നിങ്ങളുടെ പത്രങ്ങളുടെ മുൻപേജിൽ കാലാവസ്​ഥാ പ്രതിസന്ധിയുണ്ടോ? മാധ്യമങ്ങളോട്​ ഗ്രെറ്റ തൻബെർഗ്​​

പ്രമുഖ ക്ലൈമറ്റ് ആക്ടിവിസ്റ്റുകളായ ഗ്രെറ്റ തൻബെർഗും വനേസ്സാ നകാതേയും ആഗോള പത്ര മാധ്യമങ്ങൾക്ക് എഴുതിയ അഭ്യർത്ഥനയാണിത്. ബ്രിട്ടനിലെ ഗ്ലാസ്‌ഗോവിൽ ഒക്‌ടോബർ 31 തൊട്ട് നവംബർ 12വരെ നടക്കുന്ന ആഗോള കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാനായി ഗ്ലാസ്‌ഗോവിലെത്തിയ ഗ്രെറ്റയും വനേസ്സയും സംയുക്തമായാണ് ഈ പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്.

പരിഭാഷ : ആർദ്ര പി.എ

ലോകമെമ്പാടുമുള്ള പ്രിയ മാധ്യമ പത്രാധിപന്മാരേ,
ഉരുകു ഹിമാനികൾ, കാട്ടുതീ, വരൾച്ച, മാരകമായ ഉഷ്ണ തരംഗങ്ങൾ, വെള്ളപ്പൊക്കം, ചുഴലിക്കാറ്റുകൾ, ജൈവവൈവിധ്യ നഷ്ടം. ഇതെല്ലാം, എല്ലായെപ്പോഴും നമുക്ക് ചുറ്റും സംഭവിക്കുന്നു, അസ്ഥിരമാക്കപ്പെടുന്ന ഒരു ഗ്രഹത്തിന്റെ ലക്ഷണങ്ങളാണ് അവ.

അത്തരത്തിലുള്ള കാര്യങ്ങളാണ് ചിലപ്പോഴെങ്കിലും നിങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചിലസമയങ്ങളിൽ കാലാവസ്ഥാ പ്രതിസന്ധി ഇതിനെക്കാളൊക്കെ വളരെ വലുതാണ്.

കാലാവസ്ഥാ പ്രതിസന്ധിയെ യഥാർത്ഥത്തിൽ ഉൾച്ചേർക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, സമയം, സമഗ്ര ചിന്ത, നീതി എന്നീ അടിസ്ഥാന പ്രശ്‌നങ്ങളെക്കുറിച്ചും നിങ്ങൾ റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്.
ഇതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്? ഇവയെ ഒരോന്നായി പരിശോധിക്കാം.

