Photo : Read Once, Unsplash.com

ഞങ്ങൾക്കും അവർ കളിച്ച

​കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനുള്ള ‘രാഷ്ട്രീയ ഓക്‌സിജൻ' തീരെ ഇല്ലാതായിരിക്കുന്നു എന്ന് പ്രസിദ്ധ മാഗസിൻ ന്യൂ സയന്റിസ്റ്റ് പ്രഖ്യാപിച്ചു കഴിഞ്ഞു.

കളികൾക്കുള്ള സമയമായിരിക്കുന്നു

രിണാമത്തിന്റെ വഴികളിൽനിന്ന് മാറിനടന്നവരാണ് മനുഷ്യർ. പലപ്പോഴും പരിണാമത്തെ വെല്ലുവിളിയ്ക്കുകയോ ഒഴിവാക്കാൻ ശ്രമിയ്ക്കുകയോ ചെയ്യുന്നുണ്ട് ഇന്നും. സങ്കീർണ്ണമായ ഒരു മസ്തിഷ്‌ക്കം പരിണാമം വെച്ചുകൊടുത്തപ്പോൾ അതുപയോഗിച്ച് സാങ്കേതികത ആവിഷ്‌ക്കരിച്ച് യന്ത്രങ്ങൾ നിർമ്മിച്ചെടുത്ത് അവയെക്കൊണ്ട് അതിജീവനം സാദ്ധ്യമാക്കിക്കുക എന്നതു തന്നെ ഉദാഹരണം. തീ സ്വയം നിർമ്മിച്ചെടുക്കാൻ പ്രാപ്തമായത്, ചക്രം എന്ന ആവിഷ്‌ക്കാരം എന്നതൊക്കെ പരിണാമത്തെ എങ്ങനെ മാറ്റിമറിച്ചു എന്നത് നിത്യോദഹരണങ്ങളുമാണ്. ഇന്ന് ഈ സാങ്കേതികയിലുള്ള പുരോഗതി മനുഷ്യനെ മാത്രമല്ല തിരിച്ചടിക്കുന്നത്, ലോകത്തെ സമസ്ത ജീവജാലങ്ങളേയുമാണ്. ആന്ത്രോപോസീൻ യുഗം കഴിഞ്ഞിരിക്കുന്നു, മനുഷ്യനെ ഒരു സ്പീഷീസ് മാത്രമായിക്കരുതിയാൽ മതി എന്ന പോസ്റ്റ് ഹ്യൂമനിസം ചിന്താഗതി വേരുറപ്പിച്ചും കഴിഞ്ഞു. പക്ഷേ അടങ്ങാത്ത ആസക്തികൾ -ഭക്ഷണം ഉൾപ്പെടെ- കൊടും നാശത്തിലേക്ക് ജീവലോകത്തെ നയിച്ചും തുടങ്ങിയിരിക്കിരിക്കുന്നു എന്നത് തിരിച്ചറിയാൻ വൈകി, അത്യുഗ്രൻ ചൂടും വരൾച്ചയും പലേ ഭാഗങ്ങളിൽ അനുഭവപ്പെട്ടും കഴിഞ്ഞു. ഗ്ലേസിയറുകൾ ഉരുകുന്നു, പലതരം ചിത്രശലഭങ്ങൾ ഇല്ലാതാകുന്നു, സമുദ്രങ്ങളിൽ അമ്ലാംശം കൂടുന്നു-പ്രകൃതിനാശങ്ങൾ വിപുലമാണ്.

Vinh Nguyen, Unsplash
Vinh Nguyen, Unsplash

ആറാമത്തെ വംശനാശം (The Sixth Extinction)

മനുഷ്യൻ എന്നും പ്രകൃതിയോടിണങ്ങി ജീവിച്ചു എന്നതും വലിയ തെറ്റിദ്ധാരണയാണ്. പല ജീവികളുടെ വംശനാശത്തിന് ചരിത്രാതീതകാലങ്ങളിൽത്തന്നെ മനുഷ്യൻ വഴിവെച്ചിട്ടുണ്ട്. വൻ വലിപ്പമുള്ള മാമതുകൾ, കരടികൾ (സ്‌ളോത്) ഇവയൊക്കെ മനുഷ്യൻ ഇല്ലാതാക്കിവയാണത്രെ. പ്രത്യേകിച്ചും ആസ്ട്രേലിയയിലെ വൻ സസ്തനികളുടെ വംശനാശത്തിനു വഴി വെച്ചത് മനുഷ്യർ തന്നെ എന്നതിനു തെളിവുകൾ ലഭിച്ചിട്ടുണ്ട്. കടുത്ത വേനലുകളും വറുതികളും മില്ല്യണുകൾ കൊല്ലങ്ങളോളം അതിജീവിച്ചിട്ടുള്ള ഇവർ മനുഷ്യന്റെ വരവോടെ ഇല്ലാതായത് കാലാവസ്ഥവ്യതിയാനം കൊണ്ടല്ല. അവസാനത്തെ ഐസ്​ ഏജിനു മദ്ധ്യേ വൻ തുടച്ചുനീക്കലിനു പ്രാരംഭം കുറിച്ചു മനുഷ്യർ. മറ്റൊരു തരംഗം 25,000 കൊല്ലത്തിനു മുൻപ് വടക്കും തെക്കും അമേരിക്കകളിലെ വൻ സസ്തനികളെ ഇല്ലാതാക്കി.

ഓരോ സ്പീഷീസ് ഇല്ലാതാകുമ്പോഴും പാരിസ്ഥിതിക തുടർഗമനങ്ങൾ സംഭവിക്കുകയാണ്, ആവാസവ്യവസ്ഥ ആകെ തകിടം മറിയുകയാണ്.

