മഴയുടെ സ്വഭാവം മാറുന്നു, 2019 ഒരു മുന്നറിയിപ്പായിരുന്നു

ദീർഘനാൾ പെയ്തുനിറയുന്ന 2018 ലേതുപോലുള്ള മഴയായാലും പെട്ടെന്നുപെയ്യുന്ന 2019 ലേതുപോലുള്ള മേഘവിസ്ഫോടനമായാലും കേരളത്തിന്റെ ഭൂഘടനയ്ക്ക് അത് ഭീഷണിയാണ്. കൂടുതൽ ശ്രദ്ധയോടെ കേരളത്തിലെ മഴപ്പെയ്ത്തിന്റെ സ്വഭാവമാറ്റം നിരീക്ഷണവിധേയമാക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്ന ഒരു പഠനത്തിലെ കണ്ടെത്തലുകളാണിത്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല, അമേരിക്കയിലെ മിയാമി യൂണിവേഴ്സിറ്റി, ഇന്ത്യൻ കേന്ദ്ര കാലാവസ്ഥാ വകുപ്പ്, ഇന്ത്യൻ ഇൻസ്റ്റിട്ടൂട്ട് ഓഫ് ട്രോപ്പിക്കൽ മീറ്റിയോറോളോജി എന്നീ സ്ഥാപനങ്ങൾ സംയുക്തമായി നടത്തി, പ്രശസ്ത ശാസ്ത്ര ജേർണലായ വെതർ ആന്റ് ക്ലൈമറ്റ് എക്സ്റ്റ്രീംസിൽ പ്രസിദ്ധപ്പെടുത്തിയ ലേഖനത്തിൽ നിന്നൊരു ഭാഗം. കുസാറ്റിലെ അഡ്‌വാൻസ്ഡ് സെന്റർ ഫോർ അറ്റ്‌മോസ്‌ഫെറിക് റഡാർ റിസർച്ചിലെ ശാസ്ത്രജ്ഞരാണ് ലേഖകർ.

2018 ലും 19 ലും തുടർച്ചയായി രണ്ടുവർഷം കേരളത്തിലുണ്ടായ പ്രളയവുമായി ബന്ധപ്പെട്ട് കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല, അമേരിക്കയിലെ മിയാമി യൂണിവേഴ്സിറ്റി, ഇന്ത്യൻ കേന്ദ്ര കാലാവസ്ഥാ വകുപ്പ്, ഇന്ത്യൻ ഇൻസ്റ്റിട്ടൂട്ട് ഓഫ് ട്രോപ്പിക്കൽ മീറ്റിയോറോളോജി എന്നീ സ്ഥാപനങ്ങൾ സംയുക്തമായി നടത്തിയ പഠനം പ്രശസ്ത ശാസ്ത്ര ജേർണലായ വെതർ ആന്റ് ക്ലൈമറ്റ് എക്​സ്​റ്റ്രീംസിൽ പ്രസിദ്ധപ്പെടുത്തി.

2018 ൽ കേരളത്തിലെ ഡാമുകൾ പൊടുന്നനെ തുറന്നതാണ് പ്രളയത്തിനുവഴിവെച്ചത് എന്ന വിവാദങ്ങളുടെ കൂടി പശ്ചാത്തലത്തിൽ ശ്രദ്ധേയമാവുകയാണ് ഈ പഠനം. വിവിധ സ്രോതസ്സുകളിൽ നിന്ന് ശേഖരിച്ച ഉപഗ്രഹ വിവരങ്ങളുടെ അടിസ്ഥാനത്തിൽ രണ്ടു പ്രളയങ്ങളെയും താരതമ്യം ചെയ്യുന്നതാണ് പഠനം.

