പ്രകൃതിയ്ക്ക് ആരോടും വലിപ്പച്ചെറുപ്പമില്ല. തകർച്ചയിലൂടെ ഭൂമിയോളം താഴുമ്പോളും പിന്നാലെ ഒരു ഉയിർത്തെഴുന്നേൽപ്പ് ഭൂമിയ്ക്ക് സാധ്യവുമാണ്, അത് ഒഴിച്ചുകൂടാനുമാവില്ല. മനുഷ്യൻ ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും സഹായത്തോടെ കെട്ടിപ്പൊക്കിയ സൗധങ്ങൾക്ക് സ്വയം സംരക്ഷിക്കപ്പെടാൻ അതിൽത്തന്നെ സംവിധാനങ്ങൾ ഉള്ളപ്പോഴും പ്രകൃതിയുടെ താണ്ഡവത്തിനുമുന്നിൽ അവയൊക്കെ എത്രയോ ദുർബലം. ലോകത്തെ ജയിച്ചുവെന്ന് നാം അവകാശപ്പെടുമ്പോഴും പ്രകൃതി ഒന്ന് ആഞ്ഞ് ഉറഞ്ഞുതുള്ളിയപ്പോൾ നിസ്സഹായരായത് ലോകത്തെ ഏറ്റവും ധനികരായ രാജ്യമാണ്. ലോകശക്തികൾ എന്ന് ലോകം വാഴ്ത്തുന്ന അമേരിക്കയാണ്. അയ്യായിരത്തിലധികം കെട്ടിടങ്ങളും, പതിനഞ്ചിലേറെ ആൾനാശവും ഒക്കെ റിപ്പോർട്ട് ചെയ്യപെടുമ്പോഴും ഇപ്പോളും തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. എന്തുകൊണ്ടാണ് ലോകത്തെ ഏറ്റവും പുരോഗതിയുള്ള രാജ്യത്തുപോലും ഇത്തരം അപകടങ്ങൾ സംഭവിക്കുന്നത്? സംഭവിച്ചു കഴിയുമ്പോളും അതിനെ നിയന്ത്രണവിധേയമാക്കാൻ അവിടെയുള്ള സിസ്റ്റത്തിന് കഴിയുന്നില്ല.
ജപ്പാനിലെ ഹിരോഷിമ, നാഗസാക്കി നഗരങ്ങളിൽ അമേരിക്ക ആറ്റംബോംബ് വിക്ഷേപിച്ചതിന്റെ എൺപതാം വാർഷികമാണ് 2025. മനുഷ്യനിർമ്മിതമായ ഒരു ആക്രമണത്തിൽ ജപ്പാൻ എന്ന രാജ്യം തന്നെ തകർന്നടിഞ്ഞ ആ സംഭവത്തിന്റെ അലയൊലികൾ ഇന്നും ആ രണ്ടു നഗരങ്ങളിൽ ആഞ്ഞടിച്ചുകൊണ്ടിരിക്കുന്നു. എൺപതു വർഷങ്ങൾക്കിപ്പുറം അന്ന് ചാരമായ നാഗസാക്കിയിലെയും ഹിരോഷിമയിലെയും ചിത്രങ്ങൾ ലോസ് ഏഞ്ചൽസിൽ കാട്ടുതീ വിഴുങ്ങിയ ഭൂമിയുടെ ചിത്രങ്ങളുമായുള്ള അപാരമായ സാമ്യം നമ്മെ എന്തെല്ലാമോ ഒക്കെ ഓർമ്മിപ്പിക്കുകയാണ്.

മനുഷ്യന്റെ നശീകരണത്തിന് പ്രകൃതി നൽകുന്ന മുന്നറിയിപ്പുപോലെ, തിരിച്ചടിപോലെ. നാം ചെയ്യുന്ന കർമ്മങ്ങൾക്ക് തിരിച്ചടി ലഭിക്കുന്നത് ഇന്നോ നാളെയോ ആയിരിക്കില്ല. കാലത്തിന്റെ കാവ്യനീതിയെന്നു പറഞ്ഞാൽ അത് ദുരന്തത്തോടുള്ള സന്ധിചേരലായി വ്യാഖ്യാനിക്കപ്പട്ടേക്കാം. ഓരോ ദുരന്തത്തെയും അപലപിച്ചുകൊണ്ടുതന്നെ, ഈ ദുരന്തം അമേരിക്ക ക്ഷണിച്ചുവരുത്തിയതാണെന്ന് പറയേണ്ടി വരുന്നതിന്റെ കാരണം പ്രകൃതിയുടെ സംരക്ഷണവിഷയങ്ങളിൽ ആഗോളതലത്തിൽ അമേരിക്ക എന്നും തുടർന്നുവന്നിട്ടുള്ള ഉദാസീനതയാണ്. ഇക്കഴിഞ്ഞ COP 29-ൽ പോലും അമേരിക്കയുടെ പങ്കാളിത്തം ഉറപ്പാക്കിയിരുന്നില്ല. നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കാര്യമെടുത്താലും കാലാവസ്ഥാവ്യതിയാനവും പ്രകൃതി സംരക്ഷണവുമൊക്കെ എല്ലാക്കാലത്തും അദ്ദേഹത്തിന്റെ താൽപര്യത്തിൽ പെടുന്ന വിഷയം ആയിരുന്നില്ല.
പാരീസ് ഉടമ്പടിയിലാണ് കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റിയുള്ള ചർച്ചകൾക്ക് ഒരു ഗൗരവസ്വഭാവം കൈവരുന്നത്. പക്ഷേ അവിടെയും ആവശ്യക്കാർ അതിന്റെ പ്രശ്നങ്ങൾ അനുഭവിക്കുന്ന ദരിദ്രരാജ്യങ്ങൾ ആയിരുന്നു. വികസിതരാജ്യങ്ങൾക്കാവട്ടെ അതൊരു വിഷയമല്ലായിരുന്നു. കാരണം, അത്തരം പ്രശ്നങ്ങളെ ചെറുക്കാനുള്ള ടെക്നോളജി തങ്ങൾക്കുണ്ടെന്ന ആത്മവിശ്വാസമോ, അമിതവിശ്വാസമോ ഒക്കെയായിരുന്നു അവരെ നയിച്ചിരുന്നത്. എന്നാൽ ഈ ദുരന്താവസ്ഥയിൽ അമേരിക്ക ഓർക്കുന്നതും പാരീസ് ഉടമ്പടി ആയിരിക്കും. പ്രകൃതിയുടെ കണക്കുപുസ്തകത്തിൽ മനുഷ്യന്റെ അഹങ്കാരത്തിനോ ധനത്തിനോ യാതൊരു സ്ഥാനവുമില്ല എന്ന വാസ്തവം അവർ ഉൾക്കൊള്ളുന്നുണ്ടാവും.

ധനമോ, സാങ്കേതികവിദ്യയുടെയോ അറിവിന്റെയോ ഒക്കെ മുന്നേറ്റമോ ഒന്നുമല്ല ഒരു രാജ്യത്തിൻറെ ഔന്നത്യത്തെ നിശ്ചയിക്കുന്നത്; തിരിച്ചറിവാണ്. പാരീസ് ഉടമ്പടിയിൽ മുന്നോട്ടുവെച്ച കാലാവസ്ഥാവ്യതിയാനമെന്ന വാസ്തവത്തെ ഉൾക്കൊള്ളാൻ ഇന്നും ധനികരാജ്യങ്ങൾ തയ്യാറായിട്ടില്ല. രണ്ടുമാസങ്ങൾക്കുമുമ്പ് അസർബൈജാനിൽ നടന്ന കോൺഫറൻസ് ഓഫ് പാർട്ടീസ് ഇരുപത്തി ഒൻപതാം പതിപ്പിൽ ഏറെ പ്രധാനപ്പെട്ട ചർച്ചയായി മാറിയ, കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കാനായി പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുവാനും സംങ്കേതികവിദ്യ നേടുവാനും ദരിദ്രരാജ്യങ്ങൾക്ക് ധനസഹായം നൽകണമെന്ന പാരീസ് ഉടമ്പടി തീരുമാനം നടപ്പിലാക്കാൻ വികസിതരാജ്യങ്ങൾ തുടരുന്ന ഉദാസീനത ആ വലിയ ലക്ഷ്യങ്ങളിൽ വിഘാതം സൃഷ്ടിക്കുകയാണ് ചെയ്തിരുന്നത്. അമേരിക്കയും ചൈനയുമടക്കമുള്ള രാഷ്ട്രത്തലവന്മാരുടെ അസാന്നിധ്യം കൃത്യമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന് തടസ്സവുമായി. ഒന്നും തങ്ങളെ ബാധിക്കുകയില്ലെന്നും തങ്ങളാണ് ലോകത്തെ വലിയ ശക്തികളെന്നുമുള്ള അമേരിക്കയുടെയും മറ്റുചില രാജ്യങ്ങളുടെയും ചിന്തകൾക്ക് തിരിച്ചടിയാണ് ലോസ് ഏഞ്ചലസിലെ തീപിടുത്തത്തിലൂടെ പ്രകൃതി നിശബ്ദമായി മറുപടി നൽകുന്നത്.
