‘ഞങ്ങൾ സ്​കൂൾ മുടക്കം തുടങ്ങിയിട്ട്​ 150 ആഴ്​ച പിന്നിട്ടു, നിങ്ങളിപ്പോഴും പറ്റിച്ചുകൊണ്ടിരിക്കുകയാണ്’

‘‘ഒരൊറ്റ കാലാവസ്ഥാ ശാസ്ത്രജ്ഞനെപ്പോലും പ്രഭാഷകനായി ക്ഷണിക്കാതെ കാലാവസ്ഥാ ഉച്ചകോടികൾ നടത്തുകയും, ശാസ്ത്രം തിരിച്ചെത്തിയെന്ന് പറഞ്ഞ് ശാസ്ത്രത്തെ ഗൗരവമായി കാണുന്നുവെന്ന് നടിക്കുകയും ചെയ്യുന്നു. ഫോസിൽ ഇന്ധനങ്ങൾക്കെതിരെ യുദ്ധം ചെയ്യുന്നതായി നടിക്കുകയും പുതിയ കൽക്കരി ഖനികളും, എണ്ണപ്പാടങ്ങളും പൈപ്പ്‌ലൈനുകളും ആരംഭിക്കുകയും ചെയ്യുന്നു’’- 2021 ജൂലൈ 2ന് ആസ്ത്രിയൻ ലോക ഉച്ചകോടിയിൽ ജി-7 രാഷ്ട്രത്തലവന്മാരോട് ഗ്രെറ്റ തൻബർഗ് നടത്തിയ പ്രഭാഷണം

നാളെ, കാലാവസ്ഥയ്ക്കായി ഞങ്ങൾ സ്‌കൂൾ മുടക്കം തുടങ്ങിയിട്ട് 150 ആഴ്ച കഴിയുന്നു. ഈ സമയം ലോകമെമ്പാടുമുള്ള ആളുകൾ കാലാവസ്ഥാ വ്യതിയാനത്തേയും പാരിസ്ഥിതിക പ്രതിസന്ധിയെയും കുറിച്ച് ഉണർന്ന് പ്രവർത്തിക്കാനും, അധികാരത്തിലിരിക്കുന്ന നിങ്ങൾക്കുമേൽ കൂടുതൽ സമ്മർദ്ദം ചെലുത്താനും തുടങ്ങി. ആത്യന്തികമായി പൊതുസമ്മർദ്ദം വളരെയധികം ഉയർന്നപ്പോൾ ലോകത്തിന്റെ കണ്ണുകൾ നിങ്ങളിലേക്ക് തിരിഞ്ഞു. അപ്പോൾ നിങ്ങൾ പ്രവർത്തിക്കാൻ തുടങ്ങി.

എന്നാൽ കാലാവസ്ഥാ നടപടികളായിരുന്നില്ല നിങ്ങൾ സ്വീകരിച്ചത്. പകരം നിർദ്ദിഷ്ടരീതിയിൽ പ്രവർത്തിച്ചും, രാഷ്ട്രീയം കളിച്ചും, വാക്കുകൾകൊണ്ട് അമ്മാനമാടിയും ഞങ്ങളുടെ ഭാവി വച്ചു കളിച്ചുകൊണ്ടും, ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി നിങ്ങൾ നടിച്ചു. ലോകത്തിന് മുന്നിൽ നിങ്ങൾ രക്ഷകന്മാരായി വേഷമിട്ടു; കരുതലുകൾ സ്വീകരിക്കുന്നുണ്ടെന്ന് ഞങ്ങളെ ബോധ്യപ്പെടുത്താൻ നിങ്ങൾ ശ്രമിച്ചു. അതേസമയം, നിങ്ങളുടെ വാചാടോപവും യാഥാർത്ഥ്യവും തമ്മിലുള്ള വിടവ് കൂടുതൽ വിശാലമായി വളർന്നു. അവബോധത്തിന്റെ തോത് വളരെ കുറവായതിനാൽ, നിങ്ങൾ അതിൽ നിന്ന് രക്ഷപ്പെട്ടു.