2018 ലും 2019 ലും മൺസൂൺ സീസണിൽ ആകെ കിട്ടിയ മഴ ഏറെക്കുറെ ഒരുപോലെയായിരുന്നു എന്ന് പഠനം പറയുന്നു. പക്ഷെ മഴയുടെ വിതാനം മൊത്തത്തിൽ വ്യത്യാസപ്പെട്ടിരുന്നു. 2018ൽ താരതമ്യേന അധികം പെയ്ത വേനൽമഴയും മേയ് 28 മുതൽ തുടങ്ങിയ ശക്തമായ കാലവർഷവും ചേർന്ന് ജൂലായ് അവസാനത്തോടെ തന്നെ കേരളത്തിൽ ഒരു പ്രളയത്തിനു വഴിവെച്ചേക്കാവുന്ന സാഹചര്യം ഒരുക്കിയിരുന്നു. 2019 ൽ കാലവർഷം ഒരാഴ്ചയിലധികം വൈകി ജൂൺ എട്ടിനു മാത്രം ആരംഭിക്കുകയും ജൂൺ, ജൂലൈ മാസങ്ങളിൽ പൊതുവിൽ ദുർബലമായിരിക്കുകയും ചെയ്തതിനാൽ ജൂലൈ അവസാനിക്കുമ്പോൾ സീസണിലെ ശരാശരിയിൽ താഴെ മഴ നിലയിൽ ആയിരുന്നു. രണ്ട് വർഷങ്ങളിലും ആഗസ്റ്റിലായിരുന്നു പ്രളയം- 2018 ൽ ആഗസ്റ്റ് 15 മുതൽ 18 വരെ തോരാതെ പെയ്ത മഴയിലും 2019 ൽ ആഗസ്റ്റ് ഏഴു മുതൽ 10 വരെ പൊടുന്നനെ പെയ്ത പേമാരിയിലും. ഇതിൽ 2019 ആഗസ്റ്റ് എട്ടിനു പെയ്ത മഴയാണ് ഗവേഷകർ ഏറ്റവും ശ്രദ്ധിച്ചത്. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളിൽ പെയ്ത മഴയ്ക്ക് ഉത്തരേന്ത്യയിലൊക്കെ പലപ്പോഴും സംഭവിക്കുന്ന മേഘസ്ഫോടനത്തിന്റെ സ്വഭാവമായിരുന്നു എന്നതാണ് അതിനു കാരണം. കൂടുതൽ വിശകലനത്തിൽ, ഇത് തീവ്രതയിൽ അൽപം കുറഞ്ഞതും പക്ഷെ അസാധാരണമായി കൂടുതൽ പ്രദേശങ്ങളെ ബാധിക്കുന്നതുമായ മേഘവിസ്ഫോടനം തന്നെ ആയിരുന്നെന്ന് വിലയിരുത്തുകയും അതിന് 'മീസോസ്‌കൈൽ മിനി ക്ലൗഡ് ബഴ്സ്റ്റ്' എന്നപേര് ഗവേഷണ സംഘം നിർദ്ദേശിക്കുകയും ചെയ്തു.

