കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ഉന്നതതലത്തിലുള്ള ആലോചനകൾക്കായി ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ഈജിപ്തിൽ നടക്കുന്ന COP - 27 സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ ശാന്തസമുദ്രത്തിലെ ഒരു കൊച്ചു ദ്വീപായ റ്റുവാലുവിന്റെ ഭരണാധികാരിയായ പ്രധാനമന്ത്രി കൗസിയ നറ്റാനോ നവംമ്പർ ഏഴിന് നടത്തിയ ഒരു പ്രസ്താവന പ്രശ്നത്തിന്റെ ഗുരുതര സ്വഭാവവും അടിയന്തരമായി ഇടപെടേണ്ടതിന്റെ പ്രാധാന്യവും വിളിച്ചോതുന്നു:
"കോപ് - 27 ലെ ലോക നേതാക്കളേ, കാലാവസ്ഥാമാറ്റം ഈ ശാന്തസമുദ്ര ദ്വീപുകളെ കടലിൽ മുക്കുകയാണ്. എണ്ണ, പ്രകൃതിവാതകം, കല്‌ക്കരി ഇവയോടുള്ള ലോകത്തിന്റെ ആസക്തി ഞങ്ങളുടെ നാടിനെ കടൽ വിഴുങ്ങുമെന്ന ഭീഷണി ഉയർത്തുന്നുണ്ട്. ഞങ്ങളുടെ ജന്മസ്ഥലം ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കപ്പെടുമ്പോൾ അത് കൈയ്യുംകെട്ടി നോക്കിയിരിക്കാനാവില്ല. അതുകൊണ്ട് ഞങ്ങൾ നൊബേൽ സമ്മാന ജേതാക്കളായ 100 ശാസ്ത്രജ്ഞരോടും ആയിരക്കണക്കിന് മറ്റ് ശാസ്ത്രജ്ഞരോടും ഒപ്പം ചേർന്ന് ഖനിജ ഇന്ധന നിർവ്യാപനക്കരാറിലേർപ്പെടാൻ ലോകനേതാക്കളെ പ്രേരിപ്പിക്കുകയാണ്. ഭൂമിയിൽ സമാധാനം സ്ഥാപിക്കേണ്ട സമയമായിരിക്കുന്നു. കാലാവസ്ഥാ ദുരന്തങ്ങൾ മൂലം കഷ്ടനഷ്ടങ്ങൾക്കിരയായ രാജ്യങ്ങൾക്ക് നഷ്ടപരിഹാരം നൽകാനും മലിനീകരിക്കുന്നവർ അതിന്റെ പിഴയൊടുക്കാനുമുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ഞങ്ങൾ വീട് എന്നു വിളിക്കുന്ന ഇടം ഒരു ദിവസം കടലെടുക്കുമെന്ന് അവർ പറയുന്നു. പക്ഷേ ഒരു കാര്യം ഞാൻ വാക്കു തരുന്നു: ആ ദിവസം വരുന്നതുവരെയും ഞങ്ങൾ പൊരുതിക്കൊണ്ടിരിക്കും.'
26 ച.കി.മീ. വിസ്തീർണ്ണവും ഉദ്ദേശം 12000 ജനസംഖ്യയുമുള്ള റ്റുവാലു മാത്രമല്ല
ശാന്തസമുദ്രത്തിലെ ഒരു കൊച്ചുദ്വീപായ കിറിബാറ്റിയിലെ 1,19000 ത്തോളം വരുന്ന, പവിഴദ്വീപുകളെ ആശ്രയിച്ച് ജീവിക്കുന്ന, ജനങ്ങളും അക്ഷരാർത്ഥത്തിൽ അവരുടെ നാട് അപ്രത്യക്ഷമാവുന്നതിന്റെ അങ്കലാപ്പിലാണ്. അവരെ സംബന്ധിച്ചിടത്തോളം, കാലാവസ്ഥാവ്യതിയാനം കപടമോ അമൂർത്തമോ ആയ ഏതോ ശാസ്ത്രസിദ്ധാന്തമോ "എങ്കിലു'കളും "പക്ഷേ'കളും നിറഞ്ഞ ഒരു വിവാദവിഷയമോ അല്ല. സ്വന്തം ജീവിതം പച്ചയ്ക്ക് നേരിടേണ്ട അനിഷേധ്യമായ ഒരു യഥാർഥ ദുരന്തമാണ്. ദൈനംദിനം അവർ അതിനെ അഭിമുഖീകരിക്കുകയും അതിനെക്കുറിച്ച് സംസാരിക്കുകയും അതിനെതിരെ ആവുന്ന വിധത്തിൽ പൊരുതുകയുമാണ് ചെയ്തുകൊണ്ടിരിക്കുന്നത്.
