റിദാനാസർ: പരിസ്ഥിതി, കാലാവസ്ഥ തുടങ്ങിയ സംജ്ഞകളെക്കുറിച്ച് സംസാരിക്കുമ്പോൾ പ്രധാനമായും ആഗോളതാപനം, കാലാവസ്ഥാവ്യതിയാനം, കാർബൺ ഫൂട്ട് പ്രിൻറ് തുടങ്ങിയ വിഷയങ്ങളെക്കുറിച്ചാണ് ചർച്ച ചെയ്യാറുള്ളത്. ആഗോളതലത്തിൽ ഇതുമായി ബന്ധപ്പെട്ട് Kyoto Protocol, Paris Agreement, World Climate Conference, Cop തുടങ്ങിയ നിരവധി ഉച്ചകോടികളും കരാറുകളുമൊക്കെ നടപ്പാക്കിയിട്ടുണ്ട്. പക്ഷേ ഈ ശ്രമങ്ങൾക്കൊന്നും പ്രകടമായ മാറ്റങ്ങളുണ്ടാക്കാൻ സാധിച്ചിട്ടില്ലെന്നല്ലേ യൂറോപ്പിലെ ഉഷ്ണതരംഗവും കാലിഫോർണിയയിലെ കാട്ടുതീ പോലുള്ള സംഭവങ്ങളിൽ നിന്നുമെല്ലാം തെളിഞ്ഞുകൊണ്ടിരിക്കുന്നത്?
ഡോ. എസ്. അഭിലാഷ്: വളരെ ശരിയാണ്. കാലാവസ്ഥാശാസ്ത്രത്തെ സംബന്ധിച്ച് ഇപ്പോൾ ദൃശ്യമാകുന്ന അതിതീവ്രമായ കാലാവസ്ഥാസംഭവങ്ങൾ അതിശയോക്തിയുള്ളതല്ല. ദ്രുതഗതിയിലുള്ള ആഗോളതാപനം മുൻകൂട്ടി കണ്ട് പ്രതിരോധിക്കുവാൻ അതാതുസമയത്തുള്ള കാലാവസ്ഥാമാറ്റത്തെക്കുറിച്ചുള്ള അറിവുകളും അതിന്റെ കാരണങ്ങളും പ്രത്യാഘാതങ്ങളും പ്രതികരണ-പ്രതിരോധ നടപടികളെക്കുറിച്ചുള്ള വിലയിരുത്തൽ റിപ്പോർട്ടുകളും (Assessment Report: AR) അന്താരാഷ്ട്ര സമൂഹത്തിനു മുന്നിൽ വയ്ക്കുന്നത് International Panel on Climate Change (IPCC) എന്നറിയപ്പെടുന്ന അന്താരാഷ്ട്ര കാലാവസ്ഥാ സമിതിയാണ്. 1990-ൽ, ഐ.പി.സി.സി കാലാവസ്ഥാ സംബന്ധമായ മാറ്റങ്ങളും, ആഗോളതാപനവും, പ്രത്യാഘാതങ്ങളും വിശദമാക്കുകയും അന്താരാഷ്ട്ര സമൂഹം ഇതിനോട് പ്രതികരിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്ന ഒന്നാം അവലോകനകുറിപ്പ് (First Assessment Report : AR1) പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ജനീവയിൽ 1990-ൽ നടന്ന രണ്ടാം കാലാവസ്ഥാ ഉച്ചകോടിയിൽ (2nd World Climate Conference) ഐക്യരാഷ്ട്രസഭയുടെ ഭാഗമായി അന്താരാഷ്ട്ര സമൂഹം യോജിച്ച് പ്രവർത്തിക്കുന്ന ഔദ്യോഗിക കാലാവസ്ഥാ ഉടമ്പടികൾ സംബന്ധിച്ച ചട്ടക്കൂടുകൾ പ്രാബല്യത്തിൽ വരേണ്ടതിന്റെ ആവശ്യകത ചർച്ചയായി. പിന്നീട് 1992-ൽ ബ്രസീലിലെ റിയോ ഭൗമ ഉച്ചകോടിയിൽ കാലാവസ്ഥാ ഉടമ്പടികളുടെ ഔദ്യോഗിക ചട്ടകൂടായ UN Frame Work Convention on Climate Change (UNFCCC) അംഗീകരിക്കുകയും ഇത് ഔദ്യോഗിക ചട്ടകൂടായി പ്രാബല്യത്തിൽ വരുത്താൻ നടപടി ആരംഭിക്കുകയും ചെയ്തു. UNFCCC യുടെ ആഭിമുഖ്യത്തിൽ നിലവിൽ വന്ന രണ്ട് സുപ്രധാന ഉടമ്പടികളാണ് 1997 ലെ ക്യോട്ടോ പ്രോട്ടക്കോളും, 2015 ലെ പാരീസ് ഉടമ്പടിയും.
ജർമനിയിലെ ബെർലിനിൽ 1995-ൽ നടന്ന UNFCCCയുടെ ആദ്യത്തെ അംഗരാജ്യ സമ്മേളനത്തിൽ (First Conference of Parties: COP-1), നിശ്ചിത സമയപരിധിക്കുള്ളിൽ ഹരിതഗൃഹവാതകങ്ങളുടെ ഉദ്വമനതോത് എത്ര കുറയ്ക്കണം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് അംഗരാഷ്ട്രങ്ങൾക്ക് പെരുമാറ്റചട്ടം ആവശ്യമാണെന്ന ചർച്ചക്ക് തുടക്കം കുറിച്ചു. 1997ൽ കൊയോട്ടയിൽ നടന്ന മൂന്നാം അംഗരാഷ്ട്ര സമ്മേളനത്തിൽ (COP3) 150ലധികം രാജ്യങ്ങൾ പെരുമാറ്റ ചട്ടത്തിൽ ധാരണയിലെത്തുകയും ഒപ്പുവെയ്ക്കുകയും ചെയ്തതോടെ ഔദ്യോഗിക നിയമമായി നിലവിൽ വന്നു. ഇതിനകം, അന്തരീക്ഷത്തിൽ അതുവരെ പുറന്തള്ളിയ അധിക കാർബൺഡൈഓക്‌സൈഡും മറ്റ് ഹരിത ഗൃഹവാതകങ്ങളും വികസിത രാജ്യങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും, വ്യാവസായിക ആവശ്യങ്ങൾക്കും വേണ്ടിയാണെന്ന് അംഗരാജ്യങ്ങൾക്ക് ബോധ്യമായി. ആയതിനാൽ കൊയോട്ടോ പെരുമാറ്റ ചട്ടത്തിലൂടെ അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ അളവ് നിശ്ചിത പരിധിയിലേക്ക് കുറയ്ക്കുന്നതിന്റെ മുഖ്യബാധ്യതയും വികസിത രാജ്യങ്ങളുടെ തലയിൽ വന്നു. അങ്ങനെ, Organization for Economic Co-operation and Development (OECD) ന്റെ ഭാഗമായ 12 അനുബന്ധ (Anex.1) രാജ്യങ്ങൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഹരിതഗൃഹവാതകങ്ങളുടെ ഉദ്വമന തോത് 1990-ലെ നിലയിൽനിന്ന് 5%ത്തോളം കുറച്ചു കൊണ്ടുവരുന്നതിന് ധാരണയായി. ഇതിനെ "പൊതുവായ ലക്ഷ്യത്തിന് വ്യത്യസ്ത ഉത്തരവാദിത്വങ്ങൾ" എന്ന പൊതു പ്രവർത്തന തത്വമായി സ്വീകരിക്കുകയും ചെയ്തു. ഈ ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിന് ഓരോ അംഗരാജ്യങ്ങളും സ്വീകരിക്കുന്ന നയപരിപാടികളുടെയും പ്രവർത്തനങ്ങളുടെയും പുരോഗതി കൃത്യമായി വിലയിരുത്തുവാൻ ഒരു സംവിധാനവും നിലവിൽ വന്നു. ഓരോ രാജ്യങ്ങൾക്കും അവരിൽ നിക്ഷിപ്തമായ ഉത്തരവാദിത്വങ്ങൾ പൂർത്തീകരിക്കാനുള്ള കാലയളവ് 2008 മുതൽ 2012 വരെയായി നിശ്ചയിക്കുകയും ചെയ്തു.
ഇപ്പോൾ കാണുന്ന അതിതീവ്ര കാലാവസ്ഥാ സംഭവങ്ങൾ ഒരു ടെസ്റ്റ് ഡോസ് മാത്രമാണന്നും ഇനിയും നമ്മെ കാത്തിരിക്കുന്ന അതിതീവ്ര കാലാവസ്ഥാ സംഭവങ്ങളാണെന്നുള്ള ഐ.പി.സി.സി മുന്നറിയിപ്പ് ഗൗരവമായി ചർച്ച ചെയ്യപ്പെടണം.
മൊറോക്കയിലെ മാരാകേഷിൽ 2001-ൽ നടന്ന അംഗരാജ്യങ്ങളുടെ ഏഴാം സമ്മേളനത്തിൽ (COP7) ഓരോ രാജ്യ ങ്ങളും പുറംതള്ളുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവിനെ കുറിച്ചും അവികസിത-വികസ്വര രാജ്യങ്ങളെ സാമ്പത്തിക- സാങ്കേതിക വിദ്യാകൈമാറ്റത്തിലൂടെ സഹായിക്കുന്നതിനും ധാരണയിലെത്തി. ഇതിനനുസരിച്ച് അന്താരാഷ്ട്ര ഉദ്വമന കച്ചവടം (International Emission Trading), ശുദ്ധമായ വികസന സംവിധാനം (Clean Development Mechanism), സംയുക്ത നടപടിക്രമങ്ങൾ (Joint Implementation) എന്നിവ പ്രായോഗികമായി നടപ്പാക്കുന്നതുസംബന്ധിച്ച് ലോകരാഷ്ട്രങ്ങൾ തമ്മിൽ ധാരണയാകുകയും ചെയ്തു. ഇതനുസരിച്ച് 2003-ൽ ഇറ്റലി യിലെ മിലനിൽ വെച്ചുനടന്ന 9-ാം അംഗരാജ്യ സമ്മേളന ത്തിൽ (COP9) പ്രത്യേക കാലാവസ്ഥാ നിക്ഷേപവും (Special Climate Change Fund - SCCF), അവികസിത രാജ്യ ങ്ങൾക്കുവേണ്ടിയുള്ള നിക്ഷേപവും (Least Development Countries Fund: LDCF) സ്വരൂപിക്കുവാൻ തീരുമാനിച്ചു. അന്താരാഷ്ട്ര ഉദ്വമന കച്ചവടത്തിലൂടെ കാർബൺ വായ്പയും മറ്റ് രാജ്യങ്ങൾക്ക് മിച്ചം വരുന്ന കാർബൺ വിഹിതം വാങ്ങിച്ചു കൊണ്ടും മറ്റ് രാജ്യങ്ങളുമായുള്ള സഹകരണത്തിലൂടെ വികസിത രാജ്യങ്ങൾക്ക് അവരുടെ ഉദ്വമന വിഹിതം വർദ്ധിപ്പിക്കുവാൻ സാധിക്കും എന്ന ധാരണയിലെത്തി.