ഇപ്പോൾ ഉണ്ടായ സംഭവത്തിനുപിന്നിലും കാലാവസ്ഥാവ്യതിയാനം എന്നതുതന്നെയാണ് വിലയിരുത്തപ്പെടുന്നത്. ധനികർ മാത്രം താമസിക്കുന്ന ലോകത്തെ ഏറ്റവും വിലകൂടിയ വീടുകൾ ഉള്ള അമേരിക്കയിലെ പ്രദേശമാണ് ഹോളിവുഡ് ഹിൽസ്. 288 കോടി രൂപ വിലവരുന്നതെന്ന് പറയപ്പെടുന്ന ഒരു വീട് കത്തിയമരുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. തീപിടിത്തത്തിന് തുടക്കമിട്ടതും, ഏറ്റവുമധികം നാശനഷ്ടം റിപ്പാർട്ട് ചെയ്യപ്പെട്ട സാന്തമോണിക്ക, മലിബു കുന്നുകൾ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ കഴിഞ്ഞ കുറേ മാസങ്ങളായി മഴ ലഭിച്ചിട്ടില്ല. വരണ്ട കാലാവസ്ഥയാണ് അവിടെ അനുഭവപ്പെട്ടു കൊണ്ടിരുന്നത്. അതിനൊപ്പം അതിശക്തമായ കാറ്റുകൂടി വന്നതോടെ സ്ഥിതി കൂടുതൽ വഷളായി. തെക്കൻ കാലിഫോർണിയയിൽ സാധാരണ ലഭിക്കുന്ന മഴയുടെ വെറും പത്തുശതമാനം മാത്രമാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. ഇത്തരത്തിൽ മഴലഭിക്കാതെ വരണ്ട അവസ്ഥ തുടർന്നതും കൂടാതെ സാന്റാ ആന എന്ന കൊടുങ്കാറ്റുമാണ് കാട്ടുതീയുടെ തുടക്കം ഇട്ടതെന്ന് കരുതപ്പെടുന്നു. 112 കിലോമീറ്റർ വേഗതയിൽ വീശുന്ന ഇത് കൂടുതൽ പ്രദേശത്തെക്ക് തീ പടർത്തുവാനും കാരണമായി. ഓസ്കാർ അവാർഡ് ചടങ്ങു നടക്കുന്ന തിയേറ്റർ, നാസയുടെ റോബോട്ടിക് ദൗത്യങ്ങൾക്കു മേൽനോട്ടം വഹിക്കുന്ന ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി എന്നിവയൊക്കെ കാട്ടുതീയുടെ ഭീഷണിയിലാണ്. രണ്ടരലക്ഷത്തോളം ആളുകളെയാണ് അവിടെനിന്നും മാറ്റി പാർപ്പിച്ചിരിക്കുന്നത്. അയ്യായിരം കെട്ടിടങ്ങൾ നിലംപൊത്തിയപ്പോൾ ഏകദേശം അമ്പതു ബില്ല്യൺ ഡോളറിന്റെ നഷ്ടമാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.