ഒന്നാമതായി, സമയത്തെക്കുറിച്ചുള്ള സങ്കല്പം. നിങ്ങളുടെ വിവരണങ്ങളിൽ നഷ്ടമാകുന്ന സമയത്തെ സംബന്ധിച്ച (ticking cloak) ആശയം ഉൾപ്പെടുത്തിയില്ലെങ്കിൽ, കാലാവസ്ഥാ പ്രതിസന്ധി മറ്റ് വിഷയങ്ങൾക്കിടയിലെ ഒരു രാഷ്ട്രീയ വിഷയം മാത്രമാണ്, നമുക്ക് വാങ്ങാനോ നിർമ്മിക്കാനോ നിക്ഷേപിക്കാനോ കഴിയുന്നത്പോലെ. നമുക്ക് സമയത്തെ സംബന്ധിച്ച കാഴ്ചപ്പാട് ഉപേക്ഷിക്കുകയും ഇപ്പോഴത്തെപോലെ തുടരുകയും പിന്നീട് "പ്രശ്‌നങ്ങൾ പരിഹരിക്കുകയും' ചെയ്യാം. 2030ൽ 2050ൽ അല്ലെങ്കിൽ 2060ൽ. ലഭ്യമായ ഏറ്റവും മികച്ച ശാസ്ത്രം ചൂണ്ടിക്കാണിക്കുന്നത്, നമ്മുടെ നിലവിലെ ഉദ്‌വമന നിരക്ക് അനുസരിച്ച് 1.5 ഡിഗ്രി സെൽഷ്യസിൽ താഴെ തുടരുന്നതിന്, ശേഷിക്കുന്ന കാർബൺ ബജറ്റ് ഈ ദശാബ്ദത്തിന്റെ അവസാനത്തിന് മുന്നെ തീർന്നുപോകുമെന്നാണ്.
രണ്ടാമതായി, സമഗ്ര ചിന്ത. നമ്മുടെ ശേഷിക്കുന്ന കാർബൺ ബജറ്റ് പരിഗണിക്കുമ്പോൾ എല്ലാ അക്കങ്ങളും കണക്കാക്കപ്പെടുകയും നമ്മുടെ എല്ലാ ഉദ്‌വമനങ്ങളും ഉൾപ്പെടുത്തുകയും വേണം. നിലവിൽ ഉയർന്ന വരുമാനമുള്ള രാജ്യങ്ങളെയും വൻകിട മലിനീകരണക്കാരെയും നിങ്ങൾ ഒഴിവാക്കിയിരിക്കുകയാണ്, കഴിഞ്ഞ മുപ്പത് വർഷങ്ങളിലെ കഠിനാധ്വാനത്തിലൂടെ അവർ നിർമ്മിച്ചെടുത്ത, അപൂർണ്ണമായ സ്ഥിതിവിവരക്കണക്കുകൾക്കും പഴുതുകൾക്കും വാചാടോപങ്ങൾക്കും പിന്നിൽ ഒളിക്കാൻ അവരെ നിങ്ങൾ അനുവദിക്കൂ.
മൂന്നാമത്തേതും, മറ്റെല്ലാത്തിനേക്കാളും സുപ്രധാനമായതും നീതിയാണ്. കാലാവസ്ഥാ പ്രതിസന്ധി കേവലം തീവ്ര കാലാവസ്ഥ എന്നത് മാത്രമല്ല. അത് മനുഷ്യരെക്കുറിച്ച്കൂടിയാണ്. യഥാർത്ഥ മനുഷ്യരെക്കുറിച്ച്. കാലാവസ്ഥാ പ്രതിസന്ധി സൃഷ്ടിക്കാൻ ഏറ്റവും കുറച്ച് കാര്യങ്ങൾ ചെയ്ത ആളുകൾ തന്നെയാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത്. ദക്ഷിണാർദ്ധഗോളം കാലാവസ്ഥാ പ്രതിസന്ധിയുടെ മുൻനിരയിലാണെങ്കിൽ കൂടിയും ഒരിക്കലും ലോകത്തിലെ പത്രങ്ങളുടെ മുൻ പേജുകളിൽ വരാറില്ല. പാശ്ചാത്യ മാധ്യമങ്ങൾ കാലിഫോർണിയയിലോ ഓസ്ട്രേലിയയിലോ ഉള്ള കാട്ടുതീയിലും യൂറോപ്പിലെ വെള്ളപ്പൊക്കത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, കാലാവസ്ഥയുമായി ബന്ധപ്പെട്ട ദുരന്തങ്ങൾ ദക്ഷിണ ഗോളാർദ്ധ പ്രദേശങ്ങളിലുടനീളമുള്ള സമൂഹങ്ങളെ നശിപ്പിക്കുത് സംബന്ധിച്ച് വളരെ കുറച്ച് കവറേജ് മാത്രമേ ലഭിക്കാറുള്ളൂ.

നീതിയുടെ അംശം ഉൾപ്പെടുത്തണമെങ്കിൽ, ഉദ്‌വമനം കുറയ്ക്കുതിന് ചടുലതയേറിയ പ്രവർത്തനങ്ങൾക്കുള്ള ഉത്തരാർദ്ധഗോളത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം നിങ്ങൾക്ക് അവഗണിക്കാനാവില്ല. ഈ വർഷാവസാനത്തോടെ, ആഗോളതാപന വർദ്ധനവ് 1.5 ഡിഗ്രി സെൽഷ്യസിൽ താഴെ തുടരാനുള്ള 66% സാധ്യത നൽകുന്ന കാർബൺ ബജറ്റിന്റെ 89% ലോകം ഒന്നിച്ച് കത്തിച്ചുകളയും. അതുകൊണ്ടു തന്നെ ചരിത്രപരമായ ഉദ്‌വമനം കണക്കാക്കുക എന്നത് മാത്രമല്ല, വാസ്തവത്തിൽ കാലാവസ്ഥാ നീതിയെക്കുറിച്ചുള്ള സംവാദത്തിന്റെ ഹൃദയഭാഗം കൂടിയാണ് അത് തിരിച്ചറിയേണ്ടത് പ്രധാനമാക്കുന്നത്. എങ്കിലും ചരിത്രപരമായ ഉദ്‌വമനങ്ങൾ ഇപ്പോഴും മാധ്യമങ്ങളും അധികാരത്തിലുള്ള ആളുകളും പൂർണ്ണമായും അവഗണിക്കുകയാണ്.

പാരീസ് ഉടമ്പടിയിൽ നിശ്ചയിച്ചിട്ടുള്ള ലക്ഷ്യങ്ങൾക്ക് താഴെ നിൽക്കാനും അതുവഴി മനുഷ്യ നിയന്ത്രണത്തിന് അതീതമായി തിരിച്ചുപിടിക്കാനാവാത്ത ശൃംഖലാ പ്രവർത്തനങ്ങൾ സൃഷ്ടിക്കുതിനുള്ള അപകടസാധ്യതകൾ കുറയ്ക്കാനും, ലോകം ഇതുവരെ കണ്ടിട്ടുള്ളതിൽ നിന്ന് വ്യത്യസ്തമായി നമുക്ക് അടിയന്തിരമായും കർശനമായും വാർഷിക മലിനീകരണം കുറയ്‌ക്കേണ്ടതുണ്ട്.

