമ്മുടെ ഡാറ്റയും ഇ ഗവേണന്‍സ് ഫൗണ്ടേഷന് യു.പി.എ. - എന്‍.ഡി.എ വഴിയില്‍ ഇടതുപക്ഷ കേരളവും

May 29, 2022

6 Minutes Read

Transgenders

Transgender

കെ.വി. ദിവ്യശ്രീ

മരണങ്ങൾ തുടർക്കഥയാവുന്നു, ട്രാൻസ് ജനതയെ നാം കേട്ടുകൊണ്ടേയിരിക്കണം

May 25, 2022

8 Minutes Watch

Vattavada

Education

കെ.വി. ദിവ്യശ്രീ

സ്‌കൂളുകളില്‍ എന്തിനാണ് മാതൃസമിതികള്‍?

May 21, 2022

6 Minutes Read

Heavy Rain Kerala

Climate Emergency

കെ.വി. ദിവ്യശ്രീ

കേരളത്തിന്​ താങ്ങാനാകില്ല ഇങ്ങനെയൊരു മഴ

May 18, 2022

6 Minutes Watch

Next Article

ഗാംബ്ലിങ്​ എന്ന ആസക്തി, ലഹരി

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster