സ്‌കോട്ട്‌ലൻഡിലെ ഗ്ലാസ്ഗോയിൽ യു.എൻ. കാലാവസ്ഥാ ഉച്ചകോടി നടക്കാനിരിക്കെ വരുന്ന റിപ്പോർട്ടുകൾ പുതുതലമുറയ്ക്ക് ഒട്ടും പ്രത്യാശ നൽകുന്നതല്ല. വെള്ളപ്പൊക്കം, കാട്ടുതീ, വരൾച്ച, ഉഷ്ണതരംഗം തുടങ്ങിയ ദുരന്തങ്ങളുടെ വാർത്തകൾ ഇല്ലാത്ത ഒരു ദിവസം പോലും ഇന്നില്ല.
ഒക്ടോബർ 31 മുതൽ നവംബർ 12 വരെ COP 26 (Conference of Parties) എന്ന യു.എൻ. കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിന് യു.കെ. ആതിഥേയത്വം വഹിക്കും.
കാലാവസ്ഥാ വ്യതിയാന ഭീഷണിക്ക് ആഗോള പ്രതികരണം ശക്തിപ്പെടുത്തുന്നതിനായി 190 ലധികം രാജ്യങ്ങളിൽ നിന്ന് നേതാക്കളും ആയിരക്കണക്കിന് ചിന്തകരും ഗവേഷകരും പൗരന്മാരും ഒത്തുചേരും. കാലാവസ്ഥാ പ്രവർത്തന പദ്ധതി ത്വരിതപ്പെടുത്താൻ ലോകം ഒത്തുചേരുന്ന ഒരു സുപ്രധാന പ്രസ്ഥാനം കൂടിയാണിത്.
ഈ വർഷം നടക്കുന്നത് 26 -ാമത് സമ്മേളനം ആയതിനാലാണ് COP 26 എന്ന പേരുവന്നത്. ഗ്ലാസ്ഗോയിലെ സ്‌കോട്ടിഷ് ഇവന്റ് കാമ്പസിലാണ് ഉച്ചകോടി. സി.ഒ.പി. അംഗങ്ങൾ 1995 മുതൽ എല്ലാ വർഷവും യോഗം ചേരുന്നുണ്ട്. യു.എൻ.എഫ്.സി.സി.സി.യ്ക്ക് ഇന്ത്യ, ചൈന, യു.എസ്.എ. എന്നിവയുൾപ്പെടെ 198 അംഗങ്ങളുണ്ട്. ആദ്യ സമ്മേളനം (COP1) 1995-ൽ ബെർലിനിൽ നടന്നു. 1997-ൽ ജപ്പാനിലെ ക്യോട്ടോയിൽ നടന്ന COP3 ൽ, പ്രസിദ്ധമായ ക്യോട്ടോ പ്രോട്ടോക്കോൾ സ്വീകരിച്ചു. ഹരിതഗൃഹ വാതക ഉദ്‌വമനം പരിമിതപ്പെടുത്തുന്നതിനോ കുറയ്ക്കുന്നതിനോ ഇത് അംഗരാജ്യങ്ങളെ ചുമതലപ്പെടുത്തുന്നു. 2005 ഫെബ്രുവരി 16-ന് ഇത് പ്രാബല്യത്തിൽ വന്നു, ക്യോട്ടോ പ്രോട്ടോക്കോളിൽ 192 രാജ്യങ്ങൾ ഒപ്പുവച്ചിട്ടുണ്ട്.
നമ്മൾ അധിവസിക്കുന്ന ഭൂമി താമസിക്കാൻ കൊള്ളാത്ത ഇടമായി അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. 87 ലക്ഷം ജീവജാലങ്ങളിൽ ഒരേയൊരു വർഗം- നമ്മളോരോരുത്തരും ഉൾക്കൊള്ളുന്ന മനുഷ്യകുലം മാത്രമാണ് ഇവ്വിധം വിനാശങ്ങൾക്കെല്ലാം ഉത്തരവാദികൾ. ചുഴലിക്കാറ്റ്, മഴക്കുറവ്, വരൾച്ച, പ്രളയം, ഉഷ്ണക്കാറ്റ് എന്നിങ്ങനെ ദുരന്തങ്ങൾ വരിവരിയായി നിൽക്കുന്നു. ഓരോ വർഷവും കടൽ കരയെ വിഴുങ്ങിക്കൊണ്ടിരിക്കുന്നു. ഹിമാലയത്തിലെ മഞ്ഞുരുക്കം സമുദ്രനിരപ്പ് വർധിക്കുന്നതിന് ആക്കംകൂട്ടും. ഐക്യരാഷ്ട്ര സംഘടന സ്ഥാപിച്ച ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചെയ്ഞ്ച് (ഐ.പി.സി.സി.) ഓരോ ഏഴു വർഷം കൂടുമ്പോഴും തയാറാക്കുന്ന കാലാവസ്ഥാമാറ്റം സംബന്ധിച്ച റിപ്പോർട്ടുകളിൽ ആറാമത്തേതാണ് കഴിഞ്ഞദിവസം ജനീവയിൽ പുറത്തിറക്കിയത്. കാലാവസ്ഥാമാറ്റം വിശകലനം ചെയ്യുന്ന ഐ.പി.സി.സി. കഴിഞ്ഞദിവസം പുറത്തുവിട്ട ആറാം റിപ്പോർട്ടിന്റെ ആദ്യ ഭാഗം നാളെയെക്കുറിച്ച് നടുക്കമുളവാകുന്നതുതന്നെയാണ്.
