കൂറ്റൻ മേഘങ്ങൾ രൂപം കൊള്ളുന്നു, കേരളത്തിന്റെ കാലാവസ്​ഥ അസ്​ഥിരമാകുന്നു

സമീപകാലത്ത് കാലവർഷമേഘങ്ങളുടെ ഘടനയിലും വ്യത്യാസം സംഭവിച്ചിട്ടുണ്ട്. സാധാരണയായി കാലവർഷക്കാലത്ത് പശ്ചിമഘട്ടത്തിനു പടിഞ്ഞാറായി കാണപ്പെടുക ഉയരം കുറഞ്ഞ മേഘങ്ങളാണ്. എന്നാൽ സമീപകാലത്ത് 12 മുതൽ 14 വരെ കിലോമീറ്റർ ഉയരം വരുന്ന കൂമ്പാര മേഘങ്ങളാണ് മഴക്കാലത്ത് രൂപം കൊള്ളുന്നത്. ഇവയാണ് ഇപ്പോൾ കാലവർഷക്കാലത്തും ഇടിമിന്നലിന് കാരണമാവുന്നത്. അവയിൽ നിന്ന് കുറഞ്ഞ സമയം കൊണ്ട് പെയ്യുന്ന കൂടിയ അളവിലുള്ള മഴ അവിടെ പ്രളയത്തിന് കാരണമാവുകയും ചെയ്യും. അതിശക്തമായി മഴ ലഭിച്ച 2019 ലും 2021 ലും ഇത്തരത്തിൽ കൂറ്റൻ മേഘങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നു. സംസ്ഥാനത്ത് ഈ ദിവസങ്ങളിലുണ്ടാകാൻ സാധ്യതയുള്ള അതിതീവ്ര മഴയെക്കുറിച്ച് കാലാവസ്​ഥാ ശാസ്​ത്രജ്​ഞൻ ഡോ. എസ്. അഭിലാഷ്​ ട്രൂ കോപ്പി വെബ്​സീനുമായി സംസാരിക്കുന്നു.

Truecopy Webzine

കേരളത്തിൽ ഒന്ന് രണ്ടു ദിവസങ്ങളിൽ 10- 20 cm വരെ മഴയും ഒരു ആഴചയിൽ 30 - 40 cmവരെ മഴയും ലഭിക്കുവാനുള്ള സാഹചര്യമാണ് മൺസൂൺകാലത്ത് ഇപ്പോൾ നിലവിലുള്ളതെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞൻ ഡോ. എസ്. അഭിലാഷ്. കേരളത്തിൽ കഴിഞ്ഞ പതിറ്റാണ്ടിൽ ദൃശമായ അതിതീവ്ര കാലാവസ്ഥാ സംഭവങ്ങൾ വിരൽചൂണ്ടുന്നത്, ആഗോളതാപനത്തിന്റെ ഫലമായി കേരളത്തിലെ കാലാവസ്ഥ കൂടുതൽ അസ്ഥിരമാകുന്നതാണെന്നും ട്രൂകോപ്പി വെബ്സീന് നൽകിയ അഭിമുഖത്തിൽ ഡോ. എസ്. അഭിലാഷ് പറഞ്ഞു.

