ശൈത്യകാലത്തെ ചൂട് കാറ്റ്, അനിയന്ത്രിതമായ ആള്‍പ്പെരുപ്പം കത്തിയമരുകയാണ് കാലിഫോര്‍ണിയ

കാലാവസ്ഥാ വ്യതിയാനം മൂലം കാലിഫോർണിയ തുടരെത്തുടരെ കത്തി നശിക്കുകയാണ്. കഴിഞ്ഞ 1200 വർഷത്തിനിടയിലെ ഏറ്റവും വരണ്ട കാലാവസ്ഥയിലൂടെയാണ് അമേരിക്കയുടെ തെക്കപടിഞ്ഞാറൻ മേഖലകൾ കടന്നുപോകുന്നത്.

News Desk

“ഞങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണിത്”. ലോസാഞ്ചലസിലെ പോലീസ് ഉദ്യോഗസ്ഥൻ ബുധനാഴ്ച പത്രസമ്മേളനത്തിൽ പറഞ്ഞ കാര്യമാണിത്. ചൊവ്വാഴ്ചയാണ് കാലിഫോർണിയയിൽ തീ പടർന്നു തുടങ്ങിയത്. കാലിഫോർണിയക്ക് കാട്ടുതീ പുതുമയുള്ള കാര്യമായിരുന്നില്ല. എന്നാൽ ഈ തണുപ്പ് കാലത്ത് ലോസാഞ്ചലസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീ ഇതിനകം 31,000 ഏക്കർ ചാമ്പലാക്കി കഴിഞ്ഞു. കാലിഫോർണിയയുടെ അഞ്ച് ഭാഗങ്ങളിൽ തീ ആളിപ്പടരുന്നുണ്ട്. 180, 000 പേരെ ഇതിനോടകം ഒഴിപ്പിക്കുകയും പത്തു പേർ മരിക്കുകയും ചെയ്തു. ഔദ്യോഗിക കണക്ക് ഇതാണെങ്കിലും മരണസംഖ്യയും നാശനഷ്ടങ്ങളുടെ കണക്കും ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. 50 ബില്യൺ ഡോളറിന്റെ നാശനഷ്ടമാണ് ഇപ്പോള്‍ കണക്കാക്കുന്നത്. അമേരിക്ക കണ്ട ഏറ്റവും വലിയ കാട്ടുതീ കൂടിയാണ് കാലിഫോർണിയയിൽ പടരുന്നത്. പ്രകൃതിക്ക് മുന്നിൽ ലോകത്തിലെ ഏറ്റവും സമ്പന്നമായ പ്രദേശങ്ങളാകെ തീയിൽ പുകഞ്ഞ് തീരുകയാണ്.

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് സംഭവിച്ചിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം കാലിഫോർണിയ തുടരെത്തുടരെ കത്തി നശിക്കുകയാണ്. കഴിഞ്ഞ 1200 വർഷത്തിനിടയിലെ ഏറ്റവും വരണ്ട കാലാവസ്ഥയിലൂടെയാണ് അമേരിക്കയുടെ തെക്കുപടിഞ്ഞാറൻ മേഖലകൾ കടന്നുപോകുന്നത്. മാലിബുവിനും സാന്റാ മോണിക്കക്കുമിടയിൽ തീരദേശമായ പാലിസേഡ്‌സ്, ഈറ്റിൻ, സെൻഫെർണാണ്ടോയുടെ ഉത്തരപശ്ചിമ ഭാഗത്തെ ഹർസ്റ്റ്, വുഡ്ലി പാർക്കിന് സമീപത്തും വെഞ്ച്യൂറ കൗണ്ടിയിലെ ഒലിവാസിലും ആക്ടൺ പ്രദേശത്തെ ലിഡിയ മേഖലയിലും ഹോളിവുഡ് ഹിൽസിലുമാണ് തീപ്പിടിത്തമുണ്ടായിരിക്കുന്നത്. പാലിസാഡസിൽ 15,832 ഏക്കറോളം പ്രദേശമാണ് പടർന്നുപിടിച്ച തീയിൽ നശിച്ചത്. ഈറ്റൺ മേഖലയിൽ 10,600 ഏക്കറിലധികം സ്ഥലത്ത് തീ പടർന്നതിൽ ആയിരത്തിലധികം കെട്ടിടങ്ങളും ഹർസ്റ്റ് മേഖലയിൽ 850 ഏക്കറും കത്തിനശിച്ചു. ലോകത്തിലെ ഏറ്റവും വിലയേറിയ വീടുകളുള്ള പ്രദേശമായ ഹോളിവുഡ് ഹിൽസിലെ വീടുകൾ പലതും കത്തിച്ചാമ്പലായിട്ടുണ്ട്. ഹോളിവുഡ് ഹിൽസിൽ താരങ്ങളുടെ ആഡംബര വീടുകളടക്കം ആറായിരത്തോളം കെട്ടിടങ്ങളാണ് കത്തിയമർന്നത്. ഹോളിവുഡ് ഹിൽസിൽ തീ ക്രമാതീതമായി തുടരുന്നുണ്ട്.