മഡഗാസ്‌കറിലെ ഭീമൻ ലെമുറുകൾ, പിഗ്മി ഹിപ്പോകൾ, വൻ പക്ഷികൾ (ആനപ്പക്ഷികൾ) മദ്ധ്യകാലം വരെ ജീവിച്ചിരുന്നവയാണ്. ന്യൂസിലാന്റിലെ മോവകൾ (moa) നവോത്ഥാനകാലഘട്ടം വരെ ജീവിച്ചിരുന്നു. മനുഷ്യൻ ജനപദങ്ങളും നഗരങ്ങളും നിർമ്മിച്ചു, അണകൾ കെട്ടി. കാടുകൾ വെളിമ്പറമ്പുകളാക്കി, അങ്ങനെ തദ് ഭൂമിവാസികളായ ജന്തുജാലങ്ങളുടെ അതിജീവനത്തിനു വേണ്ടിയുള്ള സ്വര്യവിഹാരം തടസപ്പെടുത്തി. എലിസബെത് കോൽബെർട് അവരുടെ പ്രസിദ്ധ പുസ്തക (The Sixth Extinction) ത്തിൽ ഇത് കൃത്യമായി വിശദീകരിച്ചിട്ടുണ്ട്. അങ്ങനെ അഞ്ച് ചരിത്രപ്രസിദ്ധമായ വംശനാശങ്ങൾക്കുശേഷം ആറാമത്തെ വംശനാശമാണത്രേ മനുഷ്യർ നടപ്പാക്കിയത്, നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. മറ്റൊരു സ്പീഷീസ് ആയ നിയാൻഡെർതാൽ മനുഷ്യരുടെ വംശനാശത്തിനും നമ്മൾ കാരണക്കാരായിട്ടുണ്ട്. ഓരോ സ്പീഷീസ് ഇല്ലാതാകുമ്പോഴും പാരിസ്ഥിതിക തുടർഗമനങ്ങൾ (environmental cascades) സംഭവിക്കുകയാണ്, ആവാസവ്യവസ്ഥ ആകെ തകിടം മറിയുകയാണ്.

പഠന സിലബസിൽ ഉൾപ്പെട്ടിട്ടുള്ള  എലിസബത്ത് കോൾബർട്ടിൻറെ 'ദി സിക്‌സ്ത് എക്സ്റ്റിംക്ഷൻ'  എന്ന പുസ്തകം പഠിക്കുന്നതിൻറെ ഭാഗമായി ബെനെസ്കി മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററി സന്ദർശിക്കുന്ന യു എസിലെ ലോങ്ങ്‌സ്‌ജോ മിഡിൽ സ്‌കൂളിലെ സെവൻത് ഗ്രേഡ് വിദ്യാർഥികൾ. / Photo : @FitchburgPS, Twitter
പഠന സിലബസിൽ ഉൾപ്പെട്ടിട്ടുള്ള എലിസബത്ത് കോൾബർട്ടിൻറെ 'ദി സിക്‌സ്ത് എക്സ്റ്റിംക്ഷൻ' എന്ന പുസ്തകം പഠിക്കുന്നതിൻറെ ഭാഗമായി ബെനെസ്കി മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററി സന്ദർശിക്കുന്ന യു എസിലെ ലോങ്ങ്‌സ്‌ജോ മിഡിൽ സ്‌കൂളിലെ സെവൻത് ഗ്രേഡ് വിദ്യാർഥികൾ. / Photo : @FitchburgPS, Twitter

വംശനാശം സംഭവിച്ച ജന്തുക്കളുടെ മൃതദേഹങ്ങൾക്കിങ്ങേ അറ്റം നിന്ന് ഇന്ന് അടുത്ത ഫോസിൽ ആകാൻ തയാറാകുകയാണ് മനുഷ്യൻ. ആറാമത്തെ വംശനാശം അവർ സൃഷ്ടിയ്ക്കുന്നു, അവരേയും കൊണ്ടുപോകുന്നു എന്ന സ്ഥിതിവിശേഷം. പരിണാമത്തെ വെട്ടിച്ച് കടക്കുന്നവരാണെങ്കിലും ഭൂമിയുടെ ജൈവപരമായതും ജിയോകെമിക്കൽ ആയതുമായ വ്യവസ്ഥകളെ ആശ്രയിച്ചാണ് അവരുടെ അതിജീവനം. അന്തരീക്ഷ ചേരുവകളെ മാറ്റിമറിച്ചും സമുദ്രങ്ങളെ അമ്‌ളപൂരിതമാക്കിയും മഴക്കാടുകളെ വെട്ടിനശിപ്പിച്ചും സ്വന്തം അതിജീവനം അപകടകരമാക്കിയിരിക്കുന്നു അവർ. ഒരേ സമയം വേട്ടക്കാരും ഇരയും ആകുകയാണവർ. ഇരിയ്ക്കുന്ന കൊമ്പ് മുറിയ്ക്കുന്നവർ.

‘പാരിസ് തീരുമാനം’, ശരാശരി താപമാനത്തിലുള്ള വർദ്ധനവ് 2 °C നും താഴെയായി നിലനിറുത്താനാണ്. എന്നാലും 21-ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ 51 ശതമാനത്തോളം ഭൂമിയുടെ ഉപരിതലത്തിൽ ഏകദേശം 3°C താപവർദ്ധന ഉണ്ടായേക്കും എന്ന്​ കണക്ക്​ സൂചിപ്പിയ്ക്കുന്നു.

എന്നാൽ, കാലാവസ്ഥാവ്യതിയാനത്തെ സാങ്കേതികതാഭ്യാസങ്ങൾ കൊണ്ട് മനുഷ്യർ നേരിടും എന്ന് ചിലർ വാദിയ്ക്കുന്നുണ്ട്. അതിചാതുര്യം കൊണ്ട് സംഭവിപ്പിച്ച അത്യാപത്തുകളെ അതേ അതിചാതുര്യം കൊണ്ട് നേരിടുക എന്നതാണിത്. ആഗോളതാപനത്തിന്റെ കെടുതികളെ അന്തരീക്ഷമാറ്റങ്ങൾ കൊണ്ട് വ്യതിചലിപ്പിക്കുക എന്ന വിദ്യ. മേഘങ്ങൾക്കും മുകളിൽ സൾഫേറ്റ് വിതറി സൂര്യതാപരശ്മികളെ തിരിച്ചയക്കുക, പസഫിക് സമുദ്രത്തിനു മുകളിൽ ജലബിന്ദുക്കൾ പ്രസരിപ്പിച്ച് മഴമേഘങ്ങളെ ത്വരിതപ്പെടുത്തുക, ഇങ്ങനെ പോകുന്നു സാങ്കേതികവിദ്യാമോഹങ്ങൾ. അന്യഗ്രഹങ്ങളിൽ, സ്‌പെയ്‌സ് സ്റ്റേഷനുകളിൽ കുടിയേറി വംശം നിലനിർത്തുമത്രെ. പക്ഷേ അതിസമ്പത്തിന്റെ ചാരുകസേരയിന്മേൽ സുഖശയനം സാധിയ്ക്കുന്ന രാജ്യങ്ങൾക്ക് മാത്രമുള്ളതാണിത്.