കാർബൺ ഉദ്വമനം കുറയ്ക്കുക എന്ന പൊതുവായ ലക്ഷ്യത്തിന് വികസിത രാജ്യങ്ങളിലും, അവികസിത രാജ്യങ്ങളിലും, വികസ്വര രാജ്യങ്ങളിലും വ്യത്യസ്തമായ ഉത്തരവാദിത്വങ്ങൾ നിക്ഷിപ്തമായത് വികസിത രാജ്യങ്ങൾക്ക് പൊതുവേ സ്വീ കാര്യമായിരുന്നില്ല. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളായ ചൈന്യ, ഇന്ത്യ, മെക്സികോ, ബ്രസീൽ എന്നീ രാജ്യങ്ങൾക്ക് വലിയ പ്രതിബദ്ധതയില്ലാത്ത ഒരു ഉടമ്പടിയിൽ ഒത്തുചേരുന്നതിൽ അർത്ഥമില്ലെന്നും, അത് വികസിത രാജ്യങ്ങളുടെ സാമ്പത്തികഭദ്രതയെ ബാധിക്കും എന്ന് മനസ്സിലാക്കി കൊയോട്ടോ ഉടമ്പടിയിൽ നിന്ന് അമേരിക്ക ഉൾപ്പെടെയുള്ള ചില വികസിത രാജ്യങ്ങൾ വിട്ടുനിന്നു. ബാലിയിൽ വെച്ച് 2007-ൽ നടന്ന അംഗരാജ്യങ്ങളുടെ 13ാം സമ്മേളനത്തിൽ (COP13) ദീർഘകാലാടിസ്ഥാനത്തിൽ 2012-നുശേഷവും നടപ്പിൽ വരുത്തേണ്ട കർമപദ്ധതി കൾക്ക് (Bali Action Plan) രൂപം നൽകി. എന്നാൽ, 2009ൽ ഡെൻമാർക്കിലെ കോപ്പൻ ഹാഗനിൽ നടന്ന അംഗരാജ്യങ്ങളുടെ പതിനഞ്ചാം സമ്മേളനത്തിൽ (COP15) വികസിതരാജ്യങ്ങളും, വികസ്വര രാജ്യങ്ങളും, അവികസിത രാജ്യങ്ങളും തമ്മിൽ ഏകദേശ ധാരണയിലെത്തി. ഇതുപ്രകാരം അമേരിക്ക, ബ്രസീൽ, ചൈന ഇന്തോനേഷ്യ, ഇന്ത്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങൾക്ക് കോപ്പൻ ഹേഗൻ ഉടമ്പടിയിലൂടെ കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ആഗോള താപനത്തിന്റെ തോത് 2 ഡിഗ്രി സെൽഷ്യസിൽ താഴെ പിടിച്ചുനിർത്തേണ്ടതിന്റെ പ്രാധാന്യം മനസ്സിലാവുകയും അതുമായിട്ടുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുവാൻ ധാരണയാവുകയും ചെയ്തു. ഈ കരാർ പ്രകാരം, നിയമപരമായ ബാധ്യതകൾ ആവശ്യമില്ലെങ്കിലും, സ്വമേധയാ ഹരിതഗൃഹ വാതകങ്ങളുടെ ഉദ്വമനം കുറയ്ക്കുന്നതിന് രാജ്യങ്ങൾ പ്രതിജ്ഞാബദ്ധമായി. ഇതനുസരിച്ച് 100 ബില്യൺ അമേരിക്കൻ ഡോളർ വികസ്വര രാജ്യങ്ങൾക്കും അവികസിത രാജ്യങ്ങൾക്കും നൽകുവാൻ ധാരണയായി. മെക്സിക്കോയിലെ കൺക്യൂണിൽ 2010-ൽ നടന്ന അംഗരാജ്യങ്ങളുടെ 16ാം സമ്മേളനത്തിൽ (COP16) കോപ്പൻ ഹേഗൻ ഉടമ്പടി ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്തു. ഇതനുസരിച്ച് ആഗോള താപനം 2 ഡിഗ്രി സെൽഷ്യസിൽ പിടിച്ചുനിർത്തുന്നതിനും, ദുർബ്ബല വനങ്ങളെ സംരക്ഷിക്കുന്നതിതിനും ധാരണയായി. വികസ്വര- അവികസിത രാജ്യങ്ങൾക്ക് ലഘൂകരണത്തിനും (Mitigation) പൊരുത്തപ്പെടലിനുമായി (adaptation) ഇത് ലഭ്യമാകുന്നതിനും തത്ത്വത്തിൽ അംഗീകാരം നൽകി.
ആഗോളതാപന പരിധി ഈ നൂറ്റാണ്ടിൽ 1.5°C ൽ പിടിച്ചു നിർത്താനുള്ള അവസാന അവസരവും നമ്മൾ ഗ്ലാസ്‌ഗോ ഉച്ചകോടിയിൽ നഷ്ടപ്പെടുത്തി.
ഇതിനുശേഷവും ആഗോളതാപനം നിയന്ത്രിക്കുന്ന പ്രവർത്തനങ്ങൾക്ക് വേണ്ടത്ര പുരോഗതി കൈവരിക്കുവാൻ സാധിച്ചില്ല. എന്നാൽ, 2013-ൽ പോളണ്ടിലെ വാർഡോയിൽ വെച്ചുനടന്ന അംഗരാജ്യങ്ങളുടെ 19ാം സമ്മേളനത്തിൽ (COP19) ഹരിത കാലാവസ്ഥാനിധിയിലൂടെ (green climate fund) വനനശീകരണത്തിലൂടെ ഉണ്ടാകുന്ന ഹരിതഗൃഹവാതകങ്ങളുടെ ഉദ്വമന തോത് കുറയ്ക്കുവാൻ വനങ്ങളെ സംരക്ഷിക്കുന്ന പദ്ധതികൾക്ക് (Reducing Emission from De forstration and Forest Degradation: REDD+) രൂപം നൽകുകയും അംഗരാജ്യങ്ങൾ അംഗീകരിക്കുകയും ചെയ്തു. ഇതനുസരിച്ച് 2020-ഓടു കൂടി വികസിത രാജ്യങ്ങൾ 100 ബില്ല്യൻ ഡോളർ വികസ്വര- വികസിത രാജ്യങ്ങൾക്ക് നൽകുമെന്നുറപ്പ് നൽകി.
അമേരിക്കയുടെയും മറ്റ് വികസിത രാജ്യങ്ങളുടെയും സ്ഥാപിത താത്പ്പര്യങ്ങൾ കാരണം ക്യോട്ടോ ഉടമ്പടി അട്ടിമറിക്കപ്പെട്ടു. ഒന്നാം ഘട്ടമായ 2012 ൽ നിശ്ചയിച്ച ലക്ഷ്യപ്രാപ്തിയിലെത്തിച്ചേരാൻ സാധിച്ചില്ലെന്നുമാത്രമല്ല, അമേരിക്കയെ പിന്തുടർന്ന് മറ്റു ചില രാജ്യങ്ങൾ കൂടി കരാറിൽ നിന്ന് പിന്മാറി. അതുനുശേഷം 2012 ൽ ദോഹയിൽ ചേർന്ന COP18 ൽ ക്യോട്ടോ പ്രോട്ടക്കോൾ നടപ്പിലാക്കുവാനുള്ള സമയപരിധി 2020 വരെയായി പുനർനിർണയിച്ചു. അതോടൊപ്പം കൂടുതൽ നിയമ സാധുതയുള്ള സമഗ്രമായ നയപരിപാടികളുടെ അടിസ്ഥാനത്തിൽ എല്ലാവർക്കും സ്വീകാര്യമായ പ്രായോഗികമായ നയപരിപാടികൾക്കും 2015 ഓടെ രൂപം നൽകുവാനും ധാരണയായി.
ഇതിനുശേഷം 2014-ൽ IPCC അഞ്ചാം അവലോകന രേഖ (AR5) പ്രസിദ്ധീകരിച്ചു. മനുഷ്യചരിത്രത്തിൽ മനുഷ്യനിർമിതമായ ഹരിതഗൃഹവാതകങ്ങളുടെ ഉദ്വമനതോത് ഏറ്റവും ഉയർന്ന നിലയിലാണെന്ന് കണ്ടെത്തി. കാലാവസ്ഥാ വ്യവസ്ഥിതിയിൽ മനുഷ്യന്റെ സ്വാധീനം വ്യക്തമാണെന്ന് ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഐ.സി.സി.സിയുടെ അഞ്ചാം അവലോകന റിപ്പോർട്ടിലൂടെ (AR5) ലോകരാഷ്ട്രങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുവാൻ സാധിച്ചു. കാർബൺ ഉദ്വമനം ഇതേ തോതിൽ തുടർന്നാൽ കാലാവസ്ഥാ വ്യൂഹത്തിലെ എല്ലാ മണ്ഡലങ്ങളും മാറ്റങ്ങൾക്ക് വിധേയമാവുകയും ഇത് പരിസ്ഥിതിയിലും ആവാസ വ്യവസ്ഥയിലും മനുഷ്യനിലും പരിഹരിക്കാൻ കഴിയാത്ത വിധം പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്നുള്ള മുന്നറിയിപ്പും ഐ.പി.സി.സിയുടെ അഞ്ചാം അവലോകന കുറിപ്പിന്റെ തലവാചകത്തിൽ തന്നെ സൂചിപ്പിക്കുന്നുണ്ട്. ഇതിന്റെ ആഘാതം കുറയ്ക്കുന്നതിന് ഹരിതഗൃഹവാതകങ്ങളുടെ ഉദ്വമന തോത് വളരെയധികം കുറയ്ക്കേണ്ടതിന്റെ ആവശ്യ കതയും മറ്റ് നിരവധി പരിഹാര- ലഘൂകരണ മാർഗ്ഗങ്ങളും നിർദ്ദേശിക്കുകയും ചെയ്തു.
ഇതിനുശേഷം, ഐ.പി.സി.സിയുടെ അഞ്ചാം അവലോകന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് 2015ൽ പാരീസിൽ 21ാം അംഗരാജ്യ സമ്മേളനം (COP21) കൂടിയത്. ഉയർന്ന തലത്തിൽ നിന്ന് താഴേതട്ടിലേക്ക് നിർദ്ദേശങ്ങൾ കൈമാറുന്ന തരത്തിലുള്ള ക്യോട്ടോ പെരുമാറ്റ ചട്ടത്തിന്റെയും, താഴെത്തട്ടിൽനിന്ന് മുകളിലേക്ക് നിർദ്ദേശങ്ങൾ പ്രവഹിക്കുന്ന തരത്തിലുള്ള കോപ്പൻ ഹേഗൻ- കാൻക്യൂൺ ഉടമ്പടികളുടെയും സ്വീകാര്യമായ വശങ്ങൾ സാംശീകരിച്ച് രൂപം നൽകിയതായിരുന്നു പാരീസ് ഉടമ്പടി. ഇതനുസരിച്ച് എല്ലാ രാജ്യങ്ങൾക്കും പൊതുവായ പ്രതിബദ്ധതകളും പെരുമാറ്റച്ചട്ടങ്ങളും നിർണയിച്ചു. ഹരിത ഗൃഹവാതകങ്ങളുടെ ഉദ്വമനതോത് കുറയ്ക്കുന്നതിൽ ഓരോ അംഗരാജ്യങ്ങൾക്കും ദേശീയതലത്തിൽ തന്നെ തീരുമാനമെടുത്ത് (Nationally Determined Contribution: NDC) പ്രാവർത്തികമാക്കുന്നതിനുള്ള അംഗീകാരം നൽകുകയും ചെയ്തു. ഇതുപ്രകാരം കരാറിൽ ഏർപ്പെട്ട രാജ്യങ്ങളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുവാൻ കൂടുതൽ മെച്ചപ്പെട്ടതും സുതാര്യവുമായ ചട്ടകൂട് (framework) സ്ഥാപിക്കുകയും അവരവരുടെ സംഭാവനകൾ ശക്തിപ്പെടുത്താൻ ഓരോ രാജ്യങ്ങളോടും ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ നിയമപരമായ അയഞ്ഞ സ്വഭാവം കണക്കിലെടുത്ത് പ്രസിഡൻറ് ഒബാമക്ക് സെനറ്റിന്റെ ഉപദേശവും സമ്മതവും തേടാതെ തന്നെ എക്സിക്യൂട്ടീവ് നടപടികളിലൂടെ പാരീസ് കരാറിന് തത്ത്വത്തിൽ അംഗീകാരം നൽകാൻ കഴിഞ്ഞു. പിന്നീട് 2016ൽ പാരീസ് ഉടമ്പടി പ്രാബല്യത്തിൽ വന്നു. എന്നാൽ ഇതിന് കടക വിരുദ്ധമായി പാരീസ് കരാറിൽ നിന്ന് അമേരിക്കയെ പിൻവലിക്കുവാനുള്ള ആഗ്രഹം 2017ൽ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. എന്നാൽ പിന്നീട് വന്ന ഐ.പി.സി.സിയുടെ ഇടക്കാല റിപ്പോർട്ടുകളുടെയും, ഭൂമിയിൽ ഈ കാലയളവിൽ അരങ്ങേറിയ അതിതീവ്രമായ കാലാവസ്ഥാ പ്രതിഭാസങ്ങളുടെയും പശ്ചാത്തലത്തിൽ പാരീസ് ഉടമ്പടി വീണ്ടും ചർച്ച ചെയ്ത് പുതുക്കിയ നിബന്ധനകൾ പ്രകാരം അമേരിക്ക ഉടമ്പടിയിൽ തുടരാൻ ആഗ്രഹിക്കുന്നത് ശുഭസൂചനയാണ്.
കഴിഞ്ഞ 2000 വർഷങ്ങളിൽ കണ്ടിട്ടില്ലാത്ത തരത്തിൽ അഭൂതപൂർവമായ നിരക്കിലാണ് ഭൂമി ഇപ്പോൾ ചൂടാകുന്നത്. അന്തരീക്ഷത്തിലെ CO2 ന്റെ സമീപകാല സാന്ദ്രത കഴിഞ്ഞ 2 ദശലക്ഷം വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ്
ആഗോളതാപന പരിധി ഈ നൂറ്റാണ്ടിൽ 1.5°C ൽ പിടിച്ചു നിർത്താനുള്ള അവസാന അവസരവും നമ്മൾ ഗ്ലാസ്‌ഗോ ഉച്ചകോടിയിൽ നഷ്ടപ്പെടുത്തി. ഐ.സി.സി.സി യുടെ ആറാം അവലോകന റിപ്പോർട്ട് പരിശോധിച്ചാൽ, അടുത്ത രണ്ടു ദശകത്തിനുള്ളിൽ തന്നെ ഭൂമിയുടെ താപനില ഈ പരിധിയും ഭേദിക്കും എന്നാണ് വിലയിരുത്തുന്നത്.സമീപകാലത്ത്, കാലാവസ്ഥാവ്യതിയാനം വ്യാപകമാകുകയും ലോകത്തിന്റെ എല്ലാകോണുകളിലും അതിന്റെ ദൂഷ്യഫലങ്ങൾ ദ്യശ്യമാവുകയും ചെയ്തതിന്റെ പശ്ചാത്തലത്തിൽ, ഇപ്പോൾ കാണുന്ന മാറ്റങ്ങൾ ദ്രുതഗതിയിലുള്ളതും തിരിച്ചുപിടിക്കാൻ സാധിക്കാത്തതുമാണെന്നു ആറാം അവലോകന റിപ്പോർട്ട് സംശയത്തിന് വകയില്ലാത്ത തരത്തിൽ പറഞ്ഞുവെയ്ക്കുന്നു. തിരിച്ചുപിടിക്കാനാവാത്ത തരത്തിൽ ഭൂമിയുടെ കാലാവസ്ഥയെ എത്തിച്ചത് മാനുഷിക പ്രവർത്തനങ്ങളുടെ ഭാഗമായി പ്രധാനമായി ഫോസിൽ ഇന്ധനങ്ങൾ കത്തിച്ചും വനനശീകരണവും മൂലം അന്തരീക്ഷത്തിലേക്ക് വര്ധിച്ചതോതിൽ കാർബൺ ഡൈ ഓക്സൈഡും മറ്റ് മനുഷ്യനിർമ്മിത ഹരിതഗൃഹ വാതകങ്ങളും (GHG) ക്രമാതീതമായി പുറംതള്ളുന്നതുകൊണ്ടാണെന്നും കണ്ടെത്തിയിരിക്കുന്നു. സമീപകാലത്തു നടക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങൾ സമാനതകളില്ലാത്തതാണെന്ന് തെളിയിക്കാൻ ധാരാളം തെളിവുകളും ആറാം അവലോകന റിപ്പോട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
കഴിഞ്ഞ 2000 വർഷങ്ങളിൽ കണ്ടിട്ടില്ലാത്ത തരത്തിൽ അഭൂതപൂർവമായ നിരക്കിലാണ് ഭൂമി ഇപ്പോൾ ചൂടാകുന്നത്. അന്തരീക്ഷത്തിലെ CO2 ന്റെ സമീപകാല സാന്ദ്രത കഴിഞ്ഞ 2 ദശലക്ഷം വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ് എത്തിച്ചേർന്നിരിക്കുന്നത്. സമുദ്രനിരപ്പ് ഉയരുന്നത് കഴിഞ്ഞ 3000 വർഷത്തിനിടയിലെ ഏറ്റവും കൂടിയ വേഗതയിലാണ്. ആർട്ടിക് സമുദ്രത്തിലെ ഹിമവിസ്‌തൃതി കുറഞ്ഞത് 1000 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് . കഴിഞ്ഞ 2000 വർഷത്തെ കണക്കുമായി താരതമ്യം ചെയുമ്പോൾ ഹിമാനികൾ അഭൂതപൂർവമായ നിരക്കിൽ പിൻവാങ്ങികൊണ്ടിരിക്കുന്നതായി മനസിലാക്കാം.
മുമ്പത്തെ വിലയിരുത്തൽ റിപ്പോർട്ടുകളിൽ നിന്ന് വ്യത്യസ്തമായി, ആറാമത്തെ വിലയിരുത്തൽ റിപ്പോർട്ട് മനുഷ്യന്റെ പ്രവർത്തനങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്നുവെന്നും വരൾച്ച, വെള്ളപ്പൊക്കം, ഉഷ്‌ണതരംഗങ്ങൾ , വിനാശകരമായ ഇടിമിന്നൽ മേഘങ്ങൾ, മേഘവിസ്‌ഫോടനം തുടങ്ങിയ തീവ്രസംഭവങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് ഉയർന്ന ആത്മവിശ്വാസത്തോടെ കൂട്ടിച്ചേർക്കുന്നു. കൂടാതെ അതിശക്തമായ ചുഴലിക്കാറ്റുകളുടെ ആവിർത്തിയും തീവ്രതയും കൂടുവാൻ കാരണമാകുന്നു.
ലോകമെമ്പാടും അതിതീവ്ര കാലാവസ്ഥാ സംഭവങ്ങൾ അരങ്ങേറുന്ന പശ്ചാത്തലത്തിൽ കൂടിയ ഗ്ലാസ്ഗോ ഉച്ചകോടിയിൽ (cop 26) പ്രതീക്ഷിക്കയ്ക്ക് വകനൽകുന്ന ഒരു സുപ്രധാന പ്രഖ്യാപനങ്ങളും ഉണ്ടായില്ല. മാത്രമല്ല, ആഗോളതാപന്ദനം പിടിച്ചുനിർത്തുവാൻ ആയിരക്കണക്കിന് ആളുകൾ കൂടുതൽ കാർബൺ ഫുട്പ്രിൻറ് ഭൂമിക്കു സമ്മാനിക്കുന്ന അധിക ബാധ്യത കൂടി ഇത്തരം കുംഭമേള സമ്മേളനങ്ങൾ വഴിയുണ്ടാകുന്നു എന്നതും ചർച്ച ചെയ്യേണ്ടതുണ്ട്. ശാസ്ത്രീയ നിഗമനങ്ങൾ മുഖവിലക്കെടുക്കാതെ കേവലം വികസനകളിൽ മാത്രം കേന്ദ്രീകരിക്കുന്ന തീരുമാനങ്ങളാണ് ഗ്ലാസ്ഗോ ഉച്ചകോടിയുടെ ബാക്കിപത്രം. കൽക്കരിയുടെ ഉപഭോഗം കുറക്കുവാനുള്ള ഒരു സുപ്രധാന പ്രായോഗിക തീരുമാനവും ഉണ്ടായില്ലന്നുള്ളത് ശാസ്ത്രലോകത്തെ അമ്പരിപ്പിക്കുന്നതാണ് .
ഐ.പി.സി.സി.സി റിപ്പോർട്ടു പ്രകാരം, ഇനി കുറയാനിടയില്ലാത്ത വിധത്തിലാണ് ആഗോളതാപനില ഉയരുന്നത്. അതേസമയം, താപനിലയുടെ വർദ്ധനവ് 1.5 ഡിഗ്രി സെൽഷ്യസിന് താഴെ നിലനിർത്താൻ സാധിച്ചാൽ പ്രത്യാഘാതങ്ങൾ കുറയ്ക്കാൻ കഴിയുമെന്ന പ്രതീക്ഷയും സൂചിപ്പിക്കുന്നുണ്ട്. ഇത് എത്രത്തോളം സാധ്യമാണ് ?
നിലവിലെ ബഹിർഗമനനിരക്കും ഇത് തടയാനുള്ള മാർഗങ്ങളുടെ അപര്യാപ്തതയും കണക്കിലെടുക്കുമ്പോൾ താപനില വർധനവ് 1.5 ഡിഗ്രി സെൽഷ്യസിൽ നിലനിർത്തൽ പ്രായോഗികമാണെന്ന് പറയാൻ സാധിക്കില്ല. ഹരിതഗൃഹവാതകങ്ങൾ ഇപ്പോഴത്തെ നിലയിൽ പുറംതള്ളിയാൽ ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും ഭൂമിയുടെ താപനില വ്യാവസായികകാലഘട്ടത്തിനു മുമ്പുള്ളതിനേക്കാൾ 2 ഡിഗ്രി സെൽഷ്യസിൽ കൂടുതലാകാനുള്ള സാഹചര്യമാണുള്ളത്. ഈ അവസരത്തിൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങൾ മുന്നിൽ കണ്ട് ഹരിതഗൃഹവാതകങ്ങളുടെ ഉദ്വമനം കുറയ്ക്കാൻ 2015-ൽ പാരീസിൽ നടന്ന അംഗരാജ്യങ്ങളുടെ ഇരുപത്തിയൊന്നാം സമ്മേളനത്തിൽ (COP 21) ധാരണയായിരുന്നു. ഇതനുസരിച്ച് ഇന്ത്യ ഉൾപ്പെടെ 196 ഓളം രാജ്യങ്ങൾ ഈ ഉടമ്പടിയിൽ ഒപ്പുവയ്ക്കുകയും ചെയ്തു. എന്നാൽ, ഇതെല്ലാം തകിടംമറിച്ച് ആഗോളതാപനത്തിന്റെ പ്രത്യാഘാതങ്ങൾ ഭൂമിയുടെ എല്ലാ കോണുകളിലും ദൃശ്യമായി. തുടർന്ന് ഭൂമിയുടെ താപനില 2 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ഉയർന്നാലുണ്ടായേക്കാവുന്ന ഗുരുതര സാഹചര്യങ്ങളെക്കുറിച്ച് ബോധ്യപ്പെടുകയും താപനില 1.5 ഡിഗ്രി സെൽഷ്യസ് എന്ന പരിധിയിൽതന്നെ നിയന്ത്രിച്ചുനിർത്തേണ്ടതിലേക്ക് കാര്യങ്ങളെത്തുകയും ചെയ്തു. ഈ പശ്ചാത്തലത്തിൽ IPCC Global Warming of 1.5°C എന്ന പേരിൽ 2018-ൽ ഒരു Special Report പുറത്തിറക്കി. താപനിലയിൽ 1.5ഡിഗ്രി സെൽഷ്യസും 2 ഡിഗ്രി സെൽഷ്യസും തമ്മിലുള്ള വ്യത്യാസം കുറവാണെങ്കിലും 0.5 ഡിഗ്രി സെൽഷ്യസിൽ താപനില കൂടുതലാകുമ്പോൾ അതുവഴി പരിസ്ഥിതിയിലും കാലാവസ്ഥയിലും സൃഷ്ടിക്കപ്പെട്ടേക്കാവുന്ന ആഘാതം പതിന്മടങ്ങായിരിക്കും. ആഗോളതാപന തോത് ഈ നൂറ്റാണ്ടിന്റെ അവസാനം 2 ഡിഗ്രി സെൽഷ്യസിനെ അപേക്ഷിച്ച് 1.5ഡിഗ്രി സെൽഷ്യസിൽ പിടിച്ചുനിർത്തുവാൻ കഴിഞ്ഞാൽ ദുരന്തസാധ്യതകളും അതുമൂലമുണ്ടായേക്കാവുന്ന നാശനഷ്ടങ്ങളും വളരെ കുറയ്ക്കുവാൻ സാധിക്കും. താപനില 1.5ഡിഗ്രി സെൽഷ്യസിൽ ക്രമീകരിച്ചു നിർത്തിയാൽ കരയിലെയും കടലിലെയും ധ്രുവപ്രദേശങ്ങളിലെയും കാലാവസ്ഥയിലും, ജൈവവൈവിധ്യ സംരക്ഷണത്തിലും നിരവധി ആനുകൂല്യങ്ങൾ ലഭിക്കും.
നിക്ഷിപ്ത താൽപര്യങ്ങളില്ലാതെ Net-zero emission കാര്യക്ഷമമായും സമയബന്ധിതമായും നടപ്പിലാക്കിയാൽ താപനിലയെ 2 ഡിഗ്രി സെൽഷ്യസിൽ പിടിച്ചുനിർത്താൻ കഴിയുമെന്ന് ഞാൻ കരുതുന്നു.
Cop27 2022 നവംബറിൽ ഈജിപ്തിൽ വെച്ച് നടക്കുകയാണല്ലോ. ഇപ്രാവശ്യം Net-zero emission ബന്ധപ്പെട്ട് എന്തെല്ലാം പ്രശ്നങ്ങളും നടപടികളുമാണ് ചർച്ച ചെയ്യാൻ സാധ്യതയുള്ളത് ?