എന്നാൽ ഒരുകാര്യം വ്യക്തമാക്കട്ടെ; അടിയന്തര സാഹചര്യങ്ങളിൽ പ്രതികരിക്കുന്നതിനുള്ള കാലാവസ്ഥാ നടപടി ആയിരുന്നില്ല നിങ്ങൾ സ്വീകരിച്ചത്. അത് ഒരിക്കലും അങ്ങിനെയായിരുന്നില്ല. പകരം രാഷ്ട്രീയ വേഷമിട്ട, രാഷ്ട്രീയത്തിൽ മറഞ്ഞിരുന്ന, ആശയവിനിമയ തന്ത്രങ്ങളായിരുന്നു അത്. നിങ്ങൾ, പ്രത്യേകിച്ച് ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ, മുൻകാലങ്ങളിലെന്നപോലെ യുവാക്കളെ ശ്രദ്ധിക്കുന്നുണ്ടെന്ന് വരുത്തുന്നു. എന്നാൽ അവർ ആവശ്യപ്പെടുന്ന ഒരു മാറ്റങ്ങളും വരുത്തുന്നതുമില്ല. ഒരൊറ്റ കാലാവസ്ഥാ ശാസ്ത്രജ്ഞനെപ്പോലും പ്രഭാഷകനായി ക്ഷണിക്കാതെ കാലാവസ്ഥാ ഉച്ചകോടികൾ നടത്തുകയും, ശാസ്ത്രം തിരിച്ചെത്തിയെന്ന് പറഞ്ഞ് ശാസ്ത്രത്തെ ഗൗരവമായി കാണുന്നുവെന്ന് നടിക്കുകയും ചെയ്യുന്നു. ഫോസിൽ ഇന്ധനങ്ങൾക്കെതിരെ യുദ്ധം ചെയ്യുന്നതായി നടിക്കുകയും പുതിയ കൽക്കരി ഖനികളും, എണ്ണപ്പാടങ്ങളും പൈപ്പ്‌ലൈനുകളും ആരംഭിക്കുകയും ചെയ്യുന്നു.

നിങ്ങൾ വ്യവഹാരങ്ങൾ പഴയപടി തുടരുന്നുവെന്ന് മാത്രമല്ല, മിക്ക കാര്യങ്ങളിലും നിങ്ങൾ പ്രക്രിയകൾ വേഗത്തിലാക്കുകയും ഉത്പാദനം ഉയർത്തുകയും ചെയ്യുന്നു. കാലാവസ്ഥാ നടപടികളിൽ അതിതീവ്ര ലക്ഷ്യങ്ങളുള്ളവരാണെന്ന് നടിക്കുമ്പോൾ തന്നെയും പുതിയ എണ്ണ ഖനികൾക്ക് ലൈസൻസുകൾ നൽകുകയും, പുതിയ എണ്ണപ്പാടങ്ങൾക്കായുള്ള പര്യവേക്ഷണം നടത്തുകയും ചെയ്യുന്നു. ഏറ്റവും സമഗ്രമായ കാലാവസ്ഥാ നയങ്ങളുണ്ടെന്ന് നിങ്ങൾ നടിക്കുന്നു. പ്രകൃതിയെയും ജൈവ വൈവിധ്യങ്ങളെയും പരിപാലിക്കുന്നുവെന്ന് നടിക്കുമ്പോഴും ഓരോ സെക്കന്റിലും നശിപ്പിച്ചു കൊണ്ടിരിക്കുന്നത് ഒരു ഫുട്‌ബോൾ ഗ്രൗണ്ടിന്റെ അത്രയും വലിപ്പമുള്ള വനമേഖലയാണ്. പാരിസ് കരാറിലെത്താൻ കഴിയാത്തവിധം ഭാവിയിലേക്കുള്ള പൊതുവായ കാർഷിക നയങ്ങൾ ഏർപ്പെടുത്തികൊണ്ട് ഒരു കാലാവസ്ഥാ നേതാവായി നിങ്ങൾ നടിക്കുന്നു. ഈ മഹാമാരിക്ക് ശേഷം ലോകത്തെ പഴയപടിയിൽ മികച്ചതാക്കുമെന്ന് നിങ്ങൾ പറയുന്നു. അതിഭീമമായ തുകകൾ ഇപ്പോൾത്തന്നെ മാറ്റിവെച്ചിട്ടുണ്ടെങ്കിൽ കൂടിയും അവയൊന്നും തന്നെ ഹരിത പദ്ധതികൾക്ക് വേണ്ടിയല്ല, ഹരിതമെന്നതിന് എന്ത് അർത്ഥം കല്പിച്ചാലും.

