വയനാട്ടില്‍ നക്‌സലൈറ്റ് വേട്ടയുടെ മറവില്‍ നടന്നത്
പൊലീസിന്റെ അതിക്രൂരമായ ലൈംഗികാക്രമണം
വയനാട്ടില്‍ നക്‌സലൈറ്റ് വേട്ടയുടെ മറവില്‍ നടന്നത് പൊലീസിന്റെ അതിക്രൂരമായ ലൈംഗികാക്രമണം
തിരുനെല്ലി പഞ്ചായത്തില്‍ അവിവാഹിതരായ അമ്മമ്മാരുടെ എണ്ണം വര്‍ദ്ധിച്ചത് നക്സലൈറ്റുകാരെ പിടിക്കാന്‍ പൊലീസ്- സി.ആര്‍.പി. ക്യാമ്പ് നടത്തിയപ്പോഴാണെന്ന് സി.കെ. ജാനുവിന്റെ വെളിപ്പെടുത്തല്‍. നക്സലുകളുണ്ടെന്നുപറഞ്ഞ് പൊലീസുകാര്‍ ആദിവാസി കോളനികളില്‍ കയറിയിറങ്ങി. പുരുഷന്മാരെ ഭീഷണിപ്പെടുത്തിയും മര്‍ദ്ദിച്ചും സ്ത്രീകളെ ബലാത്സംഗം ചെയ്തു- ട്രൂ കോപ്പി വെബ്‌സീനില്‍ പ്രസിദ്ധീകരിക്കുന്ന ആത്മകഥയായ ‘അടിമമക്ക'യില്‍ അവര്‍ എഴുതുന്നു. കര്‍ണ്ണാടകയില്‍ ഇഞ്ചിപ്പാടത്ത് കൊണ്ടുപോയി ആദിവാസികളെ അടിമകളെ പോലെ പണിയെടുപ്പിക്കുന്നതായും അവിടെ നിന്ന് പല ആളുകളുടെയും മൃതശരീരമാണ് ഇങ്ങോട്ടുവരുന്നതെന്നും അവർ എഴുതുന്നു.
2 Aug 2022, 11:01 AM
‘‘തിരുനെല്ലി പഞ്ചായത്തിലൊക്കെ അവിവാഹിതരായ അമ്മമ്മാരുടെ എണ്ണം വര്‍ദ്ധിച്ചത് നക്സലൈറ്റുകാരെ പിടിക്കാന്‍ പൊലീസ്- സി.ആര്‍.പി. ക്യാമ്പ് നടത്തിയപ്പോഴാണ്. കാടിനകത്തെ ഒറ്റപ്പെട്ട ഗ്രാമമായിരുന്നു തിരുനെല്ലി. നക്സലുകളുണ്ടെന്നുപറഞ്ഞ് പൊലീസുകാര്‍ ആദിവാസി കോളനികളില്‍ കയറിയിറങ്ങി. പുരുഷന്മാരെ ഭീഷണിപ്പെടുത്തിയും മര്‍ദ്ദിച്ചും സ്ത്രീകളെ ബലാത്സംഗം ചെയ്തു. അന്നുമുതലാണ് അവിവാഹിതരായ അമ്മമാരുടെ എണ്ണം തിരുനെല്ലിയില്‍ കൂടാന്‍ തുടങ്ങിയത്. ഇവരുടെ ലൈംഗികചൂഷണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ തിരുനെല്ലി വിട്ട് വേറെ സ്ഥലങ്ങളിലേക്ക് പോകാന്‍ നമ്മളെ ആളുകള്‍ക്ക് അറിവില്ലായിരുന്നു. അന്ന് വിദ്യാഭ്യാസമില്ല, കാശില്ല. ഇപ്പോഴാണ് പുറംലോകവുമായി ഇടപെട്ടുതുടങ്ങിയത്.’’- ട്രൂ കോപ്പി വെബ്‌സീനിൽ പ്രസിദ്ധീകരിക്കുന്ന ‘അടിമമക്ക’ എന്ന ആത്മകഥയിൽ സി.കെ. ജാനു എഴുതുന്നു.