ഐ.പി.സി.സി. പുറത്തിറക്കിയ ആറാം അവലോകന റിപ്പോർട്ട് AR6 (Assessment Report) അടിസ്ഥാനമാക്കിയായിരിക്കും cop27 ൽ ചർച്ചകൾ കേന്ദ്രീകരിക്കുക. ഇതിന്റെ ഭാഗമായി 80 ശതമാനത്തിലധികം ബഹിർഗമനനിരക്ക് രേഖപ്പെടുത്തുന്ന ജി20 രാജ്യങ്ങളുടെ കാര്യങ്ങളിലാവും പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. Net-zero emission target ഉം അന്താരാഷ്ട്ര കാലാവസ്ഥാ ഫണ്ടുകളും ചർച്ചകളുടെ പ്രധാന അജണ്ടകളിൽപ്പെടും. ഈ നൂറ്റാണ്ടിന്റെ മധ്യത്തിൽ തന്നെ കാർബൺ നിക്ഷ്പക്ഷത (Net Zero CO2 emission) കൈവരിക്കുക എന്നത് ഉന്നയിക്കപ്പെടാവുന്ന ഏറ്റവും ശ്രമകരവും പ്രാധാന്യമുള്ളതുമായ നിർദ്ദേശമാണ് . അതോടൊപ്പം, Short Lived Climate Pollutants (SLCP) എന്നറിയപ്പെടുന്ന മീഥൈയ്ൻ, കരി (Black Carbon) എന്നിവയുടെ ഉദ്വമനത്തിന്റെ തോത് കുറയ്ക്കുക എന്നുള്ളതും പ്രാധാന്യമുള്ളതാണ്. അന്തരീക്ഷത്തിൽനിന്നും CO2 നീക്കം ചെയ്യുന്ന (Carbon Dioxide Removal: CDR) സാങ്കേതികവിദ്യകൾ പ്രയോഗത്തിൽ വരുത്തുക എന്നതും ഒരു പരിഹാര മാർഗ്ഗമായി നിർദ്ദേശിച്ചിരിക്കുന്നു. ഇത്തരം CDR വിദ്യകളായ വനവത്കരണം, കാർബൺ പിടിച്ചെടുക്കുകയും ഭദ്രമായി സൂക്ഷിക്കുകയും ചെയ്യുന്ന (Bioenergy with carbon capture and storage: BCS), അന്തരീക്ഷത്തിൽനിന്ന് നേരിട്ട് CO2 വലിച്ചെടുക്കുന്ന സാങ്കേതികവിദ്യകൾ, മറ്റു തരത്തിലുള്ള കാർബൺ പിടിച്ചെടുക്കൽ മാർഗ്ഗങ്ങൾ (Carbon Sequestration) എന്നിവയിൽ പ്രാദേശികാടിസ്ഥാനത്തിൽ അനുയോജ്യമായ മാർഗ്ഗങ്ങൾ സ്വീകരിക്കാം. അതേസമയം എല്ലാ സാങ്കേതികവിദ്യകളുടെയും കാര്യക്ഷമതയും, അവയുടെ പാർശ്വഫലങ്ങളെക്കുറിച്ച് വ്യക്തതയില്ലാത്തതും ഇത് സുസ്ഥിരവികസനത്തെ എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ച് ധാരണയില്ലാത്തതും ഒരു പ്രതിസന്ധിയാണ്. കൽക്കരിയുടെ ഉപഭോഗം കുറക്കുവാനുള്ള അടിയന്തിര നടപടികൾ ഉണ്ടാകും എന്നാണ് കരുതുന്നത്
സാധാരണഗതിയിൽ ഈ നിർദ്ദേശങ്ങൾക്കുപിന്നിൽ ബിസിനസ് താൽപര്യങ്ങളോട് കൂടിയ ഹിഡൻ അജണ്ടകളുണ്ടാവാറുണ്ട്. ഈ നിക്ഷിപ്ത താൽപര്യങ്ങളില്ലാതെ Net-zero emission കാര്യക്ഷമമായും സമയബന്ധിതമായും നടപ്പിലാക്കിയാൽ താപനിലയെ 2 ഡിഗ്രി സെൽഷ്യസിൽ പിടിച്ചുനിർത്താൻ കഴിയുമെന്ന് ഞാൻ കരുതുന്നു. പക്ഷേ ഇതിലൊന്നും ശക്തമായ ലീഗൽ ബൈൻഡിങ്ങ് ഇല്ലാത്തത് ഒരു പോരായ്മയാണ്.
ആഗോള താപനില തടയുന്നതിനുള്ള ശ്രമങ്ങൾ നടത്താതിരിക്കുന്നത് Collective suicide ലേക്ക് നയിക്കുമെന്നാണ് യു.എൻ ജനറൽ സെക്രട്ടറി മുന്നറിയിപ്പ് നൽകിയത്. യുക്രെയ്നിലെ റഷ്യൻ അധിനിവേശ സാഹചര്യത്തിൽ, യൂറ്യോപ്യൻ രാജ്യങ്ങൾ ഊർജ്ജപ്രതിസന്ധി പരിഹരിക്കാൻ കൽക്കരിയിലേക്ക് മടങ്ങിയിരുന്നു. കാർബൺ ബഹിർഗമനം കുറയ്ക്കുക എന്ന ലക്ഷ്യത്തിനെ ഈ നടപടി എത്രത്തോളം ബാധിച്ചിട്ടുണ്ട് ?
നമ്മുടെ ഊർജ്ജാവശ്യത്തിന്റെ ഏകദേശം 60-70 ശതമാനവും ഇപ്പോഴും നിറവേറ്റുന്നത് കൽക്കരിയെ ആശ്രയിച്ചാണ്. എന്നാൽ 2030 ഓടെ കൈവരിക്കാനുള്ള പ്രതിജ്ഞാബദ്ധമായ ലക്ഷ്യങ്ങൾ നമ്മൾ മറക്കരുത്. ഫോസിൽ അധിഷ്ഠിത ഊർജ്ജ ഉപഭോഗം 30-35% കുറക്കുകയെന്നതായിരുന്നു പാരീസ് ഉടമ്പടിക്കുശേഷം NDCsൽ തീരുമാനിച്ചത്. ഹൈഡ്രജൻ പോലുള്ള, പുനരുജ്ജീവിപ്പിക്കാൻ സാധിക്കുന്ന ഹരിത ഊർജ്ജത്തിലേക്ക് കൽക്കരിയിൽ നിന്ന് പാരഡൈം ഷിഫ്റ്റ് നടത്തേണ്ടതുണ്ട്. പക്ഷേ, വേരിയബിൾ റിന്യൂവബിൾ എനർജി റിസോഴ്സുകൾക്ക് (VREs) വില കൂടുതലാണെന്നതും എല്ലാ സമയവും ലഭ്യമല്ല എന്നതും വലിയ പോരായ്മയാണെന്നു പറയാറുണ്ട്. പക്ഷേ ഫോസിൽ ഇന്ധനങ്ങളുടെ വിലയിലെ സബ്‌സിഡി ഗണിച്ചുനോക്കിയാൽ VREsന് അധിക വിലയില്ലെന്ന് കാണാം. ഊർജ്ജ പ്രതിസന്ധി പരിഹരിക്കാൻ കൽക്കരിയിലേക്കുള്ള മടങ്ങിപ്പോക്ക് ആത്മഹത്യയാപരമായിരിക്കും. നമ്മുടെ ലക്ഷ്യം കൽക്കരി ഉപഭോഗം "ഘട്ടം ഘട്ടമായി താഴ്ത്തുക" എന്നതിനേക്കാൾ "ഘട്ടം ഘട്ടംമായി ഒഴിവാക്കുക’ എന്നതായിരിക്കണം.
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട വിഷയങ്ങളോട് അമേരിക്കപോലുള്ള വികസിത രാജ്യങ്ങളുടെ നിലപാടിനെയും പ്രവർത്തനങ്ങളെയും എങ്ങനെ വിലയിരുത്തുന്നു?
രാജ്യങ്ങളുടെയും സമൂഹങ്ങളുടെയും ഇടയിൽ ഒരു ‘climate injustice' നിലനിൽക്കുന്നുണ്ട്. വികസിത രാജ്യങ്ങളുടെയും വികസ്വര രാജ്യങ്ങളുടെയും ഉത്തരവാദിത്തങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് വ്യത്യാസപ്പെട്ടിരിക്കുന്നത്. ഗ്രീൻ ഡെവലപ്‌മെൻറ് ഫണ്ടെല്ലാം ഇതിനുദാഹരണമാണ്. 1850 മുതൽ 2015 വരെയുള്ള വ്യാവസായിക കാലഘട്ടത്തിലെ കണക്ക് പരിശോധിച്ചാൽ, അന്തരീക്ഷത്തിൽ ഇപ്പോഴുള്ള അമിത CO2 ന്റെ 27% ത്തിലധികവും പുറംതള്ളിയത് അമേരിക്കയാണ് എന്നു കാണാം. യൂറോപ്യൻ യൂണിയൻ 24%വുമായി തൊട്ടുപിറകിൽ നിൽക്കുമ്പോൾ, റഷ്യ ഏകദേശം 11.2 % വും ചൈന 10.5% വുമാണ് പ്രതിനിധാനം ചെയ്യുന്നത്. ഇന്ത്യയുടെയും ജപ്പാന്റെയും പങ്ക് 5% ത്തിൽ താഴെയാണ്. അതായത്, ഭൂമിയുടെ അന്തരീക്ഷത്തിലെ CO2 ന്റെ ഇപ്പോഴുള്ള അളവിന്റെ 70% ത്തിൽ അധികം പുറംതള്ളിയത് വ്യാവസായിക ആവശ്യങ്ങൾക്കായി വികസിതരാജ്യങ്ങളാണെന്നു കാണുവാൻ സാധിക്കും. കാലക്രമത്തിൽ അമേരിക്കയും യൂറോപ്യൻ യൂണിയനും ഉദ്വമന തോത് കുറച്ചുകൊണ്ടുവരികയും കാർബൺ ട്രേഡിങ്ങിന്റെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തുകയും ചെയ്തു. 2015-ലെ കണക്കനുസരിച്ച് ഇപ്പോഴത്തെ വാർഷിക കാർബൺ ഉദ്വമനത്തിൽ 24.2%വുമായി ചൈനയാണ് മുന്നിൽ നിൽക്കുന്നത്. ഏറ്റവും പുതിയ കണക്കനുസരിച്ച് അമേരിക്ക 14.5% പുറംതള്ളുമ്പോൾ യൂറോപ്യൻ യൂണിയൻ വാർഷിക ഉദ്വമനത്തോത് 9.1% മായി കുറച്ചു. എന്നാൽ ഇന്ത്യയുടെ ഉദ്വമനത്തോത് 6.2% ആയി ഉയർന്നതായും കാണുവാൻ സാധിക്കും.
ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടു പ്രകാരം ഭൂമിയിലെ 10 ദശലക്ഷത്തിലധികം സസ്യജാലങ്ങളും ജന്തുജാലങ്ങളും വംശനാശഭീഷണി നേരിടുകയാണ്. ഭൂമിയിൽ മനുഷ്യൻ ഉത്ഭവിച്ചശേഷം ദൃശ്യമാകുന്ന സമാനതകളില്ലാത്ത ദ്രുതഗതിയിലുള്ള വംശനാശത്തിന്റെ പ്രധാന കാരണം മാനുഷികപ്രവർത്തനങ്ങളാണ്.
ഇപ്പോഴത്തെ അതിതീവ്ര കാലാവസ്ഥാവ്യതിയാനങ്ങൾക്ക് മുഖ്യകാരണമായ ആഗോളതാപനത്തിന് തിരികൊളുത്തിയത് വികസിതരാജ്യങ്ങളാണ്. അതിന്റെ തിക്തഫലങ്ങളായ വെള്ളപ്പൊക്കം, വരൾച്ച, ഉഷ്ണതരംഗങ്ങൾ, ചുഴലിക്കാറ്റുകൾ തുടങ്ങിയവമൂലമുള്ള പ്രത്യാഘാതങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് വികസ്വര-അവികസിത രാജ്യങ്ങളുമാണെന്ന് കാണാം. ഹരിതഗൃഹവാതകങ്ങളുടെ ഉദ്വമനം കുറച്ച് ആഗോളതാപനത്തെ നിശ്ചിതപരിധിയിൽ പിടിച്ചുനിർത്തി ഭൂമിയെ സുക്ഷിരമായി നിലനിർത്തേണ്ടത് വികസിതരാജ്യങ്ങളുടെ കടമയാണെന്നു മാത്രം സൂചിപ്പിക്കുകയാണ്. മനുഷ്യപ്രവൃത്തികൾ മൂലമല്ല കാലാവസ്ഥാവ്യതിയാനമുണ്ടാകുന്നതെന്നാണ് മുൻ അമേരിക്കൻ പ്രസിഡന്റായ ഡൊണാൾഡ് ട്രംപ് വരെ വിശ്വസിച്ചിരുന്നത്. പക്ഷേ ട്രംപിന്റെ ഭരണകാലത്ത് അമേരിക്കയിലുണ്ടായ കാലാവസ്ഥാ ദുരന്തങ്ങളിലുടെ അദ്ദേഹത്തിന് നിലപാടുകൾ മാറ്റേണ്ടതായി വന്നു.