പ്രകൃതിദുരന്തങ്ങളുടെ എണ്ണത്തിനൊപ്പം കാഠിന്യവും ഉയരുകയാണ്. പഴയ തലമുറ ജീവിതത്തിൽ ശരാശരി നാല് ഉഷ്ണതരംഗങ്ങളാണ് കണ്ടതെങ്കിൽ പുതുതലമുറയ്ക്ക് 30 എണ്ണം കാണേണ്ടിവരും.
60 കൊല്ലം മുമ്പ് (1960) ജനിച്ചവരുമായി തട്ടിച്ചുനോക്കുമ്പോൾ 2020-ൽ പിറന്ന കുഞ്ഞുങ്ങൾ ശരാശരി മൂന്നിരട്ടിയോളം പ്രകൃതിദുരന്തങ്ങൾ നേരിടേണ്ടിവരുമെന്നാണ് പഠനങ്ങൾ പറയുന്നത്. പ്രകൃതിദുരന്തങ്ങളുടെ എണ്ണത്തിനൊപ്പം കാഠിന്യവും ഉയരുകയാണ്. പഴയ തലമുറ ജീവിതത്തിൽ ശരാശരി നാല് ഉഷ്ണതരംഗങ്ങളാണ് കണ്ടതെങ്കിൽ പുതുതലമുറയ്ക്ക് 30 എണ്ണം കാണേണ്ടിവരും.
1960-മായി താരതമ്യം ചെയ്യുമ്പോൾ 2020-ൽ ജനിച്ച കുട്ടികൾ നേരിടേണ്ടിവരുന്ന ഉഷ്ണതരംഗം ഏഴുമടങ്ങാണ്. കാട്ടുതീ രണ്ടുമടങ്ങും വെള്ളപ്പൊക്കം 2.8 മടങ്ങും വരൾച്ചയും കൃഷിനാശവും മൂന്നുമടങ്ങുമാണ്. 195 രാജ്യങ്ങളിലെ കാലാവസ്ഥാ പ്രവണതകൾ സൂക്ഷ്മമായി വിശകലനം ചെയ്ത്, 14,000ത്തിലേറെ റിപ്പോർട്ടുകൾ അപഗ്രഥിച്ച് 234 ശാസ്ത്രജ്ഞർ ചേർന്ന് തയാറാക്കിയ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള വിലയിരുത്തലിന് ഐക്യരാഷ്ട്ര സംഘടനയ്ക്കുകീഴിൽ 1988-ൽ സ്ഥാപിതമായ സംഘടനയാണിത്. ഐ.പി.സി.സി. സ്വയം ശാസ്ത്രഗവേഷണത്തിൽ ഏർപ്പെടുന്നില്ല. പകരം, ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരോട് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട എല്ലാ ശാസ്ത്രീയ സാഹിത്യങ്ങളിലൂടെയും പോയി യുക്തിസഹമായ നിഗമനങ്ങളിൽ എത്തിച്ചേരാൻ ആവശ്യപ്പെടുന്നു. ഐ.പി.സി.സി. ഇതുവരെ, അഞ്ച് മൂല്യനിർണയ റിപ്പോർട്ടുകൾ പുറത്തിറക്കി. ആദ്യത്തേത് 1990-ൽ, 2014-ൽ പാരീസിലെ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിന് മുന്നോടിയായി അഞ്ചാമത്തെ വിലയിരുത്തൽ റിപ്പോർട്ട് പുറത്തുവന്നു.