ഉദാഹരണമായി, ജി-7 രാജ്യങ്ങൾ, വൃത്തിയുള്ള ഊർജ്ജത്തിനായി ചെലവഴിക്കുന്നതിനേക്കാൾ ഫോസിൽ ഇന്ധനങ്ങൾക്കും ഫോസിൽ ഇന്ധനങ്ങൾക്കുവേണ്ടിയുള്ള പശ്ചാത്തല സ്വകര്യങ്ങൾക്കും വേണ്ടി ശതകോടികണക്കിന് ഡോളർ ചെലവഴിക്കുന്നു. ഭാവിയിൽ ആരെങ്കിലും നിങ്ങളുടെ പ്രവർത്തനങ്ങൾ പഴയപടിയാക്കുമെന്നും നെറ്റ്‌ സീറോ ആക്കുമെന്നും നിങ്ങൾ മനോഹരമായ വാക്കുകളിലൂടെ വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ പൊള്ളയായ വാക്കുകൾ തികയാതെ വരുമ്പോൾ, പ്രതിഷേധം വളരെ ഉച്ചത്തിലാകുമ്പോൾ, നിങ്ങൾ പ്രതിഷേധങ്ങളെ നിയമവിരുദ്ധമാക്കി പ്രതികരിക്കുന്നു.

തീർച്ചയായും, ഭാവിയിലെയും നിലവിലെ ജീവിത സാഹചര്യങ്ങളെയും സംരക്ഷിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു. അന്തർദ്ദേശീയ വ്യോമയാന- കപ്പൽ ഗതാഗതം വഴി, ഇറക്കുമതി ചെയ്ത ചരക്കുകളിൽ നിന്നുള്ള ഉദ്ഗമനം, അതുപോലെതന്നെ ജൈവവസ്തുക്കൾ കത്തിക്കൽ തുടങ്ങിയ അടിസ്ഥാന കാര്യങ്ങളിൽ കൃത്രിമത്വം കാണിക്കുകയും ഒട്ടുമിക്ക ഫീഡ്ബാക്ക് ലൂപ്പുകളും ടിപ്പിംഗ് പോയിന്റുകളും ഒഴിവാക്കുകയും, സമതയുടെയും ചരിത്രപരമായ ഉദ്‌വമനത്തിന്റെയും ക്രൂരമായ വശം അവഗണിക്കുകയും ചെയ്യുന്നതുപോലുള്ള വിടവുകളും പഴുതുകളും അവയിൽ നിറഞ്ഞിരുന്നില്ലായെങ്കിൽ, ഈ വിദൂര നെറ്റ് സീറോ എമിഷൻ ലക്ഷ്യങ്ങൾ ഒരു മികച്ച തുടക്കമായിരിക്കും. അതുപോലെ തന്നെ, ഇന്ന് നിലവിലുള്ള നെഗറ്റീവ് എമിഷൻ സാങ്കേതികവിദ്യകളിലൂടെ നേടിയെടുക്കാൻ കഴിയാത്ത ഈ ലക്ഷ്യങ്ങൾ പൂർണമായും ഭ്രമാത്മക മാനദണ്ഡങ്ങളെ ആശ്രയിക്കുന്നുവെന്ന് പറയേണ്ടതുണ്ട്.