‘‘ ശാസ്ത്രനിഗമനങ്ങൾ ശരിവെച്ച് പേമാരികളും താപ തരംഗങ്ങളും ലോകത്താകമാനം വർദ്ധിക്കുന്നതായാണ് കാണുന്നത്. കേരളവും ഇതിൽ നിന്ന് വിഭിന്നമല്ല. അറബിക്കടലും ബംഗാൾ ഉൾക്കടലും ഉൾപ്പെടുന്ന ഉത്തര ഇന്ത്യൻ മഹാസമുദ്രം മറ്റ് സമുദ്രങ്ങളേക്കാൾ അതിവേഗമാണ് ചൂടുപിടിക്കുന്നത്. 2019 ൽ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ടതിനേക്കാൾ കൂടുതൽ ചുഴലിക്കാറ്റുകൾ അറബിക്കടലിൽ രൂപം കൊണ്ടത് ഇതിലേക്കാണ് വെളിച്ചം വീശുന്നത്. ഓഖിക്കുശേഷം തുടരെ തുടരെ കേരളതീരത്തേക്ക് ന്യുനമർദ്ദങ്ങൾ എത്തുന്നത് നമ്മുടെ തീരവും പഴയതു പോലെ സുരക്ഷിതമല്ല എന്ന യാഥാർഥ്യത്തിലേക്കാണ് വിരൽചൂണ്ടുന്നത്. കാലാവസ്ഥയിൽ പ്രകടമായ മാറ്റങ്ങളും പ്രവണതകളും ശ്രദ്ധിക്കേണ്ടതും ഉൾക്കൊള്ളേണ്ടതും നമ്മുടെ വികസന മാർഗ്ഗങ്ങളും ദുരന്ത ലഘൂകരണരീതികളും പ്രാദേശിക തലത്തിൽ രൂപപ്പെടുത്തുന്നതിന് ഏറെ നിർണായകമാണ്. ''

‘‘ ആലിപ്പഴവർഷത്തിനും ഇടിമിന്നലിനും ഒക്കെ ഇടയാക്കുന്ന കൂറ്റൻ മേഘങ്ങൾക്ക് രൂപം കൊള്ളാൻ അന്തരീക്ഷ താപവർദ്ധനവ് സഹായകരമാവും. ടൊർണാഡോ പോലുള്ള ചെറുചുഴലികളെ എങ്ങനെയാണ് ആഗോളതാപനം ബാധിയ്ക്കുക എന്നത് ഇപ്പോഴും വ്യക്തമല്ല. ഇത്തരം ചുഴലികൾ സാധാരണയായി കേരളത്തിൽ കണ്ടുവരാറില്ല. എന്നാൽ ഈ കാലവർഷക്കാലത്ത് മിന്നൽ ചുഴലികളും വാട്ടർ സ്പൗട്ട് പോലുള്ള പ്രതിഭാസങ്ങളും ഇടിമിന്നലും കേരളത്തിൽ ഉണ്ടായത് ആശങ്കാജനകമാണ്. ഇതെല്ലാം വ്യക്തമാക്കുന്നത്, സമീപകാലത്ത് കാലവർഷ മേഘങ്ങളുടെ ഘടനയിലും വ്യത്യാസം സംഭവിച്ചിട്ടുണ്ട് എന്നാണ്. സാധാരണയായി കാലവർഷക്കാലത്ത് പശ്ചിമഘട്ടത്തിനു പടിഞ്ഞാറായി കാണപ്പെടുക ഉയരം കുറഞ്ഞ മേഘങ്ങളാണ്. എന്നാൽ സമീപകാലത്ത് 12 മുതൽ 14 വരെ കിലോമീറ്റർ ഉയരം വരുന്ന കൂമ്പാര മേഘങ്ങളാണ് മഴക്കാലത്ത് രൂപം കൊള്ളുന്നത്. ഇവയാണ് ഇപ്പോൾ കാലവർഷക്കാലത്തും ഇടിമിന്നലിന് കാരണമാവുന്നത്. ഇത്തരം മേഘങ്ങൾ 1 മുതൽ 14 വരെ കിലോമീറ്റർ വരെ കട്ടിയിൽ ഉയർന്നുനിൽക്കുമ്പോൾ അത് ആ പ്രദേശത്ത് തലയ്ക്കുമുകളിൽ നിലകൊള്ളുന്ന ഒരു 'വാട്ടർ ടാങ്ക്' പോലെ വർത്തിക്കുകയും അവയിൽ നിന്ന് കുറഞ്ഞ സമയം കൊണ്ട് പെയ്യുന്ന കൂടിയ അളവിലുള്ള മഴ അവിടെ പ്രളയത്തിന് കാരണമാവുകയും ചെയ്യും. അതിശക്തമായി മഴ ലഭിച്ച 2019 ലും 2021 ലും ഇത്തരത്തിൽ കൂറ്റൻ മേഘങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നു '' .