ഇത്തരം ചെറു രാജ്യങ്ങളെയും ദ്വീപുകളെയും മാത്രമല്ല സമുദ്രതീരത്തുള്ള പ്രദേശങ്ങളും സമുദ്ര നിരപ്പിൽ നിന്നും താഴെയുള്ള പ്രദേശങ്ങളും ഉൾപ്പെടുന്ന എല്ലാ രാജ്യങ്ങളെയും പെട്ടെന്ന് തന്നെ ബാധിക്കുന്ന ഒന്നാണ് കാലാവസ്ഥാമാറ്റം എന്ന് നിരന്തരം ശാസ്ത്രജ്ഞന്മാർ നമ്മെ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കാൻ തുടങ്ങിയിട്ട് ഏറെ വർഷങ്ങളായി. അപ്പോഴും ആഗോള കോർപ്പറേറ്റ് എണ്ണക്കമ്പനികളുടെയും ഖനിജ ഇന്ധന ലോബികളുടെയും സമ്മർദ്ദ തന്ത്രങ്ങൾക്ക് വഴങ്ങി കാലാവസ്ഥാ വ്യതിയാനമെന്നത് വെറും വ്യാജ പ്രചരണമാണെന്ന് വാദിക്കാനും ഭരണാധികാരികൾ മാത്രമല്ല ഏതാനും ശാസ്ത്രജ്ഞരുമുണ്ടായി. എങ്കിലും പാരീസിലുൾപ്പെടെ തുടരെത്തുടരെ യോഗം ചേർന്ന് കാർബൺ വിസർജ്ജനം കുറയ്ക്കുമെന്ന വാഗ്‌ദാനങ്ങൾ ലോക നേതാക്കൾ പുതുക്കാറുണ്ട്. അതിന്റെ തുടർച്ചയാണ് ഇപ്പോൾ ഈജിപ്തിൽ നടക്കുന്ന COP - 27.
കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രശ്നങ്ങളിലേക്കും വസ്തുതകളിലേക്കും അവയോടുള്ള ശാസ്ത്ര സമൂഹത്തിന്റെയും രാഷ്ട്ര നേതാക്കളുടെയും വ്യത്യസ്ത പ്രതികരണങ്ങളിലേക്കും ശ്രദ്ധയാകർഷിക്കാൻ ശ്രമിച്ച ശക്തമായ ഒരു ഡോക്യുമെൻററിയാണ് ലിയൊനാർഡൊ ഡി കാപ്രിയോ 2016 - ൽ നിർമ്മിച്ച "ബിഫോർ ദ ഫ്ലഡ്.' കാലാവസ്ഥാ വ്യതിയാന വിഷയത്തിൽ ഐക്യരാഷ്ട്രസഭയുടെ സമാധാന ദൂതനായി മൂന്നു വർഷക്കാലം അഞ്ചുവൻകരകളും സന്ദർശിച്ച് കാലാവസ്ഥാമാറ്റം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ നേരിട്ട് കണ്ടും പ്രമുഖ ശാസ്ത്രജ്ഞരോടും രാഷ്ട്രനായകരോടും മറ്റും സംസാരിച്ചും ഉണ്ടായ ബോധ്യങ്ങളാണ് ഡി കാപ്രിയോ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പങ്കിടുന്നത്.
അമരിക്കയുടെ മുൻ വൈസ് പ്രസിഡണ്ടായിരുന്ന അൽഗോർ അന്തരീക്ഷ താപനം ഉയർത്തുന്ന ഭീഷണിയെക്കുറിച്ച് നിർമ്മിച്ച ആൻ ഇൻകൺവീനിയൻറ് ട്രൂത്ത് എന്ന ചിത്രമായിരുന്നു ഡി കാപ്രിയോവിന് ഈ വിഷയത്തിൽ വഴികാട്ടിയായത്. പ്രശസ്തനടൻ എന്നതിലുപരി പരിസ്ഥിതി ആക്റ്റിവിസ്റ്റും പ്രകൃതി പരിരക്ഷണത്തിൽ തല്പരനുമായിരുന്ന ഡി കാപ്രിയോവിന് കാലാവസ്ഥാമാറ്റത്തിന്റെ ഗുരുതരാവസ്ഥയും അടിയന്തിരമായി ഇടപെടേണ്ടതിന്റെ ആവശ്യകതയും ബോദ്ധ്യപ്പെടുന്നത് യു.എൻ ദൗത്യത്തിന്റെ ഭാഗമായി ലോകത്തെ വിവിധ പ്രശ്നബാധിത പ്രദേശങ്ങൾ നേരിട്ട് സന്ദർശിച്ച് ചിത്രീകരണം നടത്തുമ്പോളാണ്. അദ്ദേഹത്തിന്റെ യാത്രകളും സംഭാഷണങ്ങളും ചിത്രം കാണുമ്പോൾ പ്രേക്ഷകരുടേത് കൂടിയായി മാറുന്നു. ചിത്രത്തിന്റെ നിർമ്മാതാവായ അദ്ദേഹത്തിന്റെ അനുഭവം അതേ തീവ്രതയോടെയോ അതിലും ഏറെയായോ നമുക്കും പങ്കിടാൻ കഴിയുന്നു എന്നതാണു ചിത്രത്തിന്റെ പ്രസക്തി വർദ്ധിപ്പിക്കുന്നത്. മറ്റൊരു പ്രശസ്ത സംവിധായകൻ മാർട്ടിൻ സ്കോർസെസിയും നിർമ്മാതാവായിട്ടുള്ള ഈ ചിത്രം സംവിധാനം ചെയ്തത് വേറെയും പാരിസ്ഥിതിക ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ഫിഷർ സ്റ്റീവൻസ് ആണ്.