അപൂർവമായ മേഘവിസ്‌ഫോടനം

ഒരു മണിക്കൂറിൽ 10 സെന്റീമീറ്റർ മഴ ലഭിക്കുന്ന പ്രതിഭാസത്തെയാണ് സാധാരണ മേഘവിസ്ഫോടനം എന്നു വിളിക്കുന്നതെങ്കിലും, ഹിമാലയൻ പ്രദേശങ്ങളിൽ മഴയളവ് നോക്കാതെ തന്നെ ജീവഹാനിക്കും വലിയ നാശനഷ്ടങ്ങൾക്കും ഇടയാക്കുന്ന പെട്ടെന്നുള്ള മഴകളേയും മേഘവിസ്ഫോടന്നത്തിന്റെ ഗണത്തിലാണ് കൂട്ടുന്നത്. രണ്ട് മണിക്കൂറിനുള്ളിൽ അഞ്ച് സെന്റീമീറ്ററിനു മുകളിൽ തീവ്രതയിൽ പെയ്യുന്ന മഴയെ മിനി ക്ലൗഡ് ബഴ്സ്റ്റ് (അഥവാ ലഘു മേഘവിസ്ഫോടനം) എന്നാണ് വിളിക്കുക. എന്നാൽ സാധാരണ മേഘവിസ്ഫോടനം ഒരു ചെറിയ പ്രദേശത്ത് (15- 20 സ്‌ക്വയർ കിലോമീറ്റർ) മാത്രമാണ് ബാധിക്കുക. കേരളത്തിൽ അനുഭവപ്പെട്ടതാകട്ടെ കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളുടെ ഒട്ടേറെ വിസ്തൃതമായ പ്രദേശത്താണ്, 2019 ആഗസ്റ്റ് എട്ടിന്, രണ്ടു മണിക്കൂറിനുള്ളിൽ അഞ്ചു മുതൽ ആറ് സെന്റീമീറ്റർ എന്ന അളവിൽ മഴ, തുടർച്ചയായി രേഖപ്പെടുത്തിയത്. 2018 ലെ പ്രളയ ദിവസങ്ങളിൽ ഏറ്റവും ശക്തമായി മഴ പെയ്ത ആഗസ്റ്റ് 15 ന്, മഴയുടെ ശക്തി 2019 ആഗസ്റ്റ് എട്ടിനെ അപേക്ഷിച്ച് വളരെ കുറവായിരുന്നു. രണ്ടു മണിക്കൂറിൽ നാലു സെന്റീമീറ്ററിൽ കൂടുതൽ മഴ അന്ന് എവിടെയും അനുഭവപ്പെട്ടിരുന്നില്ല.

തീവ്ര മഴ കേരളത്തിലേക്കും

കൂടുതൽ സ്ഥലങ്ങളിൽ ബാധിച്ചതിനാലും കൂടുതൽ ജീവഹാനി ഉണ്ടായതിനാലും 2018 ലേത് മഹാപ്രളയമായും 2019 ലേത് താരതമ്യേന തീവ്രത കുറഞ്ഞ പ്രളയമായും ആണ് പൊതുവിൽ വിവക്ഷിക്കപ്പെടുന്നതെങ്കിലും, 2019 ലെ പ്രളയമഴയുടെ സ്വഭാവം കൂടുതൽ ആശങ്കപ്പെടുത്തുന്നതാണ്. കാലാവസ്ഥാ മാറ്റത്തിന്റെ പ്രകടമായ കയ്യൊപ്പാണെന്നു വരികിൽ 2019 ഒരു തുടക്കം മാത്രമായിരിക്കാം. 2018 ലെ പ്രളയം, കാലവർഷത്തിന്റെ ആരംഭം മുതൽ ഇഴഞ്ഞെത്തിയതായിരുന്നെങ്കിൽ, 2019 ൽ അത് പൊടുന്നനെ പെയ്തിറങ്ങുകയായിരുന്നു. പത്രവാർത്തകളെയും അനുഭവസാക്ഷ്യങ്ങളെയും അടിസ്ഥാനമാക്കി 2019 ലെ പ്രളയമഴസമയത്ത് മൺസൂൺ കാലത്ത് സാധാരണ പതിവില്ലാത്ത വിധം ഇടിവെട്ടി മഴ പെയ്തതും ഗവേഷകരെ ഈ പ്രശ്നം കൂടുതൽ പഠിക്കാൻ പ്രേരിപ്പിച്ചു. 2013- 17 കാലയളവിൽ ഇന്ത്യയുടെ പശ്ഛിമ തീരത്തെ മഴപ്പെയ്ത്തിന്റെ സ്വഭാവം ആഴത്തിൽ പഠന വിധേയമാക്കി. പശ്ചിമഘട്ടത്തിൽ രണ്ടു മേഖലകൾ നേരത്തെ തന്നെ പെരുമഴക്ക് പ്രസിദ്ധമാണ്. ഒന്ന് കൊങ്കൺ കാടുകളും മറ്റൊന്ന് മുംബൈ തീരവും. എന്നാൽ 2013- 2017 കാലയളവിൽ കൊങ്കൺ പ്രദേശത്ത് നേരത്തെ കണ്ടിരുന്ന തീവ്ര മഴ കുറേകൂടി തെക്കോട്ട് മാറി കേരളത്തിന്റെ പാലക്കാടിനു വടക്കുവരെ വ്യാപിച്ചതായി സൂചന ലഭിച്ചു. കൂടുതൽ പഠനങ്ങളിൽ കൂടി മാത്രമെ ഇത് ഉറപ്പിക്കാനാവൂ എന്നു പ്രസ്താവിക്കുന്നതിനൊപ്പം കേരളത്തിന് ആശങ്കപ്പെടേണ്ട സാഹചര്യമാണുള്ളത് എന്ന് പഠനം പറഞ്ഞു വെക്കുന്നു.