അതിതീവ്ര കാലാവസ്ഥാ സംഭവങ്ങൾ നമുക്ക് ചുറ്റും വ്യാപിക്കുമ്പോൾ, നിങ്ങളുടെ നാട്യങ്ങൾ തുടരുകയും നിങ്ങളുടെ തിരക്കഥയിലൂടെയും റോൾ പ്ലേയിംഗിലൂടെയും നിങ്ങളെ ഞങ്ങൾ കൂടുതൽ കൂടുതൽ കണ്ടുകൊണ്ടിരിക്കുമ്പോൾ, നിങ്ങളുടെ പ്രവർത്തനങ്ങളും വാക്കുകളും തമ്മിലുള്ള അന്തരം അവഗണിക്കുക അസാധ്യമാകുന്നു. തൽഫലമായി, ഈ ഗ്രഹത്തിലുടനീളമുള്ള ചെറുപ്പക്കാർ നിങ്ങളുടെ നുണകളിൽ ഇനിമേൽ വീഴില്ല. ഞങ്ങളിൽ നിന്നും യാഥാർത്ഥ്യത്തിൽ നിന്ന്​ നിങ്ങൾ സ്വയം കൂടുതൽ അകന്നു നിൽക്കുകയാണ്. നിങ്ങൾ ശരിയായ ദിശയിലേക്കാണ് നീങ്ങുന്നതെന്ന് ഏതാനും വർഷങ്ങൾ മുമ്പുവരെ നിങ്ങൾക്ക് അവകാശപ്പെടാമായിരുന്നു, പക്ഷെ ഇനിമേൽ അത് സാധ്യമല്ല.

2021, നിലവിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ ഉദ്‌വമന വർഷമായിരിക്കുമെന്ന് പ്രവചിക്കപ്പെടുന്നു. പൊതുജനങ്ങളെ കൂടെനിർത്താൻ നാം സാവധാനം നീങ്ങേണ്ടതുണ്ടെന്ന് നിങ്ങൾ പറയുന്നു. എന്നിരുന്നാലും, ഈ പ്രതിസന്ധിയെ ഒരു പ്രതിസന്ധിയായി നിങ്ങൾ പരിഗണിക്കുന്നില്ലെങ്കിൽ ജനങ്ങളെ ഒപ്പം കൊണ്ടുവരാമെന്ന് നിങ്ങൾ എങ്ങനെ സത്യസന്ധമായി പ്രതീക്ഷിക്കുന്നു?

മഹാമാരിയുടെ കാര്യത്തിൽ അത് തെളിയിക്കപ്പെട്ടതാണെങ്കിൽ കൂടിയും കാലാവസ്ഥാ-പാരിസ്ഥിക പ്രതിസന്ധികളെ ഒരു അടിയന്തിര സാഹചര്യമായി ഒരിക്കൽപ്പോലും പരിഗണിച്ചിട്ടില്ല. കാലാവസ്ഥാ പ്രതിസന്ധി, ഇന്ന്, പുതിയ ഹരിത ജോലികൾ, ബിസിനസുകൾ, സാങ്കേതിക വിദ്യകൾ എന്നിവ സൃഷ്ടിക്കുന്നതിനുള്ള ഒരു അവസരമായി മാത്രം പരിഗണിക്കപ്പെടുന്നു. പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടപ്പോൾ മാസ്‌ക് നിർമ്മാണ വ്യവസായത്തിന് ഗുണം ചെയ്യുമെന്നോ ആരോഗ്യ സംരക്ഷണ സംവിധാനങ്ങളിൽ പുതിയ തൊഴിലുകൾ സൃഷ്ടിക്കപ്പെടുമെന്നോ നിങ്ങൾ പറഞ്ഞിട്ടില്ല. ഉറച്ച കാലാവസ്ഥാ നടപടികൾ സ്വീകരിക്കുന്നതിലൂടെ സ്വാഭാവികമായും ധാരാളം ഗുണങ്ങളും നേട്ടങ്ങളും ലഭിക്കും. എന്നിട്ടും, ഒരു പ്രതിസന്ധിയായി നിങ്ങൾ കണക്കാക്കാത്ത ഒരു പ്രതിസന്ധി പരിഹരിക്കാൻ നിങ്ങൾക്ക് കഴിയില്ലെന്നും അതിന്റെ വ്യാപ്തി നിങ്ങൾക്ക് മനസ്സിലാകില്ലെന്നും പ്രത്യേകം പറയേണ്ടതില്ലല്ലോ.