കാലാവസ്ഥാമാറ്റത്തിന്റെ പ്രത്യാഘാതങ്ങൾ ഏതെങ്കിലുമൊരു പ്രദേശത്ത് ഒതുങ്ങിനില്ക്കുന്നതല്ല. കാരണം, ആഗോളതലത്തിൽ പരസ്പരാശ്രിതമായ ഒട്ടേറെ പ്രതിഭാസങ്ങളെ ആശ്രയിച്ച് നിലനില്ക്കുന്ന ഒന്നാണ് കാലാവസ്ഥ. ഡി കാപ്രിയോയും സ്റ്റീവൻസും ഒന്നിച്ചു നടത്തുന്ന ഈ യാത്രയിൽ, വരാൻ പോവുന്ന മഹാദുരന്തം തടയുവാനോ ലഘൂകരിക്കുവാനോ മാർഗ്ഗമെന്ത് എന്ന ചോദ്യത്തിന് ഉത്തരമാണ് അവർ വിദഗ്ദ്ധരിൽനിന്നും തേടുന്നത്. കാറ്റ്, സൗരോർജം പോലുള്ള പുതുക്കാവുന്ന ഊർജ സ്രോതസ്സുകളിലേക്ക് ഉടൻ മാറുവാനും ഖനിജ ഇന്ധനങ്ങളെ എത്രയും വേഗം ഒഴിവാക്കുവാനും കഴിഞ്ഞാൽ കാർബൺ വിസർജനവും താപനവും നിയന്ത്രിക്കുവാൻ കഴിയും; കാർബൺ ഉദ്വമനം നടത്തുന്ന കമ്പനികൾക്ക് കനത്ത കാർബൺ ടാക്സ് ഏർപ്പെടുത്തിയാൽ അതും ഖനിജ ഇന്ധന ഉപയോഗം നിരുത്സാഹപ്പെടുത്തും - ഇതാണ് ഇരുവർക്കും ലഭിച്ച ഉത്തരങ്ങളുടെ രത്നച്ചുരുക്കം.
പതിനഞ്ചാം നൂറ്റാണ്ടിലെ ചിത്രകാരനായിരുന്ന ഹിറോണിമസ് ബോഷിന്റെ ഭൂമിയിലെ ആഹ്ലാദങ്ങളുടെ പൂന്തോട്ടംഎന്ന ചിത്രത്തിന്റെ പാനലുകൾ ശൈശവത്തിൽ തന്റെ തൊട്ടിലിൽ കിടന്നു കണ്ടതിന്റെ ഓർമ്മകൾ സിനിമയുടെ തുടക്കത്തിൽ ഡി കാപ്രിയോ പങ്കിടുന്നുണ്ട്. സ്വർഗ്ഗതുല്യമായ ഈ ഭൂമി പിന്നീട് നരകമാവുന്നതിനെക്കുറിച്ചും സപ്തമഹാപാപങ്ങളിലൂടെ മനുഷ്യൻ ഭൂമിയെ നശിപ്പിക്കുന്നതിനെക്കുറിച്ചുമെല്ലാമുള്ള പ്രമേയം മലിനീകരണത്തിലൂടെ നശിപ്പിക്കപ്പെടുന്ന ഭൂമിയുടെ ഇന്നത്തെ അവസ്ഥയുടെ രൂപകമാവുന്നുണ്ട്. ചിത്രത്തിലെ അവസാന പാനൽ നശിപ്പിക്കപ്പെട്ട പറുദീസയാണ്. പ്രളയത്തിന് മുമ്പ് മനുഷ്യർ എന്ന, നടുവിലുള്ള പാനലിന്റെ പേരിൽ നിന്നാണ് സിനിമയുടെ ശീർഷകം സ്വീകരിച്ചിട്ടുള്ളത്. കാലാവസ്ഥാമാറ്റത്തെ ഗൗനിച്ചില്ലെങ്കിൽ വരാനിരിക്കുന്ന വിപത്തിന്റെ ഒരു താക്കീതായി മാറുന്നുണ്ട് ഈ പെയിന്റിങ് സിനിമയ്ക്കകത്ത്.