ആഗോളതലത്തിൽ ബാധിക്കുന്ന പ്രശ്നമായതിനാൽ ഒരു അതിർത്തിക്കുള്ളിൽ നിന്ന് കാലാവസ്ഥാ വ്യതിയാന വിഷയങ്ങളെക്കുറിച്ച് സംസാരിക്കാൻ സാധിക്കില്ലല്ലോ. ഇന്റർ നാഷ്ണൽ സയന്റിസ്റ്റ് കമ്മ്യുണിറ്റി ഒത്തുചേർന്ന് ഇത്തരം പ്രശ്നങ്ങളിൽ ഇടപെടൽ നടത്താറുണ്ടോ ?
നമ്മൾ ഇപ്പോൾ അനുഭവിക്കുന്ന കാലാവസ്ഥാ പ്രശ്‌നങ്ങളെക്കുറിച്ചെല്ലാം ശാസ്ത്രജ്ഞമാർ വർഷങ്ങൾക്ക് മുമ്പ് തന്നെ മുന്നറിയിപ്പ് നൽകിയതാണ്. രണ്ടാംലോക മഹായുദ്ധത്തിനുശേഷം, 1945 ഒക്ടോബർ 24-നാണ് ഐക്യരാഷ്ട്രസഭ ഒരു ഔദ്യോഗിക സംഘടനയായി രൂപംകൊള്ളുന്നത്. എന്നാൽ ഭൂമിയുടെ കാലാവസ്ഥയ്ക്ക് രാഷ്ട്രീയ അതിർത്തികൾ ബാധകമല്ലെന്നുള്ള വസ്തുത പത്തൊമ്പതാം നൂറ്റാണ്ടിൽ തന്നെ തിരിച്ചറിയുകയുണ്ടായി. ഓരോ രാജ്യത്തിന്റെയും കാലാവസ്ഥ, രാഷ്ട്രാതിർത്തികൾക്കതീതമായി പരസ്പരം ബന്ധപ്പെടുത്തി കിടക്കുന്നതുകൊണ്ട് ഓരോ രാജ്യത്തിന്റെയും കാലാവസ്ഥാ പ്രവചനങ്ങളും, അന്തരീക്ഷ സ്ഥിതിയിലുണ്ടാകുന്ന മാറ്റങ്ങൾ അറിയുവാനും ആഗോളതലത്തിലുള്ള സഹകരണം ആവശ്യമാണെന്ന് മനസ്സിലായി. ഇതനുസരിച്ച് ഔദ്യോഗികമല്ലാത്ത ഒരു സംവിധാനം 1873-ൽ International Meteorological Organization (IMO) എന്ന പേരിൽ രൂപം കൊണ്ടു. ഈ ചട്ടക്കൂട്ടിൽ നിന്ന് പല രാജ്യങ്ങളും തമ്മിൽ കാലാവസ്ഥാ സംബന്ധമായ വിവരങ്ങൾ കൈമാറ്റം ചെയ്തിരുന്നു. എന്നാൽ, ഐക്യരാഷ്ട്രസഭ നിലവിൽ വന്നശേഷം കാലാവസ്ഥാ സംബന്ധമായ വിവരങ്ങൾക്ക് ഔദ്യോഗിക രൂപം വന്നു. ഇതിന്റെ ഫലമായി അന്താരാഷ്ട്ര കാലാവസ്ഥാ സംഘടന World Metorolgocial Organization (WMO) 1950 മാർച്ച് 23-ന് നിലവിൽ വന്നു. ഇതിന്റെ ചട്ടക്കൂട്ടിൽ ഭൂമിയുടെ കാലാവസ്ഥാ സംബന്ധമായ ഘടകങ്ങളെ അംഗരാജ്യങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നതിനും, പരസ്പരം കൈമാറുന്നതിനും ഔദ്യോഗിക സംവിധാനം നിലവിൽ വന്നു.
ലോക കാലാവസ്ഥാ പദ്ധതി (World Climate Program) യുടെ ഭാഗമായി അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്‌സൈഡിന്റെയും മറ്റ് ഹരിത ഗൃഹ വാതകങ്ങളുടെയും അളവ് പല സ്ഥലങ്ങളിലും ശാസ്ത്രീയമായി നിരീക്ഷിക്കുവാനുള്ള സംവിധാനങ്ങൾ സ്ഥാപിക്കുകയും ചെയ്തു. 1985 ഒക്ടോബറിൽ വിയന്ന കോൺഫറൻസിൽ 29 രാജ്യങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞന്മാർ ഒത്തുകൂടുകയും ഭാവിയിൽ സംഭവിച്ചേക്കാവുന്ന പ്രത്യാഘാതങ്ങൾ മുൻകൂട്ടി കണ്ട് 21ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഭൂമിയുടെ താപനില മനുഷ്യയുഗത്തിൽ മുമ്പെങ്ങും കാണാത്ത വിധത്തിൽ ഉയരുമെന്നുള്ള മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇതിന്റെ ഫലമായി അന്താരാഷ്ട്ര കാലാവസ്ഥാ സംഘടനയും (WMO) ലോക പരിസ്ഥിതി സംഘടനയും (UNEP) സംയുക്തമായി അന്താരാഷ്ട്ര കാലാവസ്ഥാ സമിതിക്ക് (International Pannel on Climate Change: IPCC) 1988ൽ ജനീവ ആസ്ഥാനമാക്കി രൂപം നൽകി. ഏകദേശം ഇതേ അവസരത്തിൽ 1987-ലാണ് ഓസോൺ പാളികളിൽ വിള്ളൽ സൃഷ്ടിക്കുവാൻ കാരണ മാകുന്ന വാതകങ്ങളുടെ ഉദ്യമനം കുറയ്ക്കുന്നതിനുവേണ്ടിയുള്ള മോൺട്രിയൽ പെരുമാറ്റചട്ടം (Montreal Protocol) നിലവിൽ വരുന്നത്.
ആഗോളതലത്തിൽ ഭൂമിയുടെ ജൈവവൈവിധ്യത്തിൽ ദ്രുതഗതിയിൽ സംഭവിക്കുന്ന മാറ്റങ്ങളെ കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെടുത്തി മാത്രമേ നമുക്ക് അഭിമുഖീകരിക്കുവാൻ സാധിക്കുകയുള്ളൂ.
കാലാവസ്ഥാവ്യതിയാനം എല്ലാവരെയും ഒരു പോലെയല്ല ബാധിക്കുന്നത്. ഈ വ്യതിയാനങ്ങളോട് താദാത്മ്യപ്പെട്ടുപോകാൻ സാധിക്കാത്തവരാണ് ഇതിന്റെ അനന്തരഫലങ്ങൾ കൂടുതൽ അനുഭവിക്കുന്നത്. ഈ പ്രശ്‌നങ്ങൾക്ക് കാരണക്കാരാകുന്നവരെ ഇത് പ്രത്യക്ഷത്തിൽ ബാധിക്കുന്നില്ല. ഈ വൈരുധ്യത്തെ എങ്ങനെ നോക്കികാണുന്നു ?
ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടു പ്രകാരം ഭൂമിയിലെ 10 ദശലക്ഷത്തിലധികം സസ്യജാലങ്ങളും ജന്തുജാലങ്ങളും വംശനാശഭീഷണി നേരിടുകയാണ്. ഭൂമിയിൽ മനുഷ്യൻ ഉത്ഭവിച്ചശേഷം ദൃശ്യമാകുന്ന സമാനതകളില്ലാത്ത ദ്രുതഗതിയിലുള്ള വംശനാശത്തിന്റെ പ്രധാന കാരണം മാനുഷികപ്രവർത്തനങ്ങളാണ്. ഇത് ഈ നിലയിൽ തുടർന്നാൽ ഭൂമിയിലെ ജീവജാലങ്ങളുടെയും മനുഷ്യരാശിയുടെയും നിലനിൽപ്പിനുതന്നെ ഭീഷണിയാണ്. ആഗോളതലത്തിൽ ഭൂമിയുടെ ജൈവവൈവിധ്യത്തിൽ ദ്രുതഗതിയിൽ സംഭവിക്കുന്ന മാറ്റങ്ങളെ കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെടുത്തി മാത്രമേ നമുക്ക് അഭിമുഖീകരിക്കുവാൻ സാധിക്കുകയുള്ളൂ. അമിതമായി പ്രകൃതിവിഭവങ്ങളെ ചൂഷണം ചെയ്യുന്നതും അധിക മത്സ്യബന്ധനവും വൻതോതിലുള്ള നഗരവത്കരണവും ഉണ്ടാക്കുന്ന പാരിസ്ഥികപ്രത്യാഘാതങ്ങൾ ആഗോളതാപനത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ വഷളാകുവാനുള്ള സാധ്യതകളാണുള്ളത്. International Union for Conservation of Nature (IUCN) ന്റെ നിർണയപ്രകാരം റെഡ് ലിസ്റ്റിൽ ഇടം നേടുന്ന വംശനാശഭീഷണി നേരിടുന്ന ജീവികളുടെ എണ്ണം ഓരോ വർഷംകഴിയും തോറും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
മേഘവിസ്‌ഫോടനം, ഉരുൾപൊട്ടൽ, പെട്ടെന്നുള്ള വെള്ളപ്പൊക്കം എന്നിവ സംയോജിതമായി വന്നാൽ വികലമായ ഭൂവിനിയോഗത്തിന്റെയും, വനഭൂമി വ്യാപകമായി തോട്ടമായും കൃഷിഭൂമിയായും നിജപ്പെടുത്തുന്ന മാനുഷിക പ്രവർത്തങ്ങളുടെയും പശ്ചാത്തലത്തിൽ കൂടുതൽ വഷളായേക്കാം. ഭൂമിയുടെ അപചയം ജനങ്ങളെ, പ്രത്യേകിച്ച് തദ്ദേശീയ വനവാസികളെയും (ആദിവാസി) അതുമായി ബന്ധപ്പെട്ട പരിസ്ഥിതി വ്യവസ്ഥകളെയും പ്രതികൂലമായി ബാധിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ സാന്നിധ്യത്തിൽ ഭൂമിക്കുണ്ടാകുന്ന അപചയം ജനങ്ങളുടെ ഉപജീവനത്തെ പ്രതികൂലമായി ബാധിച്ചേക്കാം. അതിനാൽ, കാലാവസ്ഥാ വ്യതിയാനം നിലവിലുള്ള ഭൂമിയുടെ അപചയ പ്രക്രിയയെ കൂടുതൽ വഷളാക്കുകയും ഭൂമിയുടെ പരിവർത്തന പ്രക്രീയ കൂടുതൽ സങ്കീർണമാക്കുകയും ചെയ്യന്നു. അതിനാൽ, ഭൂമി നശിക്കുന്നതിനോടൊപ്പം കാലാവസ്ഥാ വ്യതിയാനം പരിസ്ഥിയോട് പൂർണമായും ഇണങ്ങിപ്പോകുന്നതിന് പുതിയ വെല്ലുവിളികൾ ഉയർത്തിയേക്കാം. അത് പ്രകൃതി വിഭവങ്ങൾ അടിസ്ഥാനമാക്കിയുള്ള ഉപജീവന സംവിധാനങ്ങൾക്കും സാമൂഹിക സംവിധാനങ്ങൾക്കും ആഴത്തിലുള്ളതും തിരിച്ചുപിടിക്കാൻ കഴിയാത്തതുമായ മുറിവേല്പിച്ചേക്കാം. മറുവശത്ത്, കൂടുതൽ ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നതിലൂടെയും കാർബൺ ആഗിരണം ചെയ്യുന്ന തോത് കുറയുന്നതിലൂടെയും കാലാവസ്ഥാ വ്യതിയാനത്തിനുള്ള മറ്റൊരു പ്രേരകമായി വനനശീകരണം പോലുള്ള ഭൂനശീകരണ പ്രക്രിയയെ കണക്കാക്കാം.
പാരിസ്ഥിതിക തകർച്ച കൂടുതൽ ദുരന്തങ്ങൾക്ക് കാരണമാവുകയും കാലാവസ്ഥാ വ്യതിയാന പ്രത്യാഘാതങ്ങൾക്കും ദുരന്തങ്ങൾക്കുമെതിരെ പ്രകൃതിയുടെയും സമൂഹങ്ങളുടെയും പ്രതിരോധശേഷി കുറയ്ക്കുകയും ചെയ്യുന്നു. ആവാസവ്യവസ്ഥയുടെ അപചയം ആത്യന്തികമായി ആവാസവ്യവസ്ഥയുടെ തകർച്ചയിലേക്ക് നയിക്കുന്ന ഒരു പ്രക്രിയയാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും ഏറ്റവും മോശം പ്രത്യാഘാതങ്ങളുമായി വേഗത്തിൽ പൊരുത്തപ്പെടാൻ കഴിയാത്ത ജനവിഭാഗങ്ങൾക്ക് വലിയ പ്രത്യാഘാതമുണ്ടാകും. ഉപജീവനത്തിനായി കടലും വനങ്ങളുമായി ഏറ്റവും കൂടുതൽ ബന്ധപ്പെട്ടു കഴിയുന്ന തദേശിയ ജനവിഭാഗങ്ങളായിരിക്കും ഇതിന്റെ രൂക്ഷത ഏറ്റവും കൂടുതൽ അനുഭവിക്കാൻ പോകുന്നത്. നിർഭാഗ്യവശാൽ തദ്ദേശവാസികൾ പലപ്പോഴും വികസന അജണ്ടകൾക്ക് പുറത്താണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ലഘൂകരണ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്, തദ്ദേശീയമായ അറിവ് കാലാവസ്ഥാ ശാസ്ത്രവുമായി സംയോജിപ്പിക്കേണ്ടതുണ്ട്.