അന്യഗ്രഹങ്ങളിൽ, സ്‌പെയ്‌സ് സ്റ്റേഷനുകളിൽ കുടിയേറി വംശം നിലനിർത്തുമത്രെ!. / Photo : Wikimedia Commons
അന്യഗ്രഹങ്ങളിൽ, സ്‌പെയ്‌സ് സ്റ്റേഷനുകളിൽ കുടിയേറി വംശം നിലനിർത്തുമത്രെ!. / Photo : Wikimedia Commons

പക്ഷേ മരങ്ങൾ വെട്ടിക്കളയുന്നതും കാട്ടിലെ മണ്ണ് മാന്തിപ്പൊളിയ്ക്കുന്നതും കാർബൺ ഡയോക്‌സൈഡിന്റെ അളവ് കൂട്ടുകയാണ്. കന്നുകാലികൾ മിതെയ്ൻ ഗ്യാസ് പുറപ്പെടുവിക്കുന്നത് വേറെ. വരൾച്ചയും ചൂടും കാട്ടുതീകളും 17 മില്ല്യണോളം ജന്തുകളെ ഇല്ലാതാക്കിയിട്ടുണ്ട്. ഡൽഹിയിൽ ചൂട് 44 ഡിഗ്രി സെൽഷ്യസ്, ഇംഗ്‌ളണ്ടിൽ 41 ഡിഗ്രി ഇങ്ങനെ പോകുന്നു ദുസ്സഹജീവിതത്തിന്റെ മാനങ്ങൾ. ‘പാരിസ് തീരുമാനം’ ശരാശരി താപമാനത്തിലുള്ള വർദ്ധനവ് 2 °C നും താഴെയായി നിലനിറുത്താനാണ്. എന്നാലും 21-ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ 51 ശതമാനത്തോളം ഭൂമിയുടെ ഉപരിതലത്തിൽ ഏകദേശം 3°C താപവർദ്ധന ഉണ്ടായേക്കും എന്ന്​ കണക്ക്​ സൂചിപ്പിയ്ക്കുന്നു.

ഈ നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ഏകദേശം 30% സസ്യജന്തുജാലങ്ങൾ വംശനാശം വന്ന് അപ്രത്യക്ഷമായേക്കും എന്നാണ് കണക്കുകൂട്ടൽ.

അസന്തുലിതമായ അതിജീവനം

കാലാവസ്ഥയിലുള്ള വ്യതിയാനം ഏറ്റവും കൂടുതൽ ബാധിയ്ക്കുന്നത് പാവപ്പെട്ടവരെ ആണ്. പ്രത്യേകിച്ചും അവികസിതരാജ്യങ്ങളിലെ. അതേസമയം നമ്മളേക്കാൾ ലോലചേതനയുള്ള സസ്യജന്തുജാലങ്ങളേയും. മാറുന്ന പരിസ്ഥിതിയുമായി പെട്ടെന്ന് പൊരുത്തപ്പെടാൻ കഴിയാത്തവരാണ് ഈ രണ്ട് കൂട്ടരും. വികസിതരാജ്യങ്ങളിലെ അനിയന്ത്രിതമായ ഗ്രീൻ ഹൗസ് വാതക പ്രസരണം ഇപ്രകാരം അവരുടെ അടുത്തെങ്ങുമില്ലാത്ത പാവം രാജ്യങ്ങളെ കുട്ടിച്ചോറാക്കുകയാണ്. അവരുടെ കൃഷിയെ ബാധിച്ച് ക്ഷാമത്തിലേക്ക് നയിയ്ക്കുന്നു എന്നുമാത്രമല്ല, ഉഗ്രതരമായ താപതരംഗങ്ങളാലും വെള്ളപ്പൊക്കങ്ങളോ വരൾച്ചകളോ കാരണത്താലും മഹാമാരികളും മരണങ്ങളും അവരാണ് അനുഭവിക്കേണ്ടി വരുന്നത്. ഈ നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ഏകദേശം 30% സസ്യജന്തുജാലങ്ങൾ വംശനാശം വന്ന് അപ്രത്യക്ഷമായേക്കും എന്നാണ് കണക്കുകൂട്ടൽ.

വിഭവങ്ങളുടെ വിനിയോഗരീതികളും സാമ്പത്തികശ്രേണീ ബദ്ധമായി തരംതിരിവുകൾ സൃഷ്ടിയ്ക്കുന്നുണ്ട്. അനിയന്ത്രിതമായ ചൂടിൽ നിന്ന് രക്ഷ നേടാൻ ശീതീകരണികൾ ലഭ്യമാകുന്നത് മേലേക്കിടയിൽ ഉള്ളവർക്ക് തന്നെ. പ്രകൃതിക്ഷോഭങ്ങളിൽ നിന്ന് രക്ഷപെടാനോ കര കയറാനോ എളുപ്പം സാധിയ്ക്കുന്നതും അവർക്കാണ്. ഒരു രാജ്യത്തിന്റെ സാമ്പത്തികനിലയാണ് ആഗോളതാപനത്തിന്റെ കെടുതികൾ രൂക്ഷതരമോ എന്ന് തീരുമാനിക്കുന്നതെന്ന് ചുരുക്കം. ഈ വ്യത്യാസം ഇനിയുള്ള കാലങ്ങളിൽ കൂടുതൽ വിസ്തൃതമാകാനാണ് സകല സാദ്ധ്യതകളും എന്ന് അനുമാനിയ്ക്കാൻ അതിബുദ്ധി ഒന്നും വേണ്ട.

കാലാവസ്ഥയിലുള്ള വ്യതിയാനം ഏറ്റവും കൂടുതൽ ബാധിയ്ക്കുന്നത് പാവപ്പെട്ടവരെ ആണ്.  പ്രത്യേകിച്ചും അവികസിതരാജ്യങ്ങളിലെ. / Photo : World Economic Forum
കാലാവസ്ഥയിലുള്ള വ്യതിയാനം ഏറ്റവും കൂടുതൽ ബാധിയ്ക്കുന്നത് പാവപ്പെട്ടവരെ ആണ്. പ്രത്യേകിച്ചും അവികസിതരാജ്യങ്ങളിലെ. / Photo : World Economic Forum

കൂടുതൽ ബീഫ് തിന്നാൻ ?