യു.എൻ സെക്രട്ടറി ജനറൽ ബൻകി മൂൺ, ഡി കാപ്രിയോയെ കാലാവസ്ഥാമാറ്റവുമായി ബന്ധപ്പെട്ട് സമാധാന ദൂതനായി അവരോധിച്ചതിനെത്തുടർന്ന് അദ്ദേഹം ലോകമെമ്പാടും ഈ വിഷയം നേരിട്ടു കണ്ട് മനസ്സിലാക്കാനുള്ള ഒരു യാത്ര നടത്തുകയാണ്. സ്ഥിതിഗതികൾ താൻ വിചാരിച്ചിരുന്നതിലും രൂക്ഷമാണ് എന്നയാൾ തിരിച്ചറിയുന്നു. ബൾബു മാറ്റൽ പോലുള്ള ലളിതമായ വ്യക്തിതല പരിഹാരമാർഗ്ഗങ്ങൾ കൊണ്ടൊന്നും നേരിടാൻ കഴിയാത്ത ഒരു പ്രശ്നമായി കാലാവസ്ഥാമാറ്റം വളർന്നിരിക്കുന്നു എന്നും കാര്യങ്ങൾ കൂടുതൽ കൂടുതൽ ഗുരുതരമാവുകയാണ് എന്നും അയാൾക്ക് മനസ്സിലാവുന്നു. ഗ്രീൻലൻഡിലെ ഹിമപാളികൾക്ക് ത്വരിതഗതിയിൽ സംഭവിക്കുന്ന വിള്ളലും നാശവും ഭൗമശാസ്ത്ര വിദഗ്ദ്ധൻ പ്രൊഫ. ജെയ്സൺ ഫോക്സ് വിവരിക്കുന്നു. ഖനിജ ഇന്ധനങ്ങൾ മൂലം മഞ്ഞ് കറുത്തു പോയത് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ചൂട് ഇത്തോതിൽ കൂടിയാൽ ഗ്രീൻലൻഡ് ഇനി ഉണ്ടാവില്ല എന്നദ്ദേഹം പറയുന്നു. കാരണം, ഉയർന്ന താപം മൂലം നൂറു കണക്കിന് ക്യുബിക്ക് കിലോമീറ്റർ വരുന്ന, കരയിൽ നിന്നിരുന്ന, മഞ്ഞുമലകളാണ് കടലിലേക്ക് തകർന്നടിഞ്ഞത്.
കഴിഞ്ഞ 1000 വർഷത്തെ താപമാനങ്ങൾ രേഖപ്പെടുത്താനും താരതമ്യപഠനം നടത്താനുമുള്ള രീതി ശാസ്ത്രം വികസിപ്പിച്ചെടുക്കുകയും സമീപകാലത്ത് കുത്തനെയുണ്ടായ താപവർദ്ധനവിനെ ഒരു ‘ഹോക്കി സ്റ്റിക്ക് ഗ്രാഫി’ലൂടെ സമർത്ഥിക്കുകയും ചെയ്ത പ്രശസ്ത കാലാവസ്ഥാ ശാസ്ത്രജ്ഞൻ മൈക്കൽ. ഇ. മൻ കടന്നു വരുന്നുണ്ട് മനുഷ്യനിർമ്മിത കാലാവസ്ഥാ വ്യതിയാനം ഒരു നുണക്കഥയാണെന്ന് പറഞ്ഞു കൊണ്ട് കോർപ്പറേറ്റുകളുടെ താല്പര്യം സംരക്ഷിക്കുന്ന ശാസ്ത്രജ്ഞരെയും സ്ഥാപിത താല്പര്യക്കാരെയും അദ്ദേഹം തുറന്നു കാട്ടുന്നു. "ശാസ്ത്രം വെളിപ്പെടുത്തിയ വസ്തുതകൾ നേരത്തേ അംഗീകരിച്ചിരുന്നെങ്കിൽ സ്ഥിതി ഇത്ര ഗുരുതരമാവുമായിരുന്നില്ല. പിന്നീട് ജനസംഖ്യ വളരെക്കൂടി. പ്രശ്നപരിഹാരം കൂടുതൽ വിഷമകരവുമായി" എന്ന് ഡി കാപ്രിയോ പറയുന്നുണ്ട്. ചൈനയിലെ കാർബൺ മലിനീകരണത്തിന്റെ നേർക്കാഴ്ചകൾ അവതരിപ്പിച്ച ശേഷം അദ്ദേഹം ഇന്ത്യയിലെത്തുന്നു; സെന്റർ ഫോർ സയൻസ് & എൻവിറോൺമെൻറിന്റെ ഡയറക്റ്ററായ ഡോ. സുനിതാ നാരായണുമായി സാമാന്യം ദീർഘമായി സംസാരിക്കുകയും വെള്ളം കയറി നശിച്ച് പോയ ഉള്ളിപ്പാടങ്ങൾ സന്ദർശിക്കുകയും ചെയ്യുന്നു. ഹരിതഗൃഹ വാതകങ്ങൾ പുറത്ത് വിടാതെ എങ്ങിനെയാണ് ജനസംഖ്യ വേഗത്തിൽ കുതിച്ചുയരുന്ന വികസ്വര രാജ്യങ്ങൾ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുക എന്ന പ്രശ്നം സുനിത ഉന്നയിക്കുന്നുണ്ട് - "കാലാവസ്ഥാമാറ്റം പോലെ തന്നെ ഊർജ്ജ ലഭ്യതയും വെല്ലുവിളിയായിട്ടുള്ള രാജ്യമാണ് ഞങ്ങളുടേത്. ഇന്ത്യയിൽ ഓരോരുത്തർക്കും ഊർജ്ജം ലഭ്യമാണെന്ന് ഞങ്ങൾക്ക് ഉറപ്പ് വരുത്തണം.' ഇത് ശരിവച്ച് കൊണ്ട് ഡി കാപ്രിയൊ പ്രതിവചിക്കുന്നു. "ഇന്ത്യയിൽ 30 കോടി ജനങ്ങൾക്ക് വൈദ്യുതിയില്ല. അമേരിക്കയിലെ ജനസംഖ്യയുടെ അത്രയും വരും ഈ സംഖ്യ.' സുനിത ഇന്ത്യൻ പരിപ്രേക്ഷ്യം ശക്തമായി അവതരിപ്പിക്കുന്നുണ്ട്:
"നിങ്ങളോ ഞാനോ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, കല്ക്കരിയാണ് ഏറ്റവും വിലക്കുറവുള്ളത്. നിങ്ങൾ മറ്റൊരു വീക്ഷണകോണിൽ ഇത് കാണാൻ ശ്രമിക്കണം. പോയ കാലത്ത് പ്രശ്നം സൃഷ്ടിച്ചത് നിങ്ങളാണ്. ഞങ്ങൾ വരുംകാലത്ത് പ്രശ്നം സൃഷ്ടിക്കാൻ പോവുന്നതേ ഉള്ളൂ. 70 കോടി വീടുകളിൽ പാചകത്തിനു ജൈവ ഇന്ധനമാണ് ഇവിടെ ഉപയോഗിക്കുന്നത്. അത് കല്ക്കരിയിലേക്ക് മാറിയാൽ ഖനിജ ഇന്ധന ഉപയോഗം കൂടും. ലോകം ചുട്ടുപൊള്ളും.' ദരിദ്രർ സോളാറിലേക്ക് മാറണം; ഞങ്ങളുടെ തെറ്റുകൾ നിങ്ങളെന്തിന് ആവർത്തിക്കണം?' എന്നൊക്കെ അമേരിക്കയിലും മറ്റുമുള്ള ചിലർ പറയുമായിരിക്കും.'' ഇത് അത്ര എളുപ്പമാണെങ്കിൽ അമേരിക്ക സോളാറിലേക്ക് മാറണമായിരുന്നു. പക്ഷേ നിങ്ങൾ മാറിയില്ലല്ലോ... പറയാൻ പ്രയാസമുണ്ട്; തെറ്റിദ്ധരിക്കരുതേ! നിങ്ങളുടെ ഉപഭോഗം വാസ്തവത്തിൽ ഭൂമിയിൽ വലിയൊരു തുളയുണ്ടാക്കും. അതിനെക്കുറിച്ചാണ് നാം സംസാരിക്കേണ്ടത്. ഞാൻ ചില ചാർട്ടുകൾ കാണിച്ചു തരാം. ഒറ്റ അമേരിക്കൻ വീട്ടിലെ വൈദ്യുതി ഉപഭോഗം ചൈനയിലെ 10 വീട്ടിലേതും ഇന്ത്യയിലെ 34 വീട്ടിലേതും നൈജീരിയയിലെ 64 വീട്ടിലേതും ആണ്. എന്തുകൊണ്ടാണിത്? നിങ്ങൾ എന്തും വലുതായി പണിയുന്നു; ഊർജം നേരത്തേ ഉപയോഗിച്ചതിലും എത്രയോ കൂടുതൽ ഉപയോഗിക്കുന്നു. ജീവിത ശൈലിയും ഉപഭോഗവും കാലാവസ്ഥാ ചർച്ചയിൽ കേന്ദ്രസ്ഥാനത്ത് വരണം.'
ഇതൊക്കെ ശരിയാണെങ്കിലും, അമേരിക്കക്കാരോട് ജീവിതശൈലി മാറ്റാൻ പറഞ്ഞാൽ അത് നടപ്പില്ലെന്നാണ് തോന്നുന്നതെന്ന് ഡി കാപ്രിയോ പറയുന്നു "കാലാവസ്ഥാ പ്രതിസന്ധി പരിഹരിക്കണമെങ്കിൽ സോളാർ, കാറ്റ് ഇവയിൽ നിന്നുള്ള ഊർജം കൂടുതൽ ആദായകരമാവണം. അതിന് വേണ്ടി കൂടുതൽ നിക്ഷേപം നടത്തണം.' "ആരാണ് നിക്ഷേപം നടത്തുക? എങ്ങിനെയാണ് നടത്തുക?' എന്ന് സുനിത തിരിച്ചു ചോദിക്കുന്നു. "ഞങ്ങൾ ഇപ്പോൾ നടത്തുന്നുണ്ട്. അമേരിക്കയെക്കാൾ ചൈന നടത്തുന്നുണ്ട്. ലോകത്ത് മറ്റുള്ളവർക്ക് പാഠമാവാൻ അമേരിക്ക എന്തെങ്കിലും ചെയ്യുന്നുണ്ടോ? നിങ്ങൾ ഖനിജ ഇന്ധനത്തോട് ആസക്തിയുള്ള രാജ്യമാണ്. അതിൽ നിന്ന് വിടുതൽ നേടാൻ ഗൗരവപൂർവം നിങ്ങൾ ശ്രമിക്കുകയാണെങ്കിൽ, ഞങ്ങൾക്ക് നിങ്ങളിൽ നിന്ന് ചിലത് പഠിക്കാനുണ്ടാവും. പക്ഷേ, അത് സംഭവിക്കുന്നില്ലല്ലോ. കാലാവസ്ഥാ മാറ്റത്തിന്റെ ആദ്യ ആഘാതം താങ്ങാൻ സമ്പന്നരായ നമ്മളിൽ ചിലർക്ക് കഴിഞ്ഞേക്കാം. എന്നാൽ ഇന്ത്യയിലെയും ആഫ്രിക്കയിലെയും ബംഗ്ലാദേശിലെയും ദരിദ്രർക്ക് ഇപ്പോൾ തന്നെ ആഘാതം താങ്ങാൻ കഴിയുന്നില്ല. കാലാവസ്ഥാമാറ്റം വാസ്തവമാണ്; അടിയന്തര പ്രാധാന്യമുള്ളതുമാണ്; ഭാവനയല്ല എന്ന് രാജ്യങ്ങൾക്ക് ബോധമുണ്ടായിരിക്കണം.