ഇലക്ട്രിക് കാറുകളെല്ലാം ചലിക്കുന്നത് ഫോസിൽ ഇന്ധനങ്ങളുപയോഗിച്ച് ഉത്പാദിക്കുന്ന വൈദ്യുതിയിലൂടെയാണ്. ഇതിലൂടെ എങ്ങനെയാണ് കാർബൺ നിരക്ക് കുറയുന്നതിന്റെ ഗുണം നമ്മുക്ക് ലഭിക്കുക?
ഗതാഗതരംഗത്തെ പരിസ്ഥിതി സൗഹൃദമെന്ന രീതിയിലാണ് ഇലക്ട്രിക്വാഹനങ്ങൾ അവതരിപ്പിക്കപ്പെട്ടത്. ഫോസിൽ ഇന്ധനത്തിന്റെ ഉപയോഗം കുറയ്ക്കുക വഴി ക്രമേണ കാർബൺ ബഹിർഗമനം കുറയ്ക്കാനാണ് ഇലക്ട്രിക് വാഹനങ്ങൾ ലക്ഷ്യമിടുന്നത്. എന്നാൽ ഈ വാഹനങ്ങളുടെ ബാറ്ററി നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലിഥിയം മെറ്റൽ ഖനനം ചെയ്യുന്നത് ലാറ്റിനമേരിക്കയിൽ വളരെയധികം പാരിസ്ഥിതിക ആഘാതങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇലക്ട്രിക് വാഹനങ്ങളാണ് ഭാവിയെന്ന വാദം എത്രത്തോളം പര്യാപ്തമാണ്?
ബദൽ മാർഗങ്ങളെന്ന് നമ്മൾ പറയുന്നവയെ എല്ലാം ലൈഫ് സൈക്കിൾ അസെസ്മെൻറിന് വിധേയമാക്കണം. കൂടാതെ ഒരു നിശ്ചിത സമയത്തിനകത്ത് ഇതിന്റെ cumulative reduction നെ താരതമ്യംചെയ്യുകയും വേണം. നിറത്തിലുള്ള 80 ശതമാനത്തിൽ അധികം വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുമ്പോൾ മാത്രമേ നമ്മൾ ഉദ്ദേശിച്ച ഗുണഫലങ്ങൾ ലഭിക്കുകയുള്ളു. ഇതിന്റെ ഗുണങ്ങൾ സമൂഹത്തിലെ എല്ലാവർക്കും പ്രാപ്യമായ രീതിയിലാവുമ്പോൾ മാത്രമേ തുല്യത കൈവരിക്കാൻ സാധിക്കൂ. ഈ ഇലക്ട്രിക് കാറുകളെല്ലാം ചലിക്കുന്നത് ഫോസിൽ ഇന്ധനങ്ങളുപയോഗിച്ച് ഉത്പാദിക്കുന്ന വൈദ്യുതിയിലൂടെയാണ്. ഇതിലൂടെ എങ്ങനെയാണ് കാർബൺ നിരക്ക് കുറയുന്നതിന്റെ ഗുണം നമ്മുക്ക് ലഭിക്കുക? പുനരുജ്ജിവിപ്പിക്കാൻ കഴിയുന്ന ഊർജ്ജസ്രോതസ്സുകളിലേക്ക് മാറുകയെന്നുള്ളന്നതാണ് ശാശ്വതമായ പോംവഴി.
അടിസ്ഥാനവികസന രംഗത്ത് പല രാജ്യങ്ങളും സുസ്ഥിരവികസനം ലക്ഷ്യം വെച്ച് ഗ്രീൻ ബിൽഡിങ്ങ് എന്ന ആശയം മുന്നോട്ട് വെച്ചിട്ടുണ്ട്. Griha, Igbc തുടങ്ങിയ പല റേറ്റിംങ്ങ് സിസ്റ്റവും ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ നിലവിലുണ്ട്. ഇത്തരം റേറ്റിങ്ങ് സിസ്റ്റങ്ങളും ബിൽഡിങ്ങുകളും കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിന് സഹായകരമാണോ ? അതോ ഈ പേരിൽ ഒരു കോർപറേറ്റ് ലെവൽ പുകമറ സൃഷ്ടിക്കുകയാണോ ചെയ്യുന്നത് ?
ഇതിന് ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ഗ്രീൻ ബിൽഡിംഗ് ആശയം പുനരാലോചിക്കേണ്ടതുണ്ട്. ഇത് ഒരു പുതിയ ബിസിനസ് മാർക്കറ്റിങ്ങ് തന്ത്രമായിട്ടാണ് പലരും ഉപയോഗിക്കുന്നത്. കാർബൺ ഫ്രൂട്ട് പ്രിന്റും ഊർജ്ജ ഉപഭോഗവും കുറച്ച്, കെട്ടിടങ്ങൾ നിർമ്മിക്കാനും പഴയ ബിൽഡിങ്ങുകളെ മെച്ചപ്പെടുത്താനും കഴിയുന്ന, പാരഡൈം ഷിഫ്റ്റിലേക്ക് നമ്മൾ എത്തേണ്ടതുണ്ട്. അടിസ്ഥാനപരമായി ഭുമിയുടെ പരിസ്ഥിതിയെ അധികം പരിക്കേൽപ്പിക്കാതെ പ്രാദേശികമായി ലഭ്യമാകുന്ന വിഭവങ്ങളെ പരമാവധി ഉപയോഗിച്ച്, ഓരോ പ്രദേശത്തിനും അനുയോജ്യമായ കെട്ടിട നിർമ്മാണരീതികളാണ് കൂടുതൽ സുസ്ഥിരമാവുക. പുതിയ സാങ്കേതിക വിദ്യകൾ പരമ്പരാഗ കെട്ടിട നിർമ്മാണരീതികളുമായി സംയോജിപ്പിച്ച് പ്രകൃതി വിഭവങ്ങളുടെ ഉപയോഗം പരമാവധി കുറച്ചോ പുനരുപയോഗിച്ചാൽ മാത്രമേ ഹരിത ഭവനം എന്ന കാഴ്‌ചപ്പാട് കൂടുതൽ അർത്ഥവത്താവുകയുള്ളു. ഹരിതം എന്ന കാഴ്ചപ്പാട് കേവലം ദൃശ്യഭംഗിയിൽ മാത്രം ഹരിതമായി ഒതുങ്ങരുത്. ഇതോടൊപ്പം ഹരിത ഭവനങ്ങളുടെ നിർമാണ ചെലവ് കുറച്ച്, സമൂഹത്തിലെ എല്ലാവർക്കും പ്രാപ്യമാകുന്ന തരത്തിൽ സാമൂഹിക നീതിയും ഉറപ്പാക്കേണ്ടതായിട്ടുണ്ട്.
ഇന്ത്യയിൽ മാർച്ച് പകുതി മുതൽ ഉഷ്ണതരംഗങ്ങൾ ആരംഭിച്ചിരുന്നു. ഒരു വികസ്വര രാജ്യമെന്ന നിലയിൽ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി കൂടി കണക്കിലെടുത്ത് ഇന്ത്യക്ക് എത്രത്തോളം ഈ വിഷയത്തിൽ ഇടപെടലുകൾ നടത്താനാകും?
ആഗോളതാപനത്തിന്റെ ഫലമായി ഉഷ്ണതരംഗങ്ങൾ ലോകത്തിന്റെ എല്ലാ കോണിലും പിടിമുറുക്കി കഴിഞ്ഞു. ഇന്ത്യയും ഇതിൽനിന്നും വിഭിന്നമല്ല, ചൂട് അതിരുകടന്നുകഴിഞ്ഞു. അടുത്ത ദശകങ്ങളിൽ ഉഷ്ണതരംഗങ്ങൾ കൂടുതൽ തെക്കൻ അക്ഷാംശങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. മനുഷ്യപ്രേരിത ആഗോളതാപനവും വർദ്ധിച്ചുവരുന്ന നഗരവൽക്കരണവും ഉഷ്ണതരംഗങ്ങളുടെയും, താപതരംഗങ്ങളുടെയും, തപഘാതത്തിന്റെയും അവസ്ഥയെ കൂടുതൽ വഷളാക്കും. ഗ്രാമീണ മേഖലകളുമായി താരതമ്യപ്പെടുത്തുമ്പോൾ ജനസാന്ദ്രതയേറിയതും വളരെ വികസിതവുമായ നഗരപ്രദേശങ്ങളിലെ ഉയർന്ന താപനിലയെ താപത്തുരുത്ത് (urban heat island) എന്നാണ് വിശേഷിപ്പിക്കുന്നത്. മാനുഷിക പ്രവർത്തങ്ങൾ മൂലം ഭൂപ്രകൃതിയിലും ഭൂവിനിയോഗത്തിലും ഉണ്ടായ മാറ്റങ്ങൾ കൂടി ചേരുമ്പോൾ ഉഷ്ണതരംഗളുടെ ആവൃത്തിയും തീവ്രതയും വീണ്ടും പരിഷ്‌കരിക്കപ്പെടുന്നു.
മെച്ചപ്പെട്ട പ്രവചനങ്ങളിലൂടെയും പ്രാദേശിമായ ‘ഹീറ്റ് ആക്ഷൻ പ്ലാനി’ലൂടെയും മരണനിരക്ക് ഗണ്യമായി കുറക്കുവാൻ സാധിച്ചിട്ടുണ്ട്. ശരീര താപനില നിയന്ത്രിക്കാനുള്ള കഴിവിനെ ആശ്രയിച്ച്, ശിശുക്കളും നാലുവയസ്സിന് താഴെയുള്ള കുട്ടികളും 65 വയസും അതിൽ കൂടുതലുമുള്ള മുതിർന്നവരും ചൂടുമായി ബന്ധപ്പെട്ട അസുഖങ്ങൾക്കുള്ള സാധ്യത കൂടുതലാണ്. മറ്റ് ദുർബല വിഭാഗങ്ങളിൽ വിട്ടുമാറാത്ത രോഗങ്ങളുള്ളവരും മരുന്ന് കഴിക്കുന്നവരുമാണ്. നിർമ്മാണ തൊഴിലാളികൾ, കായികതാരങ്ങൾ, നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നവർ തുടങ്ങിയ ഔട്ട്ഡോർ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആളുകൾക്ക് ഉയർന്ന അപകടസാധ്യതയുണ്ട്. ശാരീരിക അദ്ധ്വാനം നിർജ്ജലീകരണം, ചൂടുമായി ബന്ധപ്പെട്ട രോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു, പ്രത്യേകിച്ച് കടുത്ത ചൂടിൽ കഠിനമായ ശാരീരിക പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ. ചൂട് തരംഗങ്ങളെ നേരിടാൻ പ്രാദേശിക, സംസ്ഥാന സർക്കാരുകൾ ഇതിനകം തന്നെ പ്രതിരോധ തന്ത്രങ്ങൾ വിന്യസിച്ചുവരികയാണ്.
ഇന്ത്യയിൽ താപനില ഉയരുന്നത് ഭക്ഷ്യവിളകളുടെയും നാണ്യവിളകളുടെയും വിളവ് കുറയാൻ കാരണമാകുന്നുണ്ട്. ഇത്തരത്തിൽ കാർഷികമേഖലയെ സാരമായി ബാധിക്കുക വഴി രാജ്യത്തെ ഭക്ഷ്യസുരക്ഷയിൽ പ്രതിസന്ധിയുണ്ടാകാൻ സാധ്യതയില്ലേ?