വരൾച്ചയും കനത്തമഴയും മാറിമാറിവരുന്ന ഒരു വ്യത്യസ്തമായ കാലാവസ്ഥാരീതിയാണ് അവിടെ വില്ലൻ ആയതെന്നും പറയപ്പെടുന്നു. കാലാവസ്ഥാ വിപ്ലാഷ് (Weather whiplash) എന്നാണ് അത്തരം അവസ്ഥയ്ക്ക് പറയുന്നത്. അതായത് നല്ല മഴ കിട്ടുകയും, അതിനനുസരിച്ചു വലിയ രീതിയിൽ പുല്ലുകൾ തഴച്ചുവളരുകയും ഉടൻതന്നെ വരണ്ട കാലാവസ്ഥയ്ക്ക് അവ വഴിമാറുകയും ചെയ്യുന്നു. ഈ വരണ്ട അവസ്ഥയാവട്ടെ കാട്ടുതീയ്ക്കും കാരണമാകുന്നു. ഇത്തരം തീവ്രമായ കാലാവസ്ഥയുടെ മാറ്റങ്ങൾ അവിടെ ജീവിക്കുന്നവർക്കും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാറുണ്ട്. അമേരിക്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരം, ഹോളിവുഡ് ഉൾപ്പെടെ ധാരാളം സിനിമാസംബന്ധിയായ സ്റ്റുഡിയോകളും മറ്റും സ്ഥിതിചെയ്യുന്ന ലോകത്തിന്റേതന്നെ വിനോദ തലസ്ഥാനം. ലോസ് ഏഞ്ചലസിന് ഇനിയുമേറെ വിശേഷണങ്ങൾ ഉണ്ട്. ജനുവരി ഏഴിന് കത്തിത്തുടങ്ങിയ കാട്ടുതീ ഇതെഴുതുമ്പോഴും പൂർണ്ണമായും അണയ്ക്കാനാവാതെ ഏകദേശം നാൽപ്പതിനായിരം ഏക്കർ പ്രദേശമാണ് അഗ്നിയ്ക്കിരയായത്.
കണക്കുകൾ അങ്ങനെ പെരുകുമ്പോൾ, കാരണങ്ങളിലേക്കു കടക്കുമ്പോൾ ശൈത്യമാസം ആയ ജനുവരിയിൽ തീപടരുവാനുള്ള സാധ്യത നിലനിൽക്കുന്നില്ലാത്തപ്പോഴും എല്ലാ വിരലുകളും ചൂണ്ടപ്പെടുന്നത് കാലാവസ്ഥാ വ്യതിയാനത്തിലേക്കാണ്. കാലാവസ്ഥയിൽ ചെറിയ മാറ്റങ്ങൾ എന്നത് പൊതുവെയുള്ള എല്ലാ മാറ്റങ്ങളും പോലെയാണെന്നും, മാറ്റങ്ങൾ കാലത്തിന്റെ ആവശ്യമാണെന്ന് കരുതുമ്പോഴും ടെക്നോളജിയിൽ ഇത്രയേറെ മുന്നേറിയ ഒരു രാജ്യത്തിനുപോലും കാലാവസ്ഥാ മാറ്റത്തിന്റെ പ്രശ്നങ്ങളെ കൃത്യമായി ചെറുക്കാൻ കഴിയാത്തത് ആശങ്കയുണർത്തുന്നു. അമേരിക്കയെ സംബന്ധിച്ച് കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രശ്നങ്ങൾ തങ്ങൾക്ക് ഒരുനാളും അനുഭവിക്കേണ്ടിവരില്ലായെന്ന ധാരണയെയാണ് പ്രകൃതി അക്ഷരാർഥത്തിൽ തിരുത്തിയത്. ധനികരാജ്യങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിന് പലരീതിയിലും ഹേതുവാകുമ്പോൾ അത് അനുഭവിക്കാൻ ദരിദ്രരാജ്യങ്ങൾ വിധിക്കപ്പെടുന്ന അവസ്ഥ എന്നും സംജാതമാകുമ്പോൾ ഒരു തിരിച്ചടി നേരിടാനുള്ള ശക്തിപോലും, കെട്ടിപ്പൊക്കിയ കോടികൾ വിലമതിക്കുന്ന കെട്ടിടങ്ങൾക്കില്ലെന്ന് ഒരു സന്ദേശം കൂടി നൽകുകയാണ് പ്രകൃതി. ഈ മുന്നറിയിപ്പുകൾ ഇനിയും നാം തിരിച്ചറിയാതെ പോയാൽ അമേരിക്കയുടെ അത്രയും വികസിതമല്ലാത്ത മറ്റു രാജ്യങ്ങൾ ഇത്തരം പ്രതിസന്ധിയിൽ വലിയ വെല്ലുവിളിയാവും നേരിടുക.