തൃക്കാക്കരയിൽ ഇന്നലെ
എന്താണ് സംഭവിച്ചത്?

പ്രീ മൺസൂൺ മഴ തന്നെ പത്തു ദിവസം കൊണ്ട് ലഭിച്ച, അതായത്, 30-40 ശതമാനം മഴ കൂടുതൽ ലഭിച്ച സാഹചര്യമാണ് നിലവിലുള്ളത്. ഇതിനോടൊപ്പം, നല്ലൊരു മൺസൂൺകാലം- പ്രത്യേകിച്ച്, ജൂൺ, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നീണ്ടുനിൽക്കുന്ന സമൃദ്ധമായ മഴക്കാലം- ശരാശരിയിലും കൂടുതൽ പ്രവചിക്കുന്ന സാഹചര്യത്തിൽ കൂടുതൽ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും ഈ സീസണിൽ പ്രതീക്ഷിക്കാം- ഡോ. എസ്. അഭിലാഷ് എഴുതുന്നു.

കേരളത്തിൽ കഴിഞ്ഞദിവസം ലഭിച്ചത് മേഘവിസ്‌ഫോടനത്തിന്റെ ഗണത്തിൽ പെടുത്താവുന്ന മഴയാണ്. ഒരു മണിക്കൂറിൽ പത്ത് സെന്റീമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് മേഘവിസ്‌ഫോടനം എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിർവചിച്ചിരിക്കുന്നത്.
എന്നാൽ, മൺസൂൺ സമയത്ത് രണ്ടു മണിക്കൂറിൽ അഞ്ചു മുതൽ പത്തു സെന്റീമീറ്റർ വരെ മഴ ലഭിച്ചാൽ അതിനെ മിനി മേഘവിസ്‌ഫോടനം എന്നു പറയാറുണ്ട്.
പശ്ചിമഘട്ടത്തെ സംബന്ധിച്ച്, ഒരു മണിക്കൂറിൽ പത്ത് സെന്റീമീറ്റർ ലഭിക്കുന്ന മഴയ്ക്കും രണ്ടു മണിക്കൂറിൽ അഞ്ചു മുതൽ പത്ത് സെന്റീമീറ്റർ വരെ ലഭിക്കുന്ന മഴയ്ക്കും ഏകദേശം ഒരേതരം ഇംപാക്റ്റുണ്ടാക്കാനുളള ശേഷിയുണ്ട്, പ്രത്യേകിച്ച്, പശ്ചിമഘട്ട മലനിരകളെ പരിഗണിച്ചാൽ. അതുകൊണ്ടാണ് മൺസൂണിൽ ഇത്തരം മഴയുണ്ടാകുന്നതിനെ ലഘു മേഘവിസ്‌ഫോടനത്തിൽ പെടുത്തി പറയുന്നത്.

എന്നാൽ, ഇന്നലെ ലഭിച്ചത് മൺസൂണിനുമുമ്പുള്ള വേനൽമഴയാണ്. വേനൽ മഴയുടെ സ്വഭാവം തന്നെ കൂമ്പാര മേഘങ്ങളുടെ സാന്നിധ്യമാണ്. ഇത്തരം മേഘങ്ങൾ കൂടുതൽ കാണുന്ന സമയം കൂടിയാണിത്. 15- 50 മിനിറ്റ് മഴയാണ് അതിൽനിന്ന് ലഭിക്കുക. വളരെ ശക്തമായ മഴയായിരിക്കും. ഇടിയും മിന്നലുമുണ്ടാകും. അതാണ് വേനൽ മഴയുടെ സ്വഭാവം. എന്നാൽ, ഇന്നലെ മറ്റൊന്നുകൂടി സംഭവിച്ചു. വേനൽ മഴയോടൊപ്പം തമിഴ്‌നാട് തീരത്ത് ഒരു ചക്രവാതച്ചുഴിയുണ്ടായി, കഴിഞ്ഞ ദിവസമുണ്ടായ റമൽ ചുഴലിക്കാറ്റ് വഴി പടിഞ്ഞാറൻ കാറ്റിനെ ഒന്ന് പുൾ ചെയ്തു. അങ്ങനെ കാറ്റ് ശക്തിപ്പെടുകയും അതിന്റെ ഭാഗമായി തെക്കൻ അറബിക്കടലിന്റെ മധ്യഭാഗത്ത് നിലനിന്നിരുന്ന വലിയ മേഘക്കൂട്ടങ്ങളും വലിയ തോതിലുള്ള നീരാവിയും കരയിലേക്ക് അടുക്കുകയും ചെയ്തു. അതോടൊപ്പം, കരയിൽ മൺസൂൺ സമയത്തുള്ള മേഘരൂപീകരണത്തിന്റെ സാഹചര്യവും നിലനിന്നിരുന്നു. പ്രീ മൺസൂൺ സമയത്തുള്ള കുമ്പാരമേഘങ്ങളുടെ സാന്നിധ്യവുമുണ്ടായിരുന്നു.