തകർന്നു പോയിക്കൊണ്ടിരിക്കുന്ന ആവാസവ്യവസ്ഥകളായ പവിഴപ്പുറ്റുകൾ സമുദ്രജീവ ശാസ്ത്രജ്ഞൻ ജെറിമി ജാക്സൺ ഡി കാപ്രിയോവിനെ കാണിച്ചു കൊടുക്കുന്നുണ്ട് . പിന്നീട്, ഇന്തോനേഷ്യയിൽ എണ്ണപ്പനക്കൃഷിക്ക് വേണ്ടി തീവെച്ചു നശിപ്പിക്കുന്ന സുമാത്രയിലെ എരിഞ്ഞൊടുങ്ങുന്ന വനത്തിനു മുകളിലൂടെയുള്ള ഒരു ആകാശസഞ്ചാരമാണ്. കത്തിത്തീരുന്ന വനങ്ങളിൽ നിന്നുള്ള അഭയാർത്ഥികളായ ആൾക്കുരങ്ങുകൾക്ക് മൃഗശാലയിൽ പുനരധിവാസവും തീറ്റയും നൽകുന്നുണ്ട്! സ്വാഭാവികമായി വൻതോതിൽ കാർബൺ ആഗിരണം ചെയ്യുന്ന വനങ്ങൾ നശിപ്പിക്കുന്നതും കത്തിച്ചു കളയുന്നതും കാർബൺ മലിനീകരണത്തിന്റെ അളവ് എത്രയോ മടങ്ങ് വർദ്ധിപ്പിക്കുന്നതിന് ഇടയാക്കും. ഇതിനെതിരായ പ്രതികരണമെന്ന നിലയ്ക്ക് ചില ശാസ്ത്രജ്ഞർ പാമോയിൽ കമ്പനികളെ ബഹിഷ്കരിക്കാൻ നിർദ്ദേശിക്കുന്നുണ്ട്. ബീഫ് വ്യവസായത്തിനുള്ള കന്നുകാലി വളർത്തലിലൂടെ അന്തരീക്ഷത്തിലേക്ക് മീഥെയ്ൻ ഉത്സർജനം വൻതോതിൽ നടക്കുന്നു. തന്നെയുമല്ല കൃഷിയോഗ്യമായ ഭൂമിയുടെ വലിയൊരു പങ്ക് മാട്ടിറച്ചി വ്യവസായം അപഹരിക്കുന്നു. അതിനാൽ "ബീഫ് വേണ്ട. തമ്മിൽ ഭേദം ചിക്കനാണ്' എന്ന് ഒരു ശാസ്ത്രജ്ഞൻ തെളിവു സഹിതം സ്ഥാപിക്കുന്നുണ്ട്.
വെളിച്ചത്തിനും ഗതാഗതത്തിനുമൊക്കെ വേണ്ട ഊർജം ബദൽ ഉറവിടങ്ങളിലൂടെ കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ടെസ്‌ലയുടെ സ്ഥാപകനായ എലൺ മസ്ക് പ്രതിവർഷം അഞ്ചുലക്ഷം ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുന്ന "ഗിഗാ ഫാക്റ്ററി’ നെവാദാ മരുഭൂമിയിൽ സ്ഥാപിച്ചത്. ഇത്തരം നൂറു ഫാക്റ്ററികളുണ്ടായാൽ ലോകത്തിന് മുഴുവൻ ഈയാവശ്യങ്ങൾക്കുള്ള സ്ഥായിയായ ഉറവിടമായി അതു മാറും എന്നാണ് മസ്ക് വിലയിരുത്തുന്നത്.