ആഗസ്റ്റ് രണ്ടാം വാരത്തിൽ ഐ.പി.സി.സി. അതിന്റെ ആറാം വിലയിരുത്തൽ റിപ്പോർട്ടിന്റെ (AR6) ആദ്യ ഭാഗം പുറത്തിറക്കി. ശേഷിക്കുന്ന രണ്ട് ഭാഗങ്ങൾ അടുത്ത വർഷം പുറത്തിറക്കും. 14,000 ശാസ്ത്ര പ്രസിദ്ധീകരണങ്ങൾ അവർ അവലോകനം ചെയ്തു. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ഏറ്റവും കൂടുതൽ അംഗീകരിക്കപ്പെട്ട ശാസ്ത്രീയ അഭിപ്രായമെന്ന നിലയ്ക്കാണ് വിലയിരുത്തൽ റിപ്പോർട്ടുകളെ കണക്കാക്കുന്നത്. കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനുള്ള സർക്കാർ നയങ്ങളുടെ അടിസ്ഥാനം അവയാണ്, കൂടാതെ അന്താരാഷ്ട്ര കാലാവസ്ഥാ വ്യതിയാന ചർച്ചകൾക്ക് ശാസ്ത്രീയാടിത്തറയും നൽകുന്നു.
1980-നും 2009-നും ഇടയിൽ താപനില 50 ഡിഗ്രി സെൽഷ്യസ് കടന്ന ദിനങ്ങളുടെ എണ്ണം ശരാശരി 14 ആയിരുന്നു. എന്നാൽ, 2010-നും 2019-നും ഇടയിൽ ഇത് പ്രതിവർഷം 26 ദിവസങ്ങളായി വർധിച്ചു. കഴിഞ്ഞ വേനൽക്കാലത്ത് റെക്കോഡ് താപനില ഇറ്റലിയിലും (48.8 ഡിഗ്രി സെൽഷ്യസ്) കാനഡയിലും (49.6 ഡിഗ്രി സെൽഷ്യസ്) റിപ്പോർട്ട് ചെയ്തു. ജൈവ ഇന്ധനങ്ങൾ കത്തിക്കുന്നതാണ് താപനില ഉയരാൻ പ്രധാന കാരണം.
ഗ്രീസിലും അമേരിക്കയിലും ആളിപ്പടരുന്ന കാട്ടുതീയും ജൂലൈയിലെ അപ്രതീക്ഷിത പ്രളയത്തിന്റെ കെടുതികളൊഴിഞ്ഞിട്ടില്ലാത്ത ജർമനിയും ലോകത്തെ ശീതമേഖലകളെ പൊള്ളിപ്പഴുപ്പിച്ച ഉഷ്ണവാതവും തെളിവുകളായി മുന്നിൽ നിൽക്കുമ്പോഴാണ് പ്രമുഖ കാലാവസ്ഥാ ശാസ്ത്രജ്ഞർ എട്ടുകൊല്ലമെടുത്ത് തയ്യാറാക്കിയ ഈ റിപ്പോർട്ടെത്തിയിരിക്കുന്നത്. ഭൂമിയിൽ ചൂടിനെ പിടിച്ചുനിർത്തുന്ന തരം ഹരിതഗൃഹവാതകങ്ങളുടെ വിസർജനം വൻതോതിൽ വർധിച്ചതാണ് ആഗോളതാപനമെന്ന പ്രക്രിയക്ക് ആക്കം കൂട്ടിയത്. കാർബൺ ഡയോക്സൈസ്, മീഥൈൻ, നൈട്രസ് ഓക്സൈഡ്, ജലബാഷ്പം, ഓസോൺ തുടങ്ങി 25 ഓളം വാതകങ്ങളാണ് ഹരിതഗൃഹ വാതകങ്ങൾ. ഭൂമിയുടെ ശരാശരി താപനില 15 ഡിഗ്രി സെൽഷ്യസാണ്. നിലവിൽ അത് 16 ഡിഗ്രി കഴിഞ്ഞിട്ടുണ്ട്. ഓസോൺ കവചത്തെ സംരക്ഷിക്കുന്നതിന് പ്രതിജ്ഞയെടുത്ത 1987-ലെ മോൺട്രിയൽ ഉടമ്പടിയ്ക്കുശേഷം പരിസ്ഥിതി അവബോധത്തിൽ മുന്നേറാനായെങ്കിലും ആഗോളതാപനം അതീവ ആശങ്കാജനകമാകുകയാണ്. അന്തരീഷ് ഊഷ്മാവ് വർധിക്കുന്നത് ജീവജാലങ്ങളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കും.