വൈദ്യുതി അതിപുരോഗമനം സംഭാവനചെയ്തു മനുഷ്യകുലത്തിന്. പക്ഷേ കൽക്കരി കത്തിച്ചു ധാരാളം നമ്മൾ അതിനു വേണ്ടി, ഇന്നും കത്തിച്ചുകൊണ്ടിരിക്കുന്നു. ഫോസിൽ ഇന്ധനങ്ങളെ ആധാരമാക്കി മോടൊറുകൾ പ്രവർത്തിപ്പിച്ച് പലതും നേടി. പക്ഷേ കാർബൺ ഡയോക്‌സൈഡും (മോണോക്‌സൈഡും) കണക്കില്ലാതെ അന്തരീക്ഷത്തിലേക്ക് തുറന്നു വിട്ടു, ഇന്നും ചെയ്തുകൊണ്ടിരിക്കുന്നു. മിതെയ്ൻ വായുവിൽ കൂടുതൽ കലർത്തി. ഗ്രീൻ ഹൗസ് വാതകങ്ങളിൽ 16-20 % മിതെയ്ൻ ആണ്. കാർബൺ ഡയോക്‌സൈഡിനെക്കാൾ പലേ മടങ്ങാണ് മിതെയ്ൻ ചൂട് പിടിച്ചുവെയ്ക്കുന്നത്. പകുതിയിലധികം മിതെയ്ൻ ബഹിർഗ്ഗമനം സംഭവിക്കുന്നത് മനുഷ്യന്റെ ചെയ്തികൾ കാരണത്താൽത്തന്നെയാണ്. റിഫൈനറികളിൽ നിന്ന് ചോരുന്നവ, കൽക്കരി ഖനികളിൽ നിന്ന്, നിലം ഉഴുതുമറിയ്ക്കുമ്പോൾ, വളങ്ങൾ ഉപയോഗിക്കുമ്പോൾ ഇങ്ങനെയൊക്കെ. പശുക്കൾ നല്ല തോതിൽ മിതെയ്ൻ പുറപ്പെടുവിക്കുന്നുണ്ട് എന്നത് സുവിദിതമാണ് ചാണകവും. 5 പശുക്കളെക്കൊണ്ട് ഒരു വീടിന് ഒരു കൊല്ലത്തേയ്ക്കുള്ള ഊർജ്ജം ഉത്പാദിപ്പിക്കാമത്രെ.

പാലിനേക്കാൾ  ബീഫിനോടാണ്  മനുഷ്യന് ആസക്തി.  കൂടുതൽ ബീഫ് -- കൂടുതൽ  പശുക്കൾ --കൂടുതൽ മീതെയ്ൻ ഇങ്ങനെയാണ് അന്തരീക്ഷമാറ്റകാരണങ്ങൾ പ്രവർത്തിക്കുന്നത്. ഗ്രീൻ ഹൗസ് വാതകങ്ങളിൽ 16-20 % മിതെയ്ൻ ആണ്. കാർബൺ ഡയോക്സൈഡിനെക്കാൾ പലേ മടങ്ങാണ് മിതെയ്ൻ ചൂട് പിടിച്ചുവെയ്ക്കുന്നത്. / Photo :  Jo-Anne McArthur, Unsplash.com
പാലിനേക്കാൾ ബീഫിനോടാണ് മനുഷ്യന് ആസക്തി. കൂടുതൽ ബീഫ് -- കൂടുതൽ പശുക്കൾ --കൂടുതൽ മീതെയ്ൻ ഇങ്ങനെയാണ് അന്തരീക്ഷമാറ്റകാരണങ്ങൾ പ്രവർത്തിക്കുന്നത്. ഗ്രീൻ ഹൗസ് വാതകങ്ങളിൽ 16-20 % മിതെയ്ൻ ആണ്. കാർബൺ ഡയോക്സൈഡിനെക്കാൾ പലേ മടങ്ങാണ് മിതെയ്ൻ ചൂട് പിടിച്ചുവെയ്ക്കുന്നത്. / Photo : Jo-Anne McArthur, Unsplash.com

പാലിനേക്കാൾ ബീഫിനോടാണ് മനുഷ്യന് ആസക്തി. കൂടുതൽ ബീഫ് ? കൂടുതൽ പശുക്കൾ ? കൂടുതൽ മീതെയ്ൻ... ഇങ്ങനെയാണ് അന്തരീക്ഷമാറ്റകാരണങ്ങൾ പ്രവർത്തിക്കുന്നത്. പശുക്കളുടെ കുടലിലെ ബാക്റ്റീരിയകൾ പുല്ലും ഇലകളും ദഹിപ്പിക്കുമ്പോൾ സംജാതമാക്കുന്നതാണ് മിതെയ്ൻ വാതകം. സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടതോടെ ആഗോളപരമായി ബീഫ് തീറ്റ കൂടിയിട്ടുണ്ട്. ആഹാരസമ്പാദനത്തിനു വേണ്ടിയാണ് നമ്മൾ ഗ്രീൻ ഹൗസ് വാതകങ്ങൾ കൂടുതൽ ബഹിർഗ്ഗമിപ്പിക്കുന്നതെന്നത് തമാശയായിത്തോന്നാം. ആകപ്പാടെയുള്ള കാലാവസ്ഥാവ്യതിയാനപ്രശ്‌നത്തിന്റെ നാലിലൊന്ന് കൃഷിയും കന്നുകാലിവളർത്തലും മൂലമുള്ളതു തന്നെ. ഇത് ഗണ്യമായി വർദ്ധിക്കാനാണ് സാധ്യത, കാരണം ലോകത്ത് ബില്ല്യൺ കണക്കിനു ആൾക്കാരാണ് പണക്കാരായി മാറിയിരിക്കുന്നത്, അവർക്ക് കൂടുതൽ ബീഫ് തിന്നാൻ ആശയുമുണ്ട്. 2050 ഇലെ ആഗോളതാപനത്തിനു കടിഞ്ഞാണിട്ട സങ്കൽപ്പലോകത്തെക്കുറിച്ചുള്ള ഒരു ആവിഷ്‌ക്കാരസംഭാഷണത്തിൽ അമേരിക്കക്കാർ ബീഫ് തിന്നുന്നത് വളരെക്കുറച്ചു എന്ന് വ്യക്തമായി കുറിച്ചിട്ടുണ്ട്. പലേ വൻ കാലിത്തൊഴുത്തുകളും ഗ്രീൻ ഹൗസ് വാതകങ്ങൾ മിതപ്പെടുത്താൻ യത്‌നിക്കുന്നുണ്ട്.

ഇന്ന് ചൈനയും അമേരിക്കയും ആണ് പ്രകൃതിനാശക വാതകങ്ങൾ കൂടുതൽ പുറന്തള്ളുന്നത്. തൊട്ടുതാഴെ ഇന്ത്യയുമുണ്ട്. പക്ഷേ ഇത് ധാരാളമാണ് ലോകം മുഴുവൻ താപനില ഉയർത്താൻ.

എത്രമാത്രം ആഗോളപരം?