കാലാവസ്ഥാ വ്യതിയാനം പ്രധാനമായും ഭക്ഷ്യസുരക്ഷയുടെ നാല് തലങ്ങളായ ഭക്ഷ്യ ഉൽപ്പാദനം, ഭക്ഷ്യ ലഭ്യത, ഭക്ഷ്യ ഉപയോഗം, ഭക്ഷ്യ സംവിധാനങ്ങളുടെ സ്ഥിരത എന്നിവയെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കും. കാലാവസ്ഥാ വ്യതിയാനം ശുദ്ധജല ലഭ്യതയും ഭക്ഷ്യ ഉൽപാദനവും കുറയ്ക്കും. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾ രൂക്ഷമായ ഭക്ഷ്യ അരക്ഷിതാവസ്ഥയ്ക്ക് കാരണമാകും. അടിക്കടിയുണ്ടാകുന്ന വരൾച്ച കർഷക തൊഴിലാളികളുടെ തൊഴിൽ ദിനങ്ങൾ നഷ്ടപ്പെടാനും തൊഴിൽ മേഖലയിൽ പുതിയ കുടിയേറ്റ സംസ്കാരത്തിനും അത് ഒരു പ്രദേശത്തിന്റെ കാർഷിക സംസ്കാരതയും ജൈവ വൈവിദ്ധ്യാത്തെയും പ്രതികൂലമായി ബാധിക്കാനും കാരണമായേക്കാം. അത് വലിയ ഭക്ഷ്യക്ഷാമത്തിനും വളരെക്കാലം നീണ്ടുനിൽക്കുന്ന വരൾച്ച പാരിസ്ഥിക തകർച്ചക്കും വരെ കാരണമായേക്കാം. ഒരു സ്ഥലത്തെ കൃഷി നശിക്കുമ്പോൾ അതുവഴി ലഭ്യമാക്കി കൊണ്ടിരുന്ന നിരവധി പാരിസ്ഥിക സേവനങ്ങൾ കൂടി നഷ്ടമാകും എന്ന് കൂടി നമ്മൾ ഓർക്കണം.
ഇന്ത്യൻ കാർഷിക മേഖല പ്രധാനമായും മൺസൂണിനെയാണ് ആശ്രയിക്കുന്നത്. മൺസൂണിലുണ്ടാകുന്ന അപ്രതീക്ഷിത വ്യതിയാനങ്ങളും അടിക്കടിയുണ്ടാകുന്ന വരൾച്ചയും, വെള്ളപ്പൊക്കവും, താപതരംഗങ്ങളും, ആലിപ്പഴ വർഷവും എല്ലാം ഇന്ത്യയുടെ കാർഷിക മേഖലയെ ഭാവിയിൽ സാരമായി ബാധിക്കും. ഇതോടൊപ്പം ഭൂവിനിയോഗത്തിലുണ്ടാകുന്ന മാറ്റങ്ങൾ, വനനശീകരണം, വനഭൂമി വൻതോതിൽ കൃഷിഭൂമിയാക്കി മാറ്റുന്നതു കൊണ്ടുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ, അമിതമായ രാസവള പ്രയോഗവും മണ്ണിന്റെ ഉർവ്വരതയും എല്ലാം ഉല്പാദനക്ഷമത കുറയ്ക്കും. മാറുന്ന കാലാവസ്ഥക്ക് അനുയോജ്യമായ വിളകൾ കണ്ടെത്തുക എന്നതും അതിതീവ്ര കാലാവസ്ഥയെ പ്രതിരോധിക്കുവാൻ ഉതകുന്ന സാങ്കേതിക വിദ്യകൾ വികസിപ്പിക്കുക എന്നതും കാർഷിക മേഖല നേരിടുന്ന വെല്ലുവിളിയാണ്. ഇത് ഭക്ഷ്യസുരക്ഷയെ ഭാവിയിൽ സാരമായി ബാധിക്കും.
ലോകത്തിന്റെ മറ്റു പല കോണുകളിലും വളരെക്കാലം മുമ്പ് മുതൽ ദൃശ്യമായിരുന്നു അതിതീവ്ര കാലാവസ്ഥാ സംഭവങ്ങൾ കേരളത്തിലും അരങ്ങേറുന്നത് അതീവ ഗുരുതര സാഹചര്യമായാണ് വിലയിരുത്തുന്നത്.
പ്രവചനാതീതമായ രീതിയിലാണ് കേരളത്തിലും കാലാവസ്ഥ പ്രകടമാകുന്നത്. മഴയും ചൂടുമെല്ലാം തീവ്രമായാണ് സംസ്ഥാനത്തെ ബാധിച്ചത്. സമീപകാലത്തെ കേരളത്തിന്റെ കാലാവസ്ഥയെ എങ്ങനെ വിലയിരുത്തുന്നു ?
സവിശേഷമായ ഭൂപ്രകൃതി കൊണ്ടും കാലാവസ്ഥ കൊണ്ടും സമ്പന്നമായ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലും കഴിഞ്ഞ പതിറ്റാണ്ടിൽ ദൃശമായ അതിതീവ്ര കാലാവസ്ഥാ സംഭവങ്ങൾ വിരൽചൂണ്ടുന്നത്, ആഗോളതാപനത്തിന്റെ ഫലമായി കേരളത്തിന്റെ കാലാവസ്ഥയും കൂടുതൽ അസ്ഥിരമാകുകയാണെന്നാണ്. പൊതുവെ കേരളത്തിൽ സ്ഥിരതയുള്ള കാലാവസ്ഥയാണ് നിലനിന്നിരുന്നതെങ്കിലും, സഹ്യപർവ്വതത്തിന്റെ സ്വാധീനവും വിശാലമായ സമുദ്രങ്ങളുടെ സാമീപ്യവും കേരളത്തിന്റെ കാലാവസ്ഥയെ കൂടുതൽ സങ്കീർണ്ണമാക്കുന്ന ഘടകങ്ങളാണ്. ഇതിൽ കേരളത്തിന്റെ കാലാവസ്ഥയെയും അതുവഴി ജനജീവിതത്തെയും കൂടുതൽ ബാധിക്കുവാൻ പോകുന്നത് ആഗോളതാപനത്തിന്റെ ഭാഗമായി അറബിക്കടൽ ദ്രുതഗതിയിൽ ചൂടാകുന്നതാണ്. മറ്റു സമുദ്രത്തടങ്ങൾ 100 വർഷം കൊണ്ട് 1 ഡിഗ്രി സെൽഷെസിൽ താഴെ മാത്രം ചൂടായപ്പോൾ, അറബിക്കടൽ ഏകദേശം 1.1 ഡിഗ്രിക്ക് മുകളിൽ ചൂടായതാണു കേരളത്തിന്റെ കാലാവസ്ഥയെ കൂടുതൽ അസ്ഥിരമാക്കുന്നത്.
ലോകത്തിന്റെ മറ്റു പല കോണുകളിലും വളരെക്കാലം മുമ്പ് മുതൽ ദൃശ്യമായിരുന്നു അതിതീവ്ര കാലാവസ്ഥാ സംഭവങ്ങൾ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലും അരങ്ങേറുന്നത് അതീവ ഗുരുതര സാഹചര്യമായാണ് വിലയിരുത്തുന്നത്. കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ കേരളത്തിൽ അനുഭവപ്പെട്ട അതിതീവ്ര കാലാവസ്ഥാ സംഭവങ്ങൾ പരിശോധിച്ചാൽ നമുക്കതു വ്യക്തമാകും. ദീഘകാലയളവിൽ കേരളം പോലുള്ള ഒരു ചെറിയ സ്ഥലത്തുണ്ടായിട്ടുള്ള മഴയളവിലെ വ്യത്യാസം പഠിക്കൽ ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ്. കേരളത്തിന്റെ സവിശേഷമായ ഭൂപ്രകൃതി തന്നെയാണ് അതിനു കാരണം. കിഴക്ക് പശ്ചിമഘട്ടത്തിനും പടിഞ്ഞാറ് അറബിക്കടലിനും ഇടയിൽ സ്ഥിതി ചെയ്യുന്ന കേരളത്തിന് ശരാശരി 100 കിലോമീറ്റർ വീതി മാത്രമാണുള്ളതെങ്കിലും വ്യത്യസ്തമായ ഉപരിതല ഘടനയും ഭൂവിനിയോഗക്രമവുമാണുള്ളത്. എല്ലാ പ്രദേശത്തും നിരീക്ഷണ സംവിധാനമില്ല എന്നതിനാൽ ഓരോ സ്ഥലത്തും സംഭവിച്ച കാലാവസ്ഥാമാറ്റം കൃത്യമായി പഠിക്കാൻ പ്രയാസമാണ്. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ തീരപ്രദേശം, ഇടനാട്, മലനാട് എന്നിങ്ങനെ മൂന്നായി തരം തിരിച്ചിരിക്കുന്നു. കേരളത്തിൽ മുഴുവനായും, പ്രത്യേകിച്ചും പശ്ചിമഘട്ടമലനിരകളിലും ലഭ്യമാവുന്ന അനന്യമായ മഴയിലെ വാർഷിക വിതാനമാണ് ഇവിടുത്തെ അപൂർവ്വമായ ജൈവവൈവിധ്യത്തിന് നിദാനം. ഈ ഭൂപ്രകൃതിയും സവിശേഷ കാലാവസ്ഥയുമാണ് കേരളത്തിന് ‘ദൈവത്തിന്റെ സ്വന്തം നാട്' എന്ന ഖ്യാതി നേടിക്കൊടുത്തത്. 2015, 2016 വർഷങ്ങളിൽ അനുഭവപ്പെട്ട അടിക്കടിയുള്ള വരൾച്ചകളും, 2017 ൽ നേരിട്ട ഓഖി ചുഴലിക്കാറ്റും അതിനു ശേഷം 2018 ൽ ഉണ്ടായ മഹാ പ്രളയവുമാണ് കേരളത്തിലെ മാറുന്ന കാലാവസ്ഥയിലേക്ക് ലോകശ്രദ്ധയാകർഷിച്ചത്.
ആലിപ്പഴവർഷത്തിനും ഇടിമിന്നലിനും ഒക്കെ ഇടയാക്കുന്ന കൂറ്റൻ മേഘങ്ങൾക്ക് രൂപം കൊള്ളാൻ അന്തരീക്ഷ താപവർദ്ധനവ് സഹായകരമാവും. ടൊർണാഡോ പോലുള്ള ചെറുചുഴലികളെ എങ്ങനെയാണ് ആഗോളതാപനം ബാധിയ്ക്കുക എന്നത് ഇപ്പോഴും വ്യക്തമല്ല. ഇത്തരം ചുഴലികൾ സാധാരണയായി കേരളത്തിൽ കണ്ടുവരാറില്ല. എന്നാൽ ഈ കാലവർഷക്കാലത്ത് മിന്നൽ ചുഴലികളും വാട്ടർ സ്പൗട്ട് പോലുള്ള പ്രതിഭാസങ്ങളും ഇടിമിന്നലും കേരളത്തിൽ ഉണ്ടായത് ആശങ്കാജനകമാണ്. ഇതെല്ലാം വ്യക്തമാക്കുന്നത്, സമീപകാലത്ത് കാലവർഷ മേഘങ്ങളുടെ ഘടനയിലും വ്യത്യാസം സംഭവിച്ചിട്ടുണ്ട് എന്നാണ്. സാധാരണയായി കാലവർഷക്കാലത്ത് പശ്ചിമഘട്ടത്തിനു പടിഞ്ഞാറായി കാണപ്പെടുക ഉയരം കുറഞ്ഞ മേഘങ്ങളാണ്. എന്നാൽ സമീപകാലത്ത് 12 മുതൽ 14 വരെ കിലോമീറ്റർ ഉയരം വരുന്ന കൂമ്പാര മേഘങ്ങളാണ് മഴക്കാലത്ത് രൂപം കൊള്ളുന്നത്. ഇവയാണ് ഇപ്പോൾ കാലവർഷക്കാലത്തും ഇടിമിന്നലിന് കാരണമാവുന്നത്. ഇത്തരം മേഘങ്ങൾ 1 മുതൽ 14 വരെ കിലോമീറ്റർ വരെ കട്ടിയിൽ ഉയർന്നുനിൽക്കുമ്പോൾ അത് ആ പ്രദേശത്ത് തലയ്ക്കുമുകളിൽ നിലകൊള്ളുന്ന ഒരു ‘വാട്ടർ ടാങ്ക്' പോലെ വർത്തിക്കുകയും അവയിൽ നിന്ന് കുറഞ്ഞ സമയം കൊണ്ട് പെയ്യുന്ന കൂടിയ അളവിലുള്ള മഴ അവിടെ പ്രളയത്തിന് കാരണമാവുകയും ചെയ്യും. അതിശക്തമായി മഴ ലഭിച്ച 2019 ലും 2021 ലും ഇത്തരത്തിൽ കൂറ്റൻ മേഘങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നു.