കൂറ്റൻ കുമ്പാര മേഘങ്ങൾ എങ്ങനെയുണ്ടായി?

അറബിക്കടലിൽ നിന്ന് ഉത്തരേന്ത്യയിലെ ഗംഗാ സമതലം ലക്ഷ്യമാക്കി വീശുന്ന തെക്കുപടിഞ്ഞാറിൽ നിന്നുള്ള കാറ്റാണ് ഇന്ത്യൻ സമ്മർ മൺസൂൺ. അറബിക്കടലിൽ നിന്ന് ബാഷ്പീകരിക്കപ്പെടുന്ന ഈർപ്പം തെക്കുപടിഞ്ഞാറൻ വായുപ്രവാഹത്തിൽ ഇന്ത്യയുടെ പടിഞ്ഞാറൻ തീരങ്ങളിൽ എത്തിച്ചേർന്ന് പശ്ചിമ ഘട്ട മലനിരകളിൽ തട്ടി മുകളിലേക്കുയരുന്നതാണ് കേരളം മുതൽ ഗുജറാത്ത് തീരം വരെ പെയ്യുന്ന മഴയുടെ രീതി. അറബിക്കടലിലെ ഉയരുന്ന ഉപരിതല താപനില കൂടുതൽ ജലം ബാഷ്പീകരിക്കപ്പെടാൻ ഇടയാക്കും. മാത്രവുമല്ല, ഉയർന്ന സമുദ്രോപരിതല താപം മുകളിലേക്കു വളരുന്ന കുമുലോനിംബസ് മേഘങ്ങളുടെ രൂപ്പീകരണത്തിനും കൂടുതൽ സഹായകരമാവുകയും ഇത്തരം മേഘങ്ങളുടെ ഉയർന്ന ഭാഗത്ത് കൂടുതൽ ഹിമകണങ്ങളും ഐസ് പരലുകളും രൂപീകരിക്കപ്പെടാനും ഇടയാകും. അത്തരം മേഘങ്ങളാണ് ഇടിമിന്നലിനു കാരണമാകുന്നത്. സാധാരണ, ജൂൺ മുതൽ സെപ്റ്റംബർ അവസാനം വരെയുള്ള സമയത്ത് കേരളത്തിൽ ഇടിമിന്നൽ കാണാറില്ല. താരതമ്യേന ഉയരം കുറഞ്ഞ (എട്ടു കിലോമീറ്ററിലും താഴെ) നിമ്പോ സ്ട്രാറ്റസ് മേഘങ്ങളിൽ നിന്ന് തോരാതെ കിട്ടുന്ന ശക്തി കുറഞ്ഞ മഴയായിരുന്നു കാലവർഷത്തിന്റെ മുൻ കാല സ്വഭാവം. എന്നാൽ സമീപ വർഷങ്ങളിൽ കാലവർഷ സമയത്ത് മഴരഹിത ഇടവേളകളുടെ ദൈർഘ്യം കൂടുന്നത്, പെയ്യുന്ന കുറച്ചു സമയത്ത് ശക്തിയേറിയ മഴയ്ക്ക് കാരണമാവുന്നു. 2019 ൽ സംഭവിച്ചു എന്ന് ഈ പഠനത്തിൽ കണ്ടെത്തിയ മേഘവിസ്ഫോടനത്തിന് കാരണമായി ഗവേഷകർ അനുമാനിക്കുന്നത് ആ സമയത്ത് രൂപപ്പെട്ട വലിയ അളവിലുള്ള 'കൺവെക്ടീവ് അവൈലബിൾ പൊട്ടെൻഷ്യൽ ഊർജ്ജം' അഥവാ 'കേപ്പ്' എന്ന് അന്തരീക്ഷ ശാസ്ത്രത്തിൽ വിളിക്കുന്ന ഒരു ഘടകവും കേരളത്തിന്റെ തീരത്തോടുചേർന്ന കടലിൽ അസാധാരണമായി കാണപ്പെട്ട അധിക താപനിലയും ആണ്. മൺസൂണിനെ സ്വാധീനിക്കുന്ന മറ്റു സിനോപ്റ്റിക് സ്‌കെയിൽ ഘടകങ്ങളും അനുകൂലമായിരുന്നു. എല്ലാ അനുകൂല സാഹചര്യങ്ങളും ഒത്തുവന്നപ്പോൾ രൂപപ്പെട്ടത് അന്തരീക്ഷത്തിൽ 14 - 17 കിലോമീറ്റർ വരെ ഉയരത്തിലേക്ക് വളർന്ന കൂറ്റൻ കൂമ്പാര (കുമുലോനിംബസ്) മേഘങ്ങളാണ്.