How global is global? എന്ന ചോദ്യം ഇന്ന് വളരെ സംഗതമാണ്. ഭൂമിയുടെ വെറും 8% ഉപരിതല വിസ്തീർണ്ണത്തിൽ നിന്നും മാത്രം ആണ് 90% ഹരിതവാടി വാതകങ്ങൾ (green house gases) ഉളവാക്കുന്നത്. ലോകത്തിലെ രണ്ടോ മൂന്നോ രാജ്യങ്ങൾ മാത്രമാണ് ഭൂരിഭാഗം കാർബൺ വമിപ്പിക്കുന്നതും മലിനീകരണത്തിനു കാരണമേറ്റുന്നതും. ഇന്ന് ചൈനയും അമേരിക്കയും ആണ് പ്രകൃതിനാശക വാതകങ്ങൾ കൂടുതൽ പുറന്തള്ളുന്നത്. തൊട്ടുതാഴെ ഇന്ത്യയുമുണ്ട്. പക്ഷേ ഇത് ധാരാളമാണ് ലോകം മുഴുവൻ താപനില ഉയർത്താൻ. ആന്ത്രോപോജെനിക് ആയ ഈ വാതക വമിയ്ക്കൽ കൂടുതൽ മനുഷ്യവാസമുള്ളിടത്ത് കേന്ദ്രീകരിച്ചാണ്. മിക്കവാറും ഭൂമിയുടെ വടക്കെ അർദ്ധഗോളത്തിൽ. ഇതാണ് ലോകം മുഴുവൻ താപനില മാറ്റുന്നത്. പോളാർ ആർടിക്ക് ഭാഗത്ത് ഈ ചൂടാകൽ തീവ്രതരവുമാണ്. വാതകനിർഗ്ഗമനം കേന്ദ്രീകൃതമാണ് പക്ഷേ താപനിലയിലുള്ള മാറ്റം സർവ്വപ്രചാരിതവുമാണ്. ഭൂമിശാസ്ത്രപരമായി വൻ അസമ്മിതി (asymmetry ) യാണുള്ളത് എന്നതാണ് ശ്രദ്ധേയം. (ചിത്രം 1 ).

ചിത്രം 1. കേന്ദ്രീകൃതമായ ഇടങ്ങളിൽ ബഹിർഗ്ഗമിക്കുന്ന  ഗ്രീൻ ഹൗസ് വാതകങ്ങൾ (ചുവപ്പു നിറത്തിൽ)  ലോകത്താകമാനം  (താഴത്തെ ചിത്രം) താപനില മാറ്റിയെടുക്കുന്നു.
ചിത്രം 1. കേന്ദ്രീകൃതമായ ഇടങ്ങളിൽ ബഹിർഗ്ഗമിക്കുന്ന ഗ്രീൻ ഹൗസ് വാതകങ്ങൾ (ചുവപ്പു നിറത്തിൽ) ലോകത്താകമാനം (താഴത്തെ ചിത്രം) താപനില മാറ്റിയെടുക്കുന്നു.

ഒരു ചെറിയ ഇടത്തിലെ രാഷ്ട്രീയ/സാമൂഹ്യനിലപാടുകൾ ആഗോളപരമായി വ്യാപിക്കുകയും ഗണ്യമായി സ്വാധീനിക്കുകയും ചെയ്യുന്ന മറ്റൊരു പ്രതിഭാസം ഇന്ന് ഇല്ല തന്നെ. വാതകപ്രസരണവും കാലാവസ്ഥാവ്യതിയാനവും തമ്മിലുള്ള ബന്ധം എകതാനമായി രേഖീയ (nonlinear) മല്ലെന്നുള്ളത് സങ്കീർണ്ണമാക്കുന്നുണ്ട്. വാതകങ്ങളുടെ ചേരുവ, എവിടെ, എങ്ങനെ, എന്ന്, എങ്ങോട്ട് എന്നതൊക്കെ താപനിലയിലുള്ള മാറ്റങ്ങളെ സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ട് ഒരു ചെറിയ സംസ്ഥാനത്തിന്റേയോ നഗരത്തിന്റേയോ തീരുമാനങ്ങൾ ആഗോളവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് വഴിവെച്ചേയ്ക്കാം. അതുകൊണ്ട് തന്നെ ശാന്തസമുദ്രത്തിന്റെ ഉപരിതലത്തിൽ വന്ന് ഭവിക്കുന്ന എൽ നിനൊ എന്ന താപവ്യത്യാസപ്രതിഭാസം പലേ ഭൂഖണ്ഡങ്ങളിലേയും ആവാസവ്യവസ്ഥയെ സ്വാധീനിക്കുന്നതാണ്. ഒരു ‘പൂമ്പാറ്റ പ്രഭാവം' (butterfly effect) പോലെ നിസ്സാരമോ അത്യന്തസൂക്ഷ്മമോ ആയ ആകസ്മികവ്യതിക്രമം ( random perturbation) ഒരേ അവസ്ഥയിൽ സംഭവിച്ചാൽ എൽനിനൊയുടെ പ്രതികരണങ്ങളോ പ്രത്യാഘാതങ്ങളോ വ്യത്യസ്തമായിരിക്കാറുണ്ട്, ഇത് ഗ്രീൻഹൗസ്​ ഇഫക്​റ്റിനെ വളരെ വർഷങ്ങൾക്കു ശേഷം ബാധിച്ചേക്കാവുന്നതുമാണ്.

ഒരേ ഗ്രീൻ ഹൗസ് വാതകപ്രഭാവം അമേരിക്കയുടെ തെക്കുപടിഞ്ഞാറും മെക്‌സിക്കോയുടെ വടക്കുഭാഗത്തും കരീബിയൻ സ്ഥലങ്ങളിലും വരൾച്ചയുണ്ടാക്കുമ്പോൾ വടക്കെ അമേരിക്കയിലും വടക്കൻ യൂറേഷ്യയിലും ഈർപ്പം നിറയാനോ മഴയ്‌ക്കോ സാദ്ധ്യതയുണ്ടാക്കുന്നു.