നീണ്ടകാലത്തെ വരണ്ട കാലാവസ്ഥയും കഴിഞ്ഞ രണ്ട് വർഷത്തെ ആർദ്രത കൂടിയ ശൈത്യകാലവുമാണ് പ്രധാനമായും കാലിഫോർണിയയിലെ ഈ ഭീകരമായ തീപ്പിടുത്തതിന്റെ പ്രാഥമികകാരണമായി കരുതുന്നത്. കാലിഫോർണിയയിൽ ശൈത്യകാലങ്ങളിൽ സാധാരണയായി കാറ്റ് വീശാറുണ്ട്. സാന്റാ അന എന്ന ഈ കാറ്റ് ഈ വർഷം ശക്തിയായി വീശിയതും ഉണങ്ങിയ മരങ്ങളിലേക്ക് വേഗത്തിൽ തീ പടരാൻ കാരണമാകുന്നുണ്ട്.

സാന്റാ അന എന്ന ചൂട് കാറ്റ്

സാന്റാ മോനിക മലിബു പ്രദേശങ്ങൾക്കിടയിലുള്ള പ്രദേശങ്ങളിലാണ് കാട്ടുതീ വ്യാപകമായി കത്തുന്നത്. ഈ പ്രദേശത്ത് അവസാനമായി മഴ പെയ്തത് കഴിഞ്ഞ മെയ് മാസത്തിലാണ്. ചെറിയ രൂപത്തിൽ ഉണ്ടായ കാട്ടുതീയെ ഇത്രയും വലിയ ഭീമാകാരമായ കാട്ടുതീയായി മാറ്റിയതിൽ സാന്റാ അന എന്ന കാറ്റിന് വലിയ പങ്കുണ്ട്. 112 കിലോമീറ്റർ വേഗതയിൽ വീശുന്ന ഈ കാറ്റ് തീ വേഗത്തിൽ പടരാൻ കാരണമാകുന്നുണ്ട്.

കാലിഫോർണിയയിൽ പലപ്പോഴും വീശിയടിക്കുന്ന വരണ്ടതും ചൂട് കൂടിയതുമായ സാന്റാ അന കാറ്റാണ് കാട്ടുതീ വേഗത്തിൽ പടർത്തുന്നതെന്ന് ലണ്ടനിലെ ഇംപീരിയൽ കോളജ് പ്രൊഫസർ അപ്പോസ്‌റ്റോലോസ് വോൾഗരാകിസ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തോടൊപ്പം സാന്റാ അന കാറ്റും സ്ഥിതി വഷളാക്കുന്നതായി അദ്ദേഹം പറഞ്ഞു.

നീണ്ടകാലത്തെ വരണ്ട കാലാവസ്ഥയും കഴിഞ്ഞ രണ്ട് വർഷത്തെ ആർദ്രത കൂടിയ ശൈത്യകാലവുമാണ് പ്രധാനമായും കാലിഫോർണിയയിലെ ഈ ഭീകരമായ തീപ്പിടുത്തതിന്റെ പ്രാഥമികകാരണമായി കരുതുന്നത്.
നീണ്ടകാലത്തെ വരണ്ട കാലാവസ്ഥയും കഴിഞ്ഞ രണ്ട് വർഷത്തെ ആർദ്രത കൂടിയ ശൈത്യകാലവുമാണ് പ്രധാനമായും കാലിഫോർണിയയിലെ ഈ ഭീകരമായ തീപ്പിടുത്തതിന്റെ പ്രാഥമികകാരണമായി കരുതുന്നത്.