ഇന്നലെ തൃക്കാക്കരയിലുണ്ടായ കനത്ത മഴയിൽ രൂപ​പ്പെട്ട വെള്ളക്കെട്ട്
ഇന്നലെ തൃക്കാക്കരയിലുണ്ടായ കനത്ത മഴയിൽ രൂപ​പ്പെട്ട വെള്ളക്കെട്ട്

സ്വഭാവികമായും വേനലിൽ ഇത്തരം കൂമ്പാര മേഘങ്ങൾ 15 മിനിറ്റു കൊണ്ട് പെയ്ത് ഒഴിഞ്ഞുപോകും. എന്നാൽ, കാറ്റു ശക്തമായതുകൊണ്ട്, അറബിക്കടലിൽനിന്നുള്ള നീരാവിയും മറ്റു മേഘക്കൂട്ടങ്ങളും ഇതിലേക്ക് ഫീഡ് ചെയ്യപ്പെടുകയും അത് ഒരു മണിക്കൂർ നീണ്ടുനിന്ന് ഒരു സ്ഥലത്തുതന്നെ പെയ്യാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്തു. അതിന്റെ ഫലമായാണ് 15 മിനിറ്റ് പെയ്‌തൊഴിയുന്ന മേഘക്കൂട്ടങ്ങൾ ഒരു മണിക്കൂർ നീണ്ടുനിന്ന് പെയ്തത്.

ഇത്തരം മേഘങ്ങൾ മേഘക്കൂട്ടങ്ങളായാണ് എത്തുന്നതെങ്കിലും, ഇവയുടെ കോർ എന്നു പറയുന്ന കേന്ദ്ര സ്ഥാനത്തായിരിക്കും ഏറ്റവും കട്ടിയുള്ള മേഘങ്ങൾ, അവിടെയായിരിക്കും ഏറ്റവും കൂടുതൽ മഴയും കിട്ടുന്നത്. ആ കോർ വരുന്ന ഭാഗം ഇന്നലെ കളമശ്ശേരി ഏരിയയിലായിരുന്നു. അതിനുചുറ്റുമുള്ള പ്രദേശങ്ങളിൽ ഏഴു മുതൽ എട്ടു സെന്റീമീറ്റർ വരെ മഴ രേഖപ്പെടുത്തി.
കളമശ്ശേരി ഏരിയയിൽ കുസാറ്റ് സ്ഥാപിച്ച ഓട്ടോമാറ്റിക് വെതർ സ്‌റ്റേഷനുണ്ട്. അതിൽ ഒരു മിനിറ്റ് ഇടവേളകളിൽ ഡാറ്റ കിട്ടുന്നുണ്ട്. അതനുസരിച്ച്, 9.05 മുതൽ 10.05 വരെയുള്ള മഴയുടെ കണക്ക് 103 മില്ലീമീറ്ററാണ്, 10.3 സെന്റീമീറ്റർ. അതായത്, Classical cloudburst classification as per IMD satisfy ചെയ്തുവെന്ന് കാണാം. കുസാറ്റിന്റെ ഓട്ടോമാറ്റിക് വെതർ സ്‌റ്റേഷനു തൊട്ടടുത്ത് കളമശ്ശേരിയിൽ തന്നെ ഐ.എം.ഡിയുടെ ഓട്ടോമാറ്റിക് വെതർ സ്‌റ്റേഷനുണ്ട്. അവിടുത്തെ റെയിൻ ഡാറ്റ പരിശോധിച്ചപ്പോഴും ഒമ്പതു മണിമുതൽ പത്തു മണിവരെയുള്ള സമയത്ത് കൃത്യമായി 100 എം.എം. നിരക്കിലാണ് ലഭിച്ചത്. അതായത്, കളമശ്ശേരി പ്രദേശത്ത് ഇന്നലെ ലഭിച്ചത് മേഘവിസ്‌ഫോടനത്തിന്റെ ഗണത്തിൽ പെടുത്താവുന്ന മഴയാണ് എന്ന് ഈ രണ്ട് ഡാറ്റകളും സ്ഥിരീകരിക്കുന്നു.