ഈ നൂറ്റാണ്ട് അവസാനത്തോടെ സമുദ്രനിരപ്പിൽ രണ്ട് മീറ്ററോളം വർധനവുണ്ടാകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 12 ഇന്ത്യൻ നഗരങ്ങൾ ഈ നൂറ്റാണ്ട് അവസാനത്തോടെ മൂന്നടി വരെ വെള്ളത്തിലാകുമെന്നാണ് ഐ.പി.സി.സി. റിപ്പോർട്ട് അവലോകനം ചെയ്ത് അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ "നാസ' മുന്നറിയിപ്പ് നൽകുന്നത്. കാലാവസ്ഥാ മാറ്റത്തെ നിയന്ത്രിക്കാനായില്ലെങ്കിൽ കൊച്ചിയും മുംബൈയും ഉൾപ്പെടെയുള്ള നഗരങ്ങളാണ് വൻ പ്രതിസന്ധി നേരിടുക. ഇവ കൂടാതെ കാണ്ട്ല, ഓഖ, ഭാവ്നഗർ, മോർമുഖാവ്, മംഗളൂരു, പാരദ്വീപ്, ഖിദിർപൂർ, വിശാഖപട്ടണം, ചെന്നൈ, തൂത്തുക്കുടി എന്നീ നഗരങ്ങളിലേക്കാണ് സമുദ്രം കടന്നുകയറുകയെന്ന് നാസ റിപ്പോർട്ടിൽ പറയുന്നു. ആഗോളതാപന വർധന 1.5 ഡിഗ്രി സെൽഷ്യസിന് താഴെ നിലനിർത്തുകയെന്ന സ്വപ്നലക്ഷ്യം 2040 ആകുമ്പോഴേക്കും കൈവിട്ടുപോകുമെന്നാണ് മുന്നറിയിപ്പ്. മറ്റ് സമുദ്രങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ മഹാസമുദ്രത്തിൽ ചൂടേറുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. മനുഷ്യ സ്വാധീനമാണ് അന്തരീക്ഷം, കടൽ, കര എന്നിവയുടെ താപനില ഉയർത്തുന്നതെന്ന് വ്യക്തമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
സമുദ്രത്തിലെ കനത്ത ഗതാഗതം കാരണം, ലോകത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ പസഫിക്കിൽ കൂടിക്കൊണ്ടിരിക്കുകയാണ്. ഈ പസഫിക് മാലിന്യത്തിന്റെ വലുപ്പം ഏകദേശം 2.7 ലക്ഷം ചതുരശ്ര മൈലാണ്. ഇത് അമേരിക്കയിലെ ഏറ്റവും വലിയ സംസ്ഥാനമായ ടെക്സാസിന്റെ വലുപ്പത്തിന് തുല്യമാണ്.
ശീതയുദ്ധ കാലഘട്ടത്തിൽ ദുർബലമായ പസഫിക് സമുദ്ര ആവാസവ്യവസ്ഥയുടെ നാശവും കണ്ടു. 1947-നും 1962-നും ഇടയിൽ, മാർഷൽ ദ്വീപുകളിൽ വെള്ളത്തിനടിയിൽ നൂറ് ആണവ പരീക്ഷണങ്ങൾ യു.എസ്. നടത്തി. 1960-നും 1992-നും ഇടയിൽ, പോളിനേഷ്യയിലെ മൊറോവയിലും ഫംഗതൗഫ അറ്റോളുകളിലും ഫ്രാൻസ് 179 ആണവ പരീക്ഷണം നടത്തി. ഈ പരീക്ഷണങ്ങളിൽ നിന്നുള്ള റേഡിയോ ആക്ടീവ് വീഴ്ചകൾ 1,10,000 പേരെ ബാധിച്ചതായി പറയുന്നു. ദുർബലമായ സമുദ്ര ആവാസവ്യവസ്ഥയിൽ ആണവ പരീക്ഷണത്തിന്റെ അനന്തരഫലങ്ങൾ ദൂരവ്യാപകമാണ്. പ്ലൂട്ടോണിയം, സ്ട്രോൺഷ്യം, സീസിയം എന്നിവയുടെ റേഡിയോ ആക്ടീവ് ഐസോടോപ്പുകൾ സമുദ്ര പരിസ്ഥിതിയിലേക്ക് പുറന്തള്ളപ്പെട്ടു, ഇത് എല്ലാ ജീവജാലങ്ങൾക്കും ദോഷം ചെയ്യും.