പാരീസ് എഗ്രിമെന്റിനെക്കുറിച്ച് പ്രസിഡണ്ട് ബാരക്ക് ഒബാമയുമായി ഡി കാപ്രിയോ സംസാരിക്കുന്നുണ്ട്. പ്രസിഡണ്ട് യാഥാർത്ഥ്യബോധത്തോടെ പ്രശ്നത്തെ കാണുന്നുണ്ട്: "പാരീസിൽ നമ്മൾ ഉന്നമിടുന്ന ലക്ഷ്യം ശാസ്ത്രജ്ഞന്മാർ പറയുന്നതിന്റെ അടുത്തെങ്ങും എത്തില്ല. കൊല്ലം തോറും ഇതിന്റെ പരിധി ഉയർത്തിയാലും ആഗോള താപനത്തെ പഴയ പടിയാക്കാൻ നമുക്ക് കഴിയില്ല. പക്ഷെ അത് കൊടിയ ദുരന്തമാവാതെ തടയാൻ ഒരു പരിധി വരെ നമുക്ക് കഴിയും. ആർ എന്ത് നിഷേധിച്ചാലും ജനങ്ങൾ ശാസ്ത്രം മനസ്സിലാക്കുന്നുണ്ട്. യാഥാർത്ഥ്യം നമ്മൾ ഗൗനിച്ചില്ലെങ്കിലും അത് നമ്മുടെ മൂക്കിന് വന്നിടിക്കും.' താൻ കണ്ട പലതും തന്റെ കുട്ടികൾക്കും കാണാൻ കഴിയണമെന്ന കാല്പനികമായ ഒരാഗ്രഹം കൊണ്ടു മാത്രമല്ല ധ്രുവപ്രദേശത്തെ മഞ്ഞുപാളികൾ നിലനിർത്തണമെന്ന് പറയുന്നത്; കാലാവസ്ഥാമാറ്റം കേവലം പാരിസ്ഥിതിക പ്രശ്നം മാത്രമല്ല, വൻതോതിൽ അഭയാർത്ഥികളെ സൃഷ്ടിച്ച് രാജ്യങ്ങളുടെ ആഭ്യന്തര സുരക്ഷയെ അവതാളത്തിലാക്കുന്ന ഭീഷണി കൂടിയാണ് എന്നൊക്കെ ഒബാമ തുറന്ന് പറയുന്നുണ്ട്.
തുടർന്ന് വരുന്നത് അർബുദം ബാധിച്ച് അന്ത്യനാളുകളിലെത്തിയ ശാസ്ത്രജ്ഞൻ ഡോ. പിയേഴ്സ് സെല്ലേഴ്സ് താൻ ബഹിരാകാശ സഞ്ചാരത്തിനിടയ്ക്കെടുത്ത ഭൂമിയുടെ ദൃശ്യങ്ങൾ ഡികാപ്രിയോയെ കാട്ടിക്കൊടുക്കുന്നതാണ്. ശാസ്ത്രജ്ഞനെന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഉത്ക്കണ്ഠ ഇതിലൂടെയൊക്കെ വെളിപ്പെടുന്ന കാലാവസ്ഥാ മാറ്റത്തിന്റെ രൂക്ഷതയാണ് : "മഞ്ഞുരുകുന്നുണ്ട്; ഭൂമിക്ക് ചൂട് കൂടുന്നുണ്ട്; സമുദ്രനിരപ്പ് ഉയരുന്നുണ്ട് ഇതൊക്കെ വസ്തുതകളാണ്. യാഥാർത്ഥ്യബോധത്തോടെ ഇതിനൊരു പരിഹാരം കണ്ടെത്തുകയാണ് വേണ്ടത്'എന്നദ്ദേഹം പറയുന്നു.
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ഫ്രാൻസിസ് മാർപ്പാപ്പ ഒരു ചാക്രികലേഖനം ഇറക്കുന്നുണ്ട്. ആഗോള താപനം അവസാനിപ്പിക്കാൻ ഉടൻ നടപടി സ്വീകരിക്കാനുള്ള ആഹ്വാനമാണതിലുള്ളത്. "എന്തിനും പരിഹാരമുണ്ട്. നമ്മുടെ ചുവടുകൾ നമുക്ക് തിരുത്താൻ കഴിയും. കാര്യങ്ങൾ ഒരു തകർച്ചയുടെ വക്കിലാണ് എന്ന് സൂചനകളുണ്ട്.' കാലാവസ്ഥാ മാറ്റത്തിന്റെ പ്രശ്നത്തിൽ ആധുനിക ശാസ്ത്രത്തെയാണ് സ്വീകരിക്കേണ്ടതെന്ന് മാർപ്പാപ്പ പറയുന്നു. ചരിത്രത്തിലിത് ഇതാദ്യമാണ് ഒരു മതമേധാവി ഇത്തരം പ്രശ്നത്തിൽ നേരിട്ട് ഇടപെടുന്നത്.