ഇതിനുമുമ്പ് ഇവിടെ മേഘവിസ്‌ഫോടനമുണ്ടായിട്ടുണ്ടോ എന്ന് പറയാൻ കഴിയില്ല. കാരണം ഒരു ജില്ലയിൽ മൂന്നോ നാലോ Rain gauge സ്‌റ്റേഷനുകളേ ഉണ്ടാകൂ. ഒരു ലക്ഷം സ്‌ക്വയർ കിലോമീറ്റർ ഏരിയയിൽ വ്യാപിച്ചിട്ടുള്ള വലിയ മേഘക്കൂട്ടങ്ങളിൽ 10,000- 50,000 ഏരിയയിലെ മേഘങ്ങൾ മാത്രമേ ഏകദേശം 12-14 km ഉയരത്തിൽ develop ചെയ്യുകയുള്ളൂ, അതിനുള്ളിലെ 50 -200 സ്‌ക്വയർ കിലോമീറ്റർ ഏരിയയിലേ മേഘവിസ്ഫോടനത്തിന്റെ ഗണത്തിൽ വരുന്ന ശക്തമായ മഴ ലഭിക്കൂ. അതായതു വലിയ ഏരിയയിൽ മേഘരൂപീകരണമുണ്ടെങ്കിലും അതിശക്തമായ മഴ ഇതിന്റെ കോർ ഏരിയയിൽ മാത്രമാണ് കാണുന്നത്. അത് ഒരു ചെറിയ ഏരിയയാണ്. അതായത്, 500-1000 സ്‌ക്വയർ കിലോമീറ്റർ ഏരിയയിലേ ശക്തമായ മഴ ലഭിക്കൂ.

ഈ സാഹചര്യം പരിഗണിച്ചാൽ, കളമശ്ശേരിയുടെ തൊട്ടടുള്ള രണ്ട് സ്‌റ്റേഷനുകളിൽ ഏതാണ്ട് 10 സെന്റീമീറ്റർ മഴയും അതിനുചുറ്റുമുള്ള പ്രദേശങ്ങളിൽ ഏഴു മുതൽ എട്ടു സെന്റീമീറ്റർ വരെ മഴയും ലഭിച്ചതായി നമുക്ക് മനസ്സിലാക്കാം. ഇത് കാണിക്കുന്നത്, വലിയൊരു മേഘക്കൂട്ടത്തിന്റെ കോർ ഏരിയയിൽ മേഘവിസ്‌ഫോടനത്തിന്റെ ഗണത്തിൽ പെട്ട മഴ കിട്ടി എന്നാണ്.

പലപ്പോഴും, ഡാറ്റയുടെ അഭാവത്തിൽ, ഇത്തരം മേഘവിസ്‌ഫോടനങ്ങൾ ഉണ്ടാകുന്നുണ്ടോ ഇല്ലയോ എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയാറില്ല. റെയിൽ ഗേജ് ഉള്ളിടത്തുതന്നെ അത് പെയ്യണമെന്നുമില്ല. എന്നാൽ, ഇത്തവണ നമുക്ക് ഒരു ആനുകൂല്യം ലഭിച്ചു. ഒരു മിനിറ്റിൽ ഡാറ്റ കിട്ടുന്ന ഓട്ടോമാറ്റിക് വെതർ സ്‌റ്റേഷനുകൾ എറണാകുളത്തിനുചുറ്റും കുസാറ്റ് സ്ഥാപിച്ചിട്ടുണ്ട്. ഭാഗ്യവശാൽ ഇന്നലെ cloud burst നടന്നത് നമ്മുടെ റെയിൻ ഗേജ് സ്‌റ്റേഷന്റെ അടുത്തായതുകൊണ്ട് നമുക്ക് ആ ഡാറ്റ ലഭിച്ചു. അങ്ങനെയാണ് അത് മേഘവിസ്‌ഫോടനമാണ് എന്ന് സ്ഥിരീകരിക്കാനായത്.

മേഘവിസ്‌ഫോടനത്തെ ചെറിയൊരു ഭീതിയോടെയാണ് ആളുകൾ കാണുന്നത്. ചെറിയ മഴ കിട്ടിയാൽ പോലും മേഘവിസ്‌ഫോടനം എന്നു പറയുന്നത് കേൾക്കാറുണ്ട്.
മൺസൂൺ കാലത്ത്, രണ്ടു മണിക്കൂറിൽ അഞ്ചു മുതൽ പത്തു സെന്റീമീറ്റർ വരെ കിട്ടുന്ന മഴയ്ക്ക് വലിയ ഏരിയയിൽ ഇംപാക്റ്റുണ്ടാക്കാനാകും. അതുകൊണ്ടാണ് നാം അതിനെ mesoscale cloudburst (MsCB) എന്നും മിനി ക്ലൗഡ് ബേഴ്‌സ്റ്റ് എന്നും പറയുന്നത്.