ലോകത്തിലെ ഏറ്റവും തിരക്കേറിയ ഷിപ്പിങ് ലൈനുകളാണ് പസഫിക് വ്യാപാര റൂട്ടുകൾ. വാൾമാർട്ട്, ടാർഗെറ്റ്, ബെസ്റ്റ് ബൈ, ഹോം ഡിപ്പോലോ എന്നീ വമ്പന്മാരുടെ ഇറക്കുമതി ഈ വ്യാപാര മാർഗങ്ങളെ ആശ്രയിച്ചിരിക്കുന്നു. സൗദി അറേബ്യ, ഇറാഖ്, യു.എ.ഇ. എന്നിവിടങ്ങളിൽ നിന്നുള്ള ഊർജ ഇറക്കുമതിക്കും ഈ വഴികൾ പ്രധാനമാണ്. മേഖലയിലെ കനത്ത സമുദ്ര ഗതാഗതം കാരണം പസഫിക് വിനാശകരമായ എണ്ണചോർച്ച സഹിച്ചുവരികയാണ്. സമുദ്രത്തിലെ കനത്ത ഗതാഗതം കാരണം, ലോകത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ പസഫിക്കിൽ കൂടിക്കൊണ്ടിരിക്കുകയാണ്. ഈ പസഫിക് മാലിന്യത്തിന്റെ വലുപ്പം ഏകദേശം 2.7 ലക്ഷം ചതുരശ്ര മൈലാണ്. ഇത് അമേരിക്കയിലെ ഏറ്റവും വലിയ സംസ്ഥാനമായ ടെക്സാസിന്റെ വലുപ്പത്തിന് തുല്യമാണ്. കഴിഞ്ഞ നൂറ്റാണ്ട് മുതൽ പസഫിക് പതുക്കെ ലോകത്തിലെ മാലിന്യക്കൂമ്പാരമായി മാറിക്കൊണ്ടിരിക്കുകയാണ്. സമുദ്ര പരിസ്ഥിതിശാസ്ത്രം ജീവിതത്തിന്റെ തൊട്ടിലാണ്.
ആസ്‌ട്രേലിയ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പാതകളുടെ ഇടത്താവളമാണ്. ലോകത്തിലെ ഏറ്റവും വലിയ പവിഴ ജൈവവ്യവസ്ഥയായ ഗ്രേറ്റ് ബാരിയർ റീഫിന്റെ ആസ്ഥാനം കൂടിയാണിത്. ബാരിയർ റീഫിൽ 410 ഇനം പവിഴപ്പുറ്റുകളും 1,600 ലധികം ഇനം മത്സ്യങ്ങളും 2,000 സ്പോഞ്ച് സ്പീഷീസുകളും 14 ഇനം കടൽ പാമ്പുകളും ലോകത്തിലെ ആറുതരം കടലാമകളുമുണ്ട്.
ഇന്ത്യയിൽ ഓരോ പത്തുവർഷം കൂടുമ്പോഴും 17 മീറ്റർ വീതം കടൽ കരയിലേക്ക് കയറാമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇത് തീരദേശത്തിന് വലിയ ഭീഷണിയാണ് സൃഷ്ടിക്കുക.
AUKUS ഉടമ്പടി പാശ്ചാത്യ രാജ്യങ്ങളും ചൈനയും തമ്മിലുള്ള ഒരു നാവിക ആയുധ മത്സരം മുൻകൂട്ടി കാണിക്കുന്നു. ചൈന, തായ്‌വാൻ, മലേഷ്യ, ഫിലിപ്പീൻസ്, വിയറ്റ്നാം, ബ്രൂണൈ എന്നീ രാജ്യങ്ങൾക്കിടയിൽ തെക്കൻ ചൈന കടലിലെ സ്പ്രാറ്റ്‌ലി ദ്വീപുകളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് സംഘർഷം നിലനിൽക്കുന്നുണ്ട്. സമുദ്ര ഗതാഗതവും മലിനീകരണവും മൂലം ഈ പ്രദേശം സമ്മർദത്തിലാണ്. സമുദ്രപാതകളുടെ നിയന്ത്രണം സംബന്ധിച്ച് പ്രാദേശിക ശക്തികൾക്കിടയിൽ വരാനിരിക്കുന്ന ഒരു "ശീതയുദ്ധം' ഈ പ്രദേശത്തെ ഇതിനകം സമ്മർദത്തിലായ സമുദ്ര ആവാസവ്യവസ്ഥയെ തകർക്കും.