പിന്നെ, പാരീസ് ഉച്ചകോടിയിൽ അവസാനത്തെ പ്രഭാഷകനായി ഡികാപ്രിയോ സംസാരിക്കുന്നു. യുഎൻ സമാധാന ദൂതനായി താൻ കഴിഞ്ഞ രണ്ടു വർഷം ലോകമെമ്പാടും സഞ്ചരിച്ചപ്പോൾ കണ്ട നടുക്കുന്ന കാഴ്ചകളെക്കുറിച്ച് സൂചിപ്പിച്ചു കൊണ്ടു അദ്ദേഹം പറയുന്നു "നമ്മുടെ കുട്ടികൾ നമ്മളെപ്പറ്റി ഭാവിയിൽ പറയുക ഇതൊക്കെ തടയുവാൻ മാർഗ്ഗങ്ങളുണ്ടായിട്ടും അതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഇല്ലാതെ പോയ ആളുകളാണ് നമ്മൾ' എന്നായിരിക്കും. "പാരീസ് ഉടമ്പടിയിൽ ഒപ്പ് വെക്കാൻ ഇത്രയധികം ആളുകൾ എത്തിയത് നല്ല കാര്യം തന്നെ. പക്ഷേ ഇതൊന്നും പോര. പെട്ടെന്ന് തന്നെ വലിയ ഒരു മാറ്റമാണ് ആവശ്യമായിട്ടുള്ളത് : ഒരു പുതിയ കൂട്ടായ ബോധത്തിലേക്ക് നയിക്കുന്ന ഒന്ന്... മനുഷ്യവംശത്തിന് വേണ്ടി അടിയന്തിരമായി ഇടപെടാനുള്ള ഒരു ബോധം. 21 കൊല്ലത്തെ വിവാദങ്ങൾക്കും കോൺഫറൻസുകൾക്കും ശേഷം ഇനി സംസാരത്തിനോ ഒഴിവ് കഴിവുകൾക്കോ ഉള്ള സമയമല്ല. ഇനി നമ്മുടെ ശാസ്ത്രവും നയങ്ങളും കല്പിക്കുവാൻ ഖനിജ ഇന്ധന കമ്പനികളെ അനുവദിച്ചുകൂട. അത് ഭാവിയെ ബാധിക്കും. ലോകം നമ്മെ നിരീക്ഷിക്കുന്നുണ്ട്. ഭാവി തലമുറ ഒന്നുകിൽ നിങ്ങളെ അനുമോദിക്കും അല്ലെങ്കിൽ നിങ്ങളെ പഴിക്കും. ഭൂമിയുടെ അവസാന പ്രതീക്ഷ നിങ്ങളിലാണ്. അതിനെ സംരക്ഷിക്കാൻ ഞങ്ങളാവശ്യപ്പെടുന്നു. ഇല്ലെങ്കിൽ നമ്മളും നമ്മൾ പിന്തുടരുന്ന എല്ലാ ജീവജാലങ്ങളും ചരിത്രമാവും."
പാരീസ് ഉച്ചകോടിയും ഉടമ്പടിയും കഴിഞ്ഞ് ഏഴു വർഷം പിന്നിട്ടു. പ്രശ്നത്തിന്റെ അടിയന്തര സ്വഭാവം ഇന്ന് ഏതാണ്ട് എല്ലാ രാജ്യങ്ങളും അംഗീകരിക്കുന്നുണ്ട്. എന്നാൽ ഉച്ചകോടികളിലെ കേവലമായ പ്രഖ്യാപനങ്ങൾക്കപ്പുറം പരിഹാര നടപടികൾക്കായുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഇനിയും രാഷ്ട്ര നായകർ പ്രകടിപ്പിക്കുന്നില്ല എന്നതാണ് അദ്ഭുതം. മനുഷ്യരെ മാത്രമല്ല, ജൈവമണ്ഡലത്തെ മുഴുവൻ ബാധിക്കുന്ന പ്രശ്നമാണിത്. മനുഷ്യരുടെ മൊത്തം വിഭവചൂഷണമല്ല മറിച്ച് മുതലാളിത്തത്തിന്റെ ദുരയും ഭ്രാന്തമായ വികസനവുമാണ് ഈ പ്രതിസന്ധിയിൽ നമ്മെ എത്തിച്ചതെന്ന രാഷ്ട്രീയ യാഥാർത്ഥ്യം അംഗീകരിക്കാനുള്ള വിമുഖതയാണ് യഥാർത്ഥത്തിൽ ലോകതലത്തിൽ ഇപ്പോഴും പ്രശ്നപരിഹാരത്തിന് തടസ്സമായി നിൽക്കുന്നത്. സമത്വത്തിലും നീതിയിലും അധിഷ്ഠിതമായ സുസ്ഥിരവികസനശൈലി സ്വീകരിക്കുന്നതിലൂടെ മാത്രമേ അടിസ്ഥാനപരമായി ഈ പ്രതിസന്ധിയെ നേരിടാൻ കഴിയൂ. ഡി കാപ്രിയൊ ഉൾപ്പെടെയുള്ളവർക്ക് ഇത് അംഗീകരിക്കാൻ വിഷമമുണ്ട്. എങ്കിൽപ്പോലും നമ്മുടെ കാലഘട്ടം നേരിടുന്ന ഏറ്റവും തീവ്രമായ ഈ വെല്ലുവിളിയെക്കുറിച്ച് ഏത് സാധാരണക്കാർക്കും ഉൾക്കാഴ്ച നൽകുന്ന വിധത്തിൽ ചിത്രീകരിച്ചിട്ടുള്ള ബിഫോർ ദി ഫ്ളഡ് കോപ്പ് 27 ന്റെ ഈ സന്ദർഭത്തിൽ ഒന്നു കൂടി കാണുവാൻ സഹൃദയരെ ഓർമ്മപ്പെടുത്തുകയാണ് ഈ ലേഖനം ലക്ഷ്യമിടുന്നത്.