പർവതങ്ങളിൽ നിന്ന് കാലിഫോർണിയയിലെ തീരപ്രദേശത്തേക്ക് വീശുന്ന വളരെ ശക്തിയേറിയതും വരണ്ടതുമായ കാറ്റാണ് സാന്റാ അന കാറ്റ്. ജനുവരിയിൽ ആരംഭിച്ച് വർഷത്തിൽ ഏകദേശം 10 തവണ ഈ കാറ്റ് കാലിഫോർണിയയിൽ വീശാറുണ്ട്. 1948 മുതൽ 2018 വരെ 3258 തവണ സാന്റാ അന കാറ്റ് വീശിയിട്ടുണ്ട്. ദിവസങ്ങളോളം തുടർച്ചയായി കാറ്റ് വീശുമ്പോഴാണ് ഒരു തവണ കാറ്റ് വീശിയതായി കണക്കാക്കുന്നത്. ഇങ്ങനെ 1948 മുതൽ 2018 വരെ വീശിയ കാറ്റുകളിൽ 643 സംഭവങ്ങളും 36 ദിവസം വരെ നീണ്ടു നിന്നതായി ഗവേഷണ പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഒക്ടോബർ മുതൽ ജനുവരി വരെയുള്ള മാസങ്ങളിലാണ് കൂടുതലായും സാന്റാ അന കാറ്റ് വീശുന്നത്. സെപ്തംബർ മാസങ്ങളിൽ സംഭവിക്കുന്നതിനേക്കാൾ കൂടുതൽ തവണ ഡിസംബർ, ജനുവരി മാസങ്ങളിൽ കാറ്റ് വീശുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ വരണ്ട സാന്റാ അന കാറ്റ് വലിയ തീപ്പിടുത്തങ്ങളായി മാറുന്നുണ്ട്. സാൻ ഗബ്രിയേൽ പർവതങ്ങളിൽ നിന്നും തീരദേശത്തേക്ക് വീശുന്ന കാറ്റിന് ചൂട് കൂടുതലായത് കൊണ്ട് കൂടിയാണ് ഈ കാറ്റ് വരണ്ട പ്രദേശങ്ങളിൽ വലിയ തീപ്പിടുത്തം ഉണ്ടാക്കുന്നത്. ജനുവരി 7 ന് കാലിഫോർണിയയിൽ തീപ്പിടുത്തം ഉണ്ടാകുമ്പോഴും 5 ശതമാനത്തിലും കുറഞ്ഞ ആർദ്രതയായിരുന്നു ഈ കാറ്റിന് ഉണ്ടായിരുന്നത്. ഒട്ടും തന്നെ ഈർപ്പമില്ലാത്ത, വരണ്ടതും ചൂട് കൂടിയതുമായ സാന്റാ അന കാറ്റ് മുമ്പെങ്ങുമില്ലാത്ത വിധത്തിൽ തീ ആളിപ്പടരാൻ കാരണമായിട്ടുണ്ട്. സാന്റാ അന കാറ്റും കാട്ടുതീയും കാലിഫോർണിയക്ക് സുപരിചിതമാണെങ്കിലും ഇത്രയും വരണ്ട കാലാവസ്ഥ കൂടി ആയതോടെ കാറ്റും കാട്ടുതീയും കാലിഫോർണിയയെ കൂടുതൽ ഭീതിയിലാക്കുന്നുണ്ട്.

ഡിസംബർ മുതൽ ഫെബ്രുവരി വരെ സാധാരണ യു.എസിൽ ശൈത്യകാലമാണ്. മെയ് മാസങ്ങളിലാണ് സാധാരണയായി ഇവിടങ്ങളിൽ കാട്ടുതീ ഉണ്ടാവുന്നത്. എന്നാൽ ഇത്തവണ പ്രതീക്ഷിച്ചതിലും നേരത്തെയാണ് വലിയ തോതിലുള്ള കാട്ടുതീ പടർന്നുപിടിച്ചിരിക്കുന്നത്. വെസ്‌റ്റേൺ ഫയർ ചീഫ്‌സ് അസോസിയേഷൻ പറയുന്നതനുസരിച്ച് സാധാരണ കാട്ടുതീ സംഭവിക്കുന്ന സമയത്തല്ല ഇപ്പോൾ കാട്ടുതീ ഉണ്ടായിരിക്കുന്നത്. സാധാരണഗതിയിൽ മെയ് മുതൽ ഒക്ടോബർ, നവംബർ വരെയുള്ള സമയത്താണ് തെക്കൻ കാലിഫോർണിയയിൽ കാട്ടുതീ ഉണ്ടാവാറുള്ളത്.