മേഘവിസ്ഫോടനവും മിനി ക്ലൗഡ് ബേഴ്‌സ്റ്റും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഇന്നലെ ലഭിച്ചത് മൺസൂൺ സമയത്ത് ലഭിക്കുന്ന തോതിലുള്ള ക്ലൗഡ് ബേഴ്സ്റ്റ് അല്ല, പ്രീ മൺസൂൺ സമയത്തുളളതാണ്. 14 കിലോമീറ്റർ വരെ ഉയരത്തിലുള്ള കുമുലോനിംബസ് (cumulonimbus) ക്ലൗഡിൽ നിന്നാണ് ഇത്തരം മഴയുണ്ടായത്. അത് വലിയ ഏരിയയിൽ ഉണ്ടാകാറില്ല, വലിയ സമയം നീണ്ടുനിൽക്കാറുമില്ല. ഇന്നലെ പടിഞ്ഞാറൻ കാറ്റ് കൂടി അനുകൂലമായതുകൊണ്ടാണ്, പതിവിന് വിരുദ്ധമായി, ഒരു മണിക്കൂർ നീണ്ടുനിന്ന ഈ തോതിലുള്ള മഴ ലഭിച്ചത്. അതുകൊണ്ടാണ് അതിനെ മേഘവിസ്‌ഫോടനത്തിന്റെ ഗണത്തിൽ പെടുത്താനാകുന്നതും. ഈ സമയത്തുള്ള സാറ്റലൈറ്റ് റഡാർ ഡാറ്റകളിൽനിന്ന് മനസ്സിലാകുന്നത്, മേഘങ്ങളുടെ ഉയരം 14 കിലോമീറ്ററിന് മുകളിലായിരുന്നു എന്നാണ്. പല പ്രദേശത്തും ഇടിയും മിന്നലും ഉണ്ടായിരുന്നു എന്നും മനസിലാക്കാം.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ദീർഘകാല മൺസൂൺ പ്രവചനം സൂചിപ്പിക്കുന്നത്, ഇന്ത്യയിൽ മൊത്തം ഏകദേശം 106 ശതമാനം മഴയാണ്. അതായത് 6 ശതമാനം കൂടുതൽ മഴ, ശരാശരിയിലും കൂടുതൽ മഴ. അധികമഴ എന്നാണ് അതിനെ പറയുന്നത്. അധിക മഴയെന്നു പറഞ്ഞാൽശരാശരി മഴയിൽ നിന്ന്, 105- 110 ശതമാനം വരെ മഴ ലഭിക്കുന്ന സാഹചര്യം. ഇപ്പോൾ പ്രവചിക്കുന്നത് 106 ശതമാനമാണ്. ഒരു സീസണിൽ 110 ശതമാനത്തിന് മുകളിൽ പോകുമ്പോഴാണ് അസാധാരണമായ മഴ എന്നു പറയുന്നത്. കേന്ദ്രകാലാവസ്ഥാ വകുപ്പ് പല മാധ്യമങ്ങളിലൂടെയും പ്രവചിച്ചിരിക്കുന്നത് അസാധാരണ മഴ എന്നാണ്. എന്നാൽ 110 ശതമാനത്തിൽ നിന്ന് കുറച്ചുകൂടി കൂടുതൽ മഴ ലഭിക്കുമ്പോഴാണ് അസാധാരണ മഴയെന്ന് പറയുന്നത്. ഇപ്പോൾ ലഭിക്കുന്നത് ശരാശരിയിലും കുറച്ച് കൂടുതലാണ് എന്നു മാത്രം.

95% - 105% വരെ മഴയാണ് ലഭിക്കുന്നതെങ്കിൽ ശരാശരി മഴയെന്നും 105% - 110% വരെയാണെങ്കിൽ അധിക മഴയെന്നും 110% മുതൽ മുകളിലേക്കാണെങ്കിൽ അസാധാരണ മഴയെന്നുമാണ് വിളിക്കുക. കേന്ദ്രകാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത് സാധാരണയിൽ കൂടുതൽ മഴയാണ്. അതുപോലെ കേരളത്തിലും പ്രത്യേകിച്ച് പശ്ചിമതീരത്തും സാധാരണയിൽ കൂടുതൽ മഴയാണ് പ്രവചിച്ചിട്ടുള്ളത്.