‘‘ കാലാവസ്ഥാമാറ്റത്തോടൊപ്പം മാനുഷിക ഇടപെടലുകൊണ്ട് ദുർബലമാകുന്ന പരിസ്ഥിതിയെയും കൂടി കണക്കിലെടുത്തുള്ള സുസ്ഥിരമായ കാഴ്ചപ്പാടോടുകൂടിയുള്ള ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾക്കാണ് അടിയന്തിര പ്രാധാന്യം നൽകേണ്ടത്. പാരിസ്ഥിതികാഘാതം കുറച്ച് അടുത്ത രണ്ടോ മൂന്നോ പതിറ്റാണ്ടുകളിൽ പ്രതീക്ഷിക്കുന്ന അതിതീവ്ര കാലസ്ഥാ സംഭവങ്ങളെ കൂടി മുൻക്കൂട്ടികണ്ടുള്ള വികസന നയരൂപീകരണവും ആസൂത്രണവുമാണ് നമുക്കാവശ്യം. തുടർച്ചയുള്ളതും തടസമില്ലാത്തതുമായ കാലാവസ്ഥാനിരീക്ഷണമാണ് ദുരന്തനിവാരണത്തിന് പരമപ്രധാനം. അതിനാൽ കേരളാ ശാസ്ത്ര സാങ്കേതിക വകുപ്പിനുകീഴിൽ ചുരുങ്ങിയത് ബ്ലോക്ക് അടിസ്ഥാനത്തിലെങ്കിലും ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ പോലുള്ള നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടതാണ്. ഇതു പൊതുജനങ്ങൾക്കും ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും യഥാസമയം ലഭ്യമാക്കുന്ന ഓപ്പൺ ഡാറ്റ പോളിസിയിയും അവലംബിക്കണം. ഇതുവഴി കാലാവസ്ഥാ സാക്ഷരത താഴെത്തട്ടിലേക്കു വ്യാപിപ്പിക്കാനും പൊതുജനങ്ങളിലും മാധ്യമങ്ങളിലും കാലാവസ്ഥാ അവബോധം സൃഷ്ടിക്കുവാനും സാധിക്കും. അങ്ങനെ ലഭ്യമായ കാലാവസ്ഥാ വിവരങ്ങൾ ലളിതമായി മനസിലാക്കുവാനും കൂടുതൽ പ്രയോജനപ്പെടുത്തുവാനും സാധിക്കും. സർക്കാർ- പൊതുമേഖലാ സ്ഥാപനങ്ങൾ ശേഖരിക്കുന്ന കാലാവസ്ഥാ സംബന്ധമായ വിവരങ്ങൾ ഒരു പൊതു പ്ലാറ്റ്‌ഫോ?മിൽ ലഭ്യമാക്കി മുന്നറിയിപ്പുകൾക്കും ഗവേഷണത്തിനുമായി ഉപയോഗിക്കാം. കാലാവസ്ഥാ വകുപ്പ് നൽകുന്ന മഞ്ഞ, ഓറഞ്ച്, റെഡ് മുന്നറിയുപ്പുകൾക്കനുസരിച്ച്, ഓരോ അവസരത്തിലും വ്യക്തിയെന്ന നിലയിലും സമൂഹമായും എടുക്കേണ്ട മുൻകരുതലുകൾ എന്തെല്ലാമാണെന്ന് പ്രദേശവാസികൾക്കും പ്രാദേശിക ഭരണസംവിധാനങ്ങൾക്കും വ്യക്തമായ ധാരണ ഉണ്ടാവേണ്ടതാണ്. കാലാവസ്ഥാ പ്രവചനങ്ങളിൽ പൊതുവേ, സാധ്യതയുടെ (probabiltiy) ഒരംശം അടങ്ങിയിട്ടുണ്ട്. അടിയന്തിരമായി കൈക്കൊള്ളേണ്ട തീരുമാനങ്ങളിലും ഈ പ്രവചനപരമായ അനിശ്ചിതത്വത്തിന്റെ ഘടകം കണക്കിലെടുക്കണം ''.