ലോകത്തിലെ മൂന്നാമത്തെ വലിയ മലിനീകരണ വാതകങ്ങളുടെ ഉറവിടം ഇന്ത്യയാണ്. ആഗോളതാപനം വർധിക്കുന്നതിലൂടെ ഉത്തരധ്രുവത്തിലെയും മറ്റ് പ്രദേശങ്ങളിലെയും മഞ്ഞുരുകി കടൽനിരപ്പ് ഉയരാനും കടലിലെ താപനില വർധിക്കാനും കടൽ കരയിലേക്ക് കയറാനുമുള്ള സാധ്യത വർധിക്കുന്നു. ഇന്ത്യയിൽ ഓരോ പത്തുവർഷം കൂടുമ്പോഴും 17 മീറ്റർ വീതം കടൽ കരയിലേക്ക് കയറാമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇത് തീരദേശത്തിന് വലിയ ഭീഷണിയാണ് സൃഷ്ടിക്കുക. കാലാവസ്ഥയെയും പാരിസ്ഥിതിക ദുരന്തസാധ്യതകളെയും പഠിച്ച് വിലയിരുത്തി അതിനനുസരിച്ചുള്ള വികസന, രക്ഷാ പദ്ധതികൾ നടപ്പാക്കേണ്ട സമയമാണിത്. കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട് എവിടെ, എന്തൊക്കെ അപകടങ്ങൾക്ക് സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞ് അതിനെ നേരിടാൻ ആസൂത്രിതമായ പദ്ധതികൾക്ക് തുടക്കം കുറിക്കാനാകണം. ആഗോളതാപനത്തിനും അതുവഴി കാലാവസ്ഥാ വ്യതിയാനത്തിനും കാരണമാകുന്ന കാർബൺ ഡൈഓക്‌സൈഡിന്റെ ബഹിർഗമനം കുറയ്ക്കുകയാണ് വേണ്ടത്. ഇതിനനുയോജ്യമായ വ്യവസായങ്ങളിലേക്കും ഗതാഗത സംവിധാനങ്ങളിലേക്കും നാം വേഗം മാറേണ്ടിയിരിക്കുന്നു. ഒപ്പം ഫോസിൽ ഇന്ധനങ്ങളുടെ ആശ്രയത്വം കുറയ്ക്കുകയും വേണം. ഇത്തരം നടപടികൾക്ക് ഇന്ത്യ തുടക്കമിട്ടിട്ടുണ്ടെങ്കിലും വേഗം കൂറേക്കൂടി വർധിപ്പിക്കണമെന്നാണ് ഐ.പി.സി.സി. റിപ്പോർട്ട് നൽകുന്ന മുന്നറിയിപ്പ്.
ഓരോ വർഷവും സമുദ്ര ജലനിരപ്പ് ഒരിഞ്ചിന്റെ എട്ടിലൊന്ന് ഉയരുന്നുവെന്നാണ് കണക്ക്. ചൂടു കൂടുമ്പോൾ സമുദ്രജലം വികസിക്കുകയും കരയിലെ ഹിമപാളികളും മഞ്ഞുമലകളും ഉരുകി കടലിൽ ചേരുകയും ചെയ്യുന്നതാണ് അതിനുകാരണം. ഈ രണ്ടു പ്രതിഭാസത്തിന്റെയും മൂലകാരണം ആഗോളതാപനമാണ്. കാർബൺ ഡൈഓക്സൈഡ്, മീഥെയിൻ എന്നിവ പോലുള്ള ഹരിതഗൃഹ വാതകങ്ങൾ ഭീമമായ തോതിൽ അന്തരീക്ഷത്തിലേക്ക് തള്ളപ്പെടുന്നതാണ് ആഗോളതാപനത്തിനു മുഖ്യകാരണം. വ്യവസായശാലകളും വാഹനങ്ങളും പ്രവർത്തിപ്പിക്കാനായി കൽക്കരി, എണ്ണ, പ്രകൃതിവാതകം എന്നിവ പോലുള്ള ജൈവ ഇന്ധനങ്ങൾ കത്തിക്കുന്നത് അതിന് നിമിത്തമാകുന്നു.