ഇപ്പോഴുള്ള ആഗോളതാപനം പണ്ട് ഉളവായ കാരണങ്ങൾ കൊണ്ടാവാം. അതുകൊണ്ടു തന്നെ ഒരിടത്തെ കാർബൺ ഡയോക്‌സൈഡ് പ്രസാരണം പല ഇടങ്ങളിൽ പല രീതിയിൽ പ്രത്യാഘാതങ്ങൾ ഉണർത്തിയേക്കാം. ഒരേ ഗ്രീൻ ഹൗസ് വാതകപ്രഭാവം അമേരിക്കയുടെ തെക്കുപടിഞ്ഞാറും മെക്‌സിക്കോയുടെ വടക്കുഭാഗത്തും കരീബിയൻ സ്ഥലങ്ങളിലും വരൾച്ചയുണ്ടാക്കുമ്പോൾ വടക്കെ അമേരിക്കയിലും വടക്കൻ യൂറേഷ്യയിലും ഈർപ്പം നിറയാനോ മഴയ്‌ക്കോ സാദ്ധ്യതയുണ്ടാക്കുന്നു. ആൻഡിസ് /ഹിമാലയ പർവ്വതനിരകളിലെ ഹിമക്കട്ടകൾ ഉരുകിയൊഴുകി വെള്ളപ്പൊക്കം ഉണ്ടായെങ്കിൽ അതിനുശേഷം വരൾച്ചയാണ് സംഭവിക്കുന്നത്. ഗ്‌ളേസിയറുകൾ ഉരുകിയൊഴുകുമ്പോൾ ഹിമക്കട്ടകൾ നദീതീരങ്ങളിൽ പ്രത്യേകിച്ചും താഴ്ന്ന പ്രദേശങ്ങളിൽ ജനജീവിതം അസാദ്ധ്യമാക്കിത്തീർക്കും. കടലിലെ ജലനിരപ്പ് ഉയരുന്നു, തീരങ്ങൾ മുങ്ങിപ്പോകുന്നു. താപനിലയിലുള്ള മാറ്റങ്ങൾ കോറൽ പുറ്റുകളെ ഇല്ലാതാക്കുന്നു.
രാഷ്ട്രീയം തീരുമാനിക്കുന്നു- ഫോസിൽ ഇന്ധനങ്ങൾ എത്രനാൾ കത്തിയ്ക്കണം?

ഒരു വർഷം 2.8 മില്ല്യൺ ടൺ കൽക്കരിയാണ് കുംബ്രിയ ഖനി ഉത്പാദിപ്പിക്കാൻ പോകുന്നത്. / Photo : representational image, Angela, Pixabay.com
ഒരു വർഷം 2.8 മില്ല്യൺ ടൺ കൽക്കരിയാണ് കുംബ്രിയ ഖനി ഉത്പാദിപ്പിക്കാൻ പോകുന്നത്. / Photo : representational image, Angela, Pixabay.com

രാജ്യങ്ങളുടെ ബന്ധങ്ങളിൽ പാളിച്ച വന്നാൽ ഇളകിപ്പോകുന്നതാണ് ഇന്നത്തെ നിശ്ചയദാർഢ്യങ്ങൾ. ഉക്രെയ്ൻ ആക്രമണത്തിനു ശേഷം റഷ്യ natural gas പൈപ് ലൈനുകൾ നിയന്ത്രണത്തിലാക്കി, ഫിൻലാന്റിനു ഊർജ്ജം നൽകുന്നതേ ഇല്ല എന്ന തീരുമാനവും എടുത്തു. പലേ യൂറോപ്യൻ രാജ്യങ്ങളും പാരിസ് എഗ്രിമെന്റിൽ വെള്ളം ചേർക്കാൻ നിർബ്ബന്ധിതരായി. ജർമനി കൽക്കരി കത്തിയ്ക്കുന്നത് വളരെക്കുറച്ചുമതി എന്ന തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോയി, ഇനി വരുന്ന തണുപ്പുകാലത്തിനു വേണ്ടി ഊർജ്ജം സംഭരിക്കേണ്ടിയിരിക്കുന്നു എന്ന കാരണത്താൽ. ഓസ്ട്രിയ ആകട്ടെ അടച്ചുപൂട്ടപ്പെട്ട കൽക്കരി ഖനികൾ തുറന്നിരിക്കയാണ്. ഇതേ തീരുമാനത്തിലാണ് ഫ്രാൻസും. കൽക്കരി ഉപയോഗത്തിന് അടപ്പിട്ട നെതർലാൻറ്​ അത് തുറന്നിരിക്കയാണ്. ഇംഗ്‌ളണ്ടാകട്ടെ അടയ്ക്കാനുദ്ദേശിച്ച രണ്ട് കൽക്കരി പവർ സ്റ്റേഷനുകൾ തുടർന്നു പ്രവർത്തിക്കാൻ അനുവാദവും കൊടുത്തിട്ടുണ്ട്. സ്റ്റീൽ നിർമ്മിതിയ്ക്ക് ഊർജ്ജം പകരാൻ കുംബ്രിയയിൽ കൽക്കരി ഖനി തുടങ്ങാൻ ഉദ്ദേശിച്ചത് വിവാദങ്ങളിൽപ്പെട്ട് നീണ്ടു പോയെങ്കിലും അത് ആരംഭിയ്ക്കാൻ തന്നെയാണ് തീരുമാനം. അല്ലെങ്കിൽ സ്റ്റീൽ കമ്പനികൾ കൽക്കരി ഇറക്കുമതി ചെയ്‌തേയ്ക്കും എന്ന പേടിയുമുണ്ട് ഗവണ്മെന്റിന്. ഒരു വർഷം 2.8 മില്ല്യൺ ടൺ കൽക്കരിയാണ് കുംബ്രിയ ഖനി ഉത്പാദിപ്പിക്കാൻ പോകുന്നത്. ഇവിടെ നിന്ന് ബഹിർഗ്ഗമിക്കുന്ന കാർബൺ ഡയോക്‌സൈഡിന്റെ അളവ് മാത്രം രാജ്യത്തെ മറ്റ് ഖനികൾ ആകപ്പാടെ ഉത്പ്പാദിപ്പിക്കുന്നതിനോടൊപ്പമായിരിക്കുമത്രെ. കൽക്കരി കത്തിയ്ക്കുന്നത് തുടരും, ഡീസലും പെട്രോളും ഇനിയും വാഹനങ്ങളിൽ നിറയും. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനുള്ള ‘രാഷ്ട്രീയ ഓക്‌സിജൻ' തീരെ ഇല്ലാതായിരിക്കുന്നു എന്ന് പ്രസിദ്ധ മാഗസിൻ ന്യൂ സയന്റിസ്റ്റ് പ്രഖ്യാപിച്ചു കഴിഞ്ഞു.