പ്രീ മൺസൂൺ മഴ തന്നെ പത്തു ദിവസം കൊണ്ട് ലഭിച്ച, അതായത്, 30-40 ശതമാനം മഴ കൂടുതൽ ലഭിച്ച സാഹചര്യമാണ് നിലവിലുള്ളത്. ഇതിനോടൊപ്പം, നല്ലൊരു മൺസൂൺകാലം- പ്രത്യേകിച്ച്, ജൂൺ, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നീണ്ടുനിൽക്കുന്ന സമൃദ്ധമായ മഴക്കാലം- ശരാശരിയിലും കൂടുതൽ പ്രവചിക്കുന്ന സാഹചര്യത്തിൽ കൂടുതൽ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും ഈ സീസണിൽ പ്രതീക്ഷിക്കാം. പ്രത്യേകിച്ച് ജൂണിലും അധിക മഴ അല്ലെങ്കിൽ സാധാരണ മഴയോ അതിൽ കൂടുതൽ മഴയോ പ്രവചിക്കുന്ന സാഹചര്യത്തിൽ.

എൽ നിനോ (El Nino) സാഹചര്യമാണ് ഇതിന് കാരണമായി കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത്. അതുകൊണ്ടാണ് മഴ മാറി നിന്നതും ചൂട് കൂടിയതും. എന്നാലിപ്പോൾ അത് മാറി ന്യൂട്രൽ കണ്ടീഷനിലേക്ക് എത്തിയിരിക്കുകയാണ്. അത് സംഭവിക്കുന്നത് പസഫിക്കിലാണെങ്കിലും ഇന്ത്യൻ റീജ്യനിലും പ്രതിഫലനം കാണാറുണ്ട്. ന്യൂട്രൽ കണ്ടീഷൻ വന്നതോടെ തെക്കൻ ഇന്ത്യയുടെ ഭാഗത്തുണ്ടായിരുന്ന അതിമർദ്ദ മേഖല ന്യൂനമർദ്ദ മേഖലക്ക് വഴിമാറി. അതുകൊണ്ടാണ് മെയ് 15നു ശേഷം കൂടുതൽ ചക്രവാതച്ചുഴികളും ന്യൂനമർദ്ദങ്ങളും നമ്മുടെ മേഖലയിൽ ഉണ്ടായത്.

അതൊടൊപ്പം, മൺസൂണിന്റെ രണ്ടാം പാതിയിൽ, ഓഗസ്റ്റിനുശേഷം ഒരു ലാ നിന (La Nina) കണ്ടീഷൻ കൂടി പ്രവചിക്കുന്നുണ്ട്. അത് ഇന്ത്യയിൽ കൂടുതൽ മഴക്ക് സാഹചര്യമൊരുക്കും. അതോടൊപ്പം, ഇന്ത്യൻസമുദ്രത്തിന്റെ കാര്യമെടുത്താൽ, അറബിക്കടൽ ഇപ്പോൾ തന്നെ 1.5 ഡിഗ്രി ചൂടു പിടിച്ച് കടക്കുകയാണ്. മൺസൂൺ വരുന്നതോടെമാത്രമേ അത് ചെറിയ തോതിൽ തണുക്കുകയുള്ളൂ. മൺസൂണിന്റെ സമയത്ത് ഒരു പോസിറ്റീവ് ഇന്ത്യൻ ഓഷ്യൻ ഡൈപോളും കേന്ദ്രകാലാവസമോ വകുപ്പ് പ്രവചിക്കുന്നുണ്ട്. അതായത്, പോസിറ്റീവ് ഇന്ത്യൻ ഓഷ്യൻ ഡയപോളിനൊപ്പം ലാ നിനയും എന്നാണ് പ്രവചനം. അതും, സ്വഭാവികമായി കൂടുതൽ മഴ കിട്ടാനുള്ള സാഹചര്യമാണ്. അതിനർഥം, അടുത്ത മഴക്കാലം നമ്മൾ കൂടുതൽ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട് എന്നാണ്.

അതോടൊപ്പം, ഇപ്പോൾ വ്യാപകമായി നടക്കുന്ന റോഡ് നിർമാണത്തിന്റെ ഭാഗമായ വെള്ളക്കെട്ടും കൂടിയുണ്ട്. അതിനെ ചെറുക്കാനുള്ള തയാറെടുപ്പുകൾ മഴക്കാലത്തിനു മുമ്പ് തുടങ്ങേണ്ടതായിരുന്നു. അത്തരം പ്രദേശങ്ങളിൽ നിന്ന് വെള്ളം ഒഴുകിപ്പോകാനുള്ള സാഹചര്യംകൂടി മുന്നിൽ കാണേണ്ടതുണ്ട്.

Comments