ലോക അന്തരീക്ഷ പഠനകേന്ദ്രം (ഡബ്ല്യു.എം.ഒ.) തയ്യാറാക്കിയ റിപ്പോർട്ട് അനുസരിച്ച് 2050-ഓടെ ലോകമെമ്പാടും 500 കോടിയിലധികം പേർ ജലക്ഷാമം നേരിടും. 2018-ൽ 360 കോടി പേർക്ക് കുറഞ്ഞത് ഒരു മാസമെങ്കിലും ജലക്ഷാമം അനുഭവിക്കേണ്ടി വന്നു. കഴിഞ്ഞ 20 വർഷത്തിനിടെ ഭൂഗർഭ ജലത്തിന്റെ അളവ് പ്രതിവർഷം ഒരു സെന്റി മീറ്റർ എന്ന തോതിൽ കുറയുന്നുണ്ട്. അന്റാർട്ടിക്കയിലും ഗ്രീൻലൻഡിലുമാണ് ഏറ്റവും കുറയുന്നത്. 2000-ത്തിനുശേഷം ജലവുമായി ബന്ധപ്പെട്ട പ്രകൃതിദുരന്തങ്ങളിൽ 137 ശതമാനത്തിന്റെ വർധനയാണുണ്ടായത്. വരൾച്ചയുടെ എണ്ണത്തിലും കാലയളവിലും 29 ശതമാനത്തിന്റെ വർധനയുണ്ടായി. വെള്ളപ്പൊക്കങ്ങളും അതുകാരണമുണ്ടായ സാമ്പത്തികനഷ്ടവും കൂടുതൽ ഏഷ്യയിലാണ്. വരൾച്ച കാരണമുണ്ടായ മരണങ്ങൾ ഏറ്റവും കൂടുതലുണ്ടായത് ആഫ്രിക്കയിലാണെന്നും കണക്കുകൾ പറയുന്നു.
ഗ്രീൻലൻഡിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴ ചരിത്രത്തിലാദ്യമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഗ്രീൻലൻഡിലുടനീളം 2021 ആഗസ്റ്റ് 14-ന് 700 കോടി ടൺ ജലം മഴയായി പെയ്തിറങ്ങിയെന്ന് കണക്കാക്കുന്നു. 10,551 അടി ഉയരത്തിലുള്ള മഞ്ഞുമലയിൽ ഏതുകാലത്തും തണുത്തുറയുന്ന കാലാവസ്ഥയാണ്. ഒരിക്കലും മഴയ്ക്ക് അനുഗുണമല്ലാത്തത്. ഗ്രീൻലൻഡിന്റെ പല ഭാഗങ്ങളിലും മഞ്ഞുരുക്കം വ്യാപകമായി വരികയാണ്. ഗ്രീൻലൻഡിലെ മഞ്ഞ് മൊത്തം ഉരുകിയാൽ ആഗോള കടൽനിരപ്പ് ആറുമീറ്റർ വരെ ഉയന്നേക്കാമെന്നാണ് പ്രവചനം. സമീപകാലത്ത് ഗ്രീൻലൻഡിൽ മഞ്ഞുരുക്കം ഉയർന്നത് പല പട്ടണങ്ങളെയും ആധിയിലാകിയിരിക്കയാണ്. ഗ്രീൻലൻഡിലെ മഞ്ഞുരുകൽ മൂലം 2100- ആകുമ്പോഴേക്കും സമുദ്രനിരപ്പ് 10 മുതൽ 18 സെന്റിമീറ്റർ വരെ ഉയരും.
ആഗോളതാപനിലയിലുള്ള വർധനവ് നിയന്ത്രിക്കാൻ സ്വാഭാവികമായും കാർഷികമേഖലയിലും മാറ്റം അനിവാര്യമാണ്. ലോകത്തിൽ വെച്ചേറ്റവും പാലുൽപ്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. കാർഷികമേഖലയിൽ നിന്ന് ഗണ്യമായ തോതിൽ കാർബൺ ഡൈഓക്‌സൈഡ്, മീഥേൻ, നൈട്രസ് ഓക്‌സൈഡ് എന്നിവ പുറന്തള്ളപ്പെട്ടുവെന്നതാണ് കണ്ടെത്തൽ. കന്നുകാലികളിൽ നിന്ന് മീഥേനിന്റെ പുറന്തള്ളൽ കുറയ്ക്കാൻ നിരവധി രാജ്യങ്ങൾ പുത്തൻ ഗവേഷണ പദ്ധതികൾ നടപ്പിലാക്കിവരുന്നു. ആഗോളതലത്തിൽ 40-50% വരെ ഭൂവിസ്തൃതി കൃഷിയ്ക്കായി ഉപയോഗിച്ചുവരുന്നു. വികസ്വര രാജ്യങ്ങളിൽ ഈ മേഖലയിൽ 16 ശതമാനത്തിന്റെ വർധനവുണ്ടായിട്ടുണ്ട്.