ഗ്ലോബൽ ക്ലൈമറ്റ് ചേഞ്ച് സ്‌ട്രൈക്കിൻറെ ഭാഗമായി ജർമൻ ഭാഷയിൽ കാലാവസ്ഥ നിഷേധിക്കുന്നവർ എന്നെഴുതിയ  ട്രംപിൻറെ ചിത്രത്തോട് കൂടിയ പ്ലക്കാർഡുകളുയർത്തി പ്രതിഷേധക്കാർ. / Photo : Markus Spiske, Unsplash
ഗ്ലോബൽ ക്ലൈമറ്റ് ചേഞ്ച് സ്‌ട്രൈക്കിൻറെ ഭാഗമായി ജർമൻ ഭാഷയിൽ കാലാവസ്ഥ നിഷേധിക്കുന്നവർ എന്നെഴുതിയ ട്രംപിൻറെ ചിത്രത്തോട് കൂടിയ പ്ലക്കാർഡുകളുയർത്തി പ്രതിഷേധക്കാർ. / Photo : Markus Spiske, Unsplash

‘Clean energy, renewable energy' എന്നൊക്കെ ഉച്ചൈസ്തരം ഘോഷിയ്ക്കുന്ന അമേരിക്ക തന്നെ പിന്തിരിപ്പൻ നയങ്ങളിലേക്ക് കൂപ്പുകുത്തുന്നത് നാം കണ്ടതാണ്. പാരിസ് എഗ്രിമെന്റിനെ തെല്ലും വകവെച്ചില്ല ട്രമ്പ്. എൻവയോൺമെൻറൽ പ്രൊട്ടക്ഷൻ ഏജൻസിയെ നിർവ്വീര്യവുമാക്കി. റീഗൻ ആവട്ടെ ഊർജ്ജത്തിനുള്ള സമാന്തരസംവിധാനങ്ങളെ അവഗണിയ്ക്കുകയും എണ്ണക്കമ്പനികളുടെയും കൽക്കരി ഖനികളുടേയും ബിസിനസ് താൽപര്യങ്ങൾക്ക് ഒരു പോറൽ പോലുമേൽക്കുന്നില്ല എന്നുറപ്പുവരുത്തുകയും ചെയ്തിരുന്നു. കാലാവസ്ഥാവ്യതിയാന പ്രതിരോധത്തിൽ ഇങ്ങനെ പിന്നോട്ടടിച്ചു പോയ അമേരിക്ക ഇപ്പോൾ പണിപ്പെടുന്നുണ്ട് നഷ്ടപ്പെട്ടുപോയ സമയം തിരിച്ചു പിടിയ്ക്കാൻ.

ആഗോളതാപനത്തെ ആർക്കാണു പേടി?

വൻ രാജ്യങ്ങൾക്ക് മുൻപോട്ടും പിറകോട്ടും ചാടിക്കളിയ്ക്കാനുള്ള കരുത്തും സ്വാതന്ത്ര്യവുമുള്ളപ്പോൾ ചെറിയ രാജ്യങ്ങൾക്ക് പൊതുജനതയുടെ അതിജീവനത്തിന്റേയും സ്വാസ്ഥ്യത്തിന്റേയും പ്രശ്‌നമാണ് ഫോസിൽ ഇന്ധനം എരിയ്ക്കണമോ വേണ്ടയോ എന്നത്. കോംഗോ റിപ്പബ്ലിക്​ ഉദാഹരണം. ലോകത്തെ ഏറ്റവും വലിയതും പഴക്കം ചെന്നതുമായ മഴക്കാടുകളിലൊന്നാണ് എണ്ണക്കമ്പനികൾക്ക് തീറെഴുതിക്കൊടുക്കാൻ തീരുമാനിച്ചിരിക്കുന്നത്. അപൂർവ്വമായ പർവ്വതഗോറില്ലകൾ വസിയ്ക്കുന്ന ഇടവുമാണിത്. ‘ഭൂമി എന്ന ഗ്രഹത്തെ രക്ഷിയ്ക്കുക എന്നതല്ല ഞങ്ങളുടെ ഇപ്പൊഴത്തെ മുൻഗണന' എന്ന് കോംഗോയിലെ കാലാവസ്ഥാ വിഷയങ്ങൾ വകുപ്പ് തലവൻ റ്റോസി മ്പാനു മ്പനു (Tosi Mpanu Mpanu) കഴിഞ്ഞയാഴ്ച തുറന്നടിച്ചിരിക്കുന്നു. മുനയുള്ള ഈ വാക്കുകൾ പ്രകാശിപ്പിക്കുന്നത് അതിനിർണായകമായ ഒരു ചോദ്യം തന്നെയാണ്: കാലാവസ്ഥാടിയന്തിരാവസ്ഥയെ സംബന്ധിച്ച്: എങ്ങനെ, എന്തുകൊണ്ട് ഫോസിൽ ഇന്ധനങ്ങൾ കത്തിച്ചും മറ്റ് ഇടങ്ങളിലെ സ്വാഭാവിക വിഭവങ്ങളെ ചൂഷണം ചെയ്തും ഐശ്വര്യപൂർണ്ണമായ ധനികരാജ്യങ്ങൾ പാവപ്പെട്ട രാജ്യങ്ങളോട് എണ്ണയും കൽക്കരിയും മണ്ണിനടിയിൽത്തന്നെ വെച്ചു കൊള്ളാൻ ആജ്ഞാപിക്കുന്നത്? ‘‘ഒരുപക്ഷേ ഞങ്ങൾക്കും അവർ കളിച്ച കളികൾക്കുള്ള സമയമായിരിക്കുന്നു, അവർക്ക് ലഭിച്ച പ്രതിഫലം ഞങ്ങളുടെ ജനതയ്ക്കും അവകാശപ്പെട്ടതാണ്'', മ്പാനു തുറന്നടിയ്ക്കുന്നു.