മഴപ്പെയ്​ത്തിന്റെ സ്വഭാവമാറ്റം

2019 ലേതുപോലുള്ള തീവ്ര മഴകൾ ആവർത്തിച്ചാൽ അത് പശ്ചിമഘട്ടത്തിലെ അതിലോല പരിസ്ഥിതിക്ക് ഉണ്ടാക്കിയേക്കാവുന്ന പരിക്ക് ആശങ്കപ്പെടുത്തുന്നതാണ്. പൊടുന്നനെ പെയ്യുന്ന തീവ്ര മഴയ്ക്കും, തുടർച്ചയായി പെയ്ത് കുതിർന്നു കിടക്കുന്ന അവസ്ഥയിൽ പെയ്യുന്ന താരതമ്യേന ശക്തി കൂടിയ മഴയ്ക്കും ഒരുപോലെ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, സോയിൽ പൈപ്പിങ്ങ്, പെട്ടെന്നുള്ള വെള്ളപ്പൊക്കം എന്നിവ സൃഷ്ടിക്കുവാൻ കഴിയും. ചെങ്കുത്തായ കേരളത്തിന്റെ ഭൂഘടന പ്രളയ ജലത്തിന്റെ ആക്കം കൂട്ടുകയും ചെയ്യും. പൊതുവിൽ നദീജലനിരപ്പ് ഉയർന്നുനിൽക്കുന്ന ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ നദീതടങ്ങളിലെ വെള്ളപ്പൊക്കത്തിനും തീവ്രമഴ വഴിവെയ്ക്കും. ദീഘനാൾ പെയ്തുനിറയുന്ന 2018 ലേതുപോലുള്ള മഴയായാലും പെട്ടെന്ന് പെയ്യുന്ന 2019 ലേതുപോലുള്ള മേഘവിസ്ഫോടനമായാലും കേരളത്തിന്റെ ഭൂഘടനയ്ക്ക് അത് ഭീഷണിയാണ്. കൂടുതൽ ശ്രദ്ധയോടെ കേരളത്തിലെ മഴപ്പെയ്ത്തിന്റെ സ്വഭാവമാറ്റം നിരീക്ഷണവിധേയമാക്കേണ്ടതിന്റെയും ഗണിതമാതൃകകളുടെ സഹായത്താൽ അതുണ്ടാക്കാവുന്ന ആഘാതം മനസ്സിലാക്കി ഭാവിയിൽ അപകടങ്ങൾ കുറയ്ക്കാനുതകുന്ന മാർഗങ്ങൾ ആവിഷ്‌കരിക്കേണ്ടതിന്റെയും പ്രാധാന്യം പഠനം സമർത്ഥിക്കുന്നു.


Comments