പരിസ്ഥിതി പ്രവർത്തകരും വലിയ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണ് ലോകമെമ്പാടും. പരിസ്ഥിതി പ്രവർത്തകർക്ക് ഏറ്റവും അപകടകരമായ രാജ്യം കൊളംബിയയാണ്.
ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം കുറയ്ക്കാൻ സുസ്ഥിര സാങ്കേതികവിദ്യയ്ക്കും, ഗവേഷണത്തിനും ഊന്നൽ നൽകേണ്ടതുണ്ട്. കാർഷികമേഖലയിൽ വിളപരിപാലനം, പോഷക പരിചരണം, കാർഷിക അവശിഷ്ടങ്ങളുടെ ഫലപ്രദമായ മാനേജ്‌മെന്റ്, സ്ഥലം, വിള വിനിയോഗത്തിലുള്ള മാറ്റം, മേച്ചിൽപുറങ്ങളുടെ പരിചരണവും ഉപയോഗവും, വിള ജനുസ്സുകളുടെ മാറ്റം എന്നിവ അനുവർത്തിക്കുന്നത് ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കും.
ഉപ്പുവെള്ളമുള്ള സമുദ്രജലവും ശുദ്ധജലവും ഉപയോഗപ്പെടുത്തിയുള്ള നീല ഊർജത്തിന്റെ സാധ്യതകൾ നമ്മൾ പഠിച്ചുവരികയാണ്. ക്ലീൻ എനർജി എന്ന സങ്കൽപം വളരെ ശ്രദ്ധ നേടുന്നു. പ്രകൃതിദത്തമായി ഉപ്പുവെള്ളമുള്ള സമുദ്രജലവും ശുദ്ധജലവും രണ്ടും കലർന്ന നദീതീരങ്ങളുമാണ് ഇതിന്റെ ഉല്പാദനത്തിന് അനുയോജ്യം. റിവേഴ്സ് ഇലക്ട്രോ ഡയാലിസിസ് (RED) വിപ്ലവകരമായ സാങ്കേതികവിദ്യയാണ്. ഉപ്പുവെള്ളത്തിൽ പോസിറ്റീവും നെഗറ്റീവും ആയ അയോണുകൾ അടങ്ങിയിരിക്കുന്നു; ശുദ്ധജലത്തിൽ ഈ രണ്ട് അയോണുകളും ഉണ്ട്, പക്ഷേ കുറഞ്ഞ സാന്ദ്രതയിൽ. ഊർജത്തിന്റെ ഏറ്റവും ശുദ്ധമായ രൂപമാണിത്, അത് മലിനീകരണമോ ഉദ്‌വമനമോ ഉണ്ടാക്കുകയോ വളരെ നിശബ്ദമായിരിക്കുകയോ ചെയ്യുന്നു. Blue energy എന്ന പ്രതിഭാസം ക്ലീൻ എനർജിക്ക് മികച്ച ഉദാഹരണവുമാണ്.
ഈ പ്രതിസന്ധികൾക്കിടെ, പരിസ്ഥിതി പ്രവർത്തകരും വലിയ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണ് ലോകമെമ്പാടും. പരിസ്ഥിതി പ്രവർത്തകർക്ക് ഏറ്റവും അപകടകരമായ രാജ്യം കൊളംബിയയാണ്. 2020-ൽ 65 പരിസ്ഥിതിപ്രവർത്തകർ കൊളംബിയയിൽ കൊല്ലപ്പെട്ടു.
ആഗോളതാപനവും അതുമൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനവും നിയന്ത്രിക്കാൻ മനുഷ്യർ വിചാരിച്ചാൽ കഴിയുകതന്നെ ചെയ്യും. നവംബറിൽ ബ്രിട്ടനിലെ ഗ്ലാസ്ഗോയിൽ ചേരുന്ന കാലാവസ്ഥാ ഉച്ചകോടിയിൽ അതിനാവശ്യമായ പുതിയ മാർഗനിർദേശങ്ങൾ ഉരുത്തിരിഞ്ഞുവരുമെന്ന പ്രതീക്ഷയിലാണ് ലോകം. ഏതായാലും ഒന്നുറപ്പ്, കോവിഡ് മഹാമാരിയെക്കാളും ലോകയുദ്ധങ്ങളെക്കാളും എത്രയോ മടങ്ങ് മാരകമായ ദുരന്തമാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ രൂപത്തിൽ മനുഷ്യരെ കാത്തിരിക്കുന്നത് എന്നറിയുമ്പോൾ മുൻകരുതൽ അനിവാര്യമാകുന്നു. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.