ലോകത്തെ ഏറ്റവും വലിയതും പഴക്കം ചെന്നതുമായ മഴക്കാടുകളിലൊന്നും അപൂർവ്വമായ പർവ്വതഗോറില്ലകൾ വസിയ്ക്കുന്ന ഇടവുമായ  കോംഗോ മഴക്കാടുകളാണ്  എണ്ണക്കമ്പനികൾക്ക് തീറെഴുതിക്കൊടുക്കാൻ തീരുമാനിച്ചിരിക്കുന്നത്. / Photo : worldwildlife.org
ലോകത്തെ ഏറ്റവും വലിയതും പഴക്കം ചെന്നതുമായ മഴക്കാടുകളിലൊന്നും അപൂർവ്വമായ പർവ്വതഗോറില്ലകൾ വസിയ്ക്കുന്ന ഇടവുമായ കോംഗോ മഴക്കാടുകളാണ് എണ്ണക്കമ്പനികൾക്ക് തീറെഴുതിക്കൊടുക്കാൻ തീരുമാനിച്ചിരിക്കുന്നത്. / Photo : worldwildlife.org

ഇതേചോദ്യം ഇന്ത്യയിലും നേരത്തെ ചോദിക്കപ്പെട്ടതാണ്. കൽക്കരി വൻ രീതിയിൽ നിർബാധം ഇന്നും കത്തിയ്ക്കുന്ന രാജ്യവുമാണ് ഭാരതം. പാരീസ് സമ്മിറ്റിൽ ഗ്രീൻ ഹൗസ് വാതകങ്ങൾ പൂജ്യത്തിലെത്തിയ്ക്കാൻ (നെറ്റ് സീറോ) 2070 വരെ സമയം ചോദിച്ചാണ് പ്രധാനമന്ത്രി മോദി തിരിച്ചെത്തിയത്.അമേരിക്ക 2030 ഇലും ചൈന 2050 ലും ‘നെറ്റ് സീറോ’ വാഗ്ദാനം ചെയ്തിട്ടുള്ളപ്പോഴാണിത്. ചെറിയ തോതിലുള്ള ആണവനിലയങ്ങൾ പണിയാനുള്ള തത്രപ്പാടിലാണ് അമേരിക്കയും ചൈനയും. ഹൈഡ്രജൻ ഫ്യൂഷനിൽ നിന്ന് ഊർജ്ജം കിനിയിക്കുന്ന പുതിയ വിദ്യകളും ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു അവർ. കാർബൺ പ്രസരണത്തിൽ ലോകത്ത് മൂന്നാം സ്ഥാനത്താണ് ഇന്ത്യ. കാലാവസ്ഥ അപായസാദ്ധ്യതാലിസ്റ്റിൽ വളരെ മുകളിലുമാണ്. ഗ്രീൻ ഹൗസ് വാതകങ്ങളിൽ 79% കാർബൻ ഡയോക്‌സൈഡും 14% മിതെയ്നും 5% നൈട്രസ് ഓക്സൈഡും ഇന്ത്യ പുറന്തള്ളുന്നു. ഓരോ ഇന്ത്യക്കാരനും ഒരു വർഷം രണ്ട് ടൺ ഗ്രീൻ ഹൗസ് വാതകങ്ങൾ പുറപ്പെടുവിക്കുന്നുണ്ടെന്ന് കണക്കുകൾ. Climate Action Tracker പ്രഖ്യാപിച്ചിരിക്കുന്നത് ഇന്ത്യയുടെ ഇന്നത്തെ പ്രവർത്തനങ്ങൾ ‘അതിതീവ്രമായി അപര്യാപ്തമാണ് 'എന്നു തന്നെയാണ്.

സ്വന്തം ജനതയുടെ സുധാരണത്തിനും സ്വാസ്ഥ്യത്തിനും ഊർജ്ജസ്രോതസ്സുകൾ നേടേണ്ടത് ഒരു രാജ്യത്തിന്റെ അവകാശമാണ്. പക്ഷേ അതിനു ഫോസിൽ ഇന്ധനങ്ങൾ കത്തിയ്‌ക്കേണ്ടി വരുന്നെങ്കിൽ അത് ഒഴിവാക്കാൻ സഹായങ്ങളുമായി വികസിതരാജ്യങ്ങൾ മുന്നോട്ട് വരേണ്ടിയിരിക്കുന്നു.

സാങ്കേതികതയിലുള്ള കുറവുകളോ കുറ്റങ്ങളോ അപര്യാപ്തതയോ അല്ല ആഗോളതാപനത്തെ നേരിടാൻ കടമ്പകൾ സൃഷ്ടിയ്ക്കുന്നത്. അത് ‘ആഗോളം' ആണെന്നുള്ളതു തന്നെയാണ്. സമൂഹപരവും രാഷ്ട്രീയവുമായ തീരുമാനങ്ങളും പ്രായോഗികവിധികളുടെ ഉചിത തെരഞ്ഞെടുപ്പുമാണ് നിർണ്ണായകമായിട്ടുള്ളത്. രണ്ടോ മൂന്നോ രാജ്യങ്ങൾ മാത്രം വിചാരിച്ചാൽ നടപ്പാകുന്ന സംഗതിയുമല്ല. കോംഗോ റിപ്പബ്ലിക് ചോദിയ്ക്കുന്ന ചോദ്യം അസ്ഥാനത്തുമല്ല. സ്വന്തം ജനതയുടെ സുധാരണത്തിനും സ്വാസ്ഥ്യത്തിനും ഊർജ്ജസ്രോതസ്സുകൾ നേടേണ്ടത് ഒരു രാജ്യത്തിന്റെ അവകാശമാണ്. പക്ഷേ അതിനു ഫോസിൽ ഇന്ധനങ്ങൾ കത്തിയ്‌ക്കേണ്ടി വരുന്നെങ്കിൽ അത് ഒഴിവാക്കാൻ സഹായങ്ങളുമായി വികസിതരാജ്യങ്ങൾ മുന്നോട്ട് വരേണ്ടിയിരിക്കുന്നു. ഈ സഹജാവബോധവും പാരസ്പര്യവും സഹകരണവും അടിസ്ഥനമാക്കിയെങ്കിൽ മാത്രമേ പവിഴപ്പുറ്റുകൾ മറന്നുപോയ ഇന്ദ്രനീല നിറം വീണ്ടും പുതയ്ക്കുകയുള്ളു, പറന്നുപോയ മൊണാർക്ക് ചിത്രശലഭങ്ങൾ തിരിച്ചെത്തുകയുള്ളു, സഹാദ്രിയിലെ കുളിർമ നിലനിൽക്കുകയുള്ളൂ. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


എതിരൻ കതിരവൻ

ജോൺസ്​ ഹോപ്​കിൻസ്​ യൂണിവേഴ്​സിറ്റിയിലും യൂണിവേഴ്​സിറ്റി ഓഫ്​ ഷിക്കാഗോയിലും സയൻറിസ്​റ്റ്​, അധ്യാപകൻ. നിരവധി ശാസ്​ത്ര, സാമൂഹ്യശാസ്​ത്ര ഗവേഷണ പ്രബന്ധങ്ങൾ എഴുതിയിട്ടുണ്ട്​. മലയാളിയുടെ ജനിതകം, സുന്ദരഗാനങ്ങൾ- അകവും പൊരുളും, സിനിമയുടെ സാമൂഹിക വെളിപാടുകൾ തുടങ്ങിയവ പ്രധാന കൃതികൾ

Comments