‘‘ വികേന്ദ്രികൃത ഭരണസംവിധാനത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമതയോടെ കൈകാര്യം ചെയ്യുവാൻ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും സജ്ജമാക്കുക എന്നത് അടിയന്തിര പ്രാധാന്യം അർഹിക്കുന്നു. പ്രാദേശികാടിസ്ഥാനത്തിൽ ദുരന്ത സാഹചര്യങ്ങൾ മുൻകൂട്ടി മനസിലാക്കുവാൻ തദ്ദേശസ്ഥാപങ്ങളെയും അതാതു പ്രദേശത്തു ലഭ്യമായ വിഷയ വിദഗ്ധരെയും മറ്റു കക്ഷികളെയും ഉൾപ്പെടുത്തി കുറഞ്ഞത് ബ്ലോക്ക് തലത്തിലെങ്കിലും നിരീക്ഷണ സംവിധാനം മെച്ചപ്പെടുത്തുക എന്നത് 2018 പ്രളയത്തിനുശേഷം ഉയർന്നു വരുന്ന ആവശ്യമാണ്. ഗവൺമെന്റ് അടിയന്തയരമായി ഇതിൽ ഇടപെടും എന്ന് പ്രതീക്ഷിക്കാം''.

‘‘കാലാവസ്ഥ, ജല മാനേജ്മന്റ്, ഭൗമശാസ്ത്രം, കാർഷിക മേഖല, പക്ഷി-മൃഗസംരക്ഷണം, ആരോഗ്യം, മത്സ്യബന്ധനം തുടങ്ങി വിവിധ വിഷയങ്ങളിൽ പ്രഗൽഭ്യമുള്ളവരെ സംഘടിപ്പിച്ച് കേരള ശാസ്ത്ര സാങ്കേതിക വകുപ്പിനുകീഴിൽ സംയോജിത ഗവേഷണങ്ങൾ പരിപോഷിപ്പിക്കുന്നതിന് ഏകീകൃത സംവിധാനങ്ങൾ ഒരുക്കേണ്ടതാണ്. തദ്ദേശ സമൂഹങ്ങളെ കൂടി ഉൾപ്പെടുത്തി ഒരു ബഹുതല -അപകട - പ്രകൃതി പ്രക്ഷോഭ മുന്നറിയിപ്പ് സംവിധാനം ഉണ്ടാക്കിയെടുക്കുകയും കാര്യക്ഷമമായി നിലനിർത്തുകയും വേണം. ഈ വർഷത്തെ ലോക കാലാവസ്ഥാ ദിനത്തിന്റെ സന്ദേശം തന്നെ, അതിതീവ്ര കാലാവസ്ഥാ സംഭവങ്ങളെ പ്രതിരോധിക്കുവാൻ പ്രാദേശിക മുന്നറിയിപ്പ്- ദുരന്തലഘൂകരണ സംവിധാനങ്ങൾ അടിയന്തര പ്രാധാന്യത്തോടെ പ്രവർത്തനക്ഷമമാക്കുക എന്നതാണ്. അപകടങ്ങൾക്കും ദുരന്തങ്ങൾക്കും ഇരയാകാനിടയുള്ള ജനങ്ങളുടെയും തദ്ദേശ സ്ഥാപങ്ങളുടെയും നേരിട്ടുള്ള പങ്കാളിത്തം ഇത്തരം സാമൂഹിക അപകട ലഘൂകരണ സംവിധാനത്തിന്റെ വിജയത്തിന് അത്യന്താപേക്ഷിതമാണ്. ഇവിടെ ബഹുജന പങ്കാളിത്തത്തോടുകൂടിയുള്ള 'bottom-up' മാതൃകയാണ് ഏറ്റവും ഫലപ്രദം''.

അഭിമുഖത്തിന്റെ പൂർണ രൂപം വെബ്സീൻ പാക്കറ്റ് 88 ൽ വായിക്കാം

ഉഷ്​ണതരംഗങ്ങൾ ലോകത്തെ പിടിമുറുക്കികഴിഞ്ഞു, സ്​ഥിതി കൂടുതൽ വഷളാവുകയാണ്​ | ഡോ.എസ് അഭിലാഷ് / റിദാനാസർ

Comments