നിങ്ങൾ നിർവ്വഹിക്കുന്ന റോളുകൾ ഒരുപക്ഷേ നിങ്ങളെ ഉറങ്ങാൻ സഹായിക്കുമായിരിക്കാം. കാരണം വാക്കുകൾ നിങ്ങളുടെ സ്‌ക്രിപ്റ്റിലേതാണ്. എന്നാൽ അരങ്ങിൽ നിങ്ങൾ തിരക്കിലായിരിക്കുമ്പോൾ, കാലാവസ്ഥാ പ്രതിസന്ധി വിദൂര ഭാവിയിലെ ഒന്നല്ലെന്ന് നിങ്ങൾ മറന്നതായി തോന്നുന്നു. കാലാവസ്ഥാ പ്രതിസന്ധികൾ ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളിൽ നിന്ന്, ഏറ്റവും കൂടുതൽ ആളുകളിൽ നിന്ന് അത് വളരെയധികം കവർന്നുകൊണ്ടിരിക്കുന്നു. നിങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു ഗെയിം മാത്രമാകാം. വോട്ടുകൾക്കും, ജനപ്രീതിക്കും, സ്റ്റോക്മാർക്കറ്റിലെ പോയിന്റുകൾക്കും അല്ലെങ്കിൽ ഒരു കമ്പനിയിലോ ലോബിയിംഗ് സ്ഥാപനത്തിലോ ഉയർന്ന പ്രതിഫലം ലഭിക്കുന്ന സ്ഥാനം എന്നിവയ്ക്ക് വേണ്ടിയുള്ള ഒരു ഗെയിം. യഥാർത്ഥ ഉള്ളടക്കത്തേക്കാൾ പുറന്തൊലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുപോലെ ഏറ്റവും മനോഹരമായ പ്രസംഗങ്ങളും ഹ്രസ്വ കാഴ്ച്ചയുള്ള, ജനപ്രീതിയുള്ള നയങ്ങളും വിജയിക്കുന്നു.

നിങ്ങളുടെ റോളുകളും സംഭാഷണങ്ങളും തുടരാനും ചമയങ്ങൾ ധരിക്കാനും തീർച്ചയായും നിങ്ങൾക്ക് കഴിയും; നിങ്ങളത് ചെയ്യും. നിങ്ങളുടെ നാട്യങ്ങൾ തുടരാൻ നിങ്ങൾക്ക് സാധിക്കും. പക്ഷേ പ്രകൃതിയും ഭൗതികശാസ്ത്രവും അതിന് വഴങ്ങില്ല. പ്രകൃതിയെയും ഭൗതികശാസ്ത്രത്തെയും വിനോദിപ്പിക്കുവാനോ ശ്രദ്ധതിരിക്കുവാനോ നിങ്ങളുടെ നാടകശാലയ്ക്ക് കഴിയില്ല. കാണികൾ തളർന്നിരിക്കുന്നു. നാട്യങ്ങൾ അവസാനിച്ചിരിക്കുന്നു. നന്ദി.

വിവർത്തനം : ആർദ്ര പി. എ.


Summary: ‘‘ഒരൊറ്റ കാലാവസ്ഥാ ശാസ്ത്രജ്ഞനെപ്പോലും പ്രഭാഷകനായി ക്ഷണിക്കാതെ കാലാവസ്ഥാ ഉച്ചകോടികൾ നടത്തുകയും, ശാസ്ത്രം തിരിച്ചെത്തിയെന്ന് പറഞ്ഞ് ശാസ്ത്രത്തെ ഗൗരവമായി കാണുന്നുവെന്ന് നടിക്കുകയും ചെയ്യുന്നു. ഫോസിൽ ഇന്ധനങ്ങൾക്കെതിരെ യുദ്ധം ചെയ്യുന്നതായി നടിക്കുകയും പുതിയ കൽക്കരി ഖനികളും, എണ്ണപ്പാടങ്ങളും പൈപ്പ്‌ലൈനുകളും ആരംഭിക്കുകയും ചെയ്യുന്നു’’- 2021 ജൂലൈ 2ന് ആസ്ത്രിയൻ ലോക ഉച്ചകോടിയിൽ ജി-7 രാഷ്ട്രത്തലവന്മാരോട് ഗ്രെറ്റ തൻബർഗ് നടത്തിയ പ്രഭാഷണം


Comments