ഉയർന്ന അന്തരീക്ഷ താപനില, തീവ്രമഴയ്ക്കും അതുപോലുള്ള കടുത്ത കാലാവ്സ്ഥാ പ്രതിഭാസങ്ങൾക്കും വഴിവെയ്ക്കും. ശാസ്ത്രനിഗമനങ്ങൾ ശരിവെച്ച് പേമാരികളും താപ തരംഗങ്ങളും ലോകത്താകമാനം വർദ്ധിക്കുന്നതായാണ് കാണുന്നത്. കേരളവും ഇതിൽ നിന്ന് വിഭിന്നമല്ല. അറബിക്കടലും ബംഗാൾ ഉൾക്കടലും ഉൾപ്പെടുന്ന ഉത്തര ഇന്ത്യൻ മഹാസമുദ്രം മറ്റ് സമുദ്രങ്ങളേക്കാൾ അതിവേഗമാണ് ചൂടുപിടിക്കുന്നത്. 2019 ൽ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ടതിനേക്കാൾ കൂടുതൽ ചുഴലിക്കാറ്റുകൾ അറബിക്കടലിൽ രൂപം കൊണ്ടത് ഇതിലേക്കാണ് വെളിച്ചം വീശുന്നത്. ഓഖിക്കുശേഷം തുടരെ തുടരെ കേരളതീരത്തേക്ക് ന്യുനമർദ്ദങ്ങൾ എത്തുന്നത് നമ്മുടെ തീരവും പഴയതു പോലെ സുരക്ഷിതമല്ല എന്ന യാഥാർഥ്യത്തിലേക്കാണ് വിരൽചൂണ്ടുന്നത്.
കാലാവസ്ഥയിൽ പ്രകടമായ മാറ്റങ്ങളും പ്രവണതകളും ശ്രദ്ധിക്കേണ്ടതും ഉൾക്കൊള്ളേണ്ടതും നമ്മുടെ വികസന മാർഗ്ഗങ്ങളും ദുരന്ത ലഘൂകരണരീതികളും പ്രാദേശിക തലത്തിൽ രൂപപ്പെടുത്തുന്നതിന് ഏറെ നിർണായകമാണ്. ഇന്റർ ഗവൺമെന്റൽ പാനൽ ഓൻ ക്ലൈമറ്റ് ചേയ്ഞ്ച് അടിസ്ഥാനമാക്കുന്ന ഭൂരിഭാഗം മോഡലുകളുടേയും പ്രവചനപ്രകാരം, ഇന്ത്യയിലെ മഴ കൂടുതൽ കൂടുതൽ അസ്ഥിരമാവുകയും മഴലബ്ദി ആകെ അളവിൽ കുറയുകയും പക്ഷെ തീവ്ര മഴ കൂടുകയും ചെയ്യും. ഒന്ന് രണ്ടു ദിവസങ്ങളിൽ 10- 20 cm വരെ മഴയും ഒരു ആഴചയിൽ 30 - 40 cm വരെ മഴയും ലഭിക്കുവാനുള്ള സാഹചര്യമാണ് മൺസൂൺ കാലത്ത് ഇപ്പോൾ നിലവിലുള്ളത്.
വികേന്ദ്രികൃത ഭരണസംവിധാനത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമതയോടെ കൈകാര്യം ചെയ്യുവാൻ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും സജ്ജമാക്കുക എന്നത് അടിയന്തിര പ്രാധാന്യം അർഹിക്കുന്നു.
കാലാവസ്ഥാമാറ്റത്തോടൊപ്പം മാനുഷിക ഇടപെടലുകൊണ്ട് ദുർബലമാകുന്ന പരിസ്ഥിതിയെയും കൂടി കണക്കിലെടുത്തുള്ള സുസ്ഥിരമായ കാഴ്ചപ്പാടോടുകൂടിയുള്ള ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾക്കാണ് അടിയന്തിര പ്രാധാന്യം നൽകേണ്ടത്. പാരിസ്ഥിതികാഘാതം കുറച്ച് അടുത്ത രണ്ടോ മൂന്നോ പതിറ്റാണ്ടുകളിൽ പ്രതീക്ഷിക്കുന്ന അതിതീവ്ര കാലസ്ഥാ സംഭവങ്ങളെ കൂടി മുൻക്കൂട്ടികണ്ടുള്ള വികസന നയരൂപീകരണവും ആസൂത്രണവുമാണ് നമുക്കാവശ്യം. തുടർച്ചയുള്ളതും തടസമില്ലാത്തതുമായ കാലാവസ്ഥാനിരീക്ഷണമാണ് ദുരന്തനിവാരണത്തിന് പരമപ്രധാനം. അതിനാൽ കേരളാ ശാസ്ത്ര സാങ്കേതിക വകുപ്പിനുകീഴിൽ ചുരുങ്ങിയത് ബ്ലോക്ക് അടിസ്ഥാനത്തിലെങ്കിലും ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ പോലുള്ള നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടതാണ്. ഇതു പൊതുജനങ്ങൾക്കും ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും യഥാസമയം ലഭ്യമാക്കുന്ന ഓപ്പൺ ഡാറ്റ പോളിസിയിയും അവലംബിക്കണം. ഇതുവഴി കാലാവസ്ഥാ സാക്ഷരത താഴെത്തട്ടിലേക്കു വ്യാപിപ്പിക്കാനും പൊതുജനങ്ങളിലും മാധ്യമങ്ങളിലും കാലാവസ്ഥാ അവബോധം സൃഷ്ടിക്കുവാനും സാധിക്കും. അങ്ങനെ ലഭ്യമായ കാലാവസ്ഥാ വിവരങ്ങൾ ലളിതമായി മനസിലാക്കുവാനും കൂടുതൽ പ്രയോജനപ്പെടുത്തുവാനും സാധിക്കും. സർക്കാർ- പൊതുമേഖലാ സ്ഥാപനങ്ങൾ ശേഖരിക്കുന്ന കാലാവസ്ഥാ സംബന്ധമായ വിവരങ്ങൾ ഒരു പൊതു പ്ലാറ്റ്ഫോമിൽ ലഭ്യമാക്കി മുന്നറിയിപ്പുകൾക്കും ഗവേഷണത്തിനുമായി ഉപയോഗിക്കാം. കാലാവസ്ഥാ വകുപ്പ് നൽകുന്ന മഞ്ഞ, ഓറഞ്ച്, റെഡ് മുന്നറിയുപ്പുകൾക്കനുസരിച്ച്, ഓരോ അവസരത്തിലും വ്യക്തിയെന്ന നിലയിലും സമൂഹമായും എടുക്കേണ്ട മുൻകരുതലുകൾ എന്തെല്ലാമാണെന്ന് പ്രദേശവാസികൾക്കും പ്രാദേശിക ഭരണസംവിധാനങ്ങൾക്കും വ്യക്തമായ ധാരണ ഉണ്ടാവേണ്ടതാണ്. കാലാവസ്ഥാ പ്രവചനങ്ങളിൽ പൊതുവേ, സാധ്യതയുടെ (probabiltiy) ഒരംശം അടങ്ങിയിട്ടുണ്ട്. അടിയന്തിരമായി കൈക്കൊള്ളേണ്ട തീരുമാനങ്ങളിലും ഈ പ്രവചനപരമായ അനിശ്ചിതത്വത്തിന്റെ ഘടകം ക ണക്കിലെടുക്കണം.
വികേന്ദ്രികൃത ഭരണസംവിധാനത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമതയോടെ കൈകാര്യം ചെയ്യുവാൻ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും സജ്ജമാക്കുക എന്നത് അടിയന്തിര പ്രാധാന്യം അർഹിക്കുന്നു. പ്രാദേശികാടിസ്ഥാനത്തിൽ ദുരന്ത സാഹചര്യങ്ങൾ മുൻകൂട്ടി മനസിലാക്കുവാൻ തദ്ദേശസ്ഥാപങ്ങളെയും അതാതു പ്രദേശത്തു ലഭ്യമായ വിഷയ വിദഗ്ധരെയും മറ്റു കക്ഷികളെയും ഉൾപ്പെടുത്തി കുറഞ്ഞത് ബ്ലോക്ക് തലത്തിലെങ്കിലും നിരീക്ഷണ സംവിധാനം മെച്ചപ്പെടുത്തുക എന്നത് 2018 പ്രളയത്തിനുശേഷം ഉയർന്നു വരുന്ന ആവശ്യമാണ്. ഗവൺമെൻറ് അടിയന്തയരമായി ഇതിൽ ഇടപെടും എന്ന് പ്രതീക്ഷിക്കാം.
കാലാവസ്ഥ, ജല മാനേജ്മൻറ്, ഭൗമശാസ്ത്രം, കാർഷിക മേഖല, പക്ഷി-മൃഗസംരക്ഷണം, ആരോഗ്യം, മത്സ്യബന്ധനം തുടങ്ങി വിവിധ വിഷയങ്ങളിൽ പ്രഗൽഭ്യമുള്ളവരെ സംഘടിപ്പിച്ച് കേരള ശാസ്ത്ര സാങ്കേതിക വകുപ്പിനുകീഴിൽ സംയോജിത ഗവേഷണങ്ങൾ പരിപോഷിപ്പിക്കുന്നതിന് ഏകീകൃത സംവിധാങ്ങൾ ഒരുക്കേണ്ടതാണ്. തദ്ദേശ സമൂഹങ്ങളെ കൂടി ഉൾപ്പെടുത്തി ഒരു ബഹുതല -അപകട - പ്രകൃതി പ്രക്ഷോഭ മുന്നറിയിപ്പ് സംവിധാനം ഉണ്ടാക്കിയെടുക്കുകയും കാര്യക്ഷമമായി നിലനിർത്തുകയും വേണം. ഈ വർഷത്തെ ലോക കാലാവസ്ഥാ ദിനത്തിന്റെ സന്ദേശം തന്നെ, അതിതീവ്ര കാലാവസ്ഥാ സംഭവങ്ങളെ പ്രതിരോധിക്കുവാൻ പ്രാദേശിക മുന്നറിയിപ്പ്- ദുരന്തലഘൂകരണ സംവിധാനങ്ങൾ അടിയന്തര പ്രാധാന്യത്തോടെ പ്രവർത്തനക്ഷമമാക്കുക എന്നതാണ്. അപകടങ്ങൾക്കും ദുരന്തങ്ങൾക്കും ഇരയാകാനിടയുള്ള ജനങ്ങളുടെയും തദ്ദേശ സ്ഥാപങ്ങളുടെയും നേരിട്ടുള്ള പങ്കാളിത്തം ഇത്തരം സാമൂഹിക അപകട ലഘൂകരണ സംവിധാനത്തിന്റെ വിജയത്തിന് അത്യന്താപേക്ഷിതമാണ്. ഇവിടെ ബഹുജന പങ്കാളിത്തത്തോടുകൂടിയുള്ള ‘bottom-up' മാതൃകയാണ് ഏറ്റവും ഫലപ്രദം.
കാലാവസ്ഥാ വൃതിയാനമടക്കമുള്ള പാരിസ്ഥിക വിഷയങ്ങളിൽ മുഖ്യധാരാമാധ്യമങ്ങളുടെയും ബദൽ മാധ്യമങ്ങളുടെയും റിപ്പോർട്ടിങ്ങ് ശൈലി, ശാസ്ത്രീയമാണെന്ന് ശാസ്ത്രസമൂഹം കരുതുന്നുണ്ടോ? ഈ വിഷയത്തിൽ മാധ്യമങ്ങൾ കൂടുതൽ സ്പെഷലൈസേഷൻ നടത്തണമെന്ന് തോന്നിയിട്ടുണ്ടോ?
മാധ്യമപ്രവർത്തകർ കാലാവസ്ഥാമാറ്റത്തെക്കുറിച്ച് ഗൗരവ പഠനം നടത്തേണ്ടതുണ്ട്. മാധ്യമപഠനത്തിന്റെ സിലബസിൽ ഈ വിഷയം ഉൾപ്പെടുത്തണമെന്നാണ് എനിക്ക് തോന്നുന്നത്. ആഗോളതലത്തിൽ കാലാവസ്ഥാവ്യതിയാനം ഒരു പ്രതിസന്ധിയാവുകയാണ്. നമ്മൾ ഒരു കാലാവസ്ഥാ അടിയന്തരാവസ്ഥയിലേക്കു നീങ്ങുകയാണെന്നു ഭരണകൂടങ്ങൾ ഇനിയും തിരിച്ചറിയാൻ വൈകിക്കൂടാ. ഇപ്പോൾ കാണുന്ന അതിതീവ്ര കാലാവസ്ഥാ സംഭവങ്ങൾ ഒരു ടെസ്റ്റ് ഡോസ് മാത്രമാണന്നും ഇനിയും നമ്മെ കാത്തിരിക്കുന്ന അതിതീവ്ര കാലാവസ്ഥാ സംഭവങ്ങളാണെന്നുള്ള ഐ.പി.സി.സിയുടെ ആറാം അവലോകന റിപ്പോർട്ട് നൽകുന്ന മുന്നറിയിപ്പ് ഗൗരവമായി ചർച്ച ചെയ്യപ്പെടുകയും നമ്മുടെ നയരൂപീകരത്തിന്റെ ഭാഗമാക്കേണ്ടതുമുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുവാൻ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങളിൽ നിന്ന് ആവാസ വ്യവസ്ഥകൾ അടിസ്ഥാനമാക്കിയുള്ള സമീപനങ്ങളിലേക്ക് ഒരു മാതൃകാപരമായ മാറ്റത്തെക്കുറിച്ച് ചിന്തിക്കേണ്ട സമയമാണിത് . ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.