2022, 2023 വർഷങ്ങളിൽ ആർദ്രതയുള്ള ശൈത്യകാലത്ത് അന്തരീക്ഷത്തിൽ നിറഞ്ഞുനിന്ന ജലാംശം കാരണം ലോസാഞ്ചലസിൽ അനേകം പുതിയ ചെടികൾ അധികമായി വളർന്നു. പിന്നീട് ഈ വർഷത്തെ ശൈത്യകാലം വളരെയധികം വരണ്ടതായി മാറി. വരണ്ട കാലാവസ്ഥ മൂലം ചെടികൾ ഉണങ്ങുകയും കാട്ടുതീ എളുപ്പത്തിൽ പടരുകയും ചെയ്തു. വർഷം തോറും കാലിഫോർണിയയിൽ കാട്ടുതീ പടരുന്നുണ്ടെങ്കിലും ഇത്രയും ഭീകരമായി ഇതാദ്യമാണ്.

നിലവിൽ കൂടുതൽ ആളുകൾ ഈ പ്രദേശത്ത് താമസിച്ചതും കാട്ടുതീ വർധിക്കാനുള്ള കാരണമാകുന്നുണ്ട്. കെട്ടിടങ്ങളുടെ എണ്ണം വർധിക്കുന്നതോടൊപ്പം ഈ പ്രദേശത്തേക്കുള്ള ഇലക്ട്രിക്കൽ പവറിന്റെ ഉപയോഗവും വർധിക്കുന്നുണ്ട്. ഇതും മേഖലയിലെ കാട്ടുതീയുടെ സാധ്യത കൂട്ടുന്നുണ്ട്. കടുത്ത കാലാവസ്ഥയിൽ വൈദ്യുതി ലൈനുകളിലേക്ക് മരങ്ങൾ വീണും മറ്റും കാലിഫോർണിയയിൽ തീപ്പിടുത്തം വർധിപ്പിക്കുന്നു. ഇപ്പോഴുണ്ടായ തീപ്പിടുത്തത്തിൽ ഏറ്റവും കൂടുതൽ വീടുകളും കെട്ടിടങ്ങളും കത്തിനശിച്ച ഈറ്റൺ ഫയർ സാൻ ഗബ്രിയേൽ പർവതനിരകളുടെ അടിത്തട്ടിലുള്ള സാൻ ഗബ്രിയേൽ ബേസിനിലാണ്. അമ്പത് വർഷം മുമ്പ് ഇവിടെ വളരെ കുറച്ച് വീടുകളായിരുന്നു ഉണ്ടായിരുന്നത്. ബേസിനിന്റെ പല ഭാഗങ്ങളും സിട്രിസ് തോട്ടങ്ങളാൽ ചുറ്റപ്പെട്ടത് കൊണ്ട് തന്നെ അക്കാലങ്ങളിൽ കാട്ടുതീ പടരുമ്പോഴും ആദ്യം തോട്ടങ്ങളിലേക്കായിരുന്നു തീ പടർന്നിരുന്നത്. എന്നാൽ ഇപ്പോൾ വീടുകളുടെ എണ്ണം വർധിച്ചതും കാടും വീടും തമ്മിലുള്ള ദൂരം കുറഞ്ഞതും സ്ഥിതി ഗുരുതരമാക്കുന്നുണ്ട്.

കഴിഞ്ഞയാഴ്ച പുറത്തിറക്കിയ യു.എസിന്റെ ഡ്രോട്ട് മോണിറ്റർ മാപ് തെക്കൻ കാലിഫോർണിയയുടെ ചില ഭാഗങ്ങൾ കൂടുതൽ വരണ്ടതായി റിപ്പോർട്ട് ചെയ്തിരുന്നു. കൂടാതെ തീപ്പടർന്നു തുടങ്ങിയ ദിവസം ഈ പ്രദേശങ്ങളിൽ വരണ്ട ചൂട് കാറ്റും വീശിയിരുന്നു. വളരെ ചൂടുള്ള കാലാവസ്ഥയും മഴ ലഭിക്കാത്തതും 100 മൈൽ വേഗത്തിലുള്ള ചൂട് കാറ്റുകൾക്ക് കാരണമാകുമെന്ന് സ്റ്റാൻഫോർഡ് പ്രൊഫസർ നോഹ ഡിഫെൻബാഗ് പറഞ്ഞതായി ടൈം മാഗസിൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം കാരണം സസ്യങ്ങൾ വരണ്ടുണങ്ങിയിട്ടുണ്ട്. ഇത് പെട്ടന്ന് തന്നെ തീപ്പടർന്നു പിടിക്കാനും കാരണമാകുന്നുണ്ട്.

Comments