‘‘ആദിവാസി ഭൂമി അന്യാധീനപ്പെട്ടതുപോലെ നമ്മളെ സ്ത്രീകളുടെ ആത്മാഭിമാനവും മറ്റുള്ളവര്‍ ക്രൂരമായി കവര്‍ന്നെടുത്തു. നാള്‍ക്കുനാള്‍ വയനാട്ടിലെ കോളനികളില്‍ ലൈംഗിക ചൂഷണം മൂലമുള്ള അവിവാഹിത സ്ത്രീകളുടെ ഗര്‍ഭവും, നിയമവിരുദ്ധ ഗര്‍ഭഛിദ്രവും ഇതിന്റെ ഫലമായി ആദിവാസി യുവതികള്‍ മരിക്കുന്നതും നിത്യസംഭവമായി.’’
‘‘ഇത്രയധികം അവിവാഹിതരായ ആദിവാസി അമ്മമാരുണ്ടായിട്ടും വിവരവും, ബുദ്ധിയും, വിദ്യാഭ്യാസവും, രാഷ്ട്രീയബോധവും ഇല്ലെന്ന് നിങ്ങള്‍ പറയുന്ന ഒരു ആദിവാസി പുരുഷനും, അവിവാഹിതയായ ഒരു അമ്മയെയും സൃഷ്ടിച്ചിട്ടില്ല. ആദിവാസി പുരുഷന്‍ ഇതര വിഭാഗത്തിലെ സ്ത്രീയെ ഇഷ്ടപ്പെട്ട് കൂടെ കൂട്ടിയാല്‍ കൂലിപ്പണിയെടുത്തായാലും അവരെ അന്തസ്സോടെ പോറ്റും. ഇങ്ങനെ ജീവിച്ച പലരെയും മറ്റുള്ളവര്‍ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിച്ചിരുന്നില്ല. പുറത്ത്, വിവരവും ബുദ്ധിയും രാഷ്ട്രീയബോധവുമുണ്ടെന്നുപറഞ്ഞ് കൊട്ടിഘോഷിച്ചു നടക്കുന്ന മറ്റുള്ള ആളുകളാണ് അവിവാഹിതരായ അമ്മമാരുടെ ഉത്തരവാദികള്‍. സമൂഹത്തിലെ അത്തരം മാന്യന്മാരാണ് അവിവാഹിതരായ അമ്മമാരെ സൃഷ്ടിച്ചത്. അവര്‍ക്ക് വോട്ടും പണവുമുണ്ട്. ഇത് രണ്ടുമാണ് രാഷ്ട്രീയക്കാര്‍ക്ക് ആവശ്യം. അതുകൊണ്ടുതന്നെ ഇത്തരക്കാരെ പിണക്കാന്‍ രാഷ്ട്രീയക്കാര്‍ക്ക് താല്‍പര്യമില്ലായിരുന്നു. പകല്‍മാന്യന്മാരായി വിലസിനടക്കുന്ന ഇവര്‍ക്ക് എല്ലാ സഹായവും നല്‍കി, നിയമം അടക്കമുള്ള സംവിധാനങ്ങള്‍ കുറ്റവാളികള്‍ക്ക് അനുകൂലമാക്കി മാറ്റി, അവരെ സംരക്ഷിക്കുന്ന പണിയാണ് ഇതുവരെ ചെയ്തിട്ടുള്ളത്.’’
‘‘പൊലീസുകാര്‍, രാഷ്ട്രീയക്കാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഭൂവുടമകള്‍ എന്നിവരടക്കമുള്ളവരുടെ ലൈംഗിക ചൂഷണത്തിന്റെ ഇരകളായിരുന്നു അവിവാഹിതരായ അമ്മമാര്‍. അതുകൊണ്ടു തന്നെ പൊലീസുകാരുടെ അടുത്ത് നമ്മളെ സ്ത്രീകള്‍ പരാതിയുമായി ചെന്നാല്‍ ഇവര്‍ എങ്ങനെ പരാതി സ്വീകരിക്കും?. അടച്ചുറപ്പുള്ള വീടില്ലാതിരുന്നതുകൊണ്ട് ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും നമ്മളെ സ്ത്രീകളെ ഉപദ്രവിക്കാന്‍ പറ്റുമായിരുന്നു. എതിര്‍ത്താല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവര്‍ സ്ത്രീകളെ ലൈംഗികമായി ആക്രമിച്ചത്.’’