സമീപഭാവിയിൽ അതിനോട് അടുത്തുനിൽക്കുന്ന എന്തെങ്കിലും ചെയ്യാൻ കഴിയുന്ന സാങ്കേതിക പരിഹാരങ്ങൾ നമ്മുടെ പക്കലില്ലാത്തതിനാൽ, നമ്മുടെ സമൂഹത്തിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ഈ പ്രതിസന്ധി പരിഹരിക്കുതിൽ നമ്മുടെ നേതാക്കൾ പരാജയപ്പെട്ടതിന്റെ അസുഖകരമായ ഫലമാണ് നാം അനുഭവിക്കുത്.
ഈ പരാജയം തിരുത്താൻ സഹായിക്കാനുള്ള നിങ്ങളുടെ ഉത്തരവാദിത്തം അമിതമായി കാണാനാവില്ല. നാമെല്ലാം സാമൂഹിക ജീവികളാണ്, നമ്മുടെ നേതാക്കളും മാധ്യമങ്ങളും നമ്മൾ ഒരു പ്രതിസന്ധിയിലാണെ മട്ടിൽ പെരുമാറിയില്ലെങ്കിൽ തീർച്ചയായും നമ്മൾ പ്രതിസന്ധിയിലാണെന്ന് നമുക്ക് മനസ്സിലാകില്ല. നമ്മുടെ സമൂഹം നേരിടുന്ന വലിയ വെല്ലുവിളികളെക്കുറിച്ച് വസ്തുനിഷ്ഠമായി പൗരന്മാരെ അറിയിക്കുന്ന,അത്തരത്തിൽ പ്രവർത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമമാണ് ജനാധിപത്യത്തിന്റെ അനിവാര്യ ഘടകങ്ങളിലൊന്ന്. മാധ്യമങ്ങൾ അധികാരത്തിലിരിക്കുന്ന ആളുകളെ അവരുടെ പ്രവർത്തനങ്ങൾക്കോ നിഷ്‌ക്രിയത്വത്തിനോ ഉത്തരവാദികളാക്കണം.

ഞങ്ങളുടെ അവസാന പ്രതീക്ഷകളിൽ ഒരാളാണ് നിങ്ങൾ. നമുക്കുള്ള വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയധികം ആളുകളിലേക്ക് എത്തിച്ചേരാനുള്ള സാധ്യതയും അവസരവും മറ്റാർക്കും ഇല്ല. നിങ്ങളില്ലാതെ ഞങ്ങൾക്ക് ഇത് ചെയ്യാനാവില്ല. കാലാവസ്ഥാ പ്രതിസന്ധി കൂടുതൽ പ്രാധാന്യമുള്ളതായി മാറാൻ പോകുന്നു. നമുക്ക് ഇപ്പോഴും ഏറ്റവും മോശമായ അനന്തരഫലങ്ങൾ ഒഴിവാക്കാനാകും. പക്ഷെ ഇന്നത്തെ പോലെ തുടർന്നാൽ അത് സാധ്യമല്ല. ഒറ്റരാത്രികൊണ്ട് കഥ മാറ്റാനുള്ള വിഭവങ്ങളും സാധ്യതകളും നിങ്ങൾക്കുണ്ട്.ആ വെല്ലുവിളി സ്വീകരിക്കണോ വേണ്ടയോ എന്നത് നിങ്ങളുടെ തീരുമാനമാണ്. രണ്ടായാലും ചരിത്രം നിങ്ങളെ വിധിക്കും.

(സ്വീഡിഷ് സ്‌കൂൾ വിദ്യാർത്ഥിനിയായ ഗ്രെറ്റ തൻബെർഗ് മുൻകൈയ്യെടുത്ത് ആരംഭിച്ച "ഫ്രൈഡേ ഫോർ ഫ്യൂച്ചർ' പ്രസ്ഥാനവും ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിൽ നിന്നുള്ള വനേസ്സാ നകാതേയുടെ നേതൃത്വത്തിൽ ആരംഭിച്ച "റൈസ് അപ്' പ്രസ്ഥാനവും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ആഗോള തലത്തിൽ ഉയർന്നുവരുന്ന യുവജന മുന്നേറ്റങ്ങൾക്ക് ആവേശം പകരുന്നതാണ്).


Summary: പ്രമുഖ ക്ലൈമറ്റ് ആക്ടിവിസ്റ്റുകളായ ഗ്രെറ്റ തൻബെർഗും വനേസ്സാ നകാതേയും ആഗോള പത്ര മാധ്യമങ്ങൾക്ക് എഴുതിയ അഭ്യർത്ഥനയാണിത്. ബ്രിട്ടനിലെ ഗ്ലാസ്‌ഗോവിൽ ഒക്‌ടോബർ 31 തൊട്ട് നവംബർ 12വരെ നടക്കുന്ന ആഗോള കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാനായി ഗ്ലാസ്‌ഗോവിലെത്തിയ ഗ്രെറ്റയും വനേസ്സയും സംയുക്തമായാണ് ഈ പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്.


Comments