‘‘അവിവാഹിതരായ അമ്മമാരുടെ ജീവിതം ഇപ്പോഴും വഴിമുട്ടിയ അവസ്ഥയില്‍ തന്നെയാണ്. ഇവര്‍ക്കുവേണ്ടി പുനരധിവാസ പദ്ധതികളും, പാക്കേജുകളും പാസാക്കി അതും കൊള്ളയടിക്കുന്ന പണിയാണ് ഇവിടെ നടക്കുന്നത്. അവിവാഹിതരായ അമ്മമാരുടെ പേരില്‍ നടപ്പിലാക്കുന്ന പദ്ധതികളൊന്നും ഇവര്‍ അറിയുന്നുപോലുമില്ല. ഇവരുടെ പരിസരത്തുപോലും അതിന്റെ ഗുണം എത്തുന്നില്ല. എല്ലാം പത്രത്തിലും, പരസ്യത്തിലും മാത്രം ഒതുക്കുന്നു. ശാരീരിക- മാനസിക പീഡനത്തിനിരയായി, അസ്ഥിത്വമില്ലാത്ത ആത്മാവിനെ പോലെയാണ് അവരുടെ ജീവിതം.’’
ഇത്രയും കര്‍ശനമായ നിയമവ്യവസ്ഥയുണ്ടായിട്ടും ആദിവാസികള്‍ക്കും, ദലിതര്‍ക്കും എതിരെ ക്രൂരവും പൈശാചികവുമായ അതിക്രമം നിരന്തരം നടക്കുന്നു. ആദിവാസികളുടെ ഭൂമി പൂര്‍ണമായും കൈയ്യേറ്റം ചെയ്യപ്പെടുന്നു, അവര്‍ ആവാസവ്യവസ്ഥയില്‍ നിന്ന് കുടിയിറക്കപ്പെടുന്നു, ജാതിപ്പേരുവിളിച്ച് ആക്ഷേപിക്കപ്പെടുന്നു, അവിവാഹിതരായ അമ്മമാരുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു, ആദിവാസി പെണ്‍കുട്ടികളെ കെട്ടിയിട്ട് ലൈംഗികമായി ആക്രമിക്കുന്നു, ഭര്‍ത്താക്കന്മാര്‍ക്ക് മദ്യം കൊടുത്ത് സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നു, ആദിവാസികളെ പ്രദര്‍ശനവസ്തുവാക്കുന്നു, കള്ളക്കേസില്‍ കുടുക്കുന്നു, പേടിപ്പിച്ചും ബലം പ്രയോഗിച്ചും വോട്ട് ചെയ്യിപ്പിക്കുന്നു.
കര്‍ണ്ണാടകയില്‍ ഇഞ്ചിപ്പാടത്ത് കൊണ്ടുപോയി ആദിവാസികളെ അടിമകളെ പോലെ പണിയെടുപ്പിക്കുന്നു. അവിടെ നിന്ന് പല ആളുകളുടെയും മൃതശരീരമാണ് ഇങ്ങോട്ടുവരുന്നത്.
Truecopy Webzine
Aug 01, 2022
5 Minutes Read
Truecopy Webzine
Aug 01, 2022
3 Minutes Read
Truecopy Webzine
Aug 01, 2022
5 Minutes Read
Truecopy Webzine
Aug 01, 2022
2 minutes Read
ഷഫീഖ് താമരശ്ശേരി
Jul 26, 2022
9 Minutes Read
Truecopy Webzine
Jul 23, 2022
3 Minutes Read
Truecopy Webzine
Jul 16, 2